‘ശാസ്ത്രീയ രീതി’ (scientific method) എന്നൊന്നിനെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞർ വസ്തുനിഷ്ഠമായി അറിവുത്പാദിപ്പിക്കുന്നത് എന്ന കേവലശാസ്ത്രവാദപരമായ നിലപാട് തത്വചിന്തകരുടെ നിർമ്മിതിയാണ് എന്നതാണ് രസകരം. ശാസ്ത്ര പരീക്ഷണഘട്ടത്തിൽ ഉപയോഗിക്കപ്പെടുന്ന നടപടികൾക്കും അവയുടെ രീതിക്രമങ്ങൾക്കും (protocols and procedures) അതിൽനിന്നും വ്യത്യസ്തമായ സ്വഭാവമാണുള്ളത് എന്ന് ലബോറട്ടറിയിൽ ഗവേഷകരുടെ ദൈനംദിനപ്രവൃത്തികൾ നിരീക്ഷിച്ചു പഠിച്ചവർ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണശാലയിൽ നടക്കുന്ന സങ്കീർണമായ പരിശ്രമങ്ങളിലൂടെ തെറ്റിയും തിരുത്തിയും മുന്നേറുന്ന (trial and error method) ശാസ്ത്രപരീക്ഷണം പക്ഷെ പ്രബന്ധരൂപത്തിലേക്കെത്തുമ്പോൾ ആഖ്യാനം രേഖീയമാകുകയും പരീക്ഷണഘട്ടത്തിലെ സങ്കീർണ്ണതകൾ അപ്രത്യക്ഷമാകുകയും ചെയ്യും. അതായത്, പരീക്ഷണഫലങ്ങൾ സാങ്കേതിക പ്രബന്ധമായി പ്രസിദ്ധീകരിക്കുമ്പോൾ, പരീക്ഷകർതന്നെ തങ്ങളുടെ പരീക്ഷണത്തെ വസ്തുനിഷ്ഠമായി പ്രകൃതിസത്യങ്ങളെ അനാവരണം ചെയ്യുന്ന രീതിയായിട്ടാണ് അവതരിപ്പിക്കാൻ ശ്രമിക്കുക. സാങ്കേതികവിനിമയത്തിനുതകുന്ന സാഹിത്യരൂപത്തെക്കുറിച്ച് ശാസ്ത്രസമൂഹത്തിൽ ചരിത്രപരമായി രൂപപ്പെട്ടിട്ടുള്ള ധാരണകൾക്കും കീഴ്-വഴക്കങ്ങൾക്കും അനുസരിച്ചാണ് ഓരോ ഗവേഷണ പ്രബന്ധവും തയ്യാറാക്കപ്പെടുന്നത് എന്നതിനാലാണിത്. എന്നാൽ ശാസ്ത്രീയരീതിയെക്കുറിച്ച് ഗവേഷക സമൂഹത്തിനുള്ളിൽ നിലനിൽക്കുന്ന ഈ ജ്ഞാനധാരണകൾക്ക് ശാസ്ത്രീയ രീതിയെക്കുറിച്ചുള്ള കേവലശാസ്ത്രവാദപരമായ പ്രസ്താവനകളോട് കാര്യമായ ചാർച്ചയില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.1
പരീക്ഷണത്തിന്റെ തുടക്കം മുതൽ നടത്തുന്ന എഴുത്തും വരപ്പും തിരുത്തിയും നന്നാക്കിയും പ്രബന്ധത്തിൽ പ്രത്യക്ഷപ്പെടുന്നതുവരെയുള്ള പരിണാമം ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാകും. ‘ശാസ്ത്രീയരീതി’, ഒരു സാഹിത്യ തന്ത്രമായിട്ടാണ് (literary trope) സാങ്കേതിക പ്രബന്ധത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനൊരുദാഹരണം കരീൻ നോർ-സെറ്റിന എന്ന ശാസ്ത്രസാമൂഹികതാ ഗവേഷക നൽകുന്നത് ശ്രദ്ധിക്കുക (ചിത്രീകരണം 1, 2, 3) (Knorr-Cetina 1981: 119-121). പ്രബന്ധരചന പരീക്ഷണത്തിന്റെ ആരംഭം മുതൽതന്നെ പരീക്ഷണശാലയിൽ നടക്കുന്ന ദൈനംദിന പ്രവൃത്തി ആയതിനാൽ, ഈ സാഹിത്യതന്ത്രം പരീക്ഷണത്തിന്റെ ഓരോ ഘട്ടത്തിലും അതിന്റെ ഊന്നലുകൾ, പ്രതീക്ഷിക്കുന്ന ഫലങ്ങൾ, പ്രയോഗിക്കുന്ന തന്ത്രങ്ങൾ എന്നിവയെ സാരമായി സ്വാധീനിക്കുന്നുണ്ട് എന്ന് ലബോറട്ടറി പഠിതാക്കൾ ഉദാഹരണങ്ങളിലൂടെ സമർത്ഥിക്കുന്നു.2
അതായത്, ശാസ്ത്രജ്ഞർ പ്രായോഗിക യുക്തിയോടൊപ്പം (practical reasoning) സാഹിത്യയുക്തിയും (literary reasoning) ഗവേഷണങ്ങളിൽ ഉടനീളം ഉപയോഗിക്കുന്നുണ്ട് (Knorr-Cetina 1981). ഒപ്പം തന്നെ, അതാത് ഗവേഷണമേഖലകളിൽ തങ്ങളോടു മത്സരിക്കുന്ന മറ്റു പരീക്ഷകസംഘങ്ങളുടെ നീക്കങ്ങളെക്കുറിച്ചുള്ള വേവലാതികളും, സാമ്പത്തിക വിഭവങ്ങൾ ആർജ്ജിക്കാനുള്ള തന്ത്രങ്ങളും പുതുതായി കൈവരുന്ന പരീക്ഷണോപകരണങ്ങളും പരീക്ഷണഫലങ്ങൾ പരിശോധിക്കുമ്പോൾ
ചിത്രം 1: പരീക്ഷണഘട്ടത്തിൽ ഗവേഷക എഴുതിയ കുറിപ്പ് (Knorr-Cetina 1981: 119)
ചിത്രം 2: എഴുതിയത് വെട്ടിയും തിരുത്തിയും പരീക്ഷണഘട്ടത്തിൽ ഫ്ലോ ചാർട്ട് വികസിപ്പിക്കുന്നതിൽ ഒരു ഘട്ടം (Knorr-Cetina 1981: 120)
ചിത്രം 3: പ്രബന്ധത്തിന്റെ കരടുപ്രതിയിൽ ‘രീതികൾ’ (Methods) എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട ഫ്ലോ ഡയഗ്രം; മുൻ ചിത്രങ്ങളിൽ നമ്മൾ കണ്ട സങ്കീർണ്ണതകൾ മുഴുവൻ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു! (Knorr-Cetina 1981: 121)
നിരൂപകർ (peer reviewers) ഉന്നയിക്കാൻ പോകുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഫണ്ടിങ് ഏജൻസിയുടെ താല്പര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളും തങ്ങൾ രൂപപ്പെടുത്തുന്ന അറിവിന്റെ പ്രയോജനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളുമൊക്കെ പരീക്ഷണശാലയിലെ പ്രയോഗങ്ങളെ (practices) സ്വാധീനിക്കുന്നുണ്ട് (അതേ കൃതി).3 അതായത്, ഒരേ പരീക്ഷണത്തിൽത്തന്നെ വ്യത്യസ്തമായ നിരവധി യുക്തികൾ ഗവേഷകർ ഒരേസമയം ഉപയോഗിക്കുന്നുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ട സാങ്കേതിക പ്രബന്ധത്തിലാവട്ടെ ഇതിൽനിന്നും വിഭിന്നമായി, രേഖീയമായി പുരോഗമിക്കുന്ന ലളിതവത്കൃതമായ പ്രക്രിയയായിട്ടാണ് പരീക്ഷണങ്ങളും അവയിലൂടെ അനാവരണം ചെയ്യപ്പെട്ട, പ്രകൃതിയെക്കുറിച്ചുള്ള ശാസ്ത്രീയ സത്യവും രേഖപ്പെടുത്തപ്പെടുന്നത്.4 ശാസ്ത്രീയ ഗവേഷണങ്ങളുടെ മൂല്യനിരൂപണഘട്ടത്തെ (context of justification) ജ്ഞാനസിദ്ധാന്താന്വേഷണങ്ങൾക്കുപയോഗിക്കുന്ന ലോജിക്കൽ പോസിറ്റിവിസ്റ്റുകളും കാൾ പോപ്പറും ഉൾപ്പടെയുള്ള ആദ്യകാല ശാസ്ത്രദാർശനികരാണ് പ്രബന്ധത്തിൽ പ്രത്യക്ഷപ്പെടുന്ന ആഖ്യാനത്തെ ആധാരമാക്കി ‘ശാസ്ത്രീയ രീതി’ എന്നൊന്ന് സയൻസിനെ മൊത്തം നിർണ്ണയിക്കുന്ന തരത്തിൽ (ഫിസിക്സാണ് അവരെ സംബന്ധിച്ചിടത്തോളം സയൻസിന്റെ പൊതുമാതൃക) പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടത്. ശാസ്ത്രത്തിനുള്ളിൽ ഗവേഷണ വിഷയങ്ങളുടെയോ, വിജ്ഞാനശാഖകളുടെയോ, ഗവേഷക സമുദായങ്ങളുടെയോ, ലബോറട്ടറികളുടെയോ, പരീക്ഷണ വിഷയങ്ങളുടെയോ പ്രയോഗങ്ങളുടെയോ വൈവിധ്യം നിലനിൽക്കുന്നത് യുക്തിഭദ്രമായ ഒരു സാർവജനീന ‘രീതി’ സയൻസിനുണ്ടെന്നു സങ്കൽപ്പിക്കാൻ അവർക്ക് തടസ്സമാകുന്നില്ല. ശാസ്ത്രത്തിന്റെ സാമൂഹികതാ പഠനരംഗത്തെ ‘ലബോറട്ടറി പഠനങ്ങൾ’ (laboratory studies) എന്ന ജ്ഞാനശാഖ നമുക്ക് നൽകുന്നത് പക്ഷെ, മറ്റൊരു ചിത്രമാണ്.
