12. ദുരഭിമാനക്കൊലയുടെ തുടർച്ചകൾ

സവർക്കറുടെ ഇംഗ്ലണ്ടിലെ വാസം ബ്രാഹ്മണിസത്തിന് വിപ്ലവാത്മകമായ ഒരു പരിവേഷം നൽകാൻ സഹായിച്ചു. ലണ്ടൻ അന്ന് ലോക വിപ്ലവകാരികളുടെ ആസ്ഥാനമായിരുന്നു. ഏറ്റവും വലിയ സാമ്രാജ്യത്ത രാഷ്ട്രങ്ങളിൽ ഒന്നായിരുന്നു ബ്രിട്ടൻ എങ്കിലും, അവരുടെ അതിർത്തിക്കുള്ളിൽ ജനാധിപത്യവും മനുഷ്യാവകാശവും കാത്തുരക്ഷിക്കുന്നതിൽ അവർ ദത്തശ്രദ്ധരായിരുന്നു. കോളനി രാഷ്ട്രങ്ങളിൽ അവരുടെ നിയമങ്ങൾ അങ്ങേയറ്റം കർക്കശവും ജനദ്രോഹപരവും ആയിരുന്നുവെങ്കിലും തങ്ങളുടെ സ്വന്തം രാജ്യത്ത് അവ വഴക്കമുള്ളവയും യുക്തിസഹവുമായിരുന്നു. അതിനാൽ ഐറിഷ് വിപ്ലവകാരികളും റഷ്യൻ വിപ്ലവകാരികളും ലണ്ടനിൽ തമ്പടിച്ചിരുന്നു. സ്വന്തം രാജ്യങ്ങളേക്കാൾ കുറേക്കൂടി സ്വാതന്ത്ര്യം ബ്രിട്ടൻ എന്ന സാമ്രാജ്യത്ത രാഷ്ട്രം അതിൻ്റെ അതിർത്തിക്കുള്ളിൽ അവർക്ക് നൽകിയിരുന്നു എന്നതാണ് വാസ്തവം.

വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും വരുന്ന വിപ്ലവകാരികൾക്ക് മുന്നിൽ, തങ്ങളെ ചലിപ്പിക്കുന്ന മതപരവും ജാതീയവുമായ പ്രചോദനങ്ങളെ മറച്ചുവെച്ച് സാമ്രാജ്യത്ത വിരോധികളായി മാത്രം പ്രത്യക്ഷപ്പെടാൻ ഇന്ത്യാഹൗസിലെ സവർക്കർ അടക്കമുള്ള അഭിനവ് ഭാരത് പ്രവർത്തകർക്ക് കഴിഞ്ഞു. ഇന്ത്യയിലെ ജാതിഘടനയോ മതഘടനയോ അവർക്ക് അറിയില്ലായിരുന്നു. മറിച്ച് ലോകം മുഴുവൻ അക്കാലത്ത് സായുധവിപ്ലവത്തിന്, പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിലുണ്ടായിരുന്ന ആശയപരമായ അംഗീകാരവും സാമ്രാജ്യത്തമാതൃകയോടുള്ള എതിർപ്പും മൂലം പാശ്ചാത്യലോകത്ത് പുതിയ ലോകഘടനയ്ക്ക് വേണ്ടി നിലകൊള്ളുന്ന വിപ്ലവകാരികളായി അവർ വായിക്കപ്പെട്ടു. ഇന്ത്യയിലെ തന്നെ വ്യത്യസ്ത മതവിഭാഗങ്ങളോടും ജാതികളോടും അവർ പുലർത്തുന്ന മനോഭാവം മറ്റുള്ളവർക്ക് അറിയാൻ പ്രയാസമായിരുന്നു. പ്രത്യേകിച്ചും ഇന്ത്യൻ ജാതിഘടനയുടെ പ്രത്യേകമായ സങ്കീർണ്ണത പാശ്ചാത്യലോകത്ത് അത്രമേൽ അപരിചിതമായിരിക്കെ.

1909-ൽ നടന്നതായി പറയുന്ന ഒരു സംഭവം ഇത്തരം പശ്ചാത്തലത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒന്നാണ്. മാർച്ച് മധ്യത്തിൽ ഗയ്. എ. ആൽഡ്രഡ്‌ എന്ന കമ്യൂണിസ്റ്റ് ഒരു റഷ്യൻ വിപ്ലവകാരിയെ ഇന്ത്യാ ഹൗസിൽ കൊണ്ടുവരികയുണ്ടായത്രേ. മദൻലാൽ ദിംഗ്രയുടെ സാന്നിദ്ധ്യത്തിൽ സവർക്കറും ആ വിപ്ലവകാരിയും തമ്മിൽ കൂടിക്കാഴ്ച നടന്നു എന്ന് പറയപ്പെടുന്നു. ആ റഷ്യൻ വിപ്ലവകാരി വ്ലാദിമീർ ഇല്ലിച്ച് ലെനിൻ ആയിരുന്നു എന്നും. ഇക്കഥകളൊക്കെ കഥകളായി മാത്രം നിലനിൽക്കുന്നതിൻ്റെ ഒരു കാരണം അവർ എന്താണ് ചർച്ച ചെയ്തതെന്നോ എന്തുകൊണ്ട് ഒരു കൂടിക്കാഴ്ച കൊണ്ട് അവരുടെ ബന്ധം അവസാനിച്ചതെന്നോ ഒരു തെളിവും അവശേഷിക്കുന്നില്ല എന്നതാണ്. സവർക്കറുടെ കാര്യത്തിൽ അദ്ദേഹം തന്നെ ധാരാളം എഴുതിക്കൂട്ടിയ ലേഖനങ്ങളും അനുഭവങ്ങളുമാണ് പ്രാഥമികമായ തെളിവുകൾ എന്നതും അന്വേഷണങ്ങളെ പരിമിതപ്പെടുത്തുന്നു.

