വിശപ്പ് ഒരു ഇന്ത്യൻ യാഥാര്‍ത്ഥ്യമാണ്. മൂടി വെയ്ക്കുന്തോറും ശക്തിയോടെ പുറത്തുവരുന്ന യാഥാര്‍ത്ഥ്യം. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ലോകത്തിലെ മൂന്നിൽ ഒന്ന് ദരിദ്രരും പകുതി വിശക്കുന്ന വയറുകളും ഉള്ള രാജ്യമാണ് ഇന്ത്യ. ലോകമാകെ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണത്തിൽ നാലിൽ ഒരാൾ ഇന്ത്യയിലാണ്. പോഷകാഹാരക്കുറവുള്ള ലോകത്തിലെ മൊത്തം കുട്ടികളുടെ എണ്ണത്തിൽ മൂന്നിൽ ഒരു കുട്ടി ജീവിക്കുന്നത് ഇവിടെയാണ്. 2020-ൽ 107 രാജ്യങ്ങളുള്ള വിശപ്പിന്‍റെ ആഗോള സൂചികയിൽ ഇന്ത്യ 94-ആം സ്ഥാനത്താണ്. 2019-ൽ 117 രാജ്യങ്ങളുടെ ലിസ്റ്റിലെ 104-ആം സ്ഥാനത്തു നിന്നുമുണ്ടായ നേരിയ മാറ്റം.
എന്നാൽ മറുവശത്ത്, ലോകത്തിലെ പ്രധാന ഭക്ഷ്യോൽപാദക രാജ്യവും കൂടിയാണ് ഇന്ത്യ. അരിയുടെ, പല പരിപ്പ് – പയര്‍ വർഗങ്ങളുടെ, ചോളം ഉൾപ്പടെയുള്ള മില്ലറ്റുകളുടെ, പച്ചക്കറി – പഴവര്‍ഗങ്ങളുടെ ഒക്കെ ഉത്പ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. 1998-നും 2018-നും ഇടക്ക് ഇന്ത്യയുടെ കാർഷിക ഉൽപാദനം 198 മില്യൺ ടണ്ണിൽ നിന്നും 270 ടൺ ആയി വർദ്ധിച്ചു. പക്ഷേ, ഈ കാലഘട്ടത്തിൽ പ്രതിദിന/ആളോഹരി ധാന്യ ലഭ്യതയിൽ ഉണ്ടായ വർദ്ധനവ് നാമമാത്രയായിരുന്നു – 475 ഗ്രാമിൽ നിന്നും 484 ഗ്രാം. എന്നാൽ പയർ വർഗങ്ങളുടെ ഓഹരി ഇരട്ടിയുടെ അടുത്തായി. ഇതിനുമപ്പുറം, ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്‍റെ കണക്കുകൾ പറയുന്നത് ഇന്ത്യയിലെ അംഗീകൃത കലോറി ഉപഭോഗനിലയായ 2200 കലോറി ഭക്ഷണം കഴിക്കേണ്ട സ്ഥാനത്ത്, 30% ജനത്തിന് 1800 കലോറി താഴെ മാത്രമേ കഴിക്കാന്‍ ആവുന്നുള്ളു എന്നാണ്. ഈ യാഥാര്‍ത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ, ഒരു ജനതയുടെ ഭക്ഷ്യസുരക്ഷയെ ലക്ഷ്യമിട്ട് കൊണ്ടുവന്ന നിയമങ്ങൾ ഭേദഗതിയിലൂടെ നിർവീര്യമാക്കുമ്പോൾ ശതകോടി ജനം വിശപ്പിനാൽ കൂടുതൽ നിലാരംബരും, അനാരോഗ്യരും ആകുന്ന അവസ്ഥയാണ് ഉരുത്തിരിയുന്നത്.
ഭക്ഷ്യോൽപന്നങ്ങളുടെ ഉൽപാദനത്തിൽ നിന്നും സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സ്റ്റേറ്റിന്‍റെ സാന്നിധ്യം കുറഞ്ഞാൽ സംഭവിക്കാവുന്ന ദുരന്തമാണിത്. ഇതുമൂലം രൂക്ഷമാകുന്ന മറ്റു ചില പ്രശ്നങ്ങളുമുണ്ട്. ഒന്ന്, വിലക്കയറ്റം അനിയന്ത്രിതമാവാം. രണ്ട്, ഈ വിലക്കയറ്റം കൊണ്ട് കര്‍ഷകർക്ക് പ്രത്യേകിച്ചും ലാഭം ഒന്നും ഉണ്ടാകുകയില്ല, എന്നാലത് ഭക്ഷ്യസുരക്ഷയെ ബാധിക്കും ചെയ്യും. മൂന്ന്, സമീകൃത ആഹാരത്തിന്റെ കുറവ് മൂലം അനാരോഗ്യരായ ജനത്തിന്‍റെ എണ്ണം വർദ്ധിക്കും. നാല്, വിശക്കുന്ന വയറുകളുടെ എണ്ണം ഇന്ത്യയിൽ വര്‍ദ്ധിക്കും. അവശ്യ വസ്തുക്കളുടെ ഭേദഗതി നിയമം 2020 ന്‍റെ പശ്ചാത്തലത്തിൽ ഈ വാദങ്ങളെ അവലോകനം ചെയ്യുകയാണ് ഇവിടെ.
നവലിബറലിസവും ദാരിദ്ര്യരേഖാസൂചികകളുടെ പൊളിച്ചെഴുത്തും:
ദരിദ്രനാരായണന്മാരുടെ രാജ്യം എന്നാണ് 1970 വരെ ഇന്ത്യ അറിയപ്പെട്ടിരുന്നത്. 1950-ൽ ദരിദ്രരുടെ എണ്ണം മൊത്തം ജനതയുടെ 70 ശതമാനത്തോളമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ പരമപ്രധാന അജണ്ട വിശപ്പും പട്ടിണിയും മാറ്റുക എന്നതായിരുന്നു. പഞ്ചവത്സര പദ്ധതികളിലൂടെ ലക്ഷ്യമിട്ടതും ദാരിദ്ര്യനിർമ്മാർജ്ജനം, ഗ്രാമീണ-കാർഷിക മേഖലയിൽ തൊഴിലും വരുമാനവും സൃഷ്ടിക്കുക, വിദ്യാഭ്യാസ-ശാസ്ത്ര-സാങ്കേതിക മേഖലകളിലെ ആധിപത്യം നേടുകവഴി വികസിത രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം നേടുക എന്നിവയായിരുന്നു.
