‘ദേശീയ ജനസഭ ഒരു ബൂര്‍ഷ്വ നാടകമാവുമ്പോള്‍ എല്ലാ ബൂര്‍ഷ്വ നാടകശാലകളെയും ദേശീയ ജനസഭകളാക്കി മാറ്റണം’:
‘ബ്രാന്‍ഡഡ്’ ദേശവും, കര്‍ഷകരും
1968-ലെ ഫ്രാന്‍സിലെ വിദ്യാര്‍ത്ഥി കലാപവേളയില്‍ പാരീസിലെ ഒഡിയോണ്‍ തീയറ്ററിനു മുമ്പിലെ ചുവരെഴുത്തുകളില്‍ ഒരെണ്ണം ഇതായിരുന്നു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിലെ സുപ്രീം കോടതി വിധി ഈ ചുവരെഴുത്തിനെ ഓര്‍മിപ്പിക്കുന്നു. ജനസഭക്കു പകരം കോടതിയെന്നു മാറ്റിയെഴുതിയാല്‍ മതിയാവും. സുപ്രീം കോടതി വിധി നാടകത്തിലെ ഒന്നാമങ്കം ആയിരുന്നുവെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സി രണ്ടാം അങ്കത്തിനു തുടക്കം കുറിച്ചു. കര്‍ഷക സമരത്തെ പിന്തുണക്കുന്ന ‘ലോക് ഭലായി ഇന്‍സാഫ് സൊസൈറ്റി’ എന്ന സംഘടനയുടെ നേതാവായ ബല്‍ദേവ് സിംഗ് സിസ്ര-ക്കും മറ്റു 40 പേര്‍ക്കും ദേശദ്രോഹവുമായി ബന്ധപ്പെട്ട കേസ്സില്‍ എന്‍ഐഎ-യുടെ മുന്നില്‍ ഹാജരാവുന്നതിന് വെള്ളിയാഴ്ച നോട്ടീസ് നല്‍കി. അമേരിക്കയില്‍ ആസ്ഥാനമുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്എസ്) എന്ന ഖാലിസ്ഥാന്‍ അനുകൂല സംഘടനയുമായി ബന്ധപ്പെട്ട കേസ്സിലാണ് 17-ാം തീയതി ദല്‍ഹിയിലെ എന്‍ഐഎ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാവാന്‍ സിസ്രക്കു നോട്ടീസ് ലഭിച്ചത്. സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനകളുടെ പ്രതിനിധികളില്‍ ഒരാളായ സിസ്രയുടെ അഭിപ്രായത്തില്‍, സമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് എന്‍ഐഎ ഇടപെടല്‍ എന്നാണ്. ‘ജനുവരി 26-ലെ ട്രാക്ടര്‍ പരേഡിനെ സര്‍ക്കാര്‍ വല്ലാതെ ഭയപ്പെടുന്നു. അതിനെ തകര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടികള്‍’ സിസ്ര അഭിപ്രായപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ബഹുജന മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ഇതിനകം ഒരു നാഴികക്കല്ലായി മാറിയ കര്‍ഷക പ്രക്ഷോഭത്തെ നിര്‍വീര്യമാക്കുന്നതിനും, പരാജയപ്പെടുത്തുന്നതിനും വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനം പുതിയൊരു ഘട്ടത്തില്‍ എത്തിയതിന്റെ വ്യക്തമായ സൂചനകളാണ് സൂപ്രീം കോടതി വിധിയും, എന്‍ഐഎ നോട്ടീസും. കര്‍ഷക സമരം കൈവരിച്ച ദേശ വ്യാപകമായ ശ്രദ്ധയും, പിന്തുണയും രാഷ്ട്രീയതലത്തില്‍ ബദല്‍ഭാവനകളുടെ പ്രയോഗമായി വളര്‍ച്ച പ്രാപിക്കുന്നതിനുള്ള സാധ്യതകളെ ഏതു വിധത്തിലും തടയുന്നതിനുള്ള അടവുകളും, തന്ത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം അതാവശ്യപ്പെടുന്നു. ആഗോളതലത്തില്‍ തന്നെ തഴച്ചു വളരുന്ന നവ-ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് മോഡിയും, സംഘപരിവാരവും. നവ-ലിബറല്‍ ക്രമം ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധിയാണ് പല രൂപഭാവങ്ങളിലുള്ള നിയോ-ഫാസിസ്റ്റു രാഷ്ട്രീയ ശക്തികളുടെ ഉയര്‍ച്ചയുടെ പ്രധാനകാരണം. ക്ലാസിക്കല്‍ ഫാസിസത്തിന്റെ മുദ്രണങ്ങളായ തീവ്ര ദേശീയത, വംശശുദ്ധി, തെരഞ്ഞു പിടിച്ച ശത്രു നിര്‍മ്മിതി, സൈനികവല്‍ക്കരണം, സാംസ്‌ക്കാരിക വിശുദ്ധി തുടങ്ങിയ ഹീനതകളോടൊപ്പം രോഗാതുരമായ മതപരതയും അതിന്റെ സവിശേഷതയാണ്. സാംസ്‌ക്കാരികമായ അപഭ്രംശങ്ങള്‍ എന്ന നിലയില്‍ മാത്രമായി ഇവയെ കാണാനാവില്ല. സമൂഹത്തിന്റെ വിഭവ ശ്രോതസ്സുകള്‍ മുഴുവന്‍ സമ്പന്നരും, അതിസമ്പന്നരുമായ ഒരു ന്യൂനപക്ഷത്തിന്റെ കൈകളില്‍ മാത്രമായി നിരന്തരം കേന്ദ്രീകരിക്കുന്ന ചൂഷണത്തിന്റെ കാലഘട്ടത്തെയാണ് നവ-ലിബറലിസം എന്നു വിശേഷിപ്പിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം പ്രാബല്യത്തില്‍ വന്ന ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങളുടെ ഭാഗമായി നാമമാത്രമായ നിലയിലെങ്കിലും നടന്ന സമ്പത്തിന്റെ പുനര്‍വിതരണമെന്ന ആശയത്തെ പൂര്‍ണ്ണമായും പിന്തള്ളുന്ന രാഷ്ട്രീയ-സാമ്പത്തിക നയങ്ങളാണ് നവ-ലിബറല്‍ നയങ്ങളുടെ അന്തസത്ത. 1970-കളുടെ അവസാനം മുതല്‍ വ്യാപകമായി നടപ്പിലാക്കപ്പെട്ട ഈ നയങ്ങളുടെ ഫലമായി സമ്പത്തിന്റെ പുനര്‍വിതരണം സമ്പന്നരിലും, അതിസമ്പന്നരിലും മാത്രമായി കേന്ദ്രീകരിക്കുന്ന സംവിധാനം സ്ഥിരപ്രതിഷ്ഠ നേടി. തെരഞ്ഞെടുക്കപ്പെട്ടതും, അല്ലാത്തവയുമായ സര്‍ക്കാരുകളുടെ ദൗത്യം ഈയൊരു സംവിധാനത്തിന്റെ കാര്യക്ഷമമായ സംരക്ഷണവും, പരിരക്ഷയും മാത്രമായി. ലോക ജനസംഖ്യയുടെ 90 ശതമാനവും സമ്പത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന നവലിബറല്‍ സംവിധാനം പ്രതിസന്ധിയുടെ ഘട്ടങ്ങളിലെല്ലാം പൊതു ഖജനാവിലെ പണം ഉപയോഗപ്പെടുത്തി കരകയറി. അതിസമ്പന്നര്‍ക്കായുള്ള സോഷ്യലിസവും, ബഹുഭൂരിപക്ഷത്തിന്റെ പാപ്പരീകരണവും എന്ന പേരില്‍ അറിയപ്പെടുന്ന ഈയൊരു പ്രക്രിയയുടെ ആഴവും വ്യാപ്തിയും വെളിവാക്കുന്നതായിരുന്നു 2007-08 ലെ സാമ്പത്തിക തകര്‍ച്ചയും വന്‍ മാന്ദ്യവും. നവലിബറലിസത്തിന്റെ മുഖമുദ്രയായ സമ്പത്തിന്റെ കേന്ദ്രീകരണത്തില്‍ അന്തര്‍ലീനമായ അസഹനീയമായ അസമത്വം സൃഷ്ടിക്കുന്ന വിദ്വേഷവും, അസംതൃപ്തിയും ലോകമെമ്പാടും വൈവിധ്യങ്ങളായ രാഷ്ട്രീയ ഉണര്‍വുകള്‍ക്കും, ചെറുത്തു നില്‍പ്പുകള്‍ക്കും കളമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ നീതിയുക്തവും, പുരോഗമനപരുവമായ സാമൂഹിക ക്രമത്തിനു വേണ്ടിയുള്ള ഇത്തരം മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്നതിനും, വഴിതെറ്റിക്കുന്നതിനുമുള്ള ഊര്‍ജ്ജദായനികളായി ഭരണവര്‍ഗങ്ങളുടെ അനുഗ്രഹത്തോടെ വളര്‍ച്ച നേടുന്നവരാണ് നിയോ-ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കള്‍. ഇന്ത്യയും അതില്‍ നിന്നും ഭിന്നമല്ല. ക്ലാസ്സിക്കല്‍ ഫാസിസത്തിന്റെ കാലഘട്ടത്തോളം പഴക്കമുണ്ടെങ്കിലും, സംഘപരിവാരവും, മോഡിയും നിര്‍വഹിക്കുന്ന ദൗത്യം പഴയതിനെ അതുപോലെ ആവര്‍ത്തിക്കുകയല്ല. ഇന്ത്യയെ പോലെ വളരെ വിശാലമായ ഭൂപ്രദേശത്ത് പല അടരുകളിലായി പടര്‍ന്നു കിടക്കുന്ന സമ്പത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ-സാംസ്‌ക്കാരികമായ പുനസംഘാടനവും, ക്രമീകരണവും വിദേശ-സ്വദേശി മൂലധനത്തിന്റെ ഉത്തമ താല്‍പര്യാനുസരണം ഉറപ്പിക്കാനും സംരക്ഷിക്കാനുമുള്ള ദൗത്യമാണ് സംഘപരിവാരിലും, മോഡിയിലും നിക്ഷിപ്തമായിട്ടുള്ളത്. നിയോ-കൊളോണിയല്‍ ആശ്രിതത്വം എന്നു ചില സാമൂഹിക ശാസ്ത്രജ്ഞര്‍ വളരെ കാലത്തിനു മുമ്പു തന്നെ തിരിച്ചറിഞ്ഞ ഈ പ്രക്രിയ നൂതനമായ രൂപഭാവങ്ങളില്‍ പുനക്രമീകരിക്കുന്നതായും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.1
