നവലിബറൽ കാലത്തെ കേരള വികസനവും കേരളത്തിലെ ഇടത് പക്ഷ സർക്കാരുകളുടെ ബഡ്ജറ്റുകളും – Part 1 

മലയാളി എത്രമാത്രം നവലിബറൽ ആശയങ്ങളോട് സമരസപ്പെട്ടിട്ടുണ്ട് എന്നതിനുള്ള ഉത്തമ ഉദാഹരണങ്ങൾ ആണ് നവലിബറൽ കാലത്തെ ഇടത് സർക്കാരുകളുടെ വാർഷിക ബജറ്റുകൾ.

ലോകത്തിലെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ ആണ് കേരളത്തിലേത് എന്ന കാരണം കൊണ്ട്, കേരളം കമ്മ്യൂണിസ്റ്റ് ആശയസംഹിത മാത്രം നടപ്പിലാക്കിയ ഒരു സംസ്ഥാനം ആകുന്നില്ല. കൂടാതെ, ഇന്ത്യ മഹാരാജ്യത്തിലെ പൊതുവായ  മാതൃ നിയമങ്ങളെ/നയങ്ങളെ (mother act / core policies) അത് പോലെ അല്ലെങ്കിൽ പ്രാദേശിക പ്രത്യേകതകൾ ഉൾക്കൊണ്ട് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഉള്ള ഇന്ത്യൻ ഫെഡറലിസത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. അതിനാൽ കാലാകാലങ്ങളിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ-ആരോഗ്യ-വ്യവസായ-കച്ചവട നയങ്ങൾ അതിന്റെ core essence ഉൾക്കൊണ്ട് നടപ്പിലാക്കേണ്ട ഉത്തരവാദിത്വം കേരളം ഭരിക്കുന്ന സർക്കാരുകൾക്ക് ഉണ്ട്.

കേരള വികസന മോഡൽ എന്ന ആശയം ഉണ്ടാകുന്നത് തന്നെ ഈ പൊതു നയസംഹിതകൾക്കുള്ളിൽ നിന്ന് കൊണ്ട്, തങ്ങളുടേതായ വ്യക്തിത്വം മുന്നോട്ട് വയ്ക്കുന്ന രീതിയിലെ ഒരു വികസന രീതി ഉണ്ടാക്കിയത് കൊണ്ടാണ്. അതിൽ എന്തൊക്കെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണി പറഞ്ഞാലും, ഒരു കാര്യം അംഗീകരിക്കേണ്ടത് ഉണ്ട്. അത് സ്വതന്ത്ര കേരളത്തിലെ ആദ്യ സർക്കാർ മുന്നോട്ട് വച്ച വികസന അജണ്ടകളെ പിന്നീട് വന്ന സർക്കാരുകൾക്ക് തീർത്തും ഉപേക്ഷിക്കാൻ കഴിഞ്ഞില്ല എന്ന സത്യം. പിന്നീട് വന്ന സർക്കാരുകളും ഈ വികസന അടിത്തറയിൽ നിന്ന് തന്നെയാണ് മുന്നോട്ട് പോയത്. ഇതിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നവോത്ഥാന പ്രസ്ഥാനങ്ങൾ മുന്നിൽ വച്ച സാമൂഹിക-സാംസ്കാരിക മൂല്യങ്ങളുടെ, ആശയങ്ങളുടെ സ്വാധീനത വ്യക്തമാണ്. എന്നാൽ ഈ വികസന മോഡലിനെ തിരു-കൊച്ചി സ്വരൂപങ്ങൾ പിന്തുടർന്ന പുരോഗമന ആശയങ്ങളുടെ തുടർച്ചയാണ് എന്ന് വാദിക്കുന്നവർ ഒരു കാര്യം ഓർക്കണം, ഇന്ത്യ സ്വതന്ത്രമാവുന്ന കാലത്ത്, കേരളത്തിനൊപ്പം പല മാനുഷിക സൂചികകളിൽ വ്യത്യസ്തത പുലർത്തിയരുന്ന പ്രദേശങ്ങൾ ആണ്, മൈസൂർ, ബറോഡ എന്നീ  നാട്ടു രാജ്യങ്ങൾ. ബറോഡായാകട്ടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം, പൊതു വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ കേരളത്തിനും എത്രയോ മുൻപിൽ ആയിരുന്നു. ഇവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസ-പ്രാഥമിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും, നയങ്ങളും കുറെയേറെ തിരുവിതാംകൂർ-കൊച്ചി പ്രവിശ്യകളെ പോലെ, അല്ലെങ്കിൽ അതിലും ഭേദപ്പെട്ടതായിരുന്നു. എന്നാൽ, സ്വതന്ത്ര ഇന്ത്യയിൽ, കേരളം നേടിയ പ്രാമുഖ്യം ഇവർക്ക് ഉണ്ടാക്കാൻ ആദ്യ കാലങ്ങളിൽ കഴിഞ്ഞിരുന്നില്ല. ഈ പ്രവിശ്യകളേയും കേരളത്തേയും വേർതിരിച്ച ഒറ്റ വസ്തുത കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ട് വന്ന സാമൂഹിക വികസന അടിത്തറ കൊണ്ടാണെന്ന് വാദിക്കാം. ആ അദ്വിതീയത പലതരത്തിൽ പിന്നീടും കേരളം  നിലനിര്‍ത്തിയിരുന്നു. അതാണ് വളരെ ലളിതമായി പറഞ്ഞാൽ കേരള വികസന മോഡൽ. ഈ സമീപനം നവലിബറൽ കാലത്തും തുടർന്നിരുന്നു എന്നതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. അതിന്റെ പശ്ചാത്തലത്തിൽ 2022 ലെ രണ്ടാം പിണറായി സർക്കാരിന്റെ ബഡ്‌ജറ്റിന്റെ അവലോകനം രണ്ട് അധ്യായങ്ങളിൽ ആയി ചെയ്യുകയാണ്.

