“ഏതു കവിത പാടണം നിൻ
ചേതനയിൽ മധുരം പകരാൻ
എങ്ങിനേ ഞാൻ തുടങ്ങണം നിൻ
സങ്കല്പം പീലി വിടർത്താൻ”
ബ്രിട്ടനിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക്കിനെ കുറിച്ച് എഴുതണമെന്ന് തോന്നിയപ്പോൾ ആദ്യം മനസ്സിൽ വന്നത്  പി ഭാസ്കരൻ എഴുതി എം എസ് ബാബുരാജ് സംഗീതം കൊടുത്ത് എസ് ജാനകി പാടിയ പരീക്ഷ എന്ന സിനിമയിലെ ഈ വരികളാണ്.  ഋഷി സുനക് പ്രധാനമന്ത്രി ആയതിനെക്കുറിച്ച് മാത്രം എഴുതണോ? അതിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് എഴുതണോ? എവിടെനിന്നും തുടങ്ങാം? എന്തിനെപ്പറ്റിയും ആകാം. എങ്കിൽ പിന്നെ തെരേസ മെയിൽ നിന്ന് തുടങ്ങാം. അവസാനമായി ഞാൻ നവമലയാളിയിൽ എഴുതിയത് തെരേസ പ്രധാനമന്ത്രി ആയപ്പോഴാണ് എന്നാണ് ഓർമ.

ബ്രക്സിറ്റ് റഫറണ്ടത്തിൽ പരാജയപ്പെട്ട്  2016 ജൂലൈ 13-ന് തെരഞ്ഞെടുപ്പ് നടത്താതെ, പാർലമെൻറിലെ ടോറി കക്ഷികളുടെ ഭൂരിപക്ഷത്തിൽ ആണ് തെരേസ മെ അധികാരത്തിലേറിയത്. താച്ചർക്കുശേഷം ബ്രിട്ടനിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി. 2017-ൽ അവർ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിൽ വളരെ നേരിയ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ വന്നെങ്കിലും ബ്രക്സിറ്റ് ബില്ലിന് അവർ വിചാരിച്ചപോലെ പാർലമെൻറിൽ ഭൂരിപക്ഷം കിട്ടാതെ വരികയും (മൂന്നു തവണ) പാർട്ടിയിലെ തീവ്ര വലതുപക്ഷ മെമ്പർമാരുടെ പിന്തുണ കിട്ടാതെ, 2019-ൽ തെരേസ മെയ്ക്ക് രാജിവച്ച് ഒഴിയേണ്ടി വരികയും ചെയ്തു.
തുടർന്ന് അധികാരത്തിൽ വന്നത് ബോറിസ് ജോൺസണാണ്. രണ്ടുവട്ടം ലണ്ടൻ മേയർ ആയിരുന്ന ബോറിസ്, കൺസർവേറ്റീവ് പാർട്ടിയുടെ ബ്ലൂ ബോയ് ആയാണ് അറിയപ്പെട്ടത്. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പിന്മാറണം എന്ന ക്യാമ്പയിൻ നയിച്ചത് ബോറിസാണ്. തെരസ മെയെപ്പോലെ തന്നെ പാർലമെൻറിലെ ടോറി അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ, തിരഞ്ഞെടുപ്പിനെ നേരിടാതെയാണ് ബോറിസും അധികാരത്തിൽ എത്തിയത്. എന്നിരുന്നാലും 2019 ഡിസംബറിൽ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായപ്പോൾ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, കൂടുതൽ സീറ്റോടെ, കൂടുതൽ വോട്ടോടെ വിജയിക്കുകയും ചെയ്തു. കുത്തഴിഞ്ഞ ജീവിതത്തിനൊപ്പം കോവിഡ് ലോക്ക് ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ വസതിയിൽ പാർട്ടി നടത്തിയതിൻ്റെ പേരിൽ പോലീസ് കേസ്സും കൂടി ആയതോടെ ബോറിസിനും കഷ്ടകാലം തുടങ്ങി. കോവിഡ് ചട്ടങ്ങൾ ലംഘിച്ച് വിരുന്ന് സംഘടിപ്പിച്ചതിന് ബോറിസിനും ഒപ്പം ഉണ്ടായിരുന്നവർക്കും പോലീസ് പിഴ ചുമത്തി. മെട്രോപോളിറ്റൻ പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടും ബോറിസിനെതിരെയായിരുന്നു. സ്ഥിരമായ നുണ പറയലും ഒരു രാഷ്ട്രീയക്കാരനു വേണ്ട ധാർമികതയൊന്നും വ്യക്തിജീവിതത്തിൽ പുലർത്താതിരിക്കലും സാമാന്യ മര്യാദ ഇല്ലായ്മയുമെല്ലാം കൂടി ബോറിസ്സിനെ സ്വന്തം പാർട്ടിയിലും പൊതു ജനങ്ങൾക്കിടയിലും അനഭിമതനാക്കി. രാജി അല്ലാതെ മറ്റൊന്നും ബോറസിന് മുന്നിൽ ഇല്ലായിരുന്നു. 2022 സെപ്റ്റംബർ ആറിനു ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വീടിൻറെ മുൻവാതിൽക്കൽ നിന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട്  പ്രധാനമന്ത്രിപദവും വീടും ഒഴിഞ്ഞ് പുറത്തേക്ക് പോകും എന്നു പറഞ്ഞു. സെപ്റ്റംബർ ആറിന്റെ രാജി പ്രഖ്യാപനത്തിന് മുമ്പ് തന്നെ അടുത്ത പ്രധാനമന്ത്രി പദവിയിലേക്കുള്ള മത്സരങ്ങൾ തുടങ്ങി. മാർഗരറ്റ് താച്ചറുടെ സാമ്പത്തിക നയങ്ങളാണ് തന്റേതും എന്ന് പ്രഖ്യാപിച്ച, പാർട്ടിയിലെ തീവ്ര വലതുപക്ഷക്കാരിയായ ലിസ് ട്രസ്സും വലതുപക്ഷമെങ്കിലും മോഡറേറ്റർ ആയ ഋഷി സുനക്കും സ്ഥാനാർഥികളായി.

പാർലമെൻറ് മെമ്പർമാരുടെ വോട്ടുകൾ കൂടുതലും ഋഷിയ്ക്ക് ലഭിച്ചുവെങ്കിലും കാര്യമുണ്ടായില്ല. ഒന്നേമുക്കാൽ ലക്ഷത്തോളം വരുന്ന ടോറി പാർട്ടി മെമ്പർമാരാണ് പിന്നെ ഇഷ്ടമുള്ള നേതാവിനെയും അതുവഴി പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കേണ്ടത്. കൺസർവേറ്റീവ് പാർട്ടിയിലെ മെമ്പർമാരുടെ ശരാശരി വയസ്സിനെ പറ്റി പലതരത്തിലുള്ള വാദങ്ങളുണ്ട്. 72 വയസ്സ് എന്ന് പാർട്ടിയുടെ തിങ്ക് ടാങ്കായ ബോ ഗ്രൂപ്പിൻറെ കണ്ടെത്തൽ. 57-ന് മുകളിലെന്നു വേറെ ഗ്രൂപ്പുകൾ. എന്തായാലും പഴയ ടോറി മെമ്പർമാർക്ക്  തവിട്ടു നിറക്കാരനായ, ഏഷ്യക്കാരനായ ഋഷി സുനക്കിനെ ഉൾക്കൊള്ളാൻ കഴിയുന്ന മാനസികാവസ്ഥയല്ല. നമ്മൾ നൂറ്റാണ്ടുകളോളം ഭരിച്ചവരിൽ ഒരുവൻ നമ്മെ ഭരിക്കുകയോ? കൊളോണിയലിസം അവസാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ അന്ത്യവെയിലിൽ ഇപ്പോഴും അള്ളിപ്പിടിച്ചിരിക്കുന്ന വെള്ളക്കാർ ലിസ് ട്രസിന് തന്നെ വോട്ട് ചെയ്തു, അധികാരത്തിലേറ്റി. സുനക് പരാജയപ്പെട്ടു.

