ഒന്ന്

കാം നദിക്കുമുകളിലെ ചെറിയ പാലത്തില്‍ നിന്നു നോക്കിയാല്‍ അതൊരു വിനീതമായ ഒഴുക്കാണെന്നേ തോന്നു. മന്ദഗതിയില്‍ സ്വച്ഛമായി ഒഴുകുന്ന കാം നദിയുടെ ഇരുകരകളിലുമായി പച്ചപ്പിന്‍റെ വലിയ പടര്‍ച്ചകള്‍ കാണാം. നദി എന്നതിനേക്കാള്‍ ചെറിയൊരു അരുവിയെന്നേ അതിനെ വിളിക്കാവൂ. എങ്കിലും ആ നദിയും അതിനുമുകളിലെ പാലവും ചേര്‍ന്നാണ് ലോകത്തെ ഏറ്റവും പ്രതാപഗംഭീരമായ സര്‍വകലാശാലയുടെ വിളിപ്പേര് തീര്‍ത്തത്! കേംബ്രിഡ്ജ്!

പഴക്കം കൊണ്ട് ലോകത്തെ നാലാമത്തെ സര്‍വ്വകലാശാലയാണ് കേംബ്രിഡ്ജ്. ഇംഗ്ലീഷ് ലോകത്തെ രണ്ടാമത്തേതും. എങ്കിലും വൈജ്ഞാനികതയുടേയും പൊതുജീവിതത്തില്‍ ചെലുത്തിയ അസാധാരണമായ സ്വാധീനത്തിന്‍റെയും കാര്യം നോക്കിയാല്‍ ലോകത്തെ ഒന്നാമത്തെ സര്‍വകലാശാലയായും അത് പരിഗണിക്കപ്പെട്ടുകൂടായ്കയില്ല. ഇതിനകം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് നൊബേല്‍ സമ്മാനാര്‍ഹരായവരുടെ എണ്ണം 120 കഴിഞ്ഞു. പതിനാല് ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടി. പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പടെ ലോകത്തിലെ എത്രയോ രാഷ്ട്രത്തലവന്മാര്‍ വേറെയും. ഗണിതത്തിലെ നൊബേല്‍ പുരസ്കാരമായി വാഴ്ത്തപ്പെടുന്ന ഫീല്‍ഡ് മെഡല്‍ (fields medal) നേടിയവര്‍ ഇവിടെ 11 പേരാണ്. 40 വയസ്സിന് താഴെയുള്ള ഗണിതപ്രതിഭകള്‍ക്കായി നാലുവര്‍ഷത്തിലൊരിക്കല്‍ മാത്രം നല്‍കുന്ന അവാര്‍ഡാണത്. ഒളിമ്പിക്സില്‍ മെഡലുകള്‍ കരസ്ഥമാക്കിയ 194 പൂര്‍വ വിദ്യാര്‍ത്ഥികള്‍! എറാസ്മസും ഐസക്ന്യൂട്ടനും ഡാര്‍വ്വിനും ജോണ്‍ മില്‍ട്ടനും വേര്‍ഡ്സ്‌വര്‍ത്തും മുതല്‍ ചാള്‍സ് ബാബേജും ബൈറനും ബെര്‍ട്രന്റ് റസ്സലും വിറ്റ്ഗന്‍സ്റ്റൈനും കെയിന്‍സും ജോസഫ് നീഥാമും വരെയായി ആരെയും സ്തബ്ധരാക്കാന്‍ പോന്ന പ്രതിഭാസഞ്ചയത്തിന്‍റെ ചരിത്രം. ചരിത്രത്തിനും കാലത്തിനും കുറുകെ, ഉലയാത്ത എടുപ്പുപോലെ നിലകൊള്ളുന്ന ഒരു മഹാപാരമ്പര്യം അതിന്‍റെ ഇരുകരകളിലുമുണ്ടെന്ന്‍ കാം നദിയിലെ പാലത്തില്‍ നിന്നു നോക്കുമ്പോള്‍ തോന്നണമെന്നില്ല.

കേംബ്രിഡ്ജിലേത് കാലം കനത്തുനില്‍ക്കുന്ന വഴികളാണ്. ഇരുപുറങ്ങളിലും ആകാശത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ എടുപ്പുകള്‍ക്കിടയിലെ ചെറിയ വഴികള്‍. പലതിനും നാട്ടിലെ ചെറിയ നടപ്പാതകളുടെ വീതിയേ ഉള്ളൂ. അതിലൂടെ നടക്കുമ്പോള്‍ ഇരുപുറങ്ങളിലുമുള്ള വലിയ കെട്ടിടങ്ങളുടെ ചുമരുകള്‍ക്ക് ഉള്ളതിനേക്കാള്‍ വലിപ്പം അനുഭവപ്പെടും. കാലം നല്‍കിയ പരിവേഷത്തിന്‍റെ മഹിമ ആ ചുമരുകളെ ഘനഗൌരവത്തിലാഴ്ത്തുന്നതുപോലെ. പ്രാക്തനമായ ഗഹനതയുടെ സ്പര്‍ശം കൊണ്ടെന്നപോലെ അവയെപ്പോഴും മൌനം പൂണ്ടു നിന്നു.

കേംബ്രിഡ്ജിലെ വഴികൾ

കേംബ്രിഡ്ജ് അടിസ്ഥാനപരമായി ഒരു സര്‍വകലാശാലാ നഗരമാണ്. മധ്യകാലപ്രതാപങ്ങളുടേയും പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെയും അഭിമാനധ്വജം പോലെ നിലകൊണ്ടതാണത്. നൂറ്റാണ്ടുകളുടെ പഴക്കവും പ്രൌഢിയും നിറഞ്ഞ സര്‍വകലാശാലയിലേക്ക് പഠനത്തിനായും സന്ദര്‍ശനത്തിനായും മനുഷ്യര്‍ വന്നുകൊണ്ടേയിരിക്കുന്നു. കേംബ്രിഡ്ജിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കൊണ്ടെന്നതിലധികം ഇങ്ങനെ വന്നുചേരുന്ന സന്ദര്‍ശകരെക്കൊണ്ടാണ് പലപ്പോഴും നഗരം നിറഞ്ഞിരിക്കുന്നത്. അത്രയധികം പേര്‍ നിത്യേന അവിടെ വന്നുമടങ്ങുന്നു. നഗരജീവിതത്തിന്‍റെ ഭൌതികാധാരങ്ങളിലൊന്നായി ഇപ്പോഴാ സഞ്ചാരികള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കായി ഒരുക്കിയിരിക്കുന്ന മാളുകള്‍ നഗരഹൃദയത്തില്‍ തന്നെ കാണാം. വഴിയോരങ്ങളിലെ ചെറിയ കടകളും. ലോകത്തിന്‍റെ ഏതെല്ലാമോ കോണുകളില്‍ നിന്നും അറിവിന്‍റെ കാന്തപ്രഭയാല്‍ അവിടേക്ക് വലിച്ചടുപ്പിക്കപ്പെട്ട മനുഷ്യര്‍.