പ്രയോഗസന്ദർഭവും അറിവുനൈപുണ്യങ്ങളും
പരീക്ഷണശാലയിൽ പ്രായോഗിക പ്രവർത്തനങ്ങളുടെ സങ്കീർണതയെ ഒരു പൊതു ശാസ്ത്രീയ രീതിയിലേക്ക് ന്യൂനീകരിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുന്ന നിരീക്ഷണമാണ് ചിലയിനം നൈപുണ്യങ്ങളും (skills) നടപടിക്രമങ്ങളും (protocols and procedures) ശാസ്ത്രീയ ഗവേഷണ പങ്കാളികൾക്കിടയിൽ വിനിമയം ചെയ്യപ്പെടുന്നത് ബോധപൂർവ്വമല്ല എന്ന തിരിച്ചറിവ്. വാചികമായോ എഴുത്തിലൂടെയോ ഗവേഷകർക്ക് പരസ്പരം വിനിമയം ചെയ്യാനാവാത്ത ജ്ഞാനഘടകങ്ങൾ കൂടി ഉൾപ്പെട്ടതാണ് പരീക്ഷണഘട്ടത്തിലെ പ്രക്രിയകൾ എന്നാണ് ഹാരി എം. കോളിൻസ് (Harry M. Collins)
ഉദാഹരണ സഹിതം വിശദമാക്കുന്നത്.5 അതായത് ശാസ്ത്രവിനിമയത്തിന് വഴങ്ങാത്തതും, ശാസ്ത്രീയ രീതിയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെത്തന്നെ തകർക്കുന്നതും, ശാസ്ത്രപരീക്ഷണങ്ങളുടെ പ്രായോഗിക പരിശീലന സന്ദർഭങ്ങളിൽ ഉള്ള പങ്കാളിത്തത്തിലൂടെ മാത്രം ആർജ്ജിച്ചെടുക്കാനാവുന്നതുമായ അറിവു നൈപുണ്യങ്ങൾ (skills) സയൻസിന്റെ അകക്കാമ്പായി പ്രവർത്തിക്കുന്നുണ്ട്. പ്രയോഗികപരിശീലനത്തിലൂടെ അല്ലാതെ പങ്കുവെയ്ക്കാനാവാത്ത ഇത്തരം അറിവുകളെ ‘ലീനജ്ഞാനം’ (tacit knowledge) എന്ന് ആദ്യമായി വിളിച്ചത് മിഖായേൽ പൊളാനി
(Michael Polanyi, 1891-1976) എന്ന ശാസ്ത്ര ദാർശനികനാണ്.6 നമ്മൾ സൈക്കിൾ ചവിട്ടാനോ നീന്താനോ പഠിക്കുമ്പോൾ നമ്മുടെ ഉടലിലേക്ക് ആ അറിവ് സ്വാംശീകരിക്കപ്പെടുകയാണല്ലോ. തപാൽ മാർഗം സൈക്കിൾ കയറ്റം പഠിച്ചെടുക്കാൻ പറ്റില്ല. കാരണം, സൈക്കിൾ ചവിട്ടാൻ ആവശ്യമായ കാര്യങ്ങളും അതു പഠിക്കാനുള്ള രീതികളും വിശദമായി വായിച്ചു പഠിച്ചാലൊന്നും സൈക്കിൾ ബാലൻസ് നിങ്ങൾക്ക് കരഗതമാവില്ല. ഓടിക്കാൻ പഠിക്കണമെങ്കിൽ സൈക്കിളെടുത്ത് ചവിട്ടി നോക്കി പരിശീലിച്ചേ പറ്റൂ; നിരന്തരമായ പരിശീലനത്തിലൂടെ തെറ്റിയും തിരുത്തിയും മുന്നേറുകവഴി ഉടലിൽ ആർജ്ജിക്കുന്ന നൈപുണ്യമായേ (‘മെയ്വഴക്കം’) അത് ലഭ്യമാകുന്നുള്ളൂ (Collins 1985: 56).7 ഇപ്രകാരം വിനിമയം ചെയ്യാനാവാത്ത അറിവുകളെ മറ്റു പലരൂപങ്ങളിലും നിത്യജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നുണ്ട്. പരിചയമില്ലാത്ത ഒരു സ്ഥലത്ത് നിങ്ങൾ ഒരാളോട് വഴി ചോദിക്കുന്നു എന്നിരിക്കട്ടെ; വഴി വിശദമായി പറഞ്ഞുകേട്ടാലും, ആ നിർദ്ദേശങ്ങൾ അതേപടി പിന്തുടർന്നാലും നിങ്ങൾക്ക് വഴിതെറ്റാൻ തന്നെയാണ് സാധ്യത: മറ്റേയാൾ തന്റെ നിത്യശീലങ്ങളിൽ കൂടി ആർജ്ജിച്ച ഭൂപ്രദേശ സംബന്ധിയായ പശ്ചാത്തല ജ്ഞാനം നിങ്ങൾക്കില്ല എന്നതിനാൽ തന്നെ. വലത്തോട്ട് തിരിയാൻ പറഞ്ഞയിടത്ത് നിങ്ങൾ ഒരു പക്ഷെ കാണുക മൂന്നു വ്യത്യസ്ത പാതകളായിരിക്കും. അതിലേതാണ് വഴിപറഞ്ഞുതന്നയാൾ ‘വഴി’യായി പരിഗണിക്കുന്നതെന്ന് ആ നാട്ടുകാരിയല്ലാത്ത നിങ്ങൾക്ക് മനസ്സിലാവണമെന്നില്ല. മിക്ക പ്രായോഗിക സന്ദർഭങ്ങളിലും (കലാപ്രവർത്തനങ്ങൾ, കൈപ്പണികൾ, ഭാഷാപഠനം, കലനം, തുടങ്ങിയവ) ലീനജ്ഞാനം ഉള്ളടങ്ങിയിരിക്കുന്നു എന്നു കാണാം.
സയൻസ് ലീനജ്ഞാനത്തിലധിഷ്ഠിതമാണ് എന്നതിനാൽ പോസിറ്റിവിസ്റ്റുകൾ കരുതുന്നതുപോലെ ‘ശാസ്ത്രീയരീതി’യുടെ അടിസ്ഥാനത്തിൽ സയൻസിനെ മനസ്സിലാക്കാനാവില്ല എന്നാണ് പോളാനി വാദിച്ചത് (Polanyi 1962).8 ലീനജ്ഞാനത്തെ ലബോറട്ടറിയിലെ ജ്ഞാനോല്പാദന പ്രവർത്തനങ്ങളെ വിശകലനം ചെയ്യാൻ സഹായിക്കുന്ന ഒരു പരികല്പനയായി വികസിപ്പിക്കുകയാണ് കോളിൻസ് ചെയ്യുന്നത്. ഗവേഷകരുടെ വ്യക്തിപരമായ ഇടപഴകലിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും മാത്രമേ ലീനജ്ഞാനത്തിന്റെ വിനിമയം (communication) സാധ്യമാകൂ എന്ന തിരിച്ചറിവ് (Collins 1985; 2001), മുൻകൂട്ടി രൂപപ്പെടുത്തിയ രീതിസംബന്ധിയായ നിയമങ്ങൾക്കുള്ളിലാണ് ശാസ്ത്രീയജ്ഞാനപ്രവർത്തനങ്ങൾ പൂർണ്ണമായും നടക്കുന്നത് എന്ന ധാരണയെ പൊളിക്കുന്നു. ഒരു പ്രബന്ധത്തിലൂടെയോ മറ്റേതെങ്കിലും ശാസ്ത്ര വിനിമയമാർഗ്ഗത്തിലൂടെയോ ലീനജ്ഞാനം കൈമാറപ്പെടുന്നില്ല.9
ലീനജ്ഞാനം പരീക്ഷണശാലയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഭൂഗുരുത്വബലതരംഗങ്ങളെ പഠിക്കുന്ന ഭൗതികശാസ്ത്രജ്ഞർക്കിടയിൽ (gravitational wave physicists) ഹാരി കോളിൻസ് നടത്തിയ പങ്കാളിത്ത നിരീക്ഷണങ്ങളെ ആസ്പദമാക്കി മനസ്സിലാക്കാൻ നമുക്കു ശ്രമിക്കാം.10 ഭൂഗുരുത്വ തരംഗങ്ങളെ തിരിച്ചറിയാൻ ശേഷിയുള്ള ലേസർ-ഇന്റർഫെറോമീറ്റർ അധിഷ്ഠിത ഭൂഗുരുത്വ തരംഗമാപിനികളിലെ (Laser-interferometer gravitational wave detectors) സൂക്ഷ്മസംവേദിനികൾ (‘mirrors’; ‘കണ്ണാടി’ എന്നുതന്നെ നമുക്കും വിളിക്കാം) നിർമ്മിക്കാൻ ഏറ്റവും മികച്ച പദാർത്ഥം എന്താണ് എന്ന അന്വേഷണത്തിലായിരുന്നു ഗവേഷകർ. ദർപ്പണ നിർമ്മാണത്തിന് അനുയോജ്യമായ പദാർത്ഥത്തിനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണം, അത് കമ്പനം ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുരണനങ്ങൾ (resonances) കൂടുതൽ സമയം നീണ്ടുനിൽക്കണം എന്നതാണ്. ഈ അനുരണനങ്ങൾ പെട്ടന്ന് ക്ഷയിക്കാതിരുന്നാൽ മാത്രമേ ഭൂഗുരുത്വതരംഗങ്ങളെ രേഖപ്പെടുത്തുമ്പോൾ അവയുടേതുമായി കണ്ണാടിയുടെ കമ്പനത്തിന്റെ ആവൃത്തി കലർന്നുപോകാതിരിക്കുകയുള്ളൂ. ഈ ഗുണമേന്മാ മാത്രയെ ‘ക്യൂ’ (‘Q’; ‘quality factor’ എന്നതിന്റെ ചുരുക്കപ്പേര്) എന്നാണ് വിളിക്കുന്നത്. ‘ക്യൂ’-മാത്ര തീവ്രമായ പദാർഥങ്ങളാണ് കണ്ണാടിനിർമ്മാണത്തിനനുയോജ്യം. പദാർത്ഥത്തിന്റെ സ്വാഭാവിക ആമ്പ്ളിറ്റ്യുഡിന്റെ പകുതിയായി അനുരണനങ്ങൾ ക്ഷയിക്കാൻ എടുക്കുന്ന സമയമാണ് ‘ക്യൂ’. മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വ്ളാഡിമിർ ബ്രാഗിൻസ്കിയുടെ (Vladimir Braginsky) നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഗവേഷണസംഘമാണ് 1985ൽ ഇന്ദ്രനീലക്കല്ലിന്റെ (sapphire) പരലുകൾക്ക് ഉയർന്ന ‘ക്യൂ’ ഉണ്ടെന്ന് ആദ്യമായി അവകാശപ്പെട്ടത്.
