4. ബാൽ ഗംഗാധർ തിലകും രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ വളർച്ചയും –

വിഷ്ണു ശാസ്ത്രി ചിപ്ലുങ്കർ ജനകീയമാക്കിയ അയുക്തിക ബ്രാഹ്മണിസത്തെ മറാത്താ പ്രവിശ്യയിൽ മാത്രമല്ല, അതിനപ്പുറത്തേയ്ക്കും വ്യാപിപ്പിച്ചത് ബാൽ ഗംഗാധർ തിലക് ആണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു വ്യക്തിത്വമാണ് തിലക് എന്നത് സുവിദിതമാണ്. ഗാന്ധിക്ക് മുമ്പുള്ള സ്വാതന്ത്ര്യസമരത്തിൻ്റെ ഘട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലാൽ-പാൽ – ബാൽ യുഗം. ലാലാ ലജ്പത്റായ്, ബിപിൻ ചന്ദ്ര പാൽ ,ബാൽ ഗംഗാധർ തിലക് എന്നീ മൂന്ന് വ്യക്തികൾ ബ്രിട്ടീഷിന്ത്യയിലെ മൂന്നിടത്തായി ബ്രിട്ടീഷുകാർക്കെതിരെ പൊതുജനാഭിപ്രായവും കായികസാന്നിദ്ധ്യവും സ്വരൂപിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. തങ്ങളുടെ ചൂഷണാധിഷ്ഠിതമായ നിലനിൽപ്പിന് വലിയ ഭീഷണി ആയാണ് അവരെ, പ്രത്യേകിച്ചും തിലകിനെ, ബ്രിട്ടീഷധികൃതർ വീക്ഷിച്ചത്.

ഒരു ജനാധിപത്യ ചരിത്ര കാഴ്ചപ്പാടിൽ ബ്രിട്ടീഷുകാരെ എതിർത്തവരെയെല്ലാം തന്നെ സ്വാതന്ത്ര്യസമര പോരാളിയായാണ് കണ്ടിരുന്നത്. ആ അർത്ഥത്തിൽ തൻ്റെ കാലഘട്ടത്തിൽ തിലകിനോളം പോന്ന സ്വാതന്ത്ര്യസമരസേനാനിയെ കണ്ടു കിട്ടുക പ്രയാസമാണ്. എന്നാൽ ബ്രിട്ടീഷ് വിരോധം എന്ന ഒറ്റ സ്ഥിരാങ്കത്തിൽ മാത്രം ഊന്നി വിലയിരുത്തേണ്ടതല്ല അക്കാലത്തെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രം എന്ന് ഭൂതകാലത്തിന് മറ്റെന്നേക്കാളും പ്രസക്തിയുള്ള ഹിന്ദുത്വ കാലഘട്ടത്തിൽ നാം മനസ്സിലാക്കേണ്ടതുണ്ട്. പഴശ്ശിരാജാ മുതൽ സവർക്കർ വരെയുള്ളവർ ബ്രിട്ടീഷുകാരെ എതിർക്കുന്നതിൽ ഒരേ ഒരു പൊതുഘടകം മാത്രമേ ഉള്ളൂ. അവരെല്ലാം ബ്രിട്ടീഷ് വിരോധികൾ ആയിരുന്നു. അതിൻ്റെ കാരണം ഒരു പുതുമൂല്യവ്യവസ്ഥയോടുള്ള കഠിനമായ കൂറോ സാമ്രാജ്യത്തത്തോടുള്ള രാഷ്ട്രീയ വിരോധമോ ആകണമെന്നില്ല; മറിച്ച് തങ്ങളുടെ മുൻഗണനാ വ്യവസ്ഥകളിൽ ഒരു പുതുശക്തിയുടെ കടന്നുവരവ് ഉണ്ടാക്കിയ അസ്വസ്ഥതകൾ മൂലവും അത് സംഭവിക്കാവുന്നതാണ്.

ഒരർത്ഥത്തിൽ ബ്രിട്ടീഷുകാരുടെ വരവ് ഇന്ത്യൻ ചരിത്രത്തിൽ ഒരു ഇരട്ടപ്പിരിവ് ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയുടെ ജാതിവ്യവസ്ഥ ഇന്ത്യൻ ബഹുസ്വരതയ്ക്ക് മേൽ ഉണ്ടാക്കിയ അധികാരശ്രേണീബന്ധത്തിനുള്ളിൽ പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേയ്ക്കും നിരന്തര സംഘർഷങ്ങൾ നേരിട്ടിരുന്നു. വർണ്ണവ്യവസ്ഥയുടെ നൈയാമികമൂല്യങ്ങൾ എല്ലാം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ ചോദ്യം ചെയ്യലുകൾ പലപ്പോഴും പൊതുവായ ഒരു മൂല്യവ്യവസ്ഥയുടെ വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. ഉദാഹരണമായി കേരളത്തിൽ ശ്രീനാരായണഗുരു അദ്വൈതത്തെ നിഷേധിച്ചുകൊണ്ടല്ല ജാതിവിരുദ്ധ പോരാട്ടം നടത്തിയത്. കീഴാളനെന്ന നിലയിൽ തൻ്റെ ആത്മനിഷ്ഠത ഉപയോഗിച്ച് അദ്വൈതത്തെ വ്യാഖ്യാനിക്കാൻ കഴിഞ്ഞത് കൊണ്ട് ജാതി ലക്ഷണവും ജാതിനിർണ്ണയവും പോലുള്ള കവിതകളിലേയ്ക്കും ,” പരമേശപവിത്രപുത്രനോ / കരുണാവാൻ നബി മുത്തുരത്നമോ? ” തുടങ്ങിയ വരികളിലൂടെ അന്യമതങ്ങൾക്ക് ബഹുമാന്യത നൽകുന്ന ഇടത്തിലേയ്ക്കും എത്തിച്ചേരാൻ ഗുരുവിന് കഴിഞ്ഞു. എന്നാൽ അക്കാലത്തെ ഹിന്ദുരാജ്യമായ തിരുവിതാംകൂറിലെ ഭരണാധികാരികൾ അത്തരം ഒരു മൂല്യത്തെ വിനിയോഗിച്ചത് ജാതിവ്യവസ്ഥയെ കൂടുതൽ ശാക്തീകരിക്കുന്നതിനായിരുന്നു എന്ന് കാണാം.

