നീതിയെക്കുറിച്ചുള്ള നമ്മുടെ ധാരണകളിലും പരിണാമത്തിന്റെ പുരാതനമായ വേരുകളുണ്ടെന്നു പറഞ്ഞാണ് യുവാൽ നോവാ ഹരാരി തന്റെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ’ എന്ന പുസ്തകത്തിലെ നീതി എന്ന അദ്ധ്യായം ആരംഭിക്കുന്നത്. മനുഷ്യസമൂഹം നായാടിയും പെറുക്കിത്തിന്നും നടന്ന് അന്നന്നത്തേയ്ക്കുള്ള വക കണ്ടെത്തിയ കാലത്തിൽനിന്നും തുടങ്ങിയ ധാർമ്മിക വേവലാതികൾക്ക് ഇന്നും പുറമേ കാണുന്ന സങ്കീർണ്ണതകൾക്ക് അകത്ത് ഋജുവും സുതാര്യവുമായ ഉപസ്ഥിതികളാണുള്ളത്. മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് എന്നൊക്കെയുള്ള ശാസനകൾ ആധുനികസമൂഹത്തിലും വലിയ പരിക്കൊന്നും ഇല്ലാതെ കഴിഞ്ഞുകൂടുന്നുണ്ട്. അത്യാധുനികമെന്ന് അവകാശപ്പെടുമ്പോഴും സമൂഹത്തിന്റെ ഘടനാപരമായ നൂലാമാലകളെ നിയന്ത്രിച്ചുകൊണ്ട് കേന്ദ്രസ്ഥാനത്ത് ഇതുപോലെയുള്ള ഗോത്രീയസ്വഭാവമുള്ള വിലക്കുകളും അരുതായ്മകളും പരിഷ്കൃതസമൂഹത്തിലും വിലസുന്നു. വെറുപ്പ്, കാമം, പക, മത്സരബുദ്ധിതുടങ്ങി ലോകത്തെമ്പാടുമുള്ള ജന്തുമനസ്സുകളിൽ കുടിയിരുപ്പ് നേടിയിട്ടുള്ള വികാരങ്ങളുടെയെല്ലാം അടിത്തട്ടിൽ പരിണാമത്തിന്റെ അലയൊലികളുണ്ട്.  അന്യാപദേശകഥകളായും നീതികഥകളായും ഒക്കെ പല രീതിയിൽ പ്രത്യക്ഷപ്പെടുന്ന മൃഗസാന്നിദ്ധ്യങ്ങൾ അബോധത്തിന്റെ വാതിലുകൾ തുറന്നു വരുന്ന പ്രാകൃതികചോദനകളാണ്.

ഒരു ജീവിവർഗം എന്ന നിലയിൽ പ്രകൃതിയിൽനിന്ന് അന്യവത്കരിക്കാൻ തുടങ്ങിയ കാലത്ത് മനുഷ്യന്റെകൂടെ കൂടിയ കാട്ടുമൃഗമാണ് നായ. മനുഷ്യരുടെ ബാഹ്യവും ആഭ്യന്തരവുമായ പ്രത്യേകതകളെയെല്ലാം പിൻപറ്റുന്ന പ്രതീകമായി ഇവയെ അവതരിപ്പിക്കാൻ ഉപയുക്തമാക്കുന്ന ഘടകം ഒരു പക്ഷേ ഈ അടുപ്പമാകാം. ഷിനിലാലിന്റെ സമീപകാലത്തു വന്ന കഥ മൈക്രോഗ്രീൻ (മാതൃഭൂമി കഥാപതിപ്പ് 2020, ലക്കം. 34) മരണവുമായി നായയെ ബന്ധപ്പെടുത്തുന്ന പൂർവധാരണയെ സാന്ദർഭികമായി തകിടം മറിക്കുന്നു. പകർച്ചവ്യാധി ബാധിച്ച് സകല മനുഷ്യരും ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിൽ പെട്ടെന്നുയരുന്ന നായുടെ ഒച്ച അവിടെ മരണത്തിനു പകരം ജീവിതജാഗ്രതയുടെ സൈറണായി തീരുകയാണ് ചെയ്യുന്നത്. മൃതിയുടെ നിശ്ശബ്ദതയെ ഭേദിക്കുന്ന പുതിയൊരു ജൈവലോകത്തിന്റെ പൊടിപ്പുകളുടെ ടിക് ടിക് ശബ്ദങ്ങളെ പകരം വച്ചുകൊണ്ടാണ് കഥ അവസാനിക്കുന്നതും. അതുകൊണ്ട് സാന്ദർഭികമാണെങ്കിൽപോലും കഥയിലെ നായുടെ കുരയ്ക്ക് അപൂർവമായ ഒരു സാംഗത്യം കൈവരുന്നു. മനുഷ്യന്റെ സഹചാരിയെന്ന നിലയ്ക്കുള്ള നായയുടെ പരിണാമത്തെ മനുഷ്യരുടെ ആന്തരികലോകത്തെ വ്യക്തമാക്കാനുള്ള ഉപാധിയായി ഉപയോഗിക്കുന്ന രണ്ട് സമകാലിക കഥകളെപ്പറ്റി പറയാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇന്ദുഗോപന്റെ ചെന്നായ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020, ലക്കം 35) എന്ന കഥയും മജീദ് സെയ്ദിന്റെ നായക്കളി (മാധ്യമം വാർഷികപ്പതിപ്പ് 2020) എന്ന കഥയുമാണവ. പ്രതീകവസ്തുവെന്ന നിലയിൽ ഈ രണ്ടു കഥകളിലും നായകൾ നമ്മുടെ മുന്നിൽ വരുന്നില്ല. എന്നാൽ കഥാശീർഷകങ്ങൾ നേരിട്ടുതന്നെ നായകളുടെ പരിണാമവിധേയവും അല്ലാത്തതുമായ ജീവിതത്തെ ചൂണ്ടുന്നവയാണ്. മാത്രമല്ല, നായകളുടെ ജീവിതത്തെ പ്രമേയവുമായി ഇഴപിരിക്കാനാവാത്തവിധം തുന്നിച്ചേർത്തുകൊണ്ടുള്ള ആഖ്യാനവുമാണവയിലുള്ളത്.

