ഉത്തരേന്ത്യയിൽ ജോലിചെയ്തിരുന്ന യുവതയിൽ, പത്രപ്രവർത്തകനായൊരാളെ ‘താരപദവി’കൊടുത്തു ഞങ്ങൾ പിന്തുടർന്നത് കുൽദീപ് നയ്യാർ ആയിരുന്നു. വിഭജനകാലത്തു പാകിസ്ഥാനിൽ നിന്നും അഭയാര്ഥിയായി എത്തിയ നയ്യാർ, അക്കാലത്തു ഇംഗ്ലീഷ് അച്ചടിമാധ്യമത്തിൽ നിറഞ്ഞുനിന്നു. ഇന്ദിരയുടെ സ്വേച്ഛാധിപത്യക്കാലത്തു എന്തൊരു ധൈര്യമായിരുന്നു അരമന രഹസ്യങ്ങൾ വെളിപ്പെടുത്താനുള്ള നയ്യാർഊർജ്ജത്തിന്!. അക്കാലത്തും പത്രപ്രവർത്തകർ ഇന്നെന്ന പോലെ ഭരണകൂടത്തെയും ഭരണകക്ഷിയെയും ഭയന്നും പ്രീണിപ്പിച്ചുമായിരുന്നു വാർത്താശേഖരണം ചെയ്തത്. ‘കടക്കുപുറത്തു’ എന്നാരും പറയാതെ, പുറത്തു ക്ഷമയോടെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തുനിൽക്കാൻ വിധിക്കപ്പെട്ടവർ. അധികാര രഹസ്യങ്ങളുടെ അന്തർവാഹിനികൾ പുറത്തേക്കൊഴുകാതിരിക്കാൻ, പാർട്ടി അടിമകൾ പണിത തടയണ തകർത്തു വസ്തുതകളുടെ നീരൊഴുക്ക് വായന ക്കാരിലേക്കെത്തിക്കാൻ നയ്യാർ ചെയ്ത ശ്രമങ്ങൾ പിന്നീട് അദ്ദേഹമെഴുതിയ പുസ്തകങ്ങളിലൂടെ (Between The Lines, India The Critical Years) ഞങ്ങൾ വായിച്ചറിഞ്ഞു. അടിയന്തരാവസ്ഥക്ക് ശേഷം പുറത്തുവന്ന പുസ്തകത്തിൽ (The Judgement) നിന്നായിരുന്നു ആ ഭീകരാവസ്ഥയുടെ മുന്നണി ചാരന്മാർ യഥാർത്ഥത്തിൽ ആരെന്നും, അതിലൂടെ ജനാധി പത്യത്തെയും ഭരണഘടനയെയും എങ്ങനെ ആ കൊള്ളസംഘം തുരങ്കം വച്ചു എന്നും നാം ഞെട്ടലോടെ അറിയുന്നത്. സൺഡേ (Sunday) , ഇന്ത്യടുഡേ (India Today) ഔട്ട് ലുക്ക് (Outlook) തുടങ്ങിയവ അക്കാലത്തിറങ്ങിയിട്ടില്ല.