തിലക് , തൻ്റെ ബ്രിട്ടീഷ് വിരുദ്ധതയെ ഉയർത്തിപ്പിടിച്ചത് ഫാഡ്കേയെപ്പോലെ ചിത്പാവൻ പേഷ്വാ സാമ്രാജ്യത്തിൻ്റെ ഭാഗധേയത്തിൽ തന്നെത്തന്നെ ഭാഗഭാക്കിയിട്ടല്ല. ഗുണപരമായ ഒരു വ്യത്യാസം തിലകിന്റെയും ഫാഡ്കേയുടേയും പ്രവർത്തനങ്ങൾ തമ്മിൽ താരതമ്യപ്പെടുത്തിയാൽ എളുപ്പത്തിൽ മനസ്സിലാക്കാം. പേഷ്വാ പ്രധാൻ എന്ന പദവി സ്വയം എടുത്തണിയുമ്പോൾ ഹിന്ദുമതത്തിൻ്റെ അവതാര സങ്കല്പത്തിലേയ്ക്ക് സ്വയം വിട്ടുകൊടുക്കുകയായിരുന്നു ഫാഡ്കേ. അവതാരത്തിന് ഒരു അടിസ്ഥാനരൂപം ഉണ്ട്. ശ്രീരാമനും ശ്രീകൃഷ്ണനും നരസിംഹവും പുറമേ വ്യത്യസ്തരായിരിക്കുമ്പോഴും അത് വിഷ്ണു എന്ന അടിസ്ഥാനതത്വത്തിൽ ഒന്നാകുന്നു. ഒരു വിദൂരഭൂതമാണ് അവതാരങ്ങളെ തമ്മിൽ യോജിപ്പിക്കുന്നത്. പേഷ്വാ എന്ന ചിത്പാവൻ വിദൂരഭൂതത്തോട് താദാത്മ്യപ്പെടുകയാണ് ഫാഡ്കേ ചെയ്തത്. അതിനാൽ ഫാഡ്കേയുടെ പോരാട്ടം ശനിവാർവാഡ യുദ്ധത്തിന്റെ ഫലത്തെ, ബ്രിട്ടീഷുകാർക്ക് കീഴിൽ പേഷ്വാമാർക്ക് അടിയറവു പറയേണ്ടി വന്ന മുഹൂർത്തത്തെ തിരിച്ചിടാനുള്ള ശ്രമങ്ങൾ ആയിരുന്നു. ചരിത്രം ആ മുഹൂർത്തത്തിൽ ഫാഡ്കേയെ തളച്ചിട്ടു. തൻ്റെ പരാജയത്തിലും അയാൾ പേഷ്വാ തന്നെയായിരുന്നു. തോറ്റുപോയ അഭിമാനി സവർണ്ണരാജാവിനെപ്പോലെ മ്ലേച്ഛരുടെ കൈയിൽ നിന്നും തന്നെത്തന്നെ രക്ഷിച്ചെടുക്കാൻ മരണം വരിക്കുകയല്ലാതെ അയാൾക്ക് മറ്റു വഴികൾ ഉണ്ടായിരുന്നില്ല. അയാൾ ബ്രിട്ടീഷ് വിരുദ്ധനായിരുന്നു. എന്നാൽ ചിത്പാവൻ ബ്രാഹ്മണൻ്റെ തട്ടിൽ നിന്നു കൊണ്ടുള്ള ബ്രിട്ടീഷ് വിരുദ്ധതയായിരുന്നു അയാൾക്കുണ്ടായിരുന്നത്.

തിലകിൻ്റെ മുഴുവൻ രാഷ്ട്രീയ ജീവിതം എടുത്തു പരിശോധിക്കുമ്പോൾ അദ്ദേഹം ഫാഡ്കേയേക്കാൾ ആധുനികനായിരുന്നു എന്ന് കണ്ടെത്താൻ പ്രയാസമില്ല പേഷ്വാസാമ്രാജ്യത്തിൻ്റെ തട്ടിൽക്കയറി നിന്ന് മാത്രമല്ല . അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധനായത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന കുറേക്കൂടി വിശാലമായ ഒരു തട്ടകത്തിലായിരുന്നു അദ്ദേഹം തിടം വെച്ചത്. രാഷ്ട്രീയമായി അദ്ദേഹം വളരെയേറെ മുന്നോട്ടുപോയി. ആധുനിക വിദ്യാഭ്യാസം ആർജ്ജിച്ച ചിത്പാവൻ ബ്രാഹ്മണകുലത്തിലെ ആദ്യ തലമുറയിൽ പെടുന്നു ,അദ്ദേഹം. എന്നാൽ ഫാഡ്കേ ഉയർത്തിപ്പിടിച്ച ചിത്പാവൻ യാഥാസ്ഥിതികതയുടെ വഴിയിലൂടെ തന്നെയാണ് ആദ്യഘട്ടത്തിൽ ഏറെ ദൂരം അദ്ദേഹം നടന്നത്. എങ്കിലും സാമൂഹികമായി അദ്ദേഹം ഒരു ബ്രാഹ്മണവാദിയായിരുന്നു. റാനഡേയെ അദ്ദേഹം നിരാകരിച്ചു. ചിപ്ലുങ്കറെ സ്വീകരിച്ചു. 1880 ൽ ചിപ്ലുങ്കർ സ്ഥാപിച്ച പൂനെയിലെ ഇംഗ്ലീഷ് സ്കൂളിൻ്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായി പൊതുരംഗത്തെത്തിയ തിലക് ആ സ്കൂളിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗണേഷ് അഗാർക്കർ എന്ന മറ്റൊരു ചെറുപ്പക്കാരനും ഉത്സാഹിയായി രംഗത്തെത്തുകയുണ്ടായി. അവർ രണ്ടുപേരും ചേർന്ന് രണ്ട് പത്രങ്ങൾ തുടങ്ങി. മറാത്തയും കേസരിയും. അങ്ങനെ മറാത്താ സാക്ഷര സമൂഹത്തെ അതിലധികം പേരും സ്വാഭാവികമായി ബ്രാഹ്മണർ ആയിരുന്നു, ഒരു മാധ്യമസമൂഹമാക്കി പരിവർത്തിപ്പിക്കാൻ അവർ ശ്രമിച്ചു.

പൂനെയിലെ സാംസ്കാരിക ജീവിതത്തെ അക്കാലത്ത് ഏറ്റവും കൂടുതൽ സ്വാധീനിച്ച രണ്ട് സംഘടനകൾ സാർവ്വജനിക് സഭയും എഡ്യുക്കേഷൻ സൊസൈറ്റിയും ആയിരുന്നു. മേമ്പൊടിക്ക് മുസ്ലീങ്ങളും അബ്രാഹ്മണരും അവയിൽ ഉണ്ടായിരുന്നെങ്കിലും യഥാർത്ഥത്തിൽ അവ ബ്രാഹ്മണ സംഘടനകൾ ആയിരുന്നു. അതു കൊണ്ട് തന്നെ ബ്രാഹ്മണ സമുദായത്തിലുണ്ടായ ആശയപരമായ പിളർപ്പ് ഇവയിൽ പ്രതിഫലിക്കുകയുണ്ടായി. അതിൻ്റെ ഭാഗമായി അധികം താമസിയാതെ തന്നെ തിലകും അഗാർക്കറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. സാമൂഹിക കാഴ്ചപ്പാടിലുള്ള വ്യത്യാസമാണ് ഈ അഭിപ്രായ വ്യത്യാസത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഹിന്ദുസമുദായത്തിൻ്റെ നിയന്ത്രണം ഗവണ്മെൻ്റ് നിയമനിർമ്മാണങ്ങളിലൂടെയാകണം എന്ന് അഗാർക്കർ വാദിച്ചപ്പോൾ തിലക് സമുദായനിയന്ത്രണം സമുദായത്തിന് തന്നെ വേണമെന്ന് വാദിക്കുകയുണ്ടായി. ഇതിൻ്റെയെല്ലാം അവസാനം യാഥാസ്ഥിതിക പക്ഷം ചേർന്ന തിലകിന് സാർവ്വജനിക് സംഘത്തിൽ നിന്നും പടിയിറങ്ങേണ്ടി വന്നു. ഇതിനിടയിൽ 1884 ൽ ഇംഗ്ലീഷ് സ്കൂൾ നടത്തിപ്പ് സംഘം ഡെക്കാൻ എഡ്യുക്കേഷൻ സൊസൈറ്റിയായി വിപുലീകരിക്കപ്പെട്ടിരുന്നു. അതിന് കീഴിൽ പൂനെയിലെ പ്രശസ്തമായ ഫെർഗൂസൺ കോളേജ് ആരംഭിച്ചിരുന്നു. തിലക് – അഗാർക്കർ സംഘർഷത്തിൻ്റെ തുടർച്ച എന്ന വണ്ണം തിലക് ഈ സൊസൈറ്റിയിൽ നിന്നു കൂടി നീക്കം ചെയ്യപ്പെട്ടു. എന്നാൽ കേസരിയും മറാത്തയും തിലകിൻ്റെ ഉടമസ്ഥതയിൽ തുടർന്നു. ഈ പത്രങ്ങളിലൂടെയാണ് അങ്ങേയറ്റത്തെ ദേശീയതയും ഹിന്ദുബോധവും തമ്മിൽ ചേർത്തുകൊണ്ടുള്ള രാഷ്ട്രീയം തിലകൻ തുടങ്ങിവെയ്ക്കുന്നത്. 1888 ൽ അഗാർക്കർ കേസരിയും മറാത്തയും വിട്ട് സുധാരക് എന്ന മറാത്തി – ഇംഗ്ലീഷ് പത്രിക ആരംഭിച്ചു. കേസരിയും മറാത്തയും പ്രതിനിധാനം ചെയ്യുന്ന യാഥാസ്ഥിതിക ധാരയെ എതിർക്കാനാണ് പരിഷ്ക്കർത്താവ് എന്ന് അർത്ഥം വരുന്ന സുധാരക് എന്ന തലക്കെട്ടിൽ അഗാർക്കർ പത്രം ആരംഭിച്ചത്.

