എന്നെ സംബന്ധിച്ചിടത്തോളം ഏതുയാത്രയ്ക്കും ചില സമാനതകളുണ്ട്. അതിലൊന്നാണ് പൊട്ടിയ പട്ടത്തിന്റേതു പോലെ യാത്രാവേളയിൽ എനിക്കുണ്ടാകുന്ന മാനസികാവസ്ഥ. ഉത്തരവാദിത്തങ്ങളോ കെട്ടുപാടുകളോ ഇല്ലാതെ കൂട്ടുകാരോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഇത്തരമൊരു അവസ്ഥയിലേക്ക് പലപ്പോഴും ഞാനെത്തുന്നത്. അതുകൊണ്ട് കൂട്ടുകാർ മാറിയാലും കാണുന്ന നാടുകൾ മാറിയാലും ഞാനെന്ന പട്ടത്തിന്റെ നൂല് പൊട്ടിപ്പോകാതിരിക്കുന്നില്ല. മരങ്ങളിൽ തട്ടിയും തടഞ്ഞും ഇടയ്ക്ക് ഉയർന്നു പൊങ്ങിയും ആരുടേയും വരുതിയിലല്ലാതെ പൊട്ടിയ പട്ടമായങ്ങനെ ദേശങ്ങളും ഭാഷകളും കടന്ന് സ്വയം അകന്നകന്ന് പോകുന്നതിലെ രസം ഒന്നുവേറെ തന്നെയാണ്. അതുകൊണ്ട് യാത്രചെയ്യാനുള്ള അഥവാ തന്നിൽ നിന്നുതന്നെ വേർപെട്ടുപോകാനുള്ള അവസരം കുറേക്കാലമായി ഞാൻ കഴിവതും ഒഴിവാക്കാറില്ല. (എഫ് ബി ഭാഷയിൽ പറഞ്ഞാൽ ജീവലോകത്തുനിന്ന് ഒരു ഡീ ആക്ടിവേഷൻ). ഒരാൾ മറ്റുള്ളവരില്ല തന്നിൽ തന്നെയാണെന്ന് ഏറ്റവും ആഴത്തിലും പരപ്പിലും കുരുങ്ങിക്കിടക്കുന്നത് എന്നുതോന്നുന്നു.

മറ്റുള്ളവരുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കാം ഒരുവേള അല്ലായിരിക്കാം. എന്തായാലും സഹപ്രവർത്തകരായ കൂട്ടുകാരോടൊപ്പമുള്ള എന്റെ ഇത്തവണത്തെ യാത്ര ബീച്ചുകളുടേയും ക്ഷേത്രങ്ങളുടേയും വെള്ളക്കടുവകളുടേയും നാടായ ഒഡീഷയിലേക്കായിരുന്നു. പുതിയ കാലത്തിനനുസൃതമായി ‘ടൂറന്മാർ’ എന്നപേരിൽ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് യാത്രയ്ക്ക് മുമ്പേ ഞങ്ങൾ തുടങ്ങിയിരുന്നു. ഞങ്ങളുടെ യാത്രയുടെ സീസൺ ഫൈവ് ആയിരുന്നു ഒഡീഷ ട്രിപ്പ്. ഏതൊക്കൊയോ സമയത്ത് ഒരേ ഓഫീസിൽ ജോലി ചെയ്തിരുന്ന ഈ ഗ്രൂപ്പിലെ അംഗങ്ങൾ ഇപ്പോൾ കേരത്തിലെ വിവിധ ഓഫീസുകളിലാണ് ജോലി ചെയ്തുവരുന്നത്. കൊച്ചിയിൽ നിന്ന് ബംഗലൂരു, അവിടെനിന്ന് ഭുബനേശ്വർ വരെ വിമാനം, പിന്നെ റോഡുമാർഗ്ഗം പുരി-കൊണാർക്ക് മറ്റിടങ്ങൾ അതായിരുന്നു യാത്രാപദ്ധതി. ബംഗലൂരൂ വിമാനം രാവിലെ ആയതിനാൽ ഞങ്ങൾ ദൂരെയുള്ള ഏഴുപേർ ആലുവയിൽ ഒരു സുഹൃത്തിന്റെ ബന്ധുവീട്ടിൽ തങ്ങാനും ബാക്കി മൂന്നുപേർ അതിരാവിലെ എത്താനും തീരുമാനിച്ചിരുന്നു. തെക്കുനിന്ന് ചെന്നൈ മെയിലിൽ വന്ന നാലുപേരെ കോട്ടയത്തുവെച്ച് കണ്ടതോടെ എന്റെ ടൂറ് ഏറെക്കുറെ തുടങ്ങിയതുപോലായി. എട്ടുമണിയോടെ ഞങ്ങൾ ആലുവ സ്റ്റേഷനിലിറങ്ങി. അവിടെ രണ്ടുപേർ കൂടി കാത്തുനിന്നിരുന്നു. എ.ടി.എമ്മിൽ നിന്ന് ഇത്തിരി പുത്തനെടുത്ത് മടിയിൽ വെച്ചേക്കാമെന്നോർത്ത് കാർഡിട്ടപ്പോഴാണ് എട്ടിന്റെ പണികിട്ടിയത്. സാലറി അക്കൗണ്ടിൽ ടൂറിനായി മാസാവസാനംവരെ മുക്കിപ്പിടിച്ചിരുന്നതിൽ മുക്കാലും ക്രെഡിറ്റ് കാർഡ് ചൂണ്ടിയിരിക്കുന്നു. ‘കഷ്ടകാലത്തിന് കാർഡ് പാമ്പായി’ എന്നുപറഞ്ഞാൽ മതിയല്ലോ. എന്റെ പൊന്നുങ്കൊടുത്തെ കാർഡേ ഇതൊരുമാതിരി മറ്റേ പണിയായിപ്പോയി, ആണ്ടിലോ സംക്രാന്തിക്കോ മാത്രം കാത്തിരുന്ന് പൊട്ടുന്ന പട്ടത്തോട് ഈ ചതി വേണ്ടായിരുന്നു, എന്നൊക്കെ മനസ്സിൽ പിറുപിറുത്ത് ഷോക്കിന്റെ ആധിക്യം ലഘൂകരിക്കാൻ ശ്രമിച്ചെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. ആദ്യ ഉരുളയിൽതന്നെ കല്ലുകടിച്ച അവസ്ഥയിലായിപ്പോയി ഞാൻ. ടൂറ് തുടങ്ങും മുമ്പേ ടൂറിനെ അവിസ്മരണീയമാക്കിതന്നെ എസ്.ബി.ഐ ക്ക് നാല് നല്ലനമസ്കാരം പറയാതെ കിടന്നുറങ്ങാൻ കഴിയുമായിരുന്നില്ല. ഇത്തരം ഘട്ടങ്ങളിലാണ് ചില ദ്രാവകങ്ങൾക്ക് പ്രധാന്യമേറുന്നത്. പൊതിഞ്ഞ് എടുത്തെങ്കിലും വീട്ടിൽനിന്ന് ഇറങ്ങാൻ നേരം മറന്നുപോയ ‘തൊണ്ണൂറ്’ മില്ലി അവശേഷിച്ചിരുന്ന ഓൾഡ് മങ്കിന്റെ ബോട്ടിൽ എന്നെ കുത്തിനോവിച്ചു. യാത്രതുടങ്ങിയില്ല അതിനുമുമ്പേ പണികിട്ടിത്തുടങ്ങി ഇനിയെന്തൊക്കെയാണോ കാണാനിരിക്കുന്നത്. എന്തായാലും പൊട്ടിയപട്ടം എന്തുവിലകൊടുത്തും കൂടുതൽ ഉയരത്തിൽതന്നെ നിലനിർത്തുക, അത്രതന്നെ.

രണ്ട്

ലാഭകരമായി പോകുന്ന ഇന്ത്യയിലെ ഏകവിമാന സർവീസായ ഇൻഡിഗോ യിലായിരുന്നു ഞങ്ങളുടെ യാത്ര. വിമാനത്തിലെ ഇൻഡിഗോ നീലയണിഞ്ഞ പെൺകുട്ടികൾ ‘സ്വാഭാവികമായി’ത്തന്നെ സുന്ദരികളായിരുന്നു. എങ്കിലും ഇവർക്കിടയിൽ കറുപ്പോ തവിട്ടോ നിറമുള്ള ഒരിന്ത്യൻ സുന്ദരി നാളിതുവരെ എത്താതെന്തേ എന്നൊരുചിന്ത പലപ്പോഴുമെന്നപോലെ എന്നെയലട്ടിക്കൊണ്ടിരുന്നു. ആകാശസുന്ദരികളുടെ ഫ്യൂഷാ പിങ്ക് ചുണ്ടിൽ ഒട്ടിച്ചു വെച്ചപോലുള്ള ചിരിയും ഔപചാരികതയും, ആർക്കും മനസ്സിലാകേണ്ടതില്ല എന്നമട്ടിൽ മൈക്കിലൂടെ പ്രക്ഷേപിക്കുന്ന ഇംഗ്ലീഷും ഹിന്ദിയും താണ്ടി ഒരു മണിക്കൂറുകൊണ്ട് ബംഗലൂരുവിലെത്തി. പിന്നെയും ഇൻഡിഗോ നീല നടത്തങ്ങൾ, ഫ്യുഷാ പിങ്ക് ചിരികൾ, ഇംഗ്ലീഷ്- ഹിന്ദി പ്രക്ഷേപണപരിപാടികൾ തുടങ്ങിയവയുടെ അകമ്പടിയോടെ ഒന്നര മണിക്കൂറുകൊണ്ട് ഏതാണ്ട് ഉച്ച ‘ഉച്ചര’യോടെ ഞങ്ങൾ ഭുബനേശ്വർ വിമാനത്താവളത്തിൽ ലാൻഡു ചെയ്തു. അതൊരു ഒന്നൊന്നര ലാൻഡിങ്ങായിരുന്നു. ഉള്ള് കാളിപ്പോയി. 2011 നുമുമ്പുവരെ ഒറീസ്സയായിരുന്ന ഒഡീഷയുടെ മണ്ണിൽ ഞാൻ ആദ്യമായി കാലുകുത്തുകയായിരുന്നു. മറ്റ് പലവിമാനത്താവളങ്ങൾ പോലെ വലിയ പകിട്ടൊട്ടും ഭുബനേശ്വരിന് തോന്നിയില്ല. പുറമേനിന്ന് അതൊരു വലിയ റെയിൽവെ സ്റ്റേഷൻ പോലയേ തോന്നിയുള്ളൂ എന്നുപറഞ്ഞാൽ ബിജു പട്നായിക്കിന്റെ പേരിലുള്ള വിമാനത്താവളത്തിന് ഒന്നും തോന്നരുത്. ഞങ്ങൾ ടാക്സിക്കാരുടെ പ്രലോഭനങ്ങളെ അതിജീവിച്ച് പുറത്തേക്ക് നടന്നു. ഞങ്ങളിൽ ചിലർക്ക് ഹിന്ദിയിൽ ‘പേശാ’നറിയുമെങ്കിലും പലരുടേയും ‘ഹിന്ദിവിദ്വാൻ’ പരിതാപകരമായിരുന്നു. ആകയാൽ അറിയാവുന്ന ഹിന്ദിവാക്കുകൾക്ക് പൊന്നുംവില കൈവരുന്നതായി തോന്നി. ഒരാൾക്ക് ‘ബാരേ മെം’ എന്നൊരു പ്രയോഗമാണ് അറിയാവുന്നത്. അതിനാൽ പറ്റുന്നിടത്തൊക്കെ അയാൾ അതുചേർത്ത് ഹിന്ദിമാത്രമല്ല ഇംഗ്ലീഷും മലയാളവുംപോലും തട്ടിവിട്ടു.

ഭാഷാപ്രയോഗങ്ങളുടെ ആരും സഞ്ചരിക്കാത്ത വഴികളിലുടെ ഞങ്ങളിൽ പലരും സഞ്ചരിച്ചതിന്റെ ഫലമായി ഭുബനേശ്വർ-പുരി ബസ് കിട്ടാനിടയുള്ള കമലാ’ചൗക്കി’ലേക്ക് ഞങ്ങൾക്കൊരു സർക്കാർ ബസ് തരപ്പെട്ടു. ഇവിടെ മിനിമം ബസ്ചാർജ് സിർഫ് പാഞ്ച് രൂപയാ ഹേ. മാത്രവുമല്ല ബസ് നിൽക്കുന്ന സ്റ്റോപ്പിന് ‘ബൊർത്തമാൻ’ സ്റ്റേഷനെന്നും അടുത്തുവരാൻ പോകുന്ന സ്റ്റേഷന് ‘ബൊർബതി’ സ്റ്റേഷനെന്നും ഓഡിയോ ഹെൽപ്പുമുണ്ട്. കമലാ ചൗക്കിൽ ബസിറങ്ങി. അതിരാവിലെ രണ്ടോ മൂന്നോ ഇടിയപ്പം കഴിച്ചതാ. സമയം രണ്ടുമണികഴിഞ്ഞു. പലരുടേയും നാവിൽ ഒരുഭാഷയും വരാതായിട്ടുണ്ട്. ഹോട്ടൽ ചോദിച്ചും ബോർഡുകൾ നോക്കിയും ഇത്തിരി നടക്കേണ്ടിവന്നെങ്കിലും. ബിരിയാണിയും ചോറും മീൻകറിയുമൊക്കെ കിട്ടുന്ന ഭേദപ്പെട്ടൊരു റസ്റ്റോറന്റ് ഞങ്ങളുടെ മുന്നിൽ ഉയർന്നുവന്നു. ‘കൊതിയൻ എലയ്ക്കുപോയി എനിക്കുനിലത്തുതന്നേര്’ എന്നമട്ടിൽ പിന്നെയൊരു ആക്രമണം തന്നെയായിരുന്നു. ചിലർ ചിക്കൻ ബിരിയാണി തട്ടി. ഞാനും മറ്റുചിലരും സ്റ്റീം റൈസും മീൻകറിയും വാങ്ങി. മീനിവിടെ വറുത്തശേഷമാണ് കറിവെക്കുന്നത്. രോഹുമീനാണെന്ന് തോന്നുന്നു കക്ഷി. ദശാവതാരത്തിലെ മീൻവരയ്ക്കുമ്പോൾ വരയ്ക്കുന്ന മീനില്ലേ, രോഹു എതാണ്ട് അതുപോലിരിക്കും. എന്തായും ശാപ്പാട് ഗംഭീരമായി. ഞങ്ങൾ പുറത്തേക്കിറങ്ങി. ആകാശം നന്നായി മൂടിക്കെട്ടിയിട്ടുണ്ട്. ഒരുമഴ പെയ്യാം പെയ്യാതിരിക്കാം. മുപ്പത്തേഴുഡിഗ്രി ചൂടിൽനിന്നുവന്ന ഞങ്ങൾക്ക് ഭുബനേശ്വറിലെ താരതമ്യേന കുറഞ്ഞ താപനില വലിയ ആശ്വാസമായി തോന്നി. ഒറ്റയ്ക്കും തെറ്റയ്ക്കും വരിവരിയായി ഞങ്ങൾ ബസ്റ്റോപ്പിലേക്ക് നടന്നു.

