ഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയം ആണ് വിദ്യാഭ്യാസം. ഒരു ദേശരാഷ്ട്രം എന്ന ആശയത്തോടൊപ്പം പുതിയ രാഷ്ട്രം എന്തിന്, അതിന്‍റെ അടിസ്ഥാന പ്രവർത്തന പ്രത്യയശാസ്ത്രം എന്ത്, എന്ന നിർവചനങ്ങളോടൊപ്പം, അതേ പ്രാധാന്യത്തോടെ സ്വാതന്ത്ര്യസമരം സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം എന്തായിരിക്കണം, അതിന്‍റെ സമഗ്രതയും വ്യാപ്തിയും എന്താണ് എന്നതിനെ കുറിച്ച് വിശദമായും വ്യക്തമായും ചർച്ച ചെയ്തിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ അന്ധവിശ്വാസങ്ങളിലും, അനാചാരങ്ങളിലും പെട്ട് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതെ ഇരുട്ടിൽ കഴിഞ്ഞിരുന്ന ഒരു ജനതയെ ആധുനിക ജനാധിപത്യ രാജ്യത്തെ പൗരന്മാർ ആക്കി മാറ്റുന്നതിൽ ഈ ബൗദ്ധിക ഇടപെടലുകൾക്ക് ഒരു പാട് സ്ഥാനമുണ്ട്.

1901ലെ സെൻസസ് പ്രകാരം സാക്ഷരത 5.4ശതമാനവും, ഒരു ശരാശരി ഇന്ത്യക്കാരന് വെറും മൂന്ന് മാസത്തെ സ്കൂളിംഗും (average years of schooling) മാത്രമേ ഉണ്ടായിരുന്നുള്ളു. 2018 ആകുമ്പോൾ ഈ കണക്ക് 74% സാക്ഷരതയും 6.5 വര്‍ഷം ശരാശരി സ്കൂളിംഗും ആയെങ്കിലും, വിദ്യാഭ്യാസനയങ്ങളും ലക്ഷ്യങ്ങളും പ്രതീക്ഷകൾക്ക് ഒത്ത് നീങ്ങിയിരുന്നെങ്കിൽ, ഇന്ത്യക്കാരന്‍റെ ശരാശരി സ്കൂളിംഗ് 2018ൽ 12.4 വർഷവും, സാക്ഷരത 90 ശതമാനത്തിനും മേൽ ആകുമായിരുന്നു. മാത്രമല്ല, കണക്കുകൾ കാണിക്കുന്നത് 2005-06 കാലത്തോടെ ഇന്ത്യയിൽ പ്രൈമറി വിദ്യാഭ്യാസം സാർവത്രികമായി എന്നാണ് (universalisation of primary education). എന്നാൽ ആ കാലഘട്ടത്തിൽ ഏകദേശം 34 ലക്ഷത്തോളം പ്രൈമറി സ്കൂൾ പ്രായത്തിലുള്ള കുട്ടികൾ സ്കൂളിന് പുറത്തായിരുന്നു (out of school children) എന്ന് പഠനങ്ങൾ കാണിക്കുന്നു. പ്രാഥമിക വിദ്യാലയങ്ങളുടെ എണ്ണം വർദ്ധിച്ചുവെങ്കിലും അതിലും പല മടങ്ങ് വർദ്ധനയാണ് കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായത്. അവരെ ഉൾകൊള്ളാൻ വിദ്യാലയങ്ങളും, പഠിപ്പിക്കാൻ അദ്ധ്യാപകരും വേണ്ടരീതിയിൽ ഇല്ലാതിരുന്നതിനാൽ മിഡിൽ സ്കൂളിൽ എത്തുമ്പോൾ കുറെപേരും, സെക്കന്ററി ക്ലാസ്സുകളിൽ എത്തുമ്പോൾ 50% പേരും കൊഴിഞ്ഞു പോകുന്നു. ഒന്ന് കൂടെ വ്യക്തമാക്കിയാൽ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അഞ്ചു പേരിൽ ഒരാൾ മാത്രമേ സീനിയർ സെക്കണ്ടറിയും കടന്ന് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നുള്ളൂ. ബാക്കിയുള്ളവർ അർദ്ധ സാക്ഷരരും പ്രത്യേകിച്ച് നൈപുണ്യമോ തൊഴിൽ പരിചയമോ ഒന്നും ഇല്ലാതെ പണിതേടി തൊഴിൽ വിപണിയിൽ എത്തിയിട്ടുണ്ടാവും.

