ഫ്യോദൊർ ദസ്തയേവ്സ്കിയുടെ മരണത്തെപ്പറ്റി അദ്ദേഹത്തിന്റെ സമശീർഷനും സമകാലികനുമായ ടോൾസ്റ്റോയ്  ആത്മസുഹൃത്തായ തത്വചിന്തകൻ നിക്കോളായ് സ്റ്റാർഹോവിനെഴുതിയ കത്ത് ഉദ്ധരിച്ചുകൊണ്ടാണ് പി.കെ.രാജശേഖരന്റെ പുതിയ പഠനഗ്രന്ഥമായ ദസ്തയേവ്സ്കി: ഭൂതാവിഷ്ടന്റെ ഛായാപടം ആരംഭിക്കുന്നത്. ആശയപരമായും രചനാപരമായും വ്യത്യസ്തധ്രുവങ്ങളിൽ നിലയുറപ്പിച്ചിരുന്ന, ജീവിച്ചിരുന്ന കാലത്ത് പരസ്പരം മതിപ്പ് പുലർത്താതിരുന്ന ആ ഉന്നതശീർഷരിലൊരാൾ കാലാവശേഷനായതിനുശേഷം ‘അപരൻ’ നൽകുന്ന ശ്രദ്ധാഞ്ജലിയാണ് ആ കത്ത്. ടോൾസ്റ്റോയിയിൽ നിന്ന് രാജശേഖരൻ എടുത്തെഴുതുന്നു; “ആ മനുഷ്യനെ (ദസ്തയേവ്സ്കിയെ) ഞാൻ ഒരിക്കലും കണ്ടിട്ടില്ല, നേരിട്ടുള്ള ബന്ധവും ഒരിക്കലുമുണ്ടായിട്ടില്ല, എന്നാൽ അദ്ദേഹത്തിന്റെ തിരോധാനത്തിൽ പൊടുന്നനെ ഞാൻ തിരിച്ചറിയുന്നു, എന്നോട് ഏറ്റവും ചേർന്നുനിന്നത് അയാളാണെന്ന്, അമൂല്യനും അത്യന്താപേക്ഷിതനുമായി”. ഈ കത്ത് പുസ്തകത്തിന്റെ തുടർച്ചയിൽ നേരിട്ട് ഭാഗഭാക്കല്ലെങ്കിലും, ദസ്തയേവ്സ്കിയെക്കുറിച്ചുള്ള രാജശേഖരന്റെ ആലോചനകളെ നിർണയിച്ച സുപ്രധാനഘടകങ്ങളിലൊന്ന് ഈ കത്ത് തന്നെയായിരിക്കണം. ദസ്തയേവ്സ്കി എത്രമേൽ അമൂല്യനും അത്യന്താപേക്ഷിതനുമാണെന്ന ടോൾസ്റ്റോയിയുടെ തിരിച്ചറിവ് കേവലം അദ്ദേഹത്തിന്റെ മാത്രമല്ല ലോകമാസകലമുള്ള വായനക്കാരുടെ (മലയാളികളുടെയും) കൂടിയാണെന്ന വീക്ഷണത്തിൽ നിന്നാണ് ഈ പുസ്തകം പുറപ്പെട്ടുവരുന്നത്. ആധുനികലോകം കണ്ട ഏറ്റവും വലിയ എഴുത്തുകാരിലൊരാൾക്ക് മലയാളം കല്പിച്ചുനൽകുന്ന ശ്രദ്ധാഞ്ജലിയായി പുസ്തകം അതുവഴി മാറുന്നു. ഇതിനകം നമുക്കറിയാമെങ്കിലും, എത്ര അമൂല്യനും അത്യന്താപേക്ഷിതനുമാണ് ദസ്തയേവ്സ്കി എന്ന് രാജശേഖരൻ ഒരിക്കൽകൂടി പറഞ്ഞുവെക്കുന്നു.

Dr. P. K. Rajasekharan

മലയാളത്തിന് സ്വകീയമായ ഒരു ദസ്തയേവ്സ്കി അനുഭവഘടനയുണ്ട്. ഇടപ്പളളി കരുണാകരമേനോന്റെയും എൻ.കെ.ദാമോദരന്റെയും വിവർത്തനങ്ങൾ, ദസ്തയേവ്സ്കിയെക്കുറിച്ചുള്ള ഭിന്നഭിന്നങ്ങളായ പഠനങ്ങൾ, അദ്ദേഹത്തിന്റെ കുറിപ്പുകളുടെയും കത്തുകളുടെയും പരിഭാഷകൾ മുതൽ അമൽനീരദിന്റെ ‘ഇയ്യോബിന്റെ പുസ്തകം’ എന്ന ജനപ്രിയചിത്രത്തിലെ കഥാപാത്രസൃഷ്ടികൾ വരെ ഈ ദസ്തയേവ്സ്കി അനുഭവത്തിന്റെ ലിഖിതപാഠങ്ങളായി കാണാം. 1930-കളോടെ ഇടതുപക്ഷചിന്തയാല്‍ വലയം ചെയ്യപ്പെട്ട മലയാളത്തിന്റെ സാംസ്‌കാരികമനസ്സ് സമാനമായ ജീവിതദര്‍ശനങ്ങള്‍ കൈകാര്യം ചെയ്യുന്ന റഷ്യൻ സാഹിത്യത്തില്‍ അഭയസങ്കേതം കണ്ടെത്തിയതോടെയാണ് ദസ്തയേവ്സ്കി ഇവിടേക്കും ഇറക്കുമതി ചെയ്യപ്പെട്ടത്. അതുപക്ഷേ ചില നോവലുകളുടെ വിവർത്തനങ്ങളിൽ ഒതുങ്ങാതെ ഒരു ദസ്തയേവ്സ്കി വ്യവഹാരത്തെ തന്നെ സൃഷ്ടിച്ചെടുത്തു. പിന്നീടൊരുപക്ഷേ മാർക്വേസ് മാത്രമാവണം ഇത്ര വിപുലമായൊരു വിവർത്തിതജീവിതം മലയാളത്തിൽ കൈയാളിയത്. പാവങ്ങൾ, അമ്മ, അന്നകരെനീന എന്നിവയെല്ലാം മലയാള വിവർത്തനത്തിലെ ഉദാത്തശൃംഖങ്ങളായിരിക്കെ തന്നെ അവയെയെല്ലാമതിവർത്തിക്കുന്നതും, ഒറ്റ കൃതിയിലൊതുങ്ങാത്തതും, മലയാളീകരിക്കപ്പെട്ട പുനരാലോചനകളാൽ സമൃദ്ധമായതുമായ തുടർജീവിതമാണ് ദസ്തയേവ്സ്കിക്ക് കൈവന്നത്. ഈ അനുഭവഘടനയെ പശ്ചാത്തലമാക്കി നിർത്തി ദസ്തയേവ്സ്കിയെയും അദ്ദേഹത്തിന്റെ കൃതികളെയും പരിശോധിക്കുകയാണ് പി.കെ.രാജശേഖരൻ ചെയ്യുന്നത്.

