കണ്ണുതുറന്നപ്പോൾ മാനം തെളിഞ്ഞിട്ടില്ല. കുറച്ചുനേരമെടുത്തു ഒന്നു നിവർന്നെഴുന്നേല്ക്കാൻ. വലത്തെ ചുമരിൻ്റെ പകുതിക്കു മുകൾഭാഗം മുഴുവനായും വലിയ സ്ഫടികജനലുകളാണ്. ഇനിയും കണ്ണുതുറന്നിട്ടില്ലാത്ത പടിഞ്ഞാറൻ നഗരാകാശം അതിലൂടെ കാണാം. അവിടവിടെ ചില നക്ഷത്രങ്ങൾ മാഞ്ഞുപോകാൻ തയ്യാറായി നില്ക്കുന്നു. പുതപ്പു വലിച്ചുമാറ്റിയെഴുന്നേറ്റു. തെളിഞ്ഞുവരുന്ന പ്രഭാതം എപ്പോഴും മനസ്സിന് കുളിർമ്മ നല്കുന്ന അനുഭവമാണ്. നേരെ ജനലിനരികിലേക്കു നടന്നു. അതൊന്നു തുറക്കാനായിരുന്നു ശ്രമം. കുറച്ചുസമയമെടുത്തു അതിൻ്റെ പിടിയൊന്നു കണ്ടുപിടിച്ചപ്പോഴേക്കും. ഈയടുത്തൊന്നും ആരും തുറന്നിട്ടില്ല എന്നു തോന്നും അതിൻ്റെ വൈമനസ്യം കണ്ടാൽ. അല്പം പണിപ്പെട്ടശേഷം, ഒരുവിധത്തിലതു തുറന്നുകിട്ടിയപ്പോൾ നല്ല തണുത്ത കാറ്റ് എന്നെയൊന്നമർത്തിപ്പുണർന്നുകൊണ്ട് അകത്തേക്കു കടന്നു. പിന്നെയൊന്നു ചുറ്റിത്തിരിഞ്ഞ ശേഷം എന്റെ ഒഴിഞ്ഞ കിടക്കയിൽ മുത്തമിട്ടു, സംശയഭാവത്തിൽ എന്നെ നോക്കി. ഞാൻ മറുപടി ഒരു മന്ദഹാസത്തിലൊതുക്കി. “അധികം വലിയ മുറിയൊന്നുമല്ല. ഒറ്റയ്ക്കാണ് ഇപ്രാവശ്യം”. തണുപ്പൊന്നു അഴിഞ്ഞുലഞ്ഞുപടർന്ന പോലെ. മുറി മുഴുവനായും ഒരു പതിഞ്ഞ പ്രകമ്പനം. മനസ്സ് നിറയുന്ന ഹർഷം. പിന്നെ, പൊടുന്നനെ ഒരു മുഗ്ദ്ധചുംബനത്തിൽ എന്നെ ചേർത്തുപിടിച്ചവൾ വന്നവഴിയേ ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നാലെ എന്റെ കണ്ണുകളും.
നഷ്ടബോധത്തിലാണ് പുറത്തേക്കു നോക്കിയത്. താഴെ ചലനമറ്റ തെരുവ് നനഞ്ഞുകിടക്കുന്നു. രാത്രി നല്ലപോലെ മഴ ചെയ്തിരിക്കണം. വെറുതെയല്ല, അവൾ കുളിരുകോരിയിട്ടത്. പതിഞ്ഞുപെയ്യുന്ന മഴയോളം പ്രണയം സ്ഫുരിക്കുന്ന ഒന്നില്ലെന്നു തോന്നിയിട്ടുണ്ട്. മനസ്സിനെ പറിച്ചെടുത്തു കൊണ്ടുപോവും ഓരോ തുള്ളിയും. അതിൽ നനഞ്ഞുകുളിച്ചു നില്ക്കണം. നടക്കണം. കൈയ്യുയർത്തി മുകളിലേക്കു നോക്കി വീണ്ടും നനയണം. പിന്നെ, ചുംബനങ്ങളായി ചെയ്യുന്ന മഴയെ അനുഭവിക്കണം.
എനിക്കിതെന്തു പറ്റി? അറിയാതെ കയറി വന്ന പ്രണയം വെറുതെയായിരുന്നില്ല. സുന്ദരിയായ ഒരു ഉക്രൈനിയൻ പെൺകുട്ടിയുടെ രൂപം എന്നിൽ തെളിഞ്ഞുവരുന്നുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ റുഥീനിയക്കാരി. ഇന്ന് റുഥീനിയ ഉക്രൈനിന്റെ ഭാഗം തന്നെ. പക്ഷെ, നൂറ്റാണ്ടുകൾക്കുമുമ്പ് പോളിഷ് സാമ്രാജ്യത്തിന്റെ അതിർത്തിപ്രദേശവും. പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ അവിടെ കളിച്ചുവളർന്ന സുന്ദരരൂപമായിരുന്നു എന്റെ മനസ്സിൽ. ഒരു പക്ഷെ, ഞാൻ ഏറ്റവും കൂടുതൽ ആകർഷിക്കപ്പെട്ടിട്ടുള്ള, പ്രണയിച്ചിട്ടുള്ള കഥാപാത്രം. അലക്സാന്ദ്ര. സദാസമയവും ഇത്രയും പ്രസന്നവദനയാവാൻ മറ്റാർക്കെങ്കിലും കഴിയുമോ എന്നു തോന്നും ആ മുഖത്തേക്കു നോക്കിയിരുന്നാൽ. അലസമായി ചിതറിനിലക്കുന്ന ചെമ്പൻതലമുടി*. കൂട്ടത്തിൽ, ഉയർന്ന നെറ്റിത്തടത്തിലേക്കു വീണുകിടക്കുന്ന ചുരുളുകൾ ചെറുതായി ഇളകിയാടുന്നുമുണ്ട്. അവയുടെ ചേലൊന്ന് വേറെത്തന്നെ. പ്രണയബാണം വലിച്ചുമുറുക്കിയെന്നോണം വളഞ്ഞു നില്ക്കുന്ന പുരികങ്ങൾക്കു കീഴെ ആകാശം നിഴലിട്ട മിഴിയാഴങ്ങൾ. മൂക്കിന് പ്രത്യേകതകളില്ല. അതിന്റെയറ്റം എപ്പോഴും ചുവന്നുതുടുത്തു നില്ക്കുമെന്നു മാത്രം. അല്പം ഉയർന്നതാണ് കവിൾത്തടം. അവിടെയുമുണ്ടൊരു ശോണിമ. മന്ദഹാസം അല്ലെങ്കിലൊരു ഗൂഢസ്മിതം, അതില്ലാതെ നനഞ്ഞുചുവന്നു നേർത്ത ആ അധരങ്ങളെ കാണാനാവില്ല. കഴുത്തിനോടിരുവശവും ചേർന്നു തോളിലേക്കു വീണുകിടക്കുന്ന മുടികളിലെ സ്വർണ്ണത്തെളിച്ചം ഏറെ ആകർഷകം. നല്ല പൊക്കമുണ്ട് അലക്സാന്ദ്രയ്ക്ക്. ആകാരസൗഷ്ഠവം പറയുകയും വേണ്ട. ഒത്ത വടിവുകളിൽ കണ്ണുകൾ കുടുങ്ങിനിന്നുപോകും.
