സൈബോർഗ് എന്ന രൂപകം ഉരുത്തിരിയുന്നത്  എൽജിബിറ്റി സംസ്കാരങ്ങളും അവയുടെ തനതു വ്യത്യസ്തതകളായ ബോഡി പിയസിങ്ങ്, റ്റാറ്റൂയിങ്ങ്, സിലിക്കൺ ഇംപ്ലാന്‍റ്, ഹോർമോൺ ചികിത്സകൾ തുടങ്ങിയ പോസ്റ്റ്ഹ്യൂമൺ പരിവേഷങ്ങളും ആപ്പിൾ, ഹ്യൂലെറ്റ് പെക്കാർഡ് തുടങ്ങിയ സാങ്കേതികമുതലാളിത്തത്തിന്‍റെ പുത്തൻ രൂപങ്ങളും കൊണ്ട് സമ്പന്നമായ അമേരിക്കയിലെ ബേ ഏരിയയിലെ പ്രത്യേകിച്ചും സാൻഫ്രാൻസിസ്കോയിലേയും സിലിക്കൺവാലിയിലേയും സാഹചര്യങ്ങളിൽ നിന്നുമാണ് എന്ന് പറയാറുണ്ട്‌. എന്നിരുന്നാലും മൂന്നാംലോകരാഷ്ട്രങ്ങളിലുൾപ്പടെ എവിടെയും അടിച്ചേൽപ്പിക്കപ്പെടുന്ന ഏതു സാർവ്വലൗകികതയ്ക്കെതിരെയും പ്രയോഗിക്കാവുന്ന മികച്ച രൂപകം തന്നെയാണ് സൈബോർഗ്. സ്ഥാനഭ്രംശങ്ങളും, ഒഴിവാക്കപ്പെടലുകളും ഒറ്റപ്പെടുത്തലുകളും അനുഭവിക്കുകയും സാങ്കേതികതയുടെ പ്രാപ്യത എന്ന ഇരുതല മൂർച്ചയുള്ള വാളിന്‍റെ ഭീഷണിയിൽ സദാ നിലനിൽക്കുകയും ചെയ്യുന്ന ഏതു ജനവിഭാഗത്തിനും സൈബോർഗ് എന്ന ആശയംകൊണ്ട് പ്രയോജനമുണ്ട് എന്നത് നിഷേധിക്കാനാവില്ല. പുരോഗതിയെക്കുറിച്ചും യുക്തിയെക്കുറിച്ചും പാശ്ചാത്യലോകം വച്ചുപുലര്‍ത്തിയ അമിത പ്രതീക്ഷകളെ വിമര്‍ശിച്ചുകൊണ്ട്, കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അറുപതു-എഴുപതു ദശകങ്ങളില്‍ ശക്തമായിത്തീര്‍ന്ന ആധുനികാനന്തരചിന്ത, ചരിത്രപരിവർത്തനങ്ങളുടെ  ഏജന്‍സിയെക്കുറിച്ചുള്ള – ആരാണ് സാമൂഹിക വ്യവസ്ഥയെ മാറ്റിപ്പണിയുന്ന രാഷ്ട്രീയ ശക്തി എന്നതിനെക്കുറിച്ചുള്ള – വിശ്വാസങ്ങളെയും അടിസ്ഥാനപരമായി ചോദ്യം ചെയ്തിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രീയവും ഫെമിനിസ്റ്റ് രാഷ്ട്രീയവും വിമോചന ശക്തികള്‍ എന്ന നിലയില്‍ മുറുകെപ്പിടിച്ചിരുന്ന പ്രതിരോധങ്ങളെക്കുറിച്ചുള്ള, മാറ്റങ്ങളെക്കുറിച്ചുള്ള ധാരണകൾ വിമർശനാത്മകമായി പുന:പരിശോധനകള്‍ക്ക് വിധേയമായി. സോഷ്യലിസത്തെക്കുറിച്ചാണെങ്കില്‍, സോവിയറ്റ് യൂണിയനിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും സോഷ്യലിസ്റ്റ് അനുഭവങ്ങൾ “യഥാർത്ഥത്തിൽ നിലനിൽക്കുന്ന സോഷ്യലിസ”മെന്നും (actually existing socialism), പടിഞ്ഞാറൻ മാർക്സിസം പത്തൊന്‍പതാം നൂറ്റാണ്ടിലെ യുട്ടോപ്പിയൻ ലോകവീക്ഷണങ്ങളുടെ കേവലമായ തുടർച്ചയെന്നും നിരീക്ഷിക്കപ്പെട്ടതു ഈ പശ്ചാത്തലത്തിലാണ്. ഇന്ന് “ഗ്ലോബല്‍ സൌത്ത്” (Global South) എന്നു വിളിക്കപ്പെടുന്ന മൂന്നാംലോകരാജ്യങ്ങളിൽ മിക്കവയിലും സാമ്രാ‍ജ്യത്വത്തിനെതിരെയും മൂലധനാധീശത്വങ്ങൾക്കെതിരെയും ദേശീയബൂർഷ്വാസിക്ക് എതിരെയുമൊക്കെ പ്രക്ഷോഭങ്ങളും ചെറുത്തുനിൽപ്പുകളും ആരംഭിച്ചുകഴിഞ്ഞിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ഇതിനു സമാന്തരമായി മൂലധനാധിഷ്ഠിത ലോകവ്യവസ്ഥയുടെ കേന്ദ്രങ്ങളിൽ ഉയർന്നുവന്നുകൊണ്ടിരുന്ന ശാസ്ത്രപുരോഗതിയാകട്ടെ മനുഷ്യസാധ്യതയുടെ അതിരുകൾ മാറ്റിനിശ്ചയിച്ചുകൊണ്ടുമിരുന്നു. ഒരുവശത്ത് എല്ലാ ഉട്ടോപ്പിയകളും തകരുന്നതിനെക്കുറിച്ചുള്ള വേവലാതികളും മറുവശത്ത് ശാസ്ത്ര പുരോഗതി ഭാവിമനുഷ്യ സങ്കല്‍പ്പത്തെ പുനര്‍നിവചിക്കുന്ന നവഉട്ടോപ്പിയയായി അവതരിക്കുകയും ചെയ്തപ്പോള്‍ ഇവയൊക്കെയുമായും അഗാധമായ വൈരുദ്ധ്യത്തിന്‍റെ ബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് സൈബോർഗ് എന്ന ആശയം നരവംശശാസ്ത്രജ്ഞര്‍ക്ക് ഇടയിലും ധൈഷണികചിന്തകർക്കിടയിലും സാങ്കേതികവിദഗ്ദ്ധർക്കിടയിലും റ്റെക്നോക്രാറ്റുകൾക്കിടയിലുമൊക്കെ ഉയർന്നുവരുന്നത്. സൈബോർഗ് ഭാവി സാർവ്വലൌകീകമായ ഒന്നല്ല എന്ന് ഏഷ്യൻ ആധുനികതകളെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.[1] ആധുനികതകൾ വ്യത്യസ്തതലങ്ങളിൽ അനുഭവിക്കപ്പെടുന്ന ഇടങ്ങളിൽ ട്രാൻസ്ഹ്യൂമണിലേക്കുള്ള ചുവടുവെയ്പ്പുകൾ കൂടുതൽ അസമത്വ പ്രതിസന്ധികളാണ് സൃഷ്ടിക്കുക എന്നത് വിസ്മരിച്ചുകൊണ്ട്‌ ഒരു സൈബോര്‍ഗ് ചര്‍ച്ച നടത്താന്‍ കഴിയില്ല. ഒരു പക്ഷെ സാമൂഹികാസമത്വങ്ങളുടെ വർദ്ധനവ്  തന്നെയാകണം പോസ്റ്റ്‌ഹ്യുമന്‍ സാങ്കേതികതകള്‍ കൊണ്ടുവരാനിടയുള്ള ഏറ്റവും വലിയ ഭീഷണിയെന്നതും ഒരു ആഗോള യാഥാര്‍ത്ഥ്യമാണ്‌. എന്നിരുന്നാലും ഒരു സാമൂഹ്യഘടകം എന്ന നിലയ്ക്ക് സൈബോർഗിന്‍റെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയുടെ പശ്ചാത്തലത്തിൽ അതിന്‍റെ  ഭൌതികശക്തിയും പരിണാമസാധ്യതകളും സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.   

റ്റവും സമീപകാലത്തെ റാഡിക്കൽ ഭാവനകളിൽ സൈബോർഗ് എന്ന ആശയവും അതിനെ പ്രോത്സാഹിപ്പിച്ച ശാസ്ത്രപുരോഗതികളും വിമോചനരാഷ്ട്രീയത്തിനുള്ള ഭീഷണിയായി മനസ്സിലാക്കപ്പെടുന്നുണ്ട്. ഈ ഭീഷണിയെ അതിന്‍റെ പാരമ്യത്തിലേക്ക് നയിച്ചുകൊണ്ട് സ്ളാവോയ് സിസെക് പറയുന്നത് സാമൂഹിക-സാമ്പത്തിക യുട്ടോപ്പിയകളെ പരിത്യജിച്ച് അനശ്വരതയെയും (മറ്റുപലതിനെയും) ദിവാസ്വപനം കണ്ടിരിക്കുന്നതാണ് ഈ നവസാങ്കേതികവിദ്യ  എന്നാണ്.[2]  സൈബോർഗ് എന്ന ആശയത്തിന്‍റെ രാഷ്ട്രീയസാധ്യതകൾ സാങ്കേതിക-സംസ്കാരിക വിനിമയങ്ങളിലും സാങ്കേതികതയുടെ രാഷ്ട്രീയത്തിന്‍റെ പശ്ചാത്തലത്തിലും വളരെ ഗഹനമായിത്തന്നെ സമീപിക്കപ്പെടുന്നുണ്ട്. സൈബോർഗ് ഒരേസമയം ഒരു രൂപകവും ഒരു ആദര്‍ശമാതൃകയുമായി പ്രത്യക്ഷപ്പെടുന്നുണ്ട് ഈ വ്യവഹാരങ്ങളിൽ. ദാർശനീകപരമായും രാഷ്ട്രീയപരമായും വിപ്ലവോന്മുഖമായ ചിന്താവ്യവസ്ഥകൾക്ക് സൈബോർഗ് ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് സമീർ അമീൻ തന്‍റെ “മൂല്യത്തിന്റെ നിയമം” എന്ന ലേഖനത്തിൽ പറയുന്നുണ്ട്.[3] സൈബോർഗ് എന്ന് പ്രത്യക്ഷമായി ഉപയോഗിക്കുന്നില്ലെങ്കിലും സൈബർനെറ്റിക് യന്ത്രവൽക്കരണം എന്തുകൊണ്ട് മൂല്യത്തിന്‍റെ നിയമങ്ങൾക്ക് ഭീഷണിയാവുന്നു എന്ന് എടുത്തുപറയുന്നു. സാഹിക മേൽനോട്ടത്തിലുള്ള തൊഴിൽ സൈബർനെറ്റിക് തൊഴിൽ ഉൽപ്പാദന പ്രക്രിയകളുടെ രീതിയല്ല  അമീൻ പറഞ്ഞുവെക്കുന്നുണ്ട്. മാത്രമല്ല വിനിമയമൂല്യത്തിനു പുതിയ രൂപാന്തര പ്രക്രിയകൾ സൃഷ്ടിച്ചുകൊണ്ട് സൈബർനെറ്റിക് വിപ്ലവം അതിന്‍റെ സ്വേച്ഛാധിപത്യത്തെ തകർക്കും എന്നും അമീന്‍ അഭിപ്രായപ്പെടുന്നുണ്ട്.

