നവലിബറൽ കാലത്തെ വാർഷിക ബഡ്‌ജറ്റുകൾ
2022 ലെ കേന്ദ്ര ബഡ്‌ജറ്റ് അവലോകനം ചെയ്യുമ്പോൾ ഈ ഒരു അവതാരിക അത്യാവശ്യം ആണ്. ലോക മുതലാളിത്തത്തിന്റെ വളർച്ചയും വൻകിട കോർപറേറ്റുകളും ലോക ഫിനാൻഷ്യൽ ക്യാപിറ്റലും ചേർന്ന് ആഗോള രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയെ എങ്ങനെ യാതൊരു മറയും ഇല്ലാതെ നിയന്ത്രിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നുവെന്നും അത് എങ്ങനെയാണ് ഒരു രാജ്യത്തിൻറെ വാർഷിക ബഡ്‌ജറ്റിനെ ആസൂത്രണ രഹിതവും യുക്തിരഹിതവും ആക്കിത്തീർക്കുന്നു എന്നും മനസിലാക്കാൻ കഴിഞ്ഞ കുറെ വർഷങ്ങളിലെ ഇന്ത്യൻ യൂണിയൻ ബജറ്റ് നോക്കിയാൽ മതി.
കോവിഡ് കാലത്ത് ഒട്ടുമിക്ക സ്റ്റേറ്റുകളും തീരാ കടത്തിലേക്ക് മൂക്ക് കുത്തിയപ്പോൾ പല കോർപ്പറേറ്റുകളുടെ ലാഭം ഇരട്ടിയോ അതിലേറെയോ ആയി. ഉത്പാദനത്തിലൂന്നാത്ത പല കോർപ്പറേറ്റുകളും (Nykki, PayTm) വിപണിയിൽ നിന്ന് വൻ തുകകൾ നേടുമ്പോൾ, ഉത്‌പാദനത്തിലൂന്നിയ വ്യവസായികൾ നിക്ഷേപകരെ കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. ഉത്‌പാദനത്തെ അവഗണിച്ച് യാതൊരു സാമ്പത്തിക സദാചാരവും ഇല്ലാതെ തന്ത്രങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിപണി വ്യവസ്ഥയാണ്, നവലിബറൽ ലോകത്തിൻ്റേത്.
നവലിബറൽ നയങ്ങൾക്ക് വ്യാപകമായ സ്വീകാര്യത കൈവന്നതിന് ശേഷം വാർഷിക ബഡ്‌ജറ്റ് അവതരണങ്ങൾ വളരെയധികം രാഷ്ട്രീയ പ്രാധാന്യം നേടി. ഉത്തമ ഉദാഹരണം 1991 ജൂണിൽ അന്നത്തെ ധനമന്ത്രി ഡോ. മൻമോഹൻ അവതരിപ്പിച്ച ബഡ്‌ജറ്റ് തന്നെ. പിന്നീടുള്ള ഓരോ ബഡ്‌ജറ്റുകളും നവലിബറൽ ഇന്ത്യയെ വളർത്തുകയായിരുന്നു. 1970-കളിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) നേതൃത്തത്തിൽ ആരംഭിച്ച കുറഞ്ഞ നിരക്കിലെ അടിസ്ഥാന ആവശ്യങ്ങൾ (basic minimum needs) എന്ന വികസന അജണ്ട, അടിസ്ഥാന സൗകര്യങ്ങൾ – ഭക്ഷണം, വസ്ത്രം, പാർപ്പിടം, ചുരുങ്ങിയ വേതനം, കുടിവെള്ളം, ശുചിത്വം എന്നിവയ്ക്കൊപ്പം മിനിമം ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള നയതീരുമാനങ്ങളിൽ അടിസ്ഥാന തലത്തിൽ പങ്കെടുക്കാനും കൂടി കഴിഞ്ഞാൽ അതൊരു വലിയ സംഭവം ആണെന്ന് പഠിപ്പിച്ചു. രാജ്യങ്ങൾ ആ ലക്ഷ്യത്തിൽ എത്താനുള്ള വഴിയായി കണ്ടത്, സ്വത്തിലുള്ള അവകാശം പൂർണമായും സ്വകാര്യ വ്യക്ത്യാധിഷ്ഠിതമാക്കിയാണ്.
