സിനിമയിലൂടെ ചരിത്രാഖ്യാനം നിർവ്വഹിക്കുന്നതിനെപ്പറ്റി പല വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചരിത്രം വ്യാഖ്യാനിക്കുന്നതിൽ നിന്നും സിനിമ ഒട്ടും പിന്നോട്ടു പോയിട്ടില്ല. മാത്രവുമല്ല, സിനിമ തന്നെ ഒരു ചരിത്രരേഖയായി പരിഗണിയ്ക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം ചിത്രങ്ങൾ കൂടുതൽ പഠനവിധേയം മാക്കേണ്ടതുണ്ട്. ചരിത്ര സിനിമകൾ ഒരു പ്രത്യേക genre ആണെങ്കിലും പലപ്പോഴും മറ്റുപല genre കളുടെ ഭാഗമായും അവ പ്രത്യക്ഷപ്പെടാറുണ്ട്. ഐതിഹാസിക ചരിത്രമുഹൂർത്തങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, കലാപങ്ങൾ, വിപ്ലവങ്ങൾ, യുദ്ധങ്ങൾ, കണ്ടുപിടുത്തങ്ങൾ, ജീവചരിത്രങ്ങൾ എന്നിവയൊക്കെയാണ് ഒട്ടുമിക്ക ചരിത്ര സിനിമകളുടേയും പ്രമേയങ്ങൾ. അതായത്, ചരിത്രസിനിമകൾ biopic, epic drama, period ഫിലിം, വാർ ഫിലിം എന്നീ genre കളായി അതിർത്തി പങ്കിടുന്നുവെന്നു വേണമെങ്കിൽ പറയാം.

ചരിത്രാഖ്യാനത്തിൽ സിനിമ പലപ്പോഴും മികവ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം ചരിത്രകാരന്മാരും സിനിമയിലെ ചരിത്രത്തെ സംശയത്തോടു കൂടിയേ വീക്ഷിച്ചിട്ടുള്ളു. ചരിത്രം എഴുതപ്പെടുന്നതിനു മുൻപ് ചിത്രങ്ങളായിരുന്നു മനുഷ്യന്‍റെ ആദ്യ ചരിത്രരേഖകൾ എന്നുള്ളത് ഇവിടെ പ്രസക്തമാണ്. ഗുഹാചിത്രങ്ങളിലൂടെയും മറ്റുമാണ് പ്രാചീന മനുഷ്യർ തങ്ങളുടെ ചരിത്രം അടയാളപ്പെടുത്തിയത്. കൂടാതെ, അതിഗംഭീരമായ ഓർമശക്തിയെ ഫോട്ടോഗ്രാഫിക് മെമ്മറി എന്നാണല്ലോ വിളിക്കുന്നത്. മനുഷ്യ മനസ്സിന് ദൃശ്യങ്ങളെ അതിവേഗത്തിൽ സ്വാംശീകരിക്കാൻ സാധിക്കുമെന്നതിനുള്ള ഒരു തെളിവാണിത്. അങ്ങനെ നോക്കിയാൽ ദൃശ്യചരിത്രരചനയെ അത്ര എളുപ്പത്തിൽ തള്ളിക്കളയാനാവില്ല എന്ന് വാദിക്കാവുന്നതാണ്.

ചരിത്ര സിനിമകൾക്കെതിരെയുള്ള ഒരു പ്രധാന വിമർശനം അവയ്ക്കു രേഖീയമായ (linear) സംഭവങ്ങൾ ഒരു വീക്ഷണകോണിൽ നിന്ന് മാത്രമേ അവതരിപ്പിക്കാൻ സാധിക്കൂ എന്നുള്ളതാണ്. അതായത്, മറ്റു സംവാദങ്ങളും ഇതര ചരിത്രാഖ്യാനങ്ങളും ഇവിടെ തിരസ്ക്കരിക്കപ്പെടുമെന്നു സാരം. കൂടുതൽ വിശദമായി പറഞ്ഞാൽ ഒരു ചിത്രത്തിന് ഒരു വിധത്തിലുള്ള ആഖ്യാനം മാത്രമേ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന്, 1964 ൽ ഇറങ്ങിയ പഴശ്ശിരാജ എന്ന ചിത്രവും 2009 ൽ പുറത്തിറങ്ങിയ കേരളവർമ്മ പഴശ്ശിരാജ എന്ന സിനിമയും പറയുന്നത് കേരത്തിലെ ഒരു നാട്ടുരാജാവായ പഴശ്ശിരാജയുടെ കഥയാണെങ്കിലും, രണ്ടും വ്യത്യസ്ത രീതിയിലാണ് പഴശ്ശിയുടെ ജീവചരിത്രം അവതരിപ്പിക്കുന്നത്. തിക്കോടിയന്റെയും കുഞ്ചാക്കോയുടെയും പഴശ്ശിരാജാ തന്‍റെ വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്യുമ്പോൾ എം. ടി. യുടെയും ഹരിഹരന്‍റെയും പഴശ്ശിരാജാ ബ്രിട്ടീഷുകാരോടു പൊരുതി കൊല ചെയ്യപ്പെടുകയാണ്. ഈ രണ്ടു ചിത്രങ്ങളും പഴശ്ശിയുടെ വീര ചരിത്രം ആഘോഷിക്കുമ്പോഴും അവയുടെ ക്ലൈമാക്സ് പഴശ്ശിയുടെ മരണത്തെ രണ്ടു വ്യത്യസ്ത രീതികളിൽ നിന്നാണ് സമീപിക്കുന്നത്.

