ഓല ഒന്ന്:

നീറേങ്കൽ ചെപ്പേടുകൾ രണ്ടാംഭാഗം ആരംഭിക്കാൻ ഇട്ടിനാൻ  സ്വയം റീലോഡ്  ചെയ്യുന്ന വിധം.

ക്ണാശ്ശീരി ഊര്‍ജ്ജതന്ത്രത്തിലെ ഗണിതചിന്താപരീക്ഷണങ്ങളിൽ പ്രപഞ്ചയാഥാർത്ഥ്യത്തിനു  പതിനൊന്നു മാനങ്ങൾവരെ ആകാമെന്നു  കണക്കാക്കിയിട്ടുണ്ട്. എം-തിയറിയിലെ സൂപ്പർസ്ട്രിങ്ങുകൾ കമ്പനം ചെയ്യുമ്പോൾ കേൾക്കാനിടയുള്ള വയലിൻ ഓർക്കസ്ട്രക്ക് ഇട്ടിനാൻ കാതോർക്കുന്നു.  കാലത്തെഴുന്നേറ്റു  പ്രത്യേകിച്ചു  വേറെ പണിയൊന്നുമില്ലാത്തതിനാൽ ഇട്ടി ഉത്തരമില്ലാത്ത ചോദ്യങ്ങളിലും ചോദ്യം പ്രസക്തമല്ലാത്ത   ഉത്തരങ്ങളിലും  അലഞ്ഞുതിരിയുകയാണ്. പതിനൊന്നാമത്തേതു  പോട്ടെ, നാലാം  മാനത്തിൽത്തന്നെ പ്രകാശവേഗത്തിൽ കുതിക്കുന്ന ആകാശസഞ്ചാരിക്കു  ഭൂമിയുടെ ത്രിമാന നിലനില്പ്  എപ്രകാരം കാണപ്പെടും? ഒരു പരന്ന തകിടായി പ്രത്യക്ഷപ്പെടുമോ? ക്ണാശ്ശീരിയിലെ ന്യൂട്ടോണിയൻ രേഖീയസമയം  അയാൾക്ക്‌ വർത്തുളാകാരമായി    അനുഭവപ്പെടില്ലേ? ‘ഹേ!  ഗഗാറിൻ..ഗഗനചാരിൻ; പഥികനെന്‍ വഴി വിട്ടുമാറിന്‍….’ എന്ന അയ്യപ്പപ്പണിക്കരുടെ ശാസ്ത്രപുരോഗതി  കാവ്യാവേശം വെറും കളിതമാശയാകുമോ?

അണ്ഡകടാഹത്തെ സംബന്ധിച്ചിടത്തോളം ജീവരൂപങ്ങളുടെ ഒരു ചേരിപ്രദേശം മാത്രമായ  ഭൂഗോളം വൈറസിന്റെ പിടിയിൽപ്പെട്ടു വട്ടംകറങ്ങുന്ന നാളുകൾ. ക്ണാശ്ശീരിയും ട്രിപ്പിൾ ലോക്ക്ഡൗണിൽ കുടുങ്ങി ഒറ്റപ്പെട്ടു കിടന്നു. പുറത്തിറങ്ങാനാകാതെ വെറിപിടിച്ച ഇട്ടിനാൻ ബ്രഹ്മാണ്ഡഘടനകളുടെ ആശ്ചര്യങ്ങളിൽ  അഭയം പ്രാപിച്ചു. ഭൂതവർത്തമാനഭാവിത്രയങ്ങൾ ഒരേ ബിന്ദുവിൽ ഒരേ നൊടിയിൽ ഇട്ടിക്കുള്ളിലേക്കു പൊട്ടിത്തെറിക്കുമ്പോൾ….