പ്രാഥമികമായ പരിശോ‌ധനയിൽ താരതമ്യേന അപരിചിതമായ പുസ്തകരൂപകല്പനയാണ് നമ്മെ അത്ഭുതപ്പെടുത്തുക. ആമുഖമോ ഉപസംഹാരമോ ഇല്ലാത്ത, അധ്യായങ്ങളായി തിരിക്കുകയോ ഉപശീർഷകങ്ങൾ നൽകുകയോ ചെയ്യാത്ത, ഒരു ദീർഘോപന്യാസത്തിന്റെ ഘടനയാണ് ഭൂതാവിഷ്ടന്റെ ഛായാപടത്തിനുള്ളത്. വായിച്ചുതുടങ്ങുന്നതിനു മുൻപേ വിരസമായ അനുഭവത്തിലേക്കാണോ എടുത്തുചാടുന്നത് എന്നു സംശയിക്കാൻ തക്ക സംവിധാനമാണത്; പ്രത്യേകിച്ചും ഒരു സാഹിതീയ ആലോചനയാകുമ്പോൾ അത്തരമൊരു സംവിധാനം ഭയപ്പാട് പോലുമുണ്ടാക്കാം. അധ്യായവിഭജനങ്ങളും ഉപശീർഷകങ്ങളും വായനക്കാരനെ സുഗമമായി സഞ്ചരിക്കാൻ സഹായിക്കുന്ന ചില അത്താണികളാണ്. വാക്കുകളുടെയും ആശയങ്ങളുടെയും തിളച്ചുമറിയുന്ന മരുഭൂമിയിലൂടെയുള്ള ഏകാന്തയാത്രയിൽ ഇതുവരെ കടന്നുവന്നതിനെക്കുറിച്ച് പരിചിന്തിക്കാനും വരാൻപോകുന്നതിനെക്കുറിച്ച് സാമാന്യധാരണ രൂപപ്പെടുത്താനും സഹായിക്കുന്ന തണ്ണീർപന്തലുകളാണവ. മൈൽകുറ്റികളോ വഴികാട്ടികളോ ഇല്ലാത്ത പുറങ്ങളിലൂടെ സുഗമമായി സഞ്ചരിക്കാൻ വായനക്കാരന് കഴിയുമെന്ന് വിശ്വസിക്കുവാൻ സ്വന്തമെഴുത്തിനെക്കുറിച്ച് അസാമാന്യമായ ഒരുറപ്പുണ്ടായിരിക്കണം. അത്തരമൊരുറപ്പിന്റെ മുകളിലാണ് രാജശേഖരൻ ദീർഘമായ ഈ വിചാരങ്ങൾ കെട്ടിയുയർത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വിരസമാവാൻ സാധ്യതയുള്ളതെന്ന് നാം കരുതിപ്പോയ അതേ രൂപസംവിധാനത്തിൽ ആണ്ടുമുഴുകിപ്പോകുന്ന വായനാനുഭവമാണ് ഭൂതാവിഷ്ടന്റെ ഛായാപടം.

ദീർഘമായ വാചകങ്ങളാണ് പുസ്തകത്തിൽ പലയിടത്തും. ഒരുദാഹരണം നോക്കൂ; “യാഥാർഥ്യം/ അയഥാർഥ്യം, തഥ്യ/മിഥ്യ, അസ്സൽ/ പകർപ്പ്, വാസ്തവം/ പ്രതീതി, യഥാതഥം/ഭ്രമാത്മകം തുടങ്ങിയ വിരുദ്ധദ്വന്ദ്വങ്ങൾക്കിടയിലേക്കു വായനക്കാരെ വലിച്ചെറിഞ്ഞുകൊണ്ട് വ്യവസായവിപ്ലവാനന്തര നാഗരികജീവിതാവിഷ്കാരമായി കടന്നുവന്ന ആ നോവലിലെ ഇരട്ട എന്ന ആശയത്തിലെ തീക്ഷ്ണമായ സ്വത്വോതകണ്ഠകളും മാനസികലോകസങ്കീർണതകളുടെ പ്രകാശനവും തിരിച്ചറിയാൻ, പടിഞ്ഞാറൻ യൂറോപ്പിൽനിന്നു വീശിയ വ്യവസായവിപ്ലവത്തിന്റെയും ആധുനികതത്വഭാവനയുടെയും മുതലാളിത്തത്തിന്റെയും പരിവർത്തനതരംഗങ്ങൾ വൈകിമാത്രം എത്തിച്ചേർന്നുകൊണ്ടിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ രാജാധിപത്യ-ജന്മിത്ത റഷ്യയിലെ വായനക്കാരും സാഹിത്യനിരൂപകരം പരാജയപ്പെടുകയാണുണ്ടായത്”. വാക്കുകളുടെയും ആശയങ്ങളുടെയും ഈ നീണ്ട കൂട്ടിക്കെട്ടലുകളിൽ, വായനക്കാരൻ ശ്വാസംകിട്ടാതെ പിടയേണ്ടതാണ്. പക്ഷേ, രാജശേഖരൻ്റെ ഗദ്യമാവട്ടെ ഈ ‘ദണ്ഡകരീതി’യെ ഭാഷയുടെ സാമാന്യഘടന പോലെ പ്രക്ഷേപിപ്പിക്കുന്നു. വീണ്ടും വീണ്ടും പര്യവേക്ഷണത്തിന് പ്രേരിപ്പിക്കാൻ തക്ക ‘എന്തോ ഒന്ന്’ ഈ നീണ്ട വാചകങ്ങളിലേക്ക് നമ്മെ ആകൃഷ്ടരാക്കുന്നു. ചില പുതിയ വാഗ്സംയുക്തങ്ങൾ (ഉഭയോർമധ്യസ്ഥലങ്ങൾ, സംഗരസ്ഥലം…., ) കെട്ടിയുണ്ടാക്കിയും, സാമാന്യവാക്കുകളിൽ ചിലതിന് ആശയപരമായ മാന്ത്രികത നൽകിയും (പൊട്ടിപ്പിരിയുക, ഉമ്മറപ്പടി, ഉത്കർഷേച്ഛ….) തന്റെ എഴുത്തുഭാഷയെ തച്ചിനുപണിതെടുക്കാൻ രാജശേഖരന് കഴിഞ്ഞിരിക്കുന്നു. ഭാഷയിലെ അസാമാന്യ ആത്മവിശ്വാസമാവാം ദുർഘടമായ ഒരു രൂപസംവിധാനത്തെ അയത്നലളിതമായി  വിന്യസിക്കാൻ രാജശേഖരന് കരുത്തേകിയിട്ടുണ്ടാകുക. അതിലദ്ദേഹത്തിന് നന്ദി..!

