ഇന്ത്യന്‍ രാഷ്ട്രീയം ജനാധിപത്യത്തിന്റെ തുടര്‍ച്ചയോ അല്ലെങ്കില്‍ ഏകാധിപത്യത്തിലേക്കുള്ള വഴിയിലോ എന്ന ചോദ്യം ഭരണകൂടത്തെയും കമ്പോളത്തെയും ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും ഇടത്തെ വീണ്ടും വായിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ്. പ്രത്യയശാസ്ത്രങ്ങളും അതിന്റെ സാമൂഹ്യഘടനയും രാഷ്ട്രീയത്തെ വൈവിദ്ധ്യവല്ക്കരിക്കുന്നത് എന്ന ചോദ്യമാണ് ആഗോളതലത്തില്‍ ഉയര്‍ന്ന് വരുന്നത്. ഗെയില്‍ ഓംവെദിന്റെ (1941-2021) എഴുത്തിന്റെയും ആക്ടിവിസത്തിന്റെയും ലോകത്തേക്കുള്ള യാത്ര അവരെ കുറിച്ചുള്ള മരണവൃത്താന്തമെന്ന ക്ലീഷേയെ മറികടക്കേണ്ടതുണ്ട്.
അമേരിക്കയില്‍ ജനിച്ച ഗെയില്‍ ഓംവെദ് തന്റെ ഗവേഷണത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ എത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്കിലിയില്‍ നിന്ന് മഹാരാഷ്ട്രയില്‍ ബ്രാഹ്മിണേതര പ്രസ്ഥാനങ്ങളെ കുറിച്ച് പഠിക്കാനെത്തിയ ഗെയില്‍ മഹാരാഷ്ട്രയിലെ കാസഗോണ് എന്ന സ്ഥലത്ത് തന്റെ ജീവിതം തുടരുകയും, മറാഠി പഠിക്കുകയും, ഇന്തയിലെ സാമൂഹ്യഘടനാവല്ക്കരണത്തെ കുറിച്ചുള്ള സവിശേഷമായ സോഷ്യോളജിക്കല്‍ നിരീക്ഷണങ്ങള്‍ പ്രാദേശികവും ദേശീയവുമായ രാഷ്ട്രീയത്തെ പഠനവിധേയമാക്കുകയും ചെയ്തു. ഗെയിലിന്റെ പരിപ്രേഷ്യങ്ങള്‍ എങ്ങനെയാണ് മറ്റ് സാമൂഹ്യശാസ്ത്രജ്ഞരില്‍ നിന്നും വ്യത്യസ്തമാവുന്നത്? ജാതിയെ കുറിച്ചുള്ള അക്കാദമിക് അന്വേഷണങ്ങള്‍ ജാതിവിരുദ്ധ മുന്നേറ്റങ്ങളുടെ വിപരീതദിശയില്‍ സഞ്ചരിച്ച കാലത്ത് വ്യത്യസ്തമായ ഇടപെടലുകളിലൂടെയാണ് ഗെയില്‍ ഓംവെദ് വ്യത്യസ്തമാകുന്നത്. വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന്റെ അധികാര മണ്ഡലം എങ്ങനെയാണ് പൌരത്വത്തിന്റെയും സാമൂഹിക ഇടങ്ങളെയും നിര്‍മ്മിച്ചത് എന്ന് തുറന്നു കാണിക്കുകയായിരുന്നു ഗെയിലിന്റെ അക്കാദമിക്-ആക്ടിവിസ്റ്റ് മുന്നേറ്റങ്ങള്‍. ഗെയിലിനെ അല്ലെങ്കില്‍ അവരുടെ കാഴ്ച്ചപ്പാടുകളെ വളരെ തന്ത്രപരമായി അടിച്ചമര്‍ത്തുകയാണ് അധീശ അക്കാദമിക് സ്ഥാപനങ്ങള്‍ ചെയ്തത്. എന്തുകൊണ്ടാണ് ഗെയിലിന്റെ എഴുത്തിനെ അവര്‍ ഇത്ര ഭയപ്പെട്ടിരുന്നത്? സാമൂഹ്യ അതിരുകളെ വളരെ ഗൌരവത്തോട് കൂടി പഠിക്കുകയും അത് രാഷ്ട്രീയ-സാമൂഹിക തലങ്ങളെയും സാമൂഹ്യനീതിയെയും സ്വാധീനിക്കുന്നത് എങ്ങിനെ എന്നാണു ഗെയില്‍ നിരന്തരം ചോദിച്ചിരുന്നത്. അതുകൊണ്ട് തന്നെ, ഗെയില്‍ സ്വീകരിക്കപ്പെട്ടിരുന്നത് അത്യധികം ജാതിയാല്‍ സങ്കീര്‍ണ്ണമായ സമൂഹത്തിന്റെ താഴ്ന്ന ഇടങ്ങളില്‍ നിര്‍ത്തപ്പെട്ടവരാണ്. നിരാസത്തിന്റെയും സ്വീകാര്യതയുടെയും തലങ്ങള്‍ അതുകൊണ്ട് തന്നെ രാഷ്ട്രീയപരമാണ്. ഗെയില്‍ തന്റെ അസ്ഥിത്വത്തെ അംഗീകരിക്കാത്ത അക്കാദമിക്-രാഷ്ട്രീയ പ്രമാണികളെ ഇന്ത്യന്‍ സമൂഹത്തിന്റെ തന്നെ ജീര്‍ണ്ണതയുടെ തുടര്‍ച്ചയായി വായിച്ചെടുക്കുകയാണ് ചെയ്തത്. ഗെയിലിന്റെ സംഭാവനകളെ മുഖ്യധാരാ സാമൂഹ്യശാസ്ത്രം അംഗീകരിച്ചില്ല. കേരളത്തിലും ഗെയിലിന്റെ പരിപ്രേഷ്യങ്ങളുടെ സാദ്ധ്യതകളെ കുറിച്ച് അതര്‍ഹിക്കുന്ന ഗൌരവത്തോട് കൂടി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അവരുടെ ആശയങ്ങളും അത് നിര്‍മ്മിക്കപ്പെട്ട ബൌദ്ധിക-സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ആധുനികതയുടേയും അധുനിക വിരുദ്ധതയുടേയും ആശയങ്ങളെ ഇന്ത്യന്‍ സാഹചര്യത്തില്‍ പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ് ഗെയില്‍ ചെയ്തത്. സമകാലിക ഇന്ത്യന്‍-ആഗോള നിയോലിബറലിസത്തിന്റെ മുതലാളിത്വഘട്ടത്തിന്റെ സവിശേഷമായ സാഹചര്യങ്ങളെ അവര്‍ എഴുത്തിലൂടെ മുന്‍കൂട്ടി കണ്ടിരുന്നു. തികച്ചും വ്യത്യസ്തമായ വിശകലനമാണ് ഇന്ത്യന്‍ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ച് അവര്‍ പങ്കുവെച്ചത്. ബി. ആര് അംബേദ്കറിന്റെ മുതലാളിത്വവും ബ്രാഹ്മണിസവും അപകടകരമാണ് എന്നാ നിരീക്ഷണത്തിന്റെ തുടര്‍ച്ചയാണ് ഗെയില്‍ ഓംവെദ് ജാതിയെയും മുതലാളിത്വത്തേയും പഠിക്കുന്നത്. മാര്‍ക്സിനേയും മാക്സ് വെബറിനേയും ചേര്‍ത്ത് വായിക്കുന്നതിലൂടെ ജാതി-വര്‍ഗ്ഗ-സാമ്പത്തിക തലങ്ങളുടെ ഇന്ത്യന്‍ അവസ്ഥകളെ വേര്‍തിരിച്ച് കാണിക്കാന്‍ ഗെയിലിന് കഴിഞ്ഞു. അതിലുപരിയായി മഹാരാഷ്ട്രയിലെ മാര്‍ക്സ്-ഫൂലെ-അംബേദ്കറൈറ്റ് (മ.