രമേശ് ശ്രീവാസ്തവ ദില്ലിയിലെ ഒരു പാർപ്പിട സമുച്ചയത്തിന്‍റെ ചൗക്കിദാർ ആണ്. പതിനായിരത്തിൽ താഴെ മാസവരുമാനവുമായി മഹാനഗരത്തിന്‍റെ കോണിൽ മൂന്ന്
പതിറ്റാണ്ടുകളായി ജീവിക്കുന്നു. കോവിഡ് എന്ന മഹാമാരി രമേശിനെ നഗരത്തിന് വേണ്ടാത്തവന്‍ ആക്കിത്തീര്‍ക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രമാണ് എടുത്തത്. എന്നാല്‍
ജീവിക്കുക എന്നത് സ്വന്തം ആവശ്യം മാത്രമായതിനാല്‍ അദ്ദേഹം ജോലിസ്ഥലത്തേക്കും തിരികെ നഗരത്തിന്‍റെ കോണിലുള്ള വീട്ടിലേക്കും ദിവസവും ഇരുപത്തി ആറ് കിലോമീറ്റര്‍ നടന്നു കൊണ്ടിരിക്കുന്നു. കാരണം ഓരോ ഇഞ്ച് ഭൂമിയും വന്‍ വിപണിമൂല്യമുള്ള നഗര കേന്ദ്രമാണ് മല്‍ക്കാഗഞ്ചും മോറിസ് നഗറും സിവില്‍ ലൈന്‍സും ഉള്‍പ്പെടുന്ന രമേശ് ജോലി ചെയ്യുന്ന ദില്ലി സര്‍വകലാശാലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍. (Ramesh Shrivastava, 65 Interview dated 18.05.2020)
നോട്ട് നിരോധനം തകര്‍ത്ത അസംഘടിത മേഖലയിലെ തൊഴില്‍ നഷ്ടപ്പെട്ട വലിയ വിഭാഗം തൊഴിലാളികളുടെ നഗര ജീവിതം അസാധ്യമാക്കുന്ന തരത്തിലാണ് ഭരണകൂടങ്ങള്‍ മഹാമാരിയെ നേരിടുന്നത്. ശുദ്ധജലം മുതല്‍ സൂര്യ പ്രകാശം വരെ വിപണി മൂല്യമുള്ള പ്രകൃതി വിഭവങ്ങളാകുന്ന മഹാനഗരത്തില്‍ തൊഴില്‍ ശേഷി മാത്രം കൈമുതലായുള്ള ആളുകള്‍ക്ക് അതിജീവനം അസാധ്യമാണ്. നഗരത്തില്‍ ജോലി ചെയ്യുന്ന ഒരു റിക്ഷാ തൊഴിലാളിക്കോ വീട്ടുജോലിക്കാരിക്കോ നഗരം എന്ന പ്രകൃതി ഉപയോഗമൂല്യം സാധ്യമല്ലാത്ത ചരക്കുകളുടെ വലിയ ശേഖരമാണ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളിയുടെ നഗരജീവിതം തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, വീട്, വിശ്രമം തുടങ്ങിയ അവകാശങ്ങള്‍ വിപണിവല്‍ക്കരിക്കുന്നതിന് എതിരെയുള്ള നിരന്തരമായ പോരാട്ടമാണ്. അതുകൊണ്ട് തന്നെ മഹാമാരിയുടെ കാലത്ത് അവരെ നഗരത്തില്‍ നിന്ന് പുറം തള്ളുന്നത് യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല. നഗരവല്‍കൃത ഉപഭോഗ സംസ്കാരത്തില്‍ വെളിയില്‍ നില്‍ക്കുന്നത് നഗരത്തിലെ ദുര്‍ബല വിഭാഗങ്ങളാണ്. അവര്‍ ഈ മഹാമാരിയുടെ സമയത്ത് നഗരത്തില്‍ തുടരുന്നത് മൂലധന യുക്തിക്ക് പുറത്തുള്ള പുതിയ തലങ്ങളുള്ള മാനുഷികത്വം രൂപപ്പെടുന്നതിന് ഇടവരുത്തും. നഗരമെന്നത് എല്ലാവര്‍ക്കും സഹവസിക്കുന്നതിനുള്ള ഇടമാക്കി മാറ്റാന്‍ ഭരണകൂടം നിര്‍ബന്ധിതമാകും.
ബീഹാറിലെ ചമ്പാരനില്‍ നിന്നുള്ള സുരേഷ് പാസ്വാന്‍ എന്ന ആശാരിക്ക് ലോക്ഡൌണ്‍ സമയത്ത് നാട്ടില്‍ പോകാന്‍ മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗം തിരികെ പോകുന്ന ചരക്ക് ലോറിയുടെ മുകളില്‍ കയറുക എന്നതായിരുന്നു. മൂവായിരം രൂപയാണ് ലോറിയില്‍ ഖരക്പൂര്‍ വരെ യാത്ര ചെയ്യുന്നതിന് കൊടുക്കേണ്ടി വന്നത്. അത് കൊയ്ത്തു കാലത്ത് നാട്ടിലേക്ക് പോകുമ്പോഴുള്ള ആവശ്യത്തിനായി മിച്ചം പിടിച്ച തുകയുടെ പകുതിയോളം വരും. ഖരക്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ കാല്‍നടയായി ചമ്പാരനില്‍ എത്തി. ദില്ലി തുടങ്ങി ചമ്പാരന്‍ വരെ പോലീസ് അതിക്രമത്തിന്‍റെ അനുഭവങ്ങള്‍ ധാരാളം. ഗ്രാമത്തിലും വരും മാസങ്ങളില്‍ ജോലി സാധ്യതയില്ല. വില്‍ക്കാന്‍ സാധിക്കാതെ വരുന്ന പച്ചക്കറികളും ധാന്യങ്ങളും ആളുകള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന രീതി ചമ്പാരനില്‍ നിലവിലുണ്ട്. അതിലാണ് സുരേഷും ആശ്രയിക്കുന്നത്. മരണമെങ്കില്‍ അത് സ്വന്തം മണ്ണില്‍ എന്നാണ് സുരേഷ് പറയുന്നത് (Suresh Paswan, 48, interview dated 19.05.2020).
