നവോത്ഥാനകലയുടെ വലിയ എടുപ്പുകളിലൊന്നാണ് ലണ്ടനിലെ നാഷണല്‍ ഗാലറി. വത്തിക്കാന്‍ മ്യൂസിയത്തേയും പാരീസിലെ ലൂവ്റിനേയും പോലെ നവോത്ഥാനകാലത്തെ മഹാരചനകളിലേക്ക് അവയുടെ വാതിലുകള്‍ തുറന്നുകിടക്കുന്നു. മനുഷ്യവംശം അതിന്റെ ചരിത്രത്തില്‍ നടത്തിയ ഏറ്റവും വലിയ വഴിമാറലുകളിലൊന്നിന്റെ മുദ്രകള്‍ നിശ്ശബ്ദം പേറിക്കൊണ്ട്, അജ്ഞാതനാമങ്ങളായ രചയിതാക്കള്‍ മുതല്‍ വിശ്വപ്രസിദ്ധരായ ചിത്രകാരന്മാരുടെ സൃഷ്ടികള്‍ വരെ നമ്മെ അവിടെ കാത്തുകിടക്കുന്നുണ്ട്. അവയ്ക്ക് മുന്നിലെത്തുമ്പോള്‍ തന്നേയും ലോകത്തേയും കുറിച്ചുള്ള മനുഷ്യവംശത്തിന്റെ ആത്മബോധത്തിന്റെ ചരിത്രത്തിലെ വലിയ വിഛേദങ്ങളിലൊന്നിനെ നാം മുഖാമുഖം കാണും.
ലണ്ടന്‍ യാത്രയുടെ വേളയില്‍ രണ്ടു തവണയാണ് ഞാന്‍ നാഷണല്‍ ഗാലറി കാണാനായി പോയത്. ലണ്ടനില്‍ ചെന്നതിനു തൊട്ടുപിന്നാലെയുള്ള ദിവസമായിരുന്നു ആദ്യത്തെ യാത്ര. മുരളിയേട്ടനും മിച്ചിരുവിനും ഒപ്പം നഗരത്തില്‍ നടത്തിയ ചുറ്റിനടത്തത്തിനിടയിലെ ഒരു ഹ്രസ്വസന്ദര്‍ശനം. അന്ന് ഗാലറിയിലെ ചില ഭാഗങ്ങളേ കാണാന്‍ കഴിഞ്ഞുള്ളൂ. ആധുനിക കലയിലെ ചില സ്മാരകസ്തംഭങ്ങള്‍ പോലെ നിലകൊള്ളുന്ന മഹാരചനകളില് ചിലതിനു മുന്നിലൂടെ കടന്നുപോയപ്പോള്‍ തന്നെ ആഹ്ളാദത്തിന്റെയും വിസ്മയത്തിന്റെയും കടല്ക്കോളിലകപ്പെട്ട പോലെയായിരുന്നു ഞാന്‍. പിന്നിട്ട മൂന്നുപതിറ്റാണ്ടിനിടയില്‍ പകര്‍പ്പുകളിലൂടെ പരിചിതമായ രചനകള്‍ …. അവയുടെ മുന്നില്‍ വന്നു നിറയുന്ന ആളുകള്‍. ചിലരവിടെ ധ്യാനസ്ഥരാവുന്നു. മറ്റുചിലര്‍ ശ്രദ്ധാപൂര്‍വ്വം ചിത്രങ്ങളുടെ വിശദാംശങ്ങളില്‍ കണ്ണുനട്ടു നില്ക്കുന്നു. കലാവിദ്യാര്‍ത്ഥികള്‍ അവയ്ക്കു മുന്നിലിരുന്ന് അവ പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. കാണികളില്‍ ഏറെപ്പേരും ഒറ്റനോട്ടക്കാരാണ്. അവര്‍ കൂടുതലും ശ്രദ്ധിക്കുന്നത് ഫോട്ടോയെടുക്കുന്നതിലും സെല്ഫിയിലുമാണ്. അതിപ്രസിദ്ധമായ ചിത്രങ്ങള്‍ക്കു മുന്നില്‍ അവര്‍ ശ്രദ്ധാപൂര്‍വ്വം പോസ് ചെയ്യുന്നു. താനും ലോകകലയിലെ ഒരു വിസ്മയവും ചേര്‍ന്ന ഫ്രെയിമിന്റെ ഭംഗിയില്‍ അവര്‍ തൃപ്തരാണ്. അതിനപ്പുറം കലയുടെ ലോകം അവരെ കാര്യമായി സ്പര്‍ശിക്കുന്നില്ല. ലോകത്തെ പുറംകാഴ്ച്ചകളായി കണ്ട് തൃപ്തരാകാന്‍ അവര്‍ സന്നദ്ധരാണ്. അതിന്റെ ആഹ്ലാദവും പ്രസരിപ്പും അവരെ ചൂഴ്ന്നുനില്ക്കുന്നു.