2022 സെപ്റ്റംബർ ആദ്യവാരത്തിൽ പ്രധാനമന്ത്രിയായ ലിസിന് വരാനിരിക്കുന്ന നിർഭാഗ്യദിനങ്ങളെക്കുറിച്ച് യാതൊരുവിധ ധാരണയും ഇല്ലായിരുന്നു എന്ന് വേണം കരുതാൻ. സ്വന്തക്കാരെയും വിശ്വസ്തരെയും മാത്രം ഉൾപ്പെടുത്തിയ മന്ത്രിസഭ. രണ്ടാം താച്ചർ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട്, പണ്ടെപ്പോഴോ മരിച്ച നവലിബറൽ സാമ്പത്തിക രീതിയെ പുനർജനിപ്പിക്കാനായി നടത്തിയ ശ്രമങ്ങളിൽ തട്ടി അവർ വീണു. ഇരിക്കുംമുൻപ് കാലു നീട്ടിയതിനെ തുടർന്നുള്ള വീഴ്ച. പ്രധാനമന്ത്രിയും ധനമന്ത്രിയും ചേർന്ന് അവതരിപ്പിച്ച മിനി ബഡ്ജറ്റ് ഒരു ദുരന്തവും പ്രഹസനവുമായി മാറി.

10%-ത്തിനു മുകളിലായി നാണയപെരുപ്പം. കോവിഡ് വരുത്തിയ നഷ്ടങ്ങളിൽ നിന്ന് കരകയറാൻ വയ്യാത്ത അവസ്ഥ. വൈദ്യുതിയുടെയും, പെട്രോളിന്റെയും കുത്തനെയുള്ള വിലവർദ്ധന. നിത്യോപയോഗ സാധനങ്ങളുടെ വിലകൂടൽ. ഉൽപ്പാദനക്കുറവ്. രാജ്യത്തിന്റെ നടുവൊടിഞ്ഞു നിൽക്കുമ്പോഴാണ് ലിസിൻ്റെ മിനി ബഡ്ജറ്റ് പ്രഖ്യാപനം. സമ്പന്നർക്ക് നികുതി കുറച്ചും സാധാരണക്കാർക്ക് ജീവിതം ദുസ്സഹം ആക്കിയുമുള്ള ബഡ്ജറ്റ്. ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം കുറഞ്ഞത്, ഡോളറുമായി പിടിച്ചുനിൽക്കാൻ ആവാത്ത അവസ്ഥ, ബോണ്ട് മാർക്കറ്റിലെ കോലാഹലം. ഒടുവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തന്നെ ഇടപെടേണ്ടിവന്നു. അതോടെ ലിസ് ട്രസ്സിലുള്ള വിശ്വാസം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകൾക്ക് നഷ്ടമായി. ഒരു ക്യാപിറ്റൽ വ്യവസ്ഥിതിയിൽ കാശാണ് ദൈവം. ദൈവം കോപിച്ചാൽ കുരുതിയാണ് പിന്നെ. സ്വന്തം അധികാരം നിലനിർത്താനായി ലിസ് ഏറെ വിയർത്തു. സ്വന്തം ധനകാര്യ മന്ത്രി അടക്കം പലരെയും കുരുതി കൊടുത്തു. പ്രഖ്യാപിച്ച നയങ്ങൾ ഒന്നൊന്നായി പിൻവലിച്ചു. എന്നിട്ടും ദൈവത്തിൻറെ കലി അടങ്ങിയില്ല. പ്രധാനമന്ത്രിയുടെ തലയും വെട്ടി മാറ്റപ്പെട്ടു.

വെറും ആറാഴ്ച മാത്രം നീണ്ടുനിന്ന അധികാരം. നാണംകെട്ട് അപഹാസ്യയായുള്ള പടിയിറക്കം. ഖസാക്കിന്റെ ഇതിഹാസത്തിൽ കുട്ടാടൻ പൂശാരിയുടെ ഉത്സവസമാനമായ, ദാരുണമായ ഒരു വിധി. അന്ത്യം. ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി. ഏറ്റവും കുറവ് കാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്നയാൾ. എലിസബത്ത് രാജ്ഞി അന്തരിച്ചത് കഴിഞ്ഞ സെപ്റ്റംബർ എട്ടിന്. എത്രയോ പ്രധാനമന്ത്രിമാരെ മന്ത്രിസഭ ഉണ്ടാക്കാനായി ക്ഷണിച്ചവർ. 96-ആം വയസ്സിൽ അവസാനമായി പ്രധാനമന്ത്രിയായി അവരോധിച്ചത് ലിസ് ട്രസിനെയാണ്. മരിക്കുന്നതിന് രണ്ടുദിവസം മുൻപ് സ്കോട്‌ലൻഡിലെ ബൾമോറൽ കൊട്ടാരത്തിലേക്ക് പോയി, രാജ്ഞിയെ കണ്ടാണ് ലിസ് ട്രസ് പ്രധാനമന്ത്രി ആകാനുള്ള തീട്ടൂരം കൈപ്പറ്റിയത്. രാജ്ഞി മരിച്ച അന്നുതന്നെ 73 വയസ്സുകാരനായ ചാൾസ് രാജാവായി അധികാരം ഏറ്റെടുത്തു. ആറാഴ്ച തികയും മുൻപ് രാജാവായ ചാൾസിന് രാജിക്കത്ത് കൊടുക്കുവാനുള്ള വിധിയും ലിസിന് ഉണ്ടായി. അധികാരം ഏറ്റെടുത്ത് രാജ്ഞിയുടെ കയ്യിൽ നിന്ന്. 45 ദിവസത്തിനുള്ളിൽ രാജിക്കത്ത് കൊടുത്തത് പുതിയ രാജാവിന്. ഏറ്റവും കുറച്ചുകാലം ബ്രിട്ടീഷ് പ്രധാനമന്ത്രി ആയത് ആരെന്നും പ്രധാനമന്ത്രിപദം ഏറ്റെടുത്തത് ഏത് മൊണാർക്കിൽ നിന്നും, പ്രധാനമന്ത്രി പദം ഒഴിഞ്ഞപ്പോൾ ബ്രിട്ടീഷ് മൊണാർക്ക് ആരായിരുന്നു എന്നും ഭാവിയിൽ ക്വിസുകളിൽ ചോദ്യമായി വന്നേക്കാം. അതല്ലെങ്കിൽ ഈ കഥകൾ ലിസിന് പേരമകൾക്ക് പറഞ്ഞുകൊടുക്കാം. ദുരന്തപൂർണമായിരുന്നു കാര്യങ്ങളെങ്കിലും ഈ വിധത്തിൽ അവർ ചരിത്രത്തിൽ ഇടം നേടി.

വീണ്ടുമൊരു പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ്. ലിസ് ട്രസുമായുള്ള രണ്ടാൾ പോരാട്ടത്തിൽ വാതുവെപ്പുകാരുടെയും ഒപ്പീനിയൻ പോളുകാരുടെയും ഒന്നാമനായിരുന്നിട്ടും, കൺസർവേറ്റീവ് മെമ്പർമാരുടെ വോട്ടിൽ പരാജയപ്പെട്ട ഋഷി സുനക്  മത്സരിക്കുമെന്ന്  ഉറപ്പായി.