കുൽദീപ് നയ്യാരുടെ സഹപ്രവർത്തകനായിരുന്ന ബി ആർ പി ഭാസ്കർ പക്ഷെ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ എടുക്കുന്നൊരു രാഷ്ട്രീയ പ്രവർത്തനമുണ്ട്. – മനുഷ്യാവകാശ ധ്വംസനം എവിടെ, ആരിൽനിന്നുണ്ടായാലും, പാർട്ടിയേതെന്ന പരി ഗണനയില്ലയില്ലാതെ നിലപാടെടുക്കും. ഇന്നത്തെ ബഹുസ്വര കേരളീയാവസ്ഥയിൽ അസാധ്യമെന്നുതോന്നുന്ന മനോഭാവമായി മാത്രമേ കാണാനാവൂ. ക്രൂശിതർ ആരായാലും നീതിനിഷേധിക്കുന്നവരെ പ്രതിസ്ഥാനത്തുനിർത്താൻ ബിആർപി തയ്യാറാണ്. അവിടെയാണ് ‘സൗകര്യ പൂർവ്വം’ രാഷ്ട്രീയനിലപാടെടുക്കുന്നവരിൽ നിന്നും ഈ പത്രപ്രവർത്തകൻ പുത്തൻപാത വെട്ടിത്തുറന്നത്. രഹസ്യങ്ങൾ തമസ്കരിക്കുവാൻ തയ്യാറാവാത്തവരെ വിശ്വാസവഞ്ചകർ ആയി മുദ്രകുത്തുന്നൊരു കക്ഷി രാഷ്ട്രീയാവസ്ഥ നിലവിലുണ്ട്. ബി ആർ പി യ്ക്കു മേൽ സമ്മർദ്ദവും പ്രീണനവും സ്വാഭാവികമായുണ്ടാവും, എന്നാൽ ഒച്ചവെക്കാത്തൊരു പ്രതികരണരീതി സ്വാഭാവികമായി ആ വ്യക്തിത്വത്തിൽ രൂപപ്പെട്ടിരുന്നതുകൊണ്ടാവാം, ഭരണ കൂടങ്ങളുടെ വൈതാളികന്മാർ മുട്ടുമടക്കി. ഇതൊക്കെ എങ്ങനെ ഒരാളിൽ സാധിക്കുന്നു എന്നതിനൊരു വിശ്വാ സ്യത തോന്നുന്ന വിശദീകരണമാണ് ഈയടുത്തകാലത്തു മാധ്യമം ആഴ്ചപ്പതിപ്പിലൂടെ സീരിയലൈസ് ചെയ്ത ബി ആർപിയുടെ ആത്മകഥ. എന്താണ് ബി ആർ പിയുടെ പത്ര പ്രവർത്തനത്തിന്റെ നീതിബോധം? ആ ഗൗരവരചന തരുന്ന ഉൾക്കാഴ്ച ചെറുതല്ല. ഇതുപോലൊരു പത്രപ്രവർത്തകനെ മുൻനിരയിലിരുത്താൻ മലയാള മാധ്യമ രംഗത്ത്, കഷ്ടം, ഇല്ലല്ലോ!
കമൽറാം സജീവ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പത്രാധിപ സമിതി അംഗമായിരുന്ന കാലത്തു ഞാൻ കുൽദീപ് നയ്യാരെക്കുറിച്ചും ടി ജെ എസ് ജോര്ജിനെക്കുറിച്ചും അവരു ടെ ഓർമ്മപുസ്തകങ്ങളെവച്ചു എഴുതിയിരുന്നു. എങ്കിലും അവരുടെ മാധ്യമവ്യക്തിത്വത്തിൽ നിന്നും വിഭിന്നമായൊരു ദർശനം ബി ആർ പിയുടെ ആത്മകഥയിൽ കാണാമായിരുന്നു. ‘അരമനരഹസ്യ’ങ്ങളല്ല ബി ആർപി കഥയുടെ തൊഴിൽനിക്ഷേപം. ജീവിതസ്മരണകൾ അവ തരിപ്പിക്കുന്നതിൽ പ്രകടിപ്പിക്കുന്ന, വിരസമെന്നുപോലും കരുതാവുന്ന തോതിലുള്ള വസ്തുനിഷ്ഠതയാണ്. ഇരുപതുവയസ്സിൽ ബി ആർപി ദി ഹിന്ദു (The Hindu) ന്യൂസ് ഡെസ്കിൽ ജോലിക്കു കയറുമ്പോൾ, സാധാരണ പത്രപ്രവർത്തകന് ഒഴിച്ചുകൂടാനാവാത്ത ജേണലിസം പിജി ഡിപ്ലോമ ഉണ്ടായിരുന്നില്ല. അതിവേഗം കാര്യങ്ങൾ യാഥാർഥ്യബോധത്തോടെ മനസ്സിലാക്കാനും, യുക്തിയുടെയും മനഃസാന്നിധ്യത്തിന്റെയും ബലത്തിൽ മികവ് കാണിക്കാനും സാധിച്ചു എന്നതാണ് ആ യുവ പത്രപ്രവർത്തകന്റെ നേട്ടം. കളിച്ചും ചിരിച്ചും കൂട്ടുകാരുമൊത്തു നടക്കുന്ന മാധ്യമപ്രവർത്തകനായി വായനക്കാർക്ക് തോന്നുകയില്ല ആ ഇരുപതുകാരൻ. പത്രഉടമയിൽ നിന്നും, മേലുദ്യോഗസ്ഥരിൽനിന്നും സൂക്ഷ്മവിലയിരു ത്തലിനുസാധ്യമാവുന്ന സുതാര്യ തൊഴിൽസംസ്കാരം തുടക്കം മുതൽ ബി ആർ പിയിൽ പ്രകടമായി. വിചാരി ക്കുന്ന പോലെ ഇതത്ര ലളിതമല്ല, കാരണം യാഥാസ്ഥിതിക അയ്യങ്കാർ കോട്ടയായ ദി ഹിന്ദുവിൽ ജോലിചെയ്തു, പുത്തൻ തൊഴിലിടങ്ങൾ തേടി പോവാൻ സാധിക്കുന്നൊരു വ്യക്തിത്വ മികവ് വളർത്തിയെടുക്കാനും സമ്മർദ്ദങ്ങളെ അതിജീവിക്കാനും യോജിച്ച ന്യൂസ് ഡെസ്ക് പ്രവർത്തനരീതി ബി ആർ പിക്ക് ഉണ്ടായിരുന്നു എന്നറിയുമ്പോൾ ഞാൻ ശിരസ്സ് നമിക്കുന്നു. സാമൂഹ്യമാധ്യമ ങ്ങളിലൂടെ നമുക്കൊക്കെ അറിയാനാവുന്നുണ്ടല്ലോ ദേശീയ പത്രപ്രവർത്തകരുടെ ‘ശൈശവ’ ലീലകൾ.
