എനിക്ക് വസ്ത്രത്തെക്കുറിച്ചാണ് പറയാനുള്ളത്. എനിക്ക് വസ്ത്രത്തെക്കുറിച്ചുമാണ് പറയാനുള്ളത്. എനിക്ക് ചില പ്രത്യേകതരം വസ്ത്രങ്ങളെക്കുറിച്ചാണ് പറയാനുള്ളത്. മറ്റു വസ്ത്രങ്ങളെല്ലാം വസ്ത്രങ്ങൾ മാത്രമായതിനാൽ എനിക്ക് ചില പ്രത്യേകതരം വസ്ത്രങ്ങളെക്കുറിച്ചാണ് പറയാനുള്ളത്. എനിക്ക് പറയാനുള്ളത് പ്രത്യേകതരം വസ്ത്രങ്ങളെക്കുറിച്ചാണോ അതണിയുന്ന പ്രത്യേകതരം മനുഷ്യരെക്കുറിച്ചാണോ? ആ പ്രത്യേകതരം മനുഷ്യർ പ്രത്യേകതരം മനുഷ്യരാണോ?

ഒരു പത്ത് വർഷത്തിനുമൊക്കെ മുൻപാണ്. മുതിർന്ന മാധ്യമപ്രവർത്തകനും കലാവിമർശകനുമൊക്കെയായ  സദാനന്ദ് മേനോൻ്റെ ഒരു റിപ്പോർട്ടിൽ ഒരു കാര്യം പറഞ്ഞിരുന്നു. ദില്ലി പൊലീസ് കമ്മീഷണർ ഒരു കാര്യം സമ്മതിച്ചതിനെക്കുറിച്ച്. തീവ്രവാദബന്ധം ആരോപിച്ച് ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളെ പിടികൂടി മാധ്യമങ്ങൾക്കു മുൻപിൽ ഫോട്ടോയ്ക്ക് ഹാജരാക്കുമ്പോൾ, അവരെ അണിയിക്കാൻ വേണ്ടി – അവരെ അണിയിക്കാൻ വേണ്ടി മാത്രം – ദില്ലി പോലീസ് കെട്ട് കണക്കിനായി ഒരു വസ്ത്രം വാങ്ങി വച്ചിരുന്നു എന്നായിരുന്നു അത്. പാലസ്തീനിയൻ റുമാലെന്നൊക്കെ നാം വിളിക്കുന്ന ഒരു സ്കാർഫ് – കഫിയ. ഒരു വലിയ വിഭാഗം ജനതയ്ക്ക് കഫിയ അവരുടെ വിശ്വാസത്തിൻ്റെയും സാംസ്കാരികതയുടെയും പ്രതീകമാണ്. ചിലർക്ക് മതം, സാംസ്കാരികത, ദേശീയത എന്നിവയിലേതെങ്കിലുമോ ഇവയുടെ മിശ്രണങ്ങളോ കാരണം അവർ അനുഭവിക്കുന്ന വേട്ടയാടലുകൾക്കെതിരെ ഉറച്ചുനിൽക്കാൻ അവരുടെ മതവിശ്വാസമോ മതസാംസ്കാരികതകളോ സാംസ്കാരികദേശീയതകളോ നൽകുന്ന പ്രതിരോധപരമായ ഊർജ്ജവും ആ ഊർജ്ജത്തിൻ്റെ ചിഹ്നവുമാണ് കഫിയ. പലസ്തിനിയൻ വിമോചനത്തിൻ്റെ ചിഹ്നമായി ലോകമെങ്ങുമുള്ള പുരോഗമനരാഷ്ട്രീയജനത കണ്ടിരുന്നതും അതിനെത്തന്നെയായിരുന്നു. എന്നാൽ ഇവിടെ ആ ചിഹ്നം ഒരു അപരവൽക്കരണത്തിനുള്ള ഒരുപാധിയാക്കാനാണ് ശ്രമം നടന്നത്. ഭൂരിപക്ഷവർഗ്ഗീയത വളർച്ച മുറ്റിക്കൊണ്ടിരുന്ന കാലത്ത് കഫിയ തീവ്രവാദത്തിൻ്റെ ചിഹ്നമാണെന്ന് അവർ പ്രചരിപ്പിച്ചുവന്നു. അങ്ങനെ  നമ്മുടെ മനസ്സുകളിലെ തീവ്രവാദ കൽപ്പനകൾക്ക് കഫിയയുടെ നിറവും രൂപവും പതിയെ കൈവന്നു.