സെപ്തംബര്‍ മാസത്തെ പകലുകളിലൊന്നിലാണ് ഞങ്ങള്‍ കേംബ്രിഡ്ജിലെത്തിയത്. മുരളിയേട്ടനും മിചിരുവും ഞാനും. രാവിലെ ഒന്‍പത് മണിയോടെ ഈസ്റ്റ് ഫിഞ്ച്‌ലിയിലെ മുരളിയേട്ടന്‍റെയും മിച്ചിരുവിന്‍റെയും വീട്ടില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടു. അവരുടെ കാറിലായിരുന്നു യാത്ര. മിച്ചിരുവാണ് കാര്‍ ഓടിച്ചിരുന്നത്. തന്‍റെ പ്രകൃതം പൊതുവേ ഡ്രൈവിങ്ങിന് പറ്റിയതല്ലെന്നാണ് മുരളിയേട്ടന്‍ കരുതുന്നത്. ബഹുകാര്യവ്യഗ്രമായ മനസ്സാണ് മുരളിയെട്ടന്റെത്. ചുറ്റുമുള്ള ജീവിതത്തിലേക്കും അതിന്‍റെ ചെറുചലനങ്ങളിലേക്കും അത്യന്തം ഉത്സുകമായ ഒന്ന്. അതുകൊണ്ടുതന്നെ ദീര്‍ഘമായ ഡ്രൈവിങ്ങിനോട് മുരളിയേട്ടന് താത്പര്യം കുറവാണ്. യാത്ര പുറപ്പെട്ടത് മുതല്‍ ഡ്രൈവിങ്ങ് സീറ്റില്‍ മിച്ചിരു മിക്കവാറും നിശബ്ദയായിരുന്നു. താന്‍ ഏര്‍പ്പെടുന്ന ജോലിയില്‍ ആണ്ടുമുഴുകുകയും അനിവാര്യമായ വേളകളില്‍ മാത്രം സംസാരിക്കുകയും ചെയ്യുന്ന മിച്ചിരുവിന്‍റെ പ്രകൃതം ഞങ്ങളുടെ യാത്രകളെ എപ്പോഴും കൂടുതല്‍ സുരക്ഷിതമാക്കിയിരുന്നു. അറിയാതെപോലും ഒരു പിഴവ് വരുന്നതായിരുന്നില്ല അവരുടെ പ്രവൃത്തികള്‍.

മുരളി വെട്ടത്ത്, മിച്ചിരു, ലേഖകന്‍

ഈസ്റ്റ് ഫിഞ്ച്‌ലിയില്‍ നിന്ന് A406 റോഡില്‍ക്കൂടി യാത്രചെയ്ത് M11 ദേശീയപാതയിലേക്ക് കയറി. അവിടെ നിന്ന് പന്ത്രണ്ടാമത്തെ exit എടുത്ത് A603 റോഡ്‌ വഴിയായിരുന്നു കേംബ്രിഡ്ജിലേക്കുള്ള യാത്ര. വഴിയിലെവിടെയോ നിന്ന് ഒരു ചായ കുടിച്ചു. പതിനൊന്ന് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നഗരകേന്ദ്രത്തിലെത്തി. നഗരത്തില്‍ വലിയ തിക്കും തിരക്കും തോന്നിയില്ല. കേംബ്രിഡ്ജിലെ കോളേജുകളുടെ ചുവരുകളാണ് ഇരുപുറത്തുമെന്ന് മുരളിയേട്ടന്‍ പറഞ്ഞു. ചിലയിടത്ത് വലിയ ലാബുകള്‍. മ്യൂസിയങ്ങളുടെ പേരുകള്‍ എഴുതി വച്ച പ്രവേശനകവാടങ്ങള്‍. ചരിത്രം അവയ്ക്കു പകര്‍ന്നുനല്കിയ പ്രതാപമൊന്നും ആ ഫലകങ്ങളിലുണ്ടായിരുന്നില്ല. മിക്കവാറും ചെറിയ ഫലകങ്ങളില്‍ വിനീതമായി അവ നിലകൊണ്ടു. ഏതെല്ലാമോ വഴികളിലൂടെ സഞ്ചരിച്ച് നഗരകേന്ദ്രത്തിലെ വിശാലമായ ഒരു പാര്‍ക്കിംഗ് ഏരിയയിലേക്ക് ഞങ്ങള്‍ എത്തി. ഏതോ വലിയ മാളിന്‍റെ പാര്‍ക്കിംഗ് ഗ്രൌണ്ടാണ്. പല നിലകളിലായി പാര്‍ക്ക് ചെയ്തിരിക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍. വണ്ടി അവിടെയിട്ട് ലിഫ്റ്റിലൂടെ ഞങ്ങള്‍ പുറത്തിറങ്ങി. നഗരത്തിന്‍റെ ആധുനികമുഖമാണ് ഈ മാളുകളും മറ്റും. അവയെ പിന്നിലാക്കി, കാറിലൂടെ കടന്നുപോന്ന വഴികളിലൂടെ ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. വിജ്ഞാനത്തിന്‍റെ ചരിത്രം നിറഞ്ഞ വഴികള്‍. അവയുടെ പ്രാക്തനമഹിമകള്‍. അതിലൂടെ, ഞങ്ങള്‍ നിശബ്ദരായി നടന്നു.

