ശാസ്ത്ര പരീക്ഷണങ്ങൾ സയൻസിനെ സംബന്ധിച്ചിടത്തോളം എത്ര പ്രാധാന്യമുള്ളവയാണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. പ്രകൃതിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളിലധിഷ്ഠിതമായിട്ടാണ് സയൻസിൽ (natural philosophy) അറിവിന്റെ രൂപീകരണം നടത്തേണ്ടതെന്നും പ്രകൃതിയിൽ ഇടപെടുന്ന പ്രക്രിയകൂടിയാണ് അത് എന്നും ഫ്രാൻസിസ് ബേക്കൺ (1561-1626) വാദിച്ചത് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. നീരീക്ഷണങ്ങൾ (observations) വളരെ മുമ്പേതന്നെ പല ജ്ഞാനപാരമ്പര്യങ്ങളുടെയും ഭാഗമായിരുന്നു. ജ്യോതിശാസ്ത്രം, ആൽക്കെമി മുതലായവയും വിവിധ വൈദ്യസമ്പ്രദായങ്ങളും ഉദാഹരണങ്ങൾ. എന്നാൽ പരീക്ഷണങ്ങൾ (experiments) ആധുനിക ശാസ്ത്രത്തിന്റെ ഭാഗമായി മാറുന്നത് പതിനേഴാം നൂറ്റാണ്ടിന്റ രണ്ടാമത്തെ പകുതിയോടുകൂടിയാണ്. റോബർട്ട് ബോയ്ൽ (1627-1691) ആണ് ശാസ്ത്രതല്പരരായ ആൾക്കാർക്ക് മുമ്പിൽ അവതരിപ്പിച്ച് സ്ഥാപിക്കാൻ കഴിയുന്ന ഒന്നായി ശാസ്ത്ര പരീക്ഷണങ്ങളെ വികസിപ്പിച്ചവരിൽ പ്രമുഖൻ.[1] റോബർട്ട് ഹൂക്കിന്റെ (1635–1703) സഹായത്തോടെ ബോയ്ൽ വികസിപ്പിച്ച എയർ പമ്പ് പരീക്ഷണം ലണ്ടനിലെ റോയൽ സൊസൈറ്റിയിലെ (1660-ൽ സ്ഥാപിതം) ശാസ്ത്രതല്പരരായ കാണികൾക്കു മുമ്പിൽ പ്രവർത്തിപ്പിച്ച് കാണിച്ച് അംഗീകാരം നേടിയതു മുതൽക്കാണ് പതിയെ ഇതൊരു മൂല്യനിരൂപണ രീതിയായി സയൻസിൽ വളരുന്നത്.

പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളിൽ പ്രധാനമായും സയൻസ് യൂറോപ്പ്യൻ സമൂഹങ്ങളിലെ മാന്യജനങ്ങളുടെ (gentlemen) താല്പര്യമായിരുന്നു (Shapin 1988). തങ്ങളുടെ വീടുകളിൽ സജ്ജീകരിച്ചിരുന്ന പരീക്ഷണശാലകളായിരുന്നു ഇന്നത്തെ ലബോറട്ടറികളുടെ പ്രാഗ്രൂപം (അതേ കൃതി).[2] തത്വചിന്തകരുടെ ആത്മനിഷ്ഠമായ ചിന്താരീതികൾക്കും ആൽക്കെമിസ്റ്റുകളുടെ വർക്ക്ഷോപ്പുകൾക്കും ബദലായി ചിട്ടയായ പരീക്ഷണങ്ങളിലൂടെ പുതിയ അറിവുകൾ കണ്ടെത്തുന്നതിനുള്ള ഇടം എന്ന നിലയിൽ ലബോറട്ടറികൾ അങ്ങനെ വികസിച്ചു വന്നു. പതിനേഴാം നൂറ്റാണ്ടിൽ സാമൂഹികമായി ലഭ്യമായിരുന്ന ഇടങ്ങളെ പരീക്ഷണങ്ങൾക്കുപയോഗിക്കുകയായിരുന്നു ശാസ്ത്രതല്പരരായ മാന്യവ്യക്തികൾ ചെയ്തിരുന്നത് (അതേ കൃതി: 377). അവിടെ അവർ തങ്ങളുടെ പരീക്ഷണങ്ങൾ ശാസ്ത്രോൽസുകരായ സഹൃദയരുടെ മുമ്പിൽ അവതരിപ്പിക്കുമായിരുന്നു. ലബോറട്ടറി സന്ദർശിക്കുന്ന ഈ ബഹുമാന്യജനങ്ങളുടെ സാക്ഷ്യപ്പെടുത്തൽ പരീക്ഷണങ്ങളിലൂടെ ആനാവൃതമായ സത്യങ്ങളുടെ സാമൂഹിക സ്വീകാര്യതയ്ക്ക് അത്യന്താപേക്ഷിതമായിരുന്നു.[3] മാന്യതയെ നിർവചിക്കുന്ന സാമൂഹിക മര്യാദകളെക്കുറിച്ച് അന്ന് നിലനിന്നിരുന്ന ധാരണകൾ പരീക്ഷണശാലയിലെ കീഴ്-വഴക്കങ്ങളെ രൂപപ്പെടുത്തിയെന്നും ഈ ശാസ്ത്രമൂല്യങ്ങൾ തിരിച്ച്  പൗരധർമ്മത്തെക്കുറിച്ചുള്ള വ്യവഹാരങ്ങളെത്തന്നെ പിൽക്കാലത്ത് നിർണ്ണയിച്ചുവെന്നും  സ്റ്റീവൻ ഷേപിൻ ചൂണ്ടിക്കാട്ടുന്നു (Shapin 1994). വൈജ്ഞാനികരംഗത്തിന്റെ അരികുകളിലായിരുന്നു  പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്പിൽ പരീക്ഷണശാസ്ത്രത്തിന്റെ (experimental science) സ്ഥാനം. അതിനാൽത്തന്നെ, നിലവിലുണ്ടായിരുന്ന സാമൂഹിക മര്യാദാശീലങ്ങളെ അതിന്റെ ആഭ്യന്തര മൂല്യക്രമമായി സ്വാംശീകരിക്കേണ്ടത് സ്വീകാര്യമായ ഒരു ജ്ഞാനാർജ്ജന മാർഗ്ഗമായി മാറാൻ അതിന് അത്യന്താപേക്ഷിതമായിരുന്നു എന്നതും ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട് (Shapin 1991). ‘മാന്യന്മാർക്ക് ചേർന്ന പണിയാണിതെ’ന്ന് പരീക്ഷണശാസ്ത്രത്തിന്റെ വക്താക്കൾക്ക് സമൂഹത്തെ ബോധിപ്പിക്കേണ്ടതുണ്ടായിരുന്നു (അതേ കൃതി: 282). പതിയെ, സാമൂഹിക മര്യാദയുടെ (civility) വ്യാകരണത്തെ ശാസ്ത്രം സ്വാധീനിക്കുന്ന സ്ഥിതിവിശേഷം നിലവിൽ വരുന്നതിൽ ആദ്യകാല പരീക്ഷണശാലകൾക്ക് വലിയ പങ്കുണ്ട്. പൗരജനങ്ങൾക്ക് ‘ശാസ്ത്രാവബോധം’ (scientific temper) അത്യന്താപേക്ഷിതമാണ് എന്ന ഇരുപതാം നൂറ്റാണ്ടിലെ ചർച്ച ഇതിനു തെളിവാണ്.

പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ മാന്യന്മാരുടെ വസതികളിൽ രൂപം കൊണ്ട ഇത്തരം പരീക്ഷണശാലകൾ യൂറോപ്പിൽ സർവ്വസാധാരണമായി മാറി. ഒരേ വിഷയത്തിൽ പല ലബോറട്ടറികൾ നിലവിൽ വന്നതോടെ ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്ന പ്രബന്ധങ്ങളിലെ പരീക്ഷണ വിശദീകരണങ്ങൾ സ്റ്റേജ് അവതരണങ്ങളുടെ സ്ഥാനം ഏറ്റെടുത്തു. പ്രബന്ധം വായിക്കുന്ന മറ്റു ഗവേഷകർക്ക് തങ്ങളുടെ ലബോറട്ടറികളിൽ ഈ പരീക്ഷണങ്ങൾ ആവർത്തിക്കാനാകും (replication) എന്ന അവസ്ഥ സംജാതമായതാണിതിനൊരു മുഖ്യ കാരണം. പത്തൊമ്പതാം നൂറ്റാണ്ടോടെ  ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ നടത്തുന്ന ഇടം  എന്ന നിലയിൽ ഒരു സാമൂഹികസ്ഥാപനമായി ലബോറട്ടറികൾ റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ടുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും ഭാഗമായി വികസിച്ചുവന്നു. വിവിധ സാമൂഹിക സന്ദർഭങ്ങളിലൂടെ കടന്നുപോയി ചരിത്രപരമായി രൂപപ്പെട്ടവയാണ് ആധുനിക സയൻസിലെ  പരീക്ഷണരീതികളും മൂല്യ പരിശോധനാരീതികളും എന്ന് ചുരുക്കം.[4]

ബ്രൂണോ ലാറ്റൂറും ലബോറട്ടറി പഠനങ്ങളും

ലൂയി പാസ്ചറിന്റെ (1822–1895) സൂക്ഷ്മജീവീ പരീക്ഷണങ്ങൾ ലബോറട്ടറി എന്ന ആധുനിക ശാസ്ത്രസ്ഥാപനത്തിന്റെ വികാസചരിത്രത്തിലെ നാഴികക്കല്ലാണ്. പരീക്ഷണശാലകൾ അറിവിന്റെ ഉല്പാദനത്തിൽ വഹിക്കുന്ന പങ്കെന്താണെന്നു മനസ്സിലാക്കാൻ പാസ്ചറിന്റെ പരീക്ഷണശാല നമ്മളെ സഹായിക്കും. പരീക്ഷണശാലയിൽ ദിനംപ്രതി നടക്കുന്ന ശാസ്ത്രപ്രവൃത്തികളെ നേരിട്ട് പങ്കെടുത്ത് പഠിക്കുക എന്നതാണ് ശാസ്ത്രീയ ജ്ഞാന നിർമ്മാണത്തെ മനസ്സിലാക്കാൻ ചില സാമൂഹിക ശാസ്ത്രജ്ഞർ തിരഞ്ഞെടുത്ത വഴി. ഈയിടെ അന്തരിച്ച ബ്രൂണോ ലാറ്റൂർ (Bruno Latour, 22 June 1947 – 9 October 2022) എന്ന ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞൻ[5] ഈ രംഗത്തെ പ്രമുഖനായിരുന്നു. ‘ലബോറട്ടറി പഠനങ്ങൾ’ എന്നറിയപ്പെടുന്ന ഈ പഠനവഴി വികസിപ്പിക്കുന്നതിൽ പാസ്ചറിന്റെ പരീക്ഷണശാലയെക്കുറിച്ചുള്ള ലാറ്റൂറിന്റെ പഠനങ്ങൾ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. വിശദമായ ഈ പഠനങ്ങളിൽ നിന്നും ഒരു സന്ദർഭം മാത്രമാണ് ശാസ്ത്രജ്ഞാന നിർമ്മാണത്തിൽ എന്തു പങ്കാണ് പരീക്ഷണശാലകൾ വഹിക്കുന്നതെന്നു മനസ്സിലാക്കാനായി ഇവിടെ നമ്മൾ ചർച്ചയ്‌ക്കെടുക്കുന്നത്.[6]

