ക്രിക്കറ്റിൽ ഒരു ബോളറെ സംബന്ധിച്ച് ഏറ്റവും പ്രധാനമായതെന്താണ്?  ആർതർ കോനൻ ഡോയൽ എഴുതിയ  ഒരു ക്രിക്കറ്റുകഥയുണ്ട്. സ്പെഡേഗ്വെയുടെ പന്തേറെന്നോ, കുറേക്കൂടി കൃത്യമായി സ്പെഡേഗ്വേയുടെ പന്ത് വീഴ്ത്തലെന്നോ മൊഴിമാറ്റാവുന്ന ആ കഥ, Spedegue’s Dropper, അദ്ദേഹത്തിൻ്റെ ഏറ്റവും നല്ലതോ പ്രസിദ്ധമായതോ ആയ കഥയല്ല. എന്നാൽ ഷെർലക് ഹോംസിനെ എല്ലാക്കാലത്തെയും കഥാപാത്രമാക്കിയതും അതിലുപരി ഡോയലിനെ എല്ലാക്കാലത്തെയും വായനക്കാരുടെ കഥയെഴുത്തുകാരനാക്കിയതുമായ കാര്യങ്ങളിൽ പ്രധാനമായതൊക്കെ ആ കഥയുടെ മർമ്മത്തിലുണ്ട്. രണ്ട് ടീമുകളും കളിമികവിൽ ഒപ്പത്തിനൊപ്പം നിന്ന ഒരു ആഷസ് പരമ്പരയിൽ, നിസ്സാര മാർജിനുകളിൽ രണ്ട് വീതം ജയിച്ച നാലു കളികൾക്കു ശേഷം ബദ്ധവൈരികളായ ഇംഗ്ലണ്ടും  ഓസ്ട്രേലിയയും നിർണ്ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലേക്ക് പോകുന്നതാണ് കഥാപരിസരം. ഹോംസിനെപ്പോലെ നിരീക്ഷണപടുവായ ഒരു പഴയ ക്രിക്കറ്റർ, സെലക്ടർ, തൻ്റെയൊരു സായാഹ്നന്നടത്തത്തിലാണ് ഒരു സുഹൃത്തിനൊപ്പം തൻ്റെ പ്രത്യേക പന്തേറു രീതി പരിശീലിച്ചുകൊണ്ടിരുന്ന സ്പെഡേഗ്വേ എന്ന, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പോലും കേട്ടുകേൾവിയില്ലാത്ത ഒരു പന്തേറുകാരനെ കണ്ടെത്തുന്നത്. സ്പെഡേഗ്വേ ടെക്നിക്ക് ഇതാണ് – ബോളർ ആകാശത്തേയ്ക്ക് ഉയർത്തിയെറിയുകയും അങ്ങനെ നിർമ്മിക്കപ്പെടുന്ന ഒരു പരാബോളിക് വക്രതയുടെ അവസാനം ലംബമായി സ്റ്റമ്പുകൾക്ക് തൊട്ടുമുകളിൽ, ബെയിലുകളിൽ വന്ന് കൃത്യതയോടെ വീഴുന്ന ഒരു പന്ത്. ഇത്തരമൊരു ആശയം നമ്മുടെ ബുദ്ധിയിലുണ്ടാക്കുന്ന അതേ തമാശയും പരിഹാസവും കൗതുകവും കഴിഞ്ഞ് ആ പന്തിലടങ്ങിയിരിക്കുന്ന അപാരമായ ഒരു ജയസാധ്യതയെ ആ സെലക്ടർ കണ്ടെടുക്കുകയാണ്. അമ്പരപ്പിക്കുന്ന  ആകസ്മികത എന്ന ആ ആശയത്തെ ശ്രമകരമായി മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുകയും അവസാന ടെസ്റ്റിലേക്ക് കൊണ്ടുവരികയും സ്പെഡേഗ്വേയിലൂടെ ഇംഗ്ലണ്ട് വലിയ മാർജിനിൽ ജയിക്കുകയുമാണ്. തലനാരിഴ കീറിയുള്ള വിശകലനങ്ങളിലെല്ലാം ഒപ്പത്തിനൊപ്പം നിന്ന ടീമുകളിൽ ഒന്നിനെ മറ്റൊന്നിൻ്റെ മുകളിൽ പ്രതിഷ്ഠിച്ചത് അവർ കരുതിവച്ച അമ്പരപ്പിക്കുന്ന ആകസ്മികതയാണ്. ആദ്യം പന്ത് കയ്യിലെടുത്ത സ്പെഡേഗ്വേയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നുണ്ട്. പിന്നീട് ഒരു ഫീൽഡ് ക്യാച്ച് എങ്ങനെയൊ കൈപ്പിടിയിലൊതുങ്ങിക്കിട്ടിയ ആത്മവിശ്വാസത്തിലാണ് സ്പെഡേഗ്വേ നിലത്ത് ഉറച്ചുനിൽക്കുന്നതും തൻ്റെ പരാബോളിക് ഉത്തോലകം കൊണ്ട് ഓസ്ട്രേലിയൻ ടീമിനെ ഇളക്കുന്നതും.