ഒന്ന് കൂടി വ്യക്തമാക്കിയാൽ എല്ലാവർക്കും വിദ്യാഭ്യാസം (education for all) എന്ന് പറഞ്ഞാൽ സമ്പൂർണ്ണ പ്രൈമറി വിദ്യാഭ്യാസവും, അപ്പർ പ്രൈമറി വിദ്യാഭ്യാസവും മാത്രം ആകുന്നതും പരിശീലനം ഇല്ലാത്ത, സെക്കൻഡറി വിദ്യാഭ്യാസം മാത്രമുള്ളവർ അധ്യാപകർ ആകുന്നതിനെ അംഗീകരിക്കുന്നതും, അത്രയൊക്കെ മതി എന്ന നവലിബറൽ ചിന്ത കൊണ്ടാണ്. അതുപോലെ സമ്പൂർണ്ണ ആരോഗ്യ പദ്ധതി എന്നാൽ, ഒരു കുടുംബത്തിന് 30,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ധാരാളം മതി എന്ന് പറയുന്നതും. അതേസമയം ഇത്തരത്തിലെ നയങ്ങൾ നടപ്പിലാക്കാൻ ഉപദേശിക്കുന്നവ ആളുകൾ, പ്രത്യേകിച്ചും IMF, World Bank, ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികളിൽ പ്രവർത്തിക്കുന്നവർ എന്നിവരെല്ലാം ഉന്നത ശമ്പളവും തൊഴിൽ ആനുകൂല്യങ്ങൾ ഉള്ളവരും അവരുടെ വരുമാനത്തിന് കനത്ത നികുതി ഇളവുകൾ അനുഭവിക്കുന്നവരും ആണ്.
ജിഡിപി വർദ്ധന ഉണ്ടായപ്പോൾ അതിന്റെ പല മടങ്ങിൽ സർക്കാർ ശമ്പളം വർദ്ധിപ്പിച്ച് കോർപ്പറേറ്റ് നിരക്കിൽ എത്തിച്ചതു വഴി സർക്കാർ ഉദ്യോഗസ്ഥരെ ഒരു പ്രീ-ഡെമോക്രാറ്റിക് കാലഘട്ടത്തിലെ അധികാരവും, സമ്പത്തും നിറഞ്ഞ ഒരു പ്രത്യേക ഗ്രൂപ്പ് ആക്കുകയാണ് ചെയ്‌തത്. അതിന് ഒരു പ്രധാന കാരണം വേതന വർദ്ധനയുടെ ഒപ്പം കൊണ്ടുവരേണ്ട ഉത്തരവാദിത്ത ഘടകങ്ങൾ (accountability components) തീർത്തും കണക്കിലെടുത്തതേയില്ല എന്നതാണ്. ഉദാഹരണത്തിന് വികാസനോന്മുഖമായ ഒരു പദ്ധതി പരാജയപ്പെട്ടത് കൊണ്ട് അതിൽ പ്രവർത്തിച്ച ആർക്കും ശമ്പളവർദ്ധന നഷ്ടപ്പെടുന്നില്ല, പെൻഷൻ ഇല്ലാതാവുന്നില്ല. 2006-ൽ നടപ്പിലായ ആറാം ശമ്പള കമ്മീഷൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരേയും പ്രതിരോധ സേന ഉദ്യോഗസ്ഥരേയും ഉന്നത വരുമാന പട്ടികയിൽ കൊണ്ടുവന്നപ്പോൾ ഉണ്ടായ അധിക ചെലവ് ബാലൻസ് ചെയ്തത് തസ്തികകൾ വെട്ടിക്കുറച്ചും, ക്ലാസ് ഫോർ ജീവനക്കാരെ പൂർണ്ണമായും ഒഴിവാക്കിയും ആണ്. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളും ഇതേ രീതി തുടർന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ വേതനം കൂട്ടി. നാലിലൊന്ന് കേന്ദ്ര സർക്കാർ ജീവനക്കാർ കരാർ തൊഴിലാളികൾ ആണ്. അതിൽ out sourced തൊഴിലാളികൾ പെടുന്നില്ല. അതും കൂടി പെടുമ്പോൾ പകുതിയും പലതലത്തിലെ കരാർ പണിക്കാർ ആവും. ഇത്രയും പറഞ്ഞതിന് കാരണം, ഇന്ത്യയിലെ മൊത്തം തൊഴിലിന്റെ ഒരു ശതമാനത്തിൽ മാത്രമുള്ള ഒരു കൂട്ടർക്കായി കേന്ദ്ര സർക്കാർ ബജറ്റ് ചിലവിന്റെ കാൽ ഭാഗം ചിലവഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന സാമ്പത്തിക അസമത്വം ആരും കണക്കിലെടുക്കുന്നില്ല എന്നതിനാലാണ്. അതിന് ഒരു കാരണം ഇന്ന് നിലവിൽ ശക്തരായ തൊഴിൽ സംഘടനകൾ സർക്കാർ ഉദ്യോഗസ്ഥ സംഘടനകൾ ആണ് എന്നതാണ്. (ബാക്കിയെല്ലാം 1991 ന് ശേഷം വന്ന തൊഴിൽ നിയമങ്ങളിലെ ലഘൂകരണം മൂലം ജീവൻ നഷ്ടപെട്ട അവസ്ഥയിലായി).