രാംകലി റെയ്കവര്‍ ദില്ലിയിലെ മധ്യവര്‍ഗക്കാരുടെ ഹൌസിങ് കോളനിയില്‍ ആറ് വീടികളില്‍ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു. ഛത്തീസ്ഗഡിലെ ഖജുരാഹോയില്‍
നിന്നും പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹത്തെ തുടര്‍ന്ന് ദില്ലിയില്‍ കുടിയേറിയതാണ്. ഇപ്പോള്‍ മൂന്ന് കുട്ടികളും ഭര്‍ത്താവും ഉള്‍പ്പെടുന്ന വീട്ടില്‍ ജോലിയുള്ള ഏക വ്യക്തി. മാസം അയ്യായിരം രൂപ വരുമാനം. വാടക ഇനത്തില്‍ മാസാദ്യം കൊടുക്കേണ്ടി വരുന്നത് രണ്ടായിരം രൂപ. ദില്ലിയില്‍ രാംകലി താമസിക്കുന്ന കോളനി കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തിന്‍റെ തുടക്കത്തില്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടി. ജോലി ചെയ്തിരുന്ന വീടുകളിലെ ആളുകള്‍ കൈയൊഴിഞ്ഞു. അതോടെ വരുമാനം പൂര്‍ണമായി നിലച്ചു. കോവിഡുള്ള ചേരി പ്രദേശം എന്ന പേരില്‍ റേഷന്‍ കടയില്‍ പോകാന്‍ സാധിക്കാതെ വന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ച് കൊടുക്കുന്ന റേഷന്‍ മാത്രമായി ഏക ആശ്രയം. നാട്ടില്‍ പോകാന്‍ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷയില്‍ ദില്ലിയില്‍ കഴിയുന്നു. തിരികെ പോകാന്‍ ഗ്രാമങ്ങളില്ലാത്തവര്‍ ഈ നഗരത്തില്‍ കുറവല്ല. മധ്യവര്‍ഗക്കാരായ മലയാളികളുടെ സാന്നിധ്യം കൊണ്ട് അറിയപ്പെടുന്ന മയൂര്‍ വിഹാര്‍ ഫേസ് മൂന്ന് പ്രദേശങ്ങള്‍ നഗരത്തിലെ ജൈവമാലിന്യം ഉള്‍പ്പെടുന്ന മാലിന്യക്കൂമ്പാരത്തിന്‍റെ ഭീഷണിയുടെ നിഴലിലാണ്. രണ്ട് തലമുറകളുടെ സാമ്പാദ്യം വേണം ഒരു മധ്യവര്‍ഗ കുടുംബത്തിന് രണ്ട് മുറി അപാര്‍ട്ട്മെന്‍റ് നഗരാതിര്‍ത്തിയില്‍ സ്വന്തമാക്കാന്‍. ഏത് മഹാമാരി വന്നാലും അടച്ച് തീര്‍ക്കനുള്ള കടബാധ്യത അവരെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ തളച്ചിടും. പൌരന്‍ എന്ന നിലയില്‍ വളരെ പരിമിതമായ അവകാശങ്ങളില്‍ ജീവിക്കുന്നവരാണ് മലയാളികള്‍ ഉള്‍പ്പെടുന്ന ചെറിയ ജോലികള്‍ ചെയ്ത് എഴുപതാം വയസ്സില്‍ അവസാനിക്കുന്ന ബാങ്ക് വായ്പയില്‍ വീട് വാങ്ങി ജീവിക്കുന്നവര്‍. (Ramkali Raikwar, 35, Interview dated 20.05.2020)
ശുദ്ധവായു, കുടിവെള്ളം, വൃത്തിയുള്ള തെരുവകള്‍ തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്, അവ നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ ജീവിക്കുന്നവരാണ് മേല്‍പ്പറഞ്ഞ ആളുകളെല്ലാം. കിട്ടുന്ന വരുമാനത്തിന്‍റെ ഭൂരിഭാഗവും നഗരജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ചിലവഴിക്കുന്ന നഗരത്തിലെ ജനസംഖ്യയിലെ ഭൂരിപക്ഷം. മഹാനഗരങ്ങളിലെ പാരിസ്ഥിതിക സൌഹൃദം എന്ന് വിളിക്കുന്ന വികസന നയങ്ങള്‍ തൊഴിലാളികളുടെ ജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധിയുടെ ചെറിയ ഒരു പ്രതിഫലനം മാത്രമാണ് ലോക്ഡൌണ്‍ കാലത്ത് നടന്നുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കുള്ള മഹാ പലായനങ്ങള്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ നിയന്ത്രണത്തിലല്ല ദില്ലിയിലെ പ്രകൃതി വിഭവങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഭരണത്തിന് കീഴിലുള്ള