ഒന്ന്

മ്യൂസിയങ്ങളെ “ഭൂതശാലകള്‍” എന്ന് വിളിക്കാമോ?  ഒരു പതിറ്റാണ്ടു മുന്‍പ് മ്യൂസിയങ്ങളെക്കുറിച്ച് ഒരു ലേഖനം എഴുതിയപ്പോള്‍ ഞാന്‍ അങ്ങനെയൊരു വാക്ക് ഉപയോഗിച്ചിരുന്നു. ഭവിച്ചതാണല്ലോ ഭൂതം! ആ നിലയില്‍ മ്യൂസിയങ്ങള്‍ ഭൂതശാലകളാണ്. ഭൂതകാലത്തിന്‍റെയും ഭൂതകാലനിര്‍മ്മിതികളുടെയും പ്രദര്‍ശനശാല. മണ്‍മറഞ്ഞ സഹസ്രാബ്ദങ്ങളുടെയും ശതാബ്ദങ്ങളുടെയും നടുവിലേക്ക് അതു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ഭൂതകാലത്തിന്‍റെയും അതിലെ നാനാതരം നിര്‍മ്മിതികളുടെയും നടുവില്‍ നമ്മെ പ്രതിഷ്ഠിക്കുന്നു. അവിടെ നിന്നുകൊണ്ട് നാം നമ്മുടെ കാലത്തിലേക്ക് നോക്കുന്നു; തിരിച്ചും.

മ്യൂസിയങ്ങളെക്കുറിച്ചുള്ള ഈ ഔപചാരിക ധാരണയ്ക്ക് കുറുകെ നീങ്ങുന്ന ഒന്നാണ് ബീമിഷ് മ്യൂസിയം. അതൊരു തുറന്ന  മ്യൂസിയമാണ് (open museum). തുറന്ന  മ്യൂസിയത്തെക്കുറിച്ച് ചിലയിടങ്ങളിലൊക്കെ വായിച്ചിട്ടുണ്ടെങ്കിലും അങ്ങനെയൊന്ന് കാണാന്‍ എനിക്കവസരം കിട്ടിയിരുന്നില്ല. നാട്ടിലെവിടെയെങ്കിലും അത്തരമൊരു തുറസ്സ് ഉള്ളതായി അറിയുകയുമില്ല. ഇംഗ്ലണ്ട് യാത്രക്കിടയില്‍ അങ്ങനെയൊരവസരം ലഭിച്ചത് തീര്‍ത്തും യാദൃശ്ചികമായാണ്. ന്യൂകാസിലിലുള്ള മധുവിന്‍റെയും ഡോ. യമുനയുടെയും വസതിയില്‍ നിന്ന് ബീമിഷിലേക്ക്‌ പുറപ്പെടുമ്പോള്‍ അത് എന്തുതരം അനുഭവമാണ് കാത്തുവയ്ക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു നിശ്ചയവും ഉണ്ടായിരുന്നുമില്ല.

beamish-museum

ലണ്ടന്‍യാത്രയുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഞാനും മുരളിയേട്ടനും ന്യൂകാസിലില്‍ എത്തിയത്. അവിടെ എസ്സന്‍സ്  യുകെയുടെ ന്യൂകാസില്‍ ശാഖ സംഘടിപ്പിച്ച ഒരു പ്രഭാഷണം. രാവിലെ മുരളിയേട്ടന്‍റെ വസതിയില്‍ നിന്നും പുറപ്പെട്ടു. ഈസ്റ്റ് ഫിഞ്ച്‌ലിയില്‍ നിന്ന് ട്യൂബ് വഴി കിങ് ക്രോസ്സിലെത്തി അവിടെ നിന്നാണ് ന്യൂകാസിലിലേക്ക് തിരിച്ചത്. യാത്രയുടെ ടിക്കറ്റ് എസ്സന്‍സിന്‍റെ ഭാരവാഹികള്‍ തയ്യാറാക്കി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അന്ന് ഒരവധി ദിവസമായിരുന്നു. കിങ് ക്രോസ് സ്റ്റേഷനിലെത്തുമ്പോഴും വലിയ തിരക്കില്ല. അവധിയുടെ ആലസ്യം വലിയ ആ സ്റ്റേഷനെയും മൂടിപ്പൊതിഞ്ഞപോലെ. പുറത്തുനിന്ന് ഒരു കാപ്പിയും സ്നാക്സും കഴിച്ച് ഞങ്ങള്‍ ന്യൂകാസിലിലേക്കുള്ള വണ്ടി കാത്തിരുന്നു. സമയം തെറ്റാതെ അതെത്തി. റിസര്‍വ്വ് ചെയ്ത സീറ്റാണ്. നാട്ടിലെ ഏ.സി. കോച്ചില്‍ നിന്നും കുറച്ചുകൂടി വ്യത്യസ്തം. കുറച്ചുകൂടി വിസ്താരവും സൗകര്യവും. ട്രെയിനില്‍ കയറി അല്‍പ്പം കഴിഞ്ഞപ്പോള്‍ത്തന്നെ  അതിന്‍റെ സുഖശീതോഷ്മളത ഞങ്ങളെ വലയംചെയ്തു തുടങ്ങി. എങ്കിലും ഞാന്‍ ശ്രദ്ധയോടെ പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നു. രണ്ടു മണിക്കൂറിലധികം നീളുന്ന യാത്രയാണ്. ലണ്ടന്‍ നഗരപരിധിവിട്ട് പുറത്തുകടന്നതോടെ സമീപദൃശ്യങ്ങളുടെ പ്രകൃതം മാറി. മഹാനഗരത്തിന്‍റെ അലകള്‍ ഒടുങ്ങി. പച്ചപ്പിന്‍റെ പരന്ന പാടങ്ങള്‍ തെളിയാന്‍ തുടങ്ങി. ഇടയ്ക്കിടെ കാണുന്ന വീടുകളും മറ്റു കെട്ടിടങ്ങളും. “ദൂരദര്‍ശനകൃശങ്ങള്‍ ഭംഗികള്‍” എന്ന് ആശാന്‍ എഴുതിയതുപോലെ, വിദൂരപ്രകൃതിയുടെ ഭംഗികള്‍. അത് പിന്നിലേക്ക് ഓടിമറയുന്നതില്‍ കണ്ണുനട്ടിരുന്നു. ഇടയ്ക്കെപ്പോഴോ മയങ്ങി. തീവണ്ടിയുടെ താളം;  ചെറിയ തണുപ്പ്. ഞങ്ങള്‍ ഇരുവരും അതിലൂടെ സ്വച്ഛമായി സഞ്ചരിച്ചു.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ന്യൂകാസിലില്‍ എത്തിയത്. മധു അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പുറത്തിറങ്ങിയ ഞങ്ങളെ മധു അത്രമേല്‍ സ്നേഹത്തോടെ കൂടെക്കൂട്ടി. തികഞ്ഞ ഊഷ്മളതയാണ് മധുവിന്‍റെ സാമീപ്യത്തിന്. അപരിചിതത്വത്തിന്‍റെ സ്പര്‍ശം പോലുമില്ലാതെ, ആദ്യമായി കാണുകയാണെന്ന  തോന്നലേയില്ലാതെ,  മധു ഞങ്ങളെ ചേര്‍ത്തുനിര്‍ത്തി. ന്യൂകാസിലില്‍ എഞ്ചിനീയറാണ് മധു. തികഞ്ഞ മതനിരപേക്ഷവാദി. മതവര്‍ഗ്ഗീയതയോടുള്ള കടുത്ത എതിര്‍പ്പാണ് മധുവിന് എന്നോടുള്ള ഇഷ്ടത്തിന് കാരണം എന്ന് തോന്നിയിട്ടുണ്ട്. നെഹ്റൂവിയന്‍ ഉദാരമാനവികതയാണ് മധുവിന്‍റെ ആദര്‍ശം. മധുവിന്‍റെ ജീവിതപങ്കാളി ഡോ. യമുന നാഷണണ്‍ ഹെല്‍ത്ത് സര്‍വീസിലാണ്. ന്യൂകാസിലില്‍ ഇന്റന്‍സീവ് കെയര്‍ മെഡിസിന്‍ സ്പെഷലിസ്റ്റ് ആയാണ് ഡോ. യമുന പ്രവര്‍ത്തിക്കുന്നത്. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിലും നിതാന്തമായ സാമൂഹ്യജാഗ്രത ഇരുവര്‍ക്കുമുണ്ട്. എസ്സന്‍സിന്‍റെ പ്രവര്‍ത്തനങ്ങളിലോക്കെ പങ്കുചേരാന്‍ അവരെ പ്രേരിപ്പിക്കുന്നത് അതാകണം.