ഒരു വശത്തു ഇത്തരം വിമർശനങ്ങൾ നിലനിൽക്കുമ്പോൾ മറു വശത്ത് ചരിത്രസിനിമകളുടെ പ്രാധാന്യത്തെപ്പറ്റിയും വാദങ്ങൾ ശക്തമാണ്. അതിൽ പ്രധാനം അനുദിനം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തിന്‍റെ സങ്കീർണതകൾ പകർത്താൻ എഴുതപ്പെട്ട ചരിത്രങ്ങൾക്കപ്പുറം ഒരു ദൃശ്യ-ശ്രാവ്യ മാധ്യമമായ സിനിമയ്ക്ക് സാധിയ്ക്കും എന്നതാണ്. സിനിമയുടെ അത്യാധുനിക സാങ്കേതികവിദ്യകൾ ചരിത്രത്തെ നിശ്ചല രേഖീയതയിൽ നിന്നും മോചിപ്പിച്ച് പുതുജീവൻ നൽകുകയും അഥവാ ചരിത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ പുനരാവിഷ്‌ക്കരിക്കുകയും ചെയ്യുന്നു. അറിവിൽ നിന്നും (knowledge) ഒരു അനുഭവമെന്ന നിലയിലാണ് (experience) സിനിമ ചരിത്രത്തെ ദൃശ്യവൽക്കരിക്കുന്നത്.

ഹോളിവുഡുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ, ചരിത്ര സിനിമകൾ വളരെ കുറവാണെന്നു കാണാം. കാരണം ചരിത്രസിനിമകൾ മുന്നോട്ടു വെയ്ക്കുന്ന വെല്ലുവിളികൾ ഒട്ടേറെയാണ്. സർഗാത്മകതയുടെ പരിമിതികൾ, സാദൃശ്യം തോന്നിക്കുന്ന നടീനടന്മാർ, ഉയർന്ന സാമ്പത്തിക മുതൽ മുടക്ക്, യഥാർത്ഥ സംഭവങ്ങളെ അവയുടെ യാഥാർഥ്യഭാവം ചോർന്നുപോവാതെ പുനരാവിഷ്കരിക്കൽ, അനേകം വിവരശേഖരങ്ങളിൽ നിന്ന് സിനിമയ്ക്കാവശ്യമായത് മാത്രം വേർതിരിച്ചെടുക്കൽ, ഇവയെല്ലാം പോരാതെ, സിനിമ സൃഷ്ടിക്കുന്ന വിവാദങ്ങളെ നേരിടൽ (സിനിമ ഇറങ്ങുന്നതിനു മുൻപ്, അല്ലെങ്കിൽ സിനിമയുടെ ചിത്രീകരണത്തിന് മുൻപ്, കൂടുതൽ കൃത്യമായി പറഞ്ഞാൽ സിനിമയുടെ പ്രഖ്യാപന ദിവസം തന്നെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട വാരിയംകുന്നൻ എന്ന ചിത്രം ഇതിനേറ്റവും വലിയ ഒരുദാഹരണമാണ്) എന്നിവയൊക്കെയാണ് ചരിത്ര സിനിമകൾ നേരിടുന്ന ചില പ്രധാന പ്രശ്‌നങ്ങൾ.

ചരിത്ര രചനയോ? ചരിത്ര സിനിമയോ?  