മനുസ്മൃതിയും മറ്റ് സ്മൃതികളും അധികരിച്ചുള്ള ബ്രാഹ്മണമേൽക്കോയ്മയെ ആധുനികമായ രീതിയിൽ പുന:സംഘടിപ്പിക്കുകയായിരുന്നു തിലക് . വളരെ സമർത്ഥമായ ഒരു തന്ത്രമായിരുന്നു പൂനെയിലും മറാത്താപ്രവിശ്യയിലുമുള്ള ബ്രാഹ്മണരെ ഉണർത്താനായി തിലകൻ സ്വീകരിച്ചത്. ഭൂതകാലത്തെ സുവർണ്ണവല്ക്കരിക്കുകയായിരുന്നു ഒരു തന്ത്രം. ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ ബ്രാഹ്മണജീവിതത്തെ, അവരുടെ നഷ്ടബോധത്തെ തീരാനഷ്ടമായി ഇതിനെതിരെ പ്രതിഷ്ഠിച്ചു. പേഷ്വാസാമ്രാജ്യം പോലെ സ്ഥലബന്ധിയായ ഒരു രാഷ്ട്രീയമായിരുന്നില്ല അത്. മറാത്താ സാമ്രാജ്യത്തിൻ്റെ വീണ്ടെടുപ്പ് പോലുള്ള സ്ഥലബന്ധിത ഭാവനകൾക്കും മനസ്മൃതി പോലുള്ള പുരാതനഗ്രന്ഥങ്ങൾക്കും പകരമായി ദേശീയത എന്ന ആശയത്തെ ബ്രാഹ്മണിസത്തിൻ്റെ അടിത്തറയാക്കി. അതേ സമയം അഗാർക്കറും അദ്ദേഹത്തിൻ്റെ ചിന്താപദ്ധതിയിൽ കൂട്ടുവന്ന ഗോഖലേയും അവരെ ചുറ്റിപ്പറ്റിയ പുരോഗമികളായ ചിത്പാവൻ ബ്രാഹ്മണരും പേഷ്വാസാമ്രാജ്യത്തിൻ്റേയും മനുസ്മൃതിയുടേയും കെട്ടുപൊട്ടിച്ച് പുതിയ ലോകത്തേയ്ക്ക് വ്യാപിക്കുകയായിരുന്നു. അവരുടെ മൂല്യവ്യവസ്ഥകൾ ചിത്പാവൻ ബ്രാഹ്മണകുലത്തിൻ്റെ നഷ്ടബോധത്തിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ഒരു സമുദായത്തിന്റെ മേൽക്കോയ്മയേക്കാൾ രാഷ്ട്രനിയമങ്ങളുടെ മേൽക്കോയ്മയായിരുന്നു അവർ കാംക്ഷിച്ചത്

ഈ വ്യത്യാസം കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കണമെങ്കിൽ 1891 ലെ ഏജ് ഓഫ് കൺസെൻ്റ് ആക്ട് എന്ന ഹിന്ദുപെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച നിയമത്തോട് രണ്ടു കൂട്ടരും എടുത്ത നിലപാട് പരിശോധിക്കേണ്ടതുണ്ട്. 12 വയസ്സിന് താഴെയുള്ള ഹിന്ദുപെൺകുട്ടികളുടെ വിവാഹം ശിക്ഷാവിധേയമാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന നിയമം ആണിത്. അത് റാനഡേയും അഗാർക്കറും ഗോഖലേയും അടങ്ങുന്ന സംഘം നിരവധി കാലമായി ഉന്നയിക്കുന്ന ഒരു ആവശ്യമായിരുന്നു. അതേ സമയം ഹിന്ദുസമുദായത്തിന് മേൽ ബ്രിട്ടീഷ് ഗവണ്മെൻ്റ് നടത്തുന്ന കൈയ്യേറ്റമായിട്ടാണ് തിലക് ഇതിനെ ചിത്രീകരിച്ചത്. ഈ നിലപാട് യാഥാസ്ഥിതിക ഹിന്ദുക്കളുടെ പിന്തുണ തിലകിന് ലഭിക്കാനുള്ള സന്ദർഭമൊരുക്കി. അവരുടെ നേതാവായി പൂർണ്ണാർത്ഥത്തിൽ തിലക് ഉയരുന്നത് ഇതോടെയാണ്. വിധവാവിവാഹത്തിൻ്റെ കാര്യത്തിലും ഈ പിളർപ്പ് ദൃശ്യമായിരുന്നു. കീഴാളമുന്നേറ്റമായ മഹാത്മാ ഫൂലേയുടെ സത്യശോധക് സമാജ് നിരന്തരമായി വിധവാവിവാഹത്തിന് വേണ്ടി നിലകൊണ്ടിരുന്നു. ആ നിലപാടിനോട് യോജിച്ചുകൊണ്ട് അഗാർക്കർ നിരവധി എഴുത്തുകൾ നടത്തുകയുണ്ടായി. അഗാർക്കർ അനുയായി ആയിരുന്ന ഭണ്ഡാർക്കർ അദ്ദേഹത്തിന്റെ വിധവയായ മകളെ പുനർവിവാഹം ചെയ്തുകൊടുക്കുകയുണ്ടായി. അതേ സമയം തിലകും അനുയായികളും വിധവാവിവാഹത്തെ ശക്തിയായി എതിർത്തു.

മഹാത്മാ ഫൂലേയ്ക്കൊപ്പം പ്രവർത്തിക്കുകയും വിവേകാനന്ദൻ പങ്കെടുത്ത ചിക്കാഗോവിലെ ലോകമത സമ്മേളനത്തിൽ പ്രസംഗിക്കുകയും ചെയ്ത പണ്ഡിത രമാബായ് വിധവകളുടെ വിദ്യാഭ്യാസത്തിനായി ശാരദാ സദൻ ആരംഭിച്ചപ്പോൾ അതിനെ എതിർക്കാൻ കേസരിയുടെ താളുകൾ തിലക് വിനിയോഗിക്കുകയുണ്ടായി. സ്ത്രീകൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം അവരുടെ സാമൂഹികപദവിയിൽ മാറ്റം വരുത്തുന്നതിന് വേണ്ടി നടത്തുന്ന സാമൂഹ്യനിക്ഷേപമാണ് എന്ന ദർശനത്തെ തിലക് എതിർത്തു. മറിച്ച് കുടുംബിനി എന്ന പങ്ക് വിജയകരമായി നിർവ്വഹിക്കുന്നതിന് സഹായകമായ ഒന്നായി മാത്രമാണ് സ്ത്രീ വിദ്യാഭ്യാസത്തെ തിലക് കണ്ടത്. തിലകിനെ സംബന്ധിച്ചിടത്തോളം വൈവാഹിക ഭവനം ആണ് സ്ത്രീയുടെ ഏറ്റവും വലിയ പ്രായോഗികശാല. അയിത്തജാതിക്കാർക്ക് നിയമസഭയിൽ സംവരണം ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് തിലക് അഭിപ്രായപ്പെട്ടത് “നിയമനിർമ്മാണ സഭയിൽച്ചെന്ന് കർഷകർ എന്ത് ചെയ്യാനാണ് ? തയ്യൽക്കാർ അവിടെയിരുന്ന് തയ്ക്കുമോ? കച്ചവടക്കാർ അവിടെ ത്രാസ് തൂക്കുമോ? ” എന്നാണ് . തിലക് പക്ഷത്തിൻ്റെ നിരന്തരമായ ആക്രമണത്തിൻ്റെ ഫലമായി റാനഡേ പിൻവലിഞ്ഞു. എങ്കിലും ഡോ. ഭണ്ഡാർക്കർ, ജസ്റ്റീസ് തിലാങ്ങ്, സർ എൻ. ജി. ചന്ദവർക്കർ തുടങ്ങിയവരും ഗോപാലകൃഷ്ണ ഗോഖലേയും പുരോഗമന പക്ഷത്ത് ഉറച്ചു നിന്നു.