SLAVOJ ZİZEK

സൈബോർഗ് എന്ന ആശയം ഉടലെടുക്കുന്നത് സൈബർനെറ്റിക് എന്ന മേഖലയുടെ പിറവിയുമായി ബന്ധപ്പെട്ടുതന്നെയാണ്. സൈബർനെറ്റിക് തത്വം ഫിസിക്സിൽനിന്നും മാനവികശാസ്ത്രങ്ങളിലേക്കും സാംസ്കാരിക പഠനങ്ങളിലേക്കും ആദ്യമായി വ്യാപിക്കുന്നത് 1948-ൽ നോബർറ്റ് വൈനറുടെ പഠനങ്ങളിലൂടെയാണ്.[4] ജീവജാലങ്ങളിലെ ജീവൻ നിലനിർത്തുന്ന കാര്യനിർവ്വഹണ പ്രക്രിയകളെക്കുറിച്ചുള്ള ഒരു വിപ്ലവാത്മകമായ ദർശനം ആണ് വൈനർ മുന്നോട്ടുവച്ചത്. ജൈവപ്രക്രിയകൾ സ്വയംനിയന്ത്രിതങ്ങള്‍ (സെൽഫ്-റെഗുലറ്ററി) ആണെന്നും ഈ പ്രക്രിയ സൂചനകളിലൂടെയും (signals) (സിഗ്നത്സ്) പ്രതികരണങ്ങളിലൂടെയും (ഫീഡ്ബാക്ക്) ഭരണീയമായ ഒരു വ്യവസ്ഥയാണെന്നും വൈനർ മനസ്സിലാക്കുന്നു. ഈ തത്ത്വം പിന്നീട് ഇലക്റ്റ്രോണിക്സ് മുതൽ ലിങ്ക്വിസ്റ്റിക്സ്, സൈക്കോഅനാലിസിസ് തുടങ്ങി പല മേഖലകളിലെയും പഠനങ്ങൾക്ക് വഴിത്തിരിവായി. ഒരു സൈബർനെറ്റിക് ജൈവരൂപം എന്ന നിലയ്ക്ക് സൈബോർഗ് എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത് സ്പേസ് സയൻസിൽ, 1960-ൽ ക്ലിൻസ്, ക്ലയൻ എന്നിവരുടെ “എയറോനോട്ടിക്സ്” എന്ന ഗവേഷണപഠനത്തിലാണ്.[5] ഈ പഠനത്തിന്‍റെ ഉദ്ദേശം ബഹിരാകാശയാത്രികർക്ക് ശാരീരികമായി നിലനിൽക്കാനുതകുന്ന സാഹചര്യം ഉണ്ടാക്കുന്നതിലും നല്ലത് അവരുടെ ശരീരത്തിലെ ജൈവപ്രക്രിയകളെ സാങ്കേതികതയുടെ സഹായത്തോടെ ഭേദപ്പെടുത്തുന്നതാണ് എന്ന ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുക എന്നതായിരുന്നു. ഈ പഠനം സ്പേസ് സയൻസ്, കൃത്രിമബുദ്ധി, ജൈവ എഞ്ചിനിയറിങ്ങ് തുടങ്ങിയ പല മേഖലകളിലും ഉന്മൂലമായ പരിവർത്തനങ്ങൾക്ക് വഴിതെളിച്ചു. ഈ പഠനത്തിലെ നിർദ്ദേശമനുസരിച്ച്, സൈബോർഗ് ആയിത്തീരുന്ന മനുഷ്യൻ സ്വന്തം ജൈവവ്യവസ്ഥകളുടെ സ്വയം-നിയന്ത്രിത പ്രവർത്തികളെ ശരീരബാഹ്യമായ യാന്ത്രികഘടകങ്ങളിലേക്ക് സാങ്കേതികമായ ഉപാധികളിലൂടെ വ്യാപിപ്പിക്കുന്നു. അതായത് ശാസ്ത്രം ആദ്യമായി സൈബോർഗിനെ സങ്കൽപ്പിക്കുന്നത് ഭൗമബാഹ്യമായ പരിസരങ്ങളിൽ നിലനിൽക്കേണ്ടിവരുന്ന ഭാവിമനുഷ്യപരിണാമസ്ഥിതികളുടെ ഭാഗമായിട്ടാണ്. ശാസ്ത്രഭാവനയിലെ സൈബോർഗ്, സാങ്കേതികതയാൽ അധികരിക്കപ്പെട്ട മനുഷ്യൻ ആണെങ്കിൽ, മനുഷ്യൻ എന്ന സങ്കൽപ്പത്തിന്‍റെ ഒരു ഇതരവീക്ഷണത്തിലൂടെ ഭാഷ, വാമൊഴി, എഴുത്ത്, മാധ്യമം, പേന, കമ്പ്യൂട്ടർ എന്നിങ്ങനെയുള്ള ഭൌതിക ഉപകരണങ്ങളുടെ കൂട്ടിച്ചേർക്കലുകളുടെ അവസ്ഥയായിക്കണ്ട് മനുഷ്യചരിത്രത്തിന്‍റെ തന്നെ പുനർഭാവന സാധ്യമാകുന്നു. ഈ സാധ്യതയാണ് ശാസ്ത്രേതര വിഷയങ്ങളുടെ സൈദ്ധാന്തിക പരിസരങ്ങളിലേക്ക്, മാനവീക വിഷയങ്ങളിലും ചരിത്രത്തിലും തത്വശാസ്ത്രത്തിലുമൊക്കെ സൈബോർഗ് എന്ന ആശയത്തിന്‍റെ അന്വേഷണങ്ങൾക്ക് വഴിതുറന്നത്. 

ഡോണ ഹാരവേയും സൈബോർഗ് ദർശനവും

സൈബോർഗ് എന്ന പുതിയ സ്വത്വമാതൃകയാൽ മനുഷ്യൻ എന്ന കാലഹരണപ്പെട്ട ആശയം മാറ്റിവയ്ക്കപ്പെടണം എന്ന് തന്‍റെ സുപ്രധാന കൃതിയിൽ ഡോണ ഹാരവേ (1985)[6] പറയുന്നുണ്ട്. തന്ത്രപ്രധാനമായ രാഷ്ട്രീയചാതുര്യത്തോടെ ഹാരവേ ഇത്  അവതരിപ്പിക്കുമ്പോഴെക്കും ഈ ആശയം ജനപ്രിയ സംസ്ക്കാരങ്ങളിലും പ്രത്യേകിച്ചും സയൻസ് ഫിക്ഷനിലുമുള്ള ശാസ്ത്രസാങ്കേതികതയുടെ മൂർത്തീകരണങ്ങളുടെ രൂപവും ഭാവവുമായി പരിണമിച്ചു കഴിഞ്ഞിരുന്നു. കാതറിൻ ഹെയ്ല്‍സ്  വീക്ഷിക്കുന്നതുപോലെ ഹാരവേ (2006) ഈ ലേഖനം എഴുതുന്നത് ശീതസമരകാലത്തിന്‍റെ അന്ത്യത്തോടടുത്ത് “സ്ത്രീയെ സാങ്കേതികതയ്ക്ക് വിരുദ്ധമായും പ്രകൃതിയോടടുത്തും പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതികളെ പ്രകോപിപ്പിക്കുന്നതിനും” കൂടിവേണ്ടിയായിരുന്നു.[7] സൈബോർഗിനെ സങ്കൽപ്പിക്കുന്നത് യാന്ത്രികതയുടെയും ജൈവികതയുടെയും സങ്കരമായ, സാമൂഹികയാഥാർത്ഥ്യത്തിന്‍റെയും ഭാവനയുടെയും സങ്കരമായ, ഒരു സൈബർനെറ്റിക് ജീവജാലമായാണ് ഹാരവേ കാണുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെ മനുഷ്യർ എന്നതുതന്നെ “യന്ത്രത്തിന്‍റെയും ജീവജാലത്തിന്‍റെയും സൈദ്ധാന്തികവൽക്കരിക്കപ്പെട്ട കെട്ടിച്ചമയ്ക്കപ്പെട്ട സങ്കരങ്ങളാണ്, മിഥ്യാഭാവനകൾ ആണ്”[8] എന്നാണ് അവർ പറയുന്നത്. യന്ത്രങ്ങൾ മനുഷ്യജീവന്‍റെ ഭാഗമാവുക മാത്രമല്ല അവയെ കൂടുതൽ ബുദ്ധിയും വൈഭവങ്ങളും ഭാവനയുമുള്ള സ്വയംപര്യാപ്തതയിലേക്കും പൂർണ്ണതയിലേക്കും പരിണമിച്ചെടുക്കുന്നകാലത്ത് ഹാരവേയുടെ ആശയത്തിനു വ്യത്യസ്ത മാനങ്ങളും സൂചനകളമുണ്ട്. മാത്രമല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ഒരു പ്രധാന പ്രഹേളികയായ മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തിന്‍റെ അർത്ഥതലങ്ങളെ വാർത്തെടുക്കുന്നതിനും ഹാരവേയുടെ ആശയം സഹായിക്കുന്നു. യന്ത്രങ്ങളുമായുള്ള മനുഷ്യബന്ധമാണ് നമ്മുടെ സാംസ്കാരിക-രാഷ്ട്രീയ പരിസരങ്ങളെ ഇനിയങ്ങോട്ട് നിർണ്ണയിക്കുന്നത്. ഈ ബന്ധത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ രണ്ടു സൈബോർഗ്  ഭാവികള്‍ ഹാരവേ വിഭാവനം ചെയ്യുന്നുണ്ട്. ഒരു വശത്ത് “സൈബോർഗ് ലോകം എന്നത് ഒരു നിലയ്ക്ക് അന്തിമമായ ഒരു നിയന്ത്രണചട്ടക്കൂടിന്‍റെ വരുതിയിലേക്കും പ്രതിരോധത്തിന്‍റെ മറയിൽ സ്റ്റാർവാർസിലെയൊക്കെപ്പോലെയുള്ള (Star wars)  ഒരു അമൂർത്തമായ അന്ത്യനാശത്തിലേക്കും ഭൂമിയെ നയിക്കലും, സ്ത്രീശരീരങ്ങളെ അന്തിമമായ ഒരു ആണത്തയുദ്ധഘോഷത്തിലെക്ക് (masculine orgy of war) നയിക്കലും” ഒക്കെയാണെങ്കിൽ മറുവശത്ത് “ജീവന്‍റെ യഥാർത്ഥ സാമൂഹികശാരീരിക പരിസരങ്ങളിൽ മനുഷ്യർ മൃഗങ്ങളുമായും യന്ത്രങ്ങളുമായും ഒക്കെയുള്ള ബന്ധുത്വങ്ങളെയോ തങ്ങളുടെ ശാശ്വതമായും ഭാഗികമായ സ്വത്വങ്ങളെയോ വിരുദ്ധമായ വീക്ഷണകോണുകളെയോ ഭയക്കാതെയിരിക്കുന്ന അവസ്ഥയും ആണ്” (196).[9]

