1993 ല്‍ ഇറങ്ങി ഏറെ ഹിറ്റായ മണിച്ചിത്രത്താഴ് എന്ന സിനിമ ഗംഗയെന്ന കേരളീയ യുവതിയെ നാഗവല്ലി എന്ന തമിഴ് യുവതിയുടെ പ്രേതം ബാധിക്കുന്ന കഥയാണ്. പ്രേതബാധയേല്‍ക്കുമ്പോള്‍ ഗംഗ നാഗവല്ലിയായി മാറുകയും അക്രമങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയില്‍ അപര വ്യക്തിത്വം കൂടിക്കലരുന്ന അവസ്ഥയില്‍ നിന്ന് ഗംഗയെ ഡോ. സണ്ണി മോചിപ്പിക്കുന്ന കഥ പറയുന്നത് ഒരു വ്യക്തി എപ്പോഴും അപരത്വമുള്ളവളാ/നാകാതെ തനതായ വ്യക്തിത്വം ഉള്ളവള്‍ ആയിരിക്കണം എന്നാണ്. അപരത്വത്തിന്‍റെ സാന്നിധ്യത്തെ നിഷേധിക്കുന്നതിലൂടെയാണ് തന്റേതായ സ്വത്വം ഒരാള്‍ക്ക് ഉണ്ടാകുന്നതെന്നും അപരയെ/നെ നിരന്തരം നിശ്ചയിക്കുകയും പുറന്തള്ളുകയും ചെയ്യുന്ന പ്രക്രിയ നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു. ഗംഗയെ ബാധിക്കുന്ന അപരയായ നാഗവല്ലി തമിഴ് സംസ്കാരമാണ്. അതില്‍നിന്ന്‍ അവളെ മോചിപ്പിച്ചാണ് തനതായ കേരളീയ പെണ്ണായി മാറ്റുന്നത്. കേവലമായി ഒരു വ്യക്തിയെ ബാധിച്ച രോഗത്തില്‍നിന്ന് അവളെ മോചിപ്പിക്കുന്നതല്ല സിനിമ പറയുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു, മറിച്ച് തനതായ കേരളീയ സംസ്കാരത്തെക്കൂടി നിര്‍വചിക്കുകയായിരുന്നു എന്നാണ്. ഓരോ സമൂഹത്തിനും തനതായ ചില വഴക്കങ്ങളും ശീലങ്ങളുമുണ്ടെന്നും അവ മറ്റ് സംസ്കാരങ്ങളുമായി കൂടിക്കുഴയാതെ ഇരിക്കണമെന്നുമുള്ള പൊതുബോധം മിക്ക സാമൂഹിക ചിന്തകളിലും കാണാം. ജനപ്രിയമായി ഇത്തരം ആശയങ്ങള്‍ കലയും സാഹിത്യവും പങ്കുവയ്ക്കാറുണ്ടുതാനും. കലര്‍പ്പില്ലാത്ത, തനതായ സംസ്കാരവാദക്കാര്‍ എപ്പോഴും അപരസംസ്കാരങ്ങളെ നിര്‍വചിക്കുകയും അവയില്‍നിന്ന് തങ്ങളുടെ സംസ്കാരത്തെ മോചിപ്പിക്കേണ്ടുന്നതിന്‍റെ ആവശ്യകത നിരന്തരം ഉന്നയിക്കുകയും ചെയ്യും. കേരളീയസംസ്കാരം എന്ന വ്യവഹാരത്തില്‍ ഇത്തരം വാദങ്ങള്‍ പ്രകടമായിക്കാണാം. കേരളീയരുടെ വസ്ത്രധാരണവും സംസാരവും ഭാഷയും ജീവിതരീതികളും നാം നൂറ്റാണ്ടുകളായി നിര്‍മിച്ചെടുത്തതാണെന്നും വരത്തന്മാരുടെ/അന്യരുടെ സംസ്കാരം നമ്മുടെ സംസ്കാരത്തെ അപായപ്പെടുത്തുമെന്നും നിരന്തരം വാദങ്ങള്‍ ഉയരുന്നുണ്ട്. തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള ആഗോളീകരണ- ഹിന്ദുത്വവാദങ്ങളുടെ കാലം സംസ്കാരത്തിന്‍റെ ശുദ്ധിയുടെ വാദങ്ങളുടെ പല രൂപത്തിലുള്ള തള്ളിക്കയറ്റത്തിന്‍റെ കാലവുമാണ്. കീഴാളരുടെ വളര്‍ച്ചയും ജാതിവ്യവസ്ഥയുടെ ഉടയ്ക്കലും പുരുഷാധിപത്യത്തിനെ മറികടന്നുള്ള സ്ത്രീകളുടെ മുന്നേറ്റവും നമ്മുടെ സംസ്കാരം എന്ന ജനകീയമായ ആശയത്തെ കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്നു. പക്ഷേ ഇക്കാലത്തും നാടിന്‍റെ സംസ്കാരം പരിപാലിക്കാന്‍ സദാചാരപോലീസുകാര്‍ രംഗത്തുവരികയും കേരളത്തില്‍ മിക്കയിടത്തും സദാചാരപാലനം വലിയ വിഷയമായി ഉയരുകയും ചെയ്യുന്നു. പൗരത്വം ചോദിച്ചുകൊണ്ട് സംഘപരിവാരം കലാപശ്രമങ്ങള്‍ നടത്തുമ്പോള്‍ ഇത്തരം കാഴ്ചകള്‍ ഗുരുതരമായി മാറുന്നു.  ആണും പെണ്ണം ഒന്നിച്ചിരിക്കുന്നതും പ്രണയിക്കുന്നതും സംസ്കാരത്തിന് ചേരുന്നതല്ലെന്നും വാദിച്ചുകൊണ്ട് സംസ്കാരത്തിന്‍റെ ഉദാത്തതകള്‍ ഉന്നയിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍, സംസ്കാരവാദങ്ങള്‍ ‘വരത്തന്മാ’രെ ചൂണ്ടിക്കാണിക്കുന്ന ബോധത്തെ പ്രശ്നവല്കരിക്കുന്ന ‘വരത്തന്‍’ എന്ന സിനിമ ശ്രദ്ധേയമായ കാഴ്ചയായി മാറുന്നു.