അന്നേരമാണ് സൈബർസ്പേസിൽനിന്നും  വേലും കുന്തവും ശരങ്ങളും ഇട്ടിക്കു നേരെ തുരുതുരാ  പാഞ്ഞത്:

“ഹേയ്, ഇട്ടിനാൻ…താങ്കൾ ഏറ്റെടുത്ത  ചെമ്പോലകളുടെ  പണികൾ എന്തായി? താങ്കളുടെ കുഴിമടിയും ഉത്തരവാദിത്വക്കുറവും നവമലയാളികൾ ഇനിയും വെച്ചുപൊറുപ്പിക്കുന്നതല്ല!”

ലോക്ക് ഡൌൺ, തൊഴിൽനഷ്ടം, വിഷാദം, കോപം എന്നീ കാരണങ്ങളാൽ ഇട്ടിയുടെ  ചരിത്രനിർമ്മാണം  പൊട്ടിപ്പാളീസായി കിടപ്പായിരുന്നു. ചെമ്പുപാത്രം വാങ്ങി അടിച്ചുപരത്തി ചെമ്പോല കൊത്താനുള്ള ‘ചെമ്പ്’  കയ്യിലില്ലെങ്കിൽ  പിന്നെയെന്ത് ചരിത്രഗവേഷണം? നീറേങ്കലിൽ   രാഷ്ട്രീയക്കാറ്റുകൾ മാറിമാറി  വീശുന്നതിനൊപ്പം തരാതരം മുഖംമൂടികൾ  മാറ്റുന്ന സാഹിത്യസാംസ്കാരിക കോമാളികളുടെ  മുഖത്തു വീണ്ടുമൊരു സർജിക്കൽ മാസ്ക് വെച്ചു  വെബിനാറുകൾ സംഘടിപ്പിച്ചു നവമലയാളികൾക്കു റിപ്പോർട്ട് അയച്ചാലോ? നൂറുകൂട്ടം നൂലാമാലകളിൽപ്പെട്ടു   നട്ടംതിരിയുന്നതിനിടക്ക് ഇട്ടിയുടെ കാവ്യസെമിനാറുകൾക്കു നാട്ടാർ തല വെക്കുമോ? ജന്മസിദ്ധമായ ആശയക്കുഴപ്പം ഇട്ടിയിൽ  ഇരട്ടിച്ചു.

നവമലയാളികൾ അയക്കുന്ന അമ്പുകളിൽനിന്നും   ഒഴിഞ്ഞുമാറി ഇട്ടിനാൻ  വീട്ടിനകത്തു പതുങ്ങി നടന്നു. ‘Boredom is the dream bird that broods the egg of experience.’ എന്ന വാൾട്ടർ ബന്യാമിന്റെ ആപ്തവാക്യം  അനുസരിച്ചു  മുക്കിലും മൂലയിലും.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച നീറേങ്കൽ ചെപ്പേടുകൾ എന്ന പുസ്തകത്തിന്റെ കവർ
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച നീറേങ്കൽ ചെപ്പേടുകൾ എന്ന പുസ്തകത്തിന്റെ കവർ

അപ്പോഴാണ് ചിന്തകൻ ലൂയി പരിഹാരനിർദ്ദേശവുമായി മുന്നോട്ടു വന്നത്:

“ഡേയ്, നീ നിന്റെ വാട്ട്സ് ആപ്പ് വിഡ്ഢിത്തരങ്ങൾ, എഫ്.ബി കുറിപ്പുകൾ, നമ്മുടെ ഫോൺ സംഭാഷണങ്ങൾ എല്ലാം ഗൂഗിൾ എഴുത്താണികൊണ്ട് കുത്തിക്കുറിക്ക്. മുണ്ടശ്ശേരി മാഷ്ടെ രൂപഭദ്രതാവാദം  തത്ക്കാലം കെട്ടിപ്പൊതിഞ്ഞു കുടുക്കയിലിട്ട്  അടുപ്പിനു മുകളിൽ കെട്ടിത്തൂക്കിക്കോ. അടുത്ത മഴക്കാലത്തേക്ക്  നന്നായി ഉണങ്ങിക്കിട്ടും. ആലോചനകളും അനുഭവങ്ങളും തവിടുപൊടിയായ നമ്മുടെ ലോകത്ത് എന്ത് രൂപം? എന്ത് ഭദ്രത!  ഉള്ളിലുള്ളത് പരസ്പരം പങ്കുവെക്കാനുള്ള സംസാരശേഷിയും ഭാഷയും  എന്നേ ക്ണാശ്ശീരിക്കാർക്ക് നഷ്ടമായിക്കഴിഞ്ഞു. ആ പ്രതിസന്ധിയെക്കുറിച്ചാണ് നീ ഓല നിർമ്മിക്കേണ്ടത്.    ലോക്ക് ഡൌൺ മാറിയിട്ട് ചെമ്പുരുളികൾ വാങ്ങാനുള്ള  തുട്ട് നമുക്ക് സംഘടിപ്പിക്കാം. നവമലയാളികളെ പിണക്കുന്നത് നിനക്ക് അത്ര നല്ലതിനല്ല.”

അപ്രകാരം തന്റെ അനാത്മീയഗുരു ലൂയിയുടെ ഉപദേശം കൈക്കൊണ്ട ഇട്ടിനാൻ  മുടങ്ങിപ്പോയ നീറേങ്കൽ ചരിത്രാന്വേഷണം പുനരാരംഭിക്കുകയാണ്.

ഓല രണ്ട് – തട്ടിൻപുറത്തു കണാരന്റെ തിരനോട്ടം.

അതികാലത്തു കാലിച്ചായ അടിക്കാൻ ഇട്ടിനാൻ ലോക്ക്ഡൌൺ മുളവേലികൾ ചാടിക്കടന്നു പെട്ടിബൂർഷ്വ രാജേട്ടന്റെ ചായക്കടയിലേക്കു  നടന്നു.

ചിന്തകൻ ലൂയി നേരത്തെത്തന്നെ കടയിൽ അവതരിച്ചിരുന്നു.  തന്റെ സ്ഥിരം മൂലയിൽ സുലൈമാനി ഊതിക്കുടിച്ചുകൊണ്ട്. കൂട്ടത്തിൽ ഒരു കഷണം കടലാസ്സിൽ എന്തോ തകൃതിയായി എഴുതുന്നുമുണ്ട്.

ഇട്ടി ആകാംക്ഷാഭരിതനായി: ചേട്ടായീ, ഇതെന്താ കുത്തിക്കുറിക്കുന്നത്?

ലൂയി: ഡേയ്, പോലീസിനും നാട്ടാർക്കും തീരെ ആവശ്യമില്ലെങ്കിലും ഭരണകൂടം തന്നെ സദാ വേട്ടയാടുന്നു എന്ന് വരുത്തിത്തീർക്കാൻ വീടിന്റെ തട്ടിൻപുറത്ത് ഒളിച്ചിരിക്കുന്ന ഒരുത്തനെക്കുറിച്ച് വി.കെ.എൻ എഴുതിയിട്ടുണ്ട്.

ഇട്ടി: കഥയുടെ പേര് ഓർമ്മ കിട്ടുന്നില്ല, ചേട്ടായി…

ലൂയി: അത് സാരമില്ല; എനിക്കും ഓർമ്മപ്പിശകുണ്ട് …പക്ഷേ, കഥാപാത്രം ഇപ്പോഴും തട്ടിൻപുറത്തുണ്ട്. അവനുള്ള രഹസ്യസന്ദേശം ഞാൻ നിന്റെ കയ്യിൽ തരാം. നീയിതു ഒച്ചയുണ്ടാക്കാതെ കോണി കയറി ചങ്ങായിയെ ഏല്പിയ്ക്കണം.

ഇട്ടി ലൂയി എഴുതിയുണ്ടാക്കിയ സന്ദേശം വായിക്കുന്നു.

