‘നാരായണീ സേന’ ഉത്തര്‍ പ്രദേശിലും ബീഹാറിലും മധ്യപ്രദേശിലുമുള്ള യാദവ സമുദായാംഗങ്ങള്‍ക്കിടയില്‍ വലിയ വേരോട്ടമുള്ള ഒരു സംഘടനയാണ്. ഇക്കാലത്ത്, ബീമാരു എന്നറിയപ്പെടുന്ന പഴയ ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍, ഒട്ടനവധി സേനകളുണ്ട്. സ്ത്രീകളേയും പെണ്‍കുട്ടികളേയും സംരക്ഷിക്കാനെന്ന പേരില്‍ സദാചാര വേട്ട നടത്തുന്ന വിവിധ സേനകള്‍, ലവ് ജിഹാദ്, ഭൂമി ജിഹാദ് മുതല്‍ മൈലാഞ്ചി ജിഹാദ് വരെ അവസാനിപ്പിക്കുമെന്ന പേരില്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ച് പല സേനകള്‍, പശുസംരക്ഷണം എന്ന പേരില്‍ അക്രമങ്ങള്‍ നടത്തുന്ന ആള്‍ക്കൂട്ടങ്ങളൊക്കെ വെവ്വേറെ സേനകള്‍. ഇതില്‍ ഭൂരിപക്ഷവും കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഉടലെടുത്ത് വന്നതാണ്. അതിന്റെ തുടര്‍ച്ചയാണ് കേരളത്തില്‍ വരെ ക്രിമിനല്‍ കൂട്ടങ്ങള്‍ ഹനുമാനെന്നും സുഗ്രീവനെന്നും രാമനെന്നുമൊക്കെ പറഞ്ഞ് സ്വയമൊരു രാഷ്ട്രീയാലങ്കാരം നല്‍കി ഗുണ്ടാപ്പണിയെടുക്കുന്നത്.

പക്ഷേ നാരായണീ സേന അങ്ങനെ ചെറിയൊരു സംഘടനയല്ല. ഉത്തര്‍പ്രദേശിലും ബീഹാറിലും തൊണ്ണൂറുകള്‍ മുതല്‍ രാഷ്ട്രീയം നിശ്ചയിച്ചത് യാദവരാണ്. യു.പിയില്‍ മുലായം സിങ്ങും ബീഹാറില്‍ ലാലുപ്രസാദും നേടിയ രാഷ്ട്രീയ വിജയങ്ങള്‍ക്ക് പിന്നില്‍ ഇരു സംസ്ഥാനങ്ങളിലും ആകെ ജനസംഖ്യയുടെ ഇരുപത് ശതമാനത്തിന് മുകളിലുള്ള യാദവരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമുണ്ടായിരുന്നു. പോലീസിലും സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഇടത്തട്ടുകളിലും യാദവര്‍ കഴിഞ്ഞ കുറച്ച് കാലത്തിനുള്ളില്‍ ഈ സംസ്ഥാനങ്ങളില്‍ നിര്‍ണായക സ്വാധീനം ഉറപ്പിച്ചു. അഥവാ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംസ്ഥാനങ്ങളില്‍ ബി.ജെ.പി രാഷ്ട്രീയത്തെ വെല്ലുവിളിച്ചുകൊണ്ട് നിലനില്‍ക്കുന്ന, ഇന്നുവരെ അവരുമായി സഖ്യത്തിലേര്‍പ്പെടാത്ത, ഇരു സംസ്ഥാനത്തേയും അരുക്കാക്കപ്പെട്ട മുസ്ലീം ജനവിഭാഗങ്ങളുമായി സാമൂഹ്യ-രാഷ്ട്രീയ സഹോദര്യം നിലനിര്‍ത്തിപ്പോരുന്ന രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലമെന്നത് യാദവസമൂഹമാണ്. ഈ യാദവസമൂഹത്തിനിടയിലാണ് നാരായണീ സേന എന്നൊരു കൂട്ടര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശക്തിയാര്‍ജ്ജിച്ച് വരുന്നത്.