ബ്രാന്‍ഡഡ് ദേശീയത:
കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കഴിഞ്ഞ നൂറ്റാണ്ടില്‍ ഉരുത്തിരിഞ്ഞ ദേശനിര്‍മിതിയെന്ന (നേഷന്‍ ബില്‍ഡിംഗ്) സങ്കല്‍പ്പം പുതിയ നൂറ്റാണ്ടില്‍ ദേശ ബ്രാന്‍ഡിംഗ് (നേഷന്‍ ബ്രാന്‍ഡിംഗ്) ആയി രൂപാന്തരം പ്രാപിക്കുന്നുവെന്ന രവീന്ദര്‍ കൗറിന്റെ2 കണ്ടെത്തല്‍ പുനക്രമീകരണത്തിന്റെ പുതിയ ഭാവങ്ങളെ മനസ്സിലാക്കുവാന്‍ സഹായകമാണ്. ഈയൊരു പരിണാമത്തെ സ്വാംശീകരിക്കുന്നതിലും, അതിന്റെ ചിഹ്നവിജ്ഞാനീയത്തിന്റെ മൂര്‍ത്തികളായി സ്വയം അവരോധിക്കുന്നതിലും രാഷ്ട്രീയ ഹൈന്ദവികതയും, മോഡിയും എങ്ങനെ വിജയം കൈവരിച്ചുവെന്നു മനസ്സിലാക്കുവാന്‍ കോപന്‍ഹേഗന്‍ സര്‍വകലാശലയിലെ പ്രൊഫസറായ കൗറിന്റെ ‘ബ്രാന്‍ഡ് ന്യൂ നേഷന്‍’ എന്ന കൃതി ഉപകരിക്കും. രാഷ്ട്രീയ ഹൈന്ദവികതയും, ആഗോള മൂലധനവും, നവ-ലിബറല്‍ ക്രമവും ‘ദാവോസില്‍’ ഒരേ ബിന്ദുവില്‍ സംഗമിക്കുന്ന പ്രക്രിയ രൂപപ്പെടുന്നതിനെക്കുറിച്ചുള്ള നൂതനമായ ഉള്‍ക്കാഴ്ചകള്‍ സ്വരൂപിക്കുവാന്‍ ഈ കൃതിയിലെ വിവരണങ്ങള്‍ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കര്‍ഷക സമരവുമായി ഈയൊരു പരിവര്‍ത്തനത്തിന് എന്താണ് ബന്ധമെന്ന സംശയം സ്വാഭാവികമായും ഉയരും. ബ്രാന്‍ഡിന്റെ ജന്മദൗത്യം അത് ലക്ഷ്യമാക്കുന്ന ഉപഭോക്താവിന്റെ താല്‍പര്യങ്ങളെ പരമാവധി സേവിക്കുകയാണ്. രാജ്യമായാലും, ഉല്‍പന്നമായാലും അതില്‍ മാറ്റമില്ല. ഇന്ത്യയെന്ന ദേശ ബ്രാന്‍ഡിനെ മുന്നോട്ടു വയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ആഗോള മൂലധനമാണ് ലക്ഷ്യം. എന്തു വിലകൊടുത്തും ആഗോള മൂലധനത്തെ ആകര്‍ഷിക്കാനുള്ള ബ്രാന്‍ഡിംഗിന്റെ ചിഹ്നവ്യവസ്ഥയില്‍ ദേശനിര്‍മിതിയുടെ പഴയ സങ്കല്‍പ്പം എടുക്കാച്ചരക്കാണ്. ദേശ നിര്‍മ്മിതിയുടെ പഴയ ആടയാഭരണങ്ങള്‍ കാലഹരണപ്പെടുന്നതോടെ ‘ദേശ ബ്രാന്‍ഡിനായുള്ള’ പുതിയ പദാവലികളും, പ്രതീകങ്ങളും അനിവാര്യമാകുന്നു. അമര്‍ചിത്ര കഥകളും, രാമായണ-മഹാഭാരത പരമ്പരകളും നിരന്തരം പുനസൃഷ്ടിച്ച കലണ്ടര്‍ ഐക്കണോഗ്രഫിയുടെ പൗരാണികതയും, സാങ്കേതിക വിദ്യയുടെ ഉല്‍പന്നങ്ങളായ കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും മറ്റനേകം ഉപകരണങ്ങളും ചേര്‍ത്തു വിളക്കിയെടുത്ത സങ്കരയിനം കൂട്ടുകെട്ടിലാണ് ബ്രാന്‍ഡ് ദേശം അതിന്റെ ഹിംസാത്മകമായ ചിഹ്ന വ്യവസ്ഥയുടെ രൂപീകരണം നടത്തിയിട്ടുള്ളത്. ബ്രാന്‍ഡിന്റെ മൂല്യത്തെ അലോസരപ്പെടുത്തുന്ന സാന്നിദ്ധ്യങ്ങളായ ദളിതരും, മുസ്ലീമുകളും, ആദിവാസികളും, തൊഴില്‍ രഹിതരും, കര്‍ഷകരും, ബദല്‍ രാഷ്ട്രീയ ഭാവനകളുമെല്ലാം ഈ സങ്കരയിനം കൂട്ടുകെട്ടിന്റെ ചിഹ്നവ്യവസ്ഥയില്‍ നിന്നും പുറത്താവുന്നു. ലോകത്തിലെ അതിസമ്പന്നരുടെ ഉച്ചകോടിയായ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിന്റെ വേദികളിലാണ് ബ്രാന്‍ഡ് ദേശത്തിന്റെ ചിഹ്നങ്ങള്‍ അവയുടെ മുഴുവന്‍ വിധേയത്വത്തോടെയും പ്രത്യക്ഷമാവുകയെന്ന് കൗറിന്റെ പുസ്തകം വെളിപ്പെടുത്തുന്നു. ഇന്ത്യ മാത്രമല്ല ലോകത്തിലെ മിക്ക രാജ്യങ്ങളും ദാവോസില്‍ ദേശ ബ്രാന്‍ഡായി സ്വയം പ്രദര്‍ശിപ്പിക്കുന്നു. ആഗോള മൂലധനത്തിന് യഥേഷ്ടം വിഹരിക്കാനുള്ള ഏറ്റവും മുന്തിയ ദേശം എന്നാണ് ഒരോ ബ്രാന്‍ഡഡ് രാജ്യങ്ങളുടെയും ആപ്തവാക്യം.
