11.സവർക്കർ ലണ്ടനിൽ

1906 ലാണ് സവർക്കർ ലണ്ടനിലെത്തുന്നത്. ശ്യാംജി കൃഷ്ണവർമ്മ അനുവദിച്ച ശിവജി സ്കോളർഷിപ്പാണ് അതിന് വഴിയൊരുക്കിയത്.

ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്ന ഇപ്പോഴത്തെ ഗുജറാത്തിലെ കുച്ച് പ്രവിശ്യയിലെ മാണ്ഡവിയിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ശ്യാംജി കൃഷ്ണവർമ്മ വിദ്യാഭ്യാസത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കിയത് ഗുജറാത്തിലെ ഭുജിൽ ആണ്. അതിന് ശേഷം ബോംബെയിലെ വിൽസൺ ഹൈസ്കൂളിൽ മട്രിക്കുലേഷൻ വരെ പഠിച്ചു. പിന്നീട് ബോംബെയിൽ തന്നെയുള്ള, ബ്രിട്ടീഷുകാർ സ്ഥാപിച്ച എൽഫിൻസ്റ്റൺ സ്കൂളിലും. ആധുനിക വിദ്യാഭ്യാസത്തിന് സമാന്തരമായി വിശ്വനാഥ ശാസ്ത്രിയുടെ സംസ്കൃത പാഠശാലയിൽ ചേർന്ന് സംസ്കൃതവും അഭ്യസിച്ചു. ആര്യസമാജ സ്ഥാപകനായിരുന്ന സ്വാമി ദയാനന്ദസരസ്വതിയുടെ ശിഷ്യനായി സ്കൂൾ പഠനകാലത്തു തന്നെ അദ്ദേഹത്തിൻ്റെ പ്രഭാഷണ പര്യടനങ്ങളിൽ അനുഗമിച്ചിരുന്നു. പ്രമുഖ ഇൻഡോളജിസ്റ്റ് എന്ന നിലയിൽ പാശ്ചാത്യരാജ്യങ്ങൾ അംഗീകരിച്ചിരുന്ന പ്രൊഫസർ മോണിയർ വില്യംസിൻ്റെ സഹായിയായി 1879-ൽ ഇംഗ്ലണ്ടിലേയ്ക്ക് പോകാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. തുടർന്ന് ഓക്സ്ഫോർഡിൽ നിന്നും നിന്നും ബി.എ ഡിഗ്രി കരസ്ഥമാക്കാനും. റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിൽ അംഗത്വവും നേടി. 1881-ൽ ബെർലിനിൽ ഓറിയൻ്റലിസ്റ്റുകളുടെ, പൗരസ്ത്യ പണ്ഡിതരുടെ, സമ്മേളനം നടന്നപ്പോൾ ഇന്ത്യാകാര്യങ്ങളുടെ സെക്രട്ടറി, അദ്ദേഹത്തെ പ്രതിനിധിയായി അയക്കുകയുണ്ടായി. ബ്രിട്ടീഷ് ഗവണ്മെൻ്റിൻ്റെ സഹായവും പ്രിയവും അദ്ദേഹത്തോട് എത്രമാത്രം ഉണ്ടായിരുന്നു എന്ന് ഈ ജീവിതഘട്ടത്തിലെ പ്രധാന സംഭവങ്ങൾ ഓരോന്നും തെളിവ് തരുന്നുണ്ട്.

ശ്യാംജി കൃഷ്ണവർമ്മ

1885-ൽ ബാരിസ്റ്ററായി തിരിച്ച് ഇന്ത്യയിലെത്തിയ ശ്യാംജി മൂന്ന് ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ദിവാനായോ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്ന കൗൺസിൽ മെമ്പറായോ പ്രവർത്തിച്ചു. രത് ലം, ഉദയ്പൂർ, ജുനഗഢ് എന്നിവയായിരുന്നു ആ നാട്ടുരാജ്യങ്ങൾ. ജുനഗഢിൽ കൗൺസിൽ മെമ്പറായി പ്രവർത്തിക്കുന്ന കാലത്ത് ഒരു ബ്രിട്ടീഷുദ്യോഗസ്ഥനായിരുന്ന മാക്കനോച്ചിയുമായി ചില കാര്യങ്ങളിൽ ശ്യാംജിക്ക് ഇടയേണ്ടി വന്നു. അത് ശ്യാംജിയുടെ പുറത്താക്കലിലേയ്ക്ക് നയിച്ചു. 1897-ൽ അദ്ദേഹം തിരിച്ച് ഇംഗ്ലണ്ടിലേയ്ക്ക് പോകുമ്പോഴേയ്ക്കും തിലകിൻ്റെ കടുത്ത അനുയായി ആയി മാറിയിട്ടുണ്ടായിരുന്നു.