പാളയത്തിലേക്കുള്ള ബാറ്റിംഗുകാരുടെ ഘോഷയാത്രയ്ക്കിടയിലും പുതിയ അമ്പരപ്പിൻ്റെ പുറന്തോട് പൊട്ടിച്ച ഒരു മഹാരഥൻ മാത്രം സൂക്ഷ്മമായ കണ്ണുകൾ കൊണ്ടും അതുവരെ കേട്ടിട്ടില്ലാത്ത ബാക്ക് ഡ്രൈവുകളിലൂടെയും ഒരറ്റത്ത് പിടിച്ചുനിന്നിരുന്നു, മാജിക്കിൻ്റെ തുടക്കവും നിലനിൽപ്പും അതിൻ്റെ അസാധാരണത്വത്തിലാണ്, കൺകെട്ടിലാണ്, ഒടുക്കം അതിൻ്റെ സ്പഷ്ടമായ കാഴ്ചയിലും അങ്ങനെ അത് ചെന്നെത്തുന്ന സാധാരണത്വത്തിലും. പഠനമുള്ളൊരാളുടെ മുന്നിൽ ഒരേ തരം അനിശ്ചിതത്വങ്ങൾക്ക് തുടർച്ചകളില്ല എന്ന തിരിച്ചറിവിൽ ഇംഗ്ലണ്ടും ആരോഗ്യപരമായ കാരണങ്ങളാൽ അക്ഷരാർത്ഥത്തിൽ തന്നെ ദുർബലഹൃദയനായ സ്പെഡേഗ്വെയും പിന്നീട് ഒരു കളിയിലും ഒന്നിച്ച് വന്നില്ല. നിരീക്ഷണവും കൃത്യതയും കൃത്യതയിലെ പരാബോളിക് വഴിതെറ്റിക്കലും, ഏത് നിമിഷവും പ്രതീക്ഷിക്കാവുന്ന അമ്പരപ്പും അതുണ്ടാക്കുന്ന അതിഗംഭീരമായ നാടകീയതയും. നമ്മൾ ഈ പറയുന്നത് ബോളിംഗിനെക്കുറിച്ചാണോ, ഡോയലിൻ്റെ കഥയെക്കുറിച്ചാണോ? അതോ സകല കളികളുടെയും തന്നെ മന്ത്രസ്ഥാനങ്ങളെക്കുറിച്ചോ?

കളിയെ കച്ചവടവും യാന്ത്രികതയും അതിന്റെ വേഗതയും പൂർണ്ണമായും കവരുന്ന കാലത്തിനു മുൻപ്  മനോഹരമായതെല്ലാം കണ്ടുകഴിഞ്ഞുവെന്ന് കാഴ്ചയുടെ കണ്ണുകുത്തിപ്പൊട്ടിച്ചുകളഞ്ഞ ഒരു ക്രിക്കറ്റാരാധകന്റെ മുൻപിലേക്ക്, പൊടുന്നനെ കളി ഉപേക്ഷിച്ചു പോയൊരു പഴയ ഇഷ്ട കളിക്കാരൻ, അത്തരമൊരു വാർത്ത കേട്ടതേയില്ല എന്ന സങ്കൽപ്പത്തിൽ ആ ദിവസത്തെ തള്ളിമാറ്റിയ ഒരാളുടെ മുൻപിലേക്ക്, ഒരുപിടി ഓർമ്മകളും ചോദ്യങ്ങളും കൊണ്ടുവന്ന് വയ്ക്കുകയാണ്‌.

അനിശ്ചിതത്വം കൊണ്ട് എത്ര നാൾ ഒരാൾക്ക് അമ്പരപ്പിക്കാം? എത്ര നാൾ ഒരാൾക്ക് മറ്റാരെയുംകാൾ അമ്പരപ്പിക്കാം? എത്ര നാൾ ഒരാൾക്ക് ഏറ്റവും മനോഹരമായി അമ്പരപ്പിക്കാം? ഈ ചോദ്യങ്ങളുടെ ഉത്തരത്തിന് ക്രിക്കറ്റിൻ്റെ ലോകം പൊടുന്നനെ ഒരു നാൾ കളം ഉപേക്ഷിച്ചു പോയ, അതിന്റെ ചരിത്രത്തിലെ ഏറ്റവും മഹാനായ ഒരു ബൗളറെ ചൂണ്ടിക്കാണിക്കും.