ഇന്ത്യയിലെ യാദവസമൂഹം പൗരാണികൈതിഹ്യങ്ങളില്‍ ജീവിക്കുന്നവരാണ്. കൃഷ്ണന്റെ സമുദായാംഗങ്ങളാണ് തങ്ങളെന്നും ആ പരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് യാദവരിലൂടെ നിലനില്‍ക്കുന്നതെന്നും അവര്‍ കരുതുന്നു. ഈ പാരമ്പര്യ കഥയെ മൂര്‍ച്ഛ കൂട്ടി നിലനിര്‍ത്തുകയാണ് നാരായണീ സേനയുടെ ദൗത്യം. അതിനായി അവര്‍ കണ്ടിട്ടുള്ള ഏറ്റവും എളുപ്പവഴി മഥുരിയിലെ ഷാഹീ ഈദ്ഗായില്‍ അവകാശം ഉന്നയിക്കുന്ന സംഘപരിവാറിന്റെ അജണ്ടയ്ക്ക് ഒപ്പം ചേരുക എന്നതാണ്. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് പുരാണകഥയിലെ രാമന്‍ ജനിച്ചതെന്ന കഥ പോലെ തന്നെ ഇന്ത്യയില്‍ പ്രചരിപ്പിക്കപ്പെടുന്നതാണ് മഥുരയില്‍ ജനിച്ച കൃഷ്ണനെ കുറിച്ചുള്ളത്. അതുകൊണ്ട് തന്നെ നാരായണീ സേന കഴിഞ്ഞ ഡിസംബര്‍ ആറിന്, ബാബ്‌രി പള്ളി തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍, അഖില ഭാരത് ഹിന്ദു മഹാസഭയ്ക്കും ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസിനുമൊപ്പം മഥുരയിലെ ഷാഹി ഈദ്ഗായിലേയ്ക്ക്  സങ്കല്‍പ്പ് യാത്ര നടത്തി ഈദ്ഗാ നിലനില്‍ക്കുന്നിടത്ത് ജലാഭിഷേകം എന്ന ശുദ്ധി കര്‍മ്മം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചാണ് ഇത് തടഞ്ഞത്.

അഥവാ മുസ്ലീം സമൂഹത്തിനൊപ്പം കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് രാഷ്ട്രീയ-സാംസ്‌കാരിക ഇടം പങ്കിടുകയും തിരഞ്ഞെടുപ്പ് പ്രക്രിയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മതേതരമായി ചുമല്‍ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ണാകയ പിന്‍ബലമായ യാദവരെ പ്രതിനിധീകരിക്കുന്ന നാരായണീ സേന സംഘപരിവാറിന്റെ ദീര്‍ഘകാല രാഷ്ട്രീയ അജണ്ട ഏറ്റെടുത്ത് അയോധ്യയില്‍ നടന്നതിന് സമാനമായ രാഷ്ട്രീയ നീക്കത്തിന് മഥുരയില്‍ തുടക്കമിടുമ്പോള്‍ തത്കാലം തടഞ്ഞ് നിര്‍ത്തിയത് യോഗി ആദിത്യനാഥ് എന്ന ഹൈന്ദവ തീവ്രവാദിയുടെ സര്‍ക്കാരാണ്. അതെന്തിനായിരുന്നുവെന്ന് മനസിലാക്കാന്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രമെങ്ങനെയാണ് ഹിന്ദുത്വ അജണ്ടകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാക്കിയാല്‍ മാത്രം മതി.

പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വൈഷ്ണവ ഭക്തകവിയായ രാമാനന്ദയാണ് നിര്‍മോഹി അഖാഡ സ്ഥാപിച്ചതെന്നാണ് സങ്കല്‍പ്പം. നിലവില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഒട്ടേറെ ക്ഷേത്രങ്ങളും മഠങ്ങളും സ്വന്തമായുള്ള അതിസമ്പന്നമായ ഒരു സവര്‍ണ സംഘടനയാണ് നിര്‍മോഹി അഖാഡ. ഈ സെക്ടിലെ അംഗങ്ങള്‍ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന, രാമ ഭക്തരായിരിക്കണമെന്നാണ് വ്യവസ്ഥ. ഏത് ജാതിയില്‍ പെട്ട ഹൈന്ദവര്‍ക്കും അഖാഡയില്‍ കൗമാരകാലത്തെ അംഗമായി വേദപഠനം നടത്താമെന്നാണ് സങ്കല്‍പ്പമെങ്കിലും നേതൃസ്ഥാനത്തേയ്ക്ക് വരിക സവര്‍ണര്‍ തന്നെയായിരിക്കും. 1853-ല്‍ നിര്‍മോഹി അഖാഡയാണ് ബാബ്‌രിപള്ളി വളപ്പില്‍ അതിക്രമിച്ച് കയറി രാമജന്മഭൂമിയാണെന്ന് ആവശ്യപ്പെട്ട് ആദ്യമായി ഈ പ്രശ്‌നം കോടതിയിലെത്തിച്ചത്.

ഈ നിര്‍മോഹി അഖാഡകളുടെ സംഘത്തില്‍ പഠനത്തിനായി, 1902-ല്‍, രാജസ്ഥാന്‍ ഉദയ്പൂരില്‍ നിന്നുള്ള സ്വരൂപ് നാനുസിങ്ങ് എന്ന ഠാക്കൂര്‍ കുടുംബാംഗം ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ഗൊരഖ്‌നാഥ് മഠത്തില്‍ എട്ടാം വയസില്‍ എത്തിച്ചേര്‍ന്നു. മഠത്തിലെ വേദപഠനത്തിന് ശേഷം സെന്റ് ആഡ്രൂസ് കോളേജില്‍ എത്തിയ നാനുസിങ്ങ് പഠനത്തില്‍ ശോഭിച്ചില്ലെങ്കിലും ടെന്നീസിലും കുതിരസവാരിയിലും രാഷ്ട്രീയത്തിലും തിളങ്ങി. 1920-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നാനുസിങ്ങ് നിസഹകരണ പ്രസ്ഥാനത്തില്‍ പങ്കാളിയായി. ആ സമരത്തിന്റെ ഭാഗമായി ചൗരി ചൗരായില്‍ നടന്ന സംഘര്‍ഷത്തില്‍ 23 പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലെ സജീവപങ്കാളിത്തത്തിന്റെ പേരില്‍ നാനുസിങ്ങ് അറസ്റ്റിലായി. വൈകാതെ കോണ്‍ഗ്രസ് വിടുകയും ഗാന്ധി വിമര്‍ശകനാവുകയും ചെയ്ത അദ്ദേഹം ഹിന്ദുമഹാസഭ വഴി കോണ്‍ഗ്രസിന്റെ എതിര്‍ദിശയില്‍ രാഷ്ട്രീയ സഞ്ചാരം തുടങ്ങി. 1932-ല്‍ ഗൊരഖ്‌നാഥ് മഠത്തിന്റെ അധിപതിയാകാനുള്ള പരിശീലനം ആരംഭിച്ചപ്പോള്‍ നാനുസിങ്ങിന്റെ പേര് ദ്വിഗ്‌വിജയ് നാഥ് എന്നായി.