ഇംഗ്ലണ്ടിലെത്തിയ ശ്യാംജി, ഇംഗ്ലീഷ് ഭരണകർത്താക്കളുമായുള്ള ബന്ധം വിച്ഛേദിച്ചത് കൊണ്ട് ജീവിതം കരുപ്പിടിപ്പിച്ചത് സാമ്പത്തിക രംഗത്തെ പുതിയ പ്രവണതകളിൽ ഏർപ്പെട്ടുകൊണ്ടാണ്. സ്റ്റോക്ക് മാർക്കറ്റിലും ഷെയറുകളിലും ഭാഗ്യം പരീക്ഷിച്ച് വിജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബംഗാൾ വിഭജനത്തിൻ്റെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന സ്വയംഭരണ മുദ്രാവാക്യത്തെ പ്രചരിപ്പിക്കാൻ അദ്ദേഹം ലണ്ടനിൽ നിന്നും ഇൻഡ്യൻ സോഷ്യോളജിസ്റ്റ് എന്ന മാസിക ആരംഭിച്ചു. 1905-ൽ ലണ്ടനിൽ ഇന്ത്യാഹൗസ് എന്ന പേരിൽ ലണ്ടനിലെ ഹൈഗേറ്റ് പ്രവിശ്യയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഒരു ഹോസ്റ്റൽ ആരംഭിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ആദ്യം 25 വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യമാണ് ഇന്ത്യാ ഹൗസിൽ ഒരുക്കിയിരുന്നത്. അത് ഉടൻ തന്നെ 50 ആക്കുമെന്നും അദ്ദേഹത്തിൻ്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. താമസസൗകര്യത്തിന് പുറമേ ഒരു ലക്ചർഹാളും ലൈബ്രറിയും വായനമുറിയും ഇന്ത്യാഹൗസിൽ ഒരുക്കിയിരുന്നു. അതോടൊപ്പം വിദ്യാർത്ഥികൾക്ക് വിനോദത്തിനായി ടെന്നീസ് കോർട്ടുകളും ആരോഗ്യ പരിപാലനത്തിനായി ജിംനേഷ്യവും.

ശ്യാംജി കൃഷ്ണവർമ്മ നൽകുന്ന ട്രാവലിങ്ങ് ഫെല്ലോഷിപ്പ് ഉപയോഗിച്ച് ലണ്ടനിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും ആഴ്ചതോറും 16 ഷില്ലിങ്ങ് താമസച്ചെലവായി ഈടാക്കുന്ന തരത്തിലാണ് സാമ്പത്തിക വശം സംവിധാനം ചെയ്തിരുന്നത്.

1905-ൽ ഇന്ത്യൻ സോഷ്യോളജിസ്റ്റിൻ്റെ ഡിസംബർ ലക്കത്തിലാണ് സവർക്കർ ഈ അറിയിപ്പ് കണ്ടതും അപേക്ഷിച്ചതും. ശ്യാംജിയുടെ സഹകാരിയായിരുന്ന എസ് ആർ റാണയും ഫെല്ലോഷിപ്പുകൾ പ്രഖ്യാപിച്ചിരുന്നു. ലണ്ടനിൽ ശ്യാംജി സ്ഥാപിച്ച ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു റാണെ .

റാണെ പ്രഖ്യാപിച്ചിരുന്ന മൂന്നുഫെല്ലോഷിപ്പുകൾ മൂന്ന് ഇന്ത്യൻ രാജാക്കളുടെ പേരിൽ ഉള്ളവയായിരുന്നു. മേവാറിലെ മഹാറാണാപ്രതാപിൻ്റേയും ശിവജിയുടേയും അക്ബർ ചക്രവർത്തിയുടേയും പേരിൽ. അന്നത്തെ വലിയൊരു തുകയായിരുന്ന 2,000 രൂപയായിരുന്നു ഓരോ ഫെല്ലോഷിപ്പിൻ്റേയും പേരിൽ നൽകിയിരുന്നത്. ഇവയുടെ സ്വീകർത്താക്കൾ ഇന്ത്യയിലോ ഇംഗ്ലണ്ടിലോ സർക്കാർ ജോലി ചെയ്യാൻ പാടുള്ളതല്ല എന്ന നിബന്ധന പ്രത്യേകം ഉണ്ടായിരുന്നു. അതോടൊപ്പം പത്തു വർഷത്തിനുള്ളിൽ നാലു ശതമാനം പലിശ നിരക്കിൽ സ്കോളർഷിപ്പ് തുക തിരിച്ചടക്കണം എന്ന നിബന്ധനയും. സ്കോളർഷിപ്പ് സ്വീകരിച്ച് ഇംഗ്ലണ്ടിലേയ്ക്ക് പുറപ്പെടുന്ന വിദ്യാർത്ഥികൾ 5,000 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണമെന്നും അത് സ്കോളർഷിപ്പ് തുകയ്ക്കുള്ള ജാമ്യമായി പണയം തരണമെന്നും നിബന്ധനകളിൽ നിർദ്ദേശമുണ്ടായിരുന്നു. 400 രൂപ വെച്ച്  5 തവണകൾ ആയാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുക.

തിലകും എസ് എ പരാഞ്ജ്പേയും നിർദ്ദേശിച്ചതനുസരിച്ച് വിനായക് ദാമോദർ സവർക്കർക്ക് ശിവജിയുടെ പേരിലുള്ള സ്കോളർഷിപ്പ് അനുവദിച്ച് കിട്ടുകയുണ്ടായി. ആദ്യഗഡുവായ 400 രൂപ തിലക് വഴി സവർക്കർ കൈപ്പറ്റി. അങ്ങനെ 1906 ജൂൺ 9-ന് എസ് എസ് പേർഷ്യ എന്ന കപ്പലിൽ സവർക്കർ ഇംഗ്ലണ്ടിലേയ്ക്ക് യാത്ര പുറപ്പെട്ടു. ആ സമയത്ത് പ്രഭാകർ എന്ന അദ്ദേഹത്തിൻ്റെ ആദ്യപുത്രന് ഭാര്യ യമുന ജന്മം നൽകിയിരുന്നു.

