‘ചരിത്രവിജ്ഞാനീയം’ (historiography) എന്നോ ‘ചരിത്രത്തിന്റെ തത്വചിന്ത’ (philosophy​ of history) എന്നോ വിശേഷിപ്പിക്കാൻ കഴിയുന്ന, ക്രമരഹിതവും ചിട്ടപ്പെടുത്തപ്പെട്ടി​ട്ടി​ല്ലാ​ത്ത​തു​മായ ഒരു പറ്റം ആലോചനകളാണ് ദിനേശൻ വടക്കിനിയിലിന്റെ ആരുടെ കേരളം എന്ന ചെ​​റുഗ്രന്ഥം. ദിലീപ് രാജ് ജനറൽ എഡിറ്റായി പ്രവർത്തിക്കുന്ന ‘ഇൻസൈറ്റ് പബ്ലിക്ക ഗ്രന്ഥവ​രി​’യിലെ രണ്ടാമത്  പുസ്തകമായാണ് ആരുടെ കേരളം പ്രസിദ്ധീകരിക്കപ്പെട്ടത്. സംശയരഹി​ത​മായും അഭിനന്ദനാർഹമായ വൈജ്ഞാനിക ഇടപെടലാണത്. കേരളചരിത്രത്തെ​ക്കു​റിച്ചു​ള്ള ഇനിയുള്ള ആലോചനകൾക്ക് ഈ പുസ്തകത്തെക്കൂടി പരാമർശിച്ചുകൊണ്ടു മാത്രമേ കട​ന്നു​പോ​വാൻ കഴിയുകയുള്ളൂ. ആ നിലയിലൊരു സ്വീകരണത്തിന്റെ അടയാളങ്ങളൊന്നും ചുറ്റും കാ​ണാനില്ലെങ്കിലും.

താരതമ്യേന ദീർഘമായ ആമുഖത്തെ മാറ്റിനിർത്തിയാൽ നിഷ്കൃഷ്ടമായ അർത്ഥ​ത്തിൽ നാല് അധ്യായങ്ങളാണ് ഈ പഠനത്തിലുള്ളത്. “ആരുടെ കേരളം? ചരിത്രരചനയിലെ ഭ​ര​ണകൂടനിഴലുകൾ” എന്ന ആദ്യ അധ്യായത്തിൽ വ്യത്യസ്തവും പലപ്പോഴും പരസ്പരവിരുദ്ധവും ആ​യ പരിപ്രേക്ഷ്യത്തിനുള്ളിൽ രചിക്കപ്പെട്ടുവെങ്കിലും കേരളചരിത്രാലോചനകളുടെ രൂപം ത​ന്നെ സ്റ്റേറ്റിന്റെ ഘടനയെ സ്വാംശീകരിച്ചുണ്ടായതാണോ എന്ന അന്വേഷണമാണ്. “കേരളോ​ത്പ​ത്തിയും മറ്റും: ബ്രാഹ്മണാധികാരത്തുടർച്ചയോ ബ്രാഹ്മണ്യവിരുദ്ധപ്രകടനമോ?” എന്ന ര​ണ്ടാ​മധ്യായം തെയ്യത്തിലെ ചരിത്രബോധത്തെക്കുറിച്ച് എഴുതപ്പെട്ട രണ്ടു ലേഖനങ്ങളോടുള്ള പ്ര​തി​കരണം എന്ന നിലയിലാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്.  “അ​ണാർ​കൈവ്ഡ്: പുതുനിർമിതിയാവുന്ന വീണ്ടെടുപ്പ്” എന്ന മൂന്നാമധ്യായം, പി.സനൽമോഹന്റെ കീഴാളപക്ഷചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും എന്ന പുസ്തകത്തിന്റെ വായനയാണ്. അവസാന അധ്യായ​മാ​യ “മുസിരിസ് ചർച്ചകൾ: ഇനിയെങ്ങോട്ട്”  പലകാലങ്ങളിലായി ഉരുവം കൊണ്ട മുസിരിസ് ചർ​ച്ച​കളുടെ രൂപങ്ങളെക്കുറിച്ചും അതുത്പാദിപ്പിച്ച പ്രതീതികളെക്കുറിച്ചുമുള്ള ആലോചനയുമാണ്.

സ്ഥൂലമായ നോട്ടത്തിൽ ‘കേരളചരിത്രം’ എന്ന ജ്ഞാനമണ്ഡലത്തിലെ ചില പ്രതി​ഭാസ​ങ്ങളെക്കുറിച്ചുള്ള വിമർശനാത്മകചിന്തയാണ്  ദിനേശൻ അവതരിപ്പിക്കുന്നത്. കേരളചരിത്രം എ​ന്ന പൊതുചട്ടക്കൂടാണ് അവയെ ചേർത്തുനിർത്തുന്ന ഏകകം. എങ്കിലും അവയ്ക്കപ്പുറം കടന്ന്; ‘ച​രിത്രം’ എന്ന വിഷയമേഖലയെ പ്രശ്നവത്കരിക്കാനും, നാളിതുവരെ എഴുതപ്പെട്ട കേരള​ച​രി​ത്ര​ത്തിൽ ആഖ്യാനത്തിന്റെ പ്രത്യയശാസ്ത്രമായി വർത്തിച്ച ധാരണകളെ വെളിച്ചപ്പെടുത്താനും, സർ​വോപരി ചരിത്രധാരണകളിൽ പുതിയൊരു പരിപ്രേക്ഷ്യം (ഭവധർമ്മകസമീപനം എന്ന് ദി​നേ​ശൻ അതിനെ വിളിക്കുന്നു) പരിചയപ്പെടുത്താനുമുള്ള ശ്രമമാണിതിലുള്ളത്. വളർന്നു വിക​സി​ക്കേണ്ടുന്ന ഒരു വിമർശനാത്മകമണ്ഡലത്തിന്റെ ആമുഖക്കുറിപ്പായി ഈ ഗ്രന്ഥത്തെ കാ​ണു​ന്നതാവും അതിനാൽ തന്നെ ഉചിതം.

