സാമൂഹ്യവിമര്‍ശനത്തിന് ചരിത്ര പരിപ്രേക്ഷ്യം നല്‍കുന്ന രേഖകളായാണ് ഇന്ത്യന്‍ ഭരണഘടനയുടെ രചനയേയും തുടര്‍ന്നുള്ള പൊതുജീവിതത്തേയും  ഈ ലേഖനം വിലയിരുത്തുന്നത്. ഭരണഘടനയുടെ ചരിത്ര വിശകലനം സമകാലിക ലോകത്തെ നോക്കിക്കാണാനുള്ള ജാലകമാണ്. അതുകൊണ്ട്, സ്വാതന്ത്ര്യ ലബ്ധിയുടെ സമയത്ത് എഴുതപ്പെട്ട നിയമ രേഖകളായല്ല ചരിത്ര ഗവേഷകര്‍ ഭരണഘടനയെ സമീപിക്കുന്നത്. ജാതി, വര്‍ഗ ലിംഗ, ദേശ വിവേചനങ്ങളും സാമ്പത്തിക അസമത്വവും അടിസ്ഥാനമായിട്ടുള്ള  സമൂഹത്തിന്‍റെ ജനാധിപത്യവത്ക്കരണ പ്രക്രിയയുടെ ഭാഗമാണ് ചരിത്ര ഗവേഷകര്‍ക്ക് ഭരണഘടന.  തുല്യത ഉറപ്പ് വരുത്തുന്ന പൌരത്വവും, വ്യത്യസ്തതകളെ ബഹുമാനിക്കുന്ന ദേശീയതയും, സാമൂഹ്യ നീതിയുടെ നടപ്പാക്കലുമാണ് ഇന്ത്യന്‍ സാഹചര്യത്തിലെ ജനാധിപത്യവല്‍ക്കരണം. ബ്രിട്ടീഷ് അധിനിവേശ കാലത്തും അതിന് ശേഷവും ഇന്ത്യയുടെ സാമൂഹ്യ മണ്ഡലത്തില്‍ രൂപപ്പെട്ട അപകോളനീകരണം (decolonisation) എന്ന പ്രക്രിയയുടെ ഭാഗമായാണ് ചരിത്ര ഗവേഷകര്‍ ജനാധിപത്യ സമൂഹത്തിന്‍റെ രൂപപ്പെടലിനെ വിശകലനം ചെയ്യുന്നത്.  ഒരു നൂറ്റാണ്ടോളമായി നടന്നു കൊണ്ടിരിക്കുന്ന അപകോളനീകരണത്തിന്‍റെ ഭാഗമായി ഭരണഘടനയേയും ഭരണഘടനാ നിര്‍മ്മാണ സഭയേയും വായിക്കണമെന്ന വാദമാണ് ഈ കുറിപ്പ്.

ഇന്ത്യന്‍ ഭരണഘടന ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തേയും മനുഷ്യാവകാശം  ഉറപ്പ് വരുത്തുക തുടങ്ങിയ നീതി നിര്‍വഹണ പ്രക്രിയകളെ പറ്റിയുമാണ്. എന്നാല്‍, ചരിത്ര ഗവേഷകര്‍ ഭരണഘടനയെ സമൂഹ രൂപീകരണവുമായി (social formations)  ചേര്‍ത്ത് വായിക്കുന്ന രീതിശാസ്ത്രം അതിന്‍റെ പ്രാരംഭഘട്ടം കടന്നിട്ടില്ല. ഉദാഹരണത്തിന്, രാജഭരണം അവസാനിച്ചതിന് ശേഷം തിരുവിതാംകൂര്‍ പോലുള്ള നാട്ടുരാജ്യങ്ങളിലെ പൊതുജീവിതത്തിൽ ജനാധിപത്യ ഭരണഘടനക്ക് ലഭിച്ച സ്വീകാര്യത, തുടര്‍ന്നുള്ള സാമൂഹികമാറ്റങ്ങള്‍ തുടങ്ങി സമകാലീന ചരിത്ര വിഷയങ്ങള്‍ ഇനിയും പഠനവിധേയം ആകേണ്ടിയിരിക്കുന്നു.

മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഭാവി തലമുറകള്‍ ചര്‍ച്ച ചെയ്ത് അവശ്യമായ മാറ്റം വരുത്തേണ്ട ആശയങ്ങളായിട്ടാണ് അംബേദ്കര്‍ ഭരണഘടനയെ ആവിഷ്ക്കരിക്കുന്നത്. നവ മൂലധന ശക്തികളും ഹിന്ദുത്വ വംശ ദേശീയതയും സമൂഹ പരിണാമത്തെ നിയന്ത്രിക്കുന്ന അത്തരമൊരു ചരിത്ര സന്ധിയിലാണ് രാജ്യം എത്തി നില്‍ക്കുന്നത്. ബ്രാഹ്മിണിക്കൽ മോൽക്കോയ്മയും നവലിബറൽ വിപണി മൂല്യവും ജനാധിപത്യവല്‍ക്കരണത്തിന് എതിരെ നിൽക്കുന്ന സമകാലീന ഇന്ത്യയിൽ അപകോളനീകരണത്തിന്‍റെ ചരിത്ര വിശകലനങ്ങൾ മുൻപില്ലാത്ത വിധം ആവശ്യമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ഭരണവർഗം വന്‍കിട വികസന പ്രവർത്തനങ്ങളെ നീതിനിര്‍വഹണമായി അവതരിപ്പിക്കുന്നതും (development as justice)  അതിനെ എതിർക്കുന്നവരെ അടിച്ചമർത്തുന്നതും പലപ്പോഴും ഭരണഘടനയുടെ പരിധി ലംഘിക്കാതെയാണ്. രാജ്യത്തിന്‍റെ അഖണ്ഡത സൂക്ഷിക്കാനും  പൌരാവകാശങ്ങളെ സംരക്ഷിക്കാനുമെന്ന പേരിലാണ് അതിജീവനത്തിന് വേണ്ടി അരികുവല്‍ക്കരിക്കപ്പെട്ടവര്‍ നടത്തുന്ന മുന്നേറ്റങ്ങളെ  അടിച്ചമര്‍ത്തുന്നത്. കേരളത്തിലെ ഭൂസമരങ്ങളും പരിസ്ഥിതി സമരങ്ങളും ഇത്തരത്തില്‍ അതിജീവനത്തിന് വേണ്ടി നടക്കുന്ന മുന്നേറ്റങ്ങളാണ്. ഭരണഘടനയുടെ ചരിത്ര വീക്ഷണം ഒരു ചിന്താ രീതിയാകേണ്ടത് പോരാടാനുള്ള അവകാശം എന്ന, ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശം നിലനിര്‍ത്തുവാന്‍ സമരങ്ങള്‍ നടക്കുന്ന ഈ കാലത്തിന്‍റെ  ആവശ്യമാണ്.

ഭരണഘടനാ നിര്‍മ്മാണ സഭയും സാമൂഹ്യ വിപ്ലവത്തിന്‍റെ ഉടമ്പടിയും

ബ്രിട്ടീഷ് ഭരണകൂടം ‘രണ്ടാം തരക്കാര്‍’ ആയ പ്രജകള്‍ക്ക് വേണ്ടി എഴുതി ഉണ്ടാക്കിയ നിയമങ്ങള്‍ മാറ്റിയെഴുതുക എന്നതായിരുന്നു കൊളോണിയല്‍ ഭരണം അവസാനിക്കുമ്പോള്‍ രാജ്യം ഏറ്റെടുക്കേണ്ടി വന്ന വലിയ ഉത്തരവാദിത്വം. 1946 ജൂലൈ മാസത്തില്‍ കാബിനറ്റ് മിഷന്‍റെ ശുപാര്‍ശ പ്രകാരം രൂപപ്പെടുത്തിയ ഭരണഘടനാ നിര്‍മ്മാണ സഭയ്ക്കായിരുന്നു ഈ ചുമതല. സ്വതന്ത്ര രാജ്യത്തിനും കൊളോണിയൽ ഭരണകൂടം 1935  ൽ നടപ്പിൽ വരുത്തിയ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ നിയമം മതിയാകുമെന്ന പൊതു ധാരണ നിലനില്‍ക്കുന്ന സമയം കൂടിയായിരുന്നു തൊള്ളായിരത്തി നാല്‍പ്പതുകള്‍‍. എന്നാല്‍, ജനാധിപത്യ നിലപാടുകളെ ഉള്‍ക്കൊള്ളാന്‍ അധിനിവേശ കാലത്തെ നിയമം അപര്യാപ്തമാണ് എന്ന നിലപാടാണ് നെഹ്രുവിനും മറ്റ് ദേശീയ നേതാക്കള്‍ക്കും ഉണ്ടായിരുന്നത് (Nehru 1942, 11). 1946  ഡിസംബറില്‍ നടന്ന ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ സമ്മേളനത്തില്‍ സ്വതന്ത്ര ഇന്ത്യ എന്തായിരിക്കണമെന്ന പ്രമേയം ജവഹര്‍ലാല്‍ നെഹ്രു അവതരിപ്പിച്ചു. ജനാധിപത്യവും അധിനിവേശ സമൂഹത്തിന്‍റെ മോചനത്തിന് അനിവാര്യമായ സാമൂഹ്യ വിപ്ലവവുമാണ് സ്വതന്ത്ര സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങളായി നെഹ്രു അവതരിപ്പിച്ച പ്രമേയത്തിന്‍റെ കാതല്‍. 

