2. ചിത്പാവൻ ബ്രാഹ്മണരുടെ രാജ്യവും രാജ്യനഷ്ടവും
……………………………………………………………………………………………..

ജാതിസമ്പ്രദായത്തെക്കുറിച്ചുള്ള ചർച്ചകൾ ഒരു കാലത്ത് കേരളത്തിൽ സജീവമായിരുന്നെങ്കിലും ജാതി എന്ന സാമൂഹ്യപ്രതിഭാസത്തിൻ്റെ ഭൗതികസ്വരൂപം അഖിലേന്ത്യാതലത്തിൽ നമുക്ക് അത്രയധികം അന്വേഷിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഉത്തരേന്ത്യൻ ജാതിവാലുകൾ മനസ്സിലാക്കാനുള്ള സാക്ഷരത നമുക്ക് ആവശ്യമില്ലാത്ത ഒന്നായിരുന്നു. അവിടുത്തെ ജാതിപ്പിരിവുകളും. ജാതിയെക്കുറിച്ചുള്ള നമ്മുടെ ചർച്ചകൾ അതു കൊണ്ടുതന്നെ സർവ്വനാമങ്ങളിൽ ഒതുങ്ങിനിന്നു. ബ്രാഹ്മണർ, ബ്രാഹ്മണിസം, ബ്രാഹ്മണ്യം തുടങ്ങിയവ നമുക്ക് മനസ്സിലാകുമെങ്കിൽ ഉപജാതി ചരിത്രങ്ങൾ ഒക്കെ നരവംശശാസ്ത്രജ്ഞരുടെയും മറ്റും അന്വേഷണ പരിധിക്ക് വിട്ടുകൊടുത്ത് സമാധാനപ്പെടാറാണ് നമ്മുടെ പതിവ്. അതേ വേണ്ടുതാനും.

എന്നാൽ ഹിന്ദുത്വത്തിൻ്റെ പിറവി ഒരു പ്രത്യേക ഉപജാതിസമൂഹമായി അഭേദ്യബന്ധം പുലർത്തുന്നത് കൊണ്ട്, ഹിന്ദുത്വത്തിൻ്റെ ചരിത്രം അന്വേഷിക്കുമ്പോൾ അതിലേയ്ക്ക് പോയേ തീരൂ. ആ ഉപജാതി സമൂഹം വ്യാപരിച്ചിരുന്ന ഭൂമിശാസ്ത്രപ്രവിശ്യയിലേയ്ക്കും.

പതിനെട്ടാം നൂറ്റാണ്ടിൻ്റെ തുടക്കം മുതൽ, മറാത്തി ഭാഷ സംസാരിക്കുന്ന ഡെക്കാൻ പ്രവിശ്യയിലെ ഏറ്റവും പ്രബലമായ സമുദായം ചിത്പാവൻ ബ്രാഹ്മണ സമുദായം ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഈ പ്രദേശം ബ്രിട്ടീഷിന്ത്യയുടെ ഭാഗമായി മാറിയപ്പോഴും ഈ കുത്തക അവർ കൈവെടിഞ്ഞില്ല. ബോംബെ പ്രസിഡൻസി എന്ന് ബ്രിട്ടീഷുകാർ നാമകരണം ചെയ്ത, ഇന്നത്തെ മഹാരാഷ്ട്രയുടെ ഒരു ഭാഗവും ഗുജറാത്തും വടക്കുപടിഞ്ഞാറൻ കർണ്ണാടകയും ഒരു ഘട്ടം വരെ ഇന്ന് പാകിസ്ഥാൻ്റെ ഭാഗമായ സിന്ധും ഉൾപ്പെട്ട വലിയൊരു പ്രവിശ്യയായിരുന്നു ബോംബെ പ്രസിഡൻസി. ബോംബെ പ്രസിഡൻസിയിലെ തദ്ദേശീയർക്കിടയിൽ, പ്രത്യേകിച്ച് മറാത്തിഭാഷ സംസാരിക്കുന്ന ജനങ്ങൾക്കിടയിലെ പൊതുബോധനിർമ്മിതിയിൽ വലുതായി സ്വാധീനം ചെലുത്തിയവരിൽ ഒരു പാടുപേർ ചിത്പാവൻ ബ്രാഹ്മണകുലത്തിൽ നിന്നും വന്നവരായിരുന്നു. ജനസംഖ്യാപരമായി മറാത്താ ബ്രാഹ്മണരിൽത്തന്നെ അവർ ഭൂരിപക്ഷമായിരുന്നില്ല. മറാത്ത പ്രവിശ്യയിൽ നിലനിന്നിരുന്ന ദേശസ്ഥ, ചിത്പാവൻ, കരാട്, സാരസ്വത, ഗൗഡ സാരസ്വത തുടങ്ങിയ ബ്രാഹ്മണസമുദായങ്ങൾ ഒന്നിച്ചെടുത്താൽ 1901 ലെ കാനേഷുമാരിക്കണക്കനുസരിച്ച് വെറും 20 % മാത്രമായിരുന്നു ചിത്പാവൻ ബ്രാഹ്മണർ. അതായത് ബോംബെ പ്രസിഡൻസിയിൽ അവർ ആർജ്ജിച്ച സാമൂഹികവും സാംസ്കാരികവുമായ പ്രാമുഖ്യം ജനസംഖ്യാനുപാതികം ആയിരുന്നില്ല എന്നർത്ഥം. ജാതിഘടനയ്ക്ക് എന്നും സാമൂഹ്യ, സാംസ്കാരിക ഘടനയിൽ വലിയ സ്വാധീനം ഉള്ളതിനാൽ ആ മണ്ഡലങ്ങളിലെ സവർണ്ണസ്വാധീനം എന്നത് അത്ഭുതം ഉളവാക്കുന്ന ഒന്നല്ലെങ്കിൽപ്പോലും ജാതിഘടനയുടെ പിരമിഡിൻ്റെ മുകളറ്റം പങ്കിടുന്ന ബ്രാഹ്മണവിഭാഗങ്ങളിൽ തന്നെ ഏറ്റവും മുൻപന്തിയിൽ എത്താൻ ഈ “ന്യൂനപക്ഷ “ത്തിന് കഴിഞ്ഞതിന് പിന്നിൽ ചരിത്രപരമായ കാരണങ്ങൾ ഉണ്ട്.