കാർഷിക വിപ്ലവത്തിലൂടെ ഭക്ഷ്യ പര്യാപ്തത നേടി ഇന്ത്യയുടെ വിശപ്പ് തുടച്ച് മാറ്റുക എന്നതായിരുന്നു ലക്ഷ്യം. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടേയും പൊതു വിതരണ വ്യവസ്ഥയുടേയും സ്ഥാപിത ലക്ഷ്യം ഭക്ഷ്യ സുരക്ഷയാണ്. അവശ്യവസ്തുക്കളുടെ നിയമവും ഇതേ കാറ്റഗറിയിൽ തന്നെയാണ് വരുന്നത്. വസ്തുക്കളുടെ ഉൽപാദനത്തിലും, സംഭരണത്തിലും, വിതരണത്തിലും സ്റ്റേറ്റിന് കൃത്യമായ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം ഒരു പരിധി വരെ (പലവിധ കുറവുകളുണ്ടെങ്കിലും) ഇന്ത്യൻ സ്റ്റേറ്റ് നിർവഹിച്ചിരുന്നു. നവലിബറൽ നയങ്ങൾ നടപ്പിലായതിനെ തുടർന്ന് 1997 മുതൽ സാർവത്രിക പൊതുവിതരണം ടാർഗെറ്റെഡ് (ചില ഗ്രൂപ്പുകളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള) പൊതു വിതരണമായി മാറി. റേഷൻ കാർഡുകൾ ബിപിഎൽ/എപിഎൽ കാർഡുകളായി തരം തിരിച്ചു. അതുപോലെ ദാരിദ്ര്യരേഖ നിർണ്ണയത്തിന്‍റെ സൂചികകളും കാലാനുസൃതമായി മാറി. 2014-ലെ രംഗരാജൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം നഗരമേഖലയിൽ ഒരു ദിവസം 32 രൂപ ഭക്ഷണത്തിനായി ചിലവഴിക്കാൻ കഴിയുന്ന ഒരാൾ ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണ്. ഗ്രാമീണ ഇന്ത്യയിൽ ഇത് 27 രൂപയും. സുരേഷ് തെണ്ടുൽക്കർ കമ്മിറ്റിയുടെ കാലം മുതൽ ദാരിദ്ര്യരേഖ സൂചിക നിശിതമായ വിമർശനത്തിന് വിധേയമാണ്. ഇന്ത്യയുടെ ദാരിദ്രരുടെ യഥാര്‍ത്ഥ കണക്ക് മറച്ചു പിടിക്കാൻ സാധിക്കും എന്നതാണ് ഇത്തരത്തിലുള്ള ദാരിദ്ര്യരേഖകൾ കൊണ്ടുള്ള ഒരു പ്രയോജനം. ഇന്ത്യൻ സ്റ്റേറ്റ് ഒരു പരിധി വരെ ഇതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ സൂചികകളിലൂടെ, ഇന്ത്യയിലെ വിശക്കുന്ന വയറുകളെ കണക്കുകളിൽ നിന്നും മാറ്റിനിർത്തി.
2030-ൽ ഇന്ത്യ ഒരു 10 ട്രില്യൺ അമേരിക്കൻ ഡോളർ സമ്പദ് വ്യവസ്ഥയാവുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. 10 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ യാഥാർത്ഥ്യമായില്ലെങ്കിൽ പട്ടിണിയും പരിവട്ടവും കൊണ്ട് നട്ടം തിരിയുന്ന 100 കോടി ജനങ്ങളുള്ള ഒരു രാജ്യമാകും ഇന്ത്യ (2030 ൽ ഇന്ത്യയുടെ ജനസംഖ്യ 150 കോടിയിലും മുകളിലാകും). ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉൽപാദനത്തിലും സംഭരണത്തിലും വിതരണത്തിലും കൃത്യമായ കാഴ്ചപ്പാടോടെ സ്റ്റേറ്റ് സാന്നിധ്യം അറിയിച്ചില്ലെങ്കിൽ വിശപ്പും പോഷകാഹാരക്കുറവും മൂലം സൗത്ത് ഏഷ്യയിലെ ഗ്രഹണി പിടിച്ച സ്ത്രീ എന്ന വിളി കേൾക്കേണ്ടി വരും.
നിർദിഷ്ട കലോറി മാനദണ്ഡങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ:
ഇന്ത്യൻ കൗൺസിൽ നിർദ്ദേശിക്കുന്ന ദേശീയ സമീകൃതാഹാര മാനദണ്ഡം അനുസരിച്ച് നഗരത്തിൽ ഒരു ദിവസം 2100 കലോറി ഭക്ഷണവും ഗ്രാമത്തിൽ 2400 കലോറി ഭക്ഷണവും കഴിക്കുവാൻ സാധ്യമാവുന്നവരെയാണ് ദരിദ്രരല്ലാത്തവരെന്ന് കണക്കാക്കുന്നത്. ഇവിടെ നമ്മൾ ഓർക്കേണ്ട ഒരു കാര്യം 2018 NSSO കണക്ക് പ്രകാരം ഒരു ശരാശരി നഗരവാസിയായ ഇന്ത്യക്കാരൻ 1700 കലോറിയും, ഗ്രാമീണഇന്ത്യൻ 1800 കലോറി ഭക്ഷണവും മാത്രമേ യഥാര്‍ത്ഥത്തിൽ കഴിക്കുന്നുള്ളു, അഥവാ അവർക്ക് അതിനുള്ള വരുമാനം മാത്രമേയുള്ളൂ. ദേശീയ സമീകൃതാഹാര മാനദണ്ഡ പ്രകാരം വലിയ അദ്ധ്വാനം ഒന്നുമില്ലാതെയിരിക്കുന്ന ആളുകളുടെ ഭക്ഷണ നിലവാരമാണ് 2100 കലോറി എന്നത്. കഠിനമായ തൊഴിൽ ചെയ്യുന്നവർക്ക് വേണ്ടത് 3400 കലോറി വരെയാണ്. സമൂഹത്തിന്‍റെ താഴെക്കിടയിൽ കിടക്കുന്നവരാണ് ശാരീരിക അദ്ധ്വാനം വേണ്ട തൊഴിലുകളിൽ ഏർപ്പെടുന്നവർ. ഒരു പക്ഷെ ഈ കൂട്ടരുടെ ഭക്ഷണത്തിലെ കലോറിയുടെ അളവ് നോക്കിയാൽ, മിനിമം കണക്കിനും വളരെ താഴെ ആവാനാണ് സാധ്യത. ആൺ-പെൺ എന്നുകൂടി വേർതിരിച്ച് നോക്കിയാൽ എന്തായിരിക്കും ആ കണക്കിന്റെ അവസ്ഥ എന്നത് ആലോചിക്കാവുന്നതേയുള്ളൂ.