ക്രിക്കറ്റിലെ ഏറ്റവും കലാപരമായ ഇടപാടാണ് സ്പിൻ ബൗളിംഗ്, അതിൽ തന്നെ ലെഗ്സ്പിൻ. അതുപോലെ അനിശ്ചിതത്വവും സാധ്യതകളും കൊണ്ട് മനോഹരമായ മറ്റെന്തുണ്ട്? മായവും മറിമായവും കൗശലവുമാണതിൻ്റെ പൊരുൾ. ആകസ്മികതയും അനിശ്ചിതത്വവും അമ്പരപ്പുമാണ് ആ പൊരുളിൻ്റെ അരുളുകൾ. ഒരു മുച്ചീട്ടുകളിക്കാരനെപ്പോലെയുള്ള അയാളുടെ കണ്ണുകളിൽ നോക്കിയിരിക്കുമ്പോൾ, കൈകളിൽ കണ്ണിമവെട്ടാതെ നോക്കിയിരിക്കുമ്പോൾ താൻ കബളിപ്പിക്കപ്പെട്ടത്, തന്നെ തോൽപ്പിച്ചുകളഞ്ഞത് തൻ്റെ തന്നെ കാഴ്ച്ചയുടെ നേരല്ലേയെന്ന് തോറ്റുപോകുന്ന ഓരോരുത്തരെയും നിരാശപ്പെടുത്തുന്ന കൗശലം. നേരിലുള്ള വിശ്വാസങ്ങളെ തകർത്തുകളയുന്ന ആഭിചാരമാണത്. ഓരോ കൗശലവും, ഓരോ പന്തും തോറ്റുപോയവനിൽ അനിശ്ചിതത്വത്തിൻ്റെ ഒരു ചരിത്രപുസ്തകത്തെ തുറപ്പിക്കുന്നു. ആ ചരിത്രത്തെയല്ല അടുത്ത പന്ത് കാത്ത് വയ്ക്കുന്നതെന്ന അടുത്ത അറിവ് തോറ്റുപോയ ആളെ സാധ്യതകളുടെ ലോകത്ത് അടക്കം ചെയ്യുന്നു, തടവുകാരനാക്കുന്നു.

അത്തരത്തിലൊരു മന്ത്രവാദി പന്തെറിയുമ്പോൾ ക്രിക്കറ്റിലെ സമവാക്യങ്ങളിൽ സാധാരണഗതിയിൽ പോരാളിയുടെയും നായകൻ്റെയും സ്ഥാനത്തുള്ള ബാറ്റ്സ്മാൻ ഒരു കാവൽക്കാരനായി മാറുന്നു. അതുവരെ ഫുട്ബോളിലെ ഒരു ഫോർവേഡിനെപ്പോലെ മുന്നേറി കളിച്ചിരുന്നയാൾ പൊടുന്നനെ ഒരു ഗോളിയെപ്പോലെയാകും, പെനാൽറ്റി കിക്ക് കാത്ത് നിൽക്കുന്ന ഏകാകിയായ ഒരു ഗോളിയെപ്പോലെ, കൃത്യമായും തൻ്റെ കണ്ണുകൾ അളന്നുകൊണ്ടിരിക്കുന്ന  ഈ പന്ത് ഇനി ഇടത്തേക്കോ, വലത്തേക്കോ, നേരെയോയെന്നുള്ള ചോദ്യങ്ങൾ അയാളെ zeno’s paradox-ൻ്റെ ഒരു ലോകത്തെ തത്വചിന്തകനാക്കുന്നു. ഓരോ പന്തും മുൻനിശ്ചയങ്ങളുടെയും തീർച്ചപ്പെടുത്തലുകളുടെയും ലോകങ്ങളെ തുറക്കുകയോ തകർക്കുകയോ ചെയ്യുന്നു. ഭ്രാന്ത് തളിർക്കുന്നു.

കൃത്യതയുള്ള ഒരു ബോളർക്ക് ആ കൃത്യത കൊണ്ട് വല വിരിച്ച് ബാറ്റ്സ്മാൻ്റെ ഒരു തെറ്റിനു വേണ്ടി കാത്തിരിക്കാം. എന്നാൽ ഏറ്റവും മികച്ച ബോളർമാരുടെ വഴി  കാത്തിരിപ്പിൻ്റേതല്ല.