ടോറി പാർട്ടിയുടെ നേതാവിനെ തിരഞ്ഞെടുക്കലിന്റെ ചുക്കാൻ പിടിക്കുക 1922 കമ്മിറ്റിയാണ്. ബാക്ക് ബെഞ്ചേഴ്‌സ് എന്നറിയപ്പെടുന്ന പുരാതനമായ ഈ കമ്മിറ്റിയാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചട്ടവട്ടങ്ങളും തിരഞ്ഞെടുപ്പിന്റെ ചുമതലയും വഹിക്കുക. 650 പേരുള്ള സഭയിൽ കൺസർവേറ്റിവ് പാർട്ടിക്ക് 357 മെമ്പർമാർ ഉണ്ട്. 269 പുരുഷന്മാരും 88 സ്ത്രീകളും. അവരാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് 100 എം.പിമാരുടെ പിന്തുണ വേണം. ഋഷി സുനക്കിന് പുറമെ പെന്നി മോർഡന്റ് (Penny Mordaunt), മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന ശ്രുതി ഉണ്ടായിരുന്നു. 60 വയസ്സ് കഴിഞ്ഞ പാർട്ടി മെമ്പർമാരുടെ ഇടയിൽ അത്യാവശ്യം സ്വാധീനം “ട്രൗസർ ഡ്രോപ്പിംഗ്” ബോറിസിന് ഉണ്ടുതാനും. കരീബിയൻ ദ്വീപുകളിൽ ആയിരുന്ന ബോറിസ് ലണ്ടനിൽ പറന്നിറങ്ങി. പക്ഷെ ബോറിസിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. നൂറു പേരുടെ പിന്തുണ കിട്ടില്ല എന്നുറപ്പായപ്പോൾ ബോറിസ് മത്സരത്തിൽ നിന്നും പിന്മാറി. വെറും 53 മെമ്പർമാരേ ബോറിസിനെ പിന്തുണച്ചുള്ളൂ.

ലിസ് ട്രസ്സുമായുള്ള മത്സരത്തിൽ ഋഷി സുനക്കിന് 137 എംപിമാരുടെ പിന്തുണ കിട്ടിയിരുന്നു. ഈ വട്ടം അനായാസമായി ആ സംഖ്യ തന്നെ സുനക്കിനെ പിന്തുണയ്ക്കാൻ ഉണ്ടായിരുന്നു. 100 എന്ന അടിസ്ഥാന സംഖ്യ കിട്ടില്ല എന്ന് ഉറപ്പായപ്പോൾ പെന്നി മോർഡന്റും മത്സരിക്കാതെ പിന്മാറി. അതോടെ ഏക സ്ഥാനാർത്ഥി ഋഷി സുനക് മാത്രമായി. രണ്ട് സ്ഥാനാർത്ഥികൾ മൽസരത്തിന് ഉണ്ടായിരുന്നെങ്കിൽ ചിത്രം വ്യത്യസ്തമാകുമായിരുന്നു. ആ സാഹചര്യത്തിൽ പാർട്ടി മെമ്പർമാർ കൂടി വോട്ട് ചെയ്യേണ്ടി വന്നേനെ. ലിസ് ട്രസ്സുമായുള്ള മൽസരത്തിൻ്റെ സമയത്ത് അൻപത്തിയേഴ് ശതമാനം മെമ്പർമാരും ഇംഗ്ലീഷുകാരിയായ ട്രസ്സിനെ പിന്തുണച്ചപ്പോൾ ഏഷ്യൻ വംശജനായ സുനക്കിന് ലഭിച്ചത് നാല്പത്തിമൂന്ന് ശതമാനം മെമ്പർമാരുടെ വോട്ട് മാത്രമായിരുന്നു എന്നത് ഓർക്കണം.

“Cometh the hour, cometh the man” – വെറുതെ ഇരിക്കുമ്പോൾ ചില വാക്കുകളും വാചകങ്ങളും മനസ്സിൽ തെളിയും. യാതൊരു വിധ പ്രയോജനവും ഇല്ലെന്ന് അറിയാമെങ്കിലും ആ വാക്കിന്റെയോ വരിയുടെയോ അർത്ഥവും ഉത്ഭവവും തേടി പോകുന്നത് എനിക്ക് രസമാണ്. അത്തരത്തിൽ ഉള്ള ഒരു വാരിയാണ് മുകളിൽ എഴുതിയത്. യോഹന്നാന്റെ സുവിശേഷം, സ്‌കോട്ടിഷ് എഴുത്തുകാരനായ വാൾട്ടർ സ്‌കോട്ട്, സൗത്ത് ആഫ്രിക്കയിലെ കിങ്‌സ് മീഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ 1948-ലെ ടെസ്റ്റിൽ വിജയറൺ നേടിയ ഇംഗ്ലീഷ് ബൗളറായിരുന്ന ക്ലിഫ് ഗ്ലാഡ്‌വിൻ എന്നിവരിൽ എത്തിയപ്പോൾ ഞാനാ അന്വേഷണം അവസാനിപ്പിച്ചു. ഒപ്പം പഴയ ഇംഗ്ലീഷിൽ വേറൊരു പ്രയോഗം കൂടിയുണ്ട് – അവസരങ്ങൾ മനുഷ്യനെ സൃഷ്ടിക്കുന്നു എന്നും.
കോവിഡിന്റെ ആദ്യകാലങ്ങളിൽ അറിഞ്ഞ ഈ വാചകം വർഷങ്ങൾക്ക് ശേഷം ഋഷി സുനക്കിനെ കുറിച്ച് എഴുതാൻ ഇരിക്കുമ്പോൾ വീണ്ടും മനസ്സിൽ വന്നു. ഋഷി സുനക്കിന്റെ പ്രധാനമന്ത്രി പദത്തെ കുറിച്ച് ഇത് വളരെ ശരിയാണെന്ന് തോന്നുന്നു. ഒരു നിയോഗത്തിന് അപ്പുറം കൃത്യമായ ഒരു രാഷ്ട്രീയ തന്ത്രം കൂടിയുണ്ട് അതിനു പുറകിൽ.

ബ്രിട്ടനിലെ ആദ്യത്തെ ഏഷ്യൻ എംപി 1892-ൽ ലണ്ടനിലെ ഫിൻസ്ബറിയിൽ നിന്നും വെറും മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലിബറൽ പാർട്ടി സ്ഥാനാർത്ഥി ആയി ജയിച്ച ദാദാഭായ് നവറോജി ആണ്. ഞാൻ ലണ്ടനിൽ എത്തിയത് 1987-ൽ. ആ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ആദ്യമായി നാല് പേർ തിരഞ്ഞെടുക്കപ്പെട്ടു. നാല് പേരും ലേബർ പാർട്ടിയിൽ നിന്ന്. ബേണി ഗ്രാന്റ്, പോൾ ബോട്ടാങ് , ഡയാന ആബോട്ട് എന്നീ കറുത്ത വംശജരും പിന്നെ കീത്ത് വാസ് എന്ന ഏഷ്യൻ വംശജനും. ബേണി ഗ്രാന്റ് പല അർത്ഥത്തിലും ഞാൻ ഉൾപ്പെടെ പലരുടെയും രാഷ്ട്രീയ ഗുരു ആയിരുന്നു. 2019-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 65 പേർ മൈനോറിറ്റി എത്ത്നിക്ക് ബാക്ക്ഗ്രൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മൊത്തം മെമ്പർമാരുടെ 10 ശതമാനത്തോളം വരും അത്. ആ 65 പേരിൽ 37 പേർ വനിതകൾ ആണെന്ന പ്രത്യേകത കൂടിയുണ്ട് ഇതിൽ.