ഹോളിവുഡ് ചരിത്ര സിനിമകൾ പലപ്പോഴും ചരിത്രകാരന്മാരുടെ സഹായത്താലാണ് എഴുതപ്പെടുന്നതും ചിത്രീകരിയ്ക്കപ്പെടുന്നതുമെല്ലാം. ചരിത്രസിനിമകളെക്കുറിച്ചു ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുള്ള റോബർട്ട് റോസെൻസ്‌റ്റോൺ (Robert Rosenstone) ചരിത്രസിനിമകളുടെ ഭാഗമാകുന്നതിലുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ഒരേസമയം ആനന്ദവും അസ്വസ്ഥതയും ഉളവാക്കുന്നവയായിരുന്നു തന്‍റെ സിനിമാനുഭവമെന്ന് റോസെൻസ്‌റ്റോൺ പറയുന്നു. ഒരുവശത്തു സിനിമപോലെയുള്ള വളരെ ശക്തമായ ദൃശ്യ മാധ്യമത്തിലൂടെ തന്‍റെ പഠനങ്ങൾ കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിച്ചേരുമെന്ന ആവേശവും മറുവശത്തു ഒരു ചരിത്രകാരനെന്ന നിലയിൽ സിനിമ ഒരിയ്ക്കലും ചരിത്ര പഠനങ്ങൾക്ക് പകരം വെയ്ക്കാനാവില്ല എന്ന ആശങ്കയും അദ്ദേഹത്തെ പിടികൂടി. തന്‍റെ രണ്ടു പ്രധാന പഠനങ്ങളുടെ ചരിത്രാവിഷ്ക്കാരത്തിൽ പങ്കുകൊണ്ടപ്പോൾ ചരിത്രം ചിത്രീകരിയ്ക്കുന്നതിലുള്ള സിനിമയുടെ കുറവുകളെ കുറ്റപ്പെടുത്തേണ്ടതില്ല എന്ന നിലപാടിലാണ് റോസെൻസ്‌റ്റോൺ എത്തിച്ചേർന്നത്.

Robert Rosenstone

റോസെൻസ്‌റ്റോണിന്റെ ആദ്യത്തെ ചരിത്ര സിനിമാനുഭവം അമേരിക്കൻ കവിയും ജേര്‍ണ്ണലിസ്റ്റും വിപ്ലവകാരിയുമായ ജോൺ റീഡിനെ കുറിച്ച് നിർമ്മിച്ച, 1982 ൽ പുറത്തിറങ്ങിയ Reds എന്ന ചിത്രമായിരുന്നു. എന്നാൽ രണ്ടാമത്തേത്, സ്പാനിഷ് സിവിൽ യുദ്ധത്തിൽ പങ്കെടുത്ത എബ്രഹാം ലിങ്കൺ ബ്രിഗേഡ് എന്നറിയപ്പെടുന്ന ഒരുകൂട്ടം സൈനികരേയും മറ്റു സന്നദ്ധ പ്രവർത്തകരേയും കുറിച്ച് നിർമ്മിക്കപ്പെട്ട The Good Fight (1984) എന്ന ഡോക്യുമെന്ററിയായിരുന്നു. ഒന്ന് വലിയ ഹോളിവുഡ് ബിഗ് ബജറ്റ് ചിത്രവും മറ്റൊന്ന് ഒരു ചെറിയ ഡോക്യൂമെന്ററിയും. രണ്ടു ചിത്രങ്ങളും രാഷ്ട്രീയ പ്രതിബന്ധതയുടെ പ്രാധാന്യത്തെ വ്യക്തിപരമായും ചരിത്രപരമായും അവതരിപ്പിക്കാൻ ശ്രമിച്ചവയാണ്. ആദ്യത്തേത് ചരിത്രത്തെ ഭാവനാവൽക്കരിച്ചപ്പോൾ രണ്ടാമത്തേത് ചരിത്രം എന്നാൽ ഓർമ്മ (memory) എന്ന രീതിയിലാണ് അവതരിപ്പിച്ചത്. താൻ പ്രവർത്തിച്ച രണ്ടു ചിത്രങ്ങളുടേയും ചരിത്രപരമായ പോരായ്മകളെക്കുറിച്ചു പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ചരിത്രത്തെ പുതിയ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കണമെന്നാണ് റോസെൻസ്‌റ്റോൺ അഭിപ്രായപ്പെടുന്നത്.

റോസെൻസ്‌റ്റോൺ ഉന്നയിക്കുന്ന ആശങ്കകളെപ്പറ്റി മറ്റൊരു ചരിത്രകാരനായ ഹെയ്ഡൻ വൈറ്റും (Hayden White) വിശകലനം ചെയ്യുന്നുണ്ട്. ചരിത്രത്തിന്‍റെ ദൃശ്യാവിഷ്കാരത്തിന് (historiophoty) ചരിത്രരചനയുടെയത്ര (historiography) വിശ്വാസ്യതയുണ്ടോ എന്ന ചോദ്യത്തിന്, മാധ്യമമേതായാലും ചരിത്രം പല പ്രക്രിയകളിലൂടെ സൃഷ്ടിക്കപ്പെടുന്നതാണെന്നാണ് അദ്ദേഹം പ്രതികരിക്കുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിന് ചരിത്രമെഴുത്തുപോലെതന്നെ ചരിത്രം പുനരാവിഷ്കരിക്കാൻ സാധിക്കുമെന്ന് വൈറ്റ് നിരീക്ഷിക്കുന്നു.