രണ്ട്

കേംബ്രിഡ്ജിന് ആ പേര് നല്കിയത് കാം നദിയിലെ പാലമാണ്. പൊതുവര്‍ഷം ഒന്‍പതാം ശതകം മുതല്‍ക്കേ (CE 875) തന്നെ ആ പാലമുണ്ടത്രേ! ആ നിലയില്‍ ഇപ്പോഴത് 1300 വര്‍ഷങ്ങള്‍ എങ്കിലും പിന്നിട്ടുകാണും. ഇതിനകം പലവട്ടം പുതുക്കിപ്പണിയപ്പെട്ടതാവണം. പാലത്തിന് തൊട്ടു താഴെയായി ചെറുവഞ്ചികള്‍ വാടകയ്ക്ക് ലഭിക്കും. കേംബ്രിഡ്ജിലെത്തുന്നവരുടെ പ്രധാന വിനോദങ്ങളിലൊന്നാണ് വാടകയ്ക്കെടുത്ത ചെറുവഞ്ചിയില്‍ നദിയിലൂടെ നടത്തുന്ന യാത്രയാണ്. ഒറ്റയ്ക്ക് തുഴയാവുന്നതും തുഴക്കാര്‍ തുണവരുന്നതുമായ വഞ്ചികള്‍. എത്രയോ കാലമായി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വന്നെത്തിയവര്‍ ആ കളിവഞ്ചികള്‍ തുഴയുന്നു. കാലത്തിന്‍റെ കളിയോടങ്ങള്‍.

പാലത്തിനു മുകളിൽ

അറിയപ്പെടുന്ന കാലം മുതല്‍ക്കേ കേംബ്രിഡ്ജ് ഒരു പട്ടണമായിരുന്നു എന്നാണു ചരിത്രരേഖകള്‍ പറയുന്നത്. പൊതുവര്‍ഷം ഒന്‍പതാം വര്‍ഷം മുതല്‍ കേംബ്രിഡ്ജ് രേഖകളില്‍ ഇടംപിടിച്ചിരിക്കുന്നു. അന്നതൊരു വ്യാപാരകെന്ദ്രമാണ്. പാലത്തിന്‍റെ തെക്കേക്കരയില്‍ പള്ളികളും വാസസ്ഥാനങ്ങളും വാണിജ്യസ്ഥാപനങ്ങളും എല്ലാമുള്ള ഒരു ചെറുപട്ടണം. അങ്ങിനെയാണ് കേംബ്രിഡ്ജ് ചരിത്രരേഖകളില്‍ ആദ്യം കാണപ്പെടുന്നത്. പൊതുവര്‍ഷം 1135-ല്‍ സെയിന്‍റ് റാഡെഗണ്‍ണ്ട് കോണ്‍വെന്റ് അവിടെയുണ്ട്. പില്‍ക്കാലത്ത് ജീസസ് കോളേജായിത്തീര്‍ന്നത് ആ കോണ്‍വെന്റാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രണ്ട് ആശുപത്രികളും അവിടെയുണ്ടായിരുന്നു. അതിലൊന്ന് നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോഴത്തെ അതിപ്രസിദ്ധമായ സെന്റ്‌ ജോണ്‍സ് കോളേജ് ഉള്ളത്.

മധ്യകാല നൂറ്റാണ്ടുകളില്‍ വലിയ തോതില്‍ സമ്പത്ത് എത്തിയ പട്ടണമായിരുന്നു കേംബ്രിഡ്ജ്. ആ പ്രതാപത്തിന്‍റെ മഹിമ വിളിച്ചറിയിക്കുന്ന പതിനൊന്ന് പള്ളികള്‍ ഇപ്പോഴും കേംബ്രിഡ്ജ് നഗരത്തിലുണ്ട്. മതത്തിന്‍റെയും സമ്പത്തിന്‍റെ വ്യാപാരത്തിന്‍റെയും കേന്ദ്രമെന്ന ഈ പദവിയായിരിക്കണം പതിമൂന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഓക്സ്ഫഡില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഒരു കൂട്ടം പണ്ഡിതരെ അവിടെയെത്തിച്ചത്. അന്ന് മതപരമായ പാണ്ഡിത്യത്തിന്‍റെയും രാജപ്രതാപത്തിന്‍റെയും മഹിമ മുഴുവന്‍ തിങ്ങിക്കൂടിയത് ഓക്സ്ഫഡിലായിരുന്നു. ഓക്സ്ഫഡിലെ നടത്തിപ്പുകാരും നഗരാധിപതികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂര്‍ച്ചിച്ചപ്പോള്‍ ഒരു കൂട്ടം പണ്ഡിതര്‍ പതിയെ അവിടെ നിന്ന് കേംബ്രിഡ്ജിലേക്ക് കുടിയേറി. 1209-ലെ ആ കുടിയേറ്റം ലോകത്തിന്‍റെ വിജ്ഞാനചരിത്രത്തിലെ വലിയൊരു വഴിത്തിരിവായി. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ അറിയപ്പെട്ട തുടക്കം അവിടെയാണ്. ഇപ്പോള്‍ അത് 811 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ഒരു സഹസ്രാബ്ദത്തിനിടയില്‍ മനുഷ്യവംശം അറിവിന്‍റെ വഴികളില്‍ വെച്ച വലിയ ചുവടുകളില്‍ ചിലത് ഇവിടെ നിന്നായിരുന്നു.

അര്‍ദ്ധസ്വതന്ത്രമായ 31 കോളേജുകളും നൂറോളം അക്കാദമിക വിഭാഗങ്ങളും ചേരുന്നതാണ് ഇന്നത്തെ കേംബ്രിഡ്ജ് സര്‍വകലാശാല. സര്‍വകലാശാലയുടേതായി എട്ട് മ്യൂസിയങ്ങള്‍ ഉണ്ട്. കലയുടേയും ശാസ്ത്രത്തിന്‍റെയും മേഖലയിലെ പ്രശസ്ത മ്യൂസിയങ്ങളാണവ. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ബൊട്ടാനിക്കല്‍ ഗാര്‍ഡനും പ്രശസ്തമാണ്. ട്രംപിംങ്ങ്ടന്‍ സ്ട്രീറ്റിന്‍റെ അവസാനം നഗരപ്രാന്തത്തിലായി അത് പ്രധാനപ്പെട്ട സസ്യോദ്യാനങ്ങളിലൊന്നായി നിലകൊള്ളുന്നു. സര്‍വകലാശാലയിലെ വിവിധ പഠനവിഭാഗങ്ങളിലായി 116 ലൈബ്രറികള്‍ ഉണ്ട്. അവയിലാകെ 1.6 കോടി പുസ്തകങ്ങളും! ലോകത്തിലെ ഏറ്റവും വലിയ പുസ്തകശേഖരങ്ങളിലൊന്നായി കേംബ്രിഡ്ജ് സര്‍വകലാശാല ലൈബ്രറി നൂറ്റാണ്ടുകളിലൂടെ വളര്‍ന്നു.

