“വിശ്വാസം (trust) അതാണ് എല്ലാം”. സമ്പദ് വ്യവസ്ഥയുടെ നഷ്ടപെട്ട വിശ്വാസത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമം വേണമെന്ന് അടിവരയിട്ടാണ് ഇക്കണോമിക് സർവ്വേ 2019-20 തുടങ്ങുന്നത്. ഇന്ത്യയിലെ ബിസിനസ്സ് സമൂഹം മാത്രമല്ല ഒരു ജനതയും സമകാലിക ലോകവും കാത്തിരിക്കുന്നത് ഒരു രാജ്യം അതിന്‍റെ ജനതയ്ക്കു നൽകിയ വിശ്വാസങ്ങൾ വീണ്ടെടുക്കാൻ എന്താണ് ചെയ്യുന്നതെന്നാണ്.

കേന്ദ്ര സർക്കാരിന്‍റെ വാർഷിക ബജറ്റ് സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാനുള്ള രൂപരേഖയാണ്. തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ വളർച്ചയുടെ പാതയിലേക്ക് കൊണ്ടുവരണമെങ്കിൽ ധനകാര്യ വിദഗ്ധർ ചെയ്യേണ്ടത് ഉപഭോഗം വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തണം, ഒപ്പം തൊഴിലും വരുമാനവും വർദ്ധിപ്പിക്കണം. അതിനുതകുന്ന മേഖലകൾക്ക് ഉത്തേജനം നൽകുന്ന രീതിയിൽ വിഭവവിതരണം നടത്തണം. മാന്ദ്യതയാൽ വലയുന്ന ഒരു സമ്പദ് ഘടനയിൽ നികുതി വരുമാനവും മറ്റ് വരവുകളും ശുഷ്‌കിക്കുന്ന അവസ്ഥയിൽ വിഭവവിതരണം നടത്തുക എന്നത് അത്ര എളുപ്പമല്ല. വൈദിഗ്ധ്യം മാത്രം പോരാ, ഒപ്പം സമ്പദ് വ്യവസ്ഥയുടെ നാഡിമിടിപ്പിന്‍റെ താളവും അറിഞ്ഞാൽ മാത്രമേ നഷ്ടപെട്ട വിശ്വാസം വീണ്ടെടുക്കാൻ തരത്തിലെ ഒരു ബജറ്റ് അവതരിപ്പിക്കാൻ സാധിക്കൂ. അതിന് അത്യാവശ്യം സമ്പദ് വ്യവസ്ഥയുടെ ശോച്യാവസ്ഥ അംഗീകരിക്കുക എന്നതാണ്. എന്നാൽ സാമ്പത്തികകാര്യ ഉപദേഷ്ടാവ് അവതരിപ്പിച്ച ഇക്കണോമിക് സർവ്വേ ആകട്ടെ, ധനമന്ത്രിയുടെ ബജറ്റ് ആകട്ടെ പ്രശ്നങ്ങൾ ഉണ്ട് പക്ഷേ അത് നെഹ്രുവിയൻ സോഷ്യലിസം കൊണ്ട് വന്നതാണെന്ന് വിസ്തരിച്ചു പറയാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദം ആയിട്ട് മാർക്കറ്റ് വ്യവസ്ഥയാണ് ഇന്ത്യയിൽ നിലവിലുള്ളത്. ഇപ്പോഴത്തെ പ്രശ്നങ്ങളെ ആഗോളീകരണത്തിന്റെയും, സ്വകാര്യവത്കരണത്തിന്റെയും വികലമായ നടത്തിപ്പുകൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ ആണെന്ന് അംഗീകരിക്കാൻ ഇക്കണോമിക് സർവ്വേ തയ്യാറാകുന്നില്ല. ഒപ്പം കഴിഞ്ഞ അഞ്ചു വര്‍ഷം നടപ്പിലാക്കിയ നോട്ടു നിരോധനവും ജി എസ് ടിയും അടക്കമുള്ള പല സാമ്പത്തിക നയങ്ങളും ഉണ്ടാക്കിയ പ്രശ്നങ്ങൾ എന്തൊക്കെ എന്ന് ചർച്ചചെയ്യാൻ പോലും ശ്രമിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സമ്പദ് വ്യവസ്ഥയുടെ കാതലായ പ്രശ്നങ്ങളെ എങ്ങനെ നേരിടാം എന്ന് പറയാൻ നിർമല സീതാരാമന്‍റെ രണ്ടാമത്തെ ബജറ്റിനു കഴിയുന്നുമില്ല.