ചുരുക്കത്തിൽ ഒരു കാര്യം വ്യക്തം ആണ് – വിശപ്പ് മാറിയാൽ പോലും ഒരു ശരാശരി ഇന്ത്യക്കാരൻ സമീകൃത ആഹാരം കഴിക്കുന്നില്ല. ഇവിടെ ചില കാര്യങ്ങൾ ഓർക്കണം. 2004-10-ൽ അതികഠിനമായ വരൾച്ച ഉണ്ടായിരുന്ന കാലത്ത് ബുന്ദേൽഖണ്ഡിൽ ഗോതമ്പുപൊടിക്കൊപ്പം ഉപ്പും വയലിറമ്പത്തെ പുല്ലും കൂട്ടിക്കുഴച്ച് ചപ്പാത്തി ഉണ്ടാക്കി കഴിക്കുന്ന വാർത്തകൾ ശ്രദ്ധയാകർഷിച്ചിരുന്നു. കിളിർത്തു വരുന്ന പുൽനാമ്പുകൾക്കായി ജനങ്ങൾ കന്നുകാലികളും ആയി പലയിടത്തും മത്സരിച്ചു. വിശപ്പ് മാറുക എന്നതായിരുന്നു ജനത്തിന്‍റെ പ്രധാന ലക്ഷ്യം. പോഷകമൂല്യമുള്ള ആഹാരം അവരുടെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. അവശ്യ പോഷകമൂല്യങ്ങൾ ഭക്ഷണത്തിൽ ഇല്ലാത്തതിനാൽ ഒരുപിടി ആരോഗ്യപ്രശനങ്ങൾ കുട്ടികൾ അടക്കമുള്ളവർ നേരിട്ടു. ഒരു ദശാബ്ദത്തിന് മുൻപ് പൊതു വിതരണ സമ്പ്രദായം ഒക്കെ നിലനിന്നിരുന്ന ഒരു വറുതി കാലത്താണ് ജനം ഇങ്ങനെ വിശപ്പടക്കാൻ കന്നുകാലികളുമായി മത്സരിച്ചത്. ഇന്ത്യയുടെ ജിഡിപി അഭിനന്ദനാർഹമായ വളർച്ച രേഖപ്പെടുത്തിയ ഒരു കാലത്തായിരുന്നു ഇത് സംഭവിച്ചത് എന്നത് ഒരു വൈരുദ്ധ്യാത്മക യാഥാര്‍ത്ഥ്യമാണ്.
ഇന്ന് ഭക്ഷ്യസുരക്ഷ അജണ്ടയെ വിപണിക്ക് വിടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യം അതിനെത്തുടർന്ന് സംഭവിക്കാവുന്ന മനുഷ്യ നിർമ്മിത ദുരന്തമാണ് മുൻപ് സൂചിപ്പിച്ച തരം ക്ഷാമങ്ങൾ എന്നതാണ്. കാലം വല്ലാത്ത ഒരു തിരിവിലേക്ക് നീങ്ങുമ്പോൾ, അസ്ഥാനത്ത് വരുന്ന മഴയും, പ്രളയവും, മഞ്ഞും, വരൾച്ചയും, കൊടുങ്കാറ്റും കാർഷിക മേഖലയെ ഒന്നടങ്കം ബാധിക്കുമ്പോൾ, ബുന്ദേൽഖണ്ഡ് കടന്നുപോയ ഭക്ഷ്യക്ഷാമ ദുരിതക്കടൽ ഇന്ത്യയിൽ എവിടെ വേണമെങ്കിലും സംഭവിക്കാവുന്നതേയുള്ളൂ. ഒരു രാജ്യം-ഒരു വിപണി എന്ന നിലയിൽ കാർഷിക-ഗ്രാമീണ വികസന-നികുതിപിരിവ് നയങ്ങളിലൂടെ ഇന്ത്യയെന്ന ബഹുസ്വരതയെ ഇല്ലാതാക്കി ഏകത്വത്തിൽ എത്തിക്കുമ്പോൾ ഏതെങ്കിലും ഒരു കോണിൽ സംഭവിക്കാവുന്ന ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ അല മുഴുവൻ രാജ്യത്തെത്തന്നെ ദുരിതത്തിലാക്കാൻ അധിക സമയമൊന്നും വേണ്ട. പ്രത്യേകിച്ചും ഒരു ശതമാനം ജനം രാജ്യത്തെ മൊത്തം ആസ്തിയുടെ 75 ശതമാനം മാത്രം കൈയാളുമ്പോൾ. കമ്മോഡിറ്റി വിപണിയിൽ നിക്ഷേപം നടത്തിയവർക്ക് ഇത്തരം സാഹചര്യം ചാകരയാണ്. എന്നാൽ വിപണി നിയന്ത്രിതമായ ഒരു വ്യവസ്ഥയിൽ ഇത്തരം സാഹചര്യത്തിൽ ശക്തമായ ഇടപെടൽ നടത്താനുള്ള സംവിധാനം സ്റ്റേറ്റിന് ഉണ്ടാവില്ല. ഓർക്കുക, ബുന്ദേൽഖണ്ഡിൽ ഭക്ഷ്യ ക്ഷാമം ഉണ്ടായപ്പോൾ പൊതുവിതരണ സംവിധാനം പ്രവർത്തിച്ചിരുന്നു, അത്തരം സാഹചര്യം നേരിടാനുള്ള അവശ്യവസ്തു നിയമം പോലെയുള്ള നയപരിരക്ഷകളും നിലവിലുണ്ടായിരുന്നു. എന്നിട്ടുപോലും കുറേപേർക്കെങ്കിലും വയലിറമ്പിലെ പുൽത്തൊടി ശേഖരിക്കേണ്ടി വന്നു വിശപ്പടക്കാൻ.