എന്നാൽ ആശയപരമായ പ്രചരണങ്ങളേക്കാൾ ആയുധം ശേഖരിക്കുന്നതിലായിരുന്നു അഭിനവ് ഭാരതിൻ്റെ വിദേശഘടകമായിരുന്ന ഫ്രീ ഇന്ത്യാ സൊസൈറ്റി ശ്രമിച്ചിരുന്നത്. സവർക്കറുടെ അക്കാലത്തെ എഴുത്തുകൾ എല്ലാം തന്നെ, മസ്സീനിയെ കുറിച്ചാകട്ടെ, 1857-ലെ “യുദ്ധ”ത്തെക്കുറിച്ചാകട്ടെ, അണികളുടെ വീര്യം നിലനിർത്തുന്നതിന് വേണ്ടിയുള്ളതായിരുന്നു. മതപരവും ദേശീയവുമായ ദുരഭിമാനങ്ങളെ അങ്ങേ അറ്റത്തെത്തിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നു അവ. യൂട്ടിലറ്റേറിയൻ തിയറി പോലുള്ള സ്പെൻസറുടെ പാശ്ചാത്യ സിദ്ധാന്തങ്ങൾ പ്രയോഗിക്കാൻ തുനിയുന്നുണ്ടെങ്കിലും അതൊന്നും വിലപ്പോകുന്നതായിരുന്നില്ല. ബ്രാഹ്മണിസത്തിൻ്റെ എക്കാലത്തേയും പുസ്തകമായ ഗീതയെ തിലക് ഉപയോഗിച്ചു. സവർക്കർ ആകട്ടെ യുദ്ധ സന്നാഹങ്ങളുടേയും ബ്രാഹ്മണവീര്യങ്ങളുടേയും കൊല്ലലിൻ്റേയും ചാകലിൻ്റേയും ആധുനികപൂർവ്വമായ ചില ഗോത്രാഭിമാനങ്ങൾ മാത്രമാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ സാമ്രാജ്യത്തവിരുദ്ധത എന്ന ഒരു സാർവ്വദേശീയ മാനവികവാദികളുടെ അജണ്ടയിൽ തങ്ങളെത്തന്നെ പ്രതിഷ്ഠിക്കാൻ ഒരു പരിധി വരെ അവർക്ക് കഴിഞ്ഞു.

ഇതിനിടയിൽ ഇന്ത്യാ ഹൗസിൻ്റെ ചുമതല ശ്യാംജിയിൽ നിന്ന് സവർക്കറുടെ കൈയ്യിൽ വന്ന് വീഴുകയും ചെയ്തു. 1857-ലെ സമരത്തിൻ്റെ അമ്പതാം വർഷത്തിൽ ഇൻഡ്യൻ സോഷ്യോളജിസ്റ്റിൽ വന്ന ലേഖനങ്ങൾ ആണ് അതിന് വഴിയൊരുക്കിയത്. 1907-ൽ ലാലാ ലജ്പത്റായിയെ അറസ്റ്റ് ചെയ്ത് മാണ്ടലേ ജയിലിലേയ്ക്കയച്ചത് ശ്യാംജിയെ രോഷാകുലനാക്കി. അതിനെതിരെ ഇന്ത്യാ ഹൗസിൽ ഒരു പ്രതിഷേധയോഗം ശ്യാംജി സംഘടിപ്പിച്ചു. മാത്രമല്ല, തനിക്ക് പരിചയമുള്ള സാമ്പത്തികമേഖലയിൽ ബ്രിട്ടനെതിരെ നിലപാട് എടുത്തുകൊണ്ടുള്ള ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ സെക്യൂരിറ്റികളിൽ പണം നിക്ഷേപിക്കുന്നത് നഷ്ടസാധ്യതയുള്ള ഒന്നാണെന്ന് അവതരിപ്പിച്ചു കൊണ്ട് അത് ചെയ്യുന്നതിൽ നിന്നും നിക്ഷേപകരെ വിലക്കിക്കൊണ്ടുള്ള ലേഖനം ബ്രിട്ടീഷ് അധികൃതരെ വല്ലാതെ ചൊടിപ്പിച്ചു. അതോടെ ഇന്ത്യയിൽ വിതരണം ചെയ്യാനയച്ച ഇൻഡ്യൻ സോഷ്യോളജിസ്റ്റിൻ്റെ പ്രസ്തുത ലക്കത്തിൻ്റെ കോപ്പികൾ കണ്ടുകെട്ടുകയുണ്ടായി.

ഇംഗ്ലണ്ടിൽ നിൽക്കുക അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ ശ്യാംജി കൃഷ്ണവർമ്മ 1907 സെപ്റ്റംബറിൽ ലണ്ടൻ വിട്ടു. പാരീസിലേയ്ക്കാണ് അദ്ദേഹം നീങ്ങിയത്. മാഡം ബിക്കാജി കാമ അതിന് മുമ്പേ തന്നെ പാരീസിൽ എത്തിയിരുന്നു. 1907 ഒക്ടോബർ ലക്കം മുതൽ ഇന്ത്യൻ സോഷ്യോളജിസ്റ്റ് പാരീസിൽ നിന്നും പ്രസിദ്ധീകരിക്കാൻ തുടങ്ങി.

വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ വിപ്ലവകാരികളുമായുള്ള ബന്ധം മൂലം 1907 ആഗസ്റ്റ്  18 മുതൽ 24 വരെ ജർമ്മനിയിലെ സ്റ്റുട്ഗർട്ടിൽ നടന്ന ഇൻ്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ്സിൽ പങ്കെടുക്കാൻ ഇന്ത്യൻ വിമതർക്കും അവസരം ലഭിച്ചു. മാഡം ബിക്കാജി കാമയും സർദാർ സിംഗ് റാണയുമാണ് അതിൽ പങ്കെടുത്തത്. ഇവർ രണ്ടു പേരും ബ്രാഹ്മണിസത്തിൻ്റെ വ്യക്താക്കൾ ആയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഒരു പാഴ്സിയും സിക്കും. മാഡം ബിക്കാജി കാമ അവിടെ വെച്ച് അവർ രൂപകല്പന ചെയ്ത ഇന്ത്യൻ ദേശീയ പതാക ചുരുളഴിച്ചു. ബ്രിട്ടീഷ് രാഷ്ട്രീയ നേതാവായിരുന്ന രാംസേ മക്ഡൊണാൾഡ് അതിൽ പ്രതിഷേധിച്ച് വേദി വിട്ടു.

മാഡം കാമ
മാഡം കാമ

തിലകിൻ്റേയോ സവർക്കറുടേയോ ചിന്താധാരയെ പിൻപറ്റിയുള്ള ഒരു പ്രസംഗം അല്ല മാഡം കാമ അവിടെ നടത്തിയത്. മറിച്ച് ഇന്ത്യൻ ജനതയ്ക്ക് അവരുടെ സ്വയംഭരണം നൽകുന്നതിന് മുഴുവൻ രാജ്യങ്ങളുടേയും പിന്തുണ അഭ്യർത്ഥിക്കുകയാണ്. അതിന് ശേഷം അവർ നടത്തിയ അമേരിക്കൻ പര്യടനത്തിലും അവർ ഊന്നിപ്പറഞ്ഞത് ഇങ്ങനെയാണ് :
“ഞങ്ങൾ സമാധാനകാംക്ഷികൾ ആണ്. ഞങ്ങൾ ഒരു രക്തരൂഷിത വിപ്ലവം ആഗ്രഹിക്കുന്നില്ല. പക്ഷെ, സ്വേച്ഛാധിപത്യത്തെ വലിച്ചെറിയാൻ ജനങ്ങൾക്കുള്ള അവകാശത്തെപ്പറ്റി അവരെ ബോധവല്ക്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

എന്നാൽ വിനായകും കൂട്ടരും ആയുധങ്ങൾ സംഭരിക്കുന്നതിലായിരുന്നു മുഴുകിയത്. റഷ്യ, ചൈന, അയർലൻ്റ്, ഈജിപ്ത് എന്നിവിടങ്ങളിലെ വിപ്ലവകാരികളുമായി അവർ ബന്ധപ്പെട്ടത് ഏതെങ്കിലും ആശയപരമായ യോജിപ്പുള്ളതുകൊണ്ടല്ല. സവർക്കറും വി വി എസ് അയ്യരും തുർക്കിയിലെ മുസ്തഫ കെമാലിനെയും കണ്ടതായി പറയുന്നു. ഹേമചന്ദ്രദാസിനെയും സേനാപതി ബാപ്പട്ടിനേയും ബോംബുണ്ടാക്കുന്ന മാനുവൽ സംഘടിപ്പിക്കുന്നതിനായി അദ്ദേഹം പാരീസിലേയ്ക്ക് അയച്ചു. റഷ്യൻ ഭാഷയിലുള്ള ബോംബ്  മാനുവലുമായാണ് അവർ തിരിച്ചെത്തിയത്. പിന്നീടത് ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്യുകയും ഇന്ത്യയിലേയ്ക്ക് അത് അയച്ചുകൊടുക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് നാം നേരത്തെ ചർച്ച ചെയ്ത മുസാഫർപൂർ ബോംബ്  കേസ് ഉണ്ടാകുന്നത്. ഖുദിറാം ബോസും പ്രഫുല്ല ചക്രവർത്തി എന്ന പ്രഫുല്ല ചക്കിയും കൽക്കട്ട മജിസ്ട്രേട്ട് ആയിരുന്ന ഡഗ്ലസ് കിങ്ങ് ഫോർഡ് സഞ്ചരിക്കുന്ന വാഹനമെന്ന് കരുതി മറ്റൊരു വാഹനത്തിലേയ്ക്ക് ബോംബ് എറിയുകയും രണ്ട് വനിതകൾ കൊല്ലപ്പെടുകയും ചെയ്തു. പ്രഫുല്ല ചക്കി സംഭവസ്ഥലത്ത് വെച്ചു തന്നെ ആത്മഹത്യ ചെയ്തു. ഖുദിറാം ബോസിനെ വിചാരണയ്ക്ക് ശേഷം തൂക്കിക്കൊന്നു. പ്രസ്തുത സംഭവത്തിൻ്റെ ഭാഗമായി തിലകിന് ആറു വർഷത്തെ തടവുശിക്ഷ വിധിച്ച് മാണ്ടലേ ജയിലിലേയ്ക്ക് അയച്ചു. ഇന്ത്യാഹൗസ് പോലീസ് നിരീക്ഷണത്തിലായി.

ഇതിനിടയിൽ സവർക്കർ 20 ഓട്ടോമാറ്റിക് ബ്രൗണിങ്ങ് പിസ്റ്റളുകൾ പാരീസിൽ നിന്ന് ഏജൻ്റുമാർ മുഖേന വാങ്ങുകയും അത് ഇന്ത്യയിലേയ്ക്ക് അയക്കുകയും ചെയ്തു. ഇന്ത്യാഹൗസിലെ കുശിനിക്കാരനായിരുന്ന ചതുർഭുജ്  അമിൻ 1909 ഫെബ്രുവരി 15-ന് അത് ഇന്ത്യയിലേയ്ക്ക് കടത്താനുള്ള പ്രയാണം ആരംഭിച്ചു. മാർച്ച്  6-ന് അധികൃതരുടെ കണ്ണിൽപ്പെടാതെ അമിൻ ഈ ആയുധക്കൂമ്പാരത്തെ ഇന്ത്യയിലെത്തിച്ച്  അഭിനവ് ഭാരത് പ്രവർത്തകരെ ഏല്പിച്ച് തിരിച്ചു പോയി.