ഗണേശോത്സവും ശിവജി ഉത്സവവും
……………………………………………………………………..
1818 ലെ പേഷ്വാസാമ്രാജ്യത്തിൻ്റെ വീഴ്ചയ്ക്ക് ശേഷം ഹിന്ദു ഉത്സവങ്ങളുടെ നിറം മങ്ങി. അവ വീട്ടകങ്ങളിലേയ്ക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു. ഹിന്ദുമതത്തിലെ ജാതിശ്രേണിയെ സാംസ്കാരികമായി നിലനിർത്തുന്നതിൽ ഉത്സവങ്ങൾക്ക് വലിയ പങ്ക് ഉണ്ടായിരുന്നു. ബ്രാഹ്മണികതയ്ക്ക് ഹിന്ദുജനസമൂഹത്തിൻ്റെ അടിത്തട്ടുവരെ ആഴ്ന്നിറങ്ങാൻ ഉത്സവങ്ങളുടെ മാധ്യസ്ഥം വളരെ പ്രധാനപ്പെട്ടതായിരുന്നു. 1890 വരെ ഈ ഉത്സവങ്ങൾ മെലിഞ്ഞു. പൊതുമണ്ഡലത്തിൽ അവയുടെ ദൃശ്യത മാഞ്ഞു.

1892 ലാണ് ഇവയെ പൊതുമണ്ഡലത്തിലേയ്ക്ക് വീണ്ടും ആനയിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നത്. സ്വാഭാവികമായും ചിത്പാവൻ ബ്രാഹ്മണരുടെ രാഷ്ട്രീയവീര്യം തമ്പടിച്ചിരുന്ന പൂനെ തന്നെയാണ് ഇതിൻ്റേയും കേന്ദ്രമായത്. പൂനെയിലെ ആയുർവേദ ഡോക്ടറായിരുന്ന ഭാവുസാഹേബ് ലക്ഷ്മൺ ജാവലേയും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായിരുന്ന ദഗ്ദുഷേത്ത് ഹൽവായ്, നാനാസാഹേബ് ഖസ്ഗിവാലേ, മഹാറിഷി അണ്ണാസാഹേബ് പട് വർദ്ധൻ ,ബാലാസാഹേബ് നാട്ടു, ഗണപത്റാവു ഗോരവഡേക്കർ, ലക്കുഷേത്ത് ദണ്ഡാലേ എന്നിവരും ചേർന്ന് പൂനെയിൽ ഒരു പന്തൽ സ്ഥാപിച്ച് ഗണേശോത്സവത്തെ വീണ്ടും പൊതുമണ്ഡലത്തിലേയ്ക്ക് പുനരാനയിച്ചു. ഭാവു രൺഗരി ഗണപതി മണ്ഡൽ എന്നാണ് ഇതിനെ അവർ വിളിച്ചത്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന ബില്ലിനെ നഖശിഖാന്തം എതിർത്തതോടെ യാഥാസ്ഥിതിക ബ്രാഹ്മണർക്കിടയിൽ ജനകീയനായ തിലകിൻ്റെ ശ്രദ്ധ ഇതിൽ പതിഞ്ഞു. കേസരിയും മറാത്തയും ഈ ശ്രമത്തിന് ആകുന്നത്ര പ്രചാരണം നൽകി. 1894 ൽ തിലക് തന്നെ മുൻകൈയെടുത്ത് വിൻചുർക്ക് വാഡയിലെ കേസരി ഓഫീസിന് മുന്നിൽ വലിയൊരു പന്തൽ ഉയർത്തി ഗണേശപ്രതിമ സ്ഥാപിച്ചു. രാഷ്ട്രീയയോഗങ്ങൾക്ക് ബ്രിട്ടീഷ് ഗവണ്മെൻ്റ് ഏർപ്പെടുത്തിയിരുന്ന വിലക്കുകളെ മതത്തിൻ്റെ മറവിൽ മറികടക്കാനും തിലക് ഈ ഉത്സവത്തെ ഉപയോഗിച്ചു. വെറും ഗണപതിപ്രതിമകൾ അല്ല തിലക് ഉയർത്തിയത്. അസുരനിഗ്രഹം നടത്തുന്ന ഗണപതിവിഗ്രഹങ്ങളെയാണ്. ഗണപതി വിഗ്രഹങ്ങളെ ചിത്പാവൻ സ്വത്വമായും അസുരരൂപങ്ങളെ ബ്രിട്ടീഷ് ഗവണ്മെൻറുമായും കൂട്ടിവായിക്കുന്ന ഒരു പുതിയ ചിഹ്നഭാഷയ്ക്ക് ഇതിലൂടെ തിലക് രൂപംകൊടുത്തു. വിഘ്നേശ്വരനായ ഗണപതി ബ്രാഹ്മണരുടെ പടയോട്ടങ്ങൾക്ക് മുന്നിലെ തടസ്സങ്ങൾ തൂത്തെറിയും എന്ന ഉറപ്പും അതിലൂടെ പ്രസരിക്കപ്പെട്ടു.

ബ്രാഹ്മണിസത്തിന്റെ പ്രചാരണത്തിന് സാംസ്ക്കാരിക രാഷ്ട്രീയം പ്രധാനപ്പെട്ട ഒരു വഴിയാണ് എന്ന് തിലക് തിരിച്ചറിഞ്ഞത് ഇതിൻ്റെ വിജയത്തിലൂടെയായിരുന്നു. താൻ വിഭാവനം ചെയ്ത പുതു ബ്രാഹ്മണിസത്തിന് ബ്രാഹ്മണകുലത്തിനപ്പുറം ഒരു ജനകീയത ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ഒരു മുഹൂർത്തം കൂടിയായിരുന്നു അത്. ഉത്സവങ്ങളുടെ ജനകീയതയെ ബ്രാഹ്മണിസത്തിന് എളുപ്പം പിടിച്ചെടുക്കാനാകും എന്ന് മനസ്സിലാക്കിയ തിലകിനെയാണ് നാം ഇവിടെ ദർശിക്കുന്നത്.