Donna J. Haraway

സൈബർനെറ്റിക് ദർശനവും സൈബോർഗ് സ്വപ്നവും പല വാഗ്ദാനങ്ങളുമായാണ് ഉയർന്നുവന്നത്. 1967-ൽ റിച്ചാർഡ് ബ്രോട്ടിഗാൻ എഴുതിയ ഒരു കവിതയുടെ തലക്കെട്ടുതന്നെ “All Watched over by the Machines of Loving Grace” എന്നായിരുന്നു.[10] കാലിഫോർണിയൻ സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടിൽ ആസ്ഥാനകവിയായിരുന്ന സമയത്ത് ബ്രോട്ടിഗാൻ എഴുതിയ ഈ കവിതയിൽ കവി ഒരു “സൈബർനെറ്റിക് താഴ്‌വരയെ” സങ്കൽപ്പിക്കുന്നു. പരസ്പരബന്ധിതമായ പ്രോഗ്രാംഡ് ആയ ഒരു സ്വരച്ചേർച്ചയോടെ കമ്പ്യൂട്ടറുകളും സസ്തനികളും ഒരുമിച്ച് ജീവിക്കുന്ന ഒരു സാങ്കേതിക യുട്ടോപ്പിയയാണ് ഇത്. 1982 ഇൽ ഡൊണാൾഡ് ഫേഗൻ രചിച്ച ഐ.ജി. വൈ. എന്ന ഗീതവും സമാനമായ ഒരു സ്വപ്നം ഉൾക്കൊള്ളുന്നു. “വലിയ തീരുമാനങ്ങൾ എടുക്കുന്ന നീതിയുക്തമായ ഒരു യന്ത്രം/ സഹാനുഭൂതിയുള്ളവരുടെ ദർശനങ്ങൾ പ്രോഗ്രാം ചെയ്തത്.”[11] 1982 ഇൽ തന്നെയാണ് ബ്ലേഡ് റണ്ണർ എന്ന ചിത്രം നിർമ്മിക്കപ്പെടുന്നതും. നിയോ നോയിർ ഗണത്തിൽപ്പെട്ട ഈ സയൻസ്ഫിക്ഷൻ ചിത്രം യന്ത്രത്തെ മനുഷ്യാഹങ്കാരത്തിന്‍റെ പൂർണ്ണതയും മനുഷ്യന്‍റെ അന്തിമവിധിയുമായി സങ്കൽപ്പിക്കുന്ന ഒരു ദുരന്ത ആഖ്യായിക കൂടെയാണ്. ഉത്തരാധുനികകാലത്തെ മനുഷ്യാവസ്ഥയെക്കുറിച്ചും മനുഷ്യാനന്തരകാലത്തെ കുറിച്ചുമൊക്കെ വലിയ അനുമാനങ്ങൾ ഉയർത്തുന്ന ഈ ചിത്രത്തിലെ റേച്ചൽ എന്ന കഥാപാത്രം സൈബോർഗ് സംസ്കാരത്തിന്‍റെ ഭീതിയും സഹാനുഭൂതിയും വൈകാരിക വൈരുദ്ധ്യങ്ങളുമൊക്കെ ഉൾക്കൊള്ളുന്നുണ്ട് എന്ന് ഹാരവേ നിരീക്ഷിക്കുന്നുണ്ട്[12]. ശാസ്ത്രവും സാങ്കേതികതയും സൈബർനെറ്റിക് ദർശനങ്ങളോട് കൂടിയാലോചനകൾ നടത്തിയും അതിന്‍റെ ഗതിനിയന്ത്രിച്ചും ജൈവരൂപങ്ങളെയും യന്ത്രരൂപങ്ങളെയും കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ ജനപ്രിയസിനിമയും കലയും സാഹിത്യവും യന്ത്രനിർഭരമായ മനുഷ്യഭാവിയെപ്പറ്റിയുള്ള ദുരന്തകൽപ്പനകളും യുറ്റോപ്പിയകളും മെനഞ്ഞെടുത്തുകൊണ്ടിരുന്നു. “All Watched Over” എന്ന പേരിൽ ജേംസ് കൊഹെൻ ഗാലറിയിൽ ടീന കുകൈത്സ്കി 2015-ൽ ക്യുറേറ്റ് ചെയ്ത ഒരു ആര്‍ട്ട് എക്സിബിഷൻ ബ്രോട്ടിഗാന്‍റെ സദുദ്ദേശങ്ങളും യുട്ടൂപ്പിയനിസവും ഫേഗന്‍റെ ദർശനത്തിലെ വിരോധാഭാസവും മാത്രമല്ല മറ്റു പല വീക്ഷണകോണുകളിലൂടെ ഭാവി സൈബർനെറ്റിക് ദർശനങ്ങൾക്ക് മൂലധനവുമായുള്ള അഭേദ്യമായ ബന്ധവും വെളിപ്പെടുത്തുന്നുണ്ട്.[13] സൈബർനെറ്റിക് സ്വപ്നങ്ങളെ മൂലധനം മലീമസമാക്കുന്നതിന്‍റെ, കലുഷിതമാക്കുന്നതിന്‍റെ ചരിത്രം രേഖപ്പെടുത്തുന്ന രൂപകങ്ങളാണ് സാഹിത്യത്തിലും സിനിമയിലുമൊക്കെ പരന്നുകിടക്കുന്നത്.  

തുകൊണ്ടാണ് സൈബോർഗ് എന്ന മൌലികമായ ആശയത്തെയും അതിന്‍റെ രൂപാന്തരങ്ങളെയും സൂക്ഷ്മമായി ഗ്രഹിക്കേണ്ടിയിരിക്കുന്നത്. ഹാരവേ സൈബോർഗും ദേവതയും തമ്മിലുള്ള ഒരു വിചിത്രമായ വൈപരീത്യത്തെക്കുറിച്ച് പറയുന്നുണ്ട്. ‘Arguments’ ൽ അവരുടെ ലേഖനത്തിന്‍റെ പേരു തന്നെ “സൈബോർഗാണ്, ദേവതയല്ല.”[14]എന്നതാ‍യിരുന്നു. ഹാരവേയുടെ ഉദ്ദേശം അന്നത്തെ സാങ്കേതികതാ വിരുദ്ധമായ ഫെമിനിസത്തിന്‍റെ സത്താപരമായ പരിമിതികൾക്കെതിരെ ശക്തമായ നിലപാടെടുക്കുക എന്നതായിരുന്നു. സാങ്കേതികതയുടെ ലോകത്തെ വമ്പിച്ച മാറ്റങ്ങളും അവയോടുള്ള ദാർശനികപരവും രാഷ്ട്രീയപരവുമായ പ്രതികരണങ്ങളിലെ, പ്രത്യേകിച്ചും സോഷ്യലിസ്റ്റ്, ഫെമിനിസ്റ്റ് ദിശകളിൽ നിന്നുള്ള പ്രകടമായ അലംഭാവവും ആണ് സൈബോർഗ് എന്ന ഭവശാസ്ത്രത്തിന്‍റെ ആവശ്യമായി തന്നെ പരിണമിക്കുന്നത്. ഹാരവേ തന്‍റെ ലേഖനത്തെ അടിമുടി വിപരീതയുക്തികൾക്കൊണ്ട് വാർത്തെടുക്കുന്നതു തന്നെ സോഷ്യലിസ്റ്റ്-സ്ത്രീവാദങ്ങളുടെ രാഷ്ട്രീയപരവും ദാർശനീകപരവുമായ യാഥാസ്ഥിതികത്വത്തിനുള്ള വെല്ലുവിളിയായിട്ടാണ്. തന്‍റെ വിപരീതയുക്തികൾ അവരുടെ ദാർശനീക പരിസരങ്ങളിൽ വിശ്വാസത്തിന്‍റെ മുന്നിൽ “ദൈവനിന്ദ”യേപ്പോലെയാണ് നിലനിൽക്കുക എന്ന് അവർ വീക്ഷിക്കുന്നുണ്ട്.[15] ആ‍യുധവാഴ്ച്ചയുടെയും പുരുഷാധിപത്യ മൂലധനവാഴ്ച്ചയുടെയും ഭരണകൂട സോഷ്യലിസത്തിന്‍റെയും ജാരസന്തതിയായിട്ടാണ് സൈബോർഗിനെ അവർ കാണുന്നത്. ഈ പിതൃത്വം ഒരേസമയം പ്രധാനവും അനാവശ്യവും ആകുന്നു എന്നതാണ് സൈബോർഗിന്‍റെ ജാര അസ്ഥിത്വത്തെ പ്രതിഷേധത്തിന്‍റെയും ഭിന്നതയുടെയും ഒരു കരുത്തുറ്റ രൂപകമാക്കുന്നത്.

സൈബോർഗ്ഗ് ഒരേസമയം ഒരു ഭൌതിക ഉൽപ്പന്നവും ശാസ്ത്രസാങ്കേതികതയുടെ ഭൌതികപരിസരങ്ങളെയും മനുഷ്യകർതൃത്വത്തെയും പര്യവേക്ഷണം ചെയ്യുന്നതിനുതകുന്ന രൂപകവുമാണ്. ‘മനുഷ്യൻ’ എന്ന ഘടകത്തിന്‍റെ ചരിത്ര-രാഷ്ട്രീയ സങ്കീർണ്ണതകളെക്കാൾ ഈ രൂപകത്തിൽ ഇടകലർന്നിരിക്കുന്നത് ജീവജാലത്തിന്‍റെയും (ഓർഗനിസം) യന്ത്രത്തിന്‍റെയും പൊരുളാണ്. അതുകൊണ്ടാണ് ഹാരവേ അതിനെ രണ്ടാം ലോകയുദ്ധത്തിന്‍റെ സങ്കീർണ്ണ സന്തതി എന്ന് അടയാളപ്പെടുത്തുന്നത്. ഒരേസമയം ഒരു ജൈവികവസ്തുവായും സുഖസൌകര്യങ്ങൾക്കായി രൂപംചെയ്യപ്പെട്ട ഉപകരണമോ വിവരസാങ്കേതിക വ്യവസ്ഥയോ ടെക്സ്റ്റുകളോ അവയുടെ സ്വയംപ്രവർത്തിത ക്രമീകരണങ്ങളോ ഒക്കെയുമായി മനസ്സിലാക്കുന്നതിനൊപ്പം സൈബോർഗിന്‍റെ ഭവശാസ്ത്രം (ontology) എങ്ങിനെ നമ്മുടെ സമകാലിക സാമൂഹ്യപരിസരങ്ങളെ പിന്തുടരുന്നുവെന്ന്- വിശേഷിച്ചും ശീതയുദ്ധാനന്തര, സോവിയറ്റാനന്തര, 9/11-നുശേഷമുള്ള “തീവ്രവാദ”ത്തിന് എതിരെയുള്ള യുദ്ധപ്രഖ്യാപനങ്ങളുടെയും അറബ് വസന്തത്തിനു ശേഷമുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളുടെ രീതിശാസ്ത്രങ്ങളുടെയുമൊക്കെ പരിസരങ്ങളെ എങ്ങിനെ ഈ രൂപകം പിന്തുടരുന്നുവെന്നതു പ്രസക്തമായ അന്വേഷണമാണ്. സൈബർ വ്യവഹാരങ്ങളുടെ ആദ്യകാലങ്ങളിൽ വില്യം ഗിബ്സൺ തുടങ്ങിയവരാൽ സങ്കൽപ്പിക്കപ്പെട്ടതാണ് ജൈവ ഇടങ്ങളും (മീറ്റ് സ്പേസ്) സൈബർ ഇടങ്ങളും തമ്മിലുള്ള വൈരുധ്യം. മനുഷ്യബോധം ശരീരത്തിന്‍റെ വാസ്തവങ്ങളുടെയും വെർച്ച്വൽ ഇടങ്ങളുടെ അവാസ്തവികതയുടെയും ഇടയിൽ കുരുങ്ങിക്കിടക്കുന്ന ഒന്നായിട്ടാണ് അന്ന് സങ്കൽപ്പിക്കപ്പെട്ടത്. ഈ ധ്രുവത്വങ്ങളിൽനിന്ന് (polarity) കരകയറി, ഇവ യാതൊരു വിധത്തിലും പ്രസക്തമല്ലാത്ത, നിര്‍മ്മിതബുദ്ധിയുടെ സമകാലിക യാഥാർത്ഥ്യങ്ങളിലേക്ക് സംഗതമായ, ഒരേയൊരു ആശയം ഒരു പക്ഷെ സൈബോർഗിന്‍റെതാണ്. ഒരു തരത്തിലും കേവലം വെർച്ച്വൽ മാത്രമല്ലാത്ത ഇന്നത്തെ സൈബർ ഇടവും, മൂലധനത്തിന്‍റെ പ്രളയത്തിൽ മുങ്ങിപ്പോയ മുന്‍പ് സൂചിപ്പിച്ച ബ്രോട്ടിഗാന്‍റെ “സൈബർനെറ്റിക് താഴ്‌വരയും” സൈബോർഗിനെയും അതിന്‍റെ സാമൂഹ്യ-സാംസ്ക്കാരിക പ്രസക്തിയേയും പുനർനിർണ്ണയിക്കുന്നുണ്ട്.  

