പാര്‍ലമെന്‍റ് സ്ക്വയറിലേക്ക് ഞങ്ങള്‍ നടന്നെത്തുമ്പോള്‍ കാര്യമായി വെയില്‍ വീണിരുന്നില്ല. പ്രഭാതത്തിലെ തണുപ്പ് അപ്പോഴും ബാക്കിയുണ്ട്. പച്ച പടര്‍ന്ന ചതുരപ്പരപ്പില്‍ അവിടവിടെയായി വെയിലും നിഴലും. പാര്‍ലമെന്‍റ് സ്ക്വയറിന് പിന്നിലെ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് കാണാം. സാമാന്യം നല്ല തിരക്ക്. റോഡിനു പിന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കെട്ടിടങ്ങള്‍.

പാര്‍ലമെന്‍റ് സ്ക്വയറിലെ ഗാന്ധിപ്രതിമയെക്കുറിച്ച് ഞാന്‍ മുന്‍പേ വായിച്ചിരുന്നു. അത് കാണാനാണ് രാവിലെ മുരളിയേട്ടനോടൊപ്പം പുറപ്പെട്ടത്. ചാണിങ് ക്രോസ്സില്‍ വണ്ടിയിറങ്ങി നടന്നു. വരും വഴിയില്‍ വൈറ്റ് ഹാള്‍ ഗാര്‍ഡന്‍. ബ്രിട്ടീഷ് പ്രതാപത്തിന്‍റെ ഓര്‍മ്മകള്‍ പേറിനില്‍ക്കുന്ന പ്രതിമാശില്പങ്ങള്‍ അതിലവിടവിടെയായി കാണാം. അവിടെ അല്പം ഇരുന്നിട്ടാണ് വീണ്ടും നടപ്പ് തുടര്‍ന്നത്. തെംസിന്‍റെ തീരത്തിലൂടെ നടന്ന്, തിരക്കുള്ള വഴി മുറിച്ചുകടക്കുമ്പോള്‍ ദൂരെ വലിയ എടുപ്പുകള്‍ കാണാമായിരുന്നു. പാര്‍ലമെന്‍റ് സ്ക്വയറിന് ചുറ്റുമുള്ള മന്ദിരങ്ങളുടെ മേലാപ്പുകള്‍. ചരിത്രവും വര്‍ത്തമാനവും പാര്‍ലമെന്‍റ് സ്ക്വയറില്‍ കൈകോര്‍ത്തുനില്‍ക്കുന്നു.

ഒന്ന്

പാര്‍ലമെന്‍റ് സ്ക്വയര്‍ ലണ്ടനിലെ പ്രതിരോധങ്ങളുടെ അവതരണശാലകൂടിയാണ്. വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെപ്പോലെ ഉദ്ധതരായ ലോകനേതാക്കളുടെ പ്രതിമകള്‍ നിരന്ന നഗരചത്വരം. ലണ്ടനിലെ പ്രതിഷേധങ്ങള്‍ പലതും അരങ്ങേറുന്നത് അവിടെയാണ്. ചുറ്റുമുള്ള നാനാതരം ഔദ്യോഗിക മന്ദിരങ്ങള്‍ക്കു നടുവില്‍ ഒത്തുകൂടുന്ന മനുഷ്യര്‍ അധികാരത്തോടും അതിന്‍റെ ക്രമങ്ങളോടുമുള്ള തങ്ങളുടെ എതിര്‍പ്പുകളും പ്രതിരോധങ്ങളും പ്രകടിപ്പിക്കുന്നു. ജനത്മളുടെ ഇച്ഛയും ഭരണകൂടനീതിയും തമ്മിലുള്ള മുഖാമുഖത്തിന്‍റെ അരങ്ങ്. മിക്കവാറും അതില്‍ ഭരണകൂടം വിജയിക്കുന്നു. എങ്കിലും അപരാജിതമായ മനുഷ്യേച്ഛയുടെ പ്രതിരോധവീര്യം പിന്നെയും അവിടെ തലയുയര്‍ത്തിതന്നെ നില്‍ക്കുന്നു. ജീവിതത്തിന്‍റെ താഴാത്ത കൊടിപ്പടത്തെക്കുറിച്ച് കവി എഴുതിയതുപോലെ, സമരത്തിന്‍റെ താഴാത്ത കൊടിപ്പടങ്ങള്‍. പാര്‍ലമെന്‍റ് സ്ക്വയറില്‍ ജീവിതം തളിര്‍ക്കുന്നത് അങ്ങനെയും കൂടിയാണ്.

