രച്ചിൽ പാട്ടായി മാറുന്നതിനെക്കുറിച്ച് തമിഴ് കവി ജ്ഞാനക്കൂത്തൻ്റെ ഒരു കവിതയുണ്ട്. കഥകളിയിലൂടെയും കൂടിയാട്ടത്തിലൂടെയും കേരളീയർക്ക് സുപരിചിതമായ കൈലാസോദ്ധാരണസന്ദർഭമാണ് കവിതയിൽ. രാവണൻ കൈലാസമെടുത്തമ്മാനമാടിയപ്പോൾ ശിവൻ കാലിൻ്റെ പെരുവിരലൊന്നമർത്തിയതും രാവണൻ്റെ കൈപ്പടങ്ങൾ അടിയിൽ പെട്ടു ഞെരിഞ്ഞു പോയി. ഉടനെ രാവണൻ സാമഗാനം പാടി ശിവനെ സ്തുതിച്ചു. ഇവിടെയാണ് കവിയുടെ ഇടപെടൽ. വേദനിച്ചപ്പോൾ രാവണൻ കരയുകയല്ലേ ചെയ്തിട്ടുണ്ടാവുക? ഒരു കുന്നും എടുക്കാനാവാതെ ഞെരിഞ്ഞമർന്നു കരയുന്ന മനുഷ്യൻ്റെ കരച്ചിൽ ദൈവങ്ങൾക്ക് സംഗീതമായി അനുഭവപ്പെടുന്നതായിരിക്കില്ലേ? ദൈവത്തിൻ്റെ കാതിൽ കുണ്ഡലങ്ങളായിരിക്കുന്ന ഗന്ധർവന്മാർ മനുഷ്യരുടെ കരച്ചിൽ സംഗീതമായ് മാറ്റി വിടുകയാവുമോ? കരച്ചിലും പാട്ടും ചേർന്നുള്ള അർദ്ധനാരീശ്വരത്വത്തെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ടാണ് കരച്ചിൽ നിറുത്തിയ വായ എന്ന ആ കവിത അവസാനിക്കുന്നത്. ഈ കവിത ഓർമ്മിക്കുമ്പോഴൊക്കെ ഞാൻ സഞ്ജയൻ്റെ കവിതകളെക്കുറിച്ചുമോർക്കും. അഥവാ സഞ്ജയൻ്റെ കവിതകൾ വായിക്കുമ്പോൾ ഞാൻ ഈ തമിഴ് കവിത ഓർക്കും. കരച്ചിലും ചിരിയുടെ സംഗീതവും തമ്മിലുള്ള അർദ്ധനാരീശ്വരത്വത്തിൻ്റെ ആവിഷ്കാരങ്ങളാണ് അവ.

സഞ്ജയൻ പ്രസിദ്ധനെങ്കിലും ഹാസ്യസാഹിത്യം എന്ന പ്രത്യേക മുറിക്കുള്ളിൽ നമ്മളദ്ദേഹത്തെ അടച്ചിട്ടു കളഞ്ഞു. അദ്ദേഹമെഴുതിയ കവിതകളെ ഹാസ്യകവിതകൾ എന്നു ലേബലൊട്ടിച്ചതോടെ നമ്മുടെ വായനയും പൂർത്തിയായി. കവിതയിൽ സ്വാഭാവികമായി ഹാസ്യവും വരാം എന്നല്ലാതെ ഹാസ്യകവിത എന്നൊന്നുണ്ടോ? അസംബന്ധമല്ലേ ആ കല്പന? മാത്രമല്ല ഇന്നു വായിക്കുമ്പോൾ അവയിൽ പലതിലേയും ഹാസ്യാംശമല്ല നമ്മളെ സ്പർശിക്കുന്നതും. മറിച്ച് വിഷയങ്ങളുടെയും ആവിഷ്കാര രീതികളുടെയും വ്യത്യസ്തതയും പുതുമയും സങ്കീർണ്ണതയുമാണ്. വികാരഗതികളുടെ ഇടമറിച്ചിലുകളാണ്. മായികതയുടെ സ്പർശമുള്ള ഒരിളം ചിരിയുണ്ടായിരുന്നു സഞ്ജയൻ്റെ ആദ്യകാല കവിതകളിൽ. അത് പെട്ടെന്നൊരു പൊട്ടിച്ചിരിയായി മാറി. പൊട്ടിക്കരച്ചിലിൻ്റെ വേറൊരു രൂപമായിരുന്നില്ലേ ആ പൊട്ടിച്ചിരി? ആ കവിതകൾ ഇന്നു വായിക്കുമ്പോൾ അങ്ങനെ പോലും തോന്നാം. ആരാണ് ആ ചിരി മായ്ച്ചുകളയുന്നത്? ഇത്തരം ചില ആലോചനകളാണ് ഈ കുറിപ്പിലേക്കു നയിക്കുന്നത്.

നാല്പതാം വയസ്സിൽ (1943-ൽ) ക്ഷയരോഗ ബാധിതനായി മരിക്കുന്നതു വരെയുള്ള അദ്ദേഹത്തിൻ്റെ വ്യക്തിജീവിതം ദുരന്തപൂർണ്ണമായിരുന്നു. കുഞ്ഞുന്നാളിലേ അച്ഛൻ മരിച്ചു. പാലക്കാട് വിക്ടോറിയ കോളേജിലെ ബി.എ.ലിറ്ററേച്ചർ ഓണേഴ്സ് പഠനകാലത്ത് മരണത്തോളമെത്തിയ ഒരപകടത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിയമപഠനത്തിനു ചേർന്നെങ്കിലും പഠനം തുടരാൻ കഴിഞ്ഞില്ല. ഭാര്യയുടെ മരണമായിരുന്നു കാരണം. മൂന്നു വർഷം മാത്രം നീണ്ട ദാമ്പത്യമായിരുന്നു അവരുടേത്. ക്ഷയരോഗിണിയാണ് എന്നറിഞ്ഞിട്ടും താൻ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു സഞ്ജയൻ. കുഞ്ഞു പിറന്ന് അധികം വൈകാതെ ഭാര്യ ക്ഷയരോഗം മൂലം മരിച്ചു. കുഞ്ഞും അധികകാലം ജീവിച്ചിരുന്നില്ല. ഇതിനിടയിൽ കവിയെയും ക്ഷയരോഗം പിടികൂടി. ചികിത്സയുടെയും വിശ്രമത്തിൻ്റെയും ഇടവേളകളിലാണ് കേരളപത്രികയുടെ പത്രാധിപരായതും സഞ്ജയൻ, വിശ്വരൂപം മാസികകൾ തുടങ്ങിയതുമെല്ലാം. അവസാന കാലത്ത് മലബാർ കൃസ്ത്യൻ കോളേജിൽ അധ്യാപകനായി ചേർന്നെങ്കിലും (ഓണേഴ്സ് പൂർത്തിയാക്കിയ ഉടനെ കുറച്ചു കാലം അവിടെ മുമ്പും അദ്ദേഹം പഠിപ്പിച്ചിരുന്നു) അക്കാലത്ത് മാതൃഭൂമി പത്രത്തിലെഴുതിയ ഒരു ലേഖനം മദിരാശി സർക്കാരിൻ്റെ അപ്രീതിക്കിരയായതിനെത്തുടർന്ന് സഞ്ജയന് ജോലി രാജിവെക്കേണ്ടിയും വന്നു. തലശ്ശേരിയിലെ തറവാട്ടുവീട്ടിൽ രോഗം മൂർച്ഛിച്ച് കിടക്കുന്ന സമയത്ത് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ വാറണ്ടുമായി പോലീസെത്തിയെങ്കിലും രോഗാവസ്ഥ കാരണം മടങ്ങിപ്പോയി. 1943-ൽ അന്തരിച്ചു. ജീവിതകാലത്ത്, ഒഥല്ലോ നാടകപരിഭാഷയല്ലാതെ തൻ്റെ മറ്റൊരു കൃതിയും പുസ്തകരൂപത്തിലായിക്കാണാൻ സഞ്ജയനു കഴിഞ്ഞില്ല.