ബാബാറാവു ഈ സംഭവത്തെക്കുറിച്ച്  മറ്റാരോടോ പരാമർശിച്ചതിനെ തുടർന്ന്  1909 ഫെബ്രുവരി 28-ന് പോലീസ് കസ്റ്റഡിയിലായി. അതെ തുടർന്ന് അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന റെയ്ഡിൽ സവർക്കറും കൂട്ടരും ഇന്ത്യയിലേയ്ക്ക് കടത്തിയ ബോംബ് മാനുവൽ കണ്ടെടുക്കുകയുണ്ടായി. മുസാഫർപൂർ ബോംബ് കേസിലെ പ്രതികളിൽ നിന്നും ഇതേ ബോംബ് മാനുവലിൻ്റെ പ്രതികൾ നേരത്തെ കണ്ടെത്തിയിരുന്നു.

ബാബാറാവുവിൻ്റെ വിചാരണ നടന്നത് നാസിക് ഡിസ്ട്രിക്ട് കളക്റ്ററായിരുന്ന ആർതർ മേസൺ ടിപറ്റ്സ് ജാക്സൺ എന്ന വ്യക്തിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. ഏ എം ടി ജാക്സൺ ജനപ്രീതി പിടിച്ചു പറ്റിയ കളക്ടർ ആയിരുന്നു. 1909 ജൂൺ 8-ന് ജസ്റ്റീസ് ബി സി കെന്നഡി ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബാബാറാവുവിനെ ആൻഡമാനിലെ സെല്ലുലാർ ജയിലിലേയ്ക്ക് അയക്കാൻ കല്പിച്ചു. കാലാപാനി എന്ന് കൂടി പേരുള്ള ആൻഡമാനിലെ ജയിൽവാസം അങ്ങേയറ്റം പീഡനഭരമെന്ന് കുപ്രസിദ്ധിയാർജ്ജിച്ചിരുന്നു. 1909 നവംബർ 21-ന് എസ് എസ് മഹാരാജ എന്ന കപ്പലിൽ ബാബാറാവുവിനെ ആൻഡമാനിലേയ്ക്ക് കൊണ്ടുപോയി.

അത്  മറ്റൊരു ദുരഭിമാനക്കൊലയ്ക്ക് രംഗമൊരുക്കി. അതിൻ്റെ കാരണം ബാബാറാവുവിൻ്റെ അറസ്റ്റ് ആയിരുന്നു. രണ്ടാമത്തെ കാരണം ബാരിസ്റ്ററായി ബാറിൽ രജിസ്റ്റർ ചെയ്യാൻ സവർക്കറെ അനുവദിക്കാത്തത് ആയിരുന്നു. ഇതിന് രണ്ടിനും പകരം വീട്ടാൻ സവർക്കർ തീരുമാനിച്ചു. രാഷ്ട്രീയ തീരുമാനം എന്നതിനേക്കാൾ അത് തൻ്റെ കുടുംബത്തോടും തന്നോടും ബ്രിട്ടീഷുകാർ കാണിച്ച ക്രൂരതയ്ക്ക് അതിനേക്കാളും ക്രൂരമായ മറുപടി നൽകുക എന്നതായിരുന്നു. സവർക്കർ ജീവിതത്തിലുടനീളം പിന്തുടർന്നത് തൻ്റെ സുരക്ഷ ഉറപ്പു വരുത്തി മറ്റുള്ളവരെക്കൊണ്ട് കുരുതികൾ നടത്തിക്കുക എന്നതായിരുന്നു. അത് തുടങ്ങുന്ന മുഹൂർത്തം 1909 ജൂലൈ ഒന്നിന് ആയിരുന്നു. നാം നേരത്തെ കണ്ട മദൻലാൽ ദിംഗ്ര എന്ന പഞ്ചാബി യുവാവിനെയായിരുന്നു കുരുതി സവർക്കർ ആദ്യം കുരുതി കൊടുത്തത്.

മദൻലാൽ ദിംഗ്ര
മദൻലാൽ ദിംഗ്ര

അന്ന് നാഷണൽ ഇന്ത്യൻ അസ്സോസ്സിയേഷൻ്റെ സൽക്കാരം നടക്കുന്ന ദിവസം ആയിരുന്നു. ഇന്ത്യക്കാരും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ ഉദ്ദേശിച്ച് അത്തരം പാർട്ടികൾ നടത്തുന്നത് അക്കാലത്ത് ലണ്ടനിൽ പതിവായിരുന്നു. ലണ്ടനിൽ സൗത്ത് കെൻസിങ്ങ്ടണിലെ ജെഹാംഗീർ ഹാളിൽ വെച്ചായിരുന്നു ഈ കൂടിച്ചേരൽ. അതിലേയ്ക്ക് ഏതാണ്ട് ഒമ്പതരയോടെ മദൻലാൽ ദിംഗ്ര കയറി വന്നു. നാഷണൽ ഇന്ത്യൻ അസ്സോസ്സിയേഷൻ സെക്രട്ടറിയായിരുന്ന മിസ്സ് ബെക്ക് പിന്നീട് ആ വരവിനെ കുറിച്ച് ഓർമ്മിക്കുന്നുണ്ട്. അപ്പോൾ നടത്തിയ കുശലപ്രശ്നങ്ങളെക്കുറിച്ചും. തൻ്റെ എഞ്ചിനീയറിംഗ് ഡിപ്ലോമ പഠനം കഴിഞ്ഞെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എഞ്ചിനിയേഴ്സിൽ അസ്സോസ്സിയേറ്റ് മെമ്പർ ആകാനാണ് ആഗ്രഹമെന്നും അതിന് വേണ്ടിയുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്നും ആ പഞ്ചാബി യുവാവ് മറുപടി പറയുകയുണ്ടായി. രാത്രി പതിനൊന്ന് മണിയോടെ അവിടേയ്ക്ക് സർ കഴ്സൺ വില്ലി കടന്നുവരികയുണ്ടായി.