ലണ്ടനിലെ വലിയ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നുകൂടിയാണ് പാര്‍ലമെന്‍റ് സ്ക്വയര്‍. വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാരത്തിന്‍റെ വടക്കുപടിഞ്ഞാറായി, പിന്നില്‍ വലിയ മരങ്ങള്‍ അതിരിട്ടുനില്‍ക്കുന്ന പുല്‍മൈതാനം. ബ്രിട്ടീഷ് പ്രതാപത്തിന്‍റെയും അധികാരപ്പെരുമയുടെയും ഉയര്‍ന്ന ശിരുസ്സുകള്‍പോലെ നാലുചുറ്റും തലയുയര്‍ത്തി നില്‍ക്കുന്ന ഗംഭീരമന്ദിരങ്ങള്‍. ചത്വരത്തിന്‍റെ കിഴക്കുഭാഗത്തായി പാര്‍ലമെന്‍റ് മന്ദിരം, വടക്ക് ഭരണനിര്‍വഹണകേന്ദ്രങ്ങള്‍, പടിഞ്ഞാറുഭാഗത്ത് സുപ്രീംകോടതി, തെക്കുഭാഗത്തായി നൂറ്റാണ്ടുകളായി ബ്രിട്ടീഷ്ഭാവനയുടെ കാവ്യകേന്ദ്രസ്ഥിലുള്ള വെസ്റ്റ്‌ മിനിസ്റ്റര്‍ ആബി എന്ന പൗരാണികപ്രൗഢി നിറഞ്ഞ പള്ളി. മതവും ജനാധിപത്യവും ഭരണകൂടവും നീതിനിര്‍വഹണവും എല്ലാം കൈകോര്‍ത്തുനില്‍ക്കുന്ന ഇടം. ഒരര്‍ത്ഥത്തില്‍ സാമ്രാജ്യാധികാരത്തിന്‍റെ കളിക്കളം പോലെയാണ് പാര്‍ലമെന്‍റ് സ്ക്വയര്‍.

Parliament Square
Parliament Square

ഒന്നര നൂറ്റാണ്ടിന് മുന്‍പാണ് പാര്‍ലമെന്‍റ് സ്ക്വയര്‍ വിഭാവനം ചെയ്യപ്പെട്ടത്. 1868-ല്‍‍. ലണ്ടനിലെ ആദ്യത്തെ ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കപ്പെട്ടത് ഈ നഗരചത്വരത്തിലാണ്. അന്നതൊരു വലിയ വിസ്മയമായിരുന്നുവെന്ന് അതേക്കുറിച്ചുള്ള പഴയ വിവരണങ്ങളില്‍ കാണാം. കാലം എത്ര പെട്ടെന്ന്‍ വലിയ പ്രതാപങ്ങളെ കടപുഴക്കിക്കളയുന്നു! സര്‍ ചാള്‍സ് ബാരി എന്ന വാസ്തുശില്പിയായിരുന്നു പാര്‍ലമെന്‍റ് സ്ക്വയറിലെ രൂപകല്പനയ്ക്ക് പിന്നില്‍‍. ചത്വരത്തിന് നടുവിലുണ്ടായിരുന്ന ജലധാര 1940-ല്‍ അവിടെ നിന്ന്‍ മാറ്റി. പില്‍ക്കാലത്ത് വിക്ടോറിയ ടവര്‍ ഗാര്‍ഡനില്‍ അത് പുനസ്ഥാപിക്കപ്പെടുകയും ചെയ്തു. ആദ്യകാലത്ത് ലണ്ടന്‍ നഗരവാസികളുടെ വിശ്രമകേന്ദ്രങ്ങളിലൊന്നായിരുന്നു പാര്‍ലമെന്‍റ് സ്ക്വയര്‍. പിന്നീടത് പ്രധാന സമരമുഖങ്ങളിലൊന്നായി. ചത്വരത്തിന്‍റെ കിഴക്കുഭാഗത്ത്, വെസ്റ്റ്‌ മിനിസ്റ്റര്‍ പാലസിലേക്കുള്ള പ്രവേശനകവാടത്തോട് ചേരുന്ന ഭാഗത്ത്, പ്രതിഷേധങ്ങളുമായി നൂറുകണക്കിനുപേര്‍ ഒത്തുകൂടി. മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടി ലോകത്തെവിടെയും ഉയരുന്ന ശബ്ദങ്ങള്‍ ഇവിടെയും ഏറിയും കുറഞ്ഞും പ്രതിധ്വനിക്കുന്നു.