Bruno Latour

കന്നുകാലികളെ ബാധിക്കുന്ന ആന്ത്രാക്സ് എന്ന രോഗത്തിന് ലൂയി പാസ്ചർ വാക്സിൻ കണ്ടുപിടിച്ച കഥ നമുക്ക് ഏറെ പരിചിതമാണ്. റോബർട്ട് കൊച്ചിനോടോപ്പം (Heinrich Hermann Robert Koch, 1843–1910) സൂക്ഷ്മജീവി വിജ്ഞാനീയം (microbiology) എന്ന ശാസ്ത്രശാഖയ്ക്ക് തുടക്കമിട്ട ഗവേഷകനാണ് അദ്ദേഹം. പാസ്ചർ തന്റെ പരീക്ഷണങ്ങൾ തുടങ്ങുന്ന കാലത്ത്, അതായത്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിൽ, അങ്ങേയറ്റം ഭീകരമായ ഒരു പകർച്ചവ്യാധിയായിരുന്നു ആന്ത്രാക്സ്. അത് ഫ്രാൻസിലെ കാർഷിക മേഖലയുടെ നടുവൊടിച്ചു. വെറ്റിനറി സയൻസ് വിദഗ്ധരും സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരും ആയിരുന്നു ആന്ത്രാക്സ് രോഗബാധ തടയാൻ അക്കാലത്ത് ശ്രമിച്ചിരുന്നത്. രോഗങ്ങളെ പ്രാദേശിക സംഭവങ്ങളായി മനസ്സിലാക്കിയിരുന്ന വിദഗ്ധർ അതിനു കാരണമായേക്കാവുന്ന എല്ലാ ഘടകങ്ങളെയും സമഗ്രമായി പഠിക്കാൻ ശ്രമിച്ചു (Latour 1983: 144). മണ്ണ്, കാറ്റ്, കാലാവസ്ഥ, കൃഷിരീതികൾ, രോഗബാധിതമായ കൃഷിയിടത്തിന്റെ സവിശേഷതകൾ, കൃഷിക്കാരൻ, അയാളുടെ കുടുംബം, അവിടുത്തെ മൃഗങ്ങൾ എന്നിങ്ങനെ അവരുടെ ശ്രദ്ധപതിയാത്തതായി യാതൊന്നുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്ന സ്ഥിതി സാധാരണമായിരുന്നു എന്നത് പ്രാദേശികമായ എന്തൊക്കെയോ സവിശേഷതകളാണ് പകർച്ചവ്യാധിക്ക് പുറകിൽ എന്ന നിരീക്ഷണത്തിലേക്കാണ് അവരെ നയിച്ചത്. പൊതു പാറ്റേണുകൾ മഹാമാരിയുടെ പുറകിൽ സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർക്ക് കണ്ടെത്താനായില്ല എന്നതും രോഗത്തിന്റെ പ്രാദേശിക സ്വഭാവത്തിലേക്ക് വിരൽ ചൂണ്ടി. പ്രാദേശിക കാരണങ്ങൾ വിശദമായ പഠനത്തിലൂടെ കണ്ടെത്തി നിർമ്മാർജ്ജനം ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു അതിനാൽ വിദഗ്ധർ നടത്തിയിരുന്നത്. രോഗബാധിതരായ കന്നുകാലികളെ കൊല്ലുക, അസുഖം പൊട്ടിപുറപ്പെടുന്ന കൃഷിയിടങ്ങൾ തീയിട്ടു ചുടുക, മാലിന്യങ്ങൾ നീക്കം ചെയ്ത് പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നീ പ്രതിവിധികളായിരുന്നു പ്രധാനമായും അവർ നിർദ്ദേശിച്ചിരുന്നത്.

ഈ ഘട്ടത്തിലാണ് ലൂയി പാസ്ചറിന്റെ രംഗപ്രവേശം. ലബോറട്ടറി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗവേഷകർക്ക് അന്ന് പകർച്ചവ്യാധി നിർമ്മാർജ്ജനത്തിൽ യാതൊരു പങ്കുമുണ്ടായിരുന്നില്ല. അവരുടെ ഇടപെടൽ മേഖലയേ ആയിരുന്നില്ല ആന്ത്രാക്സ് നിർമ്മാർജ്ജനം. അതായത്, പരീക്ഷണശാലകൾ നിലനിന്നിരുന്നവെങ്കിലും അവയ്ക്ക് കാർഷിക മേഖലയെ ബാധിച്ച ആന്ത്രാക്സ് രോഗത്തിന്റെ കാര്യത്തിൽ യാതൊരു പ്രാധാന്യവുമുണ്ടായിരുന്നില്ല. ആന്ത്രാക്സ് രോഗത്തിന്റെ പ്രാദേശിക സ്വഭാവത്തിനു കാരണമായ ബഹുവിധ ഘടകങ്ങളെ സമഗ്രമായി പഠിക്കുക പരക്കെ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ രീതിയായിരുന്നതിനാൽ ‘സൂക്ഷ്മാണു’ എന്ന ഒരൊറ്റ കാരണം പ്രാദേശികതകൾക്കതീതമായി അന്ത്രാക്സിന്റെ അടിസ്ഥാന ഹേതുവാകാം എന്ന പാസ്ചറിന്റെ വാദത്തെ ഗൗരവമായിട്ടെടുക്കുന്നതിന് തടസ്സമായി. പാസ്ചറിന്റെ ഗവേഷണം അതിനു മുമ്പേതന്നെ, രാസപ്രവർത്തനങ്ങളായി ശാസ്ത്രം മനസിലാക്കിയിരുന്ന പല പ്രതിഭാസങ്ങളുടെയും പുറകിൽ സൂക്ഷ്മാണുക്കളാണ് എന്ന് സ്ഥാപിച്ചിരുന്നു. യീസ്റ്റ് ആണ് മാവ് പുളിപ്പിക്കുന്നതും വീഞ്ഞുണ്ടാക്കുന്നതും എന്ന അദ്ദേഹത്തിന്റെ നിഗമനം ഉദാഹരണം. ആന്ത്രാക്സ് രോഗത്തെക്കുറിച്ച് പഠിക്കാൻ പാസ്ചർ നടത്തിയ പരിശ്രമം അതുവരെ അതിനു യാതൊരു സാംഗത്യവുമില്ലാത്ത ഒരു ലോകത്തിലേക്കുള്ള പരീക്ഷണശാലയുടെ കടന്നു വരവായിരുന്നു എന്ന് ലാറ്റൂർ നിരീക്ഷിക്കുന്നു. ആന്ത്രാക്സ് രോഗനിയന്ത്രണത്തിൽ ലബോറട്ടറിയുടെ കേന്ദ്രസ്ഥാനീയത പതിയെ ഉറപ്പിക്കപ്പെട്ടതോടെ ആ ലോകം തന്നെ മറ്റൊന്നായി മാറി.[7]

കേവല ശാസ്ത്രവാദികൾ വാദിക്കാൻ ശ്രമിക്കുന്നതുപോലെ, മെച്ചപ്പെട്ട സിദ്ധാന്തങ്ങളും വസ്തുതകളും കടന്നു വരുമ്പോൾ   പഴയ ശാസ്ത്ര ധാരണകൾ സ്വാഭാവികമായും പുതിയവയ്ക്ക് വഴിമാറിക്കൊടുക്കുന്നു എന്ന തരത്തിൽ ലളിതമല്ല ശാസ്ത്രഗവേഷണം എന്നാണ് പാസ്ചറിന്റെ പരീക്ഷണങ്ങളെ മുൻനിർത്തി ലാറ്റൂർ വാദിക്കാൻ ശ്രമിക്കുന്നത്. ഒരു ശാസ്ത്രജ്ഞനെന്ന നിലയിൽ പാസ്ചർ പ്രവർത്തിക്കുന്നത് പരസ്പരജഢിലമായ സാമൂഹികതയുടെയും പ്രകൃതിയുടെയും (social and natural) മേൽ ഒരേപോലെ ഇടപെട്ടുകൊണ്ടാണ് എന്നാണ് വാദം. മികച്ച ശാസ്ത്രജ്ഞർ നല്ല സാമൂഹിക ശാസ്ത്രജ്ഞർ കൂടിയാണ്. അവർ നടത്തുന്ന ഓരോ ഗവേഷണ ഇടപെടലും നിലവിലുള്ള സാമൂഹിക-പ്രകൃതി ബന്ധങ്ങളുടെ മേലുള്ള പുത്തൻ നീക്കങ്ങളും അഴിച്ചുപണികളുമാണ്. അതായത്, ഒരു ശാസ്ത്രഗവേഷകയെ സംബന്ധിച്ചിടത്തോളം സമൂഹം, പ്രകൃതി എന്നീ രണ്ടു മണ്ഡലങ്ങൾ വേർതിരിഞ്ഞ് നിലനിൽക്കുന്നില്ല. ഈ വേർതിരിവ് യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ ആധുനികരായ നമ്മൾ ഉപയോഗിക്കുന്ന പരിപ്രേക്ഷ്യം മാത്രമാണ്. പരീക്ഷണശാലയിലെ പാസ്ചർ സാമൂഹികത സ്പർശിക്കാതെ, പ്രകൃതിയുമായി നേരിട്ട് ഇടപെട്ട് പ്രകൃതിസത്യങ്ങൾ അനാവരണം ചെയ്യാൻ ശ്രമിക്കുന്ന നൈസർഗിക പ്രതിഭയായി പ്രത്യക്ഷപ്പെടുന്നത് ആധുനികതയുടെ പരിപ്രേക്ഷ്യത്തിനുള്ളിനാണ്. പാസ്ചർ ഉൾപ്പടെയുള്ള ശാസ്ത്രജ്ഞരുടെ ജനപ്രിയ ജീവചരിത്രങ്ങൾ  നോക്കിയാൽ  ശാസ്ത്രവാദപരമായ ഈ പരിപ്രേക്ഷ്യം ഉപയോഗിക്കപ്പെടുന്നത് കാണാം.

