ഭരണഘടന നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്ന അടിസ്ഥാന രേഖയാണ്. അതിന്‍റെ വേരുകൾ ചെന്ന് നിൽക്കുന്നത് ഈ നാടിന്‍റെ ആർഷ പാരമ്പര്യത്തിലോ മത ചരിത്രങ്ങളിലോ അല്ല. അത് ഊർജ്ജവും ഊഷ്മാവും സംഭരിച്ചത് ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ സമരത്തിന്‍റെ ചൂളയിൽ നിന്നാണ്. അതിന്‍റെ സർവ്വസ്പർശിയായ മാനങ്ങൾ അതുകൊണ്ട് തന്നെ ബ്രിട്ടീഷ് കൊളോണിയലിസം നിലകൊണ്ട എല്ലാ വിധത്തിലുമുള്ള പാർശ്വവൽക്കരണങ്ങൾക്കും വിഭജനങ്ങൾക്കും ദുർനിയമങ്ങൾക്കും അടിസ്ഥാനപരമായി എതിരാണ്. അതിന്‍റെ സമീപനം ജനാധിപത്യ ബോധത്തിനും നവലോകത്തിന്‍റെ രാഷ്ട്രീയ സംസ്കാരത്തിനുമാണ് ഊന്നല്‍ നല്‍കുന്നത്. എങ്കിലും ഒരു കുറവുകളും ഇല്ലാത്ത വിശുദ്ധ ഗ്രന്ഥമല്ല ഭരണഘടന. അത് കാലത്തിനൊപ്പം സ്വയം മാറുന്നതും ജനാധിപത്യ ബോധത്തിന് അനുസരിച്ച് വിപുലപ്പെടേണ്ടതും ആ അര്‍ത്ഥത്തില്‍ വികസ്വരവുമാണ്. ഈ മാറ്റം പക്ഷെ സങ്കുചിതത്വത്തിലേക്ക് ആയിരിക്കരുത്. ഭരണഘടന എന്നത് ഇപ്പോള്‍ നിലകൊള്ളുന്ന ജനാധിപത്യ നിലപാടുകളെ കുത്തി മലര്‍ത്തുന്ന ഒന്നാവരുത്.

അംബേദ്കർ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി മെമ്പർമാർക്കൊപ്പം

ഇന്ത്യന്‍ ഭരണഘടന ഞാന്‍ നേരത്തെ സൂചിപ്പിച്ച ചരിത്ര ഘടകങ്ങളില്‍നിന്ന് രൂപംകൊള്ളുമ്പോള്‍ തന്നെ യൂറോപ്പില്‍ ഭൂരിപക്ഷമതവും ഭരണകൂടങ്ങളും തമ്മിലുണ്ടായ ഒരു കരാര്‍ ആയി മതേതരത്വം രൂപപ്പെട്ടത് പോലെ ഇന്ത്യയും ഭരണഘടനാ നിര്‍മ്മിതിയുടെ ഘട്ടത്തില്‍ സമാനമായ ഒരു പ്രക്രിയയിലൂടെ കടന്നുപോയിട്ടുണ്ട് എന്നത് മറക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഭരണഘടനാ ധാര്‍മ്മികത പോലുള്ള പ്രയോഗങ്ങള്‍ തന്നെ ഉണ്ടാവുന്നത്. സ്ഥിരമായി നില്‍ക്കുന്ന ഒരു ഭരണഘടനാ ധാര്‍മ്മികതയും മാറിക്കൊണ്ടിരിക്കുന്ന പൊതു ധാര്‍മ്മികതയും എന്ന ബൈനറി തന്നെ ചരിത്രശൂന്യമായ ഒരു ഭാവനയാണ്. ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങളുടെ അര്‍ത്ഥം പലപ്പോഴും കോടതികള്‍ക്ക് വ്യത്യസ്തമായി വായിച്ചെടുക്കാന്‍ കഴിയുന്നത്‌ ഇത്തരമൊരു ബൈനറിയുടെ അപ്രസക്തിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതായത് ഭരണഘടന മാറുന്നില്ല എന്ന് നാം വിശ്വസിക്കുമ്പോള്‍ പോലും അടിസ്ഥാനപരമായി അതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ മാറുന്നുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും തൊഴില്‍ത്തര്‍ക്കങ്ങളില്‍ ഇതേ ഭരണഘടന ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് അനുകൂലമായി വിധിച്ചുകൊണ്ടിരുന്ന കോടതികളാണ് തൊണ്ണൂറുകളില്‍ ഉദാരവല്‍ക്കരണത്തിന്‍റെ കാലത്ത് തൊഴിലുടമകള്‍ക്ക് അനുകൂലമായി വിധിക്കാന്‍ തുടങ്ങിയത്; തൊഴില്‍സമരങ്ങളെ നിഷേധാത്മകമായി കാണാന്‍ തുടങ്ങിയത്. അത്തരമൊരു വ്യാഖ്യാനപരമായ ആപേക്ഷികത അതിനുണ്ട് എന്നതും വിസ്മരിച്ചുകൂടാ.