Sunil Ilayidom in front of West Minister Abby
Sunil Ilayidom in front of West Minister Abby

പാര്‍ലമെന്‍റ് സ്ക്വയറിലെ ഇപ്പോഴത്തെ വലിയ ആകര്‍ഷണം അവിടെ വിന്യസിച്ചിട്ടുള്ള ലോകനേതാക്കളുടെ പ്രതിമകളാണ്. എബ്രഹാം ലിങ്കണും വിന്‍സ്റ്റന്‍ ചര്‍ച്ചിലും മുതല്‍‍ മഹാത്മാ ഗാന്ധിയും നെല്‍സണ്‍ മണ്ടേലയും മില്ലിസെന്റ്‌ ഫാസേറ്റും വരെയുള്ള പന്ത്രണ്ട് പേരുടെ പ്രതിമകള്‍. ഒരര്‍ത്ഥത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ ഉദയപതനങ്ങളുടെ ചരിത്രം കൂടിയാണ് ആ പ്രതിമകള്‍ രേഖപ്പെടുത്തുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ഏഴുപേരുടെ പ്രതിമകള്‍ ഇവിടെയുണ്ട്. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍‍, ഡേവിഡ് ലോയ്ഡ് ജോര്‍ജ്ജ്, ഹെന്‍റി ജോണ്‍ ടെംപിള്‍, എഡ്വേര്‍ഡ് സ്മിത്ത്, ബഞ്ചമിന്‍ ഡിസ്രേലി, സര്‍ റോബര്‍ട്ട് പില്‍‍, ജോര്‍ജ്ജ് കാനിങ്ങ് എന്നിവരുടെ പ്രതിമകള്‍. 'സൂര്യനസ്തമിക്കാത്ത' പഴയ സാമ്രാജ്യപ്രതാപത്തിന്‍റെ നഷ്ടാവശിഷ്ടങ്ങളെ അവ ഓര്‍മ്മയില്‍ കൊണ്ടുവരും. ചര്‍ച്ചിലും ഡിസ്രേലിയും ഒഴികെയുള്ളവരുടെ പേരുകള്‍ മിക്കവാറും വിസ്മൃതമായിരിക്കുന്നു. ചരിത്രത്തിന്‍റെ തിരസ്കരണിക്കുള്ളിലേക്ക് ആണ്ടുപോയ അവരുടെ പ്രതിമകള്‍ക്കു മുന്നിലൂടെ, അവരാരെന്നറിയാതെ, മിക്കവാറും സന്ദര്‍ശകര്‍ കടന്നുപോകുന്നു. സാമ്രാജ്യാധികാരത്തിന്‍റെ പ്രദര്‍ശനശാലയായ ഈ പ്രതിമകളുടെ മറുപുറം പോലെയാണ് നെല്‍സണ്‍ മണ്ടേലയും ഗാന്ധിയും ലിങ്കണും ഫാസെറ്റുമെല്ലാം അവിടെ നിലകൊള്ളുന്നത്. വംശീയതയും വര്‍ണ്ണവെറിയും അധിനിവേശവും പുരുഷാധികാരവും കൊടികുത്തിവാണ സാമ്രാജ്യവാഴ്ചയുടെ മറുപുറത്തുനിന്നും ഉയര്‍ന്നുവന്ന മനുഷ്യാന്തസ്സിന്‍റെ മഹാരൂപികള്‍! അവരിലാരുടേയും പ്രതിമയ്ക്ക് ചര്‍ച്ചിലിന്‍റെ പ്രതിമയുടെയത്രയും വലിപ്പമില്ല. അത് സൂചിപ്പിക്കുന്നതെന്താവും?

Stuatue of Winston Churchill
Stuatue of Winston Churchill

പാര്‍ലമെന്‍റ് സ്ക്വയറിലെ പ്രതിമകളില്‍ മുന്‍നിരയില്‍ ഉയര്‍ന്നുനില്‍ക്കുന്നത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെതാണ്. 1973-ലാണ് അത് അനാച്ഛാദനം ചെയ്യപ്പെട്ടത്. തന്‍റെ പ്രതിമ അവിടെ വേണമെന്ന് ചര്‍ച്ചില്‍ ആഗ്രഹിച്ചിരുന്നു. (ശില്‍പിയായ റോബര്‍ട്ട് ജോണ്‍സ് ഉണ്ടാക്കിയ ആദ്യമാതൃകയ്ക്ക് മുസ്സോളനിയുടെ രൂപവുമായി സാദൃശ്യംമൂലം അത് ഒഴിവാക്കുകയായിരുന്നത്രെ!) ലിങ്കണ്‍-ന്‍റെ പ്രതിമ 1920-ലും മണ്ടേലയുടെത് 2007-ലും അനാച്ഛാദനം ചെയ്യപ്പെട്ടു. പാര്‍ലമെന്‍റ് സ്ക്വയറില്‍ സ്ഥാപിക്കപ്പെട്ട അവസാനത്തെ പ്രതിമ സ്ത്രീകളുടെ വോട്ടവകാശത്തിനായി പടനയിച്ച മില്ലിസെന്റ് ഫാസെറ്റിന്‍റെതാണ്. ആ പ്രദര്‍ശന ശാലയില്‍ ഇടംപിടിച്ച ഒരേയൊരു സ്ത്രീ ഫാസെറ്റാണ്. 2019 ഏപ്രില്‍ 14 ന്, ബ്രിട്ടണില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിന്‍റെ ശതാബ്ദി ദിനത്തില്‍‍, അത് അനാച്ഛാദനം ചെയ്യപ്പെട്ടു. പുരുഷപ്രതാപത്തിന്‍റെ ലോകം ഇടിഞ്ഞുതകരുന്നതിന്‍റെ ഏകാന്തസാക്ഷ്യം പോലെ അതവിടെ നിലകൊള്ളുന്നു.