ഇക്കാലത്തെ തിലകൻ്റെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ അത് ബ്രിട്ടീഷ് വിരുദ്ധമെന്ന പോലെ മുസ്ലീം വിരുദ്ധവും ആയിരുന്നു എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ഗണേശോത്സവത്തിൻ്റെ പിറവി ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു .ബ്രിട്ടീഷിന്ത്യയിലെ വിവിധഭാഗങ്ങളിൽ മുസ്ലീം – ഹിന്ദു സംഘർഷം നിലനിന്നിരുന്ന നാളുകൾ കൂടിയായിരുന്നു . ഗോവധവും “വരാഹ”വധവും ഒക്കെ ശത്രുതാപരമായി വാദ്യഘോഷാദികളുടെ ഉപയോഗവും ഒക്കെയായിരുന്നു ഈ സംഘർഷത്തിൻ്റെ ഉപാധികൾ. ഉദാഹരണത്തിന് 1894 ഫെബ്രുവരി 6 ന് നാസികിന് അടുത്ത് ഉണ്ടായ ഒരു സംഘർഷം പരിശോധിക്കാം. പ്രാദേശികമായ ഒരു പള്ളിയിൽ പന്നിത്തല അറുത്തെറിഞ്ഞിരിക്കുന്നു എന്ന വാർത്ത കേട്ട് ഇസ്ലാം വിശ്വാസികൾ രോഷാകുലരായി. മമ് ലത്ത് ദാറുടെ ( കളക്ടർ ) പരിശോധനയിൽ പള്ളിയിൽ നിന്ന് പന്നിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തു. അതിൻ്റെ പ്രതികരണം എന്ന നിലയിൽ ക്ഷേത്രത്തിൽ പശുവിൻ്റെ ശരീരഭാഗങ്ങൾ കാണപ്പെട്ടു. അതോടെ ലഹള അമ്പലവും പള്ളിയും വിട്ട് പൊതുസ്ഥലത്തേയ്ക്ക് വ്യാപിച്ചു. മുരളീധർ ക്ഷേത്രത്തിന് മുസ്ലീങ്ങൾ തീവെച്ചു തുടങ്ങിയ കിംവദന്തികൾ പ്രചരിക്കപ്പെട്ടു. ഇതിൻ്റെ പേരിൽ നിരവധി പള്ളികൾക്ക് നേരെ ആക്രമണങ്ങൾ നടന്നു. ക്ഷേത്രങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായി. അവസാനം നാലു പേരുടെ കൊലയിലാണ് ഇത് കലാശിച്ചത്. ഭീഷ്മസാഹ്നിയുടെ തമസ്സ് പോലുള്ള നോവലുകളിൽ ഇത്തരം സ്ഫോടനാത്മകമായ സാമൂഹ്യാവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങൾ കാണാം.

ഹിന്ദുസംഘടനാ സംവിധാനങ്ങളുടെ രൂപീകരണത്തോടെ ഇത്തരം സംഘർഷങ്ങൾ ആകസ്മികങ്ങളോ ഒരർത്ഥത്തിൽ അനൈച്ഛികങ്ങളോ അല്ലാതായി. ഗോസംരക്ഷണസഭകൾ ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിലെ ആര്യസമാജം ഉത്തരേന്ത്യയിലെല്ലായിടത്തും വ്യാപിപ്പിച്ചു. 1890 കളിൽ ഡെക്കാൻ പ്രദേശങ്ങളിൽ ഗോ സംരക്ഷണ സഭകളുടെ വ്യാപനം സംഭവിച്ചു. അഹ്മദ് നഗർ, ബെൽഗാം, ധാർവാഡ്, പൂനെ, സത്താറ, നാസിക് തുടങ്ങിയ പട്ടണങ്ങളിലെല്ലാം ഈ സഭകൾ പ്രവർത്തിക്കാൻ തുടങ്ങിയതോടെ സംഘർഷങ്ങളുടെ വ്യാപ്തി കൂടി. പള്ളികൾക്ക് മുന്നിലൂടെ വാദ്യഘോഷങ്ങളോടെ ഹിന്ദു ഘോഷയാത്രകൾ കടന്ന് പോകുന്നത് 1859 ൽ ബോംബെ സദറിലെ ഫൗജ് ദാരി അദാലത്ത് (കോടതി ) തടഞ്ഞിരുന്നു.

ഇത്തരം പരിസ്ഥിതിയിൽ ഡെക്കാൻ പ്രദേശത്തെ ജനജീവിതം സന്തുലനാവസ്ഥയിൽ നിലനിർത്താനല്ല തിലകും കേസരിയും ശ്രമിച്ചത്. കേസരിയിലൂടെ തിലക് മുസ്ലീം വിരുദ്ധ ലേഖനങ്ങൾ തുടരെ തുടരെ പ്രകാശിപ്പിച്ചു. ബ്രിട്ടീഷ് സർക്കാർ മുസ്ലീം പ്രീണനം നടത്തുകയാണെന്നാണ് തിലക് ആരോപിച്ചത്. യഥാർത്ഥത്തിൽ വിഭജിച്ച് ഭരിക്കുക എന്നതായിരുന്നു ബ്രിട്ടീഷ് തന്ത്രം. തക്കം കിട്ടുന്നിടത്തൊക്കെ അവർ അതിനുള്ള പഴുതുകൾ തിരയുകയായിരുന്നു. എന്നാൽ രാജ്യനഷ്ടം അനുഭവിക്കുന്ന ഒരു സമുദായത്തിൻ്റെ പ്രതിനിധി എന്ന നിലയിൽ തിലക് ഒരർത്ഥത്തിൽ ബ്രിട്ടീഷുകാർക്ക് തലവെച്ചു കൊടുക്കുകയായിരുന്നു എന്ന് വാദിക്കാം. പക്ഷെ, അതിലുപരിയായി ബ്രാഹ്മണമേൽക്കോയ്മയുടെ ദീർഘാധിപത്യം ഉറപ്പുവരുത്തുക എന്ന് ഉദ്ദേശിച്ചായിരുന്നു, തിലകിൻ്റെ ഓരോ ചുവടുവെയ്പുകളും എന്ന പൊതുചിത്രമാണ് തിലകിന്റെ രാഷ്ട്രീയ ജീവിതം തരുന്നത്.

ഹിന്ദു ഘോഷയാത്രകളിലെ വാദ്യഘോഷനിരോധനം ഗണപതി ഉത്സവങ്ങളിലൂടെ തിലക് മറികടന്നു. ഗണേശോത്സവത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഗണപതി വിഗ്രഹങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ഘോഷയാത്രകൾ ആയിരുന്നു. ശാന്തമോ ഭക്തിനിർഭരമോ ആയിരുന്നില്ല ഈ ഘോഷയാത്രകൾ. ഹിന്ദുക്കളോട് ആയുധമെടുക്കാനും അന്യശക്തികളെ തുരത്താൻ ശിവജി ചെയ്ത പോലെ പൊരുതാനുമുള്ള ആഹ്വാനമായിരുന്നു ഘോഷയാത്രകളിലെ പ്രധാനമുദ്രാവാക്യങ്ങൾ. വികേന്ദ്രിതമായ സംവിധാനം അതിനായി തിലക് ഉരുത്തിരിച്ചെടുത്തു. മേള എന്ന് വിളിക്കുന്ന, യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെടുന്ന സംവിധാനമാണ് ഓരോരോയിടത്തും ഗണേശോത്സവം സംഘടിപ്പിച്ചത്. മേളയിലെ അംഗങ്ങൾ കറുപ്പു വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. മുസ്സോളിനിയുടെ കറുപ്പു കുപ്പായക്കാരെപ്പോലെ. പത്തുദിവസമായി ഉത്സവത്തിൻ്റെ കാലാവധി നിശ്ചയിക്കപ്പെട്ടു. ഈ പത്തുദിവസവും ഗണപതിവിഗ്രഹത്തെ എഴുന്നുള്ളിച്ച് നഗരപ്രദക്ഷിണം ചെയ്യും. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ അധികരിച്ച് രചിച്ച വരികൾ ജനകീയമായ ഗാനങ്ങളിൽ കുത്തിക്കയറ്റാൻ സംഘാടകർ മറന്നില്ല. അതോടെ മതപരതയിൽ നിന്ന് രാഷ്ട്രീയപരതയിലേയ്ക്ക് നീങ്ങുന്ന ഒരു സ്വഭാവം ഈ ഉത്സവങ്ങൾക്ക് ലഭ്യമായി. ഒരേ സമയം മതപരമായും രാഷ്ട്രീയ പരമായും ബ്രാഹ്മണിസത്തിൻ്റെ പ്രാമാണ്യം ഇതിലൂടെ ഉറപ്പിക്കാൻ കഴിഞ്ഞു. രാഷ്ട്രീയബ്രാഹ്മണിസത്തിൻ്റെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യത, അതിൻ്റെ ചിത്പാൻ കാതലിനെ ഉറപ്പിക്കുന്നതിനൊപ്പം ബ്രാഹ്മണേതരമായ ഒരു ബാഹ്യസ്ഥലിയേയും സൃഷ്ടിച്ചു.