ജീവചരിത്രപരമായ ഈ വിവരങ്ങൾ ഇവിടെ സംഗ്രഹിച്ചത് ഇന്നാ കവിതകൾ വീണ്ടും വായിക്കുമ്പോൾ ഈ പശ്ചാത്തലം പ്രധാനമാകുന്നു എന്നതുകൊണ്ടാണ്. സഞ്ജയൻ്റെ ആദ്യകാലരചനകൾ മനോഹരമായ ഭാവകവിതകളായിരുന്നു. അക്കാലത്തെ മലയാള കവിതകളിൽ പൊതുവേ കാണാത്ത ഒരു മായികഭാവം ഈ കവിതകളുടെ ഒരു സവിശേഷതയാണ്. 1916 മുതൽ 1930 വരെയുള്ള കാലത്താണ് ഇവയുടെ രചന. ഇവയിൽ പലതും കവി തന്നെ നശിപ്പിക്കുകയും ചെയ്തു. ബാക്കിയായ കുറച്ചു കവിതകളേ നമുക്കു കിട്ടിയിട്ടുള്ളൂ. മലയാള കവിതയിൽ മായികഭാവം പൂത്തുലഞ്ഞ ചങ്ങമ്പുഴക്കവിതകൾക്കും പീക്കവിതകൾക്കും മുമ്പാണ് സഞ്ജയൻ ഇവയെഴുതിയത് (1930-നു ശേഷമുള്ള കവിതകളാണ് ചങ്ങമ്പുഴയുടെ വരവറിയിച്ച ബാഷ്പാഞ്ജലിയിലുള്ളത്). മരക്കൊമ്പുകൾക്കിടയിൽ മുഖം മറച്ചുകൊണ്ട് ആരോ നിലവിളിക്കുന്നു എന്ന് കാറ്റിനെക്കുറിച്ച് ഭിത്തിക്കപ്പുറം എന്ന കവിതയിൽ (1922) സഞ്ജയനെഴുതുമ്പോൾ അതിൽ ഭാവുകത്വപരമായ ഒരു വ്യത്യാസം ഇന്ന് മിഴിവോടെ നമുക്കു കാണാം. മുഖം മറച്ച, മൂടുപടമിട്ട പ്രകൃതി പല കവിതകൾക്കും മായികഭംഗി നൽകുന്നു. മൂടുപടം മാറ്റി മുഖം പുറത്തു കാട്ടൂ എന്ന് പെണ്ണിനോട്, പ്രകൃതിയോട് ആവശ്യപ്പെടുന്ന ഒരു കവിത തന്നെയുണ്ട്. ആ കാഴ്ച്ചയുടെ കണ്ണു മഞ്ഞളിപ്പിക്കുന്ന അനുഭവം ഇങ്ങനെ സഞ്ജയൻ എഴുതുന്നു:

കനകസുഷമയൊത്തുചേർന്ന വിദ്യു-
ല്ലതിക കണക്കു വിളങ്ങിടുന്ന നിന്നെ,
സുമസമമൃദുഗാത്രി, മൂടൽ നീങ്ങി –
പ്പെരിയ കൃതാർത്ഥത പൂണ്ടു കാൺമനോ ഞാൻ!

സാധ്യതകളിരിക്കേ, മറ്റ് ആത്മീയ വിചാരങ്ങളിലേക്കൊന്നും ഈ കവിത കടക്കുന്നില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്.

ജീവിതമെന്ന വിസ്മയമാണ് കവിതയെഴുതൂ എന്ന് ഈ മനുഷ്യനെ അന്ന് പേനയെടുപ്പിച്ചത്. നൃത്തമാടുന്ന സുന്ദരിയുണ്ട് ഒരു വെള്ളച്ചാട്ടത്തിനുള്ളിൽ എന്ന വിസ്മയമാണ് നിർഝരം എന്ന കവിത. തൻ്റെ പേനത്തുമ്പിലെ മഷിത്തുള്ളിയും പുൽത്തുമ്പിലെ മഞ്ഞുതുള്ളിയും വ്യത്യാസമില്ലല്ലോ എന്ന വിസ്മയമാണ് തുഷാരബിന്ദു എന്ന കവിത.

ഇപ്പേനത്തുമ്പിലെപ്പാഴ്മഷിത്തുള്ളിയും
ഇപ്പുൽക്കൊടിയിലെ നീർക്കണവും
ഭിന്നവർണ്ണങ്ങളാണെങ്കിലും രണ്ടിന്നു –
മൊന്നു താൻ ജീവിതാദർശമിപ്പോൾ.
ഉൽക്കണ്ഠാജന്യമാം മെയ് വിറ പേനയ്ക്കു-
മാത്തൃണത്തിന്നുമുണ്ടൊന്നു പോലെ

പ്രതിഫലിപ്പിക്കുക എന്ന ധർമ്മം മഞ്ഞുതുള്ളിയും മഷിത്തുള്ളിയും ഒരു പോലെ ചെയ്യുന്നു. രണ്ടും ഉത്കണ്ഠകൊണ്ടു വിറയ്ക്കുകയും ചെയ്യുന്നു. ഈയൊരു പതറി നിൽപ്പിൻ്റെ വിസ്മയം സഞ്ജയൻ്റെ അക്കാല ഭാവഗീതങ്ങളിലെല്ലാമുണ്ട്. അന്തിത്തുടുപ്പു മറഞ്ഞുപോയ നേരത്ത് ഒറ്റക്കിരിക്കുന്ന മനുഷ്യനാണ് മുഖച്ഛായ എന്ന കവിതയിൽ. ഒറ്റക്കിരിക്കുകയല്ല, ആനന്ദക്കടലിൽ പൊങ്ങിക്കിടക്കുകയാണ്, തെങ്ങോലകളുടെ ശബ്ദം കേട്ട്.

