കോറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയും ലോക സമ്പദസമ്പദ് വ്യവസ്ഥയുമായി എന്താണ് ബന്ധം? ലോകത്തിലെ പ്രധാന ഓഹരികളുടെ സൂചികകൾ എന്തേ ഒരു വൈറസ് വ്യാപനത്തിൽ ചീട്ടുകൊട്ടാരം കണക്ക് ആടിയുലയുന്നത്? ഒരു പകർച്ചവ്യാധിയെ പോലും നേരിടാനുള്ള കരുത്ത് ലോകത്തെ നിയന്ത്രിക്കുന്ന മുതലാളിത്തത്തില്‍ ഊന്നിയ വിപണി വ്യവസ്ഥയ്ക്കില്ലേ?

ആഗോള ഓഹരി വിപണി നൽകുന്ന പാഠം

ഫെബ്രുവരി 10 നും മാർച്ച് 10നും ഇടയിൽ ലോകത്തെ പ്രധാന വിപണികളിൽ വലിയ ചാഞ്ചാട്ടമാണ് കണ്ടത്. അമേരിക്ക (-26), ബ്രിട്ടൻ (-26), ആസ്ട്രേലിയ (-24), കാനഡ (-25), ബ്രസീൽ (-27), ദക്ഷിണ കൊറിയ (-17), യു എ ഇ (-19), റഷ്യ (-20), ഇന്തോനേഷ്യ (-17), ഇന്ത്യ (-14) ശതമാനം ഇടിവാണ് യഥാകമം രേഖപ്പെടുത്തിയത്. എന്നാൽ കോറോണ എന്ന കോവിഡ്19ന്‍റെ ഉത്ഭവകേന്ദ്രം ആയ ചൈനയുടെ ഓഹരി വിപണി ഈ കാലഘട്ടത്തിൽ ഇടിഞ്ഞില്ല എന്ന് മാത്രമല്ല, 0.3 ശതമാനം ഉയരുകയും ചെയ്തു. ആഗോള ജിഡിപി വളർച്ച, ഒരു പാട് കാലമായി നിന്നിരുന്ന 3.5 ശതമാനത്തിൽ നിന്നും 2.2 ശതമാനമായി താഴും എന്നാണ് ബാങ്ക് ഓഫ് അമേരിക്ക പറയുന്നത്. ഒരു വൻ ആഗോള മാന്ദ്യം IMFഉം വേള്‍ഡ് ബാങ്കും പ്രവചിച്ചു കഴിഞ്ഞു.

ചൈനീസ് ഓഹരി വിപണിയിൽ കാര്യമായ ചാഞ്ചാട്ടമില്ലാതിരുന്നതിന് ഒരു കാരണം ആഗോള വ്യവസായ ഉത്പാദന ശ്രേണിയുടെ അടിസ്ഥാന കണ്ണിയാണ് ചൈന എന്നതിനൊപ്പം ഈ ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ ചൈനീസ് സർക്കാറിന് കഴിയും എന്നത് തന്നെയാണ്. ഒരു മുതലാളിത്ത വ്യവസ്ഥയാണ് ചൈനയിലെങ്കിലും അടിസ്ഥാന സേവനമേഖലകളിൽ കമ്യൂണിസ്റ്റ് സർക്കാരിന് പൂർണ്ണ നിയന്ത്രണം ഉണ്ട്. സിസ്റ്റം തളർന്നാലും അതിനെ ഉത്തേജിപ്പിക്കാൻ ഷി പിംഗിന്‍റെ സർക്കാറിന് കഴിയുമെന്ന് ആഗോള മൂലധനം വിശ്വസിക്കുന്നു എന്നതാണ് കോവിഡ്19 കാലത്തെ ചൈനീസ് ഓഹരി വിപണി പറയാതെ പറയുന്ന ഒരു സത്യം.

എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയാകട്ടെ വളർച്ച മുരടിച്ച് ഒരു ഉത്തേജന സ്രോതസ് അന്വേഷിച്ചിരിക്കുമ്പോഴാണ് Yeട Bankന്‍റെ വീഴ്ചയും കോവിഡ്19ന്‍റെ അവതാരവും. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ഒറ്റ ദിവസം ഒലിച്ച് പോയത് 9 ട്രില്യൻ രൂപയ്ക്ക് മുകളിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മുകേഷ് അംബാനിയ്ക്ക് നഷ്ടപ്പെടുകയും ചെയ്തു. 23 ദിവസം കൊണ്ട് ഏകദേശം 19 ബില്യൺ ഡോളറിന്‍റെ കുറവാണ് മുകേഷ് അംബാനിയ്ക്ക് ഉണ്ടായത്. കോവിഡ്19, മാത്രമല്ല ക്രൂഡ് ഓയിലിന്‍റെ വിലയിടിവും, PMC Bank ന്റേയും Yes Bank ന്റേയും തകർച്ചും പിന്നെ രൂപയുടെ മൂല്യതകർച്ചയും എല്ലാം ഒന്നിച്ച് കൂടിയപ്പോൾ മാർച്ചുമാസത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ 15 ട്രില്യൺ രൂപ നിരാവി ആയി. അതിലും വലിയ വീഴ്ച മാർച്ച് 13ന് ഉണ്ടായതാണ്. ഒറ്റയടിക്ക് 3500 പോയിന്റാണ് ഓഹരി വിപണി തുറന്ന 15 മിനിറ്റിനുള്ളിൽ താഴേയ്ക്ക് പോയത്. 10% ത്തിനും മുകളിൽ. അതായത് ഒരു വിപണി തകർച്ച സംഭവിച്ചു. ഉടൻ വിപണി കുറെ സമയം ക്രയവികയം നിറുത്തി വയ്ക്കുകയും ചെയ്തു. പക്ഷേ പിന്നീട് നഷ്ടപ്പെട്ടത് തിരിച്ചെടുക്കുന്നതാണ് കണ്ടത്. LICയോ അത് പോലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം ആയിരിക്കണം നിലം കൂപ്പുന്ന ഓഹരി വിപണിയിൽ പ്രത്യേകിച്ച് ഒരു ലക്ഷ്യം ഇല്ലാതെ വാങ്ങൽ നടത്തിയത്. ചുരുക്കത്തിൽ ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ചയിലും ചാഞ്ചാട്ടത്തിലും കോവിഡ്19 ന് പങ്കുണ്ടെങ്കിലും അതിലും അപകടകാരികളായ പല വൈറസുകളും യാതൊരു നിയന്ത്രണവും ഇല്ലാതെ പ്രവർത്തിക്കുകയാണ്.

കോവിഡും ലോക സാമ്പത്തിക വ്യവസ്ഥയും

എന്നാൽ കോവിഡ് 19, ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലെ അവസ്ഥയിലേക്ക്, ഗ്രേറ്റ് ഡിപ്രഷൻ, ആഗോളമാന്ദ്യാവസ്ഥയിലേക്ക് ലോക സമ്പദ് വ്യവസ്ഥയെ നയിക്കുകയാണ്. 2008 ലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും പതുക്കെ കരകയറി വരുകയായിരുന്ന ലോകത്തിലെ പല സാമ്പത്തിക ശക്തികളും. ലോക ജി ഡി പി യിൽ കാര്യമായ ഇടിവൊന്നും ഉണ്ടാകില്ലെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഒരു വൈറസിന്‍റെ വരവ്.