ബോംബെ പ്രസിഡൻസിയിലെ താരതമ്യേന സാമ്പത്തിക ദുർബല പ്രദേശമായിരുന്ന കൊങ്കൺ പ്രവിശ്യയിലെ മലനിരകൾക്കിടയിലെ ജനപദങ്ങളിലായിരുന്നു, ഈ ബ്രാഹ്മണക്കൂട്ടത്തിന്റെ വാസസ്ഥാനം. അതുകൊണ്ട് തന്നെ കൊങ്കണസ്ഥ ബ്രാഹ്മണർ എന്നും ഇവർ അറിയപ്പെട്ടിരുന്നു. ഹിന്ദു ജാതിവ്യവസ്ഥ കല്പിച്ചു നൽകിയിരുന്ന പ്രാഥമികസ്ഥാനത്തെ ബ്രാഹ്മണർ പലപ്പോഴും സ്വന്തം നിലയിൽ ആന്തരീകരിച്ചിരുന്നത് സ്വയംകൃതമായ പലതരം പുരാവൃത്തങ്ങളിലൂടെയാണല്ലോ. ചിത്പാവൻ ബ്രാഹ്മണർക്കും അത്തരമൊരു പുരാവൃത്തം തീർച്ചയായും സൂക്ഷിക്കാനുണ്ടായിരുന്നു.. ഒമ്പതാം നൂറ്റാണ്ടിൽ മദ്ധ്യേഷ്യയിൽ നിന്നും സമുദ്ര മാർഗ്ഗം കുടിയേറിയവർ ആയിരുന്നു അവർ എന്ന് പറയപ്പെടുന്നു. എല്ലാ ആര്യൻ വർഗ്ഗങ്ങളുമെന്നപോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അവരുടെ ചരിത്രഭാഗധേയത്തെ, സഹ്യാദ്രിഖണ്ഡം എന്ന സ്വന്തംപുരാവൃത്തത്തിൽ അവർ സർഗ്ഗാത്മകമായി മാറ്റിയെഴുതിയത് ഇങ്ങനെയാണ്. ശവങ്ങളായി കരയിലടഞ്ഞ അവരെ പരശുരാമൻ, ക്ഷാത്രവീര്യം തുളുമ്പുന്ന ബ്രാഹ്മണൻ, ചിതയിൽ നിന്നും ഉയർത്തിയെടുക്കുകയായിരുന്നു. അങ്ങനെ ജനനത്തിൽ നിന്നും തുടങ്ങുന്ന കഥയെ ചിതയിൽ നിന്ന് ആരംഭിക്കുന്ന ഒന്നായി അവർ മാറ്റിയെഴുതി. ചിത അവരെ പാവനരാക്കിയത് കൊണ്ട് അവർ ചിത് പാവൻമാരായി. ജനനം കൊണ്ട് തന്നെ തങ്ങളെ ഉത്തമരാക്കിയ അവർ ഈ സ്വന്തം പുരാവൃത്തത്തെ ഇന്ത്യയിലെ ബ്രാഹ്മണ ചരിത്രത്തിൽ പലപ്പോഴും കാണുന്ന പോലെ, ഇതരജാതികൾക്ക് മേൽകോയ്മ നേടാനുള്ള ഉപാധിയായി മാത്രമല്ല ഉപയോഗിച്ചത്. ഇതര ബ്രാഹ്മണഗോത്രങ്ങൾ തമ്മിലുള്ള കിടമത്സരങ്ങൾക്ക് മേൽ ആധിപത്യമുറപ്പിക്കാൻ കൂടിയാണ്.