ഒരുപക്ഷെ യുദ്ധങ്ങളും വിപ്ലവങ്ങളുമാണ് സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചരിത്ര സംഭവങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളാണല്ലോ അവ. അതുകൊണ്ടുതന്നെയാണ് അത്തരം ചിത്രങ്ങൾ ചരിത്രം ചിത്രീകരിയ്ക്കുന്നതിനുമപ്പുറം ചരിത്രം സൃഷ്ടിക്കുന്നവയായി മാറിയത്. 1917 ലെ റഷ്യൻ വിപ്ലവം ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിൽ സിനിമയ്ക്കും വലിയൊരു പങ്കുണ്ട്. വിപ്ലവത്തിന്‍റെ പ്രധാന ദൃശ്യങ്ങളിൽ ഒന്നായിരുന്നു വിപ്ലവകാരികൾ winter palace ആക്രമിക്കുന്നത്. എന്നാൽ ആ ദ്ര്യശ്യം ചരിത്രമായതു ഡോക്യുമെന്ററി ഫൂട്ടേജുകളിൽ അല്ല മറിച്ച്, Eisenstine ന്‍റെ ചിത്രമായ ഒക്ടോബറിൽ കൂടിയാണെന്നാണ് സ്മിത്ത് വിലയിരുത്തുന്നത്. അതായത്, വ്യക്തമായ തിരഞ്ഞെടുപ്പുകളിലൂടെയും (selection) ഒഴിവാക്കലുകളിലൂടെയുമാണ് (exclusion) ഇത്തരം സിനിമകൾ ചരിത്രം സൃഷ്ടിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിനെ പിടിച്ചുകുലുക്കിയ യുദ്ധങ്ങൾ മാത്രമല്ല, മറിച്ച്, പുരാണങ്ങളിലേയും ഐതീഹ്യങ്ങളിലേയും യുദ്ധങ്ങളും സിനിമയുടെ പ്രധാന പ്രമേയങ്ങളാണ്. ഗ്രീക്ക് ഇതിഹാസങ്ങളെ മുൻനിർത്തി എടുത്ത ചിത്രങ്ങളായ Troy, 300 എന്നിങ്ങനെയുള്ള സിനിമകൾ ഇതിനുദാഹരണമാണ്. ഇവയിൽ പലതും quasi historical ഫിലിം എന്നപേരിലാണ് അറിയപ്പെടുന്നത്. കാരണം പലപ്പോഴും ഇത്തരം ചിത്രങ്ങൾ ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തീർത്തും കാല്പനിക കഥകൾ പറയുന്നവയാണ്.

മുൻപൊരിക്കൽ സൂചിപ്പിച്ചതുപോലെ പുരാണ സിനിമകളാണല്ലോ ആദ്യ ഇന്ത്യൻ ചിത്രങ്ങളായി കണക്കാക്കപ്പെടുന്നത്. ഇവിടെ പുരാണവും ചരിത്രവും സമവൽക്കരിക്കപ്പെടുന്നതും കാണാം. സ്വാതന്ത്ര്യ സമരവും സാമൂഹ്യ പ്രസ്ഥാനങ്ങളുമാണ് ഇന്ത്യൻ ചരിത്ര സിനിമകൾ കൂടുതൽ പ്രാധാന്യം നൽകിയ സംഭവങ്ങൾ. കൂടാതെ ഇന്ത്യയിലെ ഹിന്ദു രാജവംശങ്ങളും മുഗൾ, സുൽത്താനേറ്റ് ഭരണ കാലഘട്ടവുമെല്ലാം ഇന്ത്യൻ സിനിമകളുടെ പ്രത്യേകിച്ച് ഹിന്ദി സിനിമയുടെ തല്പര വിഷയങ്ങളാണ്. 1857 കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ മംഗൾ പാണ്ഡെ, മൗര്യ വംശ ഭരണാധികാരിയായ അശോകന്‍റെ കഥ പറഞ്ഞ അശോക, മുഗൾ കാലഘട്ടത്തെ കുറിച്ച് നിർമ്മിക്കപ്പെട്ട മുഗൾ-ഇ-അസം, അനാർക്കലി, ജോധാ അക്ബർ, പേഷ്വാ ഭരണകാലത്തെ കുറിച്ചുള്ള ബാജിറാവു മസ്‍താനി, രജപുത്രഭരണവും സുൽത്താനേറ്റും തമ്മിലുള്ള ശത്രുത പ്രമേയമാക്കിയ പദ്മവത് തുടങ്ങിയവയൊക്കെ മേല്പറഞ്ഞവയ്ക്ക് ഉദാഹരണങ്ങളാണ്. ചരിത്രവസ്തുതകളെ വളച്ചൊടിയ്ക്കുന്നവയായിരുന്നു ഇവയിൽ പലതും.

