(മഹാമാരികളുടെ ചരിത്രം – Part 2)
ക്രിസ്തുവിന് ശേഷം 541 ആണ് വർഷം. നൈൽനദിയുടെ കിഴക്കേ കൈവഴിയുടെ തീരത്തുള്ള പെലൂസിയം എന്ന നഗരത്തിൽ ഒരു പുതിയ അസുഖം പ്രത്യക്ഷപ്പെടുകയാണ്. ശരീരത്തിൽ മുഴകളും, തിണർപ്പുകളും ഉണ്ടാവുക, പനിക്കുക, തീർത്തും അവശനാകുക വൈകാതെ മരണത്തിലേക്കെത്തുക അങ്ങനെയായിരുന്നു ആ രോഗത്തിൻ്റെ പോക്ക്. അധികം താമസിയാതെ അസുഖം സമീപത്തെ വലിയ നഗരമായ അലക്സാണ്ട്രിയയിലെത്തി. കിഴക്കോട്ട് ഗാസയിലേക്കും വ്യാപിക്കാൻ താമസമുണ്ടായില്ല. ലോകചരിത്രത്തിലെ ബ്യുബോണിക് പ്ലേഗിന്റെ ആദ്യവരവായിരുന്നു അത്. യെർസീനിയ പെസ്റ്റിസ് എന്ന രോഗാണുവിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രത്യക്ഷപ്പെടൽ. പക്ഷെ, ഈജിപ്തിലായിരിക്കില്ല അതിന്റെ ഉത്ഭവം. ചൈനയുടെ ഉൾനാടുങ്ങളിൽ നിന്നെങ്ങോ സിൽക്കുപാതകൾ വഴി കച്ചവടസംഘങ്ങൾക്കൊപ്പം എത്തിയതായിരിക്കണം ആ സൂക്ഷ്മാണു.
ആറാം നൂറ്റാണ്ടിൽ യൂറോപ്പിൻ്റെ മിക്ക ഭാഗവും, ഏഷ്യയിലാണെങ്കിൽ പേഷ്യൻ സാമ്രാജ്യത്തിൻ്റെ പടിഞ്ഞാറ് നല്ലൊരു ഭാഗവും, ആഫ്രിക്കയുടെ വടക്കുഭാഗവും, കിഴക്കൻ റോമാസാമ്രാജ്യത്തിൻ്റെ ഭാഗമാണ്. അക്കാലത്ത് പടിഞ്ഞാറൻ റോമാസാമ്രാജ്യവും കിഴക്കിന്റെ കീഴിലാണ്. അതായത് കൃത്യമായി പറഞ്ഞാൽ വിശാല റോമൻ സാമ്രാജ്യം. രണ്ടാം നൂറ്റാണ്ടിലെ ആന്റനൈൻ പ്ലേഗിന്റെ വരവിനു ശേഷം റോമാനഗരത്തിന്റെ ശക്തിയും സ്വാധീനവും ഗണ്യമായി കുറഞ്ഞുവെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞല്ലോ. റോം തുടർച്ചയായി ബാർബേറിയന്മാരുടേയും ഗോത്തുകളുടേയും ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്തു. അങ്ങനെയാണ് മഹാനായ കൊൻസ്റ്റാന്റിൻ ചക്രവർത്തി റോമിനു പകരം പുതിയൊരു തലസ്ഥാനം സ്ഥാപിക്കുന്നതും അതിന് സ്വന്തം പേര് നല്കുന്നതും. യൂറോപ്പിന്റെ രാഷ്ട്രീയസമവാക്യങ്ങളിൽ വലിയ മാറ്റം വരുത്തിയ ഈ നടപടിയിലേക്കെത്തിച്ചതും, അന്നു മുതലാരംഭിച്ച റോമിന്റെ പതനത്തിനു നിദാനമായതും ആന്റനൈൻ മഹാമാരി വിതച്ച ദുരിതങ്ങളായിരുന്നു.
കൊൻസ്റ്റാന്റിൻ ചക്രവർത്തി സ്ഥാപിച്ച പുതുനഗരമായ കൊൻസ്റ്റാൻറിനോപ്പിൾ അന്ന് ലോകത്തിൻ്റെ തന്നെ തലസ്ഥാനമാണ്. ആ ലോകമഹാനഗരത്തിലേക്ക് പ്രവഹിക്കുന്ന പാതകൾക്കും കപ്പൽവഴികൾക്കും കണക്കൊന്നുമില്ല. അന്ന് യൂറോപ്പിലേക്ക് ധാന്യങ്ങൾ എത്തിയിരുന്നതാകട്ടെ റോമാസാമ്രാജ്യത്തിന്റെ കലവറയായിരുന്ന ഈജിപ്തിൽ നിന്നും. നെല്ല്, ഗോതമ്പ്, ചോളം എന്നിവയ്ക്കു പുറമെ കടലാസ്, എണ്ണ, ആനക്കൊമ്പ്, എന്നിവയുടേയും അടിമകളുടേയുമൊക്കെ വമ്പിച്ച സ്രോതസ്സായിരുന്നു നൈൽനദീമുഖം. അലക്സാണ്ട്രിയയിലും മറ്റുമുണ്ടായിരുന്ന പണ്ടികശാലകൾ ധാന്യച്ചാക്കുകളുടെ നിറവിൽ എലികളുടേയും എലിച്ചെള്ളുകളുടേയും പുനരുത്പാദനകേന്ദ്രങ്ങളായി മാറിയതിൽ ആർക്കും അത്ഭുതമുണ്ടാവില്ല. കപ്പലുകൾ അലക്സാണ്ട്രിയയിൽ നിന്ന് മധ്യധരണ്യാഴി മുറിച്ചുകടന്ന് കൊൻസ്റ്റാൻ്റിനോപ്പിളിലേക്കും റോമിലേക്കും കുതിച്ചുകൊണ്ടേയിരുന്നു. ധാന്യച്ചാക്കുകൾ അട്ടിയട്ടിയായി കിടപ്പുണ്ടാവും ആ കപ്പലുകളിലെല്ലാം. ഒപ്പം എലികളും. ഈ എലികളായിരുന്നു പ്ലേഗിൻ്റെ വാഹകർ. ബ്യൂബോണിക് പ്ലേഗ് പടരുന്നത് എലിച്ചെള്ളിലൂടെയാണ് എന്ന് ഇന്നു നമുക്കറിയാം. സിനോപ്സില്ല എന്ന ഈ ചെള്ള്, യെർസീനിയ പെസ്റ്റിസ് എന്ന സൂക്ഷ്മാണുവിനെ എലിയിൽ നിന്ന് മനുഷ്യനിലേക്കെത്തിക്കുന്നു. റാറ്റസ് റാറ്റസ് എന്ന ശാസ്ത്രീയനാമത്തോടു കൂടിയ എലികൾ ഒരു ദിവസത്തിൽ ഇരുനൂറു മീറ്ററിലപ്പുറമൊന്നും സഞ്ചരിക്കാറില്ല എന്നാണ് വെപ്പ്. പക്ഷെ, ധാന്യച്ചാക്കുകൾക്കിടയിൽ ഒളിച്ചിരിക്കുന്നതിനാൽ അവയ്ക്ക് ലോകമെമ്പാടുമുള്ള നഗരങ്ങളിലേക്ക് ഒഴുകിയെത്താൻ നിഷ്പ്രയാസം സാധിക്കുന്നു. ഒപ്പം ചെള്ളുകൾക്കും. പിന്നെ, ചെള്ളുകൾക്കുള്ളിലെ അപകടകാരിക്കും.