ബ്രിട്ടീഷ് പൂ൪വ്വ ഇന്ത്യയിൽ ഉയർന്ന് വന്ന വലിയ സാമ്രാജ്യങ്ങളിൽ ഒന്നായ ഛത്രപതി ശിവജിയുടെ മറാത്താസാമ്രാജ്യത്തിൻ്റെ കാലത്താണ് വലിയ സാമൂഹ്യചലനാത്മകത ചിത്പാവൻ ബ്രാഹ്മണർക്ക് ലഭിക്കുന്നത്. കൊങ്കൺ പ്രവിശ്യ വിട്ട് പുറത്തു വന്ന അവർ പുതുതായി രൂപീകരിക്കപ്പെട്ട ഭരണ സമ്പ്രദായങ്ങളിലേയ്ക്ക് നടന്നു കയറി. ജനസംഖ്യയിലും സാമൂഹ്യമായ മുൻഗണനാ ക്രമത്തിലും അന്ന് അവരേക്കാൾ മുന്നിട്ടു നിന്നിരുന്ന ദേശസ്ഥബ്രാഹ്മണർ പലപ്പോഴും പഴയകാലത്തിൻ്റെ മുൻഗണനാരീതികളിൽ – കൃഷി ,പൗരോഹിത്യം ,ചെറുകിട കച്ചവടം – തങ്ങി നിന്നപ്പോൾ ചിത്പാവനുകൾ ഭരണാധികാരത്തിൻ്റേയും ഉദ്യോഗത്തിൻ്റേയും നയതന്ത്രത്തിൻ്റേയും ഇടനാഴികളിലേയ്ക്ക് കയറിച്ചെന്നു. ശിവജിയുടെ രാജസദസ്സിൽ പ്രമുഖസ്ഥാനം അലങ്കരിച്ച ബാലാജി വിശ്വനാഥ് ഭട്ട് എന്ന ചിത്പാവൻ ബ്രാഹ്മണൻ പിന്നീട് ശിവജിയുടെ അനന്തരാവകാശിയായ ഷാഹുജി മഹാരാജിൻ്റെ പ്രധാനമന്ത്രി, പേഷ്വാ, ആയിത്തീർന്നു. അതോടെ മറാത്താ സാമ്രാജ്യഭരണം യഥാർത്ഥത്തിൽ ചിത് പാവൻ ബ്രാഹ്മണരുടെ പിടിയിലായി. ബാലാജി വിശ്വനാഥ് ഭട്ട് ഭരണത്തിൻ്റെ പ്രധാന സിരാ കേന്ദ്രങ്ങളിൽ ചിത്പാവൻ ബ്രാഹ്മണരെ കുടിയിരുത്തുക മാത്രമല്ല ചെയ്തത്, അവർക്ക് യഥേഷ്ടം ഭൂദാനം ചെയ്തുകൊടുക്കുകയും ചെയ്തു. ഇക്കാലത്ത് ചിത്പാവൻ ബ്രാഹ്മണർ മറ്റ് വിഭാഗങ്ങൾക്ക് മേൽ സമ്പൂർണ്ണമായ അധീശത്വം സ്ഥാപിക്കുകയുണ്ടായി എന്ന് മാത്രമല്ല, നേരിട്ട് ഭരണം നിർവ്വഹിക്കുന്ന ഒരു പക്ഷേ, ആദ്യത്തെ ബ്രാഹ്മണ കുലമായി മാറുകയുണ്ടായി. ഹിന്ദുമതത്തിൻ്റെ ജാതിശ്രേണിയിൽ മുകളറ്റത്തിൻ്റെ മുൻഗണനയ്ക്കൊപ്പം തന്നെ രാജഭരണത്തിൻ്റെ അധൃഷ്യതയും ആ ബ്രാഹ്മണവിഭാഗം 1713 മുതലെങ്കിലും അനുഭവിച്ചുവന്നു.

ഏതാണ്ട് ഒരു നൂറ്റാണ്ടിൽപ്പരം കാലം അനുഭവിച്ച , ഇന്ത്യയിലെ മറ്റ് ബ്രാഹ്മണ വിഭാഗങ്ങൾക്ക് പോലും കിട്ടാത്ത ഈ മുൻഗണന 1818 ൽ അവസാനിച്ചു. ആ വർഷം ശനിവാർവാഡയിൽ വെച്ച് നടന്ന യുദ്ധത്തിൽ പേഷ്വാമാർ ബ്രിട്ടീഷുകാർക്ക് മുന്നിൽ അടിയറവ് പറഞ്ഞു. അവരുടെ മുൻഗണനയെ താങ്ങി നിന്നിരുന്ന മറാത്താ സാമ്രാജ്യം ബ്രിട്ടീഷിന്ത്യയിൽ മൺമറഞ്ഞു.