ഈ കണ്ടുപിടുത്തം ഭൂഗുരുത്വതരംഗ മാപിനി നിർമ്മിക്കാൻ ശ്രമിച്ചിരുന്ന മറ്റു പരീക്ഷകസംഘങ്ങളെ11 റഷ്യൻ ഗവേഷകർ വികസിപ്പിച്ച രീതി ഉപയോഗിച്ച് ഇന്ദ്രനീലത്തിന്റെ ക്യൂ അളക്കാൻ പ്രേരിപ്പിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, റഷ്യൻ മാപനരീതി കൃത്യമായി പിന്തുടർന്നിട്ടും അവർക്കാർക്കും ഉയർന്ന ക്യൂ ലഭിച്ചില്ല. റഷ്യൻ ഗവേഷകർക്കു ലഭിച്ച ക്യൂ അളവ് സാധാരണ താപനിലയിൽ 4×108 ആയിരുന്നെങ്കിൽ, മറ്റാർക്കും 5×107ൽ കൂടുതൽ അളക്കാനായില്ല. ശാസ്ത്ര പരീക്ഷണങ്ങളുടെ ഒരു പ്രധാന ഗുണം അവയുടെ ‘അവർത്തനക്ഷമത’ (replicability) ആണെന്നാണല്ലോ വെയ്പ്.12 അപ്പോൾ പിന്നെ, റഷ്യൻ ഗവേഷകർ നടത്തിയെന്നവകാശപ്പെട്ട പരീക്ഷണം അവർത്തനക്ഷമമല്ലെങ്കിൽ, അതിന്റെ ‘ശാസ്ത്രീയത’യെ സംശയിക്കണം. ശീതയുദ്ധത്തിന്റെ കാലാവസ്ഥ നിലനിൽക്കുന്നതിനാൽതന്നെ റഷ്യൻ ഗവേഷകരെ പാശ്ചാത്യ ഗവേഷകർക്ക് ഏളുപ്പം ശങ്കിക്കാനും കഴിയും.13 ആദ്യഘട്ടത്തിൽ പലരും അങ്ങനെ സംശയിച്ചുവെങ്കിലും റഷ്യൻ ഗവേഷകരുടെ പരീക്ഷണത്തെ അത്രയെളുപ്പത്തിൽ തള്ളിക്കളയാതിരിക്കാൻ തക്ക കാരണങ്ങളുമുണ്ടായിരുന്നു; ഭൂഗുരുത്വതരംഗ ഭൗതികത്തിലെ നിലവിലുള്ള ജ്ഞാനധാരണകൾക്കും പ്രയോഗരീതികൾക്കും അനുസരിച്ചായിരുന്നു റഷ്യൻ പരീക്ഷണം നടന്നത്. ഉയർന്ന അളവിൽ ക്യൂ തെറ്റി രേഖപ്പെടുത്തുന്നത് താഴ്ന്ന അളവുകളിൽ തെറ്റായ ക്യൂ കിട്ടുന്നതിനേക്കാളും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുതാനും. തങ്ങളുടെ അളക്കൽ പരീക്ഷണത്തിൽ അനേകം സങ്കേതങ്ങൾ (techniques) വിജയകരമായി കൂട്ടിയിണക്കി വ്യൂഹത്തിൽ (system) നിന്നുള്ള ഊർജ്ജനഷ്ടം പരമാവധി തടയാൻ റഷ്യൻ ഗവേഷകർക്കു സാധിച്ചതിനാലാണ് ഉയർന്ന ക്യൂ-മാത്ര അവർക്ക് ലഭിച്ചത് എന്ന് മനസ്സിലാക്കാനായത് റഷ്യക്കാരെ വിശ്വാസത്തിലെടുക്കാനും തങ്ങളുടെ പരീക്ഷണാവർത്തന ശ്രമങ്ങളിൽ എന്തോ കുഴപ്പമുണ്ടെന്നു ചിന്തിക്കാനും മറ്റു ഗവേഷണസംഘങ്ങളെ പ്രേരിപ്പിച്ചു. റഷ്യക്കാരുടെ കൈവശമുള്ള ഇന്ദ്രനീലത്തിന്റെ പരലുകൾ തങ്ങളുടെ കയ്യിലുള്ളവയെക്കാളും ഗുണമേന്മയുള്ളതായതിനാലാവും ഉയർന്ന ക്യൂ ലഭിച്ചതെന്ന സംശയവുമവർക്കുണ്ടായി. മോസ്കോ സ്റ്റേറ്റ് സർവ്വകലാശാലയിലെ മുൻ ഗവേഷണങ്ങൾ പാശ്ചാത്യ ശാസ്ത്രജ്ഞർക്ക് നല്ല പരിചയമുണ്ടായിരുന്നു എന്നതും, ക്യൂ പരീക്ഷണ സംഘത്തിന്റെ തലവനായ വ്ലാഡിമിർ ബ്രാഗിൻസ്കി ലേസർ ഇന്റർഫെറോമീറ്റർ അധിഷ്ഠിത ഭൂഗുരുത്വ തരംഗമാപിനി നിർമ്മാണരംഗത്തെ അതികായനായിരുന്നു എന്നതും അവരുടെ മാപനത്തെ അവിശ്വസിക്കാതിരിക്കാൻ കാരണമായി.14
അതേസമയംതന്നെ, എന്തുകൊണ്ടാണ് തങ്ങൾ പലതവണ പരിശ്രമിച്ചിട്ടും പരീക്ഷണം വിജയകരമായി ആവർത്തിക്കാൻ (replication) കഴിയാത്തത് എന്ന് ഗവേഷകർക്ക് തിരിച്ചറിയാനായില്ല. റഷ്യൻ ശാസ്ത്രഗവേഷകർ കണ്ടെത്തിയതുപോലെ ഉയർന്ന ക്യൂ പരീക്ഷണഫലമായി കിട്ടാനുള്ള സാധ്യത അംഗീകരിച്ച മറ്റു പരീക്ഷകർ തങ്ങളുടെ പരീക്ഷണങ്ങളിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതൊക്കെ പാഴായിപ്പോയി. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഗ്ലാസ്ഗോയിലെ ഗവേഷക സംഘം മോസ്കോയിലെ പരീക്ഷണശാല സന്ദർശിക്കാൻ തീരുമാനിക്കുന്നത്. ഒരാഴ്ച അവിടെ ചിലവഴിച്ച് പരീക്ഷണവൈദഗ്ധ്യം നേടാൻ അവർ ശ്രമിച്ചു. അതിനുശേഷം റഷ്യൻ സംഘത്തിലെ ‘ചെക്കോവ്’ എന്ന ഗവേഷകൻ ഗ്ലാസ്ഗോ ലബോറട്ടറിയിൽ എത്തി പരീക്ഷണങ്ങൾ ആവർത്തിച്ചു. രണ്ടിടത്തും ആദ്യപരീക്ഷണത്തിലെ ഉയർന്ന ക്യൂ അവർക്ക് ലഭിച്ചില്ലെങ്കിലും, റഷ്യൻ സംഘത്തിന്റെ പരീക്ഷണം പൂർണ്ണമായും വിശ്വാസ്യയോഗ്യമാണെന്ന് ഗ്ലാസ്ഗോയിലെ ഗവേഷകർക്ക് ആ ഇടപഴകലിൽകൂടി മനസ്സിലായി. റഷ്യൻ ഗവേഷകരുടെ പരീക്ഷണസൂക്ഷ്മതയും അവർക്ക് അതിൽ ആർജ്ജിക്കാനായ കരവിരുതുമാണ് ഉയർന്ന അങ്കനത്തിനു കാരണം എന്നവർ തിരിച്ചറിഞ്ഞു. പരീക്ഷണത്തിന്റെ ആവർത്തനം അവർ തുടർന്നെങ്കിലും ക്യൂ-മാത്ര താഴ്ന്നു തന്നെ നിന്നു. ഇതേത്തുടർന്ന് ചെക്കോവ് 1999ലെ വേനൽക്കാലത്തു വീണ്ടും ഗ്ലാസ്ഗോ ലബോറട്ടറി സന്ദർശിച്ചപ്പോൾ നടത്തിയ പരീക്ഷണങ്ങൾ പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ വിജയിച്ചു തുടങ്ങി. തുടർന്ന് റഷ്യൻ സാന്നിധ്യം ഇല്ലാതെ തന്നെ അവർക്ക് പരീക്ഷണം വിജയകരമായി ആവർത്തിക്കാൻ സാധിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് അളക്കൽ പരീക്ഷണം തുടർച്ചയായി നാലുവർഷങ്ങളോളം പരാജയപ്പെട്ടതിനു ശേഷം, റഷ്യൻ പരീക്ഷകരോട് സഹകരിച്ചു പ്രവർത്തിച്ചു തുടങ്ങിയപ്പോൾ വിജയകരമായത്? എഴുത്തുകുത്തിലൂടെയോ സംഭാഷണങ്ങളിലൂടെയോ പകർന്നു നല്കാനാവാത്ത ഏതോ ജ്ഞാനഘടകങ്ങൾ പരീക്ഷണത്തിൽ ഉള്ളടങ്ങിയിരിക്കുന്നു എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? ഈ ലീനജ്ഞാനം കൈമാറാനാവുന്നത് ഒരുമിച്ചു നടത്തുന്ന പ്രായോഗിക പരിശ്രമങ്ങളിലൂടെ മാത്രമാണ്. തെറ്റിയും തിരുത്തിയും കൈവഴക്കമായി മാറുന്ന ജ്ഞാനമാണത്. സൈക്കിളോടിക്കുന്നവളുടെ ശരീരത്തിലാണ് ബാലൻസ് എന്ന് പറയുന്നതുപോലെതന്നെ.
