(ആന്വീക്ഷികി അധ്യായം 6)

1. സമ്പൂർണ്ണഭൌതികവാദം

ഇന്ത്യയിലെ നിരീശ്വരവാദപരമായ നാസ്തികമതമാണ് ചാർവ്വാകം. ലോകായതം എന്നാണ് ഇതിന്റെ മറ്റൊരു പേര്. പരലോകത്തില്‍ വിശ്വസിക്കാതെ ഇഹലോകത്തെ അടിസ്ഥാനമാക്കുന്ന ദർശനം എന്ന അർത്ഥം ലോകായതത്തിനു നല്കിക്കാണാറുണ്ട്. കൂടാതെ ലോകായതം എന്ന വാക്കിന് ലോകവീക്ഷണം എന്നും ലോകത്തിൽ വ്യാപിച്ചിരിക്കുന്നത് എന്നും അർത്ഥം പറയാറുണ്ട്. “ലോകേഷു ആയതഃ ലോകായതഃ” (ലോകർക്കിടയില്‍ വ്യാപിച്ചിരിക്കുന്നത്) എന്ന നിഷ്പത്തിയാണ് സർവ്വദർശനസംഗ്രഹകാരനായ സായണ മാധവാചാര്യർ (പതിന്നാലാം നൂറ്റാണ്ട്) ഈ വാക്കിനു നല്കുന്നത്. അത്തരത്തില്‍ പ്രാചീനകാലത്തുതന്നെ സാമാന്യജനങ്ങൾക്കിടയിൽ ഈ ദർശനത്തിനു പ്രചാരമുണ്ടായിരുന്നു എന്നു കരുതപ്പെടുന്നു. മാത്രമല്ല, ആര്യന്മാരുടെ വരവിനു മുമ്പുള്ള ജനതയുടെ പൊതുവായ മതമായിരുന്നു  ലോകായതം എന്ന് അഭിപ്രായമുള്ളവരുമുണ്ട്.


ജനസാമാന്യത്തിന്റെ മതം എന്ന വിശാലമായ അർത്ഥത്തില്‍ പറയാറുണ്ടെങ്കിലും ഇന്ത്യയിലെ ഓരോ മതത്തിനും പ്രധാനപ്പെട്ട ഒരു ആചാര്യനുണ്ട് എന്ന പ്രത്യേകത ലോകായതത്തിനും കല്പിക്കാറുണ്ട്. ബൃഹസ്പതിയാണ് ഈ മതത്തിന്റെ ആചാര്യനെന്നും ചാർവ്വാകൻ ബൃഹസ്പതിയുടെ ശിഷ്യനായിരുന്നു എന്നും പറയപ്പെടുന്നു. എങ്കിലും ഈ മതത്തിന്റേതായി പ്രാമാണികഗ്രന്ഥങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ല. ബൃഹസ്പതി രചിച്ച പ്രാമാണിക ലോകഗാഥകളെപ്പറ്റി ചില പരാമർശങ്ങൾ പില്ക്കാലകൃതികളിൽ കാണുന്നുണ്ട്. പക്ഷേ അവ ആ മതവുമായി ബന്ധപ്പെട്ട കൃതികളല്ല എന്നു തന്നെയല്ല, അതിനെ പൂർവ്വപക്ഷമായി കണ്ടുകൊണ്ട് തിരസ്കരിക്കുന്നവയുമാണ്. ചാർവാകസൂത്രം എന്നൊരു പ്രാമാണികഗ്രന്ഥത്തെക്കുറിച്ചും ഇങ്ങനെ ചില സൂചനകൾ ലഭിക്കുന്നുണ്ട്. ആ ഗ്രന്ഥവും ഇന്നു ലഭ്യമല്ല. ചാർവ്വാകമതത്തിന്റെ എതിരാളികള്‍ ആ മതത്തിന്റെ വക്താക്കളായി അവിദ്ധകർണ്ണന്‍, കംബളാശ്വതരന്‍, പുരന്ദരന്‍, ഭട്ടോദ്ഭടന്‍, ഭാവിവിക്തന്‍ എന്നിങ്ങനെ ചിലരെയും പരാമർശിക്കുന്നുണ്ട്. ഈ ഗ്രന്ഥകാരന്മാരെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ഇന്ന് അറിയാനാവുന്നില്ല. 


വ്യവസ്ഥാപിതമായ എല്ലാ മതങ്ങളോടും വിയോജിക്കുന്ന ഭൌതികവാദപരമായ മതമാണ് ചാർവ്വാകം. മറ്റു മതങ്ങൾ ചാർവ്വാകരോടു പുലർത്തുന്ന നിലപാടും അതുതന്നെ. വൈദികമതങ്ങൾ മാത്രമല്ല, ബൗദ്ധജൈനമതങ്ങളും ഇതിലെ ഭൂതവാദപരമായ ആശയങ്ങളെ എതിർക്കുകയാണു ചെയ്യുന്നത്. എങ്കിലും മറ്റു ദർശനങ്ങളെ സംബന്ധിച്ച അത്തരം കൃതികളിലാണ് ഈ ദർശനത്തെ മനസ്സിലാക്കാനുതകുന്ന എന്തെങ്കിലും പരാമർശങ്ങളുള്ളത്. പതിന്നാലാം നൂറ്റാണ്ടിലുണ്ടായ സായണ മാധവാചാര്യരുടെ സർവ്വദർശനസംഗ്രഹം എന്ന കൃതിയില്‍ ആദ്യത്തേതായി നല്കിയിരിക്കുന്നത് ലോകായതദർശനത്തെക്കുറിച്ചുള്ള വിചാരങ്ങളാണ്. ബുദ്ധ-ജൈനമതസംബന്ധിയായ കൃതികളിലും ലോകായതത്തെ സൂചിപ്പിക്കുന്ന പരാമർശങ്ങളുണ്ട്. രാമായണം, മഹാഭാരതം, നൈഷധീയചരിതം, പ്രബോധചന്ദ്രോദയം തുടങ്ങിയ ഇതിഹാസ-സാഹിത്യകൃതികളിലും പുരാണങ്ങളിലും ലോകായതത്തെപ്പറ്റി പറയുന്നുണ്ട്. കൌടില്യന്റെ അർത്ഥശാസ്ത്രവും വാത്സ്യായനന്റെ കാമസൂത്രവും ലോകായതതത്ത്വങ്ങള്‍ സൂചിപ്പിക്കുന്നു. പല ഗ്രന്ഥങ്ങളില്‍ക്കാണുന്ന ഇത്തരം സൂചനകളെ അടിസ്ഥാനമാക്കി ഈ ദർശനത്തെക്കുറിച്ച് പില്ക്കാലത്തു ബലപ്പെട്ട ധാരണകള്‍ എന്തൊക്കെയാണെന്നു നോക്കാം.