ജിഡിപി വളർച്ച 6% ലാക്കാക്കിയുള്ള സാമ്പത്തിക രൂപ രേഖയാണ് അവതരിപ്പിക്കുന്നത് എന്നു പറഞ്ഞത് കൊണ്ട് മാത്രം സമ്പദ് വ്യവസ്ഥ നേരെ ചാടി മുകളിലേക്ക് പോകില്ല. ആദ്യം ജനത്തിന്‍റെ കൈയിൽ ചിലവാക്കാൻ തക്ക വിധത്തിൽ പണം ഉണ്ടാവണം, അതായത് വരുമാനം വർദ്ധിക്കണം. എന്നാലേ ഉപഭോഗം വർദ്ധിക്കൂ, കച്ചവടം നടന്നാലേ തൊഴിൽ ശാലകളിൽ അനക്കം ഉണ്ടാവൂ, തൊഴിലാളിക്ക് തിരിച്ച് പണിക്ക് പോകാൻ പറ്റൂ, അതുണ്ടായാലേ കുടുംബവരുമാനം വർദ്ധിക്കൂ.

സമ്പദ് വ്യവസ്ഥയിൽ അനക്കമുണ്ടാകുന്ന രീതിയിൽ ഒരു നല്ല പ്രചോദനം കൊടുക്കുക എന്നതാണ് കെയ്നിഷ്യൻ സാമ്പത്തിക ശാസ്ത്രമൊക്കെ പഠിച്ചിട്ടുള്ള ധനമന്ത്രിയും, മന്ത്രിയുടെ ഉപദേഷ്ടാക്കളും ചെയ്യേണ്ടിയിരുന്നത്. അതിനായി തൊഴിൽ വർദ്ധന ഉണ്ടാക്കാൻ തരത്തിലെ മേഖലകളെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ബജറ്റിന് ഉണ്ടാവേണ്ടിയിരുന്നത്. എന്നാൽ ശുഷ്‌കിച്ച നികുതി വരുമാനത്തെ അവിടെയും ഇവിടെയും പകുത്തു നൽകുന്ന തിരക്കിൽ എന്താണ് ബജറ്റിന്‍റെ ലക്‌ഷ്യം എന്നത് ധനമന്ത്രി മറന്നു.

2008ലെ ആഗോളമാന്ദ്യത്തിൽ നിന്നും ഇന്ത്യ രക്ഷപെടാൻ കാരണം തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇന്ത്യൻ ഗ്രാമങ്ങളിലെ ഉപഭോഗം നിലനിര്‍ത്താൻ മാത്രമല്ല വർദ്ധിപ്പിക്കാനും കഴിഞ്ഞത് കൊണ്ടാണ്. ഇത്തവണ ബജറ്റിൽ തൊഴിലുറപ്പിനു നീക്കി വച്ചിരിക്കുന്ന തുക (2020-21 ലെ 61500 കോടി രൂപ) 2019-20 ലെ പുതുക്കിയ ബജറ്റ് നീക്കിയിരുപ്പിനേക്കാളും (71000 കോടി രൂപ) 10000 കോടി രൂപ കുറവാണ്. കൂടുതൽ കുടുംബങ്ങൾ പട്ടിണിയിലേക്ക് വീണിരിക്കുന്ന അവസ്ഥയിൽ കൂടുതൽ തുക തൊഴിലുറപ്പിനു നൽകണമായിരുന്നു. ഉപഭോഗ നഷ്ടം ഏറ്റവും കൂടുതൽ ഗ്രാമീണ മേഖലയിൽ ആണെന്നാണ് കണക്കുകൾ പറയുന്നത്. അതിനെ പിടിച്ചു നിറുത്തിയാൽ തന്നെ കുറേയേറെ തൊഴിൽ നഷ്ടം കുറയ്ക്കാൻ കഴിയും.