ഒരു മണിക്കൂറിലധികം കാത്തുനിന്നിട്ടും വണ്ടി കിട്ടാതെ വന്നപ്പോൾ പുരിക്ക് ബസ് കിട്ടാനിടയുള്ള മറ്റൊരു സ്ഥലത്തേക്ക് ഞങ്ങൾ ബസിൽ കയറി പുറപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ അവിടുന്ന് ബസ് കിട്ടിയില്ലെങ്കിലും 1000 രൂപയ്ക്ക് പുരിയിലേക്ക് ഒരു ട്രെവേര തരപ്പെട്ടു. ഞങ്ങളെ ഡ്രൈവർക്ക് ഒപ്പിച്ചുകൊടുത്തയാൾ കൈയോടെതന്നെ കണക്കുപറഞ്ഞ് അയാളിൽനിന്ന് 150 രൂപ കമ്മീഷൻ വാങ്ങിച്ചെടുത്തു. എയർപോർട്ടിൽ നിന്ന് പുരിയിയിലേക്ക് 60 കിലോമീറ്റർ ദൂരമുണ്ട്. ഇതേനിരക്കിൽ തന്നെ പുരിയിലേക്ക് ഓട്ടം പോരാമെന്ന് എയർപോർട്ടിലെ ടാക്സി ഡ്രൈവർമാർ പറഞ്ഞതാണ്. ഓഡിറ്റുകാരായ ഞങ്ങളുണ്ടോ അതുകേൾക്കുന്നു. അതുകൊണ്ട് എന്തുണ്ടായി. വണ്ടികാത്തുനിന്നും, അലഞ്ഞും, രണ്ടുമുന്ന് മണിക്കൂറെങ്കിലും ഉദ്ദേശിച്ചതിലും കൂടുതൽ ഞങ്ങൾ വൈകി. പക്ഷെ ഇതൊക്കെ തന്നെയാണല്ലോ ടൂറിന്റെയൊരു രസം. അതുകൊണ്ടാണല്ലോ വളരുന്ന സന്ധ്യാനേരത്തെ കീറിമുറിച്ചുകൊണ്ടുള്ള ഒരു ഗംഭീരകാറുയാത്ര ഞങ്ങൾക്ക് തുടർന്ന് തരമായത്. ഞങ്ങളുടെ ബാഗെല്ലാം കാറിനുമുകളിലെ കാരിയറിൽ ഡ്രൈവർ കെട്ടിവച്ചു. മുടിവളർത്തി പിന്നോട്ട് കെട്ടിവെച്ച അയാൾ ഒരു കുംഫൂ മാസ്റ്ററെ ഓർമ്മപ്പെടുത്തേണ്ടതായിരുന്നു. പക്ഷെ നെറ്റിയിൽ നെടുനീളത്തിൽ വരയും കുറിയുമൊക്കെയിട്ട് കൈയിൽ പലനിറമുള്ള ചരടുകൾ ചുറ്റിക്കെട്ടിയും അയാളതു കളഞ്ഞുകുളിച്ചു. യാത്രയിലുടനീളം അയാൾ മുറുക്കാൻ ചവച്ചുകൊണ്ടിരുന്നു. അതിനിടയിലൂടെ ഹിന്ദിയുടെ ഒറിയ വേർഷനിൽ ഞങ്ങളുടെ ചില സംശയങ്ങൾക്കുള്ള മറുപടിയും ചീറ്റിക്കൊണ്ടിരുന്നു.

ഇടയ്ക്ക് ചായകുടിക്കണമെന്ന് പറഞ്ഞപ്പോൾ അയാൾ വണ്ടി ഹൈവേയുടെ സൈഡുചേർത്ത് ഒതുക്കി. ഞാൻ ആംഗ്യത്തിലൂടെ അയാളെ ചായകുടിക്കാൻ ക്ഷണിച്ചു. വായിൽ മുറുക്കാനാണ് വേണ്ട എന്നയാൾ ആംഗഭാഷയിൽതന്നെ പ്രതികരിച്ചു. ചായയും മറ്റുപലഹാരങ്ങളും കിട്ടുന്ന നിരവധി തട്ടുകടകളിൽ ഒന്നിൽനിന്ന് ഞങ്ങൾ ചായ കുടിച്ചു. കടകൾക്കുമുന്നിൽ പ്ലാസ്റ്റിക് കസേരകളും ബഞ്ചുകളും നിരത്തിയിട്ടിട്ടുണ്ട്. വലിയ കപ്പുകളിലും ഗ്ലാസുകളിലും ചായ കുടിച്ചുശീലിച്ച നമുക്ക് കുഞ്ഞൻ ഗ്ലാസുകളിലെ ചായ മതിയാകാതെവരും. ഇവിടുത്തെ ചായ മിനിമം ഒരു നാലെണ്ണമെങ്കിലും കുടിച്ചാലെ തൊണ്ടനനയൂ. പക്ഷേ, അളവ് കുറവാണെങ്കിലും അഞ്ചുരുപക്ക് ചായകിട്ടുന്നതുകൊണ്ട് ആർക്കും കേറിയൊരു ചായ ഇവിടെ ഓർഡർ ചെയ്യാം. പുരിക്ക് ഇനിയും 42 കിലോമീറ്റർ കൂടിയുണ്ടെന്ന് ഞങ്ങളുടെ റോഡിനുമീതേ കുറുകെ കടന്നുപോകുന്ന ആകാശപാതയുടെ പള്ളയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനപ്പുറത്ത് പടിഞ്ഞാറേ ചെരുവിൽ എരിഞ്ഞടങ്ങുന്ന സൂര്യനെ ചായകുടിക്കുന്നതിനിടയിൽ ചിലർ മൊബൈലിൽ പകർത്തിയെടുത്തു. ‘ചായകുടിച്ച’ കുടിച്ച ട്രവേര 80 ന് മുകളിൽ വീണ്ടും പായാൻ തുടങ്ങി. ഇവിടങ്ങളിൽ വലിയ വൃക്ഷങ്ങൾ അധികം കാണാനില്ല. കുറ്റിച്ചെടികൾ നിറഞ്ഞ അതിവിശാലവും വീദൂരവുമായ തുറസ്സുകൾ പിന്നാക്കം പാഞ്ഞുപോയിക്കൊണ്ടിരുന്നു. സാന്ധ്യവെളിച്ചത്തിൽ കുളിച്ച പ്രകൃതിയുടെ ഈ പിന്നാക്കം പോകലിന്റെ ചേലിനെ ഇത്തിരി വീഡിയോയിലെടുത്ത് ഞാൻ നാട്ടിലേക്ക് പറത്തിവിട്ടു. ഹൈവേവിട്ട് വണ്ടി ഇടത്തേക്ക് തിരിയുകയും വൈകാതെ ഇരുവശങ്ങളിലും ചെറിയ കെട്ടിടങ്ങളുള്ള ഇടവഴിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വഴിവിളക്കിന്റെ വെളിച്ചത്തിൽ വണ്ടിയെ കടന്നുപോകുന്ന ഗ്രാമീണരേയും കന്നുകാലികളേയും മറ്റും കണ്ടപ്പോൾ ഇതാണോ പുരി എന്നൊരു തോന്നലുണ്ടായി. ഗോറുംഗോ ഗൗരി പാലസ് എന്നൊരു ഹോട്ടലിലായിരുന്നു ഞങ്ങൾ മുറികൾ ബുക്ക് ചെയ്തിരുന്നത്. ഇവിടെയെത്തിയപ്പോൾ പാലസ് ഒന്നും രണ്ടുമല്ല. ഇതിലേതാവും ഞങ്ങൾ മുറികൾ ബുക്കുചെയ്ത ‘പാലസെ’ന്ന് തിരിച്ചറിയാൻ ഇത്തിരിനേരമെടുത്തെങ്കിലും ഏഴുമണിയോടെ ഞങ്ങൾ ചെക്കിൻ ചെയ്തു.

മൂന്ന്

മുറികളിൽ കയറി വേഗം ഫ്രഷായി ഞങ്ങൾ പുറത്തുവന്നു. പുരി ജഗന്നാഥ ക്ഷേത്രം രാത്രിയിൽ തന്നെ കാണാനാണ് പദ്ധതി. ഇതിനിടയിൽ ഞാനാഗ്രഹിച്ചതുപോലെ സുഹൃത്തക്കളിലൊരാൾ അപ്പോൾ പരിചയപ്പെട്ട നാട്ടുകാരിലൊരാളുടെ ബൈക്കിന്റെ പിന്നിൽ കയറി ‘അതിസാഹസികമായി’ ബിവറേജ് ഷോപ്പ് കണ്ടുപിടിച്ച് ഓൾഡ് മങ്കിന്റെ ഒരു ബോട്ടിൽ റം സംഘടിപ്പിച്ചിരുന്നു. ഭുബനേശ്വരിൽ കാലുകുത്തിയതുമുതൽ ഞാനും ടിയാളും അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു കൈകുഞ്ഞിനെ എന്നപോലെ അദ്ദേഹമതിനെ എനിക്കുകൈമാറി. ഞാനതിന് ഒരുമ്മകൊടുത്തിട്ട് വൈകിട്ടുവന്നിട്ട് പൊട്ടിയ്ക്കാമെന്ന് പറഞ്ഞ് റൂമിൽ കൊണ്ടുപോയി വെച്ചു. ഞങ്ങൾ ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴികളിലൂടെ നടന്നു. ശ്രദ്ധിച്ചുനടന്നില്ലെങ്കിൽ ചാണകത്തിലോ ചെളിയിലോ ചവിട്ടാനിടയുണ്ട്, പശുക്കളും പട്ടികളും തെരുവാകെ അലഞ്ഞുതിരിയുന്നുണ്ട്. ഞങ്ങളിൽ രണ്ടുപേർ ഒരു മാടക്കടയിൽനിന്ന് കടലമുട്ടായി വാങ്ങിച്ചു കഴിക്കുന്നതിനിടയിൽ മറ്റുള്ളവർ മുന്നോട്ടുപോയിരുന്നു. അപ്പോഴാണ് കുറച്ചകലെനിന്ന് പൊത്തോ പൊത്തോന്ന് ‘ചില ഘോഷശബ്ദങ്ങൾ കേൾക്കായത്’. നോക്കിയപ്പോഴുണ്ട് ഒരുത്തൻ മറ്റൊരുത്തനെ കുനിച്ചുനിർത്തി മുതുകത്ത് തീറിടി ഇടിക്കുന്നു. അവന്റെ ഊഴം കഴിഞ്ഞപ്പോൾ ആദ്യം ഇടി കൊണ്ടവൻ പലിശസഹിതം ഇടി മറ്റവന് തിരിച്ചുകൊടുക്കുന്നു. ഇതിനിടെ ചിലർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരെയെല്ലാം മറികടന്ന് ഇടിപുരോഗമിക്കുകയും ആയത് രണ്ടുമൂന്ന് റൗണ്ട് തുടരുകയും ചെയ്തു. കുട്ടിക്കാലത്തിനുശേഷം ആദ്യമായിട്ടായിരുന്നു ഡ്യൂപ്പില്ലാതെ ഇങ്ങനെ ഡിഷൂം ഡിഷൂം കാണുന്നത്. ഇടി കൊണ്ടും കൊടുത്തും മടുത്തതുകൊണ്ടാവാം ഇതിനിടെ ഒരുത്തൻ വഴിയിൽകിടന്ന ഒരു കല്ലെടുത്ത് മറ്റവനെ എറിയാൻ ഓങ്ങി, അതോടെ മറ്റവനും കല്ലെടുത്തു. ഇനിയവിടെ നിൽക്കുന്നത് പന്തിയല്ലെന്നുകണ്ട ഞങ്ങൾ ദൂരെ വളവിൽ സുഹൃത്തുക്കൾ നടന്നുമറഞ്ഞ ഇടത്തേക്ക് നടന്നുതുടങ്ങി. നടക്കുംതോറും വഴിയുടെ വീതികുറയുകയും അതൊരു ഗലിയായി മാറുകയും ചെയ്തു. സുഹൃത്തുക്കളെ ദൂരത്തായി കണ്ടു. വഴിയുടെ ഇരുവശത്തായും പഴക്കം തോന്നിക്കുന്ന വൃത്തികുറഞ്ഞ ചെറിയ വീടുകളും കടകളുമാണ്. ചെറുകിട ജീവിതവും കച്ചവടവും നുളയ്ക്കുന്ന ഇടവഴി എന്നുവേണമെങ്കിൽ പറയാം. ഇതിനിടയിലൂടെ തലങ്ങും വിലങ്ങും ഓടുന്ന കുട്ടികൾ, ബൈക്കുകൾ, ആളുകളെ കുത്തിനിറച്ച ഓട്ടോറിക്ഷകൾ. കന്നുപോകുന്ന വണ്ടികൾ നമ്മെളെ ഭിത്തിയോട് ചേർത്തമർത്തുമോ എന്ന് കാൽനടക്കാർ ഭീതിയിലാകുന്നുണ്ട്. ക്ഷേത്രത്തിലേക്ക് അടുക്കുംതോറും നിരത്തിലെ തിരക്ക് കൂടിക്കൊണ്ടിരുന്നു. ഇതിനോടകം ഞങ്ങൾ രണ്ടരകിലോമീറ്ററെങ്കിലും നടന്നിട്ടുണ്ടാവും. ദൂരെ ക്ഷേത്രത്തിന്റെ മകുടവും അതിനുമീതേ പുളഞ്ഞുപറക്കുന്ന ബഹുവർണ്ണകൊടികളും തെളിഞ്ഞുവന്നുകൊണ്ടിരുന്നു.

ഒരേസമയം യുക്തിവാദിയോ വിശ്വാസിയോ അല്ലാത്ത എന്നെ ക്ഷേത്രങ്ങൾ പ്രധാനമായ ഇത്തരം യാത്രകളിലേയ്ക്ക് നയിക്കുന്നത് കാണാത്ത ഒരിടം കാണാനുള്ള ആഗ്രഹവും അൽപ്പം ചരിത്രകൗതുകമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഏതോ ശില്പികൾ പാറകളിൽനിന്ന് പൊഴിച്ചെടുത്ത മനോഹരങ്ങളായ ഈ നിർമ്മിതികൾ അടുത്തുകണ്ടും തൊട്ടും നടക്കുന്നത് (ഭക്തിയോടെയല്ലെങ്കിലും) ഒരു സവിശേഷ അനുഭവം തന്നെയാണ്. പുരി ജഗന്നാഥ ക്ഷേത്രമുൾപ്പെടെയുള്ള ഒഡീഷയിലെ ക്ഷേത്രനിർമ്മിതികളെല്ലാം കലിംഗ ആർക്കിടെക്ചർ വിഭാഗത്തിൽ പെടുന്നവയാണ്. ദൂരക്കാഴ്ചയിൽ ബിസ്കറ്റ് ക്രമത്തിന് അടുക്കിവെച്ചപോലാണ് ഇവ തോന്നുക. ഉയരംകുടുംതോറും ചുറ്റളവുചെറുതായി കുറഞ്ഞ് മകുടം ഉരുണ്ടുവരുന്ന രീതിയാണിതിന്. രണ്ടായിമുറിച്ച പീച്ചിങ്ങയുടെ ചുവടുഭാഗം കമഴ്ത്തിവെച്ചതുപോലെയും എനിക്കുതോന്നി. പന്ത്രണ്ടാം നൂറ്റാണ്ടിൽ കിഴക്കൻ ഗംഗ സാമ്രാജ്യത്തിലെ ആദ്യരാജാവായ അനന്തവർമ്മ ചോതഗംഗദേവന്റെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പട്ടതെന്ന് കരുതപ്പടുന്നു. നാലുലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇതിനുള്ളിൽ 31 ദേവാലയങ്ങളുണ്ട്. Curvilinier രീതിയിൽ നിർമ്മിച്ചിട്ടുള്ള പ്രധാനമന്ദിരത്തിന്റെ ഉയരം 64 മീറ്ററാണ്. ഒഡീഷയിലെ ഏറ്റവും ഉയരംകൂടിയ ക്ഷേത്രമാണിത്. വൈകുന്നേരം അഞ്ചുമണിമുതൽ രാത്രിപന്ത്രണ്ടുമണിവരെയാണ് ക്ഷേത്രസന്ദർശനം ക്രമപ്പെടുത്തിയിട്ടുള്ളത്. ജൂൺ-ജൂലൈ മാസങ്ങളിലെ രഥയാത്രയാണ് പ്രധാന ഉത്സവം. ജഗന്നാഥന്റേയും സഹോദരങ്ങളായ ബലഭദ്രന്റേയും സുഭദ്രയുടേയും പൊയ് രൂപങ്ങൾ കെട്ടിയലങ്കരിച്ച മൂന്ന് രഥങ്ങളാണുണ്ടാവുക. മുപ്പത്തിയഞ്ച് ചതുരശ്ര അടിവിസ്തൃതിയുള്ള മനുഷ്യർ വലിക്കുന്ന ഒരോ രഥത്തിനും 60 ടണ്ണിലധികം ഭാരവും 40 അടിയലിധികം ഉയരവുമുണ്ടാവും. തടിയിൽതീർത്ത വലിയ രഥചക്രങ്ങൾക്ക് അടിയിൽപ്പെട്ട് ആളുകൾ മരിക്കുന്നത് പണ്ടുകാലത്ത് സ്വാഭാവികമായിരുന്നത്രേ. മൂന്ന് കിലോമീറ്റർ അകലെയുള്ള ഗുണ്ടിച്ചാക്ഷേത്രംവരെ ഭക്തർ ഈ രഥങ്ങൾ വലിച്ചുകൊണ്ടുപോയി ഏഴുദിവങ്ങൾക്കുശേഷം തിരികെവലിച്ച് പുരിയിൽ കൊണ്ടുവരുന്നതോടെയാണ് രഥോത്സവത്തിന് തിരശ്ശീലവീഴുക.

ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ അനുവദനീയമല്ല. ചെരിപ്പുകൾക്കൊപ്പം ഫോണുകളും ഒരുസഞ്ചിയിലിട്ട് കൗണ്ടറിൽ സൂക്ഷിക്കാൻ കൊടുത്തിട്ട് ഞങ്ങൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. ഇതിനിടയില്‍ സമ്പദ് എന്നൊരു ചെറുപ്പക്കാരൻ ഞങ്ങളുടെ കൂടെ ഗൈഡായി കൂടിയിരുന്നു. അവൻ പറയുന്നതൊന്നും കാര്യമായി ശ്രദ്ധിക്കാതെ ഞാൻ ക്ഷേത്രനിർമിതിയുടെ പ്രത്യേകതകളും കൊത്തുവേലകളും കണ്ടുനടന്നു. എങ്കിലും വലതുകൈവിരലുകളാൽ വായമൂടികൊണ്ട് അവൻ നടത്തുന്ന വിശദീകരങ്ങണങ്ങൾ ഇടയ്ക്കിടെ എന്റെ ശ്രദ്ധകവർന്നു. പ്രധാനമന്ദിരത്തിന്റെ ചുവട്ടിൽനിന്ന് മുകളിലേക്ക് നോക്കിയുള്ള കാഴ്ച രസകരമാണ്. ചെറിയ ചെറിയ പതിനായിരക്കണക്കിന് ശില്പങ്ങൾ അണിഞ്ഞ ആകാശംമുട്ടെ വളർന്ന ഒരുകൂറ്റൻ ശില്പമായി പ്രധാനമന്ദിരം കാഴ്ചയിൽ നിറഞ്ഞുനിന്നു. അതുകണ്ടുനിൽക്കുമ്പോഴാണ് ശില്പങ്ങൾക്കിടയിൽ ചെറിയ അനക്കങ്ങൾ കണ്ടത്. ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് പാറകളുടെ അതേ നിറത്തിലുള്ള മരപ്പട്ടികളാണ് അവകളെന്ന് മനസ്സിലായത്. നാട്ടുമ്പുറത്ത് സ്വസ്ഥമായി കാണാൻ കിട്ടാത്ത ജീവികാണല്ലോ മരപ്പട്ടികൾ. ഇവിടെയവർ കൊത്തുവേലകൾക്കിടയിലെ
വിടവുകളിലൂടെയും മറ്റും ഓടിനടക്കുകയും താഴെവീഴാതെ തമ്മിൽ ഉരുണ്ടുപിടിച്ച് മറിയുകയുമൊക്കെ ചെയ്യുന്നുണ്ട്. ശില്പവേലകൾ നിറഞ്ഞ ക്ഷേത്രമണ്ഡപങ്ങളെ മരപ്പട്ടികൾ അവരുടെ സ്വൈര്യവിഹാരത്തിനുള്ള കാടോ വീടോ മരങ്ങളോ ആയി കാണുന്നതായി തോന്നിയാൽ അതിശയപ്പെടേണ്ട. അത്രയ്ക്കുണ്ട് അവയുടെ എണ്ണവും ഓട്ടവും കളിയും ചാടിമറിയലുകളും. ഇവ പെറ്റുപെരുകുന്നതും ഈ മണ്ഡപങ്ങളുടെ പ്രത്യേക നിർമ്മിതി അനുവദിച്ചുനൽകുന്ന വിടവുകളിലും മറ്റുമായിരിക്കാം. ക്ഷേത്രം കാണാനെത്തിയ ഞാൻ ക്ഷേത്രത്തിലെ മരപ്പട്ടികളെകുറിച്ച് വാചാലനായിപ്പോയല്ലേ.

ഭക്തിയുമായി ബന്ധപ്പെട്ട് മലയാളി സുക്ഷിക്കുന്ന/പ്രതീക്ഷിക്കുന്ന ഒരു വൃത്തിയോ ശുദ്ധിയോ ഇതരസംസംസ്ഥാനങ്ങളിലെ മിക്കവാറും ക്ഷേത്രങ്ങളിൽ കണ്ടുവരാറില്ല. എന്തെങ്കിലും ചെറിയ നമ്പരുകൾ കാണിച്ച് ഭക്തിയുടെ പേരിൽ പണം പിടുങ്ങുന്ന രീതിയും പൊതുവിലുണ്ട്. കൊടുക്കുന്നവരോ വാങ്ങുന്നവരോ അതൊരു കുഴപ്പമായി കരുതുന്നുമില്ല. പക്ഷേ വിശ്വാസിയായ മലയാളിക്കുപോലും ദഹിക്കാത്ത ഈ എർപ്പാട് അവിശ്വാസിക്ക് എങ്ങനെയാവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പുരി ജഗന്നാഥ ക്ഷേത്രവും ഇതിൽനിന്നൊന്നും വിഭിന്നമല്ല. പ്രസാദമെന്ന പേരിൽ നിരനിരയായി മൂടിയില്ലാത്ത മൺകലങ്ങളിൽ വെച്ചിരിക്കുന്ന പച്ചരിച്ചോറും പരിപ്പുകറിയും വാങ്ങിക്കഴിക്കണമെങ്കിൽ ചില്ലറ ഭക്തിയൊന്നും പോരാ. ചെരിപ്പൊക്കെ ഊരി പുറത്തിടാൻ ആവശ്യപ്പെടുമ്പോൾ ഉൾഭാഗത്ത് ഒരുമിനിമം വൃത്തിയെങ്കിലും ഉറപ്പുവരുത്തേണ്ടതല്ലേ എന്നുതോന്നിയത് എനിക്കുമാത്രമാണോ എന്തോ. എന്തായാലും ഒന്നൊന്നര മണിക്കൂറുനേരത്തെ ചുറ്റു’പ്രദക്ഷിണ’ത്തിന് ശേഷം ഞങ്ങൾ വെളിയിൽ വന്നു. ക്ഷേത്രത്തിന് പുറത്തുള്ള മൈതാനവും സമീപത്തുള്ള റോഡുകളും നിയോൺ വെളിച്ചത്തിൽ കുളിച്ചുനിൽക്കുകയാണ്. നല്ല ആൾത്തിരക്കും ചെറുവണ്ടികളുടെ തിരക്കുമുണ്ട്. അടുത്തൊരു വെജിറ്റേറിയൻ ഹോട്ടലില്‍ നിന്ന് അത്താഴം കഴിച്ച് റൂമിലേക്ക് ഓട്ടോ പിടിക്കാൻ ശ്രമിച്ചപ്പോഴാണ് പലരും വായിൽ തോന്നിയ റേറ്റ് പറയാൻ തുടങ്ങിയത്. അതോടെ ആ സവിശേഷ സാഹചര്യത്തിൽ ഞങ്ങൾ പത്തുപേർക്ക് ഒരു ആപ്പേ ഒട്ടോറിക്ഷയിൽ കയറേണ്ടിവന്നു. ഞങ്ങൾ വൈകുന്നേരം ക്ഷേത്രത്തിലേക്ക് നടന്നുപോയ വഴിയിലൂടെയായിരുന്നില്ല ഓട്ടോ സഞ്ചരിച്ചത്. മറിച്ച് കടലിന് സമാന്തരമായ ഒരു റോഡിലൂടെയായിരുന്നു. അട്ടിയടുക്കിയതുപോലെ ഞങ്ങൾ മൂന്നുകിലോമീറ്ററോളം യാത്ര ചെയ്ത് റൂമിലെത്തിയപ്പോൾ ഒരു പരുവമായിരുന്നു. ഇനിയിപ്പോ ഓൾഡ് മങ്ക് തുറക്കുകതന്നെ. പക്ഷെ മദ്യപാനികൾ കുറവായ ഞങ്ങളുടെ ഗ്രൂപ്പിൽ റമ്മിനോട് താൽപ്പര്യമുള്ളവർ അതിലേറെ കുറവായിരുന്നു. ആകയാൽ ഒരുമയത്തിന് രണ്ട്പെഗ്ഗടിച്ച് ഞാൻ കിടക്കയിലേക്ക് കടപുഴകിവീണു. അതിരാവിലെ ഉണർന്ന് ബീച്ചിൽ പോകണം, ബംഗാൾ ഉൾക്കടൽ ആദ്യമായി കാണണം. കണ്ണിലേക്ക് ഉറക്കത്തിന്റെ തിരകൾ അടിച്ചുകയറിക്കൊണ്ടിരുന്നു.

നാല്

അതിരാവിലെ ഉണർന്നു. ലോഡ്ജിന്റെ മുന്നിലുള്ള റോഡ് കുറുകെ കടന്നാൽ കാണുന്ന ഇടവഴിയിലൂടെ നാലുചുവടുവെച്ചാൽ മതി കടൽത്തീരമെത്താൻ. ഇതിത്ര അടുത്താണെന്ന് അറിഞ്ഞിരുന്നേൽ ഇന്നലെ വന്നപ്പോൾ തന്നെ ബീച്ചിൽ പോകാമായിരുന്നു എന്നുതോന്നി. അധികം പേരില്ലെങ്കിലും ഒന്നുരണ്ടുപേർ കടലിൽ കുളിക്കുന്നുണ്ട്. ഇവർ ഇന്നലെ കയറിപ്പോകാതിരുന്നവരോ മറ്റോ ആണെന്ന് തോന്നിപ്പോകും. സാമാന്യം നല്ലതണുപ്പിലും കടലിൽ കിടക്കുന്നവരെ സമ്മതിക്കണം. കടലിന് അഭിമുഖമായി ഒരാൾ പ്ലാസ്റ്റിക് കസേരകൾ നിരത്തുന്നുണ്ട്. മണൽമഞ്ഞയിൽ കടൽനീലയുടെ പശ്ചാത്തലത്തിൽ നിരന്നിരിക്കുന്ന പച്ചകസേരകൾ രസമുള്ള ഒരു ഫ്രെയിമായി എനിക്കുതോന്നി. ഞാനതിന്റെ ഒരു സ്നാപ്പെടുത്ത് എഫ്.ബിയിൽ പോസ്റ്റുചെയ്തു. ആകാശം മൂടിക്കെട്ടിയിരുന്നതിനാൽ പ്രഭാതം കണാനായില്ല. സൂര്യദേവന്റെ നാട്ടിൽ വന്നിട്ടും പുള്ളിയെ ഒന്നുകാണാൻ കിട്ടാത്തത് വലിയ കഷ്ടമായി തോന്നി. കസേര നിരത്തിയ ആൾക്ക് തൊട്ടടുത്തുതന്നെ അയാളുടെ ചായബങ്ക് ഉണ്ടായിരുന്നു. ഇരുന്നോളൂ ചായ ഇപ്പോ തരാമെന്നയാൾ ഹിന്ദിയിൽ പറഞ്ഞു. ഞങ്ങൾ കസേരകളിലിരുന്ന് കടൽ കണ്ടു. ഞങ്ങൾക്ക് മുന്നിലൂടെ അലുക്കുകളുള്ള കടുംനിറമുള്ള വസ്ത്രങ്ങളണിഞ്ഞ ഒട്ടകത്തേയുംകൊണ്ട് ഒരാൾ കടന്നുപോയി. ആ കാഴ്ചയും മൊബൈൽ ഒപ്പിയെടുത്തു. കടൽത്തീരത്തുകൂടെ ബീച്ചിലെത്തുന്നവർക്കായി ഒട്ടകസവാരിയുണ്ടെന്ന് തോന്നുന്നു. ദൂരേക്കുനോക്കിയപ്പോൾ ബീച്ചിന്റെ പലഭാഗത്തും ഒട്ടകങ്ങളെ ഇതേവിധം കാണാനാവുന്നുണ്ട്. കടൽത്തീരത്തെ മണലിലൂടുള്ള നടപ്പ് ഈ ഒട്ടകങ്ങളെ അവരുടെ ‘തറവാടിനെ’ കുറിച്ച് ഓർമ്മപ്പെടുത്തുന്നുണ്ടാവുമോ.എന്റെ ശ്രദ്ധ ഒട്ടകങ്ങളിൽനിന്ന് കടൽത്തീരത്ത് ഓടിക്കളിക്കുന്ന പട്ടികളുടെ സംഘത്തിലേക്ക് മാറി. ഞാനവയുടേയും ഒരു വീഡിയോ മൊബൈലിൽ പകർത്തി. കടലും കടൽത്തീരവുമൊക്കെ എവിടെയും ഏറെക്കുറെ ഒരുപോലെയാണെങ്കിലും ഞാനാദ്യമായിട്ടായിരുന്നു ബംഗാൾ ഉൾക്കടൽ കാണുന്നതും അതിന്റെ തീരത്തിരിക്കുന്നതും. ദൈവമേ എത്രയോ മനുഷ്യരും പക്ഷിമൃഗാദികളും കണ്ടകടലാവും ഇങ്ങനെ അനുസ്യൂതം രാപ്പകലില്ലാതെ അലയടിച്ചുകൊണ്ടിരിക്കുന്നത്. ഏതൊക്കെയോ കാലങ്ങളിൽ എത്രയോ സഞ്ചാരികൾ, വ്യാപാരികൾ ഒക്കെ പായ് വഞ്ചികളിലും കപ്പലുകളിലും ഈ കടൽ കീറിമുറിച്ച് ഈ തീരത്തണഞ്ഞിട്ടുണ്ടാവും. എത്രയോ മീൻപിടിത്തക്കാർ ഈ കടലിലേക്ക് തോണിയും കട്ടമരങ്ങളും ഇറക്കിയിട്ടുണ്ടാവും. തിരകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന നനഞ്ഞമണ്ണിലൂടെ എത്രയോ കാമുകഹൃദയങ്ങൾ നടന്നിട്ടുണ്ടാവും. എത്രയോ കുട്ടികൾ ഈ തീരങ്ങളിൽ ഓടിക്കളിച്ചിട്ടുണ്ടാവും. ഇനിയും എത്രയോ… എത്രയോ പേർ ഈ തീരത്തേക്ക് വരാനിരിക്കുന്നു. കടൽ കാണുമ്പോൾ എന്താണ് ഇങ്ങനെയൊക്കെ തോന്നുന്നത് എന്ന എന്റെ ചിന്തയിലേക്ക് സുഹൃത്തുക്കളുടെ വിളിവന്നുവീണു. കുറച്ചകലത്തായി തീരം വീട്ട് ഇടവഴിയിലേക്ക് കയറുന്ന അവരുടെയടുത്തേക്ക് ഞാൻ നടന്നു. കടൽത്തീരത്തെ മണൽ എന്റെ കാലുകളെ ചുറ്റിപ്പിടിക്കുന്നതുപോലെ.
ആഗ്രഹിക്കുന്ന വേഗത്തിൽ എനിക്ക് നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

