ഞാനെൻ്റെ ജീവിതം ജീവിച്ചുവെന്ന് ഏറ്റു പറയുന്നു
പലതും ആവോളം ആസ്വദിച്ചു
അതിൽ ചിലതൊക്കെ മറന്നുപോയി
ഒരുപാട് തരുണികളെ പ്രണയിച്ചു
എത്ര പേരെന്ന് എണ്ണാൻ മറന്നു
എൻ്റെ നല്ല സമയത്ത്
സുഹൃത്തുക്കളെ കണ്ടെത്തി
ഒപ്പം ചീത്ത സമയത്തും
വിസ്മരിക്കപ്പെട്ട ഇരകൾക്കിടയിൽ
വസിച്ചു
ജയിലറയിൽ ആരാച്ചാരുടെ ചാട്ടയടി
തൊലികളെ പൊള്ളിപ്പഠിപ്പിച്ചു
അന്യായമായ കോടതിക്കു മുമ്പിൽ നിന്നു
അന്ധമായ സ്നേഹത്തിൻ്റെ
കുറ്റപ്പെടുത്തലുകൾക്ക് മുമ്പിലും
മരുഭൂമിയിൽ നിന്ന് മരുഭൂമിയിലേക്ക് അലഞ്ഞു
മായാലോകത്തിൽ കൂടാരംകെട്ടി
പുണ്യ ജലത്തിൽ നിന്നും
എൻ്റെ കുതിരയെ ദാഹമകറ്റാൻ അനുവദിച്ചു
ടൈഗ്രീസിൻ്റെ തീരത്ത്
തസ്കരന്മാരുടെ ഇടയിൽ ഉറങ്ങി
ചിലപ്പോൾ രാജാക്കളുടെ കോട്ടകളിലും
നഗരങ്ങളിലേക്ക് യാത്ര ചെയ്തു
ഇരുട്ടിൽ നീന്തി
വെയിലിൽ ഇരുന്നു
മഞ്ഞിലൂടെ നടന്നു
ഒരു ഭൂമിയെ മരുഭൂമിയാക്കി മാറ്റി
ഒരു ജോഡി ഷൂസ്
മറു ജോഡിയോടൊപ്പവും
എൻ്റെ പിന്നിലെ
നിരവധി പാലങ്ങൾ ഞാൻ കത്തിച്ചു
ഒരിക്കലും മുറിച്ചു കടക്കാനാവാത്ത
കടലിൽ സഞ്ചരിച്ചു
വരൾച്ചയുടെ കാലത്ത്
മഴയുടെ താഴ്വാരത്തിൽ
വിത്ത് വിതച്ചു
ഇരുട്ടിൽ ഒരായിരം
മെഴുകുതിരികൾ കത്തിച്ചു
ഉണരുന്ന ചന്ദ്രനു കീഴിൽ
പ്രണയത്തിലുള്ള
ഒരു വൃദ്ധനെപ്പോലെ
നെടുവീർപ്പയച്ച് വൻകരകൾക്കിടയിൽ അലഞ്ഞു
സ്വപ്നങ്ങളിൽ എത്രയാവർത്തി കടലാസ് കൊട്ടാരങ്ങൾ നിർമ്മിച്ചു?
മിഥ്യാധാരണയ്ക്കായി
എത്ര തവണ യാഥാർത്ഥ്യം മാറ്റി
ഞാൻ നേര് പറഞ്ഞു നുണയും
കുറച്ച് സംശയിക്കുകയും
കുറച്ച് വിശ്വസിക്കുകയും ചെയ്തു
നാനാ ജാതി സിഗരറ്റുകൾ പുകച്ചു
മധുരാലയത്തിൽ നിന്ന്
മേത്തരം വീഞ്ഞുകൾ മോന്തി
ജീവിത കാവ്യങ്ങളെഴുതി
ഏറെ ചിരിച്ചു ഏറെ കരഞ്ഞു
രാത്രിയിലെ പ്രകാശംപോലെ
കടന്നുപോയി.

ഇവിടെയുണ്ട് ഞാൻ
കണ്ടു, വസിച്ചു, തിരിച്ചുപോയി
ഞാനെൻ്റെ ജീവിതം ജീവിച്ചുവെന്ന്
ഏറ്റുപറയുന്നു.

 


1940 ൽ വടക്കൻ ഇറാക്കിലെ കിർക്കുക് പട്ടണത്തിലാണ് ഫാദി അൽ അസവി ജനിച്ചത്. ചെറുപ്പംതൊട്ടെ എഴുത്തിൽ സജീവമായ അസവി രചനയിലെ പരീക്ഷണ വൈവിദ്ധ്യം കൊണ്ട് ആധുനിക അറബി സാഹിത്യത്തിൽ ഏറെ ശ്രദ്ധേയനാണ്.

ഭരണകൂടത്തിനെതിരെ എഴുത്തുകാരെ സംഘടിപ്പിച്ചുവെന്നുമുള്ള കുറ്റാരോപണത്തിൽ അന്നത്തെ ബാത്ത് ഭരണകൂടം മൂന്ന് വർഷത്തോളം അസവിയെ ജയിലിലടച്ചു. ക്രൂരമായ പീഢനത്തിന് വിധേയമാക്കുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം, ഗവേഷണവും ചില സാഹിത്യ മാസികളുടെ നടത്തിപ്പുമായി കുറച്ചുകാലം കൂടി ജന്മനാട്ടിൽ തങ്ങിയെങ്കിലും സർക്കാറിന്റെ നോട്ടപ്പുള്ളിയായതിനാൽ വൈകാതെ ജർമ്മനിയിലേക്ക് പലായനം ചെയ്തു.

മുപ്പതോളം കാവ്യസമാഹാരങ്ങൾ, ആറ് നോവലുകൾ, അത്ര തന്നെ ചെറുകഥാ പുസ്തകങ്ങൾ, മൂന്ന് സാഹിത്യവിമർശന ഗ്രന്ഥങ്ങൾ കൂടാതെ നിരവധി വിവർത്തനങ്ങൾ ഇറങ്ങിയിട്ടുണ്ട് അസവിയുടേതായ് . Banipal പോലുള്ള സാഹിത്യ മാസികകളിൽ പലസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള, ഇപ്പോഴും എഴുത്തിൽ മുഴുവൻ സമയവും സജീവമായ ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ഗ്രന്ഥങ്ങളും ലോകത്തിലെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.


 

Comments

comments