കാർഷിക മേഖലയിലെ പ്രമാദ പ്രശ്നം കാർഷിക ഉല്‍പ്പന്നത്തിന്‍റെ വിലയാണ്. ഉദാഹരണത്തിന് മൂന്ന് മുതൽ അഞ്ചു മാസം വരേയുള്ള പ്രയത്നം വേണം സവാള-ഉള്ളി കൃഷി ചെയ്തു വിപണിയിൽ എത്തിക്കാൻ. അപ്പോൾ ഒരു കിലോയ്ക്ക് ഒരു രൂപ അല്ലെങ്കിൽ കൂടി വന്നാൽ 10 രൂപ കിട്ടിയാൽ കർഷകനു ചിലവ് കഴിഞ്ഞു സ്വന്തം അദ്ധ്വാനത്തിന്‍റെ കൂലി പോലും കിട്ടുന്നില്ല. ഇതു തന്നെയാണ് ഗോതമ്പിന്‍റെ കാര്യത്തിലായാലും നെല്ലിന്‍റെ കാര്യത്തിലായാലും കുരുമുളകിന്‍റെ കാര്യത്തിലായാലും. കർഷകരുടെ വരുമാനം 2022 ൽ 2014 ന്‍റെ ഇരട്ടിയാക്കും എന്നുള്ള ലക്ഷ്യം നേടണമെങ്കിൽ ഈ പോക്കുപോയാൽ പോരാ. താങ്ങുവില മാത്രമല്ല, ശീതീകരണ ശേഷിയുള്ള സംഭരണ ശാലകൾ അടക്കം പഞ്ചയാത്ത് തലത്തിൽ നിർമ്മിക്കേണ്ടത് അത്യാവശ്യം ആണ്. നിർമല സീതാരാമൻ സംഭരണശാലകൾ താലൂക്ക് അടിസ്ഥാനത്തിൽ പണിയാനുള്ള ഒരു പ്രൊപോസൽ വച്ചിട്ടുണ്ട്, പക്ഷേ ദേശിയ ഗ്രാമീണ തൊഴിൽ പദ്ധതിയിൽ ആണ് ഉൾപ്പെടുത്തിയ ഈ പ്രൊപ്പോസലിന്‍റെ നീക്കിയിരുപ്പ് എവിടെ എന്ന് ബജറ്റ് പറയുന്നില്ല. കഴിഞ്ഞ വര്‍ഷം 9774 കോടി രൂപ നീക്കിവച്ചിടത്ത് ഇത്തവണ 10005 രൂപയേ ഉള്ളു, നാണ്യപ്പെരുപ്പം കണക്കിലെടുത്താൽ തുക അതുതന്നെ. എങ്ങനെ താലൂക്ക് അടിസ്ഥാനത്തിൽ പണമില്ലാതെ സംഭരണ ശാലകൾ പണിയും എന്നത് ധനമന്ത്രി ചിന്തിച്ചിട്ടുണ്ടോ എന്ന് തോന്നുന്നില്ല. പച്ചക്കറി-കാർഷിക ഉല്‍പ്പന്നങ്ങൾ വേഗത്തിൽ കൃഷിയിടത്തിൽ നിന്നും ഉപഭോക്താവിൽ എത്തിയ്ക്കാൻ പൊതു-സ്വകാര്യ-സംരഭത്തിൽ കിസാൻ റെയിൽ പദ്ധതി തുടങ്ങും പോലും. മുടക്കുമുതൽ ഇല്ലാ, കർഷകൻ സ്വന്തം ചിലവിൽ വണ്ടിപിടിച്ചു സ്റ്റേഷനിൽ എത്തിച്ച്, തിരിച്ച റെയിൽവേ സ്റ്റേഷനിൽ നിന്നും സാധനം വിപണിയിൽ സമയത്തിന് എത്തിക്കും എന്ന് ലോജിക്, കൃഷിക്കാരന്‍റെ കണക്കുകൂട്ടലുകൾ അറിയാത്ത ഒരാൾക്കേ വലിയ കാര്യമായി കാണാൻ കഴിയു. മുതൽ മുടക്കില്ലാത്ത കാര്യങ്ങൾ ബജറ്റിൽ കൊണ്ട് വന്ന് വിളമ്പണമോ എന്ന് ജനം ചോദിക്കുക തന്നെ വേണം.