തെങ്ങോലതൻ മൃദുമർമ്മരമല്ലാതെ –
യിങ്ങു കേൾപ്പീലാ ഞാൻ ശബ്ദമൊന്നും.
ഇന്നത്തെജ്ജീവിതയുദ്ധം നിലച്ചുപോ-
യിന്നിലം ശാന്തമായ്ത്തീർന്നു വീണ്ടും.

താനുമതെ, രാവിലെത്തൊട്ട് മിന്നുന്ന വാളുമേന്തി കുതിക്കുകയായിരുന്നു. അങ്ങനെ പോകുമ്പോഴുണ്ട്, വഴിവക്കത്ത് ഒരു നീലത്തടാകം. തടാകത്തിൽ വിരിഞ്ഞ പൂക്കളിലൊന്നിന് നിൻ്റെ മുഖച്ഛായ! അതു കാൺകെ ഇനിയെങ്ങനെ യുദ്ധത്തിനു പോകും? യുദ്ധം ജയിക്കേണ്ട, ഒരു നിമിഷത്തെ ആ മായക്കാഴ്ച്ച മതി തനിക്ക് എന്നുറപ്പിക്കുകയാണ് അയാൾ.

അർത്ഥം ഗ്രഹിക്കാതുള്ളീ ദിവാസ്വപ്നത്താൽ
വ്യർത്ഥമാക്കീടിനേനിദ്ദിനത്തെ.
എങ്കിലും തൃപ്തനാണീയല്പ,നല്ലെങ്കി-
ലെങ്ങനെ കിട്ടുമീ നിർവൃതിയെ?

മുഖച്ഛായ

ആ മായക്കാഴ്ച്ചയുടെ ക്ഷണികത നമ്മെ ഉലക്കും. ക്ഷണികതയെക്കുറിച്ച് സാഹിത്യനികഷത്തിലെ ഒരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: “തങ്ങളെത്തന്നെ ദഹിപ്പിക്കുന്ന അഗ്നിയിൽ നിന്നാണ് കൊള്ളിമീനുകൾക്ക് സ്ഥിരതാരകളെ ലജ്ജിപ്പിക്കുന്ന ആ തേജസ്സു കിട്ടുന്നതെന്ന് നിങ്ങൾ അറിയുകയില്ലേ?” (കവികളുടെ ദുർഗ്ഗതി, സാഹിത്യനികഷം) പൂർവകവികളിൽ തന്നെ ഇളക്കിമറിച്ച വി.സി.ബാലകൃഷ്ണപ്പണിക്കരെ സഞ്ജയൻ വിശേഷിപ്പിച്ചത് സാഹിത്യനഭസ്സിലെ കൊള്ളിമീൻ എന്നാണെന്നുമോർക്കുക. തനിക്കു മുമ്പെഴുതിയ ആശാനെപ്പോലെ ദാർശനികദുഃഖത്തിലേക്കോ തനിക്കു ശേഷമെഴുതാൻ പോകുന്ന ചങ്ങമ്പുഴയെപ്പോലെ കെട്ടഴിഞ്ഞ വൈകാരികാവേശത്തിലേക്കോ സഞ്ജയൻ നീങ്ങുന്നില്ല. വള്ളത്തോളിനെപ്പോലെ ആ വിസ്മയസന്ദർഭത്തെ സാമൂഹ്യ സാഹചര്യങ്ങളിലേക്കു നീട്ടി വിസ്തരിക്കുന്നതും സഞ്ജയൻ്റെ വഴിയല്ല. ഒതുക്കമുള്ള, അതിവൈകാരികമാകാത്ത, മായികതയും സ്വപ്നാത്മകതയും പുരണ്ട, പക്വമായ കാല്പനികഭാവമാണ് ആ കവിതകളിൽ. കവിത ഗതി മാറിയൊഴുകിയ പിൽക്കാലത്ത് താൻ കണക്കിനു കളിയാക്കിയ കാല്പനിക, യോഗാത്മകഭാവങ്ങൾ തന്നെ സൂക്ഷ്മരൂപത്തിൽ അവയിൽ കണ്ടെത്താനാവും. പുറമേക്ക് ആഹ്ലാദകാരിയായിത്തോന്നുന്ന ആ ആദ്യകാലവരികൾക്കിടയിൽ വീണുകിടക്കുന്ന നറുവിഷാദത്തിൻ്റെ നേർത്ത ഇരുട്ട് ഇന്നു വായിക്കുമ്പോൾ നമ്മുടെ കണ്ണിൽ പെടാതെ പോകില്ല. വിഷാദിയാകരുത് എന്നു നിർബന്ധമുള്ള കവിയെ വെട്ടിച്ച് ആ കാവ്യാന്തരീക്ഷത്തിൽ നിന്നു കവിയുടെ സമ്മതമില്ലാതെ വന്നണയുന്നതാണാ വിഷാദം. പൊട്ടിത്തകർന്ന ക്ഷേത്രത്തെയും പൗരാണിക അന്തരീക്ഷത്തെയും രാത്രി മാനത്തെയുമെല്ലാം കുറിച്ചെഴുതുമ്പോൾ വരികളുടെ ചുരുളുകൾക്കിടയിലതുണ്ട്. അന്തിക്കാറ്റിൽ പുല്ലുകളിളകുമ്പോൾ, മരങ്ങളിൽ നിന്നുമുണക്കിലകൾ കൊഴിയുമ്പോൾ, ഈ നിലം മനുഷ്യഗന്ധമില്ലാത്തതാകുമ്പോൾ, ആ ജീർണ്ണക്ഷേത്രത്തിനു മുന്നിൽ നിൽക്കേ,

ഏതൊരു ലോകത്തിലേതൊരു കാലത്തിൽ
ഹാ! തനിച്ചിന്നു തെറിച്ചു പോയ് ഞാൻ

എന്ന തോന്നലിൽ ധ്യാനാത്മക വിഷാദമുണ്ട്. പിൽക്കാലത്ത് ആർ.രാമചന്ദ്രൻ്റെ കവിതകളിൽ നിന്നുയർന്ന പോലൊരു ഭാവം, വിഷാദസ്പർശമുള്ള ഏകാന്തധ്യാനഭാവം, ജീർണ്ണക്ഷേത്രമെന്ന കവിതയിൽ അനുഭവിക്കാം. ആ ജീർണ്ണക്ഷേത്രത്തിൻ്റെ ചിത്രം ഇങ്ങനെ കാണാം.