പാർട്ട് -1

 സോഷ്യലിസ്റ്റ്-വിപണി വ്യവസ്ഥയിലെ ഇടത്പക്ഷ സർക്കാരുകളും, കേരളം മോഡൽ വികസനവും

നെഹ്രുവിൻ്റെ  കാലത്ത് ഒരു സോഷ്യലിസ്റ്റ് ആശയസംഹിതയിൽ ഊന്നിയ വികസന മോഡൽ ആണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ നടപ്പിലാക്കാൻ ശ്രമിച്ചത്. പൊതു സ്വത്തിൽ ഊന്നിയ ഉത്പ്പാദന-വിതരണ-ഉപഭോഗ രീതിയാണ് സോഷ്യലിസ്റ്റ് രാഷ്ട്രീയ-സാമ്പത്തിക സംഹിത കൊണ്ട് ഉദ്ധേശിക്കുന്നത്. അവിടെ സ്വകാര്യ സ്വത്തിനു പകരം പൊതു സ്വത്താണ് ഉള്ളത്. അത് സ്റ്റേറ്റിന്റെ അല്ലെങ്കിൽ കമ്മ്യൂണിറ്റിയുടെ ഉടമസ്ഥതയിലാണ്. എന്നാൽ നെഹ്രുവിയൻ സോഷ്യലിസത്തിൽ അടിസ്ഥാന സൗകര്യ നിർമാണവും വിപണനവും, പിന്നെ അടിസ്ഥാന മേഖലയ്ക്ക് ആവശ്യമായ പല വസ്തുക്കളുടെ അവകാശവും സംരക്ഷണവും പൊതു മേഖലയിൽ നിലനിര്‍ത്തിയപ്പോൾ തന്നെ, സ്വകാര്യ സ്വത്തിനെ അംഗീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്തിരുന്നു. നെഹ്രുവിൻ്റെ  തന്നെ ഭാഷയിൽ ഒരു മിശ്രിത സമ്പത് വ്യവസ്ഥയാണ് ഉണ്ടായിരുന്നത്. ആ കാലത്ത് നടപ്പിലാക്കാൻ സാധ്യതയുള്ള ഏറ്റവും ബുദ്ധിപൂർവമായ സാമ്പത്തിക സമീപനം ആയിരുന്നു അത്. കാരണം, അന്ന് ഒരു രാജ്യമെന്ന രീതിയിൽ ഇന്ത്യ ഉരുത്തിരിഞ്ഞു വരുന്നതേ ഉള്ളു, പിന്നെ കൊളോണിയൽ സ്റ്റേറ്റിൽ നിന്നും ജനാധിപത്യ സ്റ്റേറ്റിലേക്ക് നീങ്ങിയത് സമവായങ്ങളേയും സംവാദങ്ങളേയും മുൻ നിര്‍ത്തിയ പ്രതിഷേധ പ്രകടനങ്ങളിലൂടെ ആണ്. ഒരു സാമൂഹിക ഉടച്ചു വാർക്കൽ ഈ രാഷ്ട്രീയ പരിവർത്തനത്തിൽ സംഭവിച്ചിരുന്നില്ല. ഇന്ത്യ എന്ന ഒരു സോഷ്യലിസ്റ്റ് മതനിരപേക്ഷിത ജനാധിപത്യം ഒരു കൊളോണിയൽ-രാജവാഴ്ചയുടെ സ്ഥാനത്ത് വന്നു. അത്രയും കാലം സ്വത്തും ഭരണവും കൈയാളിയിരുന്നവർ ഭരണം കൈമാറിയപ്പോൾ, സ്വത്തിന്റെ ചെറിയ അംശം മാത്രമാണ് കൈമാറിയത്. ഒപ്പം, പട്ടിണിയും പലരീതിയിലെ അധഃസ്ഥിതാവസ്ഥയും കൊണ്ട് വലഞ്ഞ ഒരു ജനതയെ മതത്തിന്റെ പേരിൽ വേർതിരിച്ചപ്പോൾ അത് ഉണ്ടാക്കിയ വൻ മുറിവുകൾ ഉണക്കേണ്ട ഉത്തരവാദിത്തം പുതിയ ഇന്ത്യയിലെ സർക്കാരിന് ഉണ്ടായിരുന്നു. കൂടാതെ നിക്ഷേപിക്കത്തക്ക വിധത്തിൽ സമ്പത്ത് ഉണ്ടായിരുന്നവർ വ്യവസായികളിൽ വളരെ കുറവായിരുന്നു. ബാങ്കുകൾ ആകട്ടെ സ്വകാര്യ മേഖലയിലും – ചില കുടുംബങ്ങളുടെ, അല്ലെങ്കിൽ

രാജവംശങ്ങളുടെ സ്വകാര്യ സ്വത്ത് ആയിരുന്നു. പൊതുജനത്തിന് ഈ വ്യവസ്ഥയിൽ കാര്യമായ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല. കൃഷിയിലും വ്യവസായത്തിലും വൻ നിക്ഷേപം നടത്താൻ അന്ന് സ്റ്റേറ്റിന് മാത്രമേ കഴിയുമായിരുന്നു.

പഞ്ചവത്സര പദ്ധതി കേന്ദ്രികൃതമായ ഒരു വികസന മോഡൽ നടപ്പിലാക്കിയപ്പോൾ, പ്രധാന ഘടകം ആയ പ്രാഥമിക വിദ്യാഭ്യാസ മേഖലയെ തീർത്തും തഴയുകയാണ് ചെയ്തത്. അതിന് കാരണം, സ്കൂൾ വിദ്യാഭ്യാസം 1976 വരെ സംസ്ഥാനങ്ങളുടെ മാത്രം ഉത്തരവാദിത്തം ആയിരുന്നു. ഈ സമീപനം മൂലം സോഷ്യലിസ്റ്റ് വ്യവസ്ഥ നിഷ്‌കർഷിക്കുന്ന മനുഷ്യശക്തി ആസൂത്രണം (manpower planning) ഉൾകൊള്ളാത്ത വികസന മോഡൽ ആയിരുന്നു 1980 വരെ. ഇതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു.

വിദ്യാഭ്യാസത്തിലൂടെ മാത്രമാണ് പുതിയ ഇന്ത്യയെ വാർത്തെടുക്കാൻ പറ്റു എന്ന് വിശ്വസിച്ചിരുന്ന സ്വാതന്ത്ര്യ സമരകാലത്ത് നിന്നും വിദ്യാഭ്യാസ നിക്ഷേപത്തെ ഒരു പാട് വികസന അജണ്ടകളിൽ ഒന്ന് മാത്രമായി നിലനിറുത്തുന്ന ചരിത്രം ആയിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ഒട്ടു മിക്ക പ്രദേശങ്ങളുടേത്.

കാലിയായ ഖജനാവും എണ്ണിയാൽ തീരാത്ത ദുരിതങ്ങളും ഉള്ള സംസ്ഥാനങ്ങൾ തങ്ങളുടെ നിക്ഷേപം പല മേഖലകളിൽ പകർത്തിയപ്പോൾ, കേരളം കൃത്യമായ ലക്ഷ്യ ബോധത്തോടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ആദ്യ ബജറ്റ് മുതൽ നിക്ഷേപിച്ചു. വേറൊരുതരത്തിൽ പറഞ്ഞാൽ വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിൻ്റെ  വാക്കുകളെ ഉൾകൊണ്ടുള്ള തരത്തിലെ വിഭവ നിക്ഷേപം ആയിരുന്നു. ആദ്യ ബജറ്റ് മുതൽ കേരളം മൂന്നിൽ ഒന്ന് അതായത് 30 ശതമാനത്തിന് മുകളിൽ ആണ് വിദ്യാഭ്യാസത്തിന് വേണ്ടി നീക്കി വെച്ചത്. എന്നാൽ മറ്റ് സംസ്ഥാനങ്ങൾ ബജറ്റിന്റെ 20 ശതമാനത്തോടടുപ്പിച്ച് മാത്രമാണ് വിദ്യാഭ്യാസത്തിന് നീക്കി വെച്ചത്. അത്തരം ഒരു ശക്തിയുള്ള താങ്ങ് (big push) മാനുഷിക വികസനത്തിന് നൽകിയാൽ മാത്രമേ സാമൂഹിക സാമ്പത്തിക വികസനത്തിനായി അടിത്തറ പാകാൻ പറ്റൂ. സോഷ്യലിസ്റ്റ് വ്യവസ്ഥ വികസനത്തിനായി നടപ്പിലാക്കിയ രീതി ആണിത്. ആ കാലഘട്ടത്തിൽ ഡൽഹിയിലെ പ്ലാനിംഗ് കമ്മീഷനിലെ പല വിദഗ്ധരും കേരളത്തെ പുച്ഛിച്ചവർ ആണ് എന്ന് പ്രൊഫസർ അമർത്യ സെൻ എഴുതിയിട്ടുണ്ട്. ഏറ്റവും ദരിദ്രമായ ഒരു സംസ്ഥാനം വ്യവസായ വികസനത്തിന് ശ്രമിക്കാതെ മാനുഷിക വികസനത്തിനാണ് മുൻതൂക്കം നൽകുന്നത്. കേരളത്തിലെ ആസൂത്രകരുടെ ബുദ്ധിശൂന്യത ആണെന്ന് വിശ്വസിച്ചിരുന്നവർ ആണ് 1990 വരേ ഇന്ത്യയിലെ അറിയപ്പെടുന്ന പല സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധര്‍. ഈ വികസന മോഡലിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വ്യവസായ വിപ്ലവം നടക്കാതെ മാനുഷിക വികസനം നടന്നപ്പോൾ അഭ്യസ്തവിദ്യരിലെ തൊഴിലില്ലായ്മ 1970 അവസാനത്തോടെ വലിയ വിഷയം ആയി ഉയർന്നു വന്നു. ഇവിടെ ഉയരുന്ന ചോദ്യം വ്യവസായ വികസനത്തിന് ശേഷം മാത്രം വിദ്യാഭ്യാസ വികസനത്തിന് ശ്രമിച്ചാൽ മതിയായിരുന്നോ? അതോ ഉള്ള വിഭവങ്ങളെ രണ്ട് മേഖലയ്ക്കും ആയി പങ്ക് വച്ചിട്ട് നാമമാത്രമായ വികസനം ലക്ഷ്യമാക്കുകയായിരുന്നോ വേണ്ടിയിരുന്നത്?