കപ്പലിൽ സവർക്കറുടെ സഹയാത്രികനായിരുന്നു അമൃത്സറിൽ നിന്നുള്ള ഹർണാംസിംഗ്. നാഭ എന്ന നാട്ടുരാജ്യത്തിലെ മഹാരാജാവ് നൽകിയ ധനസഹായം ഉപയോഗിച്ച് ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് അഗ്രിക്കൾച്ചറിൽ കൃഷിശാസ്ത്രം പഠിക്കാനായിരുന്നു ഹർണാംസിംഗിൻ്റെ യാത്ര. അത് കൂടാതെ രണ്ട് ഇന്ത്യാക്കാർ കൂടി ആ കപ്പലിൽ ഉണ്ടായിരുന്നു. മൂന്നാഴ്ചയോളം നീണ്ടു നിന്ന ഈ യാത്രക്കിടയിൽ ഹർണാംസിംഗിനേയും മറ്റ് രണ്ട് ഇന്ത്യാക്കാരെയും അഭിനവ് ഭാരതിലേയ്ക്ക് ആകർഷിക്കാൻ വിനായകിന് കഴിഞ്ഞു. ഫ്രാൻസിലെ മാർസെയ്ൽസിൽ കപ്പലടുത്തു. അവിടെ നിന്ന് പാരീസിലേയ്ക്കും കലെയ്സിലേയ്ക്കും തീവണ്ടിയിൽ യാത്ര ചെയ്യുകയും ശേഷം ഇംഗ്ലീഷ് ചാനൽ കടന്ന് ഡോവറിൽ എത്തുകയും അവിടെ നിന്ന്  1906 ജൂലൈ 3-ന് ലണ്ടനിൽ എത്തുകയും ചെയ്തു. 1906 ജൂലൈ 26-ന് ലണ്ടനിലെ ഗ്രേയ്സ് ഇന്നിൽ സവർക്കർ തൻ്റെ നിയമവിദ്യാഭ്യാസം തുടങ്ങി.

ഇന്ത്യാഹൗസിലും മറ്റിടങ്ങളിലുമായി സവർക്കർക്കൊപ്പമുണ്ടായിരുന്നത് സരോജിനി നായിഡുവിൻ്റെ സഹോദരനായിരുന്ന വീരേന്ദ്രനാഥ് ചട്ടോപദ്ധ്യായ, ലാലാ ഹർദയാൽ, വി വി എസ് അയ്യർ, എം പി ടി ആചാര്യ , ജെ സി മുഖർജി, മാഡം ബിക്കാജി കാമ, ഭായ് പരമാനന്ദ്, മദൻലാൽ ദിംഗ്ര തുടങ്ങിയവർ ആണ്. മറ്റൊരാൾ ചിത്പാവൻ ബ്രാഹ്മണനും ചപേക്കർ സഹോദരരുടെ സംഘടനയിൽ അംഗമായിരുന്ന ബൽവന്ത് ബിഡേയുടെ ശിഷ്യനുമായിരുന്ന പാണ്ഡുരംഗ് മഹാദേവ് ബാപ്പട്ട് എന്ന സേനാപതി ബാപ്പട്ടും. അതിൽ മാഡം ബിക്കാജി കാമ ബോംബെയിലെ ഒരു സമ്പന്ന പാഴ്സി കുടുംബത്തിലെ അംഗമായിരുന്നു. അവർ രുസ്തം കാമയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാൾ നീണ്ടു നിൽക്കുകയുണ്ടായില്ല. 1896-ൽ പ്ലേഗ് ബോംബെയെ പിടിച്ചു കുലുക്കിയപ്പോൾ അവർ പ്ലേഗ് ബാധിതരെ ശുശ്രൂഷിക്കാനിറങ്ങുകയും രോഗം ഏറ്റുവാങ്ങുകയും ചെയ്തു. 1901-ൽ അവരുടെ പിതാവ് അവരെ ഇംഗ്ലണ്ടിലേയ്ക്കയച്ചു. അവിടെ വെച്ച് ശ്യാംജി കൃഷ്ണവർമ്മയുമായി കണ്ടുമുട്ടുകയും ഇൻഡ്യൻ സോഷ്യോളജിസ്റ്റിൽ തുടർച്ചയായി അവർ എഴുതാൻ തുടങ്ങുകയും ചെയ്തു.

മാഡം കാമ
മാഡം കാമ

അക്കൂട്ടത്തിലെ മറ്റൊരു ശ്രദ്ധേയ വ്യക്തിത്വം മദൻലാൽ ദിംഗ്ര എന്ന പഞ്ചാബി യുവാവായിരുന്നു. 1883 സെപ്തംബർ 18-ന് അമൃത്സറിലായിരുന്നു ദിംഗ്രയുടെ ജനനം. അദ്ദേഹത്തിൻ്റെ പിതാവും രണ്ട് സഹോദരരും ഡോക്ടർമാരായിരുന്നു. മറ്റ് രണ്ട് സഹോദരർ ബാരിസ്റ്റർമാരും. 1906-ൽ, ഇരുപത്തി മൂന്നാം വയസ്സിൽ സിവിൽ എഞ്ചിനീയറിംഗ് പഠിക്കാനാണ് ദിംഗ്ര ലണ്ടനിലെത്തിയത്. രാഷ്ട്രീയ വിചാരങ്ങൾ ഒന്നുമില്ലാതിരുന്ന ദിംഗ്ര അതിവേഗം സവർക്കറുടെ വലയത്തിൽ വീഴുകയും സവർക്കറുടെ വിശ്വസ്ത അനുയായി ആയിത്തീരുകയും ചെയ്തു.

മദൻലാൽ ദിംഗ്ര
മദൻലാൽ ദിംഗ്ര

മതാത്മകതയെ രാഷ്ട്രീയാവശ്യങ്ങൾക്കായി പൊലിപ്പിക്കുക എന്ന ബ്രാഹ്മണിസത്തിൻ്റെ ഇന്ത്യൻ രീതി തന്നെയാണ് സവർക്കർ പ്രയോഗിച്ചത്.