കേവലം സാങ്കേതികതയുടെ ഉൽപ്പന്നമല്ലാതെ വിസ്തൃതമായ ആയുധ-വ്യവസായ സഞ്ചയത്തിന്‍റെയും 1980 മുതൽ പടർന്നുപരക്കുന്ന നവലിബറലിസത്തിന്‍റെയും ഭാഗമായി പരിഗണിക്കുമ്പോഴാണ് സൈബോർഗ് ഇന്ന് കൂടുതൽ പ്രസക്തമാകുന്നത്. അതുപോലെ മാർക്സിയൻ രാഷ്ട്രീയ സമ്പദ്ശാസ്ത്രവും ഘടനാവാദാനന്തരവാദവും തമ്മിലുള്ള വിടവുനികത്തിയ  പോസ്റ്റ്‌-ഹൈഡഗർ സാങ്കേതികതാ വിരുദ്ധതയും സൈബോർഗിന്‍റെ പ്രചാരത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. യൂറോ-അമേരിക്കൻ സ്ത്രീവാദം ഉയർത്തി കൊണ്ടുവന്ന “സ്ത്രീ” സത്താപരത വെള്ളക്കാരല്ലാത്ത സ്ത്രീകളുടെ അനുഭവങ്ങളോട് പുലർത്തിയിരുന്ന നിസ്സംഗത ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു അധീശാധികാരത്തെ കുറിച്ചുള്ള ധാരണയ്ക്കും മറ്റു അധീശാധികാരങ്ങളോട് ഇടകലർന്നല്ലാതെ നിഷ്കളങ്കമായ ഒരു അസ്ഥിത്വം ഇല്ല എന്ന് ഹാരവേ ചൂണ്ടിക്കാണിക്കുന്നുണ്ട്.  ഈ അർത്ഥത്തിലാണ് സൈബോർഗും ഒട്ടും നിഷ്കളങ്കമായ ആശയമല്ലായെന്നും അതിന്‍റെ രാഷ്ട്രീയം “അധീശാധികാരത്തിന്‍റെ വിവരസാങ്കേതികശാസ്ത്രത്തിൽ” (ഇൻഫോർമാറ്റിക്സ് ഓഫ് ഡോമിനേഷൻ) വേരുറച്ചതാണെന്നും ഹാരവേ പറയുന്നത്. [16] വിവരസാങ്കേതികവിദ്യയും ആശയവിനിമയത്തിനുള്ള ഉപാധികളും ഉപയോഗിച്ച് ഉണ്ടായിവരുന്ന പുതിയതരം അധീശാധികാര ശൃംഖലയെ ജനിതകശാസ്ത്രം മുതൽ രോഗപ്രതിരോധനടപടികൾ വരെയുള്ള പല മേഖലകളിലും അടയാളപ്പെടുത്തിക്കൊണ്ട് ഇതിനെ “അധീശാധികാരത്തിന്‍റെ വിവരസാങ്കേതികശാസ്ത്രം” എന്ന് ദീർഘദർശിത്വത്തോടെ തിരിച്ചറിയുന്നതാണ് ഒരു പക്ഷെ ഹാരവേയുടെ ഏറ്റവും വലിയ സംഭാവന.  

കേവലം സാങ്കേതികതയുടെ ഉൽപ്പന്നമായിട്ടല്ല  “മനുഷ്യൻ” എന്ന ഭവശാസ്ത്രപരമായ ഘടകത്തെപ്പോലെതന്നെ പ്രാദേശിക സാംസ്കാരിക-രാഷ്ട്രീയ ചരിത്രങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ആശയമായിവേണം സൈബോർഗിനെ വിലയിരുത്തേണ്ടത്. മനുഷ്യനെയും യന്ത്രത്തെയും ബന്ധിപ്പിക്കാനുള്ള ആദ്യത്തെ ശ്രമമായ അലൻ റ്റ്യൂറിങ്ങിന്‍റെ പരീക്ഷണം ഒരു ബുദ്ധിയുള്ള യന്ത്രത്തെ സങ്കൽപ്പിക്കാൻ ശ്രമിച്ചത് യൂറോപ്പ്യൻ ജ്ഞാനോദയം “മനുഷ്യൻ” എന്ന ഘടകത്തെ സ്വരൂപിച്ചെടുത്ത അതേ മിഥ്യാധാരണകൾ ആവർത്തിച്ചുകൊണ്ടാണ് എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.[17]  ഭാഷാപരമായ ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മറുവശത്ത് ഒരു പുരുഷനാണോ സ്ത്രീയാണോ യന്ത്രമാണോ എന്ന വ്യാഖ്യാനപരമായ ഒരു ഇടപെടൽ നടത്തുക എന്നതായിരുന്നു റ്റ്യൂറിങ്ങിന്‍റെ പരീക്ഷണത്തിന്‍റെ അടിസ്ഥാനം. മനുഷ്യനെയും യന്ത്രത്തെയും ബന്ധപ്പെടുത്താനുള്ള എല്ലാ ദാർശനീകവും പ്രായോഗികവുമായ ഉദ്യമങ്ങളും പാശ്ചാത്യജ്ഞാനോദയം അടയാളപ്പെടുത്തിയ മനസ്സ്/ശരീരം എന്ന ദ്വന്ദ്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സ്ത്രീയെ ‘സാധാരണത്ത’ത്തിൽ നിന്നുള്ള ഒരു വഴിതെറ്റലായി, ഒരു “എറർ ” ആയി, സങ്കൽപ്പിക്കുന്നതിലൂടെ റ്റ്യൂറിങ്ങിന്‍റെ പരീക്ഷണം ലിംഗപരമായ എല്ലാവിധ അസമത്വങ്ങളെയും യന്ത്രസങ്കൽപ്പങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ട്. ഒരു മനുഷ്യമനസ്സിനെ അപ്പാടെ ടെലെഗ്രാഫിലൂടെ അയക്കാൻ കഴിയുക എന്ന നോബേർട്ട് വെയിനറുടെ സങ്കൽപ്പവും, മനസ്സിനെ ഡൌൺലോഡ് ചെയ്യാൻ കഴിയുക എന്ന ഹാൻ മൊറവെക്കിന്‍റെ കൽപ്പനയും എല്ലാം മനുഷ്യന്‍റെ തലച്ചോറിലേക്ക് സ്കാൻ ചെയ്യാവുന്ന കാലംവരും എന്ന കെവിൻ കെല്ലിയുടെ പ്രവചനവും മനുഷ്യശരീരത്തെ ഭൂമിയിൽ അ-ഭൌതികവൽക്കരിച്ചതിനുശേഷം മറ്റൊരിടത്ത് പുനർനിർമ്മിക്കാൻ കഴിയും എന്ന സ്റ്റാർ ട്രെക്ക് പരമ്പരയുടെ നിർമ്മാതാ‍ക്കളുടെ ഭാവനയും  മെറ്റ്രിക്സ് സിനിമ മുതൽ തന്മാത്ര ജീവശാസ്ത്രത്തിലും (molecular biology) ജനിതക എഞ്ചിനിയറിങ്ങിലുമൊക്കെ പടർന്നുകിടക്കുന്ന ശരീരത്തിന്‍റെ കോഡിങ്ങ് എന്ന ഭാവനാസമ്പന്നമായ അറിവും അനുഭവാധിഷ്ഠിത കലയിൽ സ്റ്റെർലാക്ക് [18] തുടങ്ങിയ കലാകാരന്മാർ പ്രോസ്തെറ്റിക്കുകൾ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങളും വരെയുള്ള പല സമകാലിക സാങ്കേതികതാ സാഹചര്യങ്ങളും അവയോടുള്ള ജ്ഞാനപരമായ ഇടപെടലുകളും മനസ്സ്-ശരീരം എന്ന ദ്വന്ദ്വത്തിന്‍റെ പാശ്ചാത്യ മാതൃകകളുടെ പരിണാമങ്ങൾ തന്നെയാണ്. 

സൈബോർഗ്ഗും ആക്റ്റര്‍ നെറ്റ്‌വർക്ക് സിദ്ധാന്തവും

പുതിയ അറിവുകളുടെ പരിധിയിലേക്ക് സ്വീകരിക്കപ്പെട്ടു തുടങ്ങിയതോടെ ഹാരവേ മുന്നോട്ടുവച്ച സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ തൊഴിലാളിയുടെയും സ്ത്രീവാദ രാഷ്ടീയത്തിലെ സ്ത്രീയുടെയും കർതൃത്വങ്ങളെ വെല്ലുവിളിക്കാവുന്ന സൈബോർഗിന്‍റെ മൌലികമായ ഏജന്‍സികള്‍ ഉപേക്ഷിക്കപ്പെടുന്നതായാണ് കാണുന്നത്. ഹാരവേക്കുശേഷം സൈബോർഗിന്‍റെ ഏറ്റവും പ്രായോഗികമായ സാംഗത്യം ഉടലെടുക്കുന്നത് സാങ്കേതിക-സാംസ്കാരിക പരിസരങ്ങളുടെ ഭൌതിക-സംജ്ഞാശാസ്ത്ര അവലോകനങ്ങളിലേക്ക് ബ്രൂണോ ലത്വ സൈബോർഗിനെ വ്യാപിപ്പിച്ചപ്പോഴാണ്. 1980-കളിലും 90-കളിലും ഉണ്ടായ വമ്പിച്ച സാങ്കേതികമുന്നേറ്റങ്ങളുടെയും, അവയുടെ രാഷ്ട്രീയവും നിയമപരവും ശാസ്ത്രീയവുമൊക്കെയായ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ സൈബോർഗിനെ അതിന്‍റെ കേവലം ദൃഷ്ടാന്തപരമായ ഉപയോഗങ്ങളിൽനിന്നും സാങ്കേതിക-ഭൌതികതയുടെ യാഥാർത്ഥ്യങ്ങളിലേക്ക് പറിച്ചുനടുക എന്ന സമീപനത്തിന് മുന്‍‌തൂക്കം ലഭിക്കാന്‍ തുടങ്ങി. മിഷേൽ ഫൂക്കോയുടെ ‘ജൈവരാഷ്ട്രീയം’ (biopolitics) സൈബോർഗ് രാഷ്ട്രീയത്തിന്‍റെ ഒരു മുന്നറിയിപ്പായിരുന്നു എന്നു പറഞ്ഞുകൊണ്ട് ഹാരവേ തന്നെ സൈബോർഗിന്‍റെ ഈ ഭാവമാറ്റത്തെ പ്രവചിക്കുന്നുണ്ട്.[19] ലത്വയുടെ പ്രവർത്തക ശൃംഖലാ സിദ്ധാന്തങ്ങൾ  (Actor- Network Theory [ANT]) തികച്ചും ഭൌതികമായ പരിസരങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് സൈബോർഗ് തീർത്തും ഒരു സാങ്കേതികഘടകം മാത്രമായി മനസ്സിലാക്കപ്പെടുന്നത്.