ഒന്ന്

കൊറോണ വൈറസിന്റെ വ്യാപനത്തിനു തടയിടാൻ സർക്കാർ അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം പ്രതിശ്രുതവധുവിന്റെ വീട്ടിൽ കുടുങ്ങിപ്പോയ ഒരു യുവാവിനെപ്പറ്റിയുള്ള പത്രവാർത്തയാണ് ജി ആർ ഇന്ദുഗോപന്റെ കഥയ്ക്ക് പ്രേരകമായിതീർന്നതെന്ന് ന്യായമായും ഊഹിക്കാം. ആണിനു സഹജമായുള്ള

അധികാരപ്രവണതകൊണ്ട് പൊതുവേയും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയായതുകൊണ്ട് പ്രത്യേകിച്ചും സഞ്ജയ് അനുവിനോട് കാണിക്കുന്ന പ്രമത്തതയുടെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ഗുരുവായൂരിൽ അമ്മ പോയതുകാരണം വീട്ടിൽ ഒറ്റയ്ക്കായ അവൾ നേരത്തെ ഫെയിസ് ബുക്കിലൂടെ പരിചയപ്പെട്ട  നിതാന്തസഞ്ചാരിയും പ്രകൃതിസ്നേഹിയുമായ ജോയെ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു. ഭർത്താവാകാൻ പോകുന്നവന്റെ ഈഗോയിൽ മനസ്സു മടുത്തിട്ട് ജോയുമായി ഒളിച്ചോടാൻ അനു തയ്യാറെടുക്കുന്ന സമയത്താണ് ആകസ്മികമായുള്ള സഞ്ജയന്റെ കടന്നു വരവ്.

കാടിന്റെ രഹസ്യാത്മകത ആധുനിക ജീവിതത്തിലേക്കു വച്ചു മാറ്റുകയാണ് ഇന്ദുഗോപൻ ചെയ്യുന്നത്. വേട്ടയാടി പിടിക്കുക എന്ന സ്വഭാവത്തിന്റെ വേടുകൾ മാഞ്ഞുപോകാത്ത നാഗരികനാണ് സഞ്ജയെങ്കിലും അതിന്റെ കൂടിയ രൂപമാണ് ജോയിൽ പിന്നീട് കാണുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇണങ്ങാത്ത, ചോര മണക്കുന്നതിൽ ലഹരിയുള്ള, ഇരയെ തഞ്ചത്തിനു ആക്രമിച്ചു കീഴ്പ്പെടുത്തുന്ന, പൂർവികനായ ചെന്നായയെ ജോയെയും, ഇണക്കമുള്ള ഒരു വീട്ടുമൃഗമായി മാറി തുടങ്ങിയെങ്കിലും, ശൗര്യങ്ങളുടെ മിന്നായം വിട്ടുപോകാത്ത നായയായി സഞ്ജയെയും കഥയിൽ അടയാളപ്പെടുത്തിയിരിക്കുന്നു. തന്റെ ഇണയെ കരുത്തും കൗശലവും നോക്കി തെരെഞ്ഞെടുക്കുക എന്ന പ്രാചീനമായ കാട്ടുനീതി ഇവിടെ അനുവിന്റെ തലയിൽ വന്നുപെടുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യത്തെയും കരുതലിനെയും മുൻനിർത്തി ആദ്യം ആ തീരുമാനം ജോയ്ക്ക് അനുകൂലമായിരുന്നെങ്കിലും അയാളുടെ ഇടപെടൽകൊണ്ടുതന്നെ ഒരു താരതമ്യം ചുരുങ്ങിയ സമയത്തിനുള്ളിൽ നടക്കുകയും അവരിൽ ആക്രമണശേഷി കുറഞ്ഞ സഞ്ജയിനെ അനു തന്റെ ഇണയായി സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്.

