[Dr. ഷിജു സാം വറുഗീസ്  നവമലയാളിയിൽ തുടർച്ചയായി എഴുതിവന്ന പെനമ്പ്ര – ശാസ്ത്രവും സമൂഹവും എന്ന കോളം അവസാനിക്കുന്നു]

———————————————-

സയൻസിന്റെ ചരിത്രം പരിശോധിച്ചാൽ വിവിധ കാലഘട്ടങ്ങളിലെ സാമൂഹിക സവിശേഷതകൾക്കനുസരിച്ച് സയൻസിന്റെ സംഘടനാരൂപം (organisational structure) മാറ്റങ്ങൾക്ക് വിധേയമാക്കുന്നുണ്ട് എന്ന് മനസിലാകും. പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളിലെ ‘ചെറുശാസ്ത്ര’ത്തിൽനിന്നും (little science) ലോകമഹായുദ്ധാന്തരം ‘ബൃഹദ് ശാസ്ത്ര’ത്തിലേക്കുള്ള (big science) അതിന്റെ രൂപമാറ്റം (Price 1963) ഏറെ പ്രധാനമാണ്. വ്യാവസായിക മുതലാളിത്തത്തിന്റെ വികാസവുമായി ബൃഹദ് ശാസ്ത്രത്തിന് അഭേദ്യമായ ബന്ധമുണ്ട്. സമകാലിക ശാസ്ത്രത്തിന്റെ സംഘടനാരൂപവും മൂല്യവ്യവസ്ഥയും വ്യാവസായിക സമൂഹങ്ങളിലെ മുതലാളിത്ത രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹിക ബലതന്ത്രങ്ങളുടെയും സമ്മർദ്ദത്തിന് വിധേയമായി രൂപപ്പെട്ടു വന്നതാണ്. എന്നാൽ, മുതലാളിത്തത്തിനു സമീപകാലത്തുണ്ടായിക്കൊണ്ടിരിക്കുന്ന പരിണാമം സയൻസിന്റെ സ്വരൂപത്തെയും മാറ്റിമറിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, ബൃഹദ് ശാസ്ത്രത്തിന് എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത്? സയൻസിനുണ്ടാകുന്ന ഈ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാമൂഹികാഘാതങ്ങൾ എന്താണ്? സയൻസിന്റെ രൂപപരിണാമത്തെ ഗുണപരമായി സ്വാധീനിക്കാനും നമ്മൾ അഭിമുഖീകരിക്കുന്ന സാമൂഹിക-പാരിസ്ഥിതിക-വികസന പ്രതിസന്ധികൾ പരിഹരിക്കാൻ കെല്പുറ്റ വിജ്ഞാനരൂപീകണം സാധ്യമാക്കാനും നമുക്ക് കഴിയുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്കെത്താനുള്ള ചില ദിശാസൂചനകൾ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ചെറുശാസ്ത്രത്തിൽ നിന്നും ബൃഹദ് ശാസ്ത്രത്തിലേക്ക്

ശാസ്ത്രതല്പരരായ ചിലർ തങ്ങളുടെ വീടുകളിൽ നടത്തിയിരുന്ന പരീക്ഷണ-നിരീക്ഷണങ്ങളിൽ നിന്നുമാണ് ആധുനിക ശാസ്ത്രത്തിന്റെ തുടക്കം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ സയൻസ് അതിന്റെ ജ്ഞാനസിദ്ധാന്തപരമായ പ്രാമാണികത നേടിക്കഴിഞ്ഞിരുന്നില്ല. സർവകലാശാലകൾക്ക് പുറത്തുള്ള പ്രാദേശിക  തൊഴിൽ സംഘങ്ങളിലും (guilds) വർക്ഷോപ്പുകളിലും, സൊസൈറ്റികളിലും അക്കാദമികളിലുമായിരുന്നു പരീക്ഷണ ശാസ്ത്രം പിച്ചവെച്ചത്.[1] വിവിധ വൈജ്ഞാനിക വിഷയങ്ങളായി പടലപിരിഞ്ഞ്‌ (disciplinary differentiation) ശാസ്ത്രം ഇന്നുകാണുന്ന രൂപത്തിലേക്ക് വികസിച്ചു തുടങ്ങുന്നത് വ്യാവസായിക വിപ്ലവത്തിനാവശ്യമായ അറിവുകളെ പ്രദാനം ചെയ്യാൻ അതിനു കഴിയും എന്ന സാമൂഹിക തിരിച്ചറിവോടെയാണ്.[2] അതായത്, വ്യാവസായിക സമൂഹത്തിലാണ് ശാസ്ത്രം ഇന്നു നമ്മൾക്ക് പരിചിതമായ  അതിന്റെ രൂപത്തിലേക്ക് വളരുന്നതാരംഭിച്ചത്. സർവ്വകലാശാലകൾ അധ്യാപനത്തിനൊപ്പം ഗവേഷണത്തിനും തുല്യ പ്രാധാന്യം കല്പിച്ചുതുടങ്ങുന്നത് ഇതോടെയാണ്. 1810ൽ അലക്സാണ്ടർ വോൺ ഹുംബോൾടിന്റെ (Friedrich Wilhelm Heinrich Alexander von Humboldt, 1769–1859) മുൻകൈയിൽ സ്ഥാപിതമായ ബെർലിൻ യൂണിവേഴ്‌സിറ്റി (1810) ആയിരുന്നു ഗവേഷണ-അധ്യയന സർവകലാശാലാ മാതൃകയുടെ ആദ്യ സ്ഥാപനരൂപം.[3] തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്കൻ ഐക്യനാടുകളിൽ ഹുംബോൾട്ടിന്റെ മാതൃകയെ പിൻപറ്റി ഗവേഷണ സർവ്വകലാശാലകൾ (research universities) നിലവിൽ വന്നു. ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയായിരുന്നു അതിലാദ്യം സ്ഥാപിക്കപ്പെട്ടത്  (Baltimore, 1876). അതോടെ ലോകമെമ്പാടും ശാസ്ത്ര ഗവേഷണത്തിന്റെ മുഖ്യ സ്ഥാപന രൂപം സർവ്വകലാശാലകളായി മാറി. യൂറോപ്പിലെ മധ്യകാല സർവകലാശാലകളും ഹാർവാർഡ് (1636ൽ സ്ഥാപിതം) പോലുള്ള ആദ്യകാല അമേരിക്കൻ കോളജുകളും ഇക്കാലത്ത് ഹുംബോൾട്ടിയൻ മാതൃകയിൽ പുനഃസംഘടിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തോടെ ആധുനിക ശാസ്ത്ര ഗവേഷണം വ്യാവസായിക വളർച്ചയ്‌ക്കെന്നപോലെ തന്നെ ദേശസുരക്ഷയ്ക്കും പ്രധാനമാണെന്ന തിരിച്ചറിവ് ലോകരാഷ്ട്രങ്ങൾക്കുണ്ടായി. പ്രതിരോധ ഗവേഷണങ്ങളിലുള്ള (defense research) വമ്പൻ മുതൽമുടക്കിലേക്കാണിത് ദേശരാഷ്ട്രങ്ങളെ നയിച്ചത്. ഒപ്പം വ്യാവസായിക വളർച്ച, പൗരസമൂഹത്തിന്റെ സാമൂഹികാരോഗ്യ പരിപാലനം, ഭരണനിർവഹണം തുടങ്ങിയ കാര്യങ്ങളുടെ ശാസ്ത്രീയ സംഘാടനത്തിലൂടെ ദേശീയ സമൂഹത്തിന്റെ ആധുനീകരണത്തിനും പുരോഗതിക്കും ശാസ്ത്രജ്ഞാനം പ്രധാനമാണെന്ന നിലവന്നു. ഇപ്രകാരം പട്ടാള-വ്യവസായ സമുച്ചയത്തിന്റെ (military-industrial complex) ഭാഗമായി സയൻസ് മാറുന്നതോടെയാണ് ബൃഹദ് ശാസ്ത്രത്തിന്റെ വളർച്ച 1950കളിൽ പൂർണ്ണമാകുന്നത്.[4]