നിങ്ങൾക്കറിയാമോ? ഇന്നും ലോകത്തിലെ ഏറ്റവും സുന്ദരിമാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് റുഥീനിയക്കാരുടെ സ്ഥാനം. റുഥീനിയൻ ഭാഷ ഇന്നില്ല. അതിൽ നിന്നുരുത്തിരിഞ്ഞതാണ് ഇന്നത്തെ ഉക്രൈനിയൻ ഭാഷ. റുഥീനിയൻ ഗ്രാമങ്ങളിലേതിലോ ജീവിച്ചിരുന്ന ഒരു ഓർത്തഡോക്സ് ക്രിസ്തീയപുരോഹിതനായിരുന്ന ലിസോവ്സ്കിയുടെ മകളായാണ് അലക്സാന്ദ്ര ലിസോവ്സ്ക പിറന്നത്. ഏതു ഗ്രാമീണക്കുട്ടികളേയും പോലെ അവൾ വളർന്നു. പുരോഹിതന്റെ മകളായതിനാൽ ദൈവത്തെ ഉള്ളോടു ചേർത്തുവെച്ച് തന്റെ സൗന്ദര്യം അധികം പേരുടെ കണ്ണിൽപ്പെടാതെ അല്ലലില്ലാതെ കഴിഞ്ഞിരുന്ന കാലം.
ഞായറാഴ്ച ദിവസങ്ങളിൽ അച്ഛൻ പ്രസംഗിക്കുന്നത് അലക്സാന്ദ്ര അഭിമാനത്തോടെയാണ് കണ്ടുനില്ക്കാറ്. മുന്നിലൊന്നും നില്ക്കില്ല. പുറകിലെ ബെഞ്ചുകൾക്കിടയിൽ നിന്നുകൊണ്ട് അച്ഛനെ കേൾക്കും. രസമാണ് അച്ഛന്റെ ആ സമയത്തെ ഭാവഹാദികൾ കാണാൻ. അതു അലക്സാന്ദ്രയുടെ മാത്രം അഭിപ്രായമായിരുന്നില്ല. വെറുതെയല്ല, ലിസോവ്സ്കി ആ ഗ്രാമത്തിന്റെ മൊത്തം പ്രിയങ്കരനായി മാറിയതും. ആ പ്രിയങ്കരന്റെ മകൾ ഗ്രാമത്തിന്റെ അഭിമാനമായി മാറിയതും.
അന്നും ഒരു സാധാരണ ഞായറാഴ്ചയായിരുന്നു. വസന്തം കഴിഞ്ഞ് ഗ്രീഷ്മത്തിലേക്കു കടക്കുന്ന കാലത്ത് പ്രഭാതത്തിന് ഒരു പൊൻവെളിച്ചമാണ്. നനുത്തൊരു കാറ്റ് പള്ളി വരാന്തയിലൂടെ ചുറ്റിയടിക്കുന്നുമുണ്ട്. പൊടുന്നനെയാണ് തെരുവിൽ നിന്ന് തുളച്ചുകയറുന്ന നിലവിളിയുയർന്നത്. ആരാണ്, എന്താണ് എന്നു മനസ്സിലാക്കാനാവുന്നതിനു മുമ്പെ, കുതിരക്കുളമ്പടികളും അട്ടഹാസവും ഒട്ടും പരിചിതമല്ലാത്ത ഭാഷയിലെ അലർച്ചകളും കേട്ടു. കുതിരകൾ ചിതറിയോടുന്ന ശബ്ദവും. ആരോ അതിനിടയിൽ പള്ളിമേടയിൽ കയറി തുടർച്ചയായി മണി മുഴക്കി. അപകടസൂചനയാണ്. ഗ്രാമം കൊടിയ ഭയത്താൽ ഒരു നിമിഷം വെറുങ്ങലിച്ചു നിന്നു. പിന്നെയൊരു അങ്കലാപ്പും, പരക്കംപാച്ചിലും. പള്ളിയിൽ കൂടിയിരുന്നവർ വാതിലുകളിലേക്കെത്തിയപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. മൂടിച്ചുറ്റിയ മുഷിഞ്ഞ തലക്കെട്ടും, ഊരിപ്പിടിച്ച വാളുകളുമായി ഒരു സംഘം താടിക്കാർ പൊടുന്നനെ പള്ളി വളഞ്ഞു. പിന്നെയൊരു നരമേധമായിരുന്നു. എത്ര പേർ വെട്ടേറ്റു വീണെന്നറിയില്ല. അച്ഛന്റെയടുത്തേക്കോടിയ അലക്സാന്ദ്രയുടെ കഴുത്തിൽ തന്നെയാണ് കുടുക്കുവീണത്. നല്ല പരുക്കൻ കട്ടിച്ചരടുകൊണ്ടുണ്ടാക്കിയ വേട്ടക്കുരുക്ക്. താൻ മരിച്ചുപോയി എന്നു തന്നെ അവൾക്കു തോന്നി. കണ്ണുകൾ മറിഞ്ഞു പിന്നോട്ടുവീഴുമ്പോൾ ദൂരെ തന്റെയടുത്തേക്കോടിവരുന്ന അച്ഛൻ തോളത്ത് വാളേറ്റുവീഴുന്നതു മാത്രം ഓർമ്മയുണ്ടായവൾക്ക്.
റുഥീനിയയ്ക്ക് തൊട്ടപ്പുറത്തെ ക്രിമിയൻ ദേശത്തു നിന്നു ടാട്ടാറുകൾ ആക്രമണം അഴിച്ചുവിടുന്നത് അക്കാലത്തൊരു പതിവായിരുന്നു. അത്തരത്തിലൊരു രംഗത്തിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ടുപോയത്. പലരേയും കൊന്നും, കൊള്ളയടിച്ചും ടാട്ടാറുകൾ ആ അതിർത്തിഗ്രാമങ്ങളിൽ കനലുകൾ വിതറി. അതിനേക്കാൾ ഭയാനകമായിരുന്ന അവർ തേടിയ മറ്റൊന്ന്. പെൺകുട്ടികളായിരുന്നു അവരുടെ പ്രധാനലക്ഷ്യം. അനേകം സുന്ദരികൾ അവരുടെ നിഷ്ഠുരതയിൽ പിടഞ്ഞു. ടാട്ടാറുകളുടെ ആയുധങ്ങൾക്കും, ക്രൂരതയ്ക്കും മുന്നിൽ പാവം ഗ്രാമീണർക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ആ പെൺകുട്ടികളുടെ ആർത്തനാദം വിദൂരതയിൽ അലിഞ്ഞലിഞ്ഞില്ലാതായി.