കേംബ്രിഡ്ജിന്‍റെ പ്രതാപകഥയുടെ മകുടം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് ആണ്. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പ്രസാധകശാലയാണത്. എത്രയോ നൂറ്റാണ്ടുകളായി അക്കാദമിക പ്രസിദ്ധീകരണത്തിന്‍റെ ഉയര്‍ന്ന പടവാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. പൊതുവര്‍ഷം 1584-ലാണ് അത് പ്രസാധനം ആരംഭിച്ചത്. അച്ചടി കണ്ടുപിടിക്കുകയും അത് വ്യാപിച്ചുതുടങ്ങുകയും ചെയ്യുന്ന കാലം. അന്ന് മുതല്‍ തുടര്‍ച്ചയായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് ഏറ്റവും മികവാര്‍ന്ന അക്കാദമികഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചുപോരുന്നു. 436 വര്‍ഷത്തെ ഇടമുറിയാത്ത പ്രസാധന പാരമ്പര്യം! 1209-ല്‍ തുടക്കം കുറിക്കപ്പെട്ട സര്‍വകലാശാലയുടെ വളര്‍ച്ചയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമായാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സിന്‍റെ സ്ഥാപനം ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്.

ആധുനിക സര്‍വകലാശാലകളുടെ ചരിത്രത്തിലേയും അവയുടെ നിത്യജീവിതത്തിലേയും പല പ്രയോഗങ്ങളുടേയും സങ്കല്പങ്ങളുടേയും തുടക്കം കേംബ്രിഡ്ജില്‍ നിന്നാണ്. 1209-ല്‍ അവിടെ ഒത്തുചേര്‍ന്ന മതവിജ്ഞാനികള്‍ ഔപചാരികമായി ആരംഭിച്ച പഠനപദ്ധതിക്ക് പിന്നീട് ഇറ്റലിയിലും ഫ്രാന്‍സിലും എല്ലാം തുടര്‍ച്ചയുണ്ടായി. പുസ്തകങ്ങളുടെ വായനയും വിശദീകരണവും പഠനപദ്ധതിയുടെ ഭാഗമായിരുന്നു. തീസിസുകളുടെ സമര്‍പ്പണവും അതിന്‍മേലുള്ള ചോദ്യോത്തരവും വാചികപരീക്ഷയും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇവയൊക്കെ ഇന്നും സര്‍വകലാശാലാ പഠനപദ്ധതിയുടെ ഭാഗമായി തുടരുന്നു. വ്യാകരണം, തര്‍ക്കം, അലങ്കാരശാസ്ത്രം എന്നിവയില്‍ തുടങ്ങുന്ന ഫൌണ്ടേഷന്‍ കോഴ്സുകള്‍. അവിടെ നിന്ന് സംഗീതം, ജ്യാമിതി, ജ്യോതിശാസ്ത്രം തുടങ്ങിയവയിലെ വിശേഷപഠനം. ബിരുദവും മാസ്റ്റര്‍ ബിരുദവും ലഭിക്കുന്നത് വിശേഷപഠനത്തിലൂടെയാണ്. മധ്യകാലത്ത് കേംബ്രിഡ്ജില്‍ പ്രൊഫസര്‍മാരില്ലായിരുന്നു. മാസ്റ്റര്‍മാരായി അംഗീകരിക്കപ്പെട്ട പണ്ഡിതന്മാരായിരുന്നു അധ്യാപകര്‍. നിലവിലുള്ള പണ്ഡിതവൃന്ദത്തിന്‍റെ അംഗീകാരമാണ് അധ്യാപനത്തിനുള്ള യോഗ്യതയുടെ മാനദണ്ഡമായിരുന്നത്.

കാം നദി

ഓരോ മാസ്റ്റര്‍ക്കു കീഴിലും കുറെ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തി. വിദ്യാര്‍ത്ഥികളുടെ എണ്ണം പടിപടിയായി പെരുകിയതോടെ ഇതിനൊരു ക്രമം ആവശ്യമായി വന്നു. അംഗീകാരമുള്ള അധ്യാപകര്‍ക്കു കീഴിലേ കേംബ്രിഡ്ജില്‍ പഠിക്കാനാവു എന്നാ വ്യവസ്ഥയുടെ വരവിങ്ങനെയാണ്. മാസ്റ്റര്‍മാരുടെ കീഴിലുള്ള പട്ടികയില്‍ (matricula) ഉള്‍പ്പെടുക എന്നത് (matriculation) കേംബ്രിഡ്ജ് പഠനത്തിന്‍റെ പ്രാഥമിക ഉപാധിയായി. സര്‍വകലാശാലകളിലെ രജിസ്ട്രേഷന്‍ നടപടികളുടെ ഭാഗമായി ഇപ്പോഴുമത് ലോകമെമ്പാടും തുടരുന്നുണ്ട്! പഠനത്തിന്‍റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ അതിന് ഒരു അംഗീകാരം നല്‍കുന്ന ചടങ്ങും വൈകാതെ നിലവില്‍ വന്നു. സര്‍വകലാശാലയിലെ പണ്ഡിതവൃന്ദം മുഴുവന്‍ പങ്കുചേരുന്ന ആ സദസ്സില്‍ വച്ച്, ആ പണ്ഡിതസഭയ്ക്കുവേണ്ടി വൈസ് ചാന്‍സിലര്‍ ആണ് ഈ അംഗീകാരം നല്‍കിയിരുന്നത്. പില്‍ക്കാലത്ത് ബിരുദദാനചടങ്ങായി ഉറച്ചത് അതാണ്‌. ബിരുദത്തിന്‍റെ പല തട്ടുകളെ സൂചിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പല തരത്തിലുള്ള ഗൌണുകളും തൊപ്പിയും ധരിച്ചു. ലോകത്തിന്‍റെ പല കോണുകളില്‍, പല തരത്തിലുള്ള ഗൌണുകളും ശിരോലങ്കാരങ്ങളും ധരിച്ച്, പലതരം ബിരുദങ്ങള്‍ ഔപചാരികമായി കൈപറ്റുന്ന ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികളിലൂടെ നൂറ്റാണ്ടുകള്‍ പിന്നിട്ട ആ സംവിധാനവും ഇപ്പോള്‍ തുടരുന്നു!