പ്രവർത്തക ശൃംഖലാ  ദർശനത്തിനനുസരിച്ച് കർതൃത്വം എന്നത് മനുഷ്യനിലോ, വസ്തുക്കളിലോ ഉൽപ്പന്നങ്ങളിലോ മാത്രമായി ഒറ്റപ്പെട്ട് നിൽക്കുകയല്ല മറിച്ച് അവ ഉൾപ്പെടുന്ന ശൃംഖലയിൽ അവയുടെ പരസ്പര സഹവർത്തിത്വത്തിലാണ് നിലനിൽക്കുന്നത്. മനുഷ്യേതരഘടകങ്ങളുടെ ആന്തരികതയും അവയുടെ ഉദ്ദേശ്യവും തീരുമാനിക്കാനാവുകയില്ല എന്ന വെല്ലുവിളി ഉയർത്തിയ വിവാദങ്ങളിലാണ് കർതൃത്വത്തെക്കുറിച്ചുള്ള ദർശനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത്. എന്നാൽ പൊതുവേ എ.എൻ.റ്റി ദാർശനികരുടെ ഇതിനോടുള്ള പ്രതികരണം മനുഷ്യ-മനുഷ്യേതര ഏജന്‍സികള്‍ (human-nonhuman agencies) തുല്യമാണ് എന്ന അവകാശവാദം അവർ ഉന്നയിക്കുന്നില്ല എന്നതാണ്. സൂക്ഷ്മമായ അർത്ഥത്തിൽ മനുഷ്യ-മനുഷ്യേതര കർതൃത്വങ്ങളെ ഒരേപോലെ കണക്കാക്കുകയല്ല എ.എൻ.റ്റിയിൽ. 2002-ൽ ഹോങ്ങ്കോങ്ങിൽ വച്ചുനടന്ന ഒരു അന്തരാഷ്ട്ര കോൺഫറൻസിൽ ബ്രൂണോ ലത്വയും സ്റ്റീവ് ഫുള്ളറും തമ്മിലുണ്ടായ ഒരു വാഗ്വാദത്തിൽ ഈ വിവാദത്തിന്റെ സൂക്ഷ്മതലങ്ങൾ വെളിപ്പെടുന്നുണ്ട്.[20] വിഷയി-വിഷയം എന്ന വ്യതിരിക്തതയെ പാടെ നിരാകരിച്ചുകൊണ്ടും മനുഷ്യ-മനുഷ്യേതര കർതൃത്വങ്ങളെ വിഷയി-വിഷയം എന്ന കാന്റിയൻ പാരമ്പര്യദർശനങ്ങളുടെ പരിധിയിൽനിന്നുകൊണ്ട് മനസ്സിലാക്കാൻ കഴിയുകയില്ല എന്നും പറഞ്ഞുകൊണ്ട് ലത്വ ചില ഏഷ്യൻ/ ഓറിയന്റലിസ്റ്റ് വാദങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ഏഷ്യൻ ദർശനങ്ങളിൽ  വിഷയി-വിഷയം എന്ന ദ്വന്ദ്വത്തെക്കുറിച്ച് പരാമർശിക്കാൻ കഴിയാത്തത് പൗരസ്ത്യചിന്ത ഈ  ബൈനറിയെ മറികടന്നതുകൊണ്ടല്ല, മറിച്ച് ഇങ്ങിനെ ഒരു ബൈനറി ഈ ദർശനങ്ങളിൽ ഇല്ലാത്തതുകൊണ്ടാണ് എന്ന് ലത്വ പറയുന്നു. മറുവശത്ത് സാമൂഹികശാസ്ത്രങ്ങളുടെ പൊതുസ്വഭാവവും അവയുടെ ധാർമ്മികമായ ആവശ്യങ്ങളും മുൻനിർത്തി  മനുഷ്യകർതൃത്വമെന്നത് ചരിത്രപരമായ ഒരു ആവശ്യമാണ് എന്നും അതുകൊണ്ടുതന്നെ മനുഷ്യ-മനുഷ്യേതര വ്യതിരിക്തതയും ഒഴിവാക്കാൻ കഴിയുകയില്ല എന്നും ഫുള്ളർ വാദിക്കുന്നു. ലത്വയെ സംബന്ധിച്ചിടത്തോളം മനുഷ്യസ്വത്വങ്ങൾ സ്വതന്ത്രസ്വത്വങ്ങളായിട്ടല്ല, അവ പങ്കെടുക്കുന്ന ശൃംഖലകളുടെ ഭാഗമായിട്ടാണ് നിലനിൽക്കുന്നത്. അതായത് മനുഷ്യസ്വത്വങ്ങൾ യന്ത്രഘടകങ്ങളിൽനിന്ന് വേറിട്ടവയല്ലെന്നു മാത്രമല്ല യന്ത്രത്തിന്‍റെ നിയന്ത്രണം എന്നത് മനുഷ്യന്‍റെ നിയന്ത്രണത്തിൽ അല്ല മറിച്ച് ശൃംഖലയിൽ സംഭവിക്കുന്ന ഒരു സ്വാഭാവികത മാത്രമാണ് എന്നും മനുഷ്യൻ അതിnte ഒരു ഭാഗം മാത്രമാണ് എന്നും വരുന്നു. യന്ത്രപ്രവർത്തനങ്ങളെ ഇത്തരത്തിൽ മനസ്സിലാക്കുന്നതോടെ നല്ലവനോ കെട്ടവനോ ആയ ഒരു മനുഷ്യസ്വത്വത്തിന്‍റെ ധാർമ്മികപരിധികളിൽ നിൽക്കുന്ന ഒന്നല്ല സാങ്കേതികതയുടെ പുതിയ പ്രഹേളികകൾ എന്ന് വ്യക്തമാകുന്നു. എന്നുമാത്രമല്ല സാങ്കേതികതയുടെ ഘടകങ്ങൾ ശൃംഖലയ്ക്കുള്ളിൽ ജൈവികഘടകങ്ങളുടെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ് എന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് ലത്വയുടെ ആന്ത്രോപോളജിക്കൽ അന്വേഷണങ്ങളിൽ ലബോറട്ടറികളിലും മഴക്കാടുകളിലും ഒക്കെയുള്ള മനുഷ്യേതരസ്വത്വങ്ങൾ ജീവന്‍റെ കൂട്ടായ്മകളിൽ ഒരുപോലെ അവിഭാജ്യഘടകങ്ങളാകുന്നതും. മനുഷ്യ-മനുഷ്യേതര സ്വത്വങ്ങൾ ഒരേ വലയിൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്നവയാണ് എന്ന വാദത്തെ അതിന്‍റെ പാരമ്യത്തിലേക്ക് നയിച്ചുകൊണ്ട് ലത്വ പറയുന്നത് മനുഷ്യേതരത്തെ വീണ്ടെടുക്കാതെ മനുഷ്യസ്വത്വത്തിനു നിലനിൽക്കാനാവുകയില്ല എന്നാണ്. കർതൃത്വം എന്നാൽ ആത്മനിഷ്ഠാപരമായ ഒരു ഘടകമല്ല മറിച്ച് വ്യത്യസ്തഗുണങ്ങളുള്ള പല ഘടകങ്ങൾ നിലനിൽക്കുന്ന ഒരു പ്രതലത്തിൽ വ്യാപിച്ചുകിടക്കുകയാണ് എന്നാണ് ആക്റ്റർ നെറ്റ്‌വർക്ക് കാഴ്ച്ചപ്പാട്. ഇവിടെ ക്രിയയെ ലത്വ നിർവചിക്കുന്നത് ഒരു ഘടകത്തിനു മറ്റു ഘടകങ്ങൾക്കുമേൽ ചെലുത്താൻ കഴിയുന്ന പ്രഭാവവും സ്വാധീനവും ആയിട്ടാണ്. മനുഷ്യേതരം എന്നത് – അവ വീടുകളോ മിസ്സൈലുകളോ, വിമാനങ്ങളോ, മൊബൈലോ, ഭക്ഷണമോ, പകർച്ചവ്യാധികളോ ചുഴലിക്കാറ്റോ എന്തുമായിക്കോട്ടെ- മനുഷ്യപ്രവർത്തിയുടെ പശ്ചാത്തലമോ നിഷ്ക്രിയമായി അതിന്‍റെ ഭാരം പേറുന്ന വസ്തുക്കളോ അല്ല. ലത്വയെ സംബന്ധിച്ചിടത്തോളം മനുഷ്യ കർതൃത്വം അതിന്‍റെ ക്രിയാത്മക ഫലക്ഷമത (agentic efficacy) നേടുന്നതും നിലനിർത്തുന്നതും ഒരു വലിയ സക്രിയ പ്രവർത്തക ശൃംഖല (actor network) യുടെ ഭാഗമായിരുന്നു കൊണ്ടാണ്. ഇതിനുമുന്‍പ് ഫൂക്കോയാണ്  മനുഷ്യപ്രവർത്തിയെയും മനുഷ്യനെയും ബന്ധങ്ങളുടെ സംയോജനം (compound of relations) എന്ന നിലയ്ക്ക് വ്യാഖ്യാനിച്ചത്. ഓരോ മനുഷ്യപ്രവർത്തിയും ഒരു കൂട്ടായ്മയാണ്- ബന്ധങ്ങളുടെ, ശൃംഖലകളുടെ, വ്യവഹാരങ്ങളുടെ, ഇവയുടെ ക്രമീകരണങ്ങളുടെ, ഇവയുടെ ചരിത്രരേഖകളുടെ, അതു  സമാഹരിക്കുന്ന സ്ഥാപനങ്ങളുടെ എന്നിങ്ങനെ ചരിത്രബദ്ധമായ ഒരു അന്വേഷണത്തിലൂടെയാണ് “നമ്മൾ എന്നെങ്കിലും മനുഷ്യര്‍ ആയിരുന്നുവോ” എന്ന തന്‍റെ ചോദ്യത്തെ സമീപിക്കുന്നത്. മനുഷ്യൻ എന്നത് കടൽത്തീരത്തെ പൂഴിമണലിൽ വരയപ്പെട്ട ഒരു ചിത്രം മാത്രമാണ് എന്ന് ഫൂക്കോ പറയുന്നതിന്‍റെ അർത്ഥം തന്നെ മനുഷ്യൻ എന്ന ധാരണയും വിശ്വാസവും അധികം വൈകാതെ ചോദ്യം ചെയ്യപ്പെടുകയും പുനർ നിർണ്ണയിക്കപ്പെടുകയും ചെയ്യും എന്നാണല്ലൊ.[21] ഹാരവേ മനുഷ്യൻ എന്ന സ്വത്വത്തെ ജൈവശരീരവും വിനിമയങ്ങളുടെ ശൃംഖലയും – കാർബണും സിലിക്കണും – ചേർന്ന ഒരു സൈബർനെറ്റിക് സംയുക്തം എന്നു പറയുമ്പോൾ ആ സ്വത്വത്തെ മനുഷ്യൻ എന്ന ഇടുങ്ങിയ അർത്ഥത്തിലുള്ള എപിസ്റ്റീമിൽ നിന്നും അതിന്‍റെ വംശീയവും ലൈംഗീകപരവും ഒക്കെയായ ഭാരങ്ങളിൽ നിന്നും മുക്തമാക്കി പകരം ഒരു പുതിയ യാന്ത്രിക അംശം ഇൻസ്റ്റോൾ ചെയ്യപ്പെട്ട നിലയിൽ കോശങ്ങളിൽ സൈബർനെറ്റിക്ക് ഒഴുക്കോടെ പുനർസങ്കൽപ്പിക്കുകയാണല്ലോ. ലത്വയിൽ എത്തുമ്പോഴെക്കും ഈ സ്വത്വം സൈബർനെറ്റിക് ശൃംഖലയിലെ ഒരു നോഡ് മാത്രമായി പലഘടകങ്ങളിൽ ഒന്നു മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. ശാസ്ത്രത്തെ പൂർണ്ണമായി നിരാകരിക്കുകയല്ല, മറിച്ച് അതിന്‍റെ രാഷ്ടീയ പ്രാധാന്യം ഉൾക്കൊണ്ട് ശാസ്ത്രത്തെ കുറിച്ചുള്ള സാധാരണ സങ്കൽപ്പങ്ങളെ അട്ടിമറിക്കുകയാണ് ലത്വ  ചെയ്യുന്നത്.

