മഹാമാരികളുടെ ചരിത്രം-3
കറുത്ത മരണമെന്നു കേട്ടാൽ ആദ്യം തന്നെ മനസ്സിലേക്കെത്തുന്ന ഒരു ചിത്രമുണ്ട്. പീറ്റർ ബ്രൂഗൽ 1562-ൽ വരച്ച ‘മരണത്തിൻ്റെ വിജയം’! ഏതു ബ്രൂഗൽ ചിത്രവുമെന്ന പോലെ വീണ്ടും വീണ്ടും നോക്കുന്തോറും മോഹാലസ്യം വന്നേക്കാവുന്ന ഒന്ന്. അത്രമാത്രം കാഴ്ചക്കാരനുമായി സംവദിക്കുന്നതും ആഴത്തിൽ നമ്മുടെയുള്ളിലേക്ക് ഊളയിട്ടിറങ്ങുന്നതുമാണ് ആ ചിത്രം. നമ്മെ സ്തബ്ധരാക്കാൻ പോന്ന വിസ്മയം. അതേസമയം അതു കണ്ടുകൊണ്ടു നിൽക്കുമ്പോൾ ഭയത്തിന്റെ വേരുകൾ നമ്മിലേക്ക് ആഴ്ന്നുപടരുകയും ചെയ്യും. കറുത്തമരണം എന്ന പ്ലേഗ് മഹാമാരിയുടെ ലോകത്തിലെ രണ്ടാം വരവ് യൂറോപ്പിൽ പടർന്നുപിടിച്ച് രണ്ട് നൂറ്റാണ്ടുകൾക്കുശേഷമാണ് ബ്രൂഗൽ അത് വരച്ചത്. ആ മഹാമാരിയുടെ കാലത്തെ മനുഷ്യരുടെ വിശ്വാസങ്ങളേയും പ്രവൃത്തികളേയുമെല്ലാം ഇതിൽ വരച്ചിടുന്നുണ്ട്. ആ വിശാലമായ കാൻവാസിൽ നിറഞ്ഞുനില്ക്കുന്നത് മരണമാണ്. അക്കൂട്ടത്തിൽ മനുഷ്യരോടൊപ്പം പ്രവർത്തിക്കുന്ന അസ്ഥികൂടങ്ങളേയും കാണാം. അസ്ഥിക്കഷണങ്ങളുമായി കുതിരവണ്ടിയോടിക്കുന്ന അസ്ഥിപഞ്ജരങ്ങൾ തുടങ്ങിയ കഠിനഭാവനകളും ബ്രൂഗൽ ഇതിൽ ചേർക്കുന്നുണ്ട്. ഈ ചിത്രത്തിൽ ലോകത്തിലെ ജീവജാലങ്ങളെല്ലാം കറുത്ത മരണത്തിന്റെ കൊടുംപടയ്ക്കുമുന്നിൽ തകർന്നൊടുങ്ങുകയാണ്. പ്രതീക്ഷയുടെ ഒരു നാമ്പു പോലും നമുക്കിവിടെ കാണാനാവില്ല. ധനാഢ്യരും ദരിദ്രരും ഒരുപോലെ ഇരുണ്ട വിധിയിലമരുകയാണ്. എന്തിനേറെ, ജീവന്റെ പച്ചത്തുരുത്തുകളെല്ലാം വറ്റിയുണങ്ങിയ ഭൂമിയെയാണ് ബ്രൂഗൽ നമുക്ക് കാണിച്ചുതരുന്നത്. ചിത്രത്തിന്റെ താഴേമൂലയിൽ വരച്ചിട്ടുള്ള കമിതാക്കൾ ആ ദുരന്തത്തിലൊന്നും കൂസാതെ സംഗീതത്തിലും പാരസ്പര്യത്തിലുമായി ശാന്തതയോടെ, ഒഴിവാക്കാനാവാത്ത വിധിയെ നേരിടുന്ന രംഗം മനസ്സിനെയൊന്ന് തണുപ്പിച്ചേക്കാം. പക്ഷെ, അതാകട്ടെ, നൊടിയിട നേരത്തേക്കു മാത്രം. തൊട്ടടുത്ത നിമിഷംതന്നെ, ബ്രൂഗൽ സൃഷ്ടിച്ചെടുത്തിരിക്കുന്ന അങ്ങേയറ്റത്തെ വിഹ്വലത നമ്മെ കീഴ്പ്പെടുത്തിക്കളയും. മിക്കവാറും, ശോണിമയാർന്ന തവിട്ടുനിറത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഈ ചിത്രത്തിൽ പ്ലേഗ് അഴിച്ചുവിട്ട മരണതാണ്ഡവം നിറഞ്ഞുനിൽക്കുകയാണ്. അത് അങ്ങനെത്തന്നെ നമ്മുടെ മനസ്സിലേക്കും പടരുന്നു.
1347-ലായിരുന്നു ബ്രൂഗലിൻ്റെ ചിത്രത്തിലെ കറുത്തമരണമെന്ന ഭീകരതയിലേക്ക് നയിച്ച സംഭവം നടന്നത്. എണ്ണൂറ് വർഷങ്ങൾക്കു മുമ്പു നടന്ന ജസ്റ്റീനിയൻ പ്ലേഗൊക്കെ അപ്പോഴേക്കും പാടെ വിസ്മൃതിയിലായിക്കഴിഞ്ഞിരിക്കുന്നു. യൂറോപ്പിലെ ഇരുണ്ടയുഗത്തിൻ്റെ അവസാനനാളുകൾ. സാമ്പത്തികമായി കടുത്ത ഞെരുക്കത്തിലായിരുന്നു ആ ഭൂഖണ്ഡം. ഫ്രാൻസും ഇംഗ്ലണ്ടും ഒരു നൂറ്റാണ്ടു നീണ്ടുനിന്ന യുദ്ധത്തിലേർപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്പെയിനിൽ മുസ്ലീം മൂറുകൾക്കെതിരെ ജൈത്രയാത്ര ആരംഭിച്ചുകഴിഞ്ഞു. ബിസാൻ്റിയം സാമ്രാജ്യമാകട്ടെ വലിയ ആഭ്യന്തരക്കുഴപ്പത്തിലും. ഇങ്ങ് കിഴക്ക് കുബ്ലായ്ഖാൻ സ്ഥാപിച്ച യുവാൻ രാജവംശം ചൈനയിൽ വലിയ പ്രതിസന്ധികളെ നേരിട്ടു കൊണ്ടിരുന്ന സമയം. ഏഷ്യ മുഴുവനായും പിടിച്ചടക്കിയിരുന്ന മംഗോളുകളുടെ ശക്തിയും പല ഖാനേറ്റുകളായി ചിതറിത്തുടങ്ങിയിരിക്കുന്നു. അക്കൂട്ടത്തിൽ ഏഷ്യയുടെ വടക്കുപടിഞ്ഞാറുള്ള ഗോൾഡൻ ഹോർഡ് അഥവാ കിപ്ചാക് ഖാനേറ്റ് അവരുടെ ശക്തിയുടെ പാരമ്യത്തിലാണ്. മംഗോളുകളെ ഇസ്ലാംമതത്തിലേക്കു പരിവർത്തനം ചെയ്യിക്കുന്നതിനു മുൻകൈയ്യെടുത്ത കീർത്തിമാനായ ഓസ് ബേഗ് ഖാനിൻ്റെ നേതൃത്വത്തിൽ അവർ സൈബീരിയ മുതൽ കരിങ്കടലും കടന്ന്, അങ്ങ് ഡാന്യൂബ് വരെയുള്ള പ്രദേശം പിടിച്ചടക്കിക്കഴിഞ്ഞിരിക്കുന്നു.
