കോപ്പിയടിച്ചു എന്ന ആരോപണം താങ്ങാൻ സാധിക്കാതെ ഒരു ബിരുദ വിദ്യാർത്ഥി സ്വയം ജീവനെടുത്തിരിക്കുന്നു. അത് നടന്നിരിക്കുന്നത് ലോകം മുഴുവൻ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന വികസന മോഡൽ രൂപപ്പെട്ട കേരളത്തിൽ. ഈ സംഭവത്തെ ആസ്പദമാക്കി നടക്കുന്ന സംവാദം ആ വിദ്യാർത്ഥി കോപ്പിയടിച്ചോ അതിനുള്ള തെളിവുകൾ ഉണ്ടോ എന്ന തരത്തിലാണ്. രണ്ടോ മൂന്നോ മണിക്കൂറിൽ ഒരു വിദ്യാർത്ഥി എഴുതുന്നതല്ല ബിരുദം നൽകുന്നതിനുള്ള മാനദണ്ഡം എന്ന തിരിച്ചറിവിൽ സർവ്വകലാശാലകളിലെ പരീക്ഷാ രീതികൾ വലിയ തോതിൽ മാറിക്കൊണ്ടിരിക്കുന്നു. ഒരു വിദ്യാർത്ഥി ഇത്തരത്തിൽ സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ടു എന്ന ബോധ്യത്തിൽ സ്വജീവിതം അവസാനിപ്പിക്കുന്നു എന്ന വാർത്തകൾ കാണേണ്ടി വരുന്നത് ഇതേ കാലത്താണ്. നിയമമല്ല മനുഷ്യത്വമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ആവശ്യം. വിദ്യാര്‍ഥികളാണ്, കുറ്റം ചെയ്തവരല്ല പരീക്ഷാ ഹാളില്‍ ഇരിക്കുന്നത്. റെഗുലര്‍ കോളേജിലെ അധ്യാപകരേയോ, പ്രധാനാധ്യാപകനെയോ നേരിട്ട് കാണാന്‍ സാധ്യതയില്ലാത്ത സമാന്തര കോളേജില്‍ പഠിക്കുന്ന ഇരുപത് വയസുള്ള വ്യക്തിയെ നിങ്ങള്‍ ചുറ്റും കൂടി നിന്ന് ചോദ്യം ചെയ്താല്‍, പ്രിൻസിപ്പാൾ ചേംബറില്‍ വിളിച്ചു വരുത്തിയാൽ എന്ത് മാനസികാവസ്ഥയില്‍ ആയിരിക്കും?  പരീക്ഷാ നടത്തിപ്പും, മൂല്യ നിർണയവും എല്ലാം കുറ്റമറ്റ രീതിയിൽ നടത്തിയിട്ടാണോ നിങ്ങൾ ഈ തെറ്റ് കണ്ടെത്തി ഉടൻ നടപടിയെടുത്ത് ഒരു വിദ്യാർത്ഥിയെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയത്?