ഗണേശോത്സവത്തിലൂടെ വിജയം കണ്ട സാംസ്കാരിക രാഷ്ട്രീയത്തിൻ്റെ രണ്ടാം ചുവട് തിലക് വെയ്ക്കുന്നത് ശിവജി ഉത്സവത്തിൻ്റെ സംഘാടനത്തിലൂടെയാണ്. 1910 ൽ പ്രസിദ്ധീകരിക്കപ്പെട്ട, ബ്രിട്ടീഷ് പത്രപ്രവർത്തകനായിരുന്ന വാലൻ്റൈൻ ചിറോൾ എഴുതിയ ഇന്ത്യൻ അൺറെസ്റ്റ് എന്ന പുസ്തകത്തിൽ ശിവജി ഉത്സവത്തിൻ്റെ തുടക്കത്തെക്കുറിച്ച് വിവരിക്കുന്നുണ്ട് ( ഈ പുസ്തകത്തിൽ തന്നെയാണ് തിലകിനെ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് ഗ്രന്ഥകർത്താവ് വിശേഷിപ്പിച്ചത്. തിലക് ബ്രിട്ടീഷ് കോടതിയിൽ വലൻ്റൈൻ ചിറോളിനെതിരെ മാനനഷ്ടക്കേസ് കൊടുത്തതും അതിൽ പരാജയപ്പെട്ടതും മറ്റൊരു ചരിത്രം ) .ജീവിതകാലത്ത് ആഘോഷിക്കപ്പെട്ടെങ്കിലും മരണശേഷം ശിവജിയുടെ ഓർമ്മ ,പ്രത്യേകിച്ച് പേഷ്വാ സാമ്രാജ്യത്തിൻ്റെ പതനശേഷം , വളരെക്കാലം വിസ്മൃതിയിൽ കഴിഞ്ഞു. 1896 ൽ തിലക് ശിവജി ഉത്സവം ആരംഭിക്കുന്നതിന് മുമ്പ് ഒരു ഇംഗ്ലീഷുകാരൻ ശിവജിയുടെ ശവകുടീരം സന്ദർശിക്കുകയുണ്ടായി. ആരാലും ശ്രദ്ധിക്കപ്പെടാതെയുള്ള അതിൻ്റെ തകർന്ന നിലകണ്ട് മനംനൊന്ത് അയാൾ ഒരു പ്രാദേശികപത്രത്തിൽ അതിനെപ്പറ്റി എഴുതുകയുണ്ടായി. മഹാരാഷ്ട്രീയർ തങ്ങളുടെ ദേശീയനായകൻ്റെ അന്ത്യവിശ്രമസ്ഥലത്തിന് നൽകിയിട്ടുള്ള ദയനീയാവസ്ഥയെ ചൂണ്ടിക്കാട്ടിയുള്ള ആ കുറിപ്പാണ് ശിവജി ഉത്സവത്തെക്കുറിച്ചുള്ള ആശയത്തിലേയ്ക്ക് നയിച്ചത്. നിരവധി കാര്യങ്ങളുടെ സംഗമം തിലക് ശിവജി ഓർമ്മയെ പുന:സംഘടിപ്പിക്കുന്നതിൽ ദർശിച്ചിട്ടുണ്ടാകണം. പിൽക്കാലത്ത് പേഷ്വാ സാമ്രാജ്യം എന്ന് പുകൾകൊണ്ട ചിത്പാവൻ ബ്രാഹ്മണർ ഭരിച്ച സാമ്രാജ്യത്തിന് അടിത്തറയിട്ടത് ചിത്പാവൻ ബ്രാഹ്മണൻ അല്ലാത്ത ശിവജി മഹാരാജാവാണ്. ബ്രാഹ്മണിസത്തിൻ്റെ മേൽക്കോയ്മ ഉറപ്പിക്കണമെങ്കിൽ അതിൻ്റെ കാതലിന് ചുറ്റും ബ്രാഹ്മണേതരമായ സമുദായങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കണമായിരുന്നു. അതിന് വേണ്ടി ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല ബിംബമാണ് മറാത്താ സമുദായക്കാരനായ ശിവജി. ശിവജിയും അദ്ദേഹത്തിൻ്റെ ബ്രാഹ്മണഗുരുവായിരുന്ന രാംദാസും തമ്മിലുള്ള ബന്ധവും തിലക് ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച പുതിയ ബ്രാഹ്മണിസത്തിന് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സാംസ്കാരിക ദ്വന്ദ്വം ആയിരുന്നു. ഡക്കാൻ സുൽത്താനായിരുന്ന ആദിൽഷായുമായും മുഗൾ രാജാവായ ഔറംഗസീബുമായിട്ടുള്ള ശിവജിയുടെ പോരാട്ടങ്ങളെ ഒരേ സമയം ”മ്ലേച്ഛരാ”യ മുസ്ലീങ്ങളും ബ്രിട്ടീഷുകാരുമായുള്ള ബ്രാഹ്മണരുടെ പോരാട്ടവുമായി സമീകരിക്കാനും കഴിയുമായിരുന്നു.

തിലകിൻ്റെ തട്ടകമായ റായ്ഗറിൽ തന്നെയാണ് ശിവജിയുടെ കിരീടധാരണം നടന്നത് എന്നതും വലിയൊരു സാധ്യതയായിരുന്നു. 1896 മാർച്ച് 3 ൽ കേസരിയിൽ പ്രസിദ്ധീകരിച്ച തിലകിൻ്റെ ലേഖനത്തിൽ ശിവജി ഉത്സവത്തിൻ്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരുന്നു. ശിവജിയേയും രാംദാസിനേയും കുറിച്ചുള്ള ഗീതങ്ങൾ അഥവാ പാവ്ഡകൾ പുത്തനായി രചിച്ച് ആലപിക്കുക, കായികമത്സരങ്ങൾ നടത്തുക, ഭജനകളും നാടകങ്ങളും അവതരിപ്പിക്കുക, മറാത്താചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ അരങ്ങേറ്റുക തുടങ്ങി വലിയൊരു സാംസ്‌കാരികോത്സവമായാണ് 1896 ഏപ്രിൽ 15 ന് റായ്ഗാറിൽ ശിവജി ഉത്സവം തുടങ്ങിവെച്ചത്. അതോടൊപ്പം ഉത്സവത്തിൻ്റെ ആഘോഷവശത്തെ ബ്രാഹ്മണദേശീയതയുമായി ബന്ധിപ്പിക്കുന്നതിൽ ബോധപൂർവ്വമായ ഇടപെടൽ നടത്തുന്നതിൽ തിലക് പ്രത്യേകം ശ്രദ്ധിച്ചു.