അതേ സമയം, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ദേശവും ഒരു രാഷ്ട്രീയ സമൂഹവും ഇന്ത്യന്‍ സാഹചര്യത്തില്‍ അസാധ്യമാണ് എന്നാണ് കൊളോണിയൽ ഭരണകർത്താക്കളും ചരിത്ര ഗവേഷകരും വിശ്വസിച്ചിരുന്നത്. [ഉദാഹരണത്തിന് കാണുക: Reginald Coupland: 1944)].  ജനാധിപത്യം അസാധ്യമാക്കുന്ന തരത്തില്‍ ജാതി വര്‍ണ വര്‍ഗ വേര്‍തിരിവുകള്‍ ഉള്ള ആളുകളുടെ കൂട്ടം എന്നാണ് അധിനിവേശ ഭരണകൂടം ഈ ദേശത്തെ വിശേഷിപ്പിച്ചിരുന്നത് (Coupland: 1944, 24).  ഇന്ത്യക്കാര്‍ പരിഷ്കൃത സമൂഹത്തിന് ആവശ്യമായ നിയമ വ്യവസ്ഥകള്‍ ഇല്ലാത്തവരാണ് എന്ന ധാരണ കൊളോണിയല്‍ നിയമ നിര്‍മ്മാണങ്ങളിലും പ്രതിഫലിച്ചിരുന്നു (ഉദാഹരണത്തിന് കാണുക: Report on Indian Constitutional Reform, 1918).[i]  ഇത്തരം കൊളോണിയല്‍ കാഴ്ചപ്പാടില്‍ നിന്നുള്ള വിപ്ലവകരമായ മാറ്റമാണ് നിയമ നിര്‍മ്മാണ സഭ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് വിഭാവനം ചെയ്തത്. അതേ സമയം കൊളോണിയല്‍ കാലത്തെ നിയമങ്ങളുടെ തുടര്‍ച്ചയായി മാത്രം ഇന്ത്യന്‍ ഭരണഘടയെ കാണുന്ന പ്രവണത ആദ്യകാല  ചരിത്ര ഗവേഷകര്‍ക്കിടയില്‍ പ്രബലമാണ് (A. B. Keith: 1969; M. V. Pylee: 1967).[ii]  അത്തരം നിലപാടുകള്‍ ഭരണഘടനാ നിര്‍മ്മാണ സഭ (Constituent Assembly) എന്ന അപകോളനീകരണ ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷങ്ങളുടെ തിരസ്കാരമാണ്.

1946 ഡിസംബര്‍ മാസത്തിലാണ് ഭരണഘടനാ നിര്‍മ്മാണ സഭയുടെ  ആദ്യ സമ്മേളനം നടക്കുന്നത്. രണ്ട് പ്രധാന വെല്ലുവിളികളാണ് ഭരണഘടനാ നിർമ്മാണ സഭക്ക് നേരിടേണ്ടിയിരുന്നത്. ഒന്ന്, ആരാണ് ഇന്ത്യക്കാര്‍  എന്ന ചോദ്യത്തിന് ജാതി, മതം, വര്‍ഗം, ഭാഷ ലിംഗപദവി, ജന്മദേശം തുടങ്ങിയ  വേർതിരിവുകൾ പ്രധാനമല്ലാത്ത ഒരു രാഷ്ട്രീയ സമൂഹം (political community)  യാഥാർഥ്യമാക്കുക. രണ്ട്, വൈവിധ്യങ്ങൾ കൊണ്ട് രൂപപ്പെട്ട, 39 കോടി ആളുകൾ ജീവിക്കുന്ന ഇന്ത്യ എന്ന ഉപഭൂഖണ്ഡത്തിന് പൊതുവായ ഒരു ജനാധിപത്യ ഭരണഘടനാതത്വം രൂപപ്പെടുത്തുക. ഇന്ത്യയെന്നത് ചരിത്രവും സാംസ്കാരിക തനിമയും ഇല്ലാത്ത  ഭൂഖണ്ഡമാണ് എന്ന അധിനിവേശ ഭരണകൂടത്തിന്‍റെ വാദത്തെ തിരസ്കരിച്ച് കൊണ്ടാണ് നെഹ്റു ഭരണഘടനാ നിര്‍മ്മാണ സഭയുടെ  ആദ്യ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ഉപസംഹരിക്കുന്നത്.[iii] അത്തരത്തില്‍, അപകോളനീകരണമെന്നത് ദേശ ചരിത്രത്തിന്‍റെ വീണ്ടെടുപ്പ് കൂടിയാണ് എന്ന നെഹ്റുവിന്‍റെ ധാരണ ഭരണഘടനാ നിര്‍മ്മാണ ചര്‍ച്ചകളിലും ഇടം പിടിക്കുന്നത്. എന്നാല്‍, ഇന്ത്യയുടെ ഭരണഘടനാ ചരിത്ര രചനാ രീതിയില്‍ ഇത്തരം ഇടപെടലുകള്‍ക്ക് അര്‍ഹമായ പ്രാധാന്യം ലഭിക്കാറില്ല. 

ജനാധിപത്യ ചിന്ത ആളുകളുടെ നിത്യ ജീവിതത്തിന്‍റെ ഘടനയും രീതിയുമാകുന്ന ഭരണഘടനയുടെ പൊതുജീവിതമാണ് സാമൂഹ്യ ചരിത്ര ഗവേഷകര്‍ അന്വേഷിക്കേണ്ടത്. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടവകാശം  (Article 326),  ജാതി നിര്‍മ്മാര്‍ജ്ജനം (Articles 15-17) എന്നീ വിപ്ലവകരമായ ആശയങ്ങള്‍ കൊളോണിയല്‍ ഭരണത്തിന് പുറത്ത് നിന്നാണ് ഭരണഘടനയില്‍ ഇടം പിടിക്കുന്നത്. ദരിദ്രരായ ആളുകളെപ്പറ്റി ചിന്തിക്കുകയും നീതി എന്ന ആശയം, ദാരിദ്ര്യ നിർമ്മാർജ്ജനവുമായി ചേർത്ത് വയ്ക്കുകയും ചെയ്തത് മൂന്ന് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി നടന്ന ചര്‍ച്ചകളിലൂടെ ആയിരുന്നു (Eg: Preamble to the Constitution and Article 39A). എല്ലാവർക്കും ജീവിതമാർഗം ഉറപ്പ് വരുത്തുന്ന ഭൂപരിഷ്‌ക്കരണം (Article 31A), സാമ്പത്തിക നീതി ഉറപ്പ് വരുത്തല്‍ (Article 39) അരികുവത്ക്കരിപ്പെട്ടവരുടെ ഉന്നമനം [Articles 15 (4), 16 (4), 340 (1), 340 (2)], കുട്ടികളുടെ അവകാശ സംരക്ഷണം (Article 45), ബാലവേലയുടെ നിരോധനം (Article 24),  മനുഷ്യക്കടത്ത്, അടിമത്ത ജോലി തുടങ്ങിയ ചൂഷണ വ്യവസ്ഥകളുടെ നിരോധനം [23 (1)], സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം [Article 15 (3)], മത-ഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ (Article 30) തുടങ്ങിയ അനുചേ്ഛദങ്ങൾ അപകോളനീകരണത്തിന് ഭരണഘടനാ നിർമ്മാണ സഭ നൽകിയ രൂപരേഖകളാണ്. ജനാധിപത്യം ആഗോള തലത്തില്‍ വെല്ലുവിളികള്‍ നേരിട്ട ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലാണ് ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന  ജനാധിപത്യപരമായ സാമൂഹ്യ ഉടമ്പടികളെപ്പറ്റി ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭ ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ  മിക്ക ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി സമൂഹ രൂപീകരണത്തില്‍ ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കുന്ന ഭരണഘടന പ്രധാനമാണ്.

എന്നാല്‍, ജനാധിപത്യ പാതയിലുള്ള സാമൂഹ്യ വിപ്ലവം വിഭാവനം ചെയ്യുമ്പോഴും അത്തരം ആശയങ്ങളുടെ ആവിഷ്ക്കാരത്തിനുള്ള മാർഗങ്ങളെപ്പറ്റി കാര്യമായ ആലോചനകൾ നടന്നിട്ടില്ല എന്ന വിമർശനമാണ് ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മറ്റിയുടെ ചെയർമാൻ കൂടിയായിരുന്ന അംബേദ്കറിന് ഉണ്ടായിരുന്നത്. രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യം എന്ന നിലയിലേക്ക് വളർത്തി എടുക്കുകയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നാണ്  ഭരണഘടനാ നിർമ്മാണ സഭയുടെ ഉപസംഹാര സമ്മേളനത്തിൽ ഡ്രാഫ്റ്റിങ് കമ്മറ്റിയുടെ ചെയര്‍മാന്‍ ആയിരുന്ന അംബേദ്‌കർ ഓർമ്മിപ്പിച്ചത്.[iv] ഇന്ത്യന്‍ ഭരണഘടനയുടെ മുഖവുര തുടങ്ങുന്നത് തന്നെ ‘രൂപപ്പെടുത്തല്‍’ (constitute)  എന്ന പ്രക്രിയയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് (We, THE PEOPLE OF INDIA, having solemnly resolved to constitute India into a sovereign socialist secular democratic republic and to secure to all its citizens]. സാമൂഹിക നീതിയെ നിര്‍ണ്ണയിക്കുന്നതിലെ ഒരു പ്രധാന ഘടകമായ രാഷ്ട്രീയ തുല്യത എന്ന ആശയം, പൗരത്വത്തെപ്പറ്റിയുള്ള അംബേദ്കറുടെ വീക്ഷണത്തില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്.