നമുക്ക് ഈ ഗോൾഡൻ ഹോഡ് രാജ്യത്തിലേക്കൊന്ന് ശ്രദ്ധ തിരിച്ചേ പറ്റൂ. കാരണം ഏതാണ്ട് 1322 മുതൽ ഗോൾഡൻ ഹോഡിന്റെ പല ഭാഗത്തുമായി പ്ലേഗിന്റെ ലക്ഷണങ്ങളോടു കൂടിയ ഒരസുഖം പ്രത്യക്ഷപ്പെട്ടു തുടങ്ങി എന്നതു തന്നെ. 1342-ൽ ഓസ് ബേഗ് ഖാൻ മരിച്ചതോടെ ജാനി ബേഗ് ഖാൻ അധികാരമേറ്റു അദ്ദേഹത്തിന്റെ ആദ്യലക്ഷ്യം കാഫ നഗരം പിടിച്ചടക്കുക എന്നതായിരുന്നു. കരിങ്കടലിന്റെ വടക്കുഭാഗത്തുള്ള ക്രിമിയൻ ദേശത്ത് ഇറ്റലിയിലെ ജെനോവക്കാർ കൂട്ടംകൂടി ഒരു കോട്ടകെട്ടി പാർത്തിരുന്നു. അതായിരുന്നു കാഫ. ഇന്നത് ഫിയദോസിയ എന്ന നഗരമാണ്. ഇബ്ൻ ബത്തൂത്ത ഈ നഗരത്തെക്കുറിച്ച് തന്റെ യാത്രാക്കുറിപ്പുകളിൽ, ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് ജെനോവർ താമസിക്കുന്നയിടമെന്ന് എഴുതിയിരിക്കുന്നു. യുദ്ധക്കപ്പലുകളും കച്ചവടക്കപ്പലുകളുമായി ഇരുനൂറോളം കപ്പലുകൾ നങ്കൂരമിട്ടു നിൽക്കുന്ന കാഫയിലെ വിസ്മയക്കാഴ്ചയെക്കുറിച്ച് ഇബ്ൻ ബത്തൂത്ത വാചാലനുമാവുന്നുണ്ട്. അക്കാലത്ത് ലോകത്തിലെത്തന്നെ മികച്ച തുറമുഖങ്ങളിലൊന്നായിരുന്നുവത്രെ കാഫ. കരിങ്കടലിലെ കപ്പൽഗതാഗതത്തിന് ചുക്കാൻപിടിച്ച നാവികരായിരുന്ന ജെനോവർ. ആ ജെനോവരുടെ നഗരപരിസരത്തേക്ക് പ്ലേഗ് എത്തുന്നതാകട്ടെ, അങ്ങു ദൂരെ കിഴക്കുനിന്നും.
ഇന്നത്തെ വിമാനങ്ങളെന്നോണം, ഭൂഗോളത്തിൻ്റെ രണ്ടറ്റങ്ങളിൽ നിന്നുകൊണ്ട് മനുഷ്യർ പരസ്പരം ഇടപഴകുന്നതിന് അക്കാലത്ത് നിദാനമായത് പട്ടുപാതകളായിരുന്നു. അതൊരൊറ്റ വഴിയായിരുന്നില്ലതാനും. ശാന്തസമുദ്രത്തേയും മധ്യധരണ്യാഴിയേയും ചേർത്തുവെയ്ക്കുന്ന ഈ ചരിത്രപാതകൾ മധ്യേഷ്യയിലെ സ്റ്റെപ്പി പുൽമേടുകൾക്കു കുറുകെ മനുഷ്യശരീരത്തിലെ രക്തക്കുഴലുകളെന്നോണം, അല്ലെങ്കിൽ ചെടികളിലെ പച്ചിലഞരമ്പുകളെന്നോണം പരന്നുപടർന്നു കിടന്നു. ഈ വഴികളിലെവിടെയോ പതുങ്ങിക്കിടന്നിരുന്ന മഹാമാരിയുടെ നാമ്പുകൾ യാത്രക്കാരിലൂടെ നാനാദേശത്തേക്കുമെത്തിച്ചേരുകയും ചെയ്തു. പട്ടുപാതകളിൽ രാത്രി വിശ്രമത്തിനായി കാരവൻസെരായ് എന്നു വിളിക്കുന്ന വഴിയമ്പലങ്ങൾ കാണും. അതിൽ തിങ്ങിനിറഞ്ഞായിരിക്കും യാത്രക്കാരും കച്ചവടക്കാരും കഴിയുക. അത്തരമൊരു കാരവൻസരായ് ഒരിക്കൽ ഞാൻ സന്ദർശിച്ചിരുന്നു. മൃഗങ്ങളും മനുഷ്യരുമെല്ലാം തൊട്ടുതൊട്ടു രാപ്പാർക്കുന്ന ആ ഇടത്തിൽ പ്ലേഗ് പോലെയൊരു മഹാമാരിയ്ക്ക് പടർന്നു പിടിക്കാൻ യാതൊരു പ്രയാസവുമില്ല.
മധ്യേഷ്യയിലെ പുൽമേടുകളിൽ കാണപ്പെടുന്ന മർമോട്ട്സ് എന്നയിനം ജീവികളിലായിരുന്നു പ്ലേഗാണുവിന്റെ ആദ്യകാലവാസം. തുടർന്നത് എലികളിലേക്കെത്തി. മധ്യേഷ്യയിലെ പ്രവചനാതീതവും മാറിമറയുന്നതുമായ കാലാവസ്ഥ സ്റ്റെപ്പിയിൽ വിഹരിച്ചിരുന്ന എലികളുടേയും സമാനജീവികളുടേയും എണ്ണത്തിൽ വലിയ കുറവു വരുത്തിയിരുന്നുവത്രെ. അത്തരം, ഗൗരവാവഹമായ ആവാസവ്യതിയാനങ്ങളാണ് എലിച്ചെള്ളുകളെ പുതിയ ഇരകളെ അന്വേഷിക്കാൻ പ്രേരിപ്പിച്ചതെന്നും ഇന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നീണ്ട യാത്രകളുടെ ഭാഗമായി എലികളും, ചെള്ളുകളും, പ്ലേഗാണുവും, മഹാമാരിയുമൊക്കെ മാറുന്നതങ്ങനെയാണ്. അത്തരമൊരു മഹാപലായനത്തിലൂടെയാണ് പ്ലേഗ് കാഫയുടെ പരിസരത്തെത്തുന്നത്.