അപരവൽക്കരണത്തിന് വർഗ്ഗീയവാദ അജണ്ടക്കാർ ഉപയോഗിച്ച അതേ വസ്ത്രം തന്നെ അതിനു നേർവിപരീതാർത്ഥപരമായ ഒരു രാഷ്ട്രീയപ്രയോഗത്തിൻ്റെ ഉപാധിയായി, പ്രസ്താവനയായി മാറുന്നതും പിന്നീടൊരിക്കൽ ലോകം കണ്ടു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ പ്രസിഡൻ്റ് സ്ഥാനം ആദ്യമായി കൈവന്നപ്പോൾ ബൊളീവിയയുടെ ഇടതുപക്ഷക്കാരൻ പ്രസിഡൻ്റ് ഇവോ മൊറാലസിൻ്റെ പ്രതിനിധിയായ സാഷ ലോറെൻ്റി ആദ്യദിവസം തന്നെ അവിടെ ചെന്നിരുന്നത് പലസ്തീനിയൻ കഫിയ ധരിച്ചുകൊണ്ടായിരുന്നു. ബൊളീവിയയ്ക്കും ബൊളീവിയയുടെ ഇടതു-സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിനും ലോകത്തോട് പറയാനുള്ളതിലേറെയും ആ കഫിയ പറഞ്ഞു.

2019-ൽ ആധുനിക ലോകത്തെ ഏറ്റവും കരുത്തയായ ഒരു വനിത, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ അതുപോലൊരു രാഷ്ട്രീയപ്രയോഗം നടത്തുന്നതും ലോകം സന്തോഷത്തോടെ കണ്ടുനിന്നു. ക്രൈസ്റ്റ് ചർച്ചിലെ മുസ്ലീം ആരാധനാലയങ്ങളിൽ തീവ്രവലതുപക്ഷക്കാരായ വർഗ്ഗീയവാദികൾ നടത്തിയ വെടിവയ്പ്പിൽ അൻപത്തിയൊന്ന് മുസ്ലീമുകൾ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയുമൊക്കെ ചെയ്ത സംഭവത്തിൽ നാടും അതിലുപരി മുസ്ലീം സമൂഹവും വിറുങ്ങലിച്ചു നിൽക്കെ ജസിന്ത ആഡേൺ ഹിജാബ് ധരിച്ചുകൊണ്ട് വിശ്വാസികളായ സ്ത്രീകളെയും പുരുഷന്മാരെയും പുണർന്ന് സാന്ത്വനിപ്പിച്ചു. ന്യൂസിലൻഡ് അത് ഏറ്റെടുത്തു. വ്യത്യസ്ത മതവിശ്വാസികളും അവിശ്വാസികളുമായ സ്ത്രീകൾ ഹിജാബ് ധരിച്ച് ഞങ്ങളും നിങ്ങളെപ്പോലെതന്നെ, നിങ്ങളും ഞങ്ങളെപ്പോലെതന്നെ എന്ന് പ്രഖ്യാപിച്ചു, ബൈക്കർമാരായ മീശക്കാരും പിള്ളേരുമെല്ലാം മുസ്ലിം പള്ളികൾക്ക് കാവൽ നിന്നു. ഒരു നാട് ഒരുമിച്ച് നിന്ന് വലിയൊരു മുറിവുണക്കി. ഹിജാബിൻ്റെ മനോഹരമായ ഒരു രാഷ്ട്രീയപ്രയോഗം.