കാരഗൃഹ ഭരണകൂടം:
നിയോലിബറല്‍ വ്യവസ്ഥക്ക് അനുയോജ്യമായ നിലയില്‍ ഭരണകൂട സംവിധാനങ്ങള്‍ രൂപാന്തരം പ്രാപിച്ച പ്രക്രിയയില്‍ ചില വസ്തുതകള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ധനവിപണിയുടെ മേലുള്ള ഭരണകൂട നിയന്ത്രണങ്ങള്‍ ക്രമേണ ഇല്ലാതായതിനു സമാന്തരമായി പോലീസടക്കമുള്ള അടിച്ചമര്‍ത്തല്‍ സംവിധാനങ്ങളുടെ അധികാരത്തില്‍ സംഭവിച്ച ശാക്തീകരണമാണ് ശ്രദ്ധേയമായ വസ്തുത. ധനവിപണിയുടെ പ്രവര്‍ത്തന മേഖലകളിലെ നിയന്ത്രണങ്ങള്‍, നികുതി, ആഗോള വിനിമയം തുടങ്ങിയ കാര്യങ്ങളെല്ലാം ഉദാരമായപ്പോള്‍ പോലീസും, രഹസ്യാന്വേഷണ സംവിധാനങ്ങളുമായി ബന്ധപ്പെട്ടവയെല്ലാം കൂടുതല്‍ ശക്തവും, വ്യാപകവുമായി. ഭരണകൂടത്തിന്റെ സ്വഭാവത്തില്‍ വന്ന ഈ മാറ്റത്തെ കാര്‍സറല്‍ സ്റ്റേറ്റ് അഥവാ കാരാഗൃഹ ഭരണകൂടം എന്നു വിശേഷിപ്പിക്കുന്നവര്‍ നിരവധിയാണ്. ഭരണകൂടത്തിന്റെ ഈ ചുവടുമാറ്റം നിയോ-ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ആഗമനം പെട്ടെന്നുണ്ടായ വ്യതിയാനമല്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ആഗോളതലത്തില്‍ മുതലാളിത്ത അധീശത്വത്തിന്റെയും, ചൂഷണത്തിന്റെയും തലങ്ങളില്‍ സംഭവിച്ച, സംഭവിക്കുന്ന പുനക്രമീകരണങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട പ്രക്രിയയുടെ ഇന്ത്യയിലെ ജനങ്ങളാകെ നേരിടുന്ന നിയോ-ഫാസിസ്റ്റു ഭീഷണിയെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് കര്‍ഷക സമരത്തിന്റെ രാഷ്ട്രീയ പ്രസക്തി വിലയിരുത്താനാവുക. കര്‍ഷക സമരം നേരിടുന്ന ഭരണകൂട ഭീഷണികളെ ഈ ചരിത്ര പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോഴാണ് കര്‍ഷക ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ ഉയര്‍ത്തുന്ന സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ ബദല്‍ രാഷ്ട്രീയ ഭാവനകളുടെയും, ആവിഷ്‌ക്കാരങ്ങളുടെയും വേദിയായി മാറുക. ഭരണകൂടം ഏറ്റവുമധികം ഭയപ്പെടുന്നതും മാറ്റത്തിനായുള്ള ബദല്‍ ഭാവനകളുടെ സാധ്യതകളാണ്. ഇന്ത്യയിലെ കാര്‍ഷിക മേഖല ഒരു പരിവര്‍ത്ത ഘട്ടത്തിലാണെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കും. നാടുവാഴിത്ത ബന്ധങ്ങളുടെ ശേഷിപ്പുകള്‍, വിപണിയധിഷ്ഠിത കൃഷി, ഹരിത വിപ്ലവത്തിന്റെ തിക്തഫലങ്ങള്‍, കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധി തുടങ്ങിയ നിരവധി വിഷയങ്ങള്‍ നേരിടുന്ന മേഖലയാണ് കാര്‍ഷിക രംഗം. ആഗോള തലത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ചും ഭക്ഷ്യധാന്യങ്ങളുടെ വിപണനം, നിയന്ത്രിക്കുന്ന ഭീമന്‍ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ നിലയില്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയെ പുനസംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ മൂന്നു ദശകങ്ങളായി സജീവമായി നടക്കുന്നു. പ്രത്യക്ഷത്തിലുള്ള നവലിബറല്‍ നയങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കമിട്ട 1991-മുതല്‍ ഈയൊരു പരിശ്രമം ആരംഭിച്ചിട്ടുണ്ട്. നവലിബറല്‍ നയങ്ങള്‍ക്ക് തുടക്കമിട്ട 1991-ല്‍ ലോക ബാങ്ക് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച രേഖ കാര്‍ഷിക മേഖലയിലെ മാറ്റങ്ങളെ സംബന്ധിച്ച് വിശദമായ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.3 91-ല്‍ ലോക ബാങ്ക് സമര്‍പ്പിച്ച രേഖയിലെ ശുപാര്‍ശകളാണ് ഇപ്പോള്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങളുടെ ഉള്ളടക്കം. ലോക ബാങ്കിന്റെ ശുപാര്‍ശകള്‍ താഴെ പറയുന്നവ ആയിരുന്നു:
1: കാര്‍ഷിക മേഖലയിലെ സബ്‌സിഡികള്‍ നിര്‍ത്തലാക്കുക. വെള്ളം, വളം, വൈദ്യുതി തുടങ്ങിയ എല്ലാ സബ്‌സിഡികളും നിര്‍ത്തലാക്കുക.
2: കാര്‍ഷിക മേഖലക്ക് ബാങ്ക് വായ്പകള്‍ ലഭിക്കുന്നതിനുള്ള മുന്‍ഗണന ഇല്ലാതാക്കുക
3: കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും, കയറ്റുമതിയും അനുവദിക്കുക
4: വിത്തുല്‍പ്പാദനം, ഗവേഷണം, വിപണനം എന്നിവക്കായി സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക
5: പൊതു വിതരണ സമ്പ്രദായത്തിനു വേണ്ടി നേരിട്ടു സംഭരണം നടത്തുന്ന രീതി എഫ്‌സിഐ പരമാവധി കുറയ്ക്കുകയും പകരം അതിന്റെ ചുമതല സബ് കോണ്‍ട്രാക്ടര്‍മാരെ ഏല്‍പ്പിക്കുക
6: പൊതു വിതരണത്തിനുള്ള കരുതല്‍ ശേഖരം പരമാവധി കുറയ്ക്കുക, ആവശ്യമെങ്കില്‍ വിദേശവിപണികളില്‍ നിന്നും നേരിട്ടു വാങ്ങുക
7: താങ്ങു വിലയും, സംഭരണവും തമ്മിലുള്ള ബന്ധം അവസാനപ്പിക്കുക
8: ഭക്ഷ്യ സബ്‌സിഡി ഔദ്യോഗിക ദരിദ്ര നിര്‍വചനത്തില്‍ ഉല്‍പ്പെടുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക.
ലോക ബാങ്ക് നല്‍കിയ ശുപാര്‍ശകള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ 91-മുതലുള്ള സര്‍ക്കാരുകള്‍ ഒളിഞ്ഞും തെളിഞ്ഞും ബദ്ധശ്രദ്ധരായിരുന്നു. ഇതുവരെ നടപ്പിലാക്കിയ ശുപാര്‍ശകള്‍ താഴെ പറയുന്നവയാണ്.
1: ഫോസ്ഫറസും, പൊട്ടാസ്യവും ചേര്‍ന്ന വളത്തിന്റെ സബ്‌സിഡികല്‍ വെട്ടിക്കുറയ്ക്കുകയും അവയുടെ വിലനിയന്ത്രണം നിര്‍ത്തലാക്കുകയും ചെയ്തു. ഇതോടെ ഈ വളങ്ങളുടെ ഉപഭോഗത്തില്‍ ഗണ്യമായ ഇടിവു സംഭവിക്കുകയും അത് മണ്ണിന്റെ ഫലഭൂയിഷ്ഠതയെ ദോഷകരമായി ബാധിക്കുകയും ചെയ്തു.
2: കാര്‍ഷിക മേഖലയ്ക്കുളള ബാങ്ക് വായ്പയില്‍ ഗണ്യമായ ഇടിവുണ്ടായതിനെ തുടര്‍ന്ന് കര്‍ഷകര്‍ സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കുന്ന സ്ഥിതി വന്നു. കര്‍ഷകരുടെ കടബാധ്യത രൂക്ഷമാക്കിയ ഈ തീരുമാനമാണ് കഴിഞ്ഞ 30-കൊല്ലത്തിനുള്ളില്‍ മൂന്നു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്യാനിടയായ കാരണം.