ഇത്തരം ചിത്രങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കുവാൻ സാധിക്കുന്നത് കൂടുതലും വ്യക്ത്യധിഷ്ഠിത ചരിത്രാഖ്യാനങ്ങളാണ് സിനിമ കൂടുതലും കൈകാര്യം ചെയ്യുന്നത് എന്നാണ്. പ്രത്യേകിച്ചും ഇന്ത്യൻ സിനിമകൾ. സിനിമയുടെ പ്രധാന ചേരുവകളായ നായകൻ, നായിക, വില്ലൻ എന്നിവയിലൂടെയാണ് പല ചിത്രങ്ങളും മുന്നേറുന്നത്. അവിടെ ചരിത്ര സംഭവങ്ങളെക്കാൾ അധികം സിനിമയുടെ കച്ചവട സാധ്യതകളാണ് ആഖ്യാനത്തെ നയിക്കുന്നത്. ഈ വ്യക്ത്യധിഷ്ഠിത ചരിത്രാഖ്യാനങ്ങൾ നടത്തുമ്പോഴും ഇന്ത്യൻ സിനിമകൾ പലപ്പോഴും ജീവചരിത്ര സിനിമകളിൽ (biopic) അധികം പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്ന് കാണാം. ഉണ്ടെകിൽത്തന്നെ അവയിൽ പലതും പ്രേക്ഷകശ്രദ്ധ നേടാതിരിക്കുകയോ അല്ലെങ്കിൽ ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തവയോ ആണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ സിനിമകൾ കൂടുതലും biopic എന്ന വിഭാഗത്തിന് പകരം inspired by/based on a true story എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്.

ഇന്ത്യൻ ജീവചരിത്ര സിനിമകൾ 

ഇന്ത്യൻ ബ്രിട്ടീഷ് ആവിഷ്കാരമായ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി (1982) എന്ന ചിത്രമാണ് ഇന്ത്യയിൽ നിന്നും ലോകശ്രദ്ധ നേടുന്ന ആദ്യത്തെ ജീവചരിത്ര സിനിമ. ചിത്രത്തിലെ ഭൂരിപക്ഷം അഭിനേതാക്കളും അണിയറ പ്രവർത്തകരും വിദേശീയരാണെങ്കിലും ഇന്ത്യൻ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ആണ് ചിത്രത്തിന്‍റെ ഒരു പ്രധാന നിർമ്മാണ പങ്കാളി. എട്ടു ഓസ്കാർ അവാഡ് ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോക്ടർ ബാബാസാഹിബ് അംബേദ്‌കർ (2000) എന്ന ചിത്രമാണ് എടുത്തുപറയേണ്ട മറ്റൊരു ജീവചരിത്ര സിനിമ. പൂർണമായും ഇന്ത്യൻ സംരംഭമായ ഈ ചിത്രം ദേശീയ പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഈ രണ്ടു സിനിമകളും ഗാന്ധിയുടേയും അംബേദ്കറുടേയും സ്വകാര്യജീവിതത്തെക്കാൾ പൊതുജീവിതത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. എന്നാൽ ഇതിനു വിപരീതമാണ് ഒട്ടുമിക്ക ഹിന്ദി ജീവചരിത്ര സിനിമകൾ.

ലോക്ക്ഡൗൺ പ്രമാണിച്ചു ഓൺലൈൻ വീഡിയോ പ്ലാറ്റ്‌ഫോം ആയ ആമസോൺ പ്രൈമിൽ ഈയടുത്തിടെ റിലീസ് ചെയ്ത ശകുന്തളാ ദേവി എന്ന ചിത്രം ഇതിനൊരുദാഹരണമാണ്. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തളാദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ശകുന്തളാദേവിയുടെ നേട്ടങ്ങളെക്കാളുപരി അവരുടെ കുടുംബജീവിതവും അതിനോടനുബന്ധിച്ച പ്രശ്നങ്ങളുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കൂടാതെ ശകുന്തളാദേവിയുടെ മകളുടെ വീക്ഷണകോണിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ഗണിതശാസ്ത്രത്തിനും ലോകപ്രശസ്തിക്കും പുറകെപോയി കുടുംബത്തിന് ജീവിതത്തിൽ രണ്ടാം സ്ഥാനം മാത്രം നൽകിയ ഒരു മകളായും ഭാര്യയായും അമ്മയായുമാണ് ശകുന്തളാദേവി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കുടുംബം എന്ന സ്ഥാപനത്തിന് പുറത്തുള്ള സ്ത്രീകളുടെ നേട്ടത്തെ ഉൾക്കൊള്ളുവാൻ ഇത്തരം ആഖ്യാനങ്ങൾക്കു സാധിക്കുന്നില്ല. അതായത്, ശകുന്തളാദേവിയുടെ ഗണിതശാസ്ത്രവൈഭവത്തെ സിനിമ ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല, കുടുംബബന്ധങ്ങൾക്കു മുന്നിൽ അത് നിസ്സാരവൽക്കരിയ്ക്കപ്പെടുന്നതും കാണാം. ഇതിനർത്ഥം അവരെ മഹത്വവൽക്കരിയ്ക്കണമെന്നോ അവരുടെ കുടുംബജീവിതം പരാമർശിക്കരുതെന്നോ അല്ല, മറിച്ച് ലോകപ്രശസ്ത ഗണിതജ്ഞയായ അവരുടെ ജീവിതത്തെ “കുടുംബം” എന്ന സ്ഥാപനത്തിലേയ്ക്ക് ചുരുക്കാതിരിക്കുക എന്നതാണ്. ഒരുപക്ഷെ ജീവചരിത്ര വിഷയത്തിന്‍റെ, അതായത് ആ വ്യക്തിയുടേയോ അവരുടെ കുടുംബത്തിന്റെയോ അംഗീകാരം തേടുന്നതിനാലായിരിക്കാം ഇത്തരം ആഖ്യാനങ്ങൾ ഇന്ത്യൻ സിനിമയിൽ കൂടുതൽ കണ്ടു വരുന്നത് (Dwyer, 2013).