മറുവശത്താകട്ടെ, ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യത്തിന് ആവശ്യം വേണ്ട ഉത്പ്പാദന-വിതരണ പ്രകീയകൾക്ക് പലതരത്തിലെ കഴിവുകളും പരിശീലനങ്ങളും ലഭിച്ച ആളുകൾ ആവശ്യമാണ്. വ്യവസായ-ഭരണ-അദ്ധ്യാപന രംഗങ്ങളിലെ ആവശ്യമനുസരിച്ചുള്ള മാനുഷ്യശേഷിയും അതിന്‍റെ ലഭ്യതയും ഉറപ്പാക്കേണ്ടത് പ്രാഥമികമായും സർക്കാരിന്‍റെ ഉത്തരവാദിത്തം ആണ്. സ്വകാര്യവ്യക്തികൾക്ക് കാര്യങ്ങളെ അവരുടെ തലത്തിലെ കാണാനാകൂ, അവരുടെ ലക്‌ഷ്യം സാമൂഹിക മൂലധന ഉത്പ്പാദനം അല്ല, സ്വകാര്യ മൂലധന വർദ്ധന അല്ലെങ്കിൽ, തങ്ങളുടെ നിക്ഷേപത്തിന് തക്ക ലാഭം ഉണ്ടാക്കുക എന്നതാണ്.

2024ലോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാവും. 2031ഓടെ ചൈനയ്ക്കുണ്ടായിരുന്ന ജനസംഖ്യാപരമായ നേട്ടം (demographic dividend) അവസാനിക്കുകയും ആ സാധ്യത ഇന്ത്യക്ക് ലഭിക്കുകയും, അത് 2055 വരെ നീണ്ടുനിൽക്കുകയും ചെയ്യും. വ്യക്തമായി പറഞ്ഞാൽ ഇനി വരും വർഷങ്ങളിൽ ലോകത്തിലെ ചെറുപ്പത്തിന്‍റെ ഊർജ്വസ്വലതയും ആരോഗ്യവും ഉള്ള പണിക്കാർ എന്നത് ഇന്ത്യക്കാർ ആവും. ആ സുവർണ്ണാവസരം മുതലെടുക്കാൻ ഇന്ത്യ എന്തെങ്കിലും തയ്യാറെടുപ്പ് നടത്തുന്നുണ്ടോ? ഗുണമേന്മയുള്ള തൊഴിലാളി എന്നാൽ വേണ്ടരീതിയിൽ മസ്തിഷ്കവികസനം ലഭിച്ച, ആരോഗ്യവും, ബുദ്ധിയും, വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും ഉള്ളവൻ എന്നതാണ്. അതിന് പോഷക സംപൂർണ്ണമായ ഭക്ഷണം വേണം, നല്ല അടിസ്ഥാന വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും, ഉന്നത വിദ്യാഭ്യാസത്തിനുള്ള സാഹചര്യവും വേണം. ഇക്കാര്യത്തിൽ എന്താണ് ഇന്ത്യൻ സ്റ്റേറ്റ് ചെയ്യുന്നത്?. വ്യക്തികൾക്കും സ്വകാര്യ വിദ്യാഭ്യാസ സംരംഭകർക്കും തീരുമാനിക്കാനും നിയന്ത്രിക്കാനും കഴിയുന്നതാണോ ഇന്ത്യയുടെ മാനുഷിക ശക്തി വികസന (manpower development) അജണ്ട?