അഞ്ചുമുതൽ പത്ത് സെന്റിമീറ്റർ വരെ നീളവും ഒന്ന് മുതൽ പത്ത് സെന്റിമീറ്റർ വരെ ചുറ്റളവുമുള്ള സിലണ്ടറാകൃതിയിലുള്ള ഇന്ദ്രനീലക്കല്ലിന്റെ പരലിനെ (crystal) അതിന്റെ മധ്യഭാഗത്ത് ഒരു നേർത്ത നാരിൽ (fibre) ബാലൻസുചെയ്ത് ശൂന്യപേടകത്തിൽ (vacuum chamber) തൂക്കിയിട്ട് വൈദ്യുതിയുടെ സഹായത്തോടെ കമ്പനം ചെയ്യിപ്പിച്ചാണ് ക്യൂ-മാപന പരീക്ഷണം നടന്നത്. തുടർന്ന്, അനുരണനങ്ങൾ പകുതിയായി ക്ഷയിക്കുമ്പോൾ അതിന്റെ അളവ് രേഖപ്പെടുത്തും.15 പരലിൽ നിന്നും മറ്റു മാർഗങ്ങളിൽ കമ്പനോർജ്ജം നാരിൽക്കൂടി ചോർന്നു പോകാതിരിക്കണമെങ്കിൽ പരലിന്റെയും നാരിന്റെയും ആവൃത്തികൾ തമ്മിൽ ചേർച്ചയുണ്ടാകാൻ പാടില്ല. പരൽ സിലണ്ടറിനും അതിനെചുറ്റുന്ന നാരിനുമിടയിലും നാരിനും അത് തൂക്കിയിടുന്ന കൊളുത്തിനുമിടയിലും ഘർഷണത്തിലൂടെ ഊർജ്ജനഷ്ടമുണ്ടാകാതിരിക്കാനും ചില സങ്കേതങ്ങൾ ആവശ്യമായി വരുന്നു. ശൂന്യപേടകത്തിൽ അവശേഷിക്കുന്ന വായുതന്മാത്രകൾ പരലിന്റെ അനുരണനക്ഷമത കുറയ്ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ പലവിധത്തിൽ പരീക്ഷണ വ്യൂഹത്തിൽനിന്നും സംഭവിക്കാവുന്ന ഊർജ്ജനഷ്ടം തടയുന്നതിലാണ് ഗവേഷകരുടെ മിടുക്ക് തെളിയേണ്ടത്. പരൽ തൂക്കിയിടുന്ന നാരിന്റെ നീളം ക്രമീകരിക്കുക, പരീക്ഷണത്തിനായി നാര് പാകപ്പെടുത്തിയെടുക്കുക തുടങ്ങി നൂറുകണക്കിന് കാര്യങ്ങളിലുള്ള സൂക്ഷ്മമായ നൈപുണ്യാർജനത്തിലൂടെയേ പരീക്ഷണം വിജയിപ്പിക്കാനാവൂ. ഒരു പ്രാവശ്യം പരീക്ഷണം വിജയിച്ചാൽപ്പോലും അടുത്തതവണ വിജയം ആവർത്തിക്കുകയെന്നത് അതുകൊണ്ടുതന്നെ ദുഷ്കരമാണ്. ക്ഷമയോടെയും കരുതലോടെയും ഈ കരവിരുതുകളിലേക്ക് ശരീരത്തെ വഴക്കിയെടുക്കുക എന്നത് ഏറെ ശ്രമകരമാണ്. നിരന്തരമായ പ്രയോഗികപരിശീലനത്തിലൂടെ മാത്രമേ ഈ ജ്ഞാനനൈപുണ്യങ്ങൾ ആർജ്ജിച്ചെടുക്കാനാവൂ; ഗവേഷകയുടെ ‘മെയ്യ് കണ്ണാകണം’ എന്ന് ചുരുക്കം! ലീനജ്ഞാനമെന്നനിലയിൽ വിനിമയം ചെയ്യാൻ ഏറ്റവും പ്രയാസമേറിയത് ഇത്തരം നൈപുണ്യങ്ങളാണ്.
എന്നാൽ, പ്രായോഗിക പ്രവർത്തനങ്ങളിലേർപ്പെടുന്നതിലൂടെ റഷ്യയിലെയും ഗ്ലാസ്ഗോയിലെയും ഗവേഷകർക്കിടയിൽ കൈമാറപ്പെടുന്ന മറ്റിനം ലീനജ്ഞാനങ്ങളുമുണ്ട്. വഴി പറഞ്ഞുകൊടുക്കുന്ന ഉദാഹരണത്തിലുള്ളതിനു സമാനമായ സന്ദിഗ്ധതകളാണവ. നാരിന്റെ നീളം, അത് തൂക്കിയിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയൊന്നും വിനിമയപ്രാധാന്യമുള്ളവയായി ഗവേഷകർ തിരിച്ചറിയണമെന്നില്ല; അതുകൊണ്ടുതന്നെ ഈ സൂക്ഷ്മവിവരങ്ങൾ പ്രബന്ധങ്ങളിലോ ഗവേഷക സംഘങ്ങൾക്കിടയിലുള്ള സാങ്കേതിക സംഭാഷണങ്ങളിലോ പ്രത്യക്ഷപ്പെടുകയില്ല. ഇവ പ്രധാനമാണെന്ന് തിരിച്ചറിയുന്നത് പ്രയോഗസന്ദർഭത്തിലുള്ള പരസ്പരവിനിമയത്തിലൂടെ മാത്രമാണ്. ക്രിസ്റ്റൽ സിലിണ്ടർ തൂക്കിയിടാനുള്ള നാരിനെ പാകപ്പെടുത്തിയെടുക്കുന്നത് ഇത്തരമൊരു സന്ദർഭമായിരുന്നു. ചീനപ്പട്ടിന്റെ നാരാണ് ഏറ്റവും നന്ന്.16 എന്നാൽ ഈ നാരിനെ ഘർഷണരഹിതമാക്കാനായി കൊഴുപ്പുപയോഗിച്ച് മിനുക്കിയെടുക്കേണ്ടതുണ്ടായിരുന്നു. “The presence of a fatty film (eg., pork fat) at the points of contact between the suspension fibre and the resonator [പരൽ] is important”17 എന്നുമാത്രമാണ് ഈ പരിചരണത്തെക്കുറിച്ച് റഷ്യൻ ഗവേഷകർ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലുള്ളത്. എന്നാൽ ഈ സങ്കേതം ഫലപ്രദമായി പ്രയോഗിക്കണമെങ്കിൽ ഈ സാങ്കേതിക നിർദ്ദേശം മാത്രം പോരാ. പന്നിക്കൊഴുപ്പിന്റെ പ്രത്യേകതകൾ, അത് എത്ര ഘനത്തിലാണ് പുരട്ടേണ്ടത്, എങ്ങനെ പുരട്ടണം എന്നിങ്ങനെ എന്തുമാത്രം കാര്യങ്ങളിലാണ് അവ്യക്തത നിലനിൽക്കുന്നത്! പ്രാദേശികമായി ലഭ്യമായ കൊഴുപ്പുതരങ്ങൾ, അവയുടെ പ്രത്യേകതകൾ എന്നിവയൊക്കെ ഗവേഷകർക്ക് മനസ്സിലാക്കിയെടുക്കേണ്ടിവരികയും ചെയ്യും. ഈ അറിവുനൈപുണ്യങ്ങളെല്ലാം പരീക്ഷണപ്രയോഗത്തിന്റെ മൂർത്ത സന്ദർഭത്തിൽ മാത്രമാണ് കൈമാറ്റശേഷിയാർജ്ജിക്കുക. അതായത്, ഗ്ലാസ്ഗോ സംഘത്തോടൊപ്പം പരീക്ഷണം നടത്തുന്ന സമയത്തു മാത്രമാണ് ഈ കാര്യങ്ങളുടെ പ്രാധാന്യം ചെക്കോവ് പോലും തിരിച്ചറിയുന്നത്. ഈ വിശദാംശങ്ങൾ ശാസ്ത്ര പ്രബന്ധത്തിൽ വിശദീകരിക്കേണ്ടവയായി റഷ്യൻ ഗവേഷകർക്ക് തോന്നുന്നില്ല എന്ന് മാത്രമല്ല, നേരത്തേ ചർച്ചചെയ്തതുപോലെ, ഇവയെ പ്രബന്ധത്തിലെ രേഖീയമായ ആഖ്യാനരൂപത്തിനുള്ളിൽ ആവിഷ്ക്കരിക്കാനും ബുദ്ധിമുട്ടാണ്. ഈയിനം ലീനജ്ഞാനങ്ങളെ വിനിമയ പ്രാധാന്യമുള്ളവയായി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ, ഗവേഷകർക്ക് ഒരു പരിധിവരെ അവയെ സാങ്കേതികപ്രബന്ധത്തിൽ ഉൾപ്പെടുത്താനാവുമെങ്കിലും.
