7. ദുരഭിമാനക്കൊലയും ചപേക്കർ സഹോദരരും
……………………………………………………………………………………………….

കോടതി ദാമോദർ ഹരി ചപേക്കറിന് തൂക്കുമരം വിധിച്ചു. അദ്ദേഹം നൽകിയ അപ്പീൽ തള്ളിയതിനെ തുടർന്ന് 1898 ഏപ്രിൽ 18 ന് അദ്ദേഹത്തെ തൂക്കിലേറ്റി. കൈയിൽ ഭഗവദ്ഗീതയുടെ പ്രതി പിടിച്ചാണ് അദ്ദേഹം മരിച്ചത്. ഹിന്ദു ജനജാഗ്രതി സമിതി പോലുള്ള ഹിന്ദുരാഷ്ട്രനിർമ്മിതിക്ക് വേണ്ടി നിലകൊള്ളുന്ന വെബ്സൈറ്റുകളിലെ വിവരണപ്രകാരം ഭഗവദ്ഗീതയുടെ പ്രതി നൽകിയത് തിലക് ആണ്. പ്രസ്തുത വെബ്സൈറ്റ് പറയുന്നത് ഇങ്ങനെ

” യർവാദാ ജയിലിൽ, തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള തുറുങ്കിൽ കഴിയുന്ന നാളുകളിൽ, അതേ ജയിലിലെ മറ്റൊരു വാർഡിൽ തിലകിനേയും തുറുങ്കിലടച്ചിരുന്നു. തിലകിനെ ഒരു വട്ടമെങ്കിലും സന്ദർശിക്കാനുള്ള അനുമതിക്കായി ദാമോദർ ജയിലധികൃതരോട് അഭ്യർത്ഥിക്കുകയുണ്ടായി. അനുമതി അനുവദിക്കപ്പെട്ടു. തിലകിനെ കണ്ടപ്പോൾ, ഗീതയുടെ ഒരു പ്രതിക്കായി ദാമോദർ അഭ്യർത്ഥിക്കുകയും തൻ്റെ മരണത്തിന് ശേഷം ഹിന്ദുമതാനുസൃതമായ അന്തിമച്ചടങ്ങുകൾ മൃതശരീരത്തിന് നൽകണമെന്നും അഭ്യർത്ഥിച്ചു. തിലക് ദാമോദറിന് ഭഗവദ്ഗീത നൽകുകയും ദാമോദർ ഗീതയുടെ ആ പ്രതി കൈയ്യിലേന്തി തൂക്കുമരത്തിലേയ്ക്ക് പോകുകയും ചെയ്തു. ”

തിലകും ദാമോദർ ഹരി ചപേക്കറും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു എന്ന് പറയുന്ന ഹിന്ദുത്വ വെബ്സൈറ്റുകളുടെ വിവരണങ്ങൾക്ക് എന്തെങ്കിലും ചരിത്രാടിത്തറ ഉണ്ടോ എന്ന് നിശ്ചയമില്ല. അതേ സമയം തിലക് ഉണ്ടാക്കിയ നവ- ബ്രാഹ്മണവാദത്തിൻ്റെ തീവ്രമായ ഉത്പന്നമായി തൻ്റെ ജീവിതങ്ങളെ മാറ്റുകയായിരുന്നു ദാമോദർ ഹരി ചപേക്കേറും സഹോദരങ്ങളും എന്ന് കാണാം. വിചാരണയിൽ ദാമോദർ സമ്മതിക്കുന്ന ഒരു കാര്യം റാൻഡ് തൻ്റെ വസതിയിൽ യാതൊരു അതിക്രമവും പ്ലേഗ് നിവാരണത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചിട്ടില്ല എന്നാണ്. അതേ സമയം ബ്രാഹ്മണ വൈകാരികതയെ നോവിക്കും വിധം റാൻഡ് പെരുമാറിയതായി കേസരിയടക്കമുള്ള പത്രികകൾ ആരോപിച്ചതടക്കം വിശ്വസിച്ചാണ് റാൻഡിനെ ദാമോദർ വധിക്കുന്നത്. ദാമോദറിൻ്റെ മാനസിക നില വ്യക്തമാക്കാൻ അദ്ദേഹത്തിൻ്റെ ആത്മകഥയിലെ ഭാഗങ്ങൾ സഹായിക്കും.