അങ്ങനെ 541-ൽ പെലൂസിയത്തിൽ പ്രത്യക്ഷപ്പെട്ട പ്ലേഗ് അലക്സാണ്ട്രിയയിൽ നിന്നുള്ള കപ്പലുകളിലെ ധാന്യച്ചാക്കുകളിലൂടെ തൊട്ടടുത്ത വർഷം തന്നെ വിശാല റോമാസാമ്രാജ്യത്തിൻ്റെ നെടുംതൂണായ കൊൻസ്റ്റാൻ്റിനോപ്പിൾ എന്ന ലോകമഹാനഗരത്തിലേക്ക് എത്തിച്ചേർന്നു. അക്കാലത്ത് നാടുവാണിരുന്ന ജസ്റ്റീനിയൻ ചക്രവർത്തി ജനപ്രിയനും നീതിമാനുമായിരുന്നു എന്ന് ചരിത്രം പറയുന്നു. ലോകത്തിലിന്നും നിലവിലുള്ള പല നീതിന്യായ വ്യവസ്ഥകൾക്കും അടിസ്ഥാനമായ നിയമങ്ങൾ എഴുതപ്പെട്ടത് ജസ്റ്റീനിയൻ്റെ സാന്നിദ്ധ്യത്തിലും സ്വാധീനത്തിലും പരിശ്രമത്താലുമായിരുന്നു എന്നത് ചെറിയ കാര്യമല്ല. സാമാന്യം സമാധാനപൂർണ്ണമായ ഒരു കാലവുമായിരുന്നു അത്. ഇന്നും ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് കരുതപ്പെടുന്ന വാസ്തുശില്പങ്ങളും കെട്ടിടങ്ങളും പിറന്നതും അക്കാലത്തു തന്നെ. സമാധാനപ്രിയനായിരുന്നെങ്കിലും ശക്തമായ ഒരു സൈന്യം ജസ്റ്റീനിയൻ്റെ കീഴിലുണ്ടായിരുന്നു എന്നതാണ് സത്യം. ജനങ്ങൾക്കിടയിലെ സമാധാനം രാജ്യാതിർത്തികളിലെ സൈനികശക്തിയുടെ ഫലമാണ് എന്നതിൽ ചക്രവർത്തി തീർത്തും വിശ്വസിച്ചിരുന്നു. ഫലമോ, റോമൻ സാമ്രാജ്യം അതിൻ്റെ ഏറ്റവും ശക്തമായ നിലയിലേക്കെത്തുകയും ചെയ്തു. എങ്കിലും, 527 മുതൽ 38 വർഷം റോമാസാമ്രാജ്യം ഭരിച്ച ജസ്റ്റീനിയൻ ചക്രവർത്തിയുടെ പേരിലായിരുന്നു ആ മഹാമാരിക്ക് ചരിത്രത്തിലറിയപ്പെടാൻ യോഗം.
പ്രൊക്കോപ്പിയസ് എന്ന ചരിത്രകാരനാണ് അക്കാലത്തെ പ്ലേഗിൻ്റെ വരവിനെക്കുറിച്ച് ആദ്യമായി വിവരിക്കുന്നത്. ചെറിയ പനിയോടു കൂടി അവിടെവിടെയായി പ്രത്യക്ഷപ്പെടുന്ന നെല്ലിക്കയോളം പോന്ന മുഴകളാണ് പലപ്പോഴും ആദ്യലക്ഷണം. പ്രത്യേകിച്ച് കാലിടകളിലായിരുന്നു കൂടുതൽ. കക്ഷത്തും ചെവിയ്ക്കു പിന്നിലും ഈ മുഴകൾ കാണാം. ബ്യൂബോ എന്നായിരുന്നു മുഴകളെ വിളിച്ചിരുന്നത്. അതുകൊണ്ടായിരുന്നു ബ്യൂബോണിക് പ്ലേഗ് എന്ന പേരുവന്നത്. കടുത്ത ക്ഷീണം, പിന്നെ മൂന്നു ദിവസം കഴിഞ്ഞാൽ ചുട്ടുപൊള്ളുന്ന പനിയും. തുടർന്ന്, പൊടുന്നനെയുള്ള മരണവും. ചിലർക്ക് കൂടിയ പനി തുടക്കം മുതലേ ഉണ്ടാവും. ഈ മൂന്നുദിവസം കഴിഞ്ഞു പോകുന്നവർ പലരും രക്ഷപ്പെടുമത്രെ. എങ്കിലും വൈകിയുള്ള മരണങ്ങൾ അപൂർവ്വമൊന്നുമായിരുന്നില്ല. പ്രൊക്കോപ്പിയസ് വിവരിക്കുന്ന രോഗികളിൽപ്പലരും വിഭ്രാന്തികൾ, ദു:സ്വപ്നങ്ങൾ, എന്നിവയിലൂടെ നീങ്ങിയിരുന്നതായി പറയുന്നു. ഒടുവിൽ അത് അബോധാവസ്ഥയിലും മരണത്തിലുമെത്തുകയായി. ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിക് പ്ലേഗ്, രക്തത്തെ ബാധിക്കുന്ന സെപ്റ്റിസീമിക് പ്ലേഗ്, എന്നിങ്ങനെ മറ്റു വകഭേദങ്ങൾ കൂടി ഇക്കൂട്ടത്തിലുണ്ടായിരുന്നു.
പഴയ റോമിന്റെ സുവർണ്ണകാലം വീണ്ടെടുക്കുമെന്ന വാശിയിലായിരുന്നു ജസ്റ്റീനിയൻ 527-ൽ അധികാരത്തിലേറിയത്. അതിൽ ഏതാണ്ടൊക്കെ വിജയിക്കുകയും ചെയ്തു. ഈ സൈനികവിജയങ്ങളുടെ ചെലവിനായി വലിയ നികുതികളും ചക്രവർത്തി ഏർപ്പെടുത്തി. പലരും ഇതിനെ ജനദ്രോഹനടപടിയായി കണ്ടു. പ്ലേഗ് പടർന്നതോടെ ജനങ്ങളുടെ ചക്രവർത്തിയോടുള്ള ഇഷ്ടമൊക്കെ കുറഞ്ഞു തുടങ്ങിയിരിക്കണം. മാത്രവുമല്ല, സൈന്യത്തിനു വേണ്ടി ഈജിപ്തിൽ നിന്നും വൻതോതിൽ ധാന്യങ്ങൾ കൊണ്ടുവന്നതും പ്ലേഗിനെ പടർത്തുന്നതിനെ സഹായിച്ചിട്ടുണ്ട്. ഒപ്പം സൈനികനീക്കങ്ങളും. പക്ഷെ, രോഗവ്യാപനത്തെ ശാസ്ത്രീയമായി മനസ്സിലാക്കാനൊന്നും കഴിയുന്ന ജനതയായിരുന്നില്ല അന്ന് യൂറോപ്പിലേത്. രോഗബാധിതരും അവരുടെ കുടുംബങ്ങളും പെട്ടെന്ന്, കഷ്ടപ്പാടുകളിലേക്കു നീങ്ങി. അക്കാലത്തൊക്കെ ദൈവശാപം എന്നതിൽ കവിഞ്ഞൊന്നും ആർക്കും ചിന്തിക്കാനുമാവുകയില്ലായിരുന്നു. എന്തിനേറെ, പ്രൊക്കോപ്പിയസ് പോലും ജസ്റ്റീനിയൻ ചക്രവർത്തി ഒരു സാത്താനായതുകൊണ്ടോ, അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ദുഷ്ടതകൾക്കുള്ള ദൈവകോപഫലം കൊണ്ടോ ആണ് നഗരത്തിൽ പാവപ്പെട്ട ജനങ്ങൾ പ്ലേഗു കാരണം മരിച്ചുവീഴുന്നത് എന്നു സമർത്ഥിക്കുന്നുണ്ട്.