പട്ടുനാരിന്റെ പരിചരണവുമായി ബന്ധപ്പെട്ട് ചെക്കോവിൽ നിന്നും ഗ്ലാസ്ഗോ സംഘം പഠിച്ചെടുത്ത ഒരു സങ്കേതം അതീവരസകരമാണ്; ലീനജ്ഞാനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അതു നമ്മെ സഹായിച്ചേക്കും. നാര് മിനുക്കുന്നതിന് പന്നിക്കൊഴുപ്പിനേക്കാളും പ്രയോജനകരമായി റഷ്യൻ സംഘം ഉപയോഗിച്ചത് മനുഷ്യരുടെ തൊലിപ്പുറത്തെ എണ്ണമയമാണ്! തന്റെ മൂക്കിന്റെ പാലത്തിലോ ചെവിക്കു പുറകിലോ ഉരസിയാണ് ചെക്കോവ് പട്ടുനാരിനെ മിക്കപ്പോഴും മിനുക്കിയെടുത്തിരുന്നത്! ഗ്ലാസ്ഗോ ഗവേഷകരും ഇത് പരീക്ഷിച്ചെങ്കിലും, എല്ലാവരുടെയും ത്വക്കിലെ എണ്ണമയം ഒരേപോലെ ഇതിനു ചേർന്നതല്ല എന്ന് അവർ വേഗം തിരിച്ചറിഞ്ഞു. ചെക്കോവിന്റെ ചെവിയിലുരസിയ പട്ടുനാരുപയോഗിച്ച വ്യൂഹം നൽകിയ ഉയർന്ന ക്യൂ ഫലം ഗ്ലാസ്ഗോ ഗവേഷകരിൽ പലരുടെയും ശരീരത്തിലെ എണ്ണമയത്തിൽ മിനുങ്ങിയ നാരുകൾക്ക് നൽകാനായില്ല. ലബോറട്ടറി നോട്ടുബുക്കിൽ അവരുടെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തപ്പെട്ടത് “Suspension 3: Fred-greased Russian thread; Suspension 12: switched from George-grease back to Fred-grease” എന്നൊക്കെയാണെന്ന് കോളിൻസ് നിരീക്ഷിക്കുന്നു (പു. 81). അതായത്, പലതവണ തെറ്റിയും തിരുത്തിയുമാണ് ആരുടെ ത്വക്കാണ് യോജിച്ചയിനം എണ്ണമയം ഉള്ളത് എന്ന് അവർ മനസ്സിലാക്കിയെടുത്തത്. ഈ അറിവിന്റെ പ്രാധാന്യത്തെ ഗവേഷകർ തിരിച്ചറിഞ്ഞാൽ പോലും അവയിൽ ചില ഘടകങ്ങൾ മാത്രമേ ശാസ്ത്രവിനിമയത്തിലുൾപ്പെടുത്താനാവൂ എന്നു വ്യക്തമാണ്; ‘ജോർജ്ജിന്റെ ത്വക്കിലെ എണ്ണമയം’ സാർവ്വജനീനമായി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് ലഭ്യമല്ലല്ലോ!
ഉപസംഹാരം
‘ശാസ്ത്രീയ രീതി’ എന്നത്, ജേർണൽ പ്രബന്ധങ്ങളുടെ ആഖ്യാനഘടനയെ ആസ്പദമാക്കി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ശാസ്ത്രദാർശനികർ മെനഞ്ഞെടുത്ത ജ്ഞാനസിദ്ധാന്ത പരികല്പനയാണ്. ഇതിനെ അന്ധമായി പിൻപറ്റുകയാണ് കേവല ശാസ്ത്രവാദികൾ ചെയ്യുന്നത്; ശാസ്ത്രത്തിന്റെ തത്വചിന്ത അതിനുശേഷം ഏറെ മുന്നോട്ടുപോയെങ്കിലും. കാൾ പോപ്പറിൽ എത്തി നിലച്ചുപോയതാണ് ശാസ്ത്രത്തെക്കുറിച്ചുള്ള അവരുടെ ധാരണകൾ. പരീക്ഷണശാലകളിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങളാണ് ശാസ്ത്രീയജ്ഞാനം രൂപപ്പെടുത്തുന്ന പ്രാഥമിക തലമെങ്കിൽ, അവിടെ നടക്കുന്ന പ്രവൃത്തികളെ നിരീക്ഷിച്ചു പഠിക്കുകവഴി മാത്രമേ ശാസ്ത്രത്തിന്റെ ജ്ഞാനസിദ്ധാന്തപരമായ സവിശേഷതകൾ മനസ്സിലാക്കാനാവൂ എന്ന് ചുരുക്കം.
ലീനജ്ഞാനമെന്ന പരികല്പന, പരീക്ഷണശാസ്ത്രത്തെ മനസ്സിലാക്കുന്നതിന് ഏറെ സഹായകരമാണ്. സയൻസിന്റെ ജീവിതരൂപത്തെ (form-of-life) രൂപപ്പെടുത്തുന്നതിൽ പ്രയോഗങ്ങൾക്കുള്ള ജ്ഞാനസിദ്ധാന്തപരമായ പ്രാധാന്യത്തെ മനസ്സിലാക്കാൻ ലീനജ്ഞാനത്തെക്കുറിച്ചുള്ള വിശകലനം നമ്മെ സഹായിക്കുന്നു.18 ഒരു പരീക്ഷകക്കൂട്ടായ്മ വികസിപ്പിച്ച ദുർഘടമായ ഒരു പരീക്ഷണത്തെ മറ്റൊരു ഗവേഷക സംഘം ആവർത്തിക്കാൻ ശ്രമിക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ പ്രധാനമാകുന്നു എന്ന് കോളിൻസിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു. ഒന്ന്: പരീക്ഷണങ്ങൾ ആവർത്തിക്കുന്നത് അവ തെറ്റാണോ, ശരിയാണോ എന്ന് സ്ഥാപിക്കാനല്ല. ആദ്യ സംഘത്തിന്റെ പരീക്ഷണമോ അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ തങ്ങളുടെ ഗവേഷണങ്ങൾക്ക് പ്രയോജനപ്രദമാണെന്ന് വരുമ്പോൾ മാത്രമാണ് ആ പരീക്ഷണം ആവർത്തിക്കാനുള്ള ശ്രമം രണ്ടാമത്തെ സംഘം പൊതുവെ നടത്താറ്. ആദ്യ സംഘത്തിന്റെ പരീക്ഷണങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയം തോന്നുന്ന സാഹചര്യങ്ങളിലും അത് ആവർത്തിച്ചു നോക്കാൻ അതേ പ്രശ്നത്തിൽ ഗവേഷണം നടത്തുന്ന എതിർ ടീമുകൾ ശ്രമിക്കും. ഈ രണ്ടു സാഹചര്യങ്ങളിലല്ലാതെ, ജേർണൽ നിയമിക്കുന്ന മൂല്യനിരൂപകരോ, മറ്റു ഗവേഷകരോ പരീക്ഷണങ്ങൾ ആവർത്തിച്ചു നോക്കാറില്ല. ഒരു വൈജ്ഞാനിക മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഗവേഷകർ, ഒരേ ശാസ്ത്രഭാഷ സംസാരിക്കുന്നവരെന്ന നിലയിൽ പ്രബന്ധത്തിന്റെ മൂല്യനിരൂപണം നടത്തുക അതാത് വിഷയങ്ങളിൽ നിലവിലുള്ള ജീവിതരൂപവുമായി ബന്ധപ്പെട്ട് ആഖ്യാനത്തിന്റെ യുക്തിഭദ്രത പരിശോധിക്കുകവഴിയായാണ്.19 ഗവേഷകരിലുള്ള വിശ്വാസത്തിനു (trust) കോട്ടം തട്ടുന്ന കാര്യങ്ങൾ നിലവിലില്ലെങ്കിൽ പരീക്ഷണങ്ങൾ അവയുടെ നിരാകരണത്തിനോ (falsification) സമർത്ഥനത്തിനോ (verification) വേണ്ടി മാത്രം ആവർത്തിക്കപ്പെടാറില്ല.