സമകാലിക സൈബർയുട്ടോപ്പിയകളും പ്രതിഷേധത്തിന്റെ വിവരസാങ്കേതിക ശാസ്ത്രവും

രുപതാം നൂറ്റാണ്ട്  പരീക്ഷിച്ച സോഷ്യലിസത്തിനു ഒരു ബദല്‍ ആവാന്‍ സാധ്യമല്ല എന്ന് മനസ്സിലാവുന്ന സാഹചര്യത്തില്‍, സാമ്പത്തിക പ്രഹേളികകൾക്കുള്ള ഉത്തരം ആയിപ്പോലും സൈബോർഗ് രൂപകങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇന്റർനെറ്റും നിർമിത   ബുദ്ധിയും, ഇന്ററാക്റ്റീവ് പ്രോഗ്രാമുകളും സൈബർ സെക്സുംവരെ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ മൂലധനവാഴ്ചയുടെ സകല ദുരിതങ്ങൾക്കുമുള്ള സുഖപര്യവസായികളായ പരിഹാരങ്ങളായി പൊന്തിവരാറുണ്ട്. സാർവലൗകീകമായ ഇന്റർനെറ്റ് ലഭ്യത, ബിൽ ക്ലിന്റൺ ആഹ്വാനം ചെയ്ത “ഓരോ ക്ലാസ് മുറിയിലും ഒരു കമ്പ്യൂട്ടർ”, അൽഗോറിന്‍റെ സ്വപ്നമായിരുന്ന ഗോളാന്തര ഒപ്റ്റിക്കൽ ഫൈബർ ലൈൻ തുടങ്ങിയവയൊക്കെ മുതലാളിത്ത വ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയായി സാങ്കേതികതയുടെ പ്രാപ്യമാക്കൽ നിർദ്ദേശിക്കപ്പെട്ട ആദ്യ സാഹചര്യങ്ങളിൽ ചിലതു മാത്രമാണ്. 

സൈബോർഗ് എന്ന രൂപകം ഉരുത്തിരിയുന്നത്  എൽജിബിറ്റി സംസ്കാരങ്ങളും അവയുടെ തനതു വ്യത്യസ്തതകളായ ബോഡി പിയസിങ്ങ്, റ്റാറ്റൂയിങ്ങ്, സിലിക്കൺ ഇംപ്ലാന്‍റ്, ഹോർമോൺ ചികിത്സകൾ തുടങ്ങിയ പോസ്റ്റ്ഹ്യൂമൺ പരിവേഷങ്ങളും ആപ്പിൾ, ഹ്യൂലെറ്റ് പെക്കാർഡ് തുടങ്ങിയ സാങ്കേതികമുതലാളിത്തത്തിന്‍റെ പുത്തൻ രൂപങ്ങളും കൊണ്ട് സമ്പന്നമായ അമേരിക്കയിലെ ബേ ഏരിയയിലെ പ്രത്യേകിച്ചും സാൻഫ്രാൻസിസ്കോയിലേയും സിലിക്കൺവാലിയിലേയും സാഹചര്യങ്ങളിൽ നിന്നുമാണ് എന്ന് പറയാറുണ്ട്‌. എന്നിരുന്നാലും മൂന്നാംലോകരാഷ്ട്രങ്ങളിലുൾപ്പടെ എവിടെയും അടിച്ചേൽപ്പിക്കപ്പെടുന്ന ഏതു സാർവ്വലൗകികതയ്ക്കെതിരെയും പ്രയോഗിക്കാവുന്ന മികച്ച രൂപകം തന്നെയാണ് സൈബോർഗ്. സ്ഥാനഭ്രംശങ്ങളും, ഒഴിവാക്കപ്പെടലുകളും ഒറ്റപ്പെടുത്തലുകളും അനുഭവിക്കുകയും സാങ്കേതികതയുടെ പ്രാപ്യത എന്ന ഇരുതല മൂർച്ചയുള്ള വാളിന്‍റെ ഭീഷണിയിൽ സദാ നിലനിൽക്കുകയും ചെയ്യുന്ന ഏതു ജനവിഭാഗത്തിനും സൈബോർഗ് എന്ന ആശയംകൊണ്ട് പ്രയോജനമുണ്ട് എന്നത് നിഷേധിക്കാനാവില്ല.

വിമതത്വത്തിന്‍റെ വിവരസാങ്കേതികതാശാസ്ത്രം (informatics of dissent) ഇന്ന് ഉരുത്തിരിയുന്നുണ്ട് എന്ന് പറയപ്പെടുന്നു.[22] ട്വിറ്റര്‍  വിപ്ലവങ്ങളോ ഫെയ്‌സ്ബുക്ക് പ്രതിഷേധങ്ങളോ  മാത്രമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യനും യന്ത്രവും തമ്മില്‍ ഇപ്പോല്‍ ഉരുത്തിരിയുന്ന ബന്ധത്തെ മുന്‍കാല വിശകലന മാതൃകകളായ അധ്വാനത്തിന്‍റെ അന്യവല്‍ക്കരണമായോ യന്ത്രത്തെ  ഭൗതികപുരോഗതിയിലെ നിശ്ശബ്ദ പങ്കാളി ആയോ മാത്രം കാണുന്ന സമീപനത്തില്‍ തളച്ചിടാന്‍ കഴിയുകയില്ല. സൈബർ യുട്ടോപ്പിയകളും അവ സങ്കൽപ്പിച്ച വിമോചനസ്വപ്നങ്ങളും ഏറെ പരിമിതമായിരുന്നെങ്കിൽപ്പോലും വിവരസാ‍ങ്കേതികത സൂചിപ്പിക്കുകയും സാധ്യമാക്കുകയും ചെയ്ത പുതിയ സാഹചര്യങ്ങളിൽപ്പോലും വ്യക്തമായ മുഖ്യധാരകളും അവയോടുള്ള ചെറുത്തു നിൽപ്പുകളും ഉണ്ടായിട്ടുണ്ട്. സൈബോർഗ് എന്ന ആശയം രൂപംകൊള്ളുന്നത്‌  ശാസ്ത്രത്തെയും സാങ്കേതികതയെയും വ്യക്തമായി തങ്ങളുടെ ആവശ്യങ്ങൾക്കുള്ള ഉപാധികളായിമാത്രം കാണുകയും സ്വയംശക്തമായ മാറ്റത്തിന്‍റെ വക്താക്കളായി തിരിച്ചറിയുകയും ചെയ്യുന്ന പുതിയ തലമുറയിലൂടെയാണ് എന്ന് സ്മിത്ത് വീക്ഷിക്കുന്നു.[23] മുതലാളിത്തത്തിന്‍റെ ശവക്കുഴി തോണ്ടുന്ന വിനിമയ ശൃംഖലകളും “അധീശാധികാരത്തിന്‍റെ വിവരസാങ്കേതികതയിൽ” പിറവിയെടുക്കുന്നുണ്ട് എന്ന ഹാരവേയുടെ നിഗമനം ആണ് സ്മിത്തിന്‍റെ കാഴ്ച്ചപ്പാടിന്‍റെ കാതൽ. ശൃംഖലകളിൽ പങ്കുവയ്ക്കപ്പെടുന്ന കർതൃത്വങ്ങൾ സത്താപരമായ ഭാരങ്ങളിൽനിന്നും അവയുടെ അടിച്ചേൽപ്പിക്കലുകളിൽനിന്നും മനുഷ്യനു വിടുതൽ നേടിക്കൊടുക്കുന്നു എന്നും വീക്ഷിക്കപ്പെടുന്നു.

Cyborg

ന്നാൽ സൈബോർഗിനു ചാർത്തപ്പെടുന്ന ഈ വിമോചന പരിവേഷം വിവരസാങ്കേതികതയുടെ അധീശശൃംഖലകളിൽ ഭരണകൂടങ്ങൾക്കുള്ള പങ്കിനെ സൂക്ഷ്മമായി വിലയിരുത്തുന്നില്ല. ഇന്ന് സാങ്കേതികതയെ സാമ്പ്രദായികമല്ലാത്ത വഴികളിലൂടെ പ്രാപ്യമാക്കുകയും അതിലൂടെ അറിവും ആശയങ്ങളും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന ഏതൊരുവനും ഭരണകൂടത്തിന്‍റെ ദൃഷ്ടിയിൽ ഏറ്റവും വലിയ ശത്രുക്കളാണ്. വിവരസാങ്കേതികതയുടെ ചില പ്രത്യേകതരം ഉപയോഗങ്ങളെ – ഹാക്കിങ്ങ്, മാസ് റ്റെക്സ്റ്റിങ്ങ്, ഫോർവേർഡിങ്ങ്, തുടങ്ങി നിയമാനുസൃതമല്ലാത്ത കണ്ടെന്റ് പങ്കിടലുകളും പ്രതിഷേധ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതും വരെ കുറ്റകൃത്യങ്ങളായി കാണുന്നതിനുള്ള പ്രവണത കൂടിവരുന്നുണ്ട്. ഇത്തരം വിധ്വംസകമായ ഉപയോഗങ്ങൾ വ്യക്തമായ രാഷ്ട്രീയ ഭാവനയോടെ ചെയ്യുന്ന ജൂലിയൻ അസാഞ്ച്, ആരോൺ സ്വാർറ്റ്സ്, എഡ്വെർഡ് സ്നോഡെൻ തുടങ്ങിയ പുതിയ കാലത്തെ സാങ്കേതിക രക്തസാക്ഷികളുടെ പ്രവർത്തനങ്ങൾ തന്നെയാണ് ഭരണകൂടത്തിന്‍റെ സാങ്കേതിക അധീശത്വത്തെ ശക്തമായി അതിന്‍റെ ധാർമികതയുടെ സാഹചര്യത്തിൽ പ്രതിക്കൂട്ടിലാക്കുന്നതും. സാങ്കേതികതയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭീഷണികളും ഒറ്റപ്പെടുത്തലുകളും പിന്തുടരലുകളും അപകീർത്തിപ്പെടുത്തലും തുടങ്ങി ആവിഷ്കാര സ്വാതന്ത്ര്യനിഷേധംവരെ ഭരണകൂടത്തിന്‍റെ അധീശാധികാരത്തിന്‍റെ വഴികളാണ്. ചെറുത്തുനിൽപ്പുകൾ ഏതുനിലയ്ക്കാണെങ്കിലും – പാട്ടു പങ്കിടുന്നതിനോ സിനിമ കാണുന്നതിനോ കണ്ടെന്റ് പങ്കിടുന്നതിനോ ഭരണകൂടത്തിനെ എതിർക്കുന്നതിനോ പ്രതിഷേധം എന്തിനു വേണ്ടിയുമായിക്കൊള്ളട്ടെ-,  അടിച്ചമർത്താനുള്ള ഭരണകൂടത്തിന്‍റെ സാങ്കേതികസമ്പ്രദായങ്ങൾ ഒന്നുതന്നെയായിരിക്കും. വിശാലമായിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളായി അടയാളപ്പെടുത്തപ്പെടുന്ന സാങ്കേതികതാ ഉപയോഗങ്ങളുടെ ഈ ശൃംഖല ഒരേസമയം സൈബോർഗ് രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയും പരിമിതിയുമാണ്. മറുവശത്ത് ഇവതന്നെ സത്യാനന്തരകാലത്തെ “ഫേക്ക് ന്യൂസ്” ഫാക്ടറികൾ, തീവ്രവലതുപക്ഷത്തിന്‍റെയും ഭരണകൂടങ്ങളുടെ തന്നെയും “സമ്മതി ഉൽപ്പാദനത്തിനും” അതുവഴിയുള്ള അധീശാധികാരത്തിനും മികച്ച ഉപാധികളാകുന്നുണ്ട്.