മൌലികാവകാശങ്ങളുടെ പുറം – സീതയും രാമലക്ഷ്മണന്മാരും

ആദ്യത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ്‌ മുന്‍കൈ എടുത്ത് പ്രമുഖ ചിത്രകാരന്‍ നന്ദലാല്‍ ബോസ്സിന്‍റെ നേതൃത്വത്തില്‍ ആണ് ഭരണഘടനയുടെ കയ്യെഴുത്തുപ്രതി കലാപരമായി ആവിഷ്കരിക്കുന്നത്. അതിലാണ് 1949-ല്‍ ഭരണഘടനാ വിദഗ്ദ്ധർ ഒപ്പ് വക്കുന്നത്. 22 ചിത്രങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേദകാലത്തെ ഗുരുകുലവും ഋഷിമാരും, രാമനും സീതയും കൃഷ്ണനും ശിവനും അര്‍ജുനനും ബുദ്ധനും മഹാവീരനും അശോകനും വിക്രമാദിത്യനും ഗാന്ധിയും സുഭാഷ് ബോസ്സും ഝാന്‍സി റാണിയും ഒക്കെ കടന്നു വരുന്ന ആ ചിത്രീകരണത്തില്‍ രണ്ടേ രണ്ടു ‘അപര പ്രതിനിധാനങ്ങള്‍’ ഉള്ളത് അക്ബറും ടിപ്പു സുല്‍ത്താനുമാണ്. പൌരത്വത്തെ കുറിച്ചുള്ള അദ്ധ്യായത്തിന് വേദകാലം ആണ് ചിത്രമായി ചേര്‍ത്തിട്ടുള്ളത്. മൌലികാവകാശങ്ങളുടെ താളില്‍ ഉള്ളത് ലക്ഷ്മണനും സീതയും രാമനുമാണ്. ഭരണകൂട നയങ്ങളുടെ നിര്‍ദ്ദേശക തത്വങ്ങള്‍ക്ക് അകമ്പടി കൃഷ്ണനും അര്‍ജുനനുമാണ്. ചോള ഭരണകാലത്തെ നടരാജ വിഗ്രഹവും മഹാബലിപുരത്തെ അര്‍ജുനന്‍റെ തപസ്സും ആണ് തെക്കേ ഇന്ത്യയുടെ പ്രതിനിധാനങ്ങള്‍. ടിപ്പു കടന്നുവരുന്നത് സ്വാതന്ത്ര്യ സമരങ്ങള്‍ ആലേഖനം ചെയ്യുന്ന സന്ദര്‍ഭത്തിലാണ്. ഝാന്‍സി റാണിയുടെ പ്രതിനിധാനം ടിപ്പുവിന്‍റെ പ്രതിനിധാനത്തെ അനിവാര്യമാക്കുന്നുണ്ട് എന്ന് കാണാം. ഗുരു ഗോവിന്ദ്‌സിങ്ങിനും ശിവജിക്കുമിടയിലെ അക്ബര്‍ മാത്രമാണ് മധ്യകാല ഇന്ത്യയുടെ ഒരു അപര പ്രതിനിധാനം. ഇത്തരം 22 ചിത്രങ്ങള്‍ ആലേഖനം ചെയ്ത കയ്യെഴുത്തുപ്രതിയാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് എന്നത് ഭരണഘടനയെ അന്നത്തെ ഭരണകൂടം തന്നെ എങ്ങനെ ഒരു സവിശേഷ രീതിയില്‍ ഭൂരിപക്ഷ മതവാദ സങ്കല്‍പ്പത്തില്‍ അടയാളപ്പെടുത്തുന്നു എന്നതും ഇന്ത്യാ ചരിത്രത്തെ തന്നെ എങ്ങനെ ഈ അര്‍ത്ഥത്തില്‍ അത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എന്നതും ഒരര്‍ത്ഥത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹാരപ്പാ-മോഹന്‍ജദാരോ കാലത്തേ കാളയിൽ നിന്ന് ആരംഭിച്ച് തുടര്‍ന്നുള്ള ഇന്ത്യാ ചരിത്രത്തെ ഇത്തരത്തില്‍ ഹൈന്ദവമായി ആലേഖനം ചെയ്ത് അവതരിപ്പിക്കാന്‍ ഭരണഘടനാ ശില്‍പ്പിയായ അംബേദ്കറുടെ കണ്മുന്നില്‍ തന്നെ കഴിയുമായിരുന്നു എന്നത് വിസ്മരിക്കാന്‍ കഴിയുന്ന കാര്യമല്ല.