ലോകത്തിലെ സർവകലാശാലകൾ ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന പ്രാകൃതമായ ഒരു പരീക്ഷാ രീതി അങ്ങേയറ്റം മനുഷ്യത്വ രഹിതമായി നടത്തുന്നതിന്‍റെ അനന്തരഫലമാണ് ഇത്തരം ദുരന്തങ്ങൾ.  രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന സർവകലാശാല ഗ്രാന്റ്സ് കമ്മീഷൻ (യു ജി സി) ഏത് നിയമത്തിലാണ് ആ വിദ്യാർത്ഥിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നൽകാതെ പരീക്ഷ ഹാളിൽ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞിട്ടുള്ളത്? ഒരു കേന്ദ്ര സർവകലാശാലയുടെ  പരീക്ഷാ നടത്തിപ്പിന്‍റെ ഭാഗമായിരിക്കുന്ന അധ്യാപകൻ എന്ന നിലയിൽ ഇത്തരം സാഹചര്യത്തിൽ സ്വീകരിക്കുന്ന നടപടിക്രമത്തില്‍ പലപ്പോഴും ഭാഗമാകേണ്ടി വന്നിട്ടുണ്ട്. താഴെ പറയുന്ന രീതിയിൽ ആണ്  സാധാരണയായി ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യുന്നത്: ഏതൊരു പൗരനെയും പോലെ നിരപരാധിത്തം തെളിയിക്കുന്നതിനും സ്വാഭാവിക നീതി (natural justice) ലഭിക്കുന്നതിനും വിദ്യാർത്ഥിക്ക് അവസരവും അവകാശവുമുണ്ട്. വിദ്യാര്‍ഥിയുടെ അന്തസ്സിനും അവകാശത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്.   അതുകൊണ്ട് ഒരു വ്യക്തി കോപ്പിയടിച്ചു എന്ന് കണ്ടെത്തിയാൽ അപ്പോൾത്തന്നെ എഴുതിക്കൊണ്ടിരിക്കുന്ന ഷീറ്റ് തിരികെ വാങ്ങി പുതിയത് നൽകും. പരീക്ഷ തുടർന്ന് എഴുതാൻ അനുവദിക്കും. തുടർന്നുള്ള പരീക്ഷകളും. വിദ്യാർത്ഥിയുടെ വിശദീകരണം കൂടി കേട്ടതിന് ശേഷം കോപ്പിയടിച്ചതിന് ലഭിക്കുന്ന തെളിവുകൾ സർവകലാശാലക്ക് നൽകും. സര്‍വകലാശാലയുടെ പരീക്ഷാ വിഭാഗം നിയമിക്കുന്ന സമിതി അനിവാര്യമായ നടപടികൾ സ്വീകരിക്കും. അത് വരെ എല്ലാ പരീക്ഷകൾ എഴുതാനും അന്തസും അന്വേഷണത്തിന്‍റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനുമുള്ള അവകാശം വിദ്യാർത്ഥിക്ക് ഉറപ്പ് നൽകുന്നുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമാണോ കേരളത്തിലെ സർവ്വകലാശാലകൾ? സ്വാഭാവിക നീതിക്ക് അവിടെ വിദ്യാർത്ഥികൾക്ക് അവകാശമില്ലേ? ഇല്ല എങ്കിൽ അത്തരം നിയമനിർമ്മാണം ഉടൻ നടത്തണമെന്ന് എം ജി സർവകലാശാലയുടെ വി സി യോട് അഭ്യർത്ഥിക്കുന്നു.

കോപ്പിയടിച്ചു എന്നതിന് തെളിവായി വിദ്യാര്‍ത്ഥിയുടേത്  എന്ന് പറയുന്ന ഹാൾ ടിക്കറ്റ് തുടര്‍ച്ചയായി കാണിച്ചു കൊണ്ടിരിക്കുകയാണ് ചില ദൃശ്യമാധ്യമങ്ങള്‍. അവിടെ അധ്യാപകരും, വിദ്യാർത്ഥി സമൂഹവും, പൊതുജനവും വെറും കാഴ്ചക്കാരാകുന്നു. നവലിബറല്‍ കാലത്തെ പാഠ്യപദ്ധതിയിലെ പരിഷ്കരണങ്ങള്‍ ഒരേ മാനദണ്‌ഡം വെച്ച് എല്ലാത്തിനെയും അളക്കുന്ന യുക്തിയാണ്. മികവ്, നൈപുണ്യം തുടങ്ങിയ വാചാടോപങ്ങളിൽ തീർത്ത ആ വരേണ്യ ലോകം എല്ലാവർക്കുമുള്ളതല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ നവമൂലധന വ്യവസ്ഥിതി വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ മാറ്റങ്ങളെ പരാമര്‍ശിക്കാതെ ഒരു വിദ്യാര്‍ഥിയുടെ ശരി-തെറ്റുകള്‍ വിലയിരുത്തുക എന്ന വരേണ്യവര്‍ഗ തന്ത്രത്തിന് കേരളത്തിലെ ചാനല്‍ചര്‍ച്ചകള്‍ കുഴലൂതുന്നു. മാനവിക ശാസ്ത്ര വിഷയങ്ങള്‍ എങ്ങനെ പഠിപ്പിക്കണമെന്നത് ആഗോള തലത്തില്‍ തീരുമാനിക്കപ്പെടുന്ന, ഭരണകൂടം മേല്‍നോട്ടം വഹിക്കുന്ന കാര്യമായിരിക്കുകയാണ്. മൂലധന യുക്തിയും വരേണ്യതയും നിര്‍കര്‍കക്കുന്ന ഏകമാന വീക്ഷണമാണ് ഉന്നത വിദ്യാഭ്യാസത്തെ തീരുമാനിക്കുന്നത്. അവിടെ വ്യത്യസ്ഥകള്‍ക്ക് ഇടമില്ല.  മറിച്ച് മൂലധനം പറയുന്ന “കാര്യക്ഷമതയും” “നൈപുണ്യവുമാണ്” കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ മേല്‍ക്കൈ നേടുന്നത്. വിദ്യാര്‍ഥികള്‍ക്ക് മേല്‍ “നൈപുണ്യം കൈവരിക്കുക” എന്ന പ്രതീക്ഷയുടെ ഭാരം കയറ്റി വെച്ചാണ് നവലിബറല്‍ സമൂഹം അവരെ പരീക്ഷാ ഹാളിലേക്ക് കയറ്റി വിടുന്നത്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കോപ്പിയടി എന്നത് ക്ഷമിക്കാനാവാത്ത തെറ്റാണ് എന്ന ധാരണയില്‍ നിന്ന് ഒരു വിദ്യാര്‍ഥി സ്വയം ജീവനെടുക്കുന്നതിനെ വിലയിരുത്തുന്നത്. വിദ്യാര്‍ഥി തെറ്റ് ചെയ്തോ എന്ന മാധ്യമ വിചാരണയല്ല, നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ വിമര്‍ശനമാണ് പൊതുസമൂഹം നടത്തേണ്ടത്.