2022 സെപ്റ്റംബറിൽ 7 കാബിനറ്റ് മന്ത്രിമാർ എത്തിനിക് മൈനോറിറ്റിയിൽ നിന്നും. ക്യാബിനറ്റിലെ പ്രധാനവകുപ്പുകളിലും ഏഷ്യൻ വംശജർ. അഭിമാനിക്കാവുന്ന ഒന്ന്. തൊണ്ണൂറുകളിൽ സ്ഥിരം നടന്നിരുന്ന രാഷ്ട്രീയചർച്ചകൾ എന്നാണ് നമുക്കൊരു ഏഷ്യൻ – ആഫ്രിക്കൻ പ്രധാനമന്ത്രിയുണ്ടാകുക എന്നതായിരുന്നു. അതും ലേബർ പാർടിയിൽ നിന്നും. ടോറി പാർട്ടിയിൽ നിന്നും അത്തരത്തിൽ ഒരു പ്രധാനമന്ത്രി എന്നത് ഞങ്ങളുടെ സ്വപ്നങ്ങളിൽ പോലും വന്നിരുന്നില്ല എന്നതാണ് വാസ്തവം. ദാ ഇപ്പോൾ ടോറി പാർട്ടിയുടെ നേതാവായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ചരിത്രപ്രധാനമായ ഒരു നിമിഷമാണിത്. രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾക്കപ്പുറം സ്വാഗത ചെയ്യേണ്ട ഒന്ന്. ഒപ്പം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഏഷ്യക്കാരുടെ അവഗണിക്കാനാകാത്ത, അത്ഭുതപ്പെടുത്തുന്ന, എന്നാൽ അർഹമായതുമായ വളർച്ചയും.

42 വയസ്സുള്ള ഋഷി സുനക് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ താരതമ്യേന ഒരു പുതുമുഖമാണ്. വടക്കൻ ഇംഗ്ലണ്ടിലെ യോർക്ക് കൗണ്ടിയിൽ റിച്ച്മണ്ട് നിയോജകമണ്ഡലത്തിൽ നിന്നും 2015-ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. വെറും ഏഴ് വർഷത്തെ രാഷ്ട്രീയ പരിചയം. എന്നാൽ ബുദ്ധിയും രാഷ്ട്രീയചതുരംഗപാടവവും സാമ്പത്തികകാര്യങ്ങളിലുള്ള അറിവും ഒപ്പം ഓക്സ്ഫഡ്, സ്റ്റാൻഫഡ് എന്നിവിടങ്ങളിൽ നിന്നുമുള്ള ബിസിനസ് മാനേജ്മൻ്റിലുള്ള എംബിഎ അടക്കമുള്ള ബിരുദങ്ങളും ഗോൾഡ്മാൻ സാക്സിലെ പ്രവർത്തനപരിചയവുമെല്ലാം സുനക്കിന് അധികാരത്തിലേയ്ക്കുള്ള വഴികൾ എളുപ്പമാക്കി. അതിനൊപ്പം ഇൻഫോസിസിൻ്റെ നാരായണമൂർത്തിയുടെ മകളായ അക്ഷതയുമായുള്ള വിവാഹബന്ധവും അതു നൽകിയ സാമ്പത്തികഭദ്രതയും. സുനക്കിനും ഭാര്യ അക്ഷത മൂർത്തിക്കും കൂടിയുള്ള സമ്പാദ്യം ഏകദേശം 740 മില്യൺ പൗണ്ടിൽ കൂടുതൽ. ബ്രിട്ടീഷ് പാർലമെൻ്റിലെ ഏറ്റവും ധനികനാണ് സുനക്. പണത്തിനു മുകളിൽ പരുന്തല്ല, ഒരു പക്ഷിയും പറക്കില്ലായെന്ന് ബ്രിട്ടീഷുകാർക്കറിയാം.

ബ്രിട്ടീഷ് ഡ്രീം എന്നൊരു പുതിയ സങ്കൽപ്പമുണ്ട്. കഠിനാധ്വാനവും സ്ഥിരോൽസാഹവുമുണ്ടെങ്കിൽ നമുക്ക് ബ്രിട്ടനിൽ എന്തും എത്തിപ്പിടിക്കാവുന്നതാണ് എന്നതാണതിൻ്റെ സാരം. പണ്ടത്തെ അമേരിക്കൻ ഡ്രീമിൻ്റെ ഒരു ബ്രിട്ടീഷ് പതിപ്പ്. ‘ഫിയർ ആൻഡ് ലോത്തിംഗ്’ എന്ന പേരിൽ റോളിംഗ് സ്റ്റോൺ മാഗസിനിൽ എഴുതിയിരുന്ന ഹണ്ടർ എസ് തോംസണിൻ്റെ ഒരു കൾട്ട് പുസ്തകമുണ്ട്. തല നിറയെ ആസിഡും വയറ്റിലും ഒപ്പം കാറിലും നിറയെ ലഹരിപദാർത്ഥങ്ങളുമായി ഒരു പുത്തൻ ഷെവി കാറിൽ അമേരിക്കൻ സ്വപ്നം തേടിയുള്ള യാത്ര. അതാണെനിക്ക് പൊള്ളയായ അമേരിക്കൻ ഡ്രീമിൻ്റെ അന്തരാർത്ഥങ്ങൾ മനസ്സിലാക്കിത്തന്നത്. അത്തരം ഒരു സ്വപ്നം യാഥാർത്ഥ്യമായതിന് ചില സ്പെസിമനുകൾ നമ്മൾക്കു മുന്നിലുണ്ട്. മൈക്കിൾ ജാക്സൺ അതിൻ്റെ ഒരു ദുരന്തസാക്ഷ്യമാണ്. മറുപുറത്ത് അമേരിക്കൻ യാഥാർത്ഥ്യത്തിൻ്റെ മറ്റൊരു പ്രതിനിധിയായി മുഹമ്മദ് അലിയുമുണ്ട് നമുക്ക് മുൻപിൽ. ചോയിസ് ഇസ് അവേഴ്സ്.

ഏത് ഡ്രീമിൻ്റെയും സത്യാവസ്ഥ അതൊരു സ്വപ്നം ആണെന്നുള്ളതാണ്. പതിനഞ്ചു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ വരും എന്നൊരു വാഗ്ദാനം കൊടുത്താൽ മാത്രം മതി. പണം കൊടുക്കണമെന്നില്ല. പൈസ കിട്ടിയില്ലെങ്കിലെന്താ, അങ്ങനെ പറയാനൊരാൾ ഉണ്ടായല്ലോ എന്നതിൽ ആശ്വാസം കണ്ടെത്തുന്നവരാണ് നിർഭാഗ്യവശാൽ നമ്മൾ. സ്വപ്നവ്യാപാരം നയാപൈസ ചിലവില്ലാത്ത ഒന്നാണ്. പ്രയോക്താക്കൾക്കും ഉപയോക്താക്കൾക്കും നയാപൈസ നഷ്ടവുമില്ല – കിട്ടിയാലല്ലേ നഷ്ടം വരുന്നുള്ളൂ!