” ഇംഗ്ലീഷ് പഠനത്തിൻ്റെ സ്വാധീനം അതിശയകരമാം വിധം വലുതാണ്. ഒരാൾ അത് പഠിക്കാൻ മുതിരുകയോ ഒരു കുട്ടി അതിൻ്റെ അക്ഷരമാലയുടെ ആദ്യ രണ്ടോ മൂന്നോ അക്ഷരങ്ങൾ കാണാപാഠം പഠിക്കുകയോ ചെയ്താലുടൻ അവൻ മുതിർന്നവരെ (ഇംഗ്ലീഷ് അറിയാത്തവരെ) വിഡ്ഢികളായി കണക്കാക്കുകയും തൻ്റെ നല്ലതും പ്രാചീനവുമായ മതത്തെ നിന്ദിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ വെറും മണം ഈ പ്രഭാവം ഉണ്ടാക്കുന്നെങ്കിൽ അത് മുഴുവനായി രുചിക്കുന്നവൻ ആ കുപ്പിയുടെ അനുയായി ആയിത്തീരുകയും കാൽവിരൽ തൊട്ട് ഉച്ചി വരെ ഇംഗ്ലീഷുകാരനായി തീരുകയും ചെയ്യുന്നു ”

Statue of the Chapekar brothers at Chinchwad, Pune ( Photo CC wiki)

തിലകിനെ മറികടക്കുന്ന നവ- യാഥാസ്ഥിതികൻ ആയാണ് ദാമോദർ തന്നെത്തന്നെ പ്രകാശിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയേയും വിദ്യാഭ്യാസത്തേയും തങ്ങളുടെ മതബോധത്തെ നശിപ്പിക്കുന്ന ദുർമന്ത്രവാദമായാണ് ദാമോദർ കാണുന്നത്. തങ്ങളുടെ ബ്രാഹ്മണസ്വത്വത്തെ മുച്ചൂടും നശിപ്പിക്കുന്ന ദുർമന്ത്രവാദം. ഒരേ സമയം പേടിയും വെറുപ്പുമാണ് ഇംഗ്ലീഷിനോട് അയാൾ പ്രദർശിപ്പിക്കുന്നത്. സ്വത്വത്തെ നശിപ്പിക്കുന്ന പുതിയ മദ്യം ആണത്.

പട്ടാളത്തിൽ നിന്ന് ചിത്പാവനുകളെ അകറ്റിനിർത്തുക ഗവൺമെൻ്റ് നയമാണെന്ന് കരുതി ദാമോദർ ചപേക്കർ താൻ പട്ടാളത്തിൽ ചേരാൻ അപേക്ഷ അയച്ചതും നിരസിച്ചതും ദാമോദർ ആത്മകഥയിൽ കുറിക്കുന്നുണ്ട് .
” ലോകത്തൊരിടത്തും , തെരഞ്ഞു നോക്കുകയാണെങ്കിൽ, ഇംഗ്ലീഷുകാരുടേത് പോലെ ക്രൂരമായ ഭരണസമ്പ്രദായം നിലവിലില്ലെന്ന് കാണാം. കൈയ്യിൽ വാളുമായി ആട്ടിൻപറ്റങ്ങളെപ്പോലെ മനുഷ്യരുടെ കഴുത്തുകൾ അരിഞ്ഞു തള്ളിയിരുന്ന യവന രാജാക്കന്മാർ ഇവരേക്കാൾ എത്രഭേദമായിരുന്നു. ഇംഗ്ലീഷുകാർ ചതിയരാണ്. അവരെപ്പോലെ പ്രതിനായകർ ഈ ഭൂമുഖത്ത് മറ്റാരുമില്ല എന്ന് സംശയലേശമന്യേ ഞാൻ പറയുന്നു. മറ്റുള്ള ജനതകളെ കരുണാലേശമില്ലാതെ നശിപ്പിക്കുന്നവർ. ഇതുവരെ നിരവധി ക്രൂരരായ യവനരാജാക്കൾ ഇന്ത്യയിലുണ്ടായിരുന്നിട്ടും ഹിന്ദുക്കളെ ചില നിയമനങ്ങളിൽ നിന്ന് മാറ്റിനിർത്താനും ചില നിയമനങ്ങളിൽ അവരുടെ സംഖ്യ പരിമിതപ്പെടുത്താനും നിയമനിർമ്മാണം നടത്താൻ അവർ മുതിർന്നിട്ടില്ല ”

