ജനം വീഥികൾ നിറഞ്ഞു നടക്കുകയാണ്. കൈക്കുഞ്ഞുങ്ങളും തങ്ങളുടെ സമ്പാദ്യങ്ങളുമായി. തങ്ങളുടെ ദുർഗതിയിൽ അവർ ആരേയും പഴിക്കുന്നുമില്ല പ്രതികരിക്കുന്നുമില്ല. അവർ ഒരു വണ്ടിക്ക് പോലും കൈ കാണിക്കുന്നില്ല, അവർക്കറിയാം ആരും നിർത്തുകയോ അവരെ കയറ്റുകയോ ചെയ്യില്ലെന്ന്. തങ്ങൾക്കു ചുറ്റും ചൂഷകർ മാത്രമാണെന്ന്, തങ്ങളെ രക്ഷിക്കാനോ, തങ്ങൾക്കായി വാദിക്കാനോ ആരുമില്ലെന്നും. അവർ പ്രതിനിധികരിക്കുന്ന മേഖല പോലെ, അവരും അസംഘടിതർ ആണെന്ന് എത്ര കൃത്യമായാണ് ആ പലായനം ലോകത്തോട് പറയുന്നത്?

അവരെ സംഘടിപ്പിക്കാൻ ആരുമില്ലാതെയായി. അവരുടെ ദുരിതം വിളിച്ചു പറയാനും, അവർക്കായി വാദിക്കാനും ആരും ഉയർന്നു വന്നില്ല. ഒരുപക്ഷേ കോവിഡ് വൈറസിനെക്കാളും ഒരു ജനാധിപത്യ രാജ്യത്തെ ജനത ഭയക്കേണ്ട ഒന്നാണ് ഈ പലായനവും അതിനെ തുടർന്ന നിശബ്ദതയും. തൊഴിലാളികളെ പ്രതിനിധികരിച്ചിരുന്ന ട്രേഡ് യൂണിയനുകൾ എവിടെ പോയി മറഞ്ഞു? അവരുടെ നേതൃത്വം? അതുപോലെ തൊഴിലാളികളെ രാഷ്ട്രീയപാർട്ടികൾ നയിക്കേണ്ടതില്ല, ഞങ്ങൾ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു വന്ന എൻജിഓകൾ. അവരൊക്കെ എവിടെ പോയി മറഞ്ഞു എന്നത് അന്വേഷിക്കുന്നത് നല്ലതാണ്. 

തൊഴിലാളികളും ട്രേഡ് യൂണിയനുകളും സിനിമയും

അമിതാഭ് ബച്ചൻ എന്ന നടൻ വളരുന്നത് ഇന്ത്യൻ ട്രേഡ് യൂണിയനിന്‍റെ സംഭവബഹുലമായ കാലത്താണ്. 1970-കളിൽ ബോംബെയിലെ തൊഴിൽ മില്ലുകളിലെ ചൂഷണവും, തൊഴിൽ പ്രശ്നങ്ങളും ഉയർത്തി അവരുടെ നേതാവായും ക്ഷുഭിത യൗവനത്തിന്‍റെ പ്രതിനിധിയായും ആണ് അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ മനം കവരുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് മാത്രമല്ല, അവരെ ഒരുമിപ്പിച്ചു കൊണ്ട് വരുക എന്നതും വളരെ ആയാസകരമായ ഒരു കാര്യമാണ്. ഒരുപാട് ത്യാഗങ്ങളും നീക്കുപോക്കും പിന്നെ സഹജീവികളോടുള്ള അനുഭൂതിയും ഉണ്ടായാൽ മാത്രമേ അതിനു സാധ്യമാവൂ. ഒരു നായകനു വേണ്ട എല്ലാ കാല്പനിക ഗുണങ്ങളും ഇത്തരം കഥാപാത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. 1960-കളിലെ കർഷക-നാട്ടുപ്രമാണി പുരാണ സിനിമകളിൽ നിന്നും 1970-80-കളിലെ ഒട്ടുമിക്ക ബോക്സ് ഓഫീസ് ഹിറ്റുകൾ ആയ സിനിമകളിലേക്കെത്തുമ്പോൾ കാണാനാവുന്നത് അവ മിക്കതും തൊഴിലാളികൾ, തൊഴിൽ പ്രശ്നങ്ങൾ, അവരുടെ നേതാക്കൾ എന്നിങ്ങനെയുള്ള വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ളവയായിരുന്നു. അന്നത്തെ ഇന്ത്യൻ മധ്യവർഗ അവസ്ഥകളെയും ആകുലതകളെയും പലതരത്തിൽ പ്രതിനിധാനം ചെയ്യുന്നവ ആയിരുന്നു ഈ സിനിമകൾ. ഹിന്ദിയിലും അമിതാഭിലും അത് ഒതുങ്ങി നിൽക്കുന്നില്ല. മലയാളത്തിലെ ഒട്ടു മിക്ക നടീ-നടന്മാരുടേയും ആ കാലഘട്ടത്തിലെ നല്ല സിനിമകളിൽ പലതിലും തൊഴിലാളികളെ മൊബിലൈസ് ചെയ്താണ് അവർ പ്രേക്ഷക മനസ്സിൽ കുടിയേറിയത് എന്ന് കാണാം. അങ്ങാടി, അനുഭവങ്ങൾ പാളിച്ചകൾ, കൊടിമുടികൾ, അടിമകൾ ഉടമകൾ എന്നിങ്ങനെ ഉദാഹരണങ്ങളനവധി. 