നഗരജീവിതത്തിനകത്ത് അപ്രതീക്ഷിതമായ വിധികൾ നടപ്പാവുന്ന ഒരു കാടുണ്ടെന്നും ഇണങ്ങിയ നായകൾക്കുള്ളിൽ ഇണങ്ങാതെ മുറുകുന്ന ചെന്നായകളുണ്ടെന്നുമുള്ള യാഥാർത്ഥ്യത്തെ അവയുടെ തീവ്രതയിൽ അനുഭവിപ്പിക്കുന്ന കഥയാവുന്നു ‘ചെന്നായ’.  വീട്, ദാമ്പത്യം എന്നീ സങ്കല്പങ്ങൾ ഇണക്കിയെടുപ്പിന്റെ വാസ്തവങ്ങളെയാണല്ലോ മുന്നിൽ വയ്ക്കുന്നത്. ഒത്തുതീർപ്പുകൾ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന സങ്കല്പങ്ങൾക്കകത്ത് തളയ്ക്കപ്പെടാനുള്ള അദൃശ്യമായ ചങ്ങലകളുണ്ടെന്ന കാര്യം അധികം ആരും ഓർത്തു എന്നു വരില്ല. മെരുങ്ങാൻ താത്പര്യമില്ലാത്ത ഒരു മനസ്സ് ജോയിൽ പ്രവർത്തിക്കുന്നുണ്ട്.

“ആൾവേയ്സ് ഹാപ്പി. എനിക്കും ആ ഹാപ്പിനെസ്സ് കിട്ടുമെന്ന് ഞാൻ കരുതുന്നു. അത്രേയുള്ളൂ.”

– ആധുനികനായിരിക്കുമ്പോഴും, തന്നെ രൂപപ്പെടുത്തിയിരിക്കുന്നത് ഏറ്റവും പ്രാചീനമായ ചോദനകളാണെന്ന് അയാൾ ഒരിടത്ത് ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്. ഇണചേരാനും അലഞ്ഞുതിരിയാനും വേട്ടയാടാനും വെട്ടിപ്പിടിച്ച് അന്നന്നത്തെ അന്നത്തിൽ സംതൃപ്തനാവാനുമുള്ള മാനസികനില, പരിണാമത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകാതെ തലച്ചോറിന്റെ അടരുകളിലേക്ക് അടിഞ്ഞതാവണം. കാടിനോടുള്ള അയാളുടെ ആസക്തിക്ക് അങ്ങനെ ഒരു ന്യായീകരണം സാധ്യമാണ്. അനുവിനെ ഉപേക്ഷിച്ചുപോകാൻ അയാൾ തയ്യാറാവുന്നതിനു പിന്നിലും ഈ പ്രാകൃതികവാസനയുടെ ഒരംശമുണ്ട്. പെണ്ണിനു വേണ്ടാതായാൽ പിന്നെ ആണുങ്ങൾ തമ്മിൽ മത്സരമില്ലെന്ന മൃഗസഹജമായ നിലപാടാണത്.

“ഒരു പെണ്ണിനു വേണ്ടി തമ്മിലടിക്കുന്നതും പ്രകൃതീടെ രീതിയാ..”

“ഇവൻ നിന്നെ ഉപദ്രവിക്കും. ആ ഇനമാ, ജനുസ്സു കണ്ടാ മനുഷ്യനായാലും മൃഗമാണേലും എനിക്കറിയാം.”

“കുരങ്ങിൽനിന്ന് നീ മനുഷ്യനായിട്ടില്ല.”

“ഏതു വന്യജന്തുക്കളുടെ ഫീമെയിലിനോട് ഇടപെടുമ്പോഴും ഈ മര്യാദ വേണം. കാരണം പെണ്ണുങ്ങൾക്ക് ഒരു ഓർഡർ ഉണ്ട്. പ്രപഞ്ചത്തിന്റേതു മാതിരി…… നമ്മളവിടെ വംശവർദ്ധനവിനുള്ള അത്യാവശ്യക്കാരുമാത്രമാ..”