1935-ല്‍ ബാബാ ബ്രഹ്മനാഥിന്റെ മരണശേഷം ഗോരഖ്‌നാഥ്  മഠത്തിന്റെ അധിപനായ ദ്വിഗ്‌വിജയ് നാഥ്  മഠഭരണത്തിനൊപ്പം ടെന്നീസുകളിയും ഹിന്ദുമഹാസഭ പ്രവര്‍ത്തനവും മുന്നോട്ട് കൊണ്ടുപോയി. 1937-ല്‍ വി.ഡി.സവര്‍കര്‍ ഹിന്ദുമഹാസഭയുടെ അധ്യക്ഷനായപ്പോള്‍ യു.പിയും പരിസരങ്ങളും അടങ്ങുന്ന യുണൈറ്റഡ് പ്രോവിന്‍സിന്റെ അധ്യക്ഷനായി ദ്വിഗ്‌വിജയ് നാഥ് എന്ന നാനുസിങ്ങിനെ നിയമിച്ചു. മുസ്ലീം വിരോധം ഗൊരഖ്‌നാഥ് മഠത്തിന്റെ ആത്മീയനിലപാടാക്കി നാനുസിങ് മാറ്റി. മുസ്ലീം അനുഭാവിയായ ഗാന്ധിയെ കൊല്ലാന്‍ ഹിന്ദുക്കള്‍ മുന്‍കൈയ്യെടുക്കേണ്ടതാണ് എന്ന്  1948 ജനവരി 27-ന് പൊതുയോഗത്തില്‍ ദ്വിഗ്‌വിജയ് നാഥ് പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിന് ശേഷം മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. ഏതാണ്ട് ഒരു മാസം മുമ്പ് ഇതേ കാര്യം ഗാന്ധിജിയുടെ പേര് പറയാതെ തന്നെ ആര്‍.എസ്.എസ് മേധാവി എം. എസ്. ഗോള്‍വാള്‍ക്കറും ആവശ്യപ്പെട്ടിരുന്നു. ഗാന്ധി വധത്തെ തുടര്‍ന്ന് അറസ്റ്റിലായ ദ്വിഗ്‌വിജയ് നാഥ് ഒന്‍പത് മാസത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കി ഇറങ്ങിയ ശേഷം ആദ്യം ചെയ്തത് ഹിന്ദുമഹാസഭയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. അതിനായി 1949 ഡിസംബറില്‍ അഖില ഭാരത രാമായണ മഹാസഭ ബാബ്‌രിപള്ളിയുടെ തൊട്ട് മുറ്റത്ത് ഒന്‍പത് ദിവസത്തെ അഖണ്ഡ രാമചരിതമാനസ പാരായണം ആരംഭിച്ചു. അതിന്നൊടുവില്‍ ഡിസംബര്‍ 22-ന് രാത്രി അമ്പതോളം സന്യാസിമാര്‍ ദ്വിഗ്‌വിജയ്‌നാഥിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ ഒളിച്ച് കടന്ന് ബാല രാമന്റെ പ്രതിമകള്‍ സ്ഥാപിച്ചു. പിറ്റേന്ന് ആയിരത്തിലധികം ഹിന്ദുക്കളെ ഈ സംഘം പള്ളിയുടെ മുന്നിലെത്തിച്ച് രാമപ്രതിമകള്‍ അത്ഭുതാവഹമായി പള്ളിക്കകത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും   രാമജന്മസ്ഥാനമാണെന്നതിന്നുള്ള തെളിവാണ് അതെന്നും വാദിച്ചു. അവിടെ നിന്നാണ്  1992-ല്‍ ഡിസംബര്‍ ആറിന് ബാബ്‌രി പള്ളി ഹിന്ദുഭീകരവാദികള്‍ തകര്‍ക്കുന്ന വിധത്തിലുള്ള ഹൈന്ദവ സംഘാടനവും മുസ്ലീം വിദ്വേഷ പ്രചരണവും ആരംഭിക്കുന്നത്.

