ഏഷ്യാനെറ്റ്, മീഡിയവണ്‍ എന്നീ ടെലിവിഷന്‍ വാര്‍ത്താചാനലുകളുടെ സംപ്രേഷണം 48-മണിക്കൂര്‍ വിലക്കിയ കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ് രാജ്യത്തെ മാധ്യമമേഖലയില്‍ പുതിയ നാട്ടുനടപ്പ് അഥവാ ന്യു നോര്‍മലിന് വഴിയൊരുക്കുന്നതാണ്. വെള്ളിയാഴ്ച്ച ഇരുട്ടി വെളുത്തപ്പോള്‍ തുടങ്ങി-അവസാനിച്ച ഈ ഉത്തരവിന്‍റെ പ്രത്യക്ഷവും, പരോക്ഷവുമായ വിവക്ഷകള്‍ വിശദമായ പരിശോധന അര്‍ഹിക്കുന്നു. അസഹിഷ്ണുത, അരക്ഷിതാവസ്ഥ, അതിജീവനം എന്ന മൂന്നു കാര്യങ്ങളാണ് പെട്ടെന്നു മനസ്സില്‍ വരുന്നത്.

1: അസഹിഷ്ണുത: സംഘപരിവാരത്തിന്‍റെ ബ്രാഹ്മണ്യ-ഹൈന്ദവ ഫാസിസ്റ്റു നയങ്ങള്‍ക്കും, ആശയങ്ങള്‍ക്കും എതിരായ വിമര്‍ശനങ്ങള്‍ ഒരു വിധത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഈ ഉത്തരവിന്‍റെ പ്രധാന ധര്‍മം. അസഹിഷ്ണുത ഒരു വീണ്‍വാക്കല്ലെന്നു ഉറപ്പിക്കുന്ന നടപടി. കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ് പുറത്തുവന്നതിന്‍റെ പിന്നാലെ മീഡിയ വണ്ണിന്‍റെ ഓഫീസിനു മുന്നില്‍ പടക്കം പൊട്ടിച്ച് ആഹ്ളാദനൃത്തം ചവുട്ടിയ വൈതാളികക്കൂട്ടം ഈ അസഹിഷ്ണുതയുടെ നേര്‍സാക്ഷ്യം. ഒരോ തെരുവും ഭീതിയുടെയും, വെറുപ്പിന്റെയും, പകപോക്കലിന്റെയും ഇരുട്ടറകളാക്കുന്ന ഫാസിസത്തിന്‍റെ ഈ കാലാള്‍പ്പടയെ സദാ യുദ്ധസജ്ജരായി നില നിര്‍ത്തുന്നതിനുളള ബോധപൂര്‍വമായ പ്രചോദനമാണ് സര്‍ക്കാര്‍ ഉത്തരവ്.

2: അരക്ഷിതം: ഒരു പ്രൊഫഷനെന്ന നിലയില്‍ മാധ്യമ പ്രവര്‍ത്തനം വലിയ കുഴമറിച്ചിലിനു വിധേയമാവുന്ന കാലഘട്ടത്തിലുണ്ടായ ഈ നടപടിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും. മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാസ്യകരമല്ലാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. രാഷ്ട്രീയാധികാരി, മാധ്യമ മുതലാളി എന്നിവരുടെ പരിചിതമായ ഏകാധിപത്യത്തിനു പുറമേ സാങ്കേതിക വിദ്യയുടെ അത്ര പരിചിതമല്ലാത്ത ഏകാധിപത്യവും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയിലാണ് മാധ്യമപ്രവര്‍ത്തകര്‍. ഒരു പക്ഷെ മറ്റൊരു തൊഴില്‍മേഖലയിലും കാണാനാവത്ത തരത്തില്‍ തൊഴില്‍പരമായ അരക്ഷിതാവസ്ഥ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന സന്ദര്‍ഭത്തിലെ ഈ നടപടി ഭരണകൂടം വളരെ ആലോചിച്ച് സ്വീകരിച്ചതാണെന്നു വ്യക്തമാണ്. മാധ്യമ മുതലാളിയെ സംബന്ധിച്ചിടത്തോളം ലാഭമാണ് പ്രധാനലക്ഷ്യം. ലാഭത്തിനു വേണ്ടിയുള്ള ഒരു മേഖല മാത്രമാണ് മാധ്യമങ്ങള്‍.