3: കൃഷി പരിപാലനമടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ലഭ്യമായിരുന്നു സേവനങ്ങള്‍ പലതും 1990-കള്‍ മുതല്‍ ഏതാണ്ട് ഇല്ലാതായി
4: കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിധി ഇല്ലാതായി. ഭക്ഷ്യ എണ്ണയുടെ കാര്യത്തിലാണ് ഇതിന്റെ പ്രതിഫലനം ഏറ്റവും കൂടതല്‍ പ്രകടമായത്. ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര ഉപഭോഗത്തിന്റെ 50 ശതമാനം ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. മറ്റു പല ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഇറക്കുമതിയുടെ തോത് ഉയരുകയാണ്.
5: വിത്തുകളുടെ കാര്യത്തില്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന പൊതു മേഖല സ്ഥാപനങ്ങള്‍ ഏതാണ്ട് അപ്രത്യക്ഷമായി.
മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലം ഇതാണ്. ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ നിര്‍ണ്ണായകമായ ഒരു പരിവര്‍ത്തനഘട്ടം 1960-കളിലെ ഹരിത വിപ്ലവമായിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്ത നേടുന്നതില്‍ ഊന്നിയ ഈയൊരു പദ്ധതി ലക്ഷ്യപ്രാപ്തിയില്‍ എത്തിയെങ്കിലും ഭൂപരിഷ്‌ക്കരണം പോലുള്ള കാര്‍ഷിക മേഖലയിലെ ഘടനാപരമായ പ്രശ്‌നങ്ങള്‍ ഒരിക്കലും അതിന്റെ പരിഗണന വിഷയമായിരുന്നില്ല. കാര്‍ഷിക മേഖലയില്‍ നിലനിന്നിരുന്ന ഘടനപരമായ വൈരുദ്ധ്യങ്ങള്‍ക്കൊപ്പം പ്രാദേശികമായ അസന്തുലിതത്വം രൂക്ഷമാക്കുന്ന പ്രവണതക്കും ഹരിത വിപ്ലവം ഇടവരുത്തി. കാര്‍ഷികോല്‍പ്പാദന ചെലവ് ഗണ്യമായി ഉയരുകയും, ആനുപാതികമായി ഉല്‍പ്പന്ന വില വര്‍ദ്ധിക്കാതെ ഇരിക്കുകയും ചെയ്യുന്നതായിരുന്നു ഹരിത വിപ്ലവം സൃഷ്ടിച്ച മുഖ്യ പ്രശ്‌നം. 1980-കളോടെ പുതിയ രൂപത്തിലുള്ള കര്‍ഷക സംഘടനകള്‍ ഹരിത വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വന്നതിന്റെ പശ്ചാത്തലം ഇതായിരുന്നു. ഈ പുതിയ കര്‍ഷക സംഘടനകളില്‍ ഒരു വിഭാഗം, പ്രത്യേകിച്ചും ഏറ്റവും സമ്പന്ന വിഭാഗവും, അന്തര്‍ദേശീയ വിപണിയില്‍ ആവശ്യമുള്ള നാണ്യവിള കര്‍ഷകരും, കാര്‍ഷിക മേഖലയില്‍ മൂലധനത്തിന്റെ സ്വൈരവിഹാരം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിന്റെ നടത്തിപ്പുകാരും, അവരുടെ പിണിയാളുകളും, ഉദ്യോഗസ്ഥ മേധാവിത്തവും ചേര്‍ന്ന വലിയ സാമ്പത്തിക ക്രമക്കേടുകളും, അഴിമതിയും, കാര്യക്ഷമത ഇല്ലായ്മയും സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്‍ നിന്നും മുക്തമായ വിപണിയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് സ്വീകാര്യതയുണ്ടാക്കി. മഹാരാഷ്ട്രയിലെ ഷേത്കാരി സംഘടന-യുടെ
സ്ഥാപക നേതാവായിരുന്ന ശരദ് ജോഷി ഈയൊരു പ്രവണതയുടെ ഉദാഹരണമാണ്. കര്‍ഷകരില്‍ വളരെ ന്യുനപക്ഷം വരുന്ന ഈ വിഭാഗത്തില്‍ നിന്നുള്ളവരിലെ നല്ലൊരു ശതമാനം ഇപ്പോള്‍ അത്തരം സമീപനങ്ങളെ പിന്തുണക്കുന്നില്ല. 91-നു ശേഷമുള്ള നയങ്ങളുടെ ഭാഗമായി വിപണി ഭാഗികമായി തുറന്നതോടെ വിദേശ ഉല്‍പന്നങ്ങളുടെ കുത്തൊഴുക്കു മാത്രമല്ല ബഹുരാഷ്ട്ര കമ്പനികള്‍ വിപണിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ വ്യക്തമായ അനുഭവങ്ങള്‍ ലഭ്യമായതോടെയാണ് സമ്പന്ന കര്‍ഷകര്‍ പോലും അവരുടെ മുന്‍നിലപാടുകള്‍ ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷം ഉടലെടുത്തത്. കര്‍ഷകരുടെ ഭാഗത്തുനിന്നും പിന്തുണ ലഭിക്കില്ലെന്നു മാത്രമല്ല എതിര്‍പ്പുണ്ടാവുമെന്ന ബോധ്യത്തോടു