ശീതയുദ്ധകാലഘട്ടത്തിനു ശേഷം 1989 ലെ ഇറാക്കിന്‍റെ കുവൈറ്റ് ആക്രമണത്തിനും ശേഷം ആദ്യമായാണ് ലോകത്തിലെ പ്രധാന സാമ്പത്തിക മേഖലകളെ ഒന്നടങ്കം പിടിച്ചുലക്കുന്ന രീതിയിൽ ഒരു ആക്രമണം നടക്കുന്നത്. ആക്രമണകാരിയാകട്ടെ മനുഷ്യ ദൃഷ്ടിക്ക് ഗോചരമല്ലാത്ത ഒരു വൈറസ്, നോവൽ കോറോണ വൈറസ് അഥവാ കോവിഡ്19. എവിടെ നിന്ന് എങ്ങനെ ഉൽഭവിച്ചു എന്ന് യാതൊരു വ്യക്തതയും ഇല്ലാത്ത ഒരു മൈക്രോ പാർട്ടിക്കിൾ. പക്ഷേ കോറോണ വൈറസ് ഇന്ന് ലോകത്തെ പ്രധാന സാമ്പത്തിക മേഖലകളെ തീർത്തും നിശ്ചലമാക്കി കഴിഞ്ഞിരിക്കുന്നു. ലാറ്റിൻ അമേരിക്കയും ആഫ്രിക്കയുടെ ചില ഭാഗങ്ങളും അന്റാർട്ടികയും പിന്നെ ചെറിയ ദ്വീപ സമൂഹങ്ങളും മാറ്റി നിറുത്തിയാൽ കോവിഡ്19 എത്തിപ്പെടാത്ത സ്ഥലങ്ങളില്ല.

2019 ഡിസംബറിന്‍റെ അവസാനം ചൈനയിലെ വുഹാനിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും 2020 ജനുവരി മദ്ധ്യേ മാത്രമാണ് ലോകം ഈ വാർത്ത അറിഞ്ഞത്. അപ്പോഴേയ്ക്കും വുഹാൻ മാത്രമല്ല ചൈനയുടെ വടക്കൻ മേഖലകളിൽ നിന്നും തെക്കൻ മേഖലകളിലേയ്ക്ക് കോവിഡ്19 പടർന്നു കഴിഞ്ഞിരുന്നു. ദിനംപ്രതി നൂറ് കണക്കിന് ആളുകൾ മരിച്ചു വീണു. ചൈന യുദ്ധകാല അടിസ്ഥാനത്തിൽ ആശുപത്രികൾ നിർമ്മിക്കുകയും മെഡിക്കൽ പ്രൊഫഷണൽസിനെ രംഗത്തിറക്കിയും രാജ്യം മുഴുവൻ അടച്ചു പൂട്ടിയും ഈ മഹാമാരിയെ നേരിടാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും ചൈനയ്ക്ക് പുറത്ത് കൊറിയയിലും മറ്റും കോവിഡ്19 എത്തിക്കഴിഞ്ഞിരുന്നു.