2. ഇതരമതനിരാസം 


വേദങ്ങളെ നിരസിക്കുന്നത് നാസ്തികമതങ്ങളുടെ പൊതുസ്വഭാവമാണ്. ലോകായതരാകട്ടെ ഒരു പടി കൂടി കടന്ന്, വേദങ്ങളെ വിമർശിക്കുക മാത്രമല്ല, രൂക്ഷമായി പരിഹസിക്കുകയും ചെയ്യുന്നുണ്ട്.
അഗ്നിഹോത്രം ത്രയോ വേദാ-
സ്ത്രിദണ്ഡം ഭസ്മഗുണ്ഠനം
ബുദ്ധിപൌരുഷഹീനാനാം
ജീവികാ ധാതൃനിർമ്മിതാ

(അഗ്നിഹോത്രം തുടങ്ങിയ യാഗങ്ങൾ, സന്ന്യാസം, ഭസ്മം ധരിക്കൽ മുതലായവയെല്ലാം ബുദ്ധിയും പൗരുഷവും ഇല്ലാത്തവർക്കു ജീവിക്കാനായി നിർമ്മിക്കപ്പെട്ടതാണ്.)
എന്ന് സർവ്വദർശനസംഗ്രഹത്തില് മാത്രമല്ല, കൃഷ്ണമിശ്രന്റെ പ്രബോധചന്ദ്രോദയം നാടകത്തിലും ലോകായതരുടെ മതമായി ഉദ്ധരിക്കുന്നു. വേദങ്ങള്ക്കെതിരേ ഇതിലും കടുത്ത വിമർശനങ്ങളും അവർ ഉന്നയിക്കുന്നുണ്ട്:
ത്രയോ വേദസ്യ കർത്താരോ
ഭണ്ഡധൂർത്തനിശാചരാഃ
ജർഫരീ തുർഫരീത്യാദി
പണ്ഡിതാനാം വചഃസ്മൃതം

(ചതിയന്മാർ, ധൂർത്തന്മാർ, രാക്ഷസന്മാർ എന്നിങ്ങനെ മൂന്നു തരം ആളുകളാണ് വേദകർത്താക്കൾ. ജർഫരീ, തുർഫരീ എന്നിങ്ങനെ പുലമ്പുന്നതൊക്കെ അവർക്കു പണ്ഡിതവചനങ്ങളാണ്)
എന്ന് അവർ വേദകർത്താക്കളെ നികൃഷ്ടരെന്നും വേദങ്ങളെ നിരർത്ഥവചനങ്ങളെന്നും അപഹസിക്കുന്നു. ഈ ഭർത്സനത്തിനു കാരണമായി അവർ പറയുന്നതിങ്ങനെ:
“അശ്വമേധത്തിൽ പത്നി കുതിരയുടെ ലിംഗം ഉൾക്കൊള്ളണമെന്നും മറ്റും ആ ചതിയന്മാർ പലതും വിധിച്ചിട്ടുണ്ട്. മാംസം കഴിക്കണമെന്ന വിധിയും മറ്റും രാക്ഷസരുടേതുതന്നെ.” (സർവ്വദർശനസംഗ്രഹം)

സർവ്വനിയന്താവായ ഈശ്വരനെയും വേദങ്ങളെയും മാത്രമല്ല, അതിഭൌതികമായ എല്ലാ സങ്കല്പങ്ങളെയും ലോകായതർ നിരസിക്കുന്നു. സ്വർഗ്ഗമോ അപവർഗ്ഗ(മോക്ഷം)മോ പരലോകത്തേക്കു പോകുന്ന ആത്മാവോ ഇല്ലെന്നു വിശ്വസിക്കുന്ന അവർ, ഫലം നല്കുന്ന ക്രിയകളടങ്ങുന്ന വർണ്ണാശ്രമധർമ്മങ്ങളില്ല എന്നു വ്യക്തമാക്കുകയും ചെയ്യുന്നു. വർണ്ണാശ്രമവ്യവസ്ഥയുടെ ഈ നിഷേധം സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്. ബ്രാഹ്മണമതത്തിന്റെ സമ്പൂർണ്ണമായ തിരസ്കാരമാണ് അവിടെയുള്ളത്. യാഗാദികർമ്മങ്ങള്കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന വാദത്തെ സാധൂകരിക്കാന് ലോകായതർ ഉന്നയിക്കുന്ന ചോദ്യം ഇതാണ്:
പശുശ്ചേന്നിഹതഃ സ്വർഗ്ഗം
ജ്യോതിഷ്ടോമേ ഗമിഷ്യതി
സ്വപിതാ യജമാനേന
തത്ര കസ്മാന്ന ഹിംസ്യതേ?

(ജ്യോതിഷ്ടോമത്തിൽ കൊല ചെയ്യപ്പെടുന്ന മൃഗം സ്വർഗ്ഗത്തിലേക്കു പോകും എന്നാണെങ്കിൽ യാഗം നടത്തുന്ന യജമാനൻ എന്തുകൊണ്ടു സ്വന്തം പിതാവിനെ കൊല്ലുന്നില്ല?)
പരലോകത്തിലോ മരണാനന്തരകർമ്മങ്ങളിലോ വിശ്വാസമില്ലാത്ത അവർ യുക്തിചിന്തയിലൂന്നിക്കൊണ്ട് അവയെയെല്ലാം ചോദ്യം ചെയ്യുന്നു.
മൃതാനാമപി ജന്തൂനാം
ശ്രാദ്ധം ചേത് തൃപ്തികാരണം
ഗച്ഛതാമിഹ ജന്തൂനാം
വ്യർത്ഥം പാഥേയകല്പനം

(മരിച്ചവർക്ക് ശ്രാദ്ധംകൊണ്ടു തൃപ്തി കിട്ടുമെങ്കിൽ ഇവിടെ യാത്ര ചെയ്യുന്നവർ പൊതിച്ചോറു കൈയിൽ കരുതുന്നത് അർത്ഥശൂന്യമാണ്)
എന്നു പരിഹസിക്കുകയും,
യദി ഗച്ഛേത് പരം ലോകം
ദേഹാദേഷവിനിർഗ്ഗതഃ
കസ്മാദ്ഭൂയോ ന ചായാതി
ബന്ധുസ്നേഹസമാകുലഃ?