സ്വാതന്ത്രാനന്തര ഇന്ത്യ കടന്നുപോകുന്ന അതിഭീകരമായ തൊഴിൽ നഷ്ടങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും ഇടയിൽ മൂന്നാം ദേശിയ വിദ്യാഭ്യാസനയം പാർലമെന്റിന്‍റെ അംഗീകാരമില്ലാതെ ക്യാബിനറ്റ് തീരുമാനത്തിലൂടെ നടപ്പിലാക്കുമ്പോൾ മാനുഷിക വികസന ഫ്രെയിംവർക്കുകളേയും വികസന മോഡലുകളേയും കുറിച്ച് അടിസ്ഥാന വിവരമുള്ളവർ പ്രതീക്ഷിക്കുന്നത് ഈ വിദ്യാഭ്യാസനയം രാജ്യത്തിന്‍റെ വളർച്ചയുടേയും വികസനത്തിന്റേയും രൂപരേഖ ആവണം എന്നാണ്. കാരണം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി നിർദ്ദേശങ്ങൾ നൽകിയ 1966ലെ കോത്താരി കമ്മീഷൻ റിപ്പോർട്ടും അതിനെ തുടർന്ന് വന്ന ആദ്യ ദേശിയ വിദ്യാഭ്യാസനയവും അത്തരത്തിലൊരു നിലപാടാണ് അന്ന് എടുത്തത്. ആധുനിക ഇന്ത്യയ്ക്ക് വേണ്ട മാനുഷികശക്തിയെ സജ്ജീകരിക്കാനുള്ള രൂപരേഖ, ഒപ്പം ജനസംഖ്യ വർദ്ധനയനുസരിച്ച് ഘട്ടംഘട്ടമായി വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക നൈപുണ്യ വികസനത്തിനായി അടിസ്ഥാന സൗകര്യ നിർമ്മാണം, ഈ ലക്ഷ്യങ്ങൾ നേടാൻ ജിഡിപിയുടെ 6% വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുക, കോമൺ സ്കൂൾ എന്ന ആശയം എന്നിങ്ങനെ വിദ്യാഭ്യാസ വികസനത്തിനായ പല പ്രസ്താവനകൾ ആണ് ആദ്യ ദേശിയനയം മുന്നോട്ട് വച്ചത്. പ്രാഥമിക വിദ്യാലയങ്ങളിലെ കോമണ് സ്കൂൾ എന്ന വിപ്ലവകരമായ ആശയത്തെ തുടക്കത്തിലേ നുള്ളിക്കളഞ്ഞപ്പോൾ, ജിഡിപിയുടെ 6% ചർച്ചകളിൽ ഇടക്കിടെ എടുത്തിട്ട് എന്നാൽ ബജറ്റ് നീക്കിയിരുപ്പിന്‍റെ സമയത്ത് മറവിയിലൊതുക്കി, പിന്നെ വേണ്ട അവസരങ്ങളിൽ വീണ്ടും എടുത്ത് വീശി കൊണ്ട് നടക്കുന്ന ഒരു ആയുധം ആയിരിക്കുകയാണ്. ഈ വിദ്യാഭ്യാസനയവും അത് തന്നെയാണ് ചെയ്യുന്നത്‌.

ഒന്നാം ദേശിയ വിദ്യാഭ്യാസനയം വന്നതിന് ശേഷമുള്ള അടുത്ത മൂന്ന് പഞ്ചവത്സര പദ്ധതികളിൽ (4, 5, 6ആം പദ്ധതികൾ) വിദ്യാഭ്യാസത്തിനുള്ള നീക്കിയിരുപ്പ്, ആദ്യത്തെ മൂന്നെണ്ണത്തിന്റേതിലും കുറവായിരുന്നു (ഒന്നാം പദ്ധതിയിൽ 7.6%, മൂന്നാം പദ്ധതിയിൽ 6.8%) എന്ന് മാത്രമല്ല, ആറാം പഞ്ചവത്സര പദ്ധതിയിൽ, വെറും 2.8% ആയി കുറയുകയും ചെയ്തു. ജിഡിപിയുടെ 6% വിദ്യാഭ്യാസത്തിന് എന്നത് ഇന്നും ഒരു അതിവിദൂര സ്വപ്നവും ആവശ്യവും ആയി നിലനിൽക്കുന്നു. കോത്താരി കമ്മീഷൻ 6% ജിഡിപി വിദ്യാഭ്യസത്തിന് എന്ന് ആവശ്യപ്പെട്ടത് കൃത്യമായ മെത്തോഡോളജിയിലും റാഷണാലിറ്റിയിലും ഊന്നിയാണ്. സമ്പദ് വ്യവസ്ഥ 7% വാർഷിക വളർച്ച നേടുകയും ജനസംഖ്യ 1.5% ആവുകയും ചെയ്യുമ്പോൾ 6 ശതമാനമോ എന്തിന് 10 ശതമാനം വരെ വിദ്യാഭ്യാസ വളർച്ചയയ്ക്കായി നീക്കിവെയ്ക്കാൻ കഴിയും എന്നാണ് കോത്താരി കമ്മീഷൻ കണക്കുകൾ വച്ച് പറഞ്ഞത്. എന്നാൽ വാർഷിക ജിഡിപി വളർച്ച 7 ശതമാനത്തിന് മുകളിലും, വാർഷിക ജനസംഖ്യ വർദ്ധന 1.4% ആയ സമയത്ത്, നീക്കിയിരുപ്പ് കുറയുകയാണ് ചെയ്തത്. ചുരുക്കത്തിൽ ജിഡിപി വളർച്ച കൊണ്ട് വിദ്യാഭ്യാസ വികസനത്തിനുള്ള നീക്കിയിരുപ്പ് ഒട്ടും കൂടിയില്ല എന്ന് മാത്രമല്ല, എപ്പോഴൊക്കെ ജിഡിപി വളർച്ച നിരക്ക് വർദ്ധിച്ചുവോ, അന്നൊക്കെ ഒരു തരം നുറുക്ക് കഷണം പോലുള്ള നീക്കിയിരുപ്പാണ് വിദ്യാഭ്യാസത്തിന് കിട്ടിയത്. അതിനാൽ 1960ൽ നേടേണ്ട ലക്ഷ്യമായ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം എന്നത് രണ്ട് ദേശിയ വിദ്യാഭ്യാസ നയങ്ങളും പന്ത്രണ്ട് പഞ്ചവത്സര പദ്ധതികളും കഴിഞ്ഞിട്ടും ഇന്നും ഒരു ഗണപതി കല്യാണം പോലെ നിലനിൽക്കുന്നു.