തങ്ങളുടെ വിശേഷാനൂകൂല്യങ്ങളും ഉന്നത വേതനവും, അധികാരവും നഷ്ടപ്പെടുത്താൻ ആരും തയ്യാറാവുകയില്ല. അതിനാൽ മറ്റ് അസമത്വങ്ങളെ കുറിച്ച് വേവലാതിപ്പെടുന്നവർ അടിസ്ഥാന വർഗത്തിന് നൽകുന്ന ചെറിയ അപ്പക്കഷണങ്ങളെ പെരുപ്പിച്ച് കാണിക്കുന്നത് സ്വാഭാവികം മാത്രം. പൊതു ബജറ്റ് അവതരണത്തിന് ശേഷം കോർപ്പറേറ്റ് പ്രതിനിധികൾ പറയുന്ന അതേ ഭാഷയും പ്രയോഗങ്ങളും ആണ് നയരൂപീകരണ മേഖലയിൽ പ്രവർത്തിക്കുന്ന പലരിലും ബജറ്റ് അവലോകനങ്ങളിൽ കാണുന്നത്. അവരും അവരുടെ പ്രതിനിധികളും ഉൾകൊള്ളുന്ന ഗ്രൂപ്പുകൾ രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്ത് വരികയും ഭരണക്രമത്തെ നിയന്ത്രിക്കുകയും ചെയ്യുമ്പോഴാണ് ബേസിക് മിനിമം ആവശ്യങ്ങൾ നടപ്പിലാക്കാനുള്ള നയങ്ങൾ വലിയ വലിയ സംഭവങ്ങൾ ആയി അവതരിപ്പിക്കപ്പെടുന്നത്. ഒരു ധനമന്ത്രി സാമ്പത്തികകാര്യ വിദഗ്ദ്ധയായിരിക്കണം എന്ന് നിർബന്ധമൊന്നുമില്ല. പക്ഷെ എങ്ങനെ പൊതു ജനം ജീവിക്കുന്നു എന്ന അറിവുള്ളവരായിരിക്കണം, പൊതു ഭരണക്രമം എങ്ങനെ കാര്യങ്ങളെ നടപ്പിലാക്കുന്നു എന്ന് മനസിലാക്കാനും ആ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ പൊതുസേവകർ ആക്കി നിർത്താനും കഴിയണം. ഒപ്പം, സ്റ്റേറ്റിന്റെ വരുമാനം എന്തെന്നും, അത് എങ്ങനെ ചെലവഴിക്കണം എന്നും, എന്താണ് സ്റ്റേറ്റിന്റെ നയ മുൻഗണനകൾ എന്നുമെല്ലാം വ്യക്തമായ ധാരണയുള്ളവരും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിവുള്ളവരും ആയിരിക്കണം.
ഇത്തരത്തിലുള്ള ഒരു ഐഡിയൽ വാർഷിക ബജറ്റ്, ഉണ്ടായിരുന്നുവോ? ഇതിന് ഉത്തരം സ്റ്റേറ്റ് എന്ന ആശയവും ആയി ചേർന്നിരിക്കുന്നതാണ്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഷൺമുഖം ചെട്ടി, ജോൺ മത്തായി, സി ഡി ദേശ്‌മുഖ് ഒക്കെ ബജറ്റ് അവതരിപ്പിക്കുമ്പോൾ ദരിദ്ര നാരായണന്റെ സ്വപ്നത്തിലെ ഇന്ത്യയിലേക്കുള്ള വഴി തെളിയിക്കാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാൽ, അവ പോലും കൊളോണിയൽ കാലത്തിന്റെ അവസാനഘട്ടത്തിൽ ഇന്ത്യയുടെ വികസനത്തിനായി കോൺഗ്രസ് പാർട്ടിയും, സ്വതന്ത്ര സമര നേതാക്കളുമെല്ലാം ചേർന്ന് തയ്യാറാക്കിയ വികസന പ്ലാനുകൾക്ക് കാര്യമായ ഒരു പരിഗണയും നല്കാത്തവയായിരുന്നു. വിഭജനത്തിന്റെ മുറിവുണക്കൽ, പരസ്‌പരം മല്ലിട്ടുകൊണ്ടിരുന്ന രാജവംശങ്ങളെ ലയിപ്പിക്കാൻ ഒരു പ്രതിരോധ സേനയെ ഉണ്ടാക്കൽ, പിന്നെ ഭക്ഷണത്തിനും തൊഴിലിനും ആയി കാർഷിക വ്യവസ്ഥയെ തയ്യാറാക്കൽ ഇതൊക്കെ പരിഗണന പട്ടികയിൽ മുഖ്യസ്ഥാനത്ത് വന്നപ്പോൾ പൊതു സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ ആയ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ നിർമാണങ്ങൾ ഒക്കെ പുറകിലേക്ക് പോയി.