രാവിലെ ഏഴുമണിയായിരുന്നു ഞങ്ങളുടെ ചെക്കൗട്ട് സമയം. ഇന്നത്തെ യാത്രയ്ക്കായ് ഒരു കാർ തലേദിവസംതന്നെ ഏർപ്പാടാക്കിയിരുന്നു. ഒരു ട്രവേര തന്നെയാണ് വന്നത്. ഡ്രൈവർ പത്തുപേരുടേയും ബാഗേജുകൾ കാരിയറിൽ വെച്ചുകെട്ടി. കൊണാർക്ക് സൂര്യക്ഷേത്രം, പിപ്പിലി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരം ഭുബനേശ്വരിൽകൊണ്ട് എത്തിക്കാമെന്ന വ്യവസ്ഥയിലാണ് കാറ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. രാവിലെ തന്നെ വെറുംവയറ്റിൽ ഒരുപെഗ്ഗ് വീശിയതിനാൽ ഓടിമറയുന്ന കാഴ്ചകൾക്ക് ഒരു ചടുലതയുണ്ട്. കൊണാർക്ക് സൂര്യക്ഷേത്രത്തിലേക്കുള്ള യാത്ര രാവിലെ മുതൽ എന്നിൽ സമ്മിശ്രവികാരം ഉണർത്തിയിരുന്നു. എന്റെ അമ്മ ഒരു ശിവഭക്തയും സൂര്യഭക്തയുമായിരുന്നു. ഉദിച്ചുവരുന്ന സൂര്യനഭിമുഖമായി അമ്മ തൊഴുകൈകളോടെ നിൽക്കുന്നത് ഞാൻ ജീവിതത്തിൽ പലപ്പോഴും കണ്ടിട്ടുണ്ട്. സൂര്യൻ കൃത്യമായി കിഴക്കുദിക്കുന്ന പത്താമുദയത്തിന്റെ അന്ന് അമ്മ ക്ഷേത്രങ്ങളിൽ പ്രത്യേകം പോയി വഴിപാട് കഴിക്കുന്നതും എനിക്ക് അറിവുള്ള കാര്യമായിരുന്നു. ആകയാൽ ഭക്തനല്ലെങ്കിലും ആ ഭക്തയുടെ മകനെന്നനിലയ്ക്ക് സൂര്യദേവക്ഷേത്രമായ കൊനാർക്കിലേയ്ക്ക് അടുക്കുംതോറും ഉള്ളിലൊരു തുള്ളിതുളുമ്പൽ. ഞാനവിടെത്തുമ്പോൾ അമ്മയും എത്തുമല്ലോ, ഞാനത് കാണുമ്പോൾ അമ്മയും കാണുമല്ലോ എന്നൊരു തോന്നൽ. മനോവ്യാപാരത്തെ തടസ്സപ്പെടുത്തിക്കൊണ്ട് ട്രവേര നിന്നു. രാവിലെയൊന്നും കഴിച്ചിരുന്നില്ല അതിനുള്ള ബ്രേക്കാണ്. ഭേദപ്പെട്ടൊരു വെജിറ്റേറിയൻ ഹോട്ടലിലേക്ക് ഞങ്ങൾ കയറി. മനസ്സിലാഗ്രഹിച്ചപോലെ ഇഡലിയും സാമ്പാറും ചമ്മന്തിയും കിട്ടി. പലരും പൂരിയാണ് കഴിച്ചത്. കാരറ്റ് ചീകിയിട്ട ഇഡലിയും മധുരം കലർന്ന സാമ്പാറും എരിവുകുറഞ്ഞ ചമ്മന്തിയും എനിക്ക് ഏറെ രുചികരമായി തോന്നി. ഞാൻ രണ്ട് ഇഡലികൂടി കൂടുതൽ വാങ്ങിക്കഴിച്ചു.

ഞങ്ങൾ മറൈൻ ഡ്രൈവ് ഹൈവേയിലുടെ യാത്രതുടർന്നു. ഇടയ്ക്ക് വഴിവക്കിൽ ഒരു സാൻഡ് ആർട്ട് ഗ്യാലറി കണ്ടു. ടിക്കറ്റൊക്കെ വെച്ച് നടത്തുന്ന ഷോ ആയതുകൊണ്ട് വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങൾ അതിനുള്ളിൽ കയറിയത്. പക്ഷെ അതൊരു വലിയ സംഭവമായി പലർക്കും തോന്നിയില്ല. ഇതിലും ഗംഭീരമായി നമ്മുടെ കുട്ടികൾ കടൽത്തീരത്ത് മണൽശില്പങ്ങൾ ഉണ്ടാക്കുമല്ലോ എന്നുഞങ്ങൾ തമ്മിൽ പറഞ്ഞുപോയി. പിന്നെ ഒന്നുരണ്ട് ഗ്രൂപ്പ് ഫോട്ടോയൊക്കെ എടുത്ത് സമയം കളയാതെ ഞങ്ങൾ പുറത്തുചാടി. പ്രതീക്ഷിച്ചതിലും വേഗത്തിൽ പുറത്തുവന്ന ഞങ്ങളുടെ കാലാസ്വാദനത്തിൽ ഡ്രൈവർക്ക് ചെറിയ സംശയം തോന്നിയിട്ടുണ്ടാവം. എന്തായാലും മണൽകലയെ പിന്നിലാക്കി ഞങ്ങൾ കൊനാർക്ക് ലക്ഷ്യമാക്കി കുതിച്ചു. ഒഡീഷയുടെ തീരപ്രദേശത്തുകൂടെയുള്ള ഒരുമണിക്കൂർ നിളുന്ന ഈ യാത്ര ഒരുഗംഭീര ഡ്രൈവ് എക്സ്പീരിയൻസ് ആയിരിക്കുമ്പോഴും ചിലനിലകളിൽ അത് നമ്മുടെ ഉള്ളുലയ്ക്കും.

റോഡിന്റെ വശങ്ങളിൽ കഴിഞ്ഞവർഷം മെയ്മാസത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വീശീയടിച്ച ഫാനിയെന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് കടിച്ചുകുടഞ്ഞ മരങ്ങളുടെയും ഗ്രാമീണ ജീവിതങ്ങളുടേയും അവശേഷിപ്പുകൾ കണ്ടുകൊണ്ടേയിരുന്നു. ഈരണ്ട് വർഷം കൂടുമ്പോഴെങ്കിലും ഒറീസയുടെ കടലോര പ്രദേശത്ത് ചുഴലിക്കാറ്റിന്റെ വരത്തുപോക്കുണ്ടത്ര. ബംഗാൾ ഉൾക്കടലിന് മീതേ ഉരുണ്ടുകൂടുന്ന ന്യൂനമർദ്ദമാണത്രേ ഇതിന്റെ പിന്നിലെ മുഖ്യസൂത്രധാരൻ. ഇങ്ങനെ ഇടയ്ക്കിടെ ചുഴലിക്കാറ്റ് ഈപണി ഒപ്പിക്കുന്നതുകൊണ്ടുമാത്രമാണ് നമ്മൾ പത്രവാർത്തയിലൂടെങ്കിലും ഒഡീഷയെപ്പറ്റി എന്തേലും അറിയുന്നത്. ഈ റോഡുയാത്രയിൽ കുശഭദ്ര നദി കടലിന് സമാന്തരമായി കൂറേദൂരമൊഴുകി ഒടുക്കം പിടിച്ചുനിൽക്കാവാതെ കടലിലേക്ക് മൂക്കുകുത്തുന്ന കാഴ്ചയും, അതിനുശേഷമെത്തുന്ന ചന്ദ്രബാഗ ബീച്ചും നേരിൽത്തന്നെ കാണേണ്ട, ഉള്ളിനെ കോർത്തുവലിക്കുന്ന കാഴ്ചകളാണ്. ഞാൻ ചില ദൃശ്യങ്ങൾ എഫ്.ബീയിലേക്ക് തോണ്ടിയിട്ട് എന്റെ സന്തോഷത്തെ പങ്കുവെച്ചു. മഹാനദിയുടെ ഒരു പോഷകനദിയായ കുശഭദ്ര ബംഗാൾ ഉൾക്കടലിനോട് ചേരുന്നിടത്ത് അൽപ്പംനേരം ഞങ്ങൾ വണ്ടിനിർത്തി. പുരിയിൽനിന്ന് ഇരുപത്തിനാല് കിലോമിറ്റർ ഇതിനോടകം ഞങ്ങൾ സഞ്ചരിച്ചിരുന്നു. റോഡിൽനിന്ന് എകദേശം ഒരു ഇരുനൂറ് മീറ്റർ അകലത്തായി പുഴയെ കടലിൽനിന്ന് വേർതിരിക്കുന്ന മണൽതിട്ടയുടെ ഒരുനീളൻ വരമ്പുകാണാം. അതൊരുപക്ഷെ നീളാകൃതിയിലുള്ള ഒരുതുരുത്താകാം. അതിനപ്പറത്ത് കുറച്ചുകുടി നീലച്ച് ബംഗാൾ ഉൾക്കടൽ ശാന്തഗംഭീരമായി നീണ്ടുനിവർന്ന് കിടപ്പുണ്ട്. നീലയുടെ പലടോണിൽ ജലവും ആകാശവും ചേർന്നുനടത്തുന്ന ലിപ് ലോക്ക് അവർണനീയം തന്നെ. മണൽത്തുരുത്തിലേക്ക് മോട്ടോർ ബോട്ടിലും വാട്ടർസ്കൂട്ടറിലുമൊക്കെ പോകാവുന്നതാണ്. പക്ഷെ തിട്ടയിൽ ഇറങ്ങാൻ ആരെയും അനുവദിച്ചു കണ്ടില്ല. കുറച്ചകലത്തായി ചെറിയ വള്ളത്തിൽ പുഴനീലയിൽ മഞ്ഞവലവീശി ഒരാൾ മീൻപിടക്കുന്നുണ്ട്. മൂടിക്കെട്ടുന്ന പ്രകൃതിയിൽ നീലാകാശം ഇരുളുംതോറും അയാളും അയാളുടെ വള്ളവും കറുത്തു കറുത്തുവന്നു. സ്വാഭാവികമായും ഞാൻ അവയുടെ ചില വീഡിയോകൾ മൊബൈലിലേക്ക് പകർത്തി. ഇവിടുന്ന് എട്ടുകിലോമീറ്റർ മാത്രമേയുള്ളൂ ചന്ദ്രബാഗ ബീച്ചിലേക്ക്. പൊക്കം കുറഞ്ഞ ചുളമരങ്ങൾക്കിടയിലൂടെ തിരയടിക്കുന്ന കടലിനേയും വെയിലിൽ തിളങ്ങുന്ന മഞ്ഞമണൽത്തീരത്തേയും കണ്ടുകൊണ്ടുള്ള യാത്ര കൊനാർക്കിലേക്കുള്ള യാത്രയുടെ ഹൈലൈറ്റാണ്. രാവിലെയായിട്ടും ചന്ദ്രബാഗ ബീച്ചിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. നെടുനീളത്തിലുള്ള പതിവ് കിടപ്പുവീട്ട് വടിവോടെ കിടക്കുന്ന ബീച്ചാണ് ചന്ദ്രബാഗ. ഭംഗിയിലും വൃത്തിയിലും ഞാൻ കണ്ടിട്ടുള്ള ബീച്ചുകളിൽ എന്തുകൊണ്ടും ഇതുമികച്ചുനിൽക്കും. ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിൽ മണലല്ലാതെ പാറക്കൂട്ടങ്ങൾ കാണാനേയില്ലല്ലോ എന്ന് എനിക്ക് അപ്പോഴാണ് തോന്നിയത്. ചിലരോടൊത്ത് ബീച്ചിനടുത്തെ കടയിൽനിന്ന് മധുരമിട്ടൊരു ചായ കുടിച്ചു. അളവ് കുറവാണെങ്കിലും ഒഡീഷയിലെ ചായ സൂപ്പർതന്നെ. ഒരു ചായ എന്നതിനുപകരം രണ്ടുചായ എന്ന് ഓർഡർ ചെയ്യണമെന്നുമാത്രം. ഞങ്ങൾ ബീച്ചിനടുത്തെ മൈതാനത്ത് പാർക്കുചെയ്തിരുന്ന വണ്ടിയിൽ കയറി. കൊനാർക്കിലേക്ക് പിന്നീട് അധികദൂരമുണ്ടായിരുന്നില്ല.

അഞ്ച്

പത്തരകഴിഞ്ഞപ്പോൾ ഞങ്ങൾ കൊനാർക്കിലെത്തിച്ചേർന്നു. കൗണ്ടറിൽവലിയ ആൾത്തിരക്കുണ്ടായിരുന്നില്ല. ക്യൂനിൽക്കാതെതന്നെ ടിക്കറ്റെടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷം കൊനാർക്കിലും തുടരുന്നുണ്ടായിരുന്നു. ഇരുവശവും പിപ്പിലി ബാഗുകളും കരകൗശലവസ്തുക്കളും ഞാലുന്ന ചിന്തിക്കടകളുടെ നടുവിലെ ‘രാജവീഥി’യിലൂടെ ഞങ്ങൾ കറുത്ത പഗോഡ എന്നറിയപ്പെടുന്ന കൊനാർക്ക് ക്ഷേത്രത്തിലേക്ക് നടക്കുന്ന സന്ദർശകരോട് ഒപ്പം ചേർന്നു. ഏതൊക്കെയോ പുസ്തകങ്ങളിൽ പരീക്ഷയ്ക്ക് കാണാതെ പഠിച്ച ഒരുത്തരം അതാ കൺമുന്നിൽ തെളിഞ്ഞു തെളിഞ്ഞുവരുന്നു. അമ്മയെ മനസ്സിലോർത്ത് ക്ഷേത്രം കാണാവുന്നവിധം ഞാനൊരു സെൽഫിയെടുത്തു. തോളിൽ കൈയിട്ട് ചേർത്തുനിർത്തി ഒരു കൗമാരക്കാരൻ തന്റെ അമ്മയോടൊപ്പം മറ്റൊരു സെൽഫിയെടുക്കുന്നു.

ഞങ്ങൾ പലവഴിക്ക് തിരിഞ്ഞ് ക്ഷേത്രനിർമ്മിതിയുടെ ശില്പചാതുരിയും കലാപരമായ സവിശേഷതകളുമൊക്കെ കണ്ടുനടക്കാൻ തുടങ്ങി. ഫോട്ടോയുമെടുക്കുന്നുണ്ട്. നൂറിൽതാഴെ ആളുകളെങ്കിലും ഉണ്ടാവും സന്ദർശകരായി. രാവിലെ മുതൽ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നെങ്കിലും ഞങ്ങളാരും പൊടുന്നനെയൊരു മഴ പ്രതീക്ഷിച്ചിരുന്നില്ല. ഇനി മഴപെയ്താലും എവിടെങ്കിലും ഓടിക്കയറാൻ കഴിയുമെന്ന് പലരും വിചാരിച്ചിട്ടുണ്ടാവും.