കോവിഡ് മഹാമാരി കാലത്ത് ഇടി വെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന രീതിയിൽ യാതൊരു പ്ലാനിങ്ങും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾക്കപ്പുറമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കാൽനടയായി പലായനം ചെയ്തത് ഏകദേശം 5 കോടിക്കും 10 കോടിക്കും ഇടക്ക് ജനമാണ്. അന്ന് അതും നോക്കി തങ്ങളുടെ ബാൽക്കണിയിൽ നോക്കുകുത്തികളെപ്പോലെ നിന്ന സർക്കാരാണ് ഇവിടെയുള്ളത്. നാളെ ഇന്ത്യയിൽ എവിടെയെങ്കിലും ബുന്ദേൽഖണ്ഡിന് ഒരാവർത്തനം ഉണ്ടായാൽ ഇത്തരത്തിലുള്ള ഈ സർക്കാർ എന്തെങ്കിലും കാര്യമായ ഇടപെടൽ നടത്തുമെന്ന് എങ്ങനെ പ്രതീക്ഷിക്കും? പ്രത്യേകിച്ചും ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനത്തിലും, സംഭരണത്തിലും, അതിന്‍റെ വിതരണത്തിലും നിന്നും പൂർണമായും സ്റ്റേറ്റ് പിൻവാങ്ങി, വിപണിയുടെ ആധിപത്യത്തിന് വിട്ട് കൊടുത്ത അവസ്ഥയിൽ. നാമമാത്രമായ രീതിയിലായിട്ടെങ്കിലും ഒരു ആവശ്യവസ്തു പരിരക്ഷാ നിയമം 2020 സെപ്റ്റംബർ വരെ നിലവിൽ ഉണ്ടായിരുന്നു. അതിൻപ്രകാരം ഇന്ത്യക്കാരുടെ പ്രധാന ആഹാരമായ ഗോതമ്പും ചില ഭക്ഷ്യവസ്തുക്കളും ഭക്ഷ്യ എണ്ണയും ചില അവശ്യ മരുന്നുകളുമൊക്കെ അവശ്യവസ്തുക്കളായും, അവയുടെ പൂഴ്ത്തി വയ്പ്പും കരിഞ്ചന്തയും നിയമവിരുദ്ധങ്ങളായ കുറ്റകൃത്യങ്ങളായുമാണ് കണ്ടിരുന്നത്. ഒപ്പം ഭക്ഷ്യ വസ്തുക്കളുടെ സംഭരണത്തിലും, അവയുടെ വിതരണത്തിൽ സ്റ്റേറ്റ് ശൃംഖല വഴി ഇടപ്പെട്ടിരുന്നതിനാലും പലപ്പോഴും പൊതു വിപണിയിലെ വലിയ രീതിയിലുള്ള വിലവർദ്ധനകൾ നിയന്ത്രിച്ചുനിർത്താൻ സ്റ്റേറ്റിന് കഴിഞ്ഞിരുന്നു.
മുൻകാല ഭക്ഷ്യവിലവര്‍ദ്ധനകൾ നൽകുന്ന തിരിച്ചറിവുകൾ:
കഴിഞ്ഞ കുറെ വർഷങ്ങളിൽ ഇന്ത്യ ചില ഭക്ഷണ വസ്തുക്കളുടെ അനിയന്ത്രിതമായ വില വർദ്ധന കൊണ്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. അക്കാലങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ പലപ്പോഴും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഉണ്ടായവ സമയോചിതമായിരുന്നില്ല താനും. തീയും പുകയും കെടുമ്പോഴാണ് സ്റ്റേറ്റ് പ്രവർത്തിക്കാൻ തുടങ്ങുന്നത്. ഉദാഹരണത്തിന് സെപ്തംബര്‍-നവംബർ മാസത്തിൽ ഉണ്ടാകുന്ന സവാളവിലയിലെ വർദ്ധനവ്. മഴയെ തുടർന്ന് ഉൽപാദനം കുറയുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഉള്ളി അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ വരുന്ന ഉത്പന്നമല്ല. പൂർണമായും വിപണി നിയന്ത്രിതമാണ്. ഉള്ളിയുടെ വില അനിയന്ത്രിതമായി ജനം പൊറുതി മുട്ടുമ്പോൾ മാത്രമാണ് ഇന്ത്യൻ സ്റ്റേറ്റ് വിപണിയിൽ ഇറങ്ങാൻ ശ്രമിക്കുന്നത്. പതിയെ കയറ്റുമതി നിയന്ത്രിച്ചും ഉള്ളി ഉത്പാദക രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനു വേണ്ട ഓർഡറുകൾ പുറപ്പെടുവിച്ചുമൊക്കെ സർക്കാർ രംഗത്തുവരും. എന്നാൽ അതിനകം തന്നെ ഉള്ളിയുടെ ഉൽപാദനം സാധാരണനിലയിലേക്ക് വർദ്ധിച്ചിട്ടുണ്ടാകും, അതിന്റെ ഫലമായി വിലയും നിയന്ത്രാണാധീനമായിരിക്കും. അതുപോലെ ഓർക്കേണ്ട ഒരു കാര്യമാണ് 2014-15 കാലത്തുണ്ടായ പരിപ്പ്-പയർ വർഗ്ഗങ്ങളുടെ വില വർദ്ധന. ഇവയുടെ വില 200-300 ശതമാനത്തോളമാണ് വർദ്ധിച്ചത്. 