അഭിനവ് ഭാരതിൻ്റെ വിദേശശാഖയായി അധികം താമസിയാതെ ഫ്രീ ഇന്ത്യാ സൊസൈറ്റി ലണ്ടനിൽ സ്ഥാപിതമായി. ശിവജി ഉത്സവത്തിൻ്റേയും ഗണേശോത്സവത്തിൻ്റേയും മാതൃകകൾ പിന്തുടർന്ന് ലണ്ടനിൽ ദസറയും ഗുരുനാനാക്ക് ജയന്തിയും ഗുരു ഗോവിന്ദ് സിംഗ് ജയന്തിയും മറ്റും ആഘോഷിക്കാൻ തുടങ്ങി. മതാത്മകതയെ രാഷ്ട്രീയാവശ്യങ്ങൾക്കായി പൊലിപ്പിക്കുക എന്ന ബ്രാഹ്മണിസത്തിൻ്റെ ഇന്ത്യൻ രീതി തന്നെയാണ് സവർക്കർ പ്രയോഗിച്ചത്. അതുവഴി കേംബ്രിഡ്ജിലും ഓക്സ്ഫോർഡിലും എഡിൻബറോയിലും മറ്റും പഠിച്ചിരുന്ന നിരവധി വിദ്യാർത്ഥികളെ ഇന്ത്യാ ഹൗസിലേയ്ക്ക് ആകർഷിക്കാൻ സവർക്കർക്ക് കഴിഞ്ഞു. മാത്രമല്ല ലാലാ ലജ്പത് റായ്, ബിപിൻ ചന്ദ്രപാൽ തുടങ്ങിയ ഇന്ത്യൻ ദേശീയ നേതാക്കളെ, പ്രത്യേകിച്ചും തിലകിൻ്റെ ദർശനത്തോടൊട്ടി നിന്ന നേതാക്കളെ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാനും സവർക്കർക്ക് സാധിച്ചു.

നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം മുന്നോട്ടുവെച്ച അക്രമാസക്തമായ ബ്രിട്ടീഷ് വിരുദ്ധതയ്ക്കും മതാത്മക ദേശീയതയ്ക്കും അന്താരാഷ്ട്രമാനമുണ്ടാക്കുക അത്യാവശ്യമാണെന്ന് സവർക്കറെ ലണ്ടൻ വാസം പഠിപ്പിച്ചു. ആസ്ത്രിയൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന പ്രവിശ്യകളുടെ സമാഹാരത്തിൽ നിന്ന് ഇറ്റലി എന്ന ദേശരാഷ്ട്രത്തെ വാർത്തെടുത്ത മസ്സീനിയുടെ യത്നവുമായി ബ്രിട്ടിഷുകാരുടെ കീഴിലുള്ള ഇന്ത്യൻ പ്രവിശ്യകളെ കോർത്തിണക്കിയുള്ള ബ്രാഹ്മണരാജ്യസ്ഥാപനം എന്ന ലക്ഷ്യത്തെ ചേർത്ത് വെയ്ക്കാനായിരുന്നു സവർക്കർ ശ്രമിച്ചത്. ജാതിമേൽക്കോയ്മയെ വംശീയതയുമായി സമവല്ക്കരിക്കാനുള്ള ആദ്യശ്രമം ഇതായിരുന്നു. ഇന്ത്യയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ഇതിൻ്റെ ബീജം സവർക്കറുടെ മനസ്സിൽ ഉണ്ടായിരുന്നു. മാഴ്സെയിൽസിൽ കപ്പലടുത്തപ്പോൾ അവിടെ താമസിച്ച് ഇറ്റലിയെ ഏകീകരിക്കാൻ മസ്സീനി നടത്തിയ ശ്രമങ്ങളെയാണ് താൻ ആദ്യമോർത്തതെന്ന് സവർക്കറുടെ ഓർമ്മക്കുറിപ്പുകൾ പറയുന്നു. അന്നാട്ടുകാർക്ക് അത്തരം കാര്യങ്ങൾ അറിയില്ലായിരുന്നു എന്നത്  തന്നെ ഖിന്നനാക്കി എന്നും സവർക്കർ ഓർക്കുന്നുണ്ട്.

ബ്രസീലിലും ഉറുഗ്വേയിലും മറ്റും നാടുകടത്തപ്പെട്ട അവസ്ഥയിൽ കഴിഞ്ഞിരുന്ന ഗാരിബാൾഡിയുമായും സാർഡീനിയ രാജ്യവുമായും ചേർന്ന് മസ്സീനി ആസ്ത്രിയൻ സാമ്രാജ്യത്തിനെതിരെ നടത്തിയ യുദ്ധം ബ്രാഹ്മണരുടെ നേതൃത്വത്തിൽ ഹിന്ദുജനത അപ്പാടെ ബ്രിട്ടീഷുകാർക്കെതിരായി നടത്തുന്ന യുദ്ധവുമായി ചേർത്തുവെച്ച് സവർക്കർ പലയിടങ്ങളിലും പ്രസംഗിച്ചിരുന്നു. ആ യുദ്ധം വിജയിച്ചില്ലെങ്കിലും ,വിജയിക്കാവുന്ന യുദ്ധങ്ങളിലേയ്ക്കുള്ള വാതിൽ തുറന്നു.