ഇന്ത്യയുടെ വിദ്യാഭ്യാസ വിപ്ലവത്തെ എണ്ണത്തിലുള്ള വളർച്ച മാത്രമായി കാണാനേ പറ്റുകയുള്ളു. ജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച് എണ്ണം കൂടി, പക്ഷെ ഇന്ത്യയെ പോലെ വിദ്യാഭ്യാസ വളർച്ചയുടേയും വികസനത്തിന്റെയും പാതയിലുള്ള രാജ്യങ്ങൾ നേടിയ നേട്ടങ്ങൾ ഇന്ത്യക്ക് നേടാൻ ആയിട്ടില്ല. ചൈന തന്നെ ഉദാഹരണം. 1950ൽ വിദ്യാഭ്യാസ വികസനത്തിന്റേയും വളർച്ചയുടെയും കാര്യത്തിൽ സമാന തലത്തിൽ ആയിരുന്നു ഇന്ത്യയും, ചൈനയും. എന്നാൽ ഇന്ന് ഈ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അന്തരം വളരെ വലുതാണ്. അത് തന്നെയാണ് സാമ്പത്തിക വളർച്ചയുടെ കാര്യത്തിലും. ചൈന രണ്ടായിരം ആണ്ട് ആകുന്നതിന് മുൻപേ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നടപ്പിലാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി വൻ നീക്കിയിരുപ്പാണ് 1990ന് ശേഷം നടത്തിയത്. ഗവേഷണത്തിന് തന്നെ ജിഡിപിയുടെ 2-4% മാറ്റി വയ്ക്കുന്നു. അങ്ങനെ കഴിവുള്ളവർക്ക് വളർന്നു വരാനുള്ള സാഹചര്യം പൊതു മേഖലയിൽ ഒരുക്കി.

