നെഹ്രൂവിയൻ സോഷ്യലിസത്തിലും ക്ഷേമരാഷ്ട്രസങ്കല്പത്തിലും ഉണ്ടായിരുന്ന പ്രതീക്ഷകൾ  അവസാനിച്ച തൊണ്ണൂറുകളിലാണ് പൊറ്റാളിന്റെ ഇടവഴികൾ ആരംഭിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഭാവിയെ നിർണ്ണയിച്ച സംഭവങ്ങൾ പലതും നടന്നത് ഇക്കാലത്താണ്. അതിൽ പ്രധാനപ്പട്ടതാണ് 1992 ഡിസംബറിൽ ബാബറി മസ്ജിദ്   പൊളിക്കപ്പെട്ടത്. പള്ളി ആരുപൊളിച്ചു? എന്തിനു പൊളിച്ചു എന്നീ ചോദ്യങ്ങൾക്ക് ഇന്ത്യൻ നിയമവ്യവസ്ഥയിൽ ശിക്ഷാർഹമല്ലാത്ത ഉത്തരങ്ങളാണിന്ന്. ഇത്തരം ഉത്തരങ്ങൾ അസ്വാഭാവികമായി തോന്നാത്ത  കാലത്തേക്ക് എങ്ങനെ നാം എത്തിപ്പെട്ടു എന്നതിന്റെ രേഖയാണ് പൊറ്റാൾ[1] പകർത്തിവയ്ക്കുന്നത്. ഇത് സാധ്യമാക്കുന്നതാകട്ടെ ചെറിയ ചെറിയ കാര്യങ്ങളെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടും. അതുകൊണ്ടുതന്നെ പൊറ്റാളിലെ സംഭവങ്ങൾ തികച്ചും പ്രാദേശികമാണെന്നു തോന്നാം. ഉദാഹരണത്തിന്, പൊറ്റാളിന്റെ മണ്ണിലെ ആദ്യരാഷ്ട്രീയ കൊലപാതകത്തെപ്പോലും അത് ആ ദേശത്തുണ്ടാക്കിയാക്കിയ അനുരണനങ്ങളിലൂടെയാണ് നോവൽ വിവരിക്കുന്നത്. ആ പ്രത്യാഘാതങ്ങളുടെ വിവരണത്തിൽ നടപ്പാതകൾ മാറുന്നതു പോലും പ്രാധാന്യത്തോടെ കടന്നു വരുന്നു. സാമുദായികമായ അടുപ്പവും അകൽച്ചയുമാണ് നടപ്പാതകളെ ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും.  ജീവിതത്തിന്റെ നിത്യനിദാനങ്ങളെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതെങ്ങനെയെന്ന് നടവഴികൾ മാറുന്നതിൽ നിന്നും നമുക്ക് മനസ്സിലാക്കാനാകും. പൊറ്റാൾപ്പാടത്തേക്ക് ആളുകൾ വന്നിരുന്ന വഴികൾ മാറുന്നത് ഇത്തരത്തിലെ രാഷ്ട്രീയവും സാമുദായികവുമായ മാറ്റത്തിന്റെ സൂചനയാണ്. ഇങ്ങനെ, ശ്രദ്ധയിൽ പെടാത്തത്ര സാവധാനത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലെ അഥവാ  ദൈനംദിനത്വത്തിന്റെ രാഷ്ട്രീയമാണ് പൊറ്റാളിലുള്ളത്. മതവർഗ്ഗീയത മുതൽ ലൈംഗികത വരെ ജീവിതത്തെ ബാധിക്കുന്ന ഇടങ്ങളെല്ലാം ആ ചിത്രീകരണത്തിൽ കാണാം.

ഹിന്ദുത്വം പടരുന്ന വഴികൾ

ഹിന്ദുത്വ വർഗ്ഗീയതയുടെ രൂപം പൂണ്ട ഇന്ത്യൻ ഫാസിസത്തിന്റെ ജീവചരിത്രം പൊറ്റാളിലെ ഏറ്റവും പ്രധാനപ്പെട്ട കഥാതന്തുവാണ്. മനുഷ്യരുടെ ദൈനംദിന ഇടപാടുകളിൽ തികച്ചും സ്വാഭാവികമെന്നോണം വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തിക്കൊണ്ടാണ് നോവൽ വർഗ്ഗീയതയുടെ ജീവചരിത്രം എഴുതുന്നത്. വ്യക്തികളെ പ്രത്യേക രീതിയിൽ പാകപ്പെടുത്തിയെടുക്കുന്നതും അതിന്റെ ഫലമായി സവിശേഷമായ സംഘങ്ങളുണ്ടാകുന്നതും അവയ്ക്കിടയിൽ അതിരുകൾ ബലപ്പെടുന്നതും എങ്ങനെയെന്ന് ഈ രാഷ്ട്രീയജീവചരിത്രത്തിൽ കാണാം. പൊറ്റാളിൽ വേരുപിടിച്ച സംഘപരിവാറിന്റെ  തുടക്കം അന്വേഷിച്ചാൽ തെക്കു നിന്ന് വന്ന സുധാകരൻ മാഷിലും കുടുംബത്തിലുമാകും ചെന്നെത്തുക. സംഘപരിവാരത്തിന്റെ ഉത്ഭവപരിണാമങ്ങളെപ്പറ്റി, പൊറ്റാളിലൊരിടത്ത് ബാബു പറയുന്നത് ഇങ്ങനെയാണ്:

“ബാബു: രവിമാഷ് ഒഴികെ ബാക്കിയെല്ലാവരും കോൺഗ്രസ് വിട്ട് പതുക്കെ ബി.ജെ പി. യിലേക്ക് വന്നു. ആദ്യം അജയേട്ടന്റെ അച്ഛനും ചെറിയച്ഛന്മാരും കുറച്ചു തറവാട്ടുകാരും മാത്രമുള്ള ഒന്നായിരുന്നു ബി ജെ പി. പിന്നെ തിയ്യന്മാരും കണക്കന്മാരും ഒക്കെ ചേരാൻ തുടങ്ങി. താമരക്കുണ്ടിലെ സിപിഎംകാർ ഒരാളൊഴികെ ഇങ്ങോട്ടു വന്നു. എന്നാൽ ഇതൊക്കെ പലപ്പോഴും രഹസ്യമായാണ് നടന്നിരുന്നത്. സ്കൂളിൽ പണ്ട് ഇലക്ഷൻ നടന്നപ്പോൾ എല്ലാ പാർട്ടിക്കാരും ഓപ്പണായി വോട്ടു ചോദിക്കുന്ന സമയത്തു ബിജെപിക്കാർ ചെവിയിൽ സ്വകാര്യം പറയലായിരുന്നു. അത് പോലെ കുറി തൊട്ടാൽ – ങ്ങളെ പ്പളാണ് മനസ്സിലായത് എന്ന് പറയുന്ന ആളുകൾ ഉണ്ടായിരുന്നു. ഇതെല്ലാം മാറാൻ തുടങ്ങിയത് അയോധ്യയിലെ ബാബറിന്റെ പള്ളി പൊളിച്ചപ്പോളാണ്. അക്കാലത്തു പല കൊല്ലലിന്റെയും തീവെപ്പിന്റെയും വാർത്തകളും കേട്ട് ഞങ്ങളൊക്കെ പേടിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ ഉള്ളിൽ എനിക്കൊരു സന്തോഷമൊക്കെ തോന്നിയിരുന്നു. പ്രകാശന്റെ വീട്ടിൽ നടന്ന അക്രമണത്തോടെ സംഗതികൾ ചൂട് പിടിച്ചു. ഞാൻ പെങ്ങളുടെ കുട്ടികളെയും ഏട്ടനെയും ഒക്കെ നിർബന്ധിച് ശാഖയിൽ കൊണ്ട് പോകാൻ തുടങ്ങി. ആശാന്റെ അമ്പലത്തിൽ ശാഖ തുടങ്ങണം എന്ന് ഞങ്ങൾക്കു പദ്ധതിയുണ്ടായിരുന്നു, എന്നാൽ നാരാണേട്ടനും ബാക്കിയുള്ളവരും അത് തടഞ്ഞു. ഉത്സവത്തിനു ആശാന്റെ ഒപ്പം അരിയെറിയാൻ പൊയ്ക്കൊണ്ടിരുന്നത് അച്ഛന്റെ ഏട്ടനായിരുന്നു, അതുപോലെ വിജയന്റെ വീട്ടുകാരും. എന്നിട്ടും ഒരു കാര്യവും ഉണ്ടായില്ല. ഉത്സവം ബഹിഷ്കരിക്കണം എന്ന് ഞാൻ പറഞ്ഞു നോക്കി. ഒരു കാര്യവുമുണ്ടായില്ല. പകരം ഞങ്ങൾ കുറച്ചു  പേര് നാരാണേട്ടന്റെ കടയിൽ നിന്ന് സാധനം വാങ്ങുന്നത് നിറുത്തി. മൂപ്പരുടെ ഏട്ടന്റെ പീടികയിൽ നിന്ന് മുടിവെട്ടുന്നതു നിറുത്തി, ഇരുമ്പുചോലയിൽ ഒസ്സാൻ ഹമീദിന്റെ അളിയന്റെ കടയിൽ നിന്നാക്കി. സാധനം വാങ്ങൽ മജീദിന്റെ പച്ചക്കറിക്കടയിൽ നിന്നാക്കി. ഇതൊന്നും പെട്ടെന്നാരും ശ്രദ്ധിക്കില്ല. ശ്രദ്ധിച്ചാലും താത്കാലികമായ കാര്യമായി കാണും. പക്ഷെ ഇതുപോലുള്ള ചെറിയ ചെറിയ ബഹിഷ്കരണങ്ങൾ ഞങ്ങൾ എക്കാലവും നടത്തിയിരുന്നു.  സുരേട്ടൻ പറയും – ക്ഷമയാണ് നമുക്ക് വേണ്ടത്.”