മസ്സീനിയെപ്പറ്റിയുള്ള ഈ ദിശയിലുള്ള പഠനങ്ങൾ പൂർത്തിയാക്കാൻ ഇന്ത്യാഹൗസിലെ ലൈബ്രറി സവർക്കറെ സഹായിച്ചു. രഹസ്യസംഘടനകളുടേയും ആയുധശേഖരത്തിൻ്റേയും ആവശ്യകതയിൽ ഊന്നുക എന്ന സന്ദേശം ഉയർത്തിപ്പിടിക്കാനും അതിനെ ബ്രാഹ്മണർക്കിടയിലും മറ്റു ഹിന്ദുക്കൾക്കിടയ്ക്കും പ്രചരിപ്പിക്കാനും വേണ്ടിയാണ് ഈ പഠനങ്ങൾ പ്രാഥമികമായും അദ്ദേഹം നടത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യം എന്നത് ബ്രാഹ്മണരും ബ്രിട്ടീഷുകാരും തമ്മിലുള്ള യുദ്ധത്തിൻ്റെ അനന്തരഫലം മാത്രമാണ് എന്ന് ഉറപ്പിച്ചു വാദിക്കുകയാണ് സവർക്കർ ചെയ്യുന്നത്. മിതവാദികൾ “ബാലിശം” എന്ന് വിശേഷിപ്പിക്കുന്ന ഈ യുദ്ധസന്നാഹമാണ് ശരിയായ പാത എന്നും മസ്സീനിയെ മുൻ നിർത്തി സവർക്കർ വാദിച്ചു.

” മസ്സീനിയും അദ്ദേഹത്തിൻ്റെ സഹ വിപ്ലവപ്രവർത്തകരും ഇത് പോലെത്തന്നെ “ബാലിശ”രായും ”അസംബന്ധ”രായും 1830-കളിൽ ഇറ്റാലിയൻ സമൂഹത്തിലെ സമകാലിക “കാരണവന്മാരാൽ” വിശേഷിക്കപ്പെട്ടിരുന്നു. അത്തരം പരിഹാസങ്ങൾക്ക് മസ്സീനി തൻ്റെ ലേഖനങ്ങളിലൂടെ മറുപടി നൽകിയിരുന്നു. തമാശയെന്തെന്ന് വെച്ചാൽ 1906-ൽ മസ്സീനിയും ഗാരി ബാൾഡിയും പോലുള്ള വ്യക്തികളെ “മഹത്തായ രാജ്യസ്നേഹിക” ളായി ഇന്ത്യൻ നേതാക്കൾ വിശേഷിപ്പിച്ചിരുന്നു. തങ്ങളുടെ ദിനങ്ങളിൽ മസ്സീനിയും ഗാരിബാൾഡിയും വിഡ്ഢികളായും ബാലിശരായും മുദ്രകുത്തപ്പെട്ടിരുന്നു എന്നതറിയാതെ. മസ്സീനിയുടെ ലേഖനങ്ങൾ നമ്മുടെ ക്രിയാപദ്ധതികളെ ഉറപ്പിക്കുകയും നമ്മുടെ രീതികളിൽ ഇന്ത്യയിലെ ജനങ്ങൾക്ക് വിശ്വാസം ജനിപ്പിക്കുന്നതിലേയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യാൻ പോകുന്നു.”

മറാത്തിയിലാണ് മസ്സീനിയുടെ ജീവചരിത്രം സവർക്കർ എഴുതി പൂർത്തിയാക്കിയത്. ജോസഫ് മസ്സീനി യാഞ്ചേ ആത്മചരിത വ രാജ്കരൺ (ജോസഫ് മസ്സീനിയുടെ ആത്മകഥയും രാഷ്ട്രീയവും ) എന്നതായിരുന്നു ഗ്രന്ഥനാമം. 1906 ഒക്ടോബറിൽ കൈയെഴുത്തുപ്രതി ബാബാറാവുവിന് സവർക്കർ അയച്ചുകൊടുത്തു. ബാബാറാവു തിലകിനും എസ് എം പരാഞ്ജ് പേയ്ക്കും ഇത് വായിക്കാൻ കൊടുക്കുകയുണ്ടായി. കുശാഗ്രബുദ്ധിയായ തിലക്  ഇത് പ്രസിദ്ധീകരിക്കുന്നതിലൂടെ സംഭവിക്കാവുന്ന കാര്യങ്ങളെപ്പറ്റി ആപൽസൂചനകൾ ബാബാറാവുവിന് നൽകുകയുണ്ടായി. ജഗതഹിതേച്ഛു എന്ന പത്രത്തിൻ്റെ പ്രസ്സുപയോഗിച്ച് അഭിനവ് ഭാരത് പ്രവർത്തകർ അച്ചടി പൂർത്തിയാക്കി. പരാഞ്ജ് പേ യുടെ കാൽ പുസ്തകത്തെ പ്രകീർത്തിച്ചു കൊണ്ടുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചു. മസ്സീനിയുടെ ദേശീയതയെ ബ്രാഹ്മണിസവുമായി കുട്ടിക്കലർത്തിക്കൊണ്ടുള്ള പ്രകീർത്തനം ആയിരുന്നു അത്.
” മസ്സീനിയുടെ ഈ ലേഖനങ്ങൾ അമൃത് പോലെയാണ്. വേദമന്ത്രങ്ങളെപ്പോലെ അവയ്ക്ക് അസാമാന്യശക്തിയുണ്ട് ” എന്നാണ് കാൽ എഴുതിയത്. രണ്ടാം പതിപ്പ് ഇറങ്ങുന്നതിന് മുമ്പേ 1907 ജൂലായിൽ ബ്രിട്ടീഷ് ഗവണ്മെൻ്റ് പുസ്തകം നിരോധിച്ചു.