45-65 രൂപ വിലയുണ്ടായിരുന്നവ ഒറ്റയടിക്കാണ് 150-നും 200-നും മുകളിലേക്ക് കുതിച്ചത്. കാര്യമായ സ്റ്റേറ്റ് ഇടപെടലുകൾ ആ സമയത്ത് ഉണ്ടായില്ല (കേരളം ഇതിന് അപവാദമായിരുന്നു – സപ്ലൈ കോ വഴി കർഷകരിൽ നിന്ന്‍ നേരിട്ട് ഭക്ഷ്യ വസ്തുക്കൾ വാങ്ങി സപ്ലൈകോ വഴി വില്പന നടത്തി). 2015 പകുതിയോടെ വില കുറഞ്ഞെങ്കിലും അത് പഴയ വിലയുടെ അടുത്തേക്കൊന്നും മടങ്ങിയെത്തിയില്ലെന്നു മാത്രമല്ല പഴയ വിലയുടെ ഇരട്ടിയിലും മുകളിലായി, അതായത് ഏകദേശം 90-150 രൂപ എന്ന നിലയിൽ തുടർന്നു. സമീകൃതാഹാരത്തിൽ പ്രോട്ടീനിന്‍റെ, അതിനുള്ള വഴിയായ പയർ- പരിപ്പുവർഗ്ഗങ്ങളുടെ പ്രാധാന്യം അറിയാവുന്ന സ്റ്റേറ്റ് ഈ വിലവർദ്ധനവിനെ കണ്ടതായി പോലും നടിച്ചിട്ടില്ല. ഒരു കാരണം, ഈ മേഖലയിൽ രണ്ട് പ്രധാന കോര്‍പറേറ്റുകൾ കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നതാണ്. തങ്ങളെ ജയിപ്പിക്കാൻ കൂടെനിന്നവർക്ക്, തങ്ങളുടെ നിലനില്പിനെ ചോദ്യം ചെയ്യാത്ത മാധ്യമ ശൃംഖല നടത്തുന്നവർക്ക്, ഈ സർക്കാർ ജനങ്ങളുടെ ചിലവിൽ നൽകിയ ഉപകാരസ്മരണയാണിത്.
അവശ്യവസ്തു നിയമഭേദഗതി മൂലം അനിയന്ത്രിത വിലക്കയറ്റത്തിന്റെ നിർവചനം തന്നെ മാറി. പഴം – പച്ചക്കറി വർഗങ്ങൾ പോലുള്ള എളുപ്പത്തിൽ കേടാവുന്ന ഭക്ഷ്യവസ്തുക്കളിൽ 12 മാസത്തെ ശരാശരി വിലയുടെ 50 ശതമാനം വില വർദ്ധനയുണ്ടാകുമ്പോഴും, മറ്റു ഭക്ഷ്യവസ്തുക്കളിൽ 100 ശതമാനം വില വർദ്ധന ഉണ്ടാകുമ്പോമ്പോഴും മാത്രമേ സ്റ്റേറ്റിന്‍റെ ഇടപെടൽ ഇനി ഉണ്ടാകൂ. ഈ നിയമ പ്രകാരം ഇന്ന് 35 രൂപക്ക് വാങ്ങുന്ന പാലക്കാടൻ മട്ട അരി ഘട്ടം-ഘട്ടമായി വില വർദ്ധിച്ച് അടുത്ത 18 മാസത്തിനുള്ളിൽ 70-90 രൂപ ആയാൽ അത്ഭുതപ്പെടാനില്ല. പുതിയ നിയമത്തിന്‍റെ പിൻബലത്തിൽ അത് നിയമാനുസൃതമാണ്, സ്റ്റേറ്റിന്റെ ഇടപെടൽ ആവശ്യപ്പെടുന്ന കാര്യവുമല്ല. അത്തരം ഒരു സാഹചര്യത്തിലേക്കാണ് നാം നടന്നടുക്കുന്നത്.
വിലക്കയറ്റവും ഭക്ഷ്യ ഉപഭോഗവും:
ഭക്ഷ്യ സാമഗ്രികളുടെ വിലവർദ്ധന ഉണ്ടായാൽ അവയുടെ ഉപഭോഗം കുറയും. ഇത് സാർവത്രികമായ പ്രതിഭാസമാണ്. നവലിബറൽ നയങ്ങളുടെ കാലത്ത്, പ്രത്യേകിച്ചും 2004-11 വരെ ഗ്രാമീണ മേഖലയിലെ വേതനം വർദ്ധിച്ചിരുന്നു. എന്നാൽ വരുമാനത്തിൽ ഉണ്ടായ ഈ മാറ്റം കലോറി ഉപഭോഗത്തിൽ ഉണ്ടായില്ലെന്നു മാത്രമല്ല, 1993-94 ലെ പ്രതിദിന/ആളോഹരി കലോറി ഉപഭോഗത്തിൽ നിന്നും 2011-12 കാലത്ത് താഴെ പോവുകയാണ് ചെയ്തത്. ഇതിന്‍റെ കൂടെ നേരത്തെ പറഞ്ഞ കഠിനമായ തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ കലോറി ഉപഭോഗവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കലോറി ഉപഭോഗവും കണക്കിലെടുത്താൽ അവ ആവശ്യമായ അളവിലും എത്രയോ താഴെയായിരിക്കുമെന്നത് ലളിതമാണ്. അവർക്ക് ഭക്ഷ്യ സുരക്ഷ നിഷ്കർഷിക്കുന്ന മിനിമം ഉപഭോഗം പോലും ഇല്ല. ഈ കാര്യത്തിൽ കാര്യമായ നഗര-ഗ്രാമ വ്യതിയാനം കാണാനില്ല.