ദില്ലി വികസന അതോറിറ്റിക്കാണ് (Delhi Development Authority) നഗരത്തിലെ പൊതു സ്ഥലങ്ങളുടെ നിയന്ത്രണം. ഒരു ലോകോത്തര നഗരം നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖ (Delhi Master Plan 2021) തയ്യാറാക്കിയ ഉദ്യോഗസ്ഥവൃന്ദം പ്രകൃതി വിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നഗരത്തിലെ അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളെപ്പറ്റി ചിന്തിക്കാറില്ല. ഉദ്യോഗസ്ഥ ഭരണം വഴി മാത്രമേ രാജ്യ തലസ്ഥാനത്തെ ലോകോത്തര നഗരമാക്കി രാജ്യത്തിന്‍റെ അഭിമാനം ലോകത്തിന് മുന്‍പില്‍ സരക്ഷിക്കാന്‍ സാധിക്കൂ എന്ന നിലപാട് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. സുരക്ഷിതമായി ജീവിക്കാനുള്ള യാതൊരു അടിസ്ഥാന സൌകര്യവും പൌരര്‍ എന്ന നിലയില്‍ സാധാരണ സമയങ്ങളില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. മഹാമാരികള്‍ പോലുള്ള അസാധാരണ സമയങ്ങളില്‍ നഗരജീവിതത്തിലെ എല്ലാ വിധ വൈരുദ്ധ്യങ്ങളും മറ നീക്കി പുറത്ത് വരുന്നു.
ഗ്രാസ്റൂട്ട് ജനാധിപത്യം എന്ന ആശയം വലിയ തോതില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും നടപ്പാക്കുകയും ചെയ്യുന്നതിലെ അപാകതയുടെ അനന്തരഫലമാണ് മഹാമാരിയുടെ സമയത്തെ പലായനങ്ങള്‍. സമൂഹത്തിന്‍റെ ജനാധിപത്യത്തെ നിര്‍വചിക്കേണ്ടത് ഉപജീവനത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങളുടെ കച്ചവടവല്‍ക്കരണം തടയാനുള്ള ജനങ്ങളുടെ അവകാശമായാണ് (Lefebvre, 1966). എന്നാല്‍ പ്രകൃതി വിഭവങ്ങളുടെ കച്ചവടവല്‍ക്കരണം മനുഷ്യാവകാശ ലംഘനമായി നവലിബറല്‍
ഭരണകൂടങ്ങള്‍ കാണാറില്ല. സ്വന്തം തൊഴില്‍ ശേഷിയെ മാത്രം ആശ്രയിച്ച് അഞ്ചോ ആറോ ആളുകളുടെ കുടിവെള്ളം മുതലുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റുന്ന രമേശ് ഉള്‍പ്പെടുന്ന ആളുകള്‍ക്ക് ഒരു വന്‍ നഗരം തന്നെ ഒരിക്കലും നേടിയെടുക്കാന്‍ സാധിക്കാത്ത വലിയ കച്ചവട മൂല്യമുള്ള ക്രയവസ്തുവാണ്. നഗരാതിര്‍ത്തിയിലുള്ള ചേരികള്‍ക്കുള്ളിലെ ഒറ്റ മുറിക്ക് ശരാശരി വാടക രണ്ടായിരം രൂപയോളമാണ്. സൂര്യപ്രകാശം പ്രവേശിക്കുന്ന ജനാലയോ, നടന്നെത്താവുന്ന ദൂരത്തില്‍ ബസ് സ്റ്റോപ്പോ ഉണ്ടെങ്കില്‍ വാടക മൂവായിരമോ അയ്യായിരമോ ആകും. പ്രകൃതി വിഭവങ്ങളുടെ അസന്തുലിത വിതരണവും തൊഴിലാളികളുടെ ദുരിതപൂര്‍ണമായ നഗര ജീവിതവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ വ്യവസായ നഗരങ്ങളുടെ സാഹചര്യത്തില്‍ എംഗല്‍സ് വിശദമാക്കുന്നുണ്ട് (Engels, 1845). ഒന്നര നൂറ്റാണ്ടിന് ശേഷവും എംഗല്‍സ് ചൂണ്ടിക്കാണിച്ച അതേ അവസ്ഥയിലാണ് നഗരങ്ങള്‍. കൊറോണ എന്ന മഹാമാരി തൊഴിലാളികള്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന ഈ പ്രതിസന്ധി തുറന്ന് കാണിക്കുക കൂടിയാണ്. ഫ്രെഞ്ച് സൈദ്ധാന്തികന്‍ ഹെന്റി ലെഫെബ് ‘നഗരമെന്ന പ്രകൃതിയില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ എന്നാണ് നഗരകേന്ദ്രീതമായ സമരങ്ങളേയും മുന്നേറ്റങ്ങളേയും വിശേഷിപ്പിക്കുന്നത് (Lefebvre, 1996; Also see Harvey 2003).
പൌരത്വ അവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി വലിയ മുന്നേറ്റങ്ങള്‍ നടന്ന ദില്ലി സര്‍വകലാശാലയുടെ വഴികളില്‍ അത് രണ്ടും നിഷേധിക്കപ്പെട്ടവരായി
ജീവിക്കുന്നവരാണ് രമേശ് ഉള്‍പ്പെട്ട ആളുകള്‍. ഈ വന്‍ നഗരത്തില്‍ പിടിച്ച് നില്‍ക്കാന്‍ താല്‍ക്കാലികമായി വിജയിച്ച ചെറിയ വിഭാഗം തൊഴിലാളികളില്‍ ഒരാള്‍. വീട്ടിലുള്ള ഒരാള്‍ക്ക് 40 രൂപ വരുമാനമുള്ള, അതില്‍ 25 രൂപ വാടകയിനത്തില്‍ ചിലവഴിക്കുന്ന തൊഴിലാളി. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുടെ ശരാശരി ദിവസ വരുമാനം 150 രൂപയിലും താഴെയാണ് (International Labour Organization, Indian Wage Report, 2018, xii). സംസ്ഥാനങ്ങള്‍ ഭാഷയുടേയും ദേശത്തിന്‍റെയും അടിസ്ഥാനത്തില്‍ മുന്‍ഗണന കൊടുത്ത് സംരക്ഷിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ പൌരത്വം എന്ന ആശയത്തിന് ഒരു വിലയുമില്ല എന്ന് ഒന്നുകൂടി ഉറപ്പ് വരുത്തുന്ന അനേകരില്‍ ഒരാള്‍. അതിഥി തൊഴിലാളികള്‍ക്ക് അവര്‍ തൊഴിലെടുക്കുന്ന, ഭരണഘടന പൌരത്വ അവകാശങ്ങള്‍ ഉറപ്പ് കൊടുക്കുന്ന ദേശങ്ങള്‍ അന്യദേശമാകുന്നത് സ്വദേശം എന്ന ഗ്ര ഹാതുരത്വം കൊണ്ടല്ല. കാരണം അവര്‍ നഗരത്തില്‍ വിലാസമില്ലാത്തവരാണ്, നഗരം എന്ന വിലയേറിയ ക്രയവസ്തു ഒരിക്കലും അനുഭവിക്കാന്‍ സാധിക്കാത്തവരായത് കൊണ്ടാണ്.
വിലാസമില്ലാത്തവര്‍ക്ക് താങ്ങാവുന്നതിന് അപ്പുറമാണ് മഹാനഗരത്തില്‍ ശുദ്ധജലം, ചൂടുള്ള ഭക്ഷണം, വെറുതെ നില്‍ക്കാന്‍ വഴിവക്കിലെ സ്ഥലം തുടങ്ങിയ അടിസ്ഥാന
ആവശ്യങ്ങള്‍. ഗ്രാമങ്ങളില്‍ ഇനിയും മൂലധനം പൂര്‍ണമായും വിലയിട്ട് വില്‍പ്പനക്ക് വെയ്ക്കാത്ത പ്രകൃതിയിലെ തുരുത്തുകള്‍ തേടിയാണ് നഗരത്തില്‍ പൊരുതി നില്‍ക്കാന്‍ സാധിക്കാത്തവര്‍ ദിവസങ്ങള്‍ വിശ്രമമില്ലാതെ പലായനം ചെയ്യുന്നത്. മഹാനഗരങ്ങളിലേക്കുള്ള ഉത്തരേന്ത്യന്‍ ഗ്രാമീണരുടെ കുടിയേറ്റം പട്ടിണിക്കുള്ള പരിഹാരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ശരാശരി പത്തിലധികം അംഗങ്ങളുള്ള വീടുകളില്‍ നിന്ന് ആളുകള്‍ ദില്ലി, അഹമ്മദാബാദ്, കൊല്‍ക്കത്ത തുടങ്ങിയ വന്‍
നഗരങ്ങളിലേക്ക് കുടിയേറുന്നു. നഗരം അവര്‍ക്ക് മൂന്ന് നേരത്തെ ആഹാരം, വീട്ടിലേക്ക് അയച്ച് കൊടുക്കാന്‍ കുറച്ച് പണം തുടങ്ങിയ ഗ്രാമ ജീവിതത്തില്‍ ആഗ്രഹിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ നല്‍കുന്നു. എന്നാല്‍ മഹാമാരിയുടെ സമയത്ത് നടക്കുന്ന ദേശാന്തര പലായനം, നഗരം ജീവിതം പ്രതിസന്ധികളുടെ പരിഹാരമാണ് എന്ന
കാഴ്ചപ്പാടിലെ വൈരുദ്ധ്യം തുറന്ന് കാണിക്കുന്നു. ഒരു വന്‍ പ്രതിസന്ധി വരുമ്പോള്‍ ദില്ലി എന്ന മഹാ നഗരത്തിലോ, കേരളം എന്ന നഗരവല്‍കൃത ദേശത്തോ ജീവിക്കാന്‍ അര്‍ഹത ഇല്ലാത്ത രണ്ടാംകിട പൌര വിഭാഗമാണ് കുടിയേറ്റ തൊഴിലാളികള്‍ എന്ന് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന പലായനങ്ങള്‍ വിളിച്ച് പറയുന്നു. വിലാസമില്ലാത്തവരെ ഉള്‍ക്കൊള്ളുന്ന ഒരു നഗരം മൂലധന യുക്തിയില്‍ അസാധ്യമാണ്. ആവശ്യം ഇല്ലാത്ത സമയങ്ങളില്‍ പുറം തള്ളേണ്ടവരാണ് നഗര വിഭവങ്ങള്‍ ഉപയോഗമൂല്യമായി മാത്രം കാണാന്‍ സാധിക്കുന്ന തൊഴിലാളികള്‍. ഭരണകൂടമോ വരേണ്യവര്‍ഗമോ പാവപ്പെട്ടവരോട് കാണിക്കേണ്ട കരുണയെപ്പറ്റി അല്ല ഇവിടെ പറയുന്നത്. നഗരവല്‍കൃതമായ പ്രകൃതിയില്‍ ജീവിക്കാനുള്ള തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റിയാണ്.
