രണ്ടായിരത്തിയിരുപത് മാർച്ചിൽ മീഡിയവണ്ണിനെതിരെ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഒരു നോട്ടീസ് പുറപ്പെടുവിക്കുകയും നാൽപ്പത്തിയെട്ട് മണിക്കൂറത്തേയ്ക്ക് നിരോധിക്കുകയും ചെയ്തിരുന്നു. മറ്റൊരു മലയാളം ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെതിരെയും സമാനമായ നടപടിയുണ്ടായി. വിഷ്വലില്ലാതെയാകുമ്പോൾ ഇൻഫോടെയ്ന്മെൻ്റ് എന്ന ടിആർപി പദ്ധതി അപ്രത്യക്ഷമാകുകയും ശബ്ദങ്ങൾക്കും ആശയങ്ങൾക്കും കൂടുതൽ തെളിച്ചം വരുന്നുവെന്നും സ്വയംവിമർശനാത്മകമായി എൻഡിടിവിയിലെ രവീഷ്കുമാർ ഒരിക്കൽ ഇന്ത്യയ്ക്ക് കാണിച്ചുതന്നിരുന്നു. അത് മറ്റൊരു വിഷയമാണെങ്കിലും മീഡിയവണ്ണിൻ്റെയും ഏഷ്യാനെറ്റ് ന്യൂസ് ചാനലിൻ്റെയും ടിവി സ്ക്രീനുകൾ പൊടുന്നനെ ശൂന്യമായപ്പോൾ, ആ ശൂന്യത കൂടുതൽ തെളിച്ചത്തോടെ ചിലത് പറയുകയായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിൻ്റെ ആകാശങ്ങളിലേക്ക് പരന്ന ആ ഇരുട്ട് രാജ്യം കടന്നുപോകുന്ന കാലഘട്ടത്തിൻ്റെ അപചയങ്ങളെ കൂടുതലായി തെളിയിച്ചുകാട്ടുകയായിരുന്നു. ഒരു മതപക്ഷത്തിനു അനുകൂലമായി റിപ്പോർട്ട് ചെയ്തു, അക്രമം വളർത്തുന്നതുപോലെ റിപ്പോർട്ട് ചെയ്തു എന്നെല്ലാം ആരോപിച്ചുകൊണ്ട് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം മീഡിയ വണ്ണിനു കൊടുത്ത കാരണംകാണിക്കൽ നോട്ടീസിലെ ഒരു വാചകത്തിൽ ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥയുടെ സമകാലികചരിത്രം മുഴുവനുണ്ടായിരുന്നു – “Channel seems to be critical towards Delhi Police and RSS“. സംഘർഷം കൈകാര്യം ചെയ്യുന്നതിൽ പോലീസ് പരാജയമാകുന്നുവെന്ന് ചൂണ്ടിക്കാണിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. അക്രമം ആളിപ്പടർത്തുന്ന രീതിയിൽ സംഘപരിവാറനുകൂല ‘ഗോഡി മീഡിയകൾ’ ചാനൽസ്റ്റുഡിയോകളിൽ അലറി വിളിച്ചതൊന്നും മന്ത്രാലയത്തിനു പ്രശ്നമായിരുന്നില്ല. അതുപോട്ടെ, നോട്ടീസിൽ ഒപ്പം പറഞ്ഞിരുന്ന കാര്യം ചാനൽ ആർ എസ്സ് എസ്സിനോട് വിമർശനപരമായ സമീപനം പുലർത്തുന്നുവെന്നായിരുന്നു! ഹിന്ദുത്വവർഗ്ഗീയതയുടെ മുറ്റിയ സംഘടനാഭാവമായ സംഘപരിവാറിനെ വിമർശിക്കുക എന്നത് ജനാധിപത്യത്തിൻ്റെ ഒരു തരിയെങ്കിലും സൂക്ഷിക്കുന്നവരുടെ സ്വാഭാവികമായ കർത്തവ്യമായ കാലത്ത് അങ്ങനെ ചെയ്താൽ അത് അക്ഷന്തവ്യമായ കുറ്റമാകുന്ന കാലമാണിതെന്ന് രാജ്യത്തെ മാധ്യമലോകത്തോട് പറയുകയായിരുന്നു ഭരണകൂടം.