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ശാസ്ത്ര ഗവേഷണത്തിന്റെ സ്വഭാവം തന്നെ മാറിമറിഞ്ഞു. ആളും അർത്ഥവും ആവശ്യമുള്ള ഭീമാകാരമായ പ്രവൃത്തിയായി അത് വളർന്നു. പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളിലേതുപോലെ ഒറ്റപ്പെട്ട ഗവേഷകർക്ക് ചെറിയ തോതിൽ പരീക്ഷണ-നിരീക്ഷണങ്ങൾ നടത്താനാകില്ല  എന്ന സ്ഥിതി വന്നു. അനേകം ഗവേഷകർ സഹകരിച്ചു പ്രവർത്തിക്കുന്ന പരീക്ഷണശാലകളിൽ ഗവേഷണ പ്രവർത്തനത്തിനു വമ്പിച്ച മുതൽമുടക്കും സാങ്കേതിക സന്നാഹങ്ങളും ആവശ്യമുണ്ടായിരുന്നു. സങ്കീർണ്ണമായ പരീക്ഷണോപകരണങ്ങളും വലിയ സംഘം ഗവേഷകരും സാങ്കേതിക പ്രവർത്തകരും ഒഴിച്ചുകൂടാനാവാത്ത ബൃഹദ് ശാസ്ത്രത്തിന് മുതൽ മുടക്കിയത് പ്രധാനമായും ഭരണകൂടങ്ങളോ, വ്യാവസായിക സ്ഥാപനങ്ങളോ ആയിരുന്നു. ചുരുങ്ങിയത് നാല് സവിശേഷ പ്രവൃത്തി മണ്ഡലങ്ങൾ ചേർന്നതായിരുന്നു ബൃഹദ് ശാസ്ത്രം; അടിസ്ഥാന ശാസ്ത്രം (core science), പ്രയോഗശാസ്ത്രം (applied science), ശാസ്ത്രാധിഷ്ഠിത സേവനങ്ങൾ (professional consultancy), നയകാര്യശാസ്ത്രം (regulatory science) എന്നിവ (Funtowicz and Ravetz  1993). അടിസ്ഥാന ശാസ്ത്ര ഗവേഷണങ്ങൾ പ്രകൃതി പ്രതിഭാസങ്ങളുടെ സത്യമന്വേഷിച്ചു. പ്രയോഗശാസ്ത്രമാവട്ടെ, വ്യാവസായിക സമൂഹത്തിനാവശ്യമായ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും നിർമ്മിക്കുന്ന ഗവേഷണങ്ങൾക്കൊപ്പം സുരക്ഷ, വികസനം എന്നീ  രാഷ്ട്രതാല്പര്യങ്ങൾ നിറവേറ്റുന്നതിനായുള്ള സാങ്കേതികജ്ഞാന നിർമ്മാണത്തിലൂന്നി. ദൗത്യോന്മുഖ ഗവേഷണപദ്ധതികളിലൂടെയാണ് (mission-oriented research) ഭരണകൂട ജ്ഞാനാവശ്യങ്ങൾ നിറവേറ്റപ്പെട്ടത്. അടിസ്ഥാന-പ്രയോഗ ശാസ്ത്ര ഗവേഷണങ്ങളുടെ പ്രാഥമിക വേദി സർവ്വകലാശാലകളായിരുന്നു.[5] പ്രയോഗശാസ്ത്ര ഗവേഷണങ്ങളുടെ സമാന്തര വേദിയായി വ്യാവസായിക സ്ഥാപനങ്ങളുടെ ഗവേഷണ-വികസന ലബോറട്ടറികൾ (R&D laboratories) നിലനിന്നിരുന്നു. ശാസ്ത്രാധിഷ്ഠിതമായ പ്രൊഫഷണൽ സേവനങ്ങളുടെ മണ്ഡലമാവട്ടെ ദൈനംദിന ജീവിതത്തിലെ വിവിധ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്തി. ഡോക്ടർമാരുടെയും, നേഴ്സുമാരുടെയും ആർക്കിടെക്റ്റുകളുടെയും, പ്ലംബർമാരുടെയും ഇലക്ട്രീഷ്യന്മാരുടെയും എഞ്ചിനീയർമാരുടെയും കൃഷി ഓഫീസർമാരുടെയും ശാസ്ത്രാധ്യാപകരുടെയും ഒക്കെ സേവനങ്ങൾ ഈ ഗണത്തിൽ പെടുത്താം (അതേ കൃതി). നയകാര്യശാസ്ത്രത്തിന്റെ മണ്ഡലമാവട്ടെ, സാമൂഹിക ജീവിതത്തെ ബാധിക്കുന്ന റിസ്കുകളുടെ നിവാരണത്തിലൂന്നുന്നു (Jasanoff 1990).[6] ദുരന്ത നിവാരണം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലെ വിദഗ്ധർ ഉദാഹരണം. ഈ നാലു മണ്ഡലങ്ങളും തമ്മിലുള്ള ബന്ധങ്ങളും അവയുടെ വ്യതിരിക്തമായ സ്വഭാവ സവിശേഷതകളും പഠിക്കുന്നത് ബൃഹദ് ശാസ്ത്രത്തെ മനസിലാക്കുന്നതിന് അത്യന്താപേക്ഷിതമാണ്.[7] 1930കൾ മുതൽ വികസിച്ചുവന്ന ശാസ്ത്ര വിമർശത്തിന്റെ മാർക്സിസ്റ്റ് ധാരകളാണ് മുതലാളിത്തവും സയൻസുമായുള്ള ഗാഢബന്ധത്തെ ഏറ്റവും രൂക്ഷമായി വിമർശിക്കുന്നത്.[8] 1980കളുടെ അവസാനത്തോടെ നിർജ്ജീവമായ മാർക്സിസ്റ്റ് ശാസ്ത്രസാമൂഹികതാ പഠനങ്ങൾ വർത്തമാനകാലത്ത് വീണ്ടും സജീവമാകുകയാണ്.[9] കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ‘മുതലാളിത്ത ശാസ്ത്ര’മെന്ന (capitalist science) മാർക്സിസ്റ്റ് ആശയത്തിന്റെ പുതിയ വിപുലനങ്ങൾ കാണാനാകും.

നവലിബറൽ കാലത്തെ ശാസ്ത്രം

ദേശരാഷ്ട്രങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ബൃഹദ് ശാസ്ത്രത്തിന് സമീപകാലത്ത് ഘടനാപരമായ ചില മാറ്റങ്ങൾ സംഭവിക്കുന്നതായി ശാസ്ത്ര സാമൂഹികതാ പഠിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രത്തിന്റെ ജ്ഞാനോല്പാദന പ്രവർത്തനങ്ങൾക്കുണ്ടാകുന്ന ഈ വ്യതിയാനങ്ങളുടെ പ്രാരംഭദശയിലാണ് നമ്മൾ എന്നതിനാൽ താൽക്കാലികമായ ചില തത്വവിചാരങ്ങൾ മാത്രമേ ഇതിനെക്കുറിച്ച് മുമ്പോട്ടു വെയ്ക്കാനാകൂ.