എന്തായാലും ജാനി ബേഗ്, കാഫ വളഞ്ഞു. ജെനോവരാട്ടെ തരിമ്പും വിട്ടുകൊടുത്തതുമില്ല. കോട്ടയ്ക്കകത്തു നിന്നവർ ശക്തമായി പ്രതിരോധിച്ചു. ജാനി ബേഗിന്റെ സൈന്യത്തിൽ പലരേയും അപ്പോഴേക്കും പ്ലേഗ് ബാധിച്ചിരുന്നു. സൈനികശക്തി ചോർന്നുപോകുന്നത് ജാനി ബേഗിനെ വല്ലാതെ അസ്വസ്ഥനാക്കി. എന്തു ചെയ്യണമെന്ന് തലപുകഞ്ഞാലോചിച്ച അദ്ദേഹത്തിന്റെ ദുഷ്ടബുദ്ധിയിലുദിച്ച ഒരാശയം ലോകത്തിന്റെ തന്നെ വിധിയെഴുതി എന്നു പറഞ്ഞാൽ മതിയല്ലോ. അതിനികൃഷ്ടവും ക്രൂരവുമായ ഒരു ഏർപ്പാടിനാണ് ജാനി ബേഗ് തുനിഞ്ഞത്. പ്ലേഗ് ബാധയാൽ മരണമടഞ്ഞ സൈനികരുടെ ശവശരീരങ്ങൾ ഓരോന്നോരോന്നായി തന്റെ ഭീമൻ ചവണകളിൽ അഥവാ കറ്റാപുൽട്ടുകളിൽ കെട്ടിയിട്ട് കാഫ നഗരത്തിന്റെ കോട്ടമതിലിന്റെ മുകളിലൂടെ അകത്തേക്ക് വർഷിച്ചു. യുദ്ധത്തിന്റെ നടുവിൽ പരിഭ്രമിച്ചുനിന്നിരുന്ന നഗരവാസികളുടെ ഇടയിലേക്കാണ് പ്ലേഗ് വികൃതമാക്കിയ ശരീരങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നു വീണുകൊണ്ടിരുന്നത് എന്നോർക്കണം. പലതും അനേകദിവസം പഴക്കംചെന്നതും ചീഞ്ഞളിഞ്ഞതുമൊക്കെയായിരുന്നു. ഏതാനും ദിവസങ്ങൾക്കകം, പ്ലേഗ് ബാധയില്ലാതിരുന്ന കാഫ നഗരത്തിൽ ശവങ്ങൾ ചിതറിക്കിടന്നു. എല്ലാം അഴുകിയതും, അങ്ങേയറ്റത്തെ ദുർഗന്ധം വമിക്കുന്നതും. കാഫയിലുണ്ടായിരുന്ന ജെനോവക്കാരുടെ അവസ്ഥ നിങ്ങൾക്ക് ആലോചിച്ചു നോക്കാവുന്നതേയുള്ളൂ. അവർ കൈയ്യിൽ കിട്ടിയതെല്ലാം പെറുക്കിയെടുത്ത് സ്ഥലംവിടാൻ തീരുമാനിച്ചു. കാഫയിലെ തുറമുഖത്തുണ്ടായിരുന്ന ജെനോവൻ കപ്പലുകൾ പെട്ടെന്നാണ് നിറഞ്ഞത്. ഏറെക്കാലമായി താമസിച്ചു ജീവിച്ചിരുന്ന ഒരു ജനത അപ്പാടെ അവരുടെ പഴയ വേരുകൾ തേടി യാത്ര തുടങ്ങി. നിർഭാഗ്യവശാൽ, ഒരു മഹാമാരിപ്പടർച്ചയുടെ ആരംഭം കൂടിയായിരുന്നു അത്. കാരണം, അപ്പോഴേക്കും ആ നഗരവാസികളിൽ ചിലർക്കെങ്കിലും പ്ലേഗ് ബാധിച്ചുകഴിഞ്ഞിരുന്നു. കാഫയിൽ നിന്നു പിൻവാങ്ങിയ ജാനി ബേഗ് ഖാന്റെ സൈന്യം മധ്യേഷ്യയിലെത്തിയതോടെ പ്ലേഗിന്റെ മറ്റൊരു പടർച്ച അവിടേയും സംജാതമായി.
തുടർന്നു രോഗഭീതിയാൽ പരിഭ്രാന്തിയിലമർന്ന ജനങ്ങളുടെ പാച്ചിലുകൾ കൊൻസ്റ്റാൻ്റിനോപ്പിൾ, ഏഥൻസ്, മെസ്സീന, വെനീസ്, ജെനോവ എന്നീ നഗരങ്ങളിലേക്കു നീണ്ടു. മഹാമാരിയുടെ നീണ്ടു കറുത്ത വിരലുകളും അതിനൊപ്പം നീളുന്നത് ആരും മനസ്സിലാക്കിയില്ലെന്നു മാത്രം. ജാനി ബേഗ് എന്ന നേതാവിന്റെ നിഷ്ഠുരകൃത്യത്തെക്കുറിച്ച് പിയാസെൻസയിലെ ഗബ്രിയേൽ ദ് മുസ്സി എന്ന ചരിത്രകാരൻ തന്റെ എഴുത്തുകളിൽ ആണയിട്ടു പറയുന്നുണ്ട്. ഒരു പക്ഷെ, അത്തരമൊന്ന് അതിനു മുമ്പോ, ശേഷമോ ലോകചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. കാരണം, ആ ഒരൊറ്റ പ്രവൃത്തി യൂറോപ്യൻ ഭൂഖണ്ഡത്തിലെ മൂന്നിലൊരു ഭാഗം ജനങ്ങളേയും മരണത്തിലേക്കെത്തിച്ചു. അതായത്, രണ്ടു കോടിയിലധികം ജനങ്ങളാണ് യഥാർത്ഥത്തിൽ ജാനി ബേഗിന്റെ ശവമേറിൽ മണ്ണടിഞ്ഞത്.
1347-ലെ ഒക്ടോബറിലാണ് കാഫയിൽ നിന്ന് പ്രാണരക്ഷാർത്ഥം നിർഗ്ഗമിച്ച ജെനോവൻ കപ്പലുകൾ കരപൂകിയത്. മാതൃസ്ഥലമായിരുന്ന ജെനോവയായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും കപ്പലിൽ രൂപപ്പെട്ട ഗുരുതരാവസ്ഥ അവരെ സിസിലിയിലെ മെസ്സീനയിലേക്ക് അടുപ്പിക്കുകയായിരുന്നു. മൊത്തം പന്ത്രണ്ടു കപ്പലുകളുണ്ടായിരുന്നു ആ ജെനോവൻ വ്യൂഹത്തിൽ. നാഥനില്ലാത്തവണ്ണം ആടിയുലഞ്ഞെത്തിയ തുറമുഖത്ത് തിങ്ങിക്കൂടിയ ജനങ്ങൾ കപ്പലുകളിലെ കാഴ്ചകൾ കണ്ടമ്പരന്നു. മിക്കവാറും നാവികർ മരിച്ചു കഴിഞ്ഞിരുന്നു. ബാക്കിയുണ്ടായിരുന്നവരാകട്ടെ രോഗത്തിന്റെ അതിതീവ്രാവസ്ഥയിലും. അവരുടെ മുഖവും ദേഹമാസകലവും നീലക്കറുപ്പ് നിറം പടർന്നുനിന്നു. കഴുത്തിലെല്ലാം വീർത്തു നില്ക്കുന്ന മുഴകൾ. പലതും പൊട്ടി ചോരയും ചലവുമൊലിക്കുന്നു. സിസിലി ഭയന്നുവിറച്ച നിമിഷങ്ങളായിരുന്നു അത്. എന്താണ് തങ്ങളെ കാത്തിരിക്കുന്നത് എന്നു മനസ്സിലാക്കാൻ അവർക്കു പ്രയാസപ്പെടേണ്ടി വന്നില്ല. കാരണം, ആ മരണക്കപ്പലുകൾ മെസ്സീനയുടെ തീരത്തെത്തുന്നതിനു മുമ്പേ തന്നെ ദുരിതം വിതച്ചു കൊണ്ട് കിഴക്കൻ ദേശങ്ങളിൽ പടരുന്ന ഒരു മഹാമാരിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ യാത്രികരിലൂടേയായി യൂറോപ്പിൽ പലയിടങ്ങളിലുമെത്തിയിരുന്നു. പ്ലേഗിന്റെ ഭീകരമുഖം ആ കപ്പലുകളിൽ നിന്നവരെ തുറിച്ചുനോക്കി. ഭയന്നുപോയ നഗരാധികാരികൾ ഉടനടി തുറമുഖം വിടാൻ കപ്പലുകളോട് ആജ്ഞാപിച്ചു. പക്ഷെ, അവർ അല്പം വൈകിപ്പോയി. അതിനകം കരകാണാനുള്ള ആർത്തിയോടേയും വിഭ്രാന്തിയലമർന്നും ചില യാത്രക്കാർ കരയിലേക്കോടി രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.