സമൂഹത്തിന്‍റെ അരികുകളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടവരെ തുല്യതയും ബഹുമാനവും ലഭിക്കുന്ന പൗരരാക്കുക എന്നതായിരുന്നു അംബേദ്‌കർ കോൺഗ്രസിലെ വരേണ്യ വിഭാഗവുമായി ഉണ്ടാക്കിയ സാമൂഹ്യ ഉടമ്പടി. സാമൂഹ്യ ജീവിതത്തിലെ ജാതി ബന്ധവും സാമ്പത്തിക ജീവിതത്തിലെ ദാരിദ്ര്യവുമാണ് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ത്രിയേകത്വത്തിന് തടസ്സമെന്നാണ് നിയമനിർമ്മാണ സഭയിൽ അംബേദ്‌കർ നിരീക്ഷിക്കുന്നത് (B. Shiva Rao: 1968, pp. 944-45).  ഈ തിരിച്ചറിവിൽ  നിന്നാണ് ഭരണഘടനയുടെ പൊതുജീവിതം എന്ന ആശയം ഉരുത്തിരിയുന്നത്. തുല്യത, നീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളുടെ സാക്ഷാത്കാരത്തില്‍ വിവിധ സാമൂഹ്യ വിഭാഗങ്ങള്‍ നടത്തുന്ന വിവിധങ്ങളായ ഇടപെടലുകളെയാണ് ‘ഭരണഘടനയുടെ പൊതുജീവിതം’ എന്ന ആശയം വിശദീകരിക്കുന്നത്.   

ലിബറല്‍ ജനാധിപത്യ ആശയങ്ങള്‍ക്ക് ഇന്ത്യന്‍ വരേണ്യവിഭാഗത്തിനിടയില്‍  പ്രാധാന്യം ലഭിച്ച ഇതേ കാലത്താണ് മത അടിസ്ഥാനത്തിലുള്ള രാജ്യ വിഭജനം ദക്ഷിണേഷ്യ നേരിടേണ്ടി വരുന്നത്. 1.8 കോടി ജനങ്ങള്‍ പലായനം ചെയ്യേണ്ടി വന്ന, കണക്കുകള്‍ ഇല്ലാത്ത രീതിയില്‍ ആളുകള്‍ കൊല്ലപ്പെട്ട വിഭജനത്തിനിടയില്‍ കൂടിയാണ് ജനാധിപത്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെപ്പറ്റിയും ഭരണഘടനാ നിര്‍മ്മാണ സഭ ചിന്തിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണത്തിലെ പ്രധാന നിമിഷങ്ങളാണ് 1947 ആഗസ്ത് മാസം തുടങ്ങിയുള്ള വിഭജനത്തിന്റെയും പാലായനത്തിന്റെയും നാളുകള്‍.  ജനാധിപത്യ തത്വത്തില്‍ അടിസ്ഥാനമുള്ള ഭരണഘടനയുടെ രൂപപ്പെടുത്തലും, സ്വാതന്ത്ര്യ ലബ്ദിയും, രാജ്യ വിഭജനവും ഒരേ സമയത്ത് സംഭവിക്കുന്നുവെന്നതും പ്രധാനമാണ്. കാരണം, പരസ്പര പൂരകങ്ങളായ ഈ സംഭവങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യ ആശയങ്ങളായ പൌരത്വം, ന്യൂനപക്ഷ അവകാശങ്ങള്‍ തുടങ്ങിയവയുടെ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.  1950 മാര്‍ച്ച് മാസത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു എഴുതുന്നത് ഇങ്ങനെയാണ്:

സദാ മാറ്റങ്ങൾ സംഭവിക്കുന്ന ഒരു സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള നയങ്ങളെപ്പറ്റി ചിന്തിക്കുക ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ രൂപപ്പെടുത്താൻ കഴിയുന്ന ഏക ദീർഘകാല നയം ഈ രാജ്യത്ത് എല്ലാ ന്യൂനപക്ഷങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ്. അതിനായി ഈ പറയുന്ന ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതാക്കണം. അതിനു സമയമെടുക്കുമെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ അത് മാത്രമാണ് ആകെയുള്ള ലക്ഷ്യം. നമ്മുടെ ഓരോ കാൽവെയ്പ്പും ആ വീക്ഷണം മനസ്സിൽ വെച്ചുകൊണ്ടായിരിക്കണം. പെട്ടന്ന് ചെയ്യേണ്ട കാര്യം ഇരുപക്ഷത്തുമുള്ള സർക്കാരുകൾ അവർക്ക് കഴിയുന്ന രീതിയിൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രശ്നങ്ങൾ നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുകയും വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ണ് ചെയ്യേണ്ടത്. കുടിയേറിയവരെ സ്വന്തം വീടുകളിലേക്ക് തിരികെ വിളിക്കണം. വീടുകൾ തകർന്നവർക്ക് സർക്കാർ പുതിയ വീടുകൾ നല്‍കാൻ സഹായം ചെയ്യണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും പ്രശ്നങ്ങൾ ഉണ്ടാക്കി അതിന്‍റെ മറവിൽ കൊള്ളയും കൊലയും നടത്തുന്നത് പിടിക്കപ്പെടുമെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യണം. തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീകൾക്ക് പ്രത്യേകപരിചരണം നൽകുകയും അവരുടെ സൗഖ്യം ഉറപ്പുവരുത്തുകയും ചെയ്യണം. നിർബന്ധിത മതപരിവർത്തനങ്ങൾ അംഗീകരിച്ചുകൂടാ.

ന്യൂനപക്ഷത്തിലുള്ളവർക്ക് തങ്ങൾ ഉള്ളയിടത്ത് തന്നെ നിലനിൽക്കാൻ കഴിയണമെങ്കിൽ അവർക്ക് സർക്കാരുകളിലും മറ്റിടങ്ങളിലും പ്രാതിനിധ്യം വേണമെന്നാണ് ഈ വിഷയം കൂടുതൽ പഠിക്കുമ്പോൾ മനസ്സിലാകുന്നത്. ഒരു വലിയ വിഭാഗത്തിന് സർക്കാരിലും സർവീസുകളിലും പ്രാതിനിധ്യം ഇല്ല എന്ന് തോന്നുന്ന അവസ്ഥ വരുന്നത് തെറ്റാണ്. (Nehru to Chief Ministers: 1 March 1950)

പൌരന്‍ എന്ന വാക്കല്ല, വ്യക്തികള്‍ എന്നാണ് പൌരത്വത്തെ സംബന്ധിച്ച ഭരണഘടനാ അനുചേ്ഛദങ്ങൾ ഉപയോഗിക്കുന്നത് (Article 5-11). ഇത് പാശ്ചാത്യ ഭരണഘടനകളില്‍ നിന്നും വ്യത്യസ്തമാണ്. കലുഷമായ വിഭജന കാലത്ത് അഭയാര്‍ഥികളും കുടിയൊഴിപ്പിക്കപ്പെട്ടവരും ആയ ആളുകള്‍ക്ക് മുന്‍പില്‍ വാതിലുകള്‍ തുറന്നിടുക എന്ന നയത്തില്‍ നിന്നുമാണ് വ്യക്തികള്‍ എന്ന പ്രയോഗം വരുന്നത്.

കൊളോണിയല്‍ നിയമങ്ങളുടെ കടം കൊള്ളല്‍, ഗാന്ധിയന്‍ യുഗത്തിന്‍റെ തുടര്‍ച്ച എന്നീ കാര്യങ്ങളില്‍ മാത്രം ഒതുക്കാവുന്നതല്ല ഇന്ത്യന്‍ ഭരണഘടനയിലെ ജനാധിപത്യ ആശയങ്ങള്‍.  ഒന്നാം ലോക യുദ്ധത്തിന് ശേഷം രൂപപ്പെട്ട സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങളോടാണ് ഇന്ത്യന്‍ ഭരണഘടനയുടെ മതേതര ജനാധിപത്യ ആശയങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നത്.