കാലാവസ്ഥാവ്യതിയാനമാണ് മുതലാളിത്തം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഒരേ സമയം പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ മാനങ്ങളുള്ള രാഷ്ട്രീയ പ്രശ്നമാണത്. മുതലാളിത്തത്തിന്റെ അന്തമില്ലാത്ത ലാഭക്കൊതിയുടെ സ്വാഭാവിക പരിണിതിയാണത്. ‘ആന്ത്രോപോസീൻ’ (anthropocene) എന്നതിന് പകരം ‘കാപ്പിറ്റലോസീൻ’ (capitalocene) എന്നാണ് പാരിസ്ഥിതിക പ്രതിസന്ധിയ്ക്കു കാരണമായ ഭൗമയുഗത്തെ വിശേഷിപ്പിക്കേണ്ടത് എന്ന് മാർക്സിസ്റ്റ് പരിസ്ഥിതിവാദികൾ അഭിപ്രായപ്പെടുന്നത് അതുകൊണ്ടാണ്. വ്യാവസായിക വിപ്ലവം മുതൽ മനുഷ്യൻ ഭൂമിയുടെ നിലനില്പിനെത്തന്നെ തകർക്കാൻ കെല്പുള്ള ഒരു ‘ഭൗമശക്തി’യായി (geological force) മാറി എന്നാണല്ലോ ആന്ത്രോപോസീൻ എന്ന സാങ്കേതികപദം അർത്ഥമാക്കുന്നത് (മാത്യു 2021: 268). എന്നാൽ മനുഷ്യരെല്ലാവരും ഒരേപോലെ ഈ പ്രതിസന്ധിക്ക് കാരണക്കാരല്ല; ഫോസിൽ ഇന്ധനമെന്ന ഊർജ്ജരൂപത്തെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത മുതലാളിമാർക്കാണ് ഈ പ്രതിസന്ധിയുടെ പ്രാഥമിക ഉത്തരവാദിത്തം എന്ന് മാർക്സിസ്റ്റ് പരിസ്ഥിതി ചിന്തകർ ചൂണ്ടിക്കാട്ടുന്നു (Foster 2000; Malm 2018; Moore 2016). വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കും അദാനി എന്ന കോർപറേറ്റ് ഭീമനും ഒരേപോലെ പാരിസ്ഥിതിക പ്രതിസന്ധിയുടെ ഉത്തരവാദിത്തമുണ്ടെന്ന് വരുത്തിത്തീർക്കുന്ന കൺകെട്ടുവിദ്യയാണ് ആന്ത്രോപോസീൻ പരിപ്രേക്ഷ്യം. യഥാർത്ഥത്തിൽ, പെട്രോളിയം ഉൾപ്പടെയുള്ള പ്രകൃതിവിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള മുതലാളിത്ത ഉല്പാദനരീതി സൃഷ്‌ടിച്ച  പ്രതിസന്ധിയാണ് ആഗോള താപനമെന്ന പ്രതിഭാസമായി നമ്മൾ ഇന്ന് അനുഭവിക്കുന്നത് (അതേ കൃതികൾ). ഈ പ്രകൃതി വിഭവങ്ങൾ നിരന്തരമുള്ള ചൂഷണത്തിന് വിധേയമായി ശോഷിച്ചിരിക്കുന്നു എന്നതിനാൽ ഇതേരീതിയിൽ മുതലാളിത്തത്തിന് ഇനി ഏറെനാൾ മുമ്പോട്ടുപോകാനാവില്ല. ഇതാണ് ഇന്ന് മുതലാളിത്തം നേരിടുന്ന കഠിനമായ പ്രതിസന്ധി. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന് ആവശ്യമായ വിജ്ഞാനപ്രവർത്തനങ്ങൾ നടത്തിയ സയൻസിന് (ഒപ്പം സാമൂഹിക-മാനവിക ശാസ്ത്രങ്ങൾക്കും) ഈ പ്രതിസന്ധി സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കുണ്ട്.

എന്നാൽ ഈ ആഗോള ഭൗമപ്രതിസന്ധിയെ മുതലാളിത്തം മനസ്സിലാക്കുന്നത് അതിന്റെ ലാഭോത്പാദനത്തിലുള്ള താൽക്കാലിക തടസമായാണ്. രണ്ടു സവിശേഷ രീതികളിൽ ഈ പ്രതിസന്ധിയെ മറികടക്കാനും അങ്ങനെ ചൂഷണവ്യവസ്ഥയെ നിലനിർത്താനുമാണ് അത് ശ്രമിക്കുന്നത്. ആദ്യത്തേത്, ശാസ്ത്ര സഹായത്തോടെ പാരിസ്ഥിതിക സന്തുലനം പുനഃസ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തന്ത്രങ്ങൾ രൂപീകരിക്കലാണ്. പരിസ്ഥിതി എൻജിനീയറിങ് (environmental engineering), ഭൗമ എൻജിനീയറിങ് (geoengineering) തുടങ്ങിയ ഓമനപ്പേരുകളിലാണ് ഇത്തരം സാങ്കേതികശാസ്ത്ര പദ്ധതികൾ അറിയപ്പെടുന്നത്. ഇത്തരം സാങ്കേതിക വിദ്യകളുടെയും ഉത്പന്നങ്ങളുടെയും വില്പനയിലൂടെ പാരിസ്ഥിതിക പ്രതിസന്ധിയെത്തന്നെ ലാഭമുണ്ടാക്കാനുള്ള സാധ്യതയായി ഉപയോഗപ്പെടുത്തുന്ന കൗശലമാണിത്. ആഗോളതാപനത്തെ അതിജീവിക്കാൻ കൂടുതൽ ശീതീകരിണികൾ (air-conditioners), വായു മലിനീകരണത്തെ ഒഴിവാക്കാൻ വായു ശുദ്ധീകരണികൾ (air-purifiers), എണ്ണ അധിഷ്ഠിത വാഹനങ്ങൾക്കു  പകരം ഇലക്ട്രിക് വാഹനങ്ങൾ എന്നിങ്ങനെ പുതിയ വിപണി സാദ്ധ്യതകൾ വികസിപ്പിക്കലാണിത്. പ്രകൃതിവിഭവങ്ങൾ മുഴുവൻ ചൂഷണം ചെയ്തു കഴിഞ്ഞാൽപിന്നെ മുതലാളിത്തത്തിന്റെ ഭാവി എന്താണ് എന്ന അടിസ്ഥാന പ്രശ്നത്തിനുള്ള ഉത്തരം തേടലാണ് രണ്ടാമത്തേത്. പ്രകൃതിയുടെ അതിരുകൾ വരെ മാത്രമേ മുതലാളിത്തത്തിന് വികസിക്കാനാവുകയുള്ളു (nature is the limit of capitalist growth) എന്ന ധാരണയെ തകർക്കുന്ന നീക്കങ്ങൾ മുതലാളിത്ത ശക്തികൾ ഇന്ന് നടത്തുന്നുണ്ട്. മുതലാളിത്ത ഉല്പാദനരീതി ഇന്ന് അതിനാവശ്യമായ പുതിയ വിഭവങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. ജീവശാസ്ത്രങ്ങൾ (life sciences) ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ നേടിയ വൈജ്ഞാനിക പുരോഗതിയോടെ വിത്തുകോശങ്ങളും ഭ്രൂണങ്ങളും അവയവങ്ങളും ഡിഎൻഎയും ഉൾപ്പെടുന്ന ജൈവപദാർത്ഥങ്ങളെ മുതലാളിത്തത്തിന് ചൂഷണം ചെയ്യാമെന്നായി. ‘ജൈവമുതലാളിത്ത’മായി  (biocapitalism) അങ്ങനെ അത് സ്വയം പരിഷ്‌ക്കരിച്ചു (Franklin 2013; Rajan 2006). അടുത്ത നീക്കം വിഭവാന്വേഷണം ഭൂമിക്ക് പുറത്തേക്ക് നീട്ടലാണ്. അവതാർ എന്ന സയൻസ് ഫിക്ഷൻ സിനിമാ പരമ്പര (സംവി. James Cameron) കൈകാര്യം ചെയ്യുന്നത് ഈ വിഷയമാണ്. ഇലോൺ മസ്‌കിന്റെ (Elon Reeve Musk) നേതൃത്വത്തിൽ SpaceX എന്ന കമ്പനി ചെയ്യാൻ ശ്രമിക്കുന്നതും ഇതുതന്നെ. ഉൽക്കകളിലും ചൊവ്വ പോലുള്ള ഗ്രഹങ്ങളിലുമുള്ള ധാതുവിഭവങ്ങളുടെ ഒടുങ്ങാത്ത കലവറ ചൂഷണം ചെയ്യുകവഴി മുതലാളിത്തത്തിന്റെ അതിരുകൾ പ്രപഞ്ചത്തിന്റെ അതിരുകളായി വികസിപ്പിക്കാനുള്ള സാധ്യകളാണ് മുതലാളിത്തം ഇന്ന് അന്വേഷിക്കുന്നത്. അത് ചൂഷണം ചെയ്തു നശിപ്പിച്ച ഭൂമിയുടെ പാരിസ്ഥിതിക സന്തുലനം തിരിച്ചുപിടിക്കുന്നതിനേക്കാളും എളുപ്പം ഭൂമിയെ ഉപേക്ഷിച്ച് മറ്റു ഗ്രഹങ്ങളിൽ ചേക്കേറുകയാണെന്ന് മുതലാളിത്ത ശക്തികൾ ഇന്ന് തിരിച്ചറിയുന്നുണ്ട്. ഈ ലക്‌ഷ്യം നേടാൻ ശാസ്ത്രമാണ് തുണ. ഭൂമിയുടെ മുറിവുണക്കൽ മുതലാളിത്ത ലോകക്രമത്തിന്റെ അന്ത്യത്തിലൂടെയേ സാധ്യമാകൂ എന്നതിനാൽ അത്തരം ശ്രമങ്ങളെ അവർ പ്രോത്സാഹിപ്പിക്കില്ല. വിഭവചൂഷണം ശൂന്യാകാശത്തേക്ക് വ്യാപിപ്പിക്കുകവഴി മുതലാളിത്തത്തിന് അനശ്വരമാകാം എന്ന സ്ഥിതിവിശേഷം നിലവിൽ വരുന്നു.