ഇതേ ദ്വിഗ്‌വിജയ്‌നാഥ് ഹിന്ദുമഹാസഭ അധികാരത്തിലെത്തുകയാണെങ്കില്‍ മുസ്ലീങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കുമെന്ന്  1952-ല്‍ സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരുന്നു. നാനുസിങ് എന്ന ദ്വിഗ്‌വിജയ്‌നാഥിന്റെ അതേ വഴിയാണ് അദ്ദേഹത്തിന് ശേഷം ഗൊരഖ്‌നാഥ് മഠത്തിന്റെ അധിപതിയായ മഹന്ത് അവൈദ്യനാഥും സ്വീകരിച്ചത്. കൃപാല്‍സിങ് ബിഷ്ട് എന്ന ഠാക്കൂര്‍ ദ്വിഗ്‌വിജയ്‌നാഥിന്റെ ശിഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മരണശേഷം മഹന്ത് അവൈദ്യനാഥനായി മഠത്തിന്റെ നേതൃത്വം മാത്രമല്ല, രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ നേതൃത്വം കൂടി ഏറ്റെടുത്തു. ആദ്യം ഹിന്ദുമഹാസഭയുടേയും പിന്നീട് ബി.ജെ.പിയുടേയും എം.എല്‍.എയും എം.പിയുമായി. മുസ്ലീം വിരുദ്ധത പടര്‍ത്തുന്നതില്‍ ശ്രദ്ധവച്ചു. 1990-ല്‍ രാമജന്മഭൂമി പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ വീട് വിട്ടിറങ്ങിയ അജയ്‌മോഹന്‍ സിങ് ബിഷ്ട് എന്ന പതിനെട്ടുകാരന്‍ ഠാക്കൂര്‍ യുവാവിനെ തൻ്റെ ആത്മീയ പുത്രനായി അവൈദ്യനാഥ് വളര്‍ത്തി. തന്റെ പിന്തുടര്‍ച്ച നല്‍കാന്‍ അജയ്‌മോഹന്‍സിങ്ങ്  ബിഷ്ടിന് ഗൊരഖ്പൂരിലെ എം.പി സ്ഥാനം വളരെ നേരത്തേ നല്‍കി. യോഗി ആദിത്യനാഥ് എന്ന് നാമകരണം ചെയ്ത് ആത്മീയ നേതൃത്വത്തിലേയ്ക്കും എത്തിച്ച അയാള്‍ അവൈദ്യനാഥിന്റെ മരണശേഷം ഗൊരഖ്‌നാഥിലെ പുതിയ മഠാധിപതിയായി. അപ്പോഴേയ്ക്കും ഹിന്ദുയുവവാഹിനി എന്ന തീവ്രവാദ സംഘടനയുടെ നേതാവ് എന്ന നിലയില്‍ അതിഹൈന്ദത-മുസ്ലീം വിരുദ്ധ രാ്ഷ്ട്രീയത്തിന്റെ ഉത്തരേന്ത്യയിലെ ഏറ്റവും പ്രധാന മുഖമായി അയാള്‍ മാറിയിരുന്നു.

****

അജയ് ബിഷ്ട് എന്ന യോഗി ആദിത്യനാഥിന്റെ രണ്ടാം മന്ത്രിസഭ ഉത്തര്‍പ്രദേശില്‍ അധികാരമേല്‍ക്കുമ്പോള്‍ ചരിത്രത്തിന്റെ ഈ വഴി മറന്നുകൂടാ. ഇരുപതാം വയസില്‍, കര്‍സേവകരായ ആയിരക്കണക്കിന് തീവ്രവാദികള്‍ക്കൊപ്പം, ‘യേ തോ കേവല്‍ ഝാക്കി ഹേ, കാശി മഥുര ബാക്കി ഹേ’ (ഇത് സൂചന മാത്രമാണ്, കാശിയും മഥുരയും ബാക്കിയുണ്ട്) എന്ന് മുദ്രവാക്യം വിളിക്കുമ്പോള്‍ ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ദൗത്യം ഭാവിയില്‍ ഏറ്റെടുക്കുന്നത് താനായിരിക്കും എന്ന ബോധ്യം അജയ് ബിഷ്ടിനുണ്ടായിരുന്നോ എന്ന് നമുക്കറിയില്ല. പക്ഷേ ദ്വിഗ്‌വിജയ് നാഥ് മുതലുള്ള ഹൈന്ദവ തീവ്രവാദികള്‍ക്ക് ഇതുസംബന്ധിച്ച കൃത്യം ലക്ഷ്യവും അതിനുള്ള മാര്‍ഗ്ഗവും ഉണ്ടായിരുന്നു. ബാബ്‌രി പള്ളിക്ക് ശേഷം മഥുരയിലെ ഷാഹീ ഈദ്ഗാ-യെ ലക്ഷ്യം വയ്ക്കുമ്പോള്‍ മുന്നില്‍ നില്‍ക്കേണ്ടത് ഇത്രയും കാലം തങ്ങളെ രാഷ്ട്രീയമായി എതിര്‍ത്ത, ഇന്ത്യന്‍ ജനസമൂഹത്തെ വെറുപ്പും ചോരയും നിറച്ച് പിളര്‍ത്തിയ എല്‍.കെ.അദ്വാനിയുടെ രഥത്തെ പിടിച്ച് കെട്ടാന്‍ ലാലുപ്രസാദ് എന്ന ബീഹാര്‍ മുഖ്യമന്ത്രിക്ക് കരുത്ത് നല്‍കിയ, അതേ ജനവിഭാഗത്തെ -യാദവരെ- ഉപയോഗിച്ചാകണം എന്നുള്ളത് അവര്‍ക്കറിയായിരുന്നു.