നിര്‍ദ്ദേശക തത്വങ്ങളുടെ പുറത്തിൽ ആലേഖനം ചെയ്തിരിക്കുന്ന കൃഷ്ണനും അർജ്ജുനനും

ഇത് ഞാൻ വെറുതെ അഭ്യൂഹിക്കുന്നതല്ല. 1993 -ൽ അലഹബാദ് ഹൈക്കോടതിയുടെ ഒരു വിധിയുണ്ട്. അയോധ്യയിലെ തട്ടിക്കൂട്ട് രാമക്ഷേത്രത്തിൽ പ്രാർത്ഥനയും ആരാധനയും അനുവദിച്ചു കൊണ്ട് ന്യായാധിപന്മാരായ എൻ എച്ച് തിൽഹാരി, എ. എൻ  ഗുപ്ത എന്നിവർ പ്രഖ്യാപിച്ചത് ഭരണഘടനയുടെ ഈ ആദ്യത്തെ ഔദ്യോഗിക രേഖയിൽ  രാമന്റെ ചിത്രം ഉണ്ട് എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ് എന്നാണ്. അതിനു സവിശേഷമായ അർത്ഥമുണ്ടെന്നായിരുന്നു അവരുടെ വാദം.   1949 നവംബർ 26-നു അംഗീകരിച്ച ഭരണഘടനയുടെ മൂലത്തിൽ, ശിവജിയുടെയും ഗാന്ധിയുടെയും ഒക്കെ ഒപ്പം രാമന്റെ ചിത്രം നൽകിയതിന്റെ അർഥം രാമൻ കേവലം ഒരു മിത്തല്ല, ചരിത്ര പുരുഷൻ തന്നെ ആണെന്നായിരുന്നു അവർ നിരീക്ഷിച്ചത്. അങ്ങനെ രാമൻ ഭരണഘടനാപരമായി അംഗീകരിക്കേണ്ട വ്യക്തിത്വമാ‍ണ് എന്നായിരുന്നു നിയമപണ്ഡിതരായ ആ ന്യായാധിപന്മാരുടെ നിലപാട്.