രണ്ട്, ആദ്യസംഘത്തിന്റെ പരീക്ഷണഫലം ശരിയാണ് എന്ന് മുൻകൂട്ടിത്തന്നെ രണ്ടാമത്തെ സംഘം വിശ്വസിച്ചാലേ പരീക്ഷണം ആവർത്തിക്കാനാവൂ. പരീക്ഷണഫലത്തെക്കുറിച്ച് സംശയമുള്ളപ്പോഴും പരീക്ഷണം ആവർത്തിച്ചുനോക്കാവുന്നതാണ്. പക്ഷെ അത്തരം സന്ദർഭങ്ങളിൽ പരീക്ഷണഫലത്തിനു പകരം അവർക്ക് പരീക്ഷണരീതിയെ വിശ്വസിക്കേണ്ടിവരും. ഈ രണ്ട് സാഹചര്യങ്ങളിലും ആദ്യ സംഘത്തെ വിശ്വാസത്തിലെടുക്കേണ്ടത് പരീക്ഷണം ആവർത്തിക്കാൻ അത്യന്താപേക്ഷിതമാണ് എന്നാണിതിന്റെ അർത്ഥം. പരീക്ഷണരീതിയെയും പരീക്ഷണ ഫലത്തെയും ഒരേപോലെ അവിശ്വസിച്ചാൽ ‘പരീക്ഷകരുടെ പശ്ചാത്ഗമന’മെന്ന അവസ്ഥ സംജാതമാകുകയും ശാസ്ത്രവിവാദം അന്തമില്ലാതെ നീളുകയും ചെയ്യും (Collins 1985). അത്തരം സന്ദർഭങ്ങളിൽ പരീക്ഷണരീതിയാണോ (experimental setup) അതോ പരീക്ഷണഫലമാണോ (experimental outcome) തെറ്റ് എന്ന് തീരുമാനിക്കാനാവാതെ വരുന്നു (അതേ കൃതി). അതായത്, ശരിയായ പരീക്ഷണഫലം എന്താകാനാണ് സാധ്യത എന്നു മുൻകൂർ ധാരണയില്ലാത്തതിനാൽ ഏതാണ് ശരിയായ പരീക്ഷണരീതി എന്നതിൽ ഗവേഷകർക്കിടയിൽ അഭിപ്രായൈക്യമുണ്ടാവില്ല. പരീക്ഷണരീതി ശരിയാണോ എന്ന് മുൻകൂട്ടി തീരുമാനിക്കാനാവാത്തതിനാൽ ശരിയായ ഫലമേതെന്നും ഉറപ്പിക്കാനാവില്ല. ‘പരീക്ഷകരുടെ പശ്ചാത്ഗമനം’ (experimenters’ regress) എന്നറിയപ്പെടുന്ന ഈ പ്രതിസന്ധി പല ശാസ്ത്രവിവാദങ്ങളുടെയും കേന്ദ്രമാണ് (അതേ കൃതി). പരസ്പര വിശ്വാസമാണ് പരീക്ഷണത്തിന്റെ ആവർത്തനത്തെ വിജയകരമാക്കുന്നത് എന്ന് ചുരുക്കം.
മൂന്ന്, പരീക്ഷണം ആവർത്തിക്കാനൊരുങ്ങുന്ന സംഘം, അതിന്റെ സങ്കീർണ്ണതയെക്കുറിച്ചു മുൻകൂർ ധാരണയുള്ളവരും അതിലുൾപ്പെട്ടിരിക്കുന്ന ജ്ഞാനനൈപുണ്യങ്ങൾ നിരന്തര പരിശ്രമത്തിലൂടെ നേടിയെടുക്കാൻ സന്നദ്ധതയുള്ളവരും ആയിരിക്കേണ്ടതുണ്ട്. ഉടനടി പരീക്ഷണവൈദഗ്ധ്യം നേടിയെടുക്കുക അസാധ്യമാണെന്ന തിരിച്ചറിവുണ്ടെങ്കിലേ പരീക്ഷണാവർത്തനം ഫലപ്രാപ്തിയിലെത്താനായി ദീർഘകാലം പരിശ്രമിക്കാൻ അവർക്കാകൂ. പരീക്ഷണത്തിലുൾപ്പെട്ടിരിക്കുന്ന ലീനജ്ഞാനങ്ങളെ ആദ്യ സംഘത്തിന്റെ സഹകരണത്തോടെയേ പഠിച്ചെടുക്കാനാവുകയുള്ളൂ. ലീനജ്ഞാനങ്ങൾ നീണ്ട പരിശീലനത്തിലൂടെ ആർജ്ജിച്ചെടുക്കാതെ പരീക്ഷണം വിജയകരമായി ആവർത്തിക്കാനാവില്ല. പരിചരണ സന്നദ്ധതയും (care) ഭൂമിയോളം ക്ഷമയും (patience) ഗവേഷകർക്ക് അത്യന്താപേക്ഷിതമായ സ്വഭാവഗുണങ്ങളാണ്. പ്രബന്ധത്തിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾ പിന്തുടർന്നാൽ മാത്രം പരീക്ഷണം വിജയകരമായി ആവർത്തിക്കാനാവില്ല എന്നർത്ഥം. പരീക്ഷണത്തിന്റെ ജീവിതരൂപമാണ് വിജയത്തിനായി പരിശീലിക്കേണ്ടത്.
പ്രയോഗമാണ് സയൻസിന്റെ ഉൾക്കാമ്പ് എന്നാണ് ഹാരി കോളിൻസ് ഈ പഠനത്തിലൂടെ പറഞ്ഞുവെയ്ക്കുന്നത്. അതായത്, ആവർത്തനക്ഷമതയെ നിർണ്ണയിക്കുന്നത് ശാസ്ത്രത്തിന്റെ പ്രയോഗസന്ദർഭങ്ങളിൽ ഉള്ളടങ്ങിയിരിക്കുന്ന സങ്കീർണ ഘടകങ്ങളാണ്. ഈ ഘടകങ്ങളെ ശാസ്ത്രത്തിനുള്ളിലുള്ള പ്രജ്ഞാപരമായ ഘടകങ്ങളെന്നും (internal, cognitive factors)
അതിനുപുറത്തുള്ള സാമൂഹികമായ ഘടകങ്ങളെന്നും (external, social factors) വേർതിരിക്കാനാവില്ല. ഒരേ വിജ്ഞാനമേഖലയിൽ, ഒരേ പ്രശ്നം പഠിക്കുന്ന ഗവേഷകർക്കിടയിൽ പോലും ജ്ഞാനവിനിമയം ലളിതവും രേഖീയവുമായ ഒരു പ്രക്രിയയല്ല എന്നാണ് ലീനജ്ഞാനങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത്. ഈ തിരിച്ചറിവുണ്ടെങ്കിൽ മാത്രമേ ഗവേഷകർക്ക് പഠനപ്രവർത്തനങ്ങളിലേർപ്പെടാനാവൂ. തങ്ങൾ ഏർപ്പെട്ടിരിക്കുന്ന പരീക്ഷണങ്ങളെ പൂർണ്ണമായും വസ്തുനിഷ്ഠമായി വിവരിക്കാൻ അവർക്കാവില്ല: അറിവുനൈപുണ്യങ്ങൾ പരീക്ഷകയുടെ ഉടലിലാണ് സ്വാംശീകരിക്കപ്പെടുന്നത് എന്നതിനാൽത്തന്നെ.
അവലംബ സൂചി
വറുഗീസ്, ഷിജു സാം. 2018. “സി. വി. രാമനും ശാസ്ത്രത്തിന്റെ സാമൂഹികതയും”. Dool News, ഫെബ്രുവരി 16, 03.11.2022-ൽ ലഭ്യമായ പ്രകാരം. https://www.doolnews.com/shiju-sam-article-about-cv-raman-562.html
വറുഗീസ്, ഷിജു സാം. 2020a. “ആരാണ് വിദഗ്ധ(ൻ)? എ.പി.ജെ. അബ്ദുൾ കലാമും ഇടപഴകൽ വൈദഗ്ധ്യവും”. നവമലയാളി, ജൂലൈ 10, 02.11.2022-ൽ ലഭ്യമായ പ്രകാരം. https://navamalayali.com/2020/07/10/column-shiju-sam-varughese-2/
വറുഗീസ്, ഷിജു സാം. 2020b. “ശാസ്ത്ര വിനിമയത്തിന്റെ സന്ദിഗ്ധതകൾ”. നവമലയാളി, സെപ്തംബർ 29, 02.11.2022-ൽ ലഭ്യമായ പ്രകാരം. https://navamalayali.com/2020/09/29/column-shiju-sam-varughese-3/
Collins, H.M. 1985. Changing Order: Replication and Induction in Scientific Practice. London, Beverly Hills and New Delhi: Sage Publications.
Collins, H.M. 2001. “Tacit Knowledge, Trust and the Q of Sapphire”. Social Studies of Science 31(1):71-8.
Daston, Lorraine and Galison, Peter. 1992. “The Image of Objectivity”. Representations 40 (Fall): 81-128.
Daston, Lorraine and Galison, Peter. 2007. Objectivity. New York: Zone Books.
Foucault, Michel. 2002a [1970]. The Order of Things: An Archaeology of the Human Sciences. London and New York: Routledge.
Foucault, Michel. 2002b [1972]. Archaeology of Knowledge. Translated by A. M. Sheridan Smith. London and New York: Routledge.
Knorr-Cetina, Karin D. 1981. The Manufacture Knowledge: An Essay on the Constructivist and Contextual Nature of Science. Oxford: Pergamon Press.
Latour, Bruno and Woolgar, Steve. 1986 (1979). Laboratory Life: The Construction of Scientific Facts. Introduction by Jonas Salk. Princeton: Princeton University Press.
Latour, Bruno. 1987. Science in Action: How to Follow Scientists and Engineers through Society. Cambridge, MA: Harvard University Press.
Lynch, Michael. 1985. Art and Artifact in Laboratory Science: A Study of Shop Work and Shop Talk in a Research Laboratory. London: Routledge & Kegan Paul.
Pickering, Andrew (ed). 1992. Science as Practice and Culture. Chicago and London: The University of Chicago Press.
Polanyi, Michael. 1962 (1958). Personal Knowledge: Towards a Post-Critical Philosophy. London: Rutledge.