ശിവജിയും രാംദാസുമാണ് ആഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം. 3 ദിവസമാണ് ആഘോഷം നീണ്ടുനിൽക്കുക. പഠനക്ലാസ്സുകൾ, പ്രഭാഷണങ്ങൾ, നാടകപ്രകടനങ്ങൾ (ഐന്ദ്രിയതയും അശ്ലീലവും ഒഴിവാക്കേണ്ടതാണ്), ചരിത്ര ഗീതികളുടെ ആലാപനം …… എന്നിവയാണ് ഈ പരിപാടിയുടെ മുഖ്യ ഇനങ്ങൾ …… വിദേശത്ത് നിർമ്മിച്ചതോ ഉത്പാദിപ്പിച്ചതോ ആയ പെട്രോളിയം, മെഴുകുതിരികൾ, സ്ഫടികപാത്രങ്ങൾ തുടങ്ങിയ വസ്തുക്കൾ നിശ്ചയമായും ആഘോഷത്തിൽ നിന്ന് മാറ്റിനിർത്തേണ്ടതും സ്വദേശി ഉല്പന്നങ്ങൾ കൊണ്ടുവരേണ്ടതുമാണ്… അവ ആഘോഷത്തിൻ്റെ നിറപ്പകിട്ടിനെ ബാധിക്കുമെങ്കിൽ കൂടിയും …. ഈ മൂന്നുദിവസങ്ങളിലും ദശ്ബോധിൽ നിന്നും ശിവവിജയത്തിൽ നിന്നുമുള്ള ഭാഗങ്ങൾ വായിക്കണം …… ശിവജിയെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രത്യേകമായി തയ്യാറാക്കിയ ഗീതം അവസാനദിവസം ശിവജിയുടെ നിലവാരമുള്ള നിശ്ചലദൃശ്യം തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ആലപിക്കണം. നടത്തിപ്പുകാരും സന്നദ്ധപ്രവർത്തകരും മറ്റും ഗീതമാലപിക്കുമ്പോൾ എണീറ്റു നിൽക്കേണ്ടതും അത് തീരുമ്പോൾ ഹർ ഹർ മഹാദേവ് ! എന്ന ഉച്ചത്തിൽ ഘോഷിക്കേണ്ടതുമാണ്. മുഴുവൻ ആഘോഷത്തിലും വെച്ച് ഏറ്റവും പ്രധാനപ്പെട്ടത് ഈ ഗീതാലാപം ആണ്

തിലക് പ്രതിപാദിച്ച ഈ ഗീതത്തിൻ്റെ തർജ്ജമ വാലൻ്റൈൻ ചിറോൾ തരുന്നത് ഇങ്ങനെയാണ്
മോശപ്പെട്ട സാഹചര്യങ്ങളിൽ നമുക്ക് ശിവാജിയെപ്പോലെ ഉച്ചരിക്കാം. നിങ്ങളുടെ വാളുകളും പരിചകളും ഉയർത്തൂ. നമുക്ക് ശത്രുവിൻ്റെ എണ്ണമറ്റ ശിരസ്സുകളെ ഛേദിക്കാം. കേൾക്കൂ ! ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന ഒരു ദേശീയസമരത്തിൽ ,നമ്മുടെ ശത്രുക്കളുടെ ജീവരക്തം ഒഴുക്കാൻ നാം ഉറപ്പുവരുത്തേണ്ടതുണ്ട്.

ഇനി, തിലക് തന്നെ അദ്ധ്യക്ഷത വഹിച്ച ഒരു ശിവജി ഉത്സവത്തിലെ പ്രഭാഷണസമ്മേളനത്തിൽ ഒരു ബ്രാഹ്മണ പ്രൊഫസർ നടത്തിയ പ്രഭാഷണം ഇങ്ങനെയായിരുന്നു .

ഒരു മൊഹമ്മദൻ ചക്രവർത്തിക്ക് കീഴിലും തല കുമ്പിടില്ലെന്ന് ഒമ്പതാം വയസ്സിൽ തന്നെ ദൈവികമായ പ്രചോദനം ലഭിച്ച വ്യക്തിയെ ആരാണ് കൊലയാളി എന്ന് വിളിക്കാൻ ധൈര്യപ്പെടുക? ഒരു വലിയ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിനിടയിൽ നിസ്സാരമായ ഒന്ന് പാലിച്ചില്ല എന്നതിൽ ആരാണ് ശിവജിയെ അപലപിക്കാൻ ധൈര്യപ്പെടുക? ഇതിനേക്കാളും ഭീകരമായ അഞ്ചോ അമ്പതോ കുറ്റകൃത്യങ്ങൾ ശിവജി ചെയ്തിട്ടുണ്ടെങ്കിൽപ്പോലും നമ്മുടെ പ്രഭു ശിവജിയുടെ പ്രതിരൂപത്തിൻ്റെ കാൽക്കീഴിൽ നൂറു തവണ നമസ്ക്കരിക്കാൻ പോലും ഞാൻ സന്നദ്ധനാണ്….. ഓരോ ഹിന്ദുവും ഓരോ മറാത്തയും ഈ ആഘോഷക്കാഴ്ചയിൽ സന്തോഷിക്കേണ്ടതാണ്.കാരണം ,നമ്മളും നഷ്ടപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള സമരത്തിലാണ്. ആ സംയോജനം വഴി മാത്രമേ നുകം തകർത്തെറിയാൻ നമുക്ക് പറ്റൂ

Afzal Khan

പേഷ്വാ ഭരണത്തിന് അടിത്തറയിട്ട ശിവജി മഹാരാജിൻ്റെ ചരിത്രത്തിലെ കറയായി കാണുന്ന ഒന്നാണ് അഫ്സൽഖാൻ്റെ കൊലപാതകം. ആ സംഭവമാണ് ഇവിടെ ബ്രാഹ്മണ പ്രൊഫസർ അനുസ്മരിക്കുന്നത്. ബീജാപൂർ രാജാവിൻ്റെ സാമന്തനായിരുന്നു ശിവജിയുടെ പിതാവ്. എന്നാൽ പിതാവിൻ്റെ കാലശേഷം ശിവജി ഭരണത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്ന സംശയം രാജാവായിരുന്ന ആദിൽഷായ്ക്ക് ഉണ്ടായി. യഥാർത്ഥത്തിൽ ആദിൽഷാ ആയിരുന്നു രാജാവെങ്കിലും അദ്ദേഹത്തിന് പ്രായപൂർത്തി എത്താത്തതിനാൽ മാതാവ് ആയിരുന്നു ഭരണകാര്യങ്ങൾ നിർവഹിച്ചിരുന്നത്. അവരുടെ ആജ്ഞ പ്രകാരം ശിവജിയുമായി സന്ധിസംഭാഷണം നടത്തുന്നതിനായി ആദിൽഷായുടെ പ്രതിനിധിയായി ശിവജിയുടെ പിതാവിൻ്റെ സുഹൃത്ത് കൂടിയായ അഫ്സൽഖാൻ അദ്ദേഹത്തിൻ്റെ അടുത്തേയ്ക്ക് ചെന്നു. പ്രതാപ്ഗഢ് കോട്ടയിൽ വെച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത് . 1659 നവംബർ 10 ന് നടന്ന കൂടിക്കാഴ്ചയിൽ, അക്കാലത്തെ രാജനീതിക്ക് വിരുദ്ധമായി ശിവജി അഫ്സൽ ഖാനെ ചതിച്ചു കൊന്നു എന്നാണ് ജെയിംസ് ഡഫ് പോലുള്ള ആദ്യകാല ചരിത്രപണ്ഡിതർ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മറാത്താ ബ്രാഹ്മണരുടെ ഉയിർത്തെഴുന്നേല്പിൻ്റെ ഭാഗമായ പ്രതിചരിത്ര നിർമ്മാണത്തിൽ ശിവജിയെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. അഫ്സൽഖാൻ്റെ ചതി ശിവജി തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹത്തെ വധിക്കുകയാണ് എന്ന മട്ടിൽ .

തിലക് കേസരിയിൽ ഈ ചരിത്രസംഭവം ചർച്ച ചെയ്യുന്നത് ഇങ്ങനെയാണ്.