റോമാസാമ്രാജ്യത്തിന്റെ അകം സമാധാന പൂർണ്ണമായിരുന്നെങ്കിലും, അതിർത്തികളിലെല്ലാം പലരുമായുള്ള സംഘർഷങ്ങൾ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. ഓസ്ട്രോഗോത്തുകളുമായി ഇറ്റലിയിലും, വാൻഡലുകളും ബെർബറുകളുമായി ഉത്തരാഫ്രിക്കയിലും, ഫ്രാങ്കുകൾ, സ്ലാവുകൾ, ആവറുകൾ എന്നിവരുമായും, മറ്റു ബാർബേറിയൻ ഗോത്രക്കാരുമായുമുള്ള നിരന്തരയുദ്ധമായിരുന്നു അത്. സൈനികരുടെ തുടർച്ചയായ സഞ്ചാരവും, അവർക്കു വേണ്ടിയുള്ള സഹായങ്ങൾക്കായി പരിശ്രമിച്ചിരുന്ന മറ്റു ജനവിഭാഗങ്ങളും, സാമ്രാജ്യത്തിലെങ്ങുമായി നീങ്ങിക്കൊണ്ടിരുന്ന ഒരു ജനതയെ സൃഷ്ടിച്ചിരുന്നു. കൊൻസ്റ്റാന്റിനോപ്പിൾ എന്ന മഹാനഗരത്തിനെ കേന്ദ്രീകരിച്ചായിരുന്നു ആ സമൂഹചലനങ്ങളെല്ലാം. 542-ാം വർഷമായപ്പോഴേക്കും ജസ്റ്റീനിയൻ ചക്രവർത്തി ഏതാണ്ട് കീഴടക്കലുകളെല്ലാം അവസാനിപ്പിച്ചിരുന്നെങ്കിലും കച്ചവടങ്ങളും, ഉയർന്ന ജനസാന്ദ്രതയും, സഞ്ചാരങ്ങളും, ഒരു മഹാമാരിയുടെ പടർച്ചയ്ക്ക് അനുയോജ്യമായ ഘടകങ്ങളായി ബാക്കി നിന്നു. ഏഷ്യയുടേയും യൂറോപ്പിന്റേയും പ്രധാനയിടങ്ങളിലേയ്ക്കെല്ലാം കൊൻസ്റ്റാന്റിനോപ്പിളിൽ നിന്നും നീണ്ടിറങ്ങിയ പാതകൾ എലികളുടേയും ചെള്ളുകളുടേയും പ്ലേഗിന്റേയും പടർച്ചയെ എളുപ്പമാക്കി. എങ്കിലും യൂറോപ്പിലെ പ്ലേഗിൻ്റെ വ്യാപനം പ്രധാനമായും കപ്പൽമാർഗ്ഗം തന്നെയായിരുന്നു. അതുകൊണ്ടാണല്ലോ, തുറമുഖങ്ങൾക്കും കപ്പൽപ്പാതകൾക്കുമടുത്ത നഗരങ്ങളിലെങ്ങും കനത്ത രോഗബാധ ഉണ്ടായത്.
സ്വപ്നങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന ഒരു ദുർഭൂതമാണ് ഈ മാരകവ്യാധി ഉണ്ടാക്കുന്നത് എന്നായിരുന്നു ജനങ്ങൾ വിശ്വസിച്ചത്. ദുർഭൂതം വീടിനകത്തേക്കു കയറാതിരിക്കുന്നതിനായി വാതിൽ ഇരുമ്പുപട്ട വെച്ച് ബന്ധിക്കുകയും, പുറമേനിന്ന് ആരേയും അകത്തേക്കു കടത്താതിരിക്കുകയുമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം അതിനുള്ള പോംവഴി. പാവം നഗരവാസികൾക്ക് പ്ലേഗിനെതിരായുള്ള ഏകപ്രതിരോധമായിരുന്നു അത്. പ്ലേഗ് ബാധയെത്തുടർന്ന് പലർക്കുമുണ്ടായ വിഭ്രാന്തികൾ ഇത്തരം വിശ്വാസങ്ങളെ അരക്കിട്ടുറപ്പിച്ചു. ക്രിസ്ത്യാനികളാകട്ടെ, ജനങ്ങൾ ചെയ്തു കൂട്ടിയ പാപങ്ങൾക്കു പകരം ചോദിക്കാൻ ദൈവം പറഞ്ഞുവിട്ടതു തന്നെയാണ് ആ ദുർഭൂതമെന്നും വിശ്വസിച്ചു. പുരോഹിതന്മാർ പോലും ഇക്കാരണത്താൽ മന്ത്രവാദത്തിലേക്കു തിരിഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ. ഇനിയൊരു കൂട്ടരാകട്ടെ തലമൊട്ടയടിച്ച പുരോഹിതരാണ് ഇതിനു പിന്നിൽ എന്ന വിചിത്രവിശ്വാസം പുലർത്തി. അത്തരം പുരോഹിതരെ കണ്ടാൽ പരക്കംപായുന്ന ജനങ്ങൾ കൊൻസ്റ്റാന്റിനോപ്പിളിലെ അമ്പരപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു. വഴിയിൽ മരിച്ചു വീണാൽ തിരിച്ചറിയപ്പെടുന്നതിനു വേണ്ടി ജനങ്ങൾ കഴുത്തിലൂടെ പേരും മേൽവിലാസവും എഴുതി തൂക്കിയിട്ടുന്നതും ഇക്കാലത്തെ ഒരു പതിവായി.