സുനക്കിൻ്റെ മാതാപിതാക്കൾ ആഫ്രിക്കയിൽ ജനിച്ച് ഇംഗ്ലണ്ടിൽ കുടിയേറിയവരാണ്. അഫ്രിക്കൻ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന വാണിജ്യ ബന്ധങ്ങൾ ബ്രിട്ടീഷ് അധീനതിയിലുണ്ടായിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്ക് കുടിയേറാൻ സഹായിച്ചു. ആഫ്രിക്കയിലെ ഇന്ത്യക്കാർ ധനികരും വിദ്യാസമ്പന്നരുമായിരുന്നു. 1885-ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്ക (East Africa Protectorate) കുടിയേറ്റത്തെ കൂടുതലായി പ്രോൽസാഹിപ്പിച്ചു. ഇന്ത്യൻ വംശജർ സാമ്പത്തികമായും വിദ്യാഭ്യാസപരമായും കൂടുതൽ മേൽഗതി കൈവരിച്ചു. എന്നാൽ 1960-ൽ ആഫ്രിക്കയിലുണ്ടായ രാഷ്ട്രീയ അരക്ഷിതത്വം പലരേയും ആഫ്രിക്ക വിടുന്നതിന് പ്രേരിപ്പിച്ചു. ചിലർ അവിടെത്തന്നെ ജീവിക്കാൻ തീരുമാനിച്ചു. മറ്റുപലരും ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നതിനു പകരം ഇംഗ്ലണ്ടിലേയ്ക്കും കാനഡയിലേയ്ക്കും അമേരിക്കയിലേയ്ക്കും കുടിയേറി.

സുനക്കിൻ്റെ അച്ഛൻ യശ്വീർ സുനക് ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ മെഡിസിന് ചേർന്ന് ഡോക്ടറായി. അമ്മ ഉഷ സുനക് ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പഠിച്ച് സ്വന്തമായി ഒരു ഫാർമസി നടത്തുന്നു. 1977-ൽ വിവാഹിതരായ ഇവർക്ക്  1980-ലാണ് മകനായി ഋഷി സുനക് ജനിച്ചത്. തെക്കൻ ഇംഗ്ലണ്ടിലെ സൗത്താംടണിൽ എത്ര അധ്വാനിച്ചാലും ഉൽസാഹിച്ചാലും എല്ലാവർക്കും മക്കളെ മുന്തിയ ഫീസ് നൽകി പ്രൈവറ്റ് സ്ഥാപനങ്ങളിൽ പഠിപ്പിക്കാനാകില്ല. ആ ഭാഗ്യം ഋഷി സുനക്കിനുണ്ടായി. ഇംഗ്ലണ്ടിലെ പുരാതനവും വിഖ്യാതവുമായ വിഞ്ചെസ്റ്റർ കോളജിലാണ് താമസിച്ചുപഠിച്ചത്. ഇന്നത്തെ കണക്കിൽ ഏകദേശം നാല്പത്തിയാറുലക്ഷം രൂപ ഒരു വർഷം ഫീസായി മാത്രം നൽകണം.

പഠനത്തിൽ മിടുക്കനായ ഋഷി തുടർപഠനം നടത്തിയത് ഓക്സ്ഫഡിലെ ലിങ്കൺ കോളേജിലാണ്. പൊളിറ്റിക്സ്, ഫിലോസഫി, എക്കണോമിക്സ് വിഷയങ്ങളിൽ (PPE) ബിരുദം നേടി. ബ്രിട്ടനിലെ ഭരണരംഗത്തുള്ളവരുടെ എന്നത്തെയും പ്രധാന യൂണിവേഴ്സിറ്റി ഓക്സ്ഫഡും, വിഷയങ്ങൾ സുനക് പഠിച്ചതും തന്നെ. രാഷ്ട്രീയ രംഗത്ത് ശോഭിക്കുവാൻ വേണ്ട മികച്ച ആയുധങ്ങൾ ബിരുദം നേടിയ ശേഷം ഗോൾഡ്മാൻ സാക്സ് എന്ന ഇന്വെസ്റ്റ്മെൻ്റ് ബാങ്കിൽ ജോലിക്കു ചേർന്നു. സാമ്പത്തികമേഖലയിൽ തഴക്കം വന്നതിനു ശേഷമാണ് ‘ഫുൾ ബ്രൈറ്റ്’ സ്കോളർഷിപ്പോടെ അമേരിക്കയിലെ പ്രശസ്തമായ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ എം ബി എയ്ക്ക് ചേർന്നത്. അവിടെവച്ചാണ് ഋഷിയുടെ തലവര മാറിയ ഒരു സംഭവം, അക്ഷത മൂർത്തിയുമായി പരിചയമാകുന്നതും 2009-ൽ വിവാഹിതരാകുന്നതും. കൃഷ്ണയെന്നും അനൗഷ്കയെന്നും രണ്ടു പെൺകുട്ടികളും അവർക്കുണ്ട്.

രണ്ടായിരത്തി പതിനഞ്ചിൽ ബ്രിട്ടീഷ് പാർലമെൻ്റിൽ എം പിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി 2016-ൽ നടന്ന ബ്രെക്സിറ്റ് റഫറണ്ടത്തിൽ ബോറിസ് ജോൺസണൊപ്പം ബ്രെക്സിറ്റ് പക്ഷത്തായിരുന്നു. തെരേസ മേയുടെ രണ്ടാം മന്ത്രിസഭയിൽ പാർലമെൻ്ററി അണ്ടർ സെക്രട്ടറിയായി. അപ്രധാനവകുപ്പായ ലോക്കൽ ഗവർണ്മെൻ്റിൽ. തെരേസയുടെ രാജിക്കു ശേഷം ടോറി പാർട്ടിയുടെ നേതാവിനെ തെരഞ്ഞെടുക്കുന്ന കാമ്പെയ്നിൽ ബോറിസ് ജോൺസൻ്റെ ഉറച്ച അനുയായി ആയിരുന്നു ഋഷി. പുതിയ പ്രധാനമന്ത്രിയായ ബോറിസിൻ്റെ മന്ത്രിസഭയിൽ ധനകാര്യവകുപ്പിൽ ചീഫ് സെക്രട്ടറിയായി. 2020-ൽ സജീദ് ജാവിദ് രാജിവച്ച ഒഴിവിൽ ധനകാര്യമന്ത്രിയായി. കോവിഡ് കാലത്ത് ഋഷി സുനക് നടപ്പാക്കിയ ഫർലോയും (Furlough – തൊഴിൽ ചെയ്യാൻ പറ്റാത്തവർക്ക് 80% ശമ്പളം സർക്കാർ കൊടുക്കുമെന്ന പദ്ധതി) ഈറ്റ് ഔട്ട് റ്റു ഹെല്പ് ഔട്ട് (Eat out to help out) പദ്ധതിയും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. സമർത്ഥനായ ഒരു രാഷ്ട്രീയനേതാവും ധനകാര്യമന്ത്രിയും എന്ന പേരു കിട്ടി.