എന്നാൽ, നിലവിലുള്ള ഈ കേവലശാസ്ത്രവാദപരമായ ധാരണകളെ അട്ടിമറിക്കുന്നതിന് ലബോറട്ടറിയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന അന്വേഷണം നമ്മെ സഹായിക്കും. തന്റെ ദൈനംദിന പരീക്ഷണ പ്രവർത്തനങ്ങളിൽ പാസ്ചറിനെ സംബന്ധിച്ചിടത്തോളം പ്രകൃതി-സമൂഹം, സാങ്കേതികം-സാംസ്കാരികം, മനുഷ്യർ-മനുഷ്യേതരർ, അന്വേഷണ വിഷയി-വിഷയം എന്നീ വേർതിരിവുകൾ പ്രസക്തമേയല്ല. ഈ ദ്വന്ദങ്ങൾ ശാസ്ത്രപരീക്ഷണങ്ങളുടെ ആധാരമായി മുൻ‌കൂർ നിലനിൽക്കുന്നവയല്ല എന്നാണ്  ലാറ്റൂർ വിശദീകരിക്കുന്നത്.[8] അതായത്, പരീക്ഷണശാലയിൽ മനുഷ്യരും (ഗവേഷകർ, സാങ്കേതിക സഹായികൾ, ഗവേഷണങ്ങൾക്ക് മുതൽ മുടക്കുന്നവർ, നയങ്ങൾ തീരുമാനിക്കുന്നവർ, പത്രപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ, പൊതുജനങ്ങൾ ഇത്യാദി) മനുഷ്യേതരരും (non-humans: ജീവജാലങ്ങളും, സ്പെസിമെനുകളും പരീക്ഷണമൃഗങ്ങളും മെഷീനുകളും ഉപകരണങ്ങളും രാസവസ്തുക്കളും എല്ലാം അതിൽ പെടും) ഉൾപ്പെടുന്ന ഒരു വലിയ പ്രവർത്തക സഞ്ചയം (actors) പരസ്പരം ഇടപെടുന്നതിലൂടെയും തങ്ങളുടെ താല്പര്യങ്ങൾ പരസ്പരം പരിഭാഷപ്പെടുത്തുകയും ചേർത്തുവെയ്ക്കുകയും ചെയ്യുന്നതിലൂടെയും നിർമ്മിക്കപ്പെടുന്ന പ്രവർത്തക-ശൃഖലയുടെ (actor-network) സാന്ദ്രീകരണമാണ് ശാസ്ത്രീയ വസ്തുതകളോ, വിശദീകരണങ്ങളോ, സിദ്ധാന്തങ്ങളോ ശാസ്ത്രീയമായി തിരിച്ചറിയപ്പെടുന്ന പ്രകൃതി ഘടകങ്ങളോ (രോഗാണുക്കൾ, ക്വാർക്കുകൾ, ജീനുകൾ, ഹോർമോണുകൾ, തമോഗർത്തങ്ങൾ, അണുവികിരണം എന്നിങ്ങനെ) സാങ്കേതിക ഉത്പന്നങ്ങളോ (വാക്സിനുകൾ, സ്മാർട്ട് ഫോണുകൾ, മെട്രോ റയിൽ, ന്യൂക്ലിയർ റിയാക്ടറുകൾ, രാസവളങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ) എല്ലാംതന്നെ. യാഥാർത്ഥ്യത്തിന്റെ നിർമ്മാണത്തിൽ ആധുനിക കാലത്ത് സയൻസിനുള്ള പ്രാമാണ്യനിലകൊണ്ടുതന്നെ, മനുഷ്യരും മനുഷ്യേതര പ്രവർത്തകരും സമ്മേളിക്കുന്ന പ്രവർത്തക-വലക്കെട്ടുകളെ നിർമ്മിക്കുന്നതിലേർപ്പെട്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് പരീക്ഷണശാലകൾ.[9]

രോഗാണുക്കളുടെ ഇടയൻ

ലൂയി പാസ്ചറിന്റെ പരീക്ഷണശാല ആന്ത്രാക്സ് രോഗനിർമ്മാർജ്ജനമാഗ്രഹിക്കുന്ന ആർക്കും ഒഴിവാക്കാനാവാത്ത സ്ഥാപനമായി  1880കളോടെ മാറുന്നത് പടിപടിയായാണ്. മനുഷ്യരും മനുഷ്യേതരരുമായ അനേകം പേരുടെ  താല്പര്യങ്ങളെ (interests) തന്റെ താല്പര്യങ്ങളുമായി ഇഴചേർത്തും വൈവിധ്യപൂർണ്ണമായ അവരുടെ അഭിരുചികളിലേക്ക് തന്റെ ഗവേഷണതാല്പര്യങ്ങളെ പരിഭാഷപ്പെടുത്തിയുമാണ് പാസ്ചർ മുന്നേറുന്നത്. വിവിധ താല്പര്യങ്ങൾ വഹിക്കുന്ന ഒരു വലിയ സംഘം പ്രവർത്തകർക്ക് പാസ്ചറിന്റെ പരീക്ഷണശാലയെ ഗൗരവമായിട്ടെടുത്താലേ പറ്റൂ എന്ന അവസ്ഥ സാവധാനം സംജാതമാകുന്നു എന്നിടത്താണ് പാസ്ചർ വിജയിച്ച ശാസ്ത്രജ്ഞനായി മാറുന്നത്.[10] അതായത്, പാസ്ചർ തന്റെ പരീക്ഷണങ്ങളിലൂടെ യാഥാർത്ഥ്യത്തിന്റെ മെടയലിൽ സൂക്ഷ്മാണുക്കളെ കണ്ണിചേർത്തെടുക്കുന്നു. പരാജയപ്പെടാൻ സാധ്യതയുള്ള, തുറന്ന പരിശ്രമങ്ങളാണ് പാസ്ചർ ഉൾപ്പടെയുള്ള ശാസ്ത്രജ്ഞർ തങ്ങളുടെ ഗവേഷണമേഖലയിൽ നടത്തുന്നതെന്ന് മറക്കരുത്.[11] തങ്ങളുടെ ജ്ഞാനപരമായ നീക്കങ്ങളിൽ പരാജയപ്പെടുന്നവരെ ശാസ്ത്രചരിത്രത്തിൽ നിന്ന് നീക്കം ചെയ്യാറാണ് കേവല ശാസ്ത്രവാദികളുടെ പതിവ്. ഇന്ന് നമുക്ക് പാസ്ചറിനെക്കുറിച്ചുള്ള, ‘വിജയിച്ച പ്രതിഭ’ എന്ന അറിവ് മാറ്റിവെച്ച് അദ്ദേഹത്തെ അക്കാലത്തെ ഫ്രഞ്ച് സമൂഹത്തിന്റെ മൂർത്തമായ സന്ദർഭത്തിൽ ഇടപെടാൻ ശ്രമിച്ച മറ്റനേകം ശാസ്ത്രജ്ഞരിലൊരാളായി കാണാനായാലേ അദ്ദേഹത്തിന്റെ ആന്ത്രാക്സ് പരീക്ഷണങ്ങളെ സാമൂഹികമായി മനസ്സിലാക്കാനാവൂ. പാസ്ചർ തന്നെ ഒരു വലിയ സംഘം ഗവേഷകരും സാങ്കേതികസഹായികളും ഉപകരണങ്ങളും മറ്റു സജ്ജീകരണങ്ങളും അടങ്ങുന്ന പരീക്ഷണ സംഘത്തിന്റെ പൊതുനാമമെന്ന നിലയിലാണ് പ്രത്യക്ഷനാകുന്നത്.[12] ഒരു വിജയിയായി പരിണമിച്ചിട്ടില്ലാത്ത, അത്ര പ്രശസ്തനല്ലാത്ത, പാസ്ചറിനെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നമ്മൾ കാണുന്നത്.

ഒപ്പം തന്നെ പ്രധാനമാണ് അക്കാലത്ത് സൂക്ഷ്മാണുക്കളിലും വാക്സിനുകളിലും മറ്റു ഗവേഷകർ നടത്തിയ പരീക്ഷണ വിജയങ്ങളും. ദുർബലമാക്കിയ രോഗാണുക്കളുപയോഗിച്ച് രോഗബാധ തടയാം എന്ന് വസൂരിയുടെ (smallpox) പശ്ചാത്തലത്തിൽ നേരത്തെതന്നെ ഏഡ്വേർഡ് ജെന്നർ (1749-1823) കണ്ടെത്തിയിട്ടുണ്ട്. അതായത്, വാക്സിനേഷൻ എന്ന ആശയം ഗോവസൂരി പ്രയോഗമായി നിലവിലുണ്ട്. ബാക്ടീരിയകളെക്കുറിച്ച് ധാരാളം പഠനങ്ങൾ പാസ്ചറിന്റെ ഗവേഷണങ്ങൾക്ക് സമാന്തരമായി നടക്കുന്നുണ്ട്. സൂക്ഷ്മാണുക്കളാണ് പല രോഗങ്ങൾക്കും പുറകിൽ എന്ന രോഗാണുസിദ്ധാന്തം  റോബർട്ട് കോച്ച് രൂപപ്പെടുത്തുന്ന കാലമാണിത്. ആന്ത്രാക്സ് രോഗത്തിൽ അദ്ദേഹത്തിനും താല്പര്യം ജനിക്കുന്നുണ്ട്. സമാനമായ ധാരാളം ശാസ്ത്ര ഗവേഷണങ്ങൾക്കൊണ്ട് ഉത്സാഹഭരിതമായ ഒരു ചരിത്ര സന്ദർഭത്തിലാണ് പാസ്ചർ പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ മുൻകാല ഗവേഷണങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഫംഗസ് കുടുംബത്തിൽപെടുന്ന യീസ്റ്റ് എന്ന സൂക്ഷ്മജീവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ പ്രശസ്തമായിരുന്നു. കോഴികളെ ബാധിക്കുന്ന കോളറ (chicken cholera) തടയാൻ കണ്ടുപിടിച്ച വാക്സിനേഷൻ രീതി  പാസ്ചറിന്റെ കൈവശം ഉണ്ടായിരുന്നുതാനും. ഇങ്ങനെ വികസിച്ചു വരുന്ന ഒരു ജ്ഞാനനിർമ്മാണ പ്രക്രിയയുടെ ഭാഗമായിട്ടാണ് അദ്ദേഹം തന്റെ ആന്ത്രാക്സ് വാക്സിൻ പരീക്ഷണങ്ങൾ നടത്തുന്നത്. നിലവിൽ രൂപപ്പെട്ടുകൊണ്ടിരുന്ന പ്രവർത്തക-ശൃംഖലയിലെ (actor-network) ഒരു കണ്ണി മാത്രമായിരുന്നു പാസ്ചർ. ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ നിർവ്വാഹകത്വത്തെ (agency) പെരുപ്പിച്ചു കാട്ടി ‘പ്രതിഭ’യാക്കുന്ന സാമ്പ്രദായിക ചരിത്രവീക്ഷണം  ലാറ്റൂർ അങ്ങനെ നിർജ്ജീവമാക്കുന്നു. സൂക്ഷ്മാണുക്കളും, കന്നുകാലികളും കർഷകരും, മൃഗവൈദ്യ വിദഗ്ധരും, സൂക്ഷ്മാണു ഗവേഷകരും, ഹൈജീനിസ്റ്റുകളും (hygienists) ഒക്കെ തത്തുല്യ നിർവ്വാഹകശേഷി  വഹിക്കുന്ന ഈ വലക്കെട്ടിനുള്ളിലാണ് പാസ്ചറിന്റെ സാധ്യതകൾ (പരിമിതികളും) രൂപപ്പെടുന്നത്. അതായത്, മറ്റു പ്രവർത്തകങ്ങളുടെ (actants) മേൽ തന്റെ താല്പര്യങ്ങൾ മുദ്രണം ചെയ്യാനും അവരെ തന്റെ സഹകാരികളാക്കാനും നടത്തുന്ന നീക്കങ്ങൾ തെറ്റിയാൽ പാസ്ചർ പരാജയപ്പെടും. പിഴച്ചുപോയ നീക്കങ്ങൾ ചിലപ്പോൾ ശൃംഖലയിലെ മറ്റു പ്രവർത്തകരെ (actors) കൂടുതൽ നിർവ്വാഹകത്വമുള്ളവരായി മാറ്റിയെന്നുമിരിക്കും; ഒരുപക്ഷെ ആന്ത്രാക്സ് ബാക്ടീരിയകൾ അത്തരമൊരു മോശം നീക്കത്തിനൊടുവിൽ പാസ്ചറെ കൊന്നുകളഞ്ഞെന്നും വരാം. അതായത്, ആന്ത്രാക്സ് രോഗാണുക്കൾക്കും പാസ്ചറിനും തത്വത്തിൽ ഒരേ നിർവ്വാഹകശേഷിയേ ഉള്ളൂ.[13] ശൃംഖലയ്ക്കുള്ളിലെ വിവർത്തന ബലതന്ത്രങ്ങളാണ് അവയുടെ നിർവ്വാഹകശേഷിയുടെ ഏറ്റക്കുറച്ചിലുകളെ രൂപപ്പെടുത്തുന്നത്.