വർത്തമാനകാല ശാസ്ത്രം മുതലാളിത്തത്തിന്റെ ഈ പുത്തൻ ആവശ്യങ്ങൾക്കനുസരിച്ച് അതിന്റെ സംഘടനാരൂപം പുതുക്കുകയാണ് എന്ന് ശാസ്ത്രസാമൂഹികതാ പഠിതാക്കൾ തിരിച്ചറിയുന്നുണ്ട്. ‘നവീന വിജ്ഞാനോല്പാദന ശൈലി’ അഥവാ ‘ദ്വിതീയ ശൈലിയിലുള്ള വിജ്ഞാനം’ (new mode of knowledge production/mode 2 knowledge) എന്നാണ് ചിലർ ഇതിനെ വിളിക്കുന്നത് (Gibbons et al. 1994). ‘അക്കാദമികാനന്തര ശാസ്ത്രം’ (post-academic science) എന്നും നിർവചനമുണ്ട് (Ziman 1996). എന്നാൽ മുതലാളിത്തവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തിന്റെ വിമർശത്തിൽ ഈ ചിന്തകർ കാര്യമായി ഊന്നുന്നില്ല എന്നത് ഇവരുടെ സിദ്ധാന്തീകരണങ്ങളുടെ പ്രധാന പരിമിതിയാണ്. പുതിയകാലത്തെ സാമൂഹിക-സാമ്പത്തിക സമർദ്ദങ്ങൾക്കനുസരിച്ച് (ഇതിൽ ഗൾഫ് എണ്ണ പ്രതിസന്ധിയും ശീതയുദ്ധത്തിന്റെ അന്ത്യവും അവർ ഉൾപ്പെടുത്തുന്നുണ്ട്)  രണ്ടാം വിജ്ഞാനശൈലി ബൃഹദ് ശാസ്ത്രത്തിന്റെ സംഘടനാരൂപത്തിനുള്ളിൽ ഭ്രൂണരൂപത്തിൽ വികസിച്ചു വരുന്നതെങ്ങനെ എന്നതിലാണവരുടെ ശ്രദ്ധ.[10] ഈ നവീന പ്രവണതകളെ മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയുമായി ബന്ധിപ്പിച്ച് വിമർശിക്കുകയെന്നതിനേക്കാൾ അവയുടെ സ്വഭാവ സവിശേഷതകൾ മനസിലാക്കാനാണ് അവർ ഉദ്യമിക്കുന്നത്. സയൻസിനോടൊപ്പംതന്നെ സാമൂഹിക-മാനവിക ശാസ്ത്രങ്ങളും ഇപ്രകാരം മാറ്റത്തിന് വിധേയമാകുന്നതായി അവർ അഭിപ്രായപ്പെടുന്നു (Nowotny, Scott &  Gibbons 2001). ഈ മാറ്റങ്ങൾ സാമൂഹിക ഘടനാ വ്യതിയാനങ്ങൾക്കൊപ്പമാണ് സംഭവിക്കുന്നത് എന്നും അവർ വിശദീകരിക്കുന്നുണ്ട്. അതായത്, പുതിയ ശൈലിയിലുള്ള വിജ്ഞാനം ദ്വിതീയ-ശൈലീ സമൂഹത്തിന്റെ (mode-2 society) ആവിർഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു (അതേ കൃതി).

ബൃഹദ് ശാസ്ത്രത്തിന്റെ വിജ്ഞാനോല്പാദനത്തിന്റെ പ്രാഥമിക സ്ഥാപനരൂപം സർവകലാശാലകളായിരുന്നല്ലോ. എന്നാൽ നവീന ശൈലിയിലുള്ള അറിവിന്റെ ഉത്പാദനകേന്ദ്രങ്ങൾ പലതാണ്. അവയിൽ കോർപ്പറേറ്റ് പരീക്ഷണശാലകൾ മുതൽ ഭരണകൂടത്തിന്റെയും സിവിൽ സമൂഹ സ്ഥാപനങ്ങളുടെയും ബൗദ്ധിക സംഘങ്ങൾ (‘think tanks’) വരെയുണ്ട്. പഴയ ശൈലിയിലും ഇവ നിലനിന്നിരുന്നുവെങ്കിലും അടിസ്ഥാന ശാസ്ത്രം അവയുടെ താല്പര്യമായിരുന്നില്ല. സർവകലാശാലകളായിരുന്നല്ലോ അടിസ്ഥാന ഗവേഷണങ്ങളുടെ കേന്ദ്രം. എന്നാൽ പുതുശൈലിയിൽ പ്രായോഗിക പ്രശ്നങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ചാണ് മുഖ്യമായും ജ്ഞാനോല്പാദന പ്രവർത്തനങ്ങൾ നടക്കുന്നത്.[11] അതിനാൽ, അടിസ്ഥാന ശാസ്ത്രം, പ്രയോഗശാസ്ത്രം എന്നിങ്ങനെയുള്ള വേർതിരിവുകൾ ഇനി സാധ്യമല്ലതന്നെ. കോർപ്പറേറ്റ് ഗവേഷണ-വികസന ലാബുകളിൽ നടക്കുന്ന പരീക്ഷണങ്ങൾ ചിലപ്പോൾ അടിസ്ഥാന കണ്ടുപിടുത്തങ്ങളിലേക്ക് നീങ്ങാം. നാനോസയൻസ്, നിർമ്മിതബുദ്ധി ഗവേഷണം തുടങ്ങിയ വിഷയങ്ങളിൽ ഈ വേർതിരിവില്ലായ്മ തീവ്രമാണ്. സർവകലാശാലകളാവട്ടെ, ഗവൺമെന്റിന്റെയും വാണിജ്യ സ്ഥാപനങ്ങളുടെയും താല്പര്യങ്ങൾക്കനുസരിച്ചുള്ള അറിവുകൾ ഉല്പാദിപ്പിക്കുന്ന ഇടങ്ങളായി മാറുന്നു. ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം പേറ്റന്റുകളും നേടുന്നതിന് സർവ്വകലാശാലകൾ തുല്യപ്രാധാന്യം നല്കിത്തുടങ്ങുന്നതങ്ങനെയാണ്. വാണിജ്യതാല്പര്യങ്ങൾ ബൃഹദ് ശാസ്ത്രത്തിലുള്ളതിനേക്കാളും തീവ്രമായി അടിസ്ഥാന ഗവേഷണത്തെപ്പോലും ഇന്ന് സ്വാധീനിക്കുന്നു. ഇതിനു സഹായകരമായ വിധത്തിൽ, സർവ്വകലാശാലകൾ അവയുടെ സ്വച്ഛന്ദ സ്വഭാവം (autonomy) വെടിഞ്ഞ് നിർവഹണ സർവകലാശാലകളായി (administrative university) രൂപം മാറുന്നത് അതുകൊണ്ടാണ്.