‘മലയാളത്തിലെ ദസ്തയേവ്സ്കി പഠനങ്ങളിലെ ഉയർന്ന ശിരസ്സ് ‘ എന്നാണ് സുനിൽ പി.ഇളയിടം പുസ്തകത്തെ അതിന്റെ ബ്ലർബിൽ വിശേഷിപ്പിക്കുന്നത്. ദസ്തയേവ്സ്കിയെ ഒരു രചയിതാവ് എന്നതിനപ്പുറം ഭാവനാബന്ധങ്ങൾ, പരിഭാഷകൾ, സിദ്ധാന്തവിചാരങ്ങൾ എന്നിങ്ങനെ പലരൂപത്തിൽ തുടർജീവിതം കൈവന്ന ഒരു വിപുലപാരമ്പര്യമായി പരിഗണിക്കുകയാണ് രാജശേഖരൻ ചെയ്യുന്നതെന്നും അദ്ദേഹമവിടെ ചൂണ്ടിക്കാട്ടുന്നു. ഭൂതാവിഷ്ടന്റെ ഛായാപടത്തെ ഏറ്റവും കുറഞ്ഞ വാക്കുകളിൽ സമഗ്രമായി അവതരിപ്പിക്കുന്നവയാണ് മേൽവാചകങ്ങൾ. സുനിൽ ചൂണ്ടിക്കാട്ടിയതുപോലെ ദസ്തയേവ്സ്കി എന്ന എഴുത്തുകാരനെയോ, അദ്ദേഹത്തിന്റെ കൃതികളെയോ, അവയെക്കുറിച്ചുള്ള സിദ്ധാന്തരൂപീകരണത്തെയോ, പിൽക്കാല ആലോചനകളെയോ ഏകമുഖമായി അന്വേഷിക്കുകയല്ല രാജശേഖരൻ ചെയ്യുന്നത്. മറിച്ച്, ഇവയെല്ലാം പല തോതിലും അളവിലും ചായതേപ്പുകൾ നിർമ്മിച്ച പടമായി ദസ്തയേവ്സ്കിയെ കണ്ടുകൊണ്ട്, ആ നിറങ്ങളിൽ ചിലതിനെ സൂക്ഷ്മമായും ചിലതിനെ സാമാന്യമായും അഴിച്ചെടുക്കുകയാണ്. സംസ്കാരപഠനങ്ങൾ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സമീപനത്തിന്റെ രീതിശാസ്ത്രമാണ് രാജശേഖരൻ സ്വീകരിക്കുന്നതെന്നു പറഞ്ഞാൽ തെറ്റില്ല. അവിടെ, ചരിത്രത്തിലെ കേവലമൊരു ജഡസ്ഥാനമല്ല ദസ്തയേവ്സ്കി. ആയിത്തീർന്നതിന്റെയും ആയിക്കൊണ്ടിരിക്കുന്നതിന്റെയും ഇടയിലെ ചലനമാണ്. ബീയിംഗ് ന്റെയും ബികമിംഗ് ന്റെയും (രാജശേഖരന്റെ തന്നെ ഒരു പ്രയോഗത്തെ മുൻനിർത്തിയാൽ) ‘ഉഭയോർമധ്യസ്ഥല’ത്തെ ചില ചായംപൂശലുകളാണ്. അവ നിർമ്മിച്ചെടുക്കുന്ന പടത്തെ അനാച്ഛാദനം ചെയ്യുകയാണ് രാജശേഖരൻ.

നാലുതരം ആലോചനകളാണ് ഈ പുസ്തകത്തിലുള്ളത്. അതിൽ പ്രഥമവും പ്രധാനവുമായത് ദസ്തയേവ്സ്കി കൃതികളിൽ നിന്നു തിരഞ്ഞെടുത്തവയുടെ പാഠവിശകലനമാണ്. സാന്ദ്രവിവരണം (thick description) എന്നു വിശേഷിപ്പിക്കാൻ കഴിയുന്ന രീതിയാണ് അവിടങ്ങളിൽ പുസ്തകം പിന്തുടരുന്നത്. രണ്ടാമതായി, ദസ്തയേവ്സ്കിയെ മുൻനിർത്തിയുയർന്ന സിദ്ധാന്തവിചാരങ്ങളെ – വിശിഷ്യാ മിഖായേൽ ബഖ്തിന്റെ**-ചിന്താലോകത്തെ പരിചയപ്പെടുത്തലാണ്, മൂന്നാമതായി മലയാളത്തിലേക്കുള്ള

Mikhail Bakhtin

വിവർത്തനങ്ങളിലൂടെയുള്ള ദസ്തയേവ്സ്കിയുടെ വരവിനെ പിൻതുടരലാണ്, നാലമതായി ദസ്തയേവ്സ്കിയുടെ രചനാകാലത്തിന്റെ സാമൂഹ്യ-രാഷ്ട്രീയഘടനയെ അനാവരണം ചെയ്യലാണ്. ഇവയോരോന്നും ക്രമം ക്രമമായി അടുക്കിവെക്കുകയല്ല; മറിച്ച് ആഖ്യാനത്തിന്റെ അവശ്യാനുസരണം അതത് സന്ദർഭങ്ങളിൽ ഓരോ മേഖലയിലേക്കും കടക്കുകയാണ് പുസ്തകം ചെയ്യുന്നത്. ഇത്തരമൊരാലോചനയിലൂടെ; “ഇന്നത്തെ കാലത്തുനിന്ന് ചരിത്രപരമായി രണ്ടുതവണ നീക്കം ചെയ്യപ്പെട്ട ലോകത്തെ” വരച്ചുകാട്ടിയ “മതാത്മകവീക്ഷണം പുലർത്തുകയും ഏതുതരത്തിലുള്ള ജനാധിപത്യ സമ്പ്രദായങ്ങളോടും മുഖം തിരിഞ്ഞു നിൽക്കുകയും ചെയ്ത” ആ റഷ്യൻ നോവലിസ്റ്റ് ഏറ്റവും സമകാലികനായി നമുക്കനുഭവപ്പെടുന്നത് എന്തുകൊണ്ട് എന്ന് അന്വേഷിക്കുകയാണ് പുസ്തകം.