നാഷണല്‍ ഗാലറിയിലേക്കുള്ള രണ്ടാം തവണത്തെ യാത്രയിലാണ് നവോത്ഥാനകലയുടെ ഭാഗമായുള്ള ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞത്. അന്ന് യാത്ര ഒറ്റയ്ക്കായിരുന്നു. മുരളിയേട്ടന് മകന് രാമുവിന്റെ ഇരുപത്തിയൊന്നാം പിറന്നാളിന്റെ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു. ബ്രിട്ടനില്‍ ഇരുപത്തിയൊന്നാം ജന്മദിനം ഏറെ പ്രധാനമാണ്. അതോടെ ഒരാള്‍ കൌമാരം വിട്ട് പ്രായപൂര്‍ത്തിയിലേക്ക് കാലൂന്നുന്നു. ഔപചാരികം എന്നതിനപ്പുറം പോകുന്ന പ്രാധാന്യം അതിനവിടെയുണ്ട്. പലരും അതോടെ സ്വന്തമായി താമസം തുടങ്ങുന്നു എന്നാണ് മുരളിയേട്ടന് പറഞ്ഞത്. താന്‍ ഒറ്റയ്ക്കൊരാളായി എന്ന് ലോകത്തോട് പ്രഖ്യാപിക്കുന്ന ദിവസം കൂടിയാണത്. അയാളും കുടുംബവും സുഹൃത്തുക്കളും എല്ലാം ചേര്‍ന്ന് അതാഘോഷിക്കുന്നു. “ദാ, പുതിയൊരാള് കൂടി സ്വന്തം വഴിയിലൂടെ നടന്നുതുടങ്ങുന്നു” എന്ന് ലോകത്തോട് അവര്‍ ഒരുമിച്ചിരുന്ന് പ്രഖ്യാപിക്കുന്നു.
പിറന്നാള്‍ തിരക്കുകള്‍ മൂലം മുരളിയേട്ടന് ഒപ്പം വരാനാകാതെപോയ ദിവസങ്ങളിലൊന്നായിരുന്നു നാഷണല്‍ ഗാലറിയിലേക്കുള്ള എന്റെ രണ്ടാമത്തെ യാത്ര. രാവിലെ ഈസ്റ്റ് ഫിഞ്ച്ലിയില്‍ നിന്ന് “ട്യൂബ്” എന്നറിയപ്പെടുന്ന തീവണ്ടിയില്‍ പുറപ്പെട്ടു. ലണ്ടനിലെ അതിവിപുലമായ റെയില്‍ ശൃംഖലയാണ് ട്യൂബ്. ലണ്ടന്നഗരജീവിതം അതില്‍ ഇരമ്പിമറിയുന്നു. ലണ്ടന്‍ ജീവിതത്തിന്റെ പരിഛേദം നാം കണ്ടുമുട്ടുന്ന ഇടങ്ങളിലൊന്നാണത്. ഒഴുകുന്ന മനുഷ്യമഹാസഞ്ചയം. രാവിന്റെ അന്തിമയാമങ്ങളൊഴികെ ആ ട്രെയിന്‍ സംവിധാനം പ്രവര്‍ത്തനനിരതമാണ്. അതിലൊന്നില്‍ കയറി ചാണിങ്ങ് ക്രോസിലിറങ്ങി. അല്പം നടന്ന് ട്രാഫല്‍ഗര്‍ സ്ക്വയറിലെത്തി. ഗംഭീരമായ നഗരചത്വരം. അതിന്റെ ഒരു ഭാഗത്തായി ഗംഭീരാകാരത്തോടെ നാഷണല്‍ ഗാലറി.