അധികാരത്തെക്കാൾ വലിയൊരു മയക്കുമരുന്നില്ല. ഒരിക്കൽ അതറിഞ്ഞാൽ അതിൽ നിന്നൊരു മോചനവുമില്ല. കൂടുതൽ അധികാരമെന്ന യാത്രയുടെ വിഷ്ണുപദമാണ് പ്രധാനമന്ത്രിസ്ഥാനം. ധനകാര്യമന്ത്രിയായിരിക്കെത്തന്നെ രഹസ്യമായി അതിനുള്ള അണിയറനീക്കങ്ങൾ നടത്തിത്തുടങ്ങിയെന്നു വേണം കരുതാൻ. സ്വന്തം ഇമേജ് വർദ്ധിപ്പിക്കാനായി പരസ്യകമ്പനിയെ ചുമതലപ്പെടുത്തി. കൃത്യമായ സെൽഫ് ഇമേജ് ഫോട്ടോഷൂട്ടുകൾ, അഭിമുഖങ്ങൾ . ഇവയെല്ലാം തന്നെ സാമ്പത്തികവും രാഷ്ട്രീയവും സുനക്കിൻ്റെ കൈകളിൽ സുരക്ഷിതമെന്നു പറയുന്നവ, എടുത്തുചാട്ടമില്ലാതെ ഏത് പ്രശ്നത്തെയും അഭിമുഖീകരിക്കുവാനും പരിഹരിക്കാനുമുള്ള സുനക്കിൻ്റെ പാടവത്തെ പാടുന്നവ. അറിവും കണക്കുമറിയുന്നയാൾ, പെരുമാറ്റത്തിൽ കുലീനൻ, എല്ലാറ്റിനും പുറമെ ബ്രിട്ടീഷ് പാർലമെൻ്റിലെ ഏറ്റവും വലിയ ധനികൻ.

രണ്ടായിരം മുതൽ കൺസർവ്വേറ്റീവ് പാർട്ടി നടത്തിയ വലിയൊരു നയമാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ വെള്ളക്കാരല്ലാത്തവരോടുള്ള അവരുടെ നിലപാടിൽ രാഷ്ട്രീയമായി വലിയ മാറ്റം വന്നു. ഏഷ്യക്കാർക്കും മറ്റ് എത്തിനിക് ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവർക്കും പാർട്ടിയിലേക്ക് വാതിൽ തുറന്നുകൊടുത്തു. അർഹതയുള്ളവർക്ക് സീറ്റും മന്ത്രിസഭയിൽ സ്ഥാനവും നൽകി. അതിനേറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. അറുപതുകളിൽ ഒന്നുമില്ലാതെ ഇവിടെ കുടിയേറിയ ഏഷ്യക്കാരുടെയും ആഫ്രിക്കക്കാരുടെയും മറ്റു വംശജരുടെയും അത്താണി ലേബർ പാർട്ടിയായിരുന്നു. രണ്ടാം തലമുറയും മൂന്നാം തലമുറയും വിദ്യാഭ്യാസത്തിലും സാമ്പത്തികതയിലും വലിയ മുന്നേറ്റം കൈവരിച്ചതോടെ ഉയർന്നജോലിയും സാമ്പത്തികാവസ്ഥകളും ഇവരെ രാഷ്ട്രീയമായി ലേബർ പാർട്ടിയിൽ നിന്നും അകറ്റി.

ഋഷി സുനക് തന്നെ ഒരിക്കൽ പരസ്യമായി ഒരു ഇൻ്റർവ്യൂവിൽ “എനിക്ക് വർക്കിംഗ് ക്ലാസ്സ് സുഹൃത്തുക്കൾ ഇല്ലാ”യെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞത് വളരെ സത്യമാണ്. കൂടുതൽ ഫീസ് നൽകി പഠിച്ച വിഞ്ചെസ്റ്റർ സ്കൂളിൽ അധ്വാനവർഗ്ഗത്തിൽ നിന്നുള്ള കുട്ടികളുണ്ടാകില്ല. ഓക്സ്ഫഡിലെ ലിങ്കൺ കോളജിലും കണ്ടുമുട്ടാൻ സാധ്യതയില്ല. അതുപോലെതന്നെ വീട്ടിലും. യശ്വീർ സുനക് ജോലി ചെയ്യുന്ന ധർമ്മാശുപത്രിയിലും അമ്മ ഉഷ മരുന്ന് വിൽക്കുന്ന ഫാർമസിയിലും അവരെ കാണാം. പക്ഷേ അവർ രോഗികളും മരുന്ന് വാങ്ങുന്നവരുമാണ് – സുഹൃത്തുക്കളല്ല. സുനക് ജോലി ചെയ്ത ഗോൾഡ്മാൻ സാക്സുൾപ്പടെയുള്ള സ്ഥാപനങ്ങളിൽ തീർച്ചയായും അവരുണ്ടാകും, ചായ തിളപ്പിക്കലും ക്ലീനിംഗ് ജോലികളുമായി. പക്ഷേ അവരാരും വർക്കിംഗ് ക്ലാസ്സ് ചങ്ങാതിമാരല്ല – അവരെ ഭരിക്കലാണ് സുനക്കിൻ്റെ ജോലി.

ഭിന്നിപ്പിക്കുക എന്നത് എത്രയോ കാലമായൊരു ബ്രിട്ടീഷ് ആചാരമാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ഇംഗ്ലീഷുകാരുടെ തന്ത്രവും. ഞാനിവിടെ വന്ന കാലത്തൊക്കെ രാഷ്ട്രീയമായി ഏഷ്യക്കാരെല്ലാവരും ഒരുമിച്ചായിരുന്നു. മതചിന്തകൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ, ഒന്നുംതന്നെ വീടിൻ്റെ മുൻവാതിൽ തുറന്ന് പരസ്യമായി പുറത്തേക്കിറങ്ങിയിരുന്നില്ല. പക്ഷേ അതിൻ്റെ വിത്തുകൾ ഉള്ളിൽ മുളയ്ക്കാതെ കിടന്നിരിക്കണം. 9/11 അതിൽ വലിയ ഒരു മാറ്റം വരുത്തി. ഹിന്ദു – മുസ്ലീം എന്നൊരു ബൈനറി അതിനുശേഷം രൂപപ്പെട്ടു. ഒപ്പം തന്നെ കാശ്മീരും ഇന്ത്യാ-പാക്ക് വിഭജനമുറിവുകളും യുദ്ധങ്ങളും. രാഷ്ട്രീയമായി ബ്രിട്ടനിലെ ഏഷ്യക്കാരെ അത് ബാധിച്ചു എന്നുവേണം കരുതാൻ. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർന്ന നിലയിലുള്ളവർ പതുക്കെപ്പതുക്കെ കൺസർവ്വേറ്റീവ് പാർട്ടിയുമായി അടുക്കുകയും അടുപ്പിക്കപ്പെടുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയൊരു ശതമാനം ഹിന്ദുക്കൾ ടോറി പാർട്ടിയോടടുത്തു. ടോറികൾ അവർക്കു വേണ്ടത്ര പരിഗണന നൽകുകയും ചെയ്തു. ലേബർ പാർട്ടിയുടെ ശക്തി ഇവിടുത്തെ വർക്കിംഗ് ക്ലാസ്സും മുസ്ലീമുകളും കറുത്തവംശജരുമാണ്. ആഫ്രിക്കയിൽ നിന്നും വന്ന വലിയ വിദ്യാഭ്യാസവും സാമ്പത്തികഭദ്രതയുമുള്ള ചുരുക്കം ചിലർ ടോറി പാർട്ടിയിലുണ്ടെന്നുള്ള യാഥാർത്ഥ്യവും മുന്നിലുണ്ട് – ബ്രിട്ടീഷ് ഡ്രീമിനെ പിന്തുടരുന്നവർ.