– എന്നിങ്ങനെ കഥയിലുടനീളം പ്രകൃതിനിയമങ്ങളോട് ചേർന്നുനിന്നുകൊണ്ടുള്ള നിരീക്ഷണങ്ങൾ കാണാം. പരിണാമസംബന്ധിയായ ഒരു വിശാലമായ കാഴ്ചപ്പാടിന്റെ ഉപോത്പ്പന്നമാണ് അവ. നവോത്ഥാന കാലകഥകളിൽ ഉള്ളതുപോലെ മാനുഷികമായ ഭാവങ്ങളെ അരിച്ചെടുത്ത് ഇണക്കുമൃഗങ്ങളിൽ വച്ചുകെട്ടുകയല്ല, പകരം മൃഗവാസനകൾ ഏതെല്ലാം വിധത്തിൽ ഇന്നും മനുഷ്യരിൽ പ്രവർത്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ‘ചെന്നായ’പോലെയുള്ള ആധുനികകഥകൾ ചെയ്യുന്നത്. ഈ പ്രത്യേകത കൂടുതൽ ആന്തരികവും സങ്കീർണ്ണവുമായ മാനം നേടുന്നത്, മജീദ് സെയ്ദിന്റെ ‘നായക്കളി’യിൽ കാണാം.

രണ്ട്

മജീദ് സെയ്ദ് എഴുതിയ ‘നായക്കളി’ (മാധ്യമം വാർഷികപ്പതിപ്പ് 2020) ഏറെ പരിചിതമായതും എന്നാൽ ഉള്ളുലയ്ക്കുന്നതുമായ ഒരു കുടുംബാനുഭവത്തെ അതിന്റെ വൈകാരികതയ്ക്ക് പോറലേൽപ്പിക്കാതെ ആവിഷ്കരിച്ചിരിക്കുന്ന കഥയാണ്. ആദ്യവായനയിൽ ദാമ്പത്യത്തിനുള്ളിലെ കലക്കമാണ് അതിന്റെ ഉള്ളടക്കം. ഇണയെ സംശയിക്കുക എന്ന സ്വഭാവത്തിന്റെ വേരുകൾ മനുഷ്യൻ കുടുംബമായി ജീവിക്കാൻ തുടങ്ങുന്നിടത്തുനിന്നും ആരംഭിക്കുന്നു. ജനിതകശുദ്ധിയെന്ന സങ്കല്പം കാത്തു സൂക്ഷിക്കാനായിരിക്കും പ്രകൃതി മനുഷ്യരിൽ വിശേഷിച്ച് ഇണകളിൽ എന്റേതെന്ന ബോധത്തിന്റെ (മമതാബോധം) വിത്തു പാകി കാത്തു സൂക്ഷിക്കുന്നത്. പലപ്പോഴും ആരാന്റെ കുഞ്ഞിനെ പോറ്റേണ്ട ഭാരം തന്നിൽ വരുമോ എന്ന വേവലാതിയുമായാണ് അയാൾ അവളുടെ അവിഹിതങ്ങളെ സംശയിച്ച് ചാടി വീഴുന്നത്. മനുഷ്യരുടെ സവിശേഷമായ സാമൂഹികബന്ധങ്ങൾ ആ പഴയ പ്രാകൃതമായ ഭയങ്ങളെ പുതിയ കുപ്പായമണിയിച്ച് മാറിയ കാലത്തുംകൂടെ കൂട്ടുന്നുണ്ടെന്നതാണ് ദാമ്പത്യത്തിലെ സംശയരോഗങ്ങൾ നമുക്കു മുന്നിൽ വയ്ക്കുന്ന പാഠം.