Madhu, Dr. Yamuna with Dr. Sunil

മധുവിനൊപ്പം ന്യൂകാസിലിലെ പ്രഭാഷണവേദിയിലെത്തിയപ്പോള്‍ വൈകുന്നേരമായിരുന്നു. അങ്ങോട്ടുള്ള യാത്രയ്ക്കിടയില്‍ അവിടത്തെ ചില ഓണാഘോഷവേദികളിലും കയറി. മധുവിന്‍റെ സുഹൃത്തുക്കള്‍ സംഘടിപ്പിച്ചതാണ്. നാട്ടിലെ ഓണാഘോഷത്തിന്‍റെ അതേ പ്രകൃതം. അതേ പാട്ട്; അതേ സദ്യ. ദൂരദേശത്തിരിക്കുമ്പോള്‍ അത് കൂടുതല്‍ ആസ്വാദ്യകരമാവുന്നുണ്ടാവണം. ഒരിടത്ത് ഞാന്‍ അല്പം ചില വാക്കുകള്‍ പറഞ്ഞു. മറ്റൊരിടത്തുനിന്ന് ഭക്ഷണവും കഴിച്ചു. അതൊക്കെ കഴിഞ്ഞാണ് പ്രഭാഷണസ്ഥലത്ത് എത്തിയത്. അറിവും പ്രതിരോധവും എന്നതായിരുന്നു പ്രമേയം. നാട്ടിലേതുപോലെ തിങ്ങിനിറഞ്ഞ സദസ്സല്ല. നൂറോളം പേര്‍. ശ്രദ്ധാപൂര്‍വമാണ് അവര്‍ പ്രസംഗം കേട്ടത്. പിന്നാലെ ധാരാളം ചോദ്യങ്ങള്‍. എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി കുറെ വൈകിയിരുന്നു. അന്ന് രാത്രി മധുവിന്‍റെ വീട്ടിലാണ് തങ്ങിയത്. രാത്രിഭക്ഷണത്തിന് ഡോ. സീന ദേവകിയും ഡോ. അര്‍ച്ചനയും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരും ഷെഫീല്‍ഡില്‍ നിന്നും ദീര്‍ഘദൂരം സഞ്ചരിച്ച് പ്രഭാഷണത്തിനായി വന്നതാണ്. ഡോ. സീന അവിടെ ചൈല്‍ഡ് സൈക്യാട്രിസ്റ്റ് ആണ്. ഡോ. അര്‍ച്ചന കണ്‍സല്‍ട്ടന്റ്  പീഡിയാട്രീഷ്യനും. നാഷണണ്‍ ഹെല്‍ത്ത് സര്‍വ്വീസിലാണ് ഇരുവരും. ഭക്ഷണവും വെടിവട്ടവും കവിതയും മറ്റുമായി ഞങ്ങള്‍ ഏറെ നേരം ചെലവിട്ടു. എല്ലാം കഴിഞ്ഞപ്പോള്‍ രാവേറെ വൈകി.

 

Dr Archana, Dr. Seena, Murali vettath, Dr. Sunil

ബീമിഷ് മ്യൂസിയം ഞങ്ങള്‍ എന്തായാലും കാണണം എന്ന് നിര്‍ബന്ധം പിടിച്ചത് മധുവാണ്. ന്യൂകാസിലില്‍ ഞങ്ങള്‍ മൂന്നു ദിവസമാണ് ഉള്ളത്. രണ്ടാം ദിവസം സ്കോട്ട്ലാന്‍ഡിലേക്കും എഡിന്‍ബറോ കൊട്ടാരത്തിലേക്കുമാണ് യാത്രയെന്ന് മുന്‍കൂറായി തീരുമാനിച്ചിരുന്നു. മൂന്നാം ദിവസം എവിടേക്ക് എന്നതിലായിരുന്നു സംശയം. ഷെഫീല്‍ഡിന്‍റെ “മായികഭംഗികള്‍” വിവരിച്ച് ഡോ. സീനയും ഡോ. അര്‍ച്ചനയും ഞങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു! മുരളിയേട്ടനും ഞാനും അര്‍ദ്ധസമ്മതത്തോളം എത്തിയതായിരുന്നു. മധുവിന്‍റെ നിര്‍ബന്ധമാണ് അത് മാറ്റിമറിച്ചത്. ബീമിഷ് മ്യൂസിയത്തോളം വരില്ല അതെന്ന്  മധു കട്ടായം പറഞ്ഞു. കാല്‍നൂറ്റാണ്ടിലേറെയായി ലണ്ടനില്‍ ഉണ്ടെങ്കിലും മുരളിയേട്ടനും ബീമിഷ് കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് മധുവിന്‍റെ അവകാശവാദത്തിലെ സത്യം മുരളിയേട്ടനും ഉറപ്പില്ലായിരുന്നു. അതിനിടയില്‍ ഷെഫീല്‍ഡ് ഒരു വരണ്ട ലോകമാണെന്ന്  മധു പലവട്ടം ഉച്ചത്തില്‍ പ്രഖ്യാപിച്ചുകൊണ്ടിരുന്നു! ഒടുവില്‍ ഡോ. സീനയും ഡോ. അര്‍ച്ചനയും മധുവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി. മൂന്നാം ദിവസത്തെ ബീമിഷ് സന്ദര്‍ശനത്തിനായി അവരും വരാമെന്നേറ്റു. ഷെഫീല്‍ഡില്‍ നിന്ന് അതിരാവിലെ പുറപ്പെട്ട് ഒന്‍പതുമണിയോടെ അവരും ന്യൂകാസിലില്‍ മധുവിന്‍റെ വീട്ടിലെത്തി. സ്നേഹത്തിനും സൗഹൃദത്തിനുമായുള്ള ഒത്തുതീര്‍പ്പുകള്‍ എന്നതിനപ്പുറം ആ മ്യൂസിയം കാണുന്നതില്‍ കാര്യമായെന്തെങ്കിലും ഉണ്ടാവുമെന്ന്  കരുതിയായിരിക്കില്ല അവര്‍ അത്രയും ദീര്‍ഘമായ യാത്രയ്ക്ക് മൂന്നാം ദിവസം വീണ്ടും മുതിര്‍ന്നത്. ബീമിഷ് മ്യൂസിയത്തിലെത്തുന്നതുവരെ ഞങ്ങളും അങ്ങനെ തന്നെയാണ് കരുതിയതും.