മഹാനഗരവും നാട്ടിന്‍പുറവും

ദുബായില്‍ ജീവിക്കുന്ന എബിനും പ്രിയയും സാമ്പത്തിക പ്രശ്നമുണ്ടാകുന്നതോടെ കേരളത്തിലേക്ക് തിരിച്ചുവരുന്നു. പ്രിയയുടെ പപ്പയുടെ ഹൈറേഞ്ചിലെ തോട്ടത്തില്‍ ജീവിക്കാനായി അവരെത്തുന്നു. ഹൈറേഞ്ചിലെ ഗ്രാമീണതയാണെങ്കിലും ആ നാട്ടുകാര്‍ കടുത്ത സദാചാരസങ്കല്പങ്ങളാണ് പുലര്‍ത്തുന്നതെന്നു കാണാം. പ്രിയയുടേയും എബിയുടേയും വസ്ത്രവും പെരുമാറ്റങ്ങളും അവരില്‍ അസ്വസ്ഥത ജനിപ്പിക്കുന്നു. പ്രിയയുടെ കൂടെ പഠിച്ച ജോസി എന്ന ചെറുപ്പക്കരനും കൂട്ടരും അവരെ നിരന്തരം ശല്യപ്പെടുത്തുന്നു. വീടിനടത്തു നിന്ന് മദ്യപിച്ച് പാട്ടുപാടുകയും അവരുടെ കിടപ്പറയിലേക്ക് നോക്കുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ കുളിമുറിയില്‍ കാമറ വയ്ക്കുന്നതോടെ കാര്യങ്ങള്‍ പതുക്കെ മാറുന്നു. ആ ഫോണ്‍ ജോസിയുടെയാണെന്ന് പ്രിയ കണ്ടെത്തുന്നു. അതുമായി എബി ജോസിയുടെ വീട്ടില്‍ പോയി പിതാവിനോട് സംസാരിക്കുന്നു. ഇനി തന്‍റെ മക്കള്‍ അവിടെ പ്രശ്നം ഉണ്ടാക്കില്ലെന്ന് അയാള്‍ എബിക്ക് വാക്ക് നല്‍കുന്നു.

എബി കോട്ടയത്ത് പോയ സമയത്ത് അവള്‍ കോണ്‍വെന്റിലേക്ക് പോകവേ ജോസിയും കൂട്ടരും ജീപ്പില്‍ വന്ന് അവളുടെ സ്കൂട്ടറില്‍ ഇടിക്കുന്നു. മറിഞ്ഞുവീണ അവളെ അവര്‍ എടുത്തുകൊണ്ട് പോകുന്നു. അതിനുശേഷം ആശുപത്രി വരാന്തയില്‍ ഉപേക്ഷിക്കുന്നു. പ്രിയ ആക്രമിക്കപ്പെട്ട ദിവസം കാര്യങ്ങളുടെ കിടപ്പ് പന്തിയല്ലെന്നും എബി മനസ്സിലാക്കുന്നു.

അവസാനം, ജോസിയും സംഘവും എബിയുടെ വീടുവളയുന്നു. അവരെ എബി കായികമായി നേരിടുന്നു. ഒരു രാത്രി മുഴുവന്‍ നീണ്ടു നില്ക്കുന്ന സംഘര്‍ഷം അവിടെ നടക്കുന്നു. അവരെ മിക്കവരേയും പരിക്കേല്‍പിച്ചു എങ്കിലും ഒടുവില്‍ അവരുടെ ആക്രമണത്തില്‍ എബി വീഴുന്നു. വെടിവയ്ക്കാനായി അവര്‍ പദ്ധതിയിടുമ്പോള്‍ പ്രിയ തോക്കുകൊണ്ട് ജോസിയെ വെടിവയ്ക്കുന്നു. അപ്രതീക്ഷിതമായ അക്രമണത്തില്‍  എതിരാളികള്‍ പതറുകയും എബി അവരെ ഓടിക്കുകയും ചെയ്യുന്നു. അതിക്രമിച്ചു കയറിയാല്‍ വെടിവയ്ക്കും എന്ന ബോര്‍ഡ് അവരവിടെ സ്ഥാപിക്കുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു.