അതിരുകളില്ലാത്ത റിപ്പോർട്ടേഴ്സ് (Reporters without borders) അഥവാ www.rsf.org ലോകത്തെ വിവിധ രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും വായന-വിതരണ-ഉടമസ്ഥത-സെൻസറിംഗ് എന്നതിൻ്റെ പാറ്റേണുകളുമൊക്കെ നിരീക്ഷിക്കുന്ന ഒരു കൂട്ടായ്മയാണത്. ബഹുസ്വരത, മാധ്യമസ്വാതന്ത്ര്യം, മാധ്യമജോലിയന്തരീക്ഷവും സ്വയം സെൻസർഷിപ്പും, നിയമപരമായ ചട്ടക്കൂടുകൾ, സുതാര്യത, ഇൻഫ്രാസ്ട്രക്ചർ, മാധ്യമങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ലോക പ്രെസ്സ് ഇൻഡക്സ് എന്നൊരു റാങ്കിംഗ് പട്ടിക അവർ തയ്യാറാക്കുന്നുണ്ട്. 2002-ൽ ആദ്യമായി റാങ്കിംഗ് ഏർപ്പെടുത്തിയപ്പോൾ 180 രാജ്യങ്ങളുടെ പട്ടികയിൽ 80-ആം സ്ഥാനത്തായിരുന്ന ഇന്ത്യ 2010-ൽ 122-ആം സ്ഥാനത്തേയ്ക്കും 2020-ൽ 142-ആം സ്ഥാനത്തേയ്ക്കും താഴുന്നതാണ് കാണുന്നത്. RSF-ൻ്റെ കണക്കുകളും പട്ടിക തയ്യാറാക്കാൻ സ്വീകരിച്ചിരിക്കുന്ന പഠനരീതിയും ശാസ്ത്രീയമല്ലെന്നും ആയതിനാൽ ഈ റാങ്കിംഗ് അംഗീകരിക്കാൻ കഴിയുകയില്ലായെന്നുമാണ് കേന്ദ്രസർക്കാരിൻ്റെയും നിതി ആയോഗിൻ്റെയും നിലപാട്. എത്ര കൃത്യതക്കുറവ് ആരോപിച്ചാലും ഇത് ഇന്ത്യൻ മാധ്യമരംഗത്തിൻ്റെ, അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെയും പ്രചരണസ്വാതന്ത്ര്യത്തിൻ്റെയും വിനിമയത്തിൻ്റെയും ഗതി താഴേയ്ക്കാണെന്ന ഒരു പൊതുസ്വഭാവത്തിൻ്റെ സൂചന തന്നെയെന്ന് ആർക്കും മനസ്സിലാക്കവുന്നതേയുള്ളൂ. അതിന് രാഷ്ട്രീയകാരണങ്ങൾ മാത്രമല്ല, സാമ്പത്തികമായവയുമുണ്ട്. എന്നാൽ ഈ സാമ്പത്തികകാരണങ്ങളെ സൃഷ്ടിക്കുന്നത് രാഷ്ട്രീയകാരണങ്ങൾ തന്നെയാണ്. രാഷ്ട്രീയവും കോർപ്പറേറ്റ് രംഗവും ഇത്തരത്തിൽ കൈകോർക്കുന്ന ക്രോണിക്യാപിറ്റലിസ്റ്റ് രീതികൾ ഫാസിസ്റ്റ് കാലങ്ങളുടെ സ്വഭാവമാണ്.