അന്നു കരിങ്കടൽ തീരത്തെ കാഫ നഗരത്തിലെ അടിമച്ചന്ത ഏറെ പ്രശസ്തമാണ്. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പു വരെ കാഫ ജെനോവയിൽ നിന്നുള്ള ക്രിസ്ത്യാനികളുടേതായിരുന്നു. യൂറോപ്പിനെ തകർത്തെറിഞ്ഞ കറുത്ത മരണമെന്ന പ്ലേഗിന്റെ ഉറവിടം. ഇവിടെയായിരുന്നു പ്ലേഗ് ബാധിച്ചു മരിച്ചവരുടെ ശവശരീരങ്ങൾ ഭീമൻ ചവണകളുപയോഗിച്ച് നഗരമതിലിനു മുകളിലൂടെ വലിച്ചെറിഞ്ഞ്, ജാനിബെഗ് എന്ന മംഗോളിയൻ രാജാവ് ജെനോവരെ ഓടിച്ചുവിട്ടത് എന്നത് ഒരിക്കലും മറക്കാനാവാത്ത സത്യം. പക്ഷെ, ഈ 1520-ാമാണ്ടിലാകട്ടെ, ലോകമെമ്പാടുനിന്നും സുന്ദരികളെത്തേടി ധനാഢ്യരെത്തുന്നയിടം. അലക്സാന്ദ്രയും കൂട്ടുകാരികളും അവിടെത്തന്നെയാണ് ചെന്നുപെട്ടത്. പക്ഷെ, കാഫയിലെ ചന്തയിൽ കച്ചവടം നടത്തുന്നവർ മിക്കവരും ഇടനിലക്കാരായിരുന്നു. അടിമകളെ എങ്ങനെയെങ്കിലും കുറഞ്ഞ വിലയ്ക്കു വാങ്ങി മറിച്ചു വില്ക്കുന്നവർ. അടിമച്ചന്തയിലെ വേദിയിൽ അലക്സാന്ദ്ര ഒരത്ഭുതമായിരുന്നു. ആർത്തിയോടെ ജനം അവളെ പൊതിഞ്ഞു. ടാട്ടാറുകൾക്ക് അവൾക്ക് ലഭിക്കാൻ പോകുന്ന കനത്ത വിലയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഒരുതരത്തിലുമുള്ള കിഴിവുകൾക്കും അവർ തയ്യാറായില്ല. അവരാവശ്യപ്പെട്ടയത്രയും നാണയങ്ങൾ ആരും നല്കിയതുമില്ല. ഒടുവിൽ ടാട്ടാറുകൾ തീരുമാനിച്ചു. കാഫ ശരിയാവില്ല. കൊൻസ്റ്റാന്റിനോപ്പിളിലേക്കു പോകാം. ഏറ്റവും ഉയർന്ന പാരിതോഷികം ലഭിക്കുന്നയിടം അവിടത്തെ അന്ത:പുരത്തിലായിരിക്കും. സുൽത്താനു യോജിച്ചവൾ തന്നെയിവൾ. ആ തീരുമാനത്തോടെ അലക്സാന്ദ്രയുമായി അവർ കപ്പൽ കയറി. കരിങ്കടൽ കടന്ന് നേരെ കൊൻസ്റ്റാന്റിനോപ്പിളിലേക്ക്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാവി നിർണ്ണയിച്ച ഒരു യാത്രയായിരുന്നു അത്.
തന്റേടിയും ബുദ്ധിശാലിയും രൂപവതിയുമായ അലക്സാന്ദ്ര ആ യാത്രയിൽ എങ്ങനെ പെരുമാറിയിരുന്നിരിക്കണം എന്നു നമുക്ക് ഊഹിക്കാമെന്നു മാത്രം. തന്റെ ഗ്രാമത്തിന്റെ സ്വച്ഛതയിലും ലാളിത്യത്തിലും മുഴുകിനിന്നിരുന്ന അവൾ, പൊടുന്നനെയാണ് ജീവിതത്തിലെ ക്രൂരയാഥാർത്ഥ്യങ്ങളിലേക്ക് എടുത്തെറിയപ്പെട്ടത്. അവൾ നിസ്സംശയം പ്രതികരിച്ചിരിക്കും. ഒട്ടൊക്കെ, അക്രമണാത്മകമായിത്തന്നെ. അവളെ പിടികൂടിയവർ ശരിക്കും ബുദ്ധിമുട്ടിയിരിക്കണം അവളെയൊന്നു മെരുക്കാൻ. കഠിനമായി ഉപദ്രവിച്ചാൽ തങ്ങൾക്കു കിട്ടാൻ പോകുന്ന ദ്രവ്യലാഭം ഇല്ലാതായാലോ എന്ന ചിന്തയിൽ അതിനും അധികം ശ്രമിച്ചിരിക്കില്ല. കൂടിവന്നാൽ തല്ലിയിട്ടുണ്ടാവും. പട്ടിണിക്കും ഇട്ടിരിക്കാം. ഭീഷണികൾ വേണ്ടുവോളവും. അലക്സാന്ദ്ര അതിനെയൊക്കെ പുച്ഛിച്ചു തള്ളിയിരിക്കുമെന്നുറപ്പ്. കൊൻസ്റ്റാന്റിനോപ്പിളിലേക്കു നീങ്ങിയ ആ പായ്ക്കപ്പലിൽ കൂട്ടിലിട്ട ഒരു പുലിക്കുട്ടിയെയാണ് എനിക്ക് സങ്കല്പത്തിൽ കാണാനാവുന്നത്.
ആയിടെയാണ്, സുൽത്താൻ സലിം എട്ടുവർഷം മാത്രം നീണ്ടുനിന്ന തന്റെ ഭരണത്തിനു ശേഷം പെട്ടെന്ന് മരണപ്പെടുന്നത്. ആ ചുരുങ്ങിയ കാലയളവിൽ തുടർച്ചയായ പടയോട്ടങ്ങളിലൂടെ മധ്യപൂർവ്വേഷ്യ, അറേബ്യ, ഈജിപ്ത്, ഉത്തരാഫ്രിക്ക എന്നിവിടങ്ങൾ തന്റെ ചൊല്പടിയിലാക്കിക്കഴിഞ്ഞിരുന്നു അദ്ദേഹം. യുവാവായ സുലൈമാനായിരുന്നു പുതിയ സുൽത്താൻ. തന്റെ 46 കൊല്ലത്തെ ഭരണം കൊണ്ട്, ഒട്ടോമൻ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം കെട്ടിപ്പടുത്ത ശ്രേഷ്ഠനായ സുലൈമാൻ. സുലൈമാന്റെ സ്ഥാനാരോഹണസമയത്തുതന്നെയാണ് അലക്സാന്ദ്രയും അവിടെ എത്തിപ്പെടുന്നത്.