പണം മുടക്കുന്നവരുടെ ആവശ്യങ്ങൾക്കനുസരിച്ച്, പ്രാദേശികമായ (local) പ്രശ്നങ്ങളുടെ പരിഹാരത്തിൽ ഊന്നുന്ന സ്വഭാവം ശാസ്ത്ര ഗവേഷണങ്ങൾ പൊതുവെ സ്വീകരിക്കുന്ന പ്രവണത രണ്ടാം ശൈലീ വിജ്ഞാനത്തിൽ ഗവേഷകർ ശ്രദ്ധിക്കുന്നുണ്ട്. ശാസ്ത്ര ഗവേഷണങ്ങൾ വികേന്ദ്രീകൃതമായി കൂടുതൽ വൈവിധ്യപൂർണ്ണമായ സ്ഥാപനങ്ങളും (institutions) പങ്കാളികളും (stakeholders) ഉൾപ്പെടുന്ന ഒന്നായി സങ്കീർണമാകുന്നു എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഒരു വലിയ സംഘം വിദഗ്ധരും മറ്റു പങ്കാളികളും ഉൾപ്പെട്ട പ്രവർത്തനമായതിനാൽ ശാസ്ത്ര ഗവേഷണത്തിന്റെ മൂല്യനിരൂപണം (peer review process) ശാസ്ത്രസമൂഹത്തിന്റെ (scientific community) മാത്രം കൈപ്പിടിയിലൊതുങ്ങുകയില്ല. അപ്പോൾ, കൂടുതൽ വിശാലമായ മൂല്യനിരൂപണ മാർഗ്ഗങ്ങൾ (extended peer review) കണ്ടെത്തേണ്ടതായി വരുന്നു (Gibbons et al. 1994; Nowotny, Scott &  Gibbons 2001).

ഇതിന്റെ അടുത്തപടിയാകാവുന്നത്, ‘പൊതു വിജ്ഞാനം’ (public knowledge) എന്ന നിലയിൽനിന്നും ‘സ്വകാര്യ വിജ്ഞാനം’ (private knowledge) എന്നതിലേക്ക് ശാസ്ത്രത്തിന്റെ സ്വഭാവം മാറുന്നതാണ്. ഭരണകൂടം പ്രധാന സാമ്പത്തിക സ്രോതസായിരുന്ന ബൃഹദ് ശാസ്ത്രത്തിൽനിന്നും വ്യത്യസ്തമായി നവലിബറൽ കാലത്ത് ശാസ്ത്ര പരീക്ഷണങ്ങൾക്ക് മുതൽ മുടക്കുന്നത് ഭീമൻ കോർപ്പറേറ്റുകളാണ്. അവരുടെ സ്വകാര്യ ഗവേഷണ ലാബുകളിൽ നടക്കുന്ന ഗവേഷണങ്ങൾ ബൃഹദ് ശാസ്ത്രത്തിലെന്നപോലെ ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകൃതമാകുന്ന പ്രബന്ധങ്ങൾ, പേറ്റന്റ്‌ ഓഫീസുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പേറ്റന്റുകൾ എന്നിവയുടെ രൂപത്തിൽ പൊതുസമൂഹത്തിന് സുതാര്യമായി ലഭ്യമാകുന്ന അറിവുകളല്ല.[12] അവർ പണം മുടക്കുന്ന ഗവേഷണങ്ങളുടെ ജ്ഞാനക്കനികൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഗൂഢമായി സൂക്ഷിക്കുകയും തക്കതായ സാഹചര്യങ്ങളിൽ മാത്രം ലാഭോത്പാദനത്തിന് ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യാം. ഉദാഹരണത്തിന്, മനുഷ്യ ക്ളോണിങ് അതിന്റെ ധാർമിക പ്രശ്നങ്ങൾ മൂലം നിരോധിക്കപ്പെട്ടെങ്കിലും ക്ളോണിങ് ഗവേഷണങ്ങൾ ഏതൊക്കെയോ പരീക്ഷണശാലകളിൽ രഹസ്യമായി നടക്കുന്നുണ്ട് എന്നുവരാം. അറിവിന്റെ നിഗൂഢവൽക്കരണം മൂലം ജ്ഞാനരൂപീകരണത്തിന്റെ ധാർമിക-നിയമ-സാമൂഹിക-പാരിസ്ഥിതിക പ്രഭാവങ്ങളുടെ  (ethical, legal, social and ecological impacts) മേലുള്ള സാമൂഹിക നിയന്ത്രണം പൂർണ്ണമായും നഷ്ടമാകാം.

പുതു സമൂഹം, പുതു വിജ്ഞാനം

ഇപ്പോൾ ശൈശവാവസ്ഥയിലുള്ള ഈ പരിവർത്തനങ്ങളുടെ സ്വഭാവ സവിശേഷതകളെ വിമർശപരമായി സമീപിക്കണമെങ്കിൽ മുതലാളിത്ത ശാസ്ത്രത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് പരിപ്രേക്ഷ്യത്തിൽ അവയെ നോക്കിക്കാണേണ്ടതുണ്ട്. മുതലാളിത്തം നേരിടുന്ന പ്രതിസന്ധി, പുതിയൊരു ജനാധിപത്യ സമൂഹത്തിന്റെയും അതിനു ചേരുന്ന വിമോചനാത്മകമായ വിജ്ഞാനത്തിന്റെയും രൂപീകരണത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള അവസരമായി നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഈ രാഷ്ട്രീയ പദ്ധതിയ്ക്ക് ഇരട്ടലക്ഷ്യങ്ങളാണുള്ളത്. ആദ്യത്തേത്, സമകാലിക മുതലാളിത്തവും സയൻസും തമ്മിലുള്ള ബന്ധത്തിന്റെ വിശകലനമാണ്. രണ്ടാമത്തേത്, മുതലാളിത്ത ലോകക്രമത്തിനപ്പുറം ഭൗമസന്തുലനം തിരികെപ്പിടിക്കുന്നതിനാവശ്യമായ സാമൂഹിക പുനഃസംഘാടന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ്. മുതലാളിത്ത സാമൂഹിക ക്രമത്തിനപ്പുറം പുതിയൊരു സംഘജീവിത സാധ്യത അന്വേഷിക്കുമ്പോൾ അതിന് ആധാരമാകേണ്ടുന്ന പുതിയ വിജ്ഞാനരൂപം കണ്ടെത്തേണ്ടതുണ്ട്. നിലവിലുള്ള രൂപത്തിൽ പ്രകൃതി-സാമൂഹിക-മാനവിക ശാസ്ത്രങ്ങൾക്ക് അത്തരമൊരു ഭൗമരാഷ്ട്രീയത്തിന് പിന്തുണയേകാൻ മുതലാളിത്തവുമായി അവയ്ക്കുള്ള പുക്കിൾക്കൊടിബന്ധം കാരണം പരിമിതികളുണ്ട്. കാലാവസ്ഥാ വ്യതിയാനമെന്ന പാരിസ്ഥിതിക പ്രതിസന്ധി ആധുനിക വിജ്ഞാനരൂപങ്ങളുടെ ജ്ഞാനസിദ്ധാന്തപരമായ പ്രതിസന്ധികൂടിയാണ്. പ്രകൃതിയുടെ സങ്കീർണ്ണതയെ മനസിലാക്കാൻ ആധുനിക ശാസ്ത്രത്തിനു കഴിയാതെ പോയി എന്നതിന്റെ ലക്ഷണമാണ് കാലാവസ്ഥാ പ്രതിസന്ധി (വറുഗീസ് 2021). പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പുതുബന്ധങ്ങളെ ഉന്നം വെയ്ക്കുന്ന മുതലാളിത്തേതരമായ വിജ്ഞാനത്തിന്റെ സ്വഭാവമെന്താണ് എന്ന അന്വേഷണം അങ്ങനെ പ്രധാനമാകുന്നു. ‘മാനവാനന്തര വിജ്ഞാന’ത്തെക്കുറിച്ചും (posthuman knowledge), ‘അറിവിന്റെ നിരധിനിവേശീകരണത്തെ’ക്കുറിച്ചുമുള്ള (decolonisation of knowledge) ചർച്ചകൾ ഇതിനാവശ്യമായ ഉൾക്കാഴ്ചകൾ പകരുന്നുണ്ട്.[13] ‘സാധാരണാനന്തര ശാസ്ത്ര’ത്തെക്കുറിച്ചുള്ള (postnormal science) സിദ്ധാന്തീകരണങ്ങളും (Funtowicz and Ravetz 1993) ഈ അന്വേഷണത്തിന് സഹായകരമാണ്. ഈ ദിശയിലുള്ള ആലോചനകൾക്ക് സഹായകരമായേക്കാവുന്ന ചില പ്രാഥമിക വീക്ഷണങ്ങൾ ഇവിടെ കുറിക്കട്ടെ.