ജനങ്ങൾ തിങ്ങിക്കൂടി താമസിച്ചിരുന്ന കൊൻസ്റ്റാന്റിനോപ്പിളിൽ പലരും തുരുതുരെ മരിച്ചു വീഴാൻ തുടങ്ങി. മഹാമാരിയുടെ ആദ്യദിനങ്ങളിൽ മരിച്ചവരുടെ കുടുംബത്തിനു ശവസംസ്കാരത്തിനും മറ്റുമായി ജസ്റ്റീനിയൻ ചക്രവർത്തി ധനസഹായമൊക്കെ ഏർപ്പാടാക്കിയിരുന്നു. പക്ഷെ, മരണസംഖ്യ ക്രമാതീതമായി വർദ്ധിച്ചതോടെ അതൊന്നും സാധ്യമല്ലാതായിത്തീർന്നു. പ്രൊക്കോപ്പിയസ് പറയുന്നത് ദിവസവും പതിനായിരം പേർക്കെങ്കിലും ജീവഹാനി വന്നിരുന്നു എന്നാണ്. അത് പൂർണ്ണമായി വിശ്വസിച്ചില്ലെങ്കിലും അയ്യായിരമൊക്കെ എന്നത് ഏതാണ്ട് സത്യത്തിനടുത്തായിരുന്നിരിക്കണം. മരിച്ചവരെ കിടത്താൻ പോലും നഗരത്തിൽ സ്ഥലമില്ലാതായി. കുന്നുകൂടിക്കിടന്ന മൃതശരീരങ്ങൾ ഒരു സാധാരണ കാഴ്ചയായി. ആരും സുരക്ഷിതരായിരുന്നില്ല. ജസ്റ്റീനിയൻ ചക്രവർത്തി പോലും രോഗബാധിതനായി. ഭാഗ്യത്തിന് അദ്ദേഹം അതിനെ അതിജീവിച്ചു എന്നു മാത്രം. സാമ്രാജ്യത്തിന്റെ പിന്തുടർച്ചയെ അനിശ്ചിതത്വത്തിലാക്കി കിടപ്പിലായെങ്കിലും, ഏതാനും ദിവസങ്ങൾക്കകം ജീവിതത്തിലേക്കു തിരിച്ചുവരാൻ അദ്ദേഹത്തിനു കഴിഞ്ഞു.
അപ്പോഴേക്കും കാര്യങ്ങൾ ഏറെ വഷളായിക്കഴിഞ്ഞിരുന്നു. ശവസംസ്കാരകേന്ദ്രങ്ങളും കല്ലറകളുമെല്ലാം നിറഞ്ഞതോടെ, കണ്ടിടത്തെല്ലാം ശവക്കുഴികൾ മാത്രമായി. പല കുഴികളിലും ഒന്നിലധികം ശരീരങ്ങൾ മറവു ചെയ്യപ്പെട്ടു. പിന്നെ അതിനും സാധിക്കാതായി. ഇതിനിടയിൽ ജസ്റ്റീനിയൻ ചക്രവർത്തി ശവസംസ്കാരശ്രമങ്ങൾക്കായി നേരിട്ടിറങ്ങുന്നുണ്ട്. തിയഡോർ എന്നയാളെയാണ് ഇക്കാര്യം ചക്രവർത്തി ഏല്പിക്കുന്നത്. ഗോൾഡൻ ഹോൺ കടൽച്ചാലിനപ്പുറമുള്ള കാട്ടുപ്രദേശത്ത് വലിയ കുഴികളെടുത്ത് ശരീരങ്ങൾ മറവുചെയ്യാൻ കുറച്ചുപേരെ സ്വർണ്ണനാണയങ്ങൾ കൊടുത്ത് ഏർപ്പാടാക്കാൻ തിയഡോറിനോട് ചക്രവർത്തി ശട്ടംകെട്ടി. വലിയ കുഴികളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടു കുഴിച്ചു മൂടുക. ആയിരക്കണക്കിന് ശരീരങ്ങൾ ഓരോ കുഴിയിലും കൊള്ളുമായിരുന്നത്രെ. അക്കാലത്ത് ശവസംസ്കാരത്തിന് ബുദ്ധിമുട്ടുവരുന്ന ഓരോരുത്തരും തിയഡോറിനേയാണ് ചെന്നു കണ്ടിരുന്നത്. കൂടുതൽ എണ്ണം കൊള്ളിക്കാനായി മറവുകാർ ശവങ്ങൾ കൂട്ടിയിട്ട് ചവിട്ടിത്താഴ്ത്തുമായിരുന്നുവെന്ന് അക്കാലത്ത് കൊൻസ്റ്റാന്റിനോപ്പിളിലുണ്ടായിരുന്ന എഫസസിലെ ജോൺ എഴുതിയിട്ടുണ്ട്. കണ്ടു നില്ക്കാനാവാത്തതായിരുന്നു ആ പ്രവൃത്തിയെന്ന് ജോണിനെ വായിക്കാതെ തന്നെ നമുക്ക് ഊഹിക്കാം. എന്നാലും ആ വരികൾ ഞാനൊന്ന് തർജ്ജമ ചെയ്യട്ടെ.
“ആണുങ്ങളേയും പെണ്ണുങ്ങളേയും അടുക്കിയടുക്കി കിടത്തും. ഇടകളിലെ കൊച്ചിടുക്കുകളിൽ പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരങ്ങൾ കുത്തിത്താഴ്ത്തും. പലപ്പോഴും വീഞ്ഞുണ്ടാക്കാൻ മുന്തിരികൾ ചവിട്ടിയരക്കുന്നതുപോലെയായിരിക്കും ആ കാഴ്ച. ഒരു ശവത്തിനുകൂടി എങ്ങനെയെങ്കിലും സ്ഥലമുണ്ടാക്കുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഒരു ശരീരം ചവിട്ടിയിറക്കിയാൽ അടുത്തത്. പിന്നയടുത്തത്. എത്രയെണ്ണമെങ്കിൽ അത്ര. അങ്ങനെ വൈക്കോൽക്കഷണങ്ങൾ അരച്ചുചേർക്കുന്നതുപോലെ അവർ ആയിരക്കണക്കിന് മൃതദേഹങ്ങളെ കുഴിയ്ക്കുള്ളിലേക്കു അമർത്തിത്താഴ്ത്തിക്കൊണ്ടേയിരുന്നു. പകൽ മുഴവൻ നീണ്ടുനിൽക്കുന്ന ഈ പ്രവൃത്തി ദിവസങ്ങളോളവും മാസങ്ങളോളവും തുടർന്നു”.
അടിയിൽ അഴുകിക്കൊണ്ടിരിക്കുന്ന ശരീരങ്ങൾ മണ്ണിനോടുചേർന്നുകൊണ്ട് കൂടുതൽ സ്ഥലം ഉണ്ടാക്കുന്നുമുണ്ടായിരിക്കണം.
മനുഷ്യർ മാത്രമല്ല മരിച്ചുവീണുകൊണ്ടിരുന്നത്. പൂച്ചകളും നായ്ക്കളും മറ്റു മൃഗങ്ങളുമെല്ലാം തെരുവുകളിലും പുരയിടങ്ങളിലുമായി ചിതറിക്കിടന്നു. മരിച്ചവരെ വേണ്ട രീതിയിൽ സംസ്കരിക്കാനൊന്നും ആവാത്ത നിലയായപ്പോൾ മറ്റൊരു മാർഗ്ഗം മരണനൗകകളായിരുന്നു. ശവങ്ങൾ അതിൽ കൂട്ടിയിട്ട് മർമാറകടലിന് നടുവിലേക്കു കൊണ്ടുപോയി അതിന്റെ അഗാധതയിലേക്കു തള്ളിയിടുക. പക്ഷെ, ഇവയിൽ പലതും മഹാനഗരത്തിലെ കടൽത്തീരങ്ങളിൽ വന്നടിയുകയുണ്ടായത്രെ. വേറൊരു രീതി കോട്ടമതിൽ ഗോപുരങ്ങളിൽ കുത്തിനിറയ്ക്കുക എന്നതായിരുന്നു. അതോടെ ഗോപുരം താഴെ നിന്ന് പൂട്ടിയുമിടും.