മെസ്സീനയിൽ നിന്നു കപ്പലുകൾ ജെനോവയിലും പിന്നീട് മാഴ്സെയിലും എത്തി. ഒപ്പം പ്ലേഗ് എന്ന മഹാമാരിയും. പിന്നീടത് ആഫ്രിക്കയിലെ ടുണീസിലേക്കും ഇറ്റലിയിലെ റോം, ഫ്ലോറൻസ് എന്നീ നഗരങ്ങളിലേക്കുമെത്താൻ താമസമുണ്ടായില്ല. 1348-ൻ്റെ പകുതിയായപ്പോഴേക്കും പാരീസ്, ബോർദോ, ലിയോൺ, ലണ്ടൻ എന്നീ നഗരങ്ങളൊക്കെ മഹാമാരിയുടെ പിടിയിലായി. 1348-ൽ ജ്യോവന്നി ബൊക്കാച്ചിയോ എഴുതിയ ഡെക്കാമെറൻ എന്ന പുസ്തകത്തിൽ ആ പ്ലേഗിന്റെ വരവിനെക്കുറിച്ച് വിശദമായ വിവരണമുണ്ട്. സ്ത്രീപുരുഷഭേദമെന്യേ കക്ഷത്തും കാലിടുക്കിലും കാണപ്പെടുന്ന മുഴകളെക്കുറിച്ചും, അതിൽ ചിലത് ആപ്പിളോളമെന്നും, മറ്റു ചിലത് അതിൽച്ചെറുതുമെന്നൊക്കെ ബൊക്കാച്ചിയോ പറയുന്നു. ഈ പ്ലേഗുകുരുക്കൾക്കൊപ്പം കടുത്ത പനി, വിറയൽ, ഛർദ്ദി, വയറിളക്കം, കടുത്ത മേലുവേദന എന്നീ ലക്ഷണങ്ങൾ കൂടി കാണാം. അതിൻ്റെ തീവ്രതയുടെ പാരമ്യം പലപ്പോഴും മരണത്തിലാണവസാനിക്കുകയാണെന്നു മാത്രം. ലസികാവ്യൂഹത്തിൻ്റെ ഭാഗമായ കഴലകളെയാണ് പ്ലേഗ് പ്രധാനമായും ബാധിച്ചിരുന്നത്. അവയാണ് മുഴകളായി മാറുന്നത്. ബ്യൂബോ എന്നു വിളിക്കുന്ന ഈ മുഴകളിൽ നിന്നാണ് ബ്യൂബോണിക് പ്ലേഗ് എന്ന പേര് വരുന്നത്. പിന്നീടവ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും പടരും. അതാണ് ന്യൂമോണിക് പ്ലേഗ്, സെപ്റ്റിസീമിക് പ്ലേഗ് എന്നീ തരങ്ങൾ. അമ്പരപ്പിക്കുന്ന പടർച്ചയാണ് പ്ലേഗിന് എന്ന് ബൊക്കാച്ചിയോ പറയുന്നു. വസ്ത്രത്തിലൊന്നു തൊട്ടാൽ മതിയത്രെ അടുത്തയാളിലേക്കെത്താൻ. രാത്രിയിൽ പൂർണ്ണാരോഗ്യത്തോടെ കിടക്കയിലേക്കു പോകുന്നവർ പോലും രാവിലെ മരിച്ചു കിടക്കുന്നത് കാണേണ്ടിവന്നിട്ടുണ്ടെന്നുമൊക്കെ അദ്ദേഹത്തിൻ്റെ വരികളിൽ കാണാം. ഇത്തരം അതിശയോക്തി കലർന്ന എഴുത്തുകൾ ധാരാളമുണ്ട് ബൊക്കാച്ചിയോയുടെ പുസ്തകത്തിൽ.
ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് പ്ലേഗ് പകരുന്നതെങ്ങനെയെന്ന് ആർക്കും അറിയില്ലായിരുന്നു. രോഗം തടയാനോ ചികിത്സിക്കാനോ യാതൊരു മാർഗ്ഗവുമില്ലാതെ അവർ കുഴങ്ങി. രോഗിയുടെ കണ്ണിൽ നിന്നു വരുന്ന രോഗഭൂതം കണ്ടു നിൽക്കുന്നയാളിൻ്റെ കണ്ണിലേക്കു കയറിയാണ് രോഗം പടരുന്നത് എന്നൊക്കെ എഴുതിവെച്ച ഭിഷഗ്വരന്മാർ വരെ അക്കാലത്തുണ്ടായിരുന്നു എന്നോർക്കണം. അവർ തികച്ചും പ്രാകൃതമായ ചികിത്സാവിധികളാണ് നിർദ്ദേശിച്ചിരുന്നതും. രക്തം വാർക്കുക, മുഴകൾ കീറുക, എന്നീ അപകടകരമായ മാർഗ്ഗങ്ങൾ തൊട്ട്, പനിനീർ വെള്ളത്തിൽ കുളിക്കുക, സുഗന്ധച്ചെടികൾ പുകയ്ക്കുക എന്നിങ്ങനെയുള്ള ഉപയോഗമില്ലാത്ത ഏർപ്പാടുകൾ വരെ സർവ്വസാധാരണമായിരുന്നു. പനിനീർ, കറ്റാർവാഴ, കർപ്പൂരം, തുടങ്ങിയ പലയിനം വസ്തുക്കൾ രോഗചികിത്സയ്ക്കായി ഉപയോഗിച്ചു. ആരോഗ്യമുള്ളവരാകട്ടെ, രോഗം വരാതിരിക്കാനായി അവരാലാവുന്നതൊക്കെ ചെയ്തു. പല ഭിഷഗ്വരന്മാരും ചികിത്സ നിർത്തിവെച്ചു. പുരാഹിതർ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാതായി. കച്ചവടക്കാർ കടകളുമടച്ചു. നഗരങ്ങളിൽ നിന്നു ഓടിരക്ഷപ്പെട്ടവരുനേകം. പക്ഷെ, ആരേയും പ്ലേഗ് വെറുതെവിട്ടില്ല. മൃഗങ്ങൾ പോലും അതിനിരയായി.