KAALA PATTHAR (1979)

എന്നാൽ, എൺപതുകളുടെ മധ്യത്തോടെ സിനിമ പതിയെ വിപണി കേന്ദ്രീകൃതമാകാനും തൊഴിൽശാലകളിൽ നിന്ന് ക്യാമ്പസുകളിലേക്കും ബ്ലൂകോളറിൽ നിന്ന് വൈറ്റ് കോളറിലേക്കും പതുക്കെ നീങ്ങാൻ തുടങ്ങി. തൊണ്ണൂറിന്‍റെ വരവോടെ തൊഴിലാളികളും അവരുടെ പ്രശ്‌നങ്ങളും മെയിൻസ്ട്രീം സിനിമയിൽ നിന്നും വഴിമാറുകയും അവ പലപ്പോഴും ആർട് സിനിമകളുടെ മാത്രം ഭാഗമായി ഒതുങ്ങുകയും ചെയ്തു. തൊഴിലാളി പ്രശ്നങ്ങൾ ഇല്ലാതായപ്പോൾ സിനിമ അരാഷ്ട്രീയമായി എന്ന് മാത്രമല്ല, രാഷ്ട്രീയം പറഞ്ഞ സിനിമകളിൽ രാഷ്ട്രീയക്കാരൻ വെറും കള്ളനും നുണയനും, ചതിയനും ചൂഷകനും ആയി. ഒന്നുകിൽ കള്ളക്കടത്തുകാരന്‍റെ കൂട്ടാളി അല്ലെങ്കിൽ വർഗ്ഗീയവാദിയെ കൂട്ടുപിടിച്ചു ഭരണം കയ്യാളാനും നിലനിർത്താനും ശ്രമിക്കുന്ന ക്രിമിനൽ. അതായിരുന്നു രാഷ്ട്രീയക്കാർക്ക് സിനിമ നൽകിയ റോൾ. മലയാളത്തിലെ സുരേഷ് ഗോപി സിനിമകൾ തന്നെ ഉദാഹരണം. മറുവശത്ത് നല്ല രാഷ്ട്രീയക്കാരൻ എന്നാൽ അതിആദർശവാദിയും ഗാന്ധിയനും ആയ നേതാവ് എന്നും അവരുടെ കുടുംബത്തിന് മിനിമലിസ്റ്റ് (minimalist) ജീവിതം മാത്രമേ പാടുള്ളൂ എന്നും പറഞ്ഞു വച്ചു. വേറൊരു കൂട്ടർ പൂർവ്വാശ്രമത്തിൽ വിപ്ലവ നേതാക്കൾ ആയിരുന്നവരും ആ നല്ല കാലത്തെ നിയോലിബറൽ സുഖശീതളിമയിൽ അയവിറക്കുന്ന നന്മമരങ്ങളും. പിന്നെ ഒരു കൂട്ടർ ആകട്ടെ, എല്ലാവരേയും പറ്റിക്കുകയും, അഴിമതി ചെയ്യാൻ സ്വയം കോമാളിയും വിഡ്ഢിയും ആകുന്ന, ചൂഷകന്മാർക്ക് കുടപിടിക്കുന്ന കച്ചവടക്കാരനായ നേതാവോ അല്ലെങ്കിൽ വെറും അവസരവാദിയും രാഷ്ട്രീയം വയറ്റിപ്പിഴപ്പാക്കിയ ചതിയൻ സതീശൻ കഞ്ഞിക്കുഴിമാരും. ചുരുക്കത്തിൽ തങ്ങളിൽ തന്നെയുള്ള ഒരാളാണ് തങ്ങളുടെ രാഷ്ട്രീയ പ്രതിനിധി എന്ന ധ്വനി സിനിമ ഇല്ലാതാക്കി. അങ്ങനെ കൃത്യമായും സിസ്റ്റമാറ്റിക്കായും ഘടനാപരമായും ശബ്ദമില്ലാത്തവന്‍റെ ശബ്ദമായി പ്രവർത്തിക്കുകയും അസംഘടിതരായവരെ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നവരെ സിനിമ രണ്ടായിരങ്ങളോടെ പൊതുധാരയിലെ നികൃഷ്ട ജീവികൾ ആക്കി അകറ്റി.

രാഷ്ട്രീയത്തേയും തൊഴിലാളി വർഗ്ഗത്തേയും ട്രേഡ് യൂണിയൻ നേതാക്കന്മാരേയും ഇത്തരം ബിംബവത്ക്കരണം കൊണ്ട് പുറം തള്ളേണ്ടത് ആരുടെ ആവശ്യം ആയിരുന്നു എന്ന് അന്വേഷിക്കേണ്ടത് ഒരു അക്കാദമിക് താല്പര്യം മാത്രമല്ല, അത് എങ്ങനെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ലോകത്തിൽ ഏറ്റവും വലിയ സാമ്പത്തിക അസമത്വം നിലനിൽക്കുന്ന രാജ്യമായി മാറ്റുന്നതിനും കാരണമായി എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. ആ നികത്താനാവാത്ത അസമത്വം മൂലവും, അത് ചോദ്യം ചെയ്യാൻ ആരുമില്ല എന്ന ധാർഷ്ട്യവും ഉള്ളതിനാലാണ് ഒരു മഹാമാരിയെ ചെറുക്കാൻ യാതൊരു ഒരുക്കങ്ങളോ ചിന്തയോ ഇല്ലാതെ നാലു മണിക്കൂർ കൊണ്ട് രാജ്യം അടച്ചിടുന്നതിന് ഉത്തരവിടാൻ ഭരണാധികാരികൾക്ക് കഴിയുന്നത്.  