അതിന് ഒരു കാരണം കോളനി ഭരണവും, രാജ ഭരണവും അവസാനിച്ചെങ്കിലും, അവർ നിലനിറുത്തിയിരുന്ന ഉദ്യോഗസ്ഥവൃന്ദവും പൊതു ഭരണസംവിധാനവും (പബ്ലിക് അഡ്മിനിസ്ട്രേഷൻ) അങ്ങനെ തന്നെ തുടർന്നു എന്നതാണ്. ഇന്നും ഇന്ത്യൻ സിവിൽ സർവീസിന്റെ അടിസ്ഥാന സ്വഭാവവും രീതികളും പത്തൊൻപതാം നൂറ്റാണ്ടിലെ രണ്ടാം പാദത്തിൽ ഒരു കോളണി ഭരണത്തിനായി വിഭാവനം ചെയ്ത രീതികളിൽ തന്നെ നിലനിൽക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഒരു ജനാധിപത്യ രാജ്യത്തെ പൊതു സേവകർ (public servant) ആയി രാഷ്ട്രീയ നേതൃത്വവും, ഭരണനേതൃത്വവും ഉയർന്നു വരുന്നതിന് പകരം അവർ യജമാനന്മാരും അവർ സേവിക്കേണ്ട ജനത അവരുടെ അടിയാളരും ആയത്. നവലിബറൽ നയങ്ങൾ ഈ അടിയാള-യജമാന ബന്ധത്തെ പലവിധത്തിൽ ഊട്ടി ഉറപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെയാണ് വിപണി വ്യവസ്ഥയുടെ മനോഹര കഥകൾ പാണർ വീണ്ടും വീണ്ടും പാടുമ്പോഴും ജനം സർക്കാർ ജോലിക്കായി ഇടിച്ചു കയറുന്നത്. കോർപ്പറേറ്റ്, ആതുര സേവന, അധ്യാപക ജോലികൾ വിട്ട് യുവാക്കൾ കേന്ദ്ര/സംസ്ഥാന സിവിൽ സർവീസ് പരീക്ഷകൾക്കായി വർഷങ്ങൾ ചിലവാക്കുന്നത്. പൊതു സേവനം ആണ് ലക്ഷ്യമെങ്കിൽ ഒരു ഡോക്ടറും അധ്യാപകനും ഈ പണിക്ക് പോകേണ്ട കാര്യം ഇല്ല.
സത്യത്തിൽ 21-ആം നൂറ്റാണ്ടിലെ ഇന്ത്യയെ വിഭാവനം ചെയ്‌ത് അതിനനുസരണമായി പദ്ധതികളും ബജറ്റ് നീക്കിയിരുപ്പും നടത്തേണ്ട സമയം എന്നേ അതിക്രമിച്ചു. രണ്ടായിരാമാണ്ടോടെ എന്തെങ്കിലും ഒക്കെ ചെയ്യാനും വിപണി വ്യവസ്ഥയുടെ ഉള്ളിൽ നിന്നുകൊണ്ടു തന്നെ അടിസ്ഥാന വർഗത്തെ മുന്നോട്ട് കൊണ്ടുവരാനുമായി ഉയർന്നു വന്ന പല പ്രവർത്തനങ്ങളും, പ്രവർത്തകരും ഇന്ന് പൊതുമണ്ഡലത്തിൽ നിന്നും അപ്രത്യക്ഷമായ അവസ്ഥയിൽ ആണ്. ഒപ്പം ജനത്തിനൊപ്പം നിന്ന രാഷ്ട്രീയ പ്രവർത്തകർ, പ്രൊഫഷണൽ രാഷ്ട്രീയ പ്രവർത്തകർക്കായി വഴി മാറി. അതിന്റെ പരിണിതഫലം പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും കാണാം. ജനങ്ങളുടെ ആവശ്യങ്ങൾ ഉയർത്താനായി ഉയരേണ്ട ചർച്ചകൾ തണുത്തതായി. പല പ്രമാദ നിയമങ്ങളും നടപ്പിലായത് അഞ്ച് മിനിറ്റിൽ താഴെയുള്ള ചർച്ചകൾ കൊണ്ടാണ്, ഉദാഹരണം 2020 ൽ കൊണ്ടു വന്ന മൂന്ന് കാർഷിക നിയമങ്ങൾ തന്നെ.