അതുകൊണ്ട് തന്നെ, ദളിത്‌-മതന്യൂനപക്ഷ, സ്ത്രീ-ഭിന്നലിംഗ, തൊഴിലാളി-പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ കൂടുതല്‍ ശക്തമായി പ്രതിഫലിക്കുന്ന തരത്തില്‍ ഭരണഘടന മാറേണ്ടതുണ്ട്. അതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വികേന്ദ്രീകൃത അധികാര ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. തൊഴില്‍ നിയമങ്ങള്‍, പൌരാവകാശപ്രശ്നങ്ങള്‍, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയും ജനാധിപത്യതത്വങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ടുള്ള പൊളിച്ചെഴുത്തും ആവശ്യമുണ്ട്. എന്നാല്‍ അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങള്‍ നാം ചര്‍ച്ച ചെയ്യുന്നത് ഭരണഘടനയെ കൂടുതല്‍ ഹൈന്ദവീകരിക്കാനും അത് ഭൂരിപക്ഷമതവാദത്തിന്‍റെ കൈപ്പിടിയിലേക്ക് വ്യഖ്യാനിച്ചൊതുക്കാനും നടത്തുന്ന പുതിയ ശ്രമങ്ങളെ അവഗണിച്ചു കൊണ്ടാവരുത്. ഭരണഘടന വിശുദ്ധഗ്രന്ഥമല്ല എന്ന് പറയുമ്പോഴും ഇപ്പോള്‍ ഭരണഘടനക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള വലിയ ഭീഷണികളെ ചെറുക്കാന്‍ ഉള്ള ഉത്തരവാദിത്തം ശക്തമായി ഏറ്റെടുക്കേണ്ടതുണ്ട്. അതില്‍ ഇപ്പോഴുള്ള ജനാധിപത്യപരമായ ഘടകങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളെ തെരുവുകളിലും പാര്‍ലിമെന്റിലും നിയമസഭകളിലും ചോദ്യം ചെയ്യേണ്ടതുണ്ട്.

ഷഹീന്‍ ബാഗിലെ സമരം

ഇപ്പോള്‍ ഭരണഘടനയുടെ ആത്യന്തികമായ ജനാധിപത്യ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പൌരത്വ നിയമ ഭേദഗതി നാടെമ്പാടും സമരങ്ങളുടെ കൊടുങ്കാറ്റുകള്‍ തന്നെ അഴിച്ചു വിട്ടിരിക്കുകയാണ്. രാഷ്ട്രം അതിന്‍റെ ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത വിധം ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെ, വിശേഷിച്ചു മുസ്ലീം സ്ത്രീകളുടെ, നേതൃത്വത്തില്‍ 2019 ഡിസംബര്‍ 15-നു ആരംഭിച്ച രാപ്പകല്‍ സമരം ഇതെഴുതുമ്പോള്‍ അൻപതോളം ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. പൌരത്വത്തിന്‍റെ പ്രശ്നത്തെക്കുറിച്ചും അതില്‍ ബിജെപി സ്വീകരിക്കാന്‍ ഇടയുള്ള സമീപനത്തെക്കുറിച്ചും ഞാന്‍ നിരവധി തവണ ഇതിനു മുന്‍പുതന്നെ എഴുതിയിട്ടുള്ളതാണ്. 2014-ൽ മോദി അധികാരത്തിൽ വന്ന തെരെഞ്ഞെടുപ്പിന് തൊട്ടുമുൻപ്, മാർച്ച് അവസാനം, അവരുടെ അജണ്ട പൌരത്വമാണ് എന്നു ഓർമ്മിപ്പിച്ചുകൊണ്ട് “പൌരത്വത്തിന്‍റെ പ്രശ്നങ്ങൾ” എന്ന ലേഖനവും തുടര്‍ന്ന് അവര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2015 –ല്‍ “പൌരത്വത്തിന്‍റെ പുനര്‍നിര്‍മ്മിതികൾ” എന്ന ലേഖനവും ഞാന്‍ എഴുതിയിരുന്നതു ഹൈന്ദവ മതവിഭാഗീയ രാഷ്ട്രീയം ദളിത്‌-ന്യൂനപക്ഷ വിഭാഗങ്ങളുടെ പൌരത്വം ചോദ്യം ചെയ്യാന്‍ ഇടയുണ്ട് എന്ന ഉത്തമബോധ്യത്തില്‍ തന്നെ ആയിരുന്നു. ഒന്നാം മോഡി സര്‍ക്കാര്‍ ശ്രമിച്ചത് പൌരത്വ പ്രശ്നത്തെ രാഷ്ട്രീയ അജണ്ട ആക്കുന്നതിനുള്ള പൊതുബോധം സൃഷ്ടിക്കാനായിരുന്നുവെങ്കില്‍ രണ്ടാം മോഡി സര്‍ക്കാര്‍ ആ വിഷയത്തെ ഭരണഘടനയില്‍ തന്നെ അടിസ്ഥാന മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ദളിത്‌-ന്യൂനപക്ഷ വിഭാഗങ്ങളെ പൌരത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ആണ് ശ്രമിക്കുന്നത്. അതിന്‍റെ ആദ്യത്തെ രൂപരേഖകള്‍ മാത്രമാണ് പൌരത്വ നിയമ ഭേദഗതിയും ദേശീയ പൌരത്വ പട്ടികയും മറ്റും.