പതിമൂന്നാം നൂറ്റാണ്ടിന്‍റെ പകുതിയോടെതന്നെ സര്‍വകലാശാലയുടെ നടപടിക്രമങ്ങള്‍ക്ക്‌ വ്യവസ്ഥയുണ്ടായി. സര്‍വകലാശാലാ ചട്ടങ്ങളുടെ ഏറ്റവും പഴയ കോപ്പി റോമിലെ “ബിബ്ലിയോത്തെക്കാ ഏന്‍ജലിക്ക”യില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടത്രെ! ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന യൂണിവേഴ്സിറ്റി ആക്ട് അതാവും.

മധ്യകാലം പിന്നിടും വരെ കേംബ്രിഡ്ജ് മതാധികാരത്തിന്‍റെ പിടിയിലായിരുന്നു. അവിടെയുള്ള പണ്ഡിതരിലും പഠിതാക്കളിലും ഭൂരിപക്ഷവും പുരോഹിതരുമായിരുന്നു. പഠനവേളയിലും പഠനം പൂര്‍ത്തിയാക്കിയതിനുശേഷം പ്രാദേശികമായ മതാധികാരികള്‍ക്കു കീഴിലായിരുന്നു അവര്‍. എങ്കിലും പതിനഞ്ചാം നൂറ്റാണ്ട് അവസാനമായപ്പോഴേക്കും ഇതില്‍ വലിയ മാറ്റം വന്നു. പോപ്പ് ഒഴികെയുള്ള എല്ലാം മതാധികാരത്തിനു കീഴില്‍ നിന്നും സര്‍വകലാശാല വിടുതി നേടി. സര്‍വകലാശാലയുടെ ചാന്‍സിലര്‍ സ്വയമേവ സഭാധികാരികളില്‍ ഒരാളുടെ പദവിയില്‍ ഉള്ള ആളാണെന്ന് വിലയിരുത്തപ്പെട്ടു. അതോടെ കേംബ്രിഡ്ജിന്‍റെ ഭരണപരവും ധാര്‍മ്മികവും പിന്തുടര്‍ച്ചാപരവും ഒക്കെയായ കാര്യങ്ങളിലെ വിധിതീര്‍പ്പിനുള്ള അധികാരം ചാന്‍സിലര്‍ക്കായി. വലിയ കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള സിവിലും ക്രിമിനലുമായ കേസുകള്‍ വിചാരണ ചെയ്യാന്‍ അധികാരമുള്ള, മതേതരമായി കോടതി പോലും, ചാന്‍സിലറുടെ നേതൃത്വത്തില്‍ നിലവില്‍ വന്നു. സര്‍വകലാശാല സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വയംഭരണത്തിലേക്കു നീങ്ങുകയായിരുന്നു. ഇക്കാലത്ത് സര്‍വകലാശാലയുടെ ഭരണാധികാരം സര്‍വകലാശാലയ്ക്ക് പുറത്തേക്കും വളര്‍ന്നു. കേംബ്രിഡ്ജ് നഗരത്തിന്‍റെ ഭരണത്തില്‍ അതിന് വലിയ ഇടം കിട്ടി. നഗരത്തിലെ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നതും കെട്ടിട ഉടമകള്‍ കൂടിയ വാടക പിരിക്കുന്നതും കച്ചവടക്കാര്‍ മായം ചേര്‍ക്കുന്നതും പോതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്നതും തടയാന്‍ പോന്ന അധികാരം സര്‍വകലാശാല സംവിധാനത്തിന് കൈവന്നു. പൊതുസമൂഹം സര്‍വകലാശാലയെ നിയന്ത്രിക്കുകയല്ല; സര്‍വകലാശാല പൊതുസമൂഹത്തെ നിയന്ത്രിക്കുകയായിരുന്നു!

