എല്ലാ സാമൂഹ്യമര്യാദകളും ലംഘിക്കുന്ന വിധത്തില്‍ സാമുദായികമായി ചേരി തിരിഞ്ഞുകൊണ്ടുള്ള ഒരാഖ്യാന യുദ്ധത്തിലേക്ക് മലബാര്‍ കലാപചര്‍ച്ചകള്‍ വളരുന്ന സവിശേഷ സാഹചര്യം സംജാതമായിരിക്കുകയാണ്. ഈ വിവാദത്തിന് തിരികൊളുത്തുമ്പോള്‍ ഹിന്ദുത്വ വക്താക്കള്‍ സ്വപ്നം കണ്ടിരുന്നതും ഇതുതന്നെ ആയിരിക്കണം. സാമുദായികബോധം താരതമ്യേന ദുര്‍ബ്ബലമായ ഹിന്ദുസമുദായംഗങ്ങളില്‍ ഹിന്ദുവികാരമുണര്‍ത്തി ഹിന്ദുത്വരാഷ്ട്രീയത്തിന് പിന്നിലവരെ അണിനിരത്തുക എന്നതാണ് അജണ്ട. കേരളത്തിലെ സവിശേഷമായ ജനസംഖ്യാനുപാതം കൊണ്ടും സാക്ഷരതയിലൂടെ വളർന്ന ഉയര്‍ന്ന രാഷ്ട്രീയബോധം കൊണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട ഹിന്ദുത്വരാഷ്ട്രീയത്തിന് പുതിയ പ്രമേയങ്ങളിലൂടെ വേരുറപ്പിക്കാനാകുമോ എന്ന പരീക്ഷണമാണിവിടെ നടക്കുന്നത്. വിവാദം വീണു കിട്ടിയ അവസരമാക്കി കലാപത്തെ ഇസ്ലാമിക സ്വത്വബോധത്തില്‍ നിന്നുല്‍ഭുതമായ വിശുദ്ധയുദ്ധമാണെന്ന രീതിയിലുള്ള മതാത്മക വായനകള്‍ക്ക് രാഷ്ട്രീയ ഇസ്ലാമിന്‍റെ വക്താക്കളും ശ്രമിക്കുന്നു. രാഷ്ട്രീയ ഇസ്ലാമിന്‍റെ ഈ ആഖ്യാനങ്ങളില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് രാഷ്ട്രീയ സ്വയംസേവകരാവുന്നത് സ്വാഭാവികമാണല്ലോ. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ രണ്ട് കൂട്ടരുടെ വാദഗതികളോട് അക്കാദമികമായി പ്രതികരിച്ചിട്ടോ പ്രതിഷേധിച്ചത് കൊണ്ടോ അവരെ ഏതെങ്കിലും ബോധ്യത്തിലേക്ക് നയിക്കാനാവില്ലെന്ന് നാം തിരിച്ചറിയണം. കാരണം ഹോബ്സ്ബാം നിരീക്ഷിച്ചതുപോലെ വര്‍ഗ്ഗീയതയുടെ വക്താക്കള്‍ക്ക് ചരിത്രം എല്ലായ്പ്പോഴും പ്രധാന അസംസ്കൃതവസ്തുവാണ്. അവര്‍ക്കനുകൂലമായ ഒരു ചരിത്രം ഭൂതകാലത്തില്‍ കണ്ടെത്തുന്നില്ലെങ്കില്‍ അവര്‍ പുതിയ ചരിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കും. അനുകൂലമല്ലാത്ത ചരിത്രങ്ങള്‍ തമസ്കരിക്കുന്നതും ഈ വിഭാഗങ്ങളുടെ രീതിയാണ്.