ഓർക്കേണ്ട ഒരു പ്രധാന വസ്തുത 1957 ലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇലക്ഷൻ മാനിഫെസ്റ്റോ വളരെ കൃത്യമായി വിദ്യാഭ്യാസ വികസനത്തിൽ ഊന്നിയ വികസന മോഡൽ ആണ് മുന്നോട്ട് വച്ചത്. 1998 ൽ മുൻ ഇന്ത്യൻ പ്രസിഡണ്ട് APJ അബ്ദുൽ കലാം പോളിടെക്നിക് അടിസ്ഥാനപ്പെടുത്തി ഒരു വികസന മോഡൽ ‘ഇന്ത്യ 2020’ എന്നും പറഞ്ഞ് എഴുതിയപ്പോൾ 1957 ൽ, കേരളം ആ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. ഓരോ പഞ്ചായത്തിലും ഒരു ഇൻഡസ്ട്രിയൽ ട്രെയിനിംഗ് സെൻറർ (ITC) അല്ലെങ്കിൽ ഒരു ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) , എല്ലാ ജില്ലകളിലും ഒരു പോളിടെക്നിക് എന്ന രീതിയിൽ ഭാവിയിലെ വ്യവസായ വികസനത്തിനായ അടിത്തറ അന്നേ ഇട്ടിരുന്നു. അത് കൊണ്ട് തന്നെ ആണ് ഒന്നാം ഗൾഫ് വളർച്ചയിൽ (gulf boom) കേരളത്തിൽ നിന്നും പോയവർ തീർത്തും അവിദഗ്ധ തൊഴിലാളികൾ അല്ലായിരുന്നു. അത് പോലെ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിൽ പോയ ഒട്ടു മിക്ക തൊഴിലാളികളും ഈ മാനുഷിക വികസന പദ്ധതിയുടെ പ്രായോജകർ ആയിരുന്നു. ഉദാഹരണം ടാറ്റയുടെ വ്യവസായ ടൗൺഷിപ്പുകളിൽ മലയാള സിനിമകൾ മിക്കവാറും ആഴ്ചകളിൽ കാണിച്ചിരുന്നു എന്നും നർഗീസിന് ഒപ്പം ശ്രിവിദ്യക്കും ഭാഷകൾക്ക് അതീതമായി ആരാധകര്‍ ഉണ്ടായിരുന്നു എന്നും അവിടങ്ങളിൽ ജീവിച്ചിരുന്ന പല പ്രമുഖരും എഴുതിയിട്ടുണ്ട്.

പറഞ്ഞ് വന്നത് ഇത്രയേ ഉള്ളൂ കേരളത്തിലെ ആദ്യ ജനാധിപത്യ സര്‍ക്കാര്‍ ഇട്ട വികസന അടിത്തറ പിൻകാല കേരള വികസനത്തിന് പലതരത്തിൽ കാരണം ആയിട്ടുണ്ട്. വിദ്യാഭ്യാസ വളർച്ചയോടൊപ്പം തൊഴിൽ ഉൽപാദനം ഉണ്ടായിരുന്നില്ല. വേറൊരു തരത്തിൽ പറഞ്ഞാൽ, കേരളത്തിലെ മാനുഷിക വികസന ആസൂത്രണത്തിൽ (manpower planning) സ്റ്റേറ്റിന് ഉള്ളിലുള്ള ഉത്‌പാദന മേഖലയുടെ വളർച്ചയുടെ അടിസ്ഥാനത്തിൽ അല്ലായിരുന്നു. 1970 കളോടെ, കേരളത്തിലെ സ്കൂളുകളിൽ എത്തിച്ചേർന്ന ബഹുഭൂരിപക്ഷവും രണ്ടാം തലമുറ സാക്ഷരർ ആയിരുന്നു. അവരുടെ വിദ്യാഭ്യാസ മോഹങ്ങൾ സാധ്യമാക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ഉണ്ടായിരുന്നു. അതിനെ, വ്യവസായ-സേവന മേഖല വികസനവും ആയി ബന്ധിപ്പിക്കാൻ ആ കാലങ്ങളിലെ സർക്കാരുകൾക്ക് ആയില്ല. ഇതിനെ ഒരു മിശ്രിത വ്യവസ്ഥയിലെ ദാരിദ്ര്യ സ്റ്റേറ്റിന്റെ വികസന വെല്ലുവിളി ആയി കണക്കാക്കേണ്ടി വരും. ഒന്ന് കൂടി വ്യക്തമാക്കിയാൽ ഒരു ശരാശരി മധ്യവർഗ്ഗ മലയാളി കുടുംബത്തിന്റെ അവസ്ഥ തന്നെ ആയിരുന്നു കേരളത്തിന്റേതും, വിദ്യാഭ്യാസത്തിനായി കുടുംബവരുമാനത്തിന്റെ നല്ലൊരു ശതമാനം മാറ്റിവയ്ക്കുക. ഉദാഹരണത്തിന് കേരളത്തിലെ ഗ്രാമീണ-മലയോര-മധ്യവർഗ്ഗ കുടുംബങ്ങൾ 1970 കളിൽ കുട്ടികളെ ഹൈസ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനായി പട്ടണങ്ങളിൽ വിട്ടത് നല്ലവണ്ണം മുണ്ട് മുറുക്കി ഉടുത്തിട്ടാണ്. പൊതു വിദ്യാലയങ്ങൾ ഉണ്ടായത് കൊണ്ട് മാത്രമാണ് ഇന്ന് ഉന്നത നിലയിൽ എത്തിയ പലരും വിദ്യാഭ്യാസത്തിന്റെ പടവുകൾ ചവിട്ടിയത്.

 നവലിബറലിസ കാലത്തെ കേരളം ഉൾകൊണ്ട രീതി.