യുണിവേഴ്സിറ്റി പ്രസ്സ്… വിൽപ്പനശാല

കേംബ്രിഡ്ജിന്‍റെ തുടക്കത്തില്‍ അതിന് സ്വന്തമായ സ്ഥലങ്ങളും സ്ഥാപനങ്ങളുമില്ലായിരുന്നു. പള്ളികളായിരുന്നു പഠനകേന്ദ്രങ്ങളും പരീക്ഷാകേന്ദ്രങ്ങളും. ഒപ്പം അധ്യാപകരായി അംഗീകരിക്കപ്പെട്ടവരുടെ വീടുകളും. പിന്നീടത് വാടകയ്ക്ക് എടുത്ത സ്ഥലങ്ങളിലും മറ്റുമായി തുടര്‍ന്നു. പതിമൂന്നാം ശതകത്തില്‍ തന്നെ സ്കൂളുകള്‍ എന്ന പേരില്‍ കേംബ്രിഡ്ജിന്‍റെ പഠനകേന്ദ്രങ്ങള്‍ നിലവില്‍ വരുന്നുണ്ട്. അവയില്‍ ചിലത് നൂറ്റാണ്ടുകളെ അതിജീവിച്ച് ഇന്നും തുടരുന്നു. 1284-ല്‍ സ്ഥാപിതമായ പീറ്റര്‍ ഹൗസ് (St. Peters College) ആണ് കേംബ്രിഡ്ജിലെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനം. ഏലി ബിഷപ്പ് ഹ്യൂ ബല്‍ഷാം പണിതീര്‍ത്തതാണ് അത്. 1317-ല്‍ കിങ്ങ്സ്‌ഹാള്‍ നിലവില്‍ വന്നു. പിന്നാലെ പടിപടിയായി മിഷേല്‍ഹൗസ്, ട്രിനിറ്റിഹാള്‍, കോര്‍പ്പസ് ക്രിസ്റ്റി, കിങ്ങ്സ്, ക്വീന്‍സ് എന്നിങ്ങനെ പലതും. ഒരു നൂറ്റാണ്ടിനിടയില്‍ ഒന്‍പത് കോളേജുകള്‍ സ്ഥാപിക്കപ്പെട്ടു. പതിനാറാം ശതകത്തിലാണ് ട്രിനിറ്റി, ജീസസ്, ക്രൈസ്റ്റ്, സെന്റ് ജോണ്‍സ് എന്നിവ നിലവില്‍ വന്നത്. ഇന്ന്‍ കേംബ്രിഡ്ജിലെ കോളേജുകളുടെ എണ്ണം 31 ആയിരിക്കുന്നു. 1534-ലെ രാജകീയവിളംബരമാണ് സര്‍വകലാശാലാ പ്രസ്സിനും, അച്ചടി നടത്താനും പ്രസാധനത്തിനുമുള്ള അനുവാദം നല്കിയത്. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ ഗണിതപഠനത്തിന്‍റെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായി കേംബ്രിഡ്ജ് ഉയര്‍ന്നു. ഇന്നും വലിയ ഉലച്ചിലുകളില്ലാതെ ആ പദവി തുടരുന്നു. ഈ പ്രതാപങ്ങള്‍ക്കെല്ലാമിടയിലും യാഥാസ്ഥിതികത്വത്തിന്‍റെ കോട്ടകളേയും കേംബ്രിഡ്ജ് കാത്തുപോന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കായുള്ള കോളേജുകള്‍ *Girton, Newham) പത്തൊമ്പതാം ശതകത്തില്‍തന്നെ നിലവില്‍ വന്നെങ്കിലും സ്ത്രീകള്‍ക്ക് സര്‍വകലാശാല പൂര്‍ണ്ണ അംഗത്വം അനുവദിച്ചത് 1947-ല്‍ മാത്രമാണ്! അത്തരം യാഥാസ്ഥികത്ത്വത്തിന്‍റെ തുടര്‍ച്ചയെന്നപോലെയാണ് കേംബ്രിഡ്ജിന്‍റെ യുദ്ധപങ്കാളിത്തവും. ഒന്നാം ലോകയുദ്ധത്തില്‍ സര്‍വകലാശാലയിലെ 13878 പേരാണ് പങ്കെടുത്തത്. അതില്‍ 2470 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. (കേംബ്രിഡ്ജിന്‍റെ ഭാഗമായ ബെർട്രന്റ് റസ്സൽ ലോകയുദ്ധത്തിനെതിരെ നിലപാടെടുത്തതും അതദ്ധേഹത്തിന്‍റെ ജോലിയെ ബാധിച്ചതും ചരിത്രത്തിന്‍റെ മറുപുറം). ലോകയുദ്ധത്തിലെ സാമ്പത്തികപ്രയാസങ്ങളുടെ പശ്ചാത്തലത്തിലാണ് കേംബ്രിഡ്ജിന് ആദ്യമായി സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിച്ചത്. 1919-ല്‍. 1920-ലെ റോയല്‍ കമ്മീഷന്‍ സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ സ്ഥിരമായി ധനസഹായം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. ഒരു നൂറ്റാണ്ടായി കേംബ്രിഡ്ജിന് അത് ലഭിച്ചുപോരുന്നുണ്ട്.

ക്രൈസ്റ്റ് കോളേജിലെ പ്രവേശന കവാടത്തിലെ ഡാർവിൻ്റെ അർദ്ധ ശിൽപ്പത്തിനു മുന്നിൽ മുരളി വെട്ടത്ത്, ലേഖകന്‍

നൂറ്റാണ്ടുകളുടെ ജ്ഞാനപാരമ്പര്യം ഘനീഭവിച്ച കേംബ്രിഡ്ജിന്‍റെ വഴികള്‍ ഇങ്ങനെ ചരിത്രത്തിന്‍റെ പല ദിശാമുഖങ്ങളിലേക്ക് തുറന്നുകിടക്കുകയാണ്. ഏതു വഴി പോയാലും അത് സമൃദ്ധമാണ്. ആ വഴികള്‍ പലപ്പോഴും പരസ്പരവിരുദ്ധമായ തിരിച്ചറിവുകളില്‍ നമ്മെ കൊണ്ടെത്തിച്ചേക്കുമെങ്കിലും.

മൂന്ന്

കേംബ്രിഡ്ജില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ രാവിലെ പതിനൊന്നായിരുന്നു. ഗ്രാന്‍ഡ്‌ ആര്‍ക്കേഡ് ഷോപ്പിംഗ്‌ സെന്ററിനോട്‌ ചേര്‍ന്ന ഒരിടത്തായിരുന്നു കാര്‍ പാര്‍ക്കിംഗ്. കാറില്‍ നിന്നിറങ്ങി നടന്നു തുടങ്ങിയപ്പോള്‍ തന്നെ നഗരത്തിന്‍റെ വിവരങ്ങള്‍ നല്‍കുന്ന ധാരാളം പേരെ കണ്ടു. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പലരും. കേംബ്രിഡ്ജ് കാണാനെത്തുന്നവര്‍ക്ക് സഹായം നല്‍കാന്‍ ഏര്‍പ്പാടാക്കിയുള്ളവരാണ്. നഗരത്തിന്‍റെയും കോളേജുകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും എല്ലാം സ്ഥാനം കൃത്യമായി രേഖപ്പെടുത്തിയ മാപ്പ് മിക്കവര്‍ക്കും സൗജന്യമായി നല്‍കുന്നുണ്ട്. ഞാന്‍ അതൊന്ന്‍ വാങ്ങി. റോഡരുകില്‍ സ്ഥാപിച്ചിരിക്കുന്ന മാപ്പുകളില്‍ കാണുന്നതും അതുതന്നെയാണ്. നമ്മള്‍ എവിടെ നില്‍ക്കുന്നു എന്ന് റോഡരികിലെ മാപ്പുകളില്‍ നിന്ന് മനസ്സിലാക്കാം എന്ന വ്യത്യാസമുണ്ട്.