ഇതിനിടയിൽ അക്കാലത്ത് ലണ്ടനിലുണ്ടായിരുന്ന ഗാന്ധി ഇന്ത്യാ ഹൗസ് സന്ദർശിക്കുകയുണ്ടായി. സവർക്കറും ഗാന്ധിയും തമ്മിൽ കണ്ടുമുട്ടുന്ന ആദ്യ സന്ദർഭമാണിത്. അന്നേരം ചിത്പാവൻ ബ്രാഹ്മണനായ സവർക്കർ തനിക്ക് ഭക്ഷിക്കാനായി ചെമ്മീൻ പാചകം ചെയ്യുന്നത് കണ്ട് ഗാന്ധി അത്ഭുതം കൂറിയെന്ന് പറയപ്പെടുന്നു. സസ്യാഹാരിയായ ഗാന്ധി ഭക്ഷണം നിരസിക്കുകയും ചെയ്തു. വിനായക് അത് കണ്ട് തിരിച്ചടിച്ചത്രേ : “നിങ്ങൾ ഞങ്ങൾക്കൊപ്പം ഭക്ഷിക്കുന്നില്ലെങ്കിൽ, ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഭൂമിയിലെ എന്താണ് നിങ്ങളെ പ്രേരിപ്പിക്കുക? അതിലുപരിയായി…. ഇത് വെറും വറുത്ത മീനാണ്…. ഞങ്ങൾ ആഗ്രഹിക്കുന്നത് ജനങ്ങൾ ബ്രിട്ടീഷുകാരെ പച്ചയ്ക്ക് ഭക്ഷിക്കണം എന്നാണ് ”

സവർക്കറുടെ യുദ്ധം പാതിയിൽ നിന്നതും ഗാന്ധിയുടെ സമരം ദീർഘനാൾ തുടർന്ന് വിജയം വരിച്ചതും ഈ കൂടിക്കാഴ്ചയെ രേഖപ്പെടുത്തിയ ഹരീന്ദ്ര ശ്രീവാസ്തവ സ്മരിക്കുന്നില്ല.

മസ്സീനിയുടെ ജീവചരിത്രം പൂർത്തിയാക്കിയ ശേഷം, ചിത്പാവൻ ബ്രാഹ്മണനായ നാനാ സാഹേബ് പങ്കാളിയായ 1857-ലെ കലാപത്തെ ആ മട്ടിൽ ചിത്രീകരിക്കാനാണ് സവർക്കർ ശ്രമിച്ചത്. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച ഒന്നിനെ ബ്രാഹ്മണിസത്തിൻ്റെ നോട്ടത്തിൽ പുനർനിർവ്വചിക്കാനായിരുന്നു സവർക്കറുടെ ശ്രമം. അതൊട്ടും എളുപ്പമായിരുന്നില്ല. അതിന് കാരണം മൗലവി അഹമ്മദ് ഷായെപ്പോലെയും ബഹദൂർഷാ സഫറിനെപ്പോലെയും ഉള്ള മുസ്ലീം നാമധാരികളുടെ പങ്കാളിത്തം വിസ്മരിക്കുക അസാധ്യമായിരുന്നു. ബ്രാഹ്മണിസത്തിൻ്റെ അടിസ്ഥാന ധാരകളിൽ ഒന്നായ മുസ്ലീം വിരോധത്തിൽ വെള്ളം ചേർക്കാൻ ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ സ്വഭാവം സവർക്കറെ പ്രേരിപ്പിച്ചു. ലണ്ടനിൽ നിന്നുകൊണ്ടുള്ള ബ്രാഹ്മണിസപ്രചാരണത്തിൽ മുസ്ലീം വിരോധമെന്നത് പാടേ അപ്രസക്തമായിരുന്നു. മാത്രമല്ല, ഇന്ത്യാ ഹൗസ് കേന്ദ്രീകരിച്ചുള്ള ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനത്തിൽ ഇന്ത്യയിൽ നിന്നുള്ള മുസ്ലീം വിദ്യാർത്ഥികളും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. ഇങ്ങനെ അകത്തും പുറത്തുമുള്ള മുസ്ലീം സാന്നിദ്ധ്യം പ്രകടമായ മുസ്ലീം വിരുദ്ധ നിലപാടെടുക്കാൻ സവർക്കറെ അശക്തനാക്കി.

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ അമ്പതാം വാർഷികത്തിൽ “1857-ലെ രക്തസാക്ഷികളുടെ ഓർമ്മയ്ക്ക് ” എന്നെഴുതിയ ബാഡ്ജ് കുത്തി കോളേജിലേയ്ക്ക് പോയത് റഫീക്ക് മുഹമ്മദ് എന്ന മുസ്ലീം വിദ്യാർത്ഥിയാണ്. അതിന് ശിക്ഷയും അധികൃതരിൽ നിന്ന് ആ വിദ്യാർത്ഥി ഏറ്റുവാങ്ങുകയുണ്ടായി. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് സവർക്കർ ആ സമരചരിത്രം എഴുതുന്നത്.