ധനമന്ത്രിയുടെ മുൻപിലെ സാമ്പത്തിക വെല്ലുവിളികളും 2022-’23 കേന്ദ്ര ബഡ്‌ജറ്റും:
2017 കാലം മുതൽ ഇന്ത്യ അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യം, 2019-ൽ ഇന്ത്യയെ 45 വർഷം മുൻപുള്ള തൊഴിലില്ലായ്മയിൽ എത്തിച്ചു. ഇതിന് പ്രധാന കാരണം ഉപഭോഗത്തിൽ ഉണ്ടായ അഭൂതപൂർവമായ ഇടിവ് മൂലം വ്യാവസായിക ഉത്‌പാദനം കുറഞ്ഞതാണ്. ഇതിനിടയിലാണ് കോവിഡ് മഹാമാരിയും അതിനെ തുടർന്നുണ്ടായ ലോക്ക് ഡൗണുകളും വരുന്നത്. ആരോഗ്യ മേഖല നേരിട്ട പ്രതിസന്ധികൾക്കൊപ്പം ഉത്‌പാദന മേഖല അഭിമുഖീകരിച്ച പ്രശ്നങ്ങളെയും നേരിടേണ്ടി വന്നതാണ് ഭരണകൂടങ്ങൾക്ക് മുൻപിൽ ഉണ്ടായ പ്രധാന വെല്ലുവിളി. കോവിഡ് പാക്കേജുകൾ എല്ലാം തന്നെ ഉത്‌പാദന വർദ്ധനവ് ഉദ്ദേശിച്ചിട്ടുള്ളവയാണ്. ഇന്ത്യ നേരിട്ട വികസന പ്രതിസന്ധിയുടെ പ്രധാന കാരണം ഉപഭോഗത്തിൽ ഉണ്ടായ വൻ ഇടിവാണെന്ന് മനസിലാക്കാൻ സാമ്പത്തിക ഉപദേശകർക്കും ധനമന്ത്രിക്കും ഇനിയും കഴിഞ്ഞിട്ടില്ല എന്ന് 2022 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച യൂണിയൻ ബജറ്റ് ഒന്ന് കൂടി വ്യക്തമാക്കുന്നു.
ഉപഭോഗം വർദ്ധിപ്പിക്കണമെങ്കിൽ ജനത്തിന്റെ കൈയിൽ പണം എത്തണം. 2008-ലെ സാമ്പത്തിക മാന്ദ്യത്തിൽ ഇന്ത്യയ്ക്ക് ഒരുപരിധി വരെ രക്ഷയായത്, തൊഴിലുറപ്പ് പദ്ധതി വഴി പണം ജനത്തിന്റെ കയ്യിലെത്തി എന്നതാണ്. എന്നാൽ ഇത്തവണത്തെ ബജറ്റിൽ MGNREGA-ക്കുള്ള നീക്കിയിരുപ്പിൽ 34 ശതമാനം കുറവ് വരുത്തി, 73,000 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. അതുപോലെ വരുമാന നികുതിയുടെ പരിധിയിൽ വർദ്ധനവ് ഉണ്ടാക്കി നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല. ഇന്ത്യൻ മധ്യവർഗം കാത്തിരുന്നതാണ് വരുമാന നികുതി പരിധിയുടെ വർദ്ധന. അത് പോലെ ആരോഗ്യത്തിനുള്ള നീക്കിയിരുപ്പ് 2021-22-ലേത് തന്നെയാണ്. വിദ്യാഭ്യാസത്തിന് 11 ശതമാനം വർദ്ധനയുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ/ ഓൺലൈൻ ക്ലാസ്സുകൾക്കുള്ള ഫോക്കസ് കൂടിവരുന്നതായാണ് കാണുന്നത്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനും അംഗൻവാടി വഴിയുള്ള പോഷകാഹാരത്തിനുമുള്ള നീക്കിയിരുപ്പ് വീണ്ടും കുറഞ്ഞു.
അതേ സമയം കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്നും 23 ശതമാനം ആക്കിയത് ഒരു ശതമാനം കൂടി കുറച്ച് 22 ശതമാനം ആക്കിയിരിക്കുന്നു. അതു വഴി ഏകദേശം ഒന്നര ലക്ഷം കോടി രൂപയുടെ നികുതി ഇടിവാണ് ഉണ്ടായിരിക്കുന്നത്. ചുരുക്കത്തിൽ ജിഎസ് ടിയും വരുമാന നികുതിയും കൊണ്ട് വട്ടച്ചിലവ് കഴിക്കാം എന്നതാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. ഇവിടെ ഒരു കാര്യം ഓർക്കേണ്ടത് ഇന്ത്യയുടെ 98 സൂപ്പർ ധനികരുടെ ആസ്തിയെന്നത് 55.2 കോടി ജനത്തിന്റെ മൊത്തം ആസ്‌തിക്ക് തുല്യമാണ് എന്നതാണ്. വേറൊരുതരത്തിൽ പറഞ്ഞാൽ ആസ്തിയുടെ തുലാസ് നേരെയാക്കാൻ അതിൻ്റെ ഒരു തട്ടിൽ 40 ശതമാനം ഇന്ത്യക്കാർക്ക് ഒപ്പം വെറും 98 ധനികർ കൂടി മതി. കോവിഡ് ആരംഭിച്ചതിനു ശേഷം ഇന്ത്യൻ സൂപ്പർ ധനികരുടെ ആസ്തി 331 ബില്യൺ ഡോളറിൽ നിന്നും 117 ശതമാന വർദ്ധിച്ച് 719 ബില്യൺ അമേരിക്കൻ ഡോളർ ആയി. രാജ്യത്തിൻറെ ജിഡിപി വളർച്ചയിൽ 8 ശതമാനത്തിന്റെ ഇടിവുണ്ടായ സമയത്താണ് ഇന്ത്യൻ അതിധനികരുടെ ആസ്തി ഇരട്ടിച്ചത്. അംബാനിയും അദാനിയും ഏഷ്യയിലെ ഏറ്റവും വലിയ ധനികരായി വാഴ്ത്തപ്പെടുന്ന കാലത്ത് തന്നെയാണ് ഇന്ത്യയിലെ 70 ശതമാനത്തോളം, അല്ലെങ്കിൽ മൂന്നിൽ രണ്ട് ജനത പട്ടിണി കിടക്കുന്നത് – അവരുടെ ദിവസ വരുമാനം വെറും രണ്ട് ഡോളർ മാത്രമാണ്. മൂന്നിൽ ഒരു ഇന്ത്യക്കാരൻ ജീവിക്കുന്നത് അതിദാരിദ്ര്യത്തിലും. അതായത്, കഷ്ടി ഒരു ഡോളർ മാത്രം വരുമാനം. ഒരു ഇന്ത്യക്കാരന്റ ശരാശരി വരുമാനം 10 ഡോളർ എങ്കിലും ആയാൽ മാത്രമേ ഇന്ത്യ 3 ട്രില്യൺ അമേരിക്കൻ ഡോളർ സാമ്പത്തിക വ്യവസ്ഥയായി മാറുകയും താഴേക്കിടയിലുള്ളവർക്ക് മിനിമം ഭക്ഷണം കഴിക്കാൻ സാധിക്കുകയും ചെയ്യുക. കഴിഞ്ഞ കുറെ വർഷങ്ങളായി അത്തരം ഒരു ലക്‌ഷ്യം ഇന്ത്യൻ നയരൂപീകരണക്കാർ മുന്നോട്ട് വയ്ക്കുന്നില്ല.
ഒപ്പം ഇന്ത്യൻ ഗവണ്മെന്റ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പരോക്ഷ നികുതിയിലൂന്നിയ വരുമാനത്തെ ആശ്രയിച്ചാണ് ബജറ്റ് ചിലവുകൾ നടത്തുന്നത്. ഏകദേശം 68 ശതമാനം ആണ് പരോക്ഷ നികുതി വരുമാനം. അതായത്, സർക്കാർ ചിലവ് നടത്തുന്നത് പ്രധാനമായും ഇവിടത്തെ സാധാരണക്കാരന്റെ പോക്കറ്റിൽ കൈയിട്ടാണെന്ന് സാരം. ധനികരുടെ വലിയ ആസ്തിയും അവർക്കായി സ്റ്റേറ്റ് കൊടുക്കുന്ന വിവിധ സബ്‌സിഡികളും വച്ചു നോക്കിയാൽ ധനികർ ഇന്ത്യൻ സ്റ്റേറ്റിന് ഗുണമല്ല, ബാധ്യതയായാണ് വരുത്തുന്നത്.
മോദി സർക്കാരിന്റെ മുൻകാല ബഡ്‌ജറ്റുകൾ പോലെ ഈ ബഡ്‌ജറ്റിനും ഉള്ള ഒരു പ്രധാന പ്രശ്നം, ഇത് ഒരുപാട് അല്ലറ ചില്ലറ കാര്യങ്ങൾ പറഞ്ഞു പോകുന്നതല്ലാതെ എന്താണ് ഇന്ത്യൻ സ്റ്റേറ്റ് മുന്നോട്ട് വയ്ക്കുന്ന വികസന അജണ്ട എന്ന് വ്യക്തമാക്കുന്നില്ല എന്നതാണ്. 2014-ൽ ഭരണത്തിൽ വന്നതിനു ശേഷം പഞ്ചവത്സര പദ്ധതികൾ നിർത്തലാക്കുകയും പ്ലാനിംഗ് കമ്മീഷനെ പിരിച്ച് വിട്ട് NITI ആയോഗ് എന്ന ഒരു പോളിസി തിങ്ക് ടാങ്ക് ഉണ്ടാക്കുകയും ചെയ്തു. എന്നാൽ NITI ആയോഗ്, പ്ലാനിംഗ് കമ്മീഷൻ ചെയ്ത രീതിയിൽ, ദീർഘവീക്ഷണത്തിലൂന്നിയ ഒരു ആസൂത്രണവും നടത്തുന്നില്ല. സാമ്പത്തിക രംഗം പ്രശ്നാധിഷ്ഠിതമായി ഇരിക്കുന്ന ഈ അവസ്ഥയിൽ ആസൂത്രണത്തിലൂന്നിയ ഒരു വികസന തന്ത്രം ഇന്ത്യക്ക് അത്യാവശ്യമായിരിക്കെയാണ് ഇത്.
പഞ്ചവത്സര പദ്ധതിയുണ്ടായിരുന്നു എങ്കിൽ, ഇക്കാലയളവിനിടയ്ക്ക് അവലോകനം (mid term review) ഉണ്ടായേനെ. NITI ആയോഗിനെ വച്ചുള്ള ഇത്തരം പ്രഖ്യാപനങ്ങൾ കൊണ്ട് സ്റ്റേറ്റിന് ജനങ്ങൾക്കു മുന്നിൽ ഒരു പ്രോഗ്രസ്സ് റിപ്പോർട്ട് വയ്ക്കേണ്ട കാര്യം ഇല്ലാതായി.