എന്നാൽ ഇന്ത്യയിൽ ഇന്നും ഒരു കുട്ടി എവിടെ ജനിക്കുന്നു എന്നത് ആ കുട്ടിയുടെ വിദ്യാഭ്യാസ വളർച്ചയ്ക്ക് കാരണമാക്കുന്നു. വ്യക്തമാക്കിയാൽ ജനിച്ച കുടുംബത്തിന്‍റെ സാമ്പത്തിക-വിദ്യാഭ്യാസ നില, നഗര-ഗ്രാമം, ജാതി എന്നിവയെയൊക്കെ ആശ്രയിച്ചാണ് ഒരു കുട്ടിയുടെ വിദ്യാഭ്യാസ വികസനവും നല്ല തൊഴിൽ നേടാനുള്ള സാദ്ധ്യതയും നിർണ്ണയിക്കുന്നത്. അത് കൊണ്ടാണ് ഒരു കൂലി പണിക്കാരനായ ദളിതന്‍റെ/ ആദിവാസിയുടെ മകൻ/മകൾ ഐഐടിയിൽ ചേരുന്നതും, ഐഎഎസ് കിട്ടുന്നതും ജനം ആഘോഷിക്കുന്നത്. അത് ആ വ്യക്തിയുടെ മാത്രം വിജയം ആകുന്നത്. ആധുനിക ജനാധിപത്യ രാജ്യം നൽകുന്ന സ്വാഭാവിക സാധ്യതകൾ ഒരു വ്യക്തിക്ക് നേടണമെങ്കിൽ ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടാവണം, അവർക്ക് തങ്ങളുടെ കഴിവുകൾക്ക് ഒത്ത് മുന്നോട്ട് പോകാൻ സാധ്യമാകുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം വേണം. അത് ഇന്നും പലർക്കും കിട്ടാക്കനിയാണ്. അത് പോലെ തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സുസ്ഥിര വളർച്ചയ്ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം അതിപ്രധാനം ആണ്. ഇന്ത്യൻ ജനാധിപത്യം ഇന്ന് കടന്നുപോകുന്ന ദുർഘട അവസ്ഥയ്‌ക്ക് ഒരു കാരണം ഗുണമേന്മയില്ലാത്ത പ്രാഥമിക വിദ്യാഭ്യാസം തന്നെയാണ്. യഥാർത്ഥത്തിൽ ഇന്നത്തെ ഇന്ത്യ 100 കോടി അർദ്ധസാക്ഷരരുടെ ഒരു രാജ്യമാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും 1990ൽ ജനിച്ച കുട്ടികൾ കുറേകൂടി ഭാഗ്യവാന്മാർ ആണെന്ന് പറയേണ്ടി വരും. 2005-06 മുതൽ ഉന്നത വിദ്യാഭ്യാസത്തിനും, പ്രാഥമിക വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ നിർമ്മാണങ്ങൾക്കും കുറച്ച് കൂടുതൽ ശ്രദ്ധ കൊടുത്തതിനാൽ പൊതുമേഖലയിലും, 2010നു ശേഷം സ്വകാര്യ മേഖലയിലും കൂടുതൽ സ്ഥാപനങ്ങളും, സീറ്റുകളും ഉണ്ടായി. പക്ഷെ അത് ആവശ്യത്തിന് ഉതകുന്ന തരത്തിലല്ലായിരുന്നു. അത് കൊണ്ടാണ് ഏകദേശം 10000 ഐഐടി സീറ്റിനായി 12 ലക്ഷം പേര് പ്രവേശന പരീക്ഷ എഴുതുന്നത്. 30 സീറ്റുള്ള ബി എ കോഴ്സിനായി 5000 അപേക്ഷ വരുന്നത്. അങ്ങനെ പൊതു ഉന്നതവിദ്യാലയങ്ങളിലെ വിദ്യാഭ്യാസം ഒരുപാട് പേരെ പുറന്തള്ളി, വളരെ കുറച്ച പേർക്ക് മാത്രമാവുന്നത്. ആവശ്യത്തിനായി സീറ്റ് വർദ്ധിപ്പിച്ചാൽ അതനുസരിച്ചു സൗകര്യങ്ങൾ വേണം, അദ്ധ്യാപകർ വേണം. അതെല്ലാം പണച്ചിലവുള്ള കാര്യമാണ്. 2010ന് ശേഷം സീറ്റ് വർദ്ധന കാര്യമായിട്ടുണ്ടായിട്ടില്ല, പക്ഷേ പന്ത്രണ്ടാം ക്ലാസ് പാസ്സായി യൂണിവേഴ്സിറ്റി-ടെക്നിക്കൽ-പ്രൊഫഷണൽ കോഴ്‌സുകളിൽ അപേക്ഷ നൽകുന്നവരുടെ എണ്ണം ഈ കാലഘട്ടത്തിൽ പല ഇരട്ടിയായി വർദ്ധിച്ചു. ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടത് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ വേണ്ട യോഗ്യത നേടി പഠിക്കാനെത്തുന്ന ദളിത്-ന്യൂനപക്ഷ വിദ്യാർത്ഥികളുടെ എണ്ണം ഉയരുകയും, അവർ പലപ്പോഴും മറ്റുള്ളവരെക്കാളും നന്നായി വിജയങ്ങൾ നേടുകയും ചെയ്‌തു. ഈ കാഴ്ച ജാതിശ്രേണിയുടെ മുകളറ്റത്തുള്ളവർക്ക് അത്ര രസിച്ചിട്ടില്ല. അത് കൊണ്ടാണ് രോഹിത് വെമുലയ്ക്കും രാമ നാഗയ്ക്കും പൊരുതേണ്ടി വരുന്നതും, അവരുടെ നേട്ടങ്ങളെ സംവരണത്തിന്‍റെ ഗുണഭോക്താക്കൾ എന്ന നിലയിൽ ഒതുക്കാൻ ശ്രമിക്കുന്നതും. മറ്റുളവരെക്കാളും ബൗദ്ധിക നിലവാരം പുലർത്തുന്നവരെ ഉൾകൊള്ളാൻ പൊതുസമൂഹം വിമുഖത കാണിക്കുന്നതും.