ഇതുമായി ബന്ധപ്പെട്ട് ഞാന്‍ എഴുതിയ “നിയമത്തിന്‍റെ കരാളരൂപം” എന്ന കുറിപ്പില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുകയാണ്: “പൌരത്വനിഷേധം ഉണ്ടാകുന്നതോടെ വ്യക്തികള്‍ ദേശരാഷ്ട്രത്തിനുള്ളില്‍ സ്വാഭാവികമായിത്തന്നെ ദേശരഹിതര്‍ ആവുന്നു. ദേശരാഹിത്യം എന്നത് ഒരു സ്വാതന്ത്ര്യമല്ല. മറിച്ച്, അത് ദേശരാഷ്ട്രത്തിനുള്ളിലെ വിചാരണയില്ലാത്ത തടവാണ്. ദേശരാഷ്ട്രത്തില്‍ നിന്ന് പുറത്താവുകയല്ല, പകരം അതിനുള്ളില്‍ ദേശരഹിതരായി ജീവിക്കാന്‍ അപരരായി മുദ്രകുത്തപ്പെടുകയാണ്. ഭരണഘടനയിലെ ചില റിപ്പബ്ലിക്കന്‍ മൂല്യങ്ങളാണ് ഈ ഘട്ടത്തില്‍ പ്രധാനമാവുന്നത്. അവയാണ് ഇത്തരം പ്രവണതകളെ ഉള്ളില്‍ നിന്ന് ചെറുക്കാനുള്ള ഉപകരണങ്ങളില്‍ പ്രധാനം. കാരണം ഭരണഘടന ആധുനിക സമൂഹത്തില്‍ ദേശരാഷ്ട്രം പാലിക്കേണ്ട മൌലികമര്യാദകളുടെ ലിഖിതരൂപമാണ്‌. എന്നാല്‍ ഏറ്റവും നല്ല ഭരണഘടന പോലും അപവാദാവസ്ഥക്ക് (state of exception) വിധേയമാണ്. പരമാധികാരത്തിന്‍റെ ഒരു സ്വഭാവം അതിന് എല്ലാ നിയമങ്ങളേയും ഭരണഘടനയെ തന്നെയും മാറ്റിമറിക്കാം എന്നുള്ളതാണ്. പൌരത്വ നിഷേധത്തിന്‍റെ നിയമനിര്‍മ്മാണം മുസ്ലീങ്ങളെ ഇന്ത്യയില്‍ ദേശരഹിതരാക്കാന്‍ നിശ്ചയിച്ചുറപ്പിച്ച്, ഭരണഘടനയുടെ ഈ അപവാദ സാധ്യതയെ പൂര്‍ണ്ണമായും ഉപയോഗിച്ചുകൊണ്ട് മതഭൂരിപക്ഷവാദത്തിന്‍റെ പ്രത്യയശാസ്ത്രത്തെ മുന്നില്‍ നിര്‍ത്തി നടത്തിയ രാഷ്ട്രീയ ആഭിചാരമാണ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ സ്വഭാവം തന്നെ മാറ്റിത്തീര്‍ക്കുക എന്നൊരു അജണ്ട ഹിന്ദുത്വ രാഷ്ട്രീയത്തിലുണ്ട്. ഭരണഘടനയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ആർട്ടിക്കിൾ 14. ആർട്ടിക്കിൾ 14-ന്‍റെ അര്‍ത്ഥവും മൂല്യവും ചോര്‍ത്തിക്കളയുന്ന ഒന്നാണ് പൌരത്വനിയമ ഭേദഗതിയും പൌരത്വ രജിസ്റ്റര്‍ നിയമവും എന്നത് മനസ്സിലാക്കപ്പെടാതെ പോകരുത്. ക്ലാസ് ലെജിസ്ലെഷന്‍ – സവിശേഷ വിഭാഗങ്ങളെ അപകടത്തില്‍ പെടുത്തുന്ന, അവര്‍ക്ക് വിനാശകരമാവുന്ന