രണ്ട്

ബീമിഷ് മ്യൂസിയം ഒരു ഭൂതശാലയല്ല. ഭൂതകാലം നിശ്ചലമായി നില്‍ക്കുന്ന ഒരിടമല്ല അത്.  ഭൂതകാലത്തിന്‍റെ ഒരടര് അവിടെ ചലനാത്മകമായി നിലകൊള്ളുന്നു. മണ്‍മറഞ്ഞ കാലത്തിനു നടുവിലൂടെ നമ്മളും നടക്കുന്നു. അകന്നുമാറി കാഴ്ച്ചക്കാരനായല്ല; അതിനുള്ളിലൂടെ, അതിനെ തൊട്ടും തലോടിയും. ആ ഭൂതശാലയില്‍ നിന്ന്  കാലം നമ്മെ തലോടിവിളിക്കുന്നു.

വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ആദ്യകാല വ്യാവസായിക ജീവിതത്തിന്‍റെ സജീവലോകമായി ബീമിഷ് 350 ഏക്കറോളം വിസ്തൃതിയില്‍ പടര്‍ന്നുകിടക്കുന്നു. അവിടെ വിക്ടോറിയന്‍ കാലത്തെയും പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായവിപ്ലവകാലത്തിന്‍റെയും ജീവിതക്രമങ്ങള്‍ക്കിടയിലൂടെയാണ് നാം നടക്കുന്നത്. ഇംഗ്ലണ്ടിന്‍റെ പലയിടങ്ങളില്‍ നിന്നായി അവിടേക്ക് പറിച്ചുനടപ്പെട്ട കെട്ടിടങ്ങള്‍, പള്ളി, വിദ്യാലയം, തൊഴിലാളികളുടെ വീടുകള്‍, പത്തൊമ്പതാം ശതകത്തിലെ ജീവിതോപകരണങ്ങള്‍, കല്‍ക്കരി ഖനി, അതിലേക്കുള്ള ഇരുള്‍ മൂടിയ വഴികള്‍, ഖനിക്കുള്ളില്‍ അരണ്ട വെളിച്ചം പകരുന്ന ചെറുറാന്തലുകള്‍, അന്നത്തെ വാഹനങ്ങള്‍, ഉപകരണങ്ങള്‍, കാലികള്‍, പത്തൊമ്പതാം ശതകത്തിലെ ഉപചാരവസ്ത്രം ധരിച്ച സഹായികള്‍…. കാലത്തിന്‍റെ മറ്റൊരു ഖണ്ഡത്തിലൂടെയാണ് നാമവിടെ സഞ്ചരിക്കുന്നത്. കാലം അവിടെ തളം കെട്ടിനില്‍ക്കുന്നില്ല. പഴയൊരു പടവിലൂടെ അതൊഴുകുന്നു. അതിലൂടെ നമ്മളും.

1972 -ലാണ് ബീമിഷ് മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചത്. മ്യൂസിയം വിദഗ്ദ്ധനായ ഫ്രാങ്ക് ആറ്റ്കിന്‍സണ്‍-ന്‍റെ ഭാവനയിലാണ് അതാദ്യം മുളപൊന്തിയത്. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ഫോക് മ്യൂസിയങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ ആശയത്തിലേക്കെത്തിയതത്രെ! പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വ്യാവസായിക ജീവിതത്തിന്‍റെ ദൈനംദിനത്വത്തെ  മടക്കിവിളിക്കുന്ന  സജീവമായ ഒരിടം എന്ന  ആശയം. തിരിച്ചറിയാനാവാത്തവിധം ആ ചരിത്രഘട്ടവും അതിന്‍റെ ജീവിതമുദ്രകളും മഹാകാലത്തിന്‍റെ വിസ്മൃതിയിലേക്ക് പിന്‍വാങ്ങുകയാണെന്ന്  ആറ്റ്കിന്‍സണ്‍ മനസ്സിലാക്കി. ദൈനംദിനത്വത്തിന്‍റെ ചരിത്രം (History of Everdayness) എന്ന ഒരാശയമായിരുന്നു മ്യൂസിയത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടിന് അടിസ്ഥാനമായി അദ്ദേഹം മുന്നോട്ടുവെച്ചത്. എന്തും ശേഖരിക്കാം എന്നതായിരുന്നു വാഗ്ദാനം. ആ കാലഘതടത്തിന്‍റെതായ  എന്തും. തെരഞ്ഞെടുപ്പുകളില്ലാത്ത ശേഖരം (unselective collection) എന്ന ആശയം. അതിലൂടെ പഴയൊരു കാലത്തിന്‍റെയും പ്രദേശത്തിന്‍റെയും ചരിത്രത്തെ ചലനാത്മകമാക്കി നിര്‍ത്താം എന്നദ്ദേഹം കരുതി. സ്തബ്ധമല്ലാത്ത ഭൂതകാലം. വര്‍ത്തമാനത്തിന് കുറുകെ നീങ്ങുന്ന ഭൂതത്തിന്‍റെ ഒരു പാളി.