പാസ്ചറിന്റെ ആദ്യ നീക്കം തന്റെ പരീക്ഷണശാലയെ കൃഷിയിടത്തിലേക്ക്  പറിച്ചുനടുകയെന്നായിരുന്നു; വീഞ്ഞു നിർമ്മാണരംഗത്തും പട്ടുനൂൽപ്പുഴുക്കളെ ബാധിക്കുന്ന രോഗങ്ങളുടെ കാര്യത്തിലും താൻ നേരത്തെ ചെയ്തിട്ടുള്ളതുപോലെ. അതുവരെ അങ്ങോട്ടുമിങ്ങോട്ടും യാതൊരു താല്പര്യവും (interests) പ്രകടിപ്പിച്ചിട്ടില്ലാത്ത രണ്ട് ഇടങ്ങളായിരുന്നു കൃഷിയിടവും പരീക്ഷണ ശാലയും എന്ന് നമ്മൾ കണ്ടു. എന്നാൽ കൃഷിയിടത്തിലേക്ക് കടന്നു ചെല്ലുകയും മൃഗാരോഗ്യ-സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരുടെ പഠനങ്ങളെ മനസ്സിലാക്കുകയും കൃഷിയിടത്തിലെ സാഹചര്യങ്ങളെ പഠിക്കുകയുംവഴി പാസ്ചറും സഹായികളും ചെയ്തത് അത്തരം താല്പര്യ-ബന്ധങ്ങൾ (associations) സൃഷ്ടിക്കുകയാണ്. നിലവിലുള്ള ശാസ്ത്രീയ ധാരണകളെ വിലയിരുത്തി അവയെ തങ്ങളുടെ സ്വന്തം സാങ്കേതിക ഭാഷയിലേക്ക് വിവർത്തനം ചെയ്യുകവഴിയാണിതു സാധിച്ചത്. ഉദാഹരണത്തിന്, ചില കൃഷിയിടങ്ങൾ കുറേക്കാലത്തിനു ശേഷം പെട്ടന്ന് രോഗബാധിതമാവുന്നത് മണ്ണിലുറങ്ങിക്കിടക്കുന്ന ബാസില്ലസ് ബാക്ടീരിയകളുടെ (Bacillus anthracis) സ്പോറുകൾ സജീവമാകുന്നതുകൊണ്ടാണ് എന്ന കോച്ചിന്റെ കണ്ടെത്തൽ കൃഷിയിടത്തെ പരീക്ഷണശാലയുമായി യോജിപ്പിക്കുന്ന ഒരു താല്പര്യമായി അവർ അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ, ‘രോഗബാധിതമായ കൃഷിയിടം’ എന്ന കർഷകരുടെയും മറ്റു വിദഗ്ധരുടെയും ഭാഷ്യത്തെ അവർ ‘സ്‌പോർ ഘട്ടം’ എന്ന, തങ്ങളുടെ സൂക്ഷ്മജീവിശാസ്ത്ര ഭാഷയിലേക്ക് വിവർത്തനം ചെയ്തെടുത്തു. ആന്ത്രാക്സ് പകർച്ചവ്യാധിയെക്കുറിച്ച് നിലവിലുള്ള സാങ്കേതിക ധാരണകളെ ഇത്തരത്തിൽ അതിസൂക്ഷ്മമായി മൊഴിമാറ്റിയാണ് കൃഷിയിടത്തിലെ പ്രവർത്തകരുടെ താല്പര്യങ്ങളെ തങ്ങളുടേതുമായി അവർ സംയോജിപ്പിച്ചത്.

പാസ്ചറിന്റെയും കൂട്ടാളികളുടെയും രണ്ടാമത്തെ നീക്കം, അന്ത്രാക്സിന് കാരണമാകുന്നെന്ന് പാസ്ചർ കരുതിയ ബാസില്ലസ് ബാക്ടീരിയകളെ വേർതിരിച്ചെടുത്തു പരിപോഷിപ്പിച്ച് പാരീസിലെ തങ്ങളുടെ പ്രധാന ലബോറട്ടറിയിലേക്ക് മാറ്റുകയെന്നതായിരുന്നു. കൃഷിയിടത്തിൽ ബാസില്ലസ് ബാക്ടീരിയകൾക്ക് മറ്റൊരു സ്വഭാവമാണ്.  അവിടെ നിലനിൽക്കുന്ന എണ്ണിയാലൊടുങ്ങാത്ത പാരിസ്ഥിതിക ഘടകങ്ങൾ അവയുടെ സ്വാഭാവിക വളർച്ചയെ സ്വാധീനിക്കുന്നു. മറ്റനേകം സൂക്ഷ്മജീവികൾക്കൊപ്പം മത്സരിച്ചാണ് അവ വളരുന്നത്. എന്നാൽ ബാസില്ലസ് ബാക്ടീരിയയെ മാത്രം വേർതിരിച്ചെടുത്ത്, അവയ്ക്കനുകൂലമായ ഒരു പോഷണമാധ്യമത്തിൽ വളരാൻ അനുവദിക്കുമ്പോൾ, അത് ഒരു വിവർത്തനം തന്നെയാണ്; ബാക്ടീരിയകളുടെ വളരാനുള്ള താല്പര്യത്തെ പരിപോഷിപ്പിച്ച് തങ്ങളുടെ താല്പര്യങ്ങളുമായി ഇണക്കുകയാണ് പാസ്ചർ ഇവിടെ ചെയ്യുന്നത്. കോച്ച് പ്രയോഗത്തിലെത്തിച്ച ഈ വിദ്യയെ പുത്തൻ സാഹചര്യത്തിൽ ഉപയോഗിക്കുക കൂടിയായിരുന്നു ഇത്. അതുവരെ അദൃശ്യരായിരുന്ന സൂക്ഷ്മജീവികളെ പെട്രിഡിഷിലെ പോഷണമാധ്യമത്തിലെ ഒരു പാറ്റേൺ ആക്കി ദൃശ്യവൽക്കരിക്കുന്ന തന്ത്രവുമായിരുന്നു (inscription) അത്. കൃഷിയിടത്തിൽ, മറ്റു പ്രവർത്തകരെക്കാൾ അതിശക്തരായിരുന്നു ഈ സൂക്ഷ്മാണുക്കൾ. എപ്പോൾ വേണമെങ്കിലും ആരെയും കൊല്ലാൻ കെല്പുള്ള അതിശക്തർ. അവയെ ലബോറട്ടറിയിലേക്കു വേർതിരിച്ചെടുത്ത് മാറ്റുകവഴി അവയുടെമേൽ പാസ്ചർക്ക് മേൽക്കൈ ഉണ്ടാവുന്നു. ബാക്ടീരിയകൾ അങ്ങേയറ്റം സൗമ്യരാവുകയും പാസ്ചറിന്റെ ഇടയവൃത്തിക്ക് കീഴടങ്ങുകയും ചെയ്യുന്നു.[14] ആന്ത്രാക്സ് ബാക്ടീരിയകളുടെ കോളനിയെ ലബോറട്ടറിയിലേക്ക് മാറ്റുകവഴി ആന്ത്രാക്സ് രോഗബാധയുടെ കാരണങ്ങളായി അതുവരെ ശാസ്ത്രജ്ഞർ ധരിച്ചിരുന്ന, നമ്മൾ നേരത്തെ പരിശോധിച്ച ഘടകങ്ങളെയെല്ലാം റദ്ദുചെയ്യുകയും ബാസില്ലസ് അണുക്കളെ ഏക കാരണമായി നിർമ്മിച്ചെടുക്കുകയുമാണ് പാസ്ചറും സംഘവും. അതുവരെ ആന്ത്രാക്സ് രോഗാണുക്കൾക്ക് ഇല്ലാതിരുന്ന ഭവപരമായ ഒരു പുതിയ നില ഈ വിവർത്തനത്തിലൂടെയും സ്ഥാനാന്തരണത്തിലൂടെയും (displacement) കൈവരുന്നു. കൃഷിയിടത്തിലെ മറ്റു പ്രവർത്തകരുടെ താല്പര്യങ്ങളെ തന്റെ കൂടെക്കൂട്ടുകയാണ് ഈ നീക്കത്തിലൂടെ പാസ്ചർ ചെയ്തത്; ആന്ത്രാക്സ് രോഗത്തെ മനസ്സിലാക്കുകയും നിയന്ത്രിക്കുകയും ചെയ്യണമെങ്കിൽ ഇനി പാസ്ചറിന്റെ പരീക്ഷണശാലയെ അവഗണിക്കാനാവില്ല എന്ന സ്ഥിതി സംജാതമായിക്കഴിഞ്ഞു.

പക്ഷെ, രോഗാണുക്കളെ ഇക്കോൾ നോർമൽ സുപ്പീരിയറിലുള്ള തന്റെ ലബോറട്ടറിയിലേക്ക് മാറ്റിയതുകൊണ്ടുമാത്രം കാര്യമുണ്ടായിരുന്നില്ല. വളരെ സങ്കീർണ്ണമായ വ്യാപനരീതിയുള്ള അതിശക്തമായ ഒരു പകർച്ചവ്യാധിയുടെ മൂലകാരണം വേർതിരിച്ചെടുത്ത രോഗാണുക്കളാണെന്നത് അത്ര എളുപ്പം അംഗീകരിക്കാൻ ആരും തയ്യാറാവില്ല. അതുകൊണ്ട്, ഈ വിവർത്തനത്തെ കൂടുതൽ ശക്തമാക്കാൻ മറ്റൊരു തന്ത്രം കൂടി ഇവിടെ പാസ്ചർ പ്രയോഗിക്കുന്നു. നേർപ്പിച്ച രോഗാണുലായനി മൃഗങ്ങളിൽ കുത്തിവെച്ച് അവയിൽ രോഗലക്ഷണങ്ങൾ കൃത്രിമമായി സൃഷ്ടിക്കാൻ പാസ്ചറിന് ലബോറട്ടറിയ്ക്കുള്ളിൽ സാധിച്ചു. തന്റെ മുൻകാല പരീക്ഷണങ്ങളിലൂടെ ആർജ്ജിച്ച സാങ്കേതിക കഴിവുകളാണ് ഇവിടെ പുതിയ സാഹചര്യത്തിൽ പാസ്ചർ പരീക്ഷിക്കുന്നത്. അങ്ങനെ, ലബോറട്ടറിക്ക് പുറത്ത് അതിഭീകര ഭീഷണിയുയർത്തിയിരുന്ന ഒരു മാരക പകർച്ചവ്യാധിയെ ലബോറട്ടറിയിലെ നിയന്ത്രിത സാഹചര്യത്തിൽ വളരെ ചെറിയ തോതിൽ തന്നിഷ്ടപ്രകാരം പുനരാവിഷ്‌ക്കരിക്കാനും നിയന്ത്രിക്കാനും പറ്റും എന്ന സാഹചര്യം നിലവിൽ വന്നു. മനുഷ്യർ രോഗാണുക്കളെക്കാളും ശക്തരാകുന്നത് ലബോറട്ടറിയിലാണ്. ആന്ത്രാക്സ് രോഗനിർമ്മാർജ്ജനത്തിന്  ഒഴിച്ചുകൂടാനാവാത്ത ഒന്നായി പാസ്ചറിന്റെ ലബോറട്ടറി മാറിത്തീരുന്നതിങ്ങനെയാണ്.