വിഭാഗീയ നിയമനിര്‍മ്മാണം ഉണ്ടാകാന്‍ പാടില്ല എന്ന് നിഷ്കര്‍ഷിക്കുന്ന ഒരു ഭാഗം ആര്‍ട്ടിക്കിള്‍ 14-ല്‍ അടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ പൌരത്വ ഭേദഗതി യഥാര്‍ത്ഥത്തില്‍ ഈ ക്ലാസ് നിയമനിർമ്മാണത്തിന് എതിരായ ജാഗ്രതയെ ലംഘിക്കുന്നതാണ്. ആർട്ടിക്കിൾ 14-ൽ പറയുന്നത്, “നിയമത്തിന് മുന്നിൽ ഒരു വ്യക്തിക്കും തുല്യതയോ നിയമങ്ങളുടെ തുല്യപരിരക്ഷയോ ഭരണകൂടം നിഷേധിക്കുകയില്ല” എന്നാണ്. പൗരന്മാർ, കോർപ്പറേഷനുകൾ, വിദേശികൾ എന്നിവരുൾപ്പെടെ എല്ലാവര്‍ക്കും തുല്യത ഉറപ്പുനൽകുന്നുവെന്നും അതിൽ വ്യക്തമായി പറയുന്നുണ്ട്. എങ്കിലും ആർട്ടിക്കിൾ 14-നുള്ളില്‍ ചില ഒഴിവുകഴിവുകള്‍ ഇല്ലാതില്ല. ചില സന്ദര്‍ഭങ്ങളില്‍ ആര്ട്ടിക്കിള്‍ 14-ന്റെ ആത്മസത്തയെ ലംഘിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ചില ഒഴിവാക്കലുകൾ ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് വാദിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ട്. ആ പരിമിതമായ അര്‍ത്ഥത്തില്‍ പൌരത്വ ഭേദഗതി ആർട്ടിക്കിൾ 14-നെ പൂർണ്ണമായും ലംഘിക്കുന്നില്ലെന്ന് വാദിക്കാം. പക്ഷെ, ഒരു പ്രധാന കാരണത്താൽ ഈ വാദം നിലനില്‍ക്കുന്നതല്ല. കാരണം ആർട്ടിക്കിൾ 14 “ക്ലാസ് നിയമനിർമ്മാണം” നിസ്സംശയമായും വിലക്കുന്നു. ‘ക്ലാസ് നിയമനിർമ്മാണം’ എന്നത് ജനങ്ങളെ പ്രത്യേക വിഭാഗങ്ങളായി വിഭജിക്കുന്ന ഏതെങ്കിലും നിയമപരമായ സമീപനങ്ങളെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പദമാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ആര്‍ക്കെങ്കിലും പ്രത്യേകാവകാശങ്ങൾ നൽകുകയോ പ്രത്യേകമായ ഭാരം ചുമത്തുകയോ ചെയ്യുക എന്നത് സാധ്യമല്ല. അതുപോലെ, അന്യായമായ വിഭജന യുക്തിയില്‍, അതെത്ര ശ്രേഷ്ടമാണെന്ന് പറഞ്ഞാല്‍ പോലും ഏകപക്ഷീയമായ വിഭജനങ്ങള്‍ സൃഷ്ടിക്കാനും പാടില്ല. ഈ സവിശേഷമായ അർത്ഥത്തിലാണ് ഈ മുസ്ലീം വിരുദ്ധ നിയമം പൂർണ്ണമായും ഭരണഘടനാവിരുദ്ധമായി മാറുന്നത്”.