ആറ്റ്കിന്‍സണ്‍-ന്‍റെ ഈ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു. പിന്നാലെ വ്യവസായവത്കരണത്തിന്‍റെ പ്രാരംഭദിശയിലെ വടക്കന്‍ ഇംഗ്ലണ്ടിലെ ജീവിതരീതിയും ഭൗതികപരിഷ്കൃതിയും പഠനവിധേയമാക്കുന്നതിനും അക്കാലത്തെ ജീവിതസാമാഗ്രികള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിനുമായി (“For the purpose of studying, collecting, preserving and exhibiting buildings, machinary, objects and information illustrating the development of industry and way of life of the northern England” എന്നാണ് ലക്ഷ്യപ്രഖ്യാപനരേഖ അതെക്കുറിച്ച് പറയുന്നത്) ഒരു പ്രാഥമിക സമിതി രൂപീകരിക്കപ്പെടുകയും ചെയ്തു. ഈ സാധനസാമഗ്രികളുടെ സമാഹരണവും തുടര്‍ന്നുള്ള പ്രദര്‍ശനവും നടത്തുന്നതിനായി ആദ്യം തെരഞ്ഞെടുത്തത് ബീമിഷ് ഹാള്‍ ആണ്. കല്‍ക്കരി ബോര്‍ഡിന് കൈവശാവകാശമുണ്ടായിരുന്ന ഹാള്‍ ഇതിനായി സീകരിക്കുകയായിരുന്നു. ഫ്രാങ്ക് ആറ്റ്കിന്‍സണെ മ്യൂസിയത്തിന്‍റെ മുഴുവന്‍സമയ ഡയറക്റായി നിയോഗിച്ചു. കേവലം മൂന്ന്  സഹായികള്‍ മാത്രമാണ് അദ്ദേഹത്തിന് അന്ന് ലഭിച്ചത്. എങ്കിലും, 1966 മുതലുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ ആറ്റ്കിന്‍സണും സുഹൃത്തുക്കളും ചേര്‍ന്ന് മ്യൂസിയത്തിന്‍റെ അടിത്തറ പണിതെടുത്തു എന്നു പറയാം. അക്കാലയളവില്‍ അവര്‍ ശേഖരിച്ച സാമഗ്രികളുടെ വിപുലമായ ആദ്യപ്രദര്‍ശനം 1971 –ല്‍ നടന്നു. പണിതെടുക്കപ്പെടുന്ന  മ്യൂസിയം (Museum in the Making) എന്നപേരിലാണ് പ്രാരംഭപ്രദര്‍ശനം നടന്നത്. ഒന്നര നൂറ്റാണ്ട് മുന്‍പുള്ള വടക്കന്‍ ഇംഗ്ലണ്ടിന്‍റെ ജീവിതവഴികളിലൂടെ മനുഷ്യര്‍ സഞ്ചരിക്കാന്‍ തുടങ്ങി.

ബീമിഷ് മ്യൂസിയത്തിന്‍റെ സ്ഥാപകനായ ഫ്രാങ്ക് ആറ്റ്കിന്‍സണ്‍ മ്യൂസിയപഠിതാക്കളുടെ ചരിത്രത്തിലെ അസാധാരണമായ പേരുകളിലൊന്നാണ്. 1924 –ല്‍ ജനിച്ച അദ്ദേഹം പതിനേഴാം വയസ്സിനുള്ളില്‍ തന്നെ മ്യൂസിയപഠിതാക്കളുടെ പ്രധാന സമിതികളിലൊന്നില്‍ (Museum of Bamsley Naturalists and Scientific Society) അംഗമായി. പത്താം വയസ്സില്‍  തന്നെ  ഫോസിലുകള്‍ ശേഖരിച്ചു തുടങ്ങിയ ഒരു ബാലന്‍! സമപ്രായക്കാര്‍ ഫോസിലുകള്‍ എന്നു കേട്ടുതുടങ്ങുമ്പോഴേക്കും അയാള്‍ അതില്‍ ആണ്ടുമുഴുകിയിരുന്നു. പിന്നീടൊരിക്കലും പഴയകാലത്തെ മനുഷ്യരുടെ ജീവിതലോകവും അതിന്‍റെ നിര്‍മ്മിതികളും ആറ്റ്കിന്‍സണിന്‍റെ ജീവിതതാത്പര്യങ്ങളില്‍ നിന്നും പോയില്ല.

Frank Atkinson

പ്രാഥമിക വിദ്യാഭ്യാസവും സ്കൂള്‍പഠനവും കഴിഞ്ഞ് ഷെഫീല്‍ഡ് സര്‍വ്വകലാശാലയില്‍ ശാസ്ത്രവിദ്യാര്‍ത്ഥിയായാണ് ആറ്റ്കിന്‍സണ്‍ കൗമാരത്തിലേക്ക് കടന്നത്. അക്കാലത്ത് വെയ്ക്ഫീല്‍ഡ് മ്യൂസിയത്തിലെ വളന്റിയര്‍മാരിലൊരാളായി. അവിടെ നിന്ന് മ്യൂസിയം അസിസ്റ്റന്റ് പദവിയിലേക്ക്. 1952 –ല്‍ അദ്ദേഹം ആറ്റ്കിന്‍സണ്‍ ഹാലിഫാക്സ് മ്യൂസിയം ഡയറക്റായി. പിന്നീട് മൂന്ന്‍ മ്യൂസിയങ്ങളുടെ ചുമതലക്കാരനായി പ്രവര്‍ത്തിച്ചു. അന്തിമമായി ബീമിഷ് മ്യൂസിയം ഡയറക്ടര്‍ എന്ന സ്ഥാനത്തേക്കും. 1987 –ല്‍ ആ സ്ഥാനത്തുനിന്ന് ആറ്റ്കിന്‍സണ്‍ വിരമിക്കുമ്പോള്‍ ബീമിഷ് “യൂറോപ്യന്‍ മ്യൂസിയം ഓഫ് ദ ഇയര്‍” എന്ന അഭിമാനാര്‍ഹമായ പുരസ്കാരത്തിന് അര്‍ഹമായിരുന്നു. 2002 –ല്‍ ‘ലിവിംഗ് മ്യൂസിയം ഓഫ് ദ ഇയര്‍’ പുരസ്കാരവും 2014 -ലും 2015 -ലും ഏറ്റവുമധികം പേര്‍ സന്ദര്‍ശിച്ച മ്യൂസിയത്തിനുള്ള നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ടൂറിസം അവാര്‍ഡും ബീമിഷിനെ തേടിയെത്തി. മ്യൂസിയം എന്ന സങ്കല്പത്തെ അഴിച്ചുപണിത അസാധാരണമായ ആ പ്രതിഭ 2014 –ല്‍  ലോകത്തോട് വിടപറഞ്ഞു.

‘ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നിര്‍മ്മിച്ച, ജനങ്ങളുടെ മ്യൂസിയം’ എന്നതാണ് ബീമിഷിന്‍റെ അടിസ്ഥാന മുദ്രാവാക്യമായി ആറ്റ്കിന്‍സണ്‍ മുന്നോട്ടുവച്ചത്. മ്യൂസിയങ്ങളുടെ ചരിത്രത്തിലെ ജനാധിപത്യവിപ്ലവം എന്നു പറയാം. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ജനജീവിതത്തിനാണ് മ്യൂസിയത്തിന്‍റെ ഉടമാവകാശം എന്നദ്ദേഹം കരുതി. മ്യൂസിയത്തില്‍ വരാനും തങ്ങളുടെ കൈവശമുള്ളതെന്തും മ്യൂസിയം ശേഖരത്തിലേക്ക് സംഭാവന നല്‍കാനും മ്യൂസിയത്തെ തങ്ങളുടെ സ്വന്തമായി കാണാനും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ആറ്റ്കിന്‍സണ്‍-ന്‍റെ ഇച്ഛാശക്തി നിറഞ്ഞതും സമര്‍പ്പിതവുമായ പ്രവര്‍ത്തനം കാല്‍നൂറ്റാണ്ടുകൊണ്ട്‌ ബീമിഷ് മ്യൂസിയത്തിന്‍റെ ഗതി മാറ്റി. പത്തൊമ്പതാം ശതകത്തിന്‍റെ വ്യാവസായികനാഗരികതയുടെ ജീവിതമുദ്രകള്‍ മുഴുവന്‍ സജീവവും ചലനാത്മകവുമായി നിലകൊള്ളുന്ന ഒരു സമാന്തരലോകം ബീമിഷില്‍ ഉയര്‍ന്നുവന്നു. ഭൂതകാലാരാധനയെന്നും ഉപരിവര്‍ഗ്ഗപരമായ കാല്പനിക ഗൃഹാതുരത്വം എന്നും ബീമിഷ് മ്യൂസിയം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ആറ്റ്കിന്‍സണ്‍-ഉം സുഹൃത്തുക്കളും അതില്‍ ഖിന്നരാകാതെ തങ്ങളുടെ പ്രവൃത്തി തുടര്‍ന്നു. ഭൂതകാലത്തെ അറിയാതെയും അതില്‍ വേരുപിടിക്കാതെയും നമുക്ക് വര്‍ത്തമാനത്തിലും ഭാവിയിലും നിലനില്‍ക്കാനാവില്ല എന്നതായിരുന്നു അവരുടെ ബോധ്യം. കാല്‍നൂറ്റാണ്ടുകൊണ്ട്‌ ആ ബോധ്യം ബീമിഷ് മ്യൂസിയമായി വളര്‍ന്നു.