‘എന്താണ് ചരിത്രം’ എന്ന ആലോചനയ്ക്ക് പത്തെഴുപതു വർഷത്തെ പഴക്ക​മെ​ങ്കി​ലുമു​ണ്ടെ​ന്നു കരുതാവുന്നതാണ്. 1961-ൽ അതേ പേരിലെഴുതപ്പെട്ട (What is History ?) കൃതിയിൽ ഇ.എച്ച്.കാർ (E.H.Carr) ചരിത്രകാരന്റെ വ്യാഖ്യാനത്തിനു പുറത്ത്, സ്വതന്ത്ര്യവും വസ്തുനിഷ്ഠവുമായി നി​ല​നിൽ​ക്കുന്ന ചരിത്രവസ്തുത എന്ന തത്വം (historical fact) ‘അസംബന്ധമല്ലാതെ മറ്റൊ​ന്ന​ല്ലെ’​ന്ന് വ്യക്തമാക്കുന്നുണ്ട്. ഘടനാവാദാനന്തരചിന്തകൾ ‘ചരിത്രത്തിന്റെ പാഠപരത’യെ വെ​ളി​വാക്കിക്കഴിഞ്ഞതുമാണ്. ചരിത്രവിജ്ഞാനീയത്തിലെ മൗലികമായ ഈ വഴിതിരിയലുകളിൽ നി​ന്ന് ഊർജ്ജമുൾക്കൊണ്ടു തന്നെയാണ് ദിനേശന്റെ പുസ്തകവും പുറപ്പെടുന്നത്. എങ്കിലും ച​രി​ത്ര​വിജ്ഞാനീയത്തിന്റെ വിമർശനപരതയോടൊപ്പം ഉരുവം കൊള്ളേണ്ടുന്ന ഒരു പുതിയ ച​രി​ത്ര​ധാരണയിലേക്കുള്ള ആലോചനകൾ കൂടി ഈ ഗ്രന്ഥത്തിൽ ചിതറി നിൽക്കുന്നു. അവ പെറു​ക്കി​യെടുത്തു വേണം പുസ്തകത്തിനകമേ സഞ്ചരിക്കേണ്ടതെന്നു തോന്നുന്നു. പുസ്തകത്തിന്റെ ആ​മുഖത്തിൽ താനുയർത്തിപ്പിടിക്കുന്ന ഭവധർമ്മക സമീപനത്തിന്റെ പ്രസക്തി ദിനേശൻ ഊ​ന്നി​പ്പറയുന്നുണ്ട്.

സ്ഥിതിയെയും തുടർനിലനില്പിനെയും സ്ഥാപിച്ചെടുക്കുന്നതിനു പകരം സാമൂഹ്യപ്ര​തി​ഭാ​സ​ങ്ങൾ അതിന്റെ തീവ്രതയിലും ചേരുമാനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന​വ​യാ​ണെ​ന്നുള്ള ഭവധർമ്മകമായ സമീപനം കൈക്കൊള്ളുകയാണെങ്കിൽ ചരിത്രമെന്ന ജ്ഞാ​നരൂപത്തെ ക്രിയാത്മകവും സൃഷ്ട്യുന്മുഖവുമാക്കി മാറ്റാൻ കഴിയും. ഉള്ളതിന്റെ ച​രി​ത്ര​മല്ല, നടയുടെ, ഉണ്ടായിക്കൊണ്ടിരിക്കുന്നതിന്റെ ചരിത്രമാണ് എഴുതപ്പെടേണ്ടത്. കാല​ത്തിൽ അമർത്തിവെച്ചതല്ല, കാലത്തിലൂടെയും ദേശത്തിലൂടെയും ഉണ്ടായിക്കൊ​ണ്ടി​രിക്കുന്നതിന്റെയും ആയിത്തീരുന്നതിന്റെയും എഴുത്താവണം ചരിത്രം.