നഗരത്തില്‍ ജീവിക്കാനുള്ള തൊഴിലാളികളുടേയും ഭവനരഹിതരുടേയും പോരാട്ടങ്ങളെ പ്രകൃതിവിഭവങ്ങളുടെ തുല്യ വിതരണം എന്ന മനുഷ്യാവകാശത്തിന്‍റെ ഭാഗമായിക്കൂടി വിശകലനം നടത്തേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ നടന്ന ദില്ലിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രകൃതി വിഭവങ്ങളുടെ അസന്തുലിത വിതരണം തൊഴിലാളികളെ അരികുവല്‍കരിച്ചത് എങ്ങനെയെന്നതിനുള്ള ഏറ്റവും നല്ല തെളിവാണ്. പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ എന്ന പ്രയോഗം ഓർമ്മപ്പെടുത്തുക നർമദാ, ചിപ്കോ തുടങ്ങിയ വലിയ മുന്നേറ്റങ്ങളെയാണ്. പാരിസ്ഥിതിക രാഷ്ട്രീയം ജീവിക്കാന്‍ വേണ്ടി നഗരങ്ങളിലെ തൊഴിലാളികള്‍ നടത്തുന്ന പോരാട്ടങ്ങള്‍ കൂടി ഉള്‍പ്പെടേണ്ടതാണ്. ദില്ലിയുടെ സാമ്പത്തിക നിലനില്‍പ്പ് സേവന മേഖലയിലാണ്. അസംഘടിതരും ഏറ്റവും കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്നവരും തിങ്ങി നിറഞ്ഞ് ജീവിക്കുന്ന നഗരം. അന്‍പത് ശതമാനത്തില്‍ അധികം ആളുകള്‍ വരേണ്യ വിഭാഗത്തിന്‍റെ കണ്‍വെട്ടത്ത് നിന്ന് ഒഴിഞ്ഞു മാറി ചേരി പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. ഇവരാണ് ദില്ലിയെ രാജ്യ തലസ്ഥാനമെന്ന മനോഹര നഗരമായി നിലനിറുത്തുന്നത്. വലിയ ഭാണ്ഡവും പേറി നഗരത്തില്‍ തലങ്ങും വിലങ്ങും പായുകയും ചേരികളില്‍ ജീവിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരായ കുടിയേറ്റ തൊഴിലാളികളാണ് ഓണ്‍ലൈന്‍ വിപണി രൂപപ്പെടുത്തുന്ന ആധുനിക നഗരത്തെ നിലനിറുത്തുന്നത്. ഭൂരിഭാഗവും വീട്ടില്‍ പാകപ്പെടുത്തിയ ചൂടുള്ള ഭക്ഷണം എന്ന അടിസ്ഥാന അവകാശം ഇല്ലാതെ ജീവിക്കുന്നവര്‍. ഒരു പ്രതിസന്ധി വന്നാല്‍ ശുദ്ധജലം ആദ്യം നിഷേധിക്കപ്പെടുന്നതും ഇവര്‍ക്കാണ്. കാരണം നമ്മുടെ മഹാനഗരങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതും നിലനില്‍ക്കുന്നതും ലാഭേച്ഛയിലാണ്. നഗരം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല.