ഏതാനും നാളുകൾക്ക് മുമ്പ്, ബി.ജെ.പിയുടെ പ്രസിഡണ്ട് എന്ന നിലയിൽ പ്രവർത്തിക്കുന്ന സമയത്ത് അമിത് ഷാ സവർക്കറെ പ്രകീർത്തിക്കുകയുണ്ടായി. അതിന് ഒരു കാരണമായി പറഞ്ഞത്  1857-ലെ കലാപത്തെ ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചപ്പോൾ അതിനെ ഒന്നാം സ്വാതന്ത്ര്യസമരമായി പുനർനിർവ്വചിച്ചത് സവർക്കർ ആണെന്നാണ്. യഥാർത്ഥത്തിൽ സവർക്കർ അങ്ങനെയല്ല അതിനെ വിശേഷിപ്പിച്ചത്. 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യ യുദ്ധം എന്നായിരുന്നു. സമരവും യുദ്ധവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞില്ലെങ്കിൽ സവർക്കറും അഭിനവ് ഭാരതും മുന്നോട്ടുവെച്ച ബ്രിട്ടീഷ് വിരുദ്ധതയും പിൽക്കാലത്ത് ദേശീയ പ്രസ്ഥാനവും ഗാന്ധിയും മുന്നോട്ടുവെച്ച ബ്രിട്ടീഷ് വിരുദ്ധതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാതെ വരും. ബ്രിട്ടീഷുകാർ ഇന്ത്യ കീഴടക്കിയ യുദ്ധങ്ങളുടെ തിരിച്ചിടലായിരുന്നു സവർക്കറും കൂട്ടരും പ്രഘോഷിച്ച ബ്രാഹ്മണിസത്തിൻ്റെ സ്വാതന്ത്ര്യ മാർഗ്ഗത്തിൻ്റെ പ്രധാന ഉള്ളടക്കം. ഏതാനും പേർ ജനങ്ങളെ സേനാരൂപത്തിൽ അണിനിരത്തി ബലിയുടേയും അക്രമത്തിൻ്റേയും പരമ്പരകൾ സൃഷ്ടിക്കുക എന്നതായിരുന്നു സവർക്കർ ഉദ്ദേശിച്ചിരുന്നത്. അതിൻ്റെ ഭൂതകാലം ആയി മാത്രമാണ്  1857-ലെ സമരത്തെ സവർക്കർ കണ്ടിരുന്നത്. സ്വരാജ്യവും സ്വധർമ്മവും, അതായത് ജന്മദേശത്തോടും ജനിച്ച മതത്തോടുമുള്ള അചഞ്ചലവും അന്ധവുമായ കൂറ് മാത്രമാണ് സവർക്കർ ഉദ്ദേശിക്കുന്ന “വിപ്ലവ” ത്തിൻ്റെ അടിസ്ഥാനം. അത് പിൽക്കാലത്ത് ചരിത്രത്തിൽ വേരുറച്ച മാർക്സിസ്റ്റ് വിപ്ലവചിന്തകളിൽ നിന്ന് മാറി നിൽക്കുന്നതും അതുകൊണ്ടാണ്. മാറ്റത്തിന് വേണ്ടിയുള്ള പിൽക്കാല ചിന്തകളിൽ നിന്നും അത് വ്യത്യസ്തമാകുന്നതും അതുകൊണ്ടാണ്. ദേശവും മതവും ചോദ്യം ചെയ്യപ്പെടാനാകാത്തതും മാറ്റങ്ങളില്ലാത്തതുമായ ചിര സങ്കല്പനങ്ങൾ ആണ് സവർക്കറിലും സവർക്കറിസത്തിലും. അവയെ ചിരമായി നിർത്തുക എന്നതാണ് പോരാട്ടങ്ങളുടെ ആത്യന്തിക ദൗത്യം. ധർമ്മാധർമ്മങ്ങൾക്ക് പകരം ഹിംസ അതിന്റെ ഒരേ ഒരു മാർഗ്ഗമായി മാറുന്നതും അതിനാൽ തന്നെ.

1857-ലെ സ്വാതന്ത്ര്യയുദ്ധത്തിൽ മുസ്ലീങ്ങളോടുള്ള കാഴ്ചപ്പാട് സവർക്കർ ഇങ്ങനെ പരിഷ്ക്കരിച്ചു.
“വിദേശഭരണാധികാരികൾ എന്ന നിലയ്ക്ക് മുഹമ്മദീയർ ഇന്ത്യയിൽ ജീവിച്ചിരുന്ന കാലത്തോളം അവരെ സഹോദരരായി കണ്ട് ജീവിക്കുക എന്നത് ദേശീയദൗർബ്ബല്യത്തെ സമ്മതിക്കുന്ന ഒന്നായിരുന്നു. അതിനാൽ അതുവരെ മുഹമ്മദീയരെ വിദേശികളായി കാണേണ്ടത് ഹിന്ദുവിൻ്റെ ആവശ്യമായിരുന്നു. അതിലുപരിയായി പഞ്ചാബിൽ ഗുരു ഗോവിന്ദ് സിംഗും രജപുത്താനയിൽ റാണാ പ്രതാപനും ബുന്ദേൽഖണ്ഡിൽ ചത്രശാലയും ഡെൽഹിയിലെ സിംഹാസനത്തിൽപ്പോലും കയറിയിരുന്ന് മറാത്തകളും മുഹമ്മദൻ ഭരണത്തെ നശിപ്പിക്കുകയുണ്ടായി. നൂറ്റാണ്ടുകൾ നീണ്ടു നിന്ന യുദ്ധത്തിന് ശേഷം ഹിന്ദുവിൻ്റെ പരമാധികാരം മുഹമ്മദൻ ഭരണത്തെ കീഴ്പ്പെടുത്തുകയും ഇന്ത്യ മുഴുവൻ അതിനടിയിലാക്കുകയും ചെയ്തു. അന്ന് മുഹമ്മദീയരുമായി കൈകോർക്കുകയെന്നത് നാണക്കേടായിരുന്നു. പക്ഷെ ഇപ്പോൾ അത് ഉദാരപ്രവൃത്തി ആയിരിക്കുന്നു. അതിനാൽ ഇപ്പോൾ ഹിന്ദുക്കൾക്കും മുഹമ്മദീയർക്കുമിടയിലെ ശത്രുത ഭൂതകാലത്തെ ഒരു കാര്യമായിരിക്കുന്നു. അവരുടെ ഇന്നത്തെ ബന്ധം ഭരണാധികാരികളും ഭരണീയരും, വിദേശികളും സ്വദേശികളും എന്നീ നിലകൾ വിട്ട് സഹോദരനിലയെ പ്രാപിച്ചിരിക്കുന്നു. അവർക്കിടയിലെ ഏക വ്യത്യാസം മതം മാത്രമായി മാറിയിരിക്കുന്നു. ഹിന്ദുസ്ഥാൻ്റെ മണ്ണിൻ്റെ മക്കളാണ് രണ്ടു കൂട്ടരും. അവരുടെ പേരുകൾ വ്യത്യസ്തമെങ്കിലും അവർ ഒരേ അമ്മയുടെ മക്കൾ ആണ്. രക്തത്താൽ അവർ സഹോദരങ്ങൾ ആയിരിക്കുന്നു. നാനാസാഹേബ്, ഡെൽഹിയിലെ ബഹദൂർ ഷാ, മൗലവി അഹമ്മദ് ഷാ, ഖാൻ ബഹദൂർ ഖാൻ, എന്നിവരും 1857-ലെ മറ്റ് നേതാക്കളും ഈ ബന്ധത്തെ ഒരു പരിധി വരെ തിരിച്ചറിയുകയും ഉള്ളിലെ ശത്രുതയെ അകാരണവും വിഡ്ഢിത്തവുമായി കണ്ട് ഒരു വശത്തേയ്ക്ക് മാറ്റിവെച്ച് സ്വദേശിപ്പതാകയ്ക്ക് ചുറ്റും ഒത്തുകൂടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ നാനാ സാഹേബിൻ്റെയും അസിമുള്ളയുടേയും നയത്തിൻ്റെ ഏറ്റവും വിശാലമായ വശം ഹിന്ദുവും മുഹമ്മദീയരും ഒന്നിക്കണമെന്നും തോളോട് തോൾ ചേർന്ന് തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടണമെന്നും സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാൽ ഇന്ത്യയിലെ ഭരണാധികാരികളുടേയും രാജാക്കളുടേയും കീഴിൽ ഇന്ത്യൻ ഐക്യനാടുകൾ രൂപീകരിക്കണമെന്നുമായിരുന്നു.”