ഏകദേശം 350 ഏക്കറിലായി പടര്‍ന്നുകിടക്കുന്നതാണ് ബീമിഷ്. നദിയും മലഞ്ചരിവും വനമേഖലകളും സമതലവുമായി വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിന്‍റെ മുന്‍കാലപ്രകൃതിയെ മിക്കവാറും അതിപ്പോഴും നിലനിര്‍ത്തുന്നു. കല്‍ക്കരി ഖനിയും അതിലേക്കുള്ള ചെറുതീവണ്ടികളും നഗരകേന്ദ്രവും കൃഷിയിടങ്ങളും കുതിരലായവും തൊഴിലാളികളുടെ പാര്‍പ്പിടങ്ങളും ട്രാമുകളും കുതിരവണ്ടിയും പള്ളിയും ഓഫീസ് മന്ദിരങ്ങളും ബ്രിട്ടീഷ് അടുക്കളയും കാലിവളര്‍ത്തുകേന്ദ്രങ്ങളും വിദ്യാലയവും സംഗീതശാലയും മഹാഗണിത്തടിയില്‍ പണിതീര്‍ത്ത റെയിലുകളും നഗരത്തെരുവിലെ ബേക്കറികളും പിഞ്ഞാണങ്ങള്‍, ഇരുമ്പുസാമഗ്രികള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയെല്ലാം വില്‍ക്കുന്ന കടകളും ഫോട്ടോ സ്റ്റുഡിയോയും അച്ചടിശാലയും മദ്യശാലയും ബാങ്കും കച്ചവടപ്രദര്‍ശനകേന്ദ്രവും ഒക്കെയായി പോയ നൂറ്റാണ്ടിന്‍റെ ജീവിതം ബീമിഷിലെ 350 ഏക്കറില്‍ പടര്‍ന്നുകിടക്കുന്നു. എല്ലാം ഒന്നോ ഒന്നരയോ നൂറ്റാണ്ടിന്‍റെ പഴക്കം പേറി നില്‍ക്കുവയാണ്. പഴയകാലം അവയിലെല്ലാം മിടിച്ചുകൊണ്ടിരിക്കുന്നു. പത്തൊമ്പതാം ശതകത്തിലൂടെ സഞ്ചരിക്കുന്ന  ഇരുനില ബസ്സിലോ ട്രാമിലോ കയറി നമുക്ക് ബീമിഷ് മ്യൂസിയം ചുറ്റിവരാം. അല്ലെങ്കില്‍ കൃത്യമായി അടയാളപ്പെടുത്തിയ നടപ്പാതയിലൂടെ ഓരോ സ്ഥാനവും കണ്ട് നടക്കാം. അവയെയെല്ലാം തൊട്ടറിഞ്ഞ്, പലതും വാങ്ങി, പള്ളിയിലും വിദ്യാലയത്തിലും ഖനിയിലും കയറിയിറങ്ങി മറ്റൊരു കാലത്തെ അനുഭവിക്കാം. സ്തബ്ധവും നിശ്ചലവുമായ ഭൂതകാലത്തിലേക്ക്,  ചലനാത്മകവും ചൈതന്യനിര്‍ഭരവുമായ ഭൂതകാലത്തിലേക്കാണ് ബീമിഷിന്‍റെ വാതില്‍ തുറന്നു കിടക്കുന്നത്. അവിടെ മ്യൂസിയം ഭൂതശാലയല്ലാതാവുന്നു;  പകരം അതൊരു ജീവിതശാലയായി പരിണമിക്കുന്നു. കാലയന്ത്രത്തിലൂടെ പിന്നോട്ട് സഞ്ചരിച്ചെന്നപോലെ, മറ്റൊരു കാലത്തിന്‍റെ ജീവിതാവേഗങ്ങളിലൂടെ നടന്ന് നാം പുറത്തുവരുന്നു. പുറത്ത് വര്‍ത്തമാനകാലം നമ്മെക്കാത്തു നില്‍ക്കുന്നു. ബീമിഷിന് പുറത്ത്, പാര്‍ക്കിംഗ് ഗ്രൗണ്ടില്‍, ഒരു നൂറ്റാണ്ടില്‍നിന്നു മറ്റൊരു നൂറ്റാണ്ടിലേക്ക് നാം വണ്ടികയറുന്നു.

മൂന്ന്

ബിമീഷ് മ്യൂസിയത്തിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചത് രാവിലെ പത്തോടെയാണ്. ന്യൂകാസിലില്‍ മധുവിന്‍റെയും ഡോ. യമുനയുടെയും വീട്ടില്‍ നിന്നും ഏറെ അകലെയല്ല മ്യൂസിയം. ഏറിയാല്‍ അരമണിക്കൂര്‍ നീളുന്ന ഡ്രൈവ്. രാവിലെ ഒന്‍പതുമണിയോടെ ഷെഫീല്‍ഡില്‍ നിന്നും ഡോ. സീനയും ഡോ. അര്‍ച്ചനയും എത്തി. ഷെഫീല്‍ഡിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള അവരുടെ ശ്രമത്തെ മധു തലേന്ന് രാത്രി ധീരമായി പൊരുതി തോല്‍പ്പിച്ചിരുന്നല്ലോ! ഷെഫീല്‍ഡില്‍ കാണാനൊന്നുമില്ലെന്നുവരെ മധു തന്‍റെ പോരാട്ടത്തിനിടയില്‍ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഡോ. സീനയെ മറികടക്കുന്നതിന് ‘ഉണക്കഷെഫീല്‍ഡ്’ എന്ന ശകാരപ്പേരും നല്‍കി. ഞാനും മുരളിയേട്ടനും ആ തര്‍ക്കത്തില്‍ കക്ഷിചേര്‍ന്നില്ല. എന്തായാലും തര്‍ക്കത്തിനൊടുവില്‍ ബിമീഷ് മ്യൂസിയം എന്ന് അന്തിമമായി തീര്‍പ്പായതിന്‍റെ ഫലമായിരുന്നു ഞങ്ങളുടെ യാത്ര.