സ്കോട്ട്‌ലൻഡിലും വെയിൽസിലും ടോറി പാർട്ടിക്ക് വലിയ സ്വാധീനം പണ്ടുമില്ല, ഇനി അടുത്ത ഭാവിയിൽ ഉണ്ടാകാനും സാധ്യതയില്ല. ആ വസ്തുത കണക്കിലെടുത്തുതന്നെയാണ് ഏഷ്യൻ – ആഫ്രിക്കൻ വംശജരുടെ ഇടയിലുള്ള ബ്രിട്ടീഷ് ഡ്രീം വില്പന. 2022-ലെ മന്ത്രിസഭയിൽ ആ വിഭാഗങ്ങളിൽ നിന്നും ഏഴു പേരാണ് ക്യാബിനറ്റ് റാങ്കിലുള്ളത്. കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന പ്രീതി പട്ടേലിൻ്റെ വലിയൊരു സ്റ്റേറ്റ്മെൻ്റ് ബ്രിട്ടനിലുള്ള അഭയാർത്ഥികളെ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുക എന്നതായിരുന്നു. ആയിരത്തിലൊതുങ്ങുന്ന അഭയാർത്ഥികളെ മാത്രമേ ബ്രിട്ടൻ സ്വാഗതം ചെയ്യുകയുള്ളൂ എന്ന്. പ്രീതി പട്ടേലിനു ശേഷം വന്ന സുവെല്ല ബ്രേവർമാൻ എന്ന ഇന്ത്യൻ വംശജയായ മന്ത്രിയും ഇതു തന്നെ ആവർത്തിച്ചു. എന്തിന്, ഋഷി സുനക്കിൻ്റെ അടിയന്തര പ്രാധാന്യമുള്ള നയങ്ങളിലൊന്ന് അഭയാർത്ഥികളുടെ എണ്ണം കുറയ്ക്കുക എന്നതുതന്നെ. ഇവരുടെ മാതാപിതാക്കൾ ഇവിടെ കുടിയേറിയവരാണെന്നുള്ളതൊക്കെ വിസ്മരിക്കുക മാത്രമല്ല, യേശുവിനെക്കാളും വലുയ പോപ്പുമാരാവുക. അതു തന്നെയാണ് വെള്ളക്കാർക്ക് വേണ്ടതും.

ബോറിസ് ജോൺസണും ടോറി പാർട്ടിയിലെ മറ്റു നേതാക്കൾക്കും ഗ്രാസ്സ് റൂട്ട് സപ്പോർട്ടുണ്ട്. ഋഷി സുനക്കിന് അതില്ല. അതിനുള്ള പ്രവർത്തന പാരമ്പര്യമോ പരിചയസമ്പത്തോ അദ്ദേഹത്തിനില്ല. ഏഴ് വർഷത്തെ പരിചയം കൊണ്ട് എം പിയും മന്ത്രിയും പ്രധാനമന്ത്രിയുമായ സുനക്കിന് സ്വന്തമെന്ന് പറയുവാൻ അണികളോ പാർട്ടിപ്രവർത്തകരോ ഇല്ല എന്നതാണ് വാസ്തവം. ആ ഒറ്റക്കാരണത്താൽ മാത്രമാണ് ഋഷി സുനക് പാർട്ടിനേതാവാകാതെ പോയതും തോറ്റതും. സുനക്കിനെക്കാളും കുറവ് എം പിമാർ മാത്രം ലിസ ട്രസ്സിനെ പിന്താങ്ങുന്ന അവസ്ഥയുണ്ടായിട്ടും അവർ ടോറി നേതാവും പ്രധാനമന്ത്രിയുമായി. സുനക്കിന് അതറിയാം. വളരെ സൂക്ഷ്മമായ ഒരു രാഷ്ട്രീയ മന്ത്രവാദമാണ് സുനക് നടത്തിയത്. ഇവിടെയുള്ള ഭൂരിപക്ഷം ഹിന്ദുക്കളുടെയും സ്വയം അവരോധിത നേതാവാകുക. ഗോപൂജ നടത്തുക. ഹിന്ദുമതവിശ്വാസിയാണെന്നും ആചാരങ്ങൾ പിന്തുടരുന്നുവെന്നും പരസ്യമായി പറയുക. ഹരേ രാമക്കാരുടെ ആരാധനാലയത്തിൽ പോകുക. നെറ്റിയിൽ സിന്ദൂരതിലകവും കയ്യിൽ കാവിചരടും കെട്ടുക. എളുപ്പത്തിൽ ഹിന്ദുവായി, അവരുടെ നേതാവായി. ഇതൊക്കെ പറഞ്ഞാലും പ്രധാനമന്ത്രി ബീഫ് തിന്നും. വിഞ്ചെസ്റ്ററിലും ഓക്സ്ഫഡിലും പഠിച്ചിറങ്ങിയ സുനക്കിന് അതൊക്കെ ശീലമായി കാണണം. ഈയിടെ ഒരു ഇൻ്റർവ്യൂവിൽ അദ്ദേഹം പറയുകയുണ്ടായി ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ദോശ, ഇഡ്ഡലി, സാമ്പാറെന്ന്. ചന മസാലയും ബട്ടൂരയോ പൂരിയോ വീട്ടിൽ കഴിച്ചു ശീലിച്ച സുനക്കിന് ഇത്തിരി ദക്ഷിണേന്ത്യൻ രുചി വന്നതിൽ അത്ഭുതപ്പെടാനില്ല. ഒരു കർണ്ണാടക ബ്രാഹ്മിൺ സ്ത്രീയുടെ സ്വാധീനം മാത്രമായതിനെ കണ്ടാൽ മതി. അവർ ധനികയെന്നതൊക്കെ മറക്കാം. അതിൻ്റെ പ്രത്യക്ഷമല്ലാത്ത സ്വാധീനവും.

ഇന്ന് ബ്രിട്ടൻ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പ്രധാനമായ ഒരു കാരണം ബ്രെക്സിറ്റാണ്. യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള പിന്മാറ്റം ബ്രിട്ടീഷ് സാമ്പത്തികവ്യവസ്ഥയെ ഒട്ടൊന്നുമല്ല ബാധിച്ചത്. അതിൻ്റെ ദുരന്തഫലങ്ങളാണിപ്പോൾ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും. ബ്രെക്സിറ്റിനു വേണ്ടി വാദിച്ചവരിൽ മുന്നണിയിലായിരുന്നു ഋഷി സുനക്. അതിനാൽ തന്നെ അതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനും അദ്ദേഹത്തിനാകില്ല. ബോറിസ് ജോൺസൻ്റെ രാജിയിലേക്ക് നയിച്ചതിൽ ഋഷി സുനക്കിനുള്ള പങ്കും വിസ്മരിക്കാനാകില്ല. പിറകിൽ നിന്നും ആദ്യം നീണ്ട കത്തി കയറ്റിയത് സുനക്കിൻ്റെ രാജിയിലൂടെയായിരുന്നു. ടോറി പാർട്ടിയിലെ എം പിമാർ വോട്ട് ചെയ്താണ് സുനക് പ്രധാനമന്ത്രിയായത്. ജനങ്ങളോ പാർട്ടി മെമ്പർമാരോ വോട്ട് ചെയ്തിട്ടല്ല. സുനക്കിന് ഒരു എതിരാളിയില്ലാതെ പോയത് അദ്ദേഹം നേതാവായതിനാലല്ല. പല എം പിമാരും മാർജിനൽ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരായതിനാലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ പലരുടെയും സീറ്റ് നഷ്ടമാകുമെന്ന്  ഉറപ്പാണ്. സുനക്കിനു പിന്നിൽ അവർ നിൽക്കുന്നത് തൽക്കാലം അതിനാലാണ്. അടുത്ത തെരഞ്ഞെടുപ്പ്  2025 ജനുവരിക്ക് മുൻപ് നടത്തിയാൽ മതി. അതുവരെ പിടിച്ചുനിൽക്കാം. ചതിയും കുതികാൽവെട്ടും ടോറി പാർട്ടിയുടെ രക്തത്തിലുള്ളതാണ്, സുനക്കിനത് കൃത്യമായി അറിയുന്നതുമാണ്.