(മരിച്ചു ദേഹം വിട്ടു പോയയാൾ പരലോകത്തു ചെല്ലുമെങ്കിൽ ബന്ധുസ്നേഹത്തിൽ ഉത്കണ്ഠപ്പെട്ട് അവരെന്താണു വീണ്ടും ഇങ്ങോട്ടു മടങ്ങിവരാത്തത്?)
എന്നു സംശയമുന്നയിക്കുകയും ചെയ്യുന്ന ലോകായതദാർശനികർ,
തതശ്ച ജീവനോപായോ
ബ്രാഹ്മണൈർ വിഹിതാസ്ത്വിഹ
മൃതാനാം പ്രേതകാര്യാണി
ന ത്വന്യദ് വിദ്യതേ ക്വചിത്

(ബ്രാഹ്മണർ മരിച്ചു പോയവർക്ക് ശേഷക്രിയകൾ വിധിച്ചത് തങ്ങൾക്കു ജീവനോപായം എന്ന നിലയിലാണ്. മറ്റുള്ളതൊന്നും ആരും അറിയുന്നില്ല.)
എന്നിങ്ങനെ ഈ വിശ്വാസങ്ങള് അടിച്ചേല്പിച്ചത് ബ്രാഹ്മണരുടെ കൌശലമാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

ബൗദ്ധ- ജൈനമതങ്ങളോടുള്ള വിയോജിപ്പും അവർ വ്യക്തമാക്കുന്നുണ്ട്. സന്ന്യാസജീവിതം, നഗ്നരായി കാലം കഴിക്കുക
എന്ന ആചാരം, ഉപവാസത്തിലൂടെയും തപസ്സിലൂടെയും ശരീരത്തെ ക്ലേശിപ്പിക്കുന്ന രീതി എന്നിവയോടൊന്നും അവർക്കു യോജിപ്പില്ല.
നഗ്ന ശ്രമണക ദുർബുദ്ധേ!
കായക്ലേശപരായണ!
ജീവികാർത്ഥേപി ചാരംഭേ
കേന ത്വം അപി ശിക്ഷിതഃ?
(ജയരാശിഭട്ടൻ, തത്ത്വോപപ്ലവസിംഹം)
(ഹേ നഗ്നസന്യാസീ, ഹേ ഭിക്ഷു! ഹേ ദുർബുദ്ധീ! ശരീരത്തെ ക്ലേശിപ്പിക്കുന്നതിന് ഒരുമ്പെടുന്നവനേ! ഈ ജീവിതരീതി ആരാണു നിങ്ങളെ പഠിപ്പിച്ചത്?)
എന്നാണ് ലോകായതർ ബൗദ്ധ-ജൈനഭിക്ഷുക്കളോടു ചോദിക്കുന്നത്.

സ്വാഭാവികമായും പുനർജന്മത്തിലോ കർമ്മബന്ധത്തിലോ സംസാരസങ്കല്പത്തിലോ അവർ വിശ്വസിക്കുന്നില്ല.
പരലോകത്തെക്കുറിച്ചറിയാന് പ്രമാണങ്ങളൊന്നുംതന്നെയില്ല എന്നതുകൊണ്ട് പരലോകമില്ല എന്നു സിദ്ധിക്കുന്നു (“പരലോകാസിദ്ധൌ പ്രമാണാഭാവാത്”- വാദിദേവസൂരിയുടെ സ്യാദ് വാദരത്നാകരം, മാധവസരസ്വതിയുടെ സർവ്വദർശനകൌമുദി)
എന്നും
പരലോകത്തു വസിക്കുന്നവർ ഇല്ലാത്തതുകൊണ്ടു പരലോകവുമില്ല (“പരലോകിനോഭാവാത് പരലോകാഭാവഃ”- തത്ത്വസംഗ്രഹപഞ്ജിക, ജയരാശിഭട്ടന്റെ തത്ത്വോപപ്ലവസിംഹം)
എന്നും
പരലോകത്തുവസിക്കുന്നവരുടെ ബോധം നിരവയവയമായതുകൊണ്ട്, അതായത് നിലനില്ക്കാനാവശ്യമായ മൂർത്തവസ്തുക്കളില്ലാത്തതുകൊണ്ട് പരലോകമില്ല (“പരലോകിചൈതന്യം നിരവയവത്വാത്”- സ്യാദ് വാദരത്നാകരം ) എന്നും ലോകായതർ സമർത്ഥിക്കുന്നതായി ചില ഗ്രന്ഥങ്ങളില്ക്കാണാം.

ഇതുകൊണ്ടൊക്കെത്തന്നെ മതപരമായ അനുഷ്ഠാനങ്ങളെല്ലാം അർത്ഥശൂന്യമാണെന്ന് അവർ വാദിക്കുന്നു. “മതപരമായ കർമ്മങ്ങൾ അനുഷ്ഠിക്കരുത്” (“ന ധർമ്മാംശ്ചരേത്”) എന്ന ചാർവ്വാകരുടെ വിധി വാത്സ്യായനന്റെ കാമസൂത്രത്തിൽ എടുത്തുപറയുന്നുണ്ട്.