പല ദിവസങ്ങള്‍കൊണ്ട് മാത്രം വിശദമായി കണ്ടുതീര്‍ക്കാവുന്ന അത്രയും വലുതാണ് നാഷണല്‍ ഗാലറിയുടെ ഓരോ ഭാഗവും. സെയിന്‍സ്ബറി വിംഗ് എന്ന് പേരിട്ടിരിക്കുന്ന ഭാഗത്ത് പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ടുവരെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പടിഞ്ഞാറന്‍ കലയുടെ അതുല്യസ്ഥാനങ്ങള്‍ പലതും അവിടെ നമ്മെ വരവേല്‍ക്കുന്നുണ്ട്. ഡാവിഞ്ചിയുടെ ‘മഡോണ ഓണ്‍ ദ് റോക്സ്” ഉള്‍പ്പെടെ. നവോത്ഥാനകല ജന്മം നല്കിയ എക്കാലത്തേയും മികച്ച രചനകള്‍ നിരനിരയായി നിന്ന് വിസ്മയത്തിന്റെ അപരലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അവയ്ക്കൊപ്പം നൂറ്റാണ്ടുകള്‍ക്ക് മുന്നേയുള്ള ഭാവനയുടേയും ജീവിതായോധനങ്ങളുടേയും വഴികളിലൂടെ നാം പതിയെ ചുവടുവയ്ക്കാന്‍ തുടങ്ങുന്നു; അവസാനമില്ലാത്ത ഒരു യാത്ര.
എന്തായിരുന്നു നവോത്ഥാനഭാവനയുടെ കാതല്‍? ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണത്. പലതരം വിശദീകരണങ്ങള്‍ നവോത്ഥാനം എന്ന പ്രമേയത്തിന് കൈവന്നിട്ടുണ്ട്. ഗ്രീക്കോ-റോമന്‍ പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ് എന്നതുമുതല്‍ കോളനീകരണത്തിന്റെ സാംസ്കാരികയുക്തി എന്നതുവരെയുള്ള വിവിധതരം വിശദീകരണങ്ങള്‍. അന്യോന്യം ഇണങ്ങുന്നതും ഇടയുന്നതുമായ വ്യാഖ്യാനങ്ങളാണവ. അവയുടെയൊക്കെ പൊരുള്‍ എന്തായാലും നവോത്ഥാനഭാവനയെ സംബന്ധിച്ച് പറയാവുന്ന തര്‍ക്കരഹിതമായ ഒരു കാര്യമുണ്ട്. അത് നവോത്ഥാനം ജന്മം നല്കിയ മനുഷ്യകേന്ദ്രിതത്വമാണ് (Anthropocentrism). മധ്യകാലത്തെ ദൈവകേന്ദ്രിതത്വത്തില് നിന്ന് മനുഷ്യകേന്ദ്രിതമായ പുതിയൊരു ലോകാവബോധത്തിന്റെ ഉത്ഭവസ്ഥാനമായിരുന്നു നവോത്ഥാനം. “മനുഷ്യനാണ് മാനദണ്ഡം” (Man is the measure of all things) എന്നാ പഴയ പ്രമാണവാക്യം അവിടം മുതല്ക്കാണ് പ്രബലമായത്. പിന്നീട് ആധുനികതയുടെ (modernity) ഹൃദയതത്വം തന്നെയായി അത് മാറിത്തീര്‍ന്നു. മനുഷ്യന് എന്ന പ്രമാണപദം! എല്ലാത്തിനേയും പുതുതായി കാണാന്പോന്ന ഒരു കണ്ണായിരുന്നു അത്. കലയും സാഹിത്യവും മുതല്‍ ആചാരങ്ങളും ദൈവഭാവനയും വരെ മാനുഷികമായ വീക്ഷണത്തിലൂടെ പുനര്‍വിഭാവനം ചെയ്യപ്പെട്ടു. ഒരു അടിസ്ഥാനതത്വമെന്ന നിലയില്‍ നവോത്ഥാനത്തെക്കുറിച്ച് പറയാവുന്ന ഒരു കാര്യം അത് മനുഷ്യകേന്ദ്രിതമായ ഒന്നായിരുന്നു എന്നതാണ്. പറ്റത്തിലൊരാള്‍ എന്നതില്‍ നിന്ന് ഒറ്റയ്ക്കൊരാള്‍ എന്ന, ആധുനികമായ മനുഷ്യസങ്കല്പ്പത്തിലേക്കുള്ള ഭാവനയുടെ പടിവാതിലായിരുന്നു അത്.