ഇംഗ്ലീഷുകാരോടുള്ള കഠിനവിരോധം ദാമോദർ വെളിപ്പെടുത്തുന്നത് പ്രകാരം ,അവർ ” ഇന്ത്യാക്കാരോട് ” കാണിക്കുന്ന ക്രൂരതയും അവജ്ഞയുമല്ല. മറിച്ച് ” ഹിന്ദുക്കളോട് ” കാണിക്കുന്ന ക്രൂരത കൊണ്ടാണ്. കാരണം നിയമനങ്ങളിൽ നിന്ന് മാറ്റി നിർത്തുക ,നിയമനങ്ങളിൽ എണ്ണം പരിമിതപ്പെടുത്തുക തുടങ്ങിയവ നാട്ടുരാജ്യങ്ങളിലെ പതിവായിരുന്നു. അത് ജാതിമേൽക്കോയ്മയുടെ സ്വഭാവവും ആയിരുന്നു. ഉദാഹരണത്തിന് തിരുവിതാംകൂർ പോലൊരു ഹിന്ദു നാട്ടുരാജ്യത്തിൽ ഡോ. പല്പുവിനേയും അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ വേലായുധനേയും ജോലി നിഷേധിച്ച് മാറ്റി നിർത്തിയതൊക്കെ കേരളചരിത്രത്തിൻ്റെ ഭാഗമാണ്. അപ്പോൾ ജാതിയിൽ താഴ്ന്നതിൻ്റെ പേരിലുള്ള മാറ്റിനിർത്തലുകളേക്കാൾ, ജാതി ശ്രേണിയിൽ മുകളിലായിട്ടും ,തൻ്റെ ചിത്പാവൻ പദവി പോലും നിരാകരിക്കപ്പെട്ടതാണ് ദാമോദറിനെ വേദനിപ്പിക്കുന്നത്. സാമ്രാജ്യത്തം ബ്രാഹ്മണിസത്തോട് കാട്ടുന്ന അവഗണനയാണ് അദ്ദേഹത്തിൻ്റെ പ്രശ്നം. അത് അന്തസ്സിനെ ഹനിക്കുന്ന ഒന്നായി അദ്ദേഹത്തിൻ്റെ വ്യക്തിസത്തയിൽ മാറുന്നതാണ് നാം കാണുന്നത്. എന്ന് പറഞ്ഞാൽ മതസ്വത്വം തന്നെയാണ് അദ്ദേഹത്തിൻ്റെ വ്യക്തിസ്വത്വം . അതിനാൽ മതസ്വത്വത്തിൽ നിന്ന് തെറ്റിപ്പോയ ഓരോരുത്തരും അത് പട് വർദ്ധൻ ആയാലും ഇംഗ്ലീഷുകാർ ആയാലും ശിക്ഷാർഹരാണ്. ആ ശിക്ഷ നൽകാൻ തനിയ്ക്ക് അർഹത നൽകുന്നതോ അസ്തമിച്ചു പോയ പേഷ്വാ സാമ്രാജ്യത്തോട് ചേർത്തുവെയ്ക്കുന്ന തൻ്റെ ഇല്ലാത്ത ,എന്നാൽ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന മായിക വ്യക്തിത്വവും. അതിനാൽ സാമ്രാജ്യത്തം ഒരു വ്യവസ്ഥ എന്ന നിലയിൽ ഇന്ത്യയോടോ മഹാരാഷ്ട്രയിലെ ജനങ്ങളോടോ ചെയ്യുന്ന ദ്രോഹവും ചൂഷണവുമല്ല ദാമോദറിനെ ചലിപ്പിക്കുന്നത്. അദ്ദേഹം സാമ്രാജ്യത്ത വിരുദ്ധൻ എന്നതിനേക്കാൾ ആധുനികതാ വിരുദ്ധൻ ആണ്. ആ ആധുനിക വിരുദ്ധതയുടെ വേരുകൾ ആകട്ടെ ചിത്പാവൻ ബ്രാഹ്മണരുടെ “സുവർണ്ണയുഗ ” ത്തിലും.