എല്ലാ മാധ്യമ പ്രവർത്തകരും ബി ആർപിയെ പോലെ നൂറുശതമാനം ഗൗരവ പ്രതിച്ഛായ തൊഴിൽരംഗത്തു പുലർത്തുന്നവരാണെങ്കിൽ, ജനകീയമലയാളപത്രങ്ങൾ, നിലവിൽ എരിവും പുളിയുമുള്ള, വായനാക്ഷമത നിലനിർത്തുമോ? വായനാക്ഷമതയേക്കാൾ പ്രധാനം എന്തായി രിക്കണം? ഭരണകൂടത്തിന് വഴിപ്പെട്ടും, പക്ഷം പിടിച്ചും, ഭാഗികമായി സത്യം പറഞ്ഞും, യുധിഷ്ടിരനെ പോലെ ‘അർദ്ധസത്യവാ’നായി മേനിചമഞ്ഞും, വൈവിധ്യ അഴിമതിയിലൂന്നിയ അന്തർനാടകങ്ങളിൽ ഭ്രമിക്കുന്നൊരു സ്ഥായിയായ മനോഭാവം ആയി മാധ്യമരംഗത്തെ രോഗാവസ്ഥ. നെറികേടിനൊരു ആൾരൂപമായി പത്രപ്രവർത്തകർ സ്വയംതാഴുമ്പോഴും അശേഷമില്ല കുറ്റബോധം. കാരണം, ഭരണവർഗത്തോട്, സ്വാര്ഥതയോടെയെങ്കിലും, ഞാൻ പുറമെ കൂറുകാണിക്കുന്നുണ്ടല്ലോ, അതുപോരെ യോഗ്യതാ നിർണയം സാധൂകരിക്കാൻ. ഇവിടെയും ബി ആർ പിയെ വേറിട്ടൊരു വ്യക്തിത്വമായി നാം വായിച്ചെടുക്കുന്നു. പത്ര ഉടമ ആരുമാവട്ടെ എതിർപ്പ് ആരിൽ നിന്നൊക്കെ ആവട്ടെ, ഏറ്റെടുത്ത ദൗത്യം മനഃസാക്ഷി പ്രേരണയനുസരിച്ചുമാത്രമേ ചെയ്യൂ എന്നൊരു നിശ്ചയ ദാർഢ്യത്തിലാണ് എഴുപതുകൊല്ലത്തെ സജീവ മാധ്യമജീവിതം ബി ആർ പി പരുക്കേൽക്കാതെ നിലനിർത്തിയത്.