ആന്ത്രാക്സ് രോഗ ഗവേഷണരംഗത്തുള്ള പാസ്ചറിന്റെ ഗവേഷണങ്ങൾ മുന്നേറുന്നത് മുൻ പരീക്ഷണങ്ങളിലൂടെ ആർജ്ജിച്ച സാങ്കേതിക നൈപുണ്യങ്ങൾ പുതിയ രോഗത്തിന്റെ സന്ദർഭത്തിൽ വികസിപ്പിച്ചുപയോഗിച്ചാണ് എന്ന് നമ്മൾ കണ്ടല്ലോ. ബാസില്ലസ് രോഗാണു എന്നതുതന്നെ ഇത്തരം പരിശ്രമങ്ങളിലൂടെ (trials) പതിയെ ഉരുത്തിരിഞ്ഞു വന്നതാണെന്നും നമ്മൾ കണ്ടു. സൈക്കിൾ ചവിട്ടാനോ, പശുവിനെ കറന്നു പാലെടുക്കാനോ നീന്താനോ പഠിക്കുന്നതുപോലെതന്നെയാണ് പുത്തൻ നൈപുണ്യങ്ങൾ സാവധാനം ഗവേഷകർ കൈവരിക്കുന്നത്. ഇത് ശരിവെയ്ക്കുന്നതാണ് പാസ്ചറും കൂട്ടരും തുടർന്ന് കരസ്ഥമാക്കിയ സാങ്കേതികശേഷി: മുമ്പ് കോഴികളെ ബാധിക്കുന്ന കോളറയ്ക്കെതിരെ പാസ്ചർ ഒരു വാക്സിൻ വികസിപ്പിച്ചിരുന്നു; ഓക്സിജൻ ഉപയോഗിച്ച് കോളറയുടെ അണുക്കളെ ഭാഗികമായി നിർവീര്യമാക്കുന്ന സങ്കേതമായിരുന്നു അത്.[15] തന്റെ ലബോറട്ടറിയിൽ ആന്ത്രാക്സ് ബാസില്ലസിനെ സമാനമായ രീതിയിൽ അർദ്ധജീവാവസ്ഥയിലാക്കിയെടുക്കുന്ന സാങ്കേതിക ശേഷി പഠിച്ചെടുത്ത പാസ്ചർ അങ്ങനെ ബാക്ടീരിയകൾ പ്രകൃതിയിൽ ശക്തരോ ദുർബലരോ ആയി വ്യത്യസ്ത സാഹചര്യങ്ങളിൽ പെരുമാറുന്നതിനെ ലബോറട്ടറിയിൽ നിയന്ത്രിക്കാനാവുമെന്ന് കാണിച്ചുകൊടുക്കുന്നു. അതായത്, രോഗാണുക്കൾ ലബോറട്ടറിയിൽ പൂർണ്ണമായും പാസ്ചറിനും സഹപ്രവർത്തകർക്കും മെരുങ്ങുന്നു. വേണ്ടപ്പോൾ അവയുടെ ശക്തി കുറയ്ക്കാനും കൂട്ടാനും പാസ്ചർക്കാകുമെന്ന നിലവന്നു.

അങ്ങനെ, തന്റെ പരീക്ഷണശാലയെ ആന്ത്രാക്സ് നിർമ്മാർജ്ജന ശ്രമങ്ങളിലക്ക് കണ്ണിചേർക്കുകവഴി അതുവരെ നിലവിലുണ്ടായിരുന്ന പ്രവർത്തക-ശൃംഖലയെ പാസ്ചർ അഴിച്ചുപണിയുകയും വികസിപ്പിക്കുകയും ചെയ്തു. വെറ്റിനറി ശാസ്ത്രജ്ഞരും സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരും, കന്നുകാലികളും, കർഷകരും, ആന്ത്രാക്സ് രോഗവും തമ്മിൽതമ്മിലുള്ള സങ്കീർണ്ണ ബന്ധങ്ങളെ തന്റെ ലബോറട്ടറിയിലൂടെ സമൂല പരിവർത്തനത്തിന് വിധേയമാക്കാൻ പാസ്ചറിനു കഴിഞ്ഞു. വളരെ വലിയ ഒരു സ്കെയിലിൽ മറ്റു വിദഗ്ദ്ധർ കൈകാര്യം ചെയ്യാൻ ശ്രമിച്ച പ്രശ്നത്തെ വളരെ ചെറിയ ഒരു സ്‌കെയിലേക്കു മാറ്റിയെടുക്കാൻ ലബോറട്ടറി എന്ന കലനകേന്ദ്രത്തിനായി എന്നതാണ് ഈ വിജയത്തിന് കാരണമായത്.

പാസ്ചറിന്റെ അടുത്ത നീക്കം, അന്ത്രാക്സിനുള്ള  വാക്സിനേഷൻ വികസിപ്പിക്കുന്നതായിരുന്നു. ചിക്കൻ കോളറയ്ക്ക് കണ്ടുപിടിച്ച വാക്സിനേഷൻ സങ്കേതത്തെ കന്നുകാലികളിൽ പരീക്ഷിക്കുകയായിരുന്നു പുതിയ തന്ത്രം. പ്രാദേശിക കർഷക സംഘടനകളുടെ സഹായത്തോടെ താൻ മെരുക്കിയെടുത്ത ആന്ത്രാക്സ് അണുക്കളുമായി കർഷകർക്കിടയിലേക്ക് മടങ്ങിയെത്തുകയാണ് അദ്ദേഹം ചെയ്തത്. 1881-ൽ പുയ്‌ലി-ലി-ഫോ (Pouilly-le-Fort) എന്ന ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് പരീക്ഷണശാല വീണ്ടും പറിച്ചുനടപ്പെടുന്നു. ഈ ഘട്ടത്തിൽ, കൃഷിയിടത്തെത്തന്നെ പരീക്ഷണശാലയിലെ നിയന്ത്രിത സാഹചര്യങ്ങളുടെ സ്വഭാവത്തിലേക്ക് മാറ്റിയെടുക്കുകയാണ് പാസ്ചറും സഹപ്രവർത്തകരും ചെയ്തത്.  കർഷകരുൾപ്പടെയുള്ള  തല്പര കക്ഷികളുമായി  അവധാനതയോടുകൂടി നടത്തിയ അന്യോന്യങ്ങളിലൂടെയാണ് (negotiations) കൃഷിയിടത്തെ പരീക്ഷണസജ്ജമാക്കിയെടുത്തത്. നിലവിൽ ലബോറട്ടറിയിലെ നിയന്ത്രിതവും പരിമിതവുമായ സാഹചര്യത്തിൽ മാത്രം ഫലപ്രദമായ ആന്ത്രാക്സ് വാക്സിനെ ഫ്രാൻസിലെ കന്നുകാലിക്കൃഷിയുടെ വൈവിധ്യപൂർണമായ സാഹചര്യങ്ങളിൽ വ്യതിയാനങ്ങളില്ലാതെ ഫലപ്രദമാകുന്ന സങ്കേതമായി വികസിപ്പിച്ചെടുക്കുന്ന നീക്കമായിരുന്നു അത്. അതായത്, പരീക്ഷണശാലയുടെ ക്രമത്തിലേക്ക് കന്നുകാലികൃഷിയെ ചേർത്തെടുക്കുക; സാമൂഹിക ക്രമത്തെത്തന്നെ പരീക്ഷണശാലയുടെ ആന്തരികക്രമമായി പരിവർത്തിപ്പിക്കുക.

ലബോറട്ടറിയിൽ നിരവധി തവണ ആവർത്തിച്ചുറപ്പിച്ചെടുത്ത ആന്ത്രാക്സ് വാക്സിനെന്ന പുത്തൻ സങ്കേതത്തിന്റെ അരങ്ങേറ്റത്തിന് (staging)  മാധ്യമ പ്രവർത്തകരും കർഷക സംഘടനാ പ്രതിനിധികളും ഒക്കെ സാക്ഷികളായുണ്ടായിരുന്നു. അതായത്, പാസ്ചർ തന്റെ അതുവരെയുള്ള പരീക്ഷണങ്ങളിലൂടെ സംഘടിപ്പിച്ച താല്പര്യവാഹകരെല്ലാം അവിടെ ഫലശ്രുതി അറിയാനെത്തിയിരുന്നു. തന്ത്രപരമായ ഈ നീക്കം പിഴച്ചാൽ പാസ്ചറിന്റെ പരീക്ഷണം ഒരു ലബോറട്ടറിയിലെ കൗതുകമായി ഒടുങ്ങും. എന്നാൽ തങ്ങൾ വികസിപ്പിച്ച വാക്സിൻ കുത്തിവെച്ച കന്നുകാലികൾ ആന്ത്രാക്സ് ബാധയെ അതിജീവിക്കുന്നതും കുത്തിവെയ്പ്പിനു വിധേയമാകാത്ത മൃഗങ്ങൾ രോഗം ബാധിച്ച് മരിക്കുന്നതും അവർക്കുമുമ്പിൽ വിജയകരമായി അവതരിപ്പിക്കാൻ പാസ്ചറിന്റെ ഗവേഷണ സംഘത്തിന് സാധിച്ചു.