പലചരക്കു സാധനങ്ങൾ വാങ്ങുന്നതും മുടിവെട്ടുന്നതും ഒക്കെ വേറെ ഇടത്തുനിന്നാകുന്നത്, ഒരു രാഷ്ട്രീയമാറ്റം കൂടിയാകുന്നത് ബാബുവിന്റെ വാക്കുകളിൽ കാണാം. പള്ളിപൊളിക്കലിനെത്തുടർന്നു കേട്ട വാർത്തകളിൽ തനിക്ക് ചില സന്തോഷമൊക്കെ തോന്നിയിരുന്നു എന്ന് അയാൾ തുറന്നു പറയുന്നു. പുറത്തുകാണിക്കാത്ത ഇത്തരം സന്തോഷത്തിലേക്ക് ആളുകളെ എത്തിക്കാനാകുന്നു എന്നിടത്താണ് വർഗ്ഗീയ ഫാഷിസം വിജയിക്കുന്നത്. ബാബു ഒരു തീവ്രമതവാദിയല്ല. എന്നിട്ടും പള്ളിപൊളിച്ചെന്നും തുടർന്ന് അക്രമങ്ങൾ നടന്നെന്നും അറിഞ്ഞപ്പോൾ അയാൾക്ക്   ചെറിയ സന്തോഷം തോന്നുന്നു. കാരണം, ശത്രുവിന്റെ നാശത്തെപ്പററിയുള്ള വാർത്തയാണ് അയാൾ കേൾക്കുന്നത്. ശത്രു ആരെന്ന് ബാബുവന്റെ ഉള്ളിൽ ചില ബോധ്യങ്ങൾ അപ്പോഴേക്കും ഉറച്ചുകഴിഞ്ഞിട്ടുണ്ട്. നാട്ടുവഴക്കുകൾക്കു ശേഷം സാധാരണ സംഭവിക്കുന്ന  മാറ്റങ്ങളാണ് സാധനങ്ങൾ വാങ്ങുന്ന കട മാറുന്നതും മുടിവെട്ട് വേറെ ഇടത്താക്കുന്നതുമെല്ലാം. എന്നാൽ ഇതിലൂടെയുമാണ് രാഷ്ട്രീയം കടന്നു വരുന്നത് എന്ന്  കാണുവാൻ വിശാലമായ കാൻവാസിൽ രാഷ്ട്രീയത്തെ കാണേണ്ടതുണ്ട്. സ്നേഹബഹുമാനങ്ങളിലും മനുഷ്യരുടെ അപകർഷതാബോധത്തിലും എല്ലാം ഇത്തരത്തിൽ രാഷ്ട്രീയം പടർന്നുകിടക്കുന്നു. ബാബു പറയുന്നത് നോക്കുക: “സംഗതി വലിയ തറവാട്ടുകാരാണേലും അഹങ്കാരം ലവലേശമില്ലാത്ത മനുഷ്യൻ. ഞങ്ങളുടെ ഒക്കെ ഒപ്പം കൂടാനോ പരിപാടികൾക്ക് കൂടാനോ മടിയില്ലാത്തയാൾ.” ഈ അഹങ്കാരമില്ലായ്മയും ലാളിത്യവുമെല്ലാമാണ് വർഗ്ഗീയതയുടെ പ്രചാരകരിലും നേതാക്കളിലും അവരുടെ അണികളും ആരാധകരും ഇപ്പോഴും കാണുന്നത്. വലിയ തറവാട്ടുകാര് തങ്ങളെക്കൂടെ പരിഗണിക്കുന്നു എന്ന തോന്നൽ ജാതിയിലും സമ്പത്തിലും താഴെയുള്ളവരെ ഹിന്ദുവാക്കിമാറ്റുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.  ഇപ്രകാരമാണ് ദരിദ്ര നായർ കുടുംബത്തിലെ ബിജുവിനെയും അനിയനെയും വിഷുവിനു കണിയുമായി  പോകുന്നതിൽ ഉത്സാഹികളാക്കിയത്. ബിജു പറയുന്നു: “സുരേട്ടൻ നടത്തത്തിനിടയിൽ പറഞ്ഞു- ഇങ്ങള് രണ്ടാൾക്കാരുമാണ് താരങ്ങൾ. ഞാനും അനിയനും തമ്മിൽ നോക്കി ചിരിച്ചു. അവന്റെ സന്തോഷവും അഭിമാനവും തെളിഞ്ഞു കണ്ടു, ഇരുട്ടത്തും. ആദ്യമായാണ് ഞങ്ങളെ ആരെങ്കിലും ഗൗനിക്കുന്നതു. ഞങ്ങൾക്ക് ഒരു വിലയൊക്കെ ഉണ്ടെന്നു തോന്നുന്നത്.” തറവാട്ട് മാഹാത്മ്യം എന്ന ജാതീയതയെയാണ് ഇവിടെ ഹിന്ദുത്വം ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെ സൂക്ഷ്മത്തിൽ പ്രവർത്തിച്ചാണ് ആളുകളെ അവർ തിരിച്ചറിയാത്തവിധത്തിൽ വൈകാരികമായി ഹിന്ദുവാക്കിയെടുക്കുന്നത്. ചെറിയകാര്യങ്ങളിൽ ഒളിച്ചിരിക്കുന്ന ഈ ചെകുത്താന്റെ പരിണാമം രേഖപ്പെടുത്തുന്നതിലെ സൂക്ഷ്മതയാണ് പൊറ്റാളിന്റെ രാഷ്ട്രീയത്തെ വിവിധമാനങ്ങളുള്ളതാക്കുന്നത്. ഇതേ ജാഗ്രതയോടെയാണ് നോവൽ സത്വരാഷ്ട്രീയത്തിന്റെ സൂക്ഷ്മാംശങ്ങളെ വെളിപ്പെടുത്തുന്നതും.