ഒന്നാം താലിബാന്‍ ഭരണകാലത്ത് ബൌദ്ധ ഭൂതകാലത്തിന്‍റെ തിരുശേഷിപ്പുകളായിരുന്ന ബാമിയാന്‍ പ്രതിമകളെ താലിബാന്‍ തീവ്രവാദികള്‍ ബോംബ്‌ വെച്ച് തകര്‍ത്തത് അനുകൂലമല്ലാത്ത ഭൂതകാലത്തെ തമസ്കരിക്കുന്നതിന്‍റെ ഉദാഹരണമാണ്. പത്താം നൂറ്റാണ്ടിന്റെ മുൻപുള്ള അഥവാ മുഹമ്മദ് ഗസ്നിയുടെ ഇന്ത്യ ആക്രമണത്തിന് മുൻപുള്ള ചരിത്രം പാകിസ്ഥാനിലെ സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ നിന്നും നീക്കം ചെയ്തത് സിയാവുൽ ഹഖിന്റെ സൈനിക ഭരണകൂടമാണ്. ഹാരപ്പൻ നാഗരികത തൊട്ട് 5000 വർഷത്തെ നീണ്ട ചരിത്രമുള്ള പാകിസ്ഥാന്റെ ഭരണകൂടമാണ് തങ്ങളുടെ കുട്ടികൾ ഇസ്ലാമിന്റെ വരവിന് മുൻപുള്ള ആ നീണ്ട ചരിത്രം പഠിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ വര്‍ഗ്ഗീയ അജണ്ട ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെട്ടത് ഇന്ത്യയിലാണെന്ന് കാണാം. ഇന്ത്യയുടെ ചരിത്രം മാറ്റി എഴുതാനും ഹിതകരമല്ലാത്ത ചരിത്രത്തെ മായ്ച്ചുകളയാനുമായി 1960 കളില്‍ത്തന്നെ പി. എൻ. ഓക് എന്ന ഹിന്ദുത്വവക്താവ് Institute for Rewriting Indian History എന്ന സംഘടന രൂപീകരിക്കുന്നതും താജ്മഹല്‍ ഹിന്ദുക്ഷേത്രം (തേജോമഹാലയം) ആണെന്ന് സ്ഥാപിച്ചുകിട്ടാന്‍ ഒരു പുരുഷായുസ് നീണ്ട നിയമ പോരാട്ടം നടത്തിയതും ഇവിടെ ഓര്‍മ്മിക്കേണ്ടതാണ്. ക്രിസ്ത്യാനിറ്റിയെ കൃഷ്ണനീതിയായും ഖുത്തബ്മിനാറിനെ വിഷ്ണുസ്തംഭമായും വക്രവായന നടത്തിയതും ഇദ്ദേഹമാണ്. ഒന്നാം മോഡി ഭരണത്തിന്‍റെ അവസാനകാലത്ത് കെ. എൻ. ദീക്ഷിത് അദ്ധ്യക്ഷനായി ഒരെട്ടംഗസംഘത്തെ ഇന്ത്യചരിത്രത്തെ ഹിന്ദുത്വത്തിനനുകൂലമായി പുതുക്കി എഴുതാന്‍ നിയോഗിക്കപ്പെട്ട കാര്യവും സ്മരണീയമാണ്. കഴിഞ്ഞ നവംബറില്‍ ഇറങ്ങിയ ഓര്‍ഗനൈസര്‍ (RSS ന്‍റെ മുഖപത്രം) മലബാര്‍ കലാപം സ്പെഷല്‍ പതിപ്പ് ഇറക്കിയതും കൃത്യമായ ആസൂത്രണത്തിന്‍റെ ഭാഗമായിരുന്നു. കലാപകാലത്ത് മാപ്പിളമാര്‍ ചിന്തിയ ഹൈന്ദവ ചോരയുടെ നിറം പിടിപ്പിച്ച കഥകളാണ് ഈ പതിപ്പില്‍ ഉടനീളം. ദേശരാഷ്ട്രത്തിന്‍റെ ഒരു ചെറിയ മൂലയില്‍ നടന്ന ഈ സംഭവത്തെ ദേശീയാടിസ്ഥാനത്തില്‍ ചര്‍ച്ച ആക്കാനാണ് ഇതിലൂടെ ആർ എസ് എസ് ശ്രമിക്കുന്നത്. കലാപചരിത്രത്തെ വികലമാക്കാനും മഹത്വവല്‍ക്കരിക്കാനും ഉള്ള ഇസ്ലാമിസ്റ്റുകളുടേയും ഇടതുപക്ഷക്കാരുടേയും ശ്രമങ്ങള്‍ക്ക് പിന്നില്‍ നിഗൂഡലക്ഷ്യങ്ങളാണെന്നും, അതുകൊണ്ട് തന്നെ ഖിലാഫത്ത് പ്രസ്ഥാനകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളും അതിന്‍റെ പിന്നിലെ പ്രേരണയും നമ്മള്‍ മറക്കാന്‍ പാടില്ലെന്നും മുഖലേഖനത്തിൽ പറയുന്നു. J.