2015 മാര്‍ച്ച് 14-നാണ് ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്‍റ് സ്ക്വയറില്‍ സ്ഥാപിതമായത്. ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്‍റെ ശതാബ്ദി സ്മരണയായാണ് അങ്ങനെയൊന്ന് വിഭാവനം ചെയ്യപ്പെട്ടത്. ലണ്ടനും ഗാന്ധിയുമായുള്ള ഗാഢമായ ബന്ധത്തിന്‍റെ ഓര്‍മ്മകൂടിയായി അത് മാറി. ഇന്ത്യക്കുപുറത്ത് എവിടെയെങ്കിലും താമസിക്കാന്‍ താന്‍ തീരുമാനിച്ചാല്‍ അത് ലണ്ടനിലായിരിക്കുമെന്ന് ഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അവിടെവച്ചാണ് ഗാന്ധി പടിഞ്ഞാറന്‍ നാഗരികതയെ മുഖാമുഖം കണ്ടത്. അതിനെതിരെ പൊരുതാനുള്ള ആയുധങ്ങള്‍ ശേഖരിച്ചതും!

രണ്ട്

എഴുപത്തിയെട്ട് വര്‍ഷം നീണ്ട ജീവിതത്തിനിടയില്‍ ഗാന്ധി അഞ്ചുതവണയാണ് ലണ്ടനിലെത്തിയത്. ഇരുപതുവയസ്സ് തികയാന്‍ ഒരുമാസത്തില്‍ താഴെ മാത്രമുള്ളപ്പോഴായിരുന്നു ഗാന്ധിയുടെ ആദ്യ ലണ്ടന്‍ യാത്ര. 1888 സെപ്തംബര്‍ 4 ന് അദ്ദേഹം പോര്‍ബന്തറില്‍ നിന്ന് ലണ്ടനിലേക്ക് കപ്പല്‍ കയറി. ലണ്ടനിലെ പ്രശസ്തമായ നിയമപഠനകേന്ദ്രത്തില്‍ ഗാന്ധി ചേര്‍ന്നു. 1888 ഒക്ടോബര്‍ മുതല്‍ 1891 വരെ അദ്ദേഹം ലണ്ടനില്‍ ഉണ്ടായിരുന്നു.