ഒന്നൊഴിയാതെ യൂറോപ്പിനെ കാർന്നുതിന്നു ആ മഹാമാരി. ഏഴുവർഷക്കാലം നിറഞ്ഞു നിന്ന ഭീകരതാണ്ഡവം! അക്കാലത്തെ ലിഖിതങ്ങളിലൊന്നും പ്ലേഗിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെപ്പറ്റിയും പരാമർശമില്ല. ഫ്ലോറൻസിലെ പെട്രാർക്ക് എന്ന കവി എഴുതിയതൊന്നു വായിക്കണം. “ഓ! സന്തോഷവാന്മാരായ ഭാവിജനതേ, ഇത്രയും അഗാധവും വേദനാജനകവുമായ ഒരു ദുരന്തം അനുഭവിക്കാൻ ഇടയില്ലാത്ത നിങ്ങൾ ഞങ്ങളീയെഴുതിവെയ്ക്കുന്നതൊന്നും വിശ്വസിക്കാനിടയില്ല. ആരുടേയോ സങ്കല്പത്തിലെ പ്രേതകഥയെന്നേ നിങ്ങൾക്കിതിനെക്കുറിച്ച് തോന്നാനിടയുള്ളൂ.”
മറ്റൊരു ഫ്ലോറൻസുകാരൻ എഴുതിവെച്ചത് നോക്കാം. “ഈ നഗരത്തിലെ ജനങ്ങൾക്ക് ശവങ്ങൾ ചുമന്നുകൊണ്ടുപോയി മറവു ചെയ്യുക എന്നതിൽപ്പരം മറ്റൊരു ജോലിയും ഉണ്ടായിരുന്നില്ല. എല്ലാ പള്ളികളിലും ആഴത്തിൽ, വെള്ളം കാണുന്നത്രയും ആഴത്തിൽ അവർ കുഴികൾ തീർത്തു. ഒന്നിനും വകയില്ലാത്ത പാവപ്പെട്ടവർ മരിച്ചു വീഴുമ്പോൾ അവരെ കൂട്ടത്തോടെ തള്ളാനുള്ള കുഴികൾ. ശരീരങ്ങളുടെ എണ്ണം വല്ലാതെ കൂടുമ്പോൾ കുഴിയിൽ ഇടയ്ക്ക് മണ്ണുനിറയ്ക്കണം. പിന്നെ വീണ്ടും ശവങ്ങൾ. അങ്ങനെ മാറി മാറി ലസാന്യയിൽ മാവും പാൽക്കട്ടിയും നിറയ്ക്കുന്നതു പോലെ…..”
ഹോ! ഇത്രയും കറുത്തിരുണ്ട ഒരു ഉപമ ഞാൻ മുമ്പ് കേട്ടിട്ടേയില്ല.
അക്കാലത്ത്, ടസ്കനിയിലായിരുന്ന അന്യോലോ ദി തൂര എന്ന എഴുത്തുകാരൻ സിയന്ന നഗരത്തിലെല്ലായിടത്തും നിറയെയുണ്ടായിരുന്നത് ശവക്കുഴികൾ മാത്രമായിരുന്നു എന്നു പറയുന്നു. ഓരോ കുഴികളിലും അസംഖ്യം ശരീരങ്ങൾ. ചിലവ വേണ്ടവിധം മൂടിയിട്ടുമില്ല. നായ്ക്കൾ അതിനെയൊക്കെ വലിച്ചു പുറത്തിടും. എന്നിട്ട് തെരുവുകളിലൂടെ കടിച്ചുപറിച്ചു നടക്കും. അവയെയൊന്ന് ആട്ടിയോടിക്കാൻ പോലുമുള്ള ആരോഗ്യമോ, മനസ്സോ ആർക്കുമുണ്ടായിരുന്നുമില്ല. അസാധാരണത്തിൽ അസാധാരണമായിരുന്നു ആ ദുരന്തം. ഏതാനും മാസങ്ങൾക്കകം ഫ്ലോറൻസ് നഗരത്തിലെ പകുതിയിലധികം ജനങ്ങളും മരിച്ചുവീണുകഴിഞ്ഞിരുന്നു. സിയന്നയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. പെട്രാർക്കിന്റെ കവിതകളിൽ ദീപ്തമായി നിന്നിരുന്ന പ്രണയനായിക-ലോറ എന്ന അദ്ദേഹത്തിന്റെ കാമുകി-ആ പ്ലേഗ് തരംഗത്തിൽ മണ്ണടിഞ്ഞു. അഞ്ചുമക്കളെ സ്വന്തം കൈകൾ കൊണ്ട് മറവുചെയ്യേണ്ടി വന്ന കദനകഥ ദി തൂര തന്നെ വിവരിക്കുന്നുണ്ട്.
ഞാൻ നേരത്തെ പറഞ്ഞതുപോലെ എലികളാണ് പ്ലേഗാണുവായ യെർസീനിയയുടെ സംഭരണികൾ. മനുഷ്യനൊപ്പം ജീവിക്കുന്നതു കൊണ്ട് അവ നമുക്ക് അപകടകാരികളുമാവുന്നു. യെർസീനിയയെ വഹിക്കുന്ന ഒരു എലിക്കോളനിയിൽ മിക്കവാറും എണ്ണം ചത്തുതീരാൻ രണ്ടാഴ്ച മതി. അങ്ങനെ സംഭവിച്ചുകഴിഞ്ഞാൽ, സിനോപ്സില്ല എന്ന എലിച്ചെള്ള് അല്പനാൾ ഭക്ഷണമില്ലാതെ കഴിഞ്ഞേക്കും. പിന്നെയത്, തൊട്ടടുത്തുള്ള മനുഷ്യനെ ആക്രമിക്കുകയായി. സിനോപ്സില്ലയുടെ വായിലൂടെ പുറത്തിറങ്ങാൻ ഒരു വമ്പൻ യെർസീനിയപ്പട പ്രോവെൻട്രിക്കുലസ് എന്ന അവയത്തിൽ തയ്യാറായി നില്പുണ്ടാവും. മനുഷ്യനെ കടിക്കുന്നതിലൂടെ ബാക്ടീരിയകൾ മനുഷ്യന്റെ ശരീരത്തിലേക്കു കയറും. പിന്നെ ലസികാനാളികളിലൂടെ കാലിടുക്കുകളിലും കക്ഷത്തും കഴുത്തിലുമുള്ള കഴലകളിലേക്ക്. അണുബാധയേറ്റ ആ കഴലകൾ വീങ്ങിവീർക്കും. നല്ല വേദനയുമുണ്ടാവും. പ്ലേഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ നാലോ അഞ്ചോ ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. പിന്നെയൊരു അഞ്ചു ദിവസത്തിനകം നല്ലൊരു ശതമാനം പേരിലും മരണം സംഭവിക്കുകയും ചെയ്യാം. അത്രയ്ക്കും ദ്രുതഗതിയിലാണ് രോഗത്തിന്റെ പടർച്ചയും വളർച്ചയും. ഒരു എലിസമൂഹത്തിൽ വന്നുപെടുന്ന യെർസീനിയ ബാധയെത്തുടർന്ന് 23 ദിവസത്തിനകം മനുഷ്യരിലെ ആദ്യത്തെ മരണം ഉണ്ടാവുന്നു എന്നൊരു കണക്കുണ്ട്. പക്ഷെ, അത്തരമൊരു മഹാമാരി സമൂഹത്തിൽ പടരുന്നു എന്ന് മനുഷ്യൻ തിരിച്ചറിയാൻ ഇതിലും കൂടുതൽ സമയമെടുത്തേക്കും. ഉദാഹരണത്തിന്, ഗ്രാമങ്ങളിലാണെങ്കിൽ നാല്പതു ദിവസവും ചെറിയ നഗരങ്ങളിൽ ഏഴും വലിയ നഗരങ്ങളിൽ എട്ടും ആഴ്ചകൾ വരേയുമെടുക്കുമത്രെ അത് മനസ്സിലാകാൻ. അപ്പോഴേക്കും തടയാനാവാത്തവിധം പടർന്നുപിടിച്ചു കാണും ഈ മഹാമാരി.