നാട്ടുസംസ്കാരത്തിന്റെ ആധിപത്യ പാഠങ്ങള്‍

ദുബായില്‍ ജീവിച്ച സംസ്കാര തുടര്‍ച്ചയിലാണ് അവര്‍ കേരളത്തിലും ജീവിക്കുന്നത്. ഇവരുടെ ജീവിതത്തെ നിര്‍ണയിക്കുന്ന ചില ഘടകങ്ങള്‍ ശ്രദ്ധേയമാണ്. ഹൈറേഞ്ച് എന്ന പ്ലാന്റേഷന്‍ നടക്കുന്ന സ്ഥലമാണ് ആദ്യത്തേത്. ചരിത്രപരമായി ഹൈറേഞ്ചിനെ ഇങ്ങനെ തോട്ടങ്ങളാല്‍ മാറ്റിത്തീര്‍ത്തത് കൊളോണിയല്‍ കാലത്താണ്. കാപ്പിയും ഏലവും തേയിലയും മറ്റും തോട്ടങ്ങളായി കൃഷിചെയ്ത് കേരളത്തെ കാര്‍ഷിക സമ്പദ്ഘടനയെ അവര്‍ മാറ്റിത്തീര്‍ത്തു. ജാതി- ജന്മിത്വത്തില്‍ അധിഷ്ഠിതമായി ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ നിലനിന്ന കേരളത്തെ നാണയ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറ്റിയത് വിദേശികളുടെ ഇത്തരം ഇടപെടലുകളാണ്. തോട്ടങ്ങളില്‍ ബംഗ്ലാവുകള്‍ പണിത് യൂറോപ്യന്മാര്‍ താമസിച്ചത് വൈദേശിക രീതിയിലാണ്.  ഇന്നു കാണുന്ന കാണുന്ന കേരളീയ സംസ്കാരത്തെ രൂപപ്പെടുത്തിയത് പതിനാറാം നൂറ്റാണ്ടോടെ രൂപ്പെടുന്ന വൈദേശിക ബന്ധങ്ങളാണ്. ബ്രിട്ടീഷുകാരിലൂടേയും മറ്റും രൂപപ്പെട്ട സംസ്കാരമാണ് ജാതിവിരുദ്ധ സംസ്കാരത്തെ കേരളത്തില്‍ സൃഷ്ടിച്ചത്.  കൊളോണിയല്‍ ആധുനികതയിലൂടെയാണ് നവോത്ഥാനം ഇവിടെ സാധ്യമാകുന്നത്. ജാതി- ജന്മിത്വ-നാടുവാഴിത്ത- തറവാട് സംസ്കാരത്തെ റദ്ദാക്കി മതേതര- ശാസ്ത്രാധിഷ്ഠിത സമൂഹത്തെ സൃഷ്ടിച്ചതാണ് അതിന്‍റെ ഉള്ളടക്കം. എന്നാല്‍ നവോത്ഥാനത്തിലൂടെ രൂപംകൊണ്ട ആധുനിക കേരളീയത പാരമ്പര്യത്തെ നവീകരിച്ച് കൊണ്ടാണ് പുതിയ കേരളത്തെ സൃഷ്ടിച്ചതെന്നു വാദിക്കുന്നു. അങ്ങനെ ചിലവയെ കേരളീയത ആക്കുകയും അതിനു ചേരാത്തവയെ സംസ്കാരം അല്ലെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നു. വരത്തത്തം സൃഷ്ടിക്കുന്നത് ഇങ്ങനെ കേരളീയത നിര്‍വചിച്ചാണ്. അതിഥിത്തൊഴിലാളികളെ പരിചരിക്കുന്നതും അപരിചിതരെ നോക്കിക്കാണുന്നതും ഈ കേരളീയതയുടെ അടിസ്ഥാനത്തിലാണ്. കേരളത്തില്‍ വ്യാപകമാകുന്ന സദാചാര പോലീസിംഗിന്‍റെ അടിസ്ഥാനവും ഈ കേരളീയതയാണ്.