വലിയ വാഹനങ്ങളും കച്ചവട സ്ഥാപനങ്ങളും പാര്‍പ്പിട സമുച്ചയങ്ങളും ഈ നഗരത്തെ ശ്വാസം മുട്ടിച്ച് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടില്‍ അധികമാവുന്നു. റിക്ഷക്കാരും, നിര്‍മ്മാണ തൊഴിലാളികളും, ചൌക്കിദാര്‍മാരും, വഴിയോര കച്ചവടക്കാരും തോട്ടക്കാരും അവരുടെ ഇടങ്ങള്‍ എന്ന് കരുതിയിരുന്ന വഴിയോരങ്ങളിലെ ചായക്കടകളും പാന്‍ ഷോപ്പുകളും പൂര്‍ണമായും ഇല്ലാതായിത്തുടങ്ങിയത് 2010-ല്‍ ദില്ലിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്നോടിയായി നടത്തിയ നഗര പുനര്‍നിര്‍മ്മാണത്തിലാണ്. തുറസ്സായ സ്ഥലങ്ങള്‍ അടിസ്ഥാന സൌകര്യ വികസനത്തിന്‍റെ പേരില്‍ സര്‍ക്കാരും സ്വകാര്യ കമ്പനികളും ഏറ്റെടുത്തു. നഗരത്തിന്‍റെ പതിന്‍മടങ്ങായി വര്‍ദ്ധിച്ച വാടക അത്താഴപ്പട്ടിണിക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്തായി. വഴിയോര കച്ചവടക്കാരെ പുറത്താക്കി പണിത നടപ്പാതകള്‍ ഇരു ചക്ര മോട്ടര്‍ വാഹനത്തിനുള്ള സുഗമമായ വഴിയൊരുക്കി. വീതി കൂട്ടിയ വഴികളില്‍ തിങ്ങിഞെരുങ്ങി കാറുകള്‍ പാഞ്ഞുകൊണ്ടിരുന്നു. നഗരത്തിന്‍റെ ഓരോ മൂലയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഇടമായി. നഗരവല്‍ക്കരണം ഇല്ലാതാക്കിയത് പൊതുസ്ഥലം, നടപ്പാതകള്‍, താങ്ങാവുന്ന വാടകയ്ക്ക് ലഭ്യമാകുന്ന ഒറ്റ മുറികള്‍ തുടങ്ങിയ പലതുമാണ്. ദില്ലിയിലെ വാഹനങ്ങളുടെ എണ്ണം 2000-ലെ 39 ലക്ഷത്തില്‍ നിന്ന് 2018-ല്‍ എത്തിയപ്പോള്‍ 114 ലക്ഷമാണ് (Delhi Economic Survey, 2019-20, p. 207). അതില്‍ തന്നെ 32 ലക്ഷം വാഹനങ്ങള്‍ കാറുകളാണ്. പ്രതിവര്‍ഷം പന്ത്രണ്ട് ശതമാനമാണ് വാഹനങ്ങളുടെ എണ്ണത്തിലുള്ള വളര്‍ച്ചാ നിരക്ക്. നഗരസഭകള്‍ തന്നെ വഴിയോരങ്ങള്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഇടങ്ങളാക്കി. അങ്ങനെ വഴിയോരങ്ങള്‍ വരെ തൊഴിലാളിക്ക് ലഭ്യമല്ലാത്ത വിപണി മൂല്യമായി. വായു മലിനീകരണത്തിന്‍റെ 70 ശതമാനവും വാഹനങ്ങള്‍ മൂലമുള്ള മലിനീകരണമാണ്. വാഹനങ്ങളില്‍ 93 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ ആണ്. (DDA Draft Master Plan 2021, 72). എന്നാല്‍ മലിനീകരണം മൂലം വരുന്ന രോഗങ്ങളില്‍ കൂടുതലും താഴ്ന്ന വരുമാനക്കാര്‍ ജീവിക്കുന്ന നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലാണ് കാണാറുള്ളത് (Prakash Kumar and Usha Ram, 2017). നഗരമാലിന്യം പുറം തള്ളുന്നത് നഗരാതിര്‍ത്തിയിലെ ഇടത്തരക്കാരും തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും നാടോടികളായ ആട്ടിടയര്‍ താമ്പടിച്ചിരുന്ന തുറസ്സായ സ്ഥലങ്ങളിലുമാണ്. ഇത്തരത്തിലുള്ള നഗര മാലിന്യത്തിന്‍റെ അസന്തുലിത കേന്ദ്രീകരണമാണ് കിഴക്ക്, കിഴക്ക്-പടിഞ്ഞാറു ജില്ലകളില്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരവാസികളുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുന്നത്.
തെരുവുകള്‍ കാറുകളുടെ കുത്തുകയായ നഗരത്തിലാണ് പൌരത്വ നിയമത്തിനെതിരെ നടന്ന സമരങ്ങള്‍ തെരുവുകള്‍ പിടിച്ചടക്കിയത്. ഭരണവര്‍ഗത്തെ വിളറി പിടിപ്പിച്ച
മാസങ്ങള്‍ ആയിരുന്നു 2019 ഡിസംബര്‍ മാസവും 2020 ജനുവരിയും. വലിയ ആള്‍ക്കൂട്ടങ്ങള്‍ നഗരചത്വരങ്ങള്‍ പിടിച്ചെടുക്കുക എന്ന സമരരീതി നിയോലിബറല്‍ കാലത്തെ സമരരീതിയാണ്. ജന്തര്‍ മന്ദര്‍ എന്ന അംഗീകൃത സമര സ്ഥലത്തിന് വെളിയിലേക്കുള്ള പടരുന്ന എല്ലാ സമരങ്ങളെയും ഗതാഗത സംവിധാനങ്ങള്‍ അടച്ചും അടിച്ചര്‍മര്‍ത്തിയുമാണ് ഭരണവര്‍ഗം ദില്ലിയില്‍ പൂര്‍ണ്ണമായ നിയന്ത്രണം നിലനിറുത്തുന്നത്. എന്നാല്‍ മധ്യവര്‍ഗ-നഗര പൌരന്‍മാര്‍ നടത്തുന്ന ഇത്തരം സമരരീതികള്‍ കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അനുവദനീയമല്ല. കര്‍ഷകര്‍ നടത്തുന്ന സമരജാഥകള്‍ നഗര കവാടങ്ങളില്‍ പോലീസ് തടയുകയാണ് പതിവ്. വഴികളും, വഴിയോരങ്ങളും പാര്‍ക്കുകളുമെല്ലാം നഗരത്തിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് നിഷിദ്ധമാണ്.