ഭൂമികേന്ദ്രീകൃതവും സാമൂഹ്യനീതിയിലധിഷ്ഠിതവുമായ ജനാധിപത്യ-സോഷ്യലിസ്റ്റ് സാമൂഹിക ജീവിതക്രമത്തിന് പുതിയൊരു വിജ്ഞാനരൂപത്തെക്കുറിച്ചുള്ള ഭാവനകൾ ഒഴിവാക്കാനാവില്ല. അറിവിനേക്കുറിച്ചുള്ള ഈ പുതുഭാവനകളുടെ പ്രധാനപ്പെട്ട ഒരു ശ്രോതസ് മുതലാളിത്ത വികസന പദ്ധതികൾക്കെതിരെ അരികുവൽക്കരിക്കപ്പെട്ടവർ നയിക്കുന്ന സമരങ്ങളാണ്. ജനകീയ പ്രസ്ഥാനങ്ങൾ ശക്തമായ ശാസ്ത്ര വിമർശം മാത്രമല്ല, ബദൽ ഭാവനകൾ പ്രയോഗിച്ചു കാട്ടുകയും ചെയ്യുന്നുണ്ട്. കൂടങ്കുളം ആണവ പദ്ധതിയ്‌ക്കെതിരെയുള്ള സമരം പുനരുപയോഗക്ഷമമായ (renewable) ഊർജ്ജ ശ്രോതസുകളെക്കുറിച്ചും ത്രാണനക്ഷമമായ (sustainable) വിജ്ഞാനത്തെക്കുറിച്ചുമുള്ള ചർച്ചകൾ മുമ്പോട്ട് വെക്കുന്നത് ഉദാഹരണമാണ് (Varughese 2020). നർമദ ബചാവോ ആന്ദോളൻ മെച്ചപ്പെട്ട ജലവിഭവ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കി കാണിക്കുന്നുണ്ട്. കേരളത്തിലെ വികസനവാദ വിരുദ്ധമായ ജനകീയ മുന്നേറ്റങ്ങളിലെല്ലാം ഉറവയെടുക്കുന്ന ഈ ബദൽ വിജ്ഞാന ഭാവനകൾ ജനാധിപത്യ മൂല്യങ്ങളെ ഉൾപ്പേറുന്ന വിജ്ഞാനശൈലി രൂപപ്പെടുത്തുന്നതിന് പ്രധാനമാണ്.

ആധുനിക ശാസ്ത്രത്തിനുള്ളിൽ,  മെച്ചപ്പെട്ട ജനാധിപത്യ മൂല്യങ്ങളിൽ ഊന്നുന്നതും മുതലാളിത്ത വിരുദ്ധ ഉള്ളടക്കമുള്ളതുമായ ബദൽ ജ്ഞാനപ്രവർത്തനങ്ങൾ തളിർക്കുന്നത് നമ്മൾ തിരിച്ചറിയുകയും അത്തരം ചിന്താധാരകളെ സാമൂഹിക-മാനവിക ശാസ്ത്രങ്ങളിലെ സമാന പ്രവണതകളോട് കണ്ണിചേർക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റു ജീവപ്രാണികൾക്കുമേൽ നടത്തുന്ന വേദനാജനകമായ പരീക്ഷണപ്രയോഗങ്ങൾക്കു പകരം സ്വന്തം ശരീരം തന്നെ പരീക്ഷണങ്ങൾക്കുപയോഗിച്ച, മാർക്സിസ്റ്റ് ശാസ്ത്രജ്ഞനായിരുന്ന ജെ.ബി.എസ്. ഹാൽഡെയ്ൻ (John Burdon Sanderson Haldane, 1892–1964),[14] അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, തന്റെ ശരീരത്തിൽ പ്രയോഗിച്ചു നോക്കാനാവാത്ത പരീക്ഷണങ്ങൾ പരീക്ഷണ മൃഗങ്ങളിൽ നടത്താൻ വിസമ്മതിച്ച ന്യൂറോസയന്റിസ്റ്റും ഡോൾഫിൻ ഗവേഷകനുമായിരുന്ന ജോൺ സി. ലിലി (John C. Lilly, 1915–2001), താൻ പഠിക്കുന്ന ജൈവപ്രതിഭാസങ്ങളോട് പുരുഷ ശാസ്ത്രജ്ഞരിൽ നിന്നും വ്യത്യസ്തമായി, ആഴത്തിലുള്ള വൈകാരിക ബന്ധം പുലർത്തിയ ജനിതക ശാസ്ത്രജ്ഞയും നോബൽ സമ്മാന ജേതാവുമായ (1983) ബാർബറ മക്ലിന്റോക് (Barbara McClintock, 1902–1992) (Keller 1983), പ്രകൃതിയുടെ സങ്കീർണതയെ (complexity) വ്യത്യസ്തമായി മനസിലാക്കാൻ ശ്രമിച്ച ഇല്യ പ്രിഗോഗിനെപ്പോലുള്ള (Ilya Prigogine, 1917-2003) ഗവേഷകർ, ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ തങ്ങളുടെ സാങ്കേതിക ഗവേഷണങ്ങളുടെ പ്രചോദനമായി സ്വീകരിക്കുകയും ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങളോടൊപ്പം യാത്ര ചെയ്യുകയും ചെയ്ത/ചെയ്യുന്ന എ.കെ.എൻ. റെഡ്ഢി (Amulya Kumar N. Reddy, 1930–2006) (Raina 1993), സി.വി. ശേഷാദ്രി (Chetput Venkatasubban Seshadri, 1930–1995) (Visvanathan 2002), എം.പി. പരമേശ്വരൻ (കേരളശാസ്ത്ര സാഹിത്യ പരിഷത്ത്) എന്നിവരുൾപ്പടെയുള്ള ജനകീയ ശാസ്ത്രജ്ഞർ എന്നിങ്ങനെ ബദൽ ശാസ്ത്ര പ്രവർത്തനങ്ങളിലേർപ്പെട്ട നിരവധിപ്പേരുടെ ചരിത്രം കൂടെയാണ് ആധുനിക ശാസ്ത്രത്തിന്റേത്. ഈ ധാരകളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ജനാധിപത്യവാദികളായ ശാസ്ത്രജ്ഞരുടെയും ജനകീയ ശാസ്ത്ര പ്രവർത്തകരുടെയും കടമയാണ്.

കാലാവസ്ഥാ പ്രതിസന്ധിയുടെ സമകാലിക സന്ദർഭത്തിൽ പ്രയോഗക്ഷമമാകുന്ന പുത്തൻ വിജ്ഞാനം രൂപപ്പെടുത്തേണ്ടതും അത്യന്താപേക്ഷിതമാണ്. നവീന വിജ്ഞാന ശൈലിയുടെ സവിശേഷതകളായി ശാസ്ത്ര സാമൂഹികതാ പഠിതാക്കൾ ദർശിക്കുന്ന വിഷയാതീത സ്വഭാവം (transdisciplinarity), സാമൂഹിക പ്രതിബദ്ധത (social accountability), വൈദഗ്ധ്യത്തിന്റെ സാമൂഹിക വിതരണം (social distribution of expertise), അറിവിന്റെ ഗുണനിയന്ത്രണത്തിനുള്ള മെച്ചപ്പെട്ട  പൊതുസംവിധാനം, ഗവേഷകരുടെ സ്വയം പ്രതിഫലനാത്മക ശേഷി (self-reflexivity) എന്നീ സവിശേഷതകൾ ജനോന്മുഖ ശാസ്ത്രത്തിന്റെ പുതുസംഘടനാ രൂപത്തിന്റെ അടിസ്ഥാനങ്ങളായി വികസിപ്പിക്കാവുന്നതാണ്. മറ്റു വിജ്ഞാന സമ്പ്രദായങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധതയും ഗവേഷകർ ആർജ്ജിക്കേണ്ടതുമുണ്ട്.[15]

ശാസ്ത്ര സാമൂഹികതാ പഠനങ്ങളിലെ മാർക്സിസ്റ്റ് ധാരയുടെ സമകാലിക മുഖത്തെ കൂടുതൽ പരിചയപ്പെടുന്നത് ഇത്തരമൊരു പുതു വൈജ്ഞാനിക ഭാവന വിടരുന്നതിന് നമ്മെ സഹായിക്കും. ആധുനിക ശാസ്ത്രത്തെ വിമർശനങ്ങളില്ലാതെ ആശ്ലേഷിക്കുകയോ തള്ളിക്കളയുകയോ അല്ല ജനകീയ ശാസ്ത്രത്തിന്റെ വഴി. മുതലാളിത്ത ഉല്പാദനരീതിയുമായും അതിന്റെ പ്രത്യശാസ്ത്രവുമായും സയൻസിനുള്ള ബന്ധത്തെ വിശകലനം ചെയ്യുകയും അതിനുള്ളിലും പുറത്തുമുള്ള ബദൽ ജ്ഞാനഭാവനകളെ പരിപോഷിപ്പിക്കുകയും അങ്ങനെ വിജ്ഞാനത്തിന്റെ ജനാധിപത്യപരമായ പുനഃസംഘാടനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് അതിന്റെ വഴി. അത്തരമൊരു പുതു വിജ്ഞാന ഭാവന മുതലാളിത്ത ലോകക്രമത്തിനപ്പുറം ജനാധിപത്യപരമായ ഒരു ഭാവിസമൂഹത്തെ രൂപപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്.