മാര്‍ക്കറ്റ് ഹില്‍ എന്ന പ്രധാന കേന്ദ്രത്തിന്‍റെ തൊട്ടടുത്തായിരുന്നു ഞങ്ങള്‍ നിന്നിരുന്നത്. അവിടെ നിന്ന് അല്പം നടന്നാല്‍ മാര്‍ക്കറ്റ് സ്ക്വയറിലെത്തും. സെന്റ്‌ മേരീസ് പള്ളിയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സിന്‍റെ പുസ്തകശാലയും എല്ലാം അവിടെ തോട്ടുതൊട്ടായി നിലനില്‍ക്കുന്നു. പള്ളി തുറന്നുകിടക്കുന്നുണ്ടായിരുന്നു. പ്രാചീനതയുടെ മഹിമ നിറഞ്ഞ അള്‍ത്താര. മധ്യകാലത്തെ വാസ്തുഗാംഭീര്യത്തെ മുഴുവന്‍ ആവാഹിച്ച് ഉയര്‍ന്നുനില്‍ക്കുന്ന കമാനങ്ങളും ഗോപുരാഗ്രങ്ങളും. ലണ്ടനില്‍ കണ്ട മറ്റു ചില പള്ളികളെപ്പോലെ അത്രമേല്‍ ബൃഹദ് രൂപിയല്ല ഇത്. ഡര്‍ഹാമിലും മറ്റുമുള്ള ദേവാലയങ്ങള്‍ അതിന്‍റെ വിസ്താരത്താല്‍ തന്നെ നമ്മെ അമ്പരിപ്പിക്കാന്‍ പോന്നതാണ്. സെന്റ്‌ മേരീസ് അത്തരമൊരു ദേവാലയമല്ല. മധ്യകാലത്തെ ഒരു ചെറുകിട നഗരത്തിന്‍റെ പ്രാര്‍ത്ഥനാവശ്യങ്ങള്‍ നിറവേറ്റുക എന്നതിനപ്പുറം രാജപ്രതാപത്തിന്‍റെ എടുപ്പായി അത് മാറിയിട്ടില്ല.

സെൻ്റ് മേരീസ് ചർച്ചിൻ്റെ ഉൾത്തളം

പള്ളിയില്‍ നിന്നിറങ്ങി അല്പം മുന്നോട്ട് നടന്നാല്‍ കിംഗ്സ് കോളേജാണ്. ഞങ്ങള്‍ ചെന്നത് അവധിക്കാലമായതിനാല്‍ വഴിയിലും തെരുവുകളിലും വിദ്യാര്‍ത്ഥികള്‍ ഏറെയുണ്ടായിരുന്നില്ല. കൂടുതലും അവിടെ കണ്ടത് സന്ദര്‍ശകരായെത്തിയവരെയാണ്. കേംബ്രിഡ്ജിലെ ഏറ്റവും പ്രതാപവും മികവും നിറഞ്ഞ കോളേജായാണ് കിംഗ്സ് കോളേജ് പരിഗണിക്കപ്പെടുന്നത്. കിംഗ്സ് പരേഡ് എന്നാ വിശാലമായ വീഥിയുടെ അരികുചേര്‍ന്നുള്ള അതിന്റെ നില്പു തന്നെ ആ പ്രൌഢിയെ മുഴുവന്‍ വെളിപ്പെടുത്തുന്നതാണ്. അതിലൂടെയുള്ള നടത്തത്തിനിടയില്‍ കണ്ട ഏറ്റവും വലിയ കാമ്പസ്സും കിങ്ങ്സ് കോളജിന്‍റെയായിരുന്നു. മറ്റു കോളേജുകളുടെ വിനീതഭാവത്തേക്കാള്‍ രാജപ്രതാപത്തിന്‍റെ പ്രത്യക്ഷമായ മുദ്രകള്‍ പേറുന്ന ഒന്നായാണ് അത് അനുഭവപ്പെടുക.

നഗരത്തിലെ വഴികളിലൂടെ ഞങ്ങള്‍ രണ്ടുമണിക്കൂറോളം നടന്നുകാണണം. ഓരോ വഴിതിരിയുമ്പോഴും കോളേജുകളുടെ കവാടങ്ങള്‍ തെളിഞ്ഞുവരും. ക്വീന്‍സ്, ട്രിനിറ്റി, സെന്റ്‌ ജോണ്‍സ്, ക്രൈസ്റ്റ്, കോര്‍പ്പസ് ക്രിസ്റ്റി…. എല്ലാത്തിലും അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ചിലതെല്ലാം സന്ദര്‍ശനത്തിന് പ്രത്യേക പാസും ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിക്ക കോളേജുകളുടേയും മുന്നില്‍ അതിന്റെ ഭൂതകാലപ്രതാപത്തിന്‍റെ മുദ്രകള്‍ പേറുന്ന ഫലകങ്ങള്‍ കാണാം. ഡാര്‍വിന്‍റെ അര്‍ദ്ധശില്പം ക്രൈസ്റ്റ് കോളേജിന്‍റെ പ്രവേശനകവാടത്തില്‍ തന്നെയുണ്ട്‌. ഉല്പത്തി ചരിത്രത്തില്‍നിന്ന്‍ ദൈവത്തെ താഴെയിറക്കിയ മനുഷ്യന്‍! ഞങ്ങള്‍ ആ അര്‍ദ്ധശില്പത്തോടൊപ്പം നിന്ന് കുറച്ച് ചിത്രങ്ങള്‍ എടുത്തു. ലോകത്തേയും മനുഷ്യഭാവനയേയും മാറ്റിമറിച്ച എത്രയോ പേരുടെ കാലടികള്‍ പതിഞ്ഞ നടവഴികളാണ് എന്ന് അതിലൂടെ നടക്കുമ്പോള്‍ ഞാന്‍ മുരളിയേട്ടനോട് പറഞ്ഞു.