ബിജെപി നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുടെ മാധ്യമപാറ്റേൺ അതുവരെ കാണാത്ത രീതിയിലൊരു നിയന്ത്രണത്തിനു വിധേയമായി. അടിയന്തരാവസ്ഥയിലെ പ്രത്യക്ഷമായ അടിച്ചമർത്തലിൽ നിന്നും വ്യത്യസ്തമായി മാധ്യമങ്ങളെ അപ്രസക്തരാക്കുന്ന, വാർത്തയുടെ നിയന്ത്രണം കൂടുതലായി സർക്കാരിൻ്റെ പക്കലേക്ക് മാറുന്ന, ഉടമസ്ഥതാപാറ്റേണുകളെയും അതുവഴി നിലപാടുകളെയും നിയന്ത്രിക്കുന്ന, സ്വയംനിയന്ത്രണത്തിനു നിർബന്ധിതമാകുന്ന, ഒരു സവിശേഷ മാധ്യമപദ്ധതിയാണ് വിശാലമായ നോട്ടത്തിൽ ദൃശ്യമാകുന്നത്. മുൻപേ തന്നെ മോദി നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ പല ഓൺലൈൻ ലിങ്കുകളും പ്രവർത്തനക്ഷമം അല്ലാതായി മാറുന്നുണ്ടായിരുന്നു. മാധ്യമങ്ങളെ കാണാൻ കൂട്ടാക്കാത്ത പ്രധാനമന്ത്രിയ്ക്കും മന്ത്രിസഭയ്ക്കും പറയാനുള്ളതെല്ലാം ട്വിറ്റർ പോലെയുള്ള സാമൂഹ്യമാധ്യമങ്ങൾ വഴിയായി. ഗവണ്മെമെൻ്റിനെ വിമർശിക്കുന്ന ലേഖനങ്ങളും കോളങ്ങളുമെല്ലാം അപ്രത്യക്ഷമാകുന്നത് പതിവായി. അമിത് ഷായുടെ സ്വത്തുവിവരങ്ങളുടെയും സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യതകളുടെയും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുകളും സീ ചാനൽ ഗ്രൂപ്പിൻ്റെ ഡിഎൻഎ ചെയ്ത റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ച് ഏറെ വൈകാതെ അപ്രത്യക്ഷമായതുമൊകെ അതിൽ ചിലത് മാത്രം. 404 error എന്ന എറർ പേജുകൾ സമൃദ്ധമായി മാറുകയായിരുന്നു. അത്തരത്തിൽ അപ്രത്യക്ഷമായ പ്രധാനവാർത്തകളെക്കുറിച്ച് കാരവൺ മാഗസിൻ ഒരു റിപ്പോർട്ട് തന്നെ പ്രസിദ്ധീകരിച്ചു. റാണ അയൂബ് ഉൾപ്പടെയുള്ള ഇന്ത്യയിലെ ഏറ്റവും നല്ല സ്ത്രീമാധ്യമപ്രവർത്തകർ അതിഭികരമായ ഓൺലൈൻ ആക്രമണങ്ങൾക്ക് വിധേയരായി. Hate Tracker എന്ന കോളം അവതരിപ്പിച്ച ബോബി ഘോഷിന് ഹിന്ദുസ്താൻ ടൈംസ് എഡിറ്റർ സ്ഥാനത്തുനിന്നും രാജിവയ്ക്കേണ്ടതായി വന്നു, ഇത് സ്വന്തം തീരുമാനമല്ലായിരുന്നുവെന്ന് ഘോഷ് പിന്നീട് പറയുകയും ചെയ്തു. എക്കണോമിക് & പൊളിറ്റിക്കൽ വീക്ക്ലിയുടെ എഡിറ്റർ പരഞ്ചോയ് ഗുഹ താക്കൂർത്താ പോലും, അദാനിയെ വിമർശിച്ച ഒരു ലേഖനം പിൻവലിക്കാൻ നിർബന്ധിക്കപ്പെട്ടതിൻ്റെ പേരിൽ, രാജി വയ്ക്കേണ്ടി വന്നത് ഇന്ത്യ കണ്ടു. എൻഡിടിവിയെ വേട്ടയാടുകയും ഒരുതവണ സംപ്രേഷണം നിർത്തിവയ്പ്പിക്കുകയും ചെയ്തു. Income Tax Settlement Commission (ITSC) സഹാറ ഗ്രൂപ്പിനെ പ്രോസിക്യൂഷനിൽ നിന്നും ഒഴിവാക്കിയതു സംബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച സഹാറ-ബിർള പേപ്പറുകളിൽ അതിനായി പണം കൈപ്പറ്റി എന്ന് ആരോപിക്കപ്പെട്ടവരുടെ, നൂറോളം രാഷ്ട്രീയക്കാരുടെ ലിസ്റ്റിലെ ചില പേരുകൾ– മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിംഗ്, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി, ബിജെപിയുടെ മഹാരാഷ്ട്രാ ട്രഷറർ ഷൈന എൻ സി, ഷീല ദീക്ഷിത് – ചില വമ്പൻ പേരുകൾ, ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ മാധ്യമലോകത്തിൻ്റെ പ്രതികരണം അമ്പരപ്പിക്കുന്ന വിധം തണുത്തതായിരുന്നു. മാധ്യമങ്ങളുടെ പ്രസക്തിയുടെ നിയന്ത്രണം, വാർത്തകളുടെ സെൻസർഷിപ്പും സ്വയം സെൻസർഷിപ്പും, ഉടമകളുടെയും എഡിറ്റർമാരുടെയും മേലുള്ള നിയന്ത്രണം എന്നിവ വഴി സൃഷ്ടമായ ഭയമുറങ്ങുന്ന ഒരന്തരീക്ഷത്തിൻ്റെ വളരേ കുറച്ച് സൂചനകൾ മാത്രമാണ് മേൽപ്പറഞ്ഞവ.