ദാമോദർ പരാമർശിക്കുന്ന സംഭവം ഇതാണ്. കരസേനയിൽ ചേരാൻ ദാമോദർ ആഗ്രഹിച്ചെങ്കിലും ബ്രാഹ്മണൻ ആണെന്ന പേരിൽ നിഷേധിക്കപ്പെട്ടു. കാരണമായി ബ്രിട്ടീഷ് സൈനികാധികൃതർ പറഞ്ഞത് ഒരു ബ്രാഹ്മണ റെജിമൻ്റ് രൂപീകരിക്കാൻ തക്ക ബ്രാഹ്മണർ അവിടെയില്ലെന്നാണ്. ഇതിൽ പ്രതിഷേധിച്ച് ദാമോദർ ഷിംലയിലെ കമാണ്ടർ – ഇൻ- ചീഫിന് കത്തെഴുതിയെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. തുടർന്ന് ഒരു റെജിമെൻ്റ് രൂപീകരിക്കുന്നതിനാവശ്യമായ 400 ബ്രാഹ്മണരെ താൻ തന്നെ സംഘടിപ്പിച്ചു തരാമെന്ന് ദാമോദർ ഹരി ചപേക്കർ അറിയിച്ചെങ്കിലും ആ നിർദ്ദേശവും അവർ സ്വീകരിച്ചില്ല

അതേ തുടർന്ന് ആര്യധർമ്മ് പ്രതിബന്ധ് നിവാരൺ മണ്ഡലി പോലുള്ള സംഘങ്ങൾ ദാമോദർ രൂപീകരിക്കുന്നത്. താനും അനുജൻ ബാലകൃഷ്ണയും ബുസ്കൂട്ടെയുമാണ് ഇതിന് മുൻകൈയെടുത്തതെന്ന് ദാമോദർ തൻ്റെ വിചാരണയിൽ വെളിവാക്കുന്നുണ്ട്. സംഘത്തിൻ്റെ പ്രവർത്തനത്തെപ്പറ്റി ദാമോദർ ആത്മകഥയിൽ രേഖപ്പെടുത്തിയത് ഇങ്ങനെ :

താഴെപ്പറയുന്ന കായികാഭ്യാസങ്ങൾ ഞങ്ങൾ സാധാരണയായി പഠിപ്പിച്ചു പോന്നു. ഗുസ്തി ,വാൾപ്പയറ്റ് ,കത്തി പ്രയോഗങ്ങൾ ,കുന്തം ഉപയോഗിച്ചുള്ള അഭ്യാസങ്ങൾ ,ഉയരച്ചാട്ടം, നീളച്ചാട്ടം, ബോക്സിങ്ങ് .വൈകീട്ട് 4 മുതൽ 6 വരെയാണ് സമയക്രമം .യോദ്ധാക്കളുടെ കൃത്യങ്ങൾ ഉൾക്കൊള്ളുന്ന ചരിത്ര ഗ്രന്ഥങ്ങൾ ശേഖരിച്ച് ഞങ്ങൾ ഒരിടത്ത് ഒരു ഗ്രന്ഥശാലയുണ്ടാക്കി. … വൈകുന്നേരം ഞങ്ങൾ രണ്ടു സഹോദരരിൽ ഒരാൾ ചരിത്രപുസ്തകങ്ങൾ പാരായണം ചെയ്യുമായിരുന്നു. പ്രാചീന ചരിത്രത്തിലെ ഏതെങ്കിലും ഭാഗങ്ങൾ തെരഞ്ഞെടുത്ത് ആൺകുട്ടികളുടെ മനസ്സിൽ സ്വാഭിമാനവും സ്വന്തം മതത്തോടുള്ള സ്നേഹവും അങ്കുരിക്കുന്ന വിധത്തിൽ പാരായണം ചെയ്യുകയായിരുന്നു പതിവ്. പാരായണത്തിനിടയിൽ യുദ്ധത്തിൻ്റെ വിവരണങ്ങൾ കടന്നുവരികയാണെങ്കിൽ ; മോർച്ചേ ബന്ദി, ഖാണ്ഡക് , ഗനിമീകവ, ചാപ്പ (പോരാട്ടത്തിൻ്റെ അടവുകൾ )തുടങ്ങിയവയും ആയുധങ്ങളുടെ പേരും ; ഞങ്ങൾ അവയ്ക്ക് തെളിമയുള്ള വിശദീകരണം നൽകുമായിരുന്നു ”

വിക്ടോറിയാ പ്രതിമ അലങ്കോലപ്പെടുത്തിയതിന് ശേഷം ദാമോദർ ദണ്ഡപാണി എന്ന കള്ളപ്പേരിൽ താനെയിൽ നിന്നുള്ള പ്രാദേശിക പത്രമായിരുന്ന “സൂര്യോദയി “ൽ ഒരു കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.