പൊതുവില്‍ മലയാള സിനിമയുടെ വീടെന്നത് തറവാടുകളാണ്. ലിംഗവിഭജനമൊക്കെ കൃത്യമായി അടയാളപ്പെടുത്തുന്ന ആണിന്‍റെ അധികാരം മൂര്‍ത്തമായി കാണുന്ന വീടുകള്‍. പുതുതലമുറ സിനിമകളാണ് തറവാടുകളില്‍നിന്ന് സിനിമയെ മോചിപ്പിച്ചത്. വരത്തനില്‍ അത്തരത്തിലൊന്നുമില്ല. പ്രിയയും എബിയും താമസിക്കുന്ന വീട് ഇതര കേരളീയ വീടുകളില്‍ നിന്ന് ഭിന്നമാണ്. അതിന്‍റെ കെട്ടും ഉള്ളകവും കേരളീയതയ്ക്ക പുറത്താണ്. അതിലെ ഭൂതകാലം വെളിപ്പെടുന്നത് കോളോണിയല്‍ അവശേ‍ഷിപ്പായിട്ടാണ്. ദുബായിലെ വന്‍കിട കെട്ടിടങ്ങളില്‍ നിന്ന് കേരളത്തിലെ ഫ്ലാറ്റിലേക്കും പിന്നീട് പ്രിയയുടെ പിതാവിന്‍റെ ബംഗ്ലാവിലേക്കും വരുന്നു. അവര്‍ ബംഗ്ലാവിലെത്തുമ്പോള്‍ ആദ്യം സഞ്ചരിക്കുന്നത് ആ വീട്ടിലെ കൊളോണിയല്‍  ശേഷിപ്പുകളിലൂടെയാണ്. ആ കൊളോണിയല്‍ ശേഷിപ്പുകളെ ഉള്‍ക്കൊള്ളുന്ന മട്ടിലാണവര്‍ ജീവിക്കുന്നതും. വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും തിരകളും ബയോഗ്യാസ് പ്ലാന്റും തുറന്ന ജനാലകളും വൈദേശിക രീതിയിലുള്ള ഫോട്ടകളും ഇതര ഉപകരണങ്ങളും ടൈപ്പ് റൈറ്ററുകളുമാണ് അവിടെയുള്ളത്. പഴയ പുസ്തകങ്ങളുള്ള ലൈബ്രറിയും അവിടെ കാണാം. ആ വീട്ടിലെ പ്രധാനപ്പെട്ട വ്യത്യസമായി മനസ്സിലാക്കാവുന്നത് അടുക്കളയുടെ പ്രാധാന്യമില്ലായ്മയാണ്. ഇത്തരം വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്ന കാര്യം എബിയും പ്രിയയും മാത്രമല്ല ആ വീടും ‘വരത്ത’മാണ് എന്നതാണ്. കേരളീയതയുടെ പൊതുബോധ സാമൂഹികതകള്‍ക്കു പുറത്ത് നിലകൊള്ളുന്നതാണ് അത്.  

സംസ്കാരമെന്നു പറയുന്നത് എല്ലാക്കാലത്തും മാറ്റമില്ലാതെ നിലകൊള്ളുന്ന ചില വഴക്കങ്ങളും ആചാരങ്ങളും ആണെന്നുമുള്ള ചിന്തയിലാണ് പൊതുവില്‍ മലയാളികള്‍ ജീവിക്കുന്നത്. മലയാളി ഇന്ന് പരിപാലിക്കുന്ന സാമൂഹികത നൂറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും അതങ്ങനെ തുടരുന്നുവെന്നും വിശ്വസിക്കുന്നു. ഈ സംസ്കാരത്തിന്‍റെ   ഈറ്റില്ലമായി കണക്കാക്കുന്നത് കേരളീയ നാട്ടിന്‍പുറങ്ങളെയാണ്. നഗരസംസ്കാരം ബാധിക്കാത്ത പ്രകൃതിയുമായി ഇടപഴകി ജീവിക്കുന്ന, കൃഷിക്കും മറ്റും ഊന്നല്‍ നല്കുന്ന നാട്ടിന്‍ പുറങ്ങളാണ് മഹത്തായ സംസ്കാരത്തിന്‍റെ ഇടങ്ങളെന്നും ഇവിടെ നന്മകളുടെ വിളനിലമാണെന്നും പൊതുവില്‍ വ്യവഹരിക്കപ്പെടുന്നു. സാഹിത്യത്തിലൊക്കെ ഇത്തരം ആഖ്യാനങ്ങള്‍ കാണാം. ഇത്തരമൊരു വര്‍ത്തമാനത്തിന്‍റെ അടിത്തറയിലാണ് സിനിമ സഞ്ചരിക്കുന്നത്. എബിയും പ്രിയയും അവിടേക്കു വരുമ്പോള്‍ ആദ്യം ടൗണിലെ ചായക്കടയില്‍ നിന്ന് ചായകുടിക്കുമ്പോള്‍ അത് കാണുന്ന നാട്ടുകാരിലൊരാള്‍ പുറത്തുനിന്നുള്ളവര്‍ സംസ്കാരത്തെ നശിപ്പിക്കുന്നു എന്നു പറയുന്നുണ്ട്. അതുപോലെ ജോസിയുടെ പിതാവ്  എബിയോട് അവരും നാട്ടിലെ രീതികളും മര്യാദകളും പാലിക്കണമെന്നു പറയുന്നു. ചുരുക്കത്തില്‍ നാട്ടിലെ സംസ്കാരം എന്നതിനകത്ത് പ്രവേശിക്കാത്തവരെ വരത്തരാക്കി പുറന്തള്ളുന്ന പോലീസിംഗാണ് എന്നു സിനിമ പറയുന്നു. സംസ്കാരം എന്ന വാക്കുതന്നെ പലതരത്തിലുള്ള പുറന്തള്ളലുകളെ ഉള്ളടക്കുന്ന പ്രയോഗമാണെന്നു വ്യക്തം. അപരത്വത്തെ നിര്‍വചിക്കലാണ് അതിന്‍റെ കാതല്‍. എന്നാല്‍ സംസ്കാരം നിരന്തരം പരിണമിക്കുന്ന ഒന്നാണെന്ന ബോധ്യത്തില്‍ നോക്കുമ്പോള്‍ നാട്ടുകാരുടെ സംസ്കാരം എന്നത് പൊള്ളത്തരം ആവുകയും തദ്ദേശീയരിലെ പുരുഷാധിപത്യ-ജാതി അക്രമ- ആധിപത്യ വാസനകളെ സാധൂകരിക്കാനുള്ള പ്രത്യയശാസ്ത്ര സൃഷ്ടിയാണ് അതെന്ന് മനസ്സിലാക്കുകയും ചെയ്യാം. അങ്ങനെ ഒരു നാട്ടിലെ സംസ്കാരമെന്നത് അപരരെ നിര്‍വചിക്കുന്നതിനുള്ള ഉപകരണമാകുന്നു എന്നതാണ് പ്രശ്നം. സംസ്കാരത്തിന്‍റെ പ്രശ്നവല്കരണമാണ് സിനിമയുടെ കാതല്‍.