ന്യൂസ് ഡെസ്കിൽ മാത്രമല്ല, രാത്രി എട്ടുമണി രാഷ്ട്രീയ ചാനൽ സംവാദങ്ങളിൽ ബിആർപി അപൂർവ്വമായി പങ്കെടുത്തിരുന്നപ്പോഴും കാണാമായിരുന്നു, രചനയിൽ നാം കണ്ടുശീലിച്ച ആശയവിനിമയവ്യക്തതയും പദാവലി കൃത്യതയും. ചാനൽ അവതാരകരായ പിജി സുരേഷ്കുമാർ, നിഷാ പുരുഷോത്തമൻ, നിഷാദ് റാവുത്തർ എന്നിവരെപോലുള്ളവർ നിരന്തര പരിചയത്തിലൂടെ മലയാള വാമൊഴിയിൽ നേടിയെടുത്ത ആവിഷ്കാരമികവ് ബിആർപി ഒരു സാധാരണ കൃത്യം പോലെ സ്വാഭാവികമായി ചെയ്തു എന്നതാണ് ശ്രദ്ധേയം. വാശിയും വീറും നിറഞ്ഞ സംവാദാന്തരീക്ഷത്തിലും ബിആർ പി ക്കു സമകാലികമായും സമചിത്തതയോടെയും വാദമുഖങ്ങൾ അവതരിപ്പിക്കാൻ സാധിക്കുന്നു എന്നതാണ് വസ്തുത. കാലത്തിന്റെ കുത്തൊഴുക്കിൽ പത്തുനാല്പതു വയസ്സാവുമ്പോഴും ‘വയസ്സായി’ എന്ന് തോന്നുകയും തോന്നിപ്പിക്കുകയും ചെയ്യുന്ന ദൃശ്യമാധ്യമ ലോകത്താണ് ഇത്.
എന്താണിന്നത്തെ മലയാള മാധ്യമ രംഗത്തിന്റെ സത്യാവസ്ഥ? അഥവാ വ്യവസ്ഥ? ദുരവസ്ഥ തന്നെയാണെന്ന് ചാനൽ സംവാദം കാണുന്നൊരാളെന്ന നിലയിൽ എനിക്ക് പറയാനാവും. അവതാരകർ എത്രമാത്രം കാര്യങ്ങൾ നേരത്തേ തിരിച്ചും മറിച്ചും മനസ്സിലാക്കേണ്ടി വരുന്നു എന്നഭിനന്ദനസൂചകമായി പറയുമ്പോഴും, വാണിജ്യ താൽപ്പര്യങ്ങൾക്കു ഒച്ചയും ബഹളവും സൃഷ്ടിക്കുക, കാര്യങ്ങൾ പിടിവിടുന്നു എന്നറിയുമ്പോൾ കൊമേഴ്‌സ്യൽ ബ്രേക്കിലൂടെ സംവാദമുന നിസ്സങ്കോചം ഓടിക്കുക എന്നതിൽ കവിഞ്ഞൊരു അഭിപ്രായരൂപീകരണത്തിൽ അവർക്കെത്തിക്കാനാവുന്നില്ല. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ നിലപാടുകളുടെ സാധുത പരിശോധിച്ചുകൊണ്ടല്ല, പകരം, പാനെലിസ്റ്റുകളെ പരസ്പരം കലഹിക്കാൻ വിട്ടുള്ള കളി കളിച്ചാണിതൊക്കെ നേടാൻ ശ്രമിക്കുന്നത്. ഇതൊക്കെ കാണുമ്പൊൾ ഉടനടി വാർത്ത പ്രേക്ഷകരിൽ എത്തിക്കാനുള്ള സാങ്കേതിക മികവില്ലാത്തൊരു കാലത്തു പത്രപ്രവർത്തനം ചെയ്ത ബി ആർ പി യെ പോലുള്ള അച്ചടിപത്രപ്രവർത്തകരുടെ സുവർണ്ണ കാലം ഓർത്തെടുക്കുക എനിക്കൊരു ഭൂതാതുരതയാണ്. ആ കാലം കഴിഞ്ഞു, എങ്കിലും അവരുടെ അർപ്പണബോധവും പുത്തൻ വാർത്ത സത്യാത്മകമായി അറിയിക്കാനുള്ള അവകാശം എത്രമാത്രം പ്രധാനമാണോ അത്രയും പ്രധാനമാകുന്നു ശരിയായി വാർത്ത വായനക്കാരെ അറിയിക്കാനുള്ള ഉത്തരവാദിത്വവും. ഈ ബോധ്യം ജേണലിസം വിദ്യാർത്ഥികളിൽ സൃഷ്ടിക്കാൻ ബി ആർ പിയുടെ
ന്യൂസ് റൂം അവർക്കു വായിക്കാനും വിശകലനം ചെയ്യാനും ഗുരുജനങ്ങൾ അവസരമൊരുക്കുമോ?
Be the first to write a comment.