അതോടുകൂടി, പാസ്ചറിന്റെ ലബോറട്ടറിയിൽ നിന്നും വാങ്ങുന്ന വാക്സിൻ ഫ്ലാസ്കുകൾ ഉപയോഗിച്ച്, ചില ‘ശാസ്ത്രീയ’ നടപടിക്രമങ്ങൾ പാലിച്ച് (മൃഗങ്ങളെ കുത്തിവെയ്‌പ്പിനൊരുക്കുന്ന രീതി, അണുവിമുക്ത ശുചീകരണം, കുത്തിവെയ്പ്പിന്റെ നടപടിക്രമങ്ങൾ, സമയക്രമീകരണങ്ങൾ, വിവര ശേഖരണം, മേൽനോട്ടം എന്നിങ്ങനെ) വാക്സിനേഷൻ നടത്തിയാൽ എവിടെയും ആന്ത്രാക്സ് രോഗബാധ തടയാം എന്ന സാധ്യത അങ്ങനെ തുറന്നു. പാസ്ചറിന്റെ ഗവേഷണങ്ങളിൽ താല്പര്യമുണ്ടായിരുന്നവർ ഫലശ്രുതി കണ്ട് ബോധ്യപ്പെട്ടതോടെ ‘പാസ്ചറിന്റെ പരീക്ഷണശാല’ കൂടാതെ പശുപാലനം അസാധ്യമായി മാറി. വെറ്റിനറി ഡോക്ടർമാർക്ക് ആന്ത്രാക്സ് രോഗത്തെ എളുപ്പത്തിൽ പ്രതിരോധിക്കാനിപ്പോൾ കഴിയും. ഹൈജീനിസ്റ്റുകൾക്ക് രോഗബാധിതമായ ഫാമുകളെ അണുവിമുക്തമാക്കാൻ എന്ത് ചെയ്യണമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായി. കർഷകർ ഫ്ലാസ്കുകൾ വാങ്ങുന്നതനുസ്സരിച്ച് ആന്ത്രാക്സ് കൃഷിയിടങ്ങളിൽനിന്നും പിൻവാങ്ങുന്നത് തങ്ങൾ ശേഖരിച്ച ഡേറ്റയിലൂടെ കാണാൻ സർക്കാർ സ്ഥാപനങ്ങളിലെ വസ്തുതാവിശകലന വിദഗ്ധർക്ക് കഴിഞ്ഞു. മൈക്രോബയോളജി പ്രധാന ശാസ്ത്രമായി മാറി. കൂടുതൽ ഗവേഷകരും ലബോറട്ടറികളും നിലവിൽ വന്നു. ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് ഫണ്ട് എളുപ്പം ലഭ്യമായിത്തുടങ്ങി. അങ്ങനെ, ഒരു വലിയ സംഘം പ്രവർത്തകർക്ക് തങ്ങളുടെ താല്പര്യങ്ങളെ പരിപാലിക്കണമെങ്കിൽ പാസ്ചറിന്റെ പരീക്ഷണശാല ഒഴിവാക്കാനാവാത്ത സ്ഥിതി വന്നു. ഈ അർത്ഥത്തിൽ, മറ്റനേകം പ്രവർത്തകങ്ങൾക്കുമേൽ അവയെ പ്രതിനിധീകരിക്കാനും അവയ്ക്കുവേണ്ടി സംസാരിക്കാനുമുള്ള അവകാശം നേടിയെടുക്കുന്നതിൽ വിജയിക്കുന്ന പാസ്ചർ അടിമുടി ഒരു രാഷ്ട്രീയക്കാരനാണ്.[16] ആന്ത്രാക്സ് രോഗം പിൻവാങ്ങിയതോടുകൂടി ഫ്രഞ്ച് കർഷകർ സാമ്പത്തികമായി മെച്ചപ്പെട്ടു. രോഗാണുവെന്ന പരാദത്തിന്റെ സ്ഥാനാന്തരണത്തിലൂടെ പുത്തൻ പരാന്ന ജീവികളായി ആദായനികുതി വകുപ്പും, വെറ്റിനറി ഡോക്ടർമാരും  ഉദ്യോഗസ്ഥ വിഭാഗങ്ങളും ശാസ്ത്രജ്ഞരും തടിച്ചു കൊഴുത്തു.[17] അങ്ങനെ പാസ്ചറിന്റെ പരീക്ഷണശാലയിലൂടെ ഫ്രഞ്ച് സമൂഹം ലബോറട്ടറിയുടെ ക്രമത്തിലേക്ക് അനുദിനം പരിവർത്തിതമായിക്കൊണ്ടിരുന്നു.

ഉപസംഹാരം

പൊതുവെ നമ്മൾ കരുതുന്നതുപോലെ അരാഷ്ട്രീയപരവും സാമൂഹികേതരവുമായ വേറിട്ട ഇടമാണ്  പരീക്ഷണശാല എന്ന ധാരണയെ പൊളിച്ചെഴുതുന്നതാണ് ലാറ്റൂറിന്റെ പഠനങ്ങൾ. ലബോറട്ടറിയും സമൂഹവും തമ്മിൽ വേർതിരിച്ചെടുക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവിലേക്കാണ് ലാറ്റൂർ നമ്മെ നയിക്കുന്നത്. പരീക്ഷണശാലയ്ക്ക് പുറം (സമൂഹം), അകം (ശാസ്ത്രജ്ഞരുടെ പ്രവൃത്തിയിടം) എന്ന വേർതിരിവില്ല. പുറംലോകവും അകം ലോകവും അവിടെ കുഴഞ്ഞുമറിഞ്ഞു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പരീക്ഷണശാലയ്ക്കുള്ളിലാണ് സമൂഹം; പുറത്തല്ല. പുറംലോകമെന്നു നമ്മൾ പരാമർശിക്കുന്നതെല്ലാം യഥാർത്ഥത്തിൽ ഇത്തരം ജ്ഞാനനിർമ്മാണ പ്രവർത്തനങ്ങളിലൂടെ ഉത്പാദിതമാകുന്നതാണ്. പരീക്ഷണശാലയ്ക്ക് അകവും പുറവും ഇല്ലാത്തതിനാൽ സമൂഹത്തിൽ നിന്നും വേറിട്ട്, ശാസ്ത്രീയരീതി ഉപയോഗിച്ച്, വസ്തുനിഷ്ഠമായി അറിവുത്പാദിപ്പിക്കുന്ന ഒരു ഇടമായി അത് നിലനിൽക്കുന്നില്ല. അതായത്, ഗവേഷകർ പ്രജ്ഞാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ലബോറട്ടറിയ്ക്ക് പശ്ചാത്തലമെന്ന നിലയിൽ സമൂഹം നിലനിൽക്കുന്നില്ല. ആന്ത്രാക്സ് രോഗാണു ഇവിടെ ശൃംഖലാ നിർമ്മാണത്തിന്റെ ഭാഗമായി യാഥാർത്ഥ്യത്തെ രൂപപ്പെടുത്തുന്ന ഒരു പ്രധാന ഘടകമായാണ് പ്രവർത്തിക്കുന്നത്. ഈ വലക്കെട്ടിന്റെ ഉള്ളിൽ മനുഷ്യ-മനുഷ്യേതര ഘടകങ്ങൾ തമ്മിൽ മുൻ‌കൂർ വേർതിരിഞ്ഞിട്ടില്ല എന്നു മാത്രമല്ല, ശൃംഖലാ നിർമ്മാണത്തിൽ ഏതൊക്കെ ഘടകങ്ങൾ വലക്കണ്ണികളാകും എന്നും ആരും മുൻ‌കൂർ തീരുമാനിക്കുന്നില്ല. പരസ്പര വിവർത്തനങ്ങളിലൂടെയാണ് പ്രവർത്തകങ്ങൾ (actors/actants) ചൈതന്യമാർജ്ജിക്കുന്നത്.

ആന്ത്രാക്സ് രോഗാണുക്കൾ കൊച്ചിന്റെയും ലൂയി പാസ്ചറിന്റെയും ഇടപെടലുകൾക്ക് മുമ്പ് നിലവിലുണ്ടായിരുന്നോ? ‘ഇല്ല’ എന്ന ഉത്തരമാണ് ലാറ്റൂർ നൽകുന്നത്. അതിനുമുമ്പ് ആന്ത്രാക്സ് രോഗത്തിന്റെ ഭവപരമായ നില മറ്റൊന്നായിരുന്നു. അനേകം വിവർത്തനങ്ങളിലൂടെയും സൂക്ഷ്മനീക്കങ്ങളിലൂടെയും സ്ഥാനാന്തരണത്തിലൂടെയും പ്രവർത്തക-ശൃംഖല വികസിക്കുമ്പോഴാണ് അതിലൊരു പ്രധാന കണ്ണിയായി രോഗാണു നിലവിൽ വരുന്നത് (പാസ്ചറും, ലബോറട്ടറിയും ഒക്കെ അങ്ങനെതന്നെയാണ് രൂപപ്പെടുന്നത്). ലബോറട്ടറിയിലെ മുദ്രണോപകരണങ്ങളാണ് (inscription devices) തങ്ങളുടെ അവകാശവാദങ്ങളെ പ്രത്യക്ഷീകരിക്കാൻ പരീക്ഷകരെ സഹായിക്കുന്നത്. അത്തരം ദൃശ്യമാക്കലുകളിലൂടെ ഗ്രാഫുകൾ, ചിത്രങ്ങൾ, സ്പെസിമനുകൾ, ഫോട്ടോഗ്രാഫിക് പ്ലെയ്റ്റിൽ പ്രത്യക്ഷപ്പെടുന്ന ഇരുണ്ടതും തെളിഞ്ഞതുമായ വരകൾ എന്നിങ്ങനെ വായിക്കാനും കാണാനും സാധിക്കുന്ന ശകലങ്ങളെന്ന (traces) നിലയിൽ പ്രവർത്തകർക്ക് ഇടപെടാനും സഹകരിക്കാനും വിവർത്തന വിധേയമാക്കാനും സാധിക്കുന്ന  ‘വസ്തുക്കളായി’ അവ രൂപപ്പെടുന്നു.[18] ക്വാർക്കുകളും ന്യൂട്രിനോകളും ഹോർമോണുകളും തമോഗർത്തങ്ങളും ഡിഎൻഎയും ഉൾപ്പടെയുള്ള ‘പ്രകൃതി’യുടെ പ്രതിനിധികൾ ഇതേ വിധത്തിൽ യാഥാർത്ഥ്യത്തിന്റെ വലക്കെട്ടിനുള്ളിലാണ് നിർമ്മിക്കപ്പെടുന്നതും സ്ഥിതി ചെയ്യുന്നതും എന്ന് ലാറ്റൂർ വാദിക്കുന്നു.[19] അവ നിലനിൽക്കുന്ന പ്രവർത്തക-ശൃംഖല ശക്തമാകുമ്പോൾ ഈ വസ്തുക്കൾ നിലവിൽ വരുന്നു; ദുർബലമാകുമ്പോൾ അവ അപ്രത്യക്ഷമാകുന്നു.[20]