ഒരു നൂറ്റാണ്ടോളം സാമൂഹ്യപദവിയുടെ ഉന്നതിയിൽ കഴിഞ്ഞിരുന്ന ചിത്പാവൻ ബ്രാഹ്മണ സമുദായത്തിന് ഈ വീഴ്ച വലിയ ആഘാതമുണ്ടാക്കി. എങ്കിൽപ്പോലും സാഹചര്യങ്ങൾക്കൊത്ത് മാറാനുള്ള ഭരണവഴക്കം അവരാർജ്ജിച്ചത് ഈ ഘട്ടത്തിൽ അതിജീവനത്തിന് അവരെ സഹായിച്ചു എന്ന് വേണം കരുതാൻ. ബ്രിട്ടീഷ് ഭരണത്തിന് കീഴിലും സ്വദേശികൾക്ക് ലഭിക്കാവുന്ന പദവികളിൽ ഏറിയ പങ്കും അവർ കൈയ്യടക്കി. സ്വദേശി സാമന്തരെ സൃഷ്ടിക്കാനുള്ള സാമ്രാജ്യത്ത വിദ്യാഭ്യാസ സമ്പ്രദായം ബോംബെ പ്രവിശ്യയിൽ നടപ്പിലാക്കിയപ്പോൾ അതിൻ്റെ ആദ്യഗുണഫലങ്ങൾ ഒരു സമുദായമെന്ന നിലയിൽ കൈയ്യടക്കിയതും ഇവർ തന്നെ. സ്വദേശി സാമൂഹ്യഘടനയ്ക്ക് കോട്ടം തട്ടിക്കാതെ ഭരണമുറപ്പിക്കുക എന്ന ബ്രിട്ടീഷ് നയവും മറാത്താ ബ്രാഹ്മണർക്ക് അനുകൂലമായി . കണക്കുകൾ പറയുന്നത് ഒരു സമയം ബോംബെ പ്രവിശ്യയിലെ ഏറ്റവും ഉയർന്ന ഉദ്യോഗങ്ങളിൽ ഒന്നായ മംലത് ദാർ ( ജില്ലാ കളക്ടർ ) പദവിയിൽ എഴുപത്തഞ്ച് ശതമാനവും കൈയ്യടക്കിയിരുന്നത് മറാത്താബ്രാഹ്മണരും അതിൽ തന്നെ ഭൂരിപക്ഷം ചിത്പാവൻ ബ്രാഹ്മണരുമായിരുന്നു . 1886 ലെ കണക്കനുസരിച്ച് ബോംബെ പ്രസിഡൻസിയിൽ ഉണ്ടായിരുന്ന 104 സബോർഡിനേറ്റ് ജഡ്ജുമാരിൽ 33 പേരും ചിത്പാവൻ ബ്രാഹ്മണരായിരുന്നു.

ഇങ്ങനെ വ്യത്യസ്ത ഭരണസമ്പ്രദായങ്ങളിൽ പ്രാമുഖ്യം വഹിക്കുക വഴി ലഭിച്ച സാമൂഹ്യ ചലനാത്മകത മറാത്താപ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വലിയൊരളവോളം അധീശത്വം അവർക്ക് നൽകി. പത്തൊമ്പതാം നൂറ്റാണ്ടിൽ മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്ക്കർത്താക്കളും സാംസ്ക്കാരിക നായകരും ആയി രേഖപ്പെടുത്തപ്പെട്ട ഒരു കൂട്ടം ആളുകൾ ഈ ബ്രാഹ്മണകുലത്തിൽ നിന്നും പ്രഭവം കൊണ്ടവർ ആയിരുന്നു. മഹാദേവ് ഗോവിന്ദ് റാനഡേ, വിഷ്ണു ശാസ്ത്രി കൃഷ്ണ ശാസ്ത്രി ചിപ്ളുങ്കർ, ഗണേഷ് അഗാർക്കർ, ഗോപാലകൃഷ്ണ ഗോഖലേ, ബാൽ ഗംഗാധർ തിലക് എന്നിവർ അവരിൽ ചിലർ മാത്രം. അതേ സമയം സാമ്പത്തികമേഖലയിൽ അവർക്ക് തകർച്ച നേരിടേണ്ടി വന്നു. ഹുണ്ടികക്കാരും പലിശക്കാരുമായിരുന്ന ചിത്പാവൻ ബ്രാഹ്മണർക്ക് താത്ക്കാലികമായി പിൻവലിയേണ്ടി വന്നു. അവരുടെ ആസ്ഥാനമായിരുന്ന പൂനെയ്ക്ക് പകരം ബ്രിട്ടീഷുകാരുടെ പരിലാളനയിൽ ബോംബെ സാമ്പത്തിക ശക്തിയായി മാറി.1830കളിൽ ബ്രിട്ടീഷുകാർ ചൈനയുമായി വ്യാപാര ബന്ധം സ്ഥാപിച്ചതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാരസാമ്രാജ്യത്തിൽ ബോംബെ ഒഴിച്ചുകൂടാനാകാത്ത സ്ഥാനം നേടിയെടുത്തു. തുണിമില്ലുകൾ അവിടെ സ്ഥാപിക്കപ്പെട്ടു. 1851 ലാണ് ആദ്യ തുണിമില്ല് ബോംബെയിൽ സ്ഥാപിക്കപ്പെടുന്നത്. 1885 എത്തുമ്പോഴേയ്ക്കും അവയുടെ എണ്ണം 73 ആകുന്നുണ്ട്. ഈ തുണിമില്ലുകളുടേയും അവയുണ്ടാക്കിയ പുതിയ സാമ്പത്തികവളർച്ചയുടേയും ഗുണഭോക്താക്കൾ മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നും ബോംബെയിലേക്ക് കുടിയേറിയവർ ആയിരുന്നു. ബ്രിട്ടീഷുകാർ ,പാഴ്സികൾ, ഭാട്ടിയമാർ, ഖോജാമാർ തുടങ്ങിയവർ . ചിത്പാവൻ ബ്രാഹ്മണരുടെ സാമ്പത്തിക അധീശത്വം അതോടെ അവസാനിച്ചു. ഇക്കാലത്ത് മൗണ്ട് സ്റ്റുവർട്ട് എൽഫിസ്റ്റൺ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബോംബെയിൽ ആരംഭിക്കുന്നുണ്ട്. ഇതോടെ ചിത്പാവൻ ബ്രാഹ്മണരുടെ ആസ്ഥാനമായിരുന്ന പൂനെ ഒരു പ്രേതനഗരമായി.