1846-ൽ പ്രസിദ്ധീകരിച്ച ഇരട്ട (The Double), 1866-ൽ പുറത്തിറങ്ങിയ കുറ്റവും ശിക്ഷയും (Crime and Punishment), 1880-ൽ പ്രസിദ്ധപ്പെടുത്തിയ കാരമസൊവ് സഹോദരന്മാർ (Brothers Karamazov) എന്നീ നോവലുകളെയാണ് പുസ്തകത്തിൽ സൂക്ഷ്മവിചിന്തനത്തിന് വിധേയമാക്കുന്നത്. ഈ മൂന്നുനോവലുകളുടെ ചർച്ചയിലൂടെ ദസ്തയേവ്സ്കിയുടെ എഴുത്തുലോകത്തിന്റെ നാനാതരം മാനങ്ങളിലേക്ക് പുസ്തകം വിരൽ ചൂണ്ടുന്നു. നോവലുകളുടെ കഥാപ്രമേയത്തെ വിശദമായി പരിചയപ്പെടുത്തുക, അവയെക്കുറിച്ചുള്ള പിൽക്കാല ആലോചനകളെ സംഗ്രഹിക്കുക,  ശേഷം ഏതെങ്കിലും സവിശേഷ ഘടകത്തെ തന്റേതായ നിലയിൽ പരിശോധിച്ചുകൊണ്ട് ആ നോവലിന്റെ സമകാലികതയെ വ്യക്തമാക്കുക എന്ന രീതിയാണ് ഈ വിചിന്തനസമയങ്ങളിൽ രാജശേഖരൻ പിൻപറ്റുന്നത്.

സെന്റ് പീറ്റേഴ്സ് ബർഗിലെ സർക്കാർ ഉദ്യോഗസ്ഥനായ യാക്കോവ് പെത്രോവിച്ച് ഗല്യാദ്കിൻ എന്ന യുവാവിന്റെ സ്വഭാവവ്യതിയാനങ്ങളുടെ കുഴമറിച്ചിൽ ചിത്രീകരിച്ച ഇരട്ട എന്ന നോവലിനെ ദസ്തയേവ്സ്കിയിലേക്കുള്ള വാതിലായാണ് പുസ്തകം പരിഗണിക്കുന്നത്. “ആധുനികലോകത്തിന്റെ ഏറ്റവും അഗാധവും സമഗ്രവുമായ രോഗനിർണയത്തിന് നാം ദസ്തയേവ്സ്കിയോട് കടപ്പെട്ടിരിക്കുന്നു” എന്ന് ഒക്ടോവിയോ പാസ് വിശേഷിപ്പിച്ച ഈ നോവൽ ഫ്രോയ്ഡിനെ പൂർവദർശനം ചെയ്ത കൃതിയാണ്. ഗല്യാദ്കിനും അയാളുടെ ആന്തരികസംഘർഷങ്ങളുടെ സൃഷ്ടിയായ അപരഗല്യാദ്കിനും തമ്മിലുള്ള വടംവലിയാണ് ആ നോവൽ. “കർത്തൃനിഷ്ഠതയ്ക്കും വസ്തുനിഷ്ഠതയ്ക്കുമിടയിലെ അപരിഹാര്യമായ വിടവായി ആയിരിക്കുന്നതിനും ആയിത്തീരാനാഗ്രഹിക്കുന്നതിനുമിടയിലെ സംഘർഷ”മായി ഗല്യാദ്കിനെ സ്ഥാനപ്പെടുത്തുന്ന രാജശേഖരൻ ‘കത്ത്’ എങ്ങനെയാണ് ഈ നോവലിൽ ഒരു  രൂപകത്തിന്റെ സ്ഥാനം കൈയാളുന്നതെന്ന് വിശദീകരിക്കുന്നു (എഡ്ഗാർ അല്ലൻ പോവിന്റെ The Purloined Letter എന്ന കഥയെ ലക്കാനും പിന്നീട് ദറിദയും വായിച്ചത് ഇവിടെ സ്മരണീയമാണ്). ഗല്യാദ്കിന്റെ വഴുതിപ്പോകുന്ന മനോനിലയുടെ സന്ദിഗ്ധസ്ഥിതി വെളിവാക്കുന്നവയാണ് ആ നോവലിലെ കത്തുകളെന്ന് പുസ്തകം പറഞ്ഞുവെക്കുന്നു. ഇരട്ടയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ആ നോവലിന് കാഫ്കയുടെ മെറ്റമോർഫോസിസുമായുള്ള ബന്ധത്തെയും പുസ്തകം പരിശോധിക്കുന്നുണ്ട്. ഗല്യാദ്കിൻ ഗ്രിഗർസാംസയുടെയും പൂർവസ്ഥാനമായി മാറുന്നതെങ്ങനെ എന്ന സൂക്ഷ്മവിശദീകരണം അവിടങ്ങളിൽ കാണാം.