ഗണിതശാസ്ത്രം പ്രധാന വിഷയമായ 2014 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം The Imitation Game ഇവിടെ പ്രസക്തമാണ്. ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ അലൻ ട്യൂറിങ്ങിന്‍റെ കഥയാണ് The Imitation Game പറയുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്തു ഇംഗ്ലണ്ടിന് വേണ്ടി ജർമൻ രഹസ്യസന്ദേശവാഹിനിയായ Enigmaയുടെ രഹസ്യ കോഡുകളെ ഭംഗിച്ചതു ട്യൂറിങ്ങ് ആയിരുന്നു. യുദ്ധത്തിൽ ഇംഗ്ലണ്ടിനു മേൽക്കൈ നേടിക്കൊടുത്ത ഒരു വലിയ കണ്ടുപിടുത്തമായിരുന്നു ട്യൂറിങ്ങിന്റേത്. അദ്ദേഹത്തിന് ഗണിതത്തോടുള്ള ആവേശവും വികാരവും ചിത്രീകരിയ്ക്കുന്നതിനൊപ്പം ചിത്രം ട്യൂറിങ്ങിന്‍റെ സ്വവർഗ്ഗാനുരാഗത്തെപ്പറ്റിയും ചർച്ച ചെയ്യുന്നു. എന്നാൽ ഈ വിഷയത്തിന് മതിയായ പരിഗണന നല്കിയിട്ടില്ലെന്ന വിമർശനങ്ങളും അക്കാലത്തുണ്ടായിരുന്നു. എന്നിരുന്നാലും തൊഴിലിടവും സ്വകാര്യ ഇടവും ഇവിടെ സിനിമയ്ക്ക് പ്രധാനപ്പെട്ടതാണ്. യുദ്ധത്തിന്‍റെ ചടുലതയും മാനസിക പിരിമുറുക്കങ്ങളും സിനിമയ്ക്കാവശ്യമായ നാടകീയതയോടെ അവതരിപ്പിക്കുമ്പോഴും ചിത്രം ട്യൂറിങ്ങിന്‍റെ ജീവചരിത്രം പറയുന്നതിൽ നിന്നും വ്യതിചലിച്ചിട്ടില്ലെന്നു പറയുവാൻ സാധിക്കും. 

സിനിമ ചരിത്രം സൃഷ്ടിക്കുമ്പോൾ

ചരിത്രപരമായ വസ്തുതകളേക്കാൾ ഹിന്ദി ചിത്രങ്ങൾ ആശ്രയിക്കുന്നത് “ബാസാർ ഹിസ്റ്ററി” ആണെന്നാണ് Dwyer വാദിക്കുന്നത്. അതായത് ഭൂതകാലത്തിന്‍റെ അവതരണത്തിൽ അത്തരം ചിത്രങ്ങൾ കേട്ടുകേൾവിയുടേയും പരദൂഷണത്തിന്റെയും അടിസ്ഥാനത്തിലാണ് വിഭാവനം ചെയ്യപ്പെടുന്നത്. അവിടെ ചരിത്രവസ്തുതകൾക്ക് വെറും രണ്ടാം സ്ഥാനം മാത്രമേ ഉള്ളു. ഒരുപക്ഷെ ബാസാർ ഹിസ്റ്ററി എന്ന ആശയം കൂടുതൽ പ്രശ്നവൽക്കരിക്കേണ്ടതുണ്ടെങ്കിലും ഇന്ത്യൻ ചരിത്ര സിനിമകൾ പലപ്പോഴും ജനപ്രിയ താല്പര്യങ്ങൾക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് കാണുവാൻ സാധിക്കും. Dwyer ടെ കാഴ്ചപ്പാടിൽ ഇന്ത്യൻ ജീവചരിത്ര സിനിമകൾ hagiography (പുണ്യാത്മാക്കളുടെ ചരിത്രരചന) ആയാണ് ചിത്രീകരിയ്ക്കപ്പെടുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വിഷയത്തെ അഥവാ വ്യക്തിയെ അനാവശ്യ ഭക്തിയോടെ പരിഗണിക്കുന്ന ജീവചരിത്രങ്ങൾ (രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചു ബിയോപിക് hagiography ആകുന്നതിനുള്ള ഏറ്റവും നല്ലൊരുദാഹരണമാണ് 2019 ൽ ഇറങ്ങിയ പി എം നരേന്ദ്ര മോഡി എന്ന ചിത്രം). അതുകൊണ്ടുതന്നെയാണ് വിവാദം സൃഷ്ടിച്ചേക്കാവുന്ന പല വസ്തുതകളും ഇന്ത്യൻ ചിത്രങ്ങൾ ഒഴിവാക്കുന്നത് (ഇരുവർ എന്ന ചിത്രത്തിൽ ഐശ്വര്യാ റായ് അഭിനയിച്ച കൽപന എന്ന കഥാപാത്രം തമിഴ്നാട്  മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ അനുസ്മരിപ്പിക്കുന്നതാണ്. എന്നാൽ ഈ സാദൃശ്യം മറികടക്കാനാവാം കൽപന സിനിമയിൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. കൽപന ഇല്ലാതാവുന്നതിലൂടെ ചിത്രം വലിയ തടസ്സങ്ങളൊന്നുമില്ലാതെ പുറത്തിറക്കാനാവുമെന്നു നിർമ്മാതാക്കൾ കരുതിയിരിക്കാം). അതുവഴി വ്യക്തി ജീവിതങ്ങൾ പരിപാവനതയിലേയ്ക്ക് ഉയർത്താനും അത്തരം സിനിമകൾ ശ്രമിക്കുന്നു. കൂടാതെ താരങ്ങളുടെ പ്രതിച്ഛായക്കനുസരിച്ചു ജീവചരിത്രത്തിൽ മാറ്റം വരുത്തുന്നതും ഇന്ത്യൻ സിനിമകളിൽ കാണുവാൻ സാധിക്കും.