ഭരണഘടന നിലകൊള്ളുന്നത് ഒരു രാഷ്ട്രീയ ശൂന്യതയില്‍ അല്ല. അത് പ്രധാനമാകുന്നത് ജുഡീഷ്യറിയും ലെജിസ്ലേച്ചര്‍ സംവിധാനങ്ങളും അതിന് അംഗീകാരം  നല്‍കുമ്പോഴാണ്. ജുഡീഷ്യറി പൌരത്വപ്രശ്നത്തിന്‍റെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ആസ്സാമിലെ മുസ്ലീം സമുദായത്തെ അനധികൃത കുടിയേറ്റത്തിന്‍റെ പേരുപറഞ്ഞു അനാവശ്യമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നത് തടയാനായി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ 1983-ല്‍ പ്രത്യേകമായി കൊണ്ടുവന്ന നിയമമായിരുന്നു അനധികൃത കുടിയേറ്റ നിര്‍ണ്ണയ നിയമം [The Illegal Migrants (Determination by Tribunal) Act]. എന്നാല്‍ 2005-ല്‍, സുപ്രീം കോടതിയാണ് ഈ നിയമം റദ്ദാക്കിയത്. അതുകൊണ്ട് തന്നെ ഇതിനു മുന്പ് ഞാന്‍ സൂചിപിച്ചിട്ടുള്ള ഒരു കാര്യം കൂടി ഇവിടെ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയാണ്: “ഒരു രാഷ്ട്രം നിലകൊള്ളുന്ന ചില അടിസ്ഥാന നൈതികബോധ്യങ്ങളുണ്ട്. അവ രൂപംകൊള്ളുന്നത് ചരിത്രപരമായാണ്. നിരന്തരമായ സംവാദങ്ങളിലൂടെ ഉരുവാകുന്ന സമവായങ്ങളുടേയും സമ്മതികളുടേയും രാഷ്ട്രീയമാണ് ആ നൈതികബോധ്യങ്ങളെ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും. അതാണ്‌ രാഷ്ട്രത്തിന്‍റെ നിയമസംഹിതകളിലും ഭരണഘടനയിലും മറ്റു ഭരണസമീപനങ്ങളിലും പ്രതിഫലിക്കുന്നത്. ഇതിന്‍റെ ധാര്‍മ്മികതകള്‍, ശക്തികള്‍, പരിമിതികള്‍, അനുഷ്ഠാനപരതകള്‍, അസംബന്ധങ്ങള്‍ എല്ലാം തന്നെ ഒരു സവിശേഷ പരിപ്രേക്ഷ്യത്തിലെ പരസ്പര ബന്ധിതമായ നിലപാടുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. പുറമേനിന്ന് കാണുന്ന പല വൈരുധ്യങ്ങളും അതിനുള്ളില്‍ ജൈവപരമായി പൊരുത്തപ്പെട്ട് പോകുന്നവയായിരിക്കും. അവയിലെ വൈജാത്യങ്ങള്‍ ആ പരിപ്രേക്ഷ്യത്തിന്‍റെ ഘടനക്കുള്ളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവ ആയിരിക്കും. ജമ്മു കശ്മീരും ആസ്സാമും നാഗാലാ‌‍ന്ഡുമെല്ലാം ഇങ്ങനെ ഒരു പഴയ പരിപ്രേക്ഷ്യത്തില്‍ വൈരുദ്ധ്യാത്മകമായി ഇന്ത്യ എന്ന സമവായത്തില്‍ നിലകൊള്ളുന്ന സജീവമായ വെല്ലുവിളികള്‍ ആയിരുന്നു. രാഷ്ട്രത്തെക്കുറിച്ചുള്ള ഒരു പൊതുസമ്മതിയില്‍, നൈതികബോധ്യത്തില്‍, സംഘര്‍ഷാത്മകവും എന്നാല്‍ അതേസമയം സമയന്വയോന്മുഖവുമായ, ഒരേസമയം അനുസരിക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമായ രാഷ്ട്രീയ നിലപാടുകളായി മനസ്സിലാക്കപ്പെട്ടവ ആയിരുന്നു” (പൌരത്വ പരീക്ഷണത്തിന്റെ നൈതിക നിരാസങ്ങള്‍).