ദസ്തയേവ്സ്കിയുടെ പ്രതിഭ പരിപക്വമായിത്തീർന്ന കുറ്റവും ശിക്ഷയും എന്ന നോവലിനെ ‘തലതിരിച്ചെഴുതിയ അപസർപ്പകനോവൽ’ എന്നാണ് രാജശേഖരൻ വിശേഷിപ്പിക്കുന്നത്. പിൽക്കാലത്ത് രൂപപ്പെട്ടുവന്ന അപസർപ്പകനോവലിനെ പ്രവചിക്കുകയായിരുന്നില്ല ദസ്തയേവ്സ്കി ചെയ്തതെന്നും, അപസർപ്പകാഖ്യാനങ്ങളുടെ ആകാംക്ഷാസൃഷ്ടിതന്ത്രത്തെ മുൻകൂട്ടി തകർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. റസ്കോൾനിക്കോവ് എന്ന പേരിന്റെ അർഥസൂചനകളിൽ നിന്നാരംഭിക്കുന്ന ചർച്ച കഥാപ്രമേയത്തിലൂടെ കടന്നുപോയി പരസ്പരവിരുദ്ധമായ രണ്ടുഘടകങ്ങൾ ഏറ്റുമുട്ടുന്ന പടനിലമായി മുഖ്യകഥാപാത്രം മാറുന്നതെങ്ങനെ എന്ന സൂക്ഷ്മവിചിന്തനത്തിലെത്തിച്ചേരുന്നു. ജെറോമി ബെൻതാം അവതരിപ്പിക്കുകയും ജോൺ സ്റ്റുവർട്ട് മില്ലിലൂടെ വ്യാപകമാകുകയും ചെയ്ത പ്രയോജനവാദ(utilitarianism)വും ‘അതിമാനുഷൻ’ എന്ന സങ്കല്പത്തിലുള്ള വിശ്വാസവും ചേർന്ന് അതിക്രൂരമായ ഹത്യ നിർവഹിച്ച റസ്ക്കോൽനിക്കോവ്, തന്റെ മനഃസാക്ഷിയുടെയും സത്യത്തിന്റെയും കഠോരമായ വിചാരണവേദിയിൽ വിറകൊണ്ടു നിൽക്കുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും. ഒരർഥത്തിൽ, ഇരട്ടയിൽ പ്രത്യക്ഷപ്പെട്ട വിരുദ്ധസംഘർഷങ്ങൾക്ക് വിപുലമാനം കൈവരികയായിരുന്നു ഇവിടെ. ഈ നോവലിലെ സ്വപ്നത്തെയാണ് പുസ്തകം സവിശേഷമായി പരിശോധിക്കുന്നത്. ഇരട്ടയിൽ കത്തുകൾ എന്നതുപോലെ കുറ്റവും ശിക്ഷയും-ൽ സ്വപ്നങ്ങൾക്കും ചിഹ്നമൂല്യമുണ്ട്. രാജശേഖരന്റെ വാക്കുകളിൽ; “സ്വപ്നങ്ങൾ ചിറകുകളുള്ള പ്രതീകങ്ങളാണ് ദസ്തയേവ്സ്കിയുടെ നോവലുകളിൽ; കഥാപാത്രങ്ങളുടെ ആന്തരികലോകത്തേക്ക് വായനക്കാരെ വഹിക്കുന്ന പക്ഷികൾ”. റസ്കോൽനിക്കവ് കാണുന്ന അഞ്ചോളം സ്വപ്നങ്ങളെ വിശദീകരിക്കുന്നതിലൂടെ അയാളുടെ കഠിനപീഡയെ വെളിവാക്കുന്നു പുസ്തകം.

Dostoevsky in 1872, portrait by Vasily Perov

ദസ്തയേവ്സ്കിയുടെ ‘പ്രതിഭയുടെ പരമജ്വലന’മായ കാരമസോവ് സഹോദരന്മാരെ “ആശയങ്ങളുടെ സർപ്പദംശനമേറ്റ മനുഷ്യരുടെ തീവ്രാവേഗങ്ങളും മനുഷ്യപ്രകൃതിയുടെ സങ്കീർണതകളും വിശ്വാസസംഘർഷങ്ങളും ശരിതെറ്റുകളെപ്പറ്റിയുള്ള അന്തിമമായ തീർപ്പുകളൊന്നുമില്ലാതെ പ്രക്ഷേപിക്കപ്പെട്ട സംവാദവേദി” എന്നാണ് രാജശേഖരൻ വിശേഷിപ്പിക്കുന്നത്. മനുഷ്യപ്രകൃതിയുടെ ഭിന്നഭാവങ്ങൾ ആവിഷ്കരിക്കുകയായിരുന്നു കാരമസോവ് കുടുംബത്തിലൂടെ ദസ്തയേവ്സ്കി. നോവലിൽ നിന്ന് രൂപകങ്ങളെയോ പ്രതീകങ്ങളെയോ മുൻനിർത്തി ചർച്ച മുൻപോട്ടു കൊണ്ടുപോകുന്നതിന് പകരം വിഷയാസക്തി, പിതൃഹത്യാവാസന എന്നീ പ്രമേയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് രാജശേഖരൻ ചെയ്യുന്നത്. ഓരോ കഥാപാത്രത്തിലും ഈ വാഞ്ഛകൾ ഏതേതെല്ലാം അളവിൽ പ്രത്യക്ഷപ്പെടുന്നു എന്നും താമസവും രാജസവും സാത്വികവുമായ ഗുണത്രയം കാരമസോവ് സന്താനങ്ങൾ എങ്ങനെയെല്ലാം ഉൾവഹിക്കുന്നു എന്നും രാജശേഖരൻ ചൂണ്ടിക്കാട്ടുന്നു. കാരമസോവ് സന്താനങ്ങളെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായല്ല; നായകധർമങ്ങൾ വിന്യസിക്കപ്പെട്ട സഞ്ചിതനായകത്വമായാണ് രാജശേഖരൻ കാണുന്നത്. അതിലൂടെ അതിപ്രധാനമായ ഒരു നിരീക്ഷണത്തിലേക്ക് അദ്ദേഹം വാതിൽ തുറന്നിടുന്നു; “ശിഥിലമായ സഞ്ചിതനായകത്വത്തെക്കുറിച്ചുള്ള ഈ ഭാവനയിലൂടെ ആധുനികമനുഷ്യന്റെ ശിഥിലവ്യക്തിത്വത്തെക്കുറിച്ചുള്ള ദർശനമാണ് ദസ്തയേവ്സ്കി അവതരിപ്പിച്ചത്”. ദസ്തയേവ്സ്കി കൂടുതൽ സമകാലികനാവാനുള്ള കാരണം; പാശ്ചാത്യാധുനികതയുടെ ആധാരശിലയായ ദൃഢവ്യക്തിത്വം എന്ന മിഥ്യയെ ചോദ്യം ചെയ്തത് കൊണ്ടാവാം; ആധുനികതയുടെ കൂറ്റൻ കെട്ടിയുയർത്തപ്പെട്ട ആ പില്ലറുകളെ വിധ്വംസകമായി മേടിയതുകൊണ്ടാവാം.