1818 ലെ അധികാരനഷ്ടവും തുടർന്നുണ്ടായ സാമ്പത്തികമേൽക്കോയ്മാ നഷ്ടവും ഒരു തീരാക്കഥയായി ചിത്പാവൻ ബ്രാഹ്മണസമൂഹത്തിൽ നീറിനിന്നിരുന്നു. 1849 ഏപ്രിൽ 1 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ചിത്പാവൻ ബ്രാഹ്മണരിൽ പ്രമുഖനും ലോകഹിതവാദി എന്ന അപരനാമത്തിൽ പ്രസിദ്ധനായിരുന്ന ഗോപാൽ ഹരി ദേശ്മുഖ് ഇങ്ങനെ എഴുതി.

”………. എപ്പോഴാണ് ദൈവം ബ്രാഹ്മണരുടെ നിലവിളി കേൾക്കുക ? അപ്പോൾ ഒരാൾ , വിവേകിയായ ( ബ്രാഹ്മണ ) യാഥാസ്ഥിതികൻ പറയുന്നു : ജനങ്ങളേ ,എങ്ങനെയാണ് പണ്ട് യാദവർ ചത്തൊടുങ്ങിയത്? രാവണൻ തൻ്റെ ക്രോധത്തിൽ നിന്നും ആരെയെങ്കിലും ഒഴിവാക്കിയോ? എല്ലാ ദൈവങ്ങളും കൂട്ടിലടയ്ക്കപ്പെട്ടിരുന്നു! അതിനു ശേഷം രാമൻ വാനരരുടെ സഹായത്തോടെ ലങ്ക വീണ്ടെടുത്തില്ലേ? വെള്ളത്തിന് മുകളിൽ കല്ലുകൾ ഒഴുകിയില്ലേ? അത് പോലെ ബ്രിട്ടീഷുകാർ ഒരിക്കൽ പോകാതിരിക്കില്ല. മതം പുന:സ്ഥാപിക്കപ്പെടും .ബ്രാഹ്മണർ സന്തുഷ്ടരാകും “