വലക്കെട്ടു ശക്തമായികഴിയുമ്പോൾ വല നെയ്ത്ത് അദൃശ്യമാകുകയും സാമൂഹികതയുടെ സ്പർശനമേൽക്കാത്ത  പ്രകൃതി യാഥാർത്ഥ്യമായി ഈ ഘടകങ്ങളെ നമ്മൾ മനസ്സിലാക്കി തുടങ്ങുകയും ചെയ്യും. പാസ്ചർ ആന്ത്രാക്സ് എന്ന ‘പ്രകൃതി പ്രതിഭാസ’ത്തിനു പുറകിലുള്ള ‘യഥാർത്ഥ കാരണം’ (രോഗാണു) ‘വസ്‌തുനിഷ്‌ഠമായ’ ‘ശാസ്ത്രീയ രീതി’ ഉപയോഗിച്ച് ‘കണ്ടുപിടിച്ച’ ‘പ്രതിഭാധനനായ’ ശാസ്ത്രജ്ഞനായി മനസ്സിലാക്കപ്പെടുന്നത് അങ്ങനെയാണ്. ആധുനികതയുടെ ഒത്തുതീർപ്പിനെ ഉൾപ്പേറുന്ന നമ്മൾ പ്രകൃതി/സമൂഹം, ആശയം/പദാർത്ഥം, മനുഷ്യൻ/മനുഷ്യേതരർ, വിഷയി/വിഷയം, വസ്തുത/മാരീചം (fact/fetish), സാങ്കേതികം/രാഷ്ട്രീയം (technical/political) എന്നിങ്ങനെ വിവിധ ദ്വന്ദങ്ങൾക്കുള്ളിൽ യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനാൽ ഈ യാഥാർത്ഥ്യം രൂപപ്പെട്ട സങ്കീർണ്ണ പ്രക്രിയയെ നമ്മൾ തിരിച്ചറിയുന്നില്ല. പ്രകൃതി പ്രതിഭാസങ്ങളെയും അവയുടെ അടിസ്ഥാന ഘടകങ്ങളെയും നമ്മൾ ശാസ്ത്രഗവേഷണത്തിലൂടെ അനാവരണം ചെയ്യുകയല്ല, പ്രകൃതിയെയും സമൂഹത്തെയും നിർമ്മിച്ചെടുക്കുകയാണ്. ‘യാഥാർത്ഥ്യ-നിർമ്മിതി വാദം’  (realist-constructivism) എന്നായിരിക്കും ലാറ്റൂറിന്റെ ചിന്താപദ്ധതിയ്ക്ക് ചേരുന്ന പേര്.[21]

ആശയമോ (idea) പദാർത്ഥമോ (matter) ആണ് ഉണ്മയുടെ അടിസ്ഥാന നിർമ്മാണ വിഭവമെന്നു വിശ്വസിക്കുന്ന ചിന്താപദ്ധതികൾക്കും ലോകത്തെ നിർമ്മിക്കാനുള്ള മനുഷ്യന്റെ കഴിവിൽ ഊന്നുന്ന മാനവികതാവാദത്തിനും (humanism) ഒരേപോലെ എതിർവശത്താണ് പ്രവർത്തക-ശൃംഖലാ സിദ്ധാന്തം നിലയുറപ്പിച്ചിരിക്കുന്നത്.[22] മാർക്സിസത്തിനും പ്രതിഭാസ വിശകലനത്തിനും (phenomenology) ഉത്തരഘടനാവാദത്തിനും (poststructuralism) എതിരെയാണ് അതിന്റെ നിലപാട്. ആശയമോ പദാർത്ഥമോ അല്ല, ‘പ്രവൃത്തി’യാണ്  (action) ഭവനിർമ്മിതിയുടെ അടിസ്ഥാനം. പ്രവൃത്തിയിലേർപ്പെടാനുള്ള ശേഷി ശൃംഖലയിലെ കണ്ണിയെന്ന നിലയിൽ മാത്രമേ ലഭ്യമാകൂ. അത് പ്രവർത്തക-ശൃംഖലയിൽ വ്യാപിച്ചുകിടക്കുന്നു. മനുഷ്യർക്കു മാത്രമുള്ള ഒരു ജൈവശേഷിയല്ല അത്; മനുഷ്യേതരർക്ക് നിർവ്വാഹകത്വം നിഷേധിക്കുന്ന എല്ലായിനം വിശകലന രീതികളെയും ഈ സിദ്ധാന്തം തള്ളിക്കളയുന്നു.

പ്രവർത്തക-ശൃംഖലയെ തനിക്കനുകൂലമായി നിർമ്മിച്ചെടുക്കുന്നതിന് പാസ്ചറെ സഹായിക്കുന്നത് ലബോറട്ടറി എന്ന കലനയന്ത്രമാണ്.[23] മറ്റൊരുവിധത്തിൽ പറഞ്ഞാൽ, നിലവിലുള്ള അധികാരശ്രേണിയെ അട്ടിമറിക്കാൻ ഗവേഷകരെ സഹായിക്കുന്ന സാങ്കേതിക സംവിധാനമാണ് പരീക്ഷണശാല. സമൂഹത്തെ ഒരു ചെറിയ സ്കെയിലിലേക്ക് മാറ്റി ലബോറട്ടറിയിലെത്തിച്ച് അഴിച്ചുപണിത് പരിവർത്തിപ്പിക്കുന്ന രാഷ്ട്രീയപ്രവർത്തനമാണ് പരീക്ഷണശാലകളുടേത്. ഈ പ്രക്രിയ പക്ഷെ കേവലശാസ്ത്രവാദികൾ കാണാതെ പോകുന്നു എന്നാണ് ലാറ്റൂറിന്റെ വിമർശം. യാഥാർത്ഥ്യത്തെ തുന്നുന്ന തയ്യൽമെഷീനാണ് പരീക്ഷണശാല. പ്രകൃതിയും സമൂഹവും അതിന്റെ ഉത്പന്നങ്ങളാണ്.

അവലംബസൂചി

ഇളയിടം, സുനിൽ പി. 2020. “ബ്രൂണോ ലാത്വ: ഭൗതികതയുടെ പുനർവിഭാവനം”, നീതിയുടെ പാർപ്പിടങ്ങൾ, 252-266. കോഴിക്കോട്: മാതൃഭൂമി ബുക്ക്സ്.

വറുഗീസ്, ഷിജു സാം. 2018.  “സി.വി. രാമനും ശാസ്ത്രത്തിന്റെ സാമൂഹികതയും”. ഡൂൾ ന്യൂസ്, Friday,  February 16, 22.10.2022-ൽ ലഭ്യമായ പ്രകാരം. https://www.doolnews.com/shiju-sam-article-about-cv-raman-562.html

Hacking, Ian. 1983. Representing and Intervening: Introductory Topics in the Philosophy of Natural Science. Cambridge: Cambridge University Press.

Høstaker, Roar. 2005. “Latour – Semiotics and Science Studies”. Science Studies 18(2): 5–25.

Latour, Bruno. 1983. “Give Me a Laboratory and I will Raise the World”, pp. 141-171 in Karin D. Knorr-Cetina and Michael Mulkay (eds.). Science Observed: Perspectives on the Social Study of Science. London, Beverly Hills and New Delhi: Sage Publications.

Latour, Bruno. 1987. Science in Action: How to Follow Scientists and Engineers through Society. Cambridge, MA: Harvard University Press.

Latour, Bruno. 1988. The Pasteurisation of France. Translated by Alan Sheridan and John Law. Cambridge, MA and London: Harvard University Press.

Latour, Bruno. 1993. We Have Never Been Modern. Trans. Catherine Porter. Cambridge, MA: Harvard University Press.

Latour, Bruno. 1996. Aramis, or the Love of Technology. Translated by Catherine Porter. Cambridge, MA and London: Harvard University Press.

Latour, Bruno. 1999. Pandora’s Hope: Essays on the Reality of Science Studies. Cambridge, MA and London: Harvard University Press.

Serres, Michel. 2007 [1980]. The Parasite. Translated by Lawrence R. Schehr. University of Minnesota Press.

Shapin, Stevan. 1994. A Social History of Truth: Civility and Science in Seventeenth Century England. Chicago and London: University of Chicago Press.

Shapin, Steven. 1991. “‘A Scholar and a Gentleman’: The Problematic Identity of the Scientific Practitioner in Early Modern England”. History of Science 29(3): 279-327.

Shapin, Steven and Schaffer, Simon. 1985. Leviathan and the Air-Pump: Hobbes, Boyle, and the Experimental Life. Princeton: Princeton University Press.

Shapin, Steven. 1988. “The House of Experiment in Seventeenth-Century England”. Isis 79(3): 373-404.

 

[1] റോബർട്ട് ബോയിലിനെക്കുറിച്ചും ‘ഐന്ദ്രിക പരീക്ഷണങ്ങൾ’ (empirical experiments) എന്ന രീതിയെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ നടന്ന വാദപ്രതിവാദങ്ങളെക്കുറിച്ചും വിശദമായിട്ടറിയാൻ Shapin and Schaffer 1985 വായിക്കുക.

[2]വൈദ്യശാലകളിലും സാങ്കേതികോപകരണ നിർമ്മാണ ശാലകളിലും രാജകൊട്ടാരത്തിലും സർവകലാശാലകളിലും കാപ്പിക്കടകളിലും ഒക്കെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടന്നിരുന്നു എങ്കിലും മാന്യവ്യക്തികളുടെ വീടുകളായിരുന്നു പ്രധാന പരീക്ഷണ ഇടങ്ങൾ (Shapin 1988: 378).

[3] പൊതുജനത്തെ (public) നിർവചിക്കുന്നതിന് അക്കാലത്ത് നടന്ന ലിബറൽ രാഷ്ട്രീയ  വ്യവഹാരങ്ങളിൽ ലബോറട്ടറി സന്ദർശകരുടെ ഛായ പതിഞ്ഞുകിടക്കുന്നു. വിശദമായ ചർച്ചയ്ക്ക് Shapin and Schaffer 1985; Shapin 1994 എന്നീ കൃതികൾ വായിക്കുക.

[4] കോളനികളിൽ നിന്നും ശേഖരിച്ച് യൂറോപ്പിലെത്തപ്പെട്ട സ്പെസിമനുകളും ജ്ഞാനശേഖരങ്ങളും പരീക്ഷണശാസ്ത്രത്തിന്റെ വികാസത്തെ ത്വരിതപ്പെടുത്തിയെന്ന് അധിനിവേശാനന്തര ശാസ്ത്രപഠനങ്ങൾ വിശദമാക്കുന്നു.

[5] ഫ്രഞ്ച് ഭാഷയിലെ പേരിന്റെ ഉച്ചാരണം മലയാളത്തിൽ അതേപോലെ എഴുതാൻ സാധ്യമല്ല എന്നതിനാൽ ‘ബ്രൂണോ ലാറ്റൂർ’ എന്ന പൊതുവെ അംഗീകരിക്കപ്പെട്ട ആംഗലേയ ഉച്ചാരണമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

[6]  മറിച്ച് സൂചിപ്പിക്കുന്നില്ലെങ്കിൽ ആന്ത്രാക്സ് വാക്സിൻ നിർമ്മാണത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് അവലംബം Latour 1983 ആണ്. ‘പ്രവർത്തക-ശൃംഖലാ സിദ്ധാന്തം’ (Actor-Network Theory) വികസിപ്പിക്കുന്നതിനായി സമകാലിക പരീക്ഷണശാലകളിലെ പങ്കാളിത്ത നിരീക്ഷണങ്ങൾക്കൊപ്പം (Latour 1987 ഉദാഹരണം) ബ്രൂണോ ലാറ്റൂർ പഠിച്ച ചരിത്ര സന്ദർഭങ്ങളിൽ പ്രധാനമാണ് ലൂയി പാസ്ചറിന്റെ പരീക്ഷണങ്ങൾ. Latour 1983, 1988, 1999 എന്നിവയാണ് പ്രധാനമായും അദ്ദേഹത്തിന്റെ പാസ്ചർ കേന്ദ്രീകൃത പഠനങ്ങൾ. മലയാളത്തിൽ ലാറ്റൂറിന്റെ പ്രവർത്തക-ശൃംഖലാ സിദ്ധാന്തത്തെക്കുറിച്ച് വായിക്കാൻ  ഇളയിടം 2020 കാണുക. ലാറ്റൂർ ഉപയോഗിക്കുന്ന പല സാങ്കേതിക പദങ്ങളുടെയും മലയാള പരിഭാഷയ്ക്ക് എന്റെ കടപ്പാട് ഈ കൃതിയോടാണ്.