ഡിജിറ്റല്‍ കലയും സൈബോര്‍ഗും

ഡിജിറ്റൽ കാലത്ത് കലാവസ്തുവിന്‍റെ പുനർനിർമ്മാണത്തിനും പ്രക്ഷേപണത്തിനുമുള്ള സാധ്യതകൾ പലമടങ്ങ് വർദ്ധിച്ചിട്ടുണ്ടെങ്കിലും വാൾത്തർ ബെന്യാമിൻ കണ്ടുവച്ച കലയുടെ കുപ്രസിദ്ധമായ പരിവേഷം മാറിയ സാഹചര്യങ്ങളിലേക്ക് പലവിധത്തിൽ വീണ്ടെടുക്കപ്പെടുകയാണ് എന്നു വേണം മനസ്സിലാക്കാൻ. രണ്ടു പ്രതലങ്ങളിലേക്കാണ് ഡിജിറ്റൽ കലയുടെ പരിവേഷത്തെ പ്രധാനമായും വ്യാപിപ്പിക്കുന്നത്. ഒന്നാമതായി അന്തരാഷ്ട്ര കലാസാഹിത്യ വിപണി ഇന്ന് ഏറിയപങ്കും തഴച്ചുവളരുന്നത് ഡിജിറ്റൽ മാർക്കെറ്റുകളുടെ സമൃദ്ധമായ സഹായത്തോടെയാണ്. അതുപോലെ ഡിജിറ്റൽ സാധ്യമാക്കിയ ആത്മവ്യതിരിക്തതയും സ്വയം പരസ്യപ്പെടുത്തുന്നതിനുള്ള  സാധ്യതകളെയും കലാവിപണി നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. ചിത്രരചനയിലോ സംഗീതത്തിലോ സാഹിത്യത്തിലോ കലയുടെ എല്ലാ വിപണികളും മൗലികതയുടെ പഴയ ചട്ടക്കൂടുകൾ മുറുക്കെപ്പിടിച്ചുകൊണ്ടാണ് അതാതു വ്യാജവിപണികളെ (piracy) ചെറുക്കുന്നത്. ഉദാഹരണത്തിനു സിനിമാ വ്യവസായം  വ്യാജവിപണിയെ തകർക്കുന്നത് തിയറ്ററുകളിലെ ദൃശ്യാനുഭവങ്ങളെ അധികരിപ്പിക്കുന്ന 3 ഡി, ഹൈ ഡെഫനിഷൻ തുടങ്ങിയ സാങ്കേതികതകൾ വർദ്ധിപ്പിച്ചും ഡിജിറ്റൽ വിതരണക്കാരായ iTunes, NetFlix, Amazon തുടങ്ങിയവയുടെ “നിയമാനുസൃതമായ” കൊള്ളയുമായി സഹകരിച്ചും ഒക്കെയാണ്. ബെന്യാമിൻ ഉപയോഗിച്ച അർത്ഥത്തിൽ ഉള്ള കലയുടെ പരിവേഷം സിനിമയെക്കുറിച്ച് പറയുമ്പോൾ പ്രസക്തമല്ല എങ്കിലും ഡിജിറ്റലിന്റെ ആഗമനത്തോടെ കലയുടെ ‘പരിവേഷം’ മൗലികതയിൽനിന്നും ചുവടുമാറി വിപണിയിലേക്ക് കലരുകയാണ് എന്നതിനു സിനിമാ വ്യവസായം ഒരു ഉദാഹരണമാണ്. 

സ്റ്റെർലാക്ക്‌ എന്ന ഡിജിറ്റൽ രംഗാവിഷ്കാര കലാകാരന്‍റെ “മനുഷ്യ ശരീരം കാലഹരണപ്പെട്ടതാണ്”[24] എന്ന ആശയമായിരിക്കാം ഒരുപക്ഷെ സൈബോർഗ് ഭവശാസ്ത്രങ്ങളിൽ നിന്ന് ഉടലെടുത്ത കലാസാക്ഷാത്കാരങ്ങളിൽ വച്ച് ഏറ്റവും സമുചിതമായത്. റോബോട്ടിക്സ് തുടങ്ങിയ നവസാങ്കേതികതകൾ ശരീരത്തിലെക്ക് സംയോജിപ്പിച്ചാണ് സ്റ്റെർലാകിന്‍റെ പ്രകടനങ്ങൾ. ജൈവസാങ്കേതികതയിൽ ഊന്നിയ രംഗാവിഷ്ക്കാരകലകളെ വിഡ്ഢിത്തം എന്നു കരുതി തള്ളിക്കളയാനാവുകയില്ല. ‘പാരാസൈറ്റ്’ എന്ന തന്‍റെ ഒരു ആവിഷ്കാരത്തിൽ സ്റ്റെർലാക് സ്വശരീരത്തെ ഇന്റർനെറ്റിന്‍റെ ഡാറ്റാ പ്രവാഹങ്ങളുമായി സംയോജിപ്പിച്ചതിനു ശേഷം നെറ്റ്‌വര്‍ക്കി‌ലേക്ക് പ്രക്ഷേപണം ചെയ്ത, മാംസത്തിന്‍റെയും ലോഹത്തിന്‍റെയും കോഡിന്‍റെയും ഒരു ‘കിമേറ’യായി അനുഭവിപ്പിക്കുന്നു. സ്റ്റെർലാക്കിന്‍റെ കലയുടെ ആശയം ഏതറ്റം വരെ ശരീരത്തെ വസ്തുക്കളുമായി ഘടിപ്പിച്ച് വിന്യസിപ്പിക്കുകയും പ്രക്ഷേപണയോഗ്യമാക്കുകയും ബാഹ്യമായ നിയന്ത്രണത്തിനു വിധേയമാക്കുകയും ചെയ്യാം എന്ന അന്വേഷണമാണ്. പാശ്ചാത്യ ജ്ഞാനശാസ്ത്രങ്ങളുടെ അടിസ്ഥാനമായ മനസ്സ്/ശരീരം എന്ന ദ്വന്ദ്വത്തെ ഒഴിയാബാധയാക്കി കൊണ്ടുനടക്കുന്ന ലൈംഗിക പ്രാഗ് രൂപങ്ങളുടെ കെണികളെ ദാർശനികപരമായും പരീക്ഷണപരമായും കലാപരമായും നേരിടുക എന്നതാണ് അദ്ദേഹത്തിന്റെ ആശയങ്ങളുടെ കാതൽ. സ്റ്റെർലാക്കിനെ സംബന്ധിച്ചിടത്തോളം വിവരം (information) എന്നത് കാലഹരണപ്പെട്ട ശരീരത്തിനുള്ള ശക്തമായ ഒരു താങ്ങാണ്. ഈ രംഗാവിഷ്കാരങ്ങളൊന്നും തന്നെ സ്വത്വാധിഷ്ഠിതമല്ല. വ്യക്തിപരമായ മൂല്യത്തിന്‍റെ ശ്രേഷ്ഠതയുടെ അധികാരത്തിന്‍റെ സ്വത്വാവിഷ്കാരത്തിന്‍റെ ഒക്കെ അടിസ്ഥാനമായിരുന്ന കലാകാരന്‍റെ ശരീരം ഇവിടെ കേവലമായ ഉപേക്ഷയുടെയും തീവ്രമായ സംവേദ്യതയുടെയും വസ്തുവൽക്കരണത്തിന്‍റെയുമൊക്കെ ഇടമാകുകയാണ്. തിരക്കഥകൾ ഇല്ലാത്ത ഈ ആവിഷ്കാരങ്ങളിൽ എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുകയാണ് എന്നോ ഏതു രീതിയിൽ വിന്യസിക്കപ്പെടാമെന്നോ ഒന്നും സാങ്കേതികതയുമായി ചേർത്തുവക്കപ്പെട്ട ശരീരത്തിനു യാതൊരു അറിവും ഉണ്ടായിരിക്കുകയില്ല.  

ഴയ പ്ലറ്റോണിക് ദ്വന്ദ്വങ്ങളോ കാർടീഷ്യൻ പ്രതിസന്ധിയോ ഫ്രോയിഡിന്‍റെ മനശാസ്ത്ര വിശകലനങ്ങളോ ഉപയോഗിച്ച് മനസ്സിനെയും ശരീരത്തെയും കുറിച്ച് പറയുന്നതുതന്നെ അർത്ഥശൂന്യമാണ് എന്ന സ്റ്റെർലാക്കിന്‍റെ ആവിഷ്കാരങ്ങൾ ആവർത്തിച്ചു ഉറപ്പിക്കുന്നു. ഒരു അഭിമുഖത്തിൽ സ്റ്റെർലാക്ക് തന്നെ പറയുന്നുണ്ട്: “എത്രയധികം രംഗാവിഷ്കാരങ്ങൾ നടത്തുന്നോ അത്രയും ഞാൻ സ്വന്തമായി ഒരു മനസ്സുണ്ടെന്നോ സാമ്പ്രദായികമായ അർത്ഥത്തിൽ അതിഭൌതികമായ ഒരു മനസ്സ് എന്ന സങ്കൽപ്പം തന്നെയുണ്ടെന്നോ ചിന്തിക്കാതായിരിക്കുന്നു … നമ്മുടെ സ്വത്വങ്ങളെ ഉണ്ടാക്കുന്നത് നമ്മുടെ ഭൌതിക സാന്നിദ്ധ്യമല്ല, മറിച്ച് നമ്മുടെ ക്രമബദ്ധതയാണ് (connectivity).” സൈബർ എന്നതിന്റെ പ്രാധാന്യം “അത് മനുഷ്യ ശരീരങ്ങളുടെ ആത്മബോധത്തിന്റെ തോലുരിയിപ്പിക്കുന്നു” എന്നതാണ് എന്നും “സൈബർ വ്യവസ്ഥകൾ ഇതരമായ, സങ്കരമായ, സറോഗേറ്റായ ശരീരങ്ങളെ പ്രജനിപ്പിക്കുന്നു” എന്നും സ്റ്റെർലാക്ക് വാദിക്കുന്നു.[25] ഈ രംഗാവിഷ്കാരങ്ങളെക്കുറിച്ച് പഠിച്ചവർ ക്രമബദ്ധതയിലുള്ള സ്റ്റെർലാക്കിന്‍റെ ഊന്നലിനെ സൂക്ഷ്മമായി തന്നെ വിലയിരുത്തുന്നു.  ഈ ആവിഷ്കാരങ്ങൾ എടുത്തുകാണിക്കുന്നത് ഏതു ബാഹ്യസാഹചര്യവും കൃത്രിമാവയവുമായും ഇണങ്ങിച്ചേരാനുള്ള ശരീരത്തിന്റെ കഴിവാണ് എന്നും ശരീരവും സാങ്കേതികതയും തമ്മിലുള്ള ബന്ധങ്ങളിലാണ് അല്ലാതെ അവയുടെ വിച്ഛേദങ്ങളിലല്ല ഈ പ്രദർശനങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. [26]  1960 കൾ മുതൽ ശരീരത്തിന്‍റെ പരിധിയെ ഊന്നി സ്റ്റെർലാക്ക് കലാപരീക്ഷണങ്ങൾ നടത്തുന്നുണ്ട് എങ്കിലും സ്റ്റെർലാക്കിന്‍റെ ഇന്റർനെറ്റ് രംഗാവിഷ്ക്കാരങ്ങൾ ശരീരത്തിനു ഗോളന്തര വിവരസാങ്കേതിക വ്യവസ്ഥയുമായുള്ള ബന്ധം ഏറ്റവും ശക്തമായിത്തന്നെ സൂചിപ്പിക്കുന്നു.[27]