3. പ്രത്യക്ഷപ്രാധാന്യവാദം

വേദങ്ങളെ അംഗീകരിക്കുന്ന മീമാംസകരുടെയും വേദാന്തികളുടെയും കൃതികളില് ലോകായതദർശനത്തിലെ വേദനിരാസത്തിനാണു കൂടുതല് പ്രാധാന്യം നല്കിക്കാണുന്നത്. അവർ അതിനെ പൂർവ്വപക്ഷമായി ഉന്നയിക്കുകയും തുടർന്ന് അതിനെ ഖണ്ഡിച്ചുകൊണ്ടു സ്വമതം സ്ഥാപിക്കുകയും ചെയ്യുന്നു. ഇതിനപ്പുറം ഈ ദർശനത്തിന്റെ വിശദാംശങ്ങള് അധികം ലഭ്യമല്ല. മറ്റു കൃതികളിലെ ചില സൂചനകളില്നിന്ന് അതിന്റെ സാമാന്യരൂപം ഊഹിക്കാമെന്നേയുള്ളൂ. മേല്പത്തൂർ നാരായണഭട്ടതിരിയുടെ മാനമേയോദയത്തില് വിവിധദർശനങ്ങളിലെ പ്രമാണങ്ങളെപ്പറ്റി പറയുന്നിടത്ത്, ‘ചാർവ്വാകാസ്താവദേകം’ എന്നു സൂചിപ്പിക്കുന്നുണ്ട്. അതായത്, ചാർവ്വാകർക്ക് ഒരു പ്രമാണമേയുള്ളൂ. പ്രത്യക്ഷം (perception) എന്നൊരു പ്രമാണത്തെ മാത്രമേ അവർ അംഗീകരിക്കുന്നുള്ളൂ എന്നർത്ഥം. പ്രത്യക്ഷം മാത്രമാണ് പ്രമാണം (പ്രത്യക്ഷം ഏവ പ്രമാണം) എന്നു തത്ത്വസംഗ്രഹപഞ്ജികയിലും ജിനഭദ്രന്റെ വിശേഷാവശ്യകഭാഷ്യത്തിലും ലോകായതരുടെ ഈ നിലപാട് എടുത്തുപറയുന്നു. ഇന്ദ്രിയാനുഭവങ്ങളിലൂടെ ലഭിക്കുന്ന ജ്ഞാനമാണ് പ്രത്യക്ഷജ്ഞാനം. പ്രത്യക്ഷം ബാഹ്യം, ആഭ്യന്തരം എന്നു രണ്ടു വിധമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ജ്ഞാനം ബാഹ്യവും മനസ്സിന്റെ പ്രവർത്തനഫലമായി ലഭിക്കുന്ന ജ്ഞാനം ആഭ്യന്തരവുമാണ്. എന്നാൽ ന്യായദർശനത്തെപ്പോലെ മനസ്സിനെ ഒരിന്ദ്രിയമായി ലോകായതർ കണക്കാക്കുന്നില്ല. അതുകൊണ്ട് ബാഹ്യമായ ഇന്ദ്രിയജ്ഞാനത്തെ മാത്രമാണ് അവർ അംഗീകരിക്കുന്നത് എന്നു വരുന്നു. ഇന്ദ്രിയാതീതമായ അറിവുകളെ അവർ നിരസിക്കുന്നു. മറ്റൊരു പ്രമാണമായ അനുമാനത്തെ സംബന്ധിച്ചു ലോകായതരുടെ വീക്ഷണം എന്താണെന്നതിനെപ്പറ്റി സംശയം തോന്നാം. ‘പർവ്വതത്തിൽ പുകയുണ്ട്; അതുകൊണ്ട് അതിനു കാരണമായ തീയും അവിടെയുണ്ട്’ എന്നൂഹിക്കുന്നതാണ് അനുമാനം എന്ന പ്രമാണം. ഭൌതികലോകത്തില് പ്രസിദ്ധമായ കാര്യകാരണബന്ധത്തെ അടിസ്ഥാനമാക്കിയാണ് അനുമിച്ചറിയുന്നതെങ്കില് അതു സ്വീകരിക്കണമെന്നും ഇത്തരത്തില് ഊഹിച്ചറിയുന്നത് അതിഭൌതികമായ സംഗതികളാണെങ്കില് തിരസ്കരിക്കണമെന്നുമാണ് അവരുടെ നിലപാടെന്ന്, അജ്ഞാതകർത്തൃകമെങ്കിലും പ്രസിദ്ധമായ സർവ്വമതസംഗ്രഹം എന്ന ഗ്രന്ഥത്തിലുണ്ട്. എന്നാല്, അനുമാനം പ്രമാണമല്ല (നാനുമാനം പ്രമാണം) എന്നാണു ലോകായതരുടെ അഭിപ്രായമെന്നു ബൗദ്ധപണ്ഡിതനായ കമലശീലന്റെ തത്ത്വസംഗ്രഹപഞ്ജികയിൽ എടുത്തുപറയുന്നു. ലോകായതരില്ത്തന്നെ ഇത്തരത്തില് വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ളവർ ഉണ്ടാവാനും സാദ്ധ്യതയുണ്ട്. എന്തായാലും ശബ്ദം അഥവാ ആപ്തവാക്യം തുടങ്ങിയ മറ്റു പ്രമാണങ്ങളെ നിരസിക്കുന്നതില് ഇങ്ങനെയുള്ള അഭിപ്രായഭേദങ്ങള് കാണുന്നില്ല. ശബ്ദപ്രമാണത്തിന്റെ നിരാകരണത്തിലൂടെ വേദങ്ങളെയും ബ്രാഹ്മണദർശനത്തെയും അവർ പൂർണ്ണമായും തള്ളിക്കളയുന്നു.

4. ദേഹവാദവും സ്വഭാവവാദവും

പ്രപഞ്ചത്തിന്റെ ഉത്പത്തിയെയും അതിന്റെ ഘടനയെയും സംബന്ധിച്ച ലോകായതരുടെ കാഴ്ചപ്പാടും പൂർണ്ണമായും ഭൌതികമാണ്. നാലു ഭൂതങ്ങളെയാണ് അവർ പ്രപഞ്ചത്തിന്റെ ആധാരഘടകങ്ങളായി കരുതുന്നത്.
അത്ര ചത്വാരിഭൂതാനി
ഭൂമിവാര്യനലാനിലാഃ
ചതുർഭ്യഃ ഖലു ഭൂതേഭ്യ-
ശ്ചൈതന്യമുപജായതേ