ഭവധർമ്മകം എന്ന പ്രയോഗത്തിൽ, നിസ്സാർ അഹമ്മദിന്റെ ചിന്താലോകവുമായി ദി​നേ​ശന് ആധമർണ്യമുണ്ട്. ദെല്യൂസിന്റെ virtuality എന്ന സംകല്പനത്തിന് നിസ്സാർ നൽകുന്ന മലയാളീകരണമാണ് ഭവധർമ്മകം. ‘പ്രതീതിയാഥാർത്ഥ്യം’, ‘അയാഥാർത്ഥയാഥാർത്ഥ്യം’ തുട​ങ്ങിയ പ്രയോഗങ്ങൾ virtuality-ക്ക് മലയാളത്തിലുണ്ടെങ്കിലും ഭവധർമ്മകത്തിലൂടെ ആ സ​ങ്ക​ല്പ​നത്തിന്റെ ആർഥികമണ്ഡലത്തെ വിപുലമാക്കാനാണ് നിസ്സാർ പരിശ്രമിക്കുന്നത് എന്ന് ത​ത്വ​ചിന്തയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ദെല്യൂസിയൻ വിർച്വാലിറ്റിയെ താരത​മ്യേന ശരിയായി അവതരിപ്പിക്കാൻ നിസ്സാറിന് കഴിഞ്ഞു എന്നും, ആ പ്രയോഗം ദെല്യൂസിനെ ചുരു​ക്കുകയാണെന്നും ഉള്ള നിലപാടുകളും ഇതിനകം രംഗത്തുണ്ട് (സങ്കീർണമായ ദെല്യൂ​സി​യൻ ചിന്തയെ സംബന്ധിച്ച് ഈ ലേഖകന് ധാരണകൾ പരിമിതമായതിനാൽ ആ ചർച്ചയി​ലേ​ക്കു കടക്കുന്നില്ല).

അതെന്തായാലും, യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു മാനത്തെയാണ് ദെല്യൂസ് virtuality എന്നു വിളിക്കുന്നത്. നാം സംവദിക്കുന്ന സാക്ഷാത്ക്കൃതലോകത്തെ (reality) രൂപീകരിക്കുന്ന വ്യ​ത്യാസങ്ങളുടെ സംഘാതമാണത്.  യഥാര്‍ത്ഥ(real)മായതും എന്നാൽ സാക്ഷാത്ക്കൃത​ (actual)മല്ലാത്തതുമായ മണ്ഡലമാണ് virtuality (it must be actualized rather than realized). ലക്ഷ്യവാദപരമായ (teleological) ചരിത്രസമീപനരീതികൾ, നേർരേഖയിൽ ക്രമി​കമാ​യി പുരോഗമിക്കുന്ന അന്വേഷണമായിരിക്കും. അതിൽ ഇടം കിട്ടുന്നതാവട്ടെ, കാലം അവ​ശേ​ഷിപ്പിച്ച ചില സാന്നിധ്യങ്ങൾക്കും പ്രഭാവങ്ങൾക്കുമായിരിക്കും. അല്ലാതെ, അവയെ ബാക്കി​നിർത്തിയ സ്ഥിതമുഹൂർത്തങ്ങളിൽ തന്നെ വേറെ ചില സാധ്യതകൾ ഉൾവഹിക്കുകയും, എന്നാ​ൽ സാക്ഷാത്കരിക്കപ്പെടാതെ പോകുകയും ചെയ്യുന്ന ലീനബലങ്ങൾ(potentialities) ​ക്കാ​യിരിക്കില്ല. സാക്ഷാത്കൃതമായിട്ടില്ലാത്ത ഭവധർമ്മകങ്ങളെക്കുറിച്ച് ആലോചിക്കലാണ് ദി​നേ​ശനെ സംബന്ധിച്ച് ചരിത്രം. ദാർശനികമായ ഈ അടിത്തറയിൽ നിന്നുകൊണ്ട് കേരള​ച​രി​ത്രബോധ്യങ്ങളെയും ബോധനങ്ങളെയും ചരിത്രവിജ്ഞാനീയത്തിന്റെ വിമർശാവബോധ​ത്തിലൂടെ വായിക്കാനാണ് ദിനേശൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ, ചരിത്രവിജ്ഞാനീയ​ത്തെ​യും ചരിത്രത്തിന്റെ തത്വചിന്തയെയും ഊടും പാവുമാക്കിയാണ് ഈ കമ്പളം ദിനേശൻ നെയ്തെടുക്കുന്നത്. സ്വാഭാവികമായും ‘സൗന്ദര്യമില്ലായ്മ’യും കെട്ടഴിയലും സമീപനരീ​തി​യെ​ന്ന​തു പോലെ പുസ്തകത്തിന്റെയും സവിശേഷതയാണ്. സർവ്വസ്വീകാര്യത ലഭിക്കാത്തതിൽ അ​ത്ഭു​താ​വഹമായി ഒന്നുമില്ല എന്നർഥം.