വർക്ക് ഫ്രം ഹോം എന്ന പുതിയ ന്യൂനോർമൽ കോവിഡ് ലോക്‌ഡൌൺ പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി അടക്കമുള്ള ഭരണാധികാരികൾ വീണ്ടും വീണ്ടും പറഞ്ഞത് വർക്ക് ഫ്രം ഹോം എന്നും, വീട്ടിൽ ഇരുന്നു പണിയെടുക്കാൻ തൊഴിലാളികളെ അനുവദിക്കണം എന്നുമാണ്. അങ്ങനെ എത്ര എളുപ്പത്തിൽ ഒരു രാജ്യത്തെ മൊത്തം ഉത്പ്പാദനം ഫാക്ടറികളിലല്ല ഡിജിറ്റൽ സേവനങ്ങളിലും വീടിന്‍റെ അകത്തളങ്ങളിലും ആണ് എന്ന് ധ്വനിപ്പിക്കാൻ ഭരണനേതൃത്വത്തിന് കഴിഞ്ഞു. അതിനെ എതിർക്കാൻ പോലും ട്രേഡ് യൂണിയനുകൾ അടക്കമുള്ള രാഷ്ട്രീയ പ്രതിപക്ഷത്തിനായില്ല എന്നത് തന്നെ പറയുന്നുണ്ട് ഏകദേശം നാല്-അഞ്ചു കോടിയോളം ജനങ്ങൾ നഗരങ്ങളിൽ നിന്നും ലോക്കഡൌണിനെ തുടർന്ന് പുറംതള്ളപ്പെടുകയോ അന്യവത്ക്കരിക്കപ്പെടുകയോ ചെയ്തത് എങ്ങനെയെന്ന്.

ഇന്ത്യയിൽ ഡിജിറ്റൽ ലോകത്തെ പൂർണമായും ആശ്രയിച്ചിരിക്കുന്ന തൊഴിലുകൾ ഏകദേശം 3 മില്യൺ മാത്രമാണ്, അത് ഐ ടി അനുബന്ധ മേഖലയിലെ തൊഴിലാണ്. പിന്നെ ഓൺലൈൻ ആശ്രയത്വമുള്ള ഒരു 2-3 മില്യൺ തൊഴിലുകൾ മറ്റ് സേവന മേഖലകളിലും ഉണ്ട്. അധ്യാപനം അടക്കം പല തൊഴിലും ലോക്കഡൌൺ കാലത്ത് ഓൺലൈൻ ആക്കാൻ നിര്‍ബന്ധിക്കപ്പെടുമ്പോൾ ഇന്ത്യൻ മധ്യവർഗ്ഗം അറിയാതെ ഒരു മായക്കാ\ഴ്ച്ചയിൽ വീഴുകയായിരുന്നു. ഇന്ത്യയിൽ എല്ലാ തൊഴിലാളികൾക്കും വീട്ടിൽ ഇരുന്ന് തങ്ങളുടെ തൊഴിലിൽ ഏർപ്പെടാമെന്നും വരുമാനത്തിൽ കാര്യമായ കുറവുണ്ടാവില്ലായെന്നുമുള്ള ഒരു മിഥ്യാധാരണ കൊണ്ടുവരാൻ ഭാരത സർക്കാരിന് ലോക്‌ഡൌണിന്‍റെ തുടക്കത്തിൽ തന്നെ കഴിഞ്ഞു. അതിനൊപ്പം മഹാമാരിയുളവാക്കിയ ഭയവും ചോദ്യങ്ങളില്ലാതെ ഭരണകൂടത്തെ അനുസരിക്കുക എന്നത് മാത്രമേ ജനത്തിന് മുൻപിലുള്ള വഴി എന്ന പ്രതീതിയായി.     

2014-15-ലെ NSSO 75 റൌണ്ട് പ്രകാരം ഇന്ത്യയിലെ 89 ശതമാനം വീടുകളിലും കമ്പ്യൂട്ടർ ഇല്ല, 75 ശതമാനം വീടുകളിലും ഇന്റർനെറ്റ് കണക്ഷനും ഇല്ല. 2017-ലെ വേൾഡ് ബാങ്ക് കണക്ക് പ്രകാരം വെറും രണ്ടു ശതമാനം ജനത്തിനേ ബ്രോഡ്ബാൻഡ് കണക്ഷനും 30 ശതമാനത്തിനേ ഇന്റർനെറ്റ് കണക്ഷനും ഉള്ളൂ. അതായത് ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർക്കെല്ലാം തന്നെ ഓൺലൈനിലൂടെ തങ്ങളുടെ ബിസിനസ്സും തൊഴിലും ലോക്ക്ഡൗണിൽ വലിയ കുഴപ്പമില്ലാതെ കൊണ്ടുപോകാൻ സാധിക്കുമായിരുന്നെങ്കിൽ ഇന്ത്യയുടെ ജിഎസ് ടി കളക്ഷൻ ബജറ്റ് ചെയ്‌തതിന്റെ വെറും 20 മുതൽ 30 ശതമാനം വരെ കുറയുന്നത് എന്തുകൊണ്ട്? ഈ ചോദ്യത്തിന് ആരും ഉത്തരവും തേടുന്നില്ല.