ഫെബ്രുവരി അവസാനത്തോടെ ചൈനയിലെ കോവിഡ്19 ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന നിരക്ക് പതുക്കെ കുറയാനും അവിടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാനും തുടങ്ങിയ ഘട്ടത്തിൽ ഈ മഹാമാരി അതിർത്തികളും കടലുകളും കടന്ന് ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങി. ഇറ്റലിയിലും ഇറാനിലും ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് ആ രാജ്യങ്ങളെ നിശ്ചലമാക്കുന്ന രീതിയിൽ പടർന്നു. ഒപ്പം ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ എന്നി രാജ്യങ്ങൾ സന്ദർശിച്ച വ്യക്തികൾ ഈ വൈറസ് വാഹകരായി പല രാജ്യങ്ങളിൽ ലോകം പരത്തുക മാത്രമല്ല അവരുമായി ബന്ധപ്പട്ട വ്യക്തികളിലേയ്ക്കും പകരാൻ തുടങ്ങി. മാർച്ച് ആദ്യവാരം ലോകാരോഗ്യ സംഘടന കോവിഡ് 19 നെ മഹാമാരി പട്ടികയിൽ പെടുത്തി ഒരു സംയോജിത പ്രവർത്തനത്തിലുടെ പ്രതിരോധിക്കാൻ ലോക രാഷ്ട്രങ്ങളോടും ജനതയോടും ആവശ്യപ്പെട്ടു. പക്ഷേ അപ്പോഴേയ്ക്കും കോവിഡ്19 ലോക രാഷ്ട്രങ്ങളുടെ ആരോഗ്യരംഗത്തിൻ്റെ നിലനിൽപ്പ് മാത്രമല്ല ലോക സമ്പദ് വ്യവസ്ഥയുടെ നിലനിൽപ്പ് കൂടി ചോദ്യം ചെയ്യുന്ന രീതിയിൽ കാര്യങ്ങളെ എത്തിച്ചു കഴിഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിൽ ലോകം പടർന്നു പിടിച്ച സ്പാനിഷ് പനി തുടങ്ങി HIV AIDS മുതൽ രണ്ടായിരമാണ്ടിനു ശേഷം വന്ന SARS, MERS, എബോള മുതൽ പന്നി പനിയും എന്തിന് 2018ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത നിപ്പായും വരെ ഒരു പക്ഷേ കോവിഡ്19 നേക്കാളും മരണസാധ്യതയുള്ള പകർച്ചവ്യാധികൾ ആയിരുന്നെങ്കിലും ഇവയൊന്നും തന്നെ ലോക സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചവയൊന്നും അല്ലായിരുന്നു. എന്നാൽ കോവിഡ്19 ലോകത്തിനെ തീർത്തും കുറച്ചു കാലത്തേയ്ക്ക് എങ്കിലും ഒന്നു നിശ്ചലമാക്കത്ത തരത്തിൽ നിലനിൽപ്പിന്‍റെ അടിവേരുവരെ ഇളക്കുമെന്ന് ഉറപ്പായി കഴിഞ്ഞു..

ഒപ്പം സാമ്പത്തിക വളർച്ചയ്ക്ക് അടിസ്ഥാനം നവലിബറലിസത്തിലൂന്നിയ സാമ്പത്തിക നയങ്ങൾ മാത്രമാണെന്ന് കൊട്ടിഘോഷിച്ച ലോക മുതലാളിത്ത വ്യവസ്ഥ ഒരു അപ്രതീക്ഷിത പ്രതിസന്ധിയ്ക്ക് മുൻപിൽ തീർത്തും പരാജയപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.

ആഗോളവത്കരണ കാലത്തെ ഉത്പാദന ശ്രേണിയുടെ ചങ്ങല കുരുക്കുകൾ

നവലിബറലിസ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനമായ ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയിലൂന്നിയ വിപണി സമ്പദ് വ്യവസ്ഥകൾ കോവിഡ്19 നു മുൻപിൽ നൂല് പൊട്ടിയ പട്ടം പോലെ നിൽകുകയാണ്. കാരണം ലാഭേശ്ച മാത്രം ലക്ഷ്യമാക്കിയ സ്വകാര്യ മൂലധനത്തിന് ഏറ്റവും ചിലവ് കുറഞ്ഞ ഉത്പാദനം ആണ് വേണ്ടത്. അത് പ്രാധാനം ചെയ്തിരുന്നത് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ്, വ്യക്തമായി പറഞ്ഞാൽ ചൈന. 1995 ൽ ആഗോള വാണിജ്യത്തിന്‍റെ വെറും മൂന്ന് ശതമാനം മാത്രം കൈകാര്യം ചെയ്തിരുന്ന ചൈന, 2019 ആയപ്പോൾ ഏകദേശം 14 ശതമാനത്തോളത്തെത്തി ലോക വാണിജ്യത്തിലെ മുൻനിരയിൽ എത്തി. അതുപോലെ ആഗോള ജിഡിപി (PPP) യുടെ 19 ശതമാനവും ചൈനയുടേതാണ്. ചുരുക്കത്തിൽ ലോകത്തിന്‍റെ വ്യവസായിക ഉത്പാദന ഹബ്ബും മൂലധന പ്രധാനിയും ചൈന ആണ്. ഒരു ദിവസം ചൈനയിലെ ഫാക്ടറികൾ അടച്ചിടേണ്ടി വന്നാൽ, ചൈനയിലെ ചരക്ക് നീക്കം തടസ്സപ്പെട്ടാൽ ചൈനയിലെ തുറമുഖങ്ങളിൽ നിന്ന് ചരക്ക് കപ്പലുകൾ നീങ്ങിയില്ലെങ്കിൽ ലോകത്തിലെ പല രാജ്യങ്ങളിലും വ്യവസായ സ്ഥാപനങ്ങൾ നിശ്ചലമാവും, കച്ചവട സ്ഥാപനങ്ങളിലെ അലമാരകൾ കാലിയാവും എന്തിന് ടോയലറ്റ് പേപ്പർ വരെ തീർന്നു പോകും.