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പുസ്തകത്തിലെ ആദ്യ അധ്യായം ചരിത്രരചനയിലെ ഭ​ര​ണകൂടനിഴലുകളെ സൂക്ഷ്മമായി പിന്തുടരാനുള്ള ശ്രമങ്ങളാണ്. ആധുനിക ചരിത്രവി​ചാ​ര​ങ്ങ​ളിൽ സ്റ്റേറ്റ്  രൂഢമായി നിലയുറപ്പിക്കുന്നതായി ദിനേശൻ ചൂണ്ടിക്കാട്ടുന്നു. ചരിത്രമെഴുത്തിലെ സ്റ്റേറ്റിന്റെ സാന്നിധ്യത്തെ ഒരിടത്ത് ഫ്രെഡ്രിക് ജയിംസണെ ഓർമ്മിപ്പിക്കുന്ന മട്ടിൽ ‘അസന്നിഹിത ഹേതു’ എന്ന് ദിനേശൻ വിശേഷിപ്പിക്കുന്നുണ്ട്. ദേശീയവാദപരമായ ചരിത്രര​ച​നകൾ, സ്റ്റേറ്റ് സ്പോൺസേർഡ് ചരിത്രരചനകൾ എന്നിവയ്ക്കപ്പുറം കടന്ന്; ചരിത്രരചനയെ സം​ബ​ന്ധിച്ച പ്രതിഫലനാത്മകത (self reflexivity) സൂക്ഷിക്കുന്നവരിൽ പോലും ഈ അസന്നി​ഹി​ത ഹേതു എങ്ങനെ കടന്നുവരുന്നു എന്നാണ് ദിനേശൻ ചുണ്ടിക്കാട്ടുന്നത്. കെ.എൻ.പ​ണി​ക്ക​രു​ടെ കേരളത്തെ സംബന്ധിച്ചുള്ള പൊതുനിലപാടിനെ വിമർശനാത്മകമായി നോക്കി​ക്കൊ​ണ്ടാ​ണ് അദ്ദേഹം ആരംഭിക്കുന്നത് എന്നത് ഈ പ്രകരണത്തിൽ ശ്രദ്ധേയമാണ്. ആധുനിക കേ​രളമു​ണ്ടാ​യതിന്റെ പശ്ചാത്തലത്തിൽ ആ കേരളത്തിന്റെ നിലനില്പ് ആധുനികപൂർവ്വ​കാ​ല​ത്തേ​ക്കു കൂടി നീട്ടാൻ വേണ്ട ശ്രമങ്ങളായാണ് നാളിതുവരെയുള്ള ആധുനികരചനകളെ ദിനേ​ശൻ വില​യി​രുത്തുന്നത്. ആധുനികപൂർവ്വകാലത്ത് ഇവിടെ പ്രചാരം സിദ്ധിച്ചിരുന്ന ആഖ്യാന​രീ​തി​​കളിൽ ഭരണകൂട വിചാരമാതൃക കാണുക സാധ്യമല്ല. ജോസഫ് കത്തനാർ, ഷെയ്ക്ക് സൈനുദ്ധീൻ, ഡീഗോഗോൺസാൽവസ് പോലുള്ളവരുടെ കുറിപ്പുകളും കേരളോത്പത്തിയുടെ ഭിന്നപാഠങ്ങളും ദിനേശൻ പരിശോധിക്കുന്നുണ്ട്. അവയെല്ലാം കീഴാളന്റെ സ്വരത്തെ അടയാ​ള​പ്പെടുത്തുന്നു എന്നല്ല; മറിച്ച് സ്റ്റേറ്റിനെ കേന്ദ്രസ്ഥാനത്തുവെച്ച് നടത്തുന്ന വ്യവഹാരങ്ങ​ളാ​യി​രു​ന്നില്ല അവയൊന്നും. എന്നാൽ ആധുനികപൂർവ്വമായ ഈ ആഖ്യാനങ്ങളെ സംബന്ധിച്ചുള്ള ആ​ധുനിക ആലോചനകളാട്ടെ യൂറോ-കേന്ദ്രിത സ്റ്റേറ്റ് എന്ന പ്രത്യയശാസ്ത്രത്താൽ നിർണ്ണയി​ക്ക​പ്പെട്ടാണ് ഉയിർക്കൊണ്ടത്.

തന്റെ വാദം സാധൂകരിക്കാൻ ദിനേശൻ കേശവൻ വെളുത്താട്ടിന്റെ ബ്രാഹ്മിൺ സെറ്റിമെന്റ് ഇൻ കേരള എന്ന പുസ്തകത്തിന്റെ ആഖ്യാനഘടനയെ സൂക്ഷ്മമായി അനാവരണം ചെ​യ്യുന്നു. ബ്രാഹ്മണകുടിയേറ്റത്തെ സംബന്ധിച്ചുള്ള വെളുത്താട്ടിന്റെ വ്യാഖ്യാനങ്ങളിൽ ആ പ്ര​തി​ഭാസം കേരളത്തിന്റെ ഭരണഭൂപരിധി നിശ്ചയിക്കുന്നതും ഉദ്യോഗസ്ഥവൃന്ദത്തെ​യു​ണ്ടാ​ക്കി​യ​തും നിയമനികുതി സമ്പ്രദായം ചിട്ടപ്പെടുത്തിയതും പട്ടാളത്തെ പടുത്തുയർത്തും അവിഭാജ്യ​ഘടക​മായത് അങ്ങനെയാണെന്നും ദിനേശൻ ചൂണ്ടിക്കാട്ടുന്നു. ബ്രാഹ്മണഗ്രാമങ്ങ​ളെ​ക്കു​റിച്ചു​ള്ള വെളുത്താട്ടിന്റെ വിലയിരത്തലുകളിൽ നിന്നു തെളിയുന്നത് “താൻപോലുമറിയാതെ ത​ന്നി​ൽ രൂഢമൂലമായ സ്റ്റേറ്റ് മാതൃകയിൽ ചരിത്രം രചിക്കുന്നതാണ് ശാസ്ത്രീയ ചരിത്രരചന എന്ന ബോ​ധമാണെ” ന്നും ദിനേശൻ പറയുന്നു.