നന്ദകുമാറിന്റെ ലേഖനത്തില്‍ സംഘിചരിത്രങ്ങളിലെ സ്ഥിരം ഫോര്‍മുലകള്‍ വേണ്ടതിലധികം ഉപയോഗിക്കുന്നു. അറബികള്‍ക്ക് വെപ്പാട്ടികളെ അയയ്ച്ചുകൊടുക്കലായിരുന്നു കലാപനേതാവ് വാരിയംകുന്നത്തിന്‍റെ പ്രധാന ജോലിയെന്നും അദ്ദേഹം സ്ഥാപിച്ച Al Daula (അറബിയിൽ രാജ്യം എന്ന അർത്ഥം മാത്രമേ ഉള്ളൂ)എന്ന ഇസ്ലാമിക രാജ്യത്തില്‍ ജസിയ നടപ്പിലാക്കിയതായും പറയുന്നുണ്ട്. ഇങ്ങനെ ഇന്നുവരെ കേട്ടിട്ടില്ലാത്ത തരം നുണകള്‍ ലേഖനത്തില്‍ ഉടനീളം കാണാം. “മലബാറിലെ മരണക്കിണറുകൾ” എന്ന ലേഖനത്തിൽ കലാപകാലത്തു തുവ്വൂരിൽ നടന്നതായി പറയപ്പെടുന്ന കൂട്ടക്കൊലയുടെ രോഷജനകമായ കഥകളാണ്. ചുരുക്കത്തില്‍, മാപ്പിളമാരുടെ പൈശാചികതയെ സവിസ്തരം വിവരിച്ചുകൊണ്ട് തുവ്വൂരില്‍ കൂട്ടക്കൊല നടന്ന സെപ്തംബര്‍ 25 രാജ്യത്താകമാനം ഹിന്ദു വംശഹത്യ ദിനം (Hindu Genocide Day) ആയി ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് RSS മുഖപത്രം. “നമ്മുടെ പൂര്‍വ്വികര്‍ക്കെതിരെ മാപ്പിളമാര്‍ നടത്തിയ അക്രമത്തിന്‍റെ വ്യാപ്തിയും ആഴവും വര്‍ത്തമാനത്തിലും ഭാവിയിലും ഉള്ള തലമുറകള്‍ അറിയാനും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും ഈ ആചരണത്തിലൂടെ സാധിക്കും” എന്ന കുറിപ്പോടെയാണ് ലേഖനങ്ങള്‍ ഉപസംഹരിക്കുന്നത്. ഓര്‍മ്മിക്കേണ്ട ഒരു കാര്യം 1921ല്‍ തന്നെ അന്നത്തെ ആര്യസമാജ്, കലാപകാലത്തെ മാപ്പിള പൈശാചികതയെ കുറിച്ചുള്ള വിവരണങ്ങളുമായി മീററ്റില്‍ നിന്നും ധാരാളം ഹിന്ദി ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറിയില്‍ “നിരോധിക്കപ്പെട്ട സാഹിത്യങ്ങള്‍” എന്ന ഗണത്തില്‍ സൂക്ഷിച്ചിട്ടുള്ള ഇത്തരം ലഘുലേഖകള്‍ ഈ ലേഖകന് കാണാന്‍ ഇടവന്നിട്ടുണ്ട്. ‘പജീതെ കെ ഗോള്‍ ഗപ്പ’ (തര്‍ക്കത്തിന്‍റെ കാരണം), ‘മലബാര്‍ കാ ദൃശ്യ’ (മലബാറിലെ ദൃശ്യങ്ങൾ), ‘മലബാര്‍ ഔര്‍ ആര്യസമാജ്’ (മലബാറും ആര്യസമാജവും) തുടങ്ങിയ തലക്കെട്ടുകളോടെ ഉള്ള ഈ ആഖ്യാനങ്ങളാണ് ഇന്നത്തെ ഹിന്ദുത്വ സംഘടനകളുടെ പൂര്‍വ്വരൂപമായ ഹിന്ദുമഹാസഭയേയും ആര്യസമാജത്തേയും മലബാറിന്‍റെ മണ്ണിലേക്ക് ആകര്‍ഷിച്ചതും ഹിന്ദുസമുദായ നിര്‍മ്മിതിക്ക് തുടക്കം കുറിച്ചതും. മലബാര്‍ കലാപത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ഹിന്ദുത്വ ശ്രമങ്ങള്‍ക്ക് കലാപത്തോളം തന്നെ പഴക്കമുണ്ട് എന്ന് കാണാം. 1922ല്‍ ഹിന്ദുമഹാസഭ നേതാവ് Dr. ബി. എസ്. മൂഞ്ചെ കലാപത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഏത്കാലത്തേക്കും ഉള്ള ഹിന്ദുത്വ സംഘടനകളുടെ മാഗ്ന കാര്‍ട്ടയായി മാറിയത്. 1922 ലെ ആ റിപ്പോർട്ടിന്റെ ആമുഖത്തിൽ മൂഞ്ചേ വളച്ചു കെട്ടില്ലാതെ പറയുന്നത് ഇന്ത്യയിലെ ഹിന്ദുക്കൾ മാപ്പിള കലാപകാരികളോട് കടപ്പെട്ടിരിക്കുന്നു എന്നാണ്. കലാപമാണ് ഹിന്ദുക്കളുടെ കണ്ണ് തുറക്കാൻ കാരണമായത്. വിസ്താരഭയത്താല്‍ ആ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ഇവിടെ വിശദീകരിക്കുന്നില്ല.