അന്ന്, ഒട്ടോമൻ രാജധാനി പുതിയ കൊട്ടാരമാണ്. അഥവാ യെനി സരായ്. യെനി എന്നാൽ പുത്തൻ എന്നും സരായ് എന്നാൽ കൊട്ടാരമെന്നും തുർക്കി ഭാഷയിൽ. എഴുപതു വർഷങ്ങൾക്കു മുമ്പ് മെഹ്മത് രണ്ടാമൻ ഈ മഹാനഗരം കൈയ്യടക്കിയ ശേഷം ബിസാന്റിയൻ ചക്രവർത്തിമാരുടെ കൊട്ടാരം ഇടിച്ചു തകർത്ത് പുതുതായി നിർമ്മിച്ചത്. ലോകതലസ്ഥാനമാകണം ഈ മഹാനഗരിയെന്ന മെഹ്മതിന്റെ സങ്കല്പത്തിനു തിലകക്കുറിയെന്നോണം പ്രതിഷ്ഠിക്കപ്പെട്ട മണിമാളിക. അല്ല, കൊട്ടാരസമുച്ചയം. ഗോൾഡൻ ഹോണിനും മർമാറ സമുദ്രത്തിനുമിടയിലേക്കു തള്ളിനില്ക്കുന്ന മുനമ്പിന്റെ വടക്കുകിഴക്കേ കോണിലെ ഏറ്റവും ഉയർന്ന ഭാഗത്തെ അതിവിശാലമായ കൊട്ടാരവളപ്പ്. അവിടേയ്ക്കാണ് അലക്സാന്ദ്രയെയും കൊണ്ട് ടാട്ടാറുകൾ ചെല്ലുന്നത്.
ഇന്ന്, ആ ഭാഗമെല്ലാം ഫത്തീഹ് ജില്ലയാണ്. മെഹ്മത് രണ്ടാമന്റെ ഓർമ്മയ്ക്കായി കൊടുത്ത പേര്. തുർക്കി ഭാഷയിൽ കീഴടക്കിയവനാണ് ഫത്തീഹ്. മെഹ്മത് രണ്ടാമന്റെ ഭവ്യബഹുമാനാർത്ഥമുള്ള വിളിപ്പേരും അതു തന്നെ. ഫത്തീഹ് ജില്ലയെന്നു വെച്ചാൽ തിയഡോഷ്യൻ മതിലിനുള്ളിലെ പഴയ കൊൻസ്റ്റാന്റിനോപ്പിൾ നഗരം തന്നെ. ഇപ്പോഴത്തെ തദ്ദേശഭരണസ്ഥാപനങ്ങളും, പഴയകാല പ്രതാപപ്രതീകങ്ങളും ഇടകലർന്നു നില്ക്കുന്നയിടം. കൃത്യമായി പറഞ്ഞാൽ ഗോൾഡൻ ഹോണിനും മർമാറയ്ക്കും ബോസ്ഫറസിനും തിയഡോഷ്യൻ കോട്ടമതിലിനും ഇടയിലെ ഭാഗം. ഈ മഹാനഗരം 1920-കളിൽ തലസ്ഥാനമല്ലാതായതിനും, ഭരണം മാറിമറിഞ്ഞതിനും ശേഷം, ധാരാളമായി മധ്യവർഗ്ഗക്കാരുടെ താമസസ്ഥലമായി മാറി. സമ്പന്നർ കൂടുതലും കോട്ടയ്ക്കു പുറത്തുള്ളയിടങ്ങളിലാണ് അവരുടെ ആവാസമുറപ്പിച്ചത്. അതുപോലെ, ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കുടിയേറ്റങ്ങളിലൂടെ ഇവിടേയ്ക്കെത്തിയവർ കോട്ടയ്ക്കു പുറത്ത് പടിഞ്ഞാറുവശത്തും താമസമാക്കി. അപ്പോഴാണ് ഞാനൊന്നാലോചിച്ചത്. ഞാനീ താമസിക്കുന്ന ഹൊട്ടേലും ഫത്തീഹിൽ തന്നെ. അലക്സാന്ദ്രയേയും കൊണ്ടുചെന്ന കൊട്ടാരത്തിലേക്കു ഇവിടെ നിന്നു അധികം ദൂരമൊന്നും കാണാനിടയില്ല. നേരം പുലർന്നാലുടനെ അങ്ങോട്ടു വിട്ടാലോ? എന്റെ ചരിത്രനായിക കാൽവെച്ച ആ കൊട്ടാരക്കെട്ടിലേക്ക്. ഞാനൊരു ഗൂഗിൾ സെർച്ച് നടത്തി. നടന്നു പോയാൽ കഷ്ടി ആറുകിലൊമീറ്റർ. ഒരു പ്രഭാതനടത്തത്തിന് പറ്റിയ ദൂരം. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് പതുക്കെ ഇറങ്ങിയാൽ കൊട്ടാരക്കെട്ട് തുറക്കുമ്പോഴേക്കും ചെന്നെത്താം. പെട്ടെന്ന്, കുളിച്ചിറങ്ങുക തന്നെ. ഞാൻ തീരുമാനിച്ചു. പിന്നെയെല്ലാം ഝടുതിയിലായിരുന്നു.
പുറത്തേക്കിറങ്ങാൻ നേരത്ത് ട്രാവൽഡെസ്കിൽ ആളിരിക്കുന്നതു കണ്ടു. ഒന്നു സംസാരിച്ചറിയാമെന്നു കരുതി അങ്ങോട്ടു ചെന്നു. മി.ഒമാർ ആയിരുന്നു അവിടെ കോട്ടും സൂട്ടുമൊക്കെയിട്ട് ഇരുന്നിരുന്നത്. മൂപ്പരോട് സംസാരിച്ചത് നന്നായി. എന്റെ പ്ലാൻ കേട്ടിട്ട്, അത്രയും നടക്കണ്ട, കൊട്ടാരത്തിനത്ത് കുറേയേറെ നടക്കാനുണ്ടാവും, എല്ലാം കൂടിയാവുമ്പോൾ ക്ഷീണമാവും, എന്നൊക്കെപ്പറഞ്ഞ് ഒമാർ എന്റെ നടത്തപരിപാടിയെ പാടെ നിരുത്സാഹപ്പെടുത്തിക്കളഞ്ഞു. പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി. മാത്രവുമല്ല, പകരം ഒമാർ നിർദ്ദേശിച്ച കാര്യം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഹൊട്ടേലിനു പുറത്തിറങ്ങി വെറും നാനൂറു മീറ്റർ നടന്നാൽ ഒരു ട്രാം സ്റ്റേഷൻ ഉണ്ടത്രെ. ട്രാമിൽ കയറി നേരെ ഗ്യൂൽഹനെ ഇസ്താസ്യോനു സ്റ്റേഷൻ വരെ ടിക്കറ്റ് എടുക്കുക. എട്ടാമത്തെ സ്റ്റേഷനാണത്. അവിടെയിറങ്ങിയാൽ അരക്കിലൊമീറ്റർ പോലും കാണില്ല എന്റെ ലക്ഷ്യസ്ഥാനത്തേക്ക്. ട്രാമിൽ കയറാനുള്ള ടിക്കറ്റ് സ്റ്റേഷനു പുറത്തുള്ള കടകളിൽ കിട്ടുമെന്നും ഒമാർ പറഞ്ഞു. ഇസ്താംബൂൾകാർട്ട് എന്നാണതിനു പറയുക. എഴു ടർക്കിഷ് ലീറയ്ക്ക് മിനിമം ചാർജ് ടിക്കറ്റ് എടുക്കാം. പിന്നെ ആവശ്യത്തിന് റീചാർജ് ചെയ്താൽ മതിയത്രെ. പക്ഷെ, ഗ്യുൽഹനെ ഇസ്താസ്യോനുവിലെത്താൻ 41 ടർക്കിഷ് ലീറ വേണം. ഏതാണ്ട് നമ്മുടെ 360 രൂപ.