സകലരും കാഴ്ചയുടെ ഭൂതത്തിന്റെ പിടിയിലായിരുന്നതിനാൽ കാലാവസ്ഥയെ അത്ര മൈൻഡു ചെയ്തിരുന്നില്ല എന്നുചുരുക്കം. ഒരു പതിനൊന്നര ആയിക്കാണും. പൊടുന്നനെയാണ് ചരൽവാരിയെറിയുമ്പോലെ മഴവീണത്. ക്ഷേത്രത്തിന് അകത്തോ അടുത്തോ അകലത്തായോ ഒരാൾക്കുപോലും കയറിനിൽക്കാനിടമില്ല. പ്രവേശനകവാടത്തിന്‌ അടുത്തായിരുന്നവർ അവിടേയ്ക്ക് ഓടിക്കയറി. കുടയുണ്ടായിരുന്ന ഒരാൾക്കൊപ്പം പത്തോളം പേർ ചുറ്റുംകൂടിനിന്ന് ഭാഗീകമായും പുർണ്ണമായും നനയുന്നു. നടക്കാനാവതില്ലാത്ത ഒരുസ്ത്രീ മറ്റുമാർഗ്ഗങ്ങളില്ലാതെ വീൽചെയറിൽ ഇരുന്നുനനയുന്നു. കൈകുഞ്ഞിനെ സാരത്തലപ്പുകൊണ്ട് പൊതിഞ്ഞ് മാറോടൊതുക്കി മറ്റൊരു സ്ത്രീ നനയുന്നു. തടിവണ്ണമുള്ള മരച്ചുവട്ടിലേക്ക് മഴനനയാതിരിക്കാൻ ഓടിക്കയറിയവരുടെ കാര്യവും കഷ്ടമായിരുന്നു. ഇലകളിലൂടെയും തടികളിലൂടെയും കുതിച്ചിറങ്ങിവന്ന മഴ അവരേയും നനച്ചുകൊണ്ടിരുന്നു. മരത്തിലെ അഴുക്ക് ഉടുപ്പിലേക്കും സാരിയിലേക്കും ഒലിച്ചിറങ്ങുന്നത് അവർക്ക് വെറുതെ നോക്കിനിൽക്കാനേ കഴിയുമായിരുന്നുള്ളൂ. ജീവിതത്തിലൊരിക്കലും മുമ്പ് കണ്ടിട്ടില്ലാത്ത ഏതോഭാഷ സംസാരിക്കുന്ന എതോനാട്ടുകാരോട് ചേർന്ന് ഓരോരുത്തരും നിൽക്കുകയാണ്. ചെറിയൊരു പമ്പ് ഹൗസുപോലുള്ള ഒരൊറ്റമുറിയുടെ മുൻവശത്തേക്ക് അൽപ്പം നീണ്ടുനിൽക്കുന്ന ഒരു ഷെയ്ഡിന് താഴെ പാതിയിലധികം നനഞ്ഞുനിൽക്കുന്ന മുപ്പതോളം ആളുകളുടെ ഒപ്പം ചേർന്നുനിന്ന് നനയാതെ എനിക്കും മറ്റുവഴികളില്ലായിരുന്നു. മഴയിപ്പോൾ കുറയും ഇപ്പോൾ മാറുമെന്ന് തന്നെത്താൻ പറഞ്ഞുകൊണ്ട് ഞാനവരോടൊപ്പം ചേർന്നുനിന്നു. ഇരുപത് ഡിഗ്രി താഴെമാത്രം താപനിലയിൽ നനഞ്ഞുകുളിച്ചുള്ള ആ നിൽപ്പിന് നൂറ്റാണ്ടുകളോളം പഴക്കംതോന്നിച്ചു. അരമണിക്കൂറെങ്കിലും നിന്നുപെയ്ത മഴ മെല്ലെമെല്ലെ അലിവുകാട്ടിത്തുടങ്ങി. ഞങ്ങൾ ചാറ്റൽ മഴയെ കൂസാതെ അരകിലോമീറ്ററിലധികം അകലത്തുള്ള ഷെഡിലേക്ക് തണുത്തുവിറച്ച് നടന്നു. പുരാതനവും അതിമനോഹരവുമായ, ഏഴുകുതിരകൾ പൂട്ടിയ രഥത്തിന്റെ മാതൃകയിലുള്ള സൂര്യക്ഷേത്രത്തിന്റെ എട്ട് ആരക്കാലുകളുള്ള 24 ചക്രങ്ങളിൽ ഒന്നിലൂടെ പെയ്തൊഴുകുന്ന മഴവെള്ളം ഒരോർമ്മയ്ക്കായി ഞാൻ മൊബൈലിലേക്ക് പകർത്തിയെടുത്തു. എത്ര നൂറ്റാണ്ടുകളിലായി ഈ ചക്രങ്ങളിലൂടെ എത്രയോമഴകൾ വീണൊഴുകിപോയിട്ടുണ്ടാവും. ചരിത്രത്തിന്റെ കാണാക്കയങ്ങളിൽനിന്ന് കല്ലിൽ ഉളിവീഴുന്നപോലൊരു ശബ്ദം എന്റെയുള്ളിൽവീണ് തകർന്നുവോ എന്നൊരു തോന്നൽ.

ഞങ്ങൾ ചാറ്റൽമഴയിലൂടെ വണ്ടി പാർക്കുചെയ്തിട്ടുള്ള സ്ഥലത്തേക്ക് വേഗം നടന്നു. ഞാൻ വഴിവക്കിലെ ഒരു ചിന്തിക്കടയിൽനിന്നും ഒരു തുവാല വാങ്ങി തലതോർത്തിക്കൊണ്ടാണ് നടന്നത്. ഇതിൽ കൂടുതൽ മഴ പലതവണ ജീവിതത്തിൽ നനഞ്ഞിട്ടുണ്ട്. പക്ഷെ അതൊക്കെ മനപ്പൂർവമുള്ള നനയലുകളായിരുന്നു. അറിഞ്ഞുകൊണ്ട് തിരഞ്ഞെടുത്ത മഴനനയലുകൾ. ഇതു പക്ഷെ അങ്ങനെയായിരുന്നില്ല. ജീവിതത്തിലൊരിക്കൽ ഇതിനുമുമ്പ് ഇഷ്ടത്തോടെയല്ലാതെ മഴനനഞ്ഞ ഒരുകഥയുടെ എതാനും ഭാഗങ്ങൾ പറയാതെ കൊനാർക്കിലെ മഴയിൽനിന്ന് തോരുന്നത് ശരിയല്ല. എൽ.പി സ്കൂൾകാലത്താണ്. ഞാനും സെബാസ്റ്റ്യനെന്ന കൂട്ടുകാരനും സ്കൂളുവിട്ടുപോകുമ്പോൾ ഞെടുമ്പറ്റപോലെ മഴവീണു. എവിടെയും കയറിനിൽക്കാൻ ഇടമില്ലാത്ത ഇടത്തുവെച്ചായിരുന്നു മഴവീണത്. ഞങ്ങൾ എങ്ങനെയൊക്കെയോ ഓടി ഒരാലിൻചുവട്ടിലെത്തി അതിന്റെ ഉടലോട് ചേർന്നുനിന്നു. പുസ്തകങ്ങൾ ഉടുപ്പിനുള്ളിൽ തിരുകിയെങ്കിലും മഴയുടെ ശക്തി കൂടിയതോടെ ഞങ്ങൾ സകലമാനം നനയാൻ തുടങ്ങി. ഞങ്ങളുടെ വീടുകളിലേക്കുള്ള വഴിപിരിയുന്ന ആലിൻ ചുവട്ടിൽ ഒരിടത്തേക്കും ഓടാനാവാതെ മണിക്കൂറുകളോളം ചേർന്നുനിന്ന് മഴനനഞ്ഞതിനുശേഷം അതുപോലെ നിസഹായരായി നനയുന്നത് നാലുപതിറ്റാണ്ടുകൾക്ക് ശേഷം കൊനാർക്കിൽ വെച്ചാണ്. അരമണിക്കൂറിലധികം നേരം പക്ഷിമൃഗാദികളെപ്പോലെയോ പ്രതിമകളെപ്പോലെയോ അടിമുടി നനഞ്ഞുവിറച്ച് മഴകൊള്ളാൻ വേണ്ടി മാത്രമായിരുന്നോ ‘കൊനാർക്ക് യാത്ര’ എന്നൊരുതോന്നൽ നടക്കുംതോറും എന്റെയുള്ളിൽ ശക്തമായിക്കൊണ്ടിരുന്നു. ഒരുപക്ഷെ ഒഡീഷ യാത്രയിലെ മറ്റെല്ലാം അനുഭവങ്ങളും കാഴ്ചകളും മങ്ങിപ്പോയാലും മറ്റൊന്നും ചെയ്യാനാവാതെ മഴനനഞ്ഞുള്ള ആ നിൽപ്പ് ഞാനൊരിക്കലും മറക്കുമെന്ന് തോന്നുന്നില്ല.

മഴയിൽ ഞങ്ങൾ രണ്ടു ഗ്രൂപ്പായി പിരിഞ്ഞുപോയിരുന്നു. വഴിവക്കിലെ ഒരു ചെറിയ ഹോട്ടലിൽ ഓടിക്കയറി തുവാല പിഴിഞ്ഞ് തലവീണ്ടും തോർത്തി ചായ ഓർഡർ ചെയ്തു. ഉച്ചയോട് അടുത്തതിനാലാവാം വരാൻ വൈകുന്ന ചായകാത്തിരുന്ന് തണുത്തുകിടുകിടുത്തു. നനഞ്ഞ വസ്ത്രങ്ങളും ഷൂവും തണുപ്പിനെ ഇരട്ടിയാക്കി. മഴതോരുന്ന ലക്ഷണമില്ല. എങ്ങനേലും വണ്ടിയിൽ കയറി മഴയില്ലാത്ത എങ്ങോട്ടേലുമൊന്ന് പോയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. ചായ ഊതിക്കുടിച്ച് ഒരുവിധത്തിൽ വണ്ടിയിൽ ഞങ്ങൾ വണ്ടിയിൽ കയറിപ്പറ്റി. നന്നായി നനഞ്ഞവരും കാര്യമായി നനയാത്തവരും വലിയ മിണ്ടാട്ടമില്ലാതെ തണുത്തിരുന്നു. മഴകുറയുന്നതും മാനംതെളിഞ്ഞ് വെയിൽ വരുന്നതും തേടി വണ്ടി കൊനാർക്കിൽനിന്ന് അകന്നുകൊണ്ടിരുന്നു.

ആറ്

കൊനാർക്കിൽനിന്ന് 43 കിലോമീറ്റർ അകലെയുള്ള പിപ്പിലിയായിരുന്നു ഞങ്ങളുടെ അടുത്ത പോയിന്റ്. അലങ്കാര തുന്നൽവേലയ്ക്ക് (Applique) പേരുകേട്ട പുരി ജില്ലയിലെ ഒരു ഗ്രാമമാണ് പിപ്പിലി. നിറപ്പകിട്ടുള്ള തുണികളും കണ്ണാടികളും മറ്റ് തിളക്കമുള്ള വസ്തുക്കളും കലാപരമായി മുറിച്ചെടുത്ത് മറ്റൊരുതുണിയിൽ തുന്നിച്ചേർത്തും, ചേർത്തു തുന്നിയ തുണിയുടെ മേലടുക്കിൽനിന്ന് കലാപരമായി കുറേഭാഗങ്ങൾ മുറിച്ചു മാറ്റി ഡിസൈനുകളായി അടിയടുക്കിലെ തുണിയുടെ നിറം ദൃശ്യമാക്കിയും, വസ്ത്രങ്ങളും, ബഡ്ഷീറ്റുകളും, തലയിണകവിയനുകളും, ബാഗുകളും, പേഴ്സുകളും മറ്റും നിർമ്മിക്കുന്നവരുടെ ഗ്രാമമത്രേ പിപ്പിലി. ഞങ്ങൾ പിപ്പിലിയിലെത്തി. നിറങ്ങളുടേയും തിളക്കങ്ങളുടേയും മഴവിൽ തെരുവകൾ പ്രതീക്ഷിച്ച ഞങ്ങൾ വിജനമായ പിപ്പിലികണ്ട് കടുത്ത നിരാശയിലായിപ്പോയി. മഴതണുപ്പിച്ചുകളഞ്ഞ ഞങ്ങളുടെ എനർജി വീണ്ടെടുക്കാനുള്ള അവസരവും നഷ്ടമായല്ലോ എന്നുകരുതി വണ്ടിക്കുചുറ്റും ഇറങ്ങിനിൽക്കുമ്പോഴാണ്. വണ്ടിക്കാരൻ വിവരം തിരക്കി വന്നുപറഞ്ഞത്. ഇന്നിവിടെ അലങ്കാരത്തുന്നൽ തൊഴിലാളികളെല്ലാം കടകളടപ്പിച്ച് പണിമുടക്കുസമരം നടത്തുകയാണ്. ഇവരുടെ ജോലിഭാരത്തിനും വർക്കിന്റെ ഗുണമേന്മയ്ക്കും തുല്യമായ വേതനം ലഭിക്കുന്നതിനു വേണ്ടിയാണത്രേ ഈ പ്രദേശിക മിന്നൽ പണിമുടക്കും ഹർത്താലും. തൊഴിലാളിവർഗ്ഗ ബോധമൊക്കെ ഉള്ളവരാണെങ്കിലും ഈ വാർത്ത ഞങ്ങളെ നിരാശപ്പെടുത്തി. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഒഡീഷയിൽവന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടിവരുമോന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് വണ്ടിക്കാരൻ ഇത്തിരി കരിങ്കാലിപ്പണി ആസൂത്രണം ചെയ്ത് കാര്യങ്ങൾ ശരിയാക്കിയത്. ഒരു കടക്കാരൻ തുറക്കാമെന്ന് പറഞ്ഞിട്ടുണ്ട്, അയാൾ കട വേഗം തുറന്നടയ്ക്കും എന്തേലും വാങ്ങണമെന്നുള്ളവർ അതിനിടെ വേഗം ഉള്ളിൽ കയറിക്കോണം. വണ്ടിക്കാരൻ പറഞ്ഞപോലെ ഒരാൾ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി ഞങ്ങളെ അയാൾ കടയുടെ അകത്തുകയറ്റി കതകടച്ചു. ആശങ്കകൾക്കും ചർച്ചകൾക്കുമിടയിൽ ഞാൻ അടുത്തകണ്ട എ.ടി.എമ്മിൽ നിന്ന് കുറച്ച് കാശ് പിൻവലിച്ചിരുന്നു.

യാത്രയുടെ തുടക്കത്തിൽ ക്രഡിറ്റ് കാർഡ് വന്ധീകരിച്ച എന്റെ അക്കൗണ്ടിനെ ഇതിനിടെ വീണ്ടും ഊർവരമാക്കിയ സുഹൃത്തിനെ ഞാൻ നന്ദിയോടെ സ്മരിച്ചു. കടയുടെ ഉള്ളിൽ പ്രകാശം കുറവായിരുന്നു. വില പറയുന്നതിനിടയിലും വാതിലുകൾക്കിയിലുടെ അകത്തേക്ക് കടന്നുവരുന്ന കോലുപോലുള്ള വെളിച്ചത്തിലേക്ക് അയാൾ ഭയപ്പാടോടെ നോക്കികൊണ്ടിരുന്നു. കഴിവതും വേഗം ഇഷ്ടമായവ തിരഞ്ഞെടുക്കാൻ അയാൾ ഭവ്യതയോടെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കൂടുതൽപേരും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉപയോഗിക്കാൻ പറ്റുന്ന തുണിസഞ്ചികളാണ് വാങ്ങിയത്. ഞാൻ രണ്ട് വലിയ പേഴ്സുകളാണ് വാങ്ങിയത്. അയാൾക്ക് ഒരു മൂവായിരം രൂപയുടെ എങ്കിലും കച്ചവടം കിട്ടിക്കാണും. അത്യാവശ്യം റിസ്കെടുത്ത് അയാൾ കടതുറന്നില്ലായിരുന്നെങ്കിൽ പിപ്പിലിയാത്ര ഒരു ദുരന്തമായേനെ. തിടുക്കപ്പെട്ട് എല്ലാവരും വണ്ടിയിൽ കയറി. വണ്ടിപുറപ്പെട്ടു. നെടുനീളത്തിൽ ഇരുവശങ്ങളിലായി അടഞ്ഞുകിടക്കുന്ന പിപ്പിലിക്കടകൾ. ഞാൻ വെറുതെ കണ്ണൊന്ന് അടച്ചുതുറന്നു. അതാ എല്ലാകടകളും തുറന്നിരിക്കുന്നു. തെരുവാകെ തിക്കിതിരക്കുന്ന ജനസഞ്ചയം. മഴവില്ലുകളുടെ ഒരുകടൽ കണ്ണിൽ പുളയ്ക്കുന്നതുപോലെ. ഒരുപക്ഷേ സാധാരണ ദിവസങ്ങളിൽ പിപ്പിലിയിലെ തെരുവുകൾ ഇങ്ങനെയായിരിക്കാം. ഒരിക്കൽകൂടി കണ്ണുകൾ അടച്ചുതുറന്ന് ആ ഇലൂഷനെ പൊടിഞ്ഞുപോകാൻ ഞാൻ അനുവദിച്ചില്ല.