ശിവജി ആദ്യം തന്നെ ആസൂത്രണം ചെയ്യുകയും പിന്നീട് നടപ്പാക്കിയതും ചെയ്തതാണ് അഫ്സൽഖാന്റെ വധം എന്നു തന്നെ കരുതുക. മഹാരാജിൻ്റെ ഈ പ്രവൃത്തി നല്ലതോ ചീത്തയോ? ഈ ചോദ്യം പരിഗണിക്കേണ്ട ഭരണഘടനയുടേയോ എന്തിന് മനുവിൻ്റെ ,അഥവാ യാജ്ഞവല്ക്യൻ്റെ സ്മൃതികളുടേയോ പശ്ചാത്യവും പൗരസ്ത്യവുമായ ഏതെങ്കിലും സദാചാരസംഹിതകളുടേയോ നിലപാടുതറയിൽ നിന്നല്ല. സമൂഹത്തിന് ബാധകമായ നിയമങ്ങൾ നിങ്ങളെപ്പോലെയോ എന്നെപ്പോലെയോ ഉള്ള സാമാന്യ മനുഷ്യർക്കുള്ളതാണ്. ആരും ഒരു ഋഷിയുടെ പാരമ്പര്യം അന്വേഷിക്കാറില്ല അഥവാ ഒരു രാജാവിൽ കുറ്റബോധം കെട്ടിവെയ്ക്കാറില്ല. മഹാന്മാർ സദാചാരത്തിൻ്റെ സാന്മാർഗ്ഗിക നിയമങ്ങൾക്കപ്പുറമാണ്. ഇത്തരം തത്വങ്ങൾ മഹത്തായ മനുഷ്യരുടെ പദവിയിൽ എത്തപ്പെടാതെ വീണുപോകുന്നവയാണ്. അഫ്സൽ ഖാനെ കൊല്ലുക വഴി പാപം ചെയ്യുകയായിരുന്നോ? ഈ ചോദ്യത്തിനുള്ള മറുപടി മഹാഭാരതത്തിൽ തന്നെ കണ്ടെത്താം. ഗീതയിൽ ശ്രീമദ് കൃഷ്ണൻ്റെ ഉപദേശം നമ്മുടെ ഗുരുക്കന്മാരേയും ബന്ധുക്കളേയും കൂടി കൊല്ലാമെന്നാണ്. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുന്നവരിൽ ഒരു കുറ്റവും ഇരിക്കില്ല. ശ്രീ ശിവജി മഹാരാജാവ് തൻ്റെ വയറ്റിലെ ശൂന്യസ്ഥലം ഒഴിവാക്കാനായി ഒന്നും തന്നെ ചെയ്തിട്ടില്ല. ഉദാത്തമായ ഉദ്ദേശത്തോടു കൂടി ,മറ്റുള്ളവരുടെ നന്മക്കായാണ് അദ്ദേഹം അഫ്സൽ ഖാനെ കൊലപ്പെടുത്തിയത്. .. കുണ്ടുകിണറ്റിലെ തവളയെപ്പോലെ നിങ്ങളുടെ ദർശനത്തെ പരിമിതപ്പെടുത്താതിരിക്കുക.ശിക്ഷാനിയമങ്ങളുടെ പുറത്ത് കടന്ന് ശ്രീമദ് ഭഗവദ് ഗീതയുടെ ഉന്നതാന്തരീക്ഷത്തിലേയ്ക്ക് കടന്നുചെന്നതിന് ശേഷം മഹത്തായ വ്യക്തിത്വങ്ങളുടെ പ്രവൃത്തിയെ പരിഗണിക്കുക

ഇവിടെ തിലക് ഒരിക്കലും ശിവജി അഫ്സൽ ഖാനെ നേരായ മാർഗ്ഗത്തിലൂടെയല്ലാതെ കൊന്നു എന്നതിന്, മറ്റ് ബ്രാഹ്മണവാദികളെപ്പോലെ പ്രതിചരിത്രം രചിക്കുന്നില്ല. മറിച്ച് ചതി എന്ന് സാമാന്യബുദ്ധിയിൽ പതിയാവുന്ന ഒരു കാര്യത്തെ അതല്ലാതാക്കിത്തീർക്കാനും അതിലെ ഉദാത്തത വെളിപ്പെടുത്താനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിനദ്ദേഹത്തെ സഹായിക്കുന്നത് ഗീതയാണ്. യഥാർത്ഥത്തിൽ ചിത്പാവൻ ബ്രാഹ്മണകുലത്തിലെ യാഥാസ്ഥിതികരുടെ ശിവജിപ്രേമത്തെ സമകാലികവത്ക്കരിക്കാനും ഇപ്പോൾ അവരുടെ ശത്രുക്കളായ ബ്രിട്ടീഷുകാരെ അഫ്സൽ ഖാനോട് സമീകരിക്കാനും മാത്രമല്ല തിലക് ശ്രമിക്കുന്നത്. “ഉദാത്തമായ പ്രവൃത്തികൾ ” ചെയ്യുന്നതിന് ബ്രിട്ടീഷ് ശിക്ഷാനിയമം അനുശാസിക്കുന്ന സന്മാർഗ്ഗമല്ല പിന്തുടരേണ്ടത് എന്ന് ഭംഗ്യന്തരേണ പറഞ്ഞു വെയ്ക്കുകയാണ് അദ്ദേഹം.

ഒരു ചരിത്രസ്മരണയെ സമകാലികവല്ക്കരിക്കുക മാത്രമല്ല ഇവിടെ അദ്ദേഹം ചെയ്യുന്നത്. മറിച്ച് യുദ്ധത്തോട് അടുക്കുന്ന അക്രമോത്സുകത കൊണ്ട് മാത്രമേ ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാവു എന്ന് കൂടിയാണ്. സ്വാതന്ത്ര്യനിഷേധത്തിൻ്റെ ആധുനികമായ പാഠങ്ങൾ അല്ല ,ആധുനികവിദ്യാഭ്യാസം കരസ്ഥമാക്കിയ തിലകും കൂട്ടരും ചൂണ്ടിക്കാട്ടുന്നത്. അവർ ഊർജ്ജം സംഭരിക്കുന്നത് പുതിയ ലോകാനുഭവത്തിൽ നിന്നുമല്ല. രാജഭരണകാലത്തെ വീരകൃത്യങ്ങളിൽ നിന്നാണ്. പുതിയതോ പഴയതോ ആയ നൈതികബോധമല്ല ആ വീരകൃത്യങ്ങളെ നിർണ്ണയിക്കുന്നത്. അവർ തന്നെയാണ്. വെട്ടിപ്പിടിക്കലിൻ്റെ തത്വശാസ്ത്രം ആണ് അവരെ നയിച്ചിരുന്നത്. ഇങ്ങനെ ഭൂതകാലത്തിൻ്റെ ഒരു സ്മരണാമുഹൂർത്തത്തിലേയ്ക്ക് ജനതയെമ്പാടും നയിക്കുക വഴി വീരത്വത്തിന്റെ മേൽക്കോയ്മ അവരിൽ വന്ന് വീഴുന്നു. ആ വീരത്വത്തിൻ്റെ ഉത്തരവാദിത്വം ഈ ഘട്ടത്തിൽ ഏറ്റെടുക്കാൻ ചിത്പാവൻ ബ്രാഹ്മണർ മുന്നോട്ടു വന്നു എന്നത് ഒരു വസ്തുതയാണ്. തിരശ്ശീലയ്ക്ക് പിന്നിൽ നിന്നുകൊണ്ട് അരങ്ങ് നിയന്ത്രിക്കാനല്ല അവർ ശ്രമിച്ചത്. അരങ്ങിൽ നിറഞ്ഞാടാനാണ്.
———————————————————————————————————————

(തുടരും)

പി എൻ ഗോപീകൃഷ്ണൻ എഴുതിയ ഹിന്ദുത്വത്തിൻ്റെ ചരിത്രം എന്ന സമാഹാരത്തിൻ്റെ മുൻ അധ്യായങ്ങൾ വായിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക:

ഹിന്ദുത്വത്തിൻ്റെ ചരിത്രം: ഭാഗം-1 : ആമുഖം

ഹിന്ദുത്വത്തിൻ്റെ ചരിത്രം: ഭാഗം-2 : ചിത്പാവൻ ബ്രാഹ്മണരുടെ രാജ്യവും രാജ്യനഷ്ടവും

 

Comments

comments