” ഞങ്ങൾ ദണ്ഡപാണി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചിരിക്കുന്നു. ഞങ്ങളുടെ മതത്തിന് വേണ്ടി മരിക്കുകയും മറ്റുള്ളവരെ കൊല്ലുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ നിശ്ചിത തീരുമാനം. അതിൻ്റെ ആദ്യവിജയം തദ്ദേശീയർക്കും യൂറോപ്യർക്കുമിടയിൽ വിവേചനം നടപ്പിലാക്കിയ ഇംഗ്ലണ്ടിലെ രാജ്ഞിയുടെ പ്രതിമയുടെ മുഖത്ത് കറുപ്പു തേച്ചതാണ്. ഈ ദണ്ഡപാണി സംഘടനയെ ആർക്കും അവഗണിക്കാൻ കഴിയില്ല. അധാർമ്മികതയെ പ്രോത്സാഹിപ്പിക്കുന്ന ആരും, രാജ്ഞിയാകട്ടെ അതിന് മുകളിലുള്ളവർ ആകട്ടെ ,ഈ സംഘടനയുടെ എതിരാളികൾ ആയിരിക്കും ”

എത്രമാത്രം മതബദ്ധമായിരുന്നു ,ദാമോദറിൻ്റെ സംഘടന എന്നത് ഇതിൽ നിന്നും വ്യക്തമായല്ലോ. തങ്ങൾ ആയുധമേന്തുന്നത് മതം എന്ന് സമീകരിക്കപ്പെടുന്ന ബ്രാഹ്മണിസത്തെ സംരക്ഷിക്കാനാണ് എന്ന ഉത്തമബോധ്യത്തിലാണ് മതേതരമായ പുരോഗമനത്തിൻ്റെ വിത്തുകൾ പേറിയ സുധാരക് പത്രാധിപർ പട് വർദ്ധനെ ആക്രമിച്ചതും വിക്ടോറിയ പ്രതിമയിൽ ടാർ പൂശിയതും റാൻഡിനെ വധിച്ചതും. പിൽക്കാലത്ത് ഭഗത് സിംഗും കൂട്ടരും സാൻഡേഴ്സിനെ വധിച്ചതും ഉദ്ധം സിംഗ് ജനറൽ ഡയറിനെ വധിച്ചതും റാൻഡ് കൊലപാതകത്തിൽ നിന്നും ഗുണപരമായി വ്യത്യസ്തമാണെന്ന വസ്തുത ഈ പ്രകരണത്തിൽ നാം വ്യക്തമാക്കേണ്ടതുണ്ട്. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല പോലെ തദ്ദേശീയർക്കെതിരെ വിദ്വേഷ നടപടികളോ മർദ്ദക നടപടികളോ എടുത്ത ഒരാളല്ല റാൻഡ്. ബ്യൂബോണിക് പ്ലേഗ് നിയന്ത്രിക്കാനായി ക്വാറൻ്റൈൻ നടപടികൾ കർക്കശമായി നടപ്പാക്കുക മാത്രമാണ് റാൻഡ് ചെയ്തത്. അതോടൊപ്പം വീട്ടിൽ ചികിത്സയില്ലാതെ മരണം കണ്ടു കിടന്നിരുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. സാമ്രാജ്യത്ത കാർക്കശ്യം റാൻഡിന് ഉണ്ടായിരുന്നിരിക്കാം. എന്നാൽ അത് ചൂഷണത്തിലേയ്ക്കോ മർദ്ദനത്തിലേയ്ക്കോ എത്തി എന്നതിന് വലിയ തെളിവുകൾ ഇല്ല. ചിത്പാവൻ ബ്രാഹ്മണരുടെ വൈകാരികതകളെ അവഗണിച്ചു എന്നല്ലാതെ . എന്നാൽ ഈ അവഗണനയുടെ പിന്നിൽ ,ബ്യൂബോണിക് പ്ലേഗിൻ്റെ അണുക്കൾ ജാതി, മത മുക്തരായത് കൊണ്ട് മനുഷ്യരുടെ കുലം അന്വേഷിക്കാതെ പടർന്നിരുന്നു എന്ന സത്യം ബാക്കി നിൽക്കുന്നു.