നാലമ്പലത്തിൻ്റെ മേൽപ്പാവു താങ്ങുന്ന
കാലം കറുപ്പിച്ച കൽത്തൂണുകൾ
യോഗക്രമധ്യാനനിഷ്ഠരാം നിശ്ചല –
യോഗികളെന്നപോൽ നിന്നിടുന്നു.
ചുറ്റും ചുമരുകൾ വീണു കിടക്കുന്നു
പറ്റിപ്പടരുന്നു കാട്ടുവളളി
ഓരോ പിളർപ്പിലുമോരോ വിലത്തിലും
ഓരോ ചെറുചെടി പൊങ്ങിനിൽപ്പൂ

പൗരാണികമായ ആ ജീർണ്ണക്ഷേത്രാന്തരീക്ഷത്തിലാണ് ജഗദംബയുടെ സാന്നിദ്ധ്യ പൂർണ്ണത കവിയറിയുന്നത്. നവീകരിച്ച് സമുദ്ധാരണം ചെയ്യാത്ത തകർന്ന ക്ഷേത്രത്തിലാണ് ഈശ്വരാനുഭവം. കാരണം, പൂജകന്മാർ വെക്കുന്ന ഭദ്രദീപങ്ങളാൽ ഇവിടുത്തെ മഹാന്ധകാരം ഒരിക്കലും രാജിക്കുകയില്ല. ഇവിടുത്തെ കാറ്റ് പുഷ്പാർച്ചന കൊണ്ടു സുഗന്ധിയാവുകയുമില്ല. ഇവിടുത്തെ മാനത്ത് ഭക്തരുടെ സ്തുതികൾ മറ്റൊലിക്കൊള്ളില്ല. അവയെല്ലാമുള്ളിടത്ത് ഈശ്വരാനുഭവമുണ്ടാവില്ല എന്നുകൂടി പറയാതെ പറയുന്നുണ്ട് ഈ കവിത. ക്ഷേത്രോദ്ധാരണങ്ങളുടെയും ഭക്തിവ്യവസായത്തിൻ്റെയും രാഷ്ട്രീയ വേഷമണിഞ്ഞെത്തുന്ന യാന്ത്രിക ആസ്തിക്യത്തിൻ്റെയും സമകാലത്ത് സഞ്ജയൻ്റെ ആസ്തിക്യബോധത്തിൻ്റെ വ്യത്യാസം പ്രധാനമാകുന്നു. അടിയുറച്ച ആസ്തിക്യബോധം സഞ്ജയനുണ്ടായിരുന്നു. എന്നാൽ തൻ്റെ കാലത്തെ മറ്റു പല കവികളേയും പോലെ പുരാണ – ദൈവിക കഥാഖ്യാനങ്ങളോ ഈശ്വരസ്തുതികളോ ഇദ്ദേഹം എഴുതിയിട്ടില്ല. കാണാവുന്നതിനപ്പുറമുള്ള പൊരുളിനെക്കുറിച്ചുള്ള ബോധമാണ് ആ കവിതകളിലെ ആസ്തിക്യബോധം.ജഗദംബ എന്നേ അദ്ദേഹം അതിനെ വിശേഷിപ്പിക്കുകയുള്ളൂ. ചിന്തയുടെ കടലിലുലഞ്ഞ് മേലോട്ടു നോക്കുമ്പോൾ കാണുന്നത് രാത്രിമാനമാകുന്ന ലാവണ്യക്കടലിൽ “കാത്യായനീലീലാലാലസ പാണിപല്ലവമുതിർത്തീടുന്ന വെൺമുത്തുക” ളാണ്. പ്രണയ ചിന്തകളിലായിരുന്നു കവി ഉലഞ്ഞിരുന്നത്. കാർത്യായനി തൻ്റെ പ്രണയിനിയുടെ പേരു കൂടിയാണ്. ഏതുതരം യാന്ത്രികവാദത്തിൻ്റെയും കടുത്ത വിമർശകനായിരുന്നു സഞ്ജയൻ. യുക്തിവാദത്തിൻ്റെ യാന്ത്രികതയെപ്പോലെ ആത്മീയതയുടെ യാന്ത്രികതയേയും അദ്ദേഹം എതിർത്തു. സാഹിത്യനികഷത്തിലെ മിസ്റ്റിക് കവിതാഭാസങ്ങളെക്കുറിച്ചുള്ള ലേഖനം വായിച്ചാൽ ഇതു വ്യക്തമാകും. ദുരിത ജീവിതത്തിലുടനീളം ഒരിളംചിരി കാത്തു വെയ്ക്കാൻ ആ കവിതയ്ക്കു കഴിഞ്ഞത് ദൃഢമായ, യാന്ത്രികമല്ലാത്ത ആസ്തിക്യബോധം കൊണ്ടു തന്നെയാണ്. ഇടിഞ്ഞു പൊളിഞ്ഞ, വിളക്കു കൊളുത്താത്ത, പൂജ വേണ്ടാത്ത, കാടുമൂടിയ ഒരു കോവിലിനു മുന്നിൽ മാത്രമേ ആ ആസ്തിക്യബോധം പ്രാർത്ഥനക്കെത്തൂ.