2015-ലെ ബജറ്റ് പ്രസംഗത്തിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്‌റ്റിലി കൊട്ടിഘോഷിച്ചത് 2022-ൽ അമൃത് മഹോത്സവ കാലത്ത്, പതിമൂന്നു ലക്ഷ്യങ്ങൾ കൈവരിക്കും എന്നായിരുന്നു. എല്ലാവർക്കും പാർപ്പിടം, പാർപ്പിടത്തിൽ കുടിവെള്ളം, ശുചിമുറി, വൈദ്യുതി എന്നിവ ഉറപ്പാക്കിയിരിക്കും, ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കിയിരിക്കും, ഇന്ത്യ ലോകത്തിന്റെ മാനുഫാക്ച്ചറിങ് ഹബ് ആയി മാറിയിരിക്കും, കർഷകന്റെ വരുമാനം ഇരട്ടിച്ചിരിക്കും, 80,000 പുതിയ ഹയർ സെക്കൻഡറി സ്കൂളുകൾ തുടങ്ങിയിരിക്കും, അങ്ങനെ അങ്ങനെ വളരെ കൈയടി നേടിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി 31-ന് പുറത്ത് വന്ന ഇക്കണോമിക് സർവേയിൽ ഈ പദ്ധതികൾക്ക് എന്ത് സംഭവിച്ചുവെന്ന ഒരു കണക്കെടുപ്പ് പോലും ഇല്ല. പഞ്ചവത്സര പദ്ധതിയുണ്ടായിരുന്നു എങ്കിൽ, ഇക്കാലയളവിനിടയ്ക്ക് അവലോകനം (mid term review) ഉണ്ടായേനെ. NITI ആയോഗിനെ വച്ചുള്ള ഇത്തരം പ്രഖ്യാപനങ്ങൾ കൊണ്ട് സ്റ്റേറ്റിന് ജനങ്ങൾക്കു മുന്നിൽ ഒരു പ്രോഗ്രസ്സ് റിപ്പോർട്ട് വയ്ക്കേണ്ട കാര്യം ഇല്ലാതായി. ഇത്തവണത്തെ ബഡ്‌ജറ്റിൽ പുതിയ ഒരു പദം കൊണ്ട് വന്നിട്ടുണ്ട് – അമൃത് കാൽ (amrut kaal). ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 100-ആം വർഷത്തെ ലക്ഷ്യമിട്ടുള്ള പരിപാടികൾ ആണത്. അതിന്റെ പ്രധാന ഘടകം ഡിജിറ്റൽ ടെക്നോളജി വികസനത്തിലൂന്നിയ മൊത്തം വികസനവും, പൊതു നിക്ഷേപത്തെ സ്വകാര്യ നിക്ഷേപവും ആയി കൂട്ടിയോജിപ്പിച്ച് സ്വകാര്യ മേഖലയുടെ വളർച്ചയുമാണ്. അതിനൊപ്പം പരാജയപ്പെട്ട അരിച്ചിറങ്ങൽ യുക്തി (trickle down) പോലൊന്ന് കൊണ്ട്, സ്ഥൂലവികസനം (macro development) കൊണ്ട് പുഷ്‌പിക്കാവുന്ന സൂക്ഷ്മവികസനം (micro development) എന്നതും. സത്യത്തിൽ ധനമന്ത്രി ഉദ്ദേശിച്ചത് എന്താണെന്ന് മനസിലാക്കാൻ പറ്റിയ ഒരു പ്രൊജക്റ്റ് ഡോക്യുമെൻ്റ്, അല്ലെങ്കിൽ ഒരു വിഷൻ ഡോക്യുമെൻ്റ് പോലും ധനമന്ത്രാലയമോ NITI ആയോഗോ പുറത്തിറക്കിയിട്ടില്ല. പൊതു മണ്ഡലത്തിന് ലഭ്യമല്ലാത്ത എന്തോ ഒന്നാണ് ഈ അമൃത് കാൽ എന്നാണ് മനസിലാക്കേണ്ടത്.
ഈ അമൃത് കാലത്തിന്റെ പ്രഖ്യാപനം തന്നെയാണ് സമകാല ഇന്ത്യ അനുഭവിക്കുന്ന തന്ത്രരഹിത വികസനത്തിന്റെ ഉത്തമ ഉദാഹരണം. ഇന്ത്യൻ വിദേശനാണയ ശേഖരം സുരക്ഷിതമായിരിക്കുന്നതും, കോവിഡിനെ തുടർന്ന് സാമ്പത്തിക വ്യവസ്ഥ പതുക്കെ അനങ്ങി തുടങ്ങിയതും, ജി എസ് ടി വരുമാനം കൂടുന്നതും നല്ല കാര്യം. എന്നാൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ അടക്കമുള്ള ലാഭത്തിൽ നടക്കുന്ന പൊതു മേഖല സംരംഭങ്ങളെ വിറ്റ് തുലച്ചുള്ള വിഭവസമാഹരണവും, കടമെടുപ്പും ഇനിയൊരു പ്രതിസന്ധിയെ നേരിടാനുള്ള ശക്തി ഇല്ലാതാക്കുന്ന നടപടികൾ ആണ്.