Residence of Chapekar in Chinchwad Gaon ( Pic CC Wiki)

റാൻഡിൻ്റെ കൊലപാതകത്തിന് ശേഷം 1897 ജൂൺ 24 ന് ദാമോദറും ബാലകൃഷ്ണയും പൂനെയിൽ നിന്ന് ബോംബെയിൽ എത്തി. അവരുടെ മുൻ സംഘടനാംഗങ്ങളായിരുന്ന ദ്രാവിഡ് സഹോദരർ നൽകിയ വിവരം അനുസരിച്ച് ദാമോദർ പിടിയിലാകുന്നത് അവിടെ നിന്നാണ്. ബാലകൃഷ്ണ അവിടെ നിന്നും രക്ഷപ്പെട്ടു.

അന്ന് നിസാമിൻ്റെ ഭരണത്തിൻ കീഴിലായിരുന്ന ഹൈദരാബാദ് സംസ്ഥാനത്തിലെ ഇൻസ്പെക്ടർ ജനറലായിരുന്ന സ്റ്റീഫൻസൺ ബാലകൃഷ്ണയെ പിടികൂടിയത് സംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ അത് എങ്ങനെ സാധിച്ചു എന്ന വിവരണം ഉണ്ട്. സാത്പുര മലനിരയിൽ യേർക്കള കൊള്ളക്കാർക്കൊപ്പം കഴിയുകയാണ് എന്ന് പോലീസിന് വിവരം ലഭിക്കുകയുണ്ടായി. സ്റ്റീഫൻസൺ വളരെ പണിപ്പെട്ട് ബാലകൃഷ്ണ താമസിക്കുന്ന സാത്പുര മലനിരകളിലെ കൃത്യ സ്ഥാനം മനസ്സിലാക്കിയെടുത്തു. പക്ഷെ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് പോലീസിനെ ഉപയോഗിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക അസാധ്യമായിരുന്നു. യേർക്കള സംഘത്തിലെ ആരെയെങ്കിലും വശത്താക്കി മാത്രമേ ബാലകൃഷ്ണയെ കീഴടക്കാൻ സാധിക്കൂ എന്ന് സ്റ്റീഫൻസണിന് ബോധ്യമായി. പ്രസ്തുത സംഘവുമായി ബന്ധമുള്ള ആളുകളെ കണ്ടു പിടിക്കുകയാണ് സ്റ്റീഫൻസൺ ആദ്യം ചെയ്തത്. അവരെ ഉപയോഗിച്ച് യേർക്കള സംഘത്തലവനെ പാട്ടിലാക്കുകയും അതുവഴി ബാലകൃഷ്ണയെ പിടിക്കാനുള്ള ഒരു പദ്ധതി മെനയുകയും ചെയ്തു. പദ്ധതി വിജയകരമായാൽ 600 രൂപ അവർക്ക് നൽകാമെന്നുള്ള വാഗ്ദാനവും സ്റ്റീഫൻസൺ നൽകി.

അതനുസരിച്ച് പോലീസ് ബാലകൃഷ്ണയുടെ ഒളിസ്ഥലം മനസ്സിലാക്കിയെന്ന് വിവരം ലഭിച്ചതായി സംഘത്തലവൻ ബാലകൃഷ്ണയെ അറിയിച്ചു. രാത്രി തെക്കൻ മറാത്താ റെയിൽവേയിലെ ഗോഡക് സ്റ്റേഷനിൽ ചെന്ന് ഗോവയിലേയ്ക്ക് രക്ഷപ്പെടുന്നതാണ് നല്ലതെന്നും. മൂന്ന് കൊള്ളക്കാരുടെ അകമ്പടിയോടെ ബാലകൃഷ്ണ രാത്രിയിൽ ഗോഡക് റെയിൽ സ്റ്റേഷനിലേയ്ക്ക് യാത്ര ആരംഭിച്ചു. വഴിയിൽ സിവിലിയൻ വേഷത്തിൽ നിന്നിരുന്ന രഹസ്യപ്പോലീസിനോട് അകമ്പടി വരുന്ന കൊള്ളക്കാർ ബാലകൃഷ്ണയുടെ യാത്രയുടെ വിവരം അറിയിച്ചു. യാത്രാമദ്ധ്യേയുള്ള പ്ലേഗ് ക്യാംപിൽ നിന്നും തുടർയാത്രക്ക് പാസ് ആവശ്യമായിരുന്നു. അവിടെ ഡോക്ടറുടെ വേഷത്തിൽ സ്റ്റീഫൻസൺ കാത്തു നിൽക്കുകയും പാസ്സിന് വേണ്ടി വന്ന ബാലകൃഷ്ണയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാലകൃഷ്ണയെ ഒറ്റിക്കൊടുത്ത ആളുകളുടെ പേരുവിവരങ്ങൾ റിപ്പോർട്ടിൽ നിന്നും മറച്ചു പിടിക്കാനാണ് സ്റ്റീഫൻസൺ ശ്രമിച്ചത്. അതിൻ്റെ കാരണം ദാമോദറിനെ കാണിച്ചു കൊടുത്ത ദ്രാവിഡ് സഹോദരർക്ക് ഏർപ്പെട്ട ദുർഗതി ആയിരുന്നു.