കൂടിയാണ് സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പാസ്സാക്കിയിട്ടുള്ളത്. കോവിഡ് സൃഷ്ടിച്ച സവിശേഷ സാഹചര്യം ഭരണകൂടം അതിന്റെ സര്‍വാധിപത്യം ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതിന്റെ സാധ്യതയെ പറ്റി ഇറ്റാലിയന്‍ ചിന്തകനായ ഗ്യോര്‍ജി അഗംബന്‍ നല്‍കിയ മുന്നറിയപ്പ് ഇന്ത്യയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പില്‍ വന്നതിന്റെ ഉദാഹരണങ്ങളാണ് കാര്‍ഷിക നിയമങ്ങളും തൊഴില്‍ സംരക്ഷണ നിയമങ്ങളില്‍ വരുത്തിയ ഭേദതികളും. കാര്‍ഷിക മേഖലയെ വിദേശിയും, സ്വദേശിയുമായ കുത്തക മൂലധനത്തിന് തീറെഴുതാനുള്ള സര്‍ക്കാരിന്റെ തീരുമാനം അതിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ദല്ലാള്‍ സ്വഭാവം വെളിപ്പെടുത്തുന്നു. ഹിംസാത്മകമായ ദേശീയതയുടെ പേരില്‍ ജനസംഖ്യയിലെ 15-ശതമാനത്തിലധികം വരുന്ന മുസ്ലീം ജനവിഭാഗത്തെ ശത്രുവായി നിരന്തരം മുദ്ര കുത്തുന്ന കൂട്ടരാണ് കോര്‍പറേറ്റു മൂലധനത്തിന്റെ വിനീത വിധേയരായ ദല്ലാളുകളായി ഇന്ത്യന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്ന വര്‍ഗം. ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടനയെക്കുറിച്ചും, ഭക്ഷ്യ സുരക്ഷയെക്കുറിച്ചും ഗഹനമായ പഠനങ്ങള്‍ നടത്തുന്ന വിഖ്യാത സാമൂഹിക ശാസ്ത്രജ്ഞയായ ഉത്സാ പട്‌നായിക്കിന്റെ4 അഭിപ്രായത്തില്‍ കാര്‍ഷിക മേഖലയുടെ പുനസംഘാടനത്തിനായി ദശകങ്ങളായി ഇന്ത്യയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമാണ്. അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് പ്രധാനമായും സമ്മര്‍ദ്ദത്തിന്റെ പിന്നില്‍. ഭൂപ്രകൃതി പ്രകാരം ഉഷ്ണ-മിതോഷ്ണ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുന്ന കാര്‍ഷിക വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ഈ രാജ്യങ്ങള്‍ക്കു കഴിയില്ല. അതേ സമയം അവരുടെ ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമുള്ളതിന്റെ പതിന്മടങ്ങ് ധാന്യങ്ങളും, പാല്‍ ഉല്‍പ്പന്നങ്ങളും ഈ രാജ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. അവര്‍ക്ക് അത് വിറ്റഴിക്കണം. അതിന് അവര്‍ കണ്ടെത്തിയ മാര്‍ഗം ഉഷ്ണ-മിതോഷ്ണ മേഖലകളിലെ രാജ്യങ്ങളെ ധാന്യങ്ങളുടെ കൃഷിയില്‍ നിന്നും പിന്തിരിപ്പിക്കുക. പകരം മറ്റുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൃഷി ചെയ്യുവാന്‍ പ്രേരിപ്പിക്കുക. തങ്ങളുടെ പക്കല്‍ ആവശ്യത്തില്‍ കൂടുതല്‍ മിച്ചമുള്ള ധാന്യങ്ങള്‍ യഥേഷ്ടം ഇറക്കുമതി ചെയ്യാനാകും എന്നാണ് അമേരിക്കയും, കാനഡയും, യൂറോപ്യന്‍ രാജ്യങ്ങളും അതിനായി പറയുന്ന ന്യായം. ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നുന്ന ഈ വാദത്തെ ലോകത്തിലെ കാര്‍ഷികോല്‍പ്പന്ന വാണിജ്യത്തെ പറ്റി പ്രാഥമിക ധാരണയുള്ളവര്‍ അപ്പാടെ തള്ളിക്കളയും എന്നുറപ്പാണ്. ലോക കാര്‍ഷികോല്‍പ്പന്ന വാണിജ്യത്തിന്റെ സിംഹഭാഗവും നിയന്ത്രിക്കുന്നത് എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാലു കമ്പനികളാണ്. ആര്‍ച്ചര്‍ ഡാനിയേല്‍സ് മിഡ്‌ലാന്‍ഡ് (എഡിഎം) ബുന്‍ജെ, കാര്‍ഗില്‍, ലൂയി ഡ്രൈഫെസ് എന്നിവയാണ് അവ. ലോകത്തിലെ ധാന്യങ്ങളുടെ കച്ചവടത്തിന്റെ 73 ശതമാനം ഈ നാലു കമ്പനികളില്‍ കൂടിയാണ്.5 കച്ചവടം മാത്രമല്ല ഉല്‍പ്പാദനം, ഗതാഗതം, സംഭരണം, തുടങ്ങിയ എല്ലാ മേഖലകളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഈ സ്ഥാപനങ്ങളാണ് ഉല്‍പ്പന്നത്തിന്റെ ലഭ്യത മാത്രമല്ല, വിലയും നിശ്ചയിക്കുന്നത്.