“കണാരാ, അങ്ങുന്ന് മച്ചിൻപുറത്തുനിന്ന് നിലത്തേക്കിറങ്ങണം. അടുത്തകാലത്തൊന്നും ഗ്രാമങ്ങൾ നഗരത്തെ വളയുന്ന യാതൊരു ലക്ഷണവും  ഭൂമിശാസ്ത്രപരമായി കാണുന്നില്ല. പോരാത്തതിന് മ്മ്‌ടെ ക്ണാശ്ശീരി ഗ്രാമത്തിനു ചുറ്റും നഗരങ്ങൾ തിങ്ങിക്കഴിഞ്ഞു. യാന്ത്രികയുക്തിവാദപരമായി ചിന്തിക്കുകയാണെങ്കിൽ പ്രതിവിപ്ലവം നടക്കാനാണ് സാധ്യത. അതിനുമുൻപ് ക്ണാശ്ശീരി കവലയിലുള്ള പെട്ടിബൂർഷ്വ രാജേട്ടന്റെ കടയിൽനിന്നും ഓരോ കാലിച്ചായ അടിക്കുന്നതിൽ വിരോധമില്ലല്ലോ. ക്ണാശ്ശീരിയിൽ അവശേഷിച്ചിട്ടുള്ള ഒരേയൊരു വിപ്ലവകാരി കണാരൻ മാത്രമാണെന്നു സമ്മതിച്ചു തരാൻ രാജേട്ടനെ ഞാൻ ചട്ടം കെട്ടിയിട്ടുണ്ട്. ”

കാലിച്ചായ വേഗം മൊത്തിക്കുടിച്ചു രഹസ്യസന്ദേശവുമായി ഇട്ടി ചായക്കടയിൽനിന്നും നിഷ്ക്രമിക്കുന്നു.

പശ്ചാത്തലത്തിൽ രാജേട്ടൻ ഏതോ എഫ്.എം തരംഗദൈർഘ്യത്തിൽ പിടിച്ചെടുക്കുന്ന  നാടൻ/കാടൻ പാട്ടുകൾ.

ഓല മൂന്ന്: ക്ണാശ്ശീരിയിലെ അധുനാധുന ജീവിതശൈലീരോഗങ്ങൾ

തട്ടിൻപുറത്തു കണാരൻ പതിവുപോലെ അതികാലത്ത് എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾ നിറവേറ്റിയ ശേഷം കൃത്യം മൂന്ന് ദോശ ചട്ടിണിയും സാമ്പാറും കൂട്ടി അകത്താക്കി. മധുരമില്ലാത്ത കട്ടൻകാപ്പിക്കൊപ്പം ദിനപത്രം അവലോകനം ചെയ്തു. ലോകഗതിയോർത്തു ഏതാനും നിമിഷങ്ങൾ വിഷാദം ഭാവിച്ചു. എഴുത്തുമുറിയിലേക്കു കയറുമ്പോൾ പതിനൊന്നു മണിക്ക് ഒരു അട മാത്രം മതിയാകുമെന്നു ഭാര്യയെ ഓർമ്മിപ്പിച്ചു. ഊണിന് അവിയലും കയ്പ്പക്കത്തോരനും മോരും ഉണ്ടെങ്കിൽ വളരെ സന്തോഷമായി.

ഉടുത്തിരുന്ന കൈലി മാറ്റി കളസത്തിൽ കയറിയതോടെ അദ്ദേഹത്തിന് പൊതുവെ ഒരു ആധുനിക പരിവേഷം കൈവന്നു. പുകയില ചേർക്കാതെ വെറ്റില ചവക്കുന്നതിൽ സ്വല്പം പിന്തിരിപ്പത്തം തോന്നിയെങ്കിലും. എഴുത്തുമേശയിലെ വെള്ളക്കടലാസ് പരിഭ്രമത്തോടെ ഇളംകാറ്റിൽ  ഇളകി കളിച്ചു. ഇന്നിനി കഥയാണോ കവിതയാണോ സാഹിത്യസിദ്ധാന്തമാണോ പുമാൻറെ മനസ്സിലിരുപ്പ്?