കലാപത്തെ കുറിച്ചുള്ള ഹിന്ദുത്വ ആഖ്യാനങ്ങളിലെ പ്രധാന വാദഗതികള്‍ നമുക്ക് പരിശോധിക്കാം. കലാപം സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗം ആയിരുന്നില്ലെന്നും അത് ബ്രിട്ടീഷുകാരുടെ വരവോടെ നഷ്ടപ്പെട്ട ഇസ്ലാമിക ഭരണം പുനസ്ഥാപിക്കാനുള്ള മാപ്പിളമാരുടെ ഉദ്യമം ആയിരുന്നു എന്ന് ഗോള്‍വാള്‍ക്കര്‍ 1922ല്‍ തന്നെ പറഞ്ഞുവെക്കുന്നുണ്ട്. അന്ന് കലാപം ഒരു ഹിന്ദു-മുസ്ലിം ലഹള മാത്രമായി ചിത്രീകരിച്ചെങ്കില്‍ ഇന്ന് ഒരു പടി കടന്ന് അതൊരു ഹിന്ദുവംശഹത്യയായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. വാരിയന്‍കുന്നത്തിനെ കൊള്ളത്തലവനും എല്ലാ തിന്മകളുടേയും വിളനിലമായും അടയാളപ്പെടുത്തുന്നു. ബ്രിട്ടീഷുകാര്‍ സമയോചിതമായി അടിച്ചമര്‍ത്തിയില്ലാരുന്നു എങ്കില്‍ ഇന്ന് കാശ്മീര്‍ എന്നപോലെ മലബാര്‍ ഒരു മാപ്പിള രാജ്യമായി മാറിയേനെ എന്നും സൂചിപ്പിക്കുന്നുണ്ട്.

ഈ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് അവര്‍ ആശ്രയിക്കുന്നത് അക്കാദമിക ഗ്രന്ഥങ്ങളെയല്ല, മറിച്ച്, കലാപത്തെ അടിച്ചമര്‍ത്താന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ആർ. എച്ച്. ഹിച്ച്കോക്ക് എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ The History of the Malabar Rebellion എന്ന ഔദ്യോകിക പ്രസിദ്ധീകരണത്തെയാണ്‌. 1924ല്‍ മദ്രാസ് ഗവണ്മെന്റിന്‍റെ ഉത്തരവനുസരിച്ച് എഴുതപ്പെട്ടതാണിത്. വാഗണ്‍ ദുരന്തം അടക്കമുള്ള ബ്രിട്ടീഷ് നടപടികളിലൂടെ ആഗോളതലത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ മാറ്റി എടുക്കാനും ബ്രിട്ടീഷുകാര്‍ മലബാറില്‍ നടത്തിയ കിരാതമായ സൈനികാതിക്രമങ്ങളെ സാധൂകരിക്കാനും ആയി തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം. ആനുഷംഗികമായി പറയട്ടെ ഹോം സെക്രട്ടറി തയ്യാറാക്കി ഇംഗ്ലണ്ടിലേക്ക് അയച്ച കലാപ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അന്ന് ബ്രിട്ടീഷ് കൗൺസിൽ മന്ത്രിയായിരുന്ന അംബേദ്കർ തന്‍റെ കലാപാഖ്യാനം നടത്തിയത്. അംബേദ്കറിന്റെ ഈ നിരീക്ഷണം ആണ് ഹിന്ദുത്വയുടെ മറ്റൊരു സ്രോതസ്സ്. മെക്കാളെയുടെ സന്തതികളാണ് ഇന്ത്യാചരിത്രം എഴുതിയിട്ടുള്ള അക്കാദമിക ചരിത്രകാരന്മാര്‍ എന്ന് വിമര്‍ശിക്കുന്ന ഹിന്ദുത്വ വക്താക്കള്‍ തന്നെ മെക്കാളേയുടെ സന്തതിയായ ഹിച്കോക്കിനെ ആശ്രയിക്കുന്നത് കൌതുകകരമാണ്.