ഒരു കാര്യം ഇവിടെ എടുത്ത് പറയേണ്ടത് ഇന്ത്യയുടെ കാർഷികേതര തൊഴിലിന്‍റെ 15 ശതമാനം ഗാർഹിക ഉത്പാദന യൂണിറ്റുകളിലോ അല്ലെങ്കിൽ ഗാർഹിക തൊഴിലുകളോ ആണ്. അവർ പൊതുവെ ഏതെങ്കിലും തരത്തിൽ ആഗോള ഉത്പാദന ശൃംഖലയുടെ കണ്ണികൾ ആണ്. സമ്പദ് വ്യവസ്ഥയുടെ നിശ്ചലത അവരുടെ ജീവനവും ജീവിതവും നിശ്ചലമാക്കി. എന്നാൽ ‘ഇതു വരെ അവരുടെ പ്രശ്നങ്ങൾ പൊതുധാരയിൽ ഒരു സംവാദം പോലും ആയിട്ടില്ല. കാരണം നേരത്തെ പറഞ്ഞത് തന്നെ, അവർ അസംഘടിതർ ആണ്, അവരെ സംഘടിപ്പിക്കേണ്ട ട്രേഡ് യൂണിയനുകൾക്ക് ആഗോള ഉത്പാദന ശൃംഖലയിൽ യാതൊരു റോളും ഇല്ലാ എന്ന് മാത്രമല്ല, ഈ തൊഴിലിന്‍റെ ദാതാക്കൾ ആയി ഒരിക്കലും കോർപറേറ്റുകൾ നേരിട്ട് വരുന്നുമില്ല. സബ് കോൺട്രാക്റ്റിംഗിന്റെയും ഔട്ട് സോഴ്സിങ്ങിന്‍റെയും ഒരുപാട് നിരകൾ കഴിഞ്ഞിട്ടാണ് വരുമാനം ഈ ഗാർഹിക തൊഴിലാളികളിൽ എത്തുന്നത്. ഒരു തരം കങ്കാണിത്തരം ഈ ശൃംഖലക്ക് ഉണ്ടെങ്കിലും അവരുടെ നേരെ മുകളിൽ ഉള്ളവർ, കുറച്ച് വിദ്യാഭ്യാസമോ, ചെറിയ തോതിൽ മൂലധനം കൈയാളാൻ കെല്പുള്ള അവർക്കിടയിലെത്തന്നെ ഒരാൾ മാത്രമായിരുന്നതിനാലും, അവരുടെ യഥാർത്ഥ മുതലാളി അല്ലെങ്കിൽ ചൂഷകൻ അവർക്ക് അപ്രാപ്ര്യനും അദൃശ്യനും ആയിരുന്നതിനാലും ആ സംവിധാനത്തിൽ ഒരു തരത്തിലുള്ള വിലപേശലിനും അവകാശ സംരക്ഷണത്തിനും വലിയ സാധ്യത ഇല്ല. ചുരുക്കത്തിൽ അവർ തന്നെ അവരുടെ അവകാശധ്വംസകർ ആകുന്ന അവസ്ഥ. അങ്ങനെ വളരെ ഭംഗിയായി ആഗോള ഉത്പാദന ശൃംഖല വഴി തൊഴിലാളികളെ തൊഴിലുടമയും, തൊഴിൽ ദായകരാക്കിയും മാറ്റി. അവിടെ അവകാശസംരക്ഷണം എന്നത് സ്വയംകൃത ഉത്തരവാദിത്തവുമായി മാറി. മാത്രമല്ല ആ ഉത്പാദന ശൃംഖലയിലെ ഓരോ യൂണിറ്റും തൊഴിലിനും വരുമാനത്തിനും വേണ്ടി പരസ്പരം മത്സരിക്കുന്ന, അനുഭാവമോ സൗഹൃദമോ ഇല്ലാത്ത യൂണിറ്റുകളോ വ്യക്തികളോ മാത്രമായി. ഈ സാഹചര്യത്തിൽ സംഘടിത പ്രവർത്തനത്തിന് എന്ത് സാധ്യത? ട്രേഡ് യൂണിയൻ എന്ന ആശയം പോലും വ്യർത്ഥവും ആയി.

കോവിഡ് 19 ലോക്കഡൌണിനെ തുടർന്ന് തൊഴിലും വരുമാനവും താമസസ്ഥലവും ഭക്ഷണവും അപ്രാപ്യമാവുമെന്ന അവസ്ഥയിൽ ആണ് പലരും വാഹന സൗകര്യമില്ലെങ്കിലും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നടക്കാൻ തുടങ്ങിയത്. ഒരു സമ്പദ് വ്യവസ്ഥയിൽ അനിവാര്യമായ സംഘടിത രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതാക്കി ഫിനാൻഷ്യൽ ക്യാപിറ്റലിൽ മാത്രം ഊന്നി, തൊഴിലാളികളെ അവരുടെ സംഘടിക്കാനും സംവദിക്കാനും ഉള്ള സാഹചര്യങ്ങൾ ഘട്ടം ഘട്ടം ആയി ഇല്ലാതാക്കിയപ്പോൾ ഉണ്ടായ സ്വാഭാവികമായ ഒരു ദുരന്തമാണ് ജനലക്ഷങ്ങളുടെ ഈ പലായനം.  