സ്റ്റേറ്റ് കേന്ദ്രിതചരിത്രരചന എല്ലായ്പ്പോഴും ലക്ഷ്യവാദപരമായിരിക്കും. സ്വത്വം കണ്ടെ​ത്താ​നുള്ള നീണ്ട അന്വേഷണമാണ് അവിടെ ചരിത്രമായി മാറുക. സാമൂഹ്യ വൈവി​ധ്യ​ങ്ങളെയും അവയുടെ പരുക്കൻ അരികുകളെയും രാകിമിനുക്കാനാണ് അത് ചരിത്രകാരന്മാരെ പ്രേരിപ്പിക്കുക. ദിനേശൻ എം.ജി.എസിലേക്ക് തിരിയുന്നു. കേരളത്തിലെ പെരുമാക്കന്മാർ ഇ​ത്ത​രത്തിലുള്ള ഒരു തുടർച്ചയുടെ ഗാഥയാണ്. ആ പഠനത്തിലെ രാകിമിനുക്കൽ, പാർശ്വങ്ങളെ കാഴ്ചയിൽ പെടുത്താതെ പോകുന്നു. ഇടർച്ചകളെ പരിഗണിക്കാതെ തുടർച്ചയിൽ എം.ജി.എസ്. ഊ​ന്നുന്നതിന്റെ കാരണവും മറ്റൊന്നല്ല. “സ്റ്റേറ്റിനെക്കുറിച്ച് വാചാലനാകുന്ന എം.ജി.എ​സിന്റെ കേരളത്തിലെ പെരുമാക്കന്മാരിൽ പുലയരെക്കുറിച്ച് പറയാൻ ആകെയുള്ളത് ഒരു ഖ​ണ്ഡിക മാത്രമാണ്. മറ്റുപലർക്കും സ്ഥാനവുമില്ല. സ്റ്റേറ്റ് അവരെയെല്ലാം അതിന്റെ സുരക്ഷി​തമായ അതിർത്തിക്കകത്ത് കാത്തുസൂക്ഷിച്ചു വെച്ചതു പോലെയാണ് കണ്ടെടുക്കപ്പെടുന്നത് ” എ​ന്നു സൂചിപ്പിച്ച് ദിനേശൻ എം.ജി.എസിന്റെ ചരിത്രവിചാരത്തിലെ മൗലികമായ പ്രതിസ​ന്ധി​യെ തൊടുന്നു. എം. ജി.എസിനെ സംബന്ധിച്ച്; ഒരു കാലത്ത് ഭൂമിയുടെ അവകാശികളാ​യി​രു​ന്ന ഈ ആദിമമനുഷ്യർ (പുലയർ) ചേരകാലത്ത് അടിമത്തത്തിലേക്ക് ചുരുക്കപ്പെടുകയാ​ണു​ണ്ടാ​യത്. മാടമ്പി-പൗരോഹിത്യ- ഏകാധിപത്യരാജ്യം ഉണ്ടാക്കുന്നതിന്റെ കൂട്ടത്തിലാണ് ഈ അട്ടിമറി ഉണ്ടായതെങ്കിൽ എന്തുകൊണ്ട് ആ പ്രക്രിയ പഠിക്കപ്പെടാതെ പോയി എന്ന് ദി​നേ​ശൻ ചോദ്യമുന്നയിക്കുന്നു. ലക്ഷ്യവാദപരമായ ചരിത്രചിന്ത അധീശധാരണകളുടെ സ്വാഭാ​വിക പുനരുത്പാദനമാവുന്നതിന്റെ പ്രരൂപത്തെയാണ് ദിനേശൻ അനാവരണം ചെയ്യുന്നത്.

വെളുത്താട്ടിലും എം.ജി.എസിലും രണ്ടുനിലയിൽ പ്രവർത്തിക്കുന്ന ഭരണകൂട നിഴ​ലുക​ളിൽ നിന്ന് ഇ.എം.എസും മുക്തനായിരുന്നില്ലെന്ന് ദിനേശൻ ചൂണ്ടിക്കാട്ടുന്നു.  ഭൗതികവാദ​ത്തി​ലടി​സ്ഥാനപ്പെടുത്തിയ ചരിത്രചിന്തയിൽ സ്റ്റേറ്റ് ഒരു പ്രത്യയശാസ്ത്ര നിർമ്മിതിയായാണ് നിഴ​ൽ​വി​രിച്ചു നിൽക്കുന്നത്. ജാതിക്കപ്പുറം വർഗമായി ഉയർന്നുവരുന്ന മലയാളികൾക്ക് അവരുടെ ക്ഷേമം സാധ്യമാക്കുന്ന ഭൗതികസാഹചര്യമൊരുക്കാൻ കഴിയുക സ്റ്റേറ്റിനായിരിക്കും എന്ന ധാ​ര​ണ ഇ.എം.എസിലും കാണാൻ കഴിയുമെന്ന് ദിനേശൻ പറയുന്നു. എസ്.രാജുവും കെ. ​എൻ.ഗണേശും അവതരിപ്പിക്കുന്ന ചരിത്രചിന്തകളോട് ദിനേശൻ വലിയ പങ്കോളം ചേർന്നു​നിൽക്കുന്നുണ്ട്. “ചരിത്രമെഴുത്തിൽ അസന്നിഹിതഹേതുവായി എത്തി അതിന്റെ ഗതിവിഗതി​കളെ നിയന്ത്രിക്കുന്ന സ്റ്റേറ്റിനെയും അതിന്റെ അധീശത്വവ്യവഹാരത്തെയും കടന്ന് ഇതു രണ്ടും മാ​റ്റിനിർത്തിയ ചെറുശബ്ദങ്ങളെയും ചെറു ആഖ്യാനങ്ങളെയും അതിന്റെ പരുക്കനായ അ​വസ്ഥ​യിൽത്തന്നെ അവതരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് ” ദിനേശൻ പറയുന്നു. പ​ലമയെന്ന യാഥാർത്ഥ്യത്തെ അറിയാനുള്ള ശ്രമമാണ് അവരുടേത് എന്നതിനാൽ, മലൈ​യാ​ളികളുടെയും കടലോടികളുടെയും ശബ്ദങ്ങൾ കേൾക്കാൻ കഴിയുന്ന അത്തരം അന്വേഷ​ണ​ങ്ങൾക്കാണ് ഭവധർമ്മകസമീപനമായി മാറിത്തീരാൻ കഴിയുക എന്നു ദിനേശൻ കരുതുന്നു.