നവലിബറലിസത്തെ ഇന്ത്യൻ കമ്മ്യൂണി്സ്റ്റ് പാർട്ടികൾ എതിർത്ത രീതിയിൽ വേറൊരു പാർട്ടിയും എതിർത്തിട്ടില്ല. 1980 മുതൽ ലാറ്റിൻ അമേരിക്കൻ സ്റ്റേറ്റുകളിൽ നവലിബറലിസം മൂലം ഉണ്ടായ സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങൾ കൊണ്ട് ഇടത് പാർട്ടികൾ നവലിബറലിസത്തിന്റെ നിതാന്ത വിമർശകർ ആയിരുന്നു തുടക്കം മുതൽ. ലോക വാണിജ്യ കരാറിന്റെ പ്രശ്നങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മുമ്പേ അനുഭവിച്ച സംസ്ഥാനം ആയിരുന്നു കേരളം. കേരളത്തിലെ മലഞ്ചരക്ക്-നാണ്യവിള ഉത്‌പാദകർ ആണ് നവലിബറൽ നയങ്ങളുടെ ആദ്യ ഇരകൾ. പിന്നെ തൊഴിൽ നയങ്ങളിൽ കൊണ്ട് വന്ന ലിബറൽ സമീപനം തൊഴിൽ ഉത്പ്പാദകരുടെ സൗകര്യത്തെ മാത്രം മുൻനിറുത്തിയവ ആയിരുന്നു. തൊഴിലാളികൾ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങളെ അട്ടിമറിക്കുന്ന രീതിയിലുള്ള തൊഴിൽ നയങ്ങളിലെ മാറ്റങ്ങൾക്ക് എതിരെ പ്രതിരോധം നടത്തിയത് തൊഴിലാളി യൂണിയനുകൾ ആണ്, അതിൽ പ്രമുഖർ ഇടത് യൂണിയനുകളും. നവലിബറൽ നയങ്ങളെ എതിർക്കാനുള്ള സാധ്യത മാത്രമേ കേരളത്തിനുണ്ടായിരുന്നുള്ളു, അതിനെ തടുക്കാനോ, അവഗണിക്കാനോ കഴിയുകയില്ലായിരുന്നു.

അതിനാൽ നവലിബറൽ നയങ്ങളെ ഉൾക്കൊണ്ട് തന്നെ 1991ന് ശേഷം കേരളം നടപ്പിലാക്കിയ പല സാമൂഹിക രാഷ്ട്രീയ നയങ്ങളും പദ്ധതികളും പരിപാടികളും ഈ നയങ്ങൾ കൊണ്ട് ഉണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധികളെ ചെറുക്കാനുള്ള സാധ്യത മുന്നോട്ട് വച്ചു. അത് നവലിബറലിസം കൊണ്ട് ഉണ്ടാവുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ജനതയെ പ്രാപ്യം ആക്കുന്ന രീതിയിലുള്ളവ ആണ്. വേറൊരു തരത്തിൽ പറഞ്ഞാൽ നവലിബറലിസത്തെ നഖശിഖാന്തം എതിർത്തവർ തന്നെ ആണ് നവലിബറലിസത്തെ ആ വ്യവസ്ഥിതിയിൽ നിന്ന് കൊണ്ട് തന്നെ നേരിടാൻ ജനത്തിനെ പ്രാപ്‌തമാക്കുന്ന രീതിയിൽ നയങ്ങളും പരിപാടികളും കൊണ്ട് വന്നത്. ഉദാഹരണത്തിന് 1980 കളിൽ രാജീവ് ഗാന്ധി കംപ്യൂട്ടറൈസേഷൻ ആരംഭിച്ചപ്പോൾ കടുത്ത പ്രതിഷേധം നടത്തിയ കമ്മ്യുണിസ്റ്റ് പാർട്ടി തന്നെയാണ് ഇന്ത്യയിലെ ആദ്യ ടെക്നോപാർക്ക് 1990ൽ തിരുവനന്തപുരത്ത് സ്ഥാപിച്ചത്. ഇത് പ്രത്യേക സാമ്പത്തിക സോണുകളിലേക്കുള്ള ആദ്യ പടിയായിരുന്നു. അന്നത് വിജയിച്ചില്ലെങ്കിലും ഒരു പുതിയ വികസന വീക്ഷണത്തിന് തുടക്കമിടാൻ കഴിഞ്ഞു എന്നത് പ്രധാനപെട്ട കാര്യമാണ്.

കച്ചവട-ധനകാര്യ ആഗോളീകരണത്തെ ലാക്കാക്കി 1980 കളുടെ മദ്ധ്യത്തോടെ ഡങ്കൽ-ഗാട്ട് ഉടമ്പടിയുടെ ചർച്ചകൾ തുടങ്ങിയപ്പോഴേ അതിനെതിരെ ശബ്ദം ഉയർത്തിയത് ലോക തെക്കൻ (ഗ്ലോബൽ സൗത്ത്) രാജ്യങ്ങളും ഇടത് പക്ഷ പാർട്ടികളും ആണ്. എൺപതുകളിൽ ലോകം താച്ചറിസത്തേയും റീഗനിസത്തേയും തുടർന്ന് ലിബറൽ, സ്വകാര്യവത്‌കരണ, ആഗോളീകരണ നടപടികളും ആയി മുന്നോട്ട് പോയപ്പോൾ, മലഞ്ചരക്ക്-റബ്ബർ കർഷകരെ എങ്ങനെ ബാധിക്കും എന്ന ആശങ്കകൾ ഉയർത്തി ഒരു പാട് പ്രതിഷേധങ്ങൾ കേരളത്തിൽ നടന്നിരുന്നു. ആഗോളീകരണത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഇന്ത്യയിൽ കർഷക സംഘടനകൾ ആണ് പ്രധാനമായും നടത്തിയിരുന്നത്. പിന്നെ ധനകാര്യ മേഖലയിലുള്ളവരും വ്യാവസായിക തൊഴിൽ സംഘടനകളും സ്വകാര്യവത്കരണത്തിൽ തങ്ങളുടെ ആശങ്കകൾ നിരന്തരം പ്രതിഷേധങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

1991ൽ ഇന്ത്യ നവലിബറൽ നയങ്ങൾ നടപ്പിലാക്കുമ്പോൾ കേരളം സമ്പൂർണ്ണ സാക്ഷരത നേടുകയും, കേരളത്തില്‍ അങ്ങോളമിങ്ങോളം ആഗോളീകരണത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് സംവാദങ്ങളും അവബോധ പ്രവർത്തങ്ങളും നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതെ സമയം ഉരുത്തിരിഞ്ഞ നവലിബറൽ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥകൾ ഒരു വലിയ മധ്യവർഗ്ഗത്തിന്റെ വളർച്ചയ്ക്ക് ഉതകുകയും അവർ നവലിബറലിസത്തിന്റെ പ്രചാരകർ ആവുകയും ചെയ്തു. സെൽഫ് ഫൈനാൻസിങ് ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനം, ബിസിനസ് മേഖലയിൽ ഉണ്ടായ ഒരു ഉണർവ്, നഗരവത്കരണത്തിന്റെ വ്യാപനം, ആളുകളുടെ ചലനത്തിൽ (mobility) ഉണ്ടായ ഉണർവ് ഒക്കെ മധ്യവർഗ്ഗത്തിനെ നവലിബറൽ ആശയ സംഹിതകളുടെ ആരാധകർ ആക്കി.