ഫു.വാ) രാഷ്ട്രീയ-ചിന്താ പദ്ധതിയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഗെയില്‍ മഹാരാഷ്ട്രയുടേയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയത്തേയും സംസ്കാരത്തേയും പഠിച്ചത്. അതുകൊണ്ട് തന്നെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ജാതിയെന്ന യാഥാര്‍ത്ഥ്യത്തോടുള്ള ഗൌരവമില്ലാത്ത ചര്‍ച്ചകളില്‍ നിന്ന് വ്യതിചലിക്കുകയാണ് ഗെയില്‍ ചെയ്തത്. ജാതി ഒരു രൂപം ആണെന്നും വര്‍ഗ്ഗസമരം ഒരു യാഥാര്‍ത്ഥ്യം ആണ് എന്നും ഉള്ള മാര്‍ക്സിയന്‍-അക്കാദമിക് ധാരണകളെ എങ്ങിനെയാണ് ഗെയില്‍ ചോദ്യം ചെയ്തത് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഭൂമിയുടേയും ജാതിയുടേയും വര്‍ഗ്ഗത്തിന്റെയും അതുമായി ബന്ധപ്പെട്ട അധീശത്വത്തിന്റെയും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടേയും സാമൂഹിക-രാഷ്ട്രീയ-ദാര്‍ശനികതലങ്ങളെ സ്വാംശീകരിച്ച് കൊണ്ടുള്ള സൈദ്ധാന്തിക അന്വേഷണം എന്നത് തികച്ചും നൂതനമെന്ന് തന്നെ കണ്ടെത്താവുന്നതാണ്. അടിമത്വത്തേയും ഫ്യൂഡലിസത്തേയും സെമി-ഫ്യൂഡലിസത്തേയും അതിന്റെ സ്വാധീനത്തില്‍ നടന്ന സാമൂഹികവും സാംസ്കാരികവും നിയമപരവും രാഷ്ട്രീയവും ആയ അനുകൂലനങ്ങളേയും വിച്ഛേദങ്ങളേയും അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുന്ന ഗെയിലിന്റെ കൃതികള്‍ ഒരു പ്രത്യേക രാഷ്ട്രീയ ആക്കത്തിനുള്ള പരിസരങ്ങള്‍ സൃഷ്ടിച്ചു. അല്ലാതെ, മൂല്യ-സ്വതന്ത്രമെന്ന നിലയില്‍ വ്യവസ്ഥയെ പിന്തുണയ്ക്കുന്ന സാമൂഹ്യശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്രത്തേയും നീതിശാസ്ത്രത്തേയും പിന്തുണയ്ക്കുകയല്ല ഗെയില്‍ ചെയ്തത്. ഉദാഹരണത്തിന് അധീശ ഇന്ത്യന്‍ ചരിത്രവായനകളും മറ്റ് സാമൂഹ്യശാസ്ത്രധാരകളും എല്ലാം തന്നെ മതത്തെ വായിച്ചെടുക്കുന്ന പതിവ് ക്ലീഷേകളില്‍ നിന്ന് ഗെയില്‍ വിമര്ശനാത്മദൂരം പാലിച്ചു. സെക്കുലറിസത്തിന്റെയും വര്‍ഗ്ഗീയതയുടേയും ആശയതലങ്ങളെ കുറിച്ചുള്ള ഉപരിപ്ലവമായ വായനകള്‍ ഹിന്ദുയിസത്തേയും ഹിന്ദുത്വത്തേയും ന്യായീകരിക്കുകയും അതുകൊണ്ട് തന്നെ വളരെ ആപല്‍ക്കരമായ രാഷ്ട്രീയമണ്ഡലത്തെ സാദ്ധ്യമാക്കിയതെന്ന് ഗെയില്‍ കാണിച്ചുതരുന്നു. ജാതിയെ കൊളോണിയല്‍ നിര്‍മ്മിതിയായി ചുരുക്കുകയും അതെ വീക്ഷണത്തെ പുതിയ സൈദ്ധാന്തിക പൊടിയും മറ്റും കൊണ്ട് അവതരിപ്പിക്കുന്ന അക്കാദമിക് വൃന്ദത്തെ ഗെയില്‍ ചോദ്യം ചെയ്യുന്നത് ദളിതുകളും ബ്രാഹ്മണേതര ജാതികളും മുന്നോട്ട് വെച്ച അധീശത്ത പ്രത്യയശാസ്ത്ര പ്രമേയങ്ങളുടെ വിമര്‍ശനത്തിലൂടെയാണ്. അതേസമയം ബ്രാഹ്മണികാധിപത്യമുണ്ടായിരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്തമായി ഉയര്‍ന്നുവന്ന ദളിത്-ബഹുജന്‍ രാഷ്ട്രീയത്തെ തന്റെ പഠനത്തില്‍ മുഖ്യമായ ഇടം നല്കി ആഗിലതലത്തില് തന്നെ നടക്കുന്ന പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തെ മുന്നോട്ട് വെയ്ക്കുകയാണ് ഗെയില്‍ ചെയ്തത്. ഹിന്ദുമതത്തെ പിടിച്ചുലച്ച ആധുനിക ഇന്ത്യയിലെ ബുദ്ധിസ്റ്റ് ധാരകളെ മഹാത്മാ ജ്യോതിബാ ഫൂലെയിലൂടെയും അയോത്തി ദാസരിലൂടെയും ഭീമാ ദോയിലൂടെയും വീണ്ടെടുക്കുകയാണ് ഗെയിലിന്റെ എഴുത്ത് എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇന്തയില്‍ മതത്തെ കുറിച്ചുള്ള രീതിശാസ്ത്രപരമായ അന്വേഷണങ്ങള്‍ എങ്ങിനെയാണ് ബ്രാഹ്മണിക് ഭാഷാ സങ്കേതങ്ങളേയും മൂല്യവ്യവസ്ഥയേയും പുനരുല്പ്പാദിപ്പിച്ചതെന്നും അതെങ്ങിനെയാണ് തനത്-ഭാഷാപ്രയോഗങ്ങളേയും ഇടപെടലുകളേയും പുറംതള്ളിയതെന്നും ഗെയിലിന്റെ മതത്തെ കുറിച്ചുള്ള വിമര്‍ശനം വെളിപ്പെടുത്തുന്നു. ഭക്തിപ്രസ്ഥാനങ്ങളുടേയും മറ്റ് ജാതിവിരുദ്ധ-പ്രത്യയശാസ്ത്ര/ആത്മീയാനുഭവങ്ങളുടേയും രാഷ്ട്രീയ-സാമൂഹ്യ ലോകങ്ങളിലൂടെയുള്ള യാത്രയാണ് ബീഗംപുരയെ കുറിച്ച് എഴുതാന്‍ അവരെ പ്രേരിപ്പിക്കുന്നത്. മതത്തെ കുറിച്ചുള്ള വ്യവസ്ഥാപിത-സമുദായ ശാസ്ത്രത്തിന്റെയും മറ്റ് സാമൂഹ്യശാസ്ത്ര അന്വേഷണങ്ങളിലും വളരെ വൈകിയാണ് ഇത്തരം വായനകള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് എന്നത് ഇന്ത്യന്‍ സാമൂഹ്യശാസ്ത്ര മണ്ഡലത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള സാമാന്യബോധത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിവിധഘട്ടങ്ങളെ ഗെയില്‍ തന്റെ അപൂര്‍വ്വ ഉള്ക്കാഴ്ച്ചകളോട് കൂടിയാണ് അവതരിപ്പിച്ചത്. ഇന്ത്യയിലെ തന്നെ മനുഷ്യാവകാശപ്രവര്ത്തകരോടും സാമൂഹ്യപ്രസ്ഥാനങ്ങളോടും ഉള്ള ഗെയിലിന്റെ ഇടപെടലുകള്‍ സമുദായശാസ്ത്രത്തേയും സാമൂഹ്യശാസ്ത്രശാഖകളേയും പുതിയ രീതിയില്‍ രാഷ്ട്രീയത്തിന്റെ ദിശയെ വായിക്കാന്‍ പ്രകോപിപ്പിക്കുന്നതായിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തകനായ കെ. ബാലഗോപാല്‍ ഗെയില്‍ ഓംവൈദും ചേത്ന ഗാലെയും ചേര്‍ന്ന് എഴുതിയ ‘The Peasant Movement Today’ എന്ന ലേഖനത്തോട് പ്രതികരിക്കുന്നുണ്ട്. ആ പ്രതികരണം എങ്ങിനെയാണ് കര്‍ഷകരുടെ പ്രസ്ഥാനങ്ങളെ നിന്ദിക്കുന്നത് എന്ന് ഗെയില്‍ ഓംവൈദ് വിലയിരുത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രസ്ഥാനങ്ങളേയും അനുഭവങ്ങളേയും വ്യത്യസ്തമായി കാണുകയും അതിലൂടെ കര്‍ഷകരുടെ പ്രശ്നങ്ങളേയും രാഷ്ട്രീയത്തേയും മനസ്സിലാക്കുകയാണ് ഗെയിലും ചേത്നയും ചെയ്യുന്നത്. ബാലഗോപാലിന്റെ അഭിപ്രായത്തില്‍ ഗെയിലും ചേത്നയും നഗരത്തേയും ഗ്രാമത്തേയും അത് നിലനിര്‍ത്തുന്ന അധികാരത്തേയും ന്യൂനീകരിക്കുന്ന രീതിയാണ് അവലംബിച്ചത്. ഗെയിലും ചേത്നയും അഭിപ്രായപ്പെട്ടത് ബാലഗോപാലിന്റെ പ്രതികരണം ഒരു പതിവ് സാമൂഹ്യശാസ്ത്ര-രാഷ്ട്രീയ വായനകളുടെ നിര്‍മ്മിതിയെ പുനരുല്‍പ്പാദിപ്പിക്കുകയാണ്. Chandwad Women’s Session of the Shetkari Sanghatana (1986) യുടേയും അവരുടെ തന്നെ മറ്റൊരു ‘Shidori’ എന്ന അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവായ ശരദ് ജോഷിയുടെ ഗ്രാമത്തേയും നഗരത്തേയും കുറിച്ചുള്ള നിലപാടുകളുടെ അടിസ്ഥാനത്തിലാണ് അവര്‍ ബാലഗോപാലിനോട് പ്രതികരിക്കുന്നത്. ശരദ് ജോഷി ‘Bharat-India Divide’ നെ കുറിച്ച് പറയുമ്പോള്‍ അത് ഗ്രാമത്തേയും നഗരത്തേയും കുറിച്ച് മാത്രമല്ല എന്നും അദ്ദേഹം എങ്ങിനെയാണ് തന്റെ ലഘുലേഖകളില്‍ ഗ്രാമീണര്‍ നഗരത്തില്‍ അഭയാര്‍ഥികള്‍ ആകുന്നത് എന്നും ഗ്രാമത്തിന്റെ അധികാരം എങ്ങിനെയാണ് അവിടെയുള്ള ഉന്നതര്‍ കൈയ്യടക്കുന്നത് എന്നും ഗെയിലും ചേത്നയും അഭിപ്രായപ്പെടുന്നു.