ഇത്തരത്തിലുള്ള മമതാബന്ധങ്ങളുടെ മൂന്ന് അവസ്ഥകൾ കഥയിൽ പരിശോധിക്കപ്പെടുന്നുണ്ട്. അതിലാദ്യത്തേത് രാത്രിയുടെ ഏകാന്തതയിൽ ബാപ്പയ്ക്കെതിരെ വെട്ടുകത്തി വീശുന്ന ഉമ്മയുടേതാണ്. ഭാര്യ-ഭർതൃബന്ധത്തിലെ സ്നേഹത്തിന്റെ രൂപാന്തരമാണ് ആ ആക്രമണോദ്യമം. അതുപോലെതന്നെ അക്രമാസക്തമായ ഒന്നാണ്, ജസീറിനു സഹോദരിയോടുള്ള ബന്ധത്തിലും രക്ഷാകർത്തൃത്വത്തിലും ഒളിഞ്ഞിരിക്കുന്ന ക്രൗര്യം. മൂന്നാമത്തേത് വിമലുമായിട്ട് അവൾക്കുള്ള ബന്ധമാണ്. അത് കേവല സൗഹൃദമാണോ പ്രണയമാണോ എന്ന് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അതേസമയം തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ നോക്കിക്കാണാനുള്ള കണ്ണാടി ലഭിക്കുന്നത് വിമലിൽ നിന്നാണെന്നത് പ്രധാനമാണ്. നിരന്തരം അവൾ അയാളെ ഓർക്കുകയും അവളുടെ കൺവെട്ടത്ത് അയാൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ‘നായക്കളി’ എന്ന കഥയിലെ മൂന്നു സന്ദർഭങ്ങളിലും  അക്രമത്തിന്റെ രൂപമാർജ്ജിക്കുന്ന സ്നേഹമാണുള്ളത്. വാഴക്കറയെയും ആർത്തവരക്തത്തെയും ചോരയെയും ഭ്രാന്തിനെയും ശ്വാസംമുട്ടലിനെയും ഇരുട്ടിനെയും തണുപ്പിനെയുംകുറിച്ചുള്ള പരാമർശങ്ങളെല്ലാം കുടുംബം എന്ന ഇടുക്കു ജീവിതത്തിനകത്തുള്ള, തിരിച്ചറിയാനോ വിവേചിച്ചറിയാനോ അത്ര എളുപ്പമല്ലാത്ത, കെട്ടിക്കിടക്കുന്ന വികാരങ്ങളുടെ അറകളെ തുറന്നു കാണിക്കുകയാണ് ചെയ്യുന്നതെന്നും പറയാം. അതിനുള്ള ഉപകരണമാണ് സംശയംകൊണ്ട് ഉമ്മയും അമർഷംകൊണ്ട് ജസീറും കൈയിലെടുക്കുന്ന വെട്ടുകത്തി.

ആഖ്യാതാവിന്റെ സ്ഥാനത്തുള്ള പെൺകുട്ടിയിൽ, ഉമ്മയിലും ജസീറിലും ഉള്ള അക്രമചോദന അതേ അളവിൽ ഇല്ലെന്നു പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ വിമലുമായുള്ള ബന്ധം നിർവചിക്കാനാവാതെ കുഴങ്ങുകയും അയാളെ ബ്ലോക്കു ചെയ്യുകയും കഥയുടെ അവസാനം അയാളുടെ ഓർമ്മയിൽ കണ്ണടവച്ച് നായയായി സ്വയം വിഭാവന ചെയ്യുകയും വഴി അവളുടെ സ്നേഹത്തിലും ഹിംസാത്മകത നിഹിതമാണ്. ഏറെക്കുറേ അതു ഉള്ളിലേക്ക് തിരിഞ്ഞ് അക്രമവാസനയാണെന്നു തിരിച്ചറിയാവുന്ന നിലയിൽ ആയിത്തീരുകയും ചെയ്തിട്ടുണ്ട്. ഉമ്മയോടുള്ള പ്രതിപത്തിയാൽ പഠിത്തം മുടക്കുകയും ചോരയൊഴുക്കി താഴെക്കിടക്കുകയും വിമലിനോട് ജസീറിക്ക കാണിക്കുന്ന വിദ്വേഷത്തിൽ ഒരുതരം മരവിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന അവളിൽ അടക്കിപ്പിടിച്ച ഹിംസയുടെ മൂലകങ്ങൾ വ്യക്തമാവുകയും ചെയ്യുന്നു. ഉമ്മയുമായുള്ള അവളുടെ താദാത്മ്യം വെറും നായക്കളിയുടെ പ്രതിബിംബഭാവനകൊണ്ടു മാത്രം അവസാനിക്കുന്നതല്ലെന്ന് സാരം.

ഉമ്മയുടെ ജനിതകപാരമ്പര്യം പുറത്തേക്കും അകത്തേക്കും ഒഴുകുന്ന ധാരകളായി വ്യത്യസ്തമായ രീതികളിൽ അവരുടെ സന്തതികളായ പെൺകുട്ടിയിലും ജസീറിലുമായി ഇങ്ങനെ പ്രവർത്തിക്കുമ്പോൾ ബാപ്പയുടെ സാമൂഹിക പാരമ്പര്യത്തിന്റെ അവകാശിയാണ് കുടുംബവുമായി രക്തബന്ധമില്ലാത്ത വിമൽ. ജീവശാസ്ത്രപരമായിമാത്രമല്ല സ്വഭാവഘടകങ്ങൾ ആവർത്തിക്കുന്നത്,  സാമൂഹികമായും കൂടിയാണെന്ന വീക്ഷണം ഈ രണ്ടു കഥാപാത്രങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്നു തോന്നുന്നു. ആദ്യകാഴ്ചയിൽതന്നെ ബാപ്പ, വിമലിനെപ്പറ്റി ജസീറിനോട് പറയുന്ന നല്ല അഭിപ്രായം അതിന്റെ തെളിവാണ്. ജനിതകവും സാമൂഹികവുമായ പാരമ്പര്യങ്ങളെ പ്രശ്നാധിഷ്ഠിതമാക്കി അഭിമുഖം നിർത്തുക എന്നൊരു ദൗത്യംകൂടി കഥ ഗൂഢമായി ഏറ്റെടുക്കുന്നു. ബാപ്പയുടെ അന്യസ്ത്രീകളുമായുള്ള, ഊഹത്തിൽ അധിഷ്ഠിതമായ ബന്ധമാണല്ലോ ഉമ്മയുടെ ഉന്മാദത്തിനു കാരണമായിത്തീരുന്നത്. ജസീറിലും സഹോദരിയെ മുൻനിർത്തി അത്തരമൊരു ഊഹം പ്രവർത്തിക്കുന്നുണ്ട്.