ഫ്രഞ്ച് ജീവശാസ്ത്രജ്ഞൻ അലക്സാന്ദർ യെർസാങ് ആണ് പ്ലേഗാണുവിനെ കണ്ടുപിടിച്ചത്. അദ്ദേഹത്തിൽ നിന്നായിരുന്നു യെർസീനിയ എന്ന പേരും വന്നത്. പതിനാലാം നൂറ്റാണ്ടിൽ ഈ അണുക്കളും, അത് പരത്തുന്ന എലിച്ചെള്ളുകളും, വാഹകരായ എലികളും യൂറോപ്പിൽ സുലഭമായിരുന്നുവെങ്കിലും, ഈ മഹാമാരി എങ്ങനെ പരക്കുന്നു എന്നതിനെക്കുറിച്ച് യാതൊരു ധാരണയും അക്കാലത്ത് ജനങ്ങൾക്കുണ്ടായിരുന്നില്ല. രോഗപ്പടർച്ച വായുവിലൂടെയാണെന്നായിരുന്നു പൊതുവായ അഭ്യൂഹം. അതുപ്രകാരം, രോഗികളുടെ ഉച്ഛ്വാസവും, മൃതശരീരങ്ങളിൽ നിന്നും ജീർണ്ണാവശിഷ്ടങ്ങളിൽ നിന്നും വമിച്ചിരുന്ന ആവിയും അന്തരീക്ഷത്തെ രോഗലിപ്തമാക്കിക്കൊണ്ടിരുന്നു. ഈ രോഗബാഷ്പത്തിന് മയാസ്മ എന്നായിരുന്നു പേർ. മറ്റു ചിലർക്കാകട്ടെ ദൈവശിക്ഷയിൽ കവിഞ്ഞൊന്നും ചിന്തയിൽ വന്നില്ല. അത്തരം പാപവിധികൾക്ക് പരിഹാരവുമില്ലല്ലോ. ഇനി വേറോരു കൂട്ടർ മഹാമാരിയെ ഒരു അപൂർവ്വപ്രാപഞ്ചികപ്രതിഭാസത്തിന്റെ ഭാഗമായി മാത്രം കണ്ടു. കന്യാമറിയത്തിലും വിശുദ്ധ സെബാസ്റ്റിയനിലുമെല്ലാം അവർ മനസ്സുകൊണ്ട് ശരണം പ്രാപിച്ചു. ഇതിനെല്ലാം പുറമെ സ്വയം ചാട്ടവാറടിച്ചും കുരിശുകളേന്തിയും ഉറക്കെ പ്രാർത്ഥനാഗീതങ്ങൾ പാടിയും ലോകരക്ഷയ്ക്കായി നടന്നിരുന്നവരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. അത്തരക്കാരുടെ പദയാത്രകൾ മൈലുകളോളം നീണ്ടിരുന്നുവത്രെ. പ്ലേഗ് പരത്തുന്നത് യഹൂദരും ജിപ്സികളും, കുഷ്ഠരോഗികളും, അതുപോലെ തീർത്തും ന്യൂനപക്ഷമായിരുന്ന ചില മതവിഭാഗങ്ങളുമാണെന്ന് ചിലർ മന:പൂർവ്വം പറഞ്ഞുപരത്തി. അജ്ഞതയും വിദ്വേഷവും മാത്രമായിരുന്നു ഇതിനു പിന്നിൽ. തുടർന്ന്, ഈ ചെറുസമൂഹങ്ങൾക്ക് വലിയ ദുരന്തങ്ങളും നേരിടേണ്ടിവന്നു. ഇക്കാരണം പറഞ്ഞ് ആയിരക്കണക്കിന് യഹൂദരെ അക്കാലത്ത് കൊന്നൊടുക്കിയിട്ടുമുണ്ട്.
ഈ മഹാമാരിയെ പെസ്റ്റിലെൻഷ്യ എന്നാണ് വിളിച്ചിരുന്നത്. ഗുരുതരമായ സെപ്റ്റിസീമിക് പ്ലേഗിൽ കാണുന്ന കറുത്ത പാടുകളെ തുടർന്നായിരിക്കണം ആ പേരു വന്നത്. പിന്നീട്, ആ കറുപ്പ് നിറം ഇരുട്ടിന്റേയും മരണത്തിന്റേയും മുന്നറിയിപ്പുകളായി കണക്കാക്കപ്പെടാൻ താമസമുണ്ടായില്ല. അങ്ങനെ മഹാമാരിയുടെ പേര് ‘പെസ്റ്റിസ് അട്ര‘ അഥവാ ‘അട്രാ മോർസ്‘ എന്നായി മാറി. അട്രാ എന്നാൽ ഭീകരതയെ ധ്വനിപ്പിക്കുന്ന കറുപ്പ് എന്നർത്ഥം. മോർസ് എന്നാൽ മരണം തന്നെ. അങ്ങനെ അട്രാ മോർസ് മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടപ്പോൾ ബ്ലാക്ക് ഡെത്ത്, കറുത്ത മരണം തുടങ്ങിയ സമാനപ്രയോഗങ്ങളും പ്രചാരത്തിൽ വന്നു. മോർത്തലേഗാ ഗ്രാൻദ് അഥവാ മഹാമരണം എന്ന പേരും ഇറ്റലിയിൽ ഉപയോഗിച്ചുവന്നിരുന്നു.
ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും ഒരുപോലെ തകർന്നടിഞ്ഞു ആ മഹാമാരിയിൽ. പല മംഗോൾ ഭരണാധികാരികളും മരണപ്പെട്ടു. യൂറോപ്പിലെ പകുതിയോ അതിലധികമോ പേരെങ്കിലും ആ മഹാമാരിയിൽ മരിച്ചുവെന്ന് പല ചരിത്രകാരന്മാരും അവകാശപ്പെടുന്നു. യൂറോപ്പിലെ ദുരന്തത്തിനു പുറമെ ഏതാണ്ട് രണ്ടരക്കോടി ജനങ്ങൾക്ക് ഏഷ്യയിലും ഉത്തരാഫ്രിക്കയിലും മാത്രമായി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് ഭീതിദമായ ഒരു കണക്കാണ്. മൂന്നു കൊല്ലം നീണ്ടു നിന്ന ആദ്യ തരംഗത്തിൽ യൂറോപ്പിലും മറ്റു ഭൂഖണ്ഡങ്ങളിലുമായി അഞ്ചു കോടി പേരാണ് മരിച്ചത്. രണ്ടാം തരംഗം 1361 ൽ ആയിരുന്നു. അതിലും ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്നോളം പേരാണ് അപ്രത്യക്ഷരായത്. തുടർന്ന്, യൂറോപ്പിലെ അപ്പോഴത്തെ ജനസംഖ്യ 1290-ലേക്കാളും താഴേയ്ക്കെത്തി. അതു പൂർവ്വനിലയിലേക്കെത്താൻ പതിനഞ്ചാം നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടി വന്നുവത്രെ.