(ഭൂമി, ജലം, അഗ്നി, വായു എന്നിങ്ങനെ നാലു ഭൂതങ്ങളാണുള്ളത്. ഇവ ഒന്നിച്ചു ചേരുമ്പോൾ ചൈതന്യം അഥവാ ജീവൻ ഉണ്ടാകുന്നു.)
എന്നു സർവ്വദർശനസംഗ്രഹത്തില് വ്യക്തമാക്കുന്നുണ്ട്. ജൈനദാർശനികനായ ഹരിഭദ്രന്റെ ലോകതത്ത്വനിർണ്ണയം എന്ന കൃതിയിലും കമലശീലന്റെ മധ്യമകാലങ്കാരപഞ്ജിക എന്ന കൃതിയിലും ഇതേ കാര്യം ‘പൃഥിവ്യാപസ്തേജോവായുരിതി തത്ത്വാനി’ എന്നു ലോകായതരുടെ കാഴ്ചപ്പാട് എന്ന നിലയിൽ സൂചിപ്പിക്കുന്നു. ഇവയുടെ സംയോജനത്തെ ശരീരം, ഇന്ദ്രിയം, വിഷയം എന്നിങ്ങനെ വിളിക്കുന്നു. (‘തത്സമുദായേ ശരീരേന്ദ്രിയവിഷയസംജ്ഞാഃ’ – കമലശീലൻ, തത്ത്വസംഗ്രഹപഞ്ജിക). അതായത് ശരീരവും ഇന്ദ്രിയങ്ങളും വസ്തുക്കളുമുണ്ടാകുന്നത് ഈ നാലു ഭൂതങ്ങളുടെ സംയോഗംകൊണ്ടാണ്. അതിൽനിന്നു ബോധം അഥവാ ചൈതന്യം ഉണ്ടാകുന്നു. (‘തേഭ്യശ്ചൈതന്യം’ – തത്ത്വസംഗ്രഹപഞ്ജിക) ധാന്യം തുടങ്ങിയ ദ്രവ്യങ്ങൾ ചേരുമ്പോൾ ലഹരിയുണ്ടാകുന്നതു പോലെ (‘കിണ്വാദിഭ്യഃ സമേതേഭ്യോ/ ദ്രവ്യേഭ്യോ മദശക്തിവത്’ – സർവ്വദർശനസംഗ്രഹം, ‘കിണ്വാദിഭ്യോ മദശക്തിവത്’ – ലോകതത്ത്വനിർണ്ണയം) ഭൗതികമായ ഒരു പ്രക്രിയയാണിത്. ചൈതന്യം ചേർന്ന ശരീരംതന്നെയാണ് ആത്മാവ്.(‘ചൈതന്യവിശിഷ്ടഃ കായഃ പുരുഷഃ’ – ലോകതത്ത്വനിർണ്ണയം) ആത്മാവിനെ വെള്ളത്തിലെ കുമിളയോടാണ് ചാർവ്വാകർ ഉപമിക്കുന്നത്. (‘ജലബുദ്ബുദജ്ജീവാഃ’ – ലോകതത്ത്വനിർണ്ണയം) ആത്മാവിന്റെ അതിഭൌതികമായ നിലയെ അവർ അംഗീകരിക്കുന്നില്ല. സർവ്വദർശനസംഗ്രഹത്തില് ഇങ്ങനെ കാണാം:
ദേഹഃ സ്ഥൌല്യാദിയോഗാച്ച
സ ഏവാത്മാ ന ചാപരഃ
മമ ദേഹോയമിത്യുക്തിഃ
സംഭവേദൌപചാരികീ

(സ്ഥൂലത തുടങ്ങിയവ ചേർന്ന ദേഹം അഥവാ ശരീരം തന്നെയാണ് ആത്മാവ്. എന്റെ ദേഹം എന്നൊക്കെ പറയുന്നത് ഔപചാരികമായാണ്.)
ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തില്, ഇക്കാര്യത്തെ സംബന്ധിച്ച് ലോകായതരില്ത്തന്നെയുള്ള ചില മതഭേദങ്ങള് കാണാം:
“ചൈതന്യസഹിതമായ ദേഹംതന്നെ ആത്മാവ് എന്ന് ശാസ്ത്രജ്ഞാനമില്ലാത്ത സാമാന്യജനങ്ങളും ലോകായതികന്മാരെന്നു പറയപ്പെടുന്ന ചാർവ്വാകന്മാരും വിചാരിക്കുന്നു. ചേതനങ്ങളായ ഇന്ദ്രിയങ്ങള്തന്നെ ആത്മാവെന്ന് അവരില് വേറേ ചിലർ ധരിക്കുന്നു. മനസ്സാണാത്മാവെന്ന് അവരില്ത്തന്നെ മറ്റു ചിലർ.” (പണ്ഡിറ്റ് പി. ഗോപാലന് നായർ, ബ്രഹ്മസൂത്രശങ്കരഭാഷ്യഭാഷാനുവാദം, പു. 17- 18)
ആത്മാവ് ശരീരം തന്നെയാണെന്നും ഇന്ദ്രിയങ്ങളാണെന്നും മനസ്സാണെന്നും സൂക്ഷ്മവ്യത്യാസമുള്ള വാദങ്ങള് ലോകായതർക്കിടയില്ത്തന്നെ ഉണ്ടായിരുന്നു എന്നാണല്ലോ ഇതു സൂചിപ്പിക്കുന്നത്. അപ്പോഴും അത് അതിഭൌതികമായ സങ്കല്പനങ്ങളിലേക്കു പോകുന്നില്ല. ശരീരത്തിനു പ്രാധാന്യം നല്കുന്ന ഈ കാഴ്ചപ്പാടിനെ ദേഹവാദം എന്നാണു വ്യവഹരിക്കാറുള്ളത്.

ഇത്തരത്തില് അതിഭൌതികശക്തികളൊന്നുമില്ലെങ്കില് പ്രകൃതിയിലെ ചലനങ്ങള്ക്കും അതിന്റെ ഗുണധർമ്മങ്ങള്ക്കും അടിസ്ഥാനമെന്താണ്? “അഗ്നിക്കു ചൂടുണ്ടെന്നും ജലത്തിനു തണുപ്പുണ്ടെന്നും വായുവിനു ചൂടും തണുപ്പുമില്ലെന്നുമൊക്കെ വരുന്നത് പ്രകൃതിയുടെ സ്വഭാവംകൊണ്ടാണ്” (സർവ്വദർശനസംഗ്രഹം) എന്നാണ് ചാർവ്വാകരുടെ വിശദീകരണം. അതായത് ഇക്കാണുന്ന പ്രപഞ്ചത്തിനാധാരമായി മറ്റൊരു സത്തയില്ല. മനുഷ്യരിലും ശരീരമാണു പരമപ്രധാനം. ബാക്കിയൊക്കെ പ്രകൃതിനിയമമാണെന്നാണ് ചാർവ്വാകപക്ഷം. ഇതാണ് അവരുടെ സ്വഭാവവാദം. ബുദ്ധമതത്തിലെ യോഗാചാരവിഭാഗത്തിൽപ്പെട്ട ജ്ഞാനശ്രീഭദ്രന്റെ ആര്യാലങ്കാവതാരാ-വൃത്തി എന്ന കൃതിയിൽ ചാർവ്വാകദർശനത്തിന്റേതായിക്കാണുന്ന ചില സങ്കല്പനങ്ങളുണ്ട്. “ജന്മനാ തന്നെയുള്ള വൈചിത്ര്യത്താലാണ് ഈ ലോകം വിചിത്രമായിക്കാണുന്നത്” (“ജന്മവൈചിത്ര്യഭേദാജ്ജഗദപി വിചിത്രം”) എന്നും “അതു മയിൽപ്പീലിയിലെ കണ്ണുകൾ പോലെയാണ്” (“മയൂരചന്ദ്രകവത്”) എന്നും ആ ഗ്രന്ഥത്തിൽ പറയുന്നു. സ്വഭാവവാദത്തിന്റെ വിശദീകരണമാണിത്.