കോവിഡിന്‍റെ മറവിൽ തൊഴിൽ ചൂഷണത്തിന് വഴിയൊരുക്കുന്ന തൊഴിൽ നിയമ പരിഷ്‌കാരങ്ങൾ

ട്രേഡ് യൂണിയനുകൾക്ക് സംഘടിത മേഖലയിലും ചില പ്രദേശങ്ങളിലും മാത്രമേ എന്തെങ്കിലും സാന്നിധ്യം ഉള്ളു. അതിന് കാരണം 1991 മുതൽ തുടർന്ന് വന്ന തൊഴിൽ നിയമ പരിഷ്‌കരണങ്ങൾ ആണ്. സ്ഥിരം തൊഴിൽ എന്നത് സർക്കാർ സർവീസിൽ പോലും കുറഞ്ഞുവരുകയും, ഹ്രസ്വകാല കോൺട്രാക്ടുകൾ സ്ഥിരം ഏർപ്പാട് ആവുകയും, ഹയർ ആൻഡ് ഫയർ രീതി ഒട്ടു മിക്ക സ്വകാര്യ വൻകിട-ചെറുകിട വ്യവസായ-സേവന സ്ഥാപനങ്ങളിൽ നടപ്പിലാക്കാനും തുടങ്ങിയപ്പോൾ ട്രേഡ് യൂണിയനുകൾക്ക് തൊഴിലാളികളുടെ ഇടയിൽ വലിയ പങ്കൊന്നും ഇല്ലാതായി. അവിടെ തൊഴിൽ മാത്രമാണ് പ്രധാനം, തൊഴിലാളിയുടെ വേതനമോ, മറ്റ് തൊഴിൽ സൗകര്യങ്ങളോ തൊഴിൽ ദാതാവിന്‍റെ ഉത്തരവാദിത്വം ആകുന്നില്ല. അത് കൊണ്ടാണ് സംഘടിത മേഖലയിൽ പെടുന്ന ഏറ്റവും കൂടുതൽ ചൂഷണം ഉള്ള മേഖലകൾ ആയ ഐടി, നഴ്സിംഗ്, അൺ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ സംഘടനകൾക്ക് തൊഴിലാളികളുടെ ചെറിയ ആവശ്യങ്ങൾ പോലും ഉയർത്താനോ, ഒരു പൊതു സംവാദത്തിൽ എത്തിക്കാനോ കഴിയാതെ പോകുന്നത്.

കോവിഡ് 19 നെ തുടർന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഉത്തർ പ്രദേശ് അടക്കമുള്ള പല സംസ്ഥാന സർക്കാരുകളും കണ്ട ഏക പ്രതിവിധി അടിസ്ഥാന തൊഴിൽ നിയമങ്ങളെ മൂന്ന് വർഷത്തേക്ക് മരവിപ്പിക്കുക എന്നതായിരുന്നു. തൊഴിൽ സമയം വർധിപ്പിച്ചും, മിനിമം വേതനവും പ്രസവാവധി അടക്കമുള്ള സാമൂഹ്യ സുരക്ഷ നയങ്ങൾ എടുത്ത് കളഞ്ഞും കൊണ്ടാണ് ഈ സംസ്ഥാനങ്ങൾ നിക്ഷേപങ്ങൾ വർധിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത്ര വലിയ തൊഴിൽ അവകാശധ്വംസനം നടന്നിട്ടും കാര്യമായ പ്രതിഷേധം ഒരു തലത്തിലും ഉയർന്നു വരുന്നതു പോലുമില്ല. ഇതിലൂടെ യാതൊരു നിയമ പരിരക്ഷയുമില്ലാതെ യാന്ത്രികമായി തൊഴിലുടമ ആവശ്യപ്പെടുന്ന അത്രയും സമയം വേതനത്തെ കുറിച്ച് ബേജാറാവാതെ പ്രവർത്തിക്കുന്ന തൊഴിലാളിയെ മാത്രം മതി എന്ന നവലിബറൽ നയം പൂർണമായും നടപ്പിലാക്കുകയാണ് ചെയ്തത്.

ട്രേഡ് യൂണിയനുകൾക്ക് പകരം എൻജിഒകൾ 

അസംഘടിത മേഖലയിൽ ട്രേഡ് യൂണിയനുകൾ അപ്രത്യക്ഷമായ തൊഴിലിടങ്ങളിൽ ഉയർന്നു വന്നത് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ട് കൊണ്ട് പ്രവർത്തിക്കുന്ന എൻജിഒകൾ ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 1980-കൾക്ക് ശേഷമാണ് ഇന്ത്യയിൽ എൻജിഒകൾ വികസന കാര്യങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. തൊണ്ണൂറുകളിൽ അവരുടെ സാന്നിധ്യം കൂടുതൽ കമ്മ്യൂണിറ്റി വികസന വിദ്യാഭ്യാസ-ആരോഗ്യ സ്ത്രീ ശാക്തീകരണങ്ങളിൽ കേന്ദ്രീകൃതമായിരുന്നു. പുതിയ സഹസ്രാബ്ദത്തിന്‍റെ വരവോടെ, വ്യക്തമായ ഒരു കാര്യം, കൊട്ടിഘോഷിച്ച സാമ്പത്തിക വളർച്ചയുടെ ഗുണവിഹിതങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നില്ല (trickle down) എന്ന യാഥ്യാർഥ്യം ആണ്. ആ സമയത്താണ് അസംഘടിത മേഖലയിൽ ട്രെയനിങ്ങും സാമ്പത്തിക സഹായങ്ങളും ആയി വന്ന എൻജിഒകൾ തൊഴിലാളികളെ സ്വാധീനിക്കുന്നതും, നിയന്ത്രിക്കുന്നതും. ഇത് വളരെ എളുപ്പമായിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെയും മറ്റും മറവിലാണ് ഈ ഇടപെടൽ നടത്തിയത്. അവിടെ രാഷ്ട്രീയം ഒരു മോശം വാക്കായിരുന്നു, രാഷ്ട്രീയക്കാർ ചതിയരും ചൂഷകരും.

ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടത്, വികസന പദ്ധതികളെ കുറിച്ചുള്ള പല എൻജിഒ പഠനങ്ങളും രാഷ്ട്രീയ ഇടപെടലിനെയും രാഷ്ട്രീയ പാർട്ടികളെയും പൊതുവിൽ ഇകഴ്ത്തുന്നവയായിരുന്നു. 1990 കൾക്ക് ശേഷം ഒരു എൻജിഒ വിപ്ലവം തന്നെ ഇന്ത്യൻ വിദ്യാഭ്യാസ- ആരോഗ്യ-വികേന്ദ്രീകരണ-സ്ത്രീ ശാക്തീകരണ മേഖലകളിൽ സംഭവിച്ചു. ആ സമയത്താണ് എൻജിഒകൾ പ്രതിഫലേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധസേവകർ  (volunteer) എന്നതിൽ നിന്നും പ്രതിഫലത്തിനായി സാമൂഹ്യ സേവനം ചെയ്യുന്നവർ ആയി മാറിയത്. അതിനുള്ള പണം ആദ്യം പല വിദേശ എയ്ഡ് ഏജൻസികളും (അവർക്ക് ഫണ്ട് നൽകുന്നത് ബഹുരാഷ്ട്ര കമ്പനികൾളും),  വൻകിട വ്യവസായികളുടെ ട്രസ്റ്റ്‌കളും, കോർപ്പറേറ്റ് കമ്പനികളുടെ സാമൂഹ്യ ബാദ്ധ്യത ഫണ്ടുകളും ആണ്‌. ഇന്ത്യയിലെ എന്നത്തേയും വലിയ എയ്ഡ് ഏജൻസി ടാറ്റ ട്രസ്റ്റ് ആണ്. 2000 നു ശേഷം എല്ലാ കമ്പനികളും തങ്ങളുടെ CSR ചിലവാക്കാൻ എൻജിഒകൾ തുടങ്ങുകയോ അല്ലെങ്കിൽ മറ്റുള്ളവർക്ക് കൊടുക്കുകയോ ചെയ്യാൻ തുടങ്ങി. അത് പ്രോജെക്ടുകൾ ആയാണ് വന്നിരുന്നത്.

ആഗോള ഉത്പാദക ശൃഖലയിലെ പ്രശ്നങ്ങൾ ഉയർന്ന പല സന്ദർഭങ്ങളിലും അവയെല്ലാം സാമൂഹ്യ സുരക്ഷയെ മാത്രം ചുറ്റിപറ്റിയാക്കിയത് ഈ എൻജിഒകൾ ആയിരുന്നു. സാമൂഹ്യ സുരക്ഷ അനിവാര്യമാണ്, പക്ഷേ അതിലുപരി വേണ്ടത് പണിയെടുക്കുന്നവന് അതിനനുസരിച്ചുള്ള വേതനം വേണം എന്നതാണ്. ദിവസവേതനത്തിൽ പണിയെടുക്കുന്നവന് മാത്രമേ മിനിമം വേതനത്തിന് അർഹതയുള്ളൂ, കരാർ വ്യവസ്ഥയിൽ ഇതിനു വലിയ പ്രാധാന്യം ഇല്ല. ഏറ്റവും കുറഞ്ഞ തുക പറയുന്നവന് പണി കൊടുക്കുക എന്നതാണ് കരാറിന്റെ രീതി. ഈ കരാർ വ്യവസ്ഥയും നിരയില്ലാത്ത ഇടനിലക്കാരും ഒരിക്കലും സംവാദങ്ങൾക്ക് വിഷയമാകാത്തതിന് കാരണം, അത് അവസാനം എത്തിച്ചേരുക വൻകിടക്കാരിലാണ്, അവർ തന്നെയാവും അസംഘടിത മേഖലയ്ക്ക് വേണ്ടി സംസാരിക്കുന്ന എൻജിഒകളുടെ ഫണ്ടിംഗ് ഏജൻസിയും. ഉദാഹരങ്ങൾ എത്ര! ഒന്ന് ഇവരുടെയൊക്കെ വെബ്‌സൈറ്റ് പരിശോധിച്ചാൽ മതി. അത് കൊണ്ട് തന്നെയാണ്, ഈ മേഖലയിലെ തൊഴിലാളികളിൽ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയുടെ സാമൂഹ്യ സുരക്ഷ ഫണ്ടുകൾ – PF, ഇൻഷുറൻസ്, പെൻഷൻ ഫണ്ടുകൾ, തൊഴിലാളി ക്ഷേമ നിധികൾ – ഉണ്ടായിട്ടും അതിൽ നിന്നും ഒരു രൂപ പോലും ചിലവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാതിരുന്നിട്ടും അതിനെ കുറച്ച് ഒരു ചോദ്യം പോലും ഉയർത്താൻ തൊഴിലാളികളെ ഉദ്ധരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു എൻജിഒകൾക്കും കഴിയാതെ പോകുന്നത്. കാരണം, അങ്ങനെ ഒരാവശ്യം ഉയർന്നാൽ, തൊഴിലാളികളിൽ നിന്നും പിരിച്ചെടുത്ത തുകയുടെ ഒരു ചെറിയ അംശം മാത്രമേ  സർക്കാരിൽ അടച്ചിട്ടുള്ളൂ എന്ന സത്യം പുറത്താകും. ഇത് ചോദിയ്ക്കാൻ രാഷ്ട്രീയക്കാരും തയ്യാറാവില്ല.       