ധാന്യങ്ങളുടെ കച്ചവടത്തില്‍ മാത്രമല്ല അവയുടെ ആഗോളതലത്തിലുള്ള മൂല്യശൃംഖലയിലാകെ ഇത്രയും വിപുലമായ കുത്തകാധിപത്യത്തിന്റെ വസ്തുത മൂടിവച്ചു കൊണ്ടാണ് കാര്‍ഷിക മേഖലയിലെ കാര്യക്ഷമതയെ പറ്റി അശോക് ഗുലാത്തിയെ പോലുള്ള പണ്ഡിതര്‍ ന്യായവാദങ്ങള്‍ നിരത്തുന്നത്. ഇത്രയും വ്യാപകമായ കുത്തകാധിപത്യം നിലനില്‍ക്കുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ക്കു പകരം പഴം, പച്ചക്കറി കൃഷി എന്നിവ കൂടുതല്‍ വില ലഭ്യമാക്കുമെന്ന യുക്തി ഗുലാത്തിയെ പോലുള്ള ദല്ലാള്‍ വിദഗ്ധര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്.
ഇത്തരക്കാരുടെ ഉപദേശം സ്വീകരിച്ച ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളുടെ അനുഭവം മറക്കാറായിട്ടില്ല. 2007-ന്റെ അവസാനത്തോടെ ഭക്ഷ്യധാന്യങ്ങളുടെ വില മൂന്നു മടങ്ങ് ഉയര്‍ന്നതോടെ ഭക്ഷ്യധാന്യ കൃഷി ഉപേക്ഷിച്ച് കൂടുതല്‍ വില കിട്ടുന്ന മറ്റുള്ള ഉല്‍പ്പന്നങ്ങളിലേക്കു തിരിഞ്ഞ 37-രാജ്യങ്ങള്‍ ഭക്ഷ്യ ലഹളകള്‍ക്ക് സാക്ഷ്യം വഹിച്ചു. ദല്ലാള്‍ ഭരണകൂടം കാലങ്ങളായി നടപ്പിലാക്കിയ നയങ്ങളുടെ ഭാഗമായി ദശാസന്ധിയില്‍ അകപ്പെട്ട ഇന്ത്യയിലെ കാര്‍ഷിക മേഖല ഒരു പുനസംഘാടനം തീര്‍ച്ചയായും ആവശ്യപ്പെടുന്നു. ഭൂരഹിതരായ കര്‍ഷകതൊഴിലാളികള്‍ക്ക് ഭൂമി ലഭിക്കുന്നതും, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നതടക്കമുള്ള വിഷയങ്ങളെ അഭിമുഖീകരിയ്ക്കുന്ന സമൂലമായ മാറ്റം അനിവാര്യമാണ്. എന്നാല്‍ മോഡി സര്‍ക്കാര്‍ പാസ്സാക്കിയ കര്‍ഷക നിയമങ്ങള്‍ അതിന്റെ നേരെ വിപരീത ദിശയിലേക്കു നയിക്കുന്നതാണ്. ജനക്ഷേമകരമായ ഒരു കാര്‍ഷിക പുനസംഘാടനത്തിനുള്ള ആദ്യപടി ജനവിരുദ്ധമായ കാര്‍ഷിക നിയമങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്നതാണ്.
1 ആന്ദ്രേ ഗുന്തര്‍ ഫ്രാങ്ക്; ദ ഡെവലപമെന്റ് ഓഫ് അണ്‍ഡര്‍ഡെവലപ്‌മെന്റ്, ടി.ജി. ജേക്കബ്: ഇന്ത്യ വികാസവും, മുരടിപ്പും
2 രവീന്ദര്‍ കൗര്‍; ബ്രാന്‍ഡ് ന്യൂ നേഷന്‍. സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി പ്രസ്സ്, 2020
3 റാഡിക്കല്‍ യൂണിയന്‍ ഫോര്‍ പൊളിറ്റിക്കല്‍ എക്കോണമി, മുംബെ: മോഡിയുടെ കര്‍ഷക നിയമം 30 വര്‍ഷങ്ങള്‍ക്കു മുമ്പ് വാഷിംഗ്ടണില്‍ എഴുതപ്പെട്ടവ. ജനുവരി 5, 2020
4 ഉത്സാ പട്‌നായിക്: ദ ഗ്ലോബല്‍ ആങ്കിള്‍ ടു ദ ഫാര്‍മേഴ്‌സ് പ്രൊട്ടസ്റ്റ്, ദ ഹിന്ദു ഡിസംബര്‍ 30, 2020
5 സോഫിയ മര്‍ഫി, ഡേവിഡ് ബുര്‍ച്ച്, ജെന്നിഫര്‍ ക്ലാപ്: സെറിയല്‍ സീക്രറ്റ്‌സ്: ദ വേള്‍ഡ്‌സ് ലാര്‍ജസ്റ്റ് ഗ്രെയിന്‍ ട്രേഡേര്‍സ് ആന്‍ഡ് ഗ്ലോബല്‍ അഗ്രികള്‍ച്ചര്‍, ഓക്‌സഫോം റിസര്‍ച്ച് റിപോര്‍ട് 2012
Be the first to write a comment.