5. ജീവിതവീക്ഷണം

ഇതിഹാസപുരാണങ്ങളിലും ഇതരകാവ്യങ്ങളിലും ചാർവ്വാകദർശനം പിന്തുടരുന്നവരെ പ്രതികഥാപാത്രങ്ങളായാണ് അവതരിപ്പിക്കാറുള്ളത്. ശ്രീഹർഷന്റെ നൈഷധീയചരിതത്തില് ചാർവ്വാകന്മാരെ കലിയുടെ അനുയായികളായി കല്പിക്കുന്നത് ഉദാഹരണം. ഈശ്വരനിഷേധികള് എന്നതു മാത്രമല്ല, അനഭിലഷണീയമായ ജീവിതവീക്ഷണം പിന്തുടരുന്നവർ എന്ന ആരോപണവും ഇതിനു കാരണമാണ്. ഇതരമതങ്ങളില്നിന്നു ഭിന്നമായ ധർമ്മബോധമാണ് ചാർവ്വാകർക്കുള്ളത് എന്ന് അത്തരം കൃതികളില് സൂചിപ്പിക്കപ്പെടുന്നു. ഈ ദർശനത്തിന്റെ ധർമ്മബോധത്തെക്കുറിച്ചും ചില പരാമർശങ്ങള്‍ മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളത്.
യാവജ്ജീവം സുഖം ജീവേത്
ഋണം കൃത്വാ ഘൃതം പിബേത്
ഭസ്മീഭൂതസ്യ ദേഹസ്യ
പുനരാഗമനം കുതഃ?

(ജീവിക്കുന്ന കാലത്ത് സുഖമായി ജീവിക്കുക. കടം വാങ്ങിയിട്ടാണെങ്കിലും നെയ്യു കഴിക്കുക. ഭസ്മമായിപ്പോകുന്ന ശരീരം എങ്ങനെ തിരിച്ചു വരാനാണ്?)
എന്നാണ് ലോകായതരുടെ ജീവിതദർശനമെന്ന് മാധവാചാര്യർ സൂചിപ്പിക്കുന്നു.
“ദുഃഖംകൂടി കലർന്നതാണെന്നുവച്ച് മനുഷ്യർ വിഷയസുഖം ഉപേക്ഷിക്കണം എന്നു വിചാരിക്കുന്നവർ വിഡ്ഢികളാണ്. ഉമി പുരണ്ടിട്ടുണ്ട് എന്നു കരുതി ആരെങ്കിലും ഒന്നാന്തരം വെളുത്ത ചോറു വേണ്ടെന്നു വയ്ക്കുമോ?”
എന്നതാണ് ഈ കാഴ്ചപ്പാടിന് അടിസ്ഥാനമായ യുക്തി.

ഭാവവിവേകന്റെ പ്രജ്ഞാപ്രദീപവൃത്തിയിൽ ചാർവ്വാകരുടെ ജീവിതവീക്ഷണം പരാമർശിക്കുന്നതിങ്ങനെയാണ്:
പിബ ഖാദ ച ചാരുലോചനേ
യദതീതാം വരഗാത്രി! തന്ന തേ
നഹി ഭീരു! ഗതം നിവർത്തതേ
സമുദായമാത്രമിദം കളേബരം

(ഹേ സുന്ദരീ! തിന്നുകയും കുടിക്കുകയും ചെയ്യുക. ശ്രേഷ്ഠമായ ശരീരമുള്ളവളേ! കഴിഞ്ഞു പോയ കാലം നിന്റേതല്ല. അക്കാലം തിരിച്ചു വരികയുമില്ല. ഈ ശരീരമെന്നത് ഒരു ചേർത്തുവയ്ക്കൽ മാത്രമാണ്.)
ജീവിതം ക്ലേശിപ്പിക്കാനുള്ളതല്ല, പകരം ആനന്ദിക്കാനുള്ളതാണ് എന്ന് അവർ കരുതുന്നു.

ചുരുക്കത്തില്, ബ്രാഹ്മണരുടെ വേദങ്ങളെയും വർണ്ണാശ്രമധർമ്മങ്ങളെയും എല്ലാ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളെയും നിരസിക്കുകയും ഇന്ദ്രിയജ്ഞാനത്തിനുതകുന്ന പ്രത്യക്ഷപ്രമാണത്തെ പ്രധാനമായി കാണുകയും പ്രപഞ്ചത്തിന്റെയും ശരീരത്തിന്റെയും ഭൌതികതയ്ക്കു പ്രാധാന്യം നല്കുകയും സുഖജീവിതമെന്നതിനെ ജീവിതാദർശമായി ഉയർത്തിക്കാണിക്കുകയും ചെയ്യുന്ന ദർശനമാണ് ലോകായതം എന്നാണു സർവ്വദർശനസംഗ്രഹം തുടങ്ങിയ കൃതികളിലെ സൂചനകളില്നിന്നു നമുക്കു ലഭ്യമാകുന്ന സാമാന്യജ്ഞാനം.