എന്തായാലും നാടുവാഴി വ്യവസ്ഥയുടെ പരാധീനതകളും ദൗർബ്ബല്യവും കാരണം നടുവൊടിഞ്ഞു നിന്നിരുന്ന യൂറോപ്പിനെ തകർത്തുകളഞ്ഞു ആ മഹാമാരി എന്നു പറയാതെ വയ്യ. തുടർച്ചയായ ക്ഷാമവും ദാരിദ്ര്യവും ആ വ്യവസ്ഥയുടെ ക്രൂരതകളും ജനങ്ങളെ കഠിനവ്യഥകളിലൂടെ വലിച്ചിഴച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു കറുത്ത മരണത്തിന്റെ വരവു തന്നെ. കൂലിവേല ചെയ്തിരുന്ന ഒരു ജനത പാടെ അപ്രത്യക്ഷമായി എന്നത് കറുത്ത മരണത്തിന്റെ പ്രത്യേകതയാണ്. കുടുംബങ്ങൾ പലതും ഇല്ലാതായി. ചിലപ്പോൾ ഗ്രാമങ്ങൾ തന്നെയും. വിളവെടുപ്പിനോ കച്ചവടത്തിനോ പോലും ആരുമില്ലായിരുന്നു. ഭക്ഷ്യക്ഷാമം അനുദിനം രൂക്ഷമായിക്കൊണ്ടിരുന്നു. യാതൊരുവിധ വേലയ്ക്കും ആൾക്കാർ ലഭ്യമേയല്ലാത്ത അവസ്ഥ. ചെയ്യുന്ന ജോലിക്ക് മെച്ചപ്പെട്ട പ്രതിഫലം എന്ന നിലയിലേക്ക് യൂറോപ്പിന് മാറേണ്ടി വന്നത് ഈ മഹാമാരിയുടെ ഒരു നല്ല വശമായി കാണാം. ഈ സമയം മുതലെടുത്ത് പണിയെടുക്കാൻ തുനിഞ്ഞിറങ്ങിയവർ പെട്ടെന്ന് പണക്കാരായി. പക്ഷെ അവരും എത്തിച്ചേർന്നത് ശവക്കുഴികളിൽ തന്നെയായിരുന്നു. ബ്രൂഗൽ ചിത്രത്തിലെ അസ്ഥിപഞ്ജരങ്ങൾ ജോലിക്കാരായി മാറുന്ന രംഗം ഇവിടെ ഓർമ്മിക്കാം. ധനികരും പാവപ്പെട്ടവരുമെന്ന വേർതിരിവുകൾ തന്നെ അപ്രത്യക്ഷമായി. പുതിയൊരു മധ്യവർഗ്ഗത്തിന്റെ ആവിർഭാവവും ഈ മഹാമാരിക്കാലത്ത് കാണാനിടവന്നു.
ഫ്ലോറൻസ്, വെനീസ്, പാരീസ് എന്നീ വൻനഗരങ്ങളുടെ സ്ഥിതിയായിരുന്നു ഏറെ കഷ്ടം. അവിടെ ഒട്ടുമുക്കാൽപ്പേരും മരണം വരിച്ചു. ഫ്ലോറൻസിൽ മാത്രം ഒരു ലക്ഷം പേരെങ്കിലും മരിച്ചുവെന്ന് ബൊക്കാച്ചിയോ പറയുമ്പോൾ നമ്മൾ മൂക്കത്തു വിരൽവെച്ചുപോകും. നഗരങ്ങളിലെല്ലാം ശവശരീരങ്ങൾ എങ്ങും ചിതറിക്കിടന്നു. മനോഹരമായ കൊട്ടാരങ്ങളും ആഡംഭരഭവനങ്ങളുമൊക്കെ ആളൊഴിഞ്ഞു പ്രേതാലയങ്ങളെന്നോണം നിശ്ശബ്ദവുമായി. വളരെ പെട്ടെന്നായിരുന്നു യൂറോപ്പിലെ രമ്യനഗരങ്ങൾ അനാഥമായത്. 1346 മുതലുള്ള ഏഴുവർഷക്കാലം യൂറോപ്പ് ആ ദുരിതത്തിന്റെ പാരമ്യത്തിൽ തീർത്തും ശിഥിലമായി എന്നു പറയാം.
വീടുകളിലും തെരുവുകളിലും അനാഥശവങ്ങൾ കുമിഞ്ഞുകൂടിയത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. മറവുചെയ്യാൻ കഴിയുന്നവരായിപ്പോലും ആരേയും ബാക്കിവെക്കാതെയായിരുന്നു ആ ഭീകരതാണ്ഡവം. മരണാനന്തരചടങ്ങുകളുടെ അഭാവത്തിൽ ശാരീരികമരണത്തിനൊപ്പം ആത്മീയമായ മരണവും സംഭവിക്കുന്നത് ജനങ്ങളെ കടുത്ത വിഷാദത്തിലേക്കു തള്ളിവിട്ടു. ആശയുടെ ഒരൊറ്റ കിരണം പോലും ആർക്കും കണ്ടെത്താനാവുന്നുണ്ടായിരുന്നില്ല. കുർബാനകളൊന്നും തന്നെ നടക്കുന്നുണ്ടായിരുന്നില്ല. പള്ളികളും ദേവാലയങ്ങളും തുറന്നു കിടന്നു. പക്ഷെ പുരോഹിതരോ, പശ്ചാത്തപിക്കുന്നവരോ മോക്ഷാർത്ഥികളോ ആയി ആരും തന്നെ അങ്ങോട്ട് കടക്കുന്നേയുണ്ടായിരുന്നില്ല. ശവങ്ങൾ കൂട്ടിയിട്ടിരുന്ന ഇടങ്ങളിലേക്കു മാത്രമാണ് ഏവരും എത്തിച്ചേർന്നത്. ദേവാലയവാസികളും ഭിഷഗ്വരരും കൊട്ടാരപ്രഭൃതികളും തെരുവുതെണ്ടികളുമെല്ലാം ഒരൊറ്റയിടത്ത് ആഴവും വീതിയുമുള്ള കുഴികളിൽ പറ്റിച്ചേർന്നുകിടന്നു. വിൽപത്രമെഴുതി വെച്ച ധനാഢ്യരും അവരുടെ അനന്തരാവകാശികളും അത് നടപ്പാക്കേണ്ടിയിരുന്ന ഗുമസ്തരുമെല്ലാം ഒരേ ശവവണ്ടിയിൽ നിന്ന് ഈ കുഴികളിലേക്ക് വലിച്ചെറിയപ്പെട്ടു.
ഇന്ന് ഈ കോവിഡ് കാലത്ത് നമുക്ക് സുപരിചിതമായ പല പദങ്ങളുടെയും പ്രതിരോധരീതികളുടേയും ആവിർഭാവം ഈ കറുത്ത മരണത്തിന്റെ കാലത്തായിരുന്നു എന്ന് പ്രത്യേകം പറയട്ടെ. ഞാൻ വിശദീകരിക്കാം.