ഭരണഘടനയുടെ ബഹുസ്വരമായ ചരിത്രം 

സ്വാതന്ത്ര്യ ലബ്ധിക്ക് മുന്‍പുള്ള മൂന്ന് പതിറ്റാണ്ട് കാലം ദേശീയ പ്രസ്ഥാനങ്ങളുടെ ബൌദ്ധിക വ്യവഹാരങ്ങൾ അപകോളനീകരണത്തിനും സാമൂഹ്യ വിപ്ലവത്തിനുമുള്ള മാർഗരേഖകൾ രൂപപ്പെടുത്തിയതില്‍ നിര്‍ണ്ണായകമായിരുന്നു എന്ന് ദേശീയതാ ആഖ്യാനത്തിന് പുറത്ത് നിന്നും വന്ന പഠനങ്ങള്‍ വിശദമാക്കി  (ഉദാഹരണത്തിന് കാണുക: Arvind Elangovan: 2014).  ജാതി-മത പരിവർത്തന പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചത് ഇക്കാലത്താണ്. ക്ഷേത്ര പ്രവേശന സമരങ്ങള്‍, പൊതുകിണറുകള്‍ ഉപയോഗിക്കുന്നതിനുള്ള ജാതി വിലക്കിനെതിരെയുള്ള സമരങ്ങള്‍ തുടങ്ങി മനുഷ്യാവകാശപരമായ നിരവധി പോരാട്ടങ്ങള്‍ ശക്തി പ്രാപിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലാണ്. തൊഴിലാളി, കര്‍ഷക പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നതും ചൂഷണ വ്യവസ്ഥിതിക്കെതിരെ നിര്‍ണയക രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നതും ഈ കാലത്താണ്. 1928ലെ നെഹ്രു റിപ്പോര്‍ട്ട് മുതല്‍ പ്രായപൂര്‍ത്തി വോട്ടവകാശം ദേശീയ പ്രസ്ഥാനത്തിന്‍റെ ഒരു പ്രധാന ആശയമായിരുന്നു. അതിനെത്തുടര്‍ന്ന് 1931ല്‍ കറാച്ചിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം, ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനങ്ങള്‍ക്കിടെ അംബേദ്കര്‍ നടത്തിയ ഇടപെടലുകള്‍, ഫൈസ്പൂര്‍ കോണ്‍ഗ്രസില്‍ നെഹ്രുവിന്‍റെ  പ്രസംഗം തുടങ്ങിയ ചരിത്ര സന്ദര്‍ഭങ്ങളില്‍ ഈ ബഹുസ്വരമായ മുന്നേറ്റങ്ങളുടെ പ്രതിഫലനം കാണാം.

ലക്ഷക്കണക്കിന് വരുന്ന ദരിദ്രരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ കൂടി മാത്രമേ രാഷ്ട്രീയ സ്വാതന്ത്ര്യം കൈവരിക്കാന്‍ സാധിക്കൂ എന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ 1931ല്‍ നടന്ന കറാച്ചി സമ്മേളനത്തില്‍ പാസാക്കിയ പ്രമേയം സ്വീകരിച്ച നിലപാട്. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്സിന്‍റെ കറാച്ചി സമ്മേളനം മുന്നോട്ട് വെച്ച അപകോളനീകരണത്തിന്‍റെ ആശയങ്ങളില്‍ ഉള്‍പ്പെടുത്തിയ ചില പ്രധാന ആവശ്യങ്ങള്‍ ഇവയാണ്: 1) മതം, വിശ്വാസം, ജാതി തുടങ്ങിയ വേര്‍തിരുവുകള്‍ ഇല്ലാതെ തുല്യമായ അവകാശങ്ങള്‍; 2) പൊതുവഴികളും, പൊതുജലാശയങ്ങളും, മറ്റ് പൊതു ഇടങ്ങളിലും പ്രവേശിക്കുവാന്‍ എല്ലാവര്‍ക്കും തുല്യ അവകാശം; 3) ഭരണകൂടം മതനിഷ്പക്ഷത പാലിക്കുക; 4) കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശവും ബാലവേലയുടെ നിയന്ത്രണവും; 5) പ്രായപൂര്‍ത്തി വോട്ടവകാശം; 6) സൌജന്യ പ്രാഥമിക വിദ്യാഭ്യാസം; 7) അന്യായ പലിശയുടെ നിയന്ത്രണം. കോണ്‍ഗ്രസ്സ് നയിച്ച ദേശീയ പ്രസ്ഥാനത്തിന്‍റെ അകത്തും പുറത്തുമുള്ള പോരാട്ടങ്ങള്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

അംബേദ്കര്‍ അധ്യക്ഷനായ ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കാന്‍ നിയമിക്കപ്പെട്ട സമിതി, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച ആയിരക്കണക്കിന് കത്തുകളും നിര്‍ദേശങ്ങളും പരിശോധിച്ചു (Shani: 2008). ഏകദേശം 2500 ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടു. കോൺഗ്രസ്സ് നയിക്കുന്ന ദേശീയ പ്രസ്ഥാനത്തിന് പുറത്ത് കർഷകരും തൊഴിലാളികളും അയച്ച കത്തുകൾ ചർച്ച ചെയ്യപ്പെട്ടു. ശക്തമായ ഒരു കേന്ദ്ര സർക്കാരും സാമൂഹ്യ വിപ്ലവവും വിഭാവനം ചെയ്തുകൊണ്ട് നെഹ്‌റു മുന്നോട്ട് വെച്ച പ്രമേയത്തെ (J. Nehru’s Resolution Regarding Aims and Objectives, 13 Dec. 1946) സഭയിലെ കമ്മ്യൂണിസ്റ്റ് അംഗം സോമനാഥ് ലാഹിരി, ‘അധികാര കേന്ദ്രീകരണത്തിന്‍റെ പദ്ധതി’ എന്നാണ് വിശേഷിപ്പിച്ചത് (Constituent Assembly Debate, 16 December 1946).  ലാഹിരിയെ കൂടാതെ അൻപതോളം അംഗങ്ങൾ നെഹ്റുവിന്‍റെ പ്രേമേയത്തിന് ഭേദഗതികൾ നിർദേശിക്കാൻ മുൻപോട്ട് വന്നു.[v] മുസ്ലീം ലീഗ് അംഗങ്ങള്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ നിയമനിർമ്മാണ സഭ രാജ്യത്തിന്‍റെ ഭാവിയെ സ്വാധീനിക്കുന്ന പ്രമേയം പാസാക്കരുത് എന്ന നിലപാടാണ് ബോംബെയില്‍ നിന്നുള്ള അംഗമായ എം.എസ് ജയ്കർ എടുത്തത്.[vi] നെഹ്‌റു അവതരിപ്പിച്ച പ്രമേയത്തിന്‍റെ നാല് മതിലുകള്‍ക്ക് പുറത്ത് പോകാൻ ആരേയും അനുവദിക്കാത്ത ഭരണഘടനാ രൂപപ്പെടുത്തലിനെ, സയ്ദ് മുഹമ്മദ് സഅദുല്ലാ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് വിമർശകർ നിയമനിർമ്മാണ സഭയ്ക്ക് ഉള്ളിൽത്തന്നെ നിശിതമായി എതിർക്കുന്നുണ്ട്.

അംബേദ്കറും നെഹ്റുവിന്‍റെ പ്രമേയത്തെ ശക്തമായി എതിർത്തു. നെഹറുവിനെ പോലെ അറിയപ്പെടുന്ന ഒരു സോഷ്യലിസ്റ്റിന് എങ്ങനെയാണ് എങ്ങും തൊടാതെയുള്ള ഒരു പ്രമേയം അവതരിപ്പിക്കാന്‍ സാധിക്കുന്നത് എന്ന് അംബേദ്കര്‍ ആശ്ചര്യപ്പെട്ടു. അസമത്വത്തിനും ചൂഷണത്തിനും പരിഹാരം നിര്‍ദേശിക്കാത്ത, സോഷ്യലിസ്റ്റ് പാതയിലുള്ള സാമ്പത്തിക നീതി ഉറപ്പ് വരുത്തുക എന്ന ആശയം മുന്‍പോട്ട് വെയ്ക്കാത്ത പ്രമേയം നിരാശാജനകമാണ് എന്നാണ് അംബേദ്കര്‍ നിരീക്ഷിച്ചത്[vii]. ഇന്ത്യൻ ഭരണഘടനയിൽ കൊളോണിയൽ കാലത്തെ അധികാര കേന്ദ്രീകരണത്തിന്റെയും ഭരണകൂട അടിച്ചമർത്തൽ നയങ്ങളുടെയും തുടർച്ചയും ഉൾപ്പെട്ടു എന്ന് ഇടതുചിന്തകർ വിമർശിച്ചു. (Hari Chand: 1975. For a liberal perspective, see Ayesha Jalal: 1995). നെഹ്രു, പട്ടേല്‍, രാജേന്ദ്ര പ്രസാദ്, മൌലാന ആസാദ് തുടങ്ങിയവരുടെ പ്രഭുത്വമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആശയസംഹിത എന്ന വിമര്‍ശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നു. കാരണം ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തെപ്പറ്റി വാചാടോപം നടത്തുമ്പോഴും സ്വകാര്യ സ്വത്തിന് നിയമപരിരക്ഷ നല്‍കുക എന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അക്കാലത്തെ പ്രധാന താത്പര്യമാണ്. ഭരണഘടനയുടെ 19 (1) വകുപ്പ് സ്വകാര്യ സ്വത്തിന്‍റെ സമ്പാദനവും ക്രയവിക്രയവും നിയമപരമാക്കുന്നു. ബൂര്‍ഷ്വ ഭരണകൂടം തയ്യാറാക്കുന്ന ഭരണഘടന ആയാണ് ആഭ്യന്തര സുരക്ഷ സംബന്ധിച്ച അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ (MISA, DIR, POTA) അനുവദിക്കുന്നത്.