നിഷ്കൃഷ്ടമായ അപഗ്രഥനത്തിന് വിധേയമാക്കപ്പെട്ട ചരിത്രസംഭവം ആണ് മലബാര്‍ കലാപം. കലാപത്തില്‍ പങ്കാളികള്‍ ആയ ധാരാളം കോണ്‍ഗ്രസ് നേതാക്കളുടെ കലാപസ്മരണകള്‍ നമുക്ക് മുന്‍പിലുണ്ട്. അതുപോലെ, കോണ്‍റാഡ് വുഡ്, സ്റ്റീഫന്‍ ഡെയ്ല്‍, കെ. എൻ. പണിക്കര്‍, എം. ഗംഗാധരന്‍, കെ. കെ. എൻ. കുറുപ്പ്, ഷംഷാദ് ഹുസൈന്‍, ഡി. എൻ. ധനഗാരെ, കാതലീന്‍ ഗൌ, കെ. ടി. ജലീല്‍ തുടങ്ങി അനേകം അക്കാദമിക ചരിത്രകാരന്മാരുടെ പഠനങ്ങള്‍ കലാപത്തെ കുറിച്ചുണ്ട്. ഇത്തരത്തില്‍ ഉള്ള ഏതെങ്കിലും ഒരു പഠനം കലാപം ഒരു ഹിന്ദു-മുസ്ലിം ലഹള ആയിരുന്നുവെന്ന് സമർത്ഥിക്കുന്നില്ല. സ്റ്റീഫൻ ഡെയ്ൽ ഒഴിച്ച് എല്ലാവരും അതിനെ ജന്മിവിരുദ്ധ-അധിനിവേശവിരുദ്ധ കലാപം ആയി തന്നെയാണ് അടയാളപ്പെടുത്തുന്നത്. ഡെയ്‌ൽ വ്യത്യസ്തമായ വാദം മുന്നോട്ട് വെക്കുന്നുണ്ട്. കലാപത്തിന്‍റെ വേരുകള്‍ 15-ɔo നൂറ്റാണ്ടിലെ പോര്‍ട്ടുഗീസ്‌ കാലത്തേക്ക് നീളുന്നതാണ് എന്നും പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ നടത്തിയ സമരത്തിലൂടെ മാപ്പിളമാര്‍ സൈനികവല്‍ക്കരിക്കപ്പെട്ടെന്നും ആ രണോല്‍സുകതയാണ് പിന്നീട് ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും എതിരായ കലാപത്തിന്, അല്ലെങ്കില്‍ ആഭ്യന്തരവും വൈദേശികവും ആയ ശത്രുക്കള്‍ക്ക് എതിരെ, പോരാടാന്‍ മാപ്പിളമാരെ പ്രാപ്തരാക്കിയത് എന്നും ഡെയ്‌ൽ വാദിക്കുന്നത്. ഈ വാദത്തിലെ ചരിത്ര വിരുദ്ധത വിശദമായി ഡേവിഡ് ആര്‍നോള്‍ഡ് ഉം കെ. എൻ. പണിക്കരും സമർത്ഥിച്ചിട്ടുണ്ട്. അപ്പോഴും അതിനെ വെറുമൊരു ഹിന്ദു-മുസ്ലിം കലാപമായി ഡെയ്‌ൽ ന്യൂനീകരിക്കുന്നില്ല.