തൻ്റെ ജീവിതത്തിലുടനീളം സവർക്കർ വെച്ചു പുലർത്തിയിരുന്ന വിശ്വാസപ്രമാണങ്ങളിൽ നിന്നുള്ള വ്യതിചലനം ഇവിടെ കാണാമെങ്കിലും അതിലെ സൂക്ഷ്മതകൾ പരിശോധിക്കേണ്ടതാണ്. “പരാജയപ്പെട്ട മുസ്ലീ”മിനോടാണ് സവർക്കർ ഐക്യപ്പെടുന്നത്. മാത്രമല്ല, അത് രണ്ടു കൂട്ടരേയും കീഴ്‌പ്പെടുത്തിയ വൻശക്തിയോട് പൊരുതാനുള്ള താത്ക്കാലിക സന്ധി മാത്രമാണ്. തൻ്റെ ഹിന്ദു നിലപാടിൽ നിന്നു കൊണ്ടുള്ള വിശദീകരണമാണ് സവർക്കർ നൽകുന്നത്. എക്കാലത്തേയും പോലെ സംസാരിക്കുന്നതും തൻ്റെ ഹിന്ദു നിയോജകമണ്ഡലത്തോട് തന്നെയാണ്. അത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെത്തന്നെ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ നിഷേധിക്കാനാകാത്ത ചരിത്രത്തെ പുനഃരാവിഷ്ക്കരിക്കുകയായിരുന്നു സവർക്കർ.

ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണവും എളുപ്പമായിരുന്നില്ല. കൈയ്യെഴുത്തുപ്രതി ഇന്ത്യയിലെത്തിച്ചെങ്കിലും പ്രസിദ്ധീകരിക്കാൻ ആരും തയ്യാറായില്ല. തുടർന്ന് ബാബാറാവു അത് ഫ്രാൻസിലേയ്ക്കയച്ചു. അവിടെയും അച്ചടി നടക്കാത്തതിനെ തുടർന്ന് ജർമ്മനിയിൽ നിന്ന് അത് സാധ്യമാകുമോ എന്ന് അഭിനവ് ഭാരത് പ്രവർത്തകർ അന്വേഷിച്ചു. മറാത്തി ഭാഷയുടെ അച്ചടി ജർമ്മനിയിൽ പ്രയാസമായതുകൊണ്ട് അത് ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തു. വി വി എസ് അയ്യരുടെ മേൽനോട്ടത്തിലാണ് തർജ്ജമ നടന്നത്. ഈ ഇംഗ്ലീഷ് തർജ്ജമയും അച്ചടിച്ചു കിട്ടാൻ നിരവധി ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വന്നു. ഹോളണ്ടിൽ നിന്നാണ് അവസാനം അത് സാധ്യമായത്. മസ്സീനിയുടെ പുസ്തകം എന്ന പോലെ ഇതിനും ബ്രിട്ടീഷ് അധികൃതർ വിലക്ക് ഏർപ്പെടുത്തി. കവർ ചിത്രം മാറ്റി, ഡിക്കൻസിൻ്റേയും സെർവാൻ്റിസിൻ്റേയും കൃതികൾ എന്ന മട്ടിലാക്കിയാണ് ഇത് ഇന്ത്യയിലെത്തിച്ചത്.
——
തുടരും.
———
പി എൻ ഗോപീകൃഷ്ണൻ എഴുതുന്ന “ഹിന്ദുത്വത്തിൻ്റെ ചരിത്രം” ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Comments

comments