അവസാനമായി ശ്രദ്ധിക്കേണ്ടത്, അതി സമ്പന്നരെ പൂവിട്ടു പൂജിച്ച്, നവലിബറൽ നയങ്ങളെ പരിലാളിച്ച് പരിലാളിച്ച് കൊണ്ട് നടന്നിരുന്ന രാജ്യമായ ശ്രീലങ്കയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തം കടൽ കടന്ന് ഇവിടെ എത്താൻ അധിക കാലം വേണ്ട എന്നതാണ്. അമൃത് കാലം, കാളകൂട കാലം ആയി മാറും. കൃത്യമായ ആസൂത്രണമില്ലായ്മയും, സ്വകാര്യസ്വത്തിന്റെയും സ്വകാര്യ നിക്ഷേപത്തിന്റേയും വളർച്ചയെ മാത്രം ആശ്രയിച്ച് സാമ്പത്തിക വ്യവസ്ഥയെ വളർത്തിക്കൊണ്ട് രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള ശ്രമവും (അങ്ങനെയൊരു ശ്രമം ഉണ്ടെങ്കിൽ) ശരിയായ പാതയിലല്ല എന്നാണ് ഇന്ത്യ അയൽക്കാരിൽ നിന്നും പഠിക്കേണ്ട പാഠം. അതിനൊപ്പം രണ്ട് നൂറ്റാണ്ട് മുൻപ് ചിന്തകർ പറഞ്ഞ കാര്യങ്ങളും നയങ്ങൾ ഉണ്ടാക്കുന്നവർ ഓർത്തിരുന്നെങ്കിൽ എന്ത് നന്നായിരുന്നു- സ്വകാര്യസ്വത്തിന്റെ അനിയന്ത്രിതമായ ഏകദിശാ ശേഖരണം സമ്പദ് വ്യവസ്ഥയെ തന്നെ അല്ല, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വ്യവസ്ഥയെ തന്നെ തകർക്കും. രാജ്യം അന്ധകാരത്തിലേക്ക് വീഴും
വാൽക്കഷണം: പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സ്വതന്ത്ര വിപണി വ്യവസ്ഥയെ (laize faire) വിമർശനാത്മകമായി കണ്ട പ്രമുഖ ലിബറൽ സാമ്പത്തിക ചിന്തകൻ സീസ്‌മോണ്ടി (Sismondi) പറഞ്ഞത് സാമ്പത്തിക രാഷ്ട്രീയത്തിന്റെ സദാചാര ലക്‌ഷ്യം (moral sentiments) സ്വത്ത് ഉണ്ടാക്കുന്നതിലും വിപുലീകരിക്കുന്നതിലും അപ്പുറം, സാമൂഹിക നീതി ഉറപ്പാക്കാൻ സ്വത്തിന് എങ്ങനെ കഴിയുമോ അതിനെ അടിസ്ഥാനമാക്കിയാണ് നിലനിൽക്കുന്നത് എന്നാണ്. മാർക്‌സിനു മുൻപ് തന്നെ സ്വകാര്യ സ്വത്തിന്റെ അനിയന്ത്രിതമായ സംഭരണം മൂലം സാമൂഹിക അനീതിയും അസമത്വവും എങ്ങനെ ഉരുത്തിരിയുന്നുവെന്ന് പ്രൂധോം (Proudhon) അടക്കമുള്ള പല ലിബറൽ ചിന്തകരും വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യമൂല്യങ്ങൾ നശിച്ചാൽ യുദ്ധവും ദാരിദ്യവും അനിവാര്യതയാകുമെന്ന അവരുടെ ആശങ്കകൾ ആസ്ഥാനത്തല്ലായിരുന്നു എന്ന് പിൻകാല ചരിത്രം പറയുന്നു. 2022-ൽ വന്നുനിൽക്കുമ്പോൾ സിസ്‌മോണ്ടിയും പ്രൗഡനും അടക്കമുള്ള ചിന്തകർ നൊസ്ത്രദാമസിനെ വെല്ലുന്ന ഭാവി പ്രവചനം നടത്തിയവരാണെന്ന് പറയേണ്ടി വരും.
Dr Resmi P Bhaskaran
Policy Analyst
Excellent analysis on the subject.
Simple and thoughtful article.
അമൃത് കാലം കാളകൂടമാകാതിരിക്കട്ടെ എന്നാശിക്കാം