കലാപത്തെ കുറിച്ചുള്ള നിലവിലുള്ള അക്കാദമിക പാണ്ഡിത്യം ഇതാണെന്നിരിക്കെ രാജ്യത്ത് വസ്തുനിഷ്ഠ ശാസ്ത്രീയ ചരിത്രം പോഷിപ്പിക്കാന്‍ രൂപീകരിച്ച ICHR എന്ത് യുക്തിയുടെ പുറത്താണ് നിഘണ്ടുവില്‍ നിന്ന് മാപ്പിള പോരാളികളുടെ പേര് നീക്കംചെയ്തത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ക്രിസ്റ്റഫർ ജാഫർലോട്ട് നിരീക്ഷിച്ച പോലെ മോഡിയുടെ കീഴില്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭൂരിപക്ഷ ഹിന്ദുവിനെ ഹിന്ദുത്വ രാഷ്ട്രീയത്തോട് ചേര്‍ത്തു നിര്‍ത്താന്‍ ആഭ്യന്തര ശത്രുക്കളായ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും എതിരെ ഹിന്ദു വികാരം ഉണര്‍ത്തേണ്ടത് അനിവാര്യമാണ്. ഭരണകൂടങ്ങള്‍ അവരുടെ അധീശത്വം നിലനിര്‍ത്താന്‍ പട്ടാളം, പോലീസ് പോലെയുള്ള മര്‍ദ്ദനോപകരണങ്ങള്‍ (repressive state apparatus) മാത്രമല്ല, പ്രത്യയശാസ്ത്ര ഭരണകൂട സ്ഥാപനങ്ങളേയും (ideological state apparatus) ഫലപ്രദമായി ഉപയോഗിക്കും (അൽത്തൂസർ). ICHR പോലുള്ള പ്രത്യയശാസ്ത്ര സ്ഥാപനങ്ങള്‍ ഈ വിധം ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടിട്ട് നാളുകള്‍ ഏറെയായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ICHR ചെയര്‍മാന്‍മാരും അംഗങ്ങളുമെല്ലാം ഹിന്ദുത്വ സംഘടനകളുടെ ഭാരവാഹികള്‍ ആയിട്ടുള്ളവര്‍ ആണെന്ന് കാണാന്‍ സാധിക്കും. ഇപ്പോള്‍ നിഘണ്ടുവില്‍ നിന്ന് കലാപ നേതാക്കളെ നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്ത സമിതി അംഗങ്ങളൊക്കെ വിചാരകേന്ദ്രം പോലുള്ള ഹിന്ദുത്വ സംഘടനകളില്‍ ഭാരവാഹികള്‍ ആണെന്ന് കാണാന്‍ പ്രയാസമില്ല. ഇത് തെളിയിക്കുന്നത് ഒരു കാലത്ത് വിഖ്യാതരായ ഇര്‍ഫാന്‍ ഹബീബ്, എം. ജി. എസ്. നാരായണന്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ ഇരുന്ന കസേരകളില്‍ അവരുടെ നിഴല്‍ പോലും ആകാന്‍ യോഗ്യത ഇല്ലാത്തവരെ ആണ് കുടിയിരുത്തിയിരിക്കുന്നത്. ഇവരൊക്കെ ചരിത്ര ഗവേഷണ മേഖലയില്‍ എന്തെങ്കിലും സംഭാവന ചെയ്തതായി ചരിത്ര വിദ്യാര്‍ഥികള്‍ക്ക് അറിയില്ല. ഇവരെപോലെ ഉള്ളവരാണ് കെ. എൻ.