അതുകൊണ്ട്, നമുക്ക് വസ്ത്രങ്ങളെക്കുറിച്ച് സംസാരിക്കാം. കഴിഞ്ഞ മാസം കർണ്ണാടകയിലെ ഉടുപ്പിയിൽ ആറു വിദ്യാർഥികളെ, മതവിശ്വാസത്തിൻ്റെ ഭാഗമായി അവർ ഹിജാബ് ധരിക്കുന്നു എന്ന കാരണത്താൽ കോളജിൽ കയറുന്നതിൽ നിന്നും തടഞ്ഞിരുന്നു. മറ്റ് ചിലയിടങ്ങളിലേയ്ക്കും അത് പകർന്ന് പടർന്നു. ഹിന്ദുത്വവർഗ്ഗീയവാദികൾ സംഘം ചേർന്ന് ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ തടയുന്നത് കണ്ട് സാമാന്യബുദ്ധിയുള്ള ലോകം മൂക്കത്ത് വിരൽ വച്ചു. ഇഷ്ടവേഷം, വിശ്വാസത്തിൻ്റെ ഭാഗമായി തല മറയ്ക്കാനുള്ള തുണി ധരിക്കാനുള്ള മൗലികമായ അവകാശം സ്ഥാപിച്ചുകിട്ടാൻ ഒരു വിദ്യാർത്ഥി കർണ്ണാടക ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ചന്ദനക്കുറികളും ഗോപിക്കുറികളും ചരടുകളും രുദ്രാക്ഷങ്ങളും ഏലസ്സുകളും തകിടുകളും പൂണൂലുമെല്ലാം സ്വാഭാവികതയാകുന്ന സ്ഥലങ്ങളിൽ ഹിജാബിനു മാത്രം വരുന്ന വിലക്കുകൾ എന്തുകൊണ്ടാകാം? കോടതിയിൽ അതിൻ്റെ വാദങ്ങൾ ഇനിയുണ്ടാകും. യൂണിഫോം എന്ന വിഷയവുമായി ബന്ധപ്പെട്ട് മുൻപും കോടതി വ്യവഹാരങ്ങൾ ഉണ്ടായിട്ടുണ്ടാകാം, അതിൻ്റെ പിൻപറ്റിയാകാം ഇനിയുള്ള തീരുമാനങ്ങൾ. എന്നാൽ കർണ്ണാടക ഗവണ്മെൻ്റ് പറയുന്നത് വിധി വരുന്നതുവരെ ഹിജാബ് ധരിക്കേണ്ടെന്നാണ്, ധരിച്ചവർക്ക് വിദ്യാലയങ്ങളിലേക്ക് പ്രവേശനമില്ലായെന്നാണ്. അതായത് വിധിവരുന്നതു വരെ സ്കൂൾ കമ്മിറ്റികൾ പറയുന്ന യൂണിഫോം മതിയെന്നാണ്.  കർണ്ണാടക ഊർജ്ജമന്ത്രി പറയുന്നത് അതിനുമപ്പുറമാണ്- ഉഡുപ്പിയെ മറ്റൊരു താലിബാനാക്കാൻ അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾ നിലവിലെ നിയമം കൃത്യമായി പാലിച്ച് പഠിക്കാൻ വന്നാൽ മതിയെന്നുമാണ് അയാൾ പറയുന്നത്. അയാൾക്ക് വിഡ്ഢിത്തം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കാം. എന്നാൽ ഏത് നിയമത്തിൻ്റെ കാര്യമാണ് സർക്കാരും ഈ മന്ത്രിയും പറയുന്നത് എന്ന കാര്യത്തിൽ സംശയമുണ്ട്. ഈ രാജ്യത്തെ ഏറ്റവും വലിയ നിയമം ഭരണഘടനയാണ്. ആ ഭരണഘടന ഏതായാലും ഈ സർക്കാരോ മന്ത്രിയോ പറയുന്നതല്ല പറയുന്നത്.