കോപ്പിയടിച്ചു എന്ന് ആരോപിക്കപ്പെട്ട അഞ്ജു പി ഷാജി ഒരു സമാന്തര കോളേജിലാണ് പഠിച്ചിരുന്നത് എന്ന കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മാസം ആയിരം രൂപയോളം ഫീസ് കൊടുത്ത് ചുരുങ്ങിയ സൌകര്യങ്ങളില്‍ പഠനം നടത്തുന്നവരാണ് അവരില്‍ ഭൂരിഭാഗവും. വിശാലമായ ലൈബ്രറിയോ, സിലബസ് രൂപീകരണത്തില്‍ പങ്കെടുത്ത അധ്യാപകരോ അവര്‍ക്കില്ല. അധ്യാപകര്‍ നല്‍കുന്ന ‘നോട്ടുകള്‍’ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. അധ്യാപകരുടെ കൂട്ടായ്മയില്‍ നിന്നാണ് പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും ഉണ്ടാകുന്നത്. സമാന്തര കോളേജുകളിലെ അധ്യാപകര്‍ അതിന് വെളിയില്‍ നില്‍ക്കുന്നവരാണ്. കോപ്പിയടിച്ചു എന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ഥിയുടെ സഹപാഠി ചൂണ്ടിക്കാണിക്കുന്നത് അടുത്ത കാലത്ത് പരിഷ്ക്കാരം വരുത്തിയ പരീക്ഷാ രീതിയില്‍ സമാന്തര കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ തോല്‍ക്കുന്നു എന്നാണ്. പതിനായിരം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ അറുനൂറ് പേര്‍ മാത്രം ജയിച്ച ഉദാഹരണവും കേരളത്തില്‍ ഉണ്ട്. കൂട്ടത്തോല്‍വികള്‍ അവര്‍ക്ക് ഇപ്പോള്‍ ഒരു പുതുമയല്ല. MCQ എന്ന പ്രശ്നോത്തരി മോഡല്‍ പരീക്ഷയുടെ ഭാഗമാക്കിയത് സമാന്തര സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ തോല്‍വി നിരക്ക് കുത്തനെ ഉയര്‍ത്തിയത് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും ഒരു സമാന്തര കോളേജിലെ വിദ്യാര്‍ഥി നേതാവുമായ അനന്തു ചൂണ്ടിക്കാണിക്കുന്നു.

റെഗുലര്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകള്‍ക്കൊപ്പം നടക്കുന്ന തുടര്‍ച്ചയായ പഠന വിലയിരുത്തലുകൾ ഉണ്ട്. സമാന്തര വിദ്യാഭ്യസത്തിൽ വാർഷിക പരീക്ഷക്കൊപ്പം നടത്തുന്ന ഇരുപത് മാർക്കിനുള്ള പ്രശ്നോത്തരി രീതിയിലുള്ള മൂല്യ നിർണയമാണ് പകരമായുള്ളത്.  മഹാമാരിയുടെ സമയത്ത് പരിചയമില്ലാത്ത സ്ഥലത്തുള്ള ഒരു കോളേജിൽ പരീക്ഷകള്‍ എഴുതാൻ എത്തുന്ന വിദ്യാര്‍ഥികളുടെ ആയാസം കൂട്ടുന്നതാണ് ഇത്തരം പരീക്ഷാരീതികള്‍. പരീക്ഷ എന്നത് തന്നെ സംഘര്‍ഷം നിറഞ്ഞ അനുഭവമാണ്. അത് കൂടാതെ സമാന്തര കോളേജുകളിലെ വിദ്യാര്‍ഥികള്‍ തികച്ചും അപരിചിതമായ ചുറ്റുപാടിലാണ് പരീക്ഷകള്‍ എഴുതുന്നത് എന്നത് കൂടി കണക്കിലെടുക്കേണ്ടതുണ്ട്. എന്നാല്‍ അവര്‍ അനുഭവിക്കുന്ന സംഘർഷം ആരെയും അലട്ടുന്നില്ല. കാരണം സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കുള്ള ഇടമാണ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