പടിഞ്ഞാറൻ വിദ്യാഭ്യാസം ലഭിച്ച , ഒരർത്ഥത്തിൽ പരിഷ്ക്കരണവാദി എന്ന് പേരുകേട്ട ലോകഹിതവാദിയുടെ സ്വപ്നം ബ്രിട്ടീഷ് വിരുദ്ധം എന്നതിനൊപ്പം ബ്രാഹ്മണോന്മുഖവും ആയിരുന്നു എന്നത് മേൽ ഉദ്ധരണി വെളിവാക്കുന്നു. അദ്ദേഹം സ്വസമുദായത്തിലെ ശൈശവ വിവാഹത്തേയും ബഹുഭാര്യാത്വ / ഭർത്തൃത്വത്തേയും ജാതിവ്യവസ്ഥയെപ്പോലും എതിർത്തിരുന്നു. ഹിന്ദു അഷ്ടക് എന്ന തൻ്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ ആ വാദങ്ങൾ കാണാം. എന്നാൽ അത് ഒരു മതേതര ആധുനികതയിലേയ്ക്ക് ഉള്ള പാത ആയിരുന്നില്ല. മറിച്ച് ചിത്പാവൻ മേൽക്കോയ്മയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്രാഹ്മണോന്മുഖമായ, എന്നാൽ പഴയതുമായി തട്ടിച്ചു നോക്കുമ്പോൾ പുരോഗമനോന്മുഖമായ ,ഒരു മതബോധത്തിൽ നിന്നായിരുന്നു ബ്രിട്ടീഷുകാരെ അദ്ദേഹം എതിർത്തിരുന്നത്. തങ്ങളുടെ അഭിലാഷങ്ങൾ പതിനെട്ടാം നൂറ്റാണ്ടിലെ ചിത്പാവൻ മേൽക്കോയ്മയുടെ മൂശയിൽ പണിതുയർത്താൻ പുതിയ സ്ഥല- കാലാവസ്ഥ അനുവദിക്കുന്നില്ല എന്ന അറിവ് തങ്ങളെത്തന്നെ പുതുക്കിപ്പണിയാനുള്ള ത്വര അവരിൽ ഉണ്ടാക്കിയിരുന്നു.

എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ കുറേക്കൂടി ആധുനികോന്മുഖമായ പ്രസ്ഥാനങ്ങളും ചിത്പാവനുകൾക്കിടക്ക് രൂപം കൊള്ളുന്നുണ്ട്. രാമകൃഷ്ണ ഗോപാൽ ഭണ്ഡാർക്കർ ( 1837- 1925) , ജസ്റ്റീസ് മഹാദേവ് ഗോവിന്ദ് റാനഡേ (1842 – 1901 ) ,തുടങ്ങിയവർ ബ്രാഹ്മണസമൂഹത്തിലെ ആഭ്യന്തര പുനർനിർമ്മിതിയ്ക്ക് എന്നതിനേക്കാൾ സമൂഹ പുനർനിർമ്മിതിക്കാണ് തങ്ങളുടെ സാംസ്കാരികോർജ്ജം വിനിയോഗിച്ചത്. അവർ ജാതി വ്യവസ്ഥ എന്ന സാമൂഹിക തിന്മയെ അതായി തന്നെ തിരിച്ചറിഞ്ഞു. അവരും ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവർ ആയിരുന്നു. പാശ്ചാത്യദേശങ്ങളിലെ സമാനപ്രസ്ഥാനങ്ങൾ അവരെ പ്രചോദിപ്പിച്ചു. പക്ഷെ, മറാത്താ പ്രവിശ്യയിൽ അവർക്കതിനെ അപ്പാടെ പ്രയോഗിക്കാൻ വ്യത്യസ്തമായ സാമൂഹ്യ സാഹചര്യങ്ങൾ അനുവദിച്ചിരുന്നില്ല. അതേ സമയം രാഷ്ട്രീയ മുന്നേറ്റത്തിന് കളമൊരുക്കണമെങ്കിൽ സാംസ്ക്കാരികമായ ഒരു പൊളിച്ചുപണി അനിവാര്യമെന്ന് അവർ ഗ്രഹിച്ചിരുന്നു . അങ്ങനെയാണ് ബ്രഹ്മസമാജ് ,പരമഹംസ സഭ ,പ്രാർത്ഥനാ സമാജ് തുടങ്ങിയ പ്രസ്ഥാനങ്ങൾ ബംഗാളിൽ എന്നപോലെ മറാത്താ പ്രവിശ്യയിലും ,പ്രത്യേകിച്ച് പൂനെയിലും , വേരുകളാഴ്ത്തുന്നത്. ഇവ മേലാളപ്രസ്ഥാനങ്ങൾ ആയിരുന്നു. എന്നാൽ മേലാളമേൽക്കോയ്മയെ പുതിയ സാഹചര്യത്തിലേയ്ക്ക് പരിണമിപ്പിക്കുക എന്നതിനേക്കാൾ അതിനെ വരാൻ പോകുന്ന ആധുനിക സമൂഹത്തിലേയ്ക്ക് ലയിപ്പിക്കാനുള്ള കൈവഴി വെട്ടുക എന്ന ലക്ഷ്യമായിരുന്നു അവർക്കുണ്ടായിരുന്നത്. അവർ തങ്ങൾ പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിച്ച ജ്ഞാനഭണ്ഡാരത്തെയല്ല , ഇതിനായി ഉപയോഗിച്ചത്. മറിച്ച് ആ ജ്ഞാനഭണ്ഡാരത്തിൻ്റെ വെളിച്ചത്തിൽ തങ്ങളുടെ ബ്രാഹ്മണകുലത്തിന് പരിചിതമായ വേദോക്തികളുടേയും ഉപനിഷദ് വാക്യങ്ങളുടെയും പുത്തനായ വ്യാഖ്യാനങ്ങൾ കൊണ്ടായിരുന്നു. അതുകൊണ്ടാണ് അർവിന്ദ് ഗുണാചാരി ഇക്കാലത്തെ യുക്ത്യധിഷ്ഠിത പുനരുദ്ധാരണം ( Rational Revivalism ) എന്ന് വിളിക്കുന്നത്.