കാരണം ആഗോള ഉത്പാദന ശൃംഖലയിലെ അടിസ്ഥാന കണ്ണിയായി മാറി ചൈന. ഉദാഹരണത്തിന് അമേരിക്കയിലെ 75 ശതമാനം വ്യവസായ യൂണിറ്റുകളും 80 ശതമാനത്തോളം സേവനം ചരക്ക് സ്ഥാപനങ്ങളും ഒരു തരത്തിലല്ലെങ്കിൽ വേറൊരു തരത്തിൽ ചൈനയിൽ നിന്നുള്ള ചരക്ക് വരവിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഹാർവാഡ് ബിസിനസ്സ് റിവ്യുവിന്‍റെ ഒരു പഠന പ്രകാരം ചൈനയിലെ ഫാക്ടറിയിൽ നിന്നു ചരക്ക് അമേരിക്ക, യൂറോപ്പ് തുറമുഖങ്ങളിൽ എത്താൻ മിനിമം 5-6 ആഴ്ച വേണം. പൊതുവെ കമ്പനികൾ 2 മുതൽ 4 ആഴ്ച വരെയുള്ള അധിക സ്റ്റോക്ക് മാത്രമേ ഇൻവെന്ററി ആയി കരുതൂ. അത് കൊണ്ട് തന്നെയാണ് ജനുവരി അവസാന വാരത്തോടെ ചൈന ഒന്നടങ്കം കോറോണയെ പ്രതിരോധിക്കാനായി അടച്ച് പൂട്ടിയപ്പോൾ ആദ്യം കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് ഫെബ്രുവരി രണ്ടാം വാരം പ്രഖ്യാപിച്ചു ഉത്പാദനം താൽക്കാലികമായി നിറുത്തി വെക്കുകയാണെന്ന്. ചൈനയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് ചരക്ക് നീങ്ങാൻ 2-3 ആഴ്ചകൾ മാത്രമേ വേണ്ടൂ.

ചൈനീസ് തുറമുഖങ്ങളിലെ ചരക്ക്കപ്പലുകളുടെ നീക്കം ജനുവരി അവസാനത്തിൽ 30 ശതമാനം കുറഞ്ഞു. ഫെബ്രുവരിയിൽ അത് 60-70 ശതമാനത്തിനും താഴേയായി. ചുരുക്കത്തിൽ പറഞ്ഞാൽ ലോകത്തിലെ ഒട്ടുമിക്ക ഉത്പാദന യൂണിറ്റുകളും അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്. ഉദാഹരണത്തിന് പാലും, മാംസവും, മുട്ടയും, പച്ചക്കറികളും, പഴങ്ങളും, ധാന്യങ്ങളും ഒക്കെ ധാരാളമായി ഉത്പാദിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്ന രാജ്യമാണ് ആസ്ത്രേലിയ. പക്ഷേ ഫാമിൽ നിന്നും സാധനം വിപണിയിൽ എത്തണമെങ്കിൽ പാക്ക് ചെയ്യണം. പാക്കിംഗ് സാധനങ്ങൾ വരണമെങ്കിൽ ചൈനീസ് കപ്പലുകൾ എത്തണം. ഇത് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങൾക്ക് ബാധകമാണ്.