തെരുവുകള്‍ മാത്രമല്ല യമുനാ നദിയും നദീതടവും ജലസേചന സംവിധാനമാക്കിയത് ഉപജീവനം പച്ചക്കറി കൃഷിയാക്കിവരെ പുറത്താക്കിക്കൊണ്ടാണ്. നഗരത്തിലെ കൃഷിസ്ഥലം 2000-1ലെ 52817 ഹെക്ടറില്‍ നിന്ന് കുറഞ്ഞ് 2019-20 ആകുമ്പോള്‍ 34750 ഹെക്ടര്‍ ആയി കുറഞ്ഞു (Economic Survey of Delhi, 2019-20, 178). യമുന നദിയുടെ മലിനീകരണം അപകടകരമായ രീതിയിലാണ് കൂടിക്കൊണ്ടിരിക്കുന്നത്. 54 കിലോമീറ്റര്‍ ദൂരമാണ് യമുന നഗരത്തില്‍ക്കൂടി ഒഴുകുന്നത്. അതില്‍ വസീര്‍പൂര്‍ മുതല്‍ അസ്ഗര്‍പൂര്‍ വരെയുള്ള 22 കിലോമീറ്റര്‍ ദൂരം വരുന്ന വ്യവസായ മേഖലയാണ് നദിയുടെ 76 ശതമാനം മലിനീകരണത്തിനും കാരണം. നഗരാതിര്‍ത്തിയിലുള്ള കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതാണ് ഈ ചെറിയ ദൂരത്തില്‍ നടക്കുന്ന വലിയ തോതിലുള്ള മലിനീകരണം. നഗരത്തിലെ രണ്ട് കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ദിവസേന വിതരണം നടത്തുന്ന 921 ഗാലന്‍ ജലത്തിന്‍റെ പകുതിയോളം ശേഖരിക്കുന്നത് യമുനാ നദിയില്‍ നിന്നാണ്. കര്‍ഷക തൊഴിലാളികളെ യാതൊരു ജീവിത മാര്‍ഗവും ഇല്ലാത്തവരാക്കിയ നഗരവികസനമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ കാണുന്നത്. പശു, എരുമ തുടങ്ങിയ പരമ്പരാഗത ജീവിത മാര്‍ഗങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എരുമകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം വരുന്ന കുറവ് എട്ട് ശതമാനമാണ് ((Economic Survey of Delhi, 2019-20, 184). വന്‍ തോതിലുള്ള നഗരവല്‍ക്കരണമാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം 1483 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ദില്ലിയുടെ 24.9 ശതമാനം ഗ്രാമീണ മേഖലയാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ദില്ലി കണ്ടത് നഗരത്തിന് ചുറ്റുമുള്ള കൃഷി ഭൂമിയുടെ നഗരവല്‍ക്കരണവും അത്തരം മേഖലയിലേക്കുള്ള മധ്യവര്‍ഗത്തിന്‍റെ ദ്രുതഗതിയിലുള്ള കുടിയേറ്റവുമാണ്.
അതേ സമയം ഏറ്റവും കൂടുതല്‍ വനമേഖലയുള്ള നഗരമാണ് ദില്ലി എന്ന വാദം ശ്രദ്ധിക്കേണ്ടതുണ്ട്. മൊത്തം ഭൂപ്രദേശത്തിന്‍റെ 21.88 ശതമാനമാണ് വനമേഖല. 1993ല്‍ ഇത് 1.48 ശതമാനമായിരുന്നു. അതില്‍ നിന്നുള്ള വലിയ വളര്‍ച്ചയാണ് മൂന്ന് പതിറ്റാണ്ടില്‍ നടന്നിരിക്കുന്നത്. എന്നാല്‍ വനം ഉപജീവനത്തിനുള്ള സ്രോതസായല്ല നിലനില്‍ക്കുന്നത്. ദില്ലി വന നിയമം വിറകിനുള്ള ആവശ്യത്തിന് പോലും മരങ്ങള്‍ മുറിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് (Delhi Tree Act, 1994, Chapter V: Restrictions on felling and removal of trees and liabilities for preservation of trees). Green city cover എന്ന ആശയം എല്ലാ വിഭാഗം ആളുകള്‍ക്കും പ്രകൃതി വിഭവങ്ങള്‍, പ്രത്യേകിച്ചും ഊര്‍ജ്ജ വിഭവങ്ങള്‍ ഉറപ്പ് വരുത്തിക്കൊണ്ടുള്ളതല്ല. സമ്പന്ന വിഭാഗങ്ങള്‍ ജീവിക്കുന്ന ന്യൂ ദില്ലി, തെക്കന്‍ ദില്ലി ജില്ലകളില്‍ 40 ശതമാനത്തോളം ഭൂമി വനമേഖലയാണ്. അതേസമയം നഗരത്തിലെ തൊഴിലാളികള്‍ കൂടുതല്‍ ജീവിക്കുന്ന കിഴക്കന്‍ ദില്ലി, വടക്ക് കിഴക്കന്‍ ദില്ലി ജില്ലകളില്‍ വനമേഖല 5.95 ശതമാനമാണ്. വനമേഖലയില്‍ വിറക് ശേഖരിക്കുന്നത് പോലും നിയമവിരുദ്ധമായി കരുതുന്ന വരേണ്യ പാരിസ്ഥിതിക വാദമാണ് (bourgeois environmentalism) ഇത്തരം വന നിയമങ്ങള്‍ക്ക് പിന്നിലുള്ളത്. വന്‍ നഗരങ്ങള്‍ പ്രകൃതിക്ക് എതിരെ നില്‍ക്കുന്ന പ്രദേശങ്ങള്‍ എന്ന ധാരണ മാറിക്കൊണ്ടിരിക്കുകയാണ്. പാര്‍ക്കുകളും, മരങ്ങളും, ബാല്‍ക്കണിയിലെ പൂന്തോട്ടങ്ങളും നഗരമെന്ന പ്രകൃതി (urban nature) എന്ന സംജ്ഞ സാധ്യമാക്കുന്നു (Heynen and Swyngedouw, 2006). നഗരത്തിലെ വരേണ്യരല്ലാത്ത എല്ലാവരേയും പുറത്താക്കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇത്തരത്തില്‍ നഗരവികസനം വഴിയാധാരമാക്കിയ ജനങ്ങളാണ് പലായനം ചെയ്യുന്നത്. 