യൂണിഫോം അല്ലാത്ത ഒരു കേസ് പരിശോധിച്ചുനോക്കാം. ദേശീയഗാനഭക്തിയായിരുന്നു വിഷയം. സൗകര്യത്തിനായി അഡ്വ അഷ്കർ ഖാദർ അതുമായി ബന്ധപ്പെട്ട് നവമലയാളിയിൽ മുൻപ് എഴുതിയ ഒരു ലേഖനത്തിൽ നിന്നും അതിൻ്റെ പ്രസക്ത ഭാഗങ്ങൾ എടുത്തെഴുതട്ടെ.

‘ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ മനുഷ്യൻ നിർമ്മിക്കരുതെന്നും അവയ്ക്കു മുമ്പിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുതെന്നും’ ബൈബിൾ വിലക്കുന്നതിനാൽ ‘യഹോവയുടെ സാക്ഷികളാ’യ ക്രിസ്തുമതവിശ്വാസികൾ  ലോകത്തൊരിടത്തും ദേശീയഗാനമാലപിക്കുകയോ ദേശീയപതാകയെ അഭിവാദനം ചെയ്യുകയോ ഇല്ല. അമേരിക്കൻ സുപ്രീം കോടതി, ആസ്‌ത്രേലിയൻ ഹൈക്കോടതി എന്നിങ്ങനെ പല വിദേശനീതിപീഠങ്ങളിലും ഈ വിഷയം പരിഗണനയ്ക്കു വന്നിട്ടുള്ളതും ആ വിധിന്യായങ്ങൾ അഭിപ്രായസ്വാതന്ത്യം സംബന്ധിച്ച വിഷയങ്ങളിൽ സുപ്രീം കോടതിയുൾപ്പടെയുള്ള ഇന്ത്യൻ നീതിന്യായ കോടതികൾ പരിഗണിച്ചിട്ടുള്ളതുമാണ്.

1986-ൽ, കേരളത്തിലെ ഒരു സ്‌കൂൾ അസംബ്ലിയിൽ ദേശീയഗാനാലാപനത്തോടൊപ്പം കൂടെപ്പാടാതെ വിട്ടുനിന്ന ബിജോയ് ഇമ്മാനുവൽ, ബിനുമോൾ, ബിന്ദു ഇമ്മാനുവൽ എന്നിങ്ങനെ യഹോവയുടെ സാക്ഷികളായ മൂന്നു വിദ്യാർത്ഥികളെ ദേശീയഗാനത്തോടു അനാദരവു കാണിച്ചുവെന്നും ദേശീയഗാനാലാപനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ 1970 ഫെബ്രുവരിയിൽ പുറത്തിറക്കിയ സർക്കുലർ ലംഘിച്ചുവെന്നും ആരോപിച്ചുകൊണ്ട് സ്‌കൂളിൽ നിന്നും പുറത്താക്കി. ദേശീയഗാനമാലപിക്കുമ്പോൾ ആദരസൂചകമായി എഴുന്നേറ്റു നിന്നിരുന്നെങ്കിലും വിശ്വാസത്തിന്റെ ഭാഗമായി കൂടെ പാടുന്നതിൽ നിന്നും അവർ വിട്ടു നിന്നു. സ്‌കൂളിൽ നിന്നും പുറത്താക്കിയ നടപടി കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ദേശീയഗാനത്തിലെ ഓരോ വരികളും വാക്കുകളും  അപഗ്രഥിച്ച് മതവിശ്വാസത്തെ ഹനിക്കുന്ന യാതൊന്നും അതിലില്ലെന്നു നിരീക്ഷിച്ച ഹെക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി ശരിവെച്ചു. വിധിക്കെതിരെ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു.