ഈ കഴിഞ്ഞ വർഷങ്ങളിലെ മുന്നോക്ക ജാതിക്കാരായ പട്ടേൽ-ജാട്ട് സംവരണ സമരങ്ങളേയും സാമ്പത്തിക സംവരണത്തേയും കാണേണ്ടത് ഉന്നത വിദ്യാഭ്യാസത്തിനായുള്ള അവസരം തങ്ങൾക്ക് കൂടി കിട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്. അതിനെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി, കൂടുതൽ പേർക്ക് പ്രാപ്യമാക്കുന്ന തരത്തിൽ കൊണ്ട് വരുന്നതിന് പകരം, മുന്നോക്ക ജാതിക്കാർക്ക് സാമ്പത്തിക സംവരണം നൽകുന്നതും, മുന്നോക്കക്കാരെ നിയമം വഴി സംവരണ പിന്നോക്കകാരനാക്കുന്ന വിദ്യയും ഒക്കെ ഉയരുന്നത്. ഇതിന്‍റെ ഫലമായി ദളിതുകൾ അടക്കമുള്ള പിന്നോക്കക്കാർക്ക് വിദ്യഭ്യാസം കൊണ്ട് ഉന്നതി നേടാമെന്നുള്ള സാധ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇവിടെ ഈ വിദ്യാഭ്യാസനയം മറന്ന് പോയ ഒരു കാര്യം, 1986/ 92നും 2020നും ഇടക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരുകയും സമൂഹത്തിന്‍റെ താഴെക്കിടയിലുള്ളവരുടെ അടക്കം ഉപഭോഗം 1992ൽ ഉള്ളതിന്‍റെ പതിൻമടങ്ങാകുകയും ചെയ്തു. ഉദാഹരണത്തിന് ഫോൺ കണക്റ്റിവിറ്റിയും യാത്രസൗകര്യങ്ങളും അന്തർ സംസ്ഥാന-സംസ്ഥാനത്തിനകത്തുള്ള യാത്രകളും വർദ്ധിപ്പിച്ചു, വിവര വിസ്പോടനം മൂലം പഠന-തൊഴിൽ സാധ്യതകളെ കുറിച്ച് സാധാരണക്കാരനും അറിവുണ്ടായി. ഈ സാഹചര്യത്തിൽ മൂന്നാം ദേശിയ വിദ്യാഭാസനയം പ്രഖ്യാപിക്കുമ്പോൾ അതിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങൾ കുറേകൂടി യാഥാർഥ്യങ്ങളോട് അടുത്തിരിക്കേണ്ടതാണ്. നളന്ദയും തക്ഷശിലയും പറഞ്ഞു അഭിരമിക്കാനുള്ള ഒരു ഡോക്യൂമെൻറ് അല്ല 2040 ലെ സാധ്യതകളിലേയ്ക്ക് ഈ രാജ്യത്തെ നയിക്കാനുള്ള ഒരു നയരേഖയിൽ വേണ്ടത്.