ലിംഗരാജ ക്ഷേത്രത്തിലേക്കായിരുന്നു ഞങ്ങളുടെ തുടർന്നുള്ള യാത്ര. പിപ്പിലിയിൽനിന്ന് ലിംഗരാജ ക്ഷേത്രത്തിലേക്ക് 13 കിലോമീറ്ററേയുള്ളൂ. കലിംഗ വാസ്തുശാസ്ത്ര മാതൃകയിൽ പതിനൊന്നൊം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ക്ഷേത്രം ഭുബനേശ്വരിലെ ഏറ്റവും വലിയതും, ഏറ്റവും പുരാതനവുമായ ക്ഷേത്രങ്ങളിൽ ഒന്നുമാണ്. ചെങ്കൽനിറമുള്ള പാറക്കല്ലുകൊണ്ടാണ് ഇതിന്റെ ശില്പചാരുതയാർന്ന നിർമ്മാണം 22400 ൽ അധികം ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ലിംഗരാജ ക്ഷേത്രം യഥാർത്ഥത്തിൽ 150 ചെറുതും വലുതുമായ ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണ്. ചന്ദനമരത്തിന്റെ തടികൊണ്ടാണ് ഇതിന്റെ പ്രധാനവാതിൽ പണിതിട്ടുള്ളത്. സിംഹദ്വാരാ എന്നാണിതറിയപ്പെടുന്നത്. ഇതിലെ പ്രധാന മന്ദിരത്തിന്റെ ഉയരം 55 മീറ്ററാണ്. പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയിലാണ് (Rekha Deula) ഈ ക്ഷേത്രത്തിന്റെ നിർമ്മാണവും. വിമനാ, ജഗമോഹനാ, നടമന്ദിരാ, ഭോഗമന്ദിരാ ഏന്നിങ്ങനെ നാലുതരം നിർമ്മിതികൾ ചേർന്നുള്ള ഒരു രീതിയാണ് Deula.

ഇതിനോടൊപ്പം ദേവദാസികൾക്കായ് നൃത്തമണ്ഡപവും ഉണ്ടാവും. സോമവംശി സാമ്രാജ്യത്തിലെ യയാതി ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഇതിന്റെ കുറേ ഭാഗങ്ങൾ ആറാം നൂറ്റാണ്ടിൽ ഇന്ദുകേശരിയുടെ കാലത്ത് പണിഞ്ഞിരുന്നതായും കുറേ ഭാഗങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പൂർത്തീകരിച്ചതെന്നും കരുതപ്പെടുന്നു. ഒമ്പതുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ കലിംഗനാട്ടിൽ മേധാവിത്വമുണ്ടായിരുന്ന സോമവംശി സാമ്രാജ്യത്തിന്റെ കാലത്താണ് ബുദ്ധിസത്തിന്റെ ശക്തി ക്ഷയിച്ചുതുടങ്ങുന്നതും ബ്രാഹ്മണിസം മേൽകൈ നേടുന്നതും. പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ ശക്തിപ്രാപിച്ച ഗംഗ സാമ്രാജ്യം വൈഷ്ണവിസത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെട്ടത്. ലിംഗരാജ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശിവനാകാതെ ഹരിഹരൻ (വിഷ്ണുവും ശിവനും ചേർന്നരൂപം) ആകുന്നത് ശൈവിസവുമായി വൈഷ്ണവിസം നടത്തിയ നീക്കുപോക്കുകളുടെ തെളിവായി എടുക്കാവുന്നതാണ്. ശിവരാത്രിയാണ് ലിംഗരാജ ക്ഷേത്രത്തിലെ പ്രധാന ഉൽസവം. ലക്ഷക്കണക്കിന് ഭക്തരാണ് ഇതിനോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിച്ചേരുന്നത്. പുരിയിലേതുപോലുള്ള രഥയാത്ര ഇവിടെയും നടക്കാറുണ്ട്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ബിന്ദുസാഗർ തടാകത്തിന് ഉത്സവനാളുകളിൽ വലിയ പ്രാധാന്യമാണുള്ളത്. ഭക്തരെ സംബന്ധിച്ചിടത്തോളം ഇതൊരു പുണ്യതടാകമാണ്. ഇതിന്റെ ഒത്തനടുക്ക് ദ്വീപുപോലെ ഒരുമന്ദിരവുമുണ്ട്. ചെരിപ്പൊക്കെ ഊരിയിടുന്നതിന്റെ പിന്നിൽ വൃത്തിബോധമാണ് പ്രവർത്തിക്കുന്നതെങ്കിൽ ചെരിപ്പിടാതെ നടക്കേണ്ടയിടങ്ങളിലെ വൃത്തി ഉറപ്പുവരുത്താൻ ക്ഷേത്രഭാരവാഹികൾക്ക് ഉത്തരവാദിത്തമുണ്ട്. ലിംഗരാജ ക്ഷേത്രത്തിനുള്ളിലൂടെ നഗ്നപാദനായുള്ള നടപ്പ് അവിശ്വാസികൾക്ക് മാത്രമല്ല വിശ്വാസികൾക്കും അത്ര സുഖകരമാവാനിടയില്ല.

‘കലിംഗയുദ്ധ’യുദ്ധമെന്ന് കേൾക്കാത്തവർ ചുരുക്കമാവും. ഇന്ത്യാചരിത്രത്തിലും പിൽക്കാല ഇന്ത്യയുടെ ആവിർഭാവത്തിലും ഈ യുദ്ധത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഒരുപക്ഷേ ജയിച്ച ചക്രവർത്തി യുദ്ധാനന്തരം മാനസാന്തരപ്പെട്ട് ബുദ്ധമതം സ്വീകരിച്ച് യുദ്ധവിരുദ്ധനും സമാധാനത്തിന്റേയും സ്നേഹത്തിന്റെയും പ്രചാരകനായി മാറിയതിന് സമാന്തരമായ സംഭവങ്ങൾ ലോകചരിത്രത്തിൽ തന്നെയുണ്ടാവില്ല. ഈ കലിംഗയുദ്ധം നടന്നുവെന്ന് കരുതപ്പെടുന്ന ദൗളഗിരിയായിരുന്നു ഞങ്ങളുടെ അടുത്തലക്ഷ്യം. ലിംഗരാജ ക്ഷേത്രവും ദൗളഗിരിയും തമ്മിൽ 8 കിലോമീറ്റർ ദൂരമേയുള്ളൂ. ദയാനദിക്ക് ചുറ്റുപാടുമുള്ള സമതലങ്ങളുടെ മധ്യത്തിലായുള്ള ഉയർന്ന പ്രദേശമാണ് ദൗളഗിരി. അശോകൻ സ്ഥാപിച്ച ശിലാശാസനങ്ങളും ബുദ്ധവിഹാരവും അശോകസ്തൂപവുമുള്ളത് ഇവിടെയാണ്. ഈ കുന്നിന്റെ മുകളിൽനിന്നാണ് മൗര്യസാമ്രാജ്യത്തിലേയും കലിംഗനാട്ടിലേയും പതിനായിരക്കണക്കിന് പടയാളികൾ തമ്മിൽ വെട്ടിയും കുത്തിയും അമ്പേറ്റും ആനചവിട്ടിയും കൊല്ലപ്പെടുന്നത് അശോകൻ കണ്ടതെന്ന് കരുതപ്പെടുന്നു.

ദൗളഗിരിയിൽ സാമാന്യം ഭേദപ്പെട്ട തണുപ്പുകാറ്റും ചാറ്റൽമഴയും ഉണ്ടായിരുന്നു. പച്ചയും തവിട്ടും കലർന്ന നിറങ്ങളിൽ താഴ് വരകൾ അനന്തതയിലേക്ക് കലർന്നുകിടന്നിരുന്നു. ബി.സി 261 ൽ ചോരപ്പുഴ ഒഴുകിവന്നുചാടി ചുവന്ന ദയാനദി ഒന്നുമറിയാത്ത മട്ടിൽ ദൗളഗിരിയെ ചുറ്റിയൊഴുകി പോകുന്നുണ്ട്. ചരിത്രപുസ്തകങ്ങളിൽനിന്ന് വായിച്ചറഞ്ഞവയിൽ പാതിയെങ്കിലും സത്യമാണെങ്കിൽ പോലും ഇങ്ങനെ നിൽക്കുമ്പോൾ ആന്തലുകൾ പെരുകി ഹൃദയമിടിപ്പിന്റെ താളം ഇടറിപ്പോകുന്നു. എതാണ്ട് രണ്ടായിരത്തിമുന്നൂറ് വർഷങ്ങൾക്കുമുമ്പുള്ള ഇതേപോലൊരു ഉച്ചതിരിഞ്ഞനേരം ഞാനിപ്പോൾ നിൽക്കുന്നിടത്ത് എന്താവും സംഭവിച്ചിട്ടുണ്ടാവുക. ഈ കുന്നും താഴ് വരയും നദിയും ഈ ആകാശവുമൊക്കെ എന്തിനൊക്കെയാവും സാക്ഷ്യം വഹിച്ചിട്ടുണ്ടാവുക. ഭൂതകാലത്തിന്റെ പിടിയിൽനിന്ന് കുതറാൻ ഞാൻ കുട്ടുകാരെ തിരഞ്ഞു. ദൗളിഗിരിയിലെ ശാന്തിസ്തൂപത്തിന്റെ നാലുവശങ്ങളിലുമുള്ള വിവിധ ഭാവത്തിലുള്ള ബുദ്ധപ്രതിമകളും, പ്രകൃതി ലിപിയിലെഴുതപ്പെട്ട അശോകന്റെ ശിലാശാസനങ്ങളും, പാറയിൽ കൊത്തിയ ആനയുടെ മുഖവുംകണ്ട് (ഇരുളിൽനിന്നെന്നപോലെ പാറയുടെ ഉള്ളിൽനിന്ന് പുറത്തേക്കിറങ്ങിവരുന്ന ഈ ആനമുഖം ഒഡീഷയിലെ ഏറ്റവും പുരാതനമായ ബൗദ്ധശില്പവും മൗര്യൻ ആർട്ടിന്റെ അപൂർവമായ അവശേഷിപ്പുമാണ്) മടങ്ങിവരുന്ന കൂട്ടുകാരോടൊപ്പം ഞാനും ചേർന്നു. അൽപ്പനേരംമുമ്പ് കൈവിട്ട് പടികളിലൂടെ താഴേക്ക് ഉരുണ്ടുപോയ തന്റെ മാസ്ക് എടുത്തുകൊണ്ട് ഒരുകുട്ടി ഞങ്ങൾക്കെതിരേ പടികൾ കയറി വരുന്നുന്നുണ്ടായിരുന്നു. മഴനനഞ്ഞ മാസ്ക് അവൻ തട്ടുകയും കുടയുകയും ചെയ്തുകൊണ്ടിരുന്നു. എന്റെ ചുണ്ടിലേക്കും മുഖത്തേക്കും തെറിച്ചുവീണ ആ മഴത്തുള്ളികളിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചിന്തിയ ചോര രുചിക്കുന്നതുപോലെ ഒരു തോന്നൽ. ചരിത്രത്തിന്റെ ചതുപ്പിലേക്ക് ആഴ്ന്നുപോകുന്ന തോന്നലുകളെ നിയന്ത്രിക്കാൻ എനിക്ക് കഴിയാതെ വരുന്നതുപോലെ. കാഴ്ചയിലും മനോഗതത്തിലും എനിക്ക് ആകയൊരു നിലയില്ലാത്തതുപോലെ. ദൗളിഗിരിയുടെ നെറുകയിൽനിന്ന് ‘കലിംഗയുദ്ധം’ കണേണ്ടിയിരുന്നില്ല എന്നുതോന്നിപ്പോയി. മായക്കാഴ്ചയുടെ നായാട്ട് കൊടുമ്പിരികൊള്ളുന്ന ഇത്തരം അവസ്ഥകളിലാണ് രണ്ടുപെഗ്ഗ് ഓൾഡ് മങ്ക് കടുപ്പത്തിലൊഴിച്ച് കഴിച്ച് എവിടെയെങ്കിലും ചുരുണ്ടുകൂടേണ്ടത്.

ഏഴ്

കൊനാർക്കിൽ നനഞ്ഞ മഴയിൽ നിന്നെന്നപോലെ ദൗളഗിരിൽനിന്നുമേറ്റ മുറിവുകളിൽനിന്നും രക്ഷപെടാൻ ഞാൻ ഏറെസമയമെടുത്തു. കൊണാർക്കിലെ മഴ ഉള്ളിൽ പെയ്ത്ത് തുടരുകയാണെങ്കിലും നനവുണങ്ങിയതോടെ മഴനനഞ്ഞ തണുപ്പ് ഉടൽവിട്ടുപോയിരുന്നു. പക്ഷേ ദൗളഗിരി താഴ്വരയിൽനിന്ന് കൂടെക്കൂടിയ കൊലവിളികളും ആർത്തനാദങ്ങളും ചോരപ്രവാഹങ്ങളും ഒപ്പമുണ്ട്. ഉച്ചഭക്ഷണം കഴിക്കാൻ വൈകിയതുമൂലം ഷുഗർലെവൽ താഴ്ന്നതും കാര്യങ്ങളെ ‘ഉഷാറാ’ക്കി. തുടർച്ചയായ യാത്രയാലും വിശപ്പാലും ക്ഷീണിതരായിരുന്നതിനാൽ സമയമെടുത്ത് സാവകാശമാണ് പലരും ആഹാരം കഴിച്ചത്. അഞ്ചുമണിയോടെ ഞങ്ങൾ ഭുബനേശ്വർ നഗരത്തിൽ എത്തിത്തിച്ചേർന്നു. ഖാണ്ഡാഗിരി-ഉദയഗിരി ഗുഹകൾ ഇവിടെയാണ്. ഉദയഗിരിയും ഖണ്ഡാഗിരിയും അടുത്തടുത്ത് ചേർന്നുനിൽക്കുന്ന രണ്ടുമലകളാണ്. ഇതിന്റെ ഏറ്റവും മുകളിലെ പാറകളിൽ നിന്നുള്ള ഭുബനേശ്വർ നഗരത്തിന്റെ പനോരമിക് വ്യൂ അതീവസുന്ദരമാണ്. പ്രത്യകസമയത്തിനുള്ളിൽ ക്രമീകരിക്കാതെ ഈ ഗുഹകളുടെ സന്ദർശനം നേരം പുലരുന്നമുതൽ സന്ധ്യവരെ എന്നാക്കിയിട്ടുള്ളത് എനിക്ക് രസകരമായി തോന്നി. പ്രകൃതിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി കാലങ്ങളെടുത്ത് ശിലാസമുച്ചയങ്ങളിൽ സ്വാഭാവികമായ രൂപപ്പെട്ട ഗുഹാസാമാനമായ വിള്ളലുകളും തുരങ്കങ്ങളും ആവശ്യമായ ഭേദഗതികളും അലങ്കാര കൊത്തുപണികളും ശില്പവേലകളുമൊക്കെ നടത്തി അക്കാലത്തെ ശില്പികളും കലാകാരന്മാരും വാസയോഗ്യമായ ഗുഹകളോ അറകകളോ ആക്കി മാറ്റുകയായിരുന്നിരിക്കണം. പ്രധാനമായും ഈ ഗുഹകൾ ജൈനസന്യാസിമാർക്കും രാജവംശത്തിൽ പെട്ടവർക്കും വേണ്ടിയുള്ളവയായിരുന്നു. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ ഖരവേലൻ എന്ന ജൈനരാജാവിന്റെ കാലത്താണത്രേ ഈ ഗുഹകൾ വാസത്തിനും ധ്യാനത്തിനും മറ്റുമായി പരിഷ്കരിച്ചും മോടിപിടിപ്പിച്ചും ബ്രഹ്മി ലിപിയിൽ സൂക്തങ്ങളെഴുതിവെച്ചും ഉപയോഗിച്ചുതുടങ്ങിയത്. പണ്ടുകാലത്ത് ഈ മലനിരകളിൽ വാസഗൃഹമായി ഉപയോഗിച്ചിരുന്ന ഇത്തരം നൂറുകണക്കിന് ഗുഹകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഖണ്ഡാഗിരിയിൽ പതിനഞ്ചും ഉദയഗിരിയിൽ പതിനെട്ടും ഗുഹകളാണുള്ളത്. പല വലുപ്പത്തിലും ആകാരത്തിലും പല ഉദ്ദേശങ്ങൾക്കായി ഉപയോഗിക്കപ്പെട്ടിരുന്ന ഗുഹകൾ ഇപ്പോൾ നമ്പരിട്ട് തരംതിരിച്ചിട്ടുണ്ട്. ഈ ഗുഹകൾക്കെല്ലാം പേരുകളുണ്ട്. റാണി ഗുംഭാ, ബജഘരാ ഗുംഭാ, അളകപുരി ഗുംഭാ, ഗണേഷ് ഗുംഭാ തുടങ്ങിയവ ഇവയിൽ ചിലതാണ്.