ഡോ. സീനയും ഡോ. അര്‍ച്ചനയും എത്തിയപ്പോഴേക്കും ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് പുറപ്പെടാന്‍ താമസമുണ്ടായില്ല. മധുവിന് അന്ന് ഒഴിവാക്കാനാവാത്ത തിരക്കുകളുടെ ദിവസമായിരുന്നു. അതുകൊണ്ട് മധു ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നില്ല. അങ്ങനെ ബിമീഷിലേക്കുള്ള യാത്ര ഞങ്ങള്‍ അഞ്ചുപേരുടേതായി. മുരളിയേട്ടനും ഞാനും കൂടാതെ ഡോ. യമുനയും ഡോ. സീനയും ഡോ. അര്‍ച്ചനയും. മൂന്ന് ചികിത്സകര്‍ക്കൊപ്പം പലവിധത്തില്‍ ചികിത്സാര്‍ഹരായ ഞങ്ങള്‍ രണ്ടുപേരും!

ബിമീഷ് മ്യൂസിയത്തെക്കുറിച്ചുള്ള സമഗ്രധാരണയോടെയല്ല ഞങ്ങള്‍ അതിനു മുന്നിലെത്തിയത്. പത്തൊമ്പതാം ശതകത്തിലെ തൊഴിലാളിജീവിതവും കല്‍ക്കരി ഖനിയും മറ്റും എന്നാണ് മധുവിന്‍റെ വിവരണത്തില്‍ നിന്ന് ഞാന്‍ ഏകദേശം മനസ്സിലാക്കിയിരുന്നത്. ബിമീഷിലൂടെ കടന്നുപോകാതെ അതിന്‍റെ സവിശേഷതയും അനന്യതയും ഒരാള്‍ക്ക്‌ തിരിച്ചറിയാന്‍ എളുപ്പമല്ല എന്നതാണ് വാസ്തവം. നിശ്ചലവും സ്തബ്ധവുമായി ഭൂതകാലനിര്‍മ്മിതികള്‍ അണിനിരക്കുന്ന മ്യൂസിയങ്ങളെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകളെ അത് ഒരു നിലയ്ക്കും മാനിക്കില്ല. മറ്റൊരു കാലത്തിന്‍റെയും ക്രമത്തിന്‍റെയും ചലനാത്മകലോകം ബിമീഷില്‍ നമ്മെ കാത്തിരിക്കുന്നു. അതിലൂടെ നടക്കുമ്പോള്‍ നാമും അതിന്‍റെ ഭാഗമായി മാറുന്നു. അതിലൂടെ നടക്കാതെ ആ ജീവശാലയെ തിരിച്ചറിയാന്‍ ആവുകയുമില്ല!

മധുവിന്‍റെ വസതിയില്‍ നിന്ന് രാവിലെ പത്തുമണിയോടെ ഞങ്ങള്‍ ബിമീഷിന് മുന്നിലെത്തി. പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തി പുറത്തുകടക്കുമ്പോള്‍ എണ്ണമറ്റ വാഹനങ്ങള്‍ അവിടെ കാണാമായിരുന്നു. കേവലമൊരു ഖനി മാത്രമല്ല അവിടെ കാണാനുള്ളതെന്ന് അപ്പോള്‍ തന്നെ എനിക്ക് തോന്നി. കൌണ്ടറിന് മുന്നില്‍ ക്യൂ നിന്ന് ഞങ്ങള്‍ ടിക്കറ്റ് വാങ്ങി. ഒരാള്‍ക്ക്‌ അഞ്ച് പൌണ്ടോ മറ്റോ ആയിരുന്നു ടിക്കറ്റ് നിരക്ക്. ടിക്കറ്റ് കൌണ്ടറിന് മുന്നില്‍ സാമാന്യം നീണ്ട ക്യൂ ഉണ്ട്. കൌണ്ടറിന് ചുറ്റും പലതരം വില്പനശാലകള്‍. പുസ്തകങ്ങള്‍, ചിത്രശേഖരങ്ങള്‍, സ്മാരകമുദ്രകള്‍, കൌതുകവസ്തുക്കള്‍….ഭൂതകാലത്തിലേക്ക് കൈപിടിച്ചുനടത്തുന്ന പലതും ആ ശാലകളില്‍ കണ്ടു. മിക്കവാറും എല്ലാം തീമാറ്റിക് ആണ്. പത്തൊമ്പതാം ശതകത്തില്‍ വ്യാവസായിക നാഗരികതയിലേക്ക് കടക്കുന്ന ഇംഗ്ലണ്ടിന്‍റെ ജീവിതമുദ്രകള്‍. പുസ്തകശാലയില്‍ നിന്ന് ബിമീഷിന്‍റെ ചിത്രശേഖരങ്ങളിലൊന്ന് ഞാനും വാങ്ങി. അപ്പോഴേക്കും മുരളിയേട്ടന്‍ ടിക്കറ്റുമായി എത്തി.

പ്രവേശനകവാടം കടന്ന് അകത്തേക്ക് കടന്നാല്‍ ബീമിഷ് മ്യൂസിയം പല ഭാഗങ്ങളായി തിരിയുന്നു. 1940 -കളിലെ കൃഷിയിടം,  ഇരുപതാം ശതകത്തിന്‍റെ തുടക്കത്തിലെ ഗ്രാമം,  അതേകാലത്തെ കല്‍ക്കരി ഖനിയും പട്ടണവും, പത്തൊമ്പതാം ശതകത്തിലെ റെയില്‍വേസ്റ്റേഷന്‍, വാഗണ്‍വേ, പള്ളി എന്നിങ്ങനെ പല ഭാഗങ്ങളായി വേര്‍തിരിച്ച നിലയിലാണ് മ്യൂസിയം സംവിധാനം ചെയ്തിട്ടുള്ളത്. പ്രവേശനകവാടത്തില്‍ നിന്ന് താഴേക്ക് നടന്നിറങ്ങിയാല്‍ പള്ളിയും കല്‍ക്കരി ഖനിയും സ്കൂളും തൊഴിലാലികളുടെ വസതികളും എല്ലാം ഉള്‍പ്പെട്ട മേഖലയാണ്. അതിനിടയിലൂടെ ഞങ്ങള്‍ ചുറ്റും നോക്കി നടന്നു. അതിന്‍റെ തുടര്‍ച്ചയില്‍ ഞങ്ങളെത്തിയത് കല്‍ക്കരി ഖനിയുടെ പ്രവേശനകവാടത്തിലാണ്. പടിപടിയായാണ് ഖനിയുടെ ഉള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഖനിഭിത്തിയില്‍ തല തട്ടാതിരിക്കാന്‍ കനമുള്ള പ്ലാസ്റ്റിക് തൊപ്പി ശിരോകവചം പോലെ ധരിക്കണം. കൌണ്ടറില്‍ നിരയായി നിന്ന് ഞങ്ങള്‍ അതു വാങ്ങി. കൌണ്ടറില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ഖനിത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന  വിളക്കുകളും ഉപകരണങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യാതനകളുടെയും കണ്ണുനീരിന്‍റെയും എത്രയോ അടരുകള്‍ അവയ്ക്കു മുകളില്‍ പതിഞ്ഞുകിടക്കുന്നുണ്ടാവുമെന്ന് വെറുതെ ഓര്‍ത്തു.