കേരളീയ വീടും അടുക്കളയും

കേരളീയമെന്നു പറയുന്ന സംസ്കാരത്തില്‍ വീട് എന്ന ഇടത്തിന് വലിയ പ്രാധാന്യമുണ്ട്. വീടെന്ന നിര്‍മ്മാണം മാത്രമല്ല കുടുംബം എന്ന ഘടകത്തിനും വലിയ പ്രധാന്യം നല്‍കുകയും വീടിനെ ധിക്കരിക്കുന്ന വഴക്കങ്ങളെ പാശ്ചാത്യമെന്നു പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ഈ വീട്ടിലെ പ്രധാനപ്പെട്ട ഇടമാണ് അടുക്കള. കേരളീയ വീട് നിര്‍മാണത്തില‍ പിന്‍ഭാഗത്തായിട്ടാണ് അടുക്കള കാണുക. സ്ത്രീകളുടെ ഇടമാണ് അവിടം. ഭക്ഷസാധനങ്ങളം മറ്റും ഉള്‍ക്കൊള്ളുന്ന മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തം ആയിട്ടാണ് അവിടം നിര്‍മ്മിക്കുക. അടുക്കളയോടു ചേര്‍ന്ന് ഭക്ഷണമേശയുള്ള ഉണ്ണുന്ന ഇടവും കാണും. ഭക്ഷണം തയാറാക്കലൊക്കെ വലിയ അധ്വാനം ആവശ്യമുള്ള പണിയായിട്ടാണ് ചിത്രീകരിക്കുക. പ്രത്യേകിച്ചും കേരളീയ സദ്യയൊക്കെ ഒരുക്കുമ്പോള്‍. ഭക്ഷണമൊരുക്കലും വിളമ്പലുമൊക്കെ സ്ത്രീകളുടെ ‘ജൈവികമായ’ തൊഴിലായി വ്യാഖ്യാനിച്ച് സ്ത്രീകളെ അങ്ങനെ മെരുക്കിയെടുക്കല്‍ നടത്തുന്നതാണ് കേരളീയ വീടു സംസ്കാരത്തിന്‍റെ അടിസ്ഥാന പ്രത്യേകത. ഒന്നിരിക്കാന്‍ ഇടമില്ലാത്ത കായികമായ അധ്വാനം ഏറെ വേണ്ടിവരുന്ന ഇടമാണ് പരമ്പരാഗത അടുക്കള. സ്ത്രീയെ വീട് പരിപാലിക്കുന്ന സ്വത്വമായി രൂപപ്പെടുത്തുന്നതില്‍ വീടെന്ന പ്രത്യയശാസ്ത്രം പങ്കുവഹിക്കുന്നു എന്നു സാരം. അവിടെയാണ് പ്രിയ- എബിമാരുടെ വീട് അതിനെ മറികടക്കുന്നത് ദൃശ്യവല്കരിക്കുന്നത്.

അവരുടെ വീട്ടില്‍ പാത്രങ്ങളൊക്കെ വച്ചിരിക്കുന്ന അടുക്കളയില്ല. അവര്‍ അടുക്കളയില്‍ പണിയെടുക്കുന്നതും കാണിക്കുന്നില്ല. ആകെ കാണിക്കുന്ന ഭക്ഷണരീതി ചായയും കേക്കും ഉണ്ടാക്കലാണ്. ആകെ രണ്ട് ഭക്ഷണം കഴിക്കല്‍ രംഗങ്ങളാണ് ഉള്ളത്. ആദ്യത്തേത് രാത്രിയിലെ കേക്കും വൈനും കഴിക്കലാണ്. അത് ബഡ് റൂമിലാണ് നടക്കുന്നത്. മറ്റൊന്ന് ഊണ്‍മേശയിലുള്ള ഭക്ഷണം കഴിക്കലാണ്. അതാകട്ടെ ബ്രഡും ജാമും ജ്യൂസുമാണ് കഴിക്കുന്നത്. കേരളീയ ഭക്ഷണസംസ്കാരമായി പുകഴത്തുന്ന ചോറോ മീന്‍കറിയോ അവിയലോ ഒന്നും അവര്‍ ഉണ്ടാക്കുന്നതായോ കഴിക്കുന്നതായോ കാണിക്കുന്നില്ല. ഹൈറേഞ്ചിലെ വീട്ടിലല്ലാതെ ഭക്ഷണം കഴിക്കുന്ന ചില രംഗങ്ങള്‍ കൂടിയുണ്ട്. ദുബായിലെ ഹോട്ടലിലെ ഭക്ഷണവും പ്രിയയുടെ വീട്ടിലെ രംഗങ്ങളുമാണത്. ഇതില്‍ കേരളീയ സംസ്കാരത്തിന്‍റെ പൊതുബോധം സംസ്കാരത്തിനു ചേരാത്ത വിധത്തില്‍ നിര്‍വചിച്ചിട്ടുള്ള ഹോട്ടല്‍ ഭക്ഷണത്തിന്‍റെ രീതികളാണ് അവരുടെ ശീലമെന്നു വ്യക്തം.  വീട്ടിലെ ഭക്ഷണം സ്ത്രീകളുടെ ബാധ്യതയും ഉത്തരവാദിത്തവും ആണെന്ന ബോധം പ്രിയയോ എബിയോ പ്രകടിപ്പിക്കുന്നില്ല. കേരളീയ സംസ്കാരത്തിന്‍റെ വീടിനു പുറത്താണ് അവരുടെ ശീലം പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തം. 