സർക്കാർ രഹസ്യങ്ങൾ പുറത്താക്കിയതിന് രാജി വയ്ക്കേണ്ടി വന്ന ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാൻ്റെ രാജിക്കത്തിലെ മഷിയുണങ്ങും മുൻപ് അവരെ ആഭ്യന്തരമന്ത്രിയായി നിയോഗിച്ചത് സുനക്കിൻ്റെ പുതിയ പുസ്തകത്തിലെ ആദ്യത്തെ കളങ്കമാണ്. ഭാര്യ അക്ഷതയുടെ നികുതിയടവുമായി ബന്ധപ്പെട്ട ആരോപണം ഇപ്പോഴും പൊതുബോധത്തിലുണ്ട്.

സുനക്കിൻ്റെ മുൻപിലുള്ളത് റോസാപ്പൂക്കളുടെ പരവതാനിയല്ല. നാണ്യപ്പെരുപ്പം പത്ത് ശതമാനത്തിനും മുകളിൽ, പൗണ്ടിൻ്റെ വിലയിടിവ്, ബോണ്ട് മാർക്കറ്റിലെ അനിശ്ചിതത്വം, നിത്യോപയോഗസാധങ്ങളുടെ അഭൂതപൂർവ്വമായ വിലവർദ്ധന, ഗ്യാസ് – വൈദ്യുതി – ഇന്ധനം എന്നിവയുടെ വിലക്കയറ്റം, രേഖയിൽ വന്നിട്ടില്ലെങ്കിലും വർഷങ്ങളായുള്ള സാമ്പത്തികമാന്ദ്യം, നാല്പത് ബില്യൺ പൗണ്ടിൻ്റെ കടം, ജി ഏഴ് രാജ്യങ്ങളിൽ വച്ച് ഏറ്റവും കുറഞ്ഞ ഉല്പാദനക്ഷമത, നട്ടെല്ലൊടിഞ്ഞ ആരോഗ്യമേഖല. എളുപ്പമല്ല കാര്യങ്ങൾ. ബ്രിട്ടനിലെ സാമ്പത്തികമേഖല തകർന്നാൽ ഒരു പ്രധാനമന്ത്രിക്കും പിടിച്ചുനിൽക്കാനാകില്ല. 87-നു ശേഷം കാര്യങ്ങൾ നിയന്ത്രിക്കുന്നത് സർക്കാരല്ല, ബാങ്കുകളും ഫിനാൻഷ്യൽ സ്ഥാപനങ്ങളും മൾട്ടി നാഷണൽ കുത്തകകളുമാണ്.

ഋഷി സുനക് അടിയന്തിരമായി ചെയ്യാൻ നിർബന്ധിക്കപ്പെടുക മൂന്ന് കാര്യങ്ങൾക്കാണ്. ഒന്ന്, നാല്പത് ബില്യണോളമുള്ള കടം കുറയ്ക്കുക. രണ്ട്, പബ്ലിക് സർവ്വീസ് ചിലവുകൾ വെട്ടിക്കുറയ്ക്കുക. മൂന്ന്, കടം കുറയ്ക്കുക എന്നതിനൊപ്പം പൊതുചിലവുകൾ കുറയ്ക്കുക. ഇവ എന്തുതന്നെയായാലും സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും എന്നത് ഉറപ്പാണ്. ജോലി, ശമ്പളം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ എല്ലാവരെയും ബാധിക്കും. ഒരു നികുതിവർദ്ധനയും പ്രതീക്ഷിക്കാവുന്നതാണ്. എന്തായാലും നവംബർ മാസത്തിൽ ചാൻസലർ ഓഫ് എക്സ്ചെക്കർ വിശദമായ ഒരു സാമ്പത്തികനയം പാർലമെൻ്റിൽ അവതരിപ്പിക്കും.

രാഷ്ട്രീയമായി ലേബർ പാർട്ടി ഒപ്പീനിയൻ പോളുകളിൽ ഏറെ മുന്നിലാണ്. അൻപത്തിയൊൻപത് ശതമാനം ജനങ്ങളുടെ പിന്തുണയുണ്ട് അവർക്ക്. ഋഷി സുനക് വന്നതിനു ശേഷം അത് അൻപതിനും അൻപത്തിമൂന്നിനും ഇടയിൽ. ടോറി പാർട്ടി ഏകദേശം മുപ്പത് ശതമാനത്തിൽ. അടുത്ത രണ്ട് വർഷത്തിനിടയിൽ ഋഷി സുനക് മന്ത്രിസഭ കാര്യമായ ഭരണപുരോഗതിയുണ്ടാക്കിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ടോറികളെ വലിയ പരാജയമാണ് കാത്തിരിക്കുന്നത്. പ്രത്യേകിച്ചും ഇപ്പോഴത്തെ ലേബർ പാർട്ടിക്ക് ടോറി പാർട്ടിയുമായി വലിയ വ്യത്യാസമൊന്നുമില്ല എന്നതിനാലും.

എല്ലാംകൊണ്ടും സുനക്കിന് ഈ പ്രധാനമന്ത്രിപദം ഒരു പോയ്സൺ ചാലിസാണ്, ജൂനിയർ മാൻഡ്രേക്കു പോലെയൊന്ന്. ടോറി പാർട്ടിയിലെ അംഗങ്ങൾ തൽക്കാലം കത്തി പോക്കറ്റിൽ വച്ചിരിക്കുന്നത് എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കും എന്ന പ്രതീക്ഷയിലാണ്. ഒപ്പം തൽക്കാലം പ്രധാനമന്ത്രിയാകാൻ സുനക്കിലും പ്രാപ്തനായ ഒരാളില്ലായെന്നതിനാലും. സാമ്പത്തിക സാമൂഹ്യരംഗം മെച്ചപ്പെട്ടാൽ സുനക്കിന് അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാം. ജയിക്കുമോ ഇല്ലയോ എന്നുള്ളത് പൊതുജനം വിധിയെഴുതും.

പറയുന്നത് ഇത്തിരി ക്രൂരമാണെന്നറിയാം. പണ്ട് ലന്തക്കാരുടെ നാട്ടിൽ ശത്രുക്കൾ ആക്രമിക്കുമ്പോൾ ഒരു കറുത്ത അടിമയെ ബലി കൊടുക്കുമായിരുന്നു. ആ ഭൂതം തങ്ങളുടെ നിധി കാക്കും എന്ന വിശ്വാസത്തിൽ. അത്തരത്തിലുള്ള ഒരു നിധി കാക്കും ഭൂതമായി സുനക്  മാറാതിരിക്കട്ടെ. എന്തുതന്നെയായാലും അദ്ദേഹം ചരിത്രം നിർമ്മിച്ചു എന്നതിൽ ആനന്ദിക്കുക. അതൊരു നിസ്സാരകാര്യമല്ല. ഇന്ത്യക്കാരുടെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും അത്തരത്തിലൊന്നുണ്ടായിട്ടില്ല.

ഋഷി സുനക് ഇന്ത്യക്കാരനാണ്, ഹിന്ദുവാണ് എന്നുപറഞ്ഞ് സന്തോഷിക്കുന്നവർക്കായി രണ്ടായിരത്തി പതിനഞ്ചിലെ അദ്ദേഹത്തിൻ്റെ ഒരു അഭിമുഖത്തിൽ നിന്നുമുള്ള ഒരു ഭാഗം ഉദ്ധരിക്കട്ടെ. “British Indian is what I tick on the census. We have a category for it. I am thoroughly BRITISH, this is my home and my country, but my religious and cultural heritage is Indian. My wife is Indian”

Comments

comments