സർ വില്യം ഹട്ട് കഴ്സൺ വില്ലി കരസേനയിലെ ഓഫീസർ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ലെഫ്റ്റനൻ്റ് കേണൽ ആയി. ഇന്ത്യയിലും നേപ്പാളിലും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യൻ കാര്യങ്ങളുടെ സെക്രട്ടറിയായി ലണ്ടനിൽ പ്രവർത്തിച്ചിരുന്ന ജോർജ് ഹാമിൽട്ടൺ പ്രഭുവിൻ്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു വില്ലി. ഇംഗ്ലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തോട് സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന അപൂർവ്വം ഇംഗ്ലീഷുകാരിൽ ഒരാളുമായിരുന്നു. വിനായക് ദാമോദർ സവർക്കർ ഇംഗ്ലണ്ടിലെത്തിയ കാലത്ത്, ബ്രിട്ടീഷ് പാർലിമെൻ്റിലെ ബജറ്റ് അവതരണം കാണണമെന്ന് ആഗ്രഹമുദിച്ചപ്പോൾ അതിന് അവസരം ഒരുക്കിക്കൊടുത്തത് വില്ലിയാണ്.

മാത്രമല്ല, മദൻലാൽ ദിംഗ്രയുടെ ജ്യേഷ്ഠനായിരുന്ന കെ എൽ ദിംഗ്ര, തൻ്റെ അനുജൻ ലണ്ടനിലുണ്ടെന്നും അവൻ്റെ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിച്ചത് അനുസരിച്ച് വില്ലി മദൻലാൽ ദിംഗ്രയ്ക്ക് കത്തെഴുതുക പോലും ചെയ്തിരുന്നു. അതിനാൽ കൂടിയാകാം ദിംഗ്രയുമായി ആ സൽക്കാരസ്ഥലത്തു വെച്ച് ഒരു നീണ്ട സംഭാഷണത്തിന് അദ്ദേഹം മുതിരുകയുണ്ടായി. അതിന്റെ അവസാനം ചെറിയ കോൾട്ട് പിസ്റ്റൾ ഉപയോഗിച്ച് വില്ലിയുടെ കണ്ണുകളിലേയ്ക്ക് വെടിവെയ്ക്കുന്ന ദിംഗ്രയെ ആണ് പാർട്ടിയിൽ പങ്കെടുത്തവർ കാണുന്നത്. നാലു വെടിയുണ്ടകൾ ആണ് ദിംഗ്ര വില്ലിയുടെ തലച്ചോറിലേയ്ക്ക് പായിച്ചത്. അപ്പോൾ തന്നെ വില്ലി താഴേയ്ക്ക് കുഴഞ്ഞുവീണു. അവിടെ വെച്ചു തന്നെ മരിച്ചു.

കൊലയാളിയെ പിടിക്കാൻ മുന്നോട്ടാഞ്ഞ കവാസ് ലാൽചാച്ച എന്ന പാഴ്സി ഡോക്ടറേയും ദിംഗ്ര വെടിയുണ്ട കൊണ്ട് മുറിവേല്പിച്ചു. അദ്ദേഹവും പിന്നീട് മരണത്തിന് കീഴടങ്ങി.

പിൽക്കാലത്ത് തൻ്റെ ജീവചരിത്രമെഴുതാൻ വന്ന ധനഞ്ജയ് കീറിനോട് സവർക്കർ ഓർമ്മിക്കുകയുണ്ടായി. കൊല ചെയ്യാൻ പുറപ്പെടുന്ന സമയത്ത്, നോട്ടിങ്ങ് ഹിൽഗേറ്റ് സ്റ്റേഷനിൽ വെച്ച് പിസ്റ്റൾ കൈയ്യിലേല്പിക്കുമ്പോൾ താൻ പറഞ്ഞ വാചകങ്ങളെ. ” ഇത്തവണ നീ പരാജയപ്പെടുകയാണെങ്കിൽ നിൻ്റെ മുഖം എനിക്ക് കാണേണ്ട”. തൻ്റെ നേതാവിൻ്റെ ഇംഗിതം നടപ്പാക്കാൻ ഏതറ്റത്തോളം പോകാൻ വിധിക്കപ്പെട്ട അനുയായിയായിരുന്നു ദിംഗ്ര. സവർക്കറുടെ ജീവിതത്തിൽ ഉടനീളം ഇത്തരം അർപ്പിതരായ ആളുകൾ ഉണ്ടായിരുന്നു. അദ്ദേഹമാകട്ടെ അവരെ ലോഭമില്ലാതെ ഉപയോഗിച്ചു. ജീവനെടുക്കാനും കൊടുക്കാനും. ഡോസ്റ്റോയേവ്സ്കിയുടെ ഭൂതാവിഷ്ടരിലെ പീറ്റർ സ്റ്റെപ്പാനെപോലെ.

