ജനുവരി 26, 1950-ലാണ് ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നത്. ഈ വര്‍ഷം റിപബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഭരണഘടനയുടെ മൂല്യവും ആദര്‍ശവും നാം എത്രമാത്രം പാലിക്കുന്നുണ്ട് എന്നൊരു ആത്മപരിശോധന നന്നായിരിക്കും.

ഇന്ത്യയെ പ്രവിശ്യകളുടെ ഒരു സഞ്ചയമായിട്ടാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. എങ്കിലും, നമ്മുടെ ഫെഡറല്‍ രാഷ്ട്രീയ ഘടനയ്ക്ക് ഒരു കേന്ദ്രീകൃത സ്വഭാവമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ ഒരു അര്‍ദ്ധ-ഫെഡറല്‍ (Quasi-Federal) വ്യവസ്ഥയായിട്ടാണ് പല ഭരണഘടനാ വിദഗ്ദ്ധരും വിശേഷിപ്പിച്ചിട്ടുള്ളത്. ഭരണഘടനയില്‍ ഉള്ള ഈ കേന്ദ്രീകൃത സ്വഭാവം പിന്നീട് പ്രയോഗത്തില്‍ വര്‍ദ്ധിച്ചിട്ടുള്ളതായി കാണാന്‍ കഴിയും. പലപ്പോഴും സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്രത്തിന്‍റെ കടന്നുകയറ്റം കണ്ടുവന്നിട്ടുണ്ട്. അതുപോലെ തന്നെ കേന്ദ്രം എടുക്കുന്ന പല തീരുമാനങ്ങളും സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തെ ബാധിച്ചിട്ടുണ്ട്.

കേന്ദ്രീകൃത സ്വഭാവം ഉണ്ടെങ്കിലും ഇന്ത്യന്‍ ഭരണഘടന അതിന്‍റെ ഏഴാം പട്ടികയില്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളെ പറ്റി കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. അതുതന്നെ 11-ↄമതും 12-ↄമതും പട്ടികകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഗ്രാമീണ, നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി പങ്കിടാവുന്ന വിഷയങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. എങ്കിലും, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ പറ്റി മാത്രമാണ് ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

ഏഴാം പട്ടികയില്‍ മൂന്ന്  ലിസ്റ്റുകള്‍ ആണ് ഉള്ളത്. കേന്ദ്ര ഗവണ്മെന്റിന്റെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ സെന്‍ട്രല്‍ ലിസ്റ്റിലും സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നവ സ്റ്റേറ്റ് ലിസ്റ്റിലും, കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തീരുമാനം എടുക്കാവുന്ന വിഷയങ്ങള്‍ കണ്‍കറന്റ് ലിസ്റ്റിലുമാണ്. ഇതിനു പുറമേ, രണ്ടുതല സര്‍ക്കാരു കളുടേയും വിഭവസമാഹരണാവകാശങ്ങളും ഭരണഘടനയില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഫെഡറല്‍ സംവിധാനങ്ങളില്‍ ഉണ്ടാകുന്ന ലംബവും സമാന്തരവും ആയ അസമത്വങ്ങളെ (vertical and horizontal imbalances) നേരിടാനായി അഞ്ച് വര്‍ഷം കൂടുമ്പോള്‍ ധനകാര്യ കമ്മീഷനെ നിയോഗിക്കണം എന്നുള്ള വ്യവസ്ഥയും ഭരണഘടനയില്‍ ഉണ്ട്. ധനകാര്യ കമ്മീഷന് പുറമേ ആസൂത്രണ കമ്മീഷന്‍ വഴിയും കേന്ദ്രമന്ത്രാലയങ്ങള്‍ വഴിയും വിഭവങ്ങളുടെ പങ്കുവെക്കല്‍ നടന്നിരുന്നു.

കേന്ദ്രഗവണ്മെന്റിന്റെ ഇടപെടലുകള്‍ മൂലം കേന്ദ്ര-സംസ്ഥാന വിഷയങ്ങളുടെ പരിധികള്‍ക്ക് വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് 1980-കളില്‍ തന്നെ Prof. I. S. ഗുലാട്ടിയും Prof. K.K. ജോര്‍ജ്ജും ചൂണ്ടിക്കാണിച്ചിരുന്നു. ആസൂത്രണ കമ്മീഷന്‍റെയും കേന്ദ്ര മന്ത്രാലയങ്ങളുടേയും പദ്ധതികള്‍ (Central Plan Schemes and Centrally Sponsored Schemes) വഴി കേന്ദ്രം സംസ്ഥാനങ്ങളുടെ വിഷയങ്ങളില്‍ പണം ചിലവഴിക്കുന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്തരം ചിലവുകള്‍ ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം പങ്കിടുന്ന സംഖ്യയേക്കാള്‍ കൂടുതലാണ് താനും. ഇതിനുപുറമേ, കേന്ദ്രനിയമ ഭേദഗതികളിലൂടെ സംസ്ഥാന ലിസ്റ്റിലെ പല വ്യവസായങ്ങളേയും കേന്ദ്രത്തിന്‍റെ നിയന്ത്രണത്തില്‍ കൊടുവന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കേന്ദ്രത്തിന്‍റെ ഇത്തരം കൈകടത്തലുകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്രനിയുക്തമായ പദ്ധതികള്‍ക്ക് സംസ്ഥാനങ്ങളുടെ ധനപങ്കാളിത്തം അനിവാര്യമാണ്. ഇവ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുക മാത്രമല്ല, ഇതിലൂടെ കേന്ദ്രത്തിന്‍റെ മുന്‍ഗണനകള്‍ക്ക് അനുസൃതമായി പണം ചിലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതര്‍ ആവുകയും ചെയ്യുന്നു.