സുരക്ഷാകാരണങ്ങൾ എന്ന് മാത്രം പറഞ്ഞ് സ്വാഭാവികനീതിയുടെ അവകാശം കൂടി ലംഘിച്ച് മീഡിയ വൺ ചാനലിനെ വീണ്ടും നിരോധിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യൻ മാധ്യമരംഗത്തിൻ്റെ സമകാലികമായ അവസ്ഥയുടെയും ഫാസിസം പിടിമുറുക്കുന്ന രാഷ്ട്രീയരംഗത്തിൻ്റെയും പശ്ചാത്തലത്തിലല്ലാതെ ഈ നിരോധനത്തെ കാണാനാവില്ല. നിരോധനം താൽക്കാലികമായി കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. മീഡിയവണ്ണിന് ഐക്യദാർഢ്യവുമായി നിരവധിയാളുകളും മാധ്യമപ്രവർത്തകരുടെ സംഘടനകളും കേരളസർക്കാരും ഇടതുപക്ഷവും മറ്റ് രാഷ്ട്രീയകക്ഷികളും ജനാധിപത്യവാദികളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ എന്തും സെൻസേഷണൽ ഫ്ലാഷ് ന്യൂസുകളാക്കുകയും ഘോരഘോര ചർച്ചകളുമാക്കുന്ന മലയാളം മാധ്യമരംഗത്തു നിന്നും മറ്റ് ചാനലുകളിൽ നിന്നും പൊതുവിൽ ഉണ്ടായ പ്രതികരണം നിരാശപ്പെടുത്തുന്ന വിധം നേർത്തതായിരുന്നു. ജനാധിപത്യത്തിൻ്റെ കാവലാളുകളായി ജനങ്ങളെ മാറ്റിത്തീർക്കാൻ അതീവജാഗ്രതയോടെ നിലകൊള്ളേണ്ട അവർ അവരിലൊന്നിൻ്റെ നേരെയുണ്ടായ, മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുണ്ടായ കടന്നുകയറ്റത്തിൽ പാലിച്ച മൗനം ഭീതിദമായിരുന്നു. ഒരാളെ പാമ്പ് കൊത്തിയതിലേക്ക് പ്രൈം ടൈമുകൾ നിജപ്പെടുത്തി നാടിനെയാകെ അതിലേയ്ക്ക് ക്ഷണിക്കുന്ന മാധ്യമങ്ങൾ അവയെ വിഴുങ്ങാനാർക്കുന്ന വലിയ സർപ്പരൂപങ്ങളെ കാണാതെപോകുന്നത് എന്തുകൊണ്ടാകാം? മാധ്യമങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് – നിങ്ങളുടെ മൗനമോ ഭരണകൂടത്തിൻ്റെ കരുണയോ അല്ല നിങ്ങളെ നിലനിർത്തുന്നത് – അത് ഈ രാജ്യത്തിൻ്റെ സമരചരിത്രമാണ്. എത്ര മായ്ച്ചുകളയാൻ ശ്രമിച്ചാലും ഭരണഘടനയിൽ തുടങ്ങി രാജ്യത്തിൻ്റെ ജീവനൊഴുകുന്ന സകല ഞരമ്പുകളിലുമുള്ള ആ ചരിത്രം, ഈ രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമരചരിത്രം അതിൻ്റെയൊപ്പം സർവ്വകാലത്തും കൊണ്ടുനടന്നതാണ് സ്വതന്ത്രമാധ്യമപ്രവർത്തനത്തിനു വേണ്ടിയുള്ള സമരങ്ങളുടെ ചരിത്രവും. വേർപിരിക്കാൻ കഴിയാത്തവിധം ഒന്നായി നിൽക്കുന്ന ഒന്നാണത്. മാധ്യമപ്രവർത്തകരെന്ന വ്യക്തികളോ സംഘടനകളോ അല്ല ഈ നിരോധനത്തിനെതിരെ ശക്തമായി രംഗത്തെത്തേണ്ടത് – മാധ്യമങ്ങളാണ്. മാനേജുമെൻ്റുകൾ അതിനു തയ്യാറല്ലെങ്കിൽ അവയെ എല്ലാ സമരമുറകളും ഉപയോഗിച്ച് അത്തരമൊരു നിലപാടിലേയ്ക്ക് കൊണ്ടുവരേണ്ടത് പത്രപ്രവർത്തനത്തിൻ്റെ മൂല്യങ്ങൾ അല്പമെങ്കിലുമുള്ള മാധ്യമപ്രവർത്തകരുടെ മുഴുവൻ ഉത്തരവാദിത്തമാണ്. മാധ്യമചരിത്രം മുഴുവൻ സ്വാതന്ത്രമാധ്യമപ്രവർത്തനത്തിനു വേണ്ടി ത്യാഗം ചെയ്ത പ്രതിഭാധനരുടേതാണ്. പിന്നീടൊരു കാലം ഈ സംഭവവികാസങ്ങളെ പഠിക്കുമ്പോൾ അതിൽ തെളിഞ്ഞുനിൽക്കേണ്ടത് നിങ്ങളുടെ മൗനമല്ല.