മണം പിടിക്കുക എന്ന ശൈലിക്ക് മലയാളത്തിൽ സംശയിക്കുക എന്ന ഒരർത്ഥം ഉണ്ട്. സംസ്കരിക്കപ്പെടാത്ത കേവലവികാരങ്ങളുടെ മണ്ഡലത്തിലേക്ക് സംശയം, മനുഷ്യരെ പിടിച്ചു താഴ്ത്തുന്നു എന്നുള്ളതുകൊണ്ടാണ് അത്. ‘സംശയരോഗി’ എന്നാണ് അത്തരക്കാർക്കുള്ള മറ്റൊരു പ്രയോഗം. രോഗാതുരവും ജന്തുതുല്യവുമായ വൈകാരിക ജീവിതത്തെ നായയെ കൂട്ടുപിടിച്ച് അവതരിപ്പിക്കുന്നതിലൂടെ കഥയിൽ രൂപപ്പെടുന്ന മാനങ്ങൾ പലതാണ്. ഏറ്റവും ഇണക്കമുള്ള വളർത്തുമൃഗം എന്ന നിലയിൽ നിരുപാധികമായ വിധേയത്വത്തിന്റെ പ്രതിബിംബമായിരിക്കുമ്പോൾ പോലും നായകളിൽ, ചെന്നായകൾ അതിന്റെ പ്രാകൃതഭൂതകാലത്തിന്റെ സജീവമായ ഓർമ്മകളോടെ നിലനിൽക്കുന്നുണ്ടെന്ന വാസ്തവത്തെയാണല്ലോ നമ്മൾ ‘ചെന്നായ’ എന്ന കഥയിൽ കണ്ടത്. തന്റേതായ ഇടം നിശ്ചയിക്കാനും അതിലേക്ക് അതിക്രമിച്ചു കയറുന്നവരെ നേരിടാനുമുള്ള ചോദനകളിൽനിന്ന് പൂർണ്ണമായും മുക്തി മനുഷ്യനു വന്നിട്ടില്ലെന്നും അപരത്വവിദ്വേഷങ്ങളുടെ ഉറവിടം മൃഗവാസനകളിലാണ് തിരയേണ്ടതെന്നുമാണ് മറ്റൊന്ന്. ഹിംസ്രമൃഗങ്ങളിൽ സ്ഥലപരമാണ് ഈ തന്റേടമെങ്കിൽ (തന്റെ ഇടം) നാഗരികമൃഗമായ മനുഷ്യരിൽ മൂർത്തവും അമൂർത്തവുമായ പലയിടങ്ങളിലേക്കും അതു നീളുന്നു. ഉമ്മയുടെ കാര്യത്തിൽ ബാപ്പയുടെ ശരീരംമാത്രമല്ല, മനസ്സും ‘തന്റെ ഇട’ത്തെക്കുറിച്ചുള്ള പ്രാകൃതബോധത്തിന്റെ അടിസ്ഥാനങ്ങളാണ്. ജസീറിൽ സഹോദരിയുടെ ശരീരവും വീടുമൊക്കെയാണ് ഇതേ ബോധത്തിനു കേറിക്കളിക്കാൻ ഇടം നൽകുന്നത്. അവകാശപ്പെടാവുന്നത് എന്നുറപ്പില്ലാത്ത ഒരു ശരീരമാണ് വിമലിന്റെ സുഹൃത്തായ പെൺകുട്ടിയെ നിസ്സഹായയാക്കുന്നത്.