ധനമന്ത്രി റവ ഹലുവ ഉണ്ടാക്കി വിളമ്പിയ പല പ്രൊപ്പോസലും സ്വകാര്യമേഖല ചെയ്തോളും എന്ന് പറഞ്ഞു അവസാനിപ്പിച്ചവയാണ്. ഉദാഹരണം ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജ് ആക്കാനുള്ള പ്രൊപോസൽ. എന്നാൽ അതിനു നീക്കിയിരുപ്പ് ഒന്നും ഇല്ലാ, ജില്ലാ ആശുപത്രികളെ സ്വകാര്യവത്കരിച്ചാണ് ഇതു നടപ്പിലാക്കുന്നത്. സത്യത്തിൽ 12ആം പഞ്ചവത്സര പദ്ധതിയുടെ നയരേഖയിൽ ഉള്ള ഒരു പ്രൊപോസൽ ആണിത്. അപ്രകാരം പണം സർക്കാർ നീക്കിവെയ്ക്കണം, അല്ലാതെ സ്വകാര്യ മേഖലയ്ക്ക് സർക്കാർ ആശുപത്രികളെ വിട്ടുകൊടുത്തിട്ടല്ല. അതുപോലെ തന്നെയാണ്, വിദ്യാഭ്യാസ മേഖലയിൽ ECB (external commercial borrowing) യും FDIയും കൊണ്ട് വരാനുള്ള നീക്കം. വിദ്യാഭ്യാസം എന്നത് വമ്പിച്ച ആദായമുള്ള കച്ചവടം ആണെന്ന് അത് പൊതുമേഖലയിൽ നിന്നും സ്വകാര്യ മേഖലയിലേക്ക് കൊണ്ടുപോകേണ്ടത് ആണെന്നും അടിവരയിടുന്നതാണ് ഈ ബജറ്റ് പ്രൊപോസൽ. അതുകൊണ്ട് തന്നെയാണ് ഗുണനിലവാരമുള്ള പൊതു സർവ്വകലാശാലകൾ ആയ JNU, ഡൽഹി, ഹൈദ്രബാദ്, ജാദവ്‌പൂർ, പല കേന്ദ്ര സർവ്വകലാശാലകൾ ഒക്കെ ആക്രമണങ്ങൾക്കും ഫീസ് വർദ്ധനയ്ക്കും നിരന്തരം ഇരയാവുന്നത്. ഇവ ഇല്ലാതായാലേ സർവകലാശാലകളെ ഓഹരി വിപണിയിലേക്ക് എത്തിക്കാൻ ആവൂ, ഇവിടെ ഒരു കാര്യം ഓർത്തു പോകുന്നു 2004-05 കാലഘട്ടത്തിൽ അന്നത്തെ ധമനമന്ത്രിയായ പി. ചിദംബരത്തിനു ഇന്ത്യയിലെ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ ഒരു നിവേദനം നൽകി, തങ്ങൾക്ക് ബിസിനസ്സ് നടത്താൻ ധനകാര്യ സ്ഥാപനങ്ങളാക്കുന്ന ECB നിയന്ത്രണം എടുത്തുകളയണമെന്ന്. ചിദംബരം അന്നത് ചെയ്തുകൊടുത്തില്ല എന്ന് മാത്രമല്ല ദാരിദ്യ്ര നിർമാജനത്തിനായി സർക്കാരിന്‍റെ കൈയിലും മറ്റ് പൊതു-സ്വകാര്യ മേഖല ബാങ്കിങ് സ്ഥാപനങ്ങളുടെ കൈയിലും ധാരാളം പണം ഉണ്ടെന്ന് കണക്ക് നിരത്തി പറഞ്ഞു. ഈ കാലഘട്ടത്തിൽ തന്നെയാണ് 16 കേന്ദ്ര സർവ്വകലാശാലകൾ നിലവിൽ വന്നതും, അതിനായി ഏകദേശം 11ആം പഞ്ചവത്സര പദ്ധതിയിൽ 50000 കോടിരൂപ നീക്കി വച്ചതും.