സ്വത്വരാഷ്ട്രീയത്തിന്റെ പരിണാമങ്ങൾ

പൊറ്റാളിൽ ഒരിടത്തു മുരളി  പറയുന്നു: “സത്യത്തില്‍ അശോകന്‍ കുറച്ചൊക്കെ പഠിച്ചിരുന്ന ഒരു കുട്ടിയായിരുന്നു. എന്ത് കാര്യം? അവസാനം കുലത്തൊഴിലിലേ എത്തുകയുള്ളൂ എന്ന് ഞങ്ങള്‍ക്കൊക്കെ അന്നേ അറിയാമായിരുന്നു എന്ന് തോന്നുന്നു. ഞാന്‍ തട്ടാനും, അവന്‍ ആശാരിയും. ഞങ്ങള്‍ അവിടെത്തന്നെയെത്തി.” ജാതിവ്യവസ്ഥ മനുഷ്യനെ മുന്നേ നിശ്ചയിക്കപ്പെട്ട വിധികളിലേക്കു ചുരുക്കുന്നതെങ്ങനെയെന്ന് മുരളിയുടെ വാക്കുകൾ വ്യക്തമാക്കുന്നു.  അവനവൻ ആരാകണം എന്നോ എന്താകണം എന്നോ ഒരു തിരഞ്ഞെടുപ്പ് ജാതിവ്യവസ്ഥയിൽ ഇല്ല. സംശയങ്ങൾ ഇല്ലാതിരിക്കുക അല്ലെങ്കിൽ ചോദിക്കാതിരിക്കുക എന്നതിലാണ്  ജാതിവ്യവസ്ഥയുടെ ശക്തി പ്രകടമാകുന്നത് എന്ന എം. എൻ.വിജയന്റെ[2] നിരീക്ഷണത്തെ ഇവിടെ ഓർക്കാവുന്നതാണ്. ഈ വ്യവസ്ഥയ്ക്കുള്ളിലെ ശ്വാസം മുട്ടലിനെ മുരളിയിലും മറ്റു ദലിത് കഥാപാത്രങ്ങളിലും കാണാം. അവരുടെ ഭാഗധേയം പലവിധ വർഗ്ഗീയതകൾക്കിടയിൽ ഞെരിയുന്നു. വിജയന്റേയും പ്രകാശന്റേയും ജീവിതം ഇതിന്നുദാഹരണമാണ്. രക്ഷിക്കാൻ ആരോ വരും എന്ന ചിന്തയിൽ നിന്നും ഒരു തലമുറയുടെ വിടുതൽ വിജയനിലും പ്രകാശനിലും കാണാം. ഹിന്ദു വർഗ്ഗീയതയുടെയും  മുസ്ലിംവർഗീയതയുടെയും വശങ്ങൾ അനുഭവിച്ചവരാണവർ. മണ്ണിൽ മുഹമ്മദ് എന്ന രക്ഷകനിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ അവർ സ്വയം പ്രതിരോധത്തിന്റെ മാർഗത്തിലേക്ക് നീങ്ങുന്നു. കരാട്ടെ പരിശീലനം തുടങ്ങുന്നു. പണം ഉണ്ടാക്കുകയെന്നതാണ് സമത്വത്തിലേക്കുള്ള ഏകവഴി എന്ന് വിശ്വസിക്കുന്നു. അരാഷ്ട്രീയതയുടെ അഥവാ തൻകാര്യം മാത്രം നോക്കുന്നതിന്റെ ഒരു ധാര അവിടെ രൂപപ്പെടുന്നു. ഇതേ കുടുംബാന്തരീക്ഷം ഉള്ള പ്രമോദിന്റെ വീട്ടിലും സ്ഥിതി ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. അവിടത്തെ ഇളമുറക്കാരൻ സിനിമ നടന്റെ ഫാൻ അസോസിയേഷൻ മെമ്പർ ആകുന്നു. ഇങ്ങനെ  തങ്ങളെ മതിക്കുന്നത് ഹിന്ദുപ്പാർട്ടിയെണെന്ന് കരുതി അങ്ങോട്ടുപോകുന്നവർ മുതൽ ആരും തങ്ങളെ മതിക്കുന്നില്ലെന്നു തിരിച്ചറിയുന്നവർ വരെ പലവിധത്തിലുള്ള ദലിത് ജീവിതങ്ങൾ പൊറ്റാളിൽ കാണാം.

പൊറ്റാളിലെ പെണ്ണുങ്ങൾ പറയുന്നത്

പൊറ്റാൾ വായിച്ച തുടങ്ങിയപ്പോൾ തോന്നിയത് പറയാതെ പൊറ്റാളിലെ പെണ്ണുങ്ങളെപ്പററി പറയാനാകില്ല. വായന തുടങ്ങിയപ്പോൾ ഒരു അപരിചിതത്വമാണ് തോന്നിയത്. ആദ്യ അധ്യായങ്ങളിലെ കളിക്കളവും ആണുങ്ങളുടെ ജീവിത പരിസരങ്ങളും ഈ അപരിചിതത്വത്തെ ബലപ്പെടുത്തി.  മറ്റൊരു ആണത്ത ആഘോഷം എന്നു തോന്നുകയും ചെയ്തു. കളിക്കളങ്ങളിൽ നിന്നും ആൺകൂട്ടങ്ങളുടെ ആരവങ്ങളിൽ നിന്നും കലുങ്കുകളിൽ നിന്നും ഇടവഴികളിൽ നിന്നും എന്നുവേണ്ട കൊട്ടിഘോഷിക്കപ്പെടുന്ന ഗ്രാമഗൃഹാതുരതകളിൽ നിന്നുമൊക്കെ എന്നേ പുറത്താക്കപ്പെട്ടവരാണ് അല്ലെങ്കിൽ ഒരിക്കലും അകത്തുപെടാത്തവരാണ് സ്ത്രീകൾ. എന്നാൽ ഒന്നാം അധ്യായം കഴിയും മുന്നേ നോവലിനെപ്പറ്റിയുള്ള ധാരണകൾ മാറി. പൊറ്റാൾ   പരിചിതമായ  സ്ഥലമായി  മാറിവന്നു. ഞാൻ കണ്ടില്ലെന്നു നടിച്ച അല്ലെങ്കിൽ അറിയാൻ ആഗ്രഹിക്കാത്ത ജീവിതങ്ങൾ  മുമ്പൊന്നുമില്ലാത്ത വ്യക്തതയോടെ  അടുത്തേക്ക് വന്നു. പൊറ്റാളിലെ സ്ത്രീകളുടെ ജീവിതവും പരിചിതമല്ലാത്ത മനുഷ്യബന്ധങ്ങളും  പതിയെ വ്യക്തമാകാൻ തുടങ്ങി. ഇവിടെ പൊറ്റാൾ ശക്തമായ സ്ത്രീപക്ഷം പറയുന്നതെങ്ങനെയെന്നാണ് വിശദീകരിക്കുന്നത്. അതുകൊണ്ടുതന്നെ പൊറ്റാളിലെ പെണ്ണുങ്ങളെപ്പറ്റിയുള്ള  ആലോചനകൾ ഇതുവരെ പറഞ്ഞ കാര്യങ്ങളേക്കാൾ കൂടുതൽ ആത്മനിഷ്ഠമാകാം.

പൊറ്റാളിന്റെ ആദ്യ അധ്യായങ്ങളിൽ ആണുങ്ങൾ കഥപറയുമ്പോൾ പശ്ചാത്തലത്തിൽ പെണ്ണുങ്ങൾ അവരവരുടെ ജീവിതം ജീവിക്കുന്നുണ്ട്. അമ്മമാരും ഉമ്മമാരും അവനവന്റെ പണികളിൽ തിരക്കിലാണ്. എന്നാൽ നോവൽ പുരോഗമിക്കുമ്പോൾ പെണ്ണുങ്ങൾ പറഞ്ഞു തുടങ്ങുന്നു. അതിൽ പലതരത്തിലുള്ള പെൺജീവിതങ്ങളുണ്ട്. നയന, റാബിയ, ഉമ്മു, കൗസത്ത, ജമീല, തങ്ക, സഫിയ, നയനയുടെ അമ്മ, നിതിന്റെ അമ്മ, വിജയന്‍റെ അമ്മയും പെങ്ങളും, ശിഹാബിന്റെ ഉമ്മയും പെങ്ങളും, കദിയ, റിയാസിന്റെ ഉമ്മ, ഷാനവാസിന്റെ ഉമ്മ, ഷാമ, സജിത, പൊറ്റാളിലെ ടീച്ചർമാർ, അധികാരിയുടെ മകള്‍ ലത എന്നിങ്ങനെ ജീവിതത്തിന്റെ വിവിധവിഭാഗത്തിലുള്ള പെണ്ണുങ്ങളെ പൊറ്റാളിന്റെ നിത്യജീവിതത്തിൽ കാണാം അതിൽ ചിലരെ അടുത്തു നിന്നു നോക്കേണ്ടതുണ്ട്.

ഉമ്മു.

പൊറ്റാളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ത്രീ കഥാപാത്രമാണ് ഉമ്മു. കേന്ദ്രകഥാപാത്രമെന്നു കരുതാവുന്ന റിയാസിന്റെ കാമുകിയും ഭാര്യയുമാണവർ. ഉമ്മു,  നോവലിൽ പ്രദീപ് എന്ന കഥാപാത്രത്തിന്റെ ഓർമയിൽ കടന്നു വരുന്നത് ഇങ്ങനെയാണ്.