മഹാനഗരത്തിനാകെ മരണത്തിന്റെ മണമായിരുന്നു. ജീർണ്ണിച്ചതും അല്ലാത്തതുമായ മൃതശരീരങ്ങൾ ലോകത്തിന്റെ പ്രൗഢനഗരമായിരുന്ന കൊൻസ്റ്റാന്റിനോപ്പിളിനെ വെറുമൊരു മൃത്യുഗഹ്വരമാക്കി. തുടർച്ചയായി നാലുമാസം മഹാമാരി സംഹാരതാണ്ഡവമാടിക്കഴിഞ്ഞപ്പോൾ സാമ്രാജ്യതലസ്ഥാനത്തെ നാലിലൊന്നു ജനങ്ങളും ഇല്ലാതായത്രെ. സെക്കോന്ദോ എവാഗ്രിസിൻ്റെ എഴുത്തുകളിൽ മൂന്നുലക്ഷം പേർ മഹാനഗരത്തിൽ മരണമടഞ്ഞിട്ടുണ്ട് എന്നാണ്. അദ്ദേഹത്തിൻ്റെ കുറിപ്പുകൾ വായിച്ചാൽ ആരും തളർന്നു പോകും. ഒരു പറമ്പിൽ എഴുപതിനായിരം ശരീരങ്ങളെയൊക്കെ അടുക്കിയടുക്കിയിട്ട് സംസ്കരിച്ചിട്ടുണ്ടത്രെ. കുറെയൊക്കെ അതിശയോക്തി കലർന്നതായിരിക്കും ആ എഴുത്തുകൾ എന്നു തന്നെ വിചാരിച്ചു സമാധാനിക്കുകതന്നെ.
മഹാദുരിതകാലമായിരുന്ന ആ നാലു മാസത്തോടെ രോഗപ്പടർച്ചയിൽ ശമനം കണ്ടുതുടങ്ങി. അപ്പോഴേക്കും സാമ്രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലും രോഗം തലപൊക്കിത്തുടങ്ങിയിരുന്നു. താമസിയാതെ അങ്ങേയറ്റം വ്യാപകമായ രോഗബാധ യൂറോപ്പിനെ പിടിച്ചുകുലുക്കി. ഒപ്പം തൊട്ടടുത്ത പേഷ്യൻ സാമ്രാജ്യത്തിലും ആഫ്രിക്കയിലുമെല്ലാം മഹാമാരി ആർത്തലച്ചെത്തി. രോഗത്തിൻ്റെ ചികിത്സയ്ക്കായി വൈദ്യസഹായം പോലും ദുഷ്കരമായിത്തുടങ്ങിയിരുന്നു. പലരും ഗൃഹവൈദ്യങ്ങളിലും അന്ധവിശ്വാസങ്ങളിലും മറ്റു പരീക്ഷണങ്ങളുമായി മുഴുകി. എന്താണ് സംഭവിക്കുന്നതെന്ന് ഒന്നു മനസ്സിലാക്കാൻ പോലും പലർക്കും കഴിഞ്ഞില്ല. അമ്പേ നിരാശരായ ഒരു ജനത ദു:ഖാർത്തരായി കണ്ണിൽക്കണ്ടതെല്ലാം ചികിത്സയ്ക്കായി ഉപയോഗിച്ചു.
എഫസസിലെ ജോൺ എഴുതിയിട്ട മറ്റൊരു ചിത്രമുണ്ട്.
“പതിവ്രതകളായ ധനാഢ്യകൾ തങ്ങളുടെ കിടയ്ക്കകളിൽ ഭീതിയുടെ മുനമ്പിൽ നിന്നു കൊണ്ട് പകച്ചുനില്ക്കുന്ന ഒരു രംഗം. അവരുടെ ചുണ്ടുകൾ വീർത്തും തുറന്നും ഏങ്കോണിച്ചും ഇരുന്നിരുന്നു. വലിയ വീടിൻ്റെ പല കോണുകളിലും ശരീരങ്ങൾ കമിഴ്ന്നും മലർന്നും വീണുകിടന്നു. അതിൽ വൃദ്ധരും പിഞ്ചുകുഞ്ഞുങ്ങൾ വരേയും ഉണ്ടായിരുന്നു. അപൂർവ്വമായ ഞരക്കം ആ ശരീരങ്ങളിൽ ചിലതിന് ജീവൻ ബാക്കിയുണ്ടെന്നു സൂചിപ്പിച്ചു. പക്ഷെ, ഒന്നും അധികനേരത്തേക്കു നിലനില്ക്കുമായിരുന്നില്ല. ദൈവകോപമെന്ന മഹാപ്രഹരത്തിൽ തകർന്നു തരിച്ചുപോയ ഒരു ജനത.”
ആൻ്റിയോക്കിലെ എവാഗ്രിയസ് സ്കൊലാസ്റ്റിക്കസ് എന്നൊരു കോടതിയുദ്യോഗസ്ഥനും അക്കാലത്തെ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിനും പ്ലേഗ് പിടിപെട്ടിരുന്നു. 542-ലെ ആദ്യവരവിലായിരുന്നു അത്-വെറും ആറു വയസ്സു മാത്രമുള്ളപ്പോൾ. അന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ടു എന്നു മാത്രം. പ്ലേഗിൻ്റെ നാലാം വരവിനെക്കുറിച്ചാണ് എവാഗ്രിയസിൻ്റെ വിശദവിവരണമുള്ളത്. ആ വരവിനു മുമ്പുള്ള ഓരോ തരംഗത്തിലും അദ്ദേഹത്തിന് പ്രിയപ്പെട്ടവർ ഓരോരുത്തരെയായി നഷ്ടപ്പെട്ടുവത്രെ. ഏറ്റവും ഒടുവിലായി സ്വന്തം മകളേയും പേരക്കുട്ടിയേയും.