വിചാരവീഥി

തൻ്റെ കൂട്ടുകാരിയോട് ചിരിക്കൂ എന്നു പതിയെ പറയുന്ന കവിതയാണ് വിചാരവീഥി. ഒരു വശത്ത് ഇരുട്ടടഞ്ഞ ഗുഹകൾ പതിയിരിക്കുന്ന കൊടുംകാട്, മറുവശത്ത് സ്വച്ഛന്ദം വിഹരിക്കുന്ന പാമ്പുകൾ നിറഞ്ഞ ഇടം. ആഗ്രഹിക്കും പോലെ നടക്കാനാവാത്ത ദുർഗ്ഗമമായ വഴിയിലൂടെ പോകുമ്പോൾ എൻ്റെ പെണ്ണേ നീ ചിരിക്കൂ എന്നു പറഞ്ഞു കൊണ്ടാണ് ആ കവിത അവസാനിക്കുന്നത്. ആ ഇളംചിരിയുടെ പശ്ചാത്തലമായുളള ദുഃഖവും സഹനവും കാലം താണ്ടിയുള്ള ഇന്നത്തെ വായനയിൽ മിഴിവോടെ നിൽക്കുന്നു. പുഷ്പിച്ച പനിനീർച്ചെടിയോട് എന്ന കവിത ഇന്നു വായിക്കുമ്പോൾ ആ ചിരിച്ചുരുളിലെ ദുഃഖമിനുപ്പാണ് നമ്മളിൽ പറ്റിപ്പിടിക്കുക. ഒരു തുള്ളി പുഞ്ചിരി ചേർത്ത് വെയിൽ നിലാവാക്കാൻ ശ്രമിക്കുകയാണ് പനിനീർച്ചെടി. അവളിൽ പൂവിരിയും എന്നു പ്രതീക്ഷിച്ചു നിൽക്കുന്ന ഒരു ഹൃദയത്തെ ആനന്ദത്തിരകളിലൊഴുക്കിയാണ് ചെടിയുടെ നില്പ്. താൻ അവൾക്കു കൊടുത്തതെന്താണ്? എന്നും രാവിലെ ഒരല്പം ശുശ്രൂഷ. തിരിച്ച് അവൾ തനിക്കു സമ്മാനിച്ചതോ, ഇതാ ഈ പൂവ്, ഈ മഹാനന്ദം.ലജ്ജയോടവൾ കാഴ്ച്ചവെക്കുന്ന മനോഹര പുഷ്പമിതാ ഇളംതളിർത്തൊട്ടിലിൽ കിടന്നു ചിരിക്കുന്നു. മറ്റൊന്നും കവി പറയുന്നില്ല. എന്തെങ്കിലും പ്രതീകവൽക്കരിക്കുന്നതായി ഭാവിക്കുന്നുമില്ല. പക്ഷേ തെളിച്ചമുള്ള ആ ചിത്രത്തിനു പിന്നിലെ നിഴലുകൾ ഇന്നു നമുക്കറിയാം. രോഗിണിയായ തൻ്റെ കൂട്ടുകാരിയോടുള്ള കരുതലും അനാരോഗ്യത്തെ കൂസാതെ പിടിച്ചു നിൽക്കാനുള്ള അവളുടെ പരിശ്രമവും ആ രോഗാവസ്ഥയിലും അവൾ തനിക്കു സമ്മാനിച്ച കുഞ്ഞിൻ്റെ ചിരിയും ചേർന്നതാണ് ആ കവിത. “മൃതി തീണ്ടി വിളർത്ത ചെന്തളിർച്ചൊടിയിലെ പുഞ്ചിരി” യാണ് ‘പുഷ്പിച്ച പനിനീർച്ചെടിയോട് ‘ എന്ന കവിത. ആ ചെടി വൈകാതെ പട്ടു പോയി. ആ പൂവും വൈകാതെ വാടിപ്പോയി. രണ്ടു മരണത്തിൻ്റെ ഇരുട്ടിൽ ആ ഇളംചിരി മാത്രം ഇന്നും അവിടെയുണ്ട്.

പുഷ്പിച്ച പനിനീർച്ചെടിയോട്

ആ രണ്ടു മരണങ്ങൾക്കു ശേഷമാണ് സഞ്ജയൻ നാമിന്നറിയുന്ന ഹാസ്യസാഹിത്യകാരനായത്. ആ ഇളംചിരി പൊട്ടിച്ചിരിയോ അട്ടഹാസമോ പരിഹാസച്ചിരിയോ ആയി മാറിയത്. തിലോദകമെഴുതി വെച്ച പേന പിന്നെ ഹാസ്യാഞ്ജലിയിലേക്കാണ് ഉണരുന്നത്.സഞ്ജയൻ്റെ ഹാസ്യകവിതകളെക്കുറിച്ചും പാരഡികളെക്കുറിച്ചും ഈ ലേഖനത്തിൽ വിശദമായെഴുതാൻ ഉദ്ദേശിച്ചിട്ടില്ല. ഒറ്റക്കാര്യം മാത്രമേ അതുമായി ബന്ധപ്പെട്ട് ഇവിടെ വിശദീകരിക്കാനുള്ളൂ. ആ കവിതകൾ മിക്കതും ഇന്നു വായിക്കുമ്പോൾ ഹാസ്യ കവിത എന്ന ലേബൽ പൊട്ടിച്ച് ഗൗരവമുള്ള കവിതകളായി നമ്മുടെ മുന്നിൽ നിൽക്കുന്നു എന്നതാണത്. തൻ്റെ പൊട്ടിച്ചിരിയുടെ പിന്നാമ്പുറം തേടുന്ന കൈനേട്ടം, അണിയറയിൽ തുടങ്ങിയ കവിതകൾ തീർച്ചയായും അക്കൂട്ടത്തിലുണ്ട്. ദൈവത്തിനു സമ്മാനിക്കാൻ തൻ്റെ കയ്യിൽ ഇനി ഈ ചിരിയല്ലാതെ മറ്റൊന്നുമില്ല എന്ന നിസ്വതയാണ് കൈനേട്ടം എന്ന കവിതയിൽ. 1936-ലെഴുതിയ അണിയറയിൽ എന്ന കവിത കളിയച്ഛന്നരികെ (കളിയോഗനാഥൻ) ചെന്ന്, ജീവിതത്തിൽ ചിരിക്കാൻ കഴിയാത്ത വിദൂഷകന് മറ്റുള്ളവരെ ചിരിപ്പിക്കാൻ എങ്ങനെ കഴിയും, അതുകൊണ്ട് തൻ്റെ മുടിയഴിച്ചു പിന്മാറാൻ അനുവദിക്കണേ എന്നപേക്ഷിക്കുന്ന വിദൂഷകനെ അവതരിപ്പിക്കുന്നു. പി.കുഞ്ഞിരാമൻ നായരുടെ കളിയച്ഛനുമായി (1953) ഒരു താരതമ്യചിന്ത ഇവിടെ സ്വാഭാവികം. കളിയോഗം കേരളത്തിൽ കഥകളിയുമായി ബന്ധപ്പെട്ടതാണെങ്കിലും സഞ്ജയൻ അത് നാടകക്കളിയോഗമായാണ് സങ്കല്പിച്ചിട്ടുള്ളത്. ഷേക്സ്പിയറെയും കാളിദാസനേയും ആരാധിക്കുന്ന കവിക്ക് അതങ്ങനെയാവാതെ തരമില്ല. കളിയച്ഛൻ തനിക്ക് ആദ്യവസാന വേഷം തന്നില്ല എന്ന പരാതി ഉള്ളിൽക്കിടന്നു വളർന്നു പടർന്ന തീയാണ് പി.യുടെ കവിത. ഒരാൾക്ക് അരങ്ങത്തു വരാൻ മടി.മറ്റേയാൾക്ക് അരങ്ങു കിട്ടാത്തതിൻ്റെ അസ്വസ്ഥത.