നിർമാണം, ഗതാഗതം, ഊർജം, റെയിൽവേ എന്ന് വേണ്ട എല്ലാ മേഖകൾക്കും ഡൽഹിയിലെ ഇപ്പോഴത്തെ തണുപ്പ് അകറ്റാൻ പാകത്തിൽ പോലും ഒരു പ്രൊപോസൽ അവതരിപ്പിക്കാനോ വ്യവസായികളെ ഒന്ന് ഉണർത്താനോ ബജറ്റിന് ആയില്ല എന്നത് സത്യം. ഒപ്പം ഇപ്പോൾ പുറത്തു വരുന്ന വാർത്ത ബജറ്റിലെ കണക്കുകൾ കൂടുമ്പോൾ കിട്ടുന്ന തുക ബജറ്റ് പേപ്പറിൽ കാണിച്ചതിലും വ്യത്യാസം ആണെന്ന് മാത്രമല്ല, ഓൺലൈനിലുള്ള PDF ഡോക്യൂമെന്റിലെ ചില തുകകളും excell ഷീറ്റിലെ തുകകളും വ്യത്യസ്തം ആണ് പോലും.

വിശ്വാസം തിരിച്ചു പിടിക്കാൻ കൊണ്ട് വന്ന ബജറ്റ് ഉള്ള വിശ്വാസം നഷ്ടപ്പെടുത്തി എന്നേ പറയാനാവു. ഒപ്പം ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യുന്നു. ഒരു വ്യവസായി എന്തിനാണ് ഓഹരി വിൽക്കുന്നത്. ഒന്നുകിൽ കടം കയറി നടത്തിക്കൊണ്ടു പോകാൻ വയ്യാത്തവയെ വിറ്റു മൊത്തം ആസ്തി സുരക്ഷിതമാക്കുക, അല്ലെങ്കിൽ നല്ലവില ഉള്ളതിനെ വിറ്റ് കൂടുതൽ നിക്ഷേപം നടത്തുക. LICയുടെ ഓഹരി ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധിയുള്ള ഒരു ധനമന്ത്രിയും വില്‍ക്കില്ല. വർഷാവർഷം പൊതു ഖജനാവിലേക്ക് നല്ലൊരു തുകയാണ് ലാഭവിഹിതം ആയി LIC നൽകുന്നത്. ഈ നടപടി വേറൊരു ചോദ്യവും ഉയർത്തുന്നു നന്നായി നടക്കുന്ന, സർക്കാരിന് ഏറ്റവും കൂടുതൽ ലാഭവിഹിതം കിട്ടുന്ന LICയെ എന്തിനാണ് വിൽക്കുന്നത്? വിൽക്കുകയാണെങ്കിൽ ഏതെങ്കിലും വെള്ളാനകളെ വിറ്റാൽ പോരേ? വിത്ത് മാത്രമല്ല നല്ല ഫലപുഷ്ടിയുള്ള വയലും വിൽക്കുന്നത് എന്തിന്?

ചുരുക്കത്തിൽ പറഞ്ഞാൽ പല ആവര്‍ത്തി നോക്കിയിട്ടും സമ്പദ് ഘടനയുടെ നഷ്ടപെട്ട വിശ്വാസം വീണ്ടെടുക്കുന്നു എന്ന ധ്വനി തരുന്ന ഒരു പ്രൊപോസൽ പോലും കേന്ദ്ര സർക്കാരിന്‍റെ 2020-21ലെ ബജറ്റ് തരുന്നില്ല. കിളിപോയി അവസ്ഥയാണ് ബജറ്റ് വായിച്ച ഓരോരുത്തർക്കും. സമ്പദ്ഘടനയുടെ അവസ്ഥ എന്തേ ഇനിയും ഇവർക്ക് മനസിലാകാത്തത്?

Comments

comments