പ്ലേഗിൽ നിന്നു രക്ഷപ്പെടാൻ സ്ഥലം മാറിമാറി നടന്നിരുന്ന ഒരു ബിഷപ്പ് കൗടിനസിനെക്കുറിച്ച് ഗ്രിഗറിയെന്നയാളുടെ ഒരു വിവരണം വായിക്കുകയുണ്ടായി. ഒടുവിൽ, ക്ലെർമോണ്ട് എന്ന സ്ഥലത്തെത്തുകയും അവിടത്തെ ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കേണ്ടി വരുകയും ചെയ്യേണ്ടിവന്നു അദ്ദേഹത്തിന്. ശവപ്പെട്ടികളില്ലാതെ ഒരൊറ്റ കുഴിയിൽ പത്തും പതിനഞ്ചും ശരീരങ്ങൾ അടക്കം ചെയ്യേണ്ടി വരുമായിരുന്നുവത്രെ. അവിടത്തെ സെൻ്റ് പീറ്റർ പള്ളിയിൽ അങ്ങനെയൊരു ഞായറാഴ്ച മുന്നൂറിലധികം ശവശരീരങ്ങൾ അടക്കം ചെയ്യേണ്ടി വന്നതും ബിഷപ്പ് അതിൽ പങ്കെടുത്തതിൻ്റേയും വിവരണം കാണാം. നിർഭാഗ്യമെന്നു പറയട്ടെ, താമസിയാതെ ബിഷപ്പിനേയും പ്ലേഗ് ബാധിച്ചു. ഒരു ദുഃഖവെള്ളിയാഴ്ച ദിവസം അദ്ദേഹം മരിക്കുകയും ചെയ്തു.
റോമിലെ ടൈബർ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് റോമിലെ ധാന്യശേഖരശാലകൾ വെള്ളത്തിനടിയിലാവുകയും തുടർന്ന് ഇറങ്ങിവന്ന ഇഴജന്തുക്കളാണ് പ്ലേഗ് കൊണ്ടുവന്നത് എന്നൊരു കഥയെക്കുറിച്ചും ഗ്രിഗറിയുടെ എഴുത്തിൽ കാണാം. വലിയ എലികളായിരുന്നിരിക്കണം ആ ഇഴജീവികൾ! ഈ ഇഴജീവികൾക്കെതിരെ അന്നത്തെ മാർപ്പാപ്പ പെലാജിയസ് കൂട്ടപ്രാർത്ഥനകൾ നടത്തിയെന്നും പറയുന്നുണ്ട്. എന്തായാലും പെലാജിയസ് ആയിരുന്നു പ്ലേഗ് ബാധിച്ചു മരിച്ച ആദ്യത്തെ മാർപ്പാപ്പ. അക്കാലത്ത് റോമിലുടനീളം പ്രാർത്ഥനാപദയാത്രകൾ നടത്തുമായിരുന്നുവത്രെ. അത്തരമൊരു യാത്രയ്ക്കിടയിൽ എൺപതോളം പേർ തെരുവിൽ മരിച്ചുവീണ കഥയും ഗ്രിഗറി വിവരിക്കുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. പല വലിയ വീടുകളും ഒഴിഞ്ഞുകിടന്നു. അകത്തുചെന്നാൽ ശവശരീരങ്ങൾ മാത്രം കാണാം. ജീവൻ ബാക്കികിട്ടിയവർ മാതാപിതാക്കളുടേയും മക്കളുടേയും ശരീരങ്ങളുപേക്ഷിച്ച് എങ്ങോട്ടേക്കോ ഓടിരക്ഷപ്പെട്ടിരിക്കും.
വടക്കൻ ആഫ്രിക്കയിലെ പ്രാചീനനഗരമായ കാർത്തേജിൽ ജീവിച്ചിരുന്ന ഫ്ലാവിയസ് കൊരിപ്പസ് എന്ന കവി തന്റെ യൊഹാനിസ് എന്ന ഇതിഹാസകാവ്യത്തിൽ ഈ മഹാമാരിയെ ഇപ്രകാരം വരച്ചിടുന്നു.
“തീയെന്നപോലെപ്പടർന്നെത്തിയവൻ:
ആണും പെണ്ണുമെല്ലാം വീണിതാ, ഒപ്പമീലോകവും.
ഇത്രയും ദുഃഖാർത്തമായ മരണശബ്ദം
കേട്ടിട്ടില്ല മുന്നൊരിക്കലും ,
കയ്പേറിയ മരണത്തിൻ ഭീകരതയൊഴിയാതെ,
നിർവ്വികാരരായി കണ്ണടയ്ക്കുന്നു സർവ്വരും.
പൊഴിഞ്ഞില്ല കണ്ണുനീരെവിടേയും,
പേടിയിലാരും കരഞ്ഞുമില്ല.
ചടങ്ങുകളില്ല, വിരഹവുമില്ല,
വരൻ വധുവിനേയോ, അമ്മ മകനേയോ,
മകളച്ഛനേയോച്ചൊല്ലി തേങ്ങിയതുമില്ല.
കണ്ണും മനസ്സുമെല്ലാം
ഉറവയറ്റുനില്ക്കുന്നിതാ കാഴ്ചയിൽ.”
റോമാസാമ്രാജ്യവും ബെർബറുകളുമായ യുദ്ധത്തിനിടയിലായിരുന്നു മഹാമാരി കടലിൽ നിന്ന് കാർത്തേജിലേയ്ക്കു കയറിവന്നത്. പ്ലേഗുബാധയ്ക്കുശേഷം നാഥനില്ലാതായ ഭവനങ്ങൾ കവർച്ച ചെയ്യപ്പെടുന്നതും, ജീവൻ ബാക്കിയുള്ള ധനാഢ്യരായ വിധവകളെ വിവാഹം കഴിക്കാൻവേണ്ടി ജനങ്ങൾ ആർത്തികൊള്ളുന്നതുമൊക്കെ കൊരിപ്പസ് തുടർന്നു വിവരിക്കുന്നുണ്ട്.
റോമാസാമ്രാജ്യത്തിൽ മാത്രമായിരുന്നില്ല ഇത്തരം അവസ്ഥകൾ. തൊട്ടടുത്ത പേഷ്യൻ സാമ്രാജ്യത്തിലെ തെരുവുകളിൽ മനുഷ്യശരീരങ്ങൾ കുതിരച്ചാണകമെന്നോണം ചിതറിക്കിടപ്പുണ്ടായിരുന്നുവെന്ന് ജോൺ പെൻകായി എന്ന ചരിത്രകാരൻ എഴുതിയിട്ടുണ്ട്. അവിടെ ശരീരം മറവുചെയ്യുന്ന ഏർപ്പാട് പതിവില്ലാത്തതിനാൽ പലപ്പോഴും നായ്ക്കൾ ഇവയെ കടിച്ചു വലിക്കുന്ന കാഴ്ച സാധാരണമായിരുന്നുവത്രെ. ചിലപ്പോൾ അത്തരമവസരങ്ങളിലെ ഞരക്കത്തിൽനിന്നും നിലവിളിയിൽനിന്നുമായിരിക്കും അവയിൽ ചിലതിൽ ജീവൻ ബാക്കിയുണ്ടെന്നറിയുക.