ഇങ്ങനെ പരസ്പര പൂരിതമായ ആഗോളവത്കരണത്തിന്‍റെ അടിസ്ഥാന ചങ്ങലയെയാണ് കോവിഡ്19 ആദ്യഘട്ടത്തിൽ തന്നെ പൊട്ടിച്ച് കളഞ്ഞത്. ചൈന ഏപ്രിൽ ഒന്നിനോട് കൂടി ഉത്പാദനം മുഴുവനായി പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്. എന്നിരുന്നാലും ചരക്ക് ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ മെയ് മാസം പകുതിയെങ്കിലും ആവും. ചുരുക്കത്തിൽ ഒരു 4 മുതൽ 6 വരെ ആഴ്ച ലോകത്തിലെ നല്ലൊരു ശതമാനം ഫാക്ടറികളിലും ഉത്പാദനവും വിതരണവും മുടങ്ങും. അത് ഉണ്ടാക്കുന്ന ഉത്പാദന നഷ്ടം, തൊഴിൽ നഷ്ടം, ലാഭനഷ്ടം ഒക്കെ പ്രവചനാതീതമാണ്.

അതിനുമപ്പുറം അവശ്യ മരുന്നുകളുടെ, സർജറിക്കൽ വസ്തുക്കളുടെ ഉത്പാദനത്തിലുണ്ടാവുന്ന കുറവ് ആശങ്കയുണ്ടാക്കുന്നുണ്ട്. മരുന്നുകളുടെ പ്രധാന ഉത്പാദകൾ ഇന്ത്യയാണ്. പക്ഷേ അതിനു വേണ്ട അവശ്യസാധനങ്ങളുടെ വിതരണക്കാർ ചൈനയും. ഇന്ത്യയിലെ പ്രധാന ഫാർമ കമ്പനികൾ തങ്ങളുടെ ഉത്പാദനം കുറയ്ക്കുക ആണെന്ന് ഫെബ്രുവരിയിൽ പറഞ്ഞു കഴിഞ്ഞു. അങ്ങനെ ഒരു വൈറസ് ആഗോളവത്കരണത്തെ ഒരു നല്ല പാഠം പഠിപ്പിച്ചു. എന്നിരുന്നാലും ഇന്നത്തെ സാഹചര്യത്തിൽ ഒരു തിരിച്ച് പോക്കുണ്ടാവില്ല എന്ന് മാത്രമല്ല, ലോകം 1930 കളിലെ ഗ്രേറ്റ് ഡിപ്രഷൻ പോലുള്ള ഒരു അവസ്ഥയിലേക്ക് വീഴാനും സാധ്യതയുണ്ട്.