വരുമാനവും ഭക്ഷണച്ചിലവും തമ്മിൽ ബന്ധമുണ്ട്. ഏയ്ഞ്ചൽസ് നിയമം പഠിപ്പിക്കുന്നത് അതാണ്. വരുമാനം കൂടുമ്പോൾ ഭക്ഷണ ചിലവിന്റെ ഓഹരി കുറയും. എന്നാൽ ഇന്ത്യൻ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. സാമ്പത്തികമായി താഴേക്കിടയിലുള്ളവരിൽ വരുമാനം കൂടുമ്പോൾ, ഭക്ഷണച്ചിലവും കൂടുന്നു. പ്രധാന കാരണം, വരുമാനം കൂടുന്നതിന് അനുസരിച്ച് വയറു നിറച്ച് ഭക്ഷണം കഴിക്കാൻ ജനം ശ്രമിക്കുന്നു എന്നതാണ്. ഒരു ശരാശരി ഇന്ത്യൻ കുടുംബം മൊത്തം ചിലവിന്റെ 40 ശതമാനമാണ് ഭക്ഷണത്തിനായി മാറ്റിവയ്ക്കുന്നത്. ഇത് താഴേക്കിടയിലുള്ളവരിൽ എത്തുമ്പോൾ 65 ശതമാനത്തിനും മുകളിൽ ആവുന്ന അവസ്ഥയുണ്ട്. ചെറിയ വിലക്കയറ്റം പോലും അവരെ നന്നായി ബാധിക്കും. അവർ ഭക്ഷണ വസ്തുക്കൾ പൊതുവെ വിപണിയിൽ നിന്നും വാങ്ങുന്നവരാണ്. വിലക്കയറ്റം വന്നാൽ, ഭക്ഷണം അത്യാവശ്യ വസ്തുക്കളിൽ ഒതുങ്ങും, ഒതുക്കും; ധാന്യങ്ങളും ഭക്ഷ്യ എണ്ണയും പിന്നെ സീസണൽ പച്ചക്കറികളിൽ വിലകുറഞ്ഞവയും മാത്രമായി മാറും. പാൽ-മുട്ട, മാംസാഹാരം, പരിപ്പ്-പയർവർഗങ്ങൾ, പഴങ്ങൾ എന്നിവയൊന്നും ഭക്ഷണക്കൂടയിൽ സ്ഥാനമുണ്ടാകില്ല. കാരണം ലളിതമാണ് – അവർക്ക് നിലനില്പിനുള്ള ഭക്ഷണ സാമഗ്രികൾ വാങ്ങാനുള്ള സാമ്പത്തികശേഷിയേ അപ്പോൾ ഉള്ളൂ. വേറൊരു തരത്തിൽ പറഞ്ഞാൽ ഭക്ഷണം കഴിക്കാനാണ് പണിയെടുക്കുന്നത്. ഭക്ഷണച്ചിലവ് കഴിഞ്ഞുള്ള ശുഷ്കമായ ഒരു നീക്കിയിരുപ്പ് മാത്രമേ അവർക്ക് ഉണ്ടാവുകയുള്ളൂ.
ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. കണക്കുകൾ പ്രകാരം മിനിമം അളവ് സമീകൃതമായ ആഹാരം കഴിക്കണമെങ്കിൽ ഒരു അഞ്ചംഗ കുടുംബത്തിന് നഗര പ്രദേശത്ത് ഒരു ദിവസം 330 രൂപ വേണം. പൊതുവിതരണ ശൃംഖല വഴികിട്ടുന്ന ഭക്ഷ്യവസ്തുക്കളുടെ വില കുറച്ചാൽ ഏകദേശം 280 രൂപ മിനിമം ചിലവാക്കിയാൽ മാത്രമാണ് അവർക്ക് പോഷകാഹാരസമൃദ്ധമായ ഭക്ഷണം കഴിക്കാൻ സാധിക്കുക. ഗ്രാമത്തിൽ ഇത് 180-200 രൂപ ആവും. അതായത്, നഗരത്തിൽ മിനിമം 15000 രൂപ പ്രതിമാസവരുമാനം വേണം ഒരു അഞ്ചംഗ കുടുംബത്തിന് പോഷകഗുണമുള്ള ഭക്ഷണം കഴിക്കാൻ. അവരുടെ മറ്റ് ചിലവുകൾകൂടി നോക്കുമ്പോൾ ഒരു 25,000-30,000 രൂപ മാസവരുമാനം വേണം. എത്ര കുടുംബങ്ങൾക്ക് ഇത് സാധ്യമാവും എന്നൊന്ന് ചിന്തിക്കുക.
2011 -12 കാലത്തിന് ശേഷം ഗ്രാമീണമേഖലയിൽ വേതനവർധനവ് ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല, 2016-ലെ നോട്ടുനിരോധനത്തെ തുടർന്ന് ആരംഭിച്ച തൊഴിൽ നഷ്ടം 2017-18 കാലത്ത് 1974-ലേതിന് തുല്യമായി. കോവിഡ് മൂലം ഏകദേശം 10 കോടി തൊഴിൽ ഉറപ്പായിട്ടും ഇല്ലാതായി എന്നാണ് കണക്കുകൾ നിരത്തി വിദഗ്ധര്‍ പറയുന്നത്. അതുകൂടി കണക്കിലെടുത്താൽ, ഈ സാഹചര്യത്തിൽ എന്തായിരിക്കും സാധാരണ കുടുംബങ്ങളിലെ ഭക്ഷണരീതി, എത്ര പേർ അത്താഴം കഴിച്ച് ഉറങ്ങുന്നുണ്ട് എന്നൊക്കെ ആലോചിച്ചാൽ ഒരു വറ്റ് ചോറുപോലും ആരും കളയില്ല.