ഒന്ന് കൂടി വ്യക്തമാക്കിയാൽ സ്റ്റേറ്റിനെ ആദ്യം ശക്തിപ്പെടുത്താനും, പിന്നെ സ്റ്റേറ്റിനെക്കാൾ നല്ല രീതിയിലും ചിലവ് കുറഞ്ഞും പ്രവർത്തിക്കാൻ തങ്ങൾക്കാവും എന്നും പറഞ്ഞു എൻജിഒകൾ ജനങ്ങൾളുടെ / തൊഴിലാളികളുടെ ഇടനിലക്കാരായ്‌ സ്റ്റേറ്റിന്റെ അടുത്തും, സ്റ്റേറ്റിന്റെ ഇടനിലക്കാരനായി ജനങ്ങളുടെ/ തൊഴിലാളികളുടെ അടുത്തും പ്രവർത്തിക്കാൻ തുടങ്ങി. ഒരു ജനാധിപത്യ രാജ്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ട ജോലിയാണ് ഇത്. ഇത്  നയരൂപീകരണത്തിൽ വിപണി വ്യവസ്ഥയുടെ വക്താക്കളും കോര്പറേറ്റ് പ്രതിനിധികളും ആയ അരാഷ്ട്രീയ വാദികളുടെ നേരിട്ടുള്ള ഇടപെടൽ വളരെ എളുപ്പം ആക്കി.

അതിനോടൊപ്പം തന്നെ കഴിഞ്ഞ രണ്ട് ദശാബ്ദത്തിൽ  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ (parliamentarians) മാത്രമേ രാഷ്ട്രീയക്കാരായി എൻജിഒകൾ കണ്ടിരുന്നുള്ളൂ. പലപ്പോഴും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരെ മാറ്റി ഇത്തരം ഇറക്കുമതികൾ ഇലക്ഷൻ രാഷ്ട്രീയത്തിൽ കാണുന്നത് വളരെ സ്വാഭാവികമായി കഴിഞ്ഞിട്ടുണ്ട് ഇന്ത്യയിൽ. ഈ കോർപ്പറേറ്റ് രാഷ്ട്രീയക്കാർ അല്ലെങ്കിൽ രാഷ്ട്രീയ തൊഴിലുകാർ (career politicians) കേന്ദ്ര- സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് വരെ എത്തി എന്നതിനുള്ള തെളിവാണ് പല സ്റ്റേറ്റുകളിലും നടക്കുന്ന റിസോർട് പൊളിറ്റികസ്. ഏതെങ്കിലും ഒരു കോർപ്പറേറ്റ് ആയിരിക്കും ഇവർക്ക് വിലപറയുക, അവർക്ക് വേണ്ടി നയരൂപീകര വേളയിൽ ഇടനിലക്കാരൻ മാത്രമായാൽ മതി. വേറൊരുതരത്തിൽ പറഞ്ഞാൽ കഴിഞ്ഞ രണ്ട് ദശാബ്ദകാലത്ത് നടത്തിയ പല നയനിർമാണങ്ങളും കോർപ്പറേറ്റ് അനുകൂലമായത് സ്വാഭാവികം ആണ്.

കൂടുതൽ നിക്ഷേപം വരണമെങ്കിൽ മൂലധനം കൊണ്ടുവരുന്നവരുടെ താത്പര്യങ്ങൾക്ക് പ്രാമുഖ്യം കൊടുക്കണം എന്നായപ്പോൾ ഉത്പ്പാദനത്തിന്റെ കാതൽ ആയ തൊഴിലാളിയുടെ അവകാശങ്ങൾ തഴയപ്പെട്ടു. അത് ഉയർത്തി കാണിക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങളും തീർത്തും പരാജയപ്പെട്ടു. ഇത് കൂടാതെ പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രതിനിധികളായി ലോകസഭയിലേക്കും രാജ്യസഭയിലേക്കും സംസ്ഥാന അസ്സംബ്ലികളിലേക്കുമെല്ലാം വിട്ടത് വൻകിട വ്യവസായികളേയും അവരുടെ പ്രധിനിധികളേയും ആണ്. അവർ നിയമ നിർമാണ സഭകളിലേക്ക് ചെന്നത് കൃത്യം ലക്ഷ്യങ്ങളുമായാണ്. അതിന് കുടപിടിക്കുന്ന ജോലി ആയിരുന്നു രാഷ്ട്രീയ പാർടികളുടേത്. വിജയ് മല്ല്യ ഏവിയേഷൻ കമ്മിറ്റിയിൽ മെമ്പർ ആയത് ആർക്കും പ്രശ്നം അല്ലായിരുന്നു, അതിന്റെ ഫലം എന്തെന്ന് നമുക്കറിയാം. അതുപോലെ ഒരുപാട് ഉദാഹരണങ്ങൾ കേന്ദ്ര-സംസ്ഥാന നിയമ നിർമാണ സഭകളിൽ ഉണ്ട്. ഈ കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് (conflict of interest) ഉയർത്തി കാണിക്കേണ്ട ദേശീയ- പ്രാദേശിക പത്ര-ദൃശ്യാ മാധ്യമങ്ങൾ കുറെ കാലമായി മൗനികൾ ആണ്. ജോസി ജോസെഫിന്റെ കഴുകന്മാരുടെ സദ്യ ഗതകാല ഇന്ത്യൻ രാഷ്ട്രീയ-സാമ്പത്തിക കോർപ്പറേറ്റ് ഇടപെടലുകളെ പറ്റി എത്ര ഉദാഹരണങ്ങൾ ആണ് നൽകുന്നത്. 

ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നതിന് എത്രയോ മുൻപ് തന്നെ പല എൻജിഒകളും രംഗം വിട്ടിരുന്നു. കോർപ്പറേറ്റ് ലാഭം കുറയുമ്പോൾ അവർ സാമൂഹ്യസേവനത്തിൽ നിന്നും വലിയും, പിന്നെ തങ്ങളുടെ കോർപ്പറേറ്റ് ബോസുമാരുടെ ഇച്ഛകൾക്കനുസരിച്ചാണ് പലരും പ്രവർത്തിക്കുന്നതും. എൻജിഒകളെ പോലെ തൊഴിലാളി സംഘടനകളുടെ അസാന്നിധ്യത്തിൽ മുളച്ച വർഗീയ സംഘടനകളും തങ്ങളുടെ സുരക്ഷിത മാളങ്ങളിൽ ഓടി ഒളിച്ചു. അത് കൊണ്ട് തന്നെ ലോക്ക്ഡൌണിനെ തുടർന്ന് ശബ്ദിക്കാൻ കോർപ്പറേറ്റ് ഫണ്ട് വാങ്ങാത്ത അരുണാ റോയിയുടെ MKSS നെ പോലെ  ചില പ്രാദേശിക സംഘടനകൾ മാത്രമേ ഉണ്ടയായിരുന്നുള്ള. ഒരു രാജ്യത്തെ മൊത്തം തൊഴിലാളികളെ ബാധിക്കുന്ന ഒരു നയത്തെ, അത് നടപ്പിലാക്കിയ രീതിയെ ചോദ്യം ചെയ്യാനും ഭരണകൂടത്തിനെ അവരുടെ ദുരിതങ്ങൾക്ക് ഉത്തരവാദി ആക്കാനും രാഷ്ട്രീയ ഇടപെടലുകൾ ആണ് വേണ്ടത്, എൻജിഒ ഇടപെടലുകൾ അവർക്ക് ഒരു താങ്ങ് മാത്രമേ ആവേണ്ടതുള്ളൂ. 

ഇതിന്‍റെ ഒക്കെ അനന്തരഫലമായാണ് ലോക്ക്ഡൌണിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ദുരിതങ്ങളിലൂടെ കടന്ന് പോയിട്ടും ഒരു രാഷ്ട്രീയ നേതൃത്വവും ഡെൽഹിയിലോ മറ്റേതെങ്കിലോ നഗരങ്ങളിലോ പാതകളിലോ സാമൂഹിക അകലം പാലിച്ച് ഒരു പ്രതിഷേധത്തിന് തയ്യാറാവാതിരുന്നത്. ഒപ്പം തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷമടക്കമുള്ള എല്ലാ പാർട്ടികളുടേയും ജനങ്ങളുടെ പലായനത്തോടുള്ള നിസ്സംഗത കാണിക്കുന്നത് കോവിഡാനന്തര ഇന്ത്യയിൽ കോര്‍പറേറ്റുകൾ മാത്രമേ കാര്യങ്ങൾ തീരുമാനിക്കാൻ ഉണ്ടാവൂ എന്നതാണ്. പ്രതിപക്ഷം എന്നത് ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും തത്കാലം നിലനിൽക്കുന്നില്ല.

വാൽക്കഷ്ണം: ഇന്ത്യയിലെ 400 മില്യൺ ജനം കഴിഞ്ഞ 53 ദിവസത്തെ ലോക്ക്ഡൗണിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ടതിനെ തുടർന്ന് പട്ടിണിക്കാരായി എന്നാണ് കണക്കാക്കുന്നത്. അവരിൽ നല്ലൊരുപക്ഷം അധ്വാനം മൂലം പട്ടിണിയിൽ നിന്നും ഉയർന്നു വന്നു പുതിയ ജീവിതം കണ്ടെത്തിയ ആശകളും പ്രതീക്ഷകളും സ്വപ്നങ്ങളും ഉള്ള ഇന്ത്യക്കാരനാണ്, അവരാണ് ദുരിതത്തിൽ ഒരു കൈത്താങ്ങും ഇല്ലാതെ അനാഥരായവർ. തൊഴിലാളി എന്ന നിലയിലെ അന്തസ്സ് അംഗീകരിക്കാത്ത നഗരങ്ങളെ, അവിടത്തെ തൊഴിൽ ദാതാക്കളെ, നഗര ഭരണസംവിധാനങ്ങളെ, കാത്തു നിൽക്കാതെ അവർ നടക്കുന്നത് അവരുടെ ആത്മാഭിമാനത്തിന്‍റെ അവസാന കണികയെ കരുതിയാണ്. നവ ലിബറൽ ലോകത്ത് രാഷ്ട്രീയവും പ്രതിപക്ഷ രാഷ്ട്രീയവും അനാഥരാക്കിയവർ ആണ് ഈ പലായനം ചെയ്ത ലക്ഷങ്ങൾ. നഗരങ്ങളിലെ ബാൽക്കണികളിൽ ലോക്ക്ഡൌൺ കഴിയാൻ കാത്തിരിക്കുന്ന ഒരു പാട് ലക്ഷങ്ങളും വൈകാതെ ഈ അനാഥരായ ജനങ്ങളുടെ നിരയിലേക്ക് ഇറങ്ങിവരാൻ കാത്തിരിക്കുകയാണ്.

Comments

comments