പാഠവിശകലനത്തോളം പ്രാധാന്യം നൽകുന്നില്ലെങ്കിലും, മലയാളത്തിലെ ദസ്തയേവ്സ്കി വിചാരങ്ങളിലെ അനന്യമായ രചനയായി ഭൂതാവിഷ്ടന്റെ ഛായാപടത്തെ മാറ്റുന്നത്, പുസ്തകം കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ ആലോചനയാണ്. ദസ്തയേവ്സ്കി വിചാരങ്ങളുടെ സമുദ്രത്തിൽ ഏകാകിയായ ഒരു നാവികനും വിളക്കുമാടവുമായി നിൽക്കുന്ന മിഖായേൽ ബക്തിൻ്റെ വിചാരലോകത്തെക്കുറിച്ചുള്ള ചർച്ചയാണത്. ഇതിനകം മലയാളികൾക്ക് പരിചിതനായ സൈദ്ധാന്തികനാണ് ബക്തിൻ. കെ.എൻ.ഗണേശ് (വാക്കും സമൂഹവും), ഇ.വി.രാമകൃഷ്ണൻ (വാക്കിലെ സമൂഹം), സുനിൽ പി.ഇളയിടം (ഉരിയാട്ടം) എന്നീ സംസ്കാരവിമർശകരിലൂടെ ബക്തിൻ മലയാളത്തിൽ പരിചയപ്പെടുന്നപ്പെട്ടതാണ്. നോവലിനെക്കുറിച്ചുള്ള തന്റെ പഠനഗ്രന്ഥത്തിൽ പി.കെ.രാജശേഖരനും ബക്തിനെ പലമട്ടിൽ ഉപജീവിക്കുന്നുണ്ട്. എങ്കിലും ബക്തിന്റെ ജീവിതത്തെയും അതിലെ സംഘർഷങ്ങളെയും മലയാളിക്ക് അത്രപരിചിതമല്ല. “ഇരുപതാം നൂറ്റാണ്ടിലെ സർവ്വാധിപത്യരാഷ്ട്രീയത്തിൽ സംഭവിച്ച ആധുനിക നാടോടിക്കഥ” എന്നു വിശേഷിപ്പിച്ച് രാജശേഖരൻ ബക്തിന്റെ ജീവിതക്ലേശങ്ങളെയും ദുരിതങ്ങൾക്കിടയിലൂടെ അദ്ദേഹം പടുത്തുയർത്തിയ സിദ്ധാന്തവിചാരത്തെയുമാണ് പരിചയപ്പെടുത്തുന്നത്.

ഘടനാവാദാനന്തരതയുടെ ആശയാവലികൾ രൂപപ്പെടുന്നതിനും എത്രയോമുൻപ്  ഫോർമലിസത്തിന്റെ രൂപമാത്രവാദത്തിനും ഘടനാവാദത്തിന്റെ അമൂർത്തതയ്ക്കുമെതിരെ അതിഭാഷാശാസ്ത്രം (meta linguistics) എന്ന പുതിയ അന്വേഷണമേഖലയ്ക്കു വഴി തുറക്കുകയായിരുന്നു ബക്തിൻ. ഫോർമലിസവും മാർക്സിസവും തമ്മിൽ ഒരു സൈദ്ധാന്തിക സംവാദം സാധ്യമാക്കാനും മാർക്സിസ്റ്റ് കലാചിന്തയെ ആഴത്തിൽ ചരിത്രപരമാക്കാനും ബക്തിനു കഴിഞ്ഞു എന്നു ടോണി ബെന്നറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. അമൂർത്തമായ ഘടനയ്ക്കു പകരം ഭാഷയുടെ മൂർത്തതലമായ ഭാഷണത്തെ സ്ഥാനപ്പെടുത്തുകയായിരുന്നു അദ്ദേഹം. അടഞ്ഞവ്യവസ്ഥയ്ക്കകത്തു ചിഹ്നങ്ങൾ തമ്മിൽ പുലർത്തുന്ന ബന്ധമല്ല ഭാഷയെന്നും സവിശേഷവും വ്യതിരിക്തവുമായ സാമൂഹ്യബന്ധങ്ങളുടെ ഉത്പാദനമായ ഉരിയാട്ട(utterance)മാണ് ഭാഷയുടെ ശരിയായ മാത്രയെന്നും ബക്തിൻ  കരുതി. ഉരിയാട്ടം എന്ന പരികല്പനയെ ഭാഷയുടെ സംവാദാത്മകസ്വഭാവം വെളിപ്പെടുത്തുന്ന ഏകകമായി വളർത്തുകയായിരുന്നു ബക്തിൻ. ഉരിയാട്ടത്തിന്റെ ചരിത്രസാമൂഹികബദ്ധതയ്ക്കു മേൽ കെട്ടിയുയർത്തപ്പെട്ടതാണ് ബക്തിന്റെ ദസ്തയേവ്സ്കി വിചാരങ്ങൾ.

സ്വതന്ത്ര്യവും വ്യതിരിക്തവുമായ ശബ്ദങ്ങളുടെയും അവബോധങ്ങളുടെയും ബഹുത്വം വഴി കൈവരുന്ന ബഹുഭാഷിതത്വ(polyphony)മാണ് ദസ്തയേവ്സ്കി കൃതികളുടെ സുപ്രധാനസ്വഭാവമെന്ന് ബക്തിൻ ചുണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ പൂർത്തിയായതും വിശദീകരിക്കപ്പെട്ടതുമായ വാക്കല്ല, കഥാപാത്രങ്ങളുടെയും ആഖ്യാതാവിന്റെയും ശബ്ദബഹുലതകൾ വിവൃതമായ സംവാദമണ്ഡലമായി (unfinished dialogue) ആ കൃതികൾ മാറിത്തീരുന്നെന്നും ബക്തിൻ വിശദീകരിച്ചു. ദസ്തയേവ്സ്കിയുടെ രചനാപരമായ ഊടും പാവും ബഹുലതയുടെ സൗന്ദര്യശാസ്ത്രമാണ്. വ്യത്യസ്ത ഘടകങ്ങൾ ഉദ്ഗ്രഥിക്കപ്പെട്ട് ഏകാത്മകമായ ഒരു ഭാവത്തിലേക്കു ചേരുന്ന  ഏകഭാഷിത (monologic) ആഖ്യനങ്ങളല്ല മറിച്ച്  ഒരിക്കലും പരിഹാരത്തിലെത്തിച്ചേരാൻ കഴിയാത്ത ‘പ്രക്രിയ ‘കളായ ബഹുഭാഷിതാഖ്യാനങ്ങളാണവ. ആഖ്യാതാവ് പരമാധികാരിയായ, ആഖ്യാതാവിന്റെ ബോധം ഉന്നതിയിൽ വർത്തിക്കുന്ന കൃതികളല്ല ദസ്തയേവ്സ്കിയുടേത് എന്ന ബക്തിന്റെ മൗലികനിരീക്ഷണം രാജശേഖരൻ പലയിടങ്ങളിലായി പിൻപറ്റുന്നു.