രാജ്യം തുറന്ന വിപണിയിലേക്ക് നീങ്ങിയപ്പോൾ ഗുണമേന്മയുള്ള തൊഴിലാളികൾ വേണമായിരുന്നു. വിദ്യാഭ്യാസത്തിനൊപ്പം മാനസിക-ശാരീരിക ആരോഗ്യവാന്മാർ ആയ തൊഴിലാളികളെ എല്ലാ തലത്തിലിലും ആവശ്യം ആയിരുന്നു. കൂടാതെ ഒരു നൂറ്റാണ്ട് നീളുന്ന പ്രവാസി ചരിത്രമുള്ള കേരള ജനതയ്ക്ക് തങ്ങളുടെ നിലവിലുള്ള സാമൂഹ്യ മൂലധനവും (social capital) സാമൂഹ്യ ശ്രുംഖലയും (social network) ഉപയോഗിച്ച് എളുപ്പത്തിൽ ചലിക്കാനും (mobile) പ്രവാസത്തിന്റെ നല്ല ഫലങ്ങൾ ഉണ്ടാക്കാനും കഴിഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ കേരളം അന്ന് വരെ നടത്തിയ സാമൂഹിക-മാനുഷിക മേഖലയിലെ നിക്ഷേപത്തിന് ആദായം ലഭിക്കാൻ നവലിബറലിസം ഒരു വലിയ സാധ്യത തുറന്നു കൊടുത്തു. 2000 ആണ്ടിന് ശേഷം ഉണ്ടായ രണ്ടാം ഗൾഫ് വളർച്ചയിൽ (gulf boom) കേരളത്തിൽ നിന്നും പോയ പ്രവാസികൾ ഉന്നത വിദ്യാഭ്യാസം നേടിയവരും നൈപുണ്യമുള്ള തൊഴിലാളികളും ആയിരുന്നു. പ്രവാസികളുടെ വിസയുടെ ഘടന തന്നെയാണ് അതിന്റെ ഉത്തമ ഉദാഹരണം.

മറുവശത്ത് കേരള സർക്കാരിന്റെ 1990 മുതലുള്ള പലവികസന പദ്ധതികളും ഒരു നവലിബറൽ സമൂഹത്തെ വാർത്തെടുക്കുന്ന തരത്തിലുള്ള ആയിരുന്നു. നവലിബറൽ സ്റ്റേറ്റിൻ്റെ  പ്രത്യേകത മിനിമം സ്റ്റേറ്റും മാക്സിമം ഭരണവും ആണ്. സ്റ്റേറ്റിനെ ജനങ്ങളും ആയി ബന്ധിപ്പിക്കുന്ന ഭരണകൂട സംവിധാനങ്ങൾ ശുഷ്ക്കിക്കുകയും, സ്റ്റേറ്റിന്റെ ഉത്തരവാദിത്തങ്ങൾ കൂടുകയും ചെയ്യുന്ന അവസ്ഥയിൽ ഉണ്ടാവുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ പുതിയ ഘടനകളും (structure) രീതികളും വേണമായിരുന്നു. ഒപ്പം ജനത്തെ ഈ അസംഘടിത ഘടനകളേയും അനൗദ്യോഗിക ഘടനകളേയും ആയി ബന്ധിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യണം ആയിരുന്നു. അല്ലെങ്കിൽ നവലിബറലിസം തുടക്കത്തിൽ തന്നെ ഒരു നൂല് പൊട്ടിയ പട്ടം പോലെ ലക്ഷ്യമില്ലാതെ പറന്ന് കീറിപ്പോവുമായിരുന്നു. വികേന്ദ്രികൃത ഭരണം (decentralised governance), സ്ത്രീ ശാക്തീകരണം, അസംഘടിത തൊഴിൽ വളർച്ചയ്ക്ക് വേണ്ട തൊഴിൽ നൈപുണ്യ പരിശീലനം, ക്ഷേമ പെൻഷൻ എന്നിവയിൽ തുടങ്ങി ഡിജിറ്റലൈസേഷനും, മസാല ബോണ്ടിൽ ഊന്നിയ വികസന വിഭവ സമാഹരണം, വിജ്ഞാന സമ്പത് വ്യവസ്ഥ (knowledge economy) എന്നിവ അടക്കമുള്ള വികസന ദർശനം അടിസ്ഥാനപരമായി ഒരു സമൂഹത്തെ തുറന്ന വിപണി വ്യവസ്ഥയും ആയി താതാത്മ്യം പ്രാപിപ്പിക്കുന്ന നടപടികൾ ആണ്.

മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യൻ വികസന മോഡലിന്റെ അടിസ്ഥാനം ഗ്രാമ സ്വരാജ് ആണ്. വികേന്ദ്രികൃത ഭരണത്തിന്റെ ഏറ്റവും ഉദാത്തമായ മോഡൽ. ഒരു വിരോധാഭാസം ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ആശയത്തെ 45 വർഷങ്ങൾ അവഗണിച്ച ഒരു രാജ്യം അതിനെ ഏറ്റെടുത്തത് അത് വിപണി വ്യവസ്ഥയെ വിപുലപ്പെടുത്താനുള്ള പ്രധാന ഘടകം ആയിട്ടാണ്. ഒറ്റ വ്യത്യാസം ഗാന്ധി ഒരു പരസ്‌പര ആശ്രിത കമ്മ്യൂണിറ്റി വ്യവസ്ഥ സ്വപ്നം കണ്ടപ്പോൾ, നവ വികേന്ദ്രികരണം സ്വകാര്യ സ്വത്തിനെ പരിപോഷിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിലുണ്ടാവുന്ന പ്രതിരോധങ്ങളെ ദുർബലപ്പെടുത്താനുള്ള ഉപാധിയായാണ് ഉരുത്തിരിഞ്ഞത്. കൂടാതെ ഗാന്ധിയൻ ഗ്രാമസ്വരാജ്, തദ്ദേശീകരണത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ, നവ വികേന്ദ്രികരണം വരുന്നത് തന്നെ, ആഗോളീകരണത്തിന്റെ കാലത്ത്, ഒരു സമതുലന ഘടകം (balancing factor) ആയിട്ടാണ്.

1992 ലെ 73 ആം ഭരണ ഘടന ഭേദഗതിയോടെ ആണ് വികേന്ദ്രികൃത ഭരണം നിലവിൽ വരുന്നത്. ഏറ്റവും അടിത്തട്ടിൽ, പഞ്ചായത്ത് തലത്തിൽ, ജനപങ്കാളിത്ത ഭരണത്തിൽ വികസന അജണ്ട തീരുമാനിക്കേണ്ടതും നടപ്പിലാക്കേണ്ടതും ജനങ്ങളുടെയും അവർ തിരഞ്ഞെടുത്ത പ്രതിനിധികളുടെയും ഉത്തരവാദിത്തം മാത്രമാണ്. അങ്ങനെ വികസന പരാജയം എന്നത് നവലിബറൽ കാലത്ത് ഉദ്യോഗസ്ഥരിൽ നിന്നും ആരും അറിയാതെ തന്നെ ജനങ്ങളിലേക്കും ജനപ്രധിനിധികളിലേക്കും വന്നു. കേരളം 1996 നടപ്പിലാക്കിയ ജനകീയ ആസൂത്രണം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ്. ഗ്രാമ സഭകളിലേക്ക് ജനങ്ങളെ കൊണ്ട് വന്നു, തീരുമാനങ്ങളിൽ പങ്കെടുത്താലും ഇല്ലെങ്കിലും ജനങ്ങളും പങ്കാളികൾ ആയി. സമ്പൂർണ്ണ സാക്ഷരത ഗ്രാമ സഭകളിൽ വന്നവർ അടിസ്ഥാന സാക്ഷരർ ആണെന്ന് ഉറപ്പാക്കി. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും നടപ്പിലാക്കിയ വികസന പദ്ധതികൾക്ക് ജനങ്ങളുടെ അംഗീകാരം ഉണ്ടെന്ന് വരുത്താൻ കഴിഞ്ഞു. അല്ലെങ്കിൽ 2004ൽ ഇറങ്ങിയ സ്വദേശ് എന്ന ഷാരൂഖ് ഖാൻ സിനിമയിൽ പറയുന്നത് പോലെ എല്ലാം സ്റ്റേറ്റ് തരുമെന്ന് പറഞ്ഞിരിക്കാതെ, ഒരു പൗരൻ തന്റെ ഉത്തരവാദിത്തം ഒരു വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും ഉപയോഗിക്കുമ്പോൾ മാത്രമാണ് ജനാധിപത്യം ശരിയായ രീതിയിൽ വളരുന്നതും, സാധാരണ ജനത്തിന് പ്രയോജനകരം ആകുന്നതും. ഒരു ദേശത്തിൻ്റെ  വികസനത്തിൽ എങ്ങനെയാണ് ആ പ്രദേശത്തെ ജനങ്ങൾ ഉത്തരവാദികളും പങ്കാളികളും ആകേണ്ടത് എന്ന് വളരെ കൃത്യമായി പറഞ്ഞു വച്ച സിനിമയാണ് സ്വദേശ്. നവലിബറൽ കാലത്ത് മുന്നിൽ വരുന്ന വിദേശ രാജ്യത്തെ-നഗരങ്ങളിലെ ആഡംബര ഉപഭോക്ത ജീവിതങ്ങളെ വേണ്ടെന്ന് വച്ച് ഗ്രാമത്തിലേക്ക് തിരിച്ച് വരുന്ന ഒരു തുറന്ന (inclusive) ദേശിയവാദിയായ നായകനെയാണ് ഷാരൂഖ് ഖാൻ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിലൂടെ ആഗോള വിപണിയിലേക്ക് ഒരു സമൂഹത്തെ നയിക്കുന്നത്തിൻ്റെ  ആദ്യപടി ആണ് ആ സിനിമ നമ്മെ കാണിച്ചത്.