കഴ്സൺ വില്ലിയുടെ വധം ഇംഗ്ലണ്ടിനെ പിടിച്ചു കുലുക്കി. സവർക്കറുടെ നേതൃത്വത്തിലുള്ള ഭീകരപ്രവർത്തനത്തെ പ്രകീർത്തിക്കുന്നവർ ഒഴികെ, മിക്കവാറും ഇന്ത്യക്കാരും വധത്തെ അപലപിക്കുകയുണ്ടായി. ദിംഗ്രയുടെ പിതാവും (ഡോ. ദത്ത ദിംഗ്ര) സഹോദരരും ( ഭജൻലാൽ ദിംഗ്ര, ബിഹാരിലാൽ ദിംഗ്ര) വധത്തെ അപലപിക്കുകയും മകനെ തള്ളിപ്പറയുകയും ചെയ്തു. സുരേന്ദ്രനാഥ് ബാനർജി, ഗോപാലകൃഷ്ണ ഗോഖലേ എന്നിവരും ദിംഗ്രയുടെ പ്രവൃത്തിയെ തള്ളിപ്പറഞ്ഞു. എന്നാൽ മാഡം കാമയുടെ ”ബന്ദേമാതരം”, “തൽവാർ” എന്നീ പത്രങ്ങൾ ദിംഗ്രയുടെ നിലപാടിനെ അംഗീകരിക്കുകയാണുണ്ടായത്. ബന്ദേമാതരം ഗോഖലേ പിന്തുടരുന്ന മതേതര- ആധുനിക ധാരയെ അപലപിക്കാനാണ് ഈ സന്ദർഭം വിനിയോഗിച്ചത്. “ബോധവും ലജ്ജയുമില്ലാത്ത ഭീരു” എന്ന് ഗോഖലേ ഭർത്സിക്കപ്പെട്ടു. യുവാക്കളുടെ വീര്യത്തെ അപഹസിക്കുന്ന ഗോഖലേയും കൂട്ടരും ”വ്യാജ ദേശസ്നേഹികൾ” ആണെന്നും മുദ്രകുത്തപ്പെട്ടു. ഗോഖലേയുടേയും കൂട്ടരുടേയും മിതവാദം തകർന്നുകൊണ്ടിരിക്കുന്ന ഒന്നാണെന്നും അവർ പ്രവചിച്ചു. “ഒരു ഭവനം അതിനെതിരെ പിളർന്നാൽ പിന്നെ നിലനിൽക്കില്ല. ഇപ്പോൾ തന്നെ മിതവാദികൾ ഐക്യമില്ലായ്മയുടേയും ആന്തരികമായ തകർച്ചയുടേയും സൂചനകൾ കാണിക്കുന്നുണ്ട്. ഗോഖലേ ജനങ്ങളെ സുന്ദരമായ പ്രഭാഷണങ്ങൾ കൊണ്ട് സുഖിപ്പിക്കുന്നുണ്ട്. ദുസ്സാമർത്ഥ്യം നിറഞ്ഞ വിഡ്ഢിത്തത്തെ ഒച്ചവെയ്ക്കുന്ന ശൈലികളാൽ വസ്ത്രം അണിയിക്കുന്ന കലയിൽ അദ്ദേഹം അഗ്രഗണ്യനാണ്…. അതേ സമയം സുരേന്ദ്രനാഥ് ബാനർജിയാകട്ടെ ബ്രിട്ടീഷുകാരുടെ ചെരിപ്പിൻ്റെ വള്ളി നക്കിക്കൊണ്ട് മുഴുവൻ ലോകരുടേയും കണ്ണുകൾക്ക് മുന്നിൽ തന്നത്താൻ നാണം കെടുത്തുന്നു”. തിലകിൻ്റേയും നവ- യാഥാസ്ഥിതിക ബ്രാഹ്മണിസത്തിൻ്റേയും എതിരാളികൾക്ക് നേരെ ബന്ദേമാതരം തീ തുപ്പി.

അതേസമയം വലന്റൈൻ ചിരോൾ ചൂണ്ടിക്കാട്ടിയ “പ്രായോഗിക ബുദ്ധിയിലേയ്ക്ക് ഉന്മുഖമായ മനസ്സുള്ള, നിശ്ശബ്ദതയിൽ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്ന” ചിത്പാവൻ ബ്രാഹ്മണൻ്റെ കൗശലം സവർക്കറിൽ സ്വന്തം പക്ഷത്തുനിന്നുള്ള ചിലരെങ്കിലും കാണാൻ തുനിഞ്ഞിട്ടുണ്ടാകണം. ബാബാറാവുവിനെ നാടുകടത്താൻ വിധിച്ച ദിവസം (ജൂൺ 8) തന്നെയാണ് കഴ്സൺ പ്രഭുവിനെ വധിക്കാൻ ദിംഗ്രയെ സവർക്കർ നിയോഗിച്ചത്. അദ്ദേഹം അദ്ധ്യക്ഷം വഹിക്കുന്ന ഒരു ചടങ്ങ് നടക്കുന്ന കൊളോണിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദിംഗ്ര ആയുധവുമായി ചെന്നെങ്കിലും, വൈകിയതിനാൽ സമ്മേളനവേദിയിലേയ്ക്ക് പ്രവേശിക്കാനുള്ള കവാടങ്ങൾ അടച്ചിരുന്നു. ഖിന്നനായി തിരിച്ചു വന്ന ദിംഗ്രയെ പ്രകോപിപ്പിച്ച് തൻ്റെ ലക്ഷ്യം നിറവേറ്റാൻ കൂടിയാണ് സവർക്കർ കഴ്സൺ വില്ലിയെ കൊല്ലാനായി പുറപ്പെടുമ്പോൾ ലക്ഷ്യം നിറവേറ്റിയില്ലെങ്കിൽ നിൻ്റെ മുഖം എനിക്ക് കാണേണ്ട എന്ന് ദിംഗ്രയെപ്പോലെ പ്രായം ഇരുപതുകളിൽ മാത്രമെത്തിയ യുവാവിനോട്‌ പറയുന്നത്. അതു പ്രകാരമാണ് ബാബാറാവുവിൻ്റെ ശിക്ഷാവിധി വന്ന് ഇരുപത്തിമൂന്ന് ദിവസങ്ങൾക്ക് ശേഷം സവർക്കർക്ക് വേണ്ടിയുള്ള, ഒരർത്ഥത്തിൽ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി വിദേശത്തുവെച്ചു നടന്ന ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്വം ദിംഗ്ര ഏറ്റെടുക്കുന്നത്.