ഭക്ഷണം ഉണ്ടാക്കുന്ന വിധത്തിലെ വ്യത്യസ്തകളാണ് മറ്റൊന്ന്. അവിടെയുള്ളപ്പോള്‍ മിക്കപ്പോഴും അടുക്കളയില്‍ കയറുന്നത് എബിയാണ്. പ്രിയ പുറത്തിരുന്ന സംസാരിക്കുകയും എബി ചായയോ മറ്റോ ഉണ്ടാക്കുകയും ചെയ്യുന്ന നിരവധി രംഗങ്ങളുണ്ട്. പ്രിയ കേക്ക് ഉണ്ടാക്കുന്ന രംഗം മാത്രമാണ് ഉള്ളത്. രാത്രി ഉറങ്ങിയ ശേഷം ഏറെ വൈകിയാണ് പ്രിയ ഉണരുക. അപ്പോഴേക്കും എബി ഉണര്‍ന്ന് അടുക്കളയില്‍ ചായ തയാറാക്കി പ്രിയയുടെ കിടക്കയില്‍ വച്ചിരിക്കും. സ്ത്രീ രാവിലെ ഉണര്‍ന്ന് പാചകം ചെയ്ത് ഭര്‍ത്താവിനെ ഊട്ടുന്ന കേരളീയ വീടുകളിലെ രീതിക്കു വിരുദ്ധമാണ് ഈ രീതി. എബി ഇവിടെ പ്രത്യക്ഷപ്പെടുന്നത് സാധാരണ കേരളീയ പുരുഷനായിട്ടല്ല, മറിച്ച് ആണത്തം കുറവുള്ളവനായിട്ടാണ്. തുണിയലക്കുമ്പോള്‍ തുണി വിരിക്കുന്നതൊക്കെ എബിയാണ്. ഭാര്യയെ അനുസരിക്കുന്ന, പാചകം ചെയ്യുന്ന എബി കേരളീയ പുരുഷന് പുറത്താണ് രുപപ്പെടുന്നതെന്നു സാരം. ആ നിലയില്‍ ‘വരത്തനാ’ണ് എബിയെന്നു വ്യക്തം.  ഇങ്ങനെ കേരളീയ സ്ത്രീയേയും പുരുഷനേയും പൊളിച്ചെഴുതുകയാണ് സിനിമ. അക്രമോത്സുകമായ, പെണ്ണെന്നാല്‍ ലൈംഗിക വിഷയം മാത്രമാണെന്ന് കേരളീയ പൊതുബോധത്തിന് എതിരേയുള്ള നിലകൊള്ളലാണ് എബിയെ വരത്തനാക്കുന്നത്. എന്നാല്‍ അവസാന ഭാഗത്ത് ആ ആണത്തത്തില്‍ നിന്ന് എബി പുറത്തുകടക്കുന്നു.