രണ്ടുനിലകളുള്ള റാണിഗുംഭയാണ് ഇവയിൽ ഏറ്റവും വലുതും പ്രശസ്തമായതും. ഇതിന്റെ ഒരോനിലയിലും മൂന്നുവിതം അറകളുമുണ്ട്. ബജഘര ഗുംഭയിൽ ശിലാനിർമ്മിതമായ കിടക്കയും തലയിണയുമുണ്ട്. ചില ഗുഹകളിലെ അറകളിലെ മനുഷ്യർക്ക് ഫോണിലെന്നപോലെ അന്യോന്യം സംസാരിക്കുവാൻ പാറകളിൽ തുളകൾ തീർത്ത് അറകളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ ഗുഹയ്ക്കും ഇങ്ങനെ ഏതെങ്കിലും പ്രത്യേകളോ പ്രാധാന്യമോ ഉണ്ടാവും. ഗുഹകളോരോന്നും കണ്ടുനടക്കുന്നതിനിടയിൽ ഞാനൊരു ചെറിയ അറയിൽ കയറി ചമ്രം പടഞ്ഞ് ഇത്തിരിനേരം ഇരുന്നുനോക്കി. പുറമേ ചുടുള്ള കാലാവസ്ഥയിലും ഗുഹയ്ക്കുള്ളിൽ നല്ലതണുപ്പാണ്. മറ്റൊരു ഗുഹയ്ക്ക് കുറച്ചുകൂടി വിസ്താരമുണ്ടായിരുന്നു. ഉയരംകൂടിയ പാറകളിൽ വലിഞ്ഞുകയറിയാണ് ഞാനതിന്റെ മുകളിലെത്തിയത്. അതിന്റെ മച്ചിൽ ചെറിയകുരുവികളുണ്ടായിരുന്നു. ഒരാൾക്ക് നീണ്ടുനിവർന്ന് കിടക്കാനുള്ള ഇടമുണ്ടായിരുന്നു അതിനുള്ളിൽ. ഞാനതിന്റെ ഉള്ളിലേക്ക് തലകുനിച്ച് കയറി ഇത്തിരിനേരം കിടന്നു. ഏതൊക്കെ നൂറ്റാണ്ടുകളിൽ ഏതൊക്കെ കാലങ്ങളിൽ എത്രയോ മനുഷ്യർ കിടന്നതിന് മീതെയാവും ഞാൻ കിടക്കുന്നത്. ഏതെങ്കിലും മനുഷ്യർ ഏതെങ്കിലും തരത്തിൽ ഉപയോഗിക്കാത്ത ഒരിഞ്ചുസ്ഥലവും ഒരുപക്ഷേ ഭുമിയിലുണ്ടാവില്ല എന്നെനിക്ക് തോന്നി. എത്രയോ മനുഷ്യർ ഈ ലോകത്ത് തങ്ങളുടെ ജീവിതം ജീവിച്ച് കടന്നുപോയിട്ടുണ്ടാവും. ഏതെല്ലാം നുറ്റാണ്ടുകളിൽ നിന്ന് എതെല്ലാം നിലയിയിലാണ് പൂർവികർ നമ്മളോട് ഇടപെടാനും സംസാരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ‘അനശ്വര’മായ ശിലകളിൽ കാര്യമായും കളിയായും, കാമമായും കലയായും, കനലായും കണ്ണീരായും അവർ അവശേഷിപ്പിച്ചവയൊക്കെ പിൻഗാമികൾക്കായുള്ള കോഡുകളല്ലാതെ പിന്നെന്തൊണ്.

കലിംഗനഗറിലുള്ള പ്രശസ്തമായ സം ഹോസ്പിറ്റലിന് എതിർവശത്തുള്ള ഗ്രീൻവുഡ് ഗാലക്സി ഹോട്ടലിലായിരുന്നു ‘ഓയോ’വഴി ഞങ്ങൾ റൂമുകൾ ബുക്കുചെയ്തിരുന്നത്. സന്ധ്യയോടുകൂടി ഞങ്ങൾ ഹോട്ടലിലെത്തിച്ചേർന്നു. ആകസ്മികമായുണ്ടായ ചില സമ്മിശ്രാനുഭവങ്ങൾ ഞങ്ങളെ കുറച്ചൊക്കെ തളർത്തിയെങ്കിലും റൂമിലെത്തി തെല്ലുനേരം വിശ്രമിച്ചതോടെ അനുഭവവിവരണത്തിലൂടെയും കളിയാക്കലുകളിൽ കൂടിയുമൊക്കെ ഞങ്ങൾ ഫോമിലായി തുടങ്ങിയിരുന്നു. ചിലർ വിശ്രമത്തിലേക്കും ‘കുളിജപ’ത്തിലേക്കും മറ്റും കടന്നപ്പോൾ ഞാനും മറ്റൊരു സുഹൃത്തുമായി ബിവറേജ് ഷോപ്പുതപ്പി പുറത്തേക്കിറങ്ങി. ഓൾഡ് മങ്ക് ആയതുകൊണ്ട് തലേദിവസം കമ്പിനികൂടാതിരുന്നവെരെ കൂടി ഉൾപ്പെടുത്താനായി ഞങ്ങൾ എം.എച്ച് മേടിയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇത്തരം ഘട്ടങ്ങളിൽ എവിടെയും നമ്മളെ സഹായിക്കുക ഓട്ടോഡ്രൈവമാർ ആയിരിക്കും. അറിയാവുന്ന ഹിന്ദിയിൽ ഒരുവനോട് കാര്യമവതരിപ്പിച്ചു. അവൻ സൗ റുപ്പീന്ന് പറഞ്ഞു. ഞങ്ങൾ ഓട്ടോയിൽ ചാടിക്കേറി എന്നുപറഞ്ഞാൽ മതിയല്ലോ. ക്യൂവിൽ വലിയ തിരക്കുണ്ടായിരുന്നില്ല. മടങ്ങുംവഴി ഒരു ചായകുടിച്ചു. സ്നേഹത്തോടെ ഓട്ടോക്കാരനും ചായ വാങ്ങിക്കൊടുത്തു. ഞങ്ങളുടെ മലയാളത്തിലുള്ള വർത്തമാനംകേട്ട് ഞങ്ങള് ആന്ധ്രയിൽ നിന്നാണോന്ന് അവൻ ചോദിച്ചു. ‘ഹം കേരൾ സേ’ എന്നൊക്കെ പറയാനുംമാത്രം ഹിന്ദി ഇതിനകം ഞങ്ങൾ പഠിച്ചിരുന്നു. സ്കൂളിൽ പോയ കാലത്ത് ലോകം ചുറ്റിനടന്നിരുന്നെങ്കിൽ എത്രഭാഷകൾ പഠിക്കാമായിരുന്നെന്നും എന്തോരം അറിവ് നേടാമായിരന്നെന്നും എനിക്കുതോന്നി. അരമണിക്കൂറിനുള്ളിൽ ഞങ്ങൾ സാധനവുമായി തിരികെ ഹോട്ടലിലെത്തി. താമസിയാതെതന്നെ ചെറിയ തോതിൽ കലാപരിപാടികൾ ആരംഭിച്ചു. പുറത്തുപോയി രാവിലെ നനഞ്ഞ മഴയുടെ കേടുതീർത്ത് ചിക്കനും മട്ടനുമൊക്ക ചേർത്ത് അത്താഴം അടിച്ചുപൊളിച്ചു. റൂമിലെത്തി കട്ടിലിലേക്ക് മറിഞ്ഞതറിഞ്ഞില്ല ഉറക്കവും പിടിച്ചു.

എട്ട്

കഴിഞ്ഞ രണ്ടുദിവസത്തേയും റോഡുയാത്ര ട്രവേരയിലായിരുന്നു. ആകയാൽ അതൊന്നു മാറ്റിപ്പിടിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അതിരാവിലെ ഉണർന്ന് ഹോട്ടലിന് മുന്നിലെ തട്ടുകടയിൽനിന്ന് രണ്ടുചായവീതം കുടിച്ച് ഞങ്ങൾ പ്രഭാതത്തെ ആഘോഷമാക്കി. ഉദ്ദേശിച്ചിരുന്നപോലെ രാവിലെ ഒമ്പതുമണിക്ക് ഞങ്ങൾ നന്ദൻ കാനൻ സുവോളജിക്കൽ പാർക്കിലേക്ക് പുറപ്പെട്ടെങ്കിലും പതിനാല് കിലോമീറ്റർ മാത്രം അകലെയുള്ള അവിടെ ഞങ്ങൾ ലൈൻബസ് പിടിച്ചെത്തിയപ്പോൾ പത്തര കഴിഞ്ഞിരുന്നു. ബസ്സിറങ്ങി നടന്നുതുടങ്ങിയപ്പോഴുണ്ട് രണ്ടുവെള്ളക്കുതിരകൾ പൂട്ടിയ ഒരുരഥം നേരെ പാഞ്ഞുവരുന്നു. പെട്ടെന്ന് ഇന്നലത്തെ ‘കലിംഗയുദ്ധ’മോർത്ത് ഞാനൊന്ന് പകച്ചു. പക്ഷേ മനോഹരമായി അലങ്കരിക്കപ്പെട്ട ആ കുതിരവണ്ടി വളരെവേഗം എന്നെക്കടന്നുപോയി. സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ പൊടുന്നനെ അതിന്റെയൊരു പടമെടുക്കുകയും ‘നന്ദൻകാനനിലെത്തി’ എന്നൊരു അടിക്കുറിപ്പോടെ എഫ്.ബീയിൽ പോസ്റ്റുചെയ്യുകയും ചെയ്തു. ഒരു ചായകൂടികുടിച്ച് ടിക്കറ്റെടുത്ത് ഞങ്ങൾ അത്യാവശ്യം തിരക്കുള്ള പാർക്കിലേക്ക് വരിവരിയായി കയറി.

ആയിരത്തിലധികം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സുവേളജിക്കൽ പാർക്ക്‌ 1960 ൽ സ്ഥാപിക്കപ്പെട്ടതാണെങ്കിലും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത് 1979 ൽ മാത്രമാണ്. 150-ൽ പരം ജീവിവിഭാഗങ്ങളിൽപ്പെടുന്ന 3000 ലധികം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളുമുള്ള ഈ പാർക്ക് ഇന്ത്യയിലെ മൂന്നാമത്തെ മൃഗശാലയാണ്. 176 ചതുരശ്രകിലോമിറ്റർ വിസ്തൃതിയുള്ള ചന്ദകവനത്തോടും കാഞ്ചിയ തടാകത്തോടും ചേർന്നാണ് പാർക്കിന്റെ കിടപ്പ്. വെള്ളക്കടുവകളാണ് ഈ പാർക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോകത്ത് ഏററവും അധികം വെള്ളക്കടുവകളുള്ളത് നന്ദൻ കാനനിലാണ്. ടൈഗർ, ലയൺ, ബിയർ സഫാരികൾ ഇവിടുത്തെ പ്രത്യേകതയാണ്. എനിക്കു പൊതുവെ കാണാൻ ഇഷ്ടമില്ലാത്ത ഒരു സ്ഥലമാണ് മൃഗശാലകളെങ്കിലും കേജുകളിലല്ലാതെ തുറസ്സായ സ്ഥലങ്ങളിൽ സുരക്ഷിതമായ കമ്പിവലയങ്ങൾക്കകത്ത് മൃഗങ്ങളെ പരിപാലിക്കുന്ന രീതി രസകരമായി തോന്നി. എന്നിരുന്നാലും വലുതായാലും ചെറുതായാലും തടവ് തടവുതന്നെയാണല്ലോ. മിനിമം താൽപ്പര്യത്തോടെ മാത്രം ഓരോരോ മൃഗങ്ങളെ കണ്ടുനടക്കുമ്പോഴാണ് ഒരുകടുവയുടെ ശില്പവും അതിനടുത്തായി എഴുതിവെച്ചിരുന്ന ബോർഡും എന്റെ ശ്രദ്ധയിൽ പെട്ടത്. അത് നന്ദൻ എന്ന കാട്ടുകടുവയെ കുറിച്ചായിരുന്നു. കേജിലടച്ച ഒരു പെൺകടുവയോടുള്ള പ്രേമത്താൽ ചന്ദകവനത്തിൽ നിന്ന് 18 അടി ഉയരമുള്ള കമ്പിവേലി ചാടിക്കടന്ന് 1967 ൽ അവൻ കേജിൽ സ്വയം എത്തിച്ചേരുകയായിരുന്നത്രേ. 1978 ൽ മരിക്കുന്നതു വരെ നന്ദൻ പിന്നീട് കേജിൽതന്നെ തന്റെ ഇണക്കടുവയോടും കുട്ടികളോടും ഒപ്പമായിരുന്നേത്രേ ജീവിച്ചത്. അടുത്തകാലത്ത് അതായത്ത് 2015 ലും വനത്തിൽ നിന്നൊരു കടുവ പ്രേമബാധിതനായി കേജിലെത്തുകയുണ്ടായി. ഇവനും നന്ദന്നാണ് വിളിയ്ക്കപ്പെട്ടത്. കേജിലുണ്ടായിരുന്ന സാറ എന്ന പെൺകടുവയായിരുന്നു ഇതിന്റെ ‘കാരണക്കാരി’. മൃഗശാല അധികൃതർ ദീർഘനാളത്തെ നീരീക്ഷണങ്ങൾക്ക് ശേഷമായിരുന്നു സാറയാണ് കാമുകിയെന്ന് ഉറപ്പിച്ചതും നന്ദനെ കേജിൽ തുടരാൻ അനുവദിച്ചതും. എന്നാൽ മേഘ എന്ന മറ്റൊരു കടുവ സാറയെ പരിക്കേൽപ്പിച്ചതിനാൽ ഗർഭിണിയായ സാറയെ ആശുപത്രിയിലേക്ക് മാറ്റിപാർപ്പിക്കേണ്ടിവന്നു. സാറ മടങ്ങിയെത്തുന്നതിനിടയിൽ കേജിൽ മറ്റൊരു ട്വിസ്റ്റ് സംഭവിച്ചിരുന്നു. അത് നന്ദനും മേഘയും തമ്മിലുള്ള അടുപ്പമായിരുന്നു. ഇപ്പോൾ സാറയും മേഘയും നന്ദനും അവരുടെ കുട്ടിക്കടുവകളും കാനനിൽ ‘സസുഖം’ വാഴുന്നു. പ്രണയത്തിന്റെ കാര്യത്തിൽ ഹിന്ദിസിനിമകളെ വെല്ലുന്ന സ്റ്റോറിലൈനാണ് നന്ദൻ കാനനിലെ കടുവകൾക്ക് പറയാനുള്ളത്. ഈ കടുവകളുടെ പ്രണയകഥകൾ അറിയാതെ പോയിരുന്നെങ്കിൽ എന്റെ നന്ദൻ കാനൻ അനുഭവം വരണ്ട ഒന്നായിപ്പോയേനെ. പ്രണയബാധിതരായ കടുവകളെക്കൂടാതെ പ്രത്യേകതകൾ നിറഞ്ഞ അധികമൊന്നും നന്ദൻകാനനിൽ നിന്നും കൂടെപ്പോരുന്നില്ല. കാഞ്ചിയ തടാകവും, ഗോൾഡൻ ഫെസന്റ് എന്നകോഴിയുമാണ് ചെറിയ അപവാദങ്ങൾ. കോഴി(Pheasants)വിഭാഗത്തിൽപ്പെട്ട ഗോൾഡൻ ഫെസന്റിന്റെ സ്വദേശം ചൈനയാണ്. ഈ കോഴിയുടെ തൂവലുകളിൽ ഇല്ലാത്തനിറം കണ്ടുപിടിയ്ക്കുന്നതാവും എളുപ്പം. അത്രമാത്രം നിറങ്ങളുണ്ട് ഇതിന്റെ തൂവലുകളിൽ. വെറുതെ ഗോൾഡൻ കോഴിയെന്നൊക്കെ ഇതിനെ വിളിക്കുന്നത് അതിനുതന്നെ ഒരുകുറച്ചിലാവും. കുറഞ്ഞപക്ഷം ഇതിനെ ‘മഴവില്ലുകോഴി’ എന്നെങ്കിലും വിളിക്കേണ്ടതാണ്. കാഞ്ചിയ തടാകത്തിന്റെ കരിനിലപ്പച്ചനിറം പിടിച്ചുവലിക്കുന്നവിധം റൊമാന്റിക്കാണ്. കൗമാരകാലത്ത് കളിക്കൂട്ടുകാരിയുമായി ഇത്തരം തടാകങ്ങളിലൂടെ തുഴഞ്ഞുപോയവരോളം ആനന്ദം അനുഭവിച്ചവരുണ്ടാകില്ല.