നവോത്ഥാനഭാവനയുടെ ഈ സവിശേഷതയുടെ അടയാളമായി പടിഞ്ഞാറന്‍ ചിത്രകലയില്‍ തെളിഞ്ഞുവന്ന ഘടകങ്ങളിലൊന്നിനെ കുറിച്ച് വളരെക്കാലം മുന്‍പേ വായിച്ചിരുന്നു. അത് കന്യാമറിയവും ഉണ്ണിയേശുവും (Madona & Child) ഉള്‍പ്പെടുന്ന ചിത്രപരമ്പരയിലെ ശിശുവിന്റെ രൂപഭാവപരിണാമമാണ്. നവോത്ഥാനപൂര്വസന്ദര്ഭങ്ങളില് ദൈവികതയുടെ മറുപുറമായിരുന്നു മാനുഷികത. ദൈവത്തിന്റെ അപരമായ (other) മനുഷ്യന്. നവോത്ഥാനത്തിന്റെ മനുഷ്യകേന്ദ്രിതത്വം ഇതിനെ മാറ്റിമറിച്ചു. അവിടെ മനുഷ്യന് ദൈവത്തിന്റെ മറുപുറമല്ലാതായി. പകരം മാനുഷികതയുടെ പൂര്‍ണ്ണതയാണ് ദൈവം എന്നു വന്നു. മാനുഷികമായ ഗുണങ്ങളുടേയും വൈഭവങ്ങളുടേയും പൂര്‍ണ്ണത. മാനുഷികമായ സ്നേഹവും കരുതലും, കരുണയും വീര്യവും, ബുദ്ധിയും ശക്തിയും എല്ലാം അതിന്റെ പരമാവധിയിലും പരിപൂര്‍ണ്ണതയിലും എത്തുമ്പോള്‍ അത് ദൈവികതയായി പരിണമിക്കുന്നു. ദൈവികതയുടെ മറുപുറമായ മാനുഷികത എന്നതില്‍ നിന്ന് മാനുഷികതയുടെ പൂര്‍ത്തീകരണമായ ദൈവികത എന്നതിലേക്ക് നവോത്ഥാനഭാവന വഴിതിരിഞ്ഞെത്തി.
ഈ വഴിത്തിരിവിന്റെ അടയാളങ്ങളിലൊന്നാണ് കന്യാമറിയവും ഉണ്ണിയേശുവിന്റെയും ചിത്രങ്ങള്‍. നവോത്ഥാനപൂര്വചിത്രങ്ങളില് പ്രത്യക്ഷപ്പെടുന്ന ഉണ്ണിയേശു ശരീരം കൊണ്ടു മാത്രമാണ് ശിശുവായിരിക്കുന്നത്. ഒരുവയസ്സോ മറ്റോ ഉള്ള, അമ്മയുടെ ഒക്കത്തിരിക്കുന്ന, ഒരു കുഞ്ഞായി സങ്കല്‍പ്പിക്കപ്പെടുമ്പോള്‍ ആ കുഞ്ഞിന്റെ മുഖഭാവം ഏറെ മുതിര്‍ന്ന ഒരു മനുഷ്യന്റെതാണ്. കാരണം ആ കുഞ്ഞ് ദൈവരൂപമാണ്. ദൈവത്തിന് ശിശുസഹജമായ ഭാവഹാവങ്ങളില്‍ പുലരുകവയ്യ. അതുകൊണ്ട് കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ അത് അങ്ങനെയല്ലാതെയുമിരിക്കുന്നു. ഒരുവയസ്സുള്ള ശിശുവിന്റെ ശരീരവും 30 – 35 വയസ്സുള്ള ഒരാളുടെ ഘനഗൌരവം നിറഞ്ഞ മുഖവുമായി ഉണ്ണിയേശു മധ്യകാല ചിത്രങ്ങളില്‍ ഇടം പിടിച്ചു. കുഞ്ഞായിരിക്കുമ്പോഴും ഉണ്ണിയേശുവിന് പൂര്‍ണ്ണമായി കുഞ്ഞാവുക വയ്യ. ദൈവത്തിന് കുട്ടിക്കളിയില്ല! കലാചരിത്രം ഈ കുഞ്ഞിനെ “പ്രായപൂര്‍ത്തിയായ ശിശു” (Adult child) എന്നു വിശേഷിപ്പിച്ചു.