പ്രൊഫ. കേശവൻ വെളുത്താട്ടിന്റെ “ഹിസ്റ്ററി ആസ് പെർഫോമൻസ്: എ നോട്ട് ഓൺ കേരളോല്പത്തി” ഡോ.റിച്ചാർഡ് ഫ്രീമാന്റെ “ദേർ അപോൺ ഹാങ്സ് എ ടെയ്ൽ: ദി ഡീയി​ഫി​ക്കേഷൻ ഓഫ് വാലി ഇൻ ദി തെയ്യം വർഷിപ്പ്” എന്നീ പ്രബന്ധങ്ങളോടുള്ള പ്രതികരണമാണ് പുസ്തകത്തിലെ രണ്ടാമധ്യായം. ഇരുപ്രബന്ധങ്ങളും തെയ്യത്തിലെ ചരിത്രബോധ​ത്തെ​ക്കുറി​ച്ചുള്ള  ആലോചനകളാണ്. വ്യത്യസ്തമായ നിലയിലാണെങ്കിലും ഈ രണ്ടു ലേഖനങ്ങളിലും പ്രത്യ​ക്ഷ​പ്പെടുന്ന ചരിത്രസമീപനത്തിന്റെ പരിമിതി എന്തെല്ലാമാണെന്നാണ് ഈ അധ്യായം അ​ന്വേ​ഷിക്കുന്നത്. “കഴിഞ്ഞുപോയ പ്രക്രിയകളെ യഥാതഥം അവതരിപ്പിക്കുകയും സംഭവങ്ങളെ അതുണ്ടായ സാമൂഹ്യലോകത്തിന്റെ ഉണ്മയിൽ/ സ്ഥിതിയിൽ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ശാസ്ത്രശാഖയെന്ന നിലയിലാണ് ഈ ലേഖനങ്ങൾ ചരിത്രത്തെ സമീപിച്ചിരിക്കുന്ന”തെന്ന് ദി​നേ​ശൻ ചൂണ്ടിക്കാട്ടുന്നു. സ്ഥിതിയെക്കുറിച്ച് പറയാനേ അത്തരം സമീപനങ്ങൾക്ക് പ്രാപ്തി കാ​ണൂ; സ്ഥിതികളുടെ പരിണാമപ്രക്രിയകളെ കാണുക അവിടെ സാധ്യമല്ല. ഈ വിമർശന​നി​ലപാടിൽ നിന്ന് വെളുത്താട്ടിന്റെ പ്രബന്ധത്തെ വായിക്കുന്ന ദിനേശൻ ചരിത്രബോധത്തിന്റെ സം​വാദാത്മകമാനം വെളുത്താട്ടിൽ ദൃശ്യപ്പെടാതെ പോകുന്നു എന്ന വിമർശനത്തിലേക്ക് നീങ്ങുന്നു. വെളുത്താട്ട് കൈവിടുന്ന ‘ചരിത്രബോധത്തിന്റെ സംവാദാത്മക’ ഫ്രീമാൻ ഏറ്റെടു​ക്കു​ന്നുണ്ടെങ്കിലും എമിലി ദുർഖൈമിന്റെ അനുഷ്ഠാനത്തെക്കുറിച്ചുള്ള ആലോചനകൾക്ക​പ്പു​റ​ത്തേ​ക്ക് നീങ്ങാൻ അദ്ദേഹത്തിനും കഴിയുന്നില്ല. ദിനേശനെ സംബന്ധിച്ച് തെയ്യത്തിന്റെ ഓ​രോ പ്രകടനവും വ്യത്യസ്തപാഠങ്ങളെ ഉത്പാദിപ്പിക്കുന്നതാണ്. ഒരർഥത്തിൽ മിഖായേൽ ബ​ക്തി​ന്റെ ജനുസ്സ് സിദ്ധാന്തങ്ങളുമായി ദിനേശൻ ചേർന്നുനിൽക്കുന്നു. അനുഷ്ഠാനത്തിന്റെ രൂ​പം, ആഖ്യാനത്തിന്റെ ഘടന, സന്ദർഭം എന്നിവയെ പരിഗണിക്കാതെ കേരളോല്പത്തി, രാ​മാ​യ​ണം തുടങ്ങിയ പാഠങ്ങളുടെ വിശകലനത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുകൊണ്ടാണ് വെ​ളു​ത്താ​ട്ടിനും ഫ്രീമാനും അനുഷ്ഠാനത്തിലെ വ്യത്യസ്തയാഥാർത്ഥ്യങ്ങളെ കാണാൻ കഴിയാതെ പോ​കുന്നത്.

കീഴാളപക്ഷചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും എന്ന സനൽമോഹന്റെ പുസ്തക​ത്തി​ന്റെ വായനയാണ്  മൂന്നാമധ്യായം. അണാർകൈവ്ഡ് എന്ന സങ്കല്പനമുപയോഗിച്ചാണ് സന​ൽമോഹനെ ദിനേശൻ വായിച്ചെടുക്കുന്നത്. അണാർകൈവ്ഡ് എന്ന പ്രയോഗത്താൽ അദ്ദേഹം അർഥമാക്കുന്നത് രേഖകളില്ലാത്ത ചരിത്രമെന്നല്ല. മറിച്ച്, “ചരിത്രത്തിന്റെ മണ്ഡല​ത്തിൽ നിന്നും ബോധപൂർവ്വം മാറ്റിനിർത്തപ്പെട്ടതും സാധൂകരിക്കാൻ കഴിയാത്ത രൂപമായി കണ​ക്കാക്കപ്പെടുന്നതുമായ ചരിത്രത്തെ കണ്ടെത്തുക എന്നതാണ്”. ഭവധർമ്മകം എന്ന സങ്ക​ല്പനത്തിന്റെ തന്നെ ഛായ അണാർകൈവ്ഡിനും ഉണ്ടെന്നു കാണാം. സന​ൽ​മോഹന്റെ പുസ്തകത്തെ ‘അനുഭവപ്പെടുത്ത’ലായാണ് ദിനേശൻ വിശേഷിപ്പിക്കുന്നത്. അണാർ​കൈ​വ്ഡിനെ വീണ്ടെടുക്കുകയോ നിർമ്മിച്ചെടുക്കുകയോ ആണ് ചരിത്രകാരന്റെ ഇടപെ​ടലാ​കു​ന്നതെന്ന് സനൽമോഹൻ പറഞ്ഞുവെക്കുന്നതായി ദിനേശൻ ചൂണ്ടിക്കാട്ടുന്നു. അതിനായി സ്വ​ന്തമായി ഒരു ആർകൈവ് തന്നെ ഉണ്ടാക്കുകയാണ് സനൽമോഹൻ ചെയ്യുന്നതെന്ന് ദി​നേ​ശൻ പറയുന്നു.

‘മുസിരിസ്’ എന്ന ചരിത്ര (?) സ്ഥലത്തെക്കുറിച്ച് ഭിന്നകാലങ്ങളിലുയർന്ന ചർച്ചകളിലൂടെ സഞ്ചരിക്കുകയാണ് നാലാമധ്യായം ചെയ്യുന്നത്. അഞ്ചു രീതിയിലാണ് മുസിരിസ് ചരി​ത്രര​ചന​യിൽ വിഷയമായി ഇടപെട്ടത് എന്നു ക്രമപ്പെടുത്തി ഓരോ രീതികളെയും പരിശോധി​ക്കു​കയാണ് ദിനേശൻ ചെയ്യുന്നത്. മുസിരിസ് എന്ന ഇടം എവിടെയാണുന്നറപ്പിക്കാനായി ന​ട​ന്ന പഠനങ്ങൾ, പട്ടണത്തെ മുസിരിസായി കാണണോ വേണ്ടയോ എന്ന ചർച്ച എന്നി​വ​യാ​ണ് ആദ്യരീതി. മുസിരിസിനെ സംസ്കാരങ്ങളുടെ സംഗമഭൂമി എന്ന നിലയിൽ ചിത്രീകരിക്കാൻ ശ്ര​മിക്കുന്ന പഠനങ്ങൾ മറ്റൊരു വഴിയാണ്. ദലിത് ചരിത്രപരിപ്രേക്ഷ്യത്തിൽ നിന്നുണ്ടായ പഠ​ന​ങ്ങൾ മൂന്നാമത്തെ രീതിയും ക്രിസ്തുവർഷാരംഭകാലത്തുണ്ടായ കച്ചവടത്തിന്റെ പ്രകൃതത്തെ സമൂ​ഹരൂപീകരണ കാഴ്ച്ചപ്പാടിൽ പഠിക്കുന്നവ നാലാമത്തെ രീതിയുമാണ്. പ്രാദേശികച​രിത്ര​രച​നയുടെ വഴിയിലുള്ളവയാണ് അഞ്ചാമത്തെ രീതി. ഈ ഓരോ രീതികളിൽ നിന്നും മാതൃകക​ളെടുത്ത് അവയെ അപഗ്രഥിക്കുകയാണ് ഈ അധ്യായത്തിൽ ചെയ്യുന്നത്. അതു വഴി കേര​ളത്തി​ന്റെ ചരിത്രവിജ്ഞാനീയത്തിന്റെ ഗതിവിഗതികളെ നിർണയിച്ച മുൻവിധികളെ അനാ​വര​ണം ചെയ്യുകയാണ് ഈ അധ്യായം.

