ആത്മഹത്യയുടെ തലേന്നാൾ
അവൻ മഴയെക്കുറിച്ചാണ് എഴുതിയത്
അവനും മുൻപ് എത്രയോ കവികൾ
മഴയെക്കുറിച്ച് എഴുതിയിരിക്കുന്നു
ഇനി തന്റെ രക്തം മഴയായി പെയ്യട്ടെ
എന്നവൻ കരുതിയിട്ടുണ്ടാവുമോ?
ഒരാത്മഹത്യകൊണ്ടു പരിഹരിക്കാവുന്ന
ദാർശനികപ്രശ്നമായി
ജീവിതത്തെ ചുരുക്കിക്കളഞ്ഞത്
എന്തിനായിരുന്നുവോ എന്തോ !
നരകം ഒരുത്തരമാണെന്ന്
നിനക്കെന്തുകൊണ്ടാണ് തോന്നിയത്?
മഹാനരകങ്ങൾക്കു നടുവിൽ
നീയൊരവധൂതനെപ്പോലെ നിന്നിരുന്നല്ലോ !
ജീവിതം ഒരു അപസർപ്പകകഥയായി
എനിക്കുമുന്നിൽ ചുരുണ്ടുകിടന്നപ്പോൾ
നീയായിരുന്നല്ലോ അതിന്റ പരിണാമഗുപ്തി
ഇപ്പോൾ ജന്മത്തിന്റെ കുറുക്കുവഴിയിൽ
ദിക്ക് അറിയാതെ ഞാൻ ഒറ്റക്കാണ്
മരണത്തിനു ശേഷം മാത്രമാരംഭിക്കുന്ന
വിചാരണകളിൽ
ഞാനൊരു മാപ്പുസാക്ഷി മാത്രം

Comments

comments