ഷെയ്ൻ വോൺ അത്തരത്തിലൊരു ബൗളറായിരുന്നു. നൂറ്റാണ്ടിലെ പന്തോ അതേ പോലെ കുത്തിത്തിരിഞ്ഞ അനേകം പന്തുകളോ അല്ല ഷെയ്ൻ വോണിനെ സ്പിന്നെന്ന ആഭിചാരത്തിൻ്റെ ഏറ്റവും വലിയ മാന്ത്രികനാക്കുന്നത്. ആ പന്തുകളുടെ കീർത്തിയിൽ പിന്നെയുള്ള ഓരോ ആറു പന്തുകളിലും അയാൾ ഒളിപ്പിച്ചുവച്ചിരുന്ന കണക്കില്ലാത്ത അനിശ്ചിതത്വങ്ങളാണ്. ഗൂഗ്ലിയോ ഫ്ലിപ്പറോ സൂട്ടറോ നൽകുന്ന അമ്പരപ്പ് പ്രതീക്ഷിച്ച് നിൽക്കുന്ന ഒരാൾക്ക് മുന്നിൽ ഒരു ഫുൾടോസിൻ്റെ സാധാരണത്വമാണ് അനിശ്ചിതത്വം. വോൺ അതും ചെയ്തിരുന്നു. ലെഗ്ഗിനു പുറത്ത് കുത്തിത്തിരിയുന്ന ഒരു പന്തിനോട് ഗോളിയായി വേഷം മാറാൻ നിർബന്ധിതനായ ഒരു ബാറ്റ്സ്മാനു ചെയ്യാൻ കഴിയുക സ്വീപ്പാണ്. ഡീപ് സ്ക്വയറും ഷോർട്ടും ലെഗ്ഗുകൾ ആ ധീരതയെ നിഷേധിക്കുന്നു. ഓഫ്സൈഡിലെ പ്രതിരോധസാധ്യതകൾക്ക് വിലങ്ങിടുന്ന പോയിൻ്റിലെയും മിഡോഫിലെയും അവരോടൊപ്പം മിഡ് ഓണിലെ സില്ലികളും കൂടി തീർക്കുന്നത് ഫ്ലൈറ്റഡായ ഒരു പന്തിനെ കാത്തിരിക്കുന്ന ഹെയ്സൻബർഗിൻ്റെ പ്രപഞ്ചമാണ്. തന്നെ കടന്നു നിൽക്കുന്ന തൻ്റെ അനിശ്ചിതത്വത്തിൻ്റെ കീർത്തിയാൽ വേട്ടക്കാരൻ്റെ വേഷമിടുന്ന വോൺ പ്രതിരോധിയായ ഒരു ബാറ്ററെ അനിശ്ചിതത്വത്തിൻ്റെ ആ പ്രപഞ്ചത്തിൽ കെട്ടിയിടുന്നു. പിന്നെ വോൺ അവിടെ എന്തു ചെയ്താലും മായാജാലമാണ്. തൻ്റെ കൃത്യത കൊണ്ട്, നിരീക്ഷണം കൊണ്ട്, അനിശ്ചിതത്വങ്ങൾ കൊണ്ട്, ആത്മവിശ്വാസത്തിൻ്റെ ഗുരുത്വബലം കൊണ്ട്. ഉറച്ച് നിന്നാൽ അയാൾ ആ പിച്ചിനെ ഇളക്കുമെന്ന തത്വമറിയാവുന്ന ഉപഭൂഖണ്ഡത്തിലെ മികച്ച ബാറ്റർമാർ പന്തിനും മുന്നെ വോണിൻ്റെ ആത്മവിശ്വാസത്തെ ഉന്നം വച്ച് ക്രീസിൽ നിന്ന് ഇറങ്ങിയും മിഡോണിലേക്ക് ഫ്ലിക്ക് ചെയ്തും കളിച്ചപ്പോൾ മാത്രം വോൺ വേട്ട മറന്നു. സച്ചിൻ ടെൻഡുൽക്കർ സ്വപ്നത്തിലും വേട്ടയാടുന്നുവെന്ന് മനസ്സ് തുറന്നു.