മിനിമം സ്റ്റേറ്റ് ഇല്ലാതാക്കിയ പൊതു ആരോഗ്യ രംഗവും പൊതുവിതരണവും

എന്തെന്നാൽ ഉദാരവത്കരണവും സ്വകാര്യവത്കരണവും മൂലം സ്റ്റേറ്റിന്‍റെ നിക്ഷേപം ഇന്ന് വളരെ ശുഷ്കമാണ്. പ്രധാന സേവനദാതാക്കൾ എല്ലാം തന്നെ സ്വകാര്യ സംരംഭങ്ങൾ ആണ്. മാത്സര്യത്തിൽ ഊന്നിയ കമ്പോളവത്കരണത്തിൽ പല അടിസ്ഥാന സേവനദാതാക്കളും വലിയ ലാഭമൊന്നും ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല നഷ്ടത്തിലും ആണ്. കോവിഡ്19 ആദ്യം നടുവൊടിച്ചിരിക്കുന്നത് വ്യോമ സഞ്ചാര – ടൂറിസം മേഖലകളെ ആണ്. മഹാമാരിയിൽ നിന്നും സുഖപ്പെടുവരുമ്പോൾ എത്ര വ്യോമ കമ്പനികൾ ടുറിസം ഹോട്ടൽ യൂണിറ്റുകൾ ബാക്കി ഉണ്ടാവുമെന്ന് അറിയാം. കാത്തേ പസഫിക്കിന്‍റെ കാര്യത്തിൽ എന്നായാലും തീരുമാനം കാണും. അത് പോലെ ബാങ്കുകൾ, ഷിപ്പിംഗ് കമ്പനികൾ, പല റിട്ടേയിൽ വമ്പൻമാരുടേയും അടിത്തറ ഇളക്കും. നിലനിൽപിനായി സ്വകാര്യ മൂലധനക്കാർ സർക്കാർ സഹായം തേടി വരും. ഒരു പ്രതിസന്ധിയെ നേരിടാനുള്ള ആർജവമോ ധൈര്യമോ ഇല്ലാത്തവരാണ് ഇത്ര കാലം സർക്കാരുകളെ കോർപ്പറേറ്റ് ഗവർണൻസ് പഠിപ്പിച്ചിരുന്നത് എന്ന സത്യം ഒന്ന് കൂടി വെളിവാകും.

അവശ്യ സേവനങ്ങളുടെ സ്വകാര്യവത്കരണവും പൊതുവിതരണത്തിന്‍റെ ഉദാരവത്കരണവും അടിയന്തിര സാഹചര്യത്തിൽ എങ്ങനെ ജനങ്ങളെ തീർത്തും ഒറ്റപ്പെടുത്തുമെന്നും, നിസ്സഹായർ ആക്കുമെന്നതിനുള്ള ഒരു പാട് ഉദാഹരണങ്ങൾ മുതലാളിത്ത വ്യവസ്ഥയിലൂന്നിയ രാജ്യങ്ങളിൽ നിന്ന് പുറത്ത് വരുന്നുണ്ട്. കോവിഡ്19 മഹാമാരിയായും ദേശീയ ദുരന്തമായുമൊക്കെ പ്രഖ്യാപിച്ച മുതലാളിത്ത രാജ്യങ്ങളിൽ വീട്ടിൽ അടച്ചിരിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും വൈദ്യ ചികിത്സയ്ക്കും സ്വന്തം പോക്കറ്റിനെ ആശ്രയിക്കണം. ആരോഗ്യ ഇൻഷുറൻസ് ഉള്ളവരെ കോവിഡ്19 ടെസ്റ്റ് ചെയ്യുന്നതിന് പോലും കടമ്പകൾ പലതും കടക്കണം. സ്വകാര്യ മേഖലയിലെ ചികിത്സാ ചിലവ് താങ്ങാൻ പറ്റുന്നവർ മുതലാളിത്ത രാജ്യങ്ങളിൽ കുറവാണ്. ഉദാഹരണത്തിന് ഈ അടുത്ത് അമേരിക്കയിൽ നടന്ന ഒരു സർവ്വേ പറയുന്നത് 400 ഡോളർ പോലും എമർജൻസി ഫണ്ട് ആയി എടുക്കാനില്ലാത്തവർ ആണ് ഭൂരിപക്ഷം അമേരിക്കക്കാരും എന്ന്. ഊഹിക്കുക ഇൻഷുറൻസ് ഇല്ലാത്ത ഒരാൾക്ക് പനിയും ചുമയും വന്നാൽ കോവിഡ്19 ആണോ എന്ന് തിരിച്ചറിയുക പോലും ബുദ്ധിമുട്ടാണ്. പൊതു ആരോഗ്യം അടിസ്ഥാനപരമായി പൊതു മേഖലയുടെ ഉത്തരവാദിത്തം മാത്രമാണ്. സ്വകാര്യ മേഖല ഇത്തരം ഒരു പ്രതിസന്ധിയിൽ കൈ കഴുകുകയേ ഉള്ളു. കോവിഡ് പ്രതിരോധത്തിൽ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും വിജയം കണ്ട കേരളത്തിന് അതിനു സാധ്യമായത് പൊതു ആരോഗ്യ മേഖലയുടെ വളരെ ശക്തവും ക്രിയാത്മകവും ആത്മാർത്ഥതയോടുള്ള പ്രവർത്തനം മൂലമാണ്. അതു കൊണ്ട് തന്നെ ഇത്തവണ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ച ഒരു പ്രധാന പ്രോപ്പോസൽ ആയ ജില്ലാ ആശുപത്രികളെ സ്വകാര്യവത്കരിക്കാനുള്ള നയത്തെ എതിർത്ത് തോൽപ്പിക്കേണ്ടതാണ്..