ഇത് പ്രത്യേകതരം ശാരീരികഭൂമിശാസ്ത്രമേഖലകളാണ്. നായക്കളി, മൃഗവാസനകളുടെ മുഖരമായ ഒരിടമായി മാറുന്നത്, ശരീരത്തിന്റെ ഭൂമേഖലകളെ പലതരത്തിൽ അവകാശപ്പെടുന്നതുകൊണ്ടുമാത്രമല്ല, അവയുടെ ഭരണപരിധിക്കകത്ത് പ്രവേശിക്കുന്നവരെ അപരരായി കരുതി ഒഴിവാക്കാൻ കാണിക്കുന്ന ഉന്മാദസ്വഭാവമുള്ള  പ്രകടനങ്ങളിലുംകൂടിയാകുന്നു. ഉമ്മയുടെ അപരത്വബോധം ലിംഗപരമാണ്. മറ്റു സ്ത്രീകൾ വാപ്പയുടെ അവകാശികളായി വരുന്നത് ചെറുക്കാനാണ് അവർ ഭാവനയിൽ നായ കളിക്കുന്നത്. അവിടെ സ്വലിംഗവിഭാഗമാണ് അപരർ. വിമലിനും സഹോദരിക്കും ഇടയിൽ നിൽക്കുന്ന ജസീർ ചെറുക്കാൻ ഉദ്യമിക്കുന്നത്, സാമൂഹികമായ അപരത്വത്തെയാണ്. സഹോദരിയെ ആവശ്യപ്പെട്ടേയ്ക്കും എന്നു തോന്നുന്ന അന്യമതസ്ഥനെയാണ് അയാൾ അകറ്റി നിർത്തുന്നത്. സ്വയം ഒതുങ്ങിക്കൂടിയും താൻ ചെയ്യുന്ന  പ്രവൃത്തികൾക്കു പോലും നിർവാഹകത്വമില്ലാതെയും കുഴങ്ങുന്ന പെൺകുട്ടി തന്നിൽത്തന്നെയാണ് അപരയെ കാണുന്നത്.

ബന്ധങ്ങൾ, ബന്ധനങ്ങളും ബാധ്യതയും സഹനവും ഒക്കെയാകുന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന കഥയിലെ ജീവിതം വാസ്തവത്തിൽ കുടുംബത്തിന്റെയോ ദാമ്പത്യത്തിന്റെയോ ഉള്ളിൽ കുടിയിരിക്കുന്ന മനോവിഭ്രമത്തിന്റെ ആവർത്തനങ്ങളെ നേർരേഖയിൽ ആവിഷ്കരിക്കുന്നതിനു പകരം, ഒരു തിരിച്ചിടൽകൂടി നടത്തുന്നു. സാമ്പ്രദായിക രീതിയിൽ സഹനം, വിധേയത്വം ഇവ സ്ത്രീകൾക്കും യജമാനത്തം, ക്രൗര്യം എന്നിവ പുരുഷന്മാർക്കുമായി പങ്കുവച്ച് നമ്മുടെ ഭാവനാവിചാരങ്ങൾ, ബാഹ്യവാസ്തവങ്ങളെ തിരുത്തുന്നു. ‘നായക്കളി’യിൽ ബാപ്പ സൗമ്യനും സമചിത്തനും വിവേകിയും സഹനശീലനും സ്നേഹസമ്പന്നനുമാണ്. മനുഷ്യബന്ധങ്ങൾക്കിടയിലുള്ള ഉടമസ്ഥതാസങ്കല്പത്തിന്റെ തിരിച്ചിടലിൽ ഒരു ‘നായക്കളി’ ഉണ്ട്. തന്റെ യജമാനനിൽനിന്ന് (ഇവിടെ യജമാനത്തിയിൽനിന്ന്) ഒരപകടവും തനിക്കുണ്ടാവില്ലെന്ന ഉത്തമവിശ്വാസത്തിലാണ്, പകലിൽ ഒളിപ്പിച്ചുവെയ്ക്കുന്ന വെട്ടുകത്തി തനിക്കു നേരെ വീശാൻ ഉമ്മയ്ക്ക് സ്വകാര്യമായി ബാപ്പ നൽകുന്നത്. നിരുപാധികമായ ആ വിധേയത്വത്തിന്റെ ചിത്രീകരണത്തിൽ സാമ്പ്രദായികമായ യജമാനത്വത്തെ  തലതിരിച്ചവതരിപ്പിക്കുകയാണ് മജീദ് സെയ്ദ് ചെയ്തിരിക്കുന്നത്. പൊതുധാരണവച്ചു നോക്കുമ്പോൾ, മനുഷ്യൻ പോറ്റി വളർത്തി തനിക്കു വിധേയനാക്കുന്ന നായ, ഈ കഥയിൽ ഉമ്മയെന്നും മകളെന്നുമുള്ള സ്ത്രീകളുടെ സദൃശബിംബങ്ങളായിട്ടാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും യജമാനത്വത്തെ തിരിച്ചിടുകയും പറിച്ചെറിഞ്ഞാലും ഒട്ടിപ്പിടിക്കുകയും സംശയത്തിന്റെ നിഴലുകളെ നോക്കി കുരയ്ക്കുകയും സ്നേഹംകൊണ്ടെന്നപോലെ ക്രൗര്യംകൊണ്ടും ഉണ്മയെ ഉറപ്പിക്കുകയും ചെയ്ത്, കഥയിലെ ബാപ്പ, വിമൽ, ജസീർ എന്നീ മൂന്ന് ആൺ കഥാപാത്രങ്ങളും തങ്ങളുടെ ആന്തരികമായ ‘നായത്വ’ത്തെ സ്ഥിരീകരിക്കുന്നവരാണ്.