എന്തിന്, അറബികൾക്കും യഹൂദർക്കുമിടയിൽപ്പോലും സംസ്കാരത്തിനു ഭൂമി കിട്ടാതെ അനാഥശവങ്ങളായി തെരുവിൽ കിടക്കേണ്ട അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. “മരണം ഇതുപോലെ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച മറ്റൊരവസരം ലോകചരിത്രത്തിലുണ്ടായിട്ടില്ല. ഉണ്ടാകാതെയുമിരിക്കട്ടെ” എന്നു ജോൺ പെൻകായി തന്റെ വരികളിലൂടെ പ്രാർത്ഥിക്കുന്നു. മനുഷ്യവികാരങ്ങളൊന്നും തന്നെ ബാക്കിയില്ലാത്ത അവസ്ഥയായിരുന്നു അത്. നടുങ്ങാനോ, രോഷം പ്രകടിപ്പിക്കാനോ, സംസാരിക്കാനോ, ഒന്നുമാവാതെ, ശവങ്ങളെ എങ്ങനെ കാണാമറയത്താക്കുമെന്നു മാത്രമായിരുന്നു ജീവിച്ചിരുന്നവർ ചിന്തിച്ചിരുന്നത്. ജോൺ എഫസസിന്റെ വരികൾ നോക്കൂ:
“ഒരു സഹോദരനും തന്റെ സഹോദരനുവേണ്ടി കനിവു കാണിക്കാനാവുമായിരുന്നില്ല. അമ്മയും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധവും എന്നേ മുറിഞ്ഞു പോയിരുന്നു. വേദനയുടെ തീവ്രതയിൽ മക്കൾ പിടഞ്ഞുതീരുമ്പോൾ നിർവ്വികാരമായ ഒരു നോട്ടമല്ലാതെ, ഒന്നടുത്തു പോകാനോ, തുറിച്ചു നിശ്ചലമായ കണ്ണുകൾ ഒന്നടച്ചു കൊടുക്കുവാനോപോലും ആ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല.”
സാമ്രാജ്യത്തിൻ്റെ സമ്പദ്ഘടനയിലും ഭരണവ്യവസ്ഥയിലും സൈനികശേഷിയിലുമെല്ലാം മാരകമായ ആഘാതമാണ് പ്ലേഗ് സൃഷ്ടിച്ചത്. ജനസംഖ്യ തന്നെ വല്ലാതെ കുറഞ്ഞു. 40% പേരെ കാണാതായി എന്നു ചില കണക്കുകളിൽ കാണുകയുണ്ടായി. ഒരു സുപ്രഭാതത്തിൽ അഞ്ചിൽ രണ്ടു പേർ ഇല്ലാതാവുക! എത്ര ഭീകരമായ അവസ്ഥയാണത്. കാർഷികവ്യവസ്ഥയിൽ ഊന്നിനിനിരുന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം അതൊരു തകർച്ചയുടെ ലക്ഷണമായിരുന്നു. ഭക്ഷ്യക്ഷാമം, സാമ്രാജ്യം നിലനിർത്താൻ അവശ്യം വേണ്ട നികുതിയിൽ വന്ന വലിയ കുറവ് ഇവയൊക്കെ രൂക്ഷമായ പ്രതിസന്ധികൾ സൃഷ്ടിച്ചു. ദാരിദ്ര്യത്തിലേക്കു നീങ്ങിയ ജനതയായിരുന്നിട്ടും, ജസ്റ്റീനിയൻ ചക്രവർത്തി നികുതി പിരിവിൽ യാതൊരു കുറവും വരുത്താൻ തുനിയാതിരുന്നത് വലിയ എതിർപ്പുകൾ സൃഷ്ടിച്ചിരുന്നു. പ്രൊക്കോപ്പിയസ് ഇക്കാര്യം എടുത്തുപറയുകയും, അതിൻ്റെ പേരിൽ ജസ്റ്റീനിയനെ ശകാരിക്കുകയും ചെയ്യുന്നുണ്ട് തൻ്റെ എഴുത്തുകളിൽ.
കൃഷിക്കാരിൽ ഏറെപ്പേരും മരണപ്പെട്ടത് ക്ഷാമത്തിനു കാരണമായി. ഗോതമ്പുറൊട്ടികൾ ഉണ്ടാക്കുന്നവർ മണ്ണടിഞ്ഞതും ഇതിനെ സങ്കീർണ്ണമാക്കി. ദിനംപ്രതി ഉയരുന്ന മരണസംഖ്യയെത്തുടർന്ന് സാമ്രാജ്യത്തിലെ കച്ചവടങ്ങൾ പാടെ നിലച്ചു. അസുഖത്തിൽ നിന്ന് രക്ഷപ്പെട്ടാലും അവരെ ശുശ്രൂഷിക്കാനോ ഭക്ഷണം നല്കാനോ ആരുമുണ്ടായിരുന്നില്ല എന്നത് കാര്യങ്ങൾ വഷളാക്കിക്കൊണ്ടുമിരുന്നു.
എന്തായാലും 542-ലെ ആ മഹാമാരിയെത്തുടർന്ന് അടുത്ത നാലുവർഷങ്ങളിൽ മൂന്നിലും കടുത്ത ക്ഷാമം സാമ്രാജ്യത്തെ ഉലച്ചു എന്നത് സത്യമാണ്. 530-കളിൽ വലിയ സൈനികശക്തിയോടെ പിടിച്ചെടുത്ത സ്ഥലങ്ങൾ നിലനിർത്താൻ ജസ്റ്റീനിയൻ വിഷമിക്കുകയും ചെയ്തു. അത്രമാത്രം പരുങ്ങലിലായിരുന്നു സൈനികരുടെ എണ്ണം. അക്കാലത്തെ പുരാരേഖകൾ അടിസ്ഥാനമാക്കി ഈയ്യിടെ നടത്തിയ പഠനങ്ങളിൽ നിന്ന് കിഴക്കൻ റോമാസാമ്രാജ്യം അഥവാ ബിസാൻ്റിയൻ സമ്രാജ്യം ഒരു നൂറ്റാണ്ടുകാലം കൂടി ഏറെക്കുറെ ശക്തമായിത്തന്നെ നിലനിന്നു എന്നും പറയുന്നുണ്ട്. എങ്കിലും, ജസ്റ്റീനിയൻ മഹാമാരിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ തള്ളിക്കളയാനാവില്ല. ബിസാൻ്റിയത്തിൻ്റെ ശത്രുക്കൾക്ക് വലിയ ഉത്സാഹം കൊടുത്ത ഒന്നുകൂടിയായിരുന്നു അത്. ഗോത്തുകളുമായുള്ള റോമൻ സംഘർഷം പുതിയൊരു മാനത്തിലേക്കു നീങ്ങുന്നതും മഹാമാരിയ്ക്കു ശേഷം നാം കാണുകയുണ്ടായി. ജസ്റ്റീനിയൻ്റെ കീഴിലെ സംയുക്ത റോമാസാമ്രാജ്യം പിന്നീടൊരിക്കലും അത്രയും പ്രൗഢിയോടെ തിളങ്ങിയിട്ടുമില്ല.