“പണ്ട് പുകയൂരിൽ ഏട്ടന്റെയൊപ്പം ടെയ്‌ലർ ഷോപ് നടത്തിക്കൊണ്ടിരുന്നപ്പോൾ ഒരുപ്പയും മകളും കടയിൽ വന്നു. അയാളുടെ ഭാര്യ പണ്ടേ മരിച്ചിരുന്നു. കണക്കറ്റ സ്വത്ത്. ഒറ്റക്കാണ് മകളെ വളർത്തിയിരുന്നത്. അവൾക്ക് ഒരനിയനും ഉണ്ടായിരുന്നു എന്നാണെന്റെ ഓർമ. കടയുടെ അടുത്തു  താമസമായിട്ടു പോലും അയാൾ പുറത്തിറങ്ങുന്നത്‌ ഞങ്ങൾ കണ്ടിരുന്നില്ല. എന്നയാൾ മകൾക്കു യൂണിഫോം തയ്പ്പിക്കാൻ വന്നതായിരുന്നു. അവളുടെ കയ്യിലായിരുന്നു തുണി, ഒരു കടലാസ്സിൽ പൊതിഞ്ഞു. പതിമൂന്നോ പതിനാലോ വയസ്സുള്ള കുട്ടി. എന്നാൽ അവളുടെ ഒരു കളിയും ചിണുങ്ങലും വരാന്തയിൽ തൂണിനു മറഞ്ഞുള്ള നിൽപ്പും നോട്ടവും ഒക്കെ കണ്ടപ്പോൾ ഞാനേട്ടനോട് പറഞ്ഞു. ഇവൾ പേരെടുക്കും. അങ്ങനെ ചിന്തിക്കരുത് പറയരുത് എന്നൊക്കെയല്ലേ? ചിലപ്പോൾ നമ്മൾ ഉള്ളത് ഉള്ളതുപോലെ പറയേണ്ടിവരും.”

പതിമൂന്നു വയസ്സുമാത്രമുള്ള ഒരു പെൺകുട്ടി, അവളെ ഇളക്കക്കാരിയായ പെൺകുട്ടിയെന്നു നാട് ആദ്യമേ അടയാളപ്പെടുത്തപ്പെടുന്നു. ഉമ്മുവിന്റെ അനിയൻ ആബിദിന്റെ സംഭാഷണം ഇത് ശരിവയ്ക്കുന്നുണ്ട്. “അവൾ വലുതാകുന്നതിനനുസരിച്ചു വഴിയരികിൽ നിന്നും കടത്തിണ്ണയിൽ നിന്നും വരുന്ന കമൻറുകളുടെ എണ്ണവും ആഗ്യം കാട്ടലുമൊക്കെ കൂടിക്കൊണ്ടിരുന്നു. അത് കേൾക്കുമ്പോൾ അവൾക്കു ദേഷ്യമല്ല, നാണമാണ് വന്നിരുന്നത്. അവളുടെ നുണക്കുഴി വിരിയുന്നത് കാണാം”. ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികൾക്ക് ദേഷ്യമാണ് വരേണ്ടതെന്നും നാണമല്ലെന്നും ആബിദിന് തീർച്ചയാണ്. ഉമ്മുവിന്റെ ഉള്ളിൽ എന്തായിരുന്നെന്ന് ആരും അന്വേഷിച്ചിട്ടില്ലെങ്കിലും അതെന്താണ് ഓരോരുത്തരും അവരവരുടേതായ തീർപ്പുണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ ധാരണകൾക്കനുസരിച്ചാണ് പെണ്ണുങ്ങൾ പെരുമാറേണ്ടതെന്ന, തികച്ചും സാധാരണമായി അനുഭവപ്പെടുന്ന, സാമൂഹ്യധാരണയാണ് പ്രദീപിനും ആബിദിനുമുള്ളത്.

ഏഴാം ക്ലാസ്സുവരെ നന്നായി പഠിച്ചിരുന്ന, സന്തോഷത്തോടെ ജീവിച്ചിരുന്ന ഉമ്മുവിന്റെ ജീവിതത്തിൽ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് പൊറ്റാളിലെ ആണുങ്ങളിലൂടെയാണ് നമ്മളറിയുന്നത്. ആ കാലഘട്ടത്തെ അടഞ്ഞവാതിലിനു പിറകിലെ ഇരുട്ട് എന്നാണ്  ഉമ്മു വിശേഷിപ്പിക്കുന്നത്. ഉമ്മമരിച്ചതിനു ശേഷമുള്ളതാണ് ഉമ്മുവിന്റെ ആ ഇരുണ്ടകാലം.  അതിൽ തെളിഞ്ഞ ഇത്തിരി വെളിച്ചമാണ് റിയാസ്. പന്ത്രണ്ടു വയസ്സുമുതലേ താൻ പ്രണയിക്കുന്ന ഉമ്മുവിന് വെളിച്ചം കൊടുക്കുന്നത് റിയാസ് ആണ്. പ്രണയത്തിൽ റിയാസിന്റെ ഏറ്റവും വലിയ ധൈര്യമായിരുന്ന ഉപ്പ പോലും ആ ബന്ധം എതിർക്കുമ്പോൾ അവൻ വീടും നാടും ഉപേക്ഷിച്ചു പോകുന്നു. എതിർക്കുന്നവരോട് റിയാസ് ചോദിക്കുന്നു:

“ഒരു പെണ്ണ് പിഴച്ചാൽ ഓള കൊഴപ്പാണോ അതോ ഓളെ കുടുക്കിൽ പെടുത്തുന്ന ഹംസക്കുട്ടിന്റെ പോലത്തെ ആൾക്കാരെ പ്രശ്ശനോ? പറയിൻ..! ഹംസക്കുട്ടിക്ക് മാനക്കേട് എന്തെങ്കിലും ണ്ടാ? ഓൻ ഇപ്പ നാട്ടില് വന്നാൽ ഇവിടത്തെ ഏറ്റവും വല്യ സുജായിന്റ മോളെ ഓന് കൊടുക്കൂലെ? അപ്പൊ ങ്ങള് പുരോഗമനക്കാരും ചെന്ന് ബിരിയാണി കഴിക്കാൻ കയ്യും കഴുകി ചെന്ന് ഇരിക്കൂലെ? ഹംസക്കുട്ടി മൊയലാളിന്റെ സംഭാവന വാങ്ങാൻ ങ്ങളും പോവൂലെ? പറയിൻ.”

മറ്റൊരു സാധാരണത്വമാണ് റിയാസ് പറഞ്ഞുവയ്ക്കുന്നത്. “ചളികണ്ടാൽ ചവിട്ടുകയും വെള്ളം കണ്ടാൽ കഴുകുകയും” ചെയ്യുന്ന ആൺലോകത്ത് ഇതെല്ലാം സാധാരണമാണ്. ഇത്തരം ശീലങ്ങളിലേക്ക് പരിശീലിപ്പിച്ചിട്ടും സ്വന്തം ജീവിതം ഉണ്ടാക്കുന്ന, ഇടന്തടിച്ച് നിൽക്കുന്ന പെണ്ണുങ്ങളുടെ ഒരു നിര തന്നെ പൊറ്റാളിൽ കാണാം. സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉണ്ടാവുക എന്ന ചെറിയ കാര്യമാണ് ഇവരെല്ലാം ചെയ്യുന്നത്. ബഹളങ്ങളില്ലാതെ അത് വിവരിക്കുന്നു എന്നതിലാണ് പൊറ്റാളിലെ രാഷ്ട്രീയത്തിന്റെ ഒരടര് ജാഗ്രതയോടെ പ്രവർത്തിക്കുന്നത്.