നവോത്ഥാനം ഈ ദൈവഭാവനയെ പൊളിച്ചുപണിതു. മാനുഷികതയുടെ മറുപുറം എന്നതില്‍ നിന്ന് മാനുഷികതയുടെ പൂര്‍ണ്ണത എന്നതിലേക്ക് നീങ്ങിയ ദൈവഭാവന ഉണ്ണിയേശുവിനെ “മുതിര്‍ന്ന കുഞ്ഞി”ല്‍ നിന്ന് സാധാരണ ശിശുവിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. അതോടെ ഏത് വീട്ടുമുറ്റത്തും ഓടിക്കളിക്കുന്ന, രൂപസൗഭാഗ്യവും ഭാവഹാവങ്ങളും തികഞ്ഞ ഒരു കുഞ്ഞായി ഉണ്ണിയേശു രൂപാന്തരം പ്രാപിച്ചു. പടിഞ്ഞാറന്‍ നവോത്ഥാനത്തിന്റെ ഉയര്‍ന്ന ഘട്ടമായ (high renaissance) റാഫേലിന്റെയും മറ്റും ചിത്രത്തിലേക്കെത്തുമ്പോള്‍ മാനുഷികമായ ഈ ഭാവഹാവങ്ങള്‍ ഉണ്ണിയേശുവിന്റെ ചിത്രത്തില്‍ പ്രകടമാവാന്‍ തുടങ്ങി. പതിനേഴും പതിനെട്ടും ശതകങ്ങളില്‍ അത് അതിപ്രബലമായി. മാനുഷികതയുടെ ആകാരസുഷമയും ഭാവലാവണ്യവും ഒത്തിണങ്ങിയ കുഞ്ഞുങ്ങള്‍ ദൈവപുത്രനായി അക്കാലത്തെ എണ്ണച്ചായ ചിത്രങ്ങളില്‍ നിറഞ്ഞു. പ്രപഞ്ചഭാരം മുഴുവന്‍ ചുമക്കുന്ന, ഗൗരവപ്രകൃതിയായ മുതിര്‍ന്ന കുഞ്ഞില്‍ നിന്ന് മാനുഷികതയുടെ സഹജപ്രകൃതമുള്ള കുഞ്ഞിലേക്ക് ദൈവപുത്രന് വഴിമാറി നടന്നു.
നാഷണല്‍ ഗാലറിയുടെ സെയിന്‍സ്ബറി ശാഖയിലേക്ക് കടക്കുമ്പോള്‍ ഇക്കാര്യമൊന്നും ഞാന്‍ ഓര്‍ത്തിരുന്നില്ല. മുരളിയേട്ടന്റെ വീട്ടില്‍ നിന്നും രാവിലെ പുറപ്പെട്ട് പത്തുമണി കഴിഞ്ഞാണ് ഗ്യാലറിയിലെത്തിയത്. ലണ്ടനിലെത്തിയത്തിനുശേഷം ഒറ്റയ്ക്കുള്ള ആദ്യയാത്ര. സ്റ്റേഷനിലിറങ്ങി ട്രാഫല്‍ഗര്‍ സ്ക്വയര്‍ മുറിച്ചുകടന്ന് നാഷണല്‍ ഗ്യാലറിയുടെ പ്രവേശനകവാടത്തിലെത്തി. ഗ്യാലറിയില്‍ പ്രവേശനം സൗജന്യമാണ്. ദിവസവും ആയിരക്കണക്കിന് സന്ദര്‍ശകര്‍ അവിടെ വന്നുമടങ്ങുന്നു. ഗ്യാലറിയുടെ രൂപവും ഘടനയും വിശദീകരിക്കുന്ന ഒരു രേഖാചിത്രം വാങ്ങി നോക്കി. പടിഞ്ഞാറന്‍ കലയുടെ ഉത്ഭവഘട്ടത്തിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സെയിന്‍സ്ബറി ശാഖയില്‍ നിന്ന് കാഴ്ച തുടങ്ങാം എന്നു കരുതി. അവിടേക്ക് നടന്നു. അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പതിമൂന്നാം ശതകത്തിലെ ചിത്രങ്ങളില്‍ നോക്കി കുറേനേരം നിന്നു. മധ്യകാലത്തിന്റെ സ്വഭാവമായി കരുതപ്പെടുന്ന ഇരുട്ടും വിഷാദവും ആ ചിത്രങ്ങളില്‍ പതിഞ്ഞുകിടക്കുന്നതായി തോന്നി. പ്രകാശപൂര്‍ണ്ണമായ ദൃശ്യങ്ങള്‍ അവിടെ ഏറെയൊന്നുമില്ല. ആഹ്ലാദത്തിന്റെയും വിസ്മയത്തിന്റെയും വെളിച്ചം നിറഞ്ഞ ലോകങ്ങള്‍ ആ ചിത്രങ്ങളില്‍ നിന്ന് പിന്‍വാങ്ങി നില്‍ക്കുന്നത് ഒറ്റനോട്ടത്തില്‍ തന്നെ കാണാനാവുമായിരുന്നു.