ദസ്തയേവ്സ്കിയുടെയും ബക്തിന്റെയും ദുരിതജീവിതങ്ങൾ പരസ്പരം എങ്ങനെ ബന്ധപ്പെടുന്നു എന്നു രാജശേഖരൻ വിശദീകരിക്കുന്നുണ്ട്. ജീവിച്ചിരിക്കെ തന്നെ വിസ്മൃതിയിലാണ്ട ബക്തിന്റെ തിരിച്ചുവരവിന് കാരണമായ ‘ദസ്തയേവ്സ്കിയുടെ കാവ്യ ശാസ്ത്രത്തിന്റെ പ്രശ്നങ്ങൾ’ എന്ന പഠനഗ്രന്ഥത്തിന്റെ പുനഃപ്രസിദ്ധീകരണത്തെ മുൻനിർത്തി  രാജശേഖരൻ കുറിക്കുന്നു; “യൗവനതീക്ഷ്ണതയുടെ കാലത്ത് രാജഭരണകൂടം വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്തശേഷം ലോകാരാധ്യനായി ഉയിർത്തെഴുന്നേറ്റ ദസ്തയേവ്സ്കി അദ്ദേഹത്തിന്റെ മരണശേഷം അനന്തരകാലത്ത് വ്യത്യസ്തമായൊരു സാഹചര്യത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തായ നാടുകടത്തപ്പെട്ട മിഹയിൽ ബഹ്ചിനെ രക്ഷിച്ചുവെന്നു പറഞ്ഞാൽ അതിപ്രസ്താവമല്ല”. ഒരു ദസ്തയേവ്സ്കി നോവലിലെ ഉഭയജീവിതമാർന്ന പാത്രഛേദങ്ങളെപ്പോലുള്ള പരസ്പരവിനിമയം.

ഭൂതാവിഷ്ടന്റെ ഛായാപടത്തിലെ മൂന്നാമത്തെ വിചാരം, ദസ്തയേവ്സ്കിയുടെ മലയാള വിവർത്തനങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങളാണ്. ഇടപ്പള്ളി കരുണാകരമേനോൻ, എൻ.കെ.ദാമോദരൻ എന്നിവരുടെ വിവർത്തനങ്ങളെ സാമാന്യമായി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും ‘ദസ്തയേവ്സ്കിയുടെ ഇരുണ്ട രാജപദവിയുള്ള ശ്രേഷ്ഠമായ മനസ്സിൽനിന്നും മലയാളവചനം എടുത്തു തന്ന പരിഭാഷകൻ” എന്ന് കെ.പി.അപ്പൻ പുകഴ്ത്തിയ എൻ.കെ.ദാമോദരന്റെ ദസ്തയേവ്സ്കി വിവർത്തനങ്ങളെയും അവയുടെ ഘടനയെയും. സാമാന്യചർച്ചയ്ക്കപ്പുറത്തേക്ക് അവിടങ്ങളിൽ രാജശേഖരൻ നീങ്ങുന്നില്ലെങ്കിലും മലയാളസാഹിത്യത്തിൻ്റെ ശുദ്ധീകരണവും നവീകരണവുമായി അവ എങ്ങനെ മാറി എന്ന നോട്ടപ്പാട് അവതരിപ്പിക്കപ്പെടുന്നുണ്ട്. സാഹിത്യപ്രവർത്തനത്തിനു പിന്തുണയൊന്നും കിട്ടാത്ത ധനകാര്യലാവണങ്ങളിൽ പണിയെടുത്തുകൊണ്ട്‌ വിവർത്തനസമർപ്പണത്തിൽ മുഴുകിയ എൻ.കെ.ദാമോദരനുള്ള ശ്രദ്ധാഞ്ജലി കൂടിയാവുന്നു ആ ഹ്രസ്വചർച്ച.

മുകളിൽ ചൂണ്ടിക്കാട്ടിയതുപോലെ പുസ്തകത്തിലെ നാലമത് വിചാരം ദസ്തയേവ്സ്കിയുടെ രചനാകാലത്തിന്റെ സാമൂഹ്യ-രാഷ്ട്രീയഘടനയാണ്. പലയിടങ്ങളിലായി അവ ചിതറി നിൽക്കുന്നു. പുസ്തകാരംഭം തന്നെ ഇത്തരമൊരു സ്ഥലകാലസംയുക്തത്തെ (ബക്തിന്റെ തന്നെ മറ്റൊരു സങ്കല്പനമാണ് സ്ഥലകാലസംയുക്തം അഥവാ chronotope) സ്ഥാനപ്പെടുത്തിക്കൊണ്ടാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സാമ്രാജ്യത്വറഷ്യയിലെ സംഘർഷസന്ദിഗ്ധതകൾ ദസ്തയേവ്സ്കിയെ നിർമിച്ചതെങ്ങനെ എന്നു പുസ്തകം ആലോചിക്കുന്നു. റഷ്യയുടെ ചരിത്രപരവും ദേശീയവുമായ ഏകാത്മകസ്വത്വം ഒരു സാംസ്കാരികപ്രതിസന്ധിയെ നേരിടുന്ന പത്തൊമ്പതാം നൂറ്റാണ്ട് രണ്ടാംപകുതിയാണ് ദസ്തയേവ്സ്കിയിലെ പ്രതിഭ സൃഷ്ടിക്കപ്പെട്ടത്. ആ കാലത്തിന്റെ സാമൂഹ്യഘടന, മഹാമാരികൾ, മദ്യാസക്തി, ഉയർന്ന വേശ്യാവൃത്തി നിരക്ക്, ദാരിദ്ര്യം എന്നിവ ദസ്തയേവ്സ്കിയുടെ രചനയെ എങ്ങനെയെല്ലാം നിർണയിച്ചു എന്നു വിശദീകരിച്ചുകൊണ്ട് ആ ഇത്തിരിവട്ടത്തെയും അതിവർത്തിച്ച് മനുഷ്യരാശിയുടെ നിതാന്തപീഡകളുടെയും യാതനകളുടെയും ലോകത്തേക്ക് ആ കൃതികൾ എങ്ങനെ ഒലിച്ചിറങ്ങി എന്നുരാജശേഖരൻ വിശദീകരിക്കുന്നു. സ്ഥലകാലങ്ങൾ അത്രമേൽ നിഹിതമായതിനാലാണ് ആ കൃതികൾ സ്ഥലകാലങ്ങളെ അതിവർത്തിച്ചത് എന്ന വ്യക്തതയിൽ വായനാന്ത്യത്തിൽ നാമെത്തിച്ചേരുന്നു. ഭൂതാവിഷ്ടന്റെ ഛായാപടത്തിൽ അവതരണവാചകമായി രാജശേഖരൻ എടുത്തുചേർത്ത ‘ഉന്നതമായ അർഥത്തിൽ താനൊരു റിയലിസ്റ്റാണെന്നും മനുഷ്യാത്മാവിന്റെ നിഗൂഢതകളെ അനാച്ഛാദനം ചെയ്യുകയാണ് താൻ ചെയ്യുന്നതെന്നു’മുള്ള ദസ്തയേവ്സ്കി വചനത്തോട് സമ്പൂർണമായി നീതിപുലർത്തുന്നു ആ നിലയിൽ ഈ പുസ്തകം.