രണ്ടു മണിക്കൂറോളം നീണ്ട നടത്തത്തിനുശേഷം സെന്റ്‌ മേരീസ് സ്ട്രീറ്റിലേക്ക് തിരിച്ചെത്തി. ട്രിനിറ്റി സ്ട്രീറ്റിലേക്ക് തിരിയുന്ന വഴിയുടെ അരികിലാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സിന്‍റെ പുസ്തകശാല. 1564-ല്‍ മുതല്‍ പ്രസാധനമാരംഭിച്ച സ്ഥാപനമെന്ന് അതിന്‍റെ മുന്‍വശത്തു തന്നെ മനോഹരമായി ഒരു ഫലകത്തില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഇരുനിലകളിലുള്ള പഴയ കെട്ടിടമാണ്. ഞങ്ങള്‍ അതിനകത്തു കയറി കുറെ നേരം ചിലവഴിച്ചു. പല വിഷയങ്ങളിലായി സര്‍വകലാശാലാ പ്രസ്സ് പ്രസിദ്ധീകരിച്ച ആയിരക്കണക്കിന് പുസ്തകങ്ങള്‍! ഓക്സ്ഫഡിന്‍റെയും കേംബ്രിഡ്ജിന്‍റെയും സാമ്പത്തിക സ്രോതസ്സുകളിലൊന്ന് അവരുടെ പുസ്തകപ്രസാധനമാണ്. ലോകത്തിന്‍റെ എല്ലാ മികച്ച ഗ്രന്ഥാലയങ്ങളിലേക്കും സര്‍വകലാശാലകളിലേക്കും അവര്‍ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങളുടെ ഹാര്‍ഡ്ബൗണ്ട് കോപ്പികള്‍ അപ്പോള്‍ തന്നെ എത്തുന്നു. അറിവിന്‍റെ സമകാലികതയുമായുള്ള ലോകത്തിന്‍റെ മുഖാമുഖമാണത്.

പുസ്തകങ്ങള്‍ മറിച്ചുനോക്കി ഞങ്ങള്‍ അവിടെ കുറെനേരം ചിലവഴിച്ചു. സര്‍വകലാശാലയുടെ മുദ്ര പതിച്ച ബാഗുകളും പേനകളും മറ്റും വില്പനയ്ക്കായി വച്ചിട്ടുണ്ട്. ഞാനും മിച്ചിരുവും അവയില്‍ ചിലതെല്ലാം വാങ്ങി. പുറത്തുനിന്ന് കാം നദിയിലേക്കും പാലത്തിലേക്കുമുള്ള വഴിയിലൂടെ നടന്നു. കേംബ്രിഡ്ജിന് ആ പേരുകൊടുത്ത പാലം. ട്രിനിറ്റി ലെയിനിലൂടെ നടന്ന് പാലത്തിനടുത്തെത്തി. കാം നദിക്കു കുറുകെ നഗരത്തില്‍ വേറെയും പാലങ്ങള്‍ ഉണ്ട്. എങ്കിലും ഗാരറ്റ് ഹോസ്റ്റല്‍ ബ്രിഡ്ജാണ് അവയിലേറ്റവും പ്രസിദ്ധം. സഞ്ചാരികള്‍ ഒത്തുകൂടുന്നതിവിടെയാണ്. കളിവഞ്ചികളും തുഴക്കാരും അവരെ കാത്ത് അവിടെയുണ്ട്. പാലത്തില്‍ നിന്ന് നോക്കിയാല്‍ കാണുന്ന നദിയുടെ പ്രശാന്തതയും ഇരുകരകളിലേയും പച്ചപ്പും അത്രമേല്‍ ഹൃദയഹാരിയാണ്. പ്രാചീനമായ ഗരിമയ്ക്ക് ഇത്രത്തോളം സ്വച്ഛത കൈവരുന്ന ഇടങ്ങള്‍ കുറവായിരിക്കണം.

പാലം കടന്ന്‍ ഗാരറ്റ് ഹോസ്റ്റല്‍ ലെയിനിലൂടെ മുന്നോട്ട് നടന്നു. ആ വഴി തിരിയുന്നത് കിംഗ്സ് കോളേജിനു പിന്നിലേക്കാണ്. അവിടെ കോളേജിന്‍റെ പ്രതാപം വെളിപ്പെടുത്തുന്ന വിശാലമായ മുറ്റമാണ്. ആ വഴിയില്‍ നിന്നു നോക്കിയാല്‍ ദൂരെക്കാഴ്ച പോലെയാണ് കോളേജ് കാണാനാവുക. അല്പം കൂടി നടക്കുമ്പോള്‍ ക്വീന്‍സ് കോളേജിനു മുന്നിലെത്തും. അതിലൂടെ സില്‍വര്‍ സ്ട്രീറ്റ് വഴി നടന്ന് വീണ്ടും കിംഗ്സ് പരേഡിലും. അവിടെ നിന്ന് ഞങ്ങള്‍ കേംബ്രിഡ്ജ് കാഴ്ച അവസാനിപ്പിച്ച് മടക്കത്തിനായി തിരിച്ചു. കേംബ്രിഡ്ജ് പിന്നെയും ഒരുപാട് ബാക്കിയുണ്ട്. ദൂരെയുള്ള ബോട്ടാനിക്കല്‍ ഗാര്‍ഡനും മ്യൂസിയങ്ങളും ഉള്‍പ്പടെ പലതും. ഒരു യാത്ര കൂടി സാധ്യമായാല്‍ അന്നേക്ക് എന്ന് മനസ്സില്‍ കരുതി.

മടങ്ങാന്‍ തുടങ്ങുമ്പോള്‍ വൈകുന്നേരമായിരുന്നു. വഴിയോരക്കടകളില്‍ ഒന്നില്‍ നിന്ന് ലഘുവായി ഭക്ഷണം കഴിച്ചു. അറിവ് ഒരു മഹാനഗരത്തെ പടുത്തുയര്‍ത്തിയതിന്‍റെ ചരിത്രം മറഞ്ഞുകിടക്കുന്ന വഴികളിലൂടെ മിച്ചിരു ശാന്തമായി കാറോടിച്ചു. കാം നദിയിലെ പാലത്തില്‍ നിന്നുള്ള കാഴ്ചയുടെ സ്വച്ഛത അതിനുമുണ്ടായിരുന്നു.


Comments

comments