പ്രധാനമായും സായണ മാധവാചാര്യർ ലോകായതത്തിന്റേതായി അവതരിപ്പിക്കുന്ന ഈ നിലപാടിൽ, ലോകായതം എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ കർത്താവായ ദേബീപ്രസാദ് ചതോപാദ്ധ്യായയും ചാർവ്വാകസൂത്രങ്ങള് സമാഹരിക്കാന് യത്നിച്ച രാമകൃഷ്ണ ഭട്ടാചാര്യയും സംശയം പ്രകടിപ്പിക്കുന്നുണ്ട്. സ്വമതസ്ഥാപനത്തിനു കെട്ടുറപ്പു നല്കാനായി തങ്ങള്ക്കെതിർക്കാവുന്ന ആശയങ്ങള് കൂട്ടിച്ചേർത്ത് പൂർവ്വപക്ഷങ്ങളെ ലളിതവത്കരിക്കുന്നത് ഇത്തരം കൃതികളില് സാധാരണമാണ്. മാത്രമല്ല മാധവാചാര്യരുടെ കാലമാകുമ്പോഴേക്കും ഈ ദർശനത്തെ സംബന്ധിച്ച ഗ്രന്ഥങ്ങളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. ചാർവ്വാകരുടെ ജീവിതവീക്ഷണത്തെപ്പറ്റിയുള്ള മറ്റു ചില പരാമർശങ്ങള്കൂടി പരിഗണിക്കാവുന്നതാണ്. സദാനന്ദ കാശ്മീരകന്റെ അദ്വൈതബ്രഹ്മസിദ്ധിയില്, “കാമമാണ് ഒരേയൊരു പുരുഷാർത്ഥം” (കാമഃ ഏവൈകഃ പുരുഷാർത്ഥഃ) എന്ന ചാർവ്വാകരുടെ മതത്തെപ്പറ്റി സൂചിപ്പിക്കുന്നു. എന്നാല്, അർത്ഥവും കാമവുമാണ് പുരുഷാർത്ഥങ്ങള് (“അർത്ഥകാമൌ പുരുഷാർത്ഥൌ”) എന്നാണ് അവരുടെ കാഴ്ചപ്പാടെന്ന് കൃഷ്ണമിശ്രന്റെ പ്രബോധചന്ദ്രോദയത്തിലും സർവ്വദർശനസംഗ്രഹത്തിലും പറയുന്നു. മറ്റൊന്ന് മോക്ഷത്തെപ്പറ്റിയുള്ള നിലപാടാണ്. മരണം തന്നെയാണ് മോക്ഷം (“മരണം ഏവാപവർഗ്ഗഃ”) എന്നാണ് അദ്വൈതബ്രഹ്മസിദ്ധിയില് കാണുന്ന ചാർവ്വാകവീക്ഷണം. ഇവിടെ മറ്റൊരു പ്രധാനകാര്യം കണക്കിലെടുക്കണം. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്ന പുരുഷാർത്ഥസങ്കല്പംതന്നെ ബ്രാഹ്മണികമാണെന്നാണ് രാമകൃഷ്ണ ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നത്. ആ സങ്കല്പനം ചാർവ്വാകർ ഉപയോഗിക്കാന് സാദ്ധ്യതയില്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ആ നിലയ്ക്ക് ചാർവ്വാകദർശനത്തെ തങ്ങളുടേതായ നിലയില് വ്യാഖ്യാനിക്കുകയാണ് അതിനെ പൂർവ്വപക്ഷമായിക്കാണുന്നവരുടെ ഗ്രന്ഥങ്ങളിലുള്ളത് എന്നു വ്യക്തം. എന്തായാലും വേദങ്ങളിലെ ജന്തുഹിംസയെ എതിർക്കുന്ന ചാർവ്വാകരുടെ ജീവിതവീക്ഷണം അഹിംസാവിരുദ്ധമോ അധമമോ ആവാന് സാദ്ധ്യതയില്ല.

6. വികാസത്തിന്റെ ഇതരമാനങ്ങള്‍

ദേബീപ്രസാദ് ചതോപാദ്ധ്യായ ലോകായതദർശനത്തെ കുറേക്കൂടി വിശാലമായ അർത്ഥത്തിലാണ് സമീപിക്കുന്നത്. അസുരന്മാരുടെ കാഴ്ചപ്പാട് എന്ന നിലയിൽ ഉപനിഷത്തുകളിൽ കാണുന്ന പരാമർശങ്ങൾ ലോകായതത്തിന്റേതായി പരിഗണിക്കുന്ന അദ്ദേഹം ഈ ദർശനത്തിന്റെ പ്രാചീനതയ്ക്കു തെളിവാണതെന്നു കരുതുന്നു. പ്രാചീനലോകായതത്തിന്റേതായി നാം കാണുന്ന ഒരു പ്രധാനസവിശേഷതയാണ് ദേഹവാദം. ദേഹത്തെ- ശരീരത്തെ- പ്രപഞ്ചത്തിന്റെ സൂക്ഷ്മഘടകമായി കരുതുന്ന കാഴ്ചപ്പാടാണത്. സ്ത്രീപുരുഷസംയോഗത്തിലൂടെയാണ് പ്രപഞ്ചമുണ്ടായത് എന്ന വാദവും ഇതിന്റെ ഭാഗമാണ്. പ്രാചീനകാലത്ത് ലോകായതത്തിൽ അനുഷ്ഠാനങ്ങൾക്കുണ്ടായിരുന്ന പ്രാധാന്യം അതിനെ ആധുനികമായ അർത്ഥത്തിലുള്ള ഭൗതികവാദത്തിൽനിന്നു വ്യത്യസ്തമാക്കുന്നു. താന്ത്രികമതത്തിന്റെ ആവിർഭാവം മാതൃപൂജയ്ക്കും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങൾക്കും ഇടംനല്കുന്ന ലോകായതത്തിൽനിന്നാണ് എന്നു ദേബീപ്രസാദ് ചതോപാദ്ധ്യായ കരുതുന്നു. മനുഷ്യരുടെ പുനരുത്പാദനരീതിയെ മാതൃരൂപമായ പ്രകൃതിയിൽ ആരോപിക്കുക എന്നതാണ് പ്രാചീന കാർഷികാനുഷ്ഠാനങ്ങളുടെ ഒരു സ്വഭാവം. മനുഷ്യശരീരത്തെ പ്രപഞ്ചത്തിന്റെ സൂക്ഷ്മഘടകമായി കരുതുന്ന ദേഹവാദവും അതിന്റെ പുനരുത്പാദനരീതിയെ പ്രകൃതിയില് ആരോപിക്കുന്ന കാർഷികാനുഷ്ഠാനങ്ങളും അങ്ങനെ പരസ്പരപൂരകമാകുന്നു. എങ്കിലും ഈശ്വരന്, ആത്മാവ്, അപരലോകം തുടങ്ങിയ സങ്കല്പങ്ങള്ക്ക് ഈ വിശ്വാസങ്ങളില് ഇടമുണ്ടായിരുന്നില്ല. അത്തരത്തില് ഇതിനു ഭൌതികവാദസ്വഭാവമുണ്ട്. ആദിമസമൂഹങ്ങളില് മന്ത്രവാദവും ശാസ്ത്രവും തമ്മില് ഇഴ പിരിക്കാനാവാത്ത ബന്ധമുണ്ടായിരുന്നു എന്നതുകൂടി പരിഗണിക്കുമ്പോള് ഈ പ്രാചീനദർശനത്തെ അപ്പോഴും ഒരുതരം ഭൌതികവാദമായിത്തന്നെ കരുതാം എന്നാണ് ദേബീപ്രസാദ് ചതോപാദ്ധ്യായയുടെ നിരീക്ഷണം. കാലിമേയ്ക്കലിനും പിതൃദായക്രമത്തിനും പ്രാധാന്യമുണ്ടായിരുന്ന വൈദികസമൂഹത്തിൽനിന്നു ഭിന്നമായി കൃഷിക്കും മാതൃദായക്രമത്തിനും പ്രചാരമുണ്ടായിരുന്ന അവൈദികപാരമ്പര്യമാണ് ലോകായതത്തിന്റെ ഉറവിടം എന്നാണ് അദ്ദേഹം വാദിക്കുന്നത്. താന്ത്രികമതത്തിന് അടിസ്ഥാനമായ ആദിമഭൗതികവാദമാണ് പിന്നീടു സാംഖ്യദർശനമായി വികസിക്കുന്നത് എന്നും അദ്ദേഹം സമർത്ഥിക്കുന്നു.

ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില് ജീവിച്ച ജയരാശി ഭട്ടന്റെ തത്ത്വോപപ്ലവസിംഹം എന്ന കൃതി ലോകായതപാരമ്പര്യത്തിലുള്ളതാണെന്ന് ചില പണ്ഡിതർ കരുതുന്നു. 1924 ല് ഈ കൃതി കണ്ടെത്തിയ സുഖലാല്ജി സാങ്ഖ്വിയും രസികലാല് സി. പരീഖും, “ഇന്നവശേഷിക്കുന്ന ഒരേയൊരു ലോകായതഗ്രന്ഥം” എന്നാണ് ഈ കൃതിയെ പരിചയപ്പെടുത്തുന്നത്. പരമ്പരാഗതമായ ലോകായതദർശനത്തെ വികസിപ്പിക്കുകയും ലോകായതരിലെ ഒരു പ്രത്യേകവിഭാഗത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന കൃതിയാണിതെന്നാണ് അവരുടെ പക്ഷം. ജയരാശി ഭട്ടന് ദക്ഷിണേന്ത്യക്കാരനാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ജ്ഞാനശാസ്ത്രപരമായ എല്ലാ തത്ത്വങ്ങളെയും ഖണ്ഡിക്കുകയും അറിവു നേടാനുള്ള എല്ലാ പദ്ധതികളും അതിന് അപര്യാപ്തമാണെന്നു വാദിക്കുകയും ചെയ്യുന്ന ഒരു അപൂർവ്വകൃതിയാണിത്. ഗ്രന്ഥത്തില് പലയിടത്തും ബൃഹസ്പതിയുടെ മതത്തെ ജയരാശി ഭട്ടന് പിന്തുണയ്ക്കുന്നുണ്ട്. ലോകായതത്തെയും ശാങ്കരാദ്വൈതത്തെയും മാത്രമാണ് ഈ കൃതിയില് വിമർശനവിധേയമാക്കാത്തത്. ശാങ്കരദർശനത്തെ എതിർക്കാത്തതിനു കാരണം, ഈ കൃതി ശങ്കരന്റെ കാലത്തിനു തൊട്ടുമുമ്പ് ഉണ്ടായതുകൊണ്ടാവാം. ലൌകികമാർഗ്ഗമാണ് ഒരേയൊരു മാർഗ്ഗമെന്ന് ജയരാശി സൂചിപ്പിക്കുന്നുമുണ്ട്. ഇന്ദ്രിയാനുഭവങ്ങളിലൂടെ ലഭിക്കുന്ന പ്രത്യക്ഷജ്ഞാനത്തെ മാത്രമാണ് ലോകായതർ അംഗീകരിക്കുന്നത് എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ജയരാശിയുടെ തത്ത്വോപപ്ലവസിംഹമാകട്ടെ, പ്രത്യക്ഷപ്രമാണത്തെയും നിരസിക്കുകയാണു ചെയ്യുന്നത്. ഇന്ദ്രിയങ്ങളിലൂടെ സാമാന്യമായ തത്ത്വങ്ങളിലേക്ക് എത്തിച്ചേരാനാവുകയില്ലെന്നും യഥാർത്ഥ ജ്ഞാനം നേടാനാവുകയില്ലെന്നും വാദിക്കുന്ന ഈ കൃതി പരമ്പരാഗതമായ ജ്ഞാനോപാധികളെ അപ്പാടെ നിരാകരിക്കുന്നു. പദ്ധതിയും സന്ദർഭവും വേറെയാണെങ്കിലും ഇമ്മാനുവൽ കാന്റിന്റെ The Critique of Pure Reason എന്ന കൃതിയും സമാനമായ ഒരു വാദമാണ് മുന്നോട്ടു വയ്ക്കുന്നതെന്നോർക്കാം. ജ്ഞാനം നേടുന്നതിന് ആത്യന്തികമായുള്ള ഈ പരിമിതിയാണ് ജയരാശിഭട്ടനെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്:
ലൌകികമായ മാർഗ്ഗമാണ് പിന്തുടരേണ്ടത്. ലോകവ്യവഹാരത്തെ സംബന്ധിച്ച്, ബാലന്മാരും പണ്ഡിതന്മാരും ഒരുപോലെയാണ്.” (“ലൌകികോ മാർഗ്ഗോനുസർത്തവ്യഃ ലോകവ്യവഹാരംപ്രതി സദൃശൌ ബാലപണ്ഡിതൌ“- തത്ത്വോപപ്ലവസിംഹം)

ആസ്തികവും നാസ്തികവുമായ ഇതരമതങ്ങളോടെല്ലാം കലഹിച്ചുകൊണ്ട് ഇന്ത്യയില് നിലനിന്ന ലോകായതദർശനം പില്ക്കാലത്ത് മറ്റു മതങ്ങള്ക്കു ഖണ്ഡിക്കാനുള്ള പൂർവ്വപക്ഷമായിത്തീരുകയാണുണ്ടായത്. ഇതു ജനസാമാന്യത്തിന്റെ മതമായിരുന്നു എന്ന് ഇതരകൃതികളില് ആവർത്തിച്ചു പരാമർശിക്കുന്നതുമോർക്കാം. ആ നിലയ്ക്ക് വൈദികമായ ജ്ഞാനത്തിന്റെയും ധർമ്മത്തിന്റെയും അധികാരവ്യവസ്ഥയോട് എതിർത്തുനില്ക്കുകയും വർണ്ണാശ്രമധർമ്മത്തെ യുക്തിയുക്തം നിഷേധിക്കുകയും ചെയ്ത ഈ മതത്തിന് ഇന്ത്യയുടെ പ്രാചീനവും ആധുനികവുമായ സാംസ്കാരികസന്ദർഭങ്ങളില് സവിശേഷമായ ഒരു സ്ഥാനമുണ്ട്.


Comments

comments