പുതിയ കവിത ഏതു രൂപഘടനയിൽ എഴുതണമെന്ന് അദ്ദേഹം കൂലങ്കഷമായി ആലോചനിയിലാണ്ടു. ഒരു മുട്ടയിട്ടു സ്ഥലം വിട്ട ‘അയ്യോ പാവം’ പതിഞ്ഞ പൊന്നാനി മട്ടിൽ മതിയോ? അതോ നിഷ്കാസനങ്ങളുടെ വേദനയിൽ പദങ്ങൾ അരിപ്പയിൽ ചേറ്റിക്കൊഴിക്കുന്ന ഹെർത്ത മുള്ളറുടെ ആഖ്യാനരീതി പോസ്റ്റ് മോഡേൺ സങ്കേതമായി ഈ പഞ്ചായത്തിലേക്ക് അടിച്ചുമാറ്റണോ? ക്ണാശ്ശീരി കാവ്യരംഗത്തു   തന്നെപ്പോലുള്ള കൺസ്ട്രക്ഷൻ വർക്കേഴ്സിന് അടിയന്തരമായി ഒരു സംഘടനയുണ്ടാക്കണമെന്ന അതിവിപ്ലവ വ്യാമോഹത്തിൽ പെട്ടുപോയതിനാൽ കവിതയുടെ കാര്യം ഡികൺസ്ട്രക്ഷൻ കുന്തമായി.

അല്പം വ്യായാമമുറകൾക്കുശേഷം അദ്ദേഹം കഥയിൽ കൈവെച്ചു. പഴയ ലൈലാൻഡ് ബസ് ഇഴഞ്ഞുവലിഞ്ഞു ചുരം കയറുന്നതു പോലെ ഏതാനും വാക്യങ്ങൾ എഴുതി. വായനക്കാർ വണ്ടിയിൽ നിന്നിറങ്ങി വേറെ വഴിക്കു നടന്നുപോകുമോ എന്ന് കണാരനുതന്നെ  ആശങ്ക തോന്നി. എഴുതിയത് വെട്ടി ചില അർദ്ധവാക്യങ്ങൾ വാലും തലയുമില്ലാതെ പടച്ചു. കൊള്ളാം, ധീരോദാത്തമായ പരീക്ഷണം! ആസ്വാദകർക്കു  വായിൽ മണലിട്ടു ചവച്ച സൗന്ദര്യാനുഭൂതി ഉണ്ടാകും. അതില്ലെങ്കിൽ റയിൽപ്പാളം കടിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്ന പ്രശ്നാധിഷ്ഠിത അവബോധമെങ്കിലും ഉരുത്തിരിയേണ്ടതാണ്. തീർച്ച

ഉച്ചയൂണിനു ശേഷം കണാരൻ ഒന്നു മയങ്ങി. വൈകുന്നേരത്തെ കാപ്പിക്ക് അധികം എണ്ണയില്ലാതെ ഉണ്ടാക്കിയ വെജിറ്റബിൾ കട്ട്ലറ്റ് ആയിരുന്നു കടി. ഗ്യാസിന്റെ ശല്യം കാരണം ഒരെണ്ണം മുഴുവനായി ശാപ്പിടാനും പറ്റിയില്ല.