ഊഴമെത്തിയപ്പോള്‍ ഞങ്ങള്‍ അഞ്ചുപേരും ഖനിക്കുള്ളിലേക്ക് കടന്നു. പ്രവേശനകവാടം താരതമ്യേന വലിപ്പമുള്ളതാണ്. പതിയെ നടവഴിയുടെ ഉയരം കുറഞ്ഞുതുടങ്ങി. നല്ല തണുപ്പ്. മുനിഞ്ഞു കത്തുന്ന ചെറുബള്‍ബുകളുടെ അരണ്ട മഞ്ഞ വെളിച്ചത്തില്‍ വഴി ചെറുതായി തുടങ്ങി. നിവര്‍ന്നു നില്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ അത് താഴ്ന്നു താഴ്ന്നു വന്നു. ചുറ്റും കല്‍ക്കരിയുടെ അടരുകള്‍. എന്‍റെ തല പലതവണ മേല്‍ത്തട്ടില്‍ തട്ടി. നടവഴിയുടെ നടുവിലൂടെ വീതികുറഞ്ഞ റെയില്‍ ട്രാക്ക്. അത് പില്‍ക്കാലത്തെ പരിഷ്കാരമാണ്. ആദ്യം വാഗണുകള്‍ക്ക് പകരം ചെറിയ ഉന്തുവണ്ടികളായിരുന്നുവത്രെ. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് അത് വലിച്ചിരുന്നത്. കല്‍ക്കരി വെട്ടിയെടുക്കുന്ന  ജോലിയില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയിരുന്നില്ല. മുതലാളിത്തത്തിന്‍റെ ഔദാര്യം! പിന്നീടാണ് ട്രാക്കുകളും വാഗണുകളും വന്നത്. തൊഴിലാളികള്‍ വെട്ടിയെടുക്കുന്ന കല്‍ക്കരി ചെറിയ,  തുറന്ന വാഗണുകളിലായി പുറത്തേക്ക് കൊണ്ടുപോയിരുന്നത് ആ ട്രാക്കുകളിലൂടെയാണ്. വാഗണുകള്‍ വലിക്കുന്നതിന് പുറത്ത് വലിയ കപ്പികള്‍ വഴി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. അതുവഴിയാണ് കല്‍ക്കരിഖനനം ക്രമീകരിച്ചിരുന്നത്.

അരമണിക്കൂറോളം ആ ഖനിക്കുള്ളിലൂടെ കുനിഞ്ഞു നടന്നു. അപ്പോഴേക്കും കടുത്ത ശരീരവേദന അനുഭവപ്പെട്ടു തുടങ്ങി. ഇരുട്ടും തണുപ്പും കട്ടപിടിച്ചുനില്‍ക്കുന്ന  ഈ കൊച്ചുകൊച്ചറകളില്‍ എത്ര ലക്ഷം ജീവിതങ്ങള്‍ കരിയായിത്തീര്‍ന്നിട്ടുണ്ടാവും എന്നോര്‍ത്തു. ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സ്ഥിതി എന്ന തന്‍റെ അതുല്യ രചനയില്‍ എംഗല്‍സ് പത്തൊമ്പതാം നൂറ്റാണ്ടിലെ തൊഴിലാളിജീവിതചിത്രം വരച്ചിട്ടുള്ളത് മനസ്സില്‍ വന്നു. പില്‍ക്കാലത്ത് സാമൂഹികാരോഗ്യത്തെക്കുറിച്ച് പഠനങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായും എംഗല്‍സിന്‍റെ പുസ്തകം മാറിത്തീര്‍ന്നു. 40-45 വയസ്സായിരുന്നു അന്ന് ഖനിത്തൊഴിലാളികളുടെ ആയുര്‍ദൈര്‍ഘ്യം. രാവിലെ 7 മണി മുതല്‍ പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ഈ ഖനികളില്‍ പണിയെടുത്തു മണ്ണടിഞ്ഞ മനുഷ്യര്‍ക്ക് മുകളിലാണ് പുകഴ്പെറ്റ നാഗരികതയുടെ മഹാസൗധങ്ങള്‍ പണിതുയര്‍ത്തപ്പെട്ടത്. അത്തരമൊരു ഖനിയില്‍ കയറിയിറങ്ങുന്നതുവരെ,  ഒരുപക്ഷേ,  എന്തായിരുന്നു ആ ജീവിതം എന്ന് ഒരാള്‍ക്കും മനസ്സിലാവില്ലെന്ന് എനിക്ക് തോന്നി.. നാഗരികതയുടെയും സംസ്കാരത്തിന്‍റെയും എല്ലാ രേഖകളും കിരാതത്വത്തിന്‍റെ സുവര്‍ണ്ണരേഖകള്‍ കൂടിയാണെന്ന  വാക്യത്തിന് ഇതിനേക്കാള്‍ വലിയ തെളിവ് ഉണ്ടാകാനിടയില്ലെന്നും.