രാജ്യത്തെ മാധ്യമ-വിനോദ വ്യവസ്യായ മേഖലയില്‍ കച്ചവടത്തിന്‍റെ സാധ്യതകള്‍ ചില്ലറയല്ല. ഇന്ത്യന്‍ വ്യവസായ-വാണിജ്യ ചേംബറുകളുടെ ഫെഡറേഷനായ ഫിക്കിയുടെ (FICCI) 2019-ലെ റിപ്പോര്‍ട്ട് അനുസരിച്ച് 2018-ല്‍ 23.19 ബില്യണ്‍ ഡോളറായിരുന്നു രാജ്യത്തെ മാധ്യമ-വിനോദ മേഖലയിലെ മൊത്തം കച്ചവടം. ഒരു ബില്യണ്‍ സമം 100 കോടി. 23 ബില്യണ്‍ സമം 2,300 കോടി ഡോളര്‍. ഒരു ഡോളറിന് 70-രൂപ അനുപാതത്തില്‍ കൂട്ടിയാല്‍ 161,000 കോടി രൂപ കൊല്ലം തോറും പിരിയുന്ന കച്ചവടം. ഫിക്കിക്കുവേണ്ടി 2019-ലെ റിപ്പോര്‍ട്ട് തയ്യാറാക്കിയ -EY- എന്ന സ്ഥാപനത്തിന്‍റെ വിലയിരുത്തല്‍ പ്രകാരം 2021-ല്‍ ഈ മേഖലയിലെ കച്ചവടം 33.6 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ്. അതായത് 231,000 കോടി രൂപ. ഇത്രയും പെരുത്ത കോടികളുടെ കച്ചവടമാണ് പൊടിപൊടിക്കുന്നതെങ്കിലും പണിയെടുക്കുന്നവന് കൂലി പരമാവധി കൊടുക്കാതിരിക്കുക എന്ന നയമാണ് മറ്റു മുതലാളിമാരെപ്പോലെ മാധ്യമ മുതലാളിമാരുടേയും യു.എസ്.പി. അച്ചടിയില്‍ നിന്നും ടെലിവിഷനിലേക്കും അവിടെനിന്നും ഇന്റര്‍നെറ്റിലേക്കുമെല്ലാം മാധ്യമപ്രവര്‍ത്തനം പുരോഗമിച്ചുവെങ്കിലും ഇക്കാര്യത്തില്‍ മാറ്റമില്ല. പരസ്യത്തില്‍ നിന്നുള്ള വരുമാനമാണ് മാധ്യമമേഖലയിലെ ലാഭത്തിന്‍റെ പ്രധാന ശ്രോതസ്സ്. ടെലിവിഷന്‍ പോലുള്ള മാധ്യമങ്ങളിലെ പരസ്യങ്ങളും, അതിനുള്ള തുകയും പലപ്പോഴും ദീര്‍ഘകാല കരാറുകളുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. ഒരു ഉത്തരവിലൂടെ സര്‍ക്കാരിന് ഏതു നിമിഷവും സംപ്രേഷണം അടച്ചുപൂട്ടാന്‍ കഴിയുന്ന സാഹചര്യം സംജാതമായാല്‍ ടെലിവിഷന്‍ ചാനലുകളില്‍ ഇത്തരം ദീര്‍ഘകാല കരാറുകളുടെ സാധ്യതകള്‍ അനിശ്ചിതത്വത്തിലാവും. എന്തു വിശ്വസിച്ചാണ് നിങ്ങളുടെ ചാനലില്‍ പരസ്യം ചെയ്യുകയെന്നു ഒരു പരസ്യദാതാവ് ഏഷ്യനെറ്റ് ന്യൂസിന്‍റെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനോടു നാളെ ചോദിച്ചാല്‍ ഉത്തരം മുട്ടുന്ന സ്ഥിതി.