കഴ്സൺ വില്ലി എന്ന താരതമ്യേന അപ്രശസ്തനായ, ആർക്കും പ്രാപ്യനായ ഒരു ഇരയെ കണ്ടെത്തിയതിന് പല കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബാബാറാവുവിന്റെ ശിക്ഷയ്ക്ക് ഉടനടി പ്രതികാരം ചെയ്യുക എന്ന സവർക്കറുടെ വ്യക്തിപരമായ താത്പര്യമാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതോടൊപ്പം തന്നെ ഇന്ത്യാഹൗസിലുണ്ടായ പിളർപ്പും മറ്റൊരു പ്രധാനപ്പെട്ട കാരണമായി സവർക്കറുടെ ജീവചരിത്രം എഴുതിയ വൈഭവ് പുരന്തരേ ചൂണ്ടിക്കാണിക്കുന്നു. 50 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഇന്ത്യാഹൗസിലെ താമസക്കാരുടെ എണ്ണം അഞ്ചോളമായി ചുരുങ്ങിയിരുന്നു. വാചകമടിക്കപ്പുറം രാഷ്ട്രീയമായ ഒന്നും നടക്കുന്നില്ലെന്ന ബോധം നല്ലൊരു വിഭാഗം വിദ്യാർത്ഥികളേയും ബാധിച്ചിരുന്നു. ഈ കൊഴിഞ്ഞുപോക്ക് സവർക്കറെ ആശങ്കപ്പെടുത്തിയിരുന്നു. മദൻലാൽ ദിംഗ്രയെപ്പോലെ തൻ്റെ സ്വാധീനവലയത്തിൽ പൂർണ്ണമായും അകപ്പെട്ട ഒരാളെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സവർക്കർ തീരുമാനിച്ചത് അതുകൊണ്ടായിരിക്കാം എന്ന് അനുമാനിക്കാവുന്നതാണ്. ധനഞ്ജയ് കീർ എഴുതിയ സവർക്കറുടെ ജീവചരിത്രത്തിൽ വിവരിക്കുന്ന ഒരു ഭാഗം മദൻലാൽ ദിംഗ്രയുടെ മനോഭാവത്തെ കുറിക്കുന്നതാണ്. രക്തസാക്ഷിത്വം ഏറ്റെടുക്കേണ്ട ദിനമായോ എന്ന് കഴ്സൺ വില്ലിയെ വധിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദിംഗ്ര സവർക്കറോട് ആരായുന്നുണ്ട്. അതിന് സവർക്കർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “ഒരു രക്തസാക്ഷി രക്തസാക്ഷിത്വത്തിന് തയ്യാറാണെന്ന് തീരുമാനിച്ചുറപ്പിച്ചാൽ അക്കാര്യം തന്നെ രക്തസാക്ഷിത്വത്തിൻ്റെ സമയം ആഗതമായെന്ന് സൂചിപ്പിക്കുന്നു”.

ദിംഗ്രയുടെ പ്രവൃത്തി പക്ഷെ സവർക്കർ വിചാരിച്ചതിൻ്റെ വിപരീതഫലമാണ് ഉളവാക്കിയതെന്ന് നാം കണ്ടു. ഏതാനും ചിലർ ഒഴിച്ച് ബഹുഭൂരിപക്ഷം ഇന്ത്യക്കാരും, ദിംഗ്രയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ, വധത്തെ അപലപിക്കാനാണ് മുതിർന്നത്. 1909 ജൂലൈ 5-ന് ലണ്ടനിലെ കാക്സ്റ്റൺ ഹാളിൽ ദിംഗ്രയുടെ പ്രവൃത്തിയെ അപലപിക്കാനായി ഇന്ത്യക്കാർ ഒത്തുകൂടുകയുണ്ടായി. ബ്രിട്ടീഷ് വിരുദ്ധരായിരുന്നു അവരിൽ പലരും. മുസ്ലീംലീഗ് നേതാവ് ആഗഖാൻ, കോൺഗ്രസ്സ് നേതാവായ സുരേന്ദ്രനാഥ് ബാനർജി, തിലകിൻ്റെ സഹപ്രവർത്തകരായിരുന്ന ബിപിൻ ചന്ദ്രപാൽ, കപാർഡേ തുടങ്ങിയവർ ആ യോഗത്തിൽ പങ്കെടുത്തു. ദിംഗ്രയുടെ സഹോദരനും ആ യോഗത്തിൽ ഉണ്ടായിരുന്നു. കാര്യമില്ലാതെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു എന്ന ആരോപണം തൻ്റെ മേൽ നിന്ന് കഴുകിക്കളയാൻ സവർക്കർക്ക് എന്തെങ്കിലും പ്രവർത്തിക്കേണ്ടിയിരുന്നു. അതിനാൽ യോഗം ഏകകണ്ഠമായി ദിംഗ്രയുടെ പ്രവൃത്തിയെ അപലപിക്കുന്നു എന്ന് പ്രഖ്യാപിച്ചപ്പോൾ സവർക്കർക്ക് എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ലെന്ന് വന്നു. അദ്ദേഹം എണീറ്റ് നിന്ന് വിയോജിപ്പ് പ്രഖ്യാപിച്ചു. യോഗത്തിനെത്തിയവർ അക്രമാസക്തമായി അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ തുനിഞ്ഞപ്പോൾ വി വി എസ് അയ്യർ രക്ഷയ്ക്കെത്തി. അദ്ദേഹം തോക്കെടുത്ത് ജനക്കൂട്ടത്തെ ആക്രമിക്കാൻ തുനിഞ്ഞെങ്കിലും സവർക്കർ തടഞ്ഞു. അത്ര നാളും അവർ തങ്ങളുടെ നേതാവായി കരുതിയിരുന്ന ബിപിൻ ചന്ദ്രപാൽ പോലും ദിംഗ്രയെ ഭീരുവായ കൊലയാളി എന്ന് വിശേഷിപ്പിച്ചത് അവരെ നിരാശപ്പെടുത്തി. സവർക്കറുടെ ശിഷ്യനായിരുന്ന എം പി ടി ആചാര്യ ബിപിൻ ചന്ദ്രപാലിൻ്റെ മുൻ പ്രവർത്തനങ്ങളോട് ആദരവുണ്ടെങ്കിലും ഇനി മുതൽ ബഹിഷ്ക്കരിക്കുമെന്ന് ഇന്ത്യൻ സോഷ്യോളജിസ്റ്റിൽ പ്രസിദ്ധീകരിച്ച കത്തിലൂടെ പ്രഖ്യാപിച്ചു.