അണിയറയിൽ

ഹാസ്യ കവിതകളായി അന്നു വായിച്ച പല കവിതകളിൽ നിന്നും ആ ഹാസ്യാത്മകത കൊഴിഞ്ഞു പോയിരിക്കുന്നു ഇന്ന്. പേടിക്കേണ്ട എന്ന കവിത മുനിസിപ്പാലിറ്റിയിലെ ദുർഗന്ധത്തെയും ബസ്സു യാത്രയുടെ കുലുക്കത്തെയും കവിയശപ്രാർത്ഥികളേയും ഒറ്റയടിക്കു ലക്ഷ്യമിടുന്ന ചിരിക്കവിതയല്ല ഇന്ന്. പ്രശസ്തി,അനശ്വരത, കവിജീവിതത്തിൻ്റെ ആത്യന്തിക ദുരന്തം എന്നിവയെക്കുറിച്ചുള്ള കവിതയായി ഇന്നതു വായിക്കപ്പെടാം. കവി മരിച്ചുപോയാലും കുറച്ചു കാലം ആ കവിതകൾ വായനക്കാരുടെ മനസ്സിൽ നിൽക്കും. മുനിസിപ്പാലിറ്റി വിട്ടുപാഞ്ഞാലും മൂക്ക് ആ നരകത്തെ ഓർക്കുന്ന പോലെ. ബസ്സിൻ്റെ കുലുക്കം യാത്ര കഴിഞ്ഞാലും യാത്രക്കാർ ഓർമ്മിക്കുമ്പോലെ. കേസു ജയിച്ചാലും കോടതിഫീസിൻ്റെ ഓർമ്മ ബാക്കിയാകുന്ന പോലെ. ചത്തു മണ്ണടിഞ്ഞാലും ലോകം കുറച്ചിട കവിയെ ഓർത്തേക്കും. കവിവിഗ്രഹത്തെ ഉന്തി മറിച്ചിടുന്ന, കവിയുടെ പരിവേഷം പൊളിക്കുന്ന ഗൗരവമുള്ള കവിതയാണിത്. ഇന്ത്യൻ കവിതയിൽ ഇതേ പണി ചെയ്തു വെച്ച എ.കെ.രാമാനുജൻ്റെ Which reminds me എന്ന കവിതക്കും എത്രയോ വർഷങ്ങൾക്കു മുമ്പാണ് പേടിക്കേണ്ട എന്ന കവിതയിലൂടെ ഈ ഉടച്ചുവാർക്കൽ എന്നോർക്കുക.

മറ്റൊന്നും ശ്രദ്ധിക്കാതെ തന്നിലേക്കു ചുരുളുന്ന മനോഭാവത്തെ കളിയാക്കിക്കൊണ്ടു തന്നെയാണോ സഞ്ജയൻ വിശ്രമം എന്ന കവിതയെഴുതിയത് എന്ന് ഇന്നു വായിക്കുമ്പോൾ സംശയം തോന്നും.

പായട്ടെ പേയാർന്നവ, രെന്തിനെങ്ങോ –
ട്ടെന്നേതുമോരാത്ത വിചാരശൂന്യർ,
കിടക്കുവൻ ഞാനിനിമേൽ മടിയ്ക്കു-
ള്ളോമന്മടിത്തട്ടിലണച്ചു ശീർഷം.

ഹെർ ഹിറ്റ്ലറെന്തോ പറയട്ടെ, യൂറോ-
പ്പൊന്നാകെ മുസ്സോളിനി ചുട്ടിടട്ടെ
ആഭ്യന്തരാഭ്യാഹതിയേറ്റു റഷ്യൻ
ഭല്ലൂകമേതോ ഗുഹ പൂകിടട്ടേ

കോൺഗ്രസ്സുകാർ മന്ത്രിപദാവരുദ്ധ –
രാവട്ടെ, വേണ്ടെങ്കിലെറിഞ്ഞു പോട്ടെ,
എന്നോടതൊന്നും പറയേണ്ട, ഞാനെൻ
മടിയ്ക്കുതാനിന്നിനി ദത്തകർണ്ണൻ

വരൂ മനോഹാരിണി, ലോകമെന്നെ-
പ്പഴിച്ചിടാം, നിന്നെയുമത്രതന്നെ.
വരുന്ന കേസൊക്കെ വരട്ടെ, നിന്നോ-
ടടുക്കുവാനായ് മടി കാട്ടിടാ ഞാൻ.

പേ പിടിച്ചു പായുന്ന മിന്നൽവേഗകാലത്ത് ഈ കവിത തീർച്ച, ഹാസ്യകവിതാ ലേബലിന്നുമപ്പുറമാണ്. അടുത്ത ദിവസം അന്തർദേശീയ സെമിനാറിൽ പ്രബന്ധമവതരിപ്പിക്കേണ്ട ശാസ്ത്രജ്ഞൻ ഇന്നിതാ നോക്കൂ, സ്വന്തം മുറിയിൽ കാലുകൾക്കിടയിൽ കൈ തിരുകി സുഖമായി കിടന്നുറങ്ങുന്നു എന്ന് പോളിഷ് കവി വിസ്ലാവ ഷിംബോസ്ക വളരെ പിൽക്കാലത്ത് എഴുതിയത് ഞാനോർക്കാറുണ്ട് സഞ്ജയൻ്റെ ഈ കവിത വായിക്കുമ്പോഴെല്ലാം.