ഭാരതം vs ഇന്ത്യ എന്നത് ഒരു populist phrasing ആണെന്നും ഇടതുപക്ഷം ആണ് village vs city എന്ന അതിലളിതവല്ക്കരണത്തിന് തുടക്കം കുറിച്ചത് എന്നും അഭിപ്രായപ്പെടുന്നു. ശരദ് ജോഷി ഒരിക്കലും ഗ്രാമങ്ങളിലെ അസമത്വത്തെ തിരസ്കരിച്ചിട്ടില്ല എന്നും അതേസമയം കര്‍ഷകരുടെ മുഖ്യ ചൂഷകര്‍ മുതലാളിത്വവാദികളും ഭരണകൂടവും സംഘടിത industrial workers ഉം അല്ലാതെ unorganised (അസംഘടിത) industrial workers അല്ലെന്നും അഭിപ്രായപ്പെടുന്നു. അതേസമയം, ഗെയിലും ചേത്നയും skilled ഉം organised industrial workers ന്റെയും ചൂഷണത്തെ അംഗീകരിക്കുകയും ശരദ് ജോഷിയില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. അതേസമയം, കാള്‍ മാര്‍ക്സിന്റെ ‘Class Struggles In France’ എന്ന കൃതിയെ ഉദ്ധരിക്കുകയും കര്‍ഷകരുടെ വര്‍ഗ്ഗസ്വഭാവത്തെ മാത്രം കേന്ദ്രീകരിക്കുന്ന ബാലഗോപാലിന്റെ മാര്‍ക്സിസ്റ്റ് സമീപനത്തെ വിമര്‍ശിക്കുന്നു. മുതലാളിത്വത്തിന്റെയും ഭരണകൂടത്തിന്റെയും ബന്ധങ്ങള്‍ എങ്ങിനെയാണ് തൊഴിലാളികളേയും സ്ത്രീകളേയും ദളിതുകളേയും അടിച്ചമര്‍ത്തുന്നത് എന്നുള്ള രാഷ്ട്രീയപരമായ തിരിച്ചറിവാണ് ഗെയിലിന്റെയും ചേത്നയുടേയും വിമര്‍ശനത്തെ സ്വാധീനിച്ചത്. ഗാന്ധിയുടെ ഗ്രാമത്തെ കാല്പനികവല്ക്കരിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ബി. ആര് അംബേദ്കര്റിന്റെ പരിപ്രേഷ്യങ്ങളെ ആശ്രയിക്കുകയാണ് ഗെയിലും ചേത്നയും ചെയ്യുന്നത്. അംബേദ്കറിന് linguistic state കര്‍ഷക ജാതി-അധീശത്വത്തില്‍ കലാശിക്കുമെന്ന് അറിയാമായിരുന്നു എന്ന് ഗെയിലും ചേത്നയും നിരീക്ഷിക്കുന്നു. ഗ്രാമത്തിലെ ദരിദ്രരുടെ പ്രശ്നങ്ങളെ അത് ഉള്‍ക്കൊള്ളുമെന്ന് അറിഞ്ഞുകൊണ്ടാണ് അംബേദ്കര്‍ സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തെ അനുകൂലിച്ചത് എന്നും അവര്‍ നിരീക്ഷിക്കുന്നു.
ജാതിയുടേയും സാമ്പത്തിക അടിത്തറയുടേയും ഭാഗമായി ഉള്ള സവര്‍ണ്ണജാതികളുടെ അധീശത്വത്തെ ചോദ്യം ചെയ്യുകയാണ് Bhopal Conference 2002 – Dalit Agenda for the 21st Century യുടെ ഭാഗം ആകുന്നതിലൂടെ ഗെയില്‍ ചെയ്തത്. ഭരണഘടനാ പരിരക്ഷകളേയും സംവരണത്തേയും സ്വകാര്യമേഖലയിലേക്ക് വ്യാപിയ്ക്കുകയും ദളിത് മുതലാളിത്വത്തെ സവര്ണ്ണജാതിബന്ധിത മുതലാളിത്വത്തിന് എതിരെയുള്ള സമരമായും നയരൂപീകരണമായും കാണുകയാണ് ഗെയില്‍ ചെയ്തത്. മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് ബിഎസ്പിയുടെ വളര്‍ച്ച തടയിടാന്‍ ആണ് ഇത്തരമൊരു കോണ്‍ഫെറന്‍സ് സംഘടിപ്പിച്ചത് എന്നുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു. ആഗോളവല്ക്കരണത്തെ ദളിതുകളുടെ സാമൂഹ്യചലനാത്മകതയുമായി ചേര്‍ത്തുള്ള വായനയും വിമര്‍ശനത്തിന് വിധേയമായിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ മാര്‍ക്സ്-വെബര്‍-അംബേദ്കര്‍ തുടങ്ങിയ ചിന്തകരുടെ വഴിയിലൂടെ അത്യന്തികം യാഥാസ്ഥിതികമായ ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ജാതീയ സ്വഭാവത്തേയും അതിന്റെ രാഷ്ട്രീയത്തേയും ഉന്മൂലനം ചെയ്യുകയായിരുന്നു ഗെയില്‍ എന്ന് നിരീക്ഷിക്കുമ്പോള്‍ തന്നെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയുടെ സ്വതന്ത്രമായ രാഷ്ട്രീയ താല്‍പ്പര്യങ്ങളെ വിമര്‍ശനാത്മകമായി അംഗീകരിക്കുകയും അധീശവിഭാഗങ്ങളുടെ ധൈഷണിക രക്ഷാകര്‍ത്തൃത്വത്തെ പ്രധിരോധിക്കുകയാണ് ഗെയില്‍ ചെയ്തതെന്ന് കാണാവുന്നതാണ്. തന്റെ open letter വഴി ആദിവാസികളുടെ രാഷ്ട്രീയം എങ്ങിനെയാണ് മുഖ്യധാരാ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യുന്നതെന്ന് തെളിയിക്കുമ്പോള്‍ തന്നെ പ്രാന്തങ്ങളില്‍ ഉള്ള ജനതയുടെ ചരിത്രത്തേയും രാഷ്ട്രീയത്തേയും പുന:സ്ഥാപിക്കുന്നുമുണ്ട്. ജാതി-മുതലാളിത്വ വിരുദ്ധ മുന്നേറ്റങ്ങളെ തിരിച്ചറിയുകയും അതിന്റെ ഉയര്‍ച്ചകളേയും താഴ്ചകളേയും ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്ന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ച ആയാണ് ഗെയില്‍ ഓംവെദിനെ സൃഷ്ടിച്ചത്. സാമൂഹ്യ-രാഷ്ട്രീയ തലങ്ങളെ ബന്ധപ്പെടുത്തിയുള്ള ജനാധിപത്യ ചരിത്രത്തിന്റെ ഭാഗമായി അവരുടെ എഴുത്ത് നിലനില്ക്കും എന്ന് ഉറപ്പാണ്.
References
1. Omvedt, Gail and Chetna Gala (1987) “Ideology for the Provincial Propertied Class?” Economic and Political Weekly, 7th November.
2. Omvedt, Gail (1979) We Will Smash This Prison!: Indian Women in Struggle, Orient Longman Limited.
3. Omvedt, Gail (2003) Buddhism in India: Challenging Brahmanism and Caste, New Delhi: Sage.
4. Gail Omvedt (1994) Dalits and the Democratic Revolution: Dr. B.R Ambedkar and the Dalit Movement in Colonial India, Sage.
5. Omvedt, Gail (1993) Reinventing Revolution: New Social Movements and the Socialist Tradition in India, London and New York, Routledge.
6. Omvedt, Gail (2011) Understanding Caste: From Buddha to Ambedkar and Beyond, Orient BlackSwan.
7. Omvedt, Gail (2004) Ambedkar: Towards an Enlightened India, Penguin Books.
8. Omvedt, Gail (2008) Seeking Begumpura: The Social Vision of Anticaste Intellectuals, Navayana.
9. Omvedt, Gail (Ed) (1982) Land, Caste and Politics in Indian States, Authors Guild Publication, New Delhi.
10. Omvedt, Gail (1990) Violence Against Women: New Social Movements and New Theories in India, Women Ink.
11. Omvedt, Gail (1976) Cultural Revolt in a Colonial Society: The Non-Brahman Movement in Western India: 1873 to 1930, Manohar Publishers.
12. Omvedt, Gail (1988) The New Peasant Movement in India, Bullettin of Concerned Asian Studies, 20:2, pp 14.23
Be the first to write a comment.