അവലംബസൂചി

മാത്യു, ജസ്റ്റിൻ. 2021. “കാലാവസ്ഥാ പഠനങ്ങളും മനുഷ്യയുഗസങ്കല്പവും”, ആർ യൂ ഹ്യൂമൻ? പോസ്റ്റ്ഹ്യൂമൻ ചിന്തയ്‌ക്കൊരാമുഖം. എഡി. പ്രസാദ് പന്ന്യൻ, 264-83. കോട്ടയം: ഡിസി ബുക്സ്.

വറുഗീസ്. ഷിജു സാം. 2018. ‘‘സാങ്കേതികതയുടെ രാഷ്ട്രീയം: റെഗുലേറ്ററി സയന്‍സ്’’. നവമലയാളി, December 12, 2019, accessed on 15.01.2023. https://navamalayali.com/2019/10/08/column-shiju-sam-varugheese/

വറുഗീസ്. ഷിജു സാം. 2021. “കോവിഡ് 19 മഹാമാരിയും ശാസ്ത്രവും: സാധാരണാനന്തര കാലത്തെക്കുറിച്ച് ചില പര്യാലോചനകൾ”. അന്യോന്യം ത്രൈമാസിക 1(1): 10–22.

വറുഗീസ്, ഷിജു സാം. 2022. “അറിവിന്റെ അപകോളനീകരണം”. അന്യോന്യം ത്രൈമാസിക 2(3): 66-84.

Braidotti, Rosi. 2019. Posthuman Knowledge. Cambridge: Polity Press.

Foster, John Bellamy. 2000. Marx’s Ecology: Materialism and Nature. New York: Monthly Review Press.

Franklin, Sarah. 2013. Biological Relatives: IVF, Stem Cells, and the Future of Kinship. Durham and London: Duke University Press.

Funtowicz, Silvio O. and Ravetz, Jerome R. 1993. “Science for the Post-Normal Age”, Futures 25(7): 739-55.

Galison, Peter. 2003. Einstein’s Clocks, Poincare’s Maps: Empires of Time. New York and London: WW Norton & Company.

Gibbons, Michal et al. 1994. The New Production of Knowledge: The Dynamics of Science and Research in Contemporary Societies. Los Angeles: Sage Publications Ltd.

Haldane, JBS. (n.d.) “Vivisection”, accessed 15.01.2023. https://wellcomecollection.org/works/f7bkz3ew

Keller, Evelyn Fox. 1983. A Feeling for the Organism: The Life and Work of Barbara McClintock. New York: Henry Holt and Company, LLC.

Malm, Andreas. 2018. The Progress of This Storm: Nature and Society in a Warming World. London and New York: Verso Books.

Moore, Jason W. (ed.). 2016. Anthropocene or Capitalocene? Nature, History, and the Crisis of Capitalism. Oakland, CA: PM Press.

Nowotny, Helga, Peter Scott and Michael Gibbons. 2001. Re-Thinking Science: Knowledge and the Public in an Age of Uncertainty. Cambridge and Malden, MA: Polity Press.

Philip, Kavitha. 2020. “The Science Problem in Marxism”. In What is Left of Marxism: Historiography and the Possibilities of Thinking with Marxian Themes and Concepts, edited by Benjamin Zachariah, Lutz Raphael and Brigitta Bernet, 89-118. Oldenbourg: De Gruyter.

Price, Derek J. de Solla. 1963. Little Science, Big Science. New York: Columbia University Press.

Raina, Dhruv and Ashok Jain. 1997. “Big Science and the University in India”. In Science in the Twentieth Century, edited by Krige, John and Pestre, Dominique, 859–77. Australia: Harwood Academic Publishers.

Raina, Dhruv. 1993. “Technological Determinism Embodied in an Appro-tech Programme: Small Science in a High-tech Environment”. Journal of Scientific & Industrial Research 52(July): 471-82.

Rajan, Kaushik Sunder. 2006. Biocapital: The Constitution of Postgenomic Life. Durham and London: Duke University Press.

Santos, Boaventura de Sousa. 2014. Epistemologies of the South: Justice against Epistemicide. London and New York: Routledge.

Santos, Boaventura de Sousa. 2017. Decolonising the University: The Challenge of Deep Cognitive Justice. Cambridge: Cambridge Scholars.

Sheehan, Helena. 1993. Marxism and the Philosophy of Science: A Critical History, the First Hundred Years. New Jersey: Atlantic Highlands.

Stichweh, Rudolf. 2015. “Transformations in the Interrelation between Science and Nation-States: The Theoretical Perspective of Functional Differentiation”. In Legitimising Science: National and Global Public, 1800–2010, edited by Andreas Franzmann, Axel Jansen, and Peter Munte, 35–48. Frankfurt and New York: Campus Verlag.

Varughese, Shiju Sam. 2020. “Expertise at the ‘Deliberative Turn’: Multiple Publics and the Social Distribution of Technoscientific Expertise”. Dialogue: Science, Scientists, and Society 2 (06 February), accessed on 20.11.2022. http://www.dialogue.ias.ac.in/article/21998/21998-expertise-at-the-deliberative-turn-multiple-publics-and-the-social-distribution-of-technoscientific-expertise

Visvanathan, Shiv. 2002. “‘The Laboratory and the World’: Conversations with CV Sheshadri”. Economic and Political Weekly 37(22): 2163-170.

Werskey, Garry. 1978. The Visible College: The Collective Biography of British Scientific Socialists of the 1930s. New York: Holt, Rinehart and Winston.

Werskey, Gary. 2007. “The Marxist Critique of Capitalist Science: A History in Three Movements?” Science as Culture 16(4): 397-461.

Ziman, John. 1996. “‘Postacademic Science’: Constructing Knowledge with Networks and Norms”. Science Studies 1: 68-80.

[1] Royal Society of London (1662), Paris Académie Royale des Sciences (1666), Berlin Akademie der Wissenschaften (1700) എന്നിവ ഇക്കാലത്തു രൂപപ്പെട്ട താരതമ്യേന വലിയ ശാസ്ത്ര സ്ഥാപനങ്ങളായിരുന്നു.

[2] ശാസ്ത്ര വിജ്ഞാനത്തിന്റെ പടലപിരിയലിനെക്കുറിച്ച് Stichweh 2015ൽ വായിക്കാം.

[3] Humboldt-Universität zu Berlin എന്ന് പിന്നീട് പുനഃനാമകരണം ചെയ്യപ്പെട്ടു.

[4] ഈ അർത്ഥത്തിൽ ‘സാങ്കേതികശാസ്ത്രം’ (technoscience) എന്ന് ബൃഹദ് ശാസ്ത്രത്തെ സൂചിപ്പിക്കാറുണ്ട്. ഭരണകൂട-പട്ടാള-വ്യാവസായിക-വികസന ആവശ്യങ്ങൾക്കു വേണ്ടിയുള്ള സാങ്കേതിക പദ്ധതികളുടെ രൂപീകരണവും നിർവഹണവുമാണ് സാങ്കേതികശാസ്ത്രത്തിന്റെ മുഖ്യ പരിഗണന. ആറ്റം ബോംബ് നിർമ്മിക്കുന്നതിനുള്ള മാൻഹാട്ടൻ പദ്ധതി (1942-1946) സാങ്കേതിക ശാസ്ത്രത്തിന് മികച്ച ഉദാഹരണമാണ്.