പണിക്കര്‍, കോണ്‍റാഡ് വുഡ്, എം. ഗംഗാധരന്‍ തുടങ്ങി അനേകം ചരിത്രകാരന്മാര്‍ അപഗ്രഥനം ചെയ്ത ഒരു ചരിത്രസംഭവത്തെ കുറിച്ച് പുതിയ ചരിത്ര പാഠങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നത്. നീക്കം ചെയ്തതിന് കാരണമായി ICHR പ്രതിനിധി പറഞ്ഞത് കുഞ്ഞഹമ്മദ്ഹാജിയെ പോലുള്ളവര്‍ ബ്രിട്ടീഷ് രേഖകളില്‍ കൊള്ളക്കാര്‍ ആയിട്ടാണ് കാണുന്നത് എന്നാണു. ഗാന്ധിജി അടക്കമുള്ള ഇന്ത്യന്‍ സമരനേതാക്കളെ കുറിച്ച് ബ്രിട്ടീഷ് രേഖകളില്‍ നിന്ന് മറിച്ച് എന്ത് ചിത്രീകരണം ആണ് ഇവര്‍ പ്രതീക്ഷിക്കുന്നത്? എല്ലാ ജനകീയസമരങ്ങളെ കുറിച്ചും രണ്ടു വിരുദ്ധ കാഴ്ചപ്പാടുകള്‍ നമുക്ക് കാണാന്‍ സാധിക്കും. സമരത്തില്‍ പങ്കാളികള്‍ ആവുന്നവരുടെ കാഴ്ചപ്പാട് ആയിരിക്കില്ലല്ലോ അതിനെ അടിച്ചമര്‍ത്തിയ ഭരണകൂട കാഴ്ചപ്പാട്. വാഗണ്‍ കൂട്ടക്കൊലയ്ക്ക് ഉത്തരവാദി വാഗണ്‍ നിര്‍മ്മിച്ച കോച്ച് നിര്‍മ്മാണ കമ്പനി ആണെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഭരണകൂടം കലാപരക്തസാക്ഷികളെ മാലാഖമാരെ പോലെ വിശുദ്ധര്‍ ആണെന്ന് രേഖപ്പെടുത്തണമെന്ന് ശഠിക്കുന്നത് വിസ്മയകരമാണ്.
എന്നാല്‍ കലാപകാരികളുടേതായി നമുക്ക് ലഭിച്ചിട്ടുള്ള സ്രോതസ്സുകള്‍ നമ്മോടു പറയുന്നത് വ്യത്യസ്തമായ ചിത്രമാണ്. ഒരു ഉദാഹരണം, 1921ല്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി എഴുതിയ കത്ത് ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കത്ത് സൂക്ഷ്മമായി വായിച്ചാല്‍ കലാപം നയിച്ചവരുടെ കാഴ്ചപ്പാട് കൃത്യമായി ലഭിക്കും. കുഞ്ഞഹമ്മദ്ഹാജി എഴുതുന്നു: “ഹിന്ദുക്കളെ എന്‍റെ ആള്‍ക്കാര്‍ നിര്‍ബ്ബന്ധമായി മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അസത്യമാണ്. അത്തരം മതപരിവര്‍ത്തനങ്ങള്‍ നടത്തിയത് സര്‍ക്കാര്‍ സംഘവും കലാപകാരികളായി വേഷം കെട്ടിയ മഫ്ട്ടിയില്‍ ഉള്ള റിസര്‍വ് പോലീസും ആണ്. ഇത് കൂടാതെ പട്ടാളത്തെ സഹായിക്കുകയും ഒളിച്ചിരിക്കുന്ന മാപ്പിളമാരെ പിടിച്ചുകൊടുക്കുകയും ചെയ്ത കുറച്ച് ഹിന്ദുക്കള്‍ക്ക് കടുത്ത ശിക്ഷ വിധിച്ചിട്ടുണ്ട്. കൂടാതെ ഈ കലാപത്തിന്റെ യഥാർത്ഥ കാരണക്കാരായ നമ്പൂതിരിമാർക്കും സമാനമായി ചില ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്……. ബ്രിട്ടീഷുകാർ ഹിന്ദുക്കളെ നിര്‍ബ്ബന്ധിത സൈനിക സേവനത്തിന് റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നു. അതിനാല്‍ നിരവധി ഹിന്ദുക്കള്‍ എന്റെ മലയില്‍ (പന്തല്ലൂര്‍) സംരക്ഷണം തേടിയിട്ടുണ്ട്……….. ഇത് എല്ലാവരും അറിയട്ടെ. മഹാത്മാഗാന്ധിയും മൌലാനയും അറിയട്ടെ.” (1921 ഒക്ടോബർ 7 ഹിന്ദു)

കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ആണ് മുകളില്‍ കൊടുത്തിട്ടുള്ളത്. നാളിതുവരെ കലാപ വിശകലനത്തിന് നാം ആശ്രയിച്ചത് കലാപം അടിച്ചമര്‍ത്തിയ അധിനിവേശ ഭരണകൂടത്തിന്‍റെ ഔദ്യോഗിക രേഖകള്‍ ആണ്. കലാപകാരികളുടെ പരിപേക്ഷ്യത്തില്‍ നിന്നും കലാപത്തെ നോക്കാന്‍ നാം മെനക്കെടാറില്ല. അത്തരം രേഖകളും വിരളമാണ്. ഈ കത്തില്‍ അടിവരയിട്ട ഭാഗം ശ്രദ്ധിച്ചാല്‍ കലാപം അടിസ്ഥാനപരമായി ഭൂവുടമകള്‍ ആയ ജന്മികള്‍ക്ക് എതിരായിട്ടാണ് എന്ന് കാണാം. അവരാണല്ലോ ഈ കലാപത്തിന് കാരണമായി കലാപനേതാവ് കണ്ടെത്തുന്നത്. ഒപ്പം ധാരാളം ഹിന്ദുക്കള്‍ അദ്ദേഹത്തിന്‍റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്നു എന്നും കാണാം. ഈ രണ്ട് വസ്തുതയും ഹിന്ദുവംശഹത്യ എന്ന ഹിന്ദുത്വ ആഖ്യാനത്തിന്‍റെ മുനയൊടിക്കും. ഒപ്പം കൂട്ടിച്ചേര്‍ക്കേണ്ടത് ഹൃസ്വകാലത്തേക്കെങ്കിലും കുഞ്ഞഹമ്മദ്ഹാജി സ്ഥാപിച്ച “മലയാളരാജ്യത്തിന്‍റെ” അധിപന്‍ ആയി അദ്ദേഹം അവകാശപ്പെട്ടത്, “ഞാന്‍ ഹിന്ദുക്കളുടെ രാജാവും മുസ്ലീങ്ങളുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലും ആണെന്നാണ്‌.” മരണത്തിന് മുന്‍പ് വിചാരണവേളയില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “ഖിലാഫത്ത് തുര്‍ക്കിയുടെ കാര്യമാണ്. ഞാന്‍ പോരാടിയതും നേടിയതും സ്വരാജ്യമാണ്.”


ഇത്തരം വസ്തുതകള്‍ ഉയര്‍ത്തി ഹിന്ദുത്വ ആഖ്യാനങ്ങളെ പ്രതിരോധിക്കാന്‍ ആവില്ല. കാരണം വസ്തുനിഷ്ഠ ചരിത്രത്തെ അവര്‍ മാനിക്കുന്നില്ല. കേന്ദ്രഭരണം നഷ്ടപ്പെട്ടാലും ഹിന്ദുത്വയുടെ അധീശത്വം പൊതുസമൂഹത്തില്‍ നിലനിര്‍ത്തുക എന്ന അജണ്ടയുടെ ഭാഗമാണ് മലബാര്‍ കലാപത്തെ മുന്‍നിര്‍ത്തി അവര്‍ പടച്ചുവിടുന്ന ദൈനംദിന ചരിത്ര പാഠങ്ങള്‍. ഇത്തരം ദൈനംദിന ചരിത്ര പാഠങ്ങളിലൂടെ ഗുജറാത്തിലും രാജസ്ഥാനിലും യുപിയിലും അവര്‍ നടപ്പിലാക്കി വിജയം കണ്ട പദ്ധതി ആയിട്ട് വേണം ഈ കലാപ വിവാദത്തേയും നാം കാണേണ്ടത്. ഹിന്ദുത്വത്തിന്‍റെ ചരിത്രരചനാ താല്‍പ്പര്യങ്ങളെ ഹിന്ദുത്വത്തിന്‍റെ വര്‍ത്തമാനരാഷ്ട്രീയ താല്‍പ്പര്യങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ആവില്ല. ഹോബ്സ്ബാം നിരീക്ഷിച്ച പോലെ “വികലമാക്കപ്പെട്ട ചരിത്രം നിർദോഷ ചരിത്രമല്ല, അത് അപകടകരമാണ്. നിരൂപദ്രവകരമെന്നു കരുതപ്പെടുന്ന കീ ബോർഡിൽ നിങ്ങൾ പടച്ചു വിടുന്ന ചരിത്രാഖ്യാനങ്ങൾ ഒരു സമൂഹത്തിനെതിരെയുള്ള മരണവാറണ്ട് ആയേക്കാം.”

Comments

comments