വസ്ത്രത്തിന്മേല്‍ നോക്കുന്ന സംസ്കാരം

ഏറെ ആധുനികീകരിക്കപ്പെട്ട ദുബായിലൊക്കെ ജീവിച്ച പ്രിയയും എബിയും പുലര്‍ത്തുന്ന ശീലങ്ങള്‍ കേരളത്തിന്‍റെ രീതികള്‍ക്കു ചേരാത്തതാണെന്ന് അവരുടെ വസ്ത്രധാരണം വ്യക്തമാക്കുന്നു. കേരളീയ വസ്ത്രധാരണത്തിന്‍റെ ചരിത്രം ആധുനികകാലത്തെ വിപ്ലവകരമായ പരിവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. അരയ്ക്ക് മുകളിലോട്ട് മറയക്കാതിരുന്ന മലയാളി വിദേശികളുടെ ഇടപെടലിലാണ് ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രധാരണ രീതികളിലേക്ക് വന്നതെന്ന് ചരിത്രം പറയുന്നു. ജാതിയനുസരിച്ച് നിശ്ചിത വേഷങ്ങള്‍ ധരിച്ച മലയാളി സ്ത്രീയും പുരുഷനും ഇഷ്ടമുള്ള വസ്ത്രം ധരിച്ചിട്ട് അധികകാലം ആയില്ലെന്നുസാരം. അതിനിടയാക്കിയ സമരമാണല്ലോ ചാന്നാര്‍ ലഹള എന്നറിയപ്പെടുന്നത്. വസ്ത്രത്തിന്‍റെ ഈ ചരിത്രം സംസ്കാരത്തിന്‍റെ നിശ്ചലതയെ ചോദ്യംചെയ്യുന്നുണ്ട്. ഓരോ കാലത്തേയും മാറ്റങ്ങള്‍ അതാത് സമൂഹത്തിലെ വസ്ത്രം ഭക്ഷണം പോലുള്ള എല്ലാ വിഷയങ്ങളിലും പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ മുണ്ടും സാരിയും കേരളീയവേഷമാക്കി നാം സംസ്കാരം പ്രദര്‍ശിപ്പിക്കാറുണ്ട്. സാരി കേരളീയ സ്ത്രീകള്‍ വ്യാപകമായി ധരിച്ചുതുടങ്ങിയത് 1940 കള്‍ക്കു ശേഷമാണെന്നു കാണാം. ഇത്തരം വസ്തുതകള്‍ ഒരുദേശം ചരിത്രപരമായി എല്ലാക്കാലത്തും ഒരേ വസ്ത്രം ധരിച്ചുവെന്ന ആശയത്തെ നിഷേധിക്കുകയും പരിണാമത്തിലൂടെ രൂപപ്പെടുന്നതാണ് ഇവയെല്ലാം എന്നതിനെ ഉറപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ഒരു ദേശത്തിന് തനിമയുള്ള വസ്ത്രം ഇല്ലതന്നെ. ഒരാളുടെ വസ്ത്രം ആ ദേശത്തിനു ചേരാത്തതെന്നു മുദ്രകുത്തുന്നതും അപക്വമാണ്.  

വരത്തനില്‍ എബിയും പ്രിയയും കേരളീയമായ വസ്ത്രധാരണം പാലിക്കുന്നില്ലെന്നു കാണാം. എബി ഒരു രംഗത്തുപോലും മുണ്ടോ കൈലിയോ ധരിക്കുന്നതായി കാണിക്കുന്നില്ല. എപ്പോഴും പാന്റും ഷര്‍ട്ടും ഇന്‍ചെയ്താണ് നടപ്പ്. വീടിനകത്തുപോലും അങ്ങനെയാണ് അയാള്‍. പ്രിയയും കേരളീയമായ സാരിയോ ബ്ലൗസോ ധരിക്കുന്നില്ല. കേരളത്തിലെ സ്ത്രീകള്‍ പൊതുവായി ധരിക്കുന്ന സാരി, നൈറ്റി പോലുള്ളവ അവള്‍ ധരിക്കുന്നില്ല. പകരം കൈയില്ലാത്ത മിഡികളും സ്കര്‍ട്ടുകളുമാണ് അവള്‍ ധരിക്കുന്നത്. അതായത് നിലവിലെ പുരുഷാധിപത്യപരമായ കേരളീയ സംസ്കാരം സൃഷ്ടിച്ച സ്ത്രൈണതയ്ക്കു പുറത്താണ് അവളുടെ വസ്ത്രസങ്കല്പങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വസ്ത്രധാരണത്തിലെ സ്വാതന്ത്ര്യമെന്നത് വ്യക്തിസ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്. കേരളത്തില്‍ പൊതുവില്‍ കാണുന്ന പ്രവണത സ്ത്രീകള്‍ ചില വസ്ത്രങ്ങളേ ധരിക്കാവൂ എന്ന സദാചാര വിലക്കാണ്. ജീന്‍സ് പോലുള്ളവ ധരിച്ചാല്‍ സാംസ്കാരിക അപചയം വരുമെന്നുള്ള പ്രചരണം ഇപ്പോഴും ശക്തമാണ്. സ്ത്രീയുടെ ശരീരം പ്രത്യേകമായ ഒന്നാണെന്നു അതിനാല്‍ സാരി പോലുള്ളവയാണ് സ്ത്രീകള്‍ക്കു ചേരുകയെന്നും ഇന്നം ആവര്‍ത്തിക്കുന്നു. അങ്ങനെയാണ് കേരളീയ സംസ്കാരം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ വിദേശത്തുനിന്ന് വരുന്നവരെ, പര്‍ദ്ദയിടുന്നവരെ പെട്ടന്നുതന്നെ വരത്തരായി പ്രഖ്യാപിക്കുന്ന ശീലം മലയാളിക്കുണ്ട്. സാരിയെ ശരിയായ കേരളീയ വസ്ത്രമാക്കുകയും അതില്‍ത്തന്നെ സെറ്റുസാരിയെ കൂടുതല്‍ കേരളീയമാക്കുകയും ചെയ്യുന്ന ബോധം അപകടമായ വിധത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് കാണാം. മതപരവും അല്ലാത്തതുമായ പരിപാടികള്‍ക്ക് സെറ്റുസാരി ധരിക്കുന്ന ശീലം വര്‍ധിച്ചുവരുന്നു. അതേസമയം ജീന്‍സിനും ലഗ്ഗിന്‍സിനും എതിരേ സ്ഥൂലവും സൂക്ഷ്മവുമായ ആക്രമണങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുന്നു. വസ്ത്രം ശരീരത്തേയും ദേശത്തേയും അടയാളപ്പെടുത്തുന്ന രേഖയായി മാറുന്ന കാലത്താണ് പ്രിയയുടെ വസ്ത്രങ്ങള്‍ കലഹമാകുന്നത്.