542-നു ശേഷം രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും കൊൻസ്റ്റാൻ്റിനോപ്പിളിൽ വീണ്ടും പ്ലേഗിൻ്റെ ഒരു വരവുണ്ടായി. പക്ഷെ, ആദ്യത്തേതുപോലെ തീവ്രമായില്ല. പിന്നെ 546-ൽ ഒരിക്കൽക്കൂടി. അടുത്ത വരവ് പതിനൊന്നു വർഷങ്ങൾക്കു ശേഷമായിരുന്നു. ഒരു വർഷത്തോളം അതിൻ്റെ ആധിപത്യമുണ്ടായി. 570-ൽ വീണ്ടും പ്രത്യക്ഷപ്പെട്ടത് നാല് വർഷം ഗുരുതരമായി നിന്നു. തുടർന്നങ്ങോട്ട് ഇടയ്ക്കിടെയായി മൂന്നു നൂറ്റാണ്ടുകൾ ഈ പ്ലേഗാണു മനുഷ്യജീവനുകൾ അപഹരിച്ചു കൊണ്ട് പലതവണ പ്രത്യക്ഷപ്പെട്ടു. ജസ്റ്റീനിയൻ മഹാമാരിയുടെ രണ്ടാം തരംഗവും മൂന്നാം തരംഗവുമെല്ലാം കഴിഞ്ഞതോടെ ബിസാൻ്റിയൻ സമ്രാജ്യത്തിൻ്റെ പല ഭാഗങ്ങളായി ശത്രുക്കൾ കീഴടക്കി എന്നത് വാസ്തവമായിരുന്നു. ഉദാഹരണത്തിന് ഉത്തര ഇറ്റലിയുടെ നല്ലൊരു ഭാഗം ലൊംബാർഡുകളുടെ അധീനത്തിലായി. സ്ലാവുകളുടെ ബാൾക്കൻ പ്രവിശ്യയിലേക്കുള്ള തള്ളിക്കയ്യറ്റം, റോമാസാമ്രാജ്യത്തിന്റെ ബിസാന്റിയൻ സാമ്രാജ്യത്തിലേക്കുള്ള പരിണാമം, അതിനേക്കാളൊക്കെ പ്രധാനമായി ഇസ്ലാമികമതത്തിന്റേയും അതിനോടൊപ്പമുള്ള രാഷ്ട്രീയശക്തിയുടേയും ആവിർഭാവം, എന്നിവയെല്ലാം ഈ മഹാമാരിയുടെ കാലത്ത് സംഭവിച്ചതാണെന്നു മാത്രമല്ല, ആ മാറ്റങ്ങൾക്കൊക്കെ പരോക്ഷമായെങ്കിലും മഹാമാരിയുടെ വ്യാപനം കാരണവുമായിട്ടുണ്ടെന്നും പറയാതെ വയ്യ. എന്തായാലും യൂറോപ്പ് ലോകചരിത്രത്തിലെ പ്രാചീനയുഗത്തിൽ നിന്നു മധ്യകാലമെന്ന ഇരുണ്ടയുഗത്തിലേക്കു പ്രവേശിച്ചതും ഈ മഹാമാരിയോടു കൂടെത്തന്നെയാണ്. ഗ്രീക്കോറോമൻ വിജ്ഞാനത്തെളിച്ചം വൻകരയിൽ അതോടെ കെട്ടടഞ്ഞു എന്നാണ് പണ്ഡിതപക്ഷം. പിന്നീടതു വീണ്ടും തെളിയുന്നത് മറ്റൊരു മഹാമാരിക്കു ശേഷം നവോത്ഥാനകാലത്തായിരുന്നു.
1960-ൽ ജർമ്മനിയിലെ മ്യൂനിക്കിനടുത്തു നിന്ന് രണ്ട് മനുഷ്യാവശിഷ്ടങ്ങൾ കുഴിച്ചെടുക്കുകയുണ്ടായി. ഒന്ന് ആണും മറ്റേത് പെണ്ണും. ജസ്റ്റീനിയൻ പ്ലേഗിൽ മരിച്ചവരാണവരെന്നാണ് കരുതിപ്പോരുന്നത്. കാലഗണനയും ഏറെക്കുറെ ആ വിശ്വാസത്തിന് ആക്കം നൽകി. 2016-ൽ ഈ അവശിഷ്ടങ്ങളിൽ നടത്തിയ പരീക്ഷണങ്ങളെത്തുടർന്ന് സ്ത്രീയുടെ അണപ്പല്ലിൽ നിന്ന് ജസ്റ്റീനിയൻ പ്ലേഗ് പടർത്തിയ യെർസീനിയ പെസ്റ്റിസ് രോഗാണുവിനെ കണ്ടെത്തി. നാശം വന്നതായിരുന്നെങ്കിലും അതിൽ നിന്നും രോഗാണുവിൻ്റെ ഡിഎൻഎ അവശിഷ്ടങ്ങളും വേർതിരിച്ചെടുക്കാനായി. ഏറ്റവും രസമെന്തെന്നു വെച്ചാൽ, ലോകത്തിൻ്റെ പലയിടത്തുമുള്ള പരിശോധനകളെത്തുടർന്ന്, കൊൻസ്റ്റാൻ്റിനോപ്പിളിനേയും അന്നത്തെ വിശാലറോമൻ സാമ്രാജ്യത്തേയും പിടിച്ചുകുലുക്കിയ ആ സൂക്ഷ്മാണുവിൻ്റെ ഉറവിടം കണ്ടുപിടിക്കാൻ സാധിച്ചു എന്നുള്ളതാണ്. ചൈനയിലെ ചിങ്ഹായ് എന്ന സ്ഥലത്തെ അവശിഷ്ടങ്ങളിലും അതേ യെർസീനിയയെ കണ്ടെത്താനായതിനെത്തുടർന്നായിരുന്നു ആ വസ്തുത മനസ്സിലാക്കാനായത്. ചരിത്രത്തിൽ കൃത്യമായ തെളിവുകളോടെ ആദ്യമായി രേഖപ്പെടുത്തിയ മഹാമാരിയായ ജസ്റ്റീനിയൻ പ്ലേഗിന്റെ ഉറവിടവും ചൈന തന്നെ എന്ന്.. പക്ഷെ, അത് ഹൂണരിലൂടേയോ നാടോടികളിലൂടേയോ നേരിട്ട് ബിസാൻ്റിയത്തിൽ എത്തുകയല്ല ഉണ്ടായത്. മറിച്ച്, കിഴക്കൻ ആഫ്രിക്കയിലേക്ക് കച്ചവടക്കാർ വഴി എത്തുകയും അവിടെ നിന്ന് ഈജിപ്തിലെ പെലൂസിയത്തിൽ വന്നു ചേരുകയും ചെയ്തു. തുടർന്നു സംഭവിച്ച മഹാദുരന്തം നാം മനസ്സിലാക്കിക്കഴിഞ്ഞല്ലോ.
മുന്നൂറു കൊല്ലത്തോളം യൂറോപ്പിലാകമാനം സംഹാരപ്രയാണം നടത്തിയ ശേഷം യെർസീനിയയുടെ ഈ ജനിതക ഇനം ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി.
അതിനേക്കാൾ ഭീകരനായ ഒരു സൂക്ഷ്മാണുവിൻ്റെ വരവിനു വേണ്ടി പരിണാമചക്രത്തിൽ നിന്നും മാറിക്കൊടുത്തതാവണം അത്. എന്തായാലും അഞ്ഞൂറു വർഷങ്ങൾക്കു ശേഷം മറ്റൊരു ജനിതകരൂപത്തിൽ യെർസീനിയ എന്ന പ്ലേഗാണു വീണ്ടും അവതാരമെടുത്തു. ആ കഥയുമായി വീണ്ടും വരാം.
(തുടരും)
***
Be the first to write a comment.