സെയിന്‍സ്ബറി വിംഗിലെ ഒന്നാം നിലയിലെ ചിത്രങ്ങള്‍ക്കു മുന്നിലൂടെ കടന്നുപോകുമ്പോഴാണ് ഇരുണ്ടു നില്ക്കുന്ന ഒരു ചിത്രം കണ്ടത്. പതിമൂന്നാം ശതകത്തിന്റെ അന്ത്യദശകങ്ങളിലെപ്പോഴോ സിമാബ്യൂ Cimabue രചിച്ച ചിത്രം. “കന്യാമറിയവും ഉണ്ണിയേശുവും രണ്ട് മാലഖമാര്‍ക്കൊപ്പം” (Virgin and the child with Two Angels) എന്നാണു ആ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അത് പില്ക്കാല കലാചരിത്രകാരന്മാര് ആ ചിത്രത്തിന് നല്കിയ പേരാകാനേ വഴിയുള്ളൂ. ഇറ്റാലിയന്‍ കലയുടെ അവതാരകാരിലൊരാളായി പരിഗണിക്കപ്പെടുന്ന ഒരാളാണ് സിമാബ്യൂ. ഡാന്റെയുടെ വിശ്വപ്രസിദ്ധമായ ഡിവൈന്കോമഡിയില് സിമാബ്യൂ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പതിമൂന്നാം ശതകത്തിന്റെ അന്ത്യപാദങ്ങളില്‍, 1280-85 കാലയളവിലാകണം സിമാബ്യൂ ആ ചിത്രം വരച്ചതെന്നാണ് കലാപഠിതാക്കള് വിശദീകരിക്കുന്നത്.
പോപ്ലാര്‍ മരപ്പലകകളുടെ മിനുസപ്പെടുത്തിയ പ്രതലത്തില്‍ മുട്ടയുടെ വെള്ളയില്‍ ചാലിച്ച ചായമുപയോഗിച്ചാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. എണ്ണച്ചായത്തിന്റെ വ്യാപകമായ രംഗപ്രവേശത്തിന് പിന്നെയും ഒരു നൂറ്റാണ്ടിലധികം കഴിയണമായിരുന്നു. നാഷണല്‍ ഗ്യാലറിയിലെ തന്നെ അപൂര്വരചനകളിലൊന്നായി ഈ ചിത്രം പരിഗണിക്കപ്പെട്ടുവരുന്നതിന്റെ കാരണവും മറ്റൊന്നല്ല. നവോത്ഥാനഭാവന ഇറ്റാലിയന്‍ കലയില്‍ ചുവടുവച്ചു തുടങ്ങുന്ന കാലത്തെ ആ രചനയിലേക്ക് നോക്കിനില്ക്കുമ്പോള് “മുതിര്‍ന്ന കുഞ്ഞ്” (Adult Child) എന്ന പണ്ടെപ്പോഴോ വായിച്ചതിന്റെ ഓര്‍മ്മകള്‍ മനസ്സിലെത്തി. അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മുതിര്‍ന്ന ഒരാളുടെ പരിവേഷങ്ങള്‍ തികഞ്ഞ ഉണ്ണിയേശു! ആദ്യകാല ക്രൈസ്തവകലയുടേയും ഈജിപ്ഷ്യന്‍-ബൈസാന്റൈന്‍ കലയുടേയും സമ്പ്രദായങ്ങള്‍ ഇറ്റാലിയന്‍ കലയുമായി കൂടിക്കലര്‍ന്നുണ്ടായ രചനാരീതിയാണ് സീമാബ്യൂ പിന്‍പറ്റുന്നത്. മധ്യകാലം ജന്മം നല്കിയ ക്രിസ്തുസങ്കല്പത്തിന്റെ മുദ്രകള്‍ അതില്‍ പതിഞ്ഞുകിടക്കുന്നു. സീമാബ്യൂവിന്റെ ചിത്രത്തില്‍ നിന്ന് അധികകാലം വൈകാതെ രചിക്കപ്പെട്ട ഡുഷ്യോ ബ്യോണിന്സെഗ്നയുടെ (Duccio Buoninsegna) “കന്യാമറിയവും കുഞ്ഞും” (1312-15) എന്ന ചിത്രത്തിലും ഇതേ തരത്തിലുള്ള ശിശുസങ്കല്പം പ്രബലമായി തുടരുന്നുണ്ട്. ഉണ്ണിയേശുവിന്റെ വസ്ത്രത്തില്‍ അവിടെ ശിശുപ്രകൃതം കുറേക്കൂടി വര്‍ദ്ധിച്ചിട്ടുണ്ട്. എങ്കിലും “മുതിര്‍ന്ന കുഞ്ഞ്” എന്ന അടിസ്ഥാന പ്രകൃതത്തിന് അവിടേയും മാറ്റമില്ല. മാനുഷികതയുടെ സ്വാഭാവികപരിവേഷങ്ങള് ദൈവപുത്രനെക്കുറിച്ചുള്ള ഭാവനയില്‍ അപ്പോഴും സാധ്യമല്ലായിരുന്നു.
ദൈവഭാവനയുടെ പരിണാമചിത്രത്തിലെ ഏടുകളെക്കുറിച്ച് ആലോചിച്ചാണ് ഞാനാ വഴികളിലൂടെ നടന്നത്. മനുഷ്യന്റെ ഭാവനാബന്ധങ്ങളെ നിര്‍ണ്ണയിച്ച ചരിത്രപ്രകാരങ്ങള് ദൈവഭാവനയേയും പുതുക്കിപ്പണിതതിനെക്കുറിച്ച്. മുന്നോട്ട് നടക്കുന്തോറും ചിത്രങ്ങളിലെ ഇരുള് മാഞ്ഞുതുടങ്ങി. പതിനഞ്ചാം ശതകത്തിലെ ചിത്രങ്ങളിലെത്തുമ്പോള്‍ പ്രകാശത്തിന്റെയും വര്ണ്ണചാരുതയുടേയും ലോകങ്ങള്‍ പ്രകടമായി കാണാമായിരുന്നു. നവോത്ഥാനഭാവനയുടെ രംഗപ്രവേശം. മാനുഷികമായ ജീവിതാഹ്ലാദങ്ങളുടെ സമൃദ്ധി ചിത്രഭാഷയെ പുതുക്കിപ്പണിയുന്നതിന്റെ അടയാളങ്ങള്‍. അവയില്‍ നോക്കിനടന്ന് സെയിന്‍സ്ബറി വിഭാഗത്തിലെ മുറികളിലൊന്നിലേക്ക് ഞാന്‍ കയറി. വിസ്മയത്തിന്റെയും ആഹ്ലാദത്തിന്റെയും ഒരു അസാധാരണ മുഹൂര്‍ത്തമായിരുന്നു അത്. ഡാവിഞ്ചിയുടെ പാറക്കൂട്ടങ്ങള്‍ക്കിടയിലെ കന്യാമറിയത്തിന്റെ ചിത്രം (Virgin on the Rocks). പതിനാറാം ശതകത്തിന്റെ വാതില്‍പ്പടിയില്‍ എവിടെയോ വച്ചാണ് (1498-1506) ഡാവിഞ്ചി അത് വരച്ചത്. നവോത്ഥാനത്തിന്റെ ഉച്ചഘട്ടം (High Renaissance) എന്നറിയപ്പെട്ട കാലം. അതിന്റെ പ്രകാശഭാസുരത മുഴുവന്‍ ആ ചിത്രത്തിലുണ്ടായിരുന്നു. എത്രയോ കാലങ്ങളായി പലതരം പകര്‍പ്പുകളിലൂടെ കണ്ടുപരിചയിച്ച ആ മഹാചിത്രത്തിലേക്ക് ഞാന്‍ ഏറെ നേരം നോക്കിനിന്നു. ഒട്ടനവധി പേര് അവിടെ മന്ത്രമുഗ്ധരെന്നപോലെ നില്ക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം കലയുടെ ചരിത്രത്തിലെ മഹാവിസ്മയത്തിനു മുന്നില്‍ ഞാനും ഏറെ നേരം നിശബ്ദനായി നിന്നു. അത്രയും പേര് ഒരു മുറിയില്‍ തിങ്ങിനിറഞ്ഞിട്ടും ആഴമേറിയ നിശബ്ദത അവിടെ നിറഞ്ഞുനിന്നിരുന്നു.