2017-ല്‍ നരേന്ദ്രമോഡിയുടെ തരംഗത്തില്‍ യു.പി തൂത്തുവാരിയ ശേഷം മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട്  ചെറുസദസിന്  മുന്നില്‍ സ്മൃതി ഉപവനില്‍ സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥല്ല 2022 മാര്‍ച്ച്  25-ന് രണ്ടാം വട്ടം അധികാരമേറ്റത്. ലഖ്‌നൗവിലെ ഭാരത്‌രത്‌ന ശ്രീ അടല്‍ബിഹാരി വാജ്‌പേയി ഏക്താ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി നടന്ന ചടങ്ങിലെ ഒരോ നിമിഷവും നേരത്തേ എഴുതി തയ്യാറാക്കിയതായിരുന്നു. ഒരോ പാര്‍ട്ടി ഓഫീസുകളിലും ജില്ലാ, മേഖല, മണ്ഡല, യൂണിറ്റ് തലങ്ങളിലും ആ സമയത്ത് നടത്തേണ്ട പൂജകളെന്താണ്, ആരെല്ലാമായിരിക്കണം സന്നിഹിതരായിരിക്കേണ്ടത് എന്നിങ്ങനെ സര്‍വ്വകാര്യങ്ങളിലുമുള്ള നിര്‍ദ്ദേശങ്ങള്‍ ആര്‍.എസ്.എസ്  നേരത്തേ തയ്യാറാക്കി നല്‍കിയിരുന്നു. അയോധ്യയില്‍ ബാബ്‌രി പള്ളി പൊളിച്ച ഇടത്ത് പരമോന്നത കോടതിയുടെ അനുമതിയോടെ പണിതുയരുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന രാംജന്മഭൂമി ട്രസ്റ്റംഗങ്ങള്‍, അടുത്ത ലക്ഷ്യമായ കാശി, മഥുര, വൃന്ദാവന്‍ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ തുടങ്ങി അമ്പതോളം പേരെ ആദിത്യനാഥ് നേരിട്ടാണ് വിളിച്ചത്.