ഒരര്‍ത്ഥത്തില്‍ ഗാന്ധിയുടെ പില്‍ക്കാലജീവിതത്തെ മുഴുവന്‍ നിര്‍ണ്ണയിച്ചത് ഈ ലണ്ടന്‍ ജീവിതമാണ്. കടല്‍കടന്ന് യാത്രചെയ്തതിന് അദ്ദേഹത്തിന് സമുദായം ഭ്രഷ്ട് കല്‍പ്പിച്ചിരുന്നു. ഗാന്ധിയുടെ ജീവിതത്തില്‍ അതിന് വലിയ സ്വാധീനമുണ്ട്. പിന്നീട് ആചാരങ്ങളെ അദ്ദേഹം ഒരിക്കലും മാനിച്ചില്ല. ഇവിടെവച്ച് അദ്ദേഹം എഴുത്തുകാരനായി, പ്രഭാഷകനായി, പ്രചാരകനായി, ബാരിസ്റ്ററായി. പില്‍ക്കാലത്തെ പൊതുജീവിതത്തിലേക്കുള്ള ഗാന്ധിയുടെ പരിശീലനക്കളരിയായിരുന്നു അത്. എഡ്വേര്‍ഡ് കാര്‍പെന്റര്‍, ജോണ്‍ റസ്കിന്‍, ഹെന്‍റി തോറോ, ലിയോ ടോള്‍സ്റ്റോയ്‌ തുടങ്ങിയവരെയൊക്കെ ഗാന്ധി വായിക്കുന്നത് ഇക്കാലത്താണ്. ഗാന്ധിയുടെ പാശ്ചാത്യനാഗരികതാ വിമര്‍ശനത്തിന്‍റെ വേരുകള്‍ ഇവരുടെ ചിന്തകളിലാണുള്ളത്; പലപ്പോഴും നാം തെറ്റായി കരുതാറുള്ളതുപോലെ ഇന്ത്യന്‍ ആത്മീയ ഗ്രന്ഥങ്ങളിലല്ല. ഇക്കാലത്താണ് ഗാന്ധി ഗീത വായിക്കുന്നത്. എഡ്വിന്‍ ആര്‍നോള്‍ഡ് തയ്യാറാക്കിയ ഗീതയുടെ ഇംഗ്ലീഷ് വിവര്‍ത്തനം. അതിനുമുന്‍പേ അദ്ദേഹം ബൈബിള്‍ വായിച്ചിരുന്നു. അതിന്‍റെ കൂടി വെളിച്ചത്തിലാണ് ഗാന്ധി ഗീതയെ മനസ്സിലാക്കിയത്. ഇക്കാലത്ത് ലണ്ടനില്‍ സജീവമായിരുന്ന വെജിറ്റേറിയന്‍ സൊസൈറ്റിയില്‍ ഗാന്ധി അംഗമായി. അവരുടെ മാസികയിലാണ് ഗാന്ധി ആദ്യമായി ലേഖനം എഴുതിയതും. പില്‍ക്കാലത്ത് നൂറുവാല്യങ്ങളായി സമാഹരിക്കപ്പെട്ട രചനകളുടെ, ഒരുപക്ഷേ, ഇന്ത്യയിലെ എക്കാലത്തെയും വലിയ രചനാജീവിതത്തിന്‍റെ, പ്രാരംഭസ്ഥാനം അതായിരുന്നു.

Statue of Mahatma Gandhi, Parliament Square, London
Statue of Mahatma Gandhi, Parliament Square, London

ലണ്ടനില്‍ നിയമവിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഗാന്ധി ഒരു പടിഞ്ഞാറന്‍ പൗരനാകാനാണ് പണിപ്പെട്ടത്. അതിനുവേണ്ടി ഗാന്ധി പലതും പഠിച്ചു; പരിശീലിച്ചു. ലാറ്റിന്‍ ഭാഷയും വയലിന്‍ വാദനവും ഇക്കാലത്ത് അദ്ദേഹം പഠിക്കുന്നുണ്ട്. സായാഹ്നസവാരിക്കായി പ്രത്യേകം കോട്ട് തയ്പിച്ചു. പാശ്ചാത്യനൃത്തത്തിന്‍റെ അടിസ്ഥാനപാഠങ്ങള്‍ പരിശീലിച്ചു. പാശ്ചാത്യനാഗരികതയ്ക്കുള്ളില്‍ തനിക്കായി ഒരിടം കണ്ടെത്താനായിരുന്നു ഗാന്ധിയുടെ ശ്രമം. പില്‍ക്കാലത്തെ അതിപ്രശസ്തമായ ജീവിതത്തിന്‍റെ അടയാളങ്ങള്‍ ഒന്നും പ്രദര്‍ശിപ്പിക്കാത്ത സാധാരണ ജീവിതമായിരുന്നു ലണ്ടനില്‍ ഗാന്ധി നയിച്ചത്. യാത്ര പുറപ്പെടുമ്പോള്‍ അമ്മയ്ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ലണ്ടന്‍ ജീവിതകാലത്തുടനീളം ഗാന്ധി മാംസാഹാരവും മദ്യവും പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു. പാശ്ചാത്യ നാഗരിക ജീവിതത്തോടുള്ള വിയോജിപ്പുകളുടെ വേരുകള്‍ അവിടെയും തുടരുന്നുണ്ട്. ജൈനമതപാരമ്പര്യത്തിലെ അഹിംസാസങ്കല്പത്തെ, പടിഞ്ഞാറന്‍ നാഗരികതാ വിമര്‍ശനത്തിന്‍റെ ആശയങ്ങളുമായി ഇണക്കാന്‍ ഗാന്ധിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ പില്‍ക്കാല ചിന്തകളില്‍ ഇത് പ്രധാനപ്പെട്ട ഒരാശയമായി.