ജനകീയ ആസൂത്രണത്തിൽ പങ്കാളികൾ ആകുന്നവർക്ക് വേണ്ടി. ഒരു പാട് കൈപുസ്തകങ്ങളും പരിശീലന പരിപാടികളും സർക്കാർ തന്നെ നൽകി. അതിന്റെ അമരത്ത് 1996-2001 ഇരുന്ന ഒരാൾ ആണ് മുൻ ധനമന്ത്രി തോമസ് ഐസക്. സ്റ്റേറ്റ് മിനിമം ആയാലും ജനത്തിന് വേണ്ടത് നൽകാൻ കഴിയുന്ന രീതിയിൽ ജനപ്രതിനിധികളേയും,  സന്നദ്ധപ്രവർത്തകരേയും സജ്ജമാക്കാൻ ജനകീയ ആസൂത്രണത്തിന് ആയി. ഉദ്യോഗസ്ഥവൃന്ദത്തെ കൊണ്ട് നടപ്പിലാക്കേണ്ട കാര്യങ്ങൾ ആണ് ജനകീയ ആസൂത്രണത്തിൽ ഒരു പരിധിവരെ സൗജന്യമായി ജനപ്രതിനിധികളും, സന്നദ്ധപ്രവർത്തകരും നൽകുന്നത്. 2018ലെ വെള്ളപ്പൊക്കത്തിലും, 2020-2021 കോവിഡ് മഹാമാരി കാലത്തും ഈ സന്നദ്ധപ്രവർത്തകരിലും ജനപ്രതിനിധികളും ഊന്നിയ വികേന്ദ്രികൃത ഭരണം മൂലം നവലിബറൽ സ്റ്റേറ്റിന് ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിഞ്ഞു. കേരളത്തിന്റെ ഈ രണ്ട് ദുരന്ത നിവാരണ പ്രവർത്തികൾ വ്യത്യസ്തമാവാൻ ഇത് ഒരു കാരണം ആണ്. പല മുതലാളിത്ത വികസിത സ്‌റ്റേറ്റുകളും കേരളത്തിനൊപ്പം അല്ലെങ്കിൽ കേരളത്തിനേക്കാളും നല്ല ആരോഗ്യ പ്രവർത്തക നിരക്കും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും കോവിഡ് മാനേജ്‌മെന്റിൽ തീർത്തും പരാജയപ്പെട്ടപ്പോൾ പരിമിത വിഭവങ്ങൾ മാത്രമുള്ള കേരളം ഒരു പരിധി വരെ പിടിച്ച് നിന്നത് നവലിബറലിസത്തെ അനൗദ്യഗിക-സന്നദ്ധഘടകങ്ങൾ കൊണ്ട് ബന്ധിപ്പിക്കുന്നതിൽ കേരളം വിജയിച്ചത് കൊണ്ടാണ്.

നവലിബറൽ നയങ്ങൾ ഏറ്റവും മോശമായി ബാധിക്കുന്നത് സ്ത്രീകളെ ആണ്. തൊഴിൽ നിയമങ്ങൾ ദുർബലം ആകുമ്പോൾ തൊഴിൽ സുരക്ഷ ഇല്ലാതാവും, സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനുള്ള സാഹചര്യം കുറയും. പിന്നെ വിപണി ലിംഗ തുല്യത എന്നൊക്കെ പറഞ്ഞാലും, ആദ്യം പിരിച്ച് വിടുക സ്ത്രീകളെ ആണ്. എന്തിന് 2022 ഏപ്രിൽ മാസത്തിൽ ഇറങ്ങിയ CMIE തൊഴിൽ റിപ്പോർട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും പരിചയവും ഉണ്ടായിട്ടും 2017-2022 കാലഘട്ടത്തിൽ രണ്ട് കോടിയിലേറെ സ്ത്രീകൾ ആണ് തൊഴിലില്ലാതെ ഇരിക്കുന്നത്. സർക്കാർ-പൊതു മേഖലയിലെ തൊഴിൽ കുറയുമ്പോൾ സ്ത്രീ പ്രാധാന്യവും ദളിത് പ്രാധാന്യവും കുറയും എന്ന് പല പഠനങ്ങളും തെളിയിക്കുന്നു. ഇതിനൊക്കെ അപ്പുറം, സംഘടിത മേഖല ശുഷ്‌കം ആവുമ്പോൾ, അസംഘടിത മേഖല വികസിക്കും, അതിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യം ഉണ്ട് എന്നാണ്. കാരണം, അസംഘടിത മേഖലയിലെ തൊഴിൽ ഒന്നുകിൽ വീടിനോട് അനുബന്ധിച്ച് അല്ലെങ്കിൽ വളരെ അയവുള്ള (flexible) രീതിയിലേത് ആവും. ഒരു പിതൃദായക സമൂഹത്തിനും കുടുംബത്തിനും ഏറ്റവും അനുയോജ്യമായതും.

1998ൽ കേരള ഗവണ്മെന്റ് നടപ്പിലാക്കിയ കുടുംബശ്രീ പദ്ധതി ഈ ഘടകങ്ങൾ മുഴുവനും ഉൾകൊണ്ടതും, സംഘടിത വിഭവങ്ങളും സ്ഥാപനങ്ങളും ദുർബലമായ സാഹചര്യത്തിൽ സ്ത്രീ ശക്തിയെ മുൻ നിറുത്തി നവലിബറൽ നയങ്ങളുടെ ദൂഷ്യ വശങ്ങളെ കുറച്ച് നിർവീര്യം ആക്കാനും മറച്ച് വയ്ക്കാനും കഴിയും. കുടുംബശ്രീയുടെ മുൻഗാമിയായ ആന്ധ്ര പ്രദേശിലെ ‘വേലുഗ്’ പദ്ധതിയും ഇതേ ലക്ഷ്യവും രീതിയിലും ആണ് പ്രവർത്തിച്ചിരുന്നത്. സ്വയം സഹകരണ സംഘങ്ങൾ സാമൂഹിക ഇടപെടലുകൾക് അപ്പുറം സാമ്പത്തിക-വ്യവസായ സംഘാടക (entrepreneurial) നൈപുണ്യ പരിശീലനങ്ങളിലൂടെ സ്ത്രീകൾക്കും ഗ്രാമങ്ങളിലും പ്രതീക്ഷയുടെ ഒരു പുതു നാമ്പ് മുളപ്പിച്ചിട്ടുണ്ട്. മാത്രമല്ല, കുടുംബശ്രീ പ്രവർത്തകർ നവലിബറൽ നയങ്ങളുടെ നടപ്പിലാക്കൽ മൂലം സർക്കാർ തലത്തിൽ നിന്നു പുറന്തള്ളിയ പല തൊഴിലും പുറം പണി കരാറിലൂടെ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള ഏജൻസി ആയി മാറി. ഉദാഹരണം സർക്കാർ ആപ്പീസുകളിലെ house keeping തൊഴിലുകൾ, കാന്റീൻ നടത്തിപ്പ്, ഖരമാലിന്യ ശേഖരണവും നിർമ്മാർജ്ജനവും അങ്ങനെ പൊതു മേഖലയിൽ നിന്നും സംഘടിത മേഖലയിൽ നിന്നും പുറത്താക്കിയ തൊഴിലുകൾ കരാറിലൂടെ സ്ത്രീകളുടെ സ്വയം സഹകരണ സംഘങ്ങൾ ഏറ്റെടുത്ത് നടത്താൻ തുടങ്ങിയപ്പോൾ തൊഴിലാളിയും ഉടമയും ഒന്നാവുകയും സർക്കാരിന് തൊഴിലാളിക്ക് കൊടുക്കേണ്ട സംരക്ഷണകളിൽ നിന്നും മോചനവും കിട്ടി. സ്ത്രീകൾക്കാകട്ടെ തങ്ങളുടെ സ്വത്വം ഊന്നിയുറപ്പിക്കാനുള്ള ആദ്യപടിയായ ചെറിയ സാമ്പത്തിക സ്വാതന്ത്ര്യവും പൊതു പ്രവർത്തനത്തിന് ഇറങ്ങാനുള്ള ആദ്യ അവസരവും കിട്ടി. ഒരു പിതൃദായക സമൂഹത്തിൽ ഇത് വലിയ മാറ്റം ആണ് കൊണ്ട് വന്നത്. സ്ത്രീ ശാക്തീകരണം സ്ത്രീയുടെ സ്വത്വം അടയാളപ്പെടുത്താൻ കൊണ്ടുവന്നതാണെങ്കിലും അത് കൊണ്ട് നവലിബറൽ സമൂഹത്തിന് ഒരു പാട് പ്രയോജനങ്ങൾ ഉണ്ടായി എന്ന് പറയാതെ വയ്യ. മറിച്ചാണെങ്കിലും, നവലിബറലിസത്തിന്റെ ദൂഷ്യവശങ്ങളെ മറക്കാൻ കൊണ്ട് വന്നതാണ് ഇത്തരം പദ്ധതികൾ എന്നാലും അത് അടിസ്ഥാന പരമായി സ്ത്രീകളെ ഉത്ബുദ്ധരാക്കുകയും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ പ്രാപ്‌തർ ആക്കുകയും ചെയ്യുന്നു എന്നതും വളരെ പ്രധാന്യം അർഹിക്കുന്ന ഒരു സാമൂഹിക മാറ്റം ആണ്.

ഇതിനൊക്കെ അപ്പുറം ജനപ്രതിനിധികളോടൊപ്പം ഈ സ്ത്രീപടയാളികൾ സ്റ്റേറ്റിനെ ജനങ്ങളും ആയി ബന്ധിപ്പിക്കുന്ന കണ്ണിയായി മാറി. സർക്കാരിന്റെ എല്ലാ ജനക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നതിൽ മുൻപിൽ നില്കുന്നത് കുടുംബശ്രീ പ്രവർത്തകർ ആണ്, പെൻഷൻ വിതരണം ആകട്ടെ, കിടപ്പ് രോഗി ചികിത്സ ആകട്ടെ, കൃഷി വികസനം ആകട്ടെ, ആശാ പ്രവർത്തകർ ആകട്ടെ, അംഗനവാടി ടീച്ചറുമാർ ആകട്ടെ, എല്ലാ തലത്തിലും കുടുംബശ്രീ പ്രവർത്തകർ ആണ് സ്റ്റേറ്റിന് വേണ്ടി ഓടിനടക്കുന്നത്. നവലിബറൽ കാലത്ത്, സ്റ്റേറ്റിന്റെ വിജയവും പരാജയവും തീരുമാനിക്കാൻ ഈ സ്ത്രീകൾക്ക് ആവും എന്നതിനുള്ള ഉത്തമ ഉദാഹരണം ആണ് കുടുംബശ്രീയും അതിലെ പ്രവർത്തകരും. കേരളം സർക്കാരിന്റെ കോവിഡ് മാനേജ്‌മന്റ് വിജയത്തിൽ ആശാപ്രവർത്തകരും, കുടുംബശ്രീ പ്രവർത്തകരും വഹിച്ച പങ്ക് വളരെ വലുതാണ്. വിപണി വ്യവസ്ഥയുടെ/ മുതലാളിത്തത്തിന്റെ നിലനില്പിനും വളർച്ചയ്ക്കും സാമൂഹ്യ സുരക്ഷയും (social security) സാമൂഹിക ഭദ്രത ശൃഖലകളും അത്യാവശ്യം ആണ്. സ്റ്റേറ്റ് വിഭവങ്ങളുടെ വിതരണത്തിൽ നിന്നും പുനർവിതരണത്തിൽ നിന്നും പിന്മാറി, വിഭവങ്ങളുടെ വിതരണം വിപണിക്ക് വിട്ടയപ്പോൾ ഒരു വൻ ജനവിഭാഗം ആശ്രയങ്ങളും താങ്ങും ഇല്ലാതെ വിപണി വ്യവസ്ഥയിൽ മത്സരിക്കാനും, സേവന-ചരക്കുകൾ വിപണി നിരക്കിൽ ഉപഭോഗിക്കാനും സാധിക്കാതെ ദാരിദ്ര്യത്തിൽ നിന്നും അതി ദാരിദ്ര്യത്തിലേക്ക് വീണു. നവലിബറൽ നയങ്ങൾ നടപ്പിലാക്കുമ്പോൾ പറഞ്ഞിരുന്നത് വിപണി വ്യവസ്ഥ ഒരു trickle down പ്രഭാവം ഉണ്ടാക്കും എന്നും, അങ്ങനെ അരിച്ചിറങ്ങുന്ന വിപണിയുടെ ഫലങ്ങൾ എല്ലാ തരം ജനങ്ങളിൽ എത്തുമെന്നും അത് സമൂഹത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയ്ക്ക് കാരണം ആകും എന്നും ആണ്. അങ്ങനെ ഓരോ വ്യക്തികളും വിപണിയിൽ മാത്സര്യത്തിൽ ഏർപ്പെടാൻ തക്കത്തിൽ ശക്തർ ആവും. അങ്ങനെ വന്നാലേ നവലിബറലിസം വിജയിക്കുകയുള്ളു. കാരണം ജിഡിപി വളർച്ചയാണ് വിജയത്തിന്റെ അടിസ്ഥാന ഘടകം. ജിഡിപി വളരണമെങ്കിൽ ഉപഭോഗം വർദ്ധിക്കണം, ഉപഭോഗം വർദ്ധിക്കുക എന്നാൽ ഡിമാൻഡ് കൂടുക, ഡിമാൻഡ് കൂടുക എന്നാൽ ഉത്‌പാദനം വർധിക്കുക. ഉത്‌പാദന വർദ്ധനവ് ആണ് ജിഡിപി വളർച്ച. ഈ ജിഡിപി വളർച്ചയുടെ പങ്ക് ഓരോ പൗരനും അർഹിക്കുന്നുണ്ട്. അത് അവന്റെ/അവളുടെ ഉത്‌പാദനത്തെ അടിസ്ഥാനമാക്കിയുള്ളതായാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ വിഭാവനം ചെയ്യുന്നത്. എന്നാൽ വിപണി വ്യവസ്ഥയിൽ അങ്ങനൊന്നില്ല. അതിനെ മറികടക്കാൻ ആണ് സാമൂഹ്യ സുരക്ഷ/ഭദ്രത ശ്രുംഖലകൾ നവലിബറൽ സമ്പത് വ്യവസ്ഥയിൽ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്നത്. ഇതിന് രണ്ട് വശം ഉണ്ട്. ഒന്ന്, ഇത്തരം പദ്ധതികളിൽ പങ്കാളികൾ ആവുന്നവർക്ക് ഒരു മിനിമം സഹായം ലഭിക്കും. ഇത്തരം പദ്ധതികൾ പലപ്പോഴും പങ്കാളിത്ത പദ്ധതികൾ ആണ്.