2011-ലെ സെന്‍സസ് പ്രകാരം ദില്ലിയിലെ ഒരു കോടി അറുപത് ലക്ഷം ആളുകളില്‍ അന്‍പത്തി ആറ് ലക്ഷം ആളുകളാണ് തൊഴില്‍ ഉള്ളവര്‍ (Census of Delhi, 2011). അതില്‍ തന്നെ മൂന്ന് ശതമാനം ആളുകള്‍ മാത്രമാണ് ‘Household and Industrial Workers’ എന്ന വിഭാഗത്തില്‍ വരുന്നത്. ദിവസക്കൂലിക്ക് പണിയെടുത്താല്‍ മാത്രം കുടിവെള്ളം പോലും ലഭ്യമാകുന്ന നഗരത്തില്‍ എല്ലാ സംവിധാനങ്ങളും ഒറ്റരാത്രി കൊണ്ട് നിലക്കുമ്പോള്‍ പലായനം മാത്രമാണ് തൊഴിലാളികകള്‍ക്ക് മുന്‍പിലുള്ളത്. ഗ്രാമത്തിലെ വീട് എന്ന സുരക്ഷിതത്വം തേടിയല്ല ആളുകള്‍ പലായനം ചെയ്യുന്നത്. ജീവിച്ചിരിക്കുന്നതിന് ജൈവികമായി വേണ്ട പ്രകൃതി വിഭവങ്ങള്‍ തേടിയാണ് ആഴ്ചകള്‍ നടന്ന് തൊഴിലാളികള്‍ പോകുന്നത്. നഗര വിഭവങ്ങളുടെ നീതിപൂര്‍ണമായ വിതരണവും, നഗര ഭരണത്തിന്‍റെ മൌലിക ജനാധിപത്യവല്‍ക്കരണവും, സുസ്ഥിരമായ വികസന പദ്ധതികളുമാണ് മുന്നോട്ട് ആവശ്യം.
പുസ്തക സൂചിക
Amita Baviskar, “Between Violence and Desire: Space, Power and Identity in the Making of Metropolitan Delhi,” International Social Science Journal 55, 89-98.
Anne Rademacher and K. Sivaramakrishnan (eds.), Ecologies of Urbanism in India (Hong Kong: Hong Kong University Press, 2013).
Awadhendra Sharan, “One Air, Two Interventions: Delhi in the Age of Environment”, in Ecologies of Urbanism in India: Metropolitan Civility and Sustainability, editors, Anne Rademacher and K. Sivaramakrishnan. 71-91.
Brenner, Neil, Peter Marcuse and Margit Mayer. Cities for People, Not for Profit: Critical Urban Theory and the Right to the City. London: Routledge, 2012.
Census of India 2011: Primary Census Abstract Data Highlights NCT of Delhi.
David Harvey, Justice, Nature and the Geography of Difference (Oxford: Blackwell Publishers, 1996).
David Harvey, “Right to the City,” International Journal of Urban and Regional Research 27, no. 4, 2003.
Delhi Development Authority, “Draft Master Plan for Delhi-2021”
Friedrich Engels, Condition of the Working Class in England (Leipzig, 1845).
International Labour Organization, Indian Wage Report: Wage Policies for Decent Work and
Inclusive Growth (ILO Decent Work Team for South Asia and Country Office for India, 2018)
Lefebvre, Henri. Writings on Cities. Translated by Eleonore Kofman and Elizabeth Lebas. Oxford: Blackwell, 1996.
Nikolas C. Heynen, Maria Kaika, Krik Swyngedouw (eds.), In the Nature of Cities- Urban Political Ecology and the Politics of Urban Metabolism (London: Routledge, 2006)
Prakash Kumar and Usha Ram, “Patterns, Factors and Associated and Morbidity Burden of Asthma in India,” Plos One 12, no. 10, 2017, e0185938.
The Delhi Preservation of Trees Act, 1994 (Delhi Act No. 11 of 1994).
Photo credit: Democratic Students Union.
The author wishes to thank Shubhangi Derhgawen and Firoz Alam for their help to conduct the interviews.
Be the first to write a comment.