അതിനുള്ള പ്രധാനപ്പെട്ട ഉദാഹരണമാണ് ഭരണഘടന രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയിരുന്ന മേല്‍ക്കൈക്കെതിരെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായിരുന്ന അംബേദ്കര്‍, ‘സ്റ്റേറ്റും ന്യൂനപക്ഷങ്ങളും’ എഴുതുന്നത്. ഭരണഘടനയുടെ ചരിത്രത്തില്‍ അടുത്ത കാലം വരെ ഇടം പിടിക്കാതെ അവഗണിക്കപ്പെട്ട നിര്‍ണായക ഇടപെടലാണ് ഈ പത്രിക [B. R. Ambedkar, States and Minorities: What are their Rights and how to Secure them in the Constitution of Free India: Memorandum on the Safeguards for the Scheduled Castes Submitted to the Constituent Assembly on behalf of the All India Scheduled Castes Federation (1947)]. ഭരണഘടനയെപ്പറ്റി അംബേദ്കറുടെ നിലപാടാണ് പുസ്തകമാക്കി പ്രസിദ്ധീകരിച്ച ഈ രൂപരേഖ. അടിസ്ഥാന അവകാശങ്ങളെപ്പറ്റി നിയമനിര്‍മ്മാണ സഭ അംഗീകരിച്ച കരടിന്‍റെ വലിയ വിമര്‍ശകരില്‍ ഒരാള്‍ അംബേദ്കര്‍ ആയിരുന്നു. കാരണം മനുഷ്യാവകാശത്തെ പറ്റിയുള്ള വാചാടോപം മാത്രമല്ല, അവ നടപ്പാക്കുന്നതിനുള്ള മാര്‍ഗം കൂടി വകുപ്പുകളോടൊപ്പം ഉള്‍പ്പെടുത്തണം എന്ന പക്ഷക്കാരനായിരുന്നു അംബേദ്കര്‍. സാമ്പത്തികമായ നീതി ഉറപ്പ് വരുത്തുന്നതിനുള്ള Directive Principles of State Policy ഭരണഘടനയുടെ ഭാഗമാക്കുന്നതിലും അംബേദ്കര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. അസമത്വം നടമാടുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനേയും അംബേദ്കര്‍ എതിര്‍ത്തു. ഭരണഘടനാ തത്വങ്ങളെ പറ്റിയുള്ള ചര്‍ച്ചകളുടെ ഓരോ ഘട്ടത്തിലും അംബേദ്കര്‍ എന്ന പണ്ഡിതനും രാഷ്ട്രീയ നേതാവും ഇടപെടലുകള്‍ നടത്തിയിരുന്നു. അതോടൊപ്പം അന്തര്‍ദേശീയതലത്തില്‍ മനുഷ്യാവകാശങ്ങളെ പറ്റി നടന്ന ചര്‍ച്ചകള്‍ ഇന്ത്യന്‍ ഭരണഘടനാ രൂപീകരണത്തിന്‍റെ ഭാഗമാക്കാന്‍ ശ്രമിച്ചവരില്‍ പ്രധാനി അംബേദ്കര്‍ ആയിരുന്നു.

ഇത്തരത്തില്‍ നിയമനിര്‍മ്മാണ സഭയ്ക്ക് അകത്തും പുറത്തും നടന്ന നിരവധി ആശയപരമായ ഇടപെടലുകള്‍ ഒരു സ്വതന്ത്ര ദേശത്തേയും അതിന്‍റെ ഭരണഘടനയേയും വിഭാവനം ചെയ്യുന്നതില്‍ വലിയ പങ്കാണ് വഹിച്ചത് (Aditya Nigam: 2004). എന്നാല്‍, ബഹുസ്വരമായ ഭരണഘടനയുടെ ചരിത്രം കോണ്‍ഗ്രസ്സ് നയിച്ച കോളനി വിരുദ്ധ സമര ചരിത്രത്തിലെ ഒരു അധ്യായം മാത്രമായി മിക്കപ്പോഴും അവതരിപ്പിക്കപ്പെട്ടു (ഉദാഹരണത്തിന് കാണുക: The Evolution of the Constitution and Main Provisions in Bipan Chandra et. al., ed. 2000. India Since Independence (Delhi: Penguin Books, pp. 38-60). അതുകൊണ്ട് തന്നെ ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഭരണഘടനയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ചരിത്രഗവേഷകരില്‍ നിന്ന് ലഭിച്ചിട്ടില്ല (Pratap Bhanu Mehta: 2010).

ഭരണഘടനയെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്നതില്‍ ഏറ്റവും ശ്രദ്ധ നേടിയതാണ് ഗ്രാന്‍വില്‍ ഓസ്റ്റിന്‍റെ The Indian Constitution: Cornerstone of a Nation (1966) എന്ന പഠനം. സ്വാതന്ത്ര്യലബ്ദിക്ക് ഒന്നര പതിറ്റാണ്ടിനുള്ളില്‍ പ്രസിദ്ധീകരിച്ച ഓസ്റ്റിന്‍റെ ഈ പഠനത്തെ ഇന്ത്യന്‍ ഭരണഘടനയുടെ ഒരു സ്തുതിഗീതം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. പുസ്തകത്തിന്‍റെ തലവാചകം സൂചിപ്പിക്കുന്നത് പോലെ ‘ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടിസ്ഥാനശില’ എന്ന വിശേഷണമാണ് ഓസ്റ്റിന്‍ ഭരണഘടനയ്ക്ക് നല്കിയത്. നയപരിപാടികളില്‍ ജനാധിപത്യ രീതിയിലുള്ള പൊതുനിലപാട് രൂപപ്പെടുത്തുക, വ്യത്യസ്ത ആശയങ്ങളെ ഉള്‍ക്കൊള്ളുക തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ യഥാര്‍ത്ഥ പാര്‍ലമെന്‍ററി ജനാധിപത്യം ഉറപ്പു വരുത്തുമെന്നാണ് ഓസ്റ്റിന്‍ എടുത്ത നിലപാട്. ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടുന്ന കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിനാണ്  പാര്‍ലമെന്‍ററി ജനാധിപത്യം സാധ്യമാകുന്ന ഭരണഘടന രൂപപ്പെടുത്തിയതിനുള്ള ബഹുമതി ഓസ്റ്റിന്‍ നല്‍കുന്നത്. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒരുമിച്ച് ചേര്‍ന്ന്, കോണ്‍ഗ്രസ്സ് നയിച്ച ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഒരേ സ്വരത്തില്‍ വിഭാവനം ചെയ്ത സാമൂഹ്യ വിപ്ലവമായാണ് ഓസ്റ്റിന്‍ ഇന്ത്യന്‍ ഭരണഘടനയെ വിശേഷിപ്പിക്കുന്നത്. ‘വിശുദ്ധ ഓസ്റ്റിന്‍ എഴുതിയ സുവിശേഷം’ എന്നാണ് പ്രശസ്ത നിയമവിദഗ്ധന്‍ ഉപേന്ദ്ര ബക്ഷി ഈ പഠനത്തെ വിശേഷിപ്പിച്ചത് (Upendra Baxi: 2001). കാരണം, ഭരണഘടനയുടെ നിര്‍മ്മാണമല്ല, അതിലെ ആശയങ്ങളെ സമൂഹം ഉള്‍ക്കൊള്ളുന്ന വിവിധങ്ങളായ രീതികളാണ് സാമൂഹ്യ ശാസ്ത്ര ഗവേഷകരുടെ പഠന വിഷയം. വിരലിലെണ്ണാന്‍ സാധിക്കുന്ന സാമൂഹ്യ ശാസ്ത്ര ഗവേഷണങ്ങള്‍ മാറ്റി നിറുത്തിയാല്‍ ആദ്യ നാല് പതിറ്റാണ്ടുകളില്‍ നടന്ന ഭരണഘടനാ പഠനങ്ങള്‍ സമൂഹ ചരിത്രം ഒരു പ്രധാന ഘടകമായി പരിഗണിച്ചിട്ടില്ല. 

മുഖ്യധാരാ ചരിത്ര രചനാരീതിയില്‍ നിന്ന് മാറി ഭരണഘടനയുടെ സാമൂഹ്യ ചരിത്രം എഴുതാനുള്ള ശ്രമങ്ങള്‍ 1990-കള്‍ മുതലാണ് പ്രാധാന്യം നേടിത്തുടങ്ങിയത്. മണ്ഡല്‍ സമരങ്ങള്‍ക്ക് ശേഷം ഉണര്‍വ് കൈവരിച്ച അംബേദ്കര്‍ വായനകള്‍ ഭരണഘടനയുടേയും നിയമനിര്‍മ്മാണ സഭയുടേയും ബഹുസ്വരതയെ പറ്റി പഠിക്കുവാന്‍ ചരിത്ര-രാഷ്ട്രീയ ഗവേഷകരെ പ്രേരിപ്പിച്ചു. ഇതേ കാലത്ത് തന്നെയാണ് Armed Forces (Special Power) Act 1958-നെ ഭരണഘടനാ വിരുദ്ധമെന്ന് നാഗാ ജനകീയ പ്രസ്ഥാനം വിളിക്കുന്നതും അതുപോലുള്ള മറ്റ് നിരവധി മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നതും. കോണ്‍ഗ്രസ്സ് ദേശീയ നേതാക്കള്‍ക്ക് മാത്രം സ്ഥാനമുണ്ടായിരുന്ന ഭരണഘടനയുടെ ചരിത്രത്തില്‍ കര്‍ഷകര്‍, ഫാക്ടറി തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങിയ സാമൂഹ്യ വിഭാഗങ്ങള്‍ ഇടം പിടിച്ചു തുടങ്ങി (Shefali Jha: 2003; Nivedita Menon: 2004; Kalpana Kannabiran: 2016). Zoya Hasan ഉള്‍പ്പെടുന്ന പണ്ഡിതര്‍ എഡിറ്റ് ചെയ്ത India’s Living Constitution (New Delhi: Permanent Black 2002) എടുത്തു പറയേണ്ട ഒരു സംഭാവനയാണ് (Also see Rohit De: 2018, Aakash Singh Rathore: 2020; Upendra Baxi 1995; Madhav Khosla: 2012; Anupama Roy: 2016).