ദേശീയഗാനമാലപിക്കപ്പെടുമ്പോൾ എഴുന്നേറ്റുനിൽക്കുകയും എന്നാൽ കൂടെ പാടാതിരിക്കുകയും ചെയ്യുന്ന നടപടി ദേശീയഗാനാലാപനത്തെ തടയുകയോ ആലാപനത്തിലേർപ്പെട്ടിരിക്കുന്ന സദസ്സിനെ ശല്യപ്പെടുത്തുന്നതോ അല്ലെന്നും ആയതുകൊണ്ടു തന്നെ നിലവിലുള്ള നിയമമായ നാഷണൽ ഓണർ ആക്ട് പ്രകാരം അതു ശിക്ഷാർഹമായ ഒരു കുറ്റമല്ലെന്നു സുപ്രീം കോടതി വിധിച്ചു. ഏതെങ്കിലും ഒരു നിയമത്തിന്റെ പിന്തുണയില്ലാതെ വകുപ്പുതല നിർദ്ദേശമായ സർക്കുലർ കൊണ്ട് ഭരണഘടനയുടെ 19-ആം അനുച്ഛേദം പൗരന്മാർക്ക് നൽകുന്ന ആശയാവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കാവുന്നതല്ല എന്നും കോടതി വിലയിരുത്തി. അനുച്ഛേദം 19 പ്രകാരമുള്ള ആശയാവിഷ്‌കാര സ്വാതന്ത്ര്യവും 25 പ്രകാരമുള്ള മതസ്വാതന്ത്ര്യവും വ്യഖ്യാനിച്ചുകൊണ്ട് വിദ്യാർത്ഥികളെ സ്‌കൂളിൽ പുനഃപ്രവേശിക്കാൻ കോടതി ഉത്തരവിട്ടു.  അമേരിക്കൻ സുപ്രീം കോടതിയുടെയും ആസ്‌ട്രേലിയൻ ഹൈക്കോടതിയുടെയും വിധികൾ നിർദ്ധാരണം ചെയ്തുകൊണ്ട് ജസ്റ്റിസ് ഒ. ചിന്നപ്പറെഡ്ഡിയും, ജസ്റ്റിസ് ദത്തുവും ചേർന്നു പുറപ്പെടുവിച്ച വിധിന്യായം ഉപസംഹരിക്കുന്നതിങ്ങനെയാണ്. ‘നമ്മുടെ പാരമ്പര്യം പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്, നമ്മുടെ ദർശനങ്ങളും സഹിഷ്ണുത പഠിപ്പിക്കുന്നു, നമ്മുടെ ഭരണഘടന സഹിഷ്ണുത പരിശീലിക്കുന്നു, നമുക്ക് അതിൽ വെള്ളം ചേർക്കാതിരിക്കാം.‘(Bijoe Emmanuel & oths v. State of Kerala 1986 (3) SCC 615)

ഇതിൽ പ്രധാനമായ കാര്യം ഇതാണ് – ഏതെങ്കിലും ഒരു നിയമത്തിന്റെ പിന്തുണയില്ലാതെ വകുപ്പുതല നിർദ്ദേശമായ സർക്കുലർ കൊണ്ട് ഭരണഘടനയുടെ 19-ആം അനുച്ഛേദം പൗരന്മാർക്ക് നൽകുന്ന ആശയാവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കാവുന്നതല്ല. മറ്റൊന്ന് – മറ്റുള്ളവർ ചെയ്യുന്ന ഒരു കാര്യം ചെയ്യുന്നില്ലായെന്നതുകൊണ്ട് മറ്റുള്ളവർ ആ പ്രവൃത്തിയിലേർപ്പെടുന്നതിൽ നിന്നും തടയുന്നുവെന്നോ ആ പ്രവൃത്തിയെ ശല്യപ്പെടുത്തുന്നുവെന്നോ അർത്ഥമില്ല. രണ്ടാമത് പറഞ്ഞതിൻ്റെ ചുരുക്കം ഇതാണ് – നിങ്ങൾക്കൊരു ചേതവുമില്ലാത്ത ഒരു കാര്യം ചെയ്യുന്നതിൽ നിന്നും ഒരാളെ, അതൊരാളുടെ ഭരണഘടനാപരമായ മൗലിക അവകാശങ്ങളായിരിക്കെ, തടയാൻ ഭരണഘടന അനുവദിക്കുന്നില്ല. ഹിജാബ് അത്തരത്തിലൊരു വിഷയമാണ്. ഫെബ്രുവരി അഞ്ചിനു കർണ്ണാടക സർക്കാർ ഇറക്കിയ ഒരു വകുപ്പുതല ഓർഡർ കൊണ്ട് ഭരണഘടനയെ ഒളിപ്പിക്കാൻ പറ്റില്ല.