മുറ്റത്തു തെക്കുവടക്കു നടത്താറുള്ള സായാഹ്‌ന സവാരിക്കു  ശേഷമാണ് അദ്ദേഹത്തിൽ സാഹിത്യസിദ്ധാന്തം ഉടലെടുത്തത്. അതിപുരാതനമായ ഏതോ കുടിപ്പകയുടെ മാനസികവ്യാപാരത്തിൽ ക്ണാശ്ശീരിയിലെ അത്യന്താധുനികതക്ക് ഒരു അടിയന്തര കുറിപ്പടി കണാരൻ എഴുതിയുണ്ടാക്കി. ഭാവനാകൗശലം, വീക്ഷണകോൺ വൈവിധ്യം, അനശ്വരതയുടെ മറുകണ്ടം ചാടൽ മുതലായ സ്ഥിരം പല്ലവികളിൽ. ഇമ്മാതിരി എത്രയെത്ര  സിദ്ധാന്തം പടക്കണമെങ്കിലും അതിനെല്ലാം വേണ്ട ടെംപ്ലേറ്റുകൾ കണാരൻ വൃത്തിയായി ഫയൽ ചെയ്തു സൂക്ഷിച്ചിരുന്നു.

അത്താഴം ഓട്ട്സ് കഞ്ഞിയിലും ഉപ്പിലിട്ട നാരങ്ങാ അച്ചാറിലുമായി ഒതുക്കി. തുടർന്ന് പ്രമേഹം, രക്തസമ്മർദ്ദം, കൊഴുപ്പിന്റെ ആധിക്യം, വിഷാദം, ഉറക്കക്കുറവ് എന്നിവക്കുള്ള പത്തു മില്ലിഗ്രാം ഗുളികകൾ വിഴുങ്ങി. അഞ്ചു ശൈലിയിലുള്ള മരുന്നുകൾ കഴിച്ചത് മൂലം ഉണ്ടാകാവുന്ന മലബന്ധം ഒഴിവാക്കാൻ ആയുർവേദ ചൂർണ്ണവും ചുക്കുവെള്ളത്തിൽ കലക്കിക്കുടിച്ചു. പ്രാർത്ഥിച്ചാലോ എന്ന് ശങ്കിച്ചെങ്കിലും അധുനാധുനമായി വേണ്ടെന്നു വെച്ചു. തട്ടിൻപുറത്തേക്കു നോക്കി ഗൃഹാതുരത്വസംബന്ധിയായ നാലഞ്ചു  നെടുവീർപ്പിട്ടു. ജീവിതസൗകര്യങ്ങൾ കൂടുംതോറും കണാരനിൽ വർദ്ധമാനമാകുന്ന പ്രത്യേകയിനം സാഹിത്യരോഗമാണ്  വ്യർത്ഥതാബോധം.

ഫ്യൂഡൽ തലയിണയിൽ തല ചായ്ക്കുമ്പോഴാണ് ഒരു സഹസാഹിത്യൻ കുന്ദേരയുടെ ആപ്തവാക്യം കണാരന് വാട്ട്സ് ആപ്പിൽ ക്വട്ടേഷനായി അയച്ചത്: “To laugh is to live profoundly.”

—————————————————————

കണാരപർവ്വത്തിനു പ്രാരംഭം കുറിച്ച്  ഇട്ടിനാൻ ഓലകൾ കുത്തിക്കെട്ടുമ്പോൾ അന്തി ചാഞ്ഞിരുന്നു. ചെമ്പോലയിലെ സ്ഥല-സമയ നൈരന്തര്യം പൂജ്യം മാനത്തിലേക്കു സാവകാശം ചുരുങ്ങി.

ഇട്ടിനാൻ ഗൂഗിൾ എഴുത്തുപകരണത്തിൽനിന്നും മൗനത്തിലേക്കു ബ്രൗസ് ചെയ്യുന്നു. ആരുടെയോ ഓർമ്മയിൽ നഷ്ടമായ ഒരു പ്രദേശത്തിലേക്കെന്നപോലെ നീറേങ്കലിലേക്ക് ഇരുട്ട് കടന്നുവരുന്നു. ആ ഇരുട്ടിൽ ഇട്ടിനാൻ  ഒറ്റക്കിരിക്കുന്നു.

———————————————-

തത്ക്കാലം ഓല സമാപ്തം.

Comments

comments