[5] പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യൻ സർവകലാശാലകൾക്ക് ഒരു കാലത്തും അടിസ്ഥാന ഗവേഷണത്തിനാവശ്യമായ ഭരണകൂട പിന്തുണ ലഭിച്ചിട്ടില്ല. ദൗത്യോന്മുഖ ഗവേഷണ പദ്ധതികളിലായിരുന്നു സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഊന്നൽ. വ്യാവസായിക വികസനത്തിനാവശ്യമായ പ്രയോഗശാസ്ത്ര ഗവേഷണങ്ങൾ മുഖ്യമായും നടന്നത് വ്യാവസായിക ഗവേഷണ കൗൺസിലിന്റെ (Council of Scientific & Industrial Research: CSIR) കീഴിലുള്ള ലബോറട്ടറികളിലാണ്. അടിസ്ഥാന ഗവേഷണത്തിൽ കാര്യമായ സംഭാവനകൾ നടത്തിയത് Tata Institute of Fundamental Research, Indian Institute of Science തുടങ്ങിയ ചുരുക്കം ഗവേഷണ സ്ഥാപനങ്ങളാണ്; സർവ്വകലാശാലകൾ അല്ല. കൂടുതൽ വായനയ്ക്ക്, Raina and Jain 1997.

[6] ഈ പരമ്പരയിൽ നേരത്തേ പ്രസിദ്ധീകരിച്ച “സാങ്കേതികതയുടെ രാഷ്ട്രീയം: റെഗുലേറ്ററി സയന്‍സ്“ എന്ന ലേഖനം കാണുക (വറുഗീസ് 2018).

[7] വിശദമായ ചർച്ചയ്ക്ക്, വറുഗീസ് 2021 വായിക്കുക.

[8] ബഹുവിധങ്ങളായ രീതിശാസ്ത്ര സമീപനങ്ങൾ മാർക്സിസ്റ്റ് ശാസ്ത്ര സാമൂഹികതാ പഠിതാക്കൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയിൽ പല ധാരകളും പരസ്പരം കലഹിക്കുന്നവയാണ്. 1930കളിൽ ബോറിസ് ഹെസൻ (Boris Mikhailovich Hessen, 1893–1936) എന്ന റഷ്യൻ ഗവേഷകൻ ന്യൂട്ടോണിയൻ ഭൗതികവും മുതലാളിത്തത്തിന്റെ ഉദയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലണ്ടനിൽ നടന്ന രണ്ടാം അന്താരാഷ്ട്ര ശാസ്ത്ര ചരിത്ര കോൺഗ്രസ്സിൽ (1931) അവതരിപ്പിച്ച  പ്രബന്ധമാണ് മാർക്സിസ്റ്റ് ശാസ്ത്രവിമർശത്തിനു പ്രചാരം നേടിക്കൊടുത്തത്. Dialectics of Nature (Friedrich Engels, 1925), Materialism and Empirio-Criticism (VI Lenin, 1909) എന്നീ കൃതികളേക്കാൾ Capital (Karl Marx, 1867 ഹെസന്റെ ചിന്തകൾക്ക് അടിസ്ഥാനമാകുന്നുണ്ട്. ഇതേത്തുടർന്നാണ് John D. Bernal (1901-1971), Joseph Needham (1900-1995), JBS Haldane (1892-1964) തുടങ്ങിയ ‘ചുവന്ന ശാസ്ത്രജ്ഞർ’ (red scientists) മാർക്സിസ്റ്റ് ശാസ്ത്രസാമൂഹികതാ വികസന പന്ഥാവ് അവരവരുടേതായ രീതികളിൽ വികസിപ്പിക്കുന്നത് (Werskey 1978). ഇവയിൽ ഏറ്റവും സ്വീകരിക്കപ്പെട്ടത്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിന്തുടരുന്ന, ബെർണാലിന്റെ വീക്ഷണമാണ്. 1970കളിലെ റാഡിക്കൽ ശാസ്ത്ര പ്രസ്ഥാനം (Radical Science Movement) ബെർണാലിന്റെ പരിപ്രേക്ഷ്യത്തെ തള്ളിക്കളയുകയും മാർക്സിസ്റ്റ് ശാസ്ത്ര വിമർശത്തിന്റെ പുതുവഴികൾ വികസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ആധുനിക ശാസ്ത്രവും മുതലാളിത്തവും തമ്മിലുള്ള ബന്ധത്തെ സിദ്ധാന്തീകരിക്കാനാണ് മാർക്സിസ്റ്റ് ശാസ്ത്ര സാമൂഹികതാ പഠനങ്ങൾ ശ്രമിച്ചത്. കൂടുതൽ വായനയ്ക്ക്,  Sheehan 1993; Werskey 1978; 2007.

[9] സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടർന്നുണ്ടായ വലതുപക്ഷ രാഷ്ട്രീയ കാലാവസ്ഥയും ശാസ്ത്ര സാമൂഹികതാ പഠനരംഗത്ത്  Sociology of Scientific Knowledge (SSK) നേടിയ പ്രമാണികതയും ഈ നിർജ്ജീവതയ്ക്ക് കാരണങ്ങളാണ്.  മാർക്സിസ്റ്റ് ശാസ്ത്രസാമൂഹികതാ പഠനങ്ങളുടെ പുത്തനുണർവിനെക്കുറിച്ച് അറിയാൻ, Philip 2020.

[10] ഉദാഹരണത്തിന്, Nowotny, Scott &  Gibbons 2001 കാണുക.

[11] ഈ ആശയത്തോട് ശാസ്ത്രവിജ്ഞാനത്തിന്റെ സാമൂഹിക വിജ്ഞാനീയ (sociology of scientific knowledge) പഠിതാക്കൾ അത്രകണ്ട് യോജിക്കുമെന്ന് തോന്നുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം, അടിസ്ഥാന ശാസ്ത്ര ഗവേഷണങ്ങളും പ്രായോഗിക പ്രശ്നങ്ങളുടെ സമൂർത്ത സാഹചര്യങ്ങളിലാണ് രൂപപ്പെടുന്നത്. ഈ പരമ്പരയിലെ മുൻ ലേഖനങ്ങളിൽ ഇത് സംബന്ധിച്ച് നടത്തിയ ചർച്ചകൾ ഓർമ്മിക്കുക. അൽബേർട്ട് ഐൻസ്റ്റീൻ അപേക്ഷികതയുടെ സവിശേഷ സിദ്ധാന്തം (special theory of relativity) രൂപീകരിക്കുന്നതിന്റെ മൂർത്ത സന്ദർഭം റയിൽവേ ശൃംഖലയിലെ ക്ളോക്കുകളിലെ സമയത്തിന്റെ ഏകീകരണമെന്ന (synchronisation) പ്രായോഗിക പ്രശ്നമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് (Galison 2003) മറ്റൊരുദാഹരണമാണ്.

[12] ഈ അറിവുകൾ പൊതുവിജ്ഞാനമാണെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്,  ചില നിബന്ധനകൾക്കും നിയമാവലികൾക്കും വഴങ്ങി (ഉദാ.: copyrights, technology transfer) ഈ അറിവുകൾ ഉപയോഗിക്കാൻ മറ്റു ഗവേഷകർക്കും വ്യാവസായിക സംരംഭകർക്കും കഴിയും എന്നതാണ്. പൂർണ്ണമായും സൗജന്യമായി ആർക്കും യഥേഷ്ടം ഉപയോഗിക്കാനാവുന്ന ‘copy left’ ജ്ഞാനമാണ് ഇത് എന്ന വിവക്ഷ ഇവിടെയില്ല.

[13] തുടർവായനയ്ക്ക്, Braidotti 2019; Santos 2014; 2017.

[14] പരീക്ഷണമൃഗങ്ങൾക്കു നേരെയുള്ള ക്രൂരതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനം (Haldane n.d.) കാണുക.

[15] ഈ പരമ്പരയിലെ മറ്റു ലേഖനങ്ങളിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്തിട്ടുള്ളതാണ്.

Comments

comments