ഇതെല്ലാം എഴുതാൻ ഇപ്പോൾ നിമിത്തമായത്  ഹിന്ദുത്വവാദികളായ ഒരു തെമ്മാടിക്കൂട്ടത്തിനു നടുവിലകപ്പെട്ട് പോയ ഒരു പെൺകുട്ടിയുടെ ധീരമായ അതിജീവനത്തിൻ്റെ കാഴ്ചയാണ്. ഹിജാബ് ധരിക്കണ്ടായെന്ന് അവളോട് പറയുന്നത് യൂണിഫോമിനോടുള്ള പ്രതിപത്തി കൊണ്ടല്ലായെന്ന് ഏവർക്കുമറിയാം. അത് കർണ്ണാടകയും ഇന്ത്യയും കടന്നുപോകുന്ന ഒരു നശിച്ച സാമൂഹ്യരാഷ്ട്രീയകാലാവസ്ഥയുടേതാണ്. അവളോട് ഹിജാബ് ധരിക്കേണ്ടയെന്ന് പറയുന്നത് അവൾ അത്രയൊന്നും വിശ്വസിക്കണ്ടായെന്നതിൻ്റെ കടുപ്പം കുറഞ്ഞ ഒരു നിറമാണ്. അത്ര വിശ്വാസമൊന്നും വേണ്ടായെന്നത് വിശ്വാസമേ വേണ്ടയെന്ന അതേ നിറത്തിൻ്റെ തന്നെ കടുപ്പം കുറഞ്ഞൊരു പ്രകാരഭേദം മാത്രവും. ആ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഞങ്ങൾ നിൽക്കുന്നിടത്തേക്ക് വരേണ്ട എന്ന് ആ തെമ്മാടിക്കൂട്ടം പറയുമ്പോൾ എന്തിനെയാണോ ആത്യന്തികമായി അവർ എതിർക്കുന്നത് അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്, അവളുടെ ധൈര്യമെല്ലം ഉറവായി ഉറകൂടി വന്ന ശബ്ദമാണ് അവൾ മുദ്രാവാക്യമാക്കുന്നത് – അല്ലാഹു അക്ബർ. അത് ചെറുത്തുനിൽപ്പിൻ്റെ പാട്ടുപോലെ തോന്നി.  വിക്ടർ ഹാറയെ ഓർക്കുകയാണ്. ഫാസിസ്റ്റുകൾ ഹാരയെ മർദ്ദിച്ച് അവശനാക്കിയിട്ട് വിരലുകളൊക്കെ കൊത്തിയെടുത്തത് ഹാര പിന്നെ പാടാതിരിക്കാനാണ്. ഇനി നീ പാടുമോ, പാടാൻ ധൈര്യപ്പെടുമോ എന്നതാണ് ചോദ്യം. ആ കമ്മ്യൂണിസ്റ്റുകാരൻ പിന്നെയും പാടി – “ബോംബുകളെക്കാളും ബുള്ളറ്റുകളെക്കാളും ശക്തിയിൽ അയെന്ദെയുടെ രക്തം മിടിക്കുകയാണ്, ഞങ്ങളുടെ മുഷ്ടികൾ ഇനിയും ഉയരും!“