വെള്ളിയാഴ്ച്ച രാത്രി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് അത്തരമൊരു സ്ഥിതിവിശേഷം പുതിയ നാട്ടുനടപ്പാക്കുന്നു. ഇടിത്തീ പോലെ വന്നു പതിക്കാനിടയുള്ള ഇത്തരം ഉത്തരവുകളില്‍ നിന്നും തന്‍റെ സ്ഥാപനത്തെ രക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗം ഏഷ്യാനെറ്റു ന്യൂസിന്‍റെ നടത്തിപ്പുകാരനായ മുതലാളി സ്വാഭാവികമായും തേടും. സര്‍ക്കാരിന്‍റെ രോഷത്തിനു പാത്രമാവുന്ന ഉള്ളടക്കം വാര്‍ത്തകളില്‍ നിന്നും നൈസായി ഒഴിവാക്കപ്പെടും. മാധ്യമങ്ങളില്‍ വലിയ തോതില്‍ പരസ്യം ചെയ്യുന്ന സ്വകാര്യസ്ഥാപനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായ വാര്‍ത്തകള്‍ തമസ്‌ക്കരിക്കുന്നതുപോലെ സര്‍ക്കാരിന്‍റെ താല്‍പര്യങ്ങള്‍ക്ക് എതിരായ വാര്‍ത്തകളും, വിവരങ്ങളും തമസ്‌ക്കരിക്കുവാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതമാവും. നോ ചോംസ്‌കി-യെ പോലുളളവര്‍ വളരെകാലത്തിനു മുമ്പുതന്നെ മുന്നറിയിപ്പു നല്‍കിയ ‘ചിന്ത നിയന്ത്രണം’ വളരെ സ്വാഭാവികമായ നിലയില്‍ നടപ്പിലാക്കപ്പെടും. സര്‍ക്കാരിന് അനഭിമതമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തകരെ പേരെടുത്തു പരാമര്‍ശിക്കുന്ന ഉത്തരവിന്‍റെ ദുഷ്ടലാക്കും ഒട്ടും അവഗണിക്കാവുന്നതല്ല. ഇത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തകരെ വച്ചു പൊറുപ്പിക്കരുതെന്ന പരോക്ഷമായ സന്ദേശം മുതലാളിമാര്‍ക്ക് നല്‍കുന്നതാണ് ഈ പേരെടുത്തു പറയല്‍.

3: അതിജീവനം: രാഷ്ട്രീയാധികാര കേന്ദ്രവും, മാധ്യമ മുതലാളിയും തമ്മിലുള്ള ബാര്‍ട്ടര്‍ ഇടപാടെന്ന നിലയിലാണ് മാധ്യമസ്വാതന്ത്യം പലപ്പോഴും അനുഭവപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ ബാര്‍ട്ടറില്‍ വലിയ സ്ഥാനമില്ല. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കേന്ദ്രമായി മാധ്യമപ്രവര്‍ത്തകര്‍ മാറുന്നതിലൂടെയാണ് ഇപ്പോഴത്തെ ദുരവസ്ഥയില്‍ നിന്നുള്ള അതിജീവനത്തിന്‍റെ വഴികള്‍ തെളിയുക. സര്‍ക്കാരിന്റെയും, സംഘപരിവാരത്തിന്റെയും വക്രഗതിയും, കുടിലതയും അതിന്‍റെ പാരമ്യത്തില്‍ എത്തിയെന്നു വെളിപ്പെടുത്തുന്ന മാധ്യമനിരോധനം മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുവാന്‍ നിര്‍ബന്ധിതമായതിന്‍റെ പിന്നില്‍ ആ തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധമാണ്. ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും മറ്റു ജനങ്ങളുമായിരുന്നു പ്രതിഷേധത്തിന്‍റെ പിന്നില്‍ അണിനിരന്നത്. ലാഭത്തിന്‍റെ കണക്കുപുസ്തകത്തില്‍ മാത്രം ശ്രദ്ധചെലുത്തുന്ന മാധ്യമ മുതലാളിമാരും, അവരുടെ വിശ്വസ്ത പിണിയാളുമാരുമായ മാധ്യമപ്രവര്‍ത്തകരും ആപത്തിന്‍റെ ഈ നിമിഷത്തില്‍ തങ്ങളുടെ വിധേയത്വം വ്യക്തമായി പ്രകടിപ്പിക്കുകയുണ്ടായി. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന്‍റെ അതിജീവനത്തിനുള്ള വഴി അതല്ലെന്നു വ്യക്തമാണ്.

Comments

comments