ഡാവിഞ്ചിയുടെ ചിത്രത്തിലെ ഉണ്ണിയേശു “മുതിര്‍ന്ന കുഞ്ഞല്ല”. മാനുഷികമായ ഭാവഹാവങ്ങളുള്ള ഒരു ശിശു. മാനുഷികതയുടെ പൂര്‍ണ്ണതയായി തെളിയുന്ന ദൈവഭാവന. മാനുഷികതയുടെ അപരമായിത്തീരാത്ത ദൈവികത. നവോത്ഥാനം ജന്മം നല്കിയ ഭാവനാബന്ധങ്ങളുടേയും രചനാവിശേഷങ്ങളുടേയും പൂര്ണ്ണസ്വരൂപമാണ് ഡാവിഞ്ചിയുടെ ആ ചിത്രം. പ്രകൃതിയും മനുഷ്യനും ഒത്തുചേര്‍ന്ന പുതിയൊരു ഭാവസല്ലയനമായി ദൈവം പരിണമിക്കുന്നതിന്റെ മുദ്രകള്‍ അവിടെ അത്രമേല്‍ പ്രകടമാണ്. ദൂരദര്ശനത്തേയും സൂക്ഷ്മദര്‍ശനത്തേയും ഒരൊറ്റ ഫ്രെയിമില്‍ ചേര്‍ത്തുവയ്ക്കുന്ന ഡാവിഞ്ചിയുടെ അസാധാരണമായ രചനാവൈഭവത്തിന്റെ മികവ് ആ ചിത്രത്തിലും തെളിഞ്ഞുകാണാമായിരുന്നു. മാനുഷികമായി പുനര്നിര്വചിക്കപ്പെട്ട ദൈവഭാവനയുടെ രംഗപ്രവേശം.
പടിഞ്ഞാറന്‍ കലാചരിത്രം പിന്നീട് ഏറ്റെടുത്തത് ഈ ദൈവഭാവനയെയാണ്. റാഫേലിന്റെയും പില്ക്കാലത്തെ ഒട്ടനവധി പടിഞ്ഞാറന്‍ ചിത്രകാരന്മാരിലൂടെയും അതിന് തുടര്‍ച്ചകളുണ്ടായി. അലൗകികമായ അധികാരപദവിയില്‍ നിന്നും മാനുഷികമായ ജീവിതാഹ്ലാദങ്ങളിലേക്കുള്ള ദൈവകല്പനയുടെ ആ പരിണാമത്തിന് പിന്നീട് പിന്മടക്കമുണ്ടായില്ല. ചരിത്രത്തിലെ ആ വലിയ വഴിത്തിരിവിലേക്ക് കണ്ണുനട്ട് ഏറെ നേരം ഞാന്‍ നിന്നു.
ഏറെക്കഴിഞ്ഞ് ഗ്യാലറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മുന്നിലെ ട്രാഫല്‍ഗര്‍ സ്ക്വയര്‍ ശബ്ദമുഖരിതമായിരുന്നു. നാനാദേശങ്ങളില്‍ നിന്നെത്തിയ മനുഷ്യരുടെ ആഹ്ലാദോല്സവങ്ങള്. ആ നഗരചത്വരത്തിന്റെ ഓരോ മൂലയിലും സംഗീതവും നൃത്തവും അഭ്യാസപ്രകടനങ്ങളും അരങ്ങേറുന്നുണ്ടായിരുന്നു. എല്ലാത്തിനും ചുറ്റും ചെറിയചെറിയ ആള്‍ക്കൂട്ടങ്ങള്‍. മനുഷ്യന് എന്ന വിസ്മയചിത്രത്തിന്റെ രൂപഭാവങ്ങളിലേക്ക് നോക്കി ഞാനും ഒരു ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു.
Be the first to write a comment.