മനുവാദവുമായുള്ള ഒത്തുതീര്‍പ്പുകളും പുറത്താക്കപ്പെട്ട പൌരത്വവും

ബ്രാഹ്മിണിക്കല്‍ ദേശ സങ്കല്‍പ്പം വലിയ തോതില്‍ ജനകീയ അടിത്തറ നേടുന്നതാണ് എണ്‍പതുകള്‍ മുതലുള്ള ഒരു പ്രധാന രാഷ്ട്രീയ മാറ്റം. ജനാധിപത്യ രീതിയിലുള്ള പൌരത്വം വെല്ലുവിളി നേരിടുന്ന രീതിയില്‍ ഭരണഘടനയെ മാറ്റി തീര്‍ക്കുന്നതില്‍  ബ്രാഹ്മിണിക്കല്‍ അധീശത്വത്തിലുള്ള ഭരണകൂടം എത്തി നില്‍ക്കുന്നു.  ഭരണഘടന എഴുതിയ കാലവും ആളുകളും ഹിന്ദുത്വ വാദികളുടെ അവമതിപ്പിന് വിധേയമായി കൊണ്ടിരിക്കുന്നു.   മതസൌഹാര്‍ദം, തൊട്ടുകൂടായ്മയുടെ നിരോധനം (Article 17), മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണം (Articles 29-30), പിന്നോക്ക ജാതിയിലുള്ളവര്‍ക്ക് നല്‍കേണ്ട സംവരണം തുടങ്ങിയ ആശയങ്ങള്‍ ഭരണഘടന രൂപപ്പെടുത്തിയ കാലം മുതല്‍ ഹിന്ദു വര്‍ഗീയവാദികളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നു. പൌരത്വത്തെ നിര്‍ണയിക്കുമ്പോള്‍ ഒരു മതത്തിനും പ്രത്യേക പരിഗണന നല്‍കേണ്ടതില്ല എന്ന ആശയത്തിനാണ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ പിന്തുണ ലഭിച്ചത്. എന്നാല്‍ ബ്രാഹ്മണ്യത്തിന് പുറത്തുള്ളവര്‍ക്ക് രാഷ്ട്രീയമോ സാമൂഹികമോ ആയ തുല്യതയില്ലാത്ത സമൂഹമായിത്തന്നെ രാജ്യം മുന്‍പോട്ട് പോയി.

പിന്നോക്ക ജാതിയിലുള്ളവരെ ഉള്‍ക്കൊള്ളാതെ ദേശീയതയും സ്വാതന്ത്ര്യവും സംസാരിക്കുന്ന പൊതു സമൂഹമാണ് ഇന്ത്യയില്‍ രൂപപ്പെട്ടതെന്ന് ഗോപാല്‍ ഗുരു ചൂണ്ടിക്കാണിക്കുന്നുണ്ട് (Gopal Guru: 2002). ബ്രാഹ്മണ്യ അധീശത്വം ചോദ്യം ചെയ്യാതെയാണ് മത സ്വാതന്ത്ര്യവും വിഭാവനം ചെയ്യപ്പെട്ടത്. അതുപോലെ തന്നെ പൌരത്വവും. ഇതിലെ വൈരുധ്യം ഗാന്ധി ഉള്‍പ്പെടുന്ന ദേശീയ നേതാക്കള്‍ തമസ്ക്കരിക്കുകയാണ് ചെയ്തത്. ദളിതര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവസരം നല്‍കുന്നതിനോട് എതിര്‍പ്പുകളും ഉയര്‍ന്ന് വന്നിരുന്നു (Guru: 2002, 263). ശുപാര്‍ശകളല്ല, അവകാശങ്ങളാണ് ദളിതര്‍ക്ക് ആവശ്യമെന്ന നിലപാടാണ് അംബേദ്കര്‍ സ്വീകരിച്ചത്. രാഷ്ട്രീയമായ തുല്യത ഭരണഘടനാ തത്വമാക്കുന്നതില്‍ അംബേദ്കര്‍ വിജയിക്കുകയും ചെയ്തു. കൊളോണിയല്‍ ഭരണത്തിലെ അവസാന ഇരുപത് വര്‍ഷങ്ങളിലെ ജനകീയ മുന്നേറ്റങ്ങളാണ് ഈ നിലപാടിന് ശക്തി പകര്‍ന്നത്. വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന സാമൂഹ്യ ഉടമ്പടിയാണ് അംബേദ്കര്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി സാധ്യമാക്കിയത്. അതേസമയം, ബ്രാഹ്മണ്യത്തിന് കീഴിലുള്ള ഹിന്ദു മതബോധം പൊതുജീവിതത്തിലെ ജാതിബോധം ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. നിയമനിര്‍മ്മാണ സഭയുടെ ഉപസംഹാര സമ്മേളനത്തില്‍ അംബേദ്കര്‍ ഈ വൈരുദ്ധ്യത്തെ പറ്റിയുള്ള ആശങ്ക പങ്ക് വെയ്ക്കുന്നുണ്ട്:

1950 ജനുവരി 26ന് നാം വൈരുധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ഒരാൾക്ക് ഒരു വോട്ടെന്നും ഒരു വോട്ടിനു ഒരു മൂല്യം എന്നുമുള്ള പ്രമാണം അനുസരിച്ചാവും നമ്മുടെ രാഷ്ട്രീയം. എന്നാൽ നമ്മുടെ സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ, നമ്മുടെ സാമൂഹിക സാമ്പത്തിക സമ്പ്രദായം നിമിത്തം ഓരോ വ്യക്തിക്കും ഒരേ മൂല്യം എന്ന ആശയം നാം അവഗണിച്ച് കൊണ്ടേയിരിക്കും. എത്രനാൾ നാം ഈ വൈരുധ്യം തുടരും? നമ്മുടെ സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ എത്ര നാളാണ് നാം സമത്വം നിഷേധിക്കുക? ഇത് നാം നിഷേധിക്കൽ തുടർന്നാൽ നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തിന്‍റെ പതനമാവും ഉണ്ടാവുക. ഈ വൈരുധ്യം എത്രയും വേഗം നാം അവസാനിപ്പിച്ചില്ലെങ്കിൽ ഈ അസംബ്ലി ഇത്രയും ശ്രമകരമായി നിർമ്മിച്ചെടുത്ത ഈ രാഷ്ട്രീയ ജനാധിപത്യത്തിന്‍റെ അടിത്തറ തന്നെ അര്‍ഥശൂന്യമാകും  (As quoated in B. Shiva Rao: 1968, 944-45)

ഇന്ത്യൻ അപകോളനീകരണത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പ്രക്രിയയാണ് ഭരണഘടന തയ്യാറാക്കലും തുടർന്നുള്ള ഭരണഘടനയുടെ രാഷ്ട്രീയ-സാമൂഹ്യ ജീവിതവും. എന്നാൽ, പൊതുവായ ചരിത്ര വിവരണത്തിലേക്ക് ഭരണഘടന ഒതുക്കപ്പെടുകയാണ് ദേശീയതയെ പ്രതിയുള്ള ബ്രഹത്തായ ആഖ്യാനങ്ങളില്‍ സംഭവിക്കുന്നത്.  ഭരണഘടനയെ, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും അനുഭവിച്ചതെങ്ങനെ എന്ന അനുഭവത്തിന്‍റെ ചരിത്രം ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു. വ്യക്തികളും സമൂഹങ്ങളും ഓരോ കാലത്തിലും ദേശത്തിലും നീതി, തുല്യത, പൗരത്വം തുടങ്ങിയ വാഗ്ദാനങ്ങളെ അനുഭവിച്ചതും ഇടപെടലുകൾ നടത്തുകയും ചെയ്തതെങ്ങനെ എന്ന ചരിത്ര അന്വേഷണമാണ് രോഹിത് ഡേയുടെ A People’s Constitution (2018). ഇത്തരത്തില്‍ വളരെ ആഴമുള്ള പഠനങ്ങള്‍ ചരിത്ര ഗവേഷകരുടെ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്.