ദേശിയ വിദ്യാഭ്യാസനയം 2020 വിദ്യഭ്യാസത്തെ ഒരു പൊതുനിക്ഷേപമായി കാണുന്നില്ല. പകരം ആളുകളുടെ താല്പര്യങ്ങൾക്ക് അനുശ്രുതമായ ഉപഭോഗ വസ്തുവായാണ് കാണുന്നത്. വിപണിയിലെ ഉത്പന്നമാകുമ്പോൾ, വിപണിയാണ് എന്ത് വേണം, എങ്ങനെ നൽകണം, ആർക്കൊക്കെ നൽകണം എന്ന് തീരുമാനിക്കുന്നത്. വിപണിയ്ക്ക് ഒരു ലക്ഷ്യമേയുള്ളു അത് തങ്ങളുടെ ലാഭത്തിന്‍റെ വളർച്ചയാണ്. ആ വളർച്ചയെ സഹായിക്കാൻ തക്കവിധത്തിലെ തൊഴിലും തൊഴിലാളികളുമേ വിപണിക്കാവശ്യമുള്ളു. ദാരിദ്യ്ര നിർമ്മാർജ്ജനമോ, സമഗ്ര-സമ്പൂർണ്ണ വിദ്യാഭ്യാസമോ, സമഗ്ര ആരോഗ്യപരിരക്ഷയോ വിപണിയുടെ ലക്ഷ്യമോ താല്പര്യമോ അല്ലാ. മറിച്ച് ദാരിദ്യം നിലനിൽക്കണം, സമഗ്ര വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഒരിക്കലും നടപ്പിലാക്കരുത് എന്നതാണ് വിപണിയുടെ അത്യന്ത ലക്‌ഷ്യം. എന്നിരുന്നാലേ, തൊഴിലാളികളെ കുറഞ്ഞകൂലിക്ക് കിട്ടൂ, വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും വിലയിടാനും, ലാഭം നേടാനും ആകൂ.

വ്യക്തികളുടെ ബൗദ്ധിക നിലവാരം/ കഴിവ് (talent/ ability) എന്നത് വിപണി വ്യവസ്ഥയിൽ വെറും നൈപുണ്യം (skill) മാത്രമായി ഒതുങ്ങുമ്പോൾ വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ട വേറെ പല കഴിവുകളും വിജ്ഞാനം കൊണ്ട് നേടേണ്ട ആത്യന്തിക ലക്ഷ്യങ്ങളും കണക്കിൽ പെടുകയില്ലാ. ഹൃസ്വകാല കാഴ്ചപ്പാടിൽ ഇതൊരു പ്രശ്‌നമേയല്ല, എന്നാൽ ഒരു രാജ്യത്തിന്‍റെ ദീർഘകാലഭാവിയിൽ ഇത് വലിയൊരു പ്രശ്നം തന്നെയാണ്. ബൗദ്ധിക വിധേയത്വം ആയിരിക്കും പരിണിതഫലം. വരും നാളുകളിൽ ബൗദ്ധിക മൂലധനം പരമപ്രധാന സംഗതിയാവുമ്പോൾ, നൈപുണ്യം കൊണ്ട് ഒരു രാജ്യത്തിന് കാര്യമായി ഒന്നും ചെയ്യാൻ ആവില്ല. സൈബർ കൂലികളെ പോലെ കുറേ പേരെ വീണ്ടും ഉത്പ്പാദിപ്പിക്കാൻ കഴിയും അത്രമാത്രം.

വിദ്യാഭ്യാസ വികസനത്തിന്‍റെ ബസുകൾ ആസൂത്രണവും ദീഘവീക്ഷണമില്ലായ്മയും കൊണ്ട് ഇന്ത്യ വീണ്ടും വീണ്ടും നഷ്ടപെടുത്തുകയാണ്. ഒരു രാജ്യത്തിന്‍റെ ശക്തിയും സമ്പത്തും അവിടത്തെ ബൗദ്ധികതയും ആരോഗ്യവും കഴിവും/വിദ്യാഭ്യാസവും ഉള്ള ജനങ്ങൾ ആണെന്ന് തിരിച്ചറിയാത്തിടത്തോളം കാലം ഇത് സംഭവിച്ച് കൊണ്ടിരിക്കും. വെറുതെ ദേശിയ വികസന അജണ്ടകളെ കുറ്റപ്പെടുത്തുന്നതിൽ വലിയ കാര്യമില്ല.