[7] പ്രതിഭാസ വിശകലനത്തിന്റെ (phenomenology) രീതിശാസ്ത്രമായി ഇതിനെ തെറ്റിദ്ധരിക്കരുത്. ലാറ്റൂറിന്റെ ലോകനിർമ്മാണം ഏതെങ്കിലും കേന്ദ്രവിഷയിയെ ആധാരമാക്കുന്നില്ല; കേന്ദ്ര വിഷയികൾ തന്നെ ഉണ്ടായിവരുന്ന, മനുഷ്യരും മനുഷ്യേതരും പങ്കാളികളായ നിർമ്മാണപ്രക്രിയയിലാണ് ലാറ്റൂറിന്റെ ഊന്നൽ.

[8] ആധുനികതയുടെ ഒത്തുതീർപ്പുതന്നെ (modern settlement) യാഥാർത്ഥ്യത്തെ ഈ വിധത്തിൽ വിഭജിച്ചുറപ്പിക്കലാണെന്ന് ലാറ്റൂർ തന്റെ തുടർന്നുള്ള കൃതികളിൽ വിശദമാക്കുന്നുണ്ട്. ആധുനികത ഉറപ്പിക്കുന്ന ഈ പരിപ്രേക്ഷ്യത്തിനുള്ളിൽ നിൽക്കുന്ന നമുക്ക് മനുഷ്യർ നിർമ്മിച്ചെടുത്ത സമൂഹം എന്നൊന്ന് പ്രകൃതിയ്ക്കെതിരെ നിലനിൽക്കുന്നുണ്ടെന്നു തോന്നും. Latour 1993; 1999 എന്നീ കൃതികൾ കാണുക.

[9] വിവിധ വിഭവങ്ങളെ സമാഹരിക്കുകയും പ്രവർത്തക താല്പര്യങ്ങളുടെ വിവർത്തനം (translation), സ്ഥാനാന്തരണം (displacement) എന്നിവ  സാധ്യമാക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയിൽ പരീക്ഷണശാലകളെ ലാറ്റൂർ വിളിക്കുന്നത് ‘കലനകേന്ദ്രങ്ങ’ളെന്നാണ് (centres of calculation). Latour 1987 കാണുക.

[10] പാസ്ചറിന്റെ ലബോറട്ടറി ഒരു ‘നിയാമക സംക്രമണ ബിന്ദു’ (obligatory passage point) ആയി മാറുന്നു എന്ന് ലാറ്റൂർ.

[11] ഇതിനുദാഹരണമാണ് മാക്സ് ബോണുമായുള്ള ശാസ്ത്ര വിവാദത്തിൽ അമ്പേ പരാജയപ്പെട്ടുപോയ സി.വി. രാമന്റെ കഥ (വറുഗീസ് 2018). പാരീസിലെ ‘അരാമിസ്’ എന്ന മെട്രോറെയിൽ പദ്ധതിയെക്കുറിച്ചുള്ള ലാറ്റൂറിന്റെ പഠനം സാങ്കേതിക വിദ്യകൾ ഇതേപോലെ പരാജയപ്പെടുന്നതിന് ഉദാഹരണമാണ് (Latour 1996).

[12] നമ്മൾ ഇവിടെ പരാമർശിക്കുന്ന ഓരോ ഘടകവും (പാസ്ചർ, രോഗാണു, ആന്ത്രാക്സ്, വെറ്റിനറി സയൻസ്, വാക്സിൻ, നൈപുണ്യങ്ങൾ തുടങ്ങിയവ) യഥാർത്ഥത്തിൽ സ്ഥിരത (stability) നേടിയ പ്രവർത്തക-ശൃംഖലാ ഭാഗങ്ങളാണ്. ‘ബ്ലാക് ബോക്സുകൾ’ ആയിട്ടാണ് അവയെ ലാറ്റൂർ വിവക്ഷിക്കുന്നത്. അവ തുറന്നു പരിശോധിച്ചാൽ വീണ്ടും വലക്കെട്ടുകളാണ് കാണുക.

[13]പ്രവർത്തകർ (actors), പ്രവർത്തകങ്ങൾ (actants) എന്നീ സാങ്കേതിക പദങ്ങൾ പരസ്പരം വെച്ചുമാറാവുന്നവയാണ്. സന്ദർഭത്തിനനുസ്സരിച്ച്, താല്പര്യ വിവർത്തനത്തിലേർപ്പെടുന്ന കണ്ണി പ്രവർത്തക(ൻ)യും അതിനു വിധേയമാകുന്ന കണ്ണി പ്രവർത്തകവും ആകും. പാസ്ചർ രോഗാണുവിനെ ഒരു പെട്രി ഡിഷിൽ വളർത്തുമ്പോൾ അദ്ദേഹം പ്രവർത്തകനും ആ വിവർത്തനത്തിനു മെരുങ്ങുന്ന ബാക്ടീരിയകൾ പ്രവർത്തകങ്ങളും ആയി മാറുന്നു. മറിച്ച്, രോഗാണുക്കൾ പാസ്ചറിനെ പിടികൂടുകയാണെങ്കിൽ അവ പ്രവർത്തകരായി പരിഗണിക്കപ്പെടും; പാസ്ചർ പ്രവർത്തകവും. ചിഹ്നശാസ്ത്രത്തിന്റെ (semiotics) സ്വാധീനം ഇതിലൂടെ പ്രവർത്തക-ശൃംഖലാ സിദ്ധാന്തത്തിൽ വെളിപ്പെടുന്നുണ്ട്. A.J. Greimas (1917-1992) നേതൃത്വം നൽകിയ Paris School of Semiotics-ന്റെ ചിഹ്നശാസ്ത്ര നിലപാടുകളോടുള്ള  ലാറ്റൂറിന്റെ കടപ്പാടറിയാൻ Høstaker 2005 നോക്കുക.

[14] ‘പാസ്ചർ’ എന്ന  ഫ്രഞ്ച് വാക്കിന്റെ അർഥം ‘ഇടയൻ’ (pastor)എന്നാണ്.

[15] മറ്റൊരു ഗവേഷകൻ കണ്ടെത്തിയ ഈ സങ്കേതത്തെ കോഴികളിൽ പ്രയോഗിച്ച് വികസിപ്പിക്കുകയായിരുന്നു പാസ്ചർ.

[16] തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങി സെനറ്ററായി മത്സരിച്ച് തോറ്റമ്പിയ ചരിത്രവും പാസ്ചറിനുണ്ട് (Latour 1983: 156).

[17] “മൃഗഡോക്ടർ എവിടെയൊക്കെ എത്തുന്നുവോ, അവിടെനിന്നെല്ലാം ആ ചെറിയ പരാദജീവിക്ക് സ്ഥലം വിടേണ്ടി വന്നു” എന്ന് ലാറ്റൂർ (Latour 1983 : 154). മിഷേൽ സെറസ് (Michel Serres, 1930-2009) എന്ന ഫ്രഞ്ച് തത്വചിന്തകന്റെ ‘പരാദം’ (parasite) എന്ന പരികല്പനയാണ് ഇവിടെ ലാറ്റൂറിന്റെ വാദങ്ങൾക്ക് ഉപോദ്ബലകമാകുന്നത് (Serres 2007).

[18] മിഷേൽ സെറസിൽ നിന്നും സ്വീകരിച്ച, ‘ഭാഗിക-വസ്തുക്കൾ’ (quasi-objects) എന്ന പരികല്പനയാണ് ഭവിക്കുന്നതിനായിട്ടായുന്ന ഈ സവിശേഷ രൂപങ്ങളെ അടയാളപ്പെടുത്താൻ ലാറ്റൂർ ഉപയോഗിക്കുന്നത് (Latour 1993: 53).

[19] ഈ വസ്തുക്കൾ യഥാർത്ഥത്തിൽ നിലവിലുണ്ടോ, അതോ ശാസ്ത്രീയ പരികല്പനകൾ മാത്രമാണോ? ഉദാഹരണത്തിന്, ഇലക്ട്രോണുകൾ ഗവേഷകരുടെ സിദ്ധാന്ത പരിചരണങ്ങൾക്കപ്പുറം മൂർത്ത യാഥാർത്ഥ്യമായി നിലനിൽക്കുന്നുണ്ടോ?  ഈ പ്രശ്നത്തിലേക്കുള്ള ഒരു പ്രധാന സംഭാവന ഇയാൻ ഹാക്കിങിന്റേതാണ് (Hacking 1983). സാമൂഹികമായ  മറ്റനവധി വസ്തുക്കളും (സമയം, ദൈവം, കറൻസി നോട്ട്, കുടുംബം, ദേശം, ലിംഗം, ജാതി  മുതലായവ) ഇതേപോലെ തന്നെയാണ് നിലവിൽ വരുന്നത്.

[20] പത്തൊമ്പതാം നൂറ്റാണ്ടിൽ യഥാർത്ഥമായിരുന്ന phlogiston ഇന്നത്തെ ശാസ്ത്രത്തിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നത് ഉദാഹരണം. സമകാലിക പരീക്ഷണശാലകളിലും രൂപം കൊള്ളാൻ ശ്രമിച്ചു പരാജയപ്പെടുന്ന പദാർത്ഥങ്ങൾ ധാരാളമുണ്ട്.

[21] ‘സോക്കലിന്റെ വികൃതി’യ്ക്കുശേഷം (Sokal’s hoax) രൂപപ്പെട്ട ‘ശാസ്ത്ര-യുദ്ധമെന്ന’ (science war) പേരിലറിയപ്പെടുന്ന വിവാദത്തിൽ ലാറ്റൂർ ഉൾപ്പടെയുള്ള ശാസ്ത്രത്തിന്റെ സാമൂഹികവിജ്ഞാനീയ പഠിതാക്കൾ ആപേക്ഷികതാ വാദികളാണ്  (relativists) എന്ന ആക്ഷേപത്തിനുള്ള മറുപടിയിലാണ് (Latour 1988) തന്റെ നിലപാടുകളെ യാഥാർത്ഥ്യ-നിർമ്മിതി വാദമെന്ന നിലയിൽ അദ്ദേഹം കൂടുതൽ വിശദമാക്കുന്നത്.

[22]  ജ്ഞാനസിദ്ധാന്തം/ഭവശാസ്ത്രം (epistemology/ontology) എന്ന ദാർശനിക വിഭജനവും ഇവിടെ റദ്ദാകുന്നു.

[23] ലബോറട്ടറി തന്നെ ഇത്തരം നിരവധി വിവർത്തനങ്ങളിലൂടെ ശക്തമായ പ്രവർത്തക-ശൃംഖലയുടെ മൂർത്തീ ഭാവമാണ്. റോബർട്ട് ബോയലിന്റെയും റോബർട്ട് ഹൂക്കിന്റെയും കാലത്താണ് അതിന്റെ ശൃംഖലാ നിർമ്മാണം നടക്കുന്നത് എന്ന് നമ്മൾ തുടക്കത്തിൽ കണ്ടു.

Comments

comments