1891-ല്‍ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനും അവിടത്തെ ഇന്ത്യന്‍ സമൂഹത്തിന്‍റെ അവകാശപ്പോരാളിയുമായി മാറി. ഇതിന്‍റെ ഭാഗമായിരുന്നു ഗാന്ധിയുടെ രണ്ടാമത്തെ ലണ്ടന്‍ സന്ദര്‍ശനം. ബ്രിട്ടീഷ് അധികാരികള്‍ക്ക് നിവേദനം നല്‍കാനും, പാര്‍ലമെന്റ് അംഗങ്ങളെ കാണാനും അദ്ദേഹം ഈ സന്ദര്‍ശനം ഉപയോഗപ്പെടുത്തി. 1909-ല്‍ മൂന്നാമതും ഗാന്ധി ലണ്ടനിലെത്തി. ഈ യാത്രയുടെ മടക്കത്തിലാണ് കപ്പല്‍ത്തട്ടിലിരുന്ന് അദ്ദേഹം ഹിന്ദ് സ്വരാജ് എഴുതിയത്. ഒരു മാസത്തോളം നീണ്ട ആ യാത്രക്കിടയില്‍ ഒറ്റയടിയ്ക്ക് എഴുതിപ്പൂര്‍ത്തിയാക്കിയതായിരുന്നു അത്. ആദ്യം ഗുജറാത്തി ഭാഷയില്‍ തയ്യാറാക്കിയ ആ ഗ്രന്ഥം ഗാന്ധി തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.

Hind Swaraj by Gandhi
Hind Swaraj by Gandhi

1914-ല്‍ ഗാന്ധി ലണ്ടനിലെത്തിയപ്പോള്‍ ലോകത്തിന്‍റെ ഗതി മാറിയിരുന്നു. ഒന്നാം ലോകയുദ്ധത്തിന്‍റെ അരങ്ങുണര്‍ന്നു. ബ്രിട്ടനോടും ബ്രിട്ടീഷ് ആധിപത്യത്തോടുമുള്ള ശത്രുത മാറ്റിവച്ചാണ് ഗാന്ധി അപ്പോള്‍ ലണ്ടനിലെത്തിയത്. അവിടെനിന്നും ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയ ഗാന്ധി വൈകാതെ ഇന്ത്യയിലേക്ക് മടങ്ങി. മനുഷ്യവംശത്തിന്‍റെ ഭാവിചരിത്രം ആ യാത്രയില്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. ഇന്ത്യയുടെയും ലോകത്തിന്‍റെയും ഗതിയെ വഴിതിരിച്ചുവിട്ട മടക്കയാത്രയായിരുന്നു അത്.

1931-ല്‍ തന്‍റെ അവസാനസന്ദര്‍ശനത്തിനായി ഗാന്ധി ലണ്ടനിലെത്തി. രണ്ടാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാന്‍. ലോകം ഗാന്ധിയെ കാത്തുനിന്നുകണ്ട ഒരു യാത്രയായിരുന്നു അത്. ബക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ അതിപ്രതാപം നിറഞ്ഞ പടവുകള്‍ക്കു മുന്നിണ്‍ ആ മെലിഞ്ഞ വൃദ്ധന്‍ ഒറ്റമുണ്ടു മാത്രം ധരിച്ചുനിന്നു. യൂറോപ്പിന്‍റെ തണുപ്പില്‍‍, വള്ളിചെരുപ്പ് മാത്രം ധരിച്ച്, കാല്‍മുട്ടിനപ്പുറം മറയ്ക്കാതെ, രാജപ്രതാപത്തിന്‍റെ എല്ലാ ഘോഷങ്ങളുടെയും മറുപുറം പോലെ ഗാന്ധി നിന്നു. ലണ്ടനിലെ സാധാരണ മനുഷ്യര്‍ ഒരു പുതുയുഗത്തിന്‍റെ പ്രവാചകനെയെന്നപോലെ ഗാന്ധിയെ കാണാന്‍ തിരക്കുകൂട്ടി. പാതി ശരീരം മറയ്ക്കാത്ത യാചകനെപ്പോലൊരാള്‍ക്ക് ബ്രിട്ടീഷ് രാജാധികാരം കൈകൊടുത്തു വണങ്ങുന്നത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് സഹിക്കാന്‍ കഴിഞ്ഞില്ല. പരിഹാസവും നിന്ദയും കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം ഗാന്ധിയെ ‘അര്‍ദ്ധനഗ്നനായ ഫക്കീര്‍’ ‘ എന്നു വിശേഷിപ്പിച്ചു. തിരിച്ചുനാട്ടിലെത്തിയതിനുശേഷം ഗാന്ധി ആ വിശേഷണത്തിന് നന്ദിപറഞ്ഞു ചര്‍ച്ചിലിന് കത്തെഴുതി!