എന്തായിരുന്നു ആ ദുർഗതി? പൂനെയിലെ മജിസ്ട്രേറ്റ് ആയിരുന്ന ഡബ്ല്യു.ഡി.ഷെപ്പേർഡ് ബോംബെ കൗൺസിൽ മെമ്പറായിരുന്ന ഒലിവൻ്റിന് 1899 ഫെബ്രുവരി 10ന് എഴുതിയ കത്തിലെ ഉള്ളടക്കം അത് വെളിവാക്കുന്നു. 1899 ഫെബ്രുവരി 9 ന് ദ്രാവിഡ് സഹോദരർ താമസിക്കുന്ന വീട്ടിൽ ചിലർ ബ്രെവിൻ്റെ കീഴിലുള്ള ഉദ്യോഗസ്ഥർ എന്ന മട്ടിൽ കടന്നു ചെല്ലുകയും ഗണേഷ് ശങ്കർ ദ്രാവിഡിനേയും സഹോദരൻ രാമചന്ദ്ര ശങ്കർ ദ്രാവിഡിനേയും പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. പുറത്ത് കാത്തു നിന്നിരുന്ന മൂന്നു പേരിൽ മുഖം മൂടിയ രണ്ടു പേർ അവരെ വെടിവെച്ചു വീഴ്ത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും അവർ രണ്ടു പേരും താമസം വിനാ മരിക്കുകയുണ്ടായി. അതിന് പിന്നിൽ പ്രവർത്തിച്ചത് ദാമോദർ ഹരി ചപേക്കറുടേയും ബാലകൃഷ്ണ ഹരി ചപേക്കറുടേയും ഇളയ സഹോദരൻ വാസുദേവ് ഹരി ചപേക്കറും സുഹൃത്തുക്കൾ മഹാദേവ് റാനഡേയും വിഷ്ണുസാത്തേയും ആണെന്ന് തെളിയുകയുണ്ടായി.

Damodar Chapekr and Mr. Rand

ബാലകൃഷ്ണ ഹരി ചപേക്കറുടേയും വാസുദേവ് ഹരി ചപേക്കറുടേയും വിചാരണ ഏതാണ്ട് ഒരേ സമയത്താണ് നടന്നത്. വാസുദേവ് ഹരി ചപേക്കറും മഹാദേവ് റാനഡേയും നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തതിനാൽ അതിൻ്റെ അടിസ്ഥാനത്തിൽ സെഷൻസ് ജഡ്ജി അവർക്ക് വധശിക്ഷ വിധിച്ചു. അതേ സമയം പ്രായവും വിവേകയില്ലായ്മയും കണക്കിലെടുത്ത് വിഷ്ണു സാത്തേയ്ക്ക് അഞ്ചുവർഷത്തെ കഠിന തടവ് വിധിച്ചു.