The Triumph of Death – Pieter Bruegel

ഇതുകൂടാതെ നൂറുകണക്കിന് ഹിന്ദു സന്യാസിമാരേയും മുഖ്യപുരോഹിതന്മാരേയും ബി.ജെ.പി ജനറല്‍ സെക്രട്ടറി നേരിട്ട് ക്ഷണിച്ചു. ഒരോ ജില്ലാ ആസ്ഥാനത്തും സത്യപ്രതിജ്ഞയ്ക്ക് രണ്ട് മണിക്കൂര്‍ മുന്നേ പ്രാര്‍ത്ഥനകളാരംഭിച്ചു. പൊതുസ്ഥലങ്ങളില്‍ ഹൈന്ദവ പൂജകളും യാഗങ്ങളും നടന്നു. ജില്ലാ, മേഖല, യൂണിറ്റ് തലങ്ങളില്‍ നിന്ന് സത്യപ്രതിജ്ഞയ്ക്ക് നേരിട്ടെത്തുന്നത് ആരെല്ലാമാണെന്ന് നേരത്തേ അറിയിക്കണം, അവരുടെ വാഹനം ആര് തയ്യാറാക്കണം എന്നത് മുതല്‍ ഒരോ മേഖലയില്‍ നിന്നും ചടങ്ങിന് രണ്ട് ദിവസം മുമ്പ് ലഖ്‌നൗവില്‍ എത്തിച്ചേര്‍ന്ന് ഒരുക്കങ്ങളില്‍ പങ്കാളികളാകേണ്ട ആളുകളുടെ പട്ടിക വരെ തയ്യാറായി. ജില്ലാ, മേഖലാ തലങ്ങളില്‍ വയ്‌ക്കേണ്ട കട്ടൗട്ടുകളുടേയും ഹോര്‍ഡിങ്ങുകൂളേയും വലിപ്പം വരെ നിര്‍ദ്ദേശിക്കപ്പെട്ടു. ഇത് സനാതന ധര്‍മ്മത്തിന്റെ പുതിയ കാലത്തിന്റെ ആരംഭമാണെന്നാണ് മഥുരയിലെ പുരോഹിതനായ സദാനന്ദ് മഹാരാജ് അഭിപ്രായപ്പെട്ടത്. ” ‘ജയ് ശ്രീരാം’ എന്നും ‘ജയ് ശ്രീകൃഷ്ണ’ എന്നും ജമ്മുകാശ്മീരിലും പശ്ചിമബംഗാളിലും ധൈര്യത്തോടെ ഉറക്കെ വിളിക്കാന്‍ പറ്റാത്ത കാലമുണ്ടായിരുന്നു. അതിനാണ് അവസാനമായിരിക്കുന്നത്. നമ്മള്‍ ഹിന്ദുരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ആരംഭമാണിത്. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേയ്ക്കും ശ്രീരാമ സഹായത്താല്‍ ഹിന്ദുരാഷ്ട്രമായി മാറും. ഇവിടെ നടന്നത് രണ്ടാം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയല്ല, ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞയാണ്.”-സദാനന്ദ് മഹാരാജ് പറയുന്നു.

******

2024, 2025 എന്നീ വര്‍ഷങ്ങള്‍ ഹിന്ദുത്വയെ സംബന്ധിച്ച് അതിനിര്‍ണായകമാണ്. 2024-ലെ ലോകസഭ തിരഞ്ഞെടുപ്പും 2025-ല്‍ ആര്‍.എസ്.എസിന്റെ ശതാബ്ദി പൂര്‍ത്തീകരണവും. യോഗി ആദിത്യനാഥിന്റെ ഹിന്ദുരാജ്യ സത്യപ്രതിജ്ഞയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മഥുരയിലെ പുരോഹിതവൃന്ദത്തിന്റെ സാന്നിധ്യവുമാണ്. ചുരുക്കി പറഞ്ഞാല്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുക, യാദവാദി പിന്നാക്ക സമൂഹത്തിന്റെ ആവശ്യമായി മഥുരയിലെ ഷാഹിഈദ്ഗാ പൊളിച്ച് കൃഷ്ണക്ഷേത്രം പണിയാനുള്ള അടുത്ത ഹൈന്ദവ സംഘാടനത്തിന്റെ പ്രക്രിയ ദ്രുതഗതിയിലാക്കുക, ആര്‍.എസ്.എസിന്റെ നൂറുവര്‍ഷം തികയുമ്പോള്‍ ഹിന്ദുരാഷ്ട്രത്തിലേയ്ക്കുള്ള ഒരു ചുവട് കൂടി വച്ച് ‘മുസ്ലീങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കുക’ എന്ന തന്റെ ഗുരുവിന്റെ ഗുരുവിന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് അജയ്‌മോഹന്‍സിങ് ബിഷ്ട് എന്ന യോഗി ആദിത്യനാഥ് ഹിന്ദുത്വയുടെ പുതിയ കൊടിയടയാളം ഉത്തര്‍പ്രദേശ് വീണ്ടും ഭരിക്കാന്‍ ആരംഭിക്കുന്നത്.

Comments

comments