പാര്‍ലമെന്‍റ് സ്ക്വയറില്‍ ഇന്ന് ചര്‍ച്ചിലിനൊപ്പം ഗാന്ധിയും ഉണ്ട്! ചരിത്രത്തിന്‍റെ കടല്‍ക്കോളുകള്‍ ചര്‍ച്ചിലിന്‍റെ ഉദ്ധൃതമായ സാമ്രാജ്യമോഹങ്ങളെ കടപുഴക്കി. അര്‍ദ്ധനഗ്നനായ ഒരു ഫക്കീറിന്‍റെ വേഷം ധരിച്ച രാജ്യദ്രോഹിയായ വക്കീല്‍ ബ്രിട്ടീഷ് അധികാരാനങ്ങളില്‍ ചുവടുവയ്ക്കുന്നതിനെ (‘a seditious Middle Temple lawyer, now posing as a fakir of a type well known in the East, striding half-naked up the steps of the regal palace’) ചൊല്ലിയുള്ള അദ്ദേഹത്തിന്‍റെ ക്ഷോഭത്തെ കാലം വകവച്ചില്ല. ‘ചര്‍ച്ചിലിന്‍റെ വംശീയവും സാമ്രാജ്യത്വപരവുമായ കാഴ്ചപ്പാടുകളില്‍നിന്ന് ബ്രിട്ടനും ലോകവും എത്ര മാറി എന്നതിന്‍റെ തെളിവുപോലെ, പാര്‍ലമെന്‍റ് സ്ക്വയറില്‍ ഗാന്ധിയും മണ്ടേലയും ഒരുകൂട്ടം വെള്ളക്കാരോടൊപ്പം നില്‍ക്കുന്നു’ എന്ന്‍ ടെലഗ്രാഫ് പത്രം പിന്നീട് എഴുതി.

2014 ജൂലൈയില്‍ ബ്രിട്ടീഷ് ധനകാര്യമന്ത്രിയായ ജോര്‍ജ്ജ് ഓസ്ബോണ്‍ തന്‍റെ ഇന്ത്യാസന്ദര്‍ശനവേളയിലാണ് ഗാന്ധിജിയുടെ പ്രതിമ നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പ്രമുഖ ശില്പിയായ ഫിലിപ് ജാക്സണായിരുന്നു നിര്‍മ്മാണത്തിന്‍റെ ചുമതല. ഗാന്ധി പ്രതിമയുടെ നിര്‍മ്മാണത്തിന് ലണ്ടനിലെ പ്രമുഖ ഇന്ത്യാക്കാരിലൊരാളായ മേഘനാഥ് ദേശായ്-യുടെ നേതൃത്വത്തില്‍ ഒരു സമിതി തന്നെ രൂപീകരിച്ചിരുന്നു. (Gandhi Statue memorial Trust). ആറ് ലക്ഷം പൌണ്ട് ചെലവഴിച്ചാണ് 9 അടി ഉയരമുള്ള ഗാന്ധിയുടെ പ്രതിമ വെങ്കലത്തില്‍ പണിതീര്‍ത്തത്. രണ്ടാം വട്ടമേശ സമ്മേളനത്തിന് എത്തിയ ഗാന്ധി പ്രധാനമന്ത്രി റാം മക്ഡൊണാള്‍ഡിന്‍റെ ഓഫീസിന് പുറത്തുനില്‍ക്കുന്ന പ്രസിദ്ധമായ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് ഫിലിപ് ജാക്സണ്‍ ഗാന്ധിയുടെ പ്രതിമ രൂപകല്പന ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യാധികാരത്തോട് അതിന്‍റെ കോട്ടയില്‍ വച്ച് ഗാന്ധി നടത്തിയ ആ മുഖാമുഖം പാര്‍ലമെന്‍റ് സ്ക്വയറില്‍ ശാശ്വതാകാരം പൂണ്ടുനില്‍ക്കുന്നു. പാര്‍ലമെന്‍റ് സ്ക്വയറിലെ മറ്റെല്ലാ പ്രതിമകളേക്കാൾ കുറഞ്ഞ ഉയരമേ ഗാന്ധിപ്രതിമയുടെ പീഠത്തിന് ഉള്ളൂ. വിനീതനായ ഈ ചെറിയ മനുഷ്യന്‍ സ്തംഭപാദത്തിന്‍റെ ഉയരം കൊണ്ടല്ല മറ്റുള്ളവരെ മറികടക്കേണ്ടതെന്ന്‍ നിര്‍മ്മാണസമിതിയും ശില്പിയും ബോധപൂര്‍വ്വം തന്നെ തീരുമാനിച്ചതാവണം.