തീവ്ര ദേശീയതയുടെ കാലത്തെ ചരിത്ര വീക്ഷണങ്ങള്‍

തൊണ്ണൂറുകള്‍ മുതലാണ് എണ്ണമറ്റ അതിജീവന സമരങ്ങള്‍ ഇന്ത്യൻ ഭരണഘടനയെ പൊതുജീവിതത്തിലേക്ക് വീണ്ടെടുക്കുന്നത്. വൻതോതിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ, നീതി നടപ്പാക്കലായി ഇന്ത്യൻ ഭരണവർഗം വിലയിരുത്തുമ്പോള്‍, ഭരിക്കപ്പെടുന്നവരുടെ അവസാന ആശ്രയമാണ് ഭരണഘടന (Development as Justice, see Baxi: 2002). എന്നാല്‍ അതിജീവന സമരങ്ങളെ ആഭ്യന്തര സുരക്ഷ, കലാപം തുടങ്ങിയ പേരുകളില്‍ അടിച്ചര്‍മത്തുമ്പോള്‍ ഭരണഘടനാ ചരിത്രവും പുതിയ അര്‍ഥങ്ങള്‍ തേടേണ്ടിയിരിക്കുന്നു. പൌരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അതിജീവന സമരങ്ങളിലാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൂല്യങ്ങൾ ഇന്നത്തെ  സാഹചര്യത്തിൽ പുനര്‍നിര്‍വചിക്കപ്പെടുന്നത്. വൻകിട വികസന പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങൾ അടിച്ചമർത്തുന്നത്, കൂട്ടായ നീതി നടപ്പാക്കലായാണ് ഭരണവർഗം ന്യായീകരിക്കുന്നത്.

നവലിബറൽ കാലത്തെ രാഷ്ട്രീയ സാമൂഹിക പരിണാമങ്ങളെ ജാനാധിപത്യാനന്തര (post-democracy) ലോകമെന്ന് വിശേഷിപ്പിക്കാൻ സാധിക്കും. കാരണം വിപണി മൂല്യത്തിന്‍റെ യുക്തി സാമൂഹ്യബന്ധങ്ങളെ മാറ്റിമറിക്കുമ്പോൾ പൗരാവകാശം, തുല്യത, ന്യൂനപക്ഷ അവകാശങ്ങൾ, മത സ്വാതന്ത്ര്യം, നീതി തുടങ്ങിയ ഭരണഘടന ഉറപ്പ് നല്‍കിയിരുന്ന മൂല്യങ്ങൾ മുന്‍പില്ലാത്ത വിധം വെല്ലുവിളി നേരിടുന്നു. ആഗോള മൂലധനത്തിന്‍റെ വ്യാപനം ഉറപ്പ് വരുത്തുക എന്നത് ഭരണകൂടത്തിന്‍റെ പ്രധാന ചുമതലയാണ്. ഭരണഘടന ഉറപ്പ് തരുന്ന പൗരാവകാശങ്ങൾക്ക്‌ മുകളിലാണ് ആഗോള മൂലധനത്തോടുള്ള ഭരണവർഗത്തിന്‍റെ ഉത്തരവാദിത്തം. ഭരണഘടനയുടെ ആമുഖം പൊതുസ്ഥലങ്ങളില്‍ ഒത്തുചേര്‍ന്ന് വായിക്കുക എന്നത് തന്നെ എതിര്‍പ്പ് നേരിടുന്ന രാഷ്ട്രീയ പ്രവര്‍ത്തനമായി മാറിയിരിക്കുകയാണ്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ആശയങ്ങള്‍ക്ക് പകരം വർഗീയതയും ഏകമാന ദേശീയതയും, ഏകത്വത്തെപ്പറ്റിയുള്ള വികലമായ സങ്കൽപ്പങ്ങളും വികസനമെന്ന വാചാടോപവുമാണ് സമൂഹരൂപീകരണത്തെ ഇന്ന് നിയന്ത്രിക്കുന്നത്. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിൽ നടക്കുന്നത് ഭരണഘടന വാഗ്ദാനം ചെയ്ത മൂല്യങ്ങൾക്ക് നേർവിപരീതമായ കാര്യങ്ങളാണ്. ഭൂരഹിതരായ കർഷകരുടെ എണ്ണം ദ്രുതഗതിയിൽ കൂടുന്നു. ശുദ്ധജലം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ കുത്തകകൾ കൈവശപ്പെടുത്തുന്നു. ഖനികൾ ആദിവാസി സമൂഹങ്ങളെ ഛിന്നഭിന്നമാക്കുന്നു. ചെറുകിട ഉത്പാദകർക്ക് അവരുടെ ജീവിതമാർഗം ഇല്ലാതാകുന്നു. അടിമത്ത വ്യവസ്ഥ പല രൂപത്തിൽ ശക്തി പ്രാപിക്കുന്നു. ഭരണഘടനയുടെ പൊതുജീവിതം ഉറപ്പ് വരുത്തേണ്ട ഭരണകൂടങ്ങൾ അതിനെ ഒരു തടസ്സമായി കണ്ടുതുടങ്ങിയിരിക്കുകയാണ്. ലോക വ്യാപാര സംഘടനയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യൻ കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളെ തകർത്തു കൊണ്ടിരിക്കുന്നു. കർഷകരും കര്‍ഷകത്തൊഴിലാളികളും കൂട്ടത്തോടെ നഗരങ്ങളിലേക്കും കേരളം പോലുള്ള നഗരവത്കൃത ദേശങ്ങളിലേക്കും കുടിയേറുകയാണ്. കേരളത്തിൽ അനുദിനം കൂടി വരുന്ന മറുനാടൻ തൊഴിലാളികളുടെ ജീവിതവും ഇത്തരത്തിൽ ജീവിതമാർഗം ഇല്ലാതായ കർഷക തൊഴിലാളികളുടേതാണ്.

ജനങ്ങൾക്ക് വേണ്ടി ഭരണകൂടം നിയന്ത്രിച്ചിരുന്ന ഭൂമി, വനം, ജലസ്രോതസ്സുകൾ തുടങ്ങിയ പൊതുസമ്പത്തുകൾ സ്വകാര്യവത്ക്കരിക്കപ്പെടുമ്പോൾ ഇല്ലാതാകുന്നത് കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശമാണ്. അതിക്രൂരമായ രീതിയിൽ സമരങ്ങളെ അടിച്ചമർത്തുന്നത് രാജ്യത്തോടുള്ള കൂട്ടായ നീതി നടപ്പാക്കലാണ് എന്ന വാദമാണ് ഭരണവര്‍ഗം നല്‍കുന്നത്. കോളനിഭരണ കാലം പോലെ തീവ്രമായ ചൂഷണ വ്യവസ്ഥിതിയിലേക്ക് സമൂഹം പരിണമിക്കുമ്പോഴാണ് അപകോളനീകരണവും സാമൂഹ്യ വിപ്ലവവും പ്രധാന തത്വങ്ങൾ ആയിട്ടുള്ള ഭരണഘടന പ്രധാനമാകുന്നത്. അതോടൊപ്പം കൊളോണിയൽ കാലത്തെ നിർദ്ദയമായ സുരക്ഷാ നിയമങ്ങളുടെ തുടർച്ചയും അതിന്‍റെ ദുരുപയോഗങ്ങളും അപകോളനീകരണത്തിന് തടസ്സമാകുന്നത് എങ്ങനെ എന്ന അന്വേഷണവും ചരിത്ര ഗവേഷണത്തിന്‍റെ ഭാഗമാകേണ്ടതുണ്ട്. ഉദാഹരണത്തിന്, കലാപങ്ങളെ അമർച്ച ചെയ്യുന്നതിന് ഭരണകൂടത്തിനുള്ള അധികാരം വിപുലപ്പെടുത്തുന്ന ഭരണഘടനയുടെ അൻപത്തി ഒൻപതാം ഭേദഗതിയും  അത് നടപ്പാക്കിയ ചരിത്രവും സൂക്ഷമായി വിശകലനം ചെയ്യപ്പെടേണ്ടതാണ്.

പൌരവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ടാണ് നവലിബറല്‍ കാലത്തെ ഭരണകൂടങ്ങള്‍ രൂപപ്പെടുന്നത് എന്നാണ് ആഗോളതലത്തില്‍ നടക്കുന്ന വലതുപക്ഷ ഏകാധിപത്യ ഭരണകൂടങ്ങളുടെ മുന്നേറ്റങ്ങള്‍ നല്‍കുന്ന അനുഭവം. ഇന്ത്യയിലെ നിലവിലുള്ള ഭരണപക്ഷവും,  അമേരിക്കന്‍ ഐക്യനാടുകളിലെ ട്രംപ് ഭരണകൂടവും, ബ്രിട്ടനിലെ യുകെ സ്വതന്ത്ര പാര്‍ട്ടിയും, ഫ്രാന്‍സിലെ ദേശീയ മുന്നണിയും ജര്‍മ്മനിയിലെ ഓള്‍റ്റെര്‍നെറ്റിവ് ഫോര്‍ ജര്‍മനിയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയും  തുടങ്ങി അറബ് വസന്തത്തിന്‍റെ അടിച്ചമര്‍ത്തലുകള്‍ വരെ ജനാധിപത്യാനന്തര കാലത്തേക്ക് സമൂഹവും രാഷ്ട്രങ്ങളും മാറുന്നതിനുള്ള തെളിവുകളാണ്. നവലിബറലിസം സാമ്പത്തിക നയങ്ങളിലെ മാറ്റം എന്നതിനപ്പുറം സാമൂഹ്യ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത് (ഹാർവേ, 2006). വികസനം വാഗ്ദാനം ചെയ്തു കൊണ്ടാണ് പൌരവകാശങ്ങളെ ഇല്ലാതാക്കുന്നതും എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതും. കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുമ്പോള്‍ ഭരണകൂടം പകരം വാഗ്ദാനം ചെയ്യുന്നത് വികസനമാണ്. നവലിബറല്‍ കാലത്ത് ചുറ്റുമുള്ളതെല്ലാം വിപണി മൂല്യത്തിന്‍റെ യുക്തിയില്‍ കാണുന്നത് ഒരു സ്വാഭാവിക പ്രക്രിയ ആയിരിക്കുകയാണ്. ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ ജനാധിപത്യാനന്തര കാലത്താണ് (പോസ്റ്റ്-ഡെമോക്രസി) അവകാശങ്ങളെപ്പറ്റി സംസാരിക്കാൻ കൂടി അവകാശം നേടിയെടുക്കേണ്ട സ്ഥിതിയിലേക്ക് സമൂഹം എത്തിചേർന്നിരിക്കുന്നത്. ഏകാധിപത്യ-നവലിബറൽ  കാലത്ത് വിമർശിക്കാനുള്ള, പ്രതിരോധിക്കാനുള്ള സാമൂഹ്യരേഖയായി ഭരണഘടനയും ഭരണഘടനാ നിർമ്മാണ പ്രക്രിയയും കാണുകയെന്നതാണ് ചരിത്ര ഗവേഷകർ ചെയ്യേണ്ടത്.  