കിടപ്പറയിലെ കശപിശ

1930 – 40 കാലത്ത് ഒരു പക്ഷേ ഹാസ്യാത്മകതക്കു വേണ്ടിയാവാം കൊണ്ടുവന്ന കവിതാരൂപവൈചിത്ര്യങ്ങൾ ഇന്ന് ഗൗരവപരിഗണന അർഹിക്കുന്നു. ‘എൻ്റെ കുട’ എന്ന കവിത ഹാസ്യകവിതയല്ല, ചിരി പുരണ്ട ഒരു ഭാവകവിതയാണ് ഇന്ന്; അതിൻ്റെ രൂപഘടന പ്രത്യേകം പഠിക്കേണ്ടതുമാണ്. അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഓരോ ശ്ലോകത്തിനും ശേഷം എൻ്റെ കുട എന്ന ഗദ്യ പ്രസ്താവന ആവർത്തിച്ചു വരുന്നതാണ് ഇതിൻ്റെ ഘടന. ദൈനംദിന ജീവിതത്തിലെ അതിസാധാരണ കാര്യങ്ങൾ ഇങ്ങനെ ലഘുവായി സ്നേഹപൂർവം വരച്ചിടുന്ന രീതി അന്നെന്നല്ല (1937) പിൽക്കാലത്തും മലയാള കവിതയിൽ ദുർലഭമാണ്. അതിസാധാരണത്വങ്ങളോടുള്ള ആത്മബന്ധത്തെ ആഴത്തിൽ കുറിക്കാൻ പോന്നതാണ് എൻ്റെ കുട എന്ന ആവർത്തിച്ചുള്ള ഗദ്യപ്രസ്താവന. എഴുതപ്പെട്ട കാലത്ത് ഹാസ്യത്തിനു വേണ്ടിയുള്ള ഒരു വിലക്ഷണതയായി മാത്രമേ ഇത് വായിക്കപ്പെട്ടിരിക്കുകയുള്ളൂ.

എന്റെ കുട

ആർക്കും അക്കര കാണാനാവാത്ത നീർക്കയത്തിൻ്റെ വക്കത്ത് ഒറ്റക്കാലിൽ നോറ്റു നിൽക്കുന്ന ഒരു കൊറ്റിയുടെ ചിത്രത്തെ കവി ഭാഷകൊണ്ട് ഇളക്കിമറിക്കുന്നത് കൊറ്റിയെപ്പറ്റി എന്ന കവിതയിൽ ഇന്നനുഭവിക്കാം. അന്നു നാട്ടുനടപ്പായിരുന്ന മിസ്റ്റിസിസത്തെ പരിഹസിച്ചെഴുതിയതാണിത് എന്നോർമ്മിപ്പിക്കുന്നു, ഒരു മഹാമിസ്റ്റിക് കവിത എന്ന ഉപശീർഷകം. ആ ഉപശീർഷകം അപ്രസക്തമാകും വിധം ഇന്നത് മറ്റൊരനുഭവം കൂടി വായനക്കാർക്കു നൽകുന്നു. താപസ നാട്യത്തിൽ നിൽക്കുന്ന ആ കൊറ്റിയെ കവി ഉണർത്തുകയാണ്.

കൊറ്റി!
ഓ, കൊറ്റി!
ഒന്നുണർന്നു നീ കേൾക്കേണം കൊറ്റീ
നിന്നപദാനകാവ്യത്തെ.
നീയല്ലോ സിദ്ധൻ, നീയല്ലോ സ്ഥാണു,
നീയല്ലോ നിത്യനിശ്ചലൻ
ബ്രഹ്മം നിന്നേപ്പോലേതാണ്ടാണെന്ന്
ബ്രഹ്മവിദ്യക്കാർ ചൊല്ലുന്നു.
(ബ്രഹ്മം ഞെണ്ടിനെത്തിന്നുമാറില്ലെ –
ന്നെൺമാത്രമത്രേ വ്യത്യാസം)
കൊറ്റി!
ഏയ്, കൊറ്റി!

ഇതിലെ ഹാസ്യം ഇന്നും പ്രവർത്തനക്ഷമം തന്നെ എങ്കിലും മിസ്റ്റിസിസത്തിൻ്റെ പേരിൽ മലയാളത്തിലിറങ്ങുന്ന കവിതാഭാസങ്ങളെ കളിയാക്കുന്ന (മിസ്റ്റിക് കവിതയെയല്ല അദ്ദേഹം വിമർശിച്ചത് ) ഹാസ്യകവിത എന്ന പരിധിയിൽ നിന്നു പുറത്തു കടന്ന് കൊറ്റിയെക്കുറിച്ചോ കൊറ്റിയുടെ നിൽപ്പു നോക്കിക്കാണുന്ന നമ്മളെക്കുറിച്ചോ, നോട്ടത്തെക്കുറിച്ചു തന്നെയോ ഉള്ള ചിരി പുരണ്ട കവിതയായി ഇന്നത് മാറിയിരിക്കുന്നു. തൻ്റെ താപസഭാവത്തിൽ നിന്നുണർന്ന് തരം കിട്ടിയാൽ വല്ല മീനോ ഞെണ്ടോ കൊത്തിത്തിന്നുന്ന കൊറ്റിയിൽ നിന്നു തുടങ്ങുന്ന കവിത അവസാനിക്കുന്നത് ആ പാട്ടൊക്കെ കേട്ടിട്ടും ഉറങ്ങിത്തന്നെ നിൽക്കുന്ന കൊറ്റിയെ നോക്കി ഇങ്ങനെ നിന്നാൽ ആ കാഴ്ച്ചക്കാരന് ആഹാരത്തിനുള്ള വക കിട്ടുമോ എന്ന ആശങ്കയിലാണ്.

തനിക്കു കണ്ണെടുത്താൽ കണ്ടു കൂടാത്ത പലതിനെയും രൂക്ഷമായി കളിയാക്കി കവിതയെഴുതിയിട്ടുണ്ട് സഞ്ജയൻ. സാഹിത്യത്തിലെയും സാമൂഹ്യ ജീവിതത്തിലേയും രാഷ്ട്രീയത്തിലേയും പല പ്രവണതകളേയും ശക്തമായി ആക്രമിച്ചിട്ടുണ്ട്. ആ കവിതകളിൽ പറയുന്ന പ്രത്യേകസംഭവങ്ങൾ പലതും ഇന്ന് കാലഹരണപ്പെട്ടിരിക്കാം. എങ്കിലും അവയിൽ പലതും ആഴത്തിലുള്ള വിമർശനങ്ങളെന്ന നിലയിൽ ഇന്നും പ്രസക്തമാണ്. ഉദാഹരണത്തിന് കമ്യൂണിസത്തെ ആക്രമിച്ചു കൊണ്ടെഴുതിയ അനന്വയം എന്ന കവിത എടുക്കാം. അതിലെ ആക്ഷേപഹാസ്യാംശങ്ങളെല്ലാം മാറ്റിവെച്ചാൽ പോലും ആഴത്തിലുള്ള വിമർശനമെന്ന നിലയിൽ അവ ഇപ്പോഴും പ്രസക്തമാണ്. കേരളത്തിൽ ഇന്നോളമുണ്ടായിട്ടുള്ള മുഴുവൻ കമ്യൂണിസ്റ്റ് വിമർശനങ്ങൾ ചേർത്തുവെച്ചാലും സഞ്ജയൻ്റെ ഈ വരികൾക്കപ്പുറം പോയിട്ടുണ്ടോ എന്നു സംശയമാണ്:

വിദ്വേഷപ്പട്ടടത്തീയിൽ
ജന്മമാഹുതി ചെയ്യുവോർ
ഉത്തമാംഗം മനുഷ്യന്നു
വയറെന്നു ശഠിക്കുവോർ
ഒരു നേരത്തെയൂണിന്നു
സത്യാഹിംസകൾ വിൽക്കുവോർ
ആസ്തിക്യത്തെയവീനെന്നു
ചൊല്ലിപ്പരിഹസിക്കുവോർ
അവർക്കു ഹിതമല്ലാത്ത –
തോതുന്നോരെദ്ദുഷിക്കുവോർ
അതോടൊന്നിച്ചഭിപ്രായ-
സ്വാതന്ത്ര്യത്തെ സ്തുതിക്കുവോർ
മുതലാളിത്തമാം തീയിൽ
നീറുന്ന തൊഴിലാളിയെ
വിപ്ലവത്തീക്കുഴിക്കുള്ളിൽ
തള്ളി രക്ഷിച്ചിടുന്നവർ.

കേരളത്തിൽ കമ്യൂണിസ്റ്റു പ്രവർത്തനങ്ങൾ ആരംഭിക്കുക മാത്രം ചെയ്ത കാലത്താണ് സഞ്ജയൻ്റെ വിമർശനം വരുന്നത്. (1937) മറ്റു പല എഴുത്തുകാരെയും പോലെ, കൽക്കത്താ തീസിസിൻ്റെയോ വിദ്യാഭ്യാസബില്ലിൻ്റെയോ ഭൂപരിഷ്കരണനിയമത്തിൻ്റെയോ ഇച്ഛാഭംഗത്തിൽ നിന്നുണ്ടായതല്ല ഈ വിമർശനം എന്നതും ശ്രദ്ധിക്കേണ്ടതാണ്.വിളയുടെ പരിമിതി മുളയിലേ മനസ്സിലാക്കിക്കൊണ്ടുള്ളതാണ് സഞ്ജയൻ്റെ ഗൗരവമുള്ള വിമർശനം. ഇന്നു വായിക്കുമ്പോൾ കമ്യൂണിസ്റ്റ് വിമർശനം എന്നതിനപ്പുറം കേരളത്തെ അടിമുടി ബാധിച്ച ഹിപ്പോക്രസിക്കെതിരായ വിമർശനമായിത്തന്നെ ഈ വരികൾ നിൽക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രസംഗിക്കുന്നവർ തന്നെ തങ്ങൾക്കിഷ്ടമല്ലാത്തതു പറയുന്നവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിൻ്റെ കാലത്ത് ഈ വരികൾ ഏതു കക്ഷിക്കും ഏതു ബുദ്ധിജീവിതത്തിനും ചേരും. പാഠപുസ്തക നിർമ്മാതാക്കളെ പരിഹസിച്ചെഴുതിയ ഒരു പ്രാർത്ഥനയെക്കുറിച്ചു കൂടി ഇവിടെ സൂചിപ്പിക്കട്ടെ.ഈശ്വരനോട് വിദ്യാർത്ഥികളായ കുഞ്ഞുങ്ങൾ മറ്റെന്തു പ്രാർത്ഥിക്കാനാണ്!

ഞങ്ങളെബ്ബുദ്ധിമുട്ടിക്കാ-
നവതാരമെടുത്തതാം
ടെക്സ്റ്റു ബുക്കു ചമയ്ക്കുന്ന
വിദ്വാന്മാർക്കു കൃപാനിധേ,
സൽബുദ്ധി നൽകി നീ തന്നെ
നേർവഴിക്കു നടത്തണേ!
ശിശുദ്രോഹം പാപമെന്ന
ബോധമുള്ളിലുണർത്തണേ!

അടുത്ത കാലത്ത് പാഠപുസ്തക നിർമ്മാണ സമിതികളിൽ പലതിലും പങ്കുകൊള്ളേണ്ടി വന്നപ്പോഴൊക്കെ സഞ്ജയൻ്റെ ഈ വരികൾ എൻ്റെ ചുണ്ടിൽ വരാറുണ്ട്.മാത്രമല്ല, കേരളത്തിലെ പാഠപുസ്തക നിർമ്മാണ കാര്യങ്ങൾ നടത്തിപ്പോരുന്ന എസ്.സി.ഇ.ആർ.ടിയുടെ ഓഫീസുഭിത്തിയിൽ തന്നെ ഈ പ്രാർത്ഥന എഴുതി വയ്ക്കേണ്ടതാണെന്നു തോന്നാറുമുണ്ട്. വിമർശിക്കുന്ന വിഷയങ്ങളെപ്പോലെ തന്നെ വിമർശനങ്ങളിലടങ്ങിയ ആത്മാർത്ഥതയും വൈകാരികതയും ഇന്ന് നമ്മെ ഗൗരവപൂർവം സ്പർശിക്കുന്നു.

തന്നെ വഞ്ചിച്ച വിധിയും കാലവും ചേർന്ന് ഒരു മനുഷ്യൻ്റെ കണ്ണീർ പുരണ്ട ഇളം ചിരിയെ പൊട്ടിക്കരച്ചിലോളം പോന്ന പൊട്ടിച്ചിരിയാക്കി മാറ്റി. പാവം മനുഷ്യൻ്റെ കരച്ചിൽ സംഗീതമാക്കി മാറ്റുന്ന ആ കാലമൂർത്തി തന്നെ ഇന്നിതാ പൊട്ടിച്ചിരി മെല്ലെ വകഞ്ഞ് ആ കണ്ണീർത്തിളക്കവും അതിനെ വിരിയിച്ച ക്ഷണികമായികതയും അതു കണ്ടുള്ള ഇളംചിരിയും ഇന്നത്തെ വായനക്കാർക്കു വേണ്ടി വീണ്ടെടുത്തു നീട്ടുന്നു. സഞ്ജയൻ്റെ കവിതകൾ പുതിയൊരു വിസ്മയപ്രഭയിൽ മുന്നിൽ നിൽക്കുന്നു.


  • സഞ്ജയൻ്റെ കവിതകൾ ചൊല്ലിയിരിക്കുന്നത് : പി രാമൻ
  • പി.രാമൻ  കവർ ചിത്രം  – കടപ്പാട് : റാഷ്മി അഹമ്മദ്

Comments

comments