മീഡിയവണ്ണിനെതിരെയുള്ള നീക്കം ഒരു ലിറ്റ്മസ് ടെസ്റ്റാണ്, ഒരു പരീക്ഷണം. എളുപ്പമുള്ള ഒരു ടാർഗറ്റ് എന്ന നിലയിലുള്ളത്. രാജ്യദ്രോഹമെന്ന് നിരന്തരം ബഹളം വയ്ക്കുന്ന ഹിന്ദുത്വരാഷ്ട്രീയക്കാരുടെ പഴയൊരു നേതാവായ കെ എം മുൻഷിയാണ് സെഡിഷൻ – രാജ്യദ്രോഹം എന്ന വാക്ക് ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഭരണഘടനാനിർമ്മാണസഭയിൽ ശബ്ദിച്ചത്. പലമയുടെ പ്രാധാന്യത്തിൻ്റെ ഏറ്റവും വലിയ അടയാളമാണ് ആ സംഭവം. ആ പലമയുടെ ഭാഗമാണ് ശബ്ദങ്ങളുടെയും എതിർശബ്ദങ്ങളുടെയും നിലനിൽപ്പും. മീഡിയവണ്ണിൻ്റെ നിലനിൽപ്പും. അത് മനസ്സിലാക്കാതെ പോകുന്നവർ പണയം വയ്ക്കുന്നത് തങ്ങളുടെ സ്വതന്ത്രമായ ഭാവിയെയാണ്, പ്രസക്തിയെയാണ്. ഈ സാഹചര്യത്തിൽ മീഡിയവണ്ണിനൊപ്പം നിൽക്കുന്നതിൽ ഒരു പക്ഷേകളും ഉണ്ടാകാൻ പാടില്ല. നവമലയാളി ഒരു പക്ഷേകളുമില്ലാതെ മീഡിയവണ്ണിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വാർത്ത പുറത്തുവന്നപ്പോൾ തന്നെ മീഡിയവണ്ണിൻ്റെ എഡിറ്റർ പ്രമോദ് രാമനെ നവമലയാളി നേരിട്ട് അറിയിച്ചതാണത്.
എൻഡിടിവി നിരോധിച്ചപ്പോൾ പ്രണയ് റോയ് പറഞ്ഞതാണ് മറ്റ് ചാനലുകളെയും പത്രമാധ്യങ്ങളെയും ഓർമ്മിപ്പിക്കാനുള്ളത് – നിങ്ങളൊരു തെറ്റും ചെയ്തില്ലെങ്കിലും നിങ്ങളെ അടിച്ചമർത്താൻ തങ്ങൾക്ക് കഴിയുമെന്നാണ് അവർ പറയുന്നത്… കൃത്യമായി പറഞ്ഞാൽ ഇത് ഇന്ത്യയിലെ മുഴുവൻ സ്വതന്ത്രമാധ്യമപ്രവർത്തനത്തിനുമായുള്ള ഒരു സൂചനയാണ്“. മാർട്ടിൻ നിമള്ളർ പറഞ്ഞ് കമ്മ്യൂണിസ്റ്റുകാർ പ്രസിദ്ധമാക്കിയ ആ പടപ്പാട്ടിൽ പറയുന്നത് തന്നെയാണത് – നാളെയവർ നിങ്ങളെയും തേടി വരും.
മീഡിയവണ്ണിന് നവമലയാളിയുടെ ഐക്യദാർഢ്യം.
സ്വാതി ജോർജ്ജ്
ജനറൽ എഡിറ്റർ.
Be the first to write a comment.