ഇത്തരം ചില പദ്ധതികള്‍ രാജ്യത്തിന്‍റെ വികസന പദ്ധതികളുടെ സാധൂകരണത്തിന് അനിവാര്യം ആണെങ്കിലും അവയുടെ അളവ് കൂടുമ്പോള്‍ അവ സോപാധിക പങ്കുവയ്ക്കലുകളുടെ തോത് കൂട്ടുന്നുവെന്ന് 14-Ͻo ധനകാര്യ കമ്മീഷന്‍ അതിന്‍റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് തിരുത്താനായി കേന്ദ്ര നികുതി വരുമാനത്തില്‍ സംസ്ഥാനങ്ങളുടെ പങ്കിന് 32% ത്തില്‍ നിന്ന് 42% ആയി ഉയര്‍ത്താന്‍ ശുപാര്‍ശയും ചെയ്തിരുന്നു.

ആസൂത്രണ കമ്മീഷന്‍ വഴിയും കേന്ദ്രമന്ത്രാലയങ്ങള്‍ വഴിയും നടക്കുന്ന പങ്കുവെക്കല്‍ കേന്ദ്രത്തിന്‍റെ നിയന്ത്രണവിധേയം ആണെങ്കിലും ഭരണഘടനാ വിവക്ഷിതമായ ധനകാര്യ കമ്മീഷന്‍ ഒരു സ്വതന്ത്രസ്ഥാപനം ആണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങള്‍ ആയി ധനകാര്യ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളിലും കേന്ദ്രത്തിന്‍റെ ഇടപെടല്‍ കണ്ടുവരുന്നുണ്ട്. കമ്മീഷന്‍റെ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ (Terms of Reference) നിശ്ചയിക്കുന്നത് വഴിയാണ് കൈകടത്തലുകള്‍ സാധ്യമാവുന്നത്.

പതിനൊന്നാം ധനകാര്യ കമ്മീഷന്‍റെ അവസാന നാളുകളില്‍ ഒരു അധിക പ്രവര്‍ത്തന മാനദണ്ഡത്തിലൂടെ സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി വെട്ടിക്കുറയ്ക്കാന്‍ ഉള്ള ഒരു നിരീക്ഷിക്കാവുന്ന സാമ്പത്തിക പരിഷ്കരണ പരിപാടി (Monitorable Fiscal Reform Program) തയ്യാറാക്കാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുവന്ന 12-ഉം 13-ഉം കമ്മീഷനുകളുടെ പ്രവര്‍ത്തന മാനദണ്ഡങ്ങളിലും കേന്ദ്രത്തിന്‍റെ ഇടപെടല്‍ വ്യക്തമായിരുന്നു. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന ധനസഹായത്തിന്‍റെ ഒരു ഭാഗം സംസ്ഥാനങ്ങളുടെ Fiscal Responsibility and Budget Management Bill പാസാക്കുന്നതിനോട് ബന്ധപ്പെടുത്തുന്നത് വഴി സംസ്ഥാന നിയമസഭകളുടെ പരമാധികാരത്തില്‍ ആണ് കേന്ദ്രം കൈകടത്തിയത്.

എനാല്‍ 14-Ͻo ധനകാര്യ കമ്മീഷന്‍ ഈ വഴി പിന്തുടരാതെ ഇരുന്നത് സ്വാഗതാര്‍ഹമായ തീരുമാനം ആയി കാണാം. പക്ഷെ,   15-Ͻo ധനകാര്യ കമ്മീഷന്‍റെ പ്രവര്‍ത്തനമാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പല കാര്യങ്ങളും സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തെ ഗണ്യമായി ബാധിക്കാവുന്നവ ആണ്. റവന്യൂ കമ്മി നികത്താനുള്ള സാമ്പത്തിക സഹായങ്ങള്‍ തുടരണോ എന്നുപോലും അതിലുണ്ട്. ഇത്തരം സഹായങ്ങളെ നിര്‍ത്തലാക്കാനുള്ള തീരുമാനം ഉണ്ടായാല്‍ പല സംസ്ഥാനങ്ങള്‍ക്കും അവരുടെ ചിലവുകള്‍ കുറയ്ക്കേണ്ടി വരും.

ധനകാര്യ കമ്മീഷന്‍റെ പ്രവര്‍ത്തന മാനദണ്ഡങ്ങളുടെ ഏഴാം ഉപവാക്യം പ്രകാരം സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മൂല്യപ്പെടുത്താവുന്ന ഒരു പ്രോത്സാഹന(Measurable Performance-Based Incentive For States) പദ്ധതിനിര്‍വഹണം ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ നിര്‍ദേശിക്കുന്ന പല പരിപാടികളും സംസ്ഥാനങ്ങളെ കേന്ദ്രത്തിന്‍റെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കെല്‍പ്പുള്ളവയാണ്.

അതില്‍ ചിലത് താഴെ പരാമര്‍ശിക്കുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളെ നിര്‍വഹണം ചെയ്യുക, വ്യവസായ സൌഹൃദമായുള്ള അന്തരീക്ഷം (Ease of doing business) സൃഷ്ടിക്കാന്‍ എടുത്തിട്ടുള്ള നടപടികള്‍, പോപ്പുലിസ്റ്റ് സ്കീമുകളുടെ എണ്ണവും ചിലവുകളും കുറയ്ക്കുക, തുറസ്സായ സ്ഥലത്തുള്ള ശൗചവൃത്തികള്‍ നിരുല്‍സാഹപ്പെടുത്തുന്നതിന് ഉള്ള പദ്ധതികള്‍ എന്നിങ്ങനെ പോകുന്നു. ഇത് കേന്ദ്ര അജണ്ടയുടെ സംസ്ഥാനങ്ങളുടെ മേലുള്ള അടിച്ചേല്‍പ്പിക്കല്‍ ആയി കാണാവുന്നതാണ്.

ചരക്ക് സേവന നികുതി (GST) നടപ്പാക്കല്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ക്ക് ഏറ്റ മറ്റൊരു തിരിച്ചടിയാണ്. സംസ്ഥാനങ്ങള്‍ നികുതി ഏര്‍പ്പെടുത്തുവാനും നികുതി തീരുവ തീരുമാനിക്കുവാനുള്ള അവകാശം GST Council-നെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ആവശ്യം ഉള്ളപ്പോള്‍ GST Council-നെ സമീപിക്കേണ്ടി വരുന്നു. മുന്‍കാലങ്ങളില്‍ നികുതി തീരുവ കൂട്ടി സംസ്ഥാനങ്ങള്‍ക്ക് സ്വയം വിഭവസമാഹരണം നടത്താമായിരുന്നു. ഉദാഹരണത്തിന് പ്രളയദുരിതാശ്വാസത്തിന് Kerala Flood Cess ചുമത്തുന്നതിനായി കേരളത്തിന് GST Council-നെ സമീപിക്കേണ്ടി വന്നു. എന്നിരുന്നാലും കേന്ദ്രവും ചില നികുതികള്‍ ചുമത്താനും തീരുവകള്‍ നിശ്ചയിക്കുവാനുമുള്ള തീരുമാനം GST Council-നെ ഏല്‍പ്പിച്ചിട്ടുണ്ട്. പക്ഷെ, പ്രധാന നികുതികള്‍ (E.g Personal Income Tax, Corporate Income Tax) കേന്ദ്രം വിട്ടുകൊടുത്തിട്ടില്ല.

Madhav Khosla: The Indian Constitution

ഇന്ത്യന്‍ ഭരണഘടനയുടെ സ്ഥാപക നേതാക്കള്‍ ഇന്ത്യയ്ക്ക് ഒരു ഫെഡറല്‍ സംവിധാനമാണ് വിഭാവനം ചെയ്തത്. മാധവ് ഖോസ്‍ലയുടെ അഭിപ്രായത്തില്‍ നമ്മുടെ ഭരണഘടന കേന്ദ്രത്തിന് സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ കൊടുത്തിട്ടുണ്ടെങ്കിലും, കേന്ദ്രത്തിന്‍റെ സംസ്ഥാനങ്ങളുടെ മേലുള്ള അധീശത്വം അനുവദിക്കുന്നില്ല.1 അംബേദ്‌കറുടെ കാഴ്ച്ചപ്പാടില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യമായ (Co-equal) സ്ഥാനമാണ് ഭരണഘടന നിര്‍വഹിക്കുന്നത്. ആ തുല്യതയാണ് ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിന്‍റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പുരോഗതിക്ക് ഭീഷണിയായി വന്നേക്കാം.

1. Madhav Khosla: The Indian Constitution, Oxford University Press, New delhi, 2012.

Comments

comments