ചെറുതെങ്കിലും ഗഹനമായ നാല് ആലോചനകളിലൂടെ കേരളചരിത്രവിജ്ഞാ​നീ​യ​ത്തിൽ തീർത്തും മൗലികമായ ഒരിടപെടൽ നടത്തുകയാണ് ആരുടെ കേരളം എന്ന പുസ്തകം. തെ​റ്റിദ്ധരിക്കാൻ സാധ്യതയുള്ള  പുസ്തകശീർഷകത്തെ വിശദീകരിച്ചു കൊണ്ടാണ് ദിനേശൻ ആ​രംഭിക്കുന്നത്. കേരളത്തിന്റെ യഥാർത്ഥ ഉടമയെ/ അവകാശിയെ തേടിയുള്ള ചരിത്രാന്വേ​ഷ​ണമല്ല താൻ നടത്തുന്നതെന്നും മറിച്ച്, ഇതുവരെയുണ്ടായ കേരളചരിത്രരചനകൾ അവ​ലം​ബിച്ച സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും അതിൽ അന്തർലീനമായ മുൻവിധികളാലും സ​ങ്കല്പ​ങ്ങ​ളാലും ചട്ടക്കൂടിനാലും ചരിത്രത്തിൽ നിന്ന് ഒഴിവാക്കിയത് ആരെയൊക്കെ, എന്തൊക്കെ, എ​ങ്ങ​നെയൊക്കെ എന്ന അന്വേഷണമാണെന്നും തുടക്കത്തിൽ അദ്ദേഹം പറയുന്നു. അങ്ങ​നെ​യെ​ങ്കിൽ, ഭൂതകാലധാരണകളിലെ ചില അഭാവങ്ങളെ വെളിച്ചപ്പെടുത്താൻ തക്ക ദാർശനിക​പ്രത​ലമൊരുക്കലാവണം പുസ്തകത്തിന്റെ ലക്ഷ്യമായി ദിനേശൻ കല്പിച്ചിട്ടുണ്ടാവുക.

ദിനേശൻ വടക്കിനിയിൽ

അതിലദ്ദേഹം വിജയിച്ചുവോ എന്നതിനുത്തരം – പുസ്തകത്തിലൊരിടത്ത് കെ.പി.അ​പ്പ​നിൽ നിന്ന് ദിനേശൻ കടമെടുത്ത വിശേഷണത്തെ മുൻനിർത്തിയാൽ – നിത്യസ്രവന്തിയായ കാ​ല​മാ​ണ് നൽകേണ്ടത്. എങ്കിലും; ചരിത്രത്തെ ലക്ഷ്യവാദപരമായും ഭൂതകാല പ്രതിനിധാ​ന​മാ​യും കണക്കാക്കുന്ന നമ്മുടെ പൊതുബോധത്താൽ ശക്തമായ ഒരാഘാതം ആരുടെ കേരളം ഉത്പാദിപ്പിക്കുന്നുണ്ട്.

പുസ്തകം ഇങ്ങനെ അവസാനിക്കുന്നു;

“വർത്തമാനാനുഭവങ്ങളുടെമേൽ പ്രവർത്തിക്കുന്ന നിർജ്ജീവമായ ചരിത്രവിവരണത്തിനുമപ്പുറത്ത് നവ്യങ്ങളായ യാഥാർത്ഥ്യങ്ങളെ  അനുഭവിച്ചെടുപ്പിക്കാൻ കഴിയുന്ന തത്വചിന്താപരമായ സങ്കല്പനങ്ങളെ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചരിത്രജ്ഞാനം സക്രിയമായിക്കൊണ്ടിരിക്കുക. ചരിത്രജ്ഞാനത്തിന്റെ ഈ ഉണ്ടായിക്കൊണ്ടിരിക്കലാണ് അതിനെ  ആവർത്തനമല്ലാതാക്കുന്നതും ആവർത്തനമുണ്ടാക്കിയെടുക്കുന്ന നിലവിലുള്ള അവസ്ഥയുടെ പുനരുല്പാദനത്തെ തകിടം മറിക്കാൻ ഇടയാക്കുന്നതും. നിരന്തരമായി      നിർമ്മിച്ചെടുത്തുകൊണ്ടിരിക്കുന്ന സങ്കല്പനങ്ങളായിരിക്കും ചരിത്രത്തിൻ്റെ  നേർരേഖയിലുള്ളതായി കണക്കാക്കപ്പെട്ട കാലപ്രവാഹത്തിൽ ഇടർച്ചകൾ  ഉണ്ടാക്കുന്നതും പുതിയ യാഥാർത്ഥ്യത്തെ സൃഷ്ടിച്ചെടുക്കാൻ ഇടയാക്കുകയും ചെയ്യുന്ന  ബലം. ചരിത്രത്തിന്റെ മുഴുവൻ ബലങ്ങളും ഒരു ചരിത്രസന്ദർഭത്തിൽ  തിരിച്ചറിയപ്പെടുകയോ, സാക്ഷാത്കരിക്കപ്പെടുകയോ ചെയ്യില്ല. എന്നാൽ, അതിലെ    ആന്തരികവും അതേസമയം ലീനവുമായ ബലത്തെ തിരിച്ചറിയുകയും അവയെ  സൃഷ്ട്യുന്മുഖമായി പരിവർത്തിക്കുകയും ചെയ്യുമ്പോഴാകും ചരിത്രജ്ഞാനം   നവ്യാനുഭവമായി മാറുക ”

ആരുടെകേരളം?: ചരിത്രവിജ്ഞാനീയചിന്തകൾ, ദിനേശൻ വടക്കിനിയിൽ, ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്, വില: 250/-

Comments

comments