എന്നാൽ 1899 ഫെബ്രുവരി 10 ന് അവർ നൽകിയ കുറ്റസമ്മതത്തിൽ റാൻഡിൻ്റേയും അയേഴ്സ്റ്റിൻ്റേയും കൊലപാതകകൃത്യം വാസുദേവ് ഹരി ചപേക്കറും മഹാദേവ് റാനഡേയും ചേർന്ന് ഏറ്റെടുക്കുകയുണ്ടായി. ബാലകൃഷ്ണ ഹരി ചപേക്കർ ഗൂഢാലോചനയിൽ പങ്കാളി ആയിരുന്നുവെങ്കിലും യഥാർത്ഥത്തിൽ കുറ്റകൃത്യം അനുഷ്ഠിച്ചത് തങ്ങളാണെന്നാണ് അവർ കുറ്റസമ്മതപ്രസ്താവനയിൽ രേഖപ്പെടുത്തിയത്. അതിന് മുമ്പ് 1899 ജനുവരി 28ന് ബാലകൃഷ്ണ നൽകിയ കുറ്റസമ്മതപ്രസ്താവനയിൽ അയേഴ്സ്റ്റിൻ്റെ വധത്തിൻ്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തിരുന്നു. എല്ലാ തെളിവുകളും കണക്കിലെടുത്തുകൊണ്ട് ജൂറി 1899 മാർച്ച് 8 ന് ഐക്യകണ്ഠേന റാൻഡ് ,അയേഴ്സ്റ്റ് വധക്കേസിലെ വിധി പ്രഖ്യാപിച്ചു. സർ വാൾട്ടർ ചാൾസ് റാൻഡിൻ്റേയും ലെഫ്റ്റനൻ്റ് ചാൾസ് എഗർട്ടൺ അയേഴ്സ്റ്റിൻ്റേയും കൊലപാതകത്തിന് പിന്നിലുള്ള കുറ്റവാളികളായി വാസുദേവ് ഹരി ച പേക്കർ ,മഹാദേവ് വിനായക് റാനഡേ, ബാലകൃഷ്ണ ഹരി ചപേക്കർ എന്നിവരെ ചൂണ്ടിക്കാട്ടുകയും ശിക്ഷയായി “മരണം വരെയുള്ള തൂക്കിക്കൊല ” അവർക്ക് വിധിക്കുകയും ചെയ്തു.ഇതേ തുടർന്ന് 1899 മെയ് 8 ന് വാസുദേവ് ഹരി ചപേക്കറിനേയും 10 ന് മഹാദേവ് റാനഡയേയും 12 ന് ബാലകൃഷ്ണ ഹരി ചപേക്കറിനേയും തൂക്കിലേറ്റുകയുണ്ടായി.

തൂക്കിലേറ്റപ്പെടുമ്പോൾ ദാമോദറിന് 27 വയസ്സും ബാലകൃഷ്ണയ്ക്ക് 24 വയസ്സും വാസുദേവിന് 19 വയസ്സും മഹാദേവ് റാനഡേയ്ക്ക് 20 വയസ്സുമായിരുന്നു പ്രായം. ഈ നാലു ചിത്പാവൻ ചെറുപ്പക്കാരുടെ തൂക്കിക്കൊല ബോംബെ പ്രസിഡൻസിയിൽ വലിയ ചർച്ചകൾ ഉയർത്തി. അവരുടെ ധീരതയും ഗീത കൈയ്യിലേന്തി തൂക്കുമരത്തിലേയ്ക്കുള്ള അവരുടെ യാത്രയും നവ- യാഥാസ്ഥിതിക ബ്രാഹ്മണരെ രോമാഞ്ചമണിയിച്ചു. തിലക് ആണ് ബാലകൃഷ്ണയ്ക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്തത് തുടങ്ങിയ വാർത്തകളും അതിനൊപ്പം പ്രചരിച്ചു. തിലകും റാൻഡ് കൊല്ലപ്പെടുന്നതിന് മുമ്പ് കേസരിയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൻ്റെ പേരിൽ ഇക്കാലത്ത് തിലകും അറസ്റ്റിലായി. കുറച്ചുകാലം ജയിൽ ശിക്ഷ അനുഭവിക്കുകയും ഉണ്ടായി. അതിന് ശേഷം കേസരിയിലേയ്ക്ക് തിലക് തിരിച്ചെത്തുമ്പോൾ അത് അദ്ദേഹം പ്രതിനിധീകരിക്കുന്ന നവ – ബ്രാഹ്മണിസത്തിന് വലിയ ഉണർവ്വുണ്ടാക്കി. മാത്രമല്ല , ദേശീയതയും നവ- ബ്രാഹ്മണിസവും തമ്മിലുള്ള ശക്തിമത്തായ ഒരു സമവാക്യത്തിൻ്റെ രൂപീകരണ മുഹൂർത്തം കൂടിയായി അത് മാറി.


 

Comments

comments