ഞാൻ അതു തന്നെ തീരുമാനിച്ചു. ആവശ്യത്തിന് ടർക്കിഷ് ലീറ കൈയ്യിലുണ്ടെന്നു ഒന്നുകൂടി ഉറപ്പുവരുത്തി ഞാൻ പുറത്തേക്കിറങ്ങി. എനിക്കു പോകേണ്ട ട്രാം ലൈനിനെ T1 എന്നാണത്രെ പറയുക. അത് എന്റെ ഹൊട്ടേലിന് നേരെ മുന്നിലുള്ള തുർഗുത് ഒസാൽ തെരുവിനു നടുവിലൂടെയാണ് പോകുന്നത്. തുർഗുത് ഒസാൽ തുർക്കിയുടെ പഴയ പ്രസിഡണ്ടും പ്രധാനമന്ത്രിയുമൊക്കെ ആയിരുന്ന ആളാണ്. മദർലാന്റ് പാർട്ടിയുടെ സ്ഥാപകനേതാവുകൂടിയാണ് അദ്ദേഹം. പ്രസിഡണ്ടായിരിക്കെ, 1993-ൽ നിര്യാതനായി. പാസാർടെക്കെ എന്നാണ് ഹൊട്ടലിനടുത്ത ട്രാം സ്റ്റേഷന്റെ പേര്. മുമ്പിവിടെ വല്ല മതപാഠശാല വല്ലതും ഉണ്ടായിരുന്നിരിക്കും എന്നു ഞാൻ നിനച്ചു. ടെക്കെ എന്നാൽ അതാണർത്ഥം.
ഏറെപ്പഴക്കമുണ്ട് ഈ മഹാനഗരത്തിലെ ട്രാം സഞ്ചാരത്തിന്. 1871-ലായിരുന്നു ആദ്യത്തെ ട്രാം യാത്ര ഉദ്ഘാടനം ചെയ്യപ്പെട്ടത്. പക്ഷെ, അന്നത് കുതിരകളെ കെട്ടിവലിക്കുന്ന ഏർപ്പാടായിരുന്നു. 1912-ലെ ബാൾക്കൻ യുദ്ധകാലത്ത് ട്രാം വലിച്ചിരുന്ന കുതിരകളെ മുപ്പതിനായിരം ലീറയ്ക്ക് വിറ്റുവത്രെ. മൊത്തം 430 കുതിരകളുണ്ടായിരുന്നു. ഒരു കുതിരയ്ക്ക് എഴുപതു ലീറയോളം എന്നു ഞാൻ കണക്കുകൂട്ടി. അതായത് 630രൂപ. ഹമ്പ! പക്ഷെ, ഇപ്പോഴത്തെ വിലയിൽ കണക്കുകൂട്ടുന്നത് ശരിയായ മൂല്യം കാണിച്ചുതന്നില്ലെന്നു വരും. പക്ഷെ, രണ്ടു കൊല്ലം കഴിഞ്ഞപ്പോഴേക്കും പുതിയ വൈദ്യുതി ട്രാമുകൾ രംഗത്തെത്തി. പിന്നീടങ്ങോട്ട്, ഇസ്താംബൂളിന്റെ മുഖമുദ്രയെന്നോണം അത് ഓടിക്കൊണ്ടേയിരിക്കുന്നു.
ട്രാമിലെ യാത്രയ്ക്ക് പ്രത്യേകതകളൊന്നുമുണ്ടായിരുന്നില്ല. പതിനഞ്ചുമിനിറ്റിനകം ഞാൻ ഗ്യുൽഹനെയിലെത്തി. നാനൂറുവർഷങ്ങൾക്കു മുമ്പ് ഹതാശയും, അത്യന്തം പരിക്ഷീണയുമായി അലക്സാന്ദ്രയെന്ന സുന്ദരി എത്തിച്ചേർന്നത് ഈ പരിസരത്തായിരുന്നല്ലോ എന്ന ചിന്തയും എന്നോടൊപ്പമുണ്ടായിരുന്നു. അക്കാലത്ത് ഈ മഹാനഗരത്തിലെ എല്ലാ വഴികളും പുതിയ കൊട്ടാരത്തിലേക്കായിരിക്കണം നീണ്ടിരുന്നത്. അടിമകളായി, അല്ലെങ്കിൽ, കാഴ്ചദ്രവ്യങ്ങളായി കൊട്ടാരത്തിലേക്കു നയിക്കപ്പെട്ടിരുന്നവരിൽ നല്ലൊരു ശതമാനം സുന്ദരികളായിരുന്നു. സുൽത്താന്റെ അന്ത:പുരം ലോകത്തിന്റെ തന്നെ അസൂയയ്ക്കു പാത്രമായിരുന്നത് വെറുതെയല്ല.
ഒരു കാലഘട്ടത്തിന്റെ മുഴുവൻ കേന്ദ്രമായിരുന്ന ആ കൊട്ടാരത്തിലേക്കു ഞാനും നീങ്ങി. എനിക്കു വഴികാണിച്ചു തരാൻ ഗൂഗിൾ ചേച്ചിയും. ഈ പ്രദേശം മഹാനഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗങ്ങളിലൊന്നാണ്. സെരാല്യോ പോയിന്റ് എന്നു വിളിക്കാറുണ്ട് ആംഗലേയഭാഷയിൽ. സെരാല്യോ എന്ന വാക്ക് അന്ത:പുരത്തെ കുറിക്കുന്നു എന്നു ഞാൻ ഓർമ്മിപ്പിക്കട്ടെ. തുർക്കിഭാഷയിൽ സരായ്ബുർനു എന്നാണ് ഈ പ്രദേശത്തിന്റെ വിളിപ്പേര്. സരായ് എന്നാൽ കൊട്ടാരമാണെന്നതിനാൽ ആ പേരിന്റെ ഉറവിടം മനസ്സിലാക്കാം. പക്ഷെ, ബുർനു സംശയമുണ്ടാക്കി. കാരണം, ആ തുർക്കി പദത്തിന്റെയർത്ഥം നാസിക എന്നായതുകൊണ്ടുതന്നെ. എന്തായിരിക്കും അതിലെ വിവക്ഷ എന്നത് എനിക്കെത്ര ആലോചിച്ചിട്ടും തെളിഞ്ഞില്ല. മലർന്നുകിടക്കുന്ന മഹാനഗരസുന്ദരിയുടെ ഉയർന്ന നാസികയെയാണോ ഉദ്ദേശിച്ചത് എന്നും ഞാൻ സംശയിക്കാതിരുന്നില്ല. ചുറ്റുമുള്ള കടൽവഴികൾക്കപ്പുറത്തുനിന്നു നോക്കിയാൽപ്പോലും കാണാനാവും സരായ്ബുർനുവിലെ നിർമ്മിതികളെല്ലാം. മഹാനഗരത്തിന്റെ കേന്ദ്രസ്ഥാനം ഇവിടെത്തന്നെ നിർമ്മിക്കപ്പെട്ടത് വെറുതെയല്ലെന്നത് വ്യക്തം.