ജയ് ശ്രീറാം എന്ന വാക്കുകൾ  ഭക്തിയിൽ നിന്നും അടർത്തി മാറ്റി കൊല്ലിൻ്റെ മുദ്രാവാക്യമാക്കി ഉപയോഗിച്ചിട്ടുള്ളവരാണ് ഹിന്ദുത്വവർഗ്ഗീയവാദികൾ. വേഷമെന്ന, സമാധാനപരമായി, ഒരു നിയമപ്രശ്നമായി കൈകാര്യം ചെയ്യേണ്ട ഒരു കാര്യം അക്രമപരമായ മാർഗ്ഗത്തിലേക്ക് നീക്കിയ അത്തരത്തിലുള്ള ഒരു കൂട്ടത്തോട് ശരി നിങ്ങൾക്ക് ഞാൻ കീഴടങ്ങുന്നു എന്നൊരു പെൺകുട്ടി പറയണമായിരുന്നെന്ന് കരുതണോ? ജസിന്തയുടെ വഴി ഇന്ത്യയ്ക്കും സ്വീകരിക്കാവുന്നതേയുള്ളൂ. സംഘപരിവാറോ, ഹിന്ദുത്വവർഗ്ഗീയതയോ അല്ല ഇന്ത്യ, ഇന്ത്യയെന്നാൽ പൊളിറ്റിക്കൽ ഇസ്ലാമുമല്ല. ഇന്ത്യയെന്നാൽ ബഹുസ്വരതയാണ്. ദേശീയഗാനഭക്തി വഴിയുള്ള അമിതദേശീയതാശ്രമങ്ങൾക്കു നേരെ പുരോഗമനവാദികൾക്കും മുൻപേ പരിച പിടിക്കുന്ന യഹോവസാക്ഷികളും, രാജ്യദ്രോഹമെന്ന വാക്ക് ഭരണഘടനയിലുണ്ടാകരുതെന്ന് വാദിക്കുന്ന കെ എം മുൻഷി എന്ന ഹിന്ദുത്വരാഷ്ട്രീയക്കാരനുമൊക്കെ ചേരുന്ന  ബഹുസ്വരതയാണ് ഇന്ത്യ. ജസിന്തയെപ്പോലെ ഹിജാബ് ധരിക്കാനോ സാഷ ലോറെൻ്റിയെപ്പോലെ കഫിയ ധരിക്കാനോ ആ പെൺകുട്ടിക്കൊപ്പം അല്ലാഹു അക്ബർ എന്ന് പറയാനോ നമുക്ക് കഴിയേണ്ടതാണ്. സകലവർണ്ണസാധ്യതളുമെടുത്താലും ഹിന്ദുത്വവാദികൾ ഈ രാജ്യത്തിൻ്റെ മൂന്നിലൊന്നില്ല. എന്നാലും നമ്മളത് ചെയ്യില്ല, നമ്മളത്രയും വളർന്നു കാണില്ല. എങ്കിലും നോട്ട് ഇൻ മൈ നെയിം എന്ന് ഇന്ത്യയിലെ വലിയൊരു പക്ഷം മുൻപ് പറഞ്ഞിട്ടുണ്ട്. ഇനിയും പറയുമായിരിക്കും. ഭാവിയിലൊരുപക്ഷേ അവർ ജസിന്തയെപ്പോലെ ചെയ്യുമായിരിക്കാം, ഒറ്റയ്ക്കായിപോകുന്ന ഒരു പെൺകുട്ടിക്കൊപ്പം  അല്ലാഹു അക്ബർ എന്ന് വിളിക്കുമായിരിക്കാം. അല്ലാഹു അക്ബർ.

ഒറ്റയ്ക്ക് നിൽക്കുന്നൊരു പെണ്ണിൻ്റെ ശക്തി ഒരു ചിത്രത്തിൽ കാണണോ? അസ്സോസിയേറ്റഡ് പ്രസ്സിൻ്റെ Oded Balilty-ക്ക്  2007-ൽ പുലിറ്റ്സർ സമ്മാനം കിട്ടിയ ഒരു ചിത്രമുണ്ട് – Lone Jewish Woman- ഒന്ന് കണ്ടു നോക്കൂ, ഇഷ്ടപ്പെടും.

Comments

comments