1 ‘ശാസ്ത്രീയരീതി’ എന്താണ് എന്നുള്ളത് ആധുനിക ശാസ്ത്രത്തിനുള്ളിൽത്തന്നെ മാറിമറിയുന്നുണ്ട്. അതായത്, പതിനെട്ടാം നൂറ്റാണ്ടിൽ ശാസ്ത്രീയ രീതിയെക്കുറിച്ച് പ്രബലമായിരുന്ന ധാരണയല്ല പത്തൊമ്പത് അവസാനമാകുമ്പോൾ രൂപപ്പെടുന്നത്. വസ്തുനിഷ്ഠത എന്ന ആശയത്തിന് ഇപ്രകാരം ചരിത്രത്തിൽ സംഭവിക്കുന്ന വ്യാവഹാരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനം കാണുക (Daston and Galison 1992; 2007). മിഷേൽ ഫൂക്കോയുടെ സംഭാവനകളും ഈ വിഷയത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു (Foucault 2002a; 2002b). വസ്തുനിഷ്ഠത എന്ന ആശയം കേവലശാസ്ത്രവാദികളുടെ വാദംപോലെ ചരിത്രേതരമായ അനങ്ങാപ്പാറയായി ശാസ്ത്രത്തെ നിയന്ത്രിച്ചുകൊണ്ട് നിലനിൽക്കുന്നില്ല എന്ന് ചുരുക്കം.
2 എഴുത്തുപരിപാടി ശാസ്ത്രജ്ഞർ ഗവേഷണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി ഫണ്ടിങ് ഏജൻസികളെ സമീപിക്കുന്ന ഘട്ടം മുതൽക്കേ ആരംഭിക്കുന്നതാണ്. എഴുതലില്ലാതെ ശാസ്ത്രമില്ല.
3 ബ്രൂണോ ലാറ്റൂർ ഉൾപ്പെടുന്ന ഫ്രഞ്ച് സ്കൂൾ ‘പ്രയോഗ’ത്തിനു പകരം ‘പ്രവൃത്തി’ (action) എന്ന പരികല്പനയാണ് ഉപയോഗിക്കുന്നത്. ബാത് സംഘം ഉൾപ്പടെയുള്ള മറ്റു ലബോറട്ടറി പഠിതാക്കൾ ഗവേഷകരുടെ നിർവ്വാഹകത്വത്തിനു (agency) മുൻഗണന നല്കുന്നതിനാലാണ് പ്രയോഗം (practice) എന്നുപയോഗിക്കുന്നത്. നിർവ്വാഹകത്വം മുൻകൂർ ഏതെങ്കിലും വിഷയിക്ക് (subject; ഇവിടെ, ഗവേഷകൻ) മുൻകൂട്ടി ലഭ്യമായ നൈസർഗികമായ ശേഷിയല്ല പ്രവർത്തക-ശൃംഖലാ സിദ്ധാന്തികൾക്ക് (actor-network theory). മനുഷ്യ-മനുഷ്യേതര പ്രവർത്തകങ്ങൾക്ക് തുല്യ നിലയാണ് വലരൂപീകരണത്തിൽ. ‘പ്രയോഗവും’ ‘പ്രവൃത്തിയും’ സാമൂഹ്യശാസ്ത്രപരമായി ഭിന്ന ധ്രുവങ്ങളിലുള്ള രീതിശാസ്ത്രപരികല്പനകളാണ്. വിവിധ സ്കൂളുകൾ തമ്മിൽ ഇക്കാര്യത്തിൽ നടന്ന തീവ്ര സംവാദങ്ങൾ അറിയാൻ, Pickering 1992.
4 ‘പ്രകൃതി’ (nature) എന്നത് മുന്നമേ നിലനിൽക്കുന്ന സനാതനമായ ഉണ്മയല്ല ഇവിടെ എന്ന് പല പഠിതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ട്. ‘പ്രകൃതി’, പ്രബന്ധത്തിലാണ് ഒരു ആഖ്യാന തന്ത്രമായി പ്രത്യക്ഷപ്പെടുന്നത്. അതായത്, ലബോറട്ടറിയിൽ നടക്കുന്ന സങ്കീർണ്ണമായ സാമൂഹിക-രാഷ്ട്രീയ അന്യോന്യങ്ങളെ (negotiations) മായ്ച്ചുകളയാനും അങ്ങനെ പ്രകൃതി സത്യത്തിന്റെ വസ്തുനിഷ്ഠവും മൂല്യനിരപേക്ഷവുമായ അനാവരണമാണ് ശാസ്ത്രജ്ഞർ പരീക്ഷണശാലയിൽ ചെയ്യുന്നത് എന്ന ആഖ്യാനം രൂപപ്പെടുത്തുന്നതിനും പ്രകൃതിയെന്ന സങ്കൽപ്പത്തെ ഉണർത്തുന്നതുവഴി സാധിക്കുന്നു (Latour and Woolgar 1986: 237). ശാസ്ത്രവിവാദങ്ങളിൽ ‘പ്രകൃതി’ ആനയിക്കപ്പെടുന്നത് വിവാദം ഒത്തുതീർപ്പായത്തിനു ശേഷം, പ്രകൃതിയാഥാർഥ്യത്തെ തുറന്നുകാട്ടുന്നതിൽ ഒരു പരീക്ഷക സംഘം വിജയിച്ചു എന്ന് പ്രസ്താവിക്കാനാണ്. വിരോധാഭാസമെന്താണെന്നു വെച്ചാൽ അങ്ങനെയൊരു ‘പ്രകൃതിയാഥാർഥ്യം’ പരീക്ഷണ ഘട്ടത്തിൽ പരാമർശബിന്ദുവായി പരീക്ഷണബാഹ്യമായി നിലനിൽക്കുന്നില്ല എന്നതാണ്. ‘എന്താണ് പ്രകൃതിയാഥാർഥ്യം?’ എന്നതിൽ ശാസ്ത്രജ്ഞർക്കിടയിൽ യോജിപ്പില്ല എന്നതുതന്നെയാണല്ലോ ശാസ്ത്രവിവാദത്തിലെ അടിസ്ഥാന പ്രശ്നം. വിവാദം രാജിയായിക്കഴിഞ്ഞേ പ്രകൃതിയാഥാർഥ്യം എന്താണെന്ന് ഉറപ്പിക്കാനാവൂ. വിവാദഘട്ടത്തിൽ അപേക്ഷികതാവാദികളായി (relativists) പെരുമാറുന്ന ശാസ്ത്രജ്ഞർ വിവാദം കെട്ടടങ്ങിയതിനു ശേഷം യഥാതഥ വാദികളായി (realists) മാറുന്നു എന്ന് ലാറ്റൂർ (Latour 1987: 99-100). പ്രബന്ധത്തിലെ റിയലിസത്തെ ആധാരമാക്കി ശാസ്ത്രത്തിന്റെ ജ്ഞാനസിദ്ധാന്തം രൂപപ്പെടുത്താൻ ശ്രമിച്ചതാണ് തത്വചിന്തകരുടെ പരാജയം എന്ന ലാറ്റൂരിന്റെ പരിഹാസത്തോട് മിക്ക പരീക്ഷണശാലാ പഠിതാക്കളും യോജിക്കും.
5 ശാസ്ത്ര ഗവേഷണം പ്രായോഗിക പരിശീലനത്തിലാണ് (practice) പ്രാഥമികമായും ഊന്നുന്നത് എന്ന നിലപാട് സ്വീകരിക്കുന്ന ലബോറട്ടറി പഠിതാക്കളിൽ പ്രധാനികളാണ് ഹാരി കോളിൻസിന്റെ നേതൃത്വത്തിലുള്ള, ‘ബാത് സ്കൂൾ’ (Bath School) എന്നറിയപ്പെടുന്ന പഠനസംഘം. ഇംഗ്ലണ്ടിലെ ബാത് സർവ്വകലാശാലയിൽ ആയിരുന്നു 1980കളിൽ ഇവരിൽ പലരും പണിയെടുത്തിരുന്നത് എന്നതിനാലാണ് ‘ബാത് സ്കൂൾ’ എന്ന പേരു വീണത്. Empirical Programme of Relativism (EPOR) എന്നാണ് അവരുടെ രീതിശാസ്ത്ര സമീപനം അറിയപ്പെട്ടത്. ഇവരുടെ സമീപകാല ഗവേഷണങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം ഈ പംക്തിയിൽ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വറുഗീസ് 2020 കാണുക.
6 ശാസ്ത്രജ്ഞൻ കൂടിയായിരുന്ന ഇദ്ദേഹത്തിൻ്റെ ജ്യേഷ്ഠ സഹോദരനാണ് രാഷ്ട്രീയ ധനതത്വശാസ്ത്രജ്ഞനെന്ന നിലയിൽ പ്രസിദ്ധനായ കാൾ പൊളാനി (Karl Polanyi, 1886-1964).
7 ബ്രൂണോ ലാറ്റൂറാവട്ടെ ഇതിനെ ‘വിവർത്തന’മായാണ് (translation) മനസ്സിലാക്കുന്നത്. ബാത് സ്കൂളിന് പ്രധാനം ഇതിലെ ‘പ്രയോഗ’മാണ് (practice).