അതായത്, സ്റ്റേറ്റ് ഒരു ചെറിയ തുക നിക്ഷേപിക്കുമ്പോൾ, ഗുണഭോക്താവും തന്റെ ഓഹരി നിക്ഷേപിക്കുന്നു. രണ്ട്, ഇത് മിക്കവാറും വിപണി ബന്ധിതമാണ്. അതായത്, ഈ സാമൂഹ്യ സുരക്ഷാ/ഭദ്രത പദ്ധതികൾ ഒരു പൊതു ഫണ്ട് ആയിരിക്കും, ആ ഫണ്ട് മാനേജ് ചെയ്യുന്നത് നിക്ഷേപക മാനേജരുമാർ (investment banker) ആയിരിക്കും. ചുരുക്കത്തിൽ ഈ ഫണ്ട് കൊണ്ട് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുമ്പോൾ, ആ ഫണ്ട് ഓഹരി വിപണിയ്ക്ക് ലഭ്യമാകുന്ന രീതിയിൽ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരം സാമൂഹ്യ സുരക്ഷാ പദ്ധതികൾ ദീർഘ കാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇതിലെ അപകട സാധ്യത കാര്യമായി ചർച്ച ചെയ്യാത്തത്. മാത്രമല്ല ഓഹരി വിപണിയുടെ ഗുണഭോക്താക്കൾ മധ്യ-വർഗ്ഗ, ഉപരി വർഗ്ഗമാണ്. അവരുടെ നിക്ഷേപത്തിന്റെ അപകട (risk) സാധ്യത കുറയ്ക്കുന്ന ഘടകം ആണ് ഇത്തരം സാമൂഹ്യ സുരക്ഷ ഫണ്ടുകൾ. ചുരുക്കത്തിൽ വിപണി വ്യവസ്ഥയുടെ അപകടങ്ങളെ ഒരു ചെറിയ പരിധി വരെ പ്രതിരോധിച്ച് നിറുത്തി ഒരു ചെറിയ സമതുലനം കൊണ്ട് വരാൻ ഇത്തരം പങ്കാളിത്ത-വിപണി കേന്ദ്രികൃത ജനകീയ പദ്ധതികൾക്ക് ആവും.

കേരളത്തിലെ അസംഘടിത മേഖലയിലെ ഒട്ടുമിക്ക തൊഴിലാളികളും ക്ഷേമ പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കും. കയർ-കർഷക-നിർമാണ തൊഴിലാളിയാകട്ടെ, പാലുൽപാദകൻ ആകട്ടെ, അംഗനവാടി ടീച്ചർ ആവട്ടെ, നെയ്ത്തുകാർ ആകട്ടെ അവരവുടെ ക്ഷേമ നിധികളിൽ അംഗവും, തങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയ ഓഹരി ക്ഷേമനിധിയിൽ അടക്കുകയും വാർദ്ധക്യ കാലത്ത് ഒരു ചെറിയ പെൻഷന് അർഹരാവുകയും ചെയ്യുന്നു. ഈ ക്ഷേമനിധി-പെൻഷൻ-ഓഹരി വിപണി ബന്ധിതം ഒന്നും അല്ല, ഈ പണം പ്രധാനമായും സ്റ്റേറ്റ് ട്രഷറിയിൽ തന്നെ ആണ് നിക്ഷേപിച്ചിരിക്കുന്നത്. വാർദ്ധക്യ പെൻഷൻ കൂടാതെ ഇത്തരം ക്ഷേമനിധി പെൻഷൻ പലർക്കും ഉണ്ട്. എന്നാൽ ഒന്നിൽ കൂടുതൽ ക്ഷേമനിധി പെൻഷൻ മേടിക്കുന്നത് നിറുത്തലാക്കിയ കേരള സർക്കാർ, അതെ നയം സർക്കാർ ഉദ്യോഗസ്ഥരുടെ സർവീസ് പെൻഷൻ കാര്യത്തിൽ കൊണ്ട് വന്നിട്ടില്ല. വ്യക്തമാക്കിയാൽ സർവീസ് പെൻഷന് ഒപ്പം ഫാമിലി പെൻഷനും മേടിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നില്ല. ഇതിനെ നവലിബറൽ നയങ്ങളുടെ വൈരുധ്യം ആയിട്ടേ കാണാൻ കഴിയു. ഒരു വലിയ വിഭാഗത്തിന് മിനിമം സഹായം മതി എന്ന് നിഷ്‌കർഷിക്കുന്ന സർക്കാർ തന്നെ ഒരു ചെറിയ വിഭാഗത്തിന് സമ്പത്തിന്റെ ഒരു വലിയ ഭാഗം നൽകാൻ ഒരു മടിയും കാണിക്കുന്നില്ല. ചുരുക്കത്തിൽ ചെലവ് ചുരുക്കലിന്റെ ഭാഗം ആയി മിനിമം സ്റ്റേറ്റ് എന്ന നയം കൊണ്ട് വരുമ്പോൾ അത് ചെലവഴിക്കലിൽ കാണുന്നില്ല. ആ വൈരുദ്ധ്യത്തെ നവലിബറലിസത്തിന്റെ പ്രവാചകരും വിമർശകരും ഒരു പോലെ അവഗണിക്കുന്നത് തന്നെയാണ് നവലിബറലിസത്തിന് കിട്ടുന്ന സാമൂഹിക അംഗീകാരത്തിനുള്ള തെളിവ്. മാത്രമല്ല ഒരു ഇടത് പക്ഷ സ്റ്റേറ്റ് മുന്നോട്ട് വയ്ക്കുന്ന സാമൂഹിക തുല്യത എന്ന ആശയം ആ സ്റ്റേറ്റ് തന്നെ ഇല്ലാതാക്കുമ്പോൾ അതിന്റെ പ്രശ്നങ്ങളെ കുറിച്ച് ഇടത് തൊഴിലാളി സംഘടനകൾ പോലും സംസാരിക്കാത്തത് അവർ നവലിബറലിസത്തിന്റെ പ്രധാന ഗുണഭോക്താക്കൾ ആകുന്നതിനാൽ ആണ് എന്ന് പറയേണ്ടി വരും.

(തുടരും)


Dr Resmi P Bhaskaran
Policy Analyst

Comments

comments