ഈ യത്നത്തിൽ വിജയിച്ചില്ലെങ്കിൽ നിൻ്റെ മുഖം എനിക്ക് കാണേണ്ട എന്ന് പറഞ്ഞ് കഴ്സൺ വില്ലിയെ കൊല്ലാൻ ദിംഗ്രയെ പറഞ്ഞയച്ച സവർക്കറുടെ കൗശലം നിറഞ്ഞ മാനസികാവസ്ഥ വായിച്ചെടുക്കാനുള്ള ഒരു മുഹൂർത്തവും ഈ യോഗത്തിലുണ്ടായി. ഒരു ഇന്ത്യൻ വിദ്യാർത്ഥി, മരിച്ചുവീണ കഴ്സൺ വില്ലിയ്ക്ക് മേൽ ആർത്തനാദത്തോടെ പതിച്ച ഭാര്യയെപ്പറ്റി  ചിരിയോടെ വിവരിച്ചപ്പോൾ സവർക്കർ പറഞ്ഞത്രേ,” തൻ്റെ ഭർത്താവിൻ്റെ വിയോഗത്തിൽ ഹൃദയംഗമമായി തേങ്ങുന്ന ഭാര്യയെ പരിഹസിക്കുന്ന നിന്നെ ഞാൻ വിശ്വാസത്തിലെടുക്കുന്നില്ല”. നിരഞ്ജൻ പാൽ എന്ന ഇന്ത്യാ ഹൗസിലെ മറ്റൊരു സവർക്കർ അനുയായി ഈ സംഭവത്തെ ചൂണ്ടിക്കാട്ടി സവർക്കറുടെ മനുഷ്യത്വത്തെ പുകഴ്ത്തുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിലെ കവിയേയും തത്വജ്ഞാനിയേയും അദ്ദേഹത്തിൽ നിറഞ്ഞുനിൽക്കുന്ന മനുഷ്യത്വപരമായ ഗുണങ്ങളേയും എടുത്തുകാണിക്കുന്ന സന്ദർഭമാണ് ഇതെന്ന് കൂടി നിരഞ്ജൻ പാൽ കൂട്ടിച്ചേർക്കുന്നു!

ഇന്ത്യയിലും കഴ്സൺ വില്ലിയുടെ വധം വ്യാപകമായ പ്രതിഷേധങ്ങൾക്കിടവെച്ചു. തിലകിൻ്റെ ഉറ്റ അനുയായിയായ എൻ സി കേൽക്കർ വമ്പിച്ച പ്രതിഷേധമാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. ദിംഗ്രയുടെ പ്രവൃത്തി ഒരു വിഷവൃക്ഷത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും  അവഗണിക്കപ്പെട്ട കോണുകളിൽ പോലും ആ വിഷവൃക്ഷത്തെ വളരാൻ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോഖലേ ഒരു പടി കൂടി മുന്നിൽ കടന്ന് ഏതാണ്ട് അമ്പതോളം വരുന്ന വിദ്യാർത്ഥികളിൽ ഇത്തരം വികാരങ്ങൾ കുത്തിനിറയ്ക്കുന്ന സവർക്കറെ അറസ്റ്റ് ചെയ്യാതെ ഇത്തരം കൊലകൾ അവസാനിക്കുകയില്ല എന്ന് പ്രഖ്യാപിച്ചു.

1909 ജൂലൈ 22-ന് സവർക്കർ ദിംഗ്രയെ ജയിലിൽ സന്ദർശിച്ചു. “ഞാൻ നിൻ്റെ ദർശനം കിട്ടാനാണ് വന്നത് ” എന്ന സവർക്കർ വചനം ആ അനുയായിയെ സന്തോഷിപ്പിച്ചു.

പ്രതീക്ഷിച്ച പോലെ ദിംഗ്രയെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഹിന്ദുക്കളല്ലാത്ത ആരും തൻ്റെ മൃതദേഹത്തിൽ തൊടാൻ പാടില്ലെന്ന് നേരത്തേ പറഞ്ഞുവെച്ച് അവസാനം വരെ തൻ്റെ ഹിന്ദുസ്വത്വത്തെ അദ്ദേഹം പരിപാലിച്ചു. തൻ്റെ നേതാവിൻ്റെ വിനീത അനുയായിയായി.
——
തുടരും.
———
പി എൻ ഗോപീകൃഷ്ണൻ എഴുതുന്ന “ഹിന്ദുത്വത്തിൻ്റെ ചരിത്രം” ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

comments