മറ്റൊരു രസകരമായ വസ്തുത മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ജീവചരിത്ര സിനിമകളിൽ കൂടുതൽ തിളങ്ങിയിട്ടുള്ളത് മറ്റു ഭാഷകളിലാണെന്നു കാണാം. അന്യഭാഷകളിൽ പ്രവർത്തിക്കുമ്പോൾ അഭിനേതാക്കളുടെ താരപരിവേഷം ജീവചരിത്ര വിഷയത്തെ (suject) ബാധിക്കുമെന്ന ആശങ്ക കുറവായതിനാലാവാമിത്. മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഡോക്ടർ ബി. ആർ. അംബേദ്‌കർ എന്ന ചിത്രം ഒരു ഇംഗ്ലീഷ്-ഹിന്ദി ആവിഷ്കാരമാണ്. കൂടാതെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ. എസ്. രാജശേഖര റെഡ്‌ഡിയുടെ ജീവചരിത്ര സിനിമയായ യാത്ര എന്ന തെലുഗു ചിത്രത്തിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്. സിനിമയിൽ വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും ഇരുവർ എന്ന തമിഴ് ചിത്രത്തിൽ മോഹൻലാലിന്‍റെ ആനന്ദൻ എന്ന കഥാപാത്രം എം. ജി. ആർ ന്‍റെ ജീവിതമാണ് അവതരിപ്പിയ്ക്കുന്നത്. മമ്മൂട്ടി മലയാളത്തിൽ പഴശ്ശിരാജയായി വേഷമിട്ടിട്ടുണെങ്കിൽ പുറത്തിറങ്ങാനിരിക്കുന്ന കുഞ്ഞാലി മരയ്ക്കാർ ആവാം മോഹൻലാലിന്‍റെ മലയാളത്തിലെ പ്രമുഖ ജീവചരിത്ര സിനിമ.