പ്രിയയെ നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ ജോസിയും കൂട്ടരും തങ്ങളുടെ സഹോദരി പ്രേമനെന്ന കൗമാരക്കാരനെ പ്രണയിച്ചപ്പോള്‍ സഹിക്കാനാവാതെ കാണിക്കുന്ന അക്രമങ്ങളാണ് സിനിമയുടെ അവസാനഭാഗം. ഇത് മേല്‍പറഞ്ഞ നാട്ടിന്‍പുറത്തിന്‍റെ സംസ്കാരത്തിലെ പുറന്തള്ളലുകളെ അടയാളപ്പെടുത്തുന്നു. വര്‍ഗഘടനയില്‍ മുതലാളിയായ ജോസിയുടെ കുടുംബവും ദരിദ്രരായ പ്രേമന്‍റെ കുടുംബവും പരസ്പര പൂരകമല്ലെന്നും നാട്ടിന്‍പുറത്തെ കാര്യങ്ങളില്‍ ആധിപത്യം സമ്പന്നര്‍ക്ക് ആണെന്നും പറയുന്നു. ഗ്രാമത്തിന്‍റെ സംസ്കാരം നിശ്ചയിക്കുന്ന സമ്പന്നര്‍ ദരിദ്രരേയും കീഴാളരേയും പുറന്തള്ളുന്നതിന്‍റെ ഉദാഹരണമാണ് ഇത് സൂചിപ്പിക്കുന്നത്. വാഴ്ത്തിപ്പാടുന്ന നാട്ടുസംസ്കാരത്തിന്‍റെ തനിമയെന്നത് ജാതിപരവും വര്‍ഗപരവും ലിംഗപരവുമായ പലരൂപത്തിലുള്ള ബഹിഷ്കരണങ്ങളും അടിച്ചമര്‍ത്തലുകളും ഉള്‍പ്പെടുന്നതാണെന്ന് വ്യക്തം.  കേവലമായ പുറന്തള്ളലല്ല മിക്കപ്പോഴും സംഭവിക്കുക മറിച്ച് ഉന്മൂലനമായിരിക്കും. ഇന്ത്യയിലെ ജാതിവ്യവസ്ഥ പരിശോധിച്ചാല്‍ ഇത് കാണാം. പ്രിയ- എബിമാര്‍ക്കുനേരെ അവര്‍ നടത്തുന്ന നീക്കവും ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലാണ്. പ്രിയയുടെ നേരെയുള്ള അക്രമണം ആണ്‍കോയ്മയുടെ അഹന്തയില്‍ നിന്ന് രൂപപ്പെടുന്നതാണ്. അടിച്ചമര്‍ത്തലിനുള്ള പ്രത്യയശാസ്ത്രോപകരണമായിട്ടാണ് നാട്ടുവഴക്കങ്ങളെ സംസ്കാരമായി അവര്‍ ഉപയോഗിക്കുന്നത്. അതിലൂടെ വരത്തന്മാരെ നിശ്ചയിച്ച് പുറന്തള്ളിക്കൊണ്ടിരിക്കുക. വരത്തന്മാരെ സൃഷ്ടിച്ച് അടിച്ചമര്‍ത്തുന്ന സംസ്കാരത്തെ എങ്ങനെയാണ് നേരിടുകയെന്ന പ്രശ്നം സങ്കീര്‍ണമാണ്. ഇന്ത്യയിലെ ഭൂരിപക്ഷസംസ്കാരങ്ങളുടെ അടിച്ചമര്‍ത്തലില്‍ പിടിച്ചുനില്‍ക്കുവാന്‍ ചെറുസംസ്കാരങ്ങളും അപരസമൂഹങ്ങളും പാടുപെടുന്നു. ഹിന്ദുത്വസംസ്കാരത്തിന്‍റെ അക്രമോത്സുകതയില്‍ മുസ്ലീങ്ങളും ഇതര ന്യൂനപക്ഷങ്ങളും നിരന്തരം വേട്ടയാടപ്പെടുന്നു. ഹിന്ദുസംസ്കാരത്തിന്‍റെ നിര്‍വചനത്തില്‍ പെടാത്തവരെല്ലാം വരത്തന്മാരായി മുദ്രകുത്തപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം പ്രക്രിയകളുടെ ആകെത്തുകയാണ് പൗരത്വം ചോദിക്കല്‍. ഒരാള്‍ ഏതു സംസ്കാരത്തില്‍ പെടുന്നുവെന്ന് ചോദിക്കുന്ന പൗരത്വ- സാംസ്കാരികാക്രമങ്ങളുടെ കാലത്ത് ആയുധത്തിന്‍റെ ഭാഷയില്‍ പോരാടി ജയിക്കുക അസാധ്യമാണെന്ന് പല സംഭവങ്ങളും വ്യക്തമാക്കുന്നു. ജനാധിപത്യത്തെ കൂടുതല്‍ തീക്ഷ്ണമായ രാഷ്ട്രീയം ആക്കുന്നതിലൂടെ ആണത് സാധ്യമാവുക എന്ന് വ്യക്തം.

Comments

comments