കോവിഡ്19 ആഗോളവത്കരണത്തിന്നായ കമ്പോള വ്യവസ്ഥയെ ഒരു പാഠം പഠിപ്പിക്കുകയാണ്. ഒരു വൈറസിന്‍റെ മുൻപിൽ കമ്പോള വ്യവസ്ഥ സ്റ്റേറ്റുകളേയും ജനങ്ങളേയും തീർത്തും നിസ്സഹായരും നിരാലംബരും ആക്കുകയാണ്. ഓഹരി വിപണികൾ തകർന്നു വീഴുന്നു, ഭക്ഷണ – മരുന്ന് ദൗർഭല്യങ്ങൾ ജനങ്ങളെ വലക്കുന്നു, സ്റ്റേറ്റുകൾക്ക് ആരെ ചികിത്സിക്കണമെന്നു തീരുമാനിക്കേണ്ടി വരുന്നു. ആ തിരഞ്ഞെടുപ്പിൽ വൃദ്ധരും രോഗികളും തഴയപ്പെടുന്നു. എന്നാൽ ക്ഷേമത്തിലൂന്നിയ മുതലാളിത്ത സ്റ്റേറ്റുകൾ ഒരു വിധം ഭംഗിയായി കോവിഡിനെ പ്രതിരോധിക്കാൻ ജനങ്ങളേയും സർക്കാര സംവിധാനങ്ങളേയും സജ്ജരാക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഒരു പക്ഷേ കോവിഡ്19 കാലത്തിന്‍റെ ഒരു കാവ്യനീതിയാണ് – കമ്പോളവത്കരണവും ആഗോളവത്കരണവും ഒരു പ്രതിസന്ധിയിൽ എത്ര നിസ്സഹായവും നിരുത്തരവാദിത്തും ആണെന്ന് മനസ്സിലാക്കിക്കാനുള്ള ഒരു സംഭവം. എന്നിരുന്നാലും പറയാതെ വയ്യ കോവിഡ്19 താണ്ഡവം അവസാനിപ്പിച്ച് പിൻവലിക്കുമ്പോൾ ഒരു വൻ സാമ്പത്തിക മാന്ദ്യം ലോക ജനതയെ കാത്തിരിക്കുന്നു എന്നത് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം ആണ്. മാന്ദ്യ പാക്കേജുകളിലൂടെ പല രാജ്യങ്ങളും പിടിച്ചു നിൽക്കാൻ ശ്രമിക്കമായിരിക്കും പക്ഷേ താഴേക്കിടയിലുള്ളവർ ദുരിതക്കടലിലായിരിക്കും ആഴ്ന്ന് വീഴുക. ഇന്ത്യാമഹാരാജ്യത്തിന്‍റെ കാര്യത്തിൽ പ്രതിക്ഷയുടെ ഒരു കണിക പോലും ഇല്ലാ എന്നത് അതിലും സങ്കടകരം ആണ്.

Comments

comments