ഉപസംഹാരം

പോസ്റ്റ്ഹ്യുമനിസത്തിന്‍റെ സങ്കീർണ്ണതയും അവ്യവസ്ഥയും ചൂണ്ടിക്കാണിച്ചുകൊണ്ട് [28] ഒരു വാദം മുന്നോട്ടു വയ്ക്കുന്നുണ്ട്. പോസ്റ്റ്മോഡേണിസത്തെക്കുറിച്ച് ഫ്രാൻകോയിസ്  ല്യോറ്റാർഡ് നൽകിയ വിരോധാഭാസപരമായ വ്യാഖ്യാനത്തിനു സമാനമാണ് പോസ്റ്റ് ഹ്യുമനിസവും എന്ന് ജാമ്യമെടുത്തുകൊണ്ട് വോൾഫ് പറയുന്നത് അത് ഹ്യുമനിസത്തിനു മുന്നും പിന്നും നിലനിന്നിരുന്നു എന്നും അത് സാങ്കേതികതയുടെയും ജൈവികതയുടെയും മൂർത്തീകരണം ആണെന്നും മനുഷ്യവംശത്തിന്‍റെ ആഴത്തിൽ പതിഞ്ഞ വേരാണ് എന്നുമാണ്. പല അവതാരങ്ങളിലൂടെ സൈബോർഗ് എന്ന ആശയം ഈ അവ്യക്തത നീക്കാൻ സഹായിച്ചിട്ടുണ്ട്. ഹാരവേയുടെ ആദ്യദർശനത്തിൽ നിന്നും സൈബോർഗിന്‍റെ രാഷ്ട്രീയത്തിനു പ്രകടമായ രൂപാന്തരങ്ങൾ സിദ്ധിച്ചിട്ടുണ്ട്. ഒരുവശത്ത് ശാസ്ത്രപുരോഗതിയെ കുറിച്ചുള്ള വാചോടോപങ്ങളിലും മറുവശത്ത് ശരീരത്തിന്‍റെ സങ്കലനത്തെ കുറിച്ചുള്ള കലാപരമായ പരീക്ഷണങ്ങളിലും സൈബോർഗ് നിലനിൽക്കുന്നു. സാങ്കേതികതയെയും മനുഷ്യത്വത്തെയും കുറിച്ചുള്ള പ്രതീക്ഷകൾ ആവർത്തിച്ചിരുന്ന 1960കളിലെ കലാപരമായ ഇടപെടലുകളിൽ നിന്നും യന്ത്രഹിംസയെക്കുറിച്ചുള്ള ദുരന്തകൽപ്പനകളായ TerminatorBlade Runner തുടങ്ങിയവയിലൂടെ, മനുഷ്യ-യന്ത്ര പരിണിതികളിൽ ഒരു തിരഞ്ഞെടുപ്പും സാധ്യമല്ലാ എന്ന നിലപാടുള്ള സമകാലിക ജനപ്രിയ വ്യവഹാരങ്ങളിലേക്കും പഴയ സ്വപ്നത്തിന്‍റെ നാടകീയമായ പരിസ്മാപ്തി സൂചിപ്പിക്കുന്ന അവയുടെ പ്രമേയങ്ങളിലേക്കും എത്തിനിൽക്കുന്നു സൈബോർഗിന്‍റെ ഭവശാസ്ത്രം ഇന്ന്. 

ങ്കിലും വിപ്ലവങ്ങളുടെയും പ്രതിഷേധത്തിന്‍റെയും മാറുന്ന രൂപഭാവങ്ങളിലൂടെ സ്വപ്നങ്ങളെ പുനസൃഷ്ടിക്കാനുള്ള പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്. എന്നാൽ സാമൂഹ്യ മാറ്റത്തിനു വേണ്ടിയുള്ള സംഘടിത പ്രതിഷേധങ്ങളുടെ പഴയകാല ചരിത്രാനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് അതിസാങ്കേതികതയുടെ കാലത്തെ ചെറുത്തു നിൽപ്പുകൾ. ഡോണാ ഹാരവേയുടെ ഉപചാരാർത്ഥം എഴുതപ്പെട്ട അവരുമായുള്ള ഒരു സാങ്കൽപ്പിക അഭിമുഖത്തിൽ ലത്വ പറയുന്നു: “നിങ്ങൾ ഇന്നും Winter Palace സ്വപ്നം കാണുകയാണോ? സിയാറ്റിലിലെ സംക്ഷോഭ വായു നിറഞ്ഞ തെരുവുകൾ അല്ലാത്തതൊന്നും ഇന്നും രാഷ്ട്രീയമല്ലാ എന്നാണോ വിശ്വസിക്കുന്നത്? Delacroix ന്റെ ചുവർചിത്രമാണോ ഇപ്പോഴും മനസ്സിൽ: Phrygian തൊപ്പിയും പതാകയുമായി നഗ്നമായ മാറിടങ്ങളുമായി വെടിയുണ്ടകളുടെ ശരവർഷത്തിലേക്ക് നടന്നടുക്കുന്ന റിപബ്ലിക്ക് ആണോ ഇപ്പോഴും മനസ്സിൽ? ഇന്നും നിങ്ങൾക്ക് ബാരിക്കേടുകൾക്കുമുന്നിൽ വീരോചിതമായാണോ മരിച്ചു വീഴേണ്ടത്? എങ്കിൽ നിങ്ങൾ തോൽക്കുക തന്നെ ചെയ്യും.”[29] മാറ്റത്തിന്‍റെ കർതൃത്വം എന്ന നിലയ്ക്ക് സൈബോർഗിന്‍റെ സാധ്യതകളും പരിമിതികളും വ്യക്തമായി സംക്ഷേപിക്കുന്നുണ്ട് ഈ വാക്കുകൾ.  

Acknowledgments

ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ന്റെ സമ്മര്‍ഹില്‍ റിവ്യൂവില്‍ Dr. TT Sreekumar എഴുതിയ ലേഖനം.

പ്രസാദ് പന്ന്യൻ എഡിറ്റ് ചെയ്തു, ഡി സി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന “പോസ്റ്റ്ഹ്യൂമൻ ഭാവനകൾ” എന്ന പുസ്തകത്തിനുവേണ്ടി മലയാള പരിഭാഷ: ശ്രീപ്രിയ ബാലകൃഷ്ണൻ)

പരാമർശിത കൃതികൾ:

Calvino, I. ‘Prose and Anticombinatorics’. The New Media Reader. Ed. Wardrip-Fruin, Noah and Nick Montfort. Massachusetts: MIT Press, 2003. 183-189

Haraway, D.J. 1991. “A Cyborg Manifesto: Science, Technology, and Socialist-Feminism in the Late Twentieth Century.” Simians, Cyborgs and Women: The Reinvention of Nature. New York; Routledge, 1991. 149-181

Haraway, D. “A Manifesto for Cyborgs: Science, Technology and Socialist Feminism in the 1980s.” Linda J Nicolson ed. Feminism/Postmodernism. Routledge. New York. 1990. Pg. 190-233.

Latour, B. Reassembling the Social: An Introduction to Actor-Network-Theory. New York: Oxford University Press, 2005.

Latour, B. ‘Critical Distance or Critical Proximity: A Dialogue in honor of Dona Haraway’, 2005. Retrieved from http://www.bruno-latour.fr/node/248

Poster , M. ‘High-Tech Frankenstein, or Heidegger Meets Stelarc’. In: J. Zylinska (ed.)

Wolfe, C. What is Posthumanism. Minneapolis and London: University of Minnesota Press, 2010.


[1] Sreekumar, T.T. ‘Asian Modernities and the Posthuman Future: Some Reflections’ In Lim Sun Sun and Sorriano Cheryll (eds.) Asian Perspectives on Digital Culture: Emerging Phenomena, Enduring Concepts.

[2] Zizek, S. ‘Addressing the impossible’. Panitch, L., & Albo, G. (Eds.) Rethinking Revolution. Socialist Register 53, 2016. 339-355.

[3] Amin, S. Spectres of Capitalism: A Critique of Current Intellectual Fashions. Translated by Shane Henry Mage. 1998.

[4]  Weiner, N. Cybernetics: Or Control and Communication in the Animal and the Machine. Massachusetts: MIT Press. 1948

[5] Clynes, M.E. and Kline, N. S. ‘Cyborgs and Space’. In C. Gray (ed.) The Cyborg Handbook. London: Routledge, (1960, [1995])

[6] Haraway, D.J. 1991. “A Cyborg Manifesto: Science, Technology, and Socialist-Feminism in the Late Twentieth Century.” Simians, Cyborgs and Women: The Reinvention of Nature. New York; Routledge, 1991. 149-181

[7] Hayles, K. Unfinished Work: From Cyborg to Cognisphere. Theory, Culture & Society Vol. 23(7–8), 2006. 159–166

[8] See Haraway 1991 p.150)

[9]  Haraway, D. “A Manifesto for Cyborgs: Science, Technology and Socialist Feminism in the 1980s.” Linda J Nicolson ed. Feminism/Postmodernism. Routledge. New York. 1990 ( 190-233).

[10] Madrigal, A. “Weekend Poem: All Watched Over by Machines of Loving Grace” The Atlantic, September 17, 2011,

[11] Fagan, D. I.G.Y. (What a Beautiful world!) Nightfly. Warner Bros. 1 Oct 1982.

[12] Martin, M. ‘Meditations on Blade Runner,’ Journal of Interdisciplinary Studies 17(1–2), (2005). 105–22.

[13] Kukeilski, T., Curator. All Watched Over, 2015. Retrieved on 22 Aug 2017 from http://www.jamescohan.com/exhibitions/2015-06-25_all-watched-over

[14]  Haraway (1991 p.181). Also see Damarin, S.K. (1994). Would You Rather Be a Cyborg or a

Goddess? On Being a Teacher in a Postmodern Century.Feminist Teacher. 8 (2), 1994. 54-60. Martin, M. ‘Meditations on Blade Runner,’ Journal of Interdisciplinary Studies 17(1–2), (2005). 105–22.

[15] Haraway ibid.

[16] Haraway 1990 p. 192

[17] Hayles, K. How We became Posthuman: Virtual Bodies in Cybernetics, Literature and Informatics. United States: Chicago Press, 1999.

[18] Stelarc ‘Prosthetics, robotics and remote existence:postevolutionary strategies: ways of extending the body’scapabilities through technology’ Leonardo vol.24 no.5, 1991. 591-595. Stelarc `From Psycho-Body to Cyber-Systems: Images as Posthuman Entities’, in Joan Dixon and Eric Cassidy (eds) Virtual Futures: Cyberotics, Technology and Post-Human Pragmatism, 1998. London: Routledge, 116-123

[19] (Haraway 1990, p. 191)

[20] Barron, C. Longing for Transcendence: Cyborgs and Trans and Posthumans. Theological Studies. Vol 76 (1), 2003. 148-165

[21] Michael Foucault, The Order of Things: An Archaeology of the Human Sciences. Oxford and New York: Routledge, 1989.

[22] Smith, B.A. “The Politics of Participation: Revisiting Dona Haraway’s “A Cyborg Manifesto” in a Social Networking Context”. Anamesa. Intersections Issue. Vol 7, 2009. 68-77

[23] Smith, B.A, ibid

[24] Stelarc `From Psycho-Body to Cyber-Systems: Images as Post-human Entities’, in Joan Dixon and Eric Cassidy (eds) Virtual Futures: Cyberotics, Technology and Post-Human Pragmatism, 1998. London: Routledge, 116-123.

[25] Donnarumma, M. (2012). Fractal Flesh — Alternate Anatomical Architectures: Interview with Stelarc. e-Contact. Vol 14 No. 2. http://econtact.ca/14_2/donnarumma_stelarc.html Retrieved on 25 August 2017

[26] (Scheer 2002 pp. 85-86).

[27] (Poster 2002 p. 28)

[28] Wolfe (2010 p. xv)

[29]  (Latour (2005) )

Comments

comments