എണ്ണായിരത്തിലധികം വർഷങ്ങൾക്കു മുമ്പുള്ള മനുഷ്യാവാസാവശിഷ്ടങ്ങൾ വരെ ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ടത്രെ. പിന്നീടേതോകാലത്ത്, ഇവിടെ കടൽ വന്നുമൂടുകയും, പിന്നെ, ജലനിരപ്പു താഴ്ന്നപ്പോൾ പടിഞ്ഞാറുനിന്നും ത്രേഷ്യൻ ഗോത്രങ്ങൾ പാർപ്പുറപ്പിക്കുകയും ചെയ്തു. ലിഗോസ് എന്നായിരുന്നു അവരിട്ട പേര്. ഏതാണ്ട് മൂന്ന് സഹസ്രാബ്ദത്തോളം അതങ്ങനെ തുടർന്നു. ഒടുവിൽ പൊതുയുഗത്തിന് ഏഴു നൂറ്റാണ്ടുകൾപ്പുറം ഗ്രീക്കുകാർ ഇവിടെയെത്തി. കൃത്യമായി പറഞ്ഞാൽ ബിസിഇ 667-ൽ. അന്ന് ബിസാസ് ആയിരുന്നു ഗ്രീക്കുകാരുടെ രാജാവ്. സ്വാഭാവികമായും പുതുതായി കണ്ടെത്തിയ ഇടത്തിന് അവർ പുതിയ പേരിട്ടു. തങ്ങളുടെ രാജാവിന്റെ നാമത്തിൽത്തന്നെ. ബിസാന്റിയോൺ. ബിസാന്റിയത്തിന്റെ കഥയാരംഭിക്കുന്നതും അന്നു മുതൽ. മൂന്നുവശവും കടൽ കാണാവുന്ന ഈ കുന്നിൻപുറത്തെ ആദിമകുടിയേറ്റഭൂമിയുടെ, യൂറോപ്പും ഏഷ്യയും ആഫ്രിക്കയും ഭരിച്ച ബിസാന്റിയം എന്ന റോമാസാമ്രാജ്യത്തിലേക്കുള്ള വളർച്ച അതും കഴിഞ്ഞ് ഒരു സഹസ്രാബ്ദത്തിനു ശേഷമായിരുന്നെങ്കിലും ആ ചരിത്രസാധ്യതകൾക്ക് തുടക്കമിട്ടത് ഗ്രീക്കുകാർ തന്നെയായിരിക്കണം.
ഗ്യുൽഹനെ എന്നാൽ പനിനീർഭവനം എന്നാണർത്ഥം. പേരിനെ പൂർണ്ണമായും അന്വർത്ഥമാക്കുന്നില്ലെങ്കിലും, ഇതൊരു വലിയ പാർക്കാണ്. പൂന്തോട്ടങ്ങളും ഹരിതാഭയും നിറഞ്ഞ ഒരിടം. പ്രഭാതസവാരിയ്ക്കും, സായാഹ്നം ചിലവിടുന്നതിനും ഇതിലും മികച്ചൊരിടം ഈ മഹാനഗരത്തിലില്ല എന്നു തോന്നി ഞാനതിനെ ചുറ്റി നടന്നപ്പോൾ. പുഷ്പവൈവിധ്യത്തിന്റെ മനോഹാരിതയിലൂടേയും, വൻവൃക്ഷങ്ങൾ തണലിടുന്ന ശീതളിമയിലൂടേയുമുള്ള സഞ്ചാരം ആരുടെ മനസ്സാണ് നിറയ്ക്കാത്തത്. ഞാൻ പതുക്കെ ആ പാർക്കിന്റെ ഓരംപറ്റി മെഹ്മദ് രണ്ടാമൻ ഈ മഹാനഗരം കീഴടക്കിയശേഷം പണിത പുതിയ കൊട്ടാരക്കെട്ടിലേക്കു നടന്നു. 1459-ലാണ് പുതിയ കൊട്ടാരത്തിന്റെ നിർമ്മിതി തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശില്പികളെ സുൽത്താൻ അതിനു വേണ്ടി വിളിച്ചുവരുത്തി. ആറുവർഷങ്ങൾ കൊണ്ട് പണിപൂർത്തിയാക്കുകയും ചെയ്തു. ഇതുവരേയ്ക്കുമുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചതായിരിക്കണം തന്റെ രാജധാനിയെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഇസ്ലാമികവും പൗരസ്ത്യവുമായ പലതരം ശൈലികൾ ഇടകലർന്ന ഒരുപാട് സമുച്ചയങ്ങളായാണ്, മംഗളഹർമ്മ്യം എന്നു ഒട്ടോമർ വിശേഷിപ്പിച്ച ഈ കൊട്ടാരക്കെട്ട് മാറിയതെന്നു മാത്രം. ഇന്നതിനെ തോപ്പ് കാപ്പ് കൊട്ടാരം എന്നു വിളിക്കുന്നു. തോപ്പ് കാപ്പ് എന്നാൽ പീരങ്കിപ്പടിയാണെന്ന് നമ്മൾ മുന്നെ മനസ്സിലാക്കിയല്ലോ.
ബിസാന്റിയം ചക്രവർത്തിമാരുടെ കാലത്തെ പ്രധാനതെരുവീഥിയായ മേസെയിൽ നിന്ന് ഇവിടേക്കൊരു രാജപാതയുണ്ടായിരുന്നു. അന്നത്തെ കൊട്ടാരത്തിലേക്ക്. രാജകീയ ശോഭായാത്രകൾ അരങ്ങേറിയിരുന്നത് അതിലൂടെയായിരുന്നു. ഒട്ടോമൻ കാലത്തും ആ പതിവ് തുടർന്നു. അപ്പോഴേക്കും പഴയ കൊട്ടാരം മണ്ണടിഞ്ഞതിനാൽ ദിവാൻ യോലു എന്നായി ആ പാതയുടെ പേര്. അതിലൂടെ നേരെ പടിഞ്ഞാട്ടു നടന്നാൽ ആയ സോഫിയയുടെ മുന്നിലേക്കെത്താം.
കിഴക്കോട്ട് നടക്കുന്തോറും നല്ല കയറ്റമാണ്. കൊട്ടാരം ഏറ്റവും മുകളിലാണല്ലോ. നല്ല വൃത്തിയിൽ സൂക്ഷിച്ചിട്ടുണ്ട് പരിസരമൊക്കെ. മധ്യകാല യൂറോപ്യൻ ശൈലിയിലുള്ള ഒറ്റദീപമേന്തിയ വിളക്കുകാലുകൾ നിരനിരയായി കാണാം. കല്ലിട്ടുപാകിയതാണ് തെരുനിലം. അധികം താമസിച്ചില്ല, പാടലവർണ്ണത്തിലുള്ള ഉയർന്ന മതിൽക്കെട്ട് നേരെ മുന്നിൽ കാണാനായി. തിയഡോഷ്യൻ മതിലിന്റെ അതേ മാതൃകയിലാണ് ഇതും പണിതിരിക്കുന്നത്. ഇഷ്ടികക്കെട്ടാണ്. ഇടയ്ക്ക് അല്പമുയർന്ന ഗോപുരവും കാണാം. മതിൽക്കെട്ടിനു മുകളിലുടനീളം ചാരനിറത്തിൽ മേൽക്കൂര പോലെ ഒന്ന്.