Mahatma Gandhi Statue – Parliament Square In London

മൂന്ന്

മുരളിയേട്ടനോപ്പം പാര്‍ലമെന്‍റ് സ്ക്വയറിലൂടെ നടക്കുമ്പോള്‍ അവിടെ ഏറെപ്പേര്‍ ഉണ്ടായിരുന്നു. രാവിലെ പത്തുമണി പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ചുരുക്കം പേര്‍ പുല്‍മൈതാനിയില്‍ നടക്കുന്നുണ്ട്. ഒന്നുരണ്ടുപേര്‍ പ്രതിമകളുടെ പീഠത്തിനരികെ മരത്തണലിലുണ്ട്. ചരിത്രത്തിന്‍റെ കുതിപ്പുകളും കിതപ്പുകളുമാണ് മനുഷ്യാകാരം പൂണ്ട് തങ്ങള്‍ക്കുചുറ്റും നില്‍ക്കുന്നതെന്ന് അവര്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല. പലവട്ടം കണ്ട് അതിപരിചിതമായ കാഴ്ചയായതുകൊണ്ട്, മുരളിയേട്ടന്‍ മൈതാനത്തില്‍ ഒരിടത്ത് ഇരുന്നു. ഞാന്‍ ഓരോ പ്രതിമയ്ക്കു മുന്നിലും ചെന്നു നോക്കി. പല പേരുകളും അത്രമേല്‍ പരിചിതമായിരുന്നില്ല. അവയ്ക്ക് ചുറ്റുമുണ്ടായിരുന്ന പ്രതാപത്തിന്‍റെ ശോഭാവലയങ്ങളെ കാലം വിഴുങ്ങിയിരിക്കുന്നു.

ചത്വരത്തിന്‍റെ പടിഞ്ഞാറരികിലായിരുന്നു ഗാന്ധിജിയുടെ പ്രതിമ. ഞാനതിനുമുന്നില്‍ കുറേയേറെ നേരം നിന്നു. പടിഞ്ഞാറന്‍ നാഗരികതയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്ന ഈ മനുഷ്യന്‍ എത്ര നിസ്വനായിരുന്നുവെന്ന് വെറുതെ ഓര്‍ത്തു. അധികാരത്തിന്‍റെ പടവുകളിലൊന്നും കാലൂന്നാതെ, കയ്യില്‍ ഒരായുധവുമില്ലാതെ, ലോകാധികാരത്തെ മുഖാമുഖം വെല്ലുവെിളിച്ച ഒരാള്‍. ഒടുവില്‍ സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളത്രയും ശിഥിലമാകുന്നത് കണ്ടുനിന്ന ഒരു പരാജിതന്‍. ‘ഇപ്പോഴും ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു’ എന്ന് അവസാനത്തെ ജന്മദിനവേളയില്‍ (1947 ഒക്ടോബര്‍ 2) ഗാന്ധി പറഞ്ഞത് ഞാനോര്‍ക്കുന്നു. അപ്പോഴേക്കും താന്‍ ഒറ്റയായി കഴിഞ്ഞുവെന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു. ‘നിങ്ങള്‍ പറയുന്നത് ആരും ചെവിക്കൊള്ളുന്നില്ലെങ്കില്‍ തനിയേ നടക്കുക’ എന്നര്‍ത്ഥം വരുന്ന ടാഗോര്‍ കവിത അദ്ദേഹം പ്രാര്‍ത്ഥനായോഗങ്ങളില്‍ നിരന്തരം ഉദ്ധരിക്കുമായിരുന്നു. ഗാന്ധി തനിയെ നടന്നു.

വിജയങ്ങളേക്കാളധികം പരാജയംകൊണ്ടു ജീവിച്ച, പരാജയങ്ങള്‍ കൊണ്ട് മനുഷ്യവംശത്തെ പലതും പഠിപ്പിച്ച, കൃശഗാത്രനായ ആ മനുഷ്യന്‍റെ ഓര്‍മ്മകള്‍ക്കുമുന്‍പില്‍ ഞാനേറെനേരം നിന്നു. ചില ചിത്രങ്ങള്‍ എടുത്തു. മജ്ജയും മാംസവുമായി ഇത്മനെയൊരാള്‍ ഇതിലേ നടന്നിരുന്നുവെന്ന് വരുംതലമുറകള്‍ക്ക് വിശ്വസിക്കാനാവില്ലെന്ന് ഐന്‍സ്റ്റയിന്‍ പറഞ്ഞതോര്‍ക്കുന്നു. പിന്നില്‍ നിരന്നുകാണുന്ന മരങ്ങള്‍ക്കും എടുപ്പുകള്‍ക്കും മുന്നിലായി അക്ഷോഭ്യനായി നില്‍ക്കുന്ന ഗാന്ധിയെ വീണ്ടും നോക്കി. കുറെക്കഴിഞ്ഞ് പച്ചപുതച്ച ആ ചത്വരത്തില്‍ നിന്ന് തെംസിന്‍റെ തീരത്തേക്ക് നടന്നു. കാലമതില്‍ അലയടിച്ചുകൊണ്ടേയിരുന്നു. 

Comments

comments