റാബിയ

ഉൾവലിഞ്ഞു ജീവിക്കുന്ന ഉമ്മുവിന്റെ വിപരീതമാണ് റിയാസിന്റെ സഹോദരിയായ റാബിയ. അടിമുടി രാഷ്ട്രീയ ജീവിയായ ഉപ്പയുടെയും അരാഷ്ട്രീയനായ സഹോദരന്റെയും ഇടയിലെ കണ്ണികൂടിയാണവൾ. ഉപ്പയുടെ രാഷ്ട്രീയം മൂലം പലയിടങ്ങളിലും അവൾ കളിയാക്കലുകൾ നേരിടുന്നുണ്ട്. ഉമ്മയിൽ നിന്ന് കിട്ടിയ നർമ്മബോധവും ഉപ്പയുടെ രാഷ്ട്രീയ ബോധ്യങ്ങളുമാണ് റാബിയയെ നയിക്കുന്നത്. കോളേജിൽ ആൺകുട്ടികൾ പോലും മടിക്കുന്ന പല സന്ദർഭങ്ങളിലും മടികൂടാതെ കടന്നു ചെല്ലുന്നതു റാബിയയാണ്. മണ്ണിൽ മുഹമ്മദ് കിടപ്പിലായതിനു ശേഷം വീടുംപറമ്പും നോക്കി നടത്തുന്നതും റാബിയയാണ്. സഹോദരനോട് നേർക്കുനിന്ന് ഉപ്പ പോലും ചോദ്യങ്ങൾ ചോദിക്കാൻ മടിക്കുമ്പോൾ, സഹതാപം കൊണ്ടാണ് ഉമ്മുവിനെ റിയാസ് ജീവിതത്തിലേക്ക് ക്ഷണിച്ചതെന്നു റാബിയ പറയുന്നുണ്ട്. തനിച്ച് നിൽക്കാനും കാര്യങ്ങൾ നടത്താനും ശേഷിയുള്ള പെണ്ണിനെ റാബിയയിൽ കാണാം. ധീരമെന്ന് അതുവരെ നാം കണ്ട പ്രണയത്തെ റാബിയ സഹതാപം എന്നു വിശേഷിപ്പിക്കുന്നതോടെ നായകന്മാരുടെ വീരത്വശോഭ മങ്ങുന്നു. പിൽക്കാലത്ത്, ജമീലയെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ റിയാസ് റാബിയയുടെ ഈ വാക്കുകൾ ഓർക്കുന്നുണ്ട്.

ജമീല

ചെറുപ്പത്തിലേ ലൈംഗികചൂഷണം നേരിട്ട, വിവാഹശേഷം ഭർത്താവിനാൽ വേശ്യാവൃത്തിക്ക് നിർബന്ധിക്കപ്പെട്ട ഒരു വ്യക്തിയാണ് ജമീല. കടുത്ത ജീവിതാനുഭവങ്ങൾക്കു ശേഷവും ജീവിതത്തോടുള്ള പോസിറ്റീവ് മനോഭാവം അവർ നിലനിർത്തുന്നു. മറ്റൊരു നാട്ടിലേക്കു പോകണമെന്നും ജോലിയെടുത്തു ജീവിക്കണമെന്നുമാണ് ജമീലയുടെ ആഗ്രഹം. റിയാസിന്റെ പ്രണയവും ജീവിതത്തിലേക്കുള്ള  ക്ഷണവും അവർ നിരസിക്കുന്നു. ജീവിതത്തിന്റെ ക്ഷണികമായ ഭംഗികളിൽ അവർ അഭിരമിക്കുന്നില്ല. “ഇയ്ക്ക് ഈ നാട്ട്ന്ന്‌ പോണം . അവൾ പറഞ്ഞു. അതാണ് ഞാൻ അന്ന് മംഗലാപൊരത്തെ കാര്യം ഞാൻ പിനീം പിന്നേം പറഞ്ഞത്. ഇയ്ക്ക് എവടെങ്കിലും പോയി പണിട്ത്ത് കയ്യണം. ആരീം ശല്യമില്ലാതെ.” ജോലി ലഭിച്ചതിനു ശേഷം അവർ റിയാസിനെ കാണാൻ വരുന്നുണ്ട്. റിയാസുമൊത്തുള്ള ദീർഘമായ രതിരംഗങ്ങളിൽ നിന്ന് അവർ എത്രമാത്രം ജീവിതത്തിൽ സന്തോഷവതിയും തൃപ്തയുമാണെന്നു കാണാം.

ഷാനവാസിന്റെ ഉമ്മ

ഉമ്മയെപ്പറ്റി ഷാനവാസ് പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്:

“ഉമ്മയുടെ വീട് കക്കാടംപുറത്തായിരുന്നു. അവിടെ ജീപ്പിലോ ബസ്സിലോ ഒക്കെ ചെന്നിറങ്ങി എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു മരമില്ലിന്റെ ഇടതുവശത്തുകൂടി, പാടങ്ങളെ മുറിച്ചു നീങ്ങുന്ന ഒരു നീണ്ട വഴിയുടെ അറ്റത്ത്, ചരല് കിരുകിരുക്കുന്ന ഒരു കുത്തനെയുള്ള ഇടവഴി നടന്നുകയറി വേണം അങ്ങോട്ട് ചെല്ലാന്‍. ഉമ്മയുടെ അടയാളം നിരന്ന വെള്ളപ്പല്ലുകളുടെ ആ ചിരിയാണ്. ഒരു ദിവസത്തില്‍ ഉമ്മ പലതവണ ആ ചിരി ചിരിക്കും. ചോദ്യങ്ങള്‍ക്കു മറുപടി ഒഴിവാക്കാന്‍, ചീത്ത പറയാതിരിക്കാന്‍, ദേഷ്യം മറക്കാന്‍ എല്ലാം ഉമ്മ ചിരിക്കും. ഉമ്മുമ്മയെ കാണുമ്പോള്‍ നമുക്കറിയാം ഉമ്മാന്റെ ചിരി എവിടന്നു വന്നു എന്നത്. ഉമ്മ എത്തിക്കഴിഞ്ഞാല്‍ ആ വീട്ടിലെ ജോലികളെല്ലാം കൃത്യമായി പകുക്കപ്പെടും. സംസാരം പിന്നണിയില്‍ തുടരും. ഉമ്മയുടെ പിന്നാലെ തൊടിയില്‍ മകളും കറങ്ങും. അതിനിടയില്‍ മടലും കൊതുമ്പും എല്ലാം കെട്ടാകും, പിന്‍വശത്തെ വരാന്തയില്‍ അടുക്കപ്പെടും. ആടുകള്‍ കൂട്ടിലെത്തും. നിസ്കാരം ഒരുമിച്ച്‌. നിസ്കാരക്കുപ്പായം അഴിക്കാതെ അവര്‍ പിന്നെയും ഏറെ നേരം സംസാരിച്ചിരിക്കും. രാത്രി കിടക്കുമ്പോഴും അതു തന്നെ നടക്കും. അത് കേട്ട് കേട്ടാണ് ഞാനുറങ്ങുക.”

പോയ കാലത്തെ  ശരാശരി മുസ്ലിം സ്ത്രീയുടെ ദൈനംദിന ജീവിതം ഉദാഹരിക്കാൻ ഷാനവാസിന്റെ ഉമ്മ ധാരാളമാണ്. ഏതു കാലാവസ്ഥയിലും അവർ നിർത്താതെ ഓടിക്കൊണ്ടിരിക്കും. മകൻ വിവാഹം ചെയ്തു കൊണ്ട് വന്ന പെൺകുട്ടിക്കു പതിമൂന്നു വയസ്സ് മാത്രമേ ഉള്ളു എന്നവർ സംഭാഷങ്ങളിൽ നിന്നു പിടിച്ചെടുക്കുന്നു. അത് മറച്ചു വച്ച് വീട്ടിനുള്ളിൽ തന്നെ ഒതുക്കാൻ അല്ല അവർ ശ്രമിക്കുന്നത്. വീട്ടിലുള്ള ആണുങ്ങളുടെ അഹന്തകൾക്കും വാശികൾക്കുമിടയിൽ പകച്ചു നിൽക്കുന്ന മരുമകളെ അവർ ചേർത്ത് പിടിക്കുന്നു. മകൻ കുറ്റവാളിയാകുമോ എന്ന ഭയം അവർക്കുണ്ടായിരുന്നു എങ്കിലും ഒടുവിൽ അങ്ങേയറ്റം കരുണയോടും സ്നേഹത്തോടും അവർ ഷാമയുടെ കൂട്ടാകുന്നു.[3]

ഇങ്ങനെ പൊറ്റാളിലെ പെണ്ണുങ്ങൾ പലമാതിരി ജീവിക്കുന്നു. അവർ ആരുടേയും നിഴലോ നല്ലപാതിയോ അല്ല. അവർ പണിയെടുത്ത് ജീവിക്കുന്നു.  വീട്ടിന്നകത്തും പുറത്തുമായി പരന്നു കിടക്കുന്ന സ്ത്രീകളുടെ അദ്ധ്വാനത്തെ തിരിച്ചറിയുന്നതും രേഖപ്പെടുത്തുന്നതും പൊറ്റാളിന്റെ  രാഷ്ട്രീയത്തിന്റെ മറ്റൊരു സവിശേഷതയാണ്. പെണ്ണുങ്ങളുടെ അദ്ധ്വാനത്തിന്റെ ബലത്തിലാണ് ആൺലോകത്തിന്റെ വിക്രമങ്ങൾ നിലനിൽക്കുന്നത് എന്ന് പൊറ്റാൾ വ്യക്തമാകുന്നു. ഇത് സാക്ഷാത്കരിക്കുന്നതാകട്ടെ ദൈനംദിനജീവിതത്തിന്റെ സാധാരണത്വത്തെ ലളിതമായി വിന്യസിച്ചും. ഇത്തരത്തിൽ, ശ്രദ്ധയിൽപെടാത്ത സാധാരണത്വത്തിന്റെ രേഖനത്തിലൂടെയാണ് നോവൽ അതിന്റെ സങ്കീർണ്ണമായ രൂപം കൈക്കൊള്ളുന്നത്. ലൈംഗികതയുടെ ഭാവഭേദങ്ങളും വർഗ്ഗീയതയുടെ പടർച്ചയും വെളിപ്പെടുത്താൻ ഉപയോഗിക്കുന്നതും ദൈനംദിനത്വത്തിന്റെ വിവരണമാണ്.