മഹാമാരിയുടെ സമയത്ത് ലോകം മുഴുവന്‍ സംഘര്‍ഷഭരിതമായിരിക്കുമ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക് കപ്പലിലെ പാട്ടുകാരെപ്പോലെ പ്രവര്‍ത്തിക്കുകയാണ് ഇന്ത്യയിലെ മിക്ക സര്‍വകലാശാലകളും.  പരീക്ഷകൾക്ക് മുൻപുള്ള മൂന്ന് മാസമെന്നത് മഹാമാരിയും തുടർന്നുള്ള അടച്ചുപൂട്ടലും മൂലം വിദ്യാർഥികൾ മാനസികമായി പിരിമുറുക്കം നേരിടുന്ന സമയം കൂടിയാണ്.  ഒരു സമാന്തര കോളേജിൽ നിന്നും വരുന്ന കുട്ടികൾക്ക് പഠിക്കുന്നതിനും  അന്തസ്സോടെ പരീക്ഷകൾ എഴുതുന്നതിനുമുള്ള തുല്യനീതി ഉറപ്പ് വരുത്തുന്നതിന്  സർവകലാശാലകൾ  ഈ മഹാമാരിയുടെ കാലത്ത് എന്ത് സാമൂഹ്യ നീതിബോധമാണ് കാണിക്കുന്നത്? പഠന സാമഗ്രികള്‍ ഉറപ്പ് വരുത്തുന്നതിന് യാഥാര്‍ത്ഥ്യ ബോധമുള്ള എന്ത് നടപടികള്‍ സ്വീകരിച്ചു? കിലോമീറ്ററുകള്‍ യാത്ര ചെയ്തു വേണം സര്‍വകലാശാല നിര്‍ദേശിക്കുന്ന  പരീക്ഷാകേന്ദ്രത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചേരാന്‍. എന്ത് കൊണ്ടാണ് കാഞ്ഞിരപ്പള്ളിയില്‍ വീടുള്ള അഞ്ജുവിന് ഈ കൊറോണക്കാലത്ത് പരീക്ഷ എഴുതാന്‍ പാലായില്‍ പോകേണ്ടി വരുന്നത്?

കോപ്പിയടിക്കുന്നതിലെ ന്യായ-അന്യായങ്ങളെ വിസ്തരിക്കുന്നതിലാണ് അധികാരികളുടെയും വലിയൊരു വിഭാഗം ആളുകളുടെയും ശ്രദ്ധ. വ്യത്യസ്തതകളെ ബഹുമാനിക്കുക എന്ന കോളേജ് ക്ലാസ് മുറികളുടെ അന്തസത്ത സംരക്ഷിച്ചവരാണോ ഒരു കുട്ടിയെ വിധിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഇത്തരം ആളുകൾ? പരീക്ഷകള്‍ സാമൂഹിക അസമത്വം പുനര്‍നിര്‍മ്മിക്കുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത് വളരെ അപകടകരമായ അവസ്ഥയിൽ എത്തി നിൽക്കുന്നു എന്നതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചർച്ചകളുടെ അന്തഃസത്ത വെളിപ്പെടുത്തുന്നത്. അറിവ് സർട്ടിഫിക്കറ്റ് രൂപത്തിൽ മാത്രം സ്വീകാര്യമാകുന്ന അവസ്ഥയെ നവലിബറൽ വിമർശിക്കാൻ സാധിക്കാതെ വരുമ്പോൾ കുറ്റം ഒരു കുട്ടിയുടെ തലയിൽ കെട്ടിവെച്ചു കൈകഴുകാൻ എളുപ്പമാണ്. മഹാമാരിയുടെ കാലത്തും ക്രമം തെറ്റാതെ പരീക്ഷകൾ നടത്തുന്നതിൽ ഒരു അന്യായവും കാണാത്തവർ ഈ സംഭവത്തെ വിചാരണ നടത്തുന്നു. ഇവിടെ ‘പൊതുസമൂഹം’ എന്ന ആൾക്കൂട്ട വിചാരണ തന്നെ നവലിബറൽ കച്ചവടവൽക്കരണത്തിന് വളമിട്ട് കൊടുക്കുകയാണ്. വെബ് ക്യാമറകൾ നൽകുന്ന തെളിവ് ലോകത്തിന് മുൻപിൽ കാണിച്ചുകൊണ്ടാണ് അവസാന വിധി പറയുന്നത്. വെബ് ക്യാമറകൾ അധികാരികളുടെ കണ്ണുകളാണ്. അവര്‍ക്ക് കാണേണ്ടത് മാത്രമാണ് പിടിച്ചെടുക്കുന്നത്. കോളേജ് അധികാരികൾ നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ലോകമാണ് ആ ക്യാമറാ കണ്ണുകൾ. അവിടെ വിദ്യാർഥികൾ നിസ്സഹായരാണ്. അത്തരം തെളിവുകള്‍ ചാനലുകള്‍ വഴി ലോകത്തെ കാണിച്ച് ആള്‍ക്കൂട്ട വിചാരണ നടത്താതിരിക്കുക.    