റിയലിസം ആഘോഷിക്കുന്ന മലയാള സിനിമ എന്തുകൊണ്ട് ജീവചരിത്രങ്ങൾ നിർമ്മിക്കുന്നതിൽ നിന്നും മാറിനിൽക്കുന്നു എന്നത് വളരെ കൗതുകമുണർത്തുന്ന ഒരു വസ്തുതയാണ്. ചരിത്രത്തിലെ നാടകീയതകൾ പ്രധാനപ്പെട്ടതാണെങ്കിലും ആധുനിക ജീവചരിത്രങ്ങൾ കൂടുതലും ആശ്രയിക്കുന്നത് റിയാലിസ്റ് ആഖ്യാനങ്ങളെയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ മലയാള സിനിമയിലെ ജീവചരിത്രങ്ങളുടെ കുറവ് കൂടുതൽ പഠിക്കേണ്ടതുണ്ട്. ചരിത്രപശ്ചാത്തലത്തിൽ ഒരുക്കിയ സിനിമകൾ ഉണ്ടെങ്കിലും ജീവചരിത്ര സിനിമകൾ വളരെ വിരളമായേ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളു എന്നുകാണാം. അതിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചില ചിത്രങ്ങളാണ് കേരള വർമ്മ പഴശ്ശിരാജാ, ഉറുമി (quasi historical), കായംകുളം കൊച്ചുണ്ണി, സെല്ലുലോയ്ഡ് എന്നിവ.1 ഇവയിൽ ആദ്യത്തെ മൂന്നു സിനിമകളും period action drama എന്ന ഗണത്തിൽ പെടുമ്പോൾ സെല്ലുലോയ്ഡ് ഏറെക്കുറെ റിയലിസത്തിന്‍റെ പാതയിൽ ജെ. സി. ഡാനിയേലിന്‍റെ കഥ പറഞ്ഞ ചിത്രമാണ്. ഡാനിയേലിന്‍റെ കഥയിലൂടെ മലയാള സിനിമയുടെ ചരിത്രവും സെല്ലുലോയ്ഡ് ദൃശ്യവൽക്കരിക്കുന്നു. മലയാളത്തിലെ ആദ്യ ചിത്രമെന്ന് കരുതപ്പെടുന്ന വിഗതകുമാരന്‍റെ പതിപ്പ് ഇപ്പോൾ അവശേഷിയ്ക്കുന്നില്ലെങ്കിലും വിഗതകുമാരന്‍റെ കഥ പറഞ്ഞ സെല്ലുലോയ്ഡ് ഇന്ന് മലയാള സിനിമയുടെ ചരിത്രമാണ്. അതായത്, ചരിത്രം ദൃശ്യവൽക്കരിയ്ക്കുന്നതിലൂടെ ചരിത്ര രേഖകൾ സൃഷ്ടിക്കപ്പെടുകയാണിവിടെ. വിഗതകുമാരന്‍റെ അവശേഷിക്കുന്ന ഫോട്ടോയും സിനോപ്സിസും നോട്ടീസുമെല്ലാം സെല്ലുലോയ്‌ഡിലൂടെ പുനഃസൃഷ്ടിക്കപ്പെടുകയാണ്. 

ഇവിടെ സിനിമ ഓർമ്മ/മറവി (remembrance/forgetting) എന്ന ദ്വന്ദങ്ങളിലൂടെ സിനിമയുടെ ചരിത്രം അവതരിപ്പിയ്ക്കാൻ ശ്രമിക്കുന്നു. ഒരുവശത്തു മലയാള സിനിമയുടെ ചരിത്രം ഓർമ്മപ്പെടുത്തുമ്പോൾ മറുവശത്തു ആ ഓർമ്മപ്പെടുത്തലുകൾ സൂചിപ്പിയ്ക്കുന്നത് ദീർഘകാലം നീണ്ടുനിന്ന മറവിയെയാണ് (മലയാളത്തിലെ ആദ്യ ചിത്രമായി കണക്കാക്കിയിരുന്നത് ബാലനായിരുന്നല്ലോ). മറ്റൊരു വിധത്തിൽ പറഞ്ഞാൽ സെല്ലുലോയ്ഡ് സൂചിപ്പിയ്ക്കുന്നത് മറവിയുടെ ഓര്‍മ്മപ്പെടുത്തലുകളാണ്. ഡാനിയേലിന്റേതു മാത്രമല്ല, റോസിയുടേയും. ഡാനിയേലിനെ ചരിത്രം മറന്ന കഥ സിനിമ ഓർമ്മപ്പെടുത്തുമ്പോൾ റോസിയുടെ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നത് ദളിത് ബഹുജൻ ഇടപെടലുകളാണെന്നു മാത്രം.2 എന്നിരുന്നാലും ഒരു ജീവചരിത്ര സിനിമയെന്ന രീതിയിൽ ഡാനിയേലിന്‍റെ ജീവിതകഥ പറയുന്നതിൽ സെല്ലുലോയ്ഡ് വിജയിച്ചുവെന്ന് വേണം പറയാൻ.

പരാമർശിത പഠനങ്ങൾ

Dwyer, Rachel. 2013. “The Biopic in Hindi Cinema” in A Companion to the Historical Film, Edited by Robert A. Rosenstone and Constantin Parvulescu, West Sussex: Wiley-Blackwell. Pp, 219-232.

Manju, E. P. 2017. “Cinematic Erasures: Configuring Archives of/in Malayalam Cinema.” Caesurae: Poetics of Cultural Translation, vol. 2, no. 1, Special issue, January, pp. 29-42.

Rosenstone, Robert A. 1988. “History in Images/History in Words: Reflections on the Possibility of Really Putting History onto Film.” The American Historical Review, vol. 93, no. 5. Dec., pp. 1173-1185.

Smith, Geoffrey Nowell. 1990. “On History and the Cinema” Screen, 31:2 Summer, pp. 160-171.

White, Hayden. 1988. “Historiography and Historiophoty.” The American Historical Review, vol. 93, no. 5. Dec., pp. 1193-1199.


1 മകരമഞ്ഞ്, യുഗപുരുഷൻ, ആമി എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും മേല്പറഞ്ഞ സിനിമകളുടെയത്ര സാമ്പത്തിക വിജയം നേടിയവയല്ല.

2 കൂടുതൽ വായനയ്ക്ക് Manju 2017 കാണുക

Comments

comments