ലൈംഗികതയുടെ സങ്കീർണ്ണതകൾ

പൊറ്റാളിലേക്കു കുണ്ടൻ ഫൈസൽ ആദ്യമായി വരുന്നത് ഹമീദിന്റെ ഓർകളിലൂടെയാണ്. ഉച്ചയുറക്കം കഴിഞ്ഞു തോട്ടം നനയും തീർത്ത് വിശ്രമിക്കുന്ന ബാപ്പുവിനുള്ള പനാമയും മുറുക്കാനും വാങ്ങി വരമ്പിലൂടെ ഫൈസൽ നടന്നു വരുന്നു. ഹമീദിന് അതോർക്കുമ്പോൾ അറപ്പാണ് വരുന്നത്. “പിന്നെ ഇതൊക്കെ ഇങ്ങനെ നടക്കും നമ്മള് നമ്മളെ കാര്യം നോക്കുക തന്നെ” എന്നു പറഞ്ഞു വളരെ സ്വാഭാവികമായി പൊറ്റാളിൽ നടക്കുന്ന കാര്യമായതിനെ അവൻ അവഗണിക്കുന്നു. രാജീവിന്റെ ഓർമയിൽ “സംഗതി” സാദിഖും താനും ആന്ധ്രയിൽ നിന്ന് ഒളിച്ചു പോരാനുണ്ടായ കാരണം തൊഴിലിടത്തു നിന്നും നേരിട്ട ലൈംഗിക ചൂഷണമാണെന്നു പറയുന്നുണ്ട്. ലൈംഗികമായ പീഡനങ്ങൾ നേരിട്ട പുരുഷന്മാരെ കുറിച്ച് പൊറ്റാളിലുടനീളം പറയുന്നുണ്ട്. സ്ത്രീകളെപ്പോലെ തന്നെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന ആൺകുട്ടികളും ചെറുപ്പക്കാരും ഒരുപാടു ഉണ്ട് എന്നും ഇതൊരൊറ്റപ്പെട്ട സംഭവം അല്ല എന്നും പൊറ്റാളിലെ പലരുടെയും തുറന്നു പറച്ചിലിലൂടെ മനസ്സിലാകുന്നുണ്ട്. ലൈംഗികമായി പീഡിപ്പിക്കപെടാത്ത സ്ത്രീകൾ ഇല്ല എന്ന് പറയും പോലെ തന്നെ പൊറ്റാളിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പുരുഷന്മാരുടെ എണ്ണവും അത്ഭുതപ്പെടുത്തുന്നതാണ്. പ്രത്യേകിച്ചും ചെറിയ ആൺകുട്ടികൾ. ആബിദും ഷഫീഖും എല്ലാം അവരിൽ പെടുന്നു. പൊറ്റാൾ പല മുൻധാരണകളെയും  തിരുത്തുന്ന ഒരു അനുഭവം കൂടിയാകുന്നത് അത് കൊണ്ടാണ്.

ആളുകളുടെ, നിറത്തെയും ലിംഗത്തെയും ചൊല്ലിയുള്ള പരിഹാസങ്ങൾ ഏറെ അനുഭവിച്ചിട്ടുള്ള സുബ്രമണ്യൻ പലപ്പോഴായും തനിക്കു ലഭിച്ചിട്ടുള്ള വാഴത്തോട്ടത്തിലേക്കും വൈക്കോൽ കൂനകൾക്കിടയിലേക്കുമുള്ള ക്ഷണത്തെ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ തനിക്കു മാത്രമല്ല കുണ്ടൻ ഫൈസലിനും ഇത്തരം ക്ഷണങ്ങൾ ലഭിക്കാറുണ്ടെന്നു പറയുമ്പോഴും താൻ പക്ഷെ ഫൈസലിനെ പോലെ അല്ല എന്ന് സുബ്രമണ്യൻ തിരിച്ചറിയുന്നുണ്ട്.  ആണുംപെണ്ണും കെട്ടവർ എന്ന പൊതു ലേബലിൽ സമൂഹം ഒതുക്കിക്കളയുമ്പോഴും താനും ഫൈസലും ഒരുപോലെയല്ല എന്നും വേറെവേറെ ലിംഗസ്വത്വങ്ങൾ പേറുന്ന വ്യക്തികൾ ആണെന്നും സുബ്രമണ്യൻ സാവധാനം മനസ്സിലാക്കുന്നു. എന്നാൽ തന്റെ ലിംഗസ്വത്വം ജന്മസിദ്ധമാണെന്ന അറിവ് സുബ്രഹ്മണ്യന് ഇല്ല. അവനോർക്കുന്നത് ഇപ്രകാരമാണ്: “ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്നോട് ഒരധ്യാപകൻ ഒരു പെൺകുട്ടിയുടെ വേഷത്തിൽ നാടോടി നൃത്തം ചെയ്യാൻ പറഞ്ഞത്. ഞാനതു ചെയ്തു. അതോടെ ആ വേഷവും ഭാവവും ഉറച്ചു പോയി.” ഹരിജൻ കോളനിയിൽ നിന്ന് വരുന്ന ബ്ലാക്കുണ്ണിയെന്ന് ഇരട്ടപ്പേരുള്ള സുബ്രഹ്മണ്യനെ തന്നെ അധ്യാപകൻ എന്തിനു പെൺകുട്ടിയുടെവേഷത്തിൽ നൃത്തം ചെയ്യാൻ തിരഞ്ഞെടുത്തു എന്ന സന്ദേഹം സുബ്രമഹ്ണ്യന് ഇല്ല.  പെൺവേഷം കെട്ടി നൃത്തം ചെയ്തതുകൊണ്ടാണ് തനിക്ക് ആ രൂപവും ഭാവവും വന്നത് എന്നാണ് അയാൾ ധരിക്കുന്നത്.

പൊറ്റാൾ രണ്ടിൽ ഒരു രാത്രി സെക്കൻഡ് ഷോ കഴിഞ്ഞു വരുന്ന ഷാജി പെൺവേഷം കെട്ടിയ സുബ്രമഹ്ണ്യനെ കാണുന്നുണ്ട്.  കോളനി കത്തിയപ്പോൾ സുബ്രഹ്മണ്യന് മുഖവും നഷ്ടപ്പെട്ടിരുന്നു. അത് ഒരു കണക്കിന് നന്നായി എന്ന് സുബ്രമഹ്ണ്യൻ തന്നെ പറയുമ്പോഴും സ്ത്രീവേഷംകെട്ടി രാത്രി ലോറിക്കാരെ കാത്തിരിക്കുന്ന സുബ്രഹ്മണ്യൻ ഷാജിയെ അത്ഭുതപ്പെടുത്തുന്നു. “പൈസക്ക് വേണ്ടിയാണോ. അതോ കൂട്ടിനു വേണ്ടിയാണോ” എന്ന സംശയത്തോടെ സുബ്രഹ്മണ്യനെ പിന്തുടർന്ന ഷാജിക്ക് കിട്ടിയ മറുപടി  “ഷാജ്ജ്യെ ജ്ജ് പൊയ്ക്കോ. ഇന്നേ ഇന്റെ ബയിക്ക് വീട്ടളാ”  എന്നാണ്. എന്നെ എന്റെ വഴിക്ക് ജീവിക്കാൻ അനുവദിക്കൂ എന്നാണ് സുബ്രഹ്മണ്യൻ അപേക്ഷിക്കുന്നത്.