[i] Report on Indian Constitutional Reform, 1918 observed that “[t]he welfare and happiness of hundreds of millions of people are in issue. We have been called upon to revise a system of government, which has been constructed by builders who like ourselves had no models before them, during a century and a half of steadfast purpose and honourable aim; a system which has won the admiration of critical observers from many lands; and to which other nations that found themselves called upon to undertake a similar task of restoring order and good government in disturbed countries have always turned for inspiration and guidance. England may be proud of her record in India. She should have even greater reason for pride in it in future. Because the work already done has called forth in India a new life”. Report on Indian Constitutional Reform (Calcutta: Supdt. Govt Printing, Govt. of Calcutta, 1918), p. iii.  

[ii] പൊതുവിലുള്ള ചരിത്ര വീക്ഷണം ഭരണഘടനാ തത്വങ്ങളുടെ രൂപപ്പെടൽ കൊളോണിയൽ ഭരണകാലത്തെ നിയമ നിർമ്മാണ ചരിത്രവുമായി ചേർത്ത് ചുരുക്കി വായിക്കുകയാണ് ചെയ്യുന്നത്. (ഉദാഹരണത്തിന് കാണുക: A. B. Keith: 1969; M. V. Pylee: 1967) (പ്രധാനമായും the Indian Council Act of 1861, the Minto-Morley Reform of 1909, the Montagu-Chelmsford Reform of 1919, the Government of India Act of 1935). 1919ലെ Government of India Act നടപ്പാക്കിയ dyarchyയും 1935ലെ Government of India Act രൂപം നല്കിയ പൊതു തിരഞ്ഞെടുപ്പ് സംവിധാനങ്ങളും ഭരണഘടനാ ചരിത്രത്തിലെ പ്രധാന സന്ദര്‍ഭങ്ങളായാണ് ഒരു വിഭാഗം ചരിത്ര ഗവേഷകര്‍ വിലയിരുത്തുന്നു.

[iii] Nehru’s Resolution reads: “(8) this ancient land attains its rightful and honoured place in the world and make its full and willing contribution to the promotion of world peace and the welfare of mankind.” As reprinted in Constituent Assembly /debates, Official Report, Book 1 (New Delhi: Lok Sabha Secretariat).

[iv] Vasant Moon, Dr. Babasaheb Ambedkar: Writings and Speeches, vol. 13 (Bombay: Govt. of Maharashtra, 1994), p. 1216.

[v] നിയമനിർമ്മാണ സഭയുടെ ആദ്യ സമ്മേളന ദിവസം നെഹ്റുവിന്റെ പ്രസംഗത്തിന് ശേഷം സഭ അധ്യക്ഷൻ പറയുന്നതിങ്ങനെയാണ്: “The Resolution has been moved and seconded. I have received notice of a large number of amendments. I think I have got more than 40 amendments already before me and therefore I do not think it necessary to give any more time for giving notice of more amendments”. Constituent Assembly /debates, Official Report, Book 1 (New Delhi: Lok Sabha Secretariat), p. 63. [Alternatively see: https://indiankanoon.org/doc/548244/]

[vi] Vasant Moon, Dr. Babasaheb Ambedkar: Writings and Speeches, vol. 13 (Bombay: Govt. of Maharashtra, 1994), pp. 6-7.

[vii] Ibid., pp. 8-9.

പുസ്തക സൂചിക

Aakash Singh Rathore. 2020. Ambedkar’s Preamble: A Secret History of the Constitution of India (Gurgaon: Penguin Books)

Aditya Nigam, “A Text without Author: Locating Constituent Assembly as Event”, EPW 49, no. 21 (22-28 May, 2004), pp. 2107-2113.

Aditya Nigam, “A Text without Author: Locating Constituent Assembly as Event”, EPW 49, no. 21 (22-28 May, 2004), pp. 2107-2113.   

Anupama Roy. 2016. Citizenship in India (New Delhi: OUP).

Arvind Elangovan, “The Making of the Indian Constitution: A Case for a Non-Nationalist Approach”, History Compass 12, no. 1 (2014), pp. 1-10.

Ayesha Jalal. 1995. Democracy and Authoritarianism in South Asia: A Comparative and Historical Perspective (Cambridge: CUP).  

B. Keith. 1969. A Constitutional History of India, 1600-1935 (London: Methuen and Co.,).

B. R. Ambedkar, States and Minorities: What are their Rights and how to Secure them in the Constitution of Free India: Memorandum on the Safeguards for the Scheduled Castes Submitted to the Constituent Assembly on behalf of the All India Scheduled Castes Federation (Published: 1947)

B. Shiva Rao: 1968, The Framing of India’s Constitution: Select Documents, Vol. IV (New Delhi: Indian Institute of Public Administration).

Hari Chand, “Class Character of the Indian Constitution”, Social Scientist 3, no. 8 (Mar. 1975), pp. 54-62.

Jawaharlal Nehru. 1942. The Unity of India: Collected Writings, 1937-1940 (New York: The John Day Company, 1942.

Kalpana Kannabiran, “Human Rights and Adivasis/Tribes in Contemporary India”, 51, no. 44-45, (05 Nov. 2016).

M. V Pylee. 1967. Constitutional History of India, 1600-1950 (Bombay: N. M. Tripathi).

Madhav Khosla, The Indian Constitution (New Delhi: OUP, 2012).

Madhav Khosla, India’s Founding Moment: The Constitution of a Most Surprising Democracy (Cambridge: Harvard University Press, 2020).

Mithi Mukherjee. 2010.  India in the Shadows of Empire: A Legal and Political History, 1774-1950 (New Delhi: OUP).

Nivedita Menon, “Citizenship and the Passive Revolution: Interpreting the First Amendment”, Economic and Political Weekly 39, no. 18 (May 1-7, 2004), pp. 1812-1819.

Ornit Shani. 2008. How India Became Democratic: Citizenship and the Making of Universal Franchise (Cambridge: Cambridge University Press).

P. B. Mehta. 2002. “The Inner Conflict of Constitutionalism” in Zoya Hasan (ed.) India’s Living Constitution (New Delhi: Permanent Black).

Partha Chatterjee. 1993. The Nation and its fragments: colonial and postcolonial histories (Princeton: Princeton University Press).

Reginald Coupland. 1944. The Indian Problem: Report on the Constitutional Problems in India (New York: OUP, 1944).

Report on Indian Constitutional Reform, 1918 (Calcutta: Supdt. Govt Printing, Govt. of Calcutta, 1918)

Rohit De. 2018. A People’s Constitution: The Everyday Life of Law in the Indian Republic (Princeton: Princeton University Press)

Shefali Jha, “Rights versus Representation: Defending Minority Interests in the Constituent Assembly”, Economic and Political Weekly 38, no. 16 (Apr. 19-25, 2003), pp. 1579-1583.

Stephen Legg, “Constitutionalism and the Evolution of Democracy in India”, Comparative Studies of South Asia, Africa, and the Middle East 36, no. 1 (2017), 42-43. 

Stephen Legg, “Dyarchy: Democracy, Autocracy, and the Scalar Sovereignty of Interwar India”, Comparative Studies of South Asia, Africa, and the Middle East 36, no. 1 (2017), 44-65.

Subhash C Kashyap. 2010. Indian Constitution: Conflicts and Controversies (New Delhi: Vitasta Publishing Pvt. Ltd.)

Upendra Baxi, “Emancipation as Justice: Legacy of Babasaheb Ambedkar” in Upendra Baxi and Bhikhu Parekh (eds.). 1995. Crisis and Change in Contemporary India (New Delhi: Sage).

Upendra Baxi, “The (Im)possibility of Constitutional Justice: Seismographic Notes on Indian Constitutionalism”, in Zoya Hasan, E. Sridharan and R. Sudarshan, ed., 2002. India’s Living Constitution (New Delhi: Permanent Black), pp. 31-63.

Upendra Baxi, Saint Granville’s Gospel: Reflections, Economic and Political Weekly 36, no. 11 (Mar. 17-23, 2001), pp. 921-923+925-930.

Comments

comments