അതുകൊണ്ട് തന്നെ ചരിത്രപരമായും നൈതികമായും സമകാലിക രാഷ്ട്രീയത്തിന്‍റെ ജൈവികാവശ്യമായും ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ച മാറേണ്ടതിന്‍റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടാനാണ് ഞാന്‍ ഈ വസ്തുതകള്‍ ഇവിടെ ചൂണ്ടിക്കാണിച്ചത്. അത്തരമൊരു ചര്‍ച്ചക്ക് തുടക്കം കുറിക്കുകയാണ് നവമലയാളി ഈ ലേഖന പരമ്പരയിലൂടെ. ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്ര സന്ദര്‍ഭങ്ങള്‍, അംബേദ്‌കറുടെ ശാസ്ത്രാഭിമുഖ്യവും ഭരണഘടനയുടെ അടിസ്ഥാന രാഷ്ട്രീയവും, ദളിത്‌ വിഭാഗങ്ങളും ഭരണ ഘടനയും, ഭരണഘടനയും ലിംഗനീതിയും, നീതിപീഠവും ഭരണഘടനാ നിലപാടുകളും, ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും, ആര്‍എസ്എസ്സിന്‍റെ ഭരണഘടനാ സമീപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഷിജു സാം വറുഗീസ്, ജസ്റ്റിന്‍ മാത്യു, നിസ്സിം മണ്ണത്തൂക്കാരൻ, വി എം ശ്യാംകുമാര്‍, ചന്ദ്രന്‍ കോമത്ത്, കെ എന്‍ സുനന്ദന്‍, ആരതി പി എം, പി എന്‍ ഗോപീകൃഷ്ണന്‍, വി എൻ ഹരിദാസ് എന്നിവരും കൂടാതെ മറ്റുള്ളവരും തുടര്‍ന്ന് പങ്കെടുക്കുന്ന വിശദമായ ചര്‍ച്ചക്കാണ് നവമലയാളി വേദിയൊരുക്കുന്നത്. ഡോ. സുനന്ദന്‍റെ “ഭരണഘടന, ജനാധിപത്യം, രാജ്യസ്നേഹം” എന്ന ലേഖനത്തോടെ ഈ ചര്‍ച്ച ഉടൻ ആരംഭിക്കുകയാണ്. വായനക്കാരുടെ വിപുലമായ പങ്കാളിത്തം ഈ ചര്‍ച്ചയില്‍ ഉണ്ടാവണമെന്ന് നവമലയാളി പത്രാധിപസമിതിയുടെ പേരില്‍ ഞാന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

ടി ടി ശ്രീകുമാർ
ചീഫ് എഡിറ്റർ

Comments

comments