കടുവകളുടെ പ്രണയത്തിലും മഴവില്ലുകോഴിയുടെ കുണുങ്ങിനടത്തത്തിലും കാഞ്ചിയ തടാകത്തിന്റെ ആഴത്തിലും മുങ്ങിത്താണുപോയ വെശപ്പ് പാർക്കിന്റെ പുറത്തെത്തിയതോടെ സടകുഞ്ഞെണീറ്റ് അടുത്തകണ്ട ഹോട്ടലിനെ ആക്രമിച്ചുതുടങ്ങി.

ഒൻപത്

ഇന്ത്യയിലെ ഏറ്റവും ആദ്യത്തേതും സമഗ്രവുമായ ട്രൈബൽ മ്യൂസിയമാണ് ‘മ്യൂസിയം ഓഫ് മാൻ’ എന്നറിയപ്പെടുന്ന ‘ഒഡീഷ സ്റ്റേറ്റ് ട്രൈബൽ മ്യൂസിയം’. ഒഡീഷ സർക്കാരിന്റെ എസ്.സി.എസ്.റ്റി റിസർച്ച് & ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ന്റെ ഭാഗമായ മ്യൂസിയം 1953 ലാണ് സ്ഥാപിതമായത്. ട്രൈബൽ റിസർച്ച് ബ്യൂറോ എന്നായിരുന്നു അക്കാലത്ത് ഇതറിയപ്പെട്ടിരുന്നത്. ഒഡീഷയിലെ 63 ട്രൈബൽ വിഭാഗങ്ങളെ കുറിച്ചുള്ള നരവംശശാസ്ത്രപരവും സാംസ്കാരികവും കലാപരവുമായ വിശദാംശങ്ങൾ സമഗ്രമായും ആധികാരികമായും പ്രദർശിപ്പിക്കുന്ന ഈ മ്യൂസിയം ഭുബനേശ്വരിലെത്തുന്ന ഏവരും ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലമാണ്. ഗോത്ര സമൂഹത്തിന്റെ ജീവിതവും സംസ്കാരവും കലയുമായി ബന്ധപ്പെട്ട 4000 ൽ അധികം അപൂർവ കലാ-കരകൗശലവസ്തുകൾ ബന്ധപ്പെട്ട മേഖലകൾ തിരിച്ച് അഞ്ച് ഹാളുകളിലായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ ഗോത്രസമുഹങ്ങളിൽപ്പെട്ട 16 ആർട്ടിസ്റ്റുകൾ ഇവിടെ സ്ഥിരജോലിക്കാരാണ്. സാന്താൾ, ജുവാങ്ങ്, ഗഡബാ, സഒറ, കാന്താ, ഗോണ്ട്, ചുക്തിയ ബുനിജ തുടങ്ങിയ ഏഴുവിഭാഗങ്ങളുടെ കുടിലുകളുടെ മാതൃക മ്യൂസിയം കാമ്പസിൽ കാണാവുന്നതാണ്. ആധുനികരിതികൾ അലംബിച്ചുകൊണ്ടുള്ള ഏ.സി ഹാളുകളിൾ ടച്ച്സ്ക്രീൻ കിയോസ്കുകൾ വഴി ഗോത്രസമുഹങ്ങളുടെ സാമൂഹ്യജീവിതത്തിന്റെ വീഡിയോദൃശ്യങ്ങളും കാണാവുന്നതാണ്. വർഷംതോറും ദേശീയ ഗോത്ര-കരകൗശലമേളയും, ഗോത്ര നൃത്തോത്സവവും ഇവിടെ അരങ്ങേറാറുണ്ട്. ഇതിനോടനുബന്ധിച്ച് ഒരു ട്രൈബൽ ഫുഡ് കോർട്ടും സോവനീർ ഷോപ്പും പ്രവർത്തിക്കുന്നുണ്ട്. ഒരോ ഹാളിലും പ്രദർശിപ്പിച്ചിട്ടുള്ളവയെ കുറിച്ച് ആവശ്യമെങ്കിൽ വിശദാംശങ്ങൾ തരാൻ ഉദ്യോഗസ്ഥരുണ്ട്. ക്യാൻവാസിലും പേപ്പറിലും ലൈവായി ചിത്രംവരയ്ക്കുന്ന, നെല്ലിൽ നിറമുള്ളനൂലുചുറ്റി കാതിപ്പൂവും മറ്റും നിർമ്മിക്കുന്ന ഗോത്രകലാകാരന്മാരും ഹാളുകളിലുണ്ട്.

വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നവിധവും പ്രത്യേകതകളും കാഴ്ചക്കാർക്ക് ബോധ്യപ്പെടുന്നതിനാവും വിവിധ ഗോത്രവിഭാഗങ്ങളിൽപ്പെട്ട സ്ത്രീ-പുരുഷന്മാരുടെ മെഴുകുപ്രതിമകൾ ചില്ലുകൂടുകൾക്കകത്ത് നിർത്തി ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എത്ത്നോഗ്രാഫിക് മ്യൂസിയമാണെങ്കിലും ഈ കാഴ്ച എന്നെ കുറച്ചൊന്നുമല്ല തട്ടിമറിച്ചത്. മുഖ്യധാരാമനുഷ്യരുടെ സ്വാഭാവികമായ അപരശരീര കൗതുകത്തെ ഇത് നിർലോപം നിർലജ്ജം സാധ്യമാക്കിക്കൊടുക്കുന്നുണ്ട്. ഗോത്രമനുഷ്യരുടെ കലയേയും സംസ്കാരത്തേയും എന്നപോലെ അവരുടെ ശരീരത്തേയും ഒരു മ്യൂസിയം പീസായി പ്രദർശിപ്പിക്കുന്നതിലെ നൈതികരാഹിത്യം പരിശോധിക്കപ്പെടേണ്ടതാണ്. കൂട്ടിലടച്ച ചിമ്പാൻസിയെ ഒക്കെ മാറിയും മറിഞ്ഞും നിന്ന് കാണുന്നതുപോലെ മുഖ്യധാരാമനുഷ്യർ ഈ ശരീരങ്ങളെ (മെഴുക് പ്രതിമകളാണെങ്കിലും) കണ്ടാസ്വദിക്കുന്നതിൽ ഭാവുകത്വപരമായ തകരാറ് മാത്രമല്ല വിധ്വംസകതയുമുണ്ട്. എത്ത്നോഗ്രാഫിയിൽ വെള്ളക്കാരൻ നിർമ്മിച്ച/പിൻതുടരുന്ന ഭാവുകത്വപരമായ അപരകൗതുകങ്ങൾ ജാതിസമൂഹത്തിലേക്ക് കൈമാറുന്നതിന്റെ ലക്ഷണമായേ ഈ പ്രതിമകളുടെ പ്രദർശനത്തെ കാണാൻ കഴിയുകയുള്ളൂ. യൂറോപ്യനായ വെള്ളക്കാരൻ കറുത്തവരോടും ആഫ്രിക്കൻ വംശജരോടും പുലർത്തുന്ന ‘ഡിസ്കവറീ’ സമീപനത്തിന് സമാനമായ മനോഭാവം തന്നെയാണ് ഇന്ത്യയിലെ മുഖ്യധാരാ(സവർണ്ണ)സമൂഹം ഇവിടുത്തെ ഗോത്രവിഭാഗങ്ങളോടും ദലിതരോടുമൊക്കെ അനുവർത്തിന്നത്. ചില്ലുകൂട്ടിൽ സൂക്ഷിക്കപ്പെടേണ്ട കൗതുകശരീരങ്ങളാണ് ഗോത്രസമൂഹങ്ങളൂടേതെന്ന് ഈ യൂറോപ്യൻ എത്ത്നോഗ്രാഫിയാണ് നമ്മളെ പഠിപ്പിക്കുന്നത്. ഗോത്രസംസ്കാരത്തിന്റെയും, തനിമയുടെയും, പൈതൃകത്തിന്റയും അമൂല്യമായ ശേഖരമെന്നൊക്കെ പറയുമ്പോഴും ഇതൊക്കെ ആർക്കാണ് അമൂല്യമായിരിക്കുന്നതെന്ന് കാണാതെ പോകരുത്. ആദിവാസിയുടെ മെഴുകുപ്രതിമകൾ ശീതീകരിച്ച മുറിയിലെ ചില്ലുകൂട്ടിൽ നിൽക്കുമ്പോൽ ചോരയും നീരുമുള്ള ആദിവാസിയുടെ ശരീരം എവിടെയാണ് നിൽക്കുന്നതെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. കടലുപോലെ അപാരമായ ഗോത്രജീവിതത്തിന്റെ തിരകളടിക്കുന്ന ഒരു മ്യൂസിയമാണ് ഇതെങ്കിലും, ചില്ലുകൂട്ടിലെ മെഴുകുപ്രതിമകളുടെ നിഷ്കളങ്കമായ കണ്ണുകളിലെ തിരകളാണ് എന്നെ കൂടുതൽ വേട്ടയാടിക്കൊണ്ടിരുന്നത്.

അഞ്ചരയോടെ ഞങ്ങൾ മ്യൂസിയത്തിന്റെ പുറത്തുവന്നു. വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്ന മ്യൂസിയത്തിലെ ജീവനക്കാർ പുറത്തേക്ക് പോകുന്നുണ്ട്. ഞങ്ങളും അവരോടൊപ്പം നടന്നിറങ്ങി. ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം പോകാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങളുടെ ട്രിപ്പ് ഏറെക്കുറെ സ്വാർത്ഥകമായിരുന്നു. നാളെ ഉച്ചയ്ക്കാണ് ഞങ്ങളുടെ ബാംഗ്ലൂർ ഫ്ലൈറ്റ്. നാളെ കാഴ്ചകൾകൾക്കും പർചേസിനും ഒന്നും സാവകാശം കിട്ടില്ല, ആകയാൽ വഴിവക്കിലെ തട്ടുകടയിൽനിന്ന് ഈരണ്ട് ചായകുടിച്ച് ഞങ്ങൾ നഗരത്തിൽ മാർക്കറ്റ് തിരഞ്ഞുനടന്നു. അന്വേഷണം ഒഡീഷ സർക്കാരിന്റെ പി.ജെ.എൻ മാർഗ്ഗിലുള്ള കൈത്തറി തുണിക്കടയായ ‘ബൊയാനിക’ മാളിലാണ് ഞങ്ങളെ കൊണ്ടെത്തിച്ചത്. ഇക്കത്ത് വസ്ത്രങ്ങളുടേയും ബൊമ്കായ് സാരികളുടേയും ഒരു ഗംഭീര ഷോറൂമാണ് ബൊയാനിക, പക്ഷേ തൊട്ടാൽ പൊള്ളുന്ന വിലയാണ് വസ്ത്രങ്ങൾക്ക്. എന്നിരുന്നാലും ബജറ്റനുസരിച്ച് ഓരോരുത്തരും ചിലതൊക്കെ വാങ്ങിച്ചു. ഇന്നത്തെ യാത്ര സമ്പൂർണ്ണമായി ലൈൻബസിന് തീറെഴുതിയിരുന്നതിനാൽ ഞങ്ങൾ അടുത്തകണ്ട ബസ്റ്റോപ്പിൽ ബസുകാത്ത് നിന്നു. ഇവിടെ ബസുകളിൽ നമ്പർ സിസ്റ്റമാണ്. ഇവിടുന്ന് ഏജീസ് ചൗക്കിലേക്ക് ബസുകിട്ടും. അവിടുന്നാണ് ഞങ്ങൾ താമസിക്കുന്ന സം ഹോസ്പിറ്റലിനടുത്തേക്ക് ബസ്. ബസുകിട്ടാൻ കുറച്ച് താമസിച്ചെങ്കിലും ബസിനുള്ളിൽ തിരക്കുകുറവായിരുന്നു. ഞങ്ങൾ പലയിടത്തായി ഇരുന്നു. വലിയ തിരക്കില്ലാത്ത രാത്രിനഗരം പിന്നിലേക്ക് ഓടിക്കൊണ്ടിരുന്നു. ബൊർത്തമാൻ സ്റ്റേഷൻ… ബൊർബതി സ്റ്റേഷൻ… എന്ന് കൃത്യമായ ഇടവേളകളിൽ ബസിനുള്ളിൽ അനൗൺസ്മെന്റ് കേട്ടുകൊണ്ടിരുന്നു.

കാഴ്ചകൾ കണ്ടിരിക്കെ ഒരു ചത്വരത്തിന്റെ ഒത്തനടുക്ക് വലതുകൈയിലെ ചൂണ്ടുവിരൽ ആകാശത്തേക്ക് ഉയർത്തി ഇടതുകൈയിൽ ഭരണഘടന നെഞ്ചോടുചേർത്ത്
ഡോ. ബി.ആർ അംബേദ്കറുടെ പ്രതിമ കണ്ടു. ഉള്ളിൽ തിരയടിച്ചുയർന്ന ഒരാത്മഗതം സഹയാത്രികനുമാത്രം കേൾക്കാൻ പാകത്തിൽ പുറത്തുവന്നു ‘ജെയ് ഭീം’. എന്റെ ഒപ്പമിരുന്ന ഒഡീഷക്കാരനായ യാത്രക്കാരൻ അതുകേട്ട് ചിരിച്ചുകൊണ്ട് എന്റെ കണ്ണുകളിലേക്ക് നോക്കി കരുത്തോടെ പറഞ്ഞു ‘ജയ് ഭീം’. ഞാൻ ഒഡീഷയിലെത്തിയത് ഒഡീഷ കാണാനല്ല ഈ ‘ജെയ് ഭീം’ കേൾക്കാനാണെന്ന് എനിക്കപ്പോൾ തോന്നി. ഞാനയാളുടെ കൈയിൽ സ്നേഹത്തോടെ അമർത്തിപ്പിടിച്ചു.


Comments

comments