“NOW CLIMB THAT TREE” – Micah Russell

ബിരുദ വിദ്യാഭ്യാസമെന്നത്  കൊണ്ട് അർത്ഥമാക്കുന്നത് ഗൈഡ് പുസ്തകങ്ങൾ പഠിക്കുക എന്നതല്ല. ഒരു വിദ്യാര്‍ഥിയെ വിലയിരുത്തുമ്പോള്‍  ‘ക്യാമ്പസ്’  എന്ന വാക്കിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ക്ലാസ് മുറികൾക്ക് പുറമെ സഹപാഠികളുമായി ചിലവഴിക്കുന്ന സമയമാണ് ഒരു ബിരുദ വിദ്യാർത്ഥിയുടെ ചിന്തയും അറിവും രൂപപ്പെടുത്തുന്നതിലെ പ്രധാന ഘടകം. പരീക്ഷകൾക്ക് മുൻപ് അവർ നടത്തുന്ന ചർച്ചകൾ, പ്രതീക്ഷിക്കുന്ന  ചോദ്യങ്ങൾ സംബന്ധിച്ചു നടത്തുന്ന കൂട്ടായ ആലോചനകൾ തുടങ്ങിയവ ഒരു വിദ്യാർത്ഥിയെ പരീക്ഷാ ഹാളിൽ ധൈര്യത്തോടെ പരീക്ഷകൾ എഴുതാൻ തയാറാക്കുന്ന പ്രധാന ഘടകമാണ്. പലതരത്തിലുള്ള ജീവിതപ്രശനങ്ങൾ തരണം ചെയ്യുന്നതിനുള്ള മാർഗമാണ് ക്യാംപസുകളില്‍ അവര്‍ കണ്ടെത്തുന്ന സുഹൃദ് വലയങ്ങള്‍. അത്തരം സാഹചര്യങ്ങൾ ഇല്ലാത്തവരാണ് സമാന്തര കോളേജുകളിൽ പഠിക്കുന്ന കുട്ടികൾ. ഉദാഹരണത്തിന്, കാന്റീൻ, ലൈബ്രറി പോലെ മുതൽ മുടക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ വിദ്യാർത്ഥികളെ സംബന്ധിച്ച് സൗഹൃദങ്ങളും സാഹോദര്യങ്ങളും രൂപപ്പെടുന്ന ഇടങ്ങളാണ്. പരീക്ഷകളെപ്പറ്റി കുട്ടികള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നത് ഇത്തരം ഇടങ്ങളിലുള്ള അവരുടെ കൂട്ടായ്മകള്‍ക്കുള്ളിലാണ്. പരീക്ഷകള്‍ക്ക് മുന്‍പ് നിര്‍ബന്ധമായും നടന്നിരിക്കേണ്ട സാമൂഹ്യ പ്രക്രിയയാണ് കുട്ടികളുടെ സുഹൃദ് സംഘങ്ങള്‍. പരീക്ഷകളില്‍ വിജയിക്കാന്‍ മാതമല്ല, തോല്‍ക്കാനുള്ള ആത്മവിശ്വാസവും വിദ്യാർഥികൾ സംഭരിക്കുന്നത് സമപ്രായക്കാരോടൊപ്പമുള്ള സഹകരണത്തിൽ നിന്നാണ്. അറിവ് എന്നത് ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രമാകുമ്പോൾ ഇല്ലാതാകുന്നത് അത്തരം സാഹോദര്യവും സഹകരണവുമാണ്. വാകമരങ്ങൾ നിറഞ്ഞ കാമ്പസുകൾ വളർത്തുമ്പോൾ ആളുകൾ ലക്ഷ്യമിടുന്നതും അത്തരം സാമൂഹികതയാണ്. നിരീക്ഷണ ക്യാമറകള്‍ വെച്ച് കൂട്ടം ചേര്‍ന്നിരിക്കുന്ന കുട്ടികളെ ‘തല്ലിയോടിക്കുക’ എന്നത് അധ്യാപകരും, അനധ്യാപകരും, വിദ്യാര്‍ഥി നേതാക്കളും വരെ ചെയ്യുന്ന കാര്യമാണ്. അവര്‍ കാണാതെ പോകുന്നതും സാമൂഹ്യ പരിവര്‍ത്തനത്തില്‍ ഇത്തരം കൂട്ടം ചേരലുകള്‍ക്കുള്ള വലിയ പങ്കാണ്.