ക്രിക്കറ്റിൻ്റെ ഏറ്റവും നല്ല കാലങ്ങളിൽ ആയിരത്തിയൊന്ന് അന്താരാഷ്ട്ര വിക്കറ്റുകൾ. തൻ്റെ ഭാഗം ഭംഗിയാക്കാനറിയാവുന്ന ബാറ്റ്സ്മാൻ, മികച്ച ഫീൽഡർ. അല്പ കളികൾ മാത്രമെങ്കിലും മികച്ച ക്യാപ്റ്റൻസി റെക്കാർഡ്. മറ്റ് ടീമുകളിൽ നിന്നും ഒരു ടീമിനെ ഒരു പടി മുകളിൽ നിർത്തുന്ന കളിക്കാരൻ.

ക്ലിനിക്കൽ ക്രിക്കറ്റിൻ്റെ കൃത്യത കൊണ്ട് യന്ത്രമനുഷ്യരുടെ ഒരു കൂട്ടം പോലെ ലോകത്തെ മടുപ്പിക്കും വിധം ഓസ്ട്രേലിയ ജയിച്ചുകൊണ്ടിരുന്ന നാളുകളിൽ ഷെയ്ൻ വോണിൽ മാത്രം മനുഷ്യപ്രതിഭയുടെ, ആലസ്യത്തിൻ്റെ സ്പർശങ്ങൾ തെളിഞ്ഞു കണ്ടു. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനു നേരെ വച്ചു നീട്ടുന്ന കൗശലമടങ്ങിയ പ്രലോഭനത്തിൻ്റെ വിതരണത്തിന് ഒരു യന്ത്രം മതിയാകില്ല എന്നതാവാം കാരണം. അച്ചടക്കമില്ലാത്ത ആ ആഘോഷമനുഷ്യനിൽ മനുഷ്യരൂപമുള്ള, ബഹുമാനിക്കേണ്ട, പ്രതിഭാശാലിയായ ഒരു ശത്രുവിനെ ഇന്ത്യനാരാധകർ കണ്ടെത്തി. ചീത്ത വിളിച്ചും ചുക്കിനും ചുണ്ണാമ്പിനും വരെ ഹൗസാറ്റെന്ന് അലറി വിളിച്ചും പന്തെറിയുന്നത് താനാണെന്ന് ബാറ്റ്സ്മാൻ്റെ മനസ്സിനെ വോൺ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. അപ്രകാരം പ്രതിരോധിയായ ബാറ്റ്സ്മാനുമായി വോൺ സമർത്ഥനായ ഒരു പോക്കർ കളിക്കാരനെപ്പോലെ ബ്ലഫ് കളിച്ചു. അങ്ങനെ എല്ലാ പന്തും ഏറ്റവും നല്ല പന്തായി മാറി.

നോക്കുക. അമ്പത്തിരണ്ടാം വയസ്സിൻ്റെ യുവത്വത്തിൽ പോപ്പിംഗ് ക്രീസിലേക്ക് നടന്നെത്തി അയാൾ പന്തെറിയുകയാണ്. കൈമുട്ട് കറങ്ങുന്നു, കൈക്കുഴയും മുകളിലേയ്ക്ക് കറങ്ങുന്നു, അയാളുടെ തോൾ ഒരു വട്ടം വരച്ചിരിക്കുന്നു. കൈക്കുഴയിൽ നിന്നും തെന്നിയിറങ്ങുന്നതിനു തൊട്ട് മുൻപ് കൊടുത്ത ചെറുവിരൽപ്പെരുക്കത്തിൽ പന്ത് തിരിയുന്നുണ്ട്.  പന്ത് നിർത്താതെ തിരിയുകയാണ്.
തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
പന്തിൻ്റെ ഫ്ലൈറ്റും  അത് നിലത്തുകുത്തിയാലുള്ള അനിശ്ചിതത്വങ്ങളും നമ്മെ കീഴടക്കിയേക്കും. അയാൾ ഉപേക്ഷിച്ചുകഴിഞ്ഞ ആ പന്ത് തിരിഞ്ഞുകൊണ്ടേയിരിക്കുകയാണ്. അനിശ്ചിതത്വങ്ങളുടെ ഹൈസൻബർഗിയൻ പ്രപഞ്ചത്തിലേക്ക് നമ്മളെ ഒരു തവണ കൂടി കെട്ടിയിട്ടുകൊണ്ട് മഹാനായ ഒരു ബൗളർ വീണ്ടും ജയിച്ചുകഴിഞ്ഞിരിക്കുന്നു. നാം വീണ്ടും കബളിക്കപ്പെട്ടിരിക്കുന്നു. അയാൾ ചിരിക്കുന്നുണ്ട്. നാം ചോദിക്കുന്നു – മഹാനായ ഒരു ബൗളറാകാൻ ഏറ്റവും പ്രധാനമായി വേണ്ടതെന്താണ്?

Comments

comments