ആ മതിൽക്കെട്ടിൽ നിന്ന് വേറിട്ട്, നേരെ മുന്നിൽ ഒറ്റപ്പെട്ട ഒരു മനോഹരനിർമ്മിതി കണ്ടപ്പോൾ ഒന്നു സംശയിച്ചു. കൊട്ടാരത്തിനു മുന്നിൽ എന്തായിരിക്കാമത് എന്ന്. മുകളിൽ മൂന്ന് താഴികക്കുടങ്ങളുണ്ട്. അതിന്റെ ഇരുണ്ട നീലനിറം മേൽക്കൂരയിലേക്കും ഒഴുകി വീണുകിടക്കുന്നു. കുംഭഗോപുരങ്ങൾക്ക് മുകളിൽ സ്വർണ്ണനിറത്തിലുള്ള നേർത്ത സ്തൂപികകൾ. ഈ ഇരുൾനീലിമയും സ്വർണ്ണശോഭയും ഇടകലർന്ന ശൈലി ഒട്ടോമൻ രീതിയാണെന്ന് പിന്നീട് കൊട്ടാരക്കെട്ടിലൂടെ നടക്കുമ്പോൾ എനിക്ക് ബോധ്യപ്പെട്ടു. നിർമ്മിതിയുടെ ചുമരെല്ലാം വർണ്ണാലംകൃതമാണ്. മാർബിളും ജനലിനുപുറത്തെ കമ്പികളുടെ രൂപകല്പനയുമൊക്കെ കാണുമ്പോൾ എവിടെയോ ഒരു മുഗൾ ശൈലി അനുഭവപ്പെടും. കൂടാതെ പുഷ്പരൂപങ്ങളും പേഷ്യൻ രീതിയിലുള്ള മുഖാർന* കമാനങ്ങളുമൊക്കെ ചേർന്ന് ഒരു പ്രത്യേകരസവും ഇതിനുണ്ട്. ചിലയിടത്തൊക്കെ ഒരു യൂറോപ്യൻ ബറോക്ക്** ഇടകലരുന്നുണ്ടോ എന്നും തോന്നും. ഒട്ടോമൻ ശൈലി തനതല്ല എന്നും അത് പല സംസ്കാരങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുണ്ടായതാണ് എന്നതിന്റെ നല്ലൊരു ഉദാഹരണം. ഇടയിൽ അറബിലിപിയിൽ എഴുതിയിട്ടുള്ള സ്വർണ്ണനിറത്തിലുള്ള തകിടുകൾ പതിച്ചുവെച്ചതു കാണാം. ചിലതു കവിതകളാവാം. ഏതായാലും ഒരിടത്ത് എഴുതിവെച്ചതിന്റെ അർത്ഥം ഏതാണ്ടിങ്ങനെയായിരുന്നു. “ഉച്ചസ്ഥിതനും ശ്ലാഘനീയനുമായ അള്ളായുടെ നാമത്തിൽ വെള്ളമെടുത്ത് കുടിക്കുകയും, സുൽത്താൻ അഹമ്മദ് മൂന്നാമനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക”.
1728-ൽ സുൽത്താൻ അഹമ്മദ് മൂന്നാമൻ നിർമ്മിച്ച തണ്ണീർശാലയാണിത്. റോമാക്കാരുടെ കാലം മുതലെ ഈ മഹാനഗരം ജലസംഭരണികളാലും, ജലവിതരണനിർമ്മിതികളാലും പ്രസിദ്ധമായിരുന്നല്ലോ. അതിന്റെ ഭാഗമായിരുന്ന വമ്പൻ ജലവിതരണശൃംഖലകളായ അക്വിഡക്ടുകൾ, ഭൂഗർഭജലസംഭരണികളായ സിസ്റ്റേണുകൾ, സ്നാനഗൃഹങ്ങൾ, തണ്ണീർശാലകൾ അഥവാ ഫൗണ്ടനുകൾ എന്നിവ ഇവിടെയെങ്ങും കാണാം. ഇക്കാര്യത്തിൽ, റോമിനെ വെല്ലാൻ കൊൻസ്റ്റാന്റിനോപ്പിൾ മാത്രമേ ഉള്ളൂ എന്നു പറയാറുണ്ട്. വെറുതെയാണോ ഈ മഹാനഗരത്തെ പുതുറോം എന്നും, രണ്ടാം റോമാനഗരം എന്നും വിളിച്ചിരുന്നത്. ഇസ്ലാമിന്റെ മഹത്തായതും നിർണ്ണായകവുമായ സ്വാധീനം ഇതിനെ ഒന്നുകൂടി മികച്ചതാക്കുകയും ചെയ്തു എന്നതും സ്പഷ്ടം. പ്രാർത്ഥനയ്ക്കു മുമ്പ് ദേഹശുചിത്വത്തിനു വേണ്ടതായ ഒഴുകുന്ന വെള്ളത്തിന്റെ പ്രാധാന്യം ഇസ്ലാം അടിവരയിട്ടു പറയുന്നുമുണ്ട്. ഒട്ടോമൻ കാലഘട്ടത്തിലും അത് മറിച്ചാവാനിടയില്ലല്ലോ. മാത്രവുമല്ല, സദാഖാ ജാരിയാ എന്ന തുടർച്ചയായ മനുഷ്യകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ശുദ്ധജലം ജനങ്ങളുടേയും സസ്യമൃഗജാലങ്ങളുടേയും ആവശ്യത്തിനായി എത്തിച്ചുകൊടുക്കുക എന്നതിൽ മുസ്ലീങ്ങൾ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. അതിനാൽ, ഒട്ടോമൻ രാജകുടുംബാംഗങ്ങളും, ധനികരായ പ്രാദേശിക ഭരണകർത്താക്കളും മന്ത്രിമാരുമെല്ലാം നഗരത്തെ തണ്ണീർശാലകളാൽ മോടിപിടിപ്പിച്ചു. പാത്രത്തിൽ വെള്ളമെടുത്തു കുടിക്കാൻ സൗകര്യമൊരുക്കിയിട്ടുള്ള ഇത്തരം രാജകീയനിർമ്മിതികളെ സെബിൽ എന്നും വിളിക്കാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മനോഹരം തന്നെ ഇക്കാണുന്ന തണ്ണീർശാല എന്ന് നിസ്സംശയം പറയാം.