പൂനെ കേന്ദ്രമായി നടന്ന ഈ യുക്ത്യധിഷ്ഠിത പുനരുദ്ധാരണത്തിന് ഏറ്റവും ശക്തി പകർന്ന ഒരാൾ മഹാദേവ് ഗോവിന്ദ് റാനഡേ (1842- 1901) ആയിരുന്നു. ബോംബെ ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്ന ആ ചിത്പാവൻ ബ്രാഹ്മണൻ 1871 ൽ പൂനെയിലേയ്ക്ക് സ്ഥലം മാറി വന്നു. അതോടെ ചിത്പാവനുകൾക്കിടയിലെ പുരോഗമനവാദികൾ ഉണർന്നു. സ്ത്രീവിദ്യാഭ്യാസവും വിധവാവിവാഹവുമായിരുന്നു റാനഡേ മുന്നോട്ടുവെച്ച രണ്ട് സമുദായ പരിഷ്ക്കരണങ്ങൾ. അതോടൊപ്പം നിരവധി എഴുത്തുകളിലൂടെ ബ്രിട്ടീഷ് സാമ്പത്തിക പദ്ധതിയെ എതിർക്കുകയും അതിന് ബദലായി സ്വദേശി പരികല്പനയിലൂന്നിയുള്ള വ്യാവസായികവത്ക്കരണവും മൂലധന സംഭരണവും നിർദ്ദേശിക്കുകയും ചെയ്തു.

റാനഡേ പൂനെയിലെത്തും മുമ്പു തന്നെ പിൽക്കാലത്ത് സാർവ്വജനിക്ക് കാക്ക എന്ന് പിൽക്കാലത്ത് ജനങ്ങൾ ബഹുമാനപൂർവ്വം അഭിസംബോധന ചെയ്തിരുന്ന ഗണേഷ് വാസുദേവ് ജോഷി സാർവ്വജനിക് സഭ എന്ന പുരോഗമന പ്രസ്ഥാനം ആരംഭിച്ചിരുന്നു. പൂനെയിലെ ചിത്പാവൻ ബ്രാഹ്മണകുലത്തിൻ്റെ പരിധികൾ മറികടന്ന് സഭാപ്രവർത്തനം ബോംബെ പ്രവിശ്യയിലെ മറാത്തി സംസാരിക്കുന്ന മുഴുവൻ ജനങ്ങളിലേയ്ക്കും വ്യാപിച്ചിരുന്നു. ഡക്കാൻ പ്രദേശത്ത് ഉണ്ടായ അതിരൂക്ഷമായ ക്ഷാമകാലത്ത് ക്ഷാമം അവസാനിപ്പിക്കുന്നതിനാവശ്യമായ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനും സാമൂഹ്യപരിഷ്ക്കരണ നടപടികൾ നടപ്പിലാക്കുന്നതിനും ഭരണത്തിൽ ഇന്ത്യൻ പ്രാതിനിധ്യം അവതരിപ്പിക്കുന്നതിനും നിരവധി നിവേദനങ്ങൾ സഭയുടെ ആഭിമുഖ്യത്തിൽ ഗവണ്മെൻ്റിന് സമർപ്പിക്കുകയുണ്ടായി. റാനഡേ സഭയുടെ ഇത്തരം പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേർന്നു. പൂനെ കേന്ദ്രമായുള്ള പുതിയൊരു രാഷ്ട്രീയാഖ്യാനം പേഷ്വാഭരണത്തിൻ്റെ തകർച്ചയ്ക്കു ശേഷം തുടങ്ങിവെയ്ക്കുകയായിരുന്നു അവർ.

എന്നാൽ ഇക്കാലം അധികം നീണ്ടുനിന്നില്ല.പുനരുദ്ധാരണത്തിൻ്റെ അയുക്തികധാര ചിത്പാവനുകൾക്കിടക്കും മറ്റ് ബ്രാഹ്മണർക്കിടയ്ക്കും വ്യാപകമായി. ഈ യാഥാസ്ഥിതിക പുനരുദ്ധാരണത്തിന് നേതൃത്വം കൊടുത്തത് വിഷ്ണു ഭിക്കാജി ഗോഖലേ ( 1825- 71 ) എന്ന വിഷ്ണുഭവ ബ്രഹ്മചാരി ആണ്. മതത്തെ അതിൻ്റെ ശുദ്ധരൂപത്തിൽ പ്രകാശിപ്പിക്കുക എന്നതായിരുന്നു വിഷ്ണുഭവ ബ്രഹ്മചാരിയുടെ തത്വശാസ്ത്രം .പാശ്ചാത്യ ചിന്തകൾക്കുള്ളിൽ മതത്തെ അടക്കം ചെയ്യുന്നതിനെ നിശിതമായി വിമർശിച്ചുകൊണ്ട് അദ്ദേഹമെഴുതിയ വേദോക്തിധർമ്മപ്രകാശം , ബ്രിട്ടീഷ് വിദ്ധരായ യാഥാസ്ഥിതിക ബ്രാഹ്മണർക്ക് പ്രചോദനമായി. അത് മനുസ്മൃതിയെ മടക്കിക്കൊണ്ടുവന്നു. ജാതിവ്യവസ്ഥയെ ന്യായീകരിച്ചു.