അഡ്രിയാറ്റിക് തീരത്ത് ദുബ്രോവ്നിക് എന്നൊരു തുറമുഖപട്ടണമുണ്ട്. പഴയ കാലത്ത് രാഗുസ എന്നായിരുന്നു പേര്. 1377-ൽ ഇവിടെ കപ്പലിൽ വന്നിറങ്ങുന്നവർക്കായി അടച്ചുകെട്ടിയ ഒരു സ്ഥലം തയ്യാറാക്കി. പട്ടണത്തിൽ നിന്നൊക്കെ വളരെയകലെ. അവിടെ 30 ദിവസം കഴിഞ്ഞതിനു ശേഷമേ എല്ലാ യാത്രക്കാർക്കും പുറത്തുവരാനൊക്കുമായിരുന്നുള്ളൂ. രോഗപ്പടർച്ച ഉണ്ടാവാതിരിക്കാൻ ലോകത്തിലാദ്യമായി ഏർപ്പെടുത്തിയ സംവിധാനമായിരുന്നു അത്. മുപ്പതു ദിവസം എന്നതിന്റെ ലാറ്റിൻ പദമായ ത്രെന്റീന ആ ഏർപ്പാടിന്റെ പേരും. താമസിയാതെ 30 ദിവസം പോരാ എന്ന് തീരുമാനിക്കപ്പെട്ടു. അങ്ങനെ 1403-ൽ കിഴക്കുനിന്നും വരുന്ന യാത്രികർക്കായി വെനീസിൽ ഒരു ആസ്പത്രി ഒഴിച്ചിടപ്പെടുകയായി. 40 ദിവസമായിരുന്നു അവരവിടെ കഴിയേണ്ടിയിരുന്നത്. അതിനെ 40 എന്നർത്ഥമുള്ള ക്വരന്റീന എന്നു വിളിച്ചു. അവിടെ നിന്നാണ് നമ്മളുപയോഗിക്കുന്ന ക്വരന്റീൻ എന്ന വാക്കിന്റെ ഉത്ഭവം. ഈ നാല്പതു ദിവസം എവിടെ നിന്നു വന്നു എന്നു നോക്കിയാൽ രസമാണ് കാര്യങ്ങൾ. ഈസ്റ്ററിനു മുമ്പുള്ള ലെന്റ് നൊയമ്പിന്റെ കാലയളവാണതെന്നു പറയുന്നു ചിലർ. മരുഭൂമിയിൽ യേശുക്രിസ്തു ഉപവസിച്ച നാളുകളുടെ എണ്ണം എന്ന കണക്കും ഉണ്ട്. പക്ഷെ, പണ്ടുകാലം മുതലേ ഗ്രീക്കുകാർ 40 ദിവസം എന്നാൽ പകർച്ചവ്യാധിയുള്ള ഒരാളിന്റെ അടുത്തു നിന്നും മറ്റൊരാൾക്ക് രോഗം വരാനുള്ള കാലയളവായി പറഞ്ഞു പോന്നിട്ടുണ്ട് എന്നും കാണാം. എന്തായാലും, അന്നു മുതൽ വെനീസ് തുടങ്ങിവെച്ച വഴിയിലൂടെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും 40 ദിവസത്തെ ക്വരന്റീൻ പ്രാവർത്തികമാക്കിത്തുടങ്ങി.
ആ മഹാമാരിക്കാലത്തു തന്നെയാണ് അസുഖമുള്ളവരും ഇല്ലാത്തവരും തമ്മിൽ പാലിക്കേണ്ട അകലത്തെക്കുറിച്ചുള്ള ചിന്തയും ബോധവും ആദ്യമായി ഉണ്ടായത്. അതിനെ കോർഡോൻ സാനിറ്റെയർഅഥവാ ശുചിയതിര് എന്നു വിളിച്ചു. ഇപ്പോഴത് സാമൂഹിക അകലത്തിൽ വന്നു നില്ക്കുന്നു.
മറ്റൊന്ന്, അക്കാലത്ത് പ്ലേഗ് ചികിത്സകർ ഉപയോഗിച്ചിരുന്ന വസ്ത്രമാണ്. പ്ലേഗുരോഗിയിൽ നിന്ന് രോഗം തങ്ങളിലേക്കും പകരും എന്ന് ഭിഷഗ്വരർ മനസ്സിലാക്കിയതോടെ അവർ സ്വസുരക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ തേടി. 1656-ൽ പൗലസ് ഫഴ്സ്റ്റ് എന്നയാൾ ഈ വസ്‌ത്രത്തിന്റെ നല്ലൊരു ചിത്രം വരച്ചിട്ടുണ്ട്. ശിരസ്സു മുതൽ പാദങ്ങൾ വരെ മൂടുന്ന തുകൽക്കുപ്പായമായിരുന്നു അത്. കാലുറകളും കൈയ്യുറകളും പ്രത്യേകമുണ്ടാവും. പിന്നെ ഒരു തൊപ്പി, പക്ഷിയുടെ കൊക്കു പോലെയുള്ള മുഖാവരണം, അതിൽ കണ്ണുകളുടെ സ്ഥാനത്ത് സ്ഫടികമാണ്. പിന്നെ ശ്വാസോച്ഛ്വാസത്തിനായി നാസാദ്വാരങ്ങളോടു ചേർന്ന് തുളകളുണ്ട്. അതിൽ ഔഷധക്കൂട്ടുകൾ നിറച്ചിരിക്കും. മയാസ്മയിലൂടെ രോഗം കടന്നു വരാതിരിക്കാൻ! രോഗികളെ ദൂരെനിന്ന് പരിശോധിക്കാനുള്ള ഉപകരണങ്ങളുമുണ്ടാവും ഒപ്പം. ബ്യൂബോകൾ കീറുന്നതിനായുള്ള നീണ്ട കത്തികൾ ഇക്കൂട്ടത്തിൽ പ്രധാനമായിരുന്നു.
ഇരുണ്ട മധ്യകാലത്തു നിന്നും നവോത്ഥാനത്തിലേക്കും ആധുനികതയിലേക്കുമൊക്കെ ചുവടുവെയ്ക്കുകയായിരുന്ന യൂറോപ്യൻ സമൂഹത്തെ പ്ലേഗ് തച്ചുതകർത്തു. അതിന്റെ തീർത്തും അവിശ്വസനീയമായ മഹാവ്യാപനത്തിലൂടെ. ഇംഗ്ലണ്ട്, നോർവ്വേ, സ്പെയിൻ എന്നീ രാജ്യങ്ങളെപ്പോലും അത് വെറുതെ വിട്ടില്ല. എന്തിന്, യൂറോപ്പിലെ സകല മുക്കും മൂലയും പ്ലേഗിന്റെ കറുത്ത സ്പർശത്തിലാഴ്ന്നു. രക്ഷപ്പെട്ടത് സഞ്ചാരികളില്ലാതിരുന്ന രണ്ടേ രണ്ട് രാജ്യങ്ങൾ. ഐസ്‌ലന്റും ഫിൻലന്റും. പ്ലേഗ് ബാക്ടീരിയയുടെ സുവർണ്ണകാലം തന്നെയായിരുന്നു അത്. എട്ടു നൂറ്റാണ്ടുകൾക്കു ശേഷം കറുത്ത മരണത്തെ നോക്കിക്കാണുമ്പോൾ അക്കാലത്തെ വിപുലമായ കച്ചവടപ്പാതകളും മനുഷ്യസഞ്ചാരങ്ങളുമാണ് ആ രോഗത്തെ ഒരു മഹാമാരിയാക്കിയത് എന്നു കാണാം. വിവിധ സമൂങ്ങൾ തമ്മിലുള്ള ബന്ധം വസ്തുവിനിമയങ്ങൾക്കും ജ്ഞാനസമ്പാദനത്തിനും നിദാനമായിരുന്നുവെങ്കിലും, ഒപ്പം പടർന്നതു ഇതുപോലൊരു ഭീകരതയായിരുന്നു. അതു സൃഷ്ടിച്ച തകർച്ചയിൽ നിന്നാണ് യൂറോപ്പ് നവോത്ഥാനത്തിന്റെ പടവുകൾ ചവിട്ടിയതും.
(തുടരും)
***
Be the first to write a comment.