ഖനിയില്‍ നിന്ന് പുറത്തുകടന്ന് ഞങ്ങള്‍ തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സിന് സമീപത്തേക്കു നടന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഖനിത്തൊഴിലാളികള്‍ ജീവിച്ചിരുന്ന  മാതൃകാഗ്രാമങ്ങളിലൊന്നാണ് അവിടെ ഒരുക്കിയിരിക്കുന്നത്. തൊഴിലാളിജീവിതത്തിന്‍റെ ഇടുങ്ങിയ ഇടങ്ങള്‍. പള്ളിയും വിദ്യാലയവും മീന്‍കടയും ഒക്കെ ചേര്‍ന്ന  ഇടം. അവിടെ ഒരുക്കിവച്ച വീട്ടുപകരണങ്ങളും മൃഗപാലനസ്ഥാനങ്ങളും മറ്റും കണ്ട് പുറത്തിറങ്ങി. നടപ്പ് ഞങ്ങളെ ക്ഷീണിപ്പിച്ചിരുന്നു. പുറത്തുള്ള കഫേയില്‍ നിന്ന് എല്ലാവരും കാപ്പി കഴിച്ചു. പിന്നീട് ചുറ്റുപാടും കുറച്ച് നടന്നുകണ്ടു. 350 ഏക്കര്‍ വിസ്തൃതിയുള്ള ബീമിഷ് മ്യൂസിയം മുഴുവന്‍ നടന്നുകാണുന്നതിന് ധാരാളം സമയം ആവശ്യമായിരുന്നു. പ്രവേശനകവാടത്തിന്‍റെ എതിര്‍ഭാഗത്താണ് റെയില്‍വേസ്റ്റേഷനും പഴയ മാതൃകയിലുള്ള ടൗണും എല്ലാം ക്രമീകരിച്ചിരിക്കുന്നത്. അതിനിടയില്‍ വിശാലമായ കൃഷിയിടങ്ങളും കളിക്കളവും സംഭരണകേന്ദ്രവും എല്ലാമുണ്ട്. പ്രവേശനകവാടത്തിന്‍റെ വലത്തുഭാഗത്തായി 1820-40 കാലത്തെ വാഗണ്‍വേയും ലാന്‍ഡ്‌സ്കേപ്പുമെല്ലാം സജ്ജീകരിച്ചിരിക്കുന്നു. ഇടതുഭാഗത്ത് 1940-ലെ കൃഷിയിടവും ധാന്യസംഭരണകേന്ദ്രവും ഒക്കെയാണ്. ഇതിനിടയിലൂടെയാണ് ട്രാമുകളും ഇരുനില ബസ്സുകളും സന്ദര്‍ശകരെയും കൊണ്ടുള്ള കുതിരവണ്ടികളും മറ്റും പോകുന്നത്. മുഴുവന്‍ നടന്നുകാണാന്‍ ഒരുദിവസം മതിയാവില്ല എന്നുറപ്പായിരുന്നു. മ്യൂസിയത്തിന്‍റെ ബാക്കി ഭാഗങ്ങളുടെ സന്ദര്‍ശനം ബസ്സിലാകാം എന്ന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ബസ്സിലേക്ക് തിരിക്കും മുന്‍പ്,  കല്‍ക്കരി ഖനിയിലേക്കുള്ള വാഗണുകള്‍ നിയന്ത്രിക്കുന്നതിന് ഏറുമാടം പോലെ കെട്ടിയുയര്‍ത്തിയിരിക്കുന്ന കൂറ്റന്‍ എടുപ്പുകളൊന്നില്‍ ഞങ്ങള്‍ കയറി. മനുഷ്യാധ്വാനത്തിന്‍റെ മുദ്രപതിഞ്ഞ ഓരോ പടവിലൂടെയും നടക്കുമ്പോള്‍ നാഗരികതളുടെ ചരിത്രത്തിനു പിന്നിലെ യാതനകളെക്കുറിച്ചാണ് ഞാന്‍ ഓര്‍മ്മിച്ചത്. അതില്‍നിന്ന് പുറത്തിറങ്ങി ഞങ്ങള്‍ ചാപ്പലിലേക്ക് നടന്നു. 1850 കാലത്തെ ചെറിയ പള്ളികളിലൊന്നാണ് ഇപ്പോള്‍ ബീമിഷ് ചാപ്പലായി പുനസ്ഥാപിച്ചിരിക്കുന്നത്. 1990-ലാണ് അത് ബീമിഷ് ചാപ്പലായി മാറിയത്. ചാപ്പലിനകത്തു കടന്ന് ഞങ്ങള്‍ അതിനകം നോക്കിനിന്നു. നടന്നുകാണാന്‍ പാകത്തിന് വലിപ്പമൊന്നുമില്ല. ലണ്ടനിലെയും യൂറോപ്യന്‍ നഗരങ്ങളിലെയും ഭീമാകാരങ്ങളായ പള്ളികളുടെ വിപരീതദൃശ്യം പോലെയായിരുന്നു അത്. വിനീതവും ലളിതവുമായ ദൈവാനുഭവത്തിന്‍റെ പാര്‍പ്പിടം പോലെ അത് നിലകൊണ്ടു. ദൈവമുണ്ടെങ്കില്‍ അതിന്‍റെ ആലയം ഇവിടെയാവാനേ വഴിയുള്ളൂ എന്നാണ് അപ്പോള്‍ തോന്നിയത്.

ബിമീഷ് ചാപ്പലിന് പുറത്തുള്ള ചാരുബഞ്ചില്‍ ഞങ്ങള്‍ കുറച്ചുനേരം വിശ്രമിച്ചു. നടപ്പുതുടങ്ങിയിട്ട് രണ്ടുമണിക്കൂറോളം ആയതിനാല്‍ എല്ലാവരും ക്ഷീണിതരായിരുന്നു. അല്‍പ്പം കഴിഞ്ഞ് പുറത്തിറങ്ങി മ്യൂസിയത്തെ വലംവയ്ക്കുന്ന ബസ്സുകളൊന്നില്‍ കയറി. ഇരുനില ബസ്സാണ്. ഞങ്ങള്‍ മുകള്‍ ഭാഗത്താണ് ഇരിപ്പിടം കണ്ടെത്തിയത്. ബസ്സ്‌ പതിയെ യാത്രയാരംഭിച്ചതോടെ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ജീവിതലോകം മുന്നിലൂടെ ഓടിമറയാന്‍ തുടങ്ങി. നഗരകേന്ദ്രത്തില്‍ ഇറങ്ങിക്കാണാന്‍ അവസരമുണ്ടെങ്കിലും ഞങ്ങള്‍ അതിന് തുനിഞ്ഞില്ല. ഒരു നൂറ്റാണ്ടിന്‍റെ പഴക്കം പേറിനില്‍ക്കുന്ന കെട്ടിടങ്ങള്‍. ബാങ്കുകളും വില്‍പ്പനശാലകളും പ്രസ്സും എല്ലാം അതിലുണ്ട്. അതിനിടയിലൂടെ ഞങ്ങളുടെ ബസ്സ്‌ പതിയെ നീങ്ങി. എല്ലാം നോക്കിക്കാണാന്‍ കഴിയുന്നത്ര പതുക്കെയാണ് അത് നീങ്ങിക്കൊണ്ടിരുന്നത്. മന്ദവേഗത്തിലുള്ള അതിന്‍റെ ചലനത്തിനൊപ്പം മറ്റൊരു കാലത്തിന് നടുവിലൂടെ ഞങ്ങളും സഞ്ചരിച്ചുകൊണ്ടിരുന്നു.

ഒരു മണിക്കൂറോളം പിന്നിട്ടപ്പോള്‍ പുറപ്പെട്ടിടത്ത് ഞങ്ങള്‍ തിരിച്ചെത്തി. ബസ്സില്‍ നിന്നിറങ്ങി തെരുവിലൂടെ കുറെനേരം നടന്നു. പോയകാലത്തിന്‍റെ പടവുകള്‍. ഡോ. യമുനയും ഞാനും മുരളിയേട്ടനും കാര്‍പാര്‍ക്കിലെത്തിയപ്പോള്‍ ഡോ. സീനയും ഡോ. അര്‍ച്ചനയും മടങ്ങിയെത്തിയിരുന്നില്ല. ഞങ്ങള്‍ അവരെ പ്രതീക്ഷിച്ച് കുറേനേരം അവിടെ പുറത്തുനിന്നു. ഉച്ചകഴിഞ്ഞിരുന്നുവെങ്കിലും വെയിലിന് ചൂടില്ല. ശൈത്യത്തിന്‍റെ പടിവാതിലിലേക്ക് ചുവടുവച്ചുനില്‍ക്കുന്ന കാലാവസ്ഥ. നേര്‍ത്ത തണുപ്പിനും വെയിലിനുമിടയില്‍ ഒന്നര നൂറ്റാണ്ടിനപ്പുറത്തുള്ള മനുഷ്യജീവിതമുദ്രകള്‍ പതിഞ്ഞുകിടക്കുന്ന ബിമീഷ് മ്യൂസിയം. ‘മനുഷ്യന്‍റെ കൈകള്‍, മരിക്കാത്ത കൈകള്‍’ എന്ന് കവി എഴുതിയതോര്‍ത്തു. അതിവിടെയും തുടരുന്നുവല്ലോ എന്നും!


 

Comments

comments