‘ഭൂതാവിഷ്ടന്റെ ഛായപട’ത്തിലെ ചില അപൂർണതകളെക്കുറിച്ച് ചൂണ്ടിക്കാട്ടാതെ ഈ കുറിപ്പ് മുഴുമിക്കാൻ വയ്യ. മലയാളത്തിലെ ദസ്തയേവ്സ്കി അനുഭവങ്ങളിലേക്ക് അല്പം കൂടി വെളിച്ചം പായിക്കാൻ കഴിയുമായിരുന്നില്ലേ എന്ന ചോദ്യമാണത്. പുസ്തകസംവിധാനത്തിലെ നിർബന്ധിതഘടകമായി അതില്ല എങ്കിൽ കൂടി. പ്രത്യേകിച്ചും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ട കെ.സുരേന്ദ്രന്റെ ദസ്തയേവ്സ്കിയുടെ കഥയെക്കുറിച്ച് ചർച്ച ചെയ്യാതെ പുസ്തകം പൂർണമാവുന്നില്ല. എൻ.കെ.ദാമോദരന്റെ വിവർത്തനങ്ങൾ എന്നതുപോലെ കെ.സുരേന്ദ്രന്റെ ആ ജീവചരിത്രത്തിനും നിർണായകപ്രാധാന്യം മലയാളത്തിലുണ്ട്. സാന്ദർഭികപരാമർശം മാത്രമായി ഭൂതാവിഷ്ടൻ്റെ ഛായാപടത്തിൽ ഒതുങ്ങിയ അത്തരം കൃതികൾ മുതൽ ജനപ്രിയവും മുഖ്യധാരാപരമായതുമായ ഭിന്നപാഠങ്ങൾ വരെ നീളുന്ന ‘ദസ്തയേവ്സ്കി വിജ്ഞാനീയ’ത്തിന്റെ ഒരു ലഘുചർച്ച ഭൂതാവിഷ്ടന്റെ ഛായാപടത്തെ ഒന്നുകൂടി പ്രകാശിപ്പിച്ചേനേ. ഒരിക്കലും പൂർത്തിയാവത്തത് എന്ന് ബക്തിൻ വിശേഷിപ്പിച്ച ദസ്തയേവ്സ്കി കൃതികളെക്കുറിച്ചുള്ള ആലോചനയായതിനാൽ അപൂർണതയ്ക്ക് ഒരു കാവ്യനീതിയുണ്ടെങ്കിലും.

മെൽഷിയോർ ഡിവോഗ് എന്ന ഫ്രഞ്ച് നിരൂപകൻ ‘ഭ്രാന്താലയത്തിലെ ഷെയ്ക്സ്പിയർ’ എന്നാണ് ദസ്തയേവ്സ്കിയെ വിളിച്ചത്. മനുഷ്യന്റെ യക്ഷപ്രഹേളികളിലേക്കും ധർമപ്രതിസന്ധികളിലേക്കുമുള്ള ഇരുളാണ്ട വാതിലാണ് ദസ്തയേവ്സ്കി തുറന്നത് എന്നതാണ് ഇത്തരമൊരു അഭിസംബോധനയിലൂടെ ഡിവോഗ് അർഥമാക്കിയത്. ചരിത്രബന്ധങ്ങൾ മറ്റെവിടെയുമില്ലാത്ത കണക്കിന് സാന്ദ്രമായതിനാൽതന്നെ ആ കൃതികൾ കാലാതിവർത്തിയായി. തീർത്തും അപരിചതവും അന്യവുമായി മറ്റൊരു സ്ഥലകാലത്തിരുന്ന് ആ കൊടുമുടികളെ നാം സ്പർശിക്കുന്നു. മനുഷ്യവംശത്തിന്റെ നിത്യപ്രശ്നങ്ങളിലേക്കുള്ള ദസ്തയേവ്സ്കിയുടെ ക്ഷണത്തിന് മലയാളത്തിൻ്റെ ഇത്തിരിവട്ടത്തിലിരുന്ന് പി.കെ.രാജശേഖരനിലൂടെ നാം നൽകുന്ന പ്രത്യഭിവാദനമാകുന്നു ഭൂതാവിഷ്ടന്റെ ഛായാപടം.

  • ‘സ്തോഭത്തിന്റെ മഹാകവി’ എന്നു ദസ്തയേവ്സ്കിയെ വിശേഷിപ്പിച്ചത് ബാലചന്ദ്രൻ ചുള്ളിക്കാടാണ്. ശീർഷകത്തിന് അദ്ദേഹത്തോട് കടപ്പാട്.
  • മിഹയിൽ ബഹ്ചിൻ എന്ന ശരിയായ ഉച്ചാരണമാണ് രാജശേഖരൻ സ്വീകരിക്കുന്നത്. ഈ ലേഖനം പരിചിതമായ നിലയിൽ മിഖായേൽ ബക്തിൻ എന്നു തന്നെ പ്രയോഗിച്ചിരിക്കുന്നു.

 

Comments

comments