ഇവിടെ സുബ്രമഹ്ണ്യൻറെ ധാരണ ആയാലും ഷാജിയുടെ സംശയമായാലും കാലഘട്ടം വളരെ പ്രസക്തമാണ്. 2005-ലാണ് ലാൽജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങുന്നത്. അതിനുമെത്രയോ കാലം കഴിഞ്ഞാണ് ലിംഗ, ജാതി – സ്വത്വ ചർച്ചകൾ നമ്മുടെ പൊതുധാരയിൽ സജീവമാകുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയിൽ ഇത്തരമൊരു കഥാപാത്രത്തെ അതീവ ജാഗ്രതയോടു കൂടി തന്നെ അഭിലാഷ് അവതരിപ്പിച്ചിരിക്കുന്നു. ജാതിസ്വത്വങ്ങളെ അടയാളപ്പെടുത്തുമ്പോഴും റോജ എന്ന ആക്ടിവിസ്റ്റിനെ  അവതരിപ്പിക്കുമ്പോഴുമെല്ലാം ഈ ജാഗ്രത പ്രകടമാണ്. തൊണ്ണൂറുകളുടെ പൊതുധാരയിൽ പോപ്പുലർ അല്ലാത്ത ഇത്തരം ആശയങ്ങൾ കൊണ്ടു വരാതെ തന്നെ അഭിലാഷ് ആ ചെറുത്തുനിൽപ്പുകളെ അടയാളപ്പെടുത്തുന്നു.

മുന്നേ സൂചിപ്പിച്ചപോലെ, നിരവധി സ്വവർഗാനുരാഗികളെയും ബൈസെക്ഷ്വൽ വ്യക്തിത്വങ്ങളെയും പൊറ്റാളിൽ കാണാം. നീരജും  ശിവൻകുട്ടിയും തമ്മിലുള്ള ബന്ധം, ഷാനവാസിന്റെയും നിതിന്റെയും ബന്ധം, നിതിന്റെയും ശബീറിന്റെയും  ബന്ധം തുടങ്ങി അനവധി ഒരേ-ലിംഗ ബന്ധങ്ങൾ പൊറ്റാളിൽ ഉണ്ട്.  ഉണ്ട് എന്ന് പറയുമ്പോൾ തന്നെ ഈ ലൈംഗികബന്ധങ്ങളുടെ വൈവിധ്യം കുഴക്കുന്നതാണ് എന്ന് ചേർത്തുവയ്ക്കണം. ശാരീരീരികവും  മാനസ്സികവുമായ അനേകം മാനങ്ങൾ ഉള്ള ബന്ധങ്ങളെ ഏതെങ്കിലും ജെൻഡറിലേക്ക്  ഒതുക്കുക സാധ്യമല്ല. നീരജ്, ശിവൻകുട്ടി, നിതിൻ, ഷാനവാസ്, സനൽ, ഷബീബ് തുടങ്ങി ഏതെങ്കിലും കള്ളികളിൽ ഒതുക്കാൻ പറ്റാത്ത ഒരുപാട് കഥാപാത്രങ്ങൾ പൊറ്റാളിൽ ഉണ്ട്. അവരെ ഏതെങ്കിലും കള്ളികളിൽ ഒതുക്കാനോ ലിംഗഭേദങ്ങളെ വ്യക്തികളുടെ ഐഡന്റിറ്റിയായി ചുരുക്കാനോ എഴുത്തുകാരൻ ശ്രമിക്കുന്നില്ല. അതുകൊണ്ടു തന്നെ പൊറ്റാളിൽ ലിംഗഭേദങ്ങളുടെ   ഭൂപടം കുറച്ചുകൂടി വിശാലവും ഒരുപാട് അടരുകൾ ഉള്ളതുമാണ്.

ഇതോടൊപ്പം തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് പൊറ്റാളിലെ ലൈംഗികജീവിതം. സ്വവർഗലൈംഗികത, ബൈസെക്ഷ്വൽ ബന്ധങ്ങൾ, ഹെറ്ററോസെക്ഷ്വൽ ബന്ധങ്ങൾ, ബാലപീഡനം, ബലാത്‌സംഗം, വ്യഭിചാരം തുടങ്ങിയവയെല്ലാം പൊറ്റാളിൽ വിഷയമാകുന്നുണ്ട്. ദീർഘമായ രതിരംഗങ്ങളും ചുംബനങ്ങളും ഉണ്ട്. ചൊടിപ്പിക്കുന്ന നിഗൂഢമായ സ്വപ്നവർണ്ണനകൾ ഉണ്ട്. സദാചാരക്കണ്ണുകൾക്ക് കനത്ത ആഘാതം ഏൽപ്പിക്കാൻ തക്ക പ്രഹരശേഷിയുണ്ട് പലതിനും. ജമീലയും ബൈജുവും റിയാസും ഒരുമിച്ചുള്ള ലൈംഗിക രംഗങ്ങൾ ഒക്കെ അത്തരത്തിൽ ഉള്ളതാണ്. സുദീർഘമായ രതിരംഗങ്ങൾക്കു ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ ജമീലയെ ചുറ്റിപ്പിടിക്കുന്ന ബൈജുവിന്റെ കൈ റിയാസിന്റെ മേലെ തട്ടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ചുറ്റുവട്ടത്ത് സംഭവിക്കാത്തതല്ല. അത് അറിയാത്തവരുമല്ല വായനക്കാർ. എന്നാലും ഒരു നോവലിൽ ഇത്തരം രംഗം കടന്നു വരുന്നതിൽ സദാചാരപ്രശ്നം കാണുന്നവരാകും ഭൂരിപക്ഷവും.[4]

ഇതേപോലെ മറ്റൊരു രംഗം ബൈജുവും റിയാസും തങ്ക എന്ന സ്ത്രീയുടെ വീട്ടിൽ പോകുന്നതിലുമുണ്ട്. ഒരു രംഗത്തിൽ റിയാസ് ആ സ്ത്രീയുടെ മുഖത്ത് ആഞ്ഞടിക്കുന്നുണ്ട്. അവർ തിരിച്ചടിക്കുന്നുമുണ്ട്. അതേപോലെ സമ്മതി (consent) എന്നത് നോവലിൽ പലയിടങ്ങളിയായി വരുന്നുണ്ട്. റിയാസും ജമീലയുമായുള്ള ബന്ധത്തിൽ, റിയാസും ഷബീബ് ആയുള്ള ബന്ധത്തിൽ, അങ്ങനെ അങ്ങനെ പലയിടങ്ങളിലായി പൊറ്റാളിൽ സമ്മതി കടന്നു വരുന്നുണ്ട്.

ജാതിമതവർഗ വ്യത്യാസങ്ങൾ ബാധിക്കുന്ന ബഹുസ്വരഘടനയുള്ള ലിംഗസ്വത്വങ്ങളെയും ലൈംഗികാഭിരുചികളെയും പൊറ്റാൾ കാര്യമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്. വിശാലമായതും   മുന്‍വിധികളില്ലാത്തതുമായ പ്രാതിനിധ്യം പൊറ്റാൾ ലിംഗരാഷ്ട്രീയത്തിന് കൊടുത്തിട്ടുണ്ട്.  ബഹുസ്വരതയെ അംഗീകരിക്കുക എന്നത് ജനാധിപത്യമൂല്യബോധത്തിന്റെ അടിസ്ഥാനം തന്നെയാണ്. ഈ നിലയിൽ, ലിംഗരാഷ്‌ട്രീയത്തിലൂടെ പൊറ്റാൾ മുന്നോട്ടു വയ്ക്കുന്ന ജനാധിപത്യസങ്കൽപം പ്രധാനപ്പെട്ടതാണ്. അപ്പോഴും കുഴങ്ങുന്ന ബന്ധങ്ങളുണ്ട്. ഒരേസമയം നിതിനും നയനയും ഷിഹാബിനെ പ്രണയിക്കുന്നു. നയനയുടെ കാമുകനാണ് ഷിഹാബ്. നിതിന് ഷിഹാബിനോടുള്ള ബന്ധത്തെ നാം എന്തു വിളിക്കും? ആണും ആണും തമ്മിലുള്ള പ്രണയത്തിനേയും കാമുകീകാമുകർ എന്നല്ലാതെ വിശേഷിപ്പിക്കാനാകുന്നില്ല എന്നത് ഭാഷയുടെ തകരാറാകാം. നോവലിൽ ഇത് ഒറ്റപ്പെട്ട കാഴ്ചയല്ല. ഉദാഹരണത്തിനു ഷാനവാസിനു തന്റെ ഭാര്യയായ ഷാമയോടും സുഹൃത്തായ നിതിനോടും ഉള്ളത് മേലെപ്പറഞ്ഞ തരം ബന്ധമാണ്. സുഹൃത്ത് എന്ന് വേറെ വാക്കില്ലാത്തതുകൊണ്ട് പ്രയോഗിച്ചതാണ്. ഷാനവാസിന് ഇരുവരേയും ഇഷ്ടമാണ്. ആ ഇഷ്ടമാകട്ടെ ദേഹനിബദ്ധവുമാണ്. പേരുകളിലേക്ക് ചുരുക്കാനാകാത്ത ഇത്തരം ബന്ധങ്ങൾ പൊറ്റാളിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