പോഷകാഹാര കുറവ്, വിശപ്പ്, ഭക്ഷ്യക്ഷാമം:
ആദ്യം പറഞ്ഞത് പോലെ ഇന്ത്യയിൽ 20-30 കോടിയോളം ജനം ദരിദ്രരും അത്താഴപട്ടിണിക്കാരുമാണ്. എന്നാൽ കോവിഡിനെ തുടർന്ന് ഏകദേശം 67 ശതമാനം കുടുംബങ്ങൾക്ക് മിനിമം കലോറി ഭക്ഷണം കഴിക്കാനുള്ള സാമ്പത്തിക അവസ്ഥ ഇല്ലാതായതായി കണക്കാക്കുന്നു. ചുരുക്കത്തിൽ ഏകദേശം 80-90 കോടി ജനം ഇപ്പോൾ അത്താഴ പട്ടിണിക്കാരാണ്. വിശപ്പ് കൂട്ടുന്ന ഒരു പ്രധാന കാരണം സ്കൂളുകളും അംഗൻവാടികളും അടച്ചുപോയതാണ്. സ്കൂളുകളിലെ ഉച്ചഭക്ഷണവും, അംഗൻവാടികളിലെ ഭക്ഷണവും ഒരുപാട് കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. തങ്ങൾക്ക് കിട്ടുന്ന ഭക്ഷണവുമായി വീടുകളിലേക്ക് ഓടുന്ന കുട്ടികളെ കണ്ടിട്ടുണ്ട്, പല ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും. അത് വീട്ടിലുള്ള വൃദ്ധർക്ക് ഒരു ഓഹരി നൽകാനാണ്. ഒപ്പം ഇവിടെ ഓർമ്മിക്കുന്ന ഒന്ന് 2011 കാലത്ത് പി സായ്‌നാഥ് എഴുതിയതാണ് – ആന്ധ്രയിൽ മധ്യവേനലവധിക്കാലത്ത് യാത്ര ചെയ്തപ്പോൾ അദ്ദേഹം കേട്ട ഒരു ചോദ്യം ഇതാണ്, “എന്തിനാണ് മധ്യവേനലിൽ രണ്ട് മാസം അവധി? കൃഷി പണിയില്ലാത്ത, മറ്റു പണികളും കുറഞ്ഞ മാസങ്ങളിൽ സ്കൂൾ ഇല്ലെങ്കിൽ എങ്ങനെ ഞങ്ങൾ കുട്ടികൾക്ക് ഭക്ഷണം കൊടുക്കും.?” അവരുടെ ആവശ്യം പരിമിതമായിരുന്നു – മധ്യവേനൽ അവധി ചുരുക്കണം. മറുവശത്ത്, വേനലവധി ആഘോഷിക്കുന്ന ഒരു മധ്യവർഗ കുടുംബത്തിലെ കുട്ടികളും. ഈ വൈരുദ്ധ്യങ്ങൾ ആണ് ഇന്ത്യ എന്ന രാജ്യം.
ഇന്ത്യയിലെ 38 ശതമാനം കുട്ടികൾ പോഷകാഹാരക്കുറവ് കൊണ്ടുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. പത്തിൽ ഒരു ഇന്ത്യൻ കുട്ടി അതിതീവ്ര പോഷകാഹാരക്കുറവ് (severe acute malnourishment) എന്ന അവസ്ഥയിലാണ്. ആ കുട്ടികളുടെ ബൗദ്ധിക-ശാരീരിക വളർച്ച പ്രശ്നപൂരിതമാണ്. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ പോഷകാഹാരക്കുറവ് 50 ശതമാനത്തിനും മുകളിലാണ്. വിളർച്ചയുടെ കാര്യം എടുത്താൽ 50 ശതമാനത്തിനും മുകളിൽ കുട്ടികളും സ്ത്രീകളും വിളർച്ചരോഗം ബാധിച്ചവരാണ്. അഞ്ച് വയസ്സിന് താഴെ പ്രായത്തിൽ മരിച്ച കുട്ടികളിലെ 65 ശതമാനം പേരും മരിക്കാൻ കാരണം പോഷകാഹാരക്കുറവാണ്. വെല്ലൂർ മെഡിക്കൽ കോളേജിന്റെ പഠനത്തിൽ കണ്ടെത്തിയത് ജപ്പാൻ ജ്വരം വന്ന് കിഴക്കൻ ഉത്തർപ്രദേശിൽ കുട്ടികൾ മരിക്കാൻ കാരണം അവർ യാതൊരു ഭക്ഷണവും കഴിക്കാതെ ലിച്ചി പഴം മാത്രം കഴിച്ച ഉറങ്ങുന്നതിനാലാണെന്നാണ്. വെറും വയറിൽ ലിച്ചി കഴിച്ചാൽ അത് ഉൽപാദിപ്പിക്കുന്ന ഒരു വിഷപദാർത്ഥം മൂലമാണ് അവർക്ക് ജപ്പാൻ ജ്വരം വരുന്നത്. ഈ അസുഖം വരുന്നത് മുഴുവനും പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്കും. ഇത് തടയാൻ ആ പഠനം മുന്നോട്ട് വച്ച നിർദ്ദേശം കുട്ടികൾക്ക് ഭക്ഷണം എത്തിക്കുക എന്നതായിരുന്നു.
അവസാനമായി ഒരു കാര്യം കൂടി ഓർക്കണം – പശുക്കളെ രക്ഷിക്കാനായി നമ്മുടെ സമീകൃതാഹാരത്തെപ്പറ്റിയുള്ള ചർച്ചകളിൽ, പ്രോട്ടീൻ ഉപഭോഗം എന്നത് ഇപ്പോൾ പരിപ്പ് വർഗങ്ങളിൽ ഒതുങ്ങുകയാണ്. മുട്ട-മാംസം എന്നിവ നിർബന്ധിത സസ്യാഹാര പ്രോത്സാഹനം നിമിത്തം തീർത്തും ഇല്ലാതാവുകയാണ്. അത് കാർഷിക മേഖലയിൽ പല രീതിയിലാണ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ പോകുന്നത്. അതിനൊപ്പം ഗോവധ നിരോധന നിയമങ്ങൾ മൂലം പാർശ്വവൽക്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ വലിയൊരു ശതമാനം ജനതയുടെ ചിലവ് കുറഞ്ഞ പ്രോട്ടീൻ സ്രോതസ്സാണ് ഇല്ലാതായത്. മാനുഷികവിഭവശേഷിയായി മുതൽക്കൂട്ടാകേണ്ട ഒരു ജനത അനാരോഗ്യരും, ബൗദ്ധിക-കായിക ശേഷിയില്ലാത്തവരുമായി വലിയൊരു ബാധ്യതയാകുന്ന അവസ്ഥയാണ് ഇത്തരം നിരുത്തരവാദ-പിന്തിരിപ്പൻ നിയമങ്ങൾ മൂലം ഉണ്ടാവുന്നത്.
വിശപ്പിന്റെ സാമ്പത്തിക രാഷ്ട്രീയം:
ഇന്ത്യ ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്‌തത നേടിയെന്ന് അഭിമാനിക്കുമ്പോൾ തന്നെയാണ് വിശപ്പിനാൽ നമ്മുടെ കുട്ടികൾ അടക്കമുള്ളവർ ദുരിതം അനുഭവിക്കുന്നതും. ഉൽപാദനം ഉണ്ടെങ്കിലും, വിതരണം ശരിയായ രീതിയിലല്ല്ല. അതായത്, പ്രഫസർ അമർത്യ സെന്നും ഴോൻ ഡ്രീസും പറഞ്ഞതുപോലെ അഭിവൃദ്ധി കാലത്തെ പട്ടിണിയും ക്ഷാമവും (boom famine) നിറഞ്ഞ ഒരു രാജ്യത്തിന് ഉദാഹരണമാണ് ഇന്ത്യ. തകർച്ചയിലെ ക്ഷാമമെന്ന (slump famine) അവസ്ഥ ചിന്തനീയമാണ്. കാരണം അങ്ങനെ ഒരു അവസ്ഥയിൽ 100 കോടിയിലും മേൽ ജനമായിരിക്കും ഒരു നേരത്തെ ഭക്ഷണത്തിനായി അലയുക.
ഒരു തുറന്ന വിപണി വ്യവസ്ഥയിൽ അത്തരമൊരു അവസ്ഥ അസംഭവ്യം അല്ല. വിപണിയുടെ ലക്ഷ്യം വിശപ്പടക്കുക എന്നതല്ല – തിരഞ്ഞെടുക്കാൻ അവസരം കൊടുക്കുക, തിരഞ്ഞെടുപ്പിൽ മൂല്യവർദ്ധനവ് വരുത്തി പരമാവധി ലാഭം ഉണ്ടാക്കുക എന്നതാണ്. എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുക, അത് സമീകൃതാഹാരം ആണെന്ന് ഉറപ്പാക്കുക എന്നതൊക്കെ വെൽഫെയർ സ്റ്റേറ്റിന്റെ, ക്ഷേമരാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്. വിപണിയുടെയോ വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമല്ല. ഒരു ദേശീയ സുരക്ഷാ പ്രശ്നം പോലെ രൂക്ഷമായിട്ടും പോഷകാഹരക്കുറവിന് അത് അർഹിക്കുന്ന ശ്രദ്ധയും സഹായവും കിട്ടാത്തതിന് കാരണം ഭക്ഷ്യസുരക്ഷ വിപണികേന്ദ്രീകൃതമായി മാറിയതിനാലാണ്.
ഭക്ഷ്യോൽപാദനവും സംഭരണവും വിതരണവും പൂർണ്ണമായും വിപണികേന്ദ്രീകൃതമായാൽ, ഇപ്പോഴുള്ള ചെറിയ കരുതൽ പോലും അപ്രത്യക്ഷമാകും. കുടുംബ ബഡ്ജറ്റുകൾ താറുമാറാകും. ജനത്തിന്റെ ശാരീരികമായ അനാരോഗ്യവും മാനസികവളർച്ചയും ദേശീയ വികസന പ്രതിസന്ധികൾ തന്നെ സൃഷ്ടിക്കും. കൂടാതെ പേൾ എസ് ബക്ക് ‘ഗുഡ് എർത്തി’ൽ പറഞ്ഞതുപോലെ, വിശപ്പ് മനുഷ്യനെ കള്ളനാക്കും. വിശപ്പ് ഒരു രോഗം പോലെ പടർന്നുപിടിച്ചാൽ പിന്നെ തെരുവുകൾ പിടിച്ചുപറിക്കാരുടേതാകും, അത് ഉയർത്തുന്ന ആഭ്യന്തര സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ വേറെ.
നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കണം എന്നതിൽ സംശയമില്ല. എന്നാൽ ആ പരിഷ്കാരങ്ങളുടെ ലക്ഷ്യം ജീവന്റെ നിലനില്പും സമാധാനപൂർണമായ പൊതുജീവിതവും ആയിരിക്കണം. അല്ലാതെ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകരുത്.
ഇപ്പോൾ കേന്ദ്ര സർക്കാർ കൊണ്ടുവന്ന അവശ്യവസ്തു ഭേദഗതി നിയമം ഇന്ത്യയിൽ സാധാരണ ജനത്തിന്‍റെ ഭക്ഷ്യസുരക്ഷയെയാണ് പ്രതിസന്ധിയിലാക്കുന്നത്. വിശപ്പ് അധികരിച്ചാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ തന്നെ നിലനില്പിനെ ചോദ്യം ചെയ്യുന്ന രീതിയിൽ വളരുന്ന ഒരു ‘ഫ്രാങ്കൻസ്റ്റീനാ’യി മാറിയാൽ അത്ഭുതപ്പെടാനില്ല. ദില്ലി അതിർത്തിയിൽ നടക്കുന്ന കർഷക സമരത്തിന് വ്യാപകമായ പൊതുജന പിന്തുണ അത്യന്താപേക്ഷിതമാകുന്നത് ഇതുകൊണ്ടാണ്. ഭക്ഷ്യക്ഷാമത്തിന് ഒറ്റ രാഷ്ട്രീയമേ ഉള്ളു – അത് വിശപ്പാണ്. അതിന് ഒരു മരുന്നേയുള്ളു – ഭക്ഷണം. അതിന് ഒരു ഉത്തരവാദിയേയുള്ളൂ – സ്റ്റേറ്റ്. ഭരണാധികാരികളും കോടതികളും ഇതൊന്ന് ഓർത്തിരുന്നെങ്കിൽ നന്നായിരുന്നു.
Be the first to write a comment.