8 അക്കാലത്ത് മേൽക്കോയ്മയുണ്ടായിരുന്ന, യുക്തിയിലും ഭാഷയിലും ഊന്നുന്ന, ‘ശാസ്ത്രീയ രീതി’യെക്കുറിച്ചുള്ള ജ്ഞാനസിദ്ധാന്ത ചർച്ചകളെ മിഖായേൽ പൊളാനി ശക്തമായിട്ടെതിർത്തിരുന്നു. മനുഷ്യർക്ക് ലഭ്യമായിട്ടുള്ള ഭാഷാപൂർവ്വമായ പ്രായോഗിക ശേഷികളാണ് ശാസ്ത്രപ്രവർത്തനങ്ങൾക്കാധാരം എന്നദ്ദേഹം വാദിച്ചു (Polanyi 1962). കുറേ രീതിശാസ്ത്ര നിയമങ്ങളിലേക്ക് അതിനെ ചുരുക്കാനാവില്ല. ഈ അർത്ഥത്തിൽ അറിവാരായാൽ തികച്ചും വൈയക്തികമാണ് (knowing is personal). ശാസ്ത്രത്തിന്മേലുള്ള ഉടമസ്ഥാവകാശം ശാസ്ത്രജ്ഞർക്ക് മാത്രമാണ് എന്നും സ്വതന്ത്രമായ ഒരു സമൂഹത്തിൽ മാത്രമേ സയൻസ് വളരുകയുള്ളൂ എന്നും അദ്ദേഹം കരുതി. ലിബറലിസത്തിന്റെ സാംസ്കാരിക പരിസരമാണ് ശാസ്ത്രത്തിനാവശ്യം എന്ന് പൊളാനി ഉറച്ചുവിശ്വസിക്കുകയും സയൻസിൽ ഭരണകൂടത്തിന്റെ ഇടപെടലുകളെ ശക്തമായി വിമർശിക്കുകയും ചെയ്തു. ആദ്യകാല മാർക്സിസ്റ്റ് ശാസ്ത്ര ചരിത്രകാരനായിരുന്ന ജെ.ഡി. ബെർണാലിന്റെ സ്റ്റാലിനിസ്റ്റ് പ്രേമത്തെ പൊളാനി കളിയാക്കുന്നുണ്ട്. ബെർണാലിന്റെ നേതൃത്വത്തിൽ മാർക്സിസ്റ്റ് ശാസ്ത്ര-ചിന്തകർ വികസിപ്പിച്ച സയൻസിന്റെ സാമൂഹികധർമ്മത്തെക്കുറിച്ചുള്ള (social function of science) പരിപ്രേക്ഷ്യത്തിനും ലോജിക്കൽ പോസിറ്റിവിസ്റ്റുകളുടെയും പോപ്പർ അനുയായികളുടെയും ജ്ഞാനസിദ്ധാന്തപരമായ നിലപാടുകൾക്കും ഒരേപോലെ എതിരായിരുന്നു പൊളാനിയുടെ ശാസ്ത്ര ദർശനം. 1940ൽ’ Society for Freedom in Science’ എന്നൊരു സംഘടന ജോൺ ബേക്കർ (John Randal Baker, 1900 – 1984) എന്ന ജീവശാസ്ത്രജ്ഞനോടൊപ്പം ചേർന്ന് അദ്ദേഹം രൂപീകരിച്ചിരുന്നു.
9 ശാസ്ത്രവിനിമയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൂടുതലറിയാൻ വറുഗീസ് 2020b കാണുക.
10 Collins 2001 എന്ന പ്രബന്ധമാണ് മറിച്ചു സൂചിപ്പിച്ചിട്ടില്ലെങ്കിൽ ഇവിടെ നമ്മുടെ ചർച്ചയ്ക്ക് അവലംബം.
11 സ്റ്റാൻഫോർഡ്, കാൽടെക് (യുഎസ്എ), ഗ്ലാസ്ഗോ (സ്കോട്ട്ലണ്ട്), പെർത്ത് (ആസ്ട്രേലിയ) എന്നിവിടങ്ങളിലെ പരീക്ഷണശാലകളിലാണ് പ്രധാനമായും പരീക്ഷണം ആവർത്തിക്കപ്പെട്ടത്.
12 പരീക്ഷണാവർത്തനങ്ങളുടെ സാമൂഹികമാനങ്ങളെക്കുറിച്ച് വിശദമായി അറിയാൻ Collins 1985 വായിക്കുക.
13 ‘Lysenko Affair’ എന്നറിയപ്പെടുന്ന വിവാദത്തിന്റെ കാലത്തോളം ഈ അവിശ്വാസത്തിനു പഴക്കമുണ്ട്.
14 പരീക്ഷണത്തിന്റെ വിശ്വാസ്യതയെ (trust) ചോദ്യംചെയ്യുന്ന സാഹചര്യങ്ങൾ ഉയർന്നു വന്നാൽ ഒരു ശാസ്ത്ര വിവാദം (scientific controversy) പൊട്ടിപ്പുറപ്പെടുന്നതിലേക്കാവും അത് പലപ്പോഴും നീങ്ങുക (Collins 1985). സി.വി. രാമൻ ഉൾപ്പെട്ട ഒരു ശാസ്ത്രവിവാദത്തെക്കുറിച്ച് വായിക്കാൻ വറുഗീസ് 2018 കാണുക.
15 ലേസർ ഇന്റർഫെറോമീറ്റർ ഉപയോഗിച്ച് നടത്തുന്ന ഈ അങ്കനത്തിന്റെ വിശദാംശങ്ങൾ നമ്മുടെ ചർച്ചയ്ക്ക് പ്രസക്തമല്ലാത്തതിനാൽ ഒഴിവാക്കുന്നു. Collins 2001ൽ പരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
16 ടങ്സ്റ്റനാണ് (tungsten) പട്ടുനൂൽ കഴിഞ്ഞാൽ അനുയോജ്യമായ നാര്.
17 Vladimir Borisovich Braginsky, V.P. Mitrofanov and V.I. Panov. 1985. Systems with Small Dissipation. Translated by Erast Gliner, ed. and intro. Kip S. Thorne and Cynthia Eller. Chicago: The University of Chicago Press, p. 29, Collins 2001: 80ൽ ഉദ്ധരിച്ചത്.
18 ഒരു സംഘം ശാസ്ത്രഗവേഷകർ തങ്ങളുടെ പ്രയോഗികപ്രവർത്തനങ്ങളുടെ മൂർത്തസന്ദർഭങ്ങളിൽ വികസിപ്പിക്കുന്ന, അവർ ആമഗ്നരായിരിക്കുന്ന, സൂക്ഷ്മമായ പരിപ്രേക്ഷ്യങ്ങൾ പരസ്പരബന്ധിതമായി രൂപപ്പെടുന്ന സാംസ്കാരികവലയമാണ് ഒരു ‘ജീവിതരൂപം’ (Collins 1985: 16-18). പുതിയ അറിവുകൾ ഉല്പാദിപ്പിക്കപ്പെടുന്നത് നിലവിലുള്ള ജീവിതരൂപത്തെ തന്നെ പ്രയോഗങ്ങളിലൂടെ സൂക്ഷ്മമായി പരിവർത്തിപ്പിച്ചുകൊണ്ടാണ് (അതേ കൃതി: 19). പിൽക്കാല വിറ്റ്ഗെൻസ്റ്റീനിൽ (Ludwig Wittgenstein) നിന്നുമാണ് ബാത് ഗവേഷകർ ജീവിതരൂപമെന്ന ആശയം സ്വീകരിച്ച് വികസിപ്പിച്ചുപയോഗിക്കുന്നത്. എത്നോമെതഡോളജിയുടെ രീതിശാസ്ത്രം പിന്തുടരുന്ന, മിഖായേൽ ലിഞ്ചിന്റെ (Michael Lynch) നേതൃത്വത്തിലുള്ള പരീക്ഷണശാലാ പഠിതാക്കളും ജീവിതരൂപമെന്ന പരികല്പനയെ ആശ്രയിക്കുന്നുണ്ട് (Lynch 1985 ഉദാഹരണം). പക്ഷെ, അവരതിനെ വികസിപ്പിക്കുന്നത് ഹാരോൾഡ് ഗാർഫിങ്കലുമായി (Harold Garfinkel) വിറ്റ്ഗെൻസ്റ്റെയിനെ സംഭാഷണത്തിലേർപ്പെടുത്തിയാണ്. ജീവിതരൂപമെന്ന പരികല്പനയെ ശാസ്ത്രസാമൂഹികതാ പഠനങ്ങളിൽ ഉപയോഗിക്കുന്നതിൽ വിവിധ ഗവേഷകർക്കിടയിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും ആശയക്കുഴപ്പങ്ങളെക്കുറിച്ചും അറിയാൻ ഡേവിഡ് ബ്ളൂർ (David Bloor), മിഖായേൽ ലിഞ്ച് എന്നിവർ തമ്മിലുള്ള ചർച്ച കാണുക (Pickering 1992ലെ ഏഴും എട്ടും അധ്യായങ്ങൾ).
19 തോമസ് കൂനിന്റെ ‘വിചാരമാതൃക’ (paradigm) എന്ന പരികല്പനയുമായി ഇതിനു സാമ്യം തോന്നാമെങ്കിലും, ജീവിതരൂപം ഊന്നുന്നത് പ്രയോഗങ്ങളിൽ നിന്നും വേർതിരിക്കാനാവാത്ത, കൂടുതൽ സൂക്ഷ്മവും പരിമിതവുമായ സാമൂഹികക്രമങ്ങളെയാണ്. വിചാരമാതൃകകളാവട്ടെ കൂടുതൽ വിസ്തൃതമായതും, സിദ്ധാന്തങ്ങളുടെ തലത്തിൽ പ്രവർത്തിക്കുന്നതുമാണ്. ഇതിൽ നിന്നും വ്യത്യസ്തമായി, ജീവിതരൂപം അനുദിനം പരിവർത്തനവിധേയമായിക്കൊണ്ടിരിക്കുന്നു. സിദ്ധാന്തമല്ല, പ്രയോഗമാണ് അതിന്റെ അടിസ്ഥാനം.
Be the first to write a comment.