കേരളത്തിലെ ഒരു പ്രമുഖ കോളേജിലെ പ്രധാനാധ്യപകൻ നടത്തിയ വിരമിക്കൽ പ്രസംഗം അടുത്തിടെ കേൾക്കാൻ ഇടവന്നു. നൈപുണ്യം, കാര്യക്ഷമത എന്നീ വാക്കുകൾ ആണ് അദ്ദേഹം തന്‍റെ പരിഷ്‌കാരങ്ങൾ വിവരിക്കാൻ ഉപയോഗിച്ചത്. നവലിബറൽ യുക്തി അല്ലാതെ മറ്റൊരു മാർഗം ഇനി ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാധ്യമല്ല എന്ന തരത്തിലാണ് പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. വരേണ്യതയോട് കൂറ് പുലർത്തുന്ന ഒരു തലമുറയെ വളർത്തി വിട്ടു എന്ന അഭിമാനമാണ് ആ വാക്കുകളിൽ കേൾക്കാൻ സാധിച്ചത്. കാമ്പസുകളിൽ, ക്ലാസ് മുറികളിൽ അരിക് വൽക്കരിക്കപ്പെടുന്നവരെപ്പറ്റി ഒരു വാക്ക് പോലും കേൾക്കാൻ സാധിച്ചില്ല. വായനയുടെയും ചർച്ചകളുടെയും അന്തരീക്ഷം എങ്ങനെ വളർത്തി എന്ന് അഭിമാനത്തോടെ പറയാൻ ഒന്നുമില്ല. അത് പരിഗണനയിൽ പോലുമുള്ള കാര്യമല്ല. കാര്യക്ഷമത ഉള്ള ഒരു തലമുറയെ വാർത്തെടുത്തു എന്ന് അഭിമാനത്തോടെ പറയുന്നവർ അതിന് പിന്നിൽ ഇല്ലാതായ ആളുകളെയോ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയോ കാണുന്നില്ല. പരീക്ഷയിൽ തോറ്റവർ പരാജിതർ മാത്രമാണ്. മൂന്ന് മണിക്കൂറിൽ എഴുതി വെയ്ക്കുന്നത് മാത്രമാണ് ഒരു സമാന്തര കോളേജിൽ പഠിക്കുന്ന ഒരു സാധാരണ കുട്ടിയുടെ  നല്ല ജീവിതം എന്ന ആഗ്രഹത്തിന്‍റെ പൂർത്തീകരണത്തിലേക്കുള്ള ഏക മാർഗം. പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്, കോളേജുകളും. മാനുഷിക പരിഗണന ആവണം സര്‍വകലാശാലകളുടെ പ്രവര്‍ത്തന മാനദണ്ഡം. സര്‍വകലാശാലകള്‍ മാനവികതക്കും യുക്തിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണം എന്നാണ് ജവഹർലാൽ നെഹ്‌റു ഓർമ്മിപ്പിച്ചത്. കാരണം കോളനിവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള അടിസ്ഥാനമായാണ് നെഹ്‌റു സർവകലാശാലകളെ വിലയിരുത്തിയത്. ജനാധിപത്യം വരേണ്യ വാചാടോപം മാത്രമാകുന്ന നവലിബറൽ കാലത്ത് അരിക് വൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കുക എന്നത് ജനാധിപത്യ സമൂഹത്തിന്‍റെ തുടർച്ചക്ക് അനിവാര്യമാണ്.

Comments

comments