സുതാര്യമായ പാളികൾക്കകത്ത് സൂക്ഷിക്കുന്ന പല അനുഭവഘടനകളും ചേർന്നാണ് നമ്മുടെ സാംസ്കാരിക ഉത്പ്പന്നങ്ങളായ രചനകൾ ജീവിതത്തെ സംബന്ധിക്കുന്ന പുതിയ വാസ്തവങ്ങൾ അവതരിപ്പിക്കുന്നത്. അല്ലെങ്കിൽ അവയുടെ മുഴക്കവും ആഴവും നഷ്ടപ്പെട്ട് ഫോട്ടോകോപ്പികളായി അവ ഒരേതരം ജീവിതത്തെ ധാർമ്മികവിചാരങ്ങൾ കലർത്തി അവതരിപ്പിച്ചുകൊണ്ടിരിക്കും. അത്തരം ദുര്യോഗത്തിൽനിന്ന് രക്ഷപ്പെട്ട കഥകളുടെ ഏറ്റവും അടുത്ത രണ്ട് ഉദാഹരണങ്ങളാണ്, ‘നായക്കളി’യും ‘ചെന്നായ’യും.

“ഓരോ കണ്ണടയും ഓരോരോ കാഴ്ചകളാണ് എനിക്ക് നൽകുന്നത്. എപ്പോഴും ഓരേ തരം മായക്കാഴ്ചകൾ കാണാൻ ആരാണ് ഇഷ്ടപ്പെടുക?” 

-എന്ന് നായക്കളിയിലെ പെൺകുട്ടിയ്ക്ക് പുതിയ ദർശനം പകർന്നു നൽകുന്ന വിമലിനെപോലെ ചെന്നായയിൽ ജോയും സമാനമായ ഒരു ഉപദേശം പങ്കുവയ്ക്കുന്നതു നോക്കുക: “…ഒരേ കാടായിരിക്കും. പക്ഷേ ഓരോ തവണ കയറുമ്പോഴും പുതിയ കാടിന്റെ അനുഭൂതിയായിരിക്കും നമ്മൾ അനുഭവിക്കുന്നത്.”

കുടുംബബന്ധങ്ങളെയും സാമൂഹികബന്ധങ്ങളെയും സ്ഥിരമായി നോക്കിക്കാണാൻ നമ്മളുപയോഗിക്കുന്ന കണ്ണടകൾ ഒന്നു മാറ്റിവെച്ചു നോക്കാനുള്ള ഉപദേശം തന്നെയാണല്ലോ ഇതും. അനുഭവങ്ങളുടെ യഥാതഥവിവരണങ്ങളെ അവയുടെ പരിണാമസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ ലഭിക്കുന്നത് വെവ്വേറെ കാഴ്ചവട്ടങ്ങളാണ്. അവയെ നോക്കിക്കണ്ട് സ്വാംശീകരിക്കാൻ നമ്മളെത്ര സന്നദ്ധമാവുന്നുണ്ടെന്നതാണ് അടിസ്ഥാന പ്രശ്നം. നായക്കളിയിലെ പെൺകുട്ടി ഒരിക്കൽ ഊരിയെടുത്ത് നിലത്തിട്ട കണ്ണട, വീണ്ടുവിചാരങ്ങളുടെ കുഴമറിച്ചിലിൽപ്പെട്ട് തിരിച്ചെടുത്തു മുഖത്തുവച്ച് പുതിയ കാഴ്ചകൾക്കായി പരതുന്നു. ചെന്നായയിലെ അനു അതുപോലെ ജീവിതത്തെപ്പറ്റിത്തന്നെയുള്ള തീരുമാനം മാറ്റുന്നു. പുതിയ വീക്ഷണകോണുകൾ ലഭ്യമായിരിക്കുമ്പോഴും വീണ്ടും വീണ്ടും  മുൻധാരണകളുടെ വെറും നിലത്ത് ചടഞ്ഞുകൂടാനാണോ നിങ്ങളുടെ തീരുമാനം എന്നല്ലേ ഈ കഥകളും നമ്മളോട് മറയില്ലാതെ ചോദിക്കുന്നത്?

Comments

comments