അവസാനമായി, വിദ്യാഭ്യാസം എന്നത് അവകാശമാണ്, ആരുടെയോ ദയയോ, ദാനമോ അല്ല. ദേശിയ വിദ്യാഭ്യാസനയം 2020, സാമ്പത്തിക കാര്യങ്ങൾക്കായി ഊന്നൽ കൊടുക്കുന്നത് ഭൂതദയയിലും (philanthropy) കോർപറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്വ (CSR) ദാനശീലത്തിലും ആണ്. കോർപറേറ്റുകളുടെയും ധനവാന്മാരുടേയും കൈയ്യിൽ നിന്ന് നികുതി പിരിച്ചെടുക്കുകയും, ഇളവുകൾ നൽകാതിരിക്കുകയും ആണ് ചെയ്യേണ്ടത്, അതാണ് ഒരു രാജ്യത്തിന്‍റെ വരുമാനം. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കോർപറേറ്റുകൾ നികുതി ഇതര ഇളവുകൾ ആയി നേടുന്ന തുക വാർഷിക വിദ്യാഭ്യാസ നീക്കിയിരുപ്പിനെക്കാളും ഏറെയാണ്. ഒപ്പം നികുതി ഇളവുകൾ വേറെയും. കോര്‍പറേറ്റ് സോഷ്യൽ റെസ്പോന്സിബിലിറ്റി എന്നത് കൃത്യതയോടെയുള്ള നികുതി അടവും, വായ്പാ തുക കൃത്യമായി തിരിച്ചടക്കുന്നതും തങ്ങളുടെ ബാലൻസ് ഷീറ്റിൽ കള്ളകണക്കുകൾ എഴുതാതിരിക്കുന്നത് ആണെന്ന് നിഷ്കര്‍ഷിക്കണം. അതിന് പകരം, രാജ്യത്തിന്‍റെ പണപ്പെട്ടിയിൽ ഓട്ടയിട്ട് തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നവരെ ദാനശീലരും മഹാന്മാരും ആക്കാൻ വേണ്ടിയാണ് അവരുടെ ഭൂതദയയും ദാനശീലവും വിദ്യാഭ്യാസ ഉന്നതിക്കായി പ്രോത്സാഹിപ്പിക്കുന്ന നയം ദേശിയ വിദ്യാഭ്യാസ നയരേഖയിൽ അവതരിപ്പിക്കുന്നത്.

സ്വകാര്യ വ്യക്‌തികളും സംരംഭങ്ങളും വിദ്യഭ്യാസ സേവന വിതരണക്കാർ ആകുമ്പോൾ, അത് തങ്ങളുടെ ഭൂതദയയും സാമൂഹ്യബോധവും കൊണ്ടാണ് ചെയ്യുന്നതെങ്കിൽ, ഒന്നുകിൽ സൗജന്യമായിരിക്കണം, അല്ലെങ്കിൽ മിനിമം ചിലവിൽ മാത്രമൊതുങ്ങുന്ന ഫീസ് ആയിരിക്കണം. എന്നാൽ, ഇതിന് മറിച്ചാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ അപേക്ഷ ഫോറത്തിന്റെ വിലപോലും ഒരു സാധാരണക്കാരന് താങ്ങാൻ പറ്റുന്നതല്ല. അങ്ങനെ അവകാശത്തോടെ, ആത്മാഭിമാനത്തോടെ നേടേണ്ട വിദ്യ ഏതെങ്കിലും ധനവാന്റെയോ കോർപറേറ്റുകളുടെയോ ദയാവായ്പ് ആക്കുന്ന നയരേഖ കൂടിയാണ് മൂന്നാം ദേശിയ വിദ്യാഭ്യാസ നയ രേഖ.

ചുരുക്കത്തിൽ ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്ന് കൃത്യമായ പ്രഖ്യാപനവും ഈ നയരേഖ പറയുന്നു. ഒപ്പം എന്ത് കൊണ്ടാണ് രണ്ടായിരം വർഷത്തെ സാംസ്കാരിക ശാസ്ത്ര മികവിന്‍റെ മഹിമ പറഞ്ഞു സ്വയം പുകഴ്ത്തുന്ന ഒരു രാജ്യം ബൗദ്ധിക മികവിൽ വളരെ പിന്നിൽ നിൽക്കുന്നതെന്നും, ബൗദ്ധിക വിധേയത്വത്തെ യാതൊരു ആത്മ നിന്ദയും ഇല്ലാതെ അംഗീകരിക്കുന്നതെന്നും വ്യക്തമാക്കുന്നു ഈ നയരേഖ.


Comments

comments