മുഖ്യധാരാ ചരിത്രത്തിൽ ഏറെ വാഴ്ത്തപ്പെടുന്ന വിഷ്ണു ശാസ്ത്രി ചിപ്ളുങ്കർ (1850- 1882 ) ആയിരുന്നു യാഥാസ്ഥിതികരെ ആഹ്ലാദിപ്പിച്ച് ഈ ധാരയെ മുന്നോട്ട് കൊണ്ടുപോയത് . ചിത്പാവനുകൾക്കിടയിൽ വേരുറപ്പിക്കാൻ ശ്രമിച്ച ബ്രഹ്മ സമാജം പോലുള്ള യുക്ത്യധിഷ്ഠിത പുനരുദ്ധാരണത്തെ അദ്ദേഹം നിബന്ധമാല പോലുള്ള പുസ്തകങ്ങൾ വഴി തകർത്തെറിഞ്ഞു.

ഇതേ സമയം ജ്യോതിബാ ഫൂലെയുടെ സത്യശോധക് സമാജ് പോലുള്ള കീഴാളപ്രസ്ഥാനങ്ങളും ശക്തിയാർജ്ജിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ സാവിത്രി ഫൂലെയും പണ്ഡിത രമാബായ് പോലെ പിൽക്കാലത്ത് ആഴത്തിൽ തിരിച്ചറിയപ്പെട്ട വ്യക്തിത്വങ്ങളും ആ പ്രസ്ഥാനത്തിൻ്റെ ഭാഗം ആയിരുന്നു. ജാതിവിരുദ്ധ സന്ദേശങ്ങളും സ്ത്രീ സമത്വ പ്രമേയങ്ങളും ഉള്ളടങ്ങിയ പ്രസ്ഥാനമായിരുന്നു സത്യശോധക് സമാജ്. വിദ്യാഭ്യാസത്തെ മുൻനിർത്തി വിദ്യാലയ സ്ഥാപന പ്രക്രിയകൾ ഉൾപ്പെടെ നിരവധി പരിഷ്ക്കരണരീതികൾ അവർ മുന്നോട്ടുവെച്ചിരുന്നു. അതിന് വമ്പിച്ച പൊതുജന പിന്തുണ ലഭിക്കുകയും ചെയ്തു.

യുക്ത്യധിഷ്ഠിത മേലാള നവോത്ഥാനപ്രസ്ഥാനങ്ങളേയും ജാതിവിരുദ്ധ കീഴാള പ്രസ്ഥാനങ്ങളേയും ഒരു പോലെ നിരാകരിച്ചാണ് അയുക്തിക ബ്രാഹ്മണികതയ്ക്ക് ചിപ്ളുങ്കർ പ്രചുരപ്രചാരം നൽകിയത്. റാനഡേയേയും ഫൂലേയേയും അദ്ദേഹം ഒന്നിച്ചെതിർത്തു. അതേ സമയം പഴയ പേഷ്വാസാമ്രാജ്യ ,ചിത്പാവൻ സ്വത്വത്തിൽ ഉറച്ച് നിന്നു കൊണ്ട് ബ്രിട്ടീഷ് വിരുദ്ധതയും ആഘോഷിച്ചു. ഇങ്ങനെ ചിപ്ളുങ്കർ സാധിച്ചെടുത്ത പുതിയ യാഥാസ്ഥിതിക ബ്രാഹ്മണ സ്വത്വത്തെ രാഷ്ട്രീയമായി പരിവർത്തിപ്പിച്ചത് ലോകമാന്യതിലക് (1856-1920 ) ആണ്. ചിപ്ളുങ്കറുടെ മരണത്തെ തുടർന്ന് നേരത്തെ ചൂണ്ടിക്കാട്ടിയ യുക്ത്യധിഷ്ഠിത മേലാള നവോത്ഥാനത്തിൻ്റേയും കീഴാള പ്രസ്ഥാനങ്ങളുടേയും ബ്രിട്ടീഷുകാരുടേയും എതിരാളിയായ പുതിയ യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിൻ്റെ ചോദ്യം ചെയ്യപ്പെടാത്ത നേതൃപദവിയിൽ തിലക് എത്തിപ്പെട്ടു.


(തുടരും)

Comments

comments