തീരാത്തത്

ഭാഷയിലെ സന്ദേഹങ്ങൾ ജീവിതത്തിന്റെ തന്നെ സന്ദേഹങ്ങളാണ്. ഇത്തരം സന്ദേഹങ്ങളെ ഉപയോഗപ്പെടുത്തിയാണ് പലപ്പോഴും വർഗ്ഗീയ പ്രചരണം സാധ്യമാകുന്നതും. താന്താങ്ങളുടെ മതസ്വത്വം അപകടത്തിലാണെന്നു വരുത്തുക സംശയനിർമ്മിതിയുടെ ആദ്യപടവാണ്. ഇത് വളരെ സാവധാനത്തിലാണ് സംഭവിക്കുന്നത്. തികഞ്ഞ അവധാനതയോടെയാണ് മതപരമായ സ്വത്വപ്രതിസന്ധികൾ നിർമ്മിക്കപ്പെടുന്നത്.  പൊറ്റാൾ ഈ അവധാനതയെ അതിന്റെ സൂക്ഷ്മരൂപത്തിൽത്തന്നെ ആവിഷ്കരിക്കുന്നു. ഹിന്ദുത്വവർഗ്ഗീയതയുടെ പടർച്ചയെ രേഖപ്പെടുത്തുന്നതിൽ ഇത് കാണാവുന്നതാണ്.

Abhilash

നാടുമുഴുവൻ പടർന്നു പന്തലിച്ച പേരാലിന്റെ തായ്മരം അന്വേഷിക്കുന്നതു പോലെ ജീവിതത്തിന്റെ വിവിധ അടരുകളിലേക്കുള്ള അന്വേഷണമാണ് പൊറ്റാളിൽ നടക്കുന്നത്. രാഷ്ട്രീയം അതിന്റെ എല്ലാ അടരുകളിലുമുള്ള ഒന്നാണ്. അതിനെ ആവിഷ്കരിക്കാനുതകുന്ന രൂപം സ്വീകരിച്ചു എന്നതും പൊറ്റാളിന്റെ സവിശേഷതയാണ്. നോവലിന്റെ ഉള്ളടക്കം പോലെ രൂപസംവിധാനവും രാഷ്ട്രീയമായിരിക്കുന്നു എന്നതുകൊണ്ടും കൂടിയാണ് പൊറ്റാളിലെ ഇടവഴികൾ അനന്യമായ കഥയാകുന്നത്.[5] പൊറ്റാളിന്റെ വായനാനുഭവം വ്യത്യസ്ഥമാകുന്നതും  ഇതേകാരണാത്താലാണ്. ഉദാഹരണത്തിനു, ഗൃഹാതുരതയോടെ അവനവന്റെ ഗ്രാമത്തെ ഓർക്കുന്ന ഒരാളെ സങ്കല്പിക്കുക. പൊറ്റാളിലെ ഇടവഴികൾ വായിക്കും മുന്നേ അയാൾ സ്വന്തം പ്രദേശത്തെ കണ്ടതു പോലാകില്ല പൊറ്റാൾ വായിച്ചു കഴിഞ്ഞതിനു ശേഷം കാണുക. തിരഞ്ഞെടുത്ത ഓർമ്മകൾകൊണ്ടുണ്ടാക്കുന്ന സുഖകരമായ ഗൃഹാതുരത്വത്തിന്റെ സ്വാസ്ഥ്യങ്ങളെ ചിതറിക്കാനുള്ള ശിഥിലീകരണ ശക്തിയുണ്ട് പൊറ്റാളിലെ ഇടവഴികൾക്ക്. അതാണ് അതിനെ സവിശേഷമായ രാഷ്ടീയ നോവലാക്കുന്നത്. അതുകൊണ്ടു തന്നെ തസ്രാക്കിലേക്ക് തീർത്ഥയാത്രപോയവരെപ്പോലെ പൊറ്റാളിലേക്ക് പോകുവാൻ ആരും തയ്യാറാകാനിടയില്ല. ശീതളിമകൾ ശേഷിപ്പിക്കുന്ന ഒരു സ്ഥലമല്ല പൊറ്റാൾ. സ്വാസ്ഥ്യാന്വേഷികളായ തീർത്ഥാടകരായി ആർക്കും പൊറ്റാളിൽ പോയി മടങ്ങാനാകില്ല.

കടപ്പാട്.

ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ സങ്കീർണ്ണതകൾ വിശദീകരിച്ചു തന്നതിന് സുഹൃത്തുായ   അനീഷ് വി.ആറിനോടും അവശ്യം വേണ്ടുന്ന ലേഖനങ്ങൾ കണ്ടെടുത്തു തന്നതിന് ഷിനോദ് എൻ. കെ. യോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു.

[1]നോവലിനേയും അതേ പേരിലുള്ള  സ്ഥലത്തേയും സൂചിപ്പിക്കാൻ പൊറ്റാൾ എന്നാണ് ഈ കുറിപ്പിൽ ഉപയോഗിച്ചിട്ടുള്ളത്.

[2]എം. എൻ. വിജയൻ.  ഫാസിസത്തിന്റെ ജീവചരിത്രം. എം.എൻ. വിജയൻ സമ്പൂർണ്ണകൃതികൾ വാല്യം-5 സംസ്കാരം

[3]പൊറ്റാളിലെ പെൺജീവിതങ്ങളുടെ സമഗ്രമായ ചിത്രീകരണമല്ല ഇവിടെ ചെയ്യുന്നത്. നോവലിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒരാളും കഥാകാരിയും ആയ നയനയെപ്പോലും ഇവിടെ പരാമർശിച്ചിട്ടില്ല. പൊറ്റാളിൽ വേറെ എഴുത്തുകാരികൾ ഇതുവരെ ഇല്ല. പെണ്ണുങ്ങളുടെ ജീവിതത്തെ പൊറ്റാൾ അതിന്റെ സൂക്ഷമ്തയിലും സങ്കീർണ്ണതയിലും അവതരിപ്പിക്കുന്നതെങ്ങനെ എന്നു സൂചിപ്പിക്കുമാത്രമാണ് ഇവിടെ ചെയ്യുന്നത്.

[4] നോവലിസ്റ്റിന്റെ ഭാഗ്യക്കേടുകൊണ്ടാകാം ഇത്തരം ആരോപണം ഇതുവരേക്കും വിവാദമായിട്ടില്ല. ആദ്യപുസ്തകം മുതലേ നോവലിലുള്ള സ്വവർഗ്ഗ ലൈംഗികത പോലും ചർച്ചാവിഷയമായില്ല എന്നത് അത്ഭുതം തന്നെയാണ്. വർഗ്ഗീയത മുതൽ ലൈംഗികത വരെ പൊറ്റാൾ അവതരിപ്പിച്ചിരിക്കുന്ന ഓരോ കാര്യവും സാധാരണഗതിയിൽ കോളിളക്കം ഉണ്ടാക്കാറുള്ളതാണ്. സാഹിത്യമണ്ഡലത്തിലെ അവഗണനകൾ ഈ ലേഖനത്തിലെ വിഷയം അല്ലാത്തതിനാൽ ഇക്കാര്യം ഇവിടെ കൂടുതൽ പരിഗണിക്കുന്നില്ല.

[5]പൊറ്റാളിലെ ഇടവഴികളുടെ ഘടനാസവിശേഷതകളെക്കുറിച്ചറിയാൻ  “പൊറ്റാളിലെ ഇടവഴികൾ: വായനയുടെ അപരിചിത മേഖലകൾ (https://navamalayali.com/2021/01/04/article-bhagyasree-part-1/)” നോക്കുക.


 

Comments

comments