എന്തായാലും, അലക്സാന്ദ്രയേയും കൊണ്ട് പെൺവാണിഭക്കാരായ ടാട്ടാറുകൾ ഈ വഴി വരുമ്പോൾ ഇവിടെ ഈ തണ്ണീർശാല ഉണ്ടായിരുന്നില്ല. അവർ നേരെ കൊട്ടാരകവാടത്തിലേക്കു നടന്നിരിക്കണം. തൊട്ടുതന്നെയാണ് അകത്തേക്കുള്ള ആദ്യപടി. ചക്രവർത്തികവാടം അഥവാ ബാബ് ഹുമയൂൺ, ഉന്നതകവാടം അഥവാ ബാബ് അലി എന്നൊക്കെ ഇതിനെ ഇതിനെ പലരായി മാറിമാറി വിളിച്ചു. പ്രജകൾ അറിയേണ്ടതായ രാജകീയതീരുമാനങ്ങൾ ആദ്യം വിളംബരം ചെയ്യുന്നത് ഇവിടെ വെച്ചാണ്. അലക്സാന്ദ്രയുടെ വഴിയെ പിന്തുടർന്ന്, ഞാൻ കവാടത്തിനു മുന്നിലെത്തി. കൊട്ടാരക്കെട്ടിന്റെ മുന്നിൽ തൊട്ടിടതുവശത്തായി ആകാശത്തോളം ഉയർന്നു നില്ക്കുന്ന മിനാരങ്ങൾ. ഞാനാദ്യമത് കൊട്ടാരത്തിന്റെ ഭാഗം തന്നെയെന്നാണ് കരുതിയത്. പിന്നെ മനസ്സിലായി അത് ആയസോഫ്യയുടെ പുറകുവശമാണെന്ന്. ഞാൻ കണ്ടത്, അതിന്റെ മിനാരങ്ങളിലൊന്നാണെന്നും. ചിത്രങ്ങളിലൂടെ ഏറെ കണ്ടുപരിചയിച്ചതായിരുന്നെങ്കിലും തൊട്ടടുത്തു നിന്ന്, അതും പുറകിൽ നിന്നുള്ള കാഴ്ചയിൽ ആ ചരിത്രസ്മാരകത്തെ തിരിച്ചറിയാനാകാഞ്ഞതിൽ എനിക്കല്പം ജാള്യം തോന്നി.
കൊട്ടാരകവാടം മാർബിളിലാണ് തീർത്തിരിക്കുന്നത്. നീളമുള്ള മാർബിൾ ഫലകങ്ങൾ ചേർത്തൊരു ആർച്ച്. കവാടത്തിനിരുവശത്തും മാർബിൾ കൊണ്ടുണ്ടാക്കിയ രണ്ടു ആർച്ചുകൾ കൂടിയുണ്ട്. മാർബിൾ പിന്നീട് ചേർത്തു വെച്ചപോലെയും തോന്നും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ അബ്ദുൾ അസീസ് ഒന്നാമനാണത്രെ ഈ കവാടത്തിന്റെ മാർബിൾ പരിഷ്കരണം നടത്തിയത്. ആർച്ചിനു തൊട്ടുതാഴെ, കറുപ്പിൽ സ്വർണ്ണനിറത്തിലെഴുതിയ കാലിഗ്രാഫി. അതിനുതാഴേ, കറുത്ത വലിയ ചതുരത്തിനകത്തും അതാവർത്തിക്കുന്നു. ഖുറാനിൽ നിന്നുള്ള വരികളായിരിക്കണം. അതിനും താഴെ, ഫത്തീഹ് മെഹ്മത് രണ്ടാമന്റെ രാജകീയമുദ്ര അലങ്കാരത്തോടെ ആലേഖനം ചെയ്തുവെച്ചിട്ടുണ്ട്. തൂരാ എന്നാണതിനു പറയുക. വംശസ്ഥാപകനായ ഒസ്മാൻ ഒഴിച്ചുള്ള എല്ലാ ഒട്ടോമൻ സുൽത്താൻമാർക്കും അവരുടേതായ തൂരാ കാണും. അവരുടെ പേര് മനോഹരമായ കാലിഗ്രഫിയിൽ ദൂരെ നിന്നു നോക്കിയാൽ ഒറ്റയക്ഷരം പോലെ ഇരിക്കത്തക്കവിധത്തിൽ വരച്ചു ചേർത്തതായിരിക്കും ഓരോ തൂരായും. ഈജിപ്തിലെ ഫറവോമാരുടെ കാർട്ടൂഷിന് സമമായി ഇതിനെ കാണാം. തൂരാ ഉണ്ടാക്കുന്നത് വലിയൊരു പണിയാണ്. അതിനുള്ളിലെ ഓരോ വരയും വളവും അർത്ഥവത്തായിരിക്കും. ഇടതു വശത്തു കാണുന്ന രണ്ടു വളഞ്ഞവരകളെ ബെയ്സെ എന്നാണു പറയുക. കരിങ്കടലിനേയും മധ്യധരണ്യാഴിയേയുമാണത് സൂചിപ്പിക്കുന്നത്. മുകളിലേക്കുയർന്നു നില്ക്കുന്ന മൂന്ന് നീളൻ വരകൾ കൊടിമരങ്ങളാണ്. തൂ എന്നു പറയും. സ്വാതന്ത്ര്യമാണ് അതിന്റെ വിവക്ഷ. തൂവിന് മേൽ വീണു കിടക്കുന്ന 3 വളഞ്ഞ വരകൾ സുൾഫെയാണ്. അതർത്ഥമാക്കുന്നതാകട്ടെ, കിഴക്കുനിന്നു പടിഞ്ഞാട്ടേക്കു ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കുന്ന ഒട്ടോമൻ തുർക്കികളേയും. ബെയ്‌സേയുടെ തുടർച്ചയായി വലത്തോട്ടു നീണ്ടു കിടക്കുന്ന ഇരട്ടവരകൾ വാളിനേയും ശക്തിയേയും അധികാരത്തേയും സൂചിപ്പിക്കുന്നു. അതിന്റെ പേര് ഹാൻഷർ. ഏറ്റവും അടിയിലെ ഭാഗമാണ് സെരെ. അവിടെയാണ് സുൽത്താന്റെ പേര് എഴുതിയിട്ടുണ്ടാവുക. ഈ കൊട്ടാരത്തിലെ പ്രധാനയിടങ്ങളിലെല്ലാം കാണുന്ന തൂരാ കൊൻസ്റ്റാന്റിനോപ്പിൾ കീഴടക്കി, ഈ കൊട്ടാരം പണിത മെഹ്മത് രണ്ടാമൻ എന്ന ഫത്തീഹിന്റെ തന്നെ.
അലക്സാന്ദ്രയെന്ന സുന്ദരിയെ പിന്തുടർന്നുകൊണ്ട് ഞാൻ കൊട്ടാരക്കെട്ടിനകത്തേക്കു നടന്നു. ഒരു പ്രണയാർത്ഥിയെന്നോണം.
*മഹാനായ രാമസേസിനു ശേഷം ഞാൻ ആരാധനകൊള്ളുന്ന രണ്ടാമത്തെ ചെമ്പൻതലമുടിയുടമ.
**തേനീച്ചക്കൂടിന്റെ മാതൃകയിൽ കവാടങ്ങളുടെ മേൽക്കൂര രൂപകല്പന ചെയ്യുന്ന രീതി. വളരെ സർവ്വസാധാരാണമായി കാണുന്ന ഒരു ഇസ്ലാമികശൈലിയാണിത്. പേഷ്യൻ സംസ്കാരത്തിൽ അഹൂപേ എന്നും സ്പെയിനിൽ മൊകരാബേ എന്നും പറയും.
**കടുത്തനിറങ്ങളും, വർണ്ണവ്യതിരേകവും, തീവ്രാലങ്കാരങ്ങളും, ചലനാത്മകതയുമൊക്കെ സൃഷ്ടിച്ച് കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കുന്ന